2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

7.7 ദൈത്യബാലകന്മാർക്കു് പ്രഹ്ളാദന്റെ ആത്മോപദേശം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 7
(ദൈത്യബാലകന്മാർക്കു് പ്രഹ്ലാദന്റെ ആത്മോപദേശം.)
  

നാരദർ തുടർന്നു: ഹേ രാജാവേ!, ആശ്ചര്യഭരിതരായി നിൽക്കുന്ന അസുരബാലകന്മാരുടെ സംശയത്തെ തീർക്കുവാനായി പ്രഹ്ലാദൻ പണ്ടു് മാതൃഗർഭത്തിൽ വച്ചു് തനിക്കു് ലഭിച്ച എന്റെ ഉപദേശത്തെ അനുസ്മരിച്ചുകൊണ്ടു് അവരോടു് പറഞ്ഞു: ഹേ ദൈത്യബാലകന്മാരേ!, ഞങ്ങളുടെ പിതാവു് തപസ്സിനായി മന്ദരാചലത്തിലേക്കു് പോയ സമയത്തു് ദേവന്മാർ അസുരന്മാരെ ആക്രമിക്കുവാനുള്ള പദ്ധതിയിട്ടു. അവർ പറഞ്ഞു: നന്നായി!. ലോകത്തിനു് മുഴുവനും ആപത്തു് വിതച്ചുകൊണ്ടിരിന്ന ഹിരണ്യകശിപു, ഉറുമ്പുകൾ പാമ്പിനെയെന്നതുപോലെ, സ്വന്തം പാപത്താൽത്തന്നെ ഭക്ഷിക്കപ്പെട്ടിരിക്കുന്നു. കൂട്ടുകാരേ!, ദേവന്മാർ തങ്ങളോടു് യുദ്ധത്തിനൊരുങ്ങുന്നതായി വാർത്തകേട്ട അസുരന്മാർ ഭീതരായി ഭാര്യയേയും മക്കളേയും സുഹൃത്തുക്കളേയും ഉറ്റവരേയും വീടുകളേയും ആടുമാടുകളേയും സാധനങ്ങളേയുമെല്ലാമുപേക്ഷിച്ചുകൊണ്ടു് തിരിഞ്ഞുനോക്കാതെ ജീവനെ മാത്രം രക്ഷിക്കുവാനായി നാനാദിക്കുകളിലേക്കും പലായനം ചെയ്തു. ദേവന്മാർ അസുരരാജധാനിയെ കൊള്ളയടിച്ചു. ഇന്ദ്രനാകട്ടെ, എന്റെ മാതാവിന്റെ പിടികൂടി. ഇന്ദ്രന്റെ കൈകളിൽ ഭീതിയോടെ അലമുറയിട്ടു് പിടയുന്ന എന്റെ മാതാവിനെ യാദൃശ്ചികമായി നാ‍രദമഹർഷി വഴിയിൽ വച്ചു് കാണുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഹേ ദേവരാജാവേ!, യാതൊരു തെറ്റും ചെയ്യാത്ത നിരപരാധിയായ ഇവളെ കൊണ്ടുപോകുന്നതു് ശരിയല്ല. പരപത്നിയും പതിവ്രതയുമായ ഇവളെ വിട്ടയയ്ക്കുക!.

ഇന്ദ്രൻ പറഞ്ഞു: ഹേ ദേവർഷേ!, ഇവളുടെ ജഠരത്തിൽ ദേവദ്വേഷിയായ ഒരസുരവിത്തു് കിടക്കുന്നുണ്ടു. തൽക്കാലം ഇവൾ എന്റെ അധീനതയിലിരിക്കട്ടെ, പ്രസവശേഷം ഞാൻ ഇവളെ വിട്ടയയ്ക്കാം.

നാരദർ പറഞ്ഞു: ദേവേന്ദ്രാ!, ഇവളുടെ ജഠരത്തിൽ കിടക്കുന്ന ഈ ജീവൻ പാപരഹിതനും, ഭഗവദ്ഭക്തനും, അനന്തമായ മഹിമകളുള്ളവനും, ഭഗവാന്റെ ദാസനുമാണു. ഇവനാൽ ഒരിക്കലും അങ്ങേയ്ക്കു് മരണം സംഭവിക്കുകയില്ല.

