2020, മാർച്ച് 24, ചൊവ്വാഴ്ച

9.12 കുശവംശവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 12
(കുശവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ കുശന്റെ വംശത്തെ വർണ്ണിച്ചുപറയാം. ശ്രീരാമദേവന്റെ പുത്രന്മാരിലൊരുവനായ കുശന്റെ പുത്രനായിരുന്നു അതിഥി. അവനിൽനിന്ന് നിഷധനും, നിഷധനിൽനിന്ന് നഭനും, നഭനിൽനിന്ന് പുണ്ഡരീകനും, പുണ്ഡരീകനിൽനിന്ന് ക്ഷേമധന്വാവും, ക്ഷേമധന്വാവിൽനിന്ന് ദേവാനീകനും, ദേവാനീകനിൽനിന്ന് അനിഹനും, അനിഹനിൽനിന്ന് പാരിയാത്രനും, പാരിയാത്രനിൽനിന്ന് ബലസ്ഥനും, ബലസ്ഥനിൽനിന്ന് സൂര്യാംശജാതനായ വജ്രനാഭനും, വജ്രനാഭനിൽനിന്ന് ഖഗണനും, ഖഗണനിൽനിന്ന് വിധൃതിയും, വിധൃതിയിൽനിന്ന് ജൈമിനിയുടെ ശിഷ്യനും യോഗാചാര്യനുമായ ഹിരണ്യനാഭനും പിറന്നുണ്ടായി. ഈ ഹിരണ്യനാഭനിൽനിന്നായിരുന്നു  കോസലദേശീയനായ യാജ്ഞവൽക്യമഹർഷി അജ്ഞാനാന്തകമായ യോഗശാസ്ത്രത്തെ അഭ്യസിച്ചിരുന്നതു.  

രാജൻ!, മേൽ പറഞ്ഞ ഹിരണ്യനാഭനിൽനിന്ന് പുഷ്യനും, അവനിൽനിന്ന് ധ്രുവസന്ധിയും, അവനിൽനിന്ന് സുദർശനനും, അവനിൽനിന്ന് അഗ്നിവർണ്ണനും, അവനിൽനിന്ന് ശീഘ്രനും, അവനിൽനിന്ന് മരു എന്ന് പേരുള്ളവനും ജാതനായി. യോഗസിദ്ധനായ ഈ മരു കലാപം എന്ന ഒരു ഗ്രാമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലിയുഗാന്ത്യത്തിൽ നശിച്ചുപോയ സൂര്യവംശത്തെ വീണ്ടും ഇവൻ പോഷിപ്പിക്കുന്നതാണ്. രാജൻ!, മരു എന്ന ആ രാജാവിൽനിന്ന് പ്രസുശ്രുതനും, അവനിൽനിന്ന് സന്ധിയും, സന്ധിയിൽനിന്ന് അമർഷണനും, അവനിൽനിന്ന് മഹസ്വാനും, മഹസ്വാനിൽനിന്ന് വിശ്വസനും, അവനിൽനിന്ന് പ്രസേനജിത്തും, ഈ പ്രസേനജിത്തിൽനിന്ന് തക്ഷകനും, അവനിൽനിന്ന് ബൃഹദ്വലനും സംജാതരായി. ഈ ബൃഹദ്വലനെ അങ്ങയുടെ പിതാവ് അഭിമന്യു കുരുക്ഷേത്രയുദ്ധത്തിൽ വധിച്ചിരുന്നു.

രാജൻ!, ഇവരെല്ലാം ഇവിടെനിന്ന് കാലഗതിയെ പ്രാപിച്ച ഇക്ഷ്വാകുവംശജരായ രാജാക്കന്മാരായിരുന്നു. ഇനി ഞാൻ പറയാൻ പോകുന്നത് വരാനിരിക്കുന്ന തലമുറകളെക്കുറിച്ചാണ്. ബൃഹദ്വലന് ബൃഹദ്രണൻ എന്നവൻ പുത്രനായി ജനിക്കും. അവനിൽനിന്ന് ഉരുക്രിയനും, ഉരുക്രിയന് വത്സവൃദ്ധനും, വത്സവൃദ്ധന് പ്രതിവ്യോമനും, പ്രതിവ്യോമന് ഭാനുവും, ഭാനുവിന് സേനാനായകന്മാരിൽ മുമ്പനായ ദിവാകരനും, ദിവാകരന് വീരസഹദേവനും, വീരസഹദേവന് ബൃഹദശ്വനും, ബൃഹദശ്വന് ഭാനുമാനും, ഭാനുമാന് പ്രതീകാശ്വനും, പ്രതീകാശ്വന് സുപ്രതീകാശ്വനും പുത്രന്മാരായി പിറക്കും. ഈ പറഞ്ഞ സുപ്രതീകാശ്വന് പുത്രപൌത്രാദികളായി മരുദേവൻ, സുനക്ഷത്രൻ, പുഷ്കരൻ മുതൽ‌പേരും, അതുപോലെ, പുഷ്കരന്റെ പുത്രനായി അന്തരീക്ഷനും, തല്പുത്രനായി സുതപസ്സും, അവന് മകനായി അമിത്രജിത്തും സംജാതരാകുന്നതാണു. അമിത്രജിത്തിന്റെ പുത്രനായിരിക്കും ബൃഹദ്രാജൻ. ബൃഹദ്രാജപുത്രൻ ബർഹിയാകും. അവനിൽനിന്നും കൃതജ്ഞയൻ ജനിക്കും. അവന്റെ പുത്രനായിരിക്കും രണയജ്ഞൻ. അവനിൽനിന്ന് സഞ്ജയൻ ഭൂജാതനാകും. അവന് പുത്രനായി ശാക്യൻ പിറക്കും. തുടർന്ന്, ശാക്യനിൽനിന്ന് ശുദ്ധോദനും, അവനിൽനിന്ന് ലാംഗലനും, അവനിൽന്ന് പ്രസേനജിത്തും, അവനിൽനിന്ന് ക്ഷുദ്രകനും, അവനിൽനിന്ന് രണകനും, രണകനിൽനിന്ന് സുരഥനും, അവന് മകനായി സുമിത്രനും പിറക്കുന്നതും, ഇവനോടുകൂടി ഈ വംശം അവസാനിക്കുന്നതുമാണു. ഇവരെല്ലാം ബൃഹദ്വലന്റെ വംശക്കാരാണു. സുമിത്രനോടുകൂടി ഇക്ഷ്വാകുവംശം അവസാനിക്കും. കാരണം, കലിയിൽ അവനുശേഷം പിന്നീട് ആ വംശജരായി ആരുംതന്നെ ജനിക്കുകയില്ല.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