പ്രഹ്ലാദൻ തുടർന്നു: ഹേ അസുരബാലകരേ!, അങ്ങനെ നാരദരുടെ വാക്കിനെ മാനിച്ചുകൊണ്ടു് എന്റെ അമ്മയെ ഇന്ദ്രൻ വിട്ടയച്ചു. ഭഗവദ്ദാസനോടുള്ള പ്രീയത്താൽ ഗർഭിണിയായ എന്റെ മാതാവിനെ വലം വച്ചു് ഇന്ദ്രൻ സ്വർഗ്ഗത്തിലേക്കു് യാത്രയായി. തുടർന്നു്, എന്റെ അമ്മയെ നാരദമഹർഷി അദ്ദേഹത്തിന്റെ ആശ്രമത്തിൽ കൊണ്ടുചെന്നു് സമാധാനിപ്പിച്ചുകൊണ്ടു് അച്ഛൻ വരുന്നതുവരെ അവിടെ കഴിഞ്ഞുകൊള്ളാൻ പറഞ്ഞു. അമ്മയാകട്ടെ, അച്ഛൻ വരുന്നതും കാത്തു് ദേവർഷിയുടെ അടുക്കൽ തന്നെ താമസിച്ചു. പതിവ്രതയും ഗർഭവതിയുമായ എന്റെ അമ്മ ക്ഷേമത്തിനും താനിച്ഛിക്കുന്ന സമയംതന്നെ എന്നെ പ്രസവിക്കുന്നതിനുമായി അവിടെ ആശ്രമത്തിൽ ദേവർഷിയെ ഭക്തിയോടെ പരിചരിച്ചു. കാരുണികനായ നാരദമഹർഷി എന്റെ അമ്മയുടെ ദുഃഖം ശമിക്കുന്നതിനായും ഗർഭസ്ഥനായ എന്നെ സംസാരത്തിൽനിന്നും രക്ഷപെടുത്തുന്നതിനുമായി അവൾക്കു് ഭാഗവവതധർമ്മമുപദേശിച്ചു. കാലത്തിന്റെ ദൈർഘ്യത്താലും സ്ത്രീയുടെ സഹജമായ സ്വഭാവത്താലും അവൾക്കതു് നഷ്ടമായെങ്കിലും ദേവർഷിയുടെ അനുഗ്രഹത്താൽ എന്നിൽ ആ തത്വം ഇപ്പോഴും കുടികൊള്ളുന്നു. എന്റെ വാക്കിനെ ഉള്ളിലുറപ്പിക്കുന്ന പക്ഷം നിങ്ങൾക്കും ആ സത്യം തെളിഞ്ഞുകിട്ടുന്നതാണു. ഇതിനെ ഭക്തിയോടെ സ്വീകരിക്കുകയാണെങ്കിൽ സ്ത്രീകൾക്കും ബാലന്മാർക്കും പോലും തങ്ങളുടെ ബുദ്ധി തെളിയുന്നു.

ഈശ്വരനാകുന്ന കാലശക്തിയാൽ, ഉണ്ടാവുക, നിലകൊള്ളുക, വളരുക, രൂപഭേദം വരുക, ക്ഷയിക്കുക, നശിക്കുക എന്നീ ആറു് ഭാവങ്ങൾ, വൃക്ഷങ്ങളിലെ ഫലങ്ങൾക്കെന്നവിധം, ശരീരങ്ങൾക്കുണ്ടാകുന്നു. എന്നാൽ ആത്മാവിനതു് വർജ്യമാണെന്നറിയുക. ആത്മാവു് നിത്യനും, അവ്യയനും, ശുദ്ധനും, ഏകനും ദേഹേന്ദ്രിയാദികളെ അറിയുന്നവനും, അവയ്ക്കാശ്രയമാകുന്നവനും, നിഷ്ക്രിയനും, സ്വയം പ്രകാശിതനും, കാരണനും, സർവ്വവ്യാപിയും, സംഗമില്ലാത്തെവനും, അനാവൃതനുമാകുന്നു. ആത്മാവിന്റെ ഈ പന്ത്രണ്ടു് ശ്രേഷ്ഠഭാവത്താൽ ദേഹാത്മഭേദമറിഞ്ഞവൻ എപ്പോഴും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തെ പരിത്യജിക്കണം. സ്വർണ്ണഖനിയുള്ള പ്രദേശങ്ങളിൽ കല്ലുകൾക്കൊപ്പം അടിഞ്ഞുകൂടിയിരിക്കുന്ന സ്വർണ്ണത്തെ എപ്രകാരമാണോ അതിനെക്കുറിച്ചറിയുന്നവർ വേർതിരിച്ചെടുക്കുന്നതു്, അപ്രകാരംതന്നെ, ആത്മജ്ഞാനമുള്ളവൻ യോഗവൈഭവത്താൽ സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവിനെ കണ്ടറിയുന്നു.

പ്രകൃതിഗുണങ്ങളാകുന്നതു് സത്വം, രജസ്സ്, തമസ്സ് എന്നിവയാകുന്നു. അവയ്ക്കാധാരമായ പ്രകൃതിയുടെ മൂലകാരണതത്വങ്ങളാകട്ടെ, പഞ്ചതന്മാത്രകൾ, മൂലപ്രകൃതി, അഹങ്കാരം, മഹത്തത്വം എന്നിങ്ങനെയുള്ള എട്ടും. പ്രാകൃതികവികാരങ്ങളെന്നതു് പത്തിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും മനസ്സും ചേർന്നു് പതിനാറായിരിക്കുന്നുവെന്നും, ഇതിനെല്ലാം സാക്ഷിയായി വർത്തിക്കുന്ന പുരുഷൻ ഒന്നാണെന്നും ആചാര്യന്മാർ പ്രവചിച്ചിരിക്കുന്നു. മേല്പറഞ്ഞ പ്രകൃതത്വങ്ങളേയും അവയുടെ വികാരങ്ങളേയും ചേർത്തു് ഇരുപത്തിനാലു് തത്വങ്ങളുടെ സംഘാതത്തെയാണു് ശരീരമെന്നു് വിശേഷിപ്പിക്കുന്നതു. അവ ചരമെന്നും അചരമെന്നും രണ്ടുവിധമാണു. എന്നാൽ ആത്മാവാകട്ടെ ഈവക തത്വങ്ങളിൽനിന്നെല്ലാം വ്യത്യസ്ഥനായി, താനല്ലാത്ത സർവ്വതിനേയും വിട്ടുനിൽക്കുന്നവനാണു. അവയെയെല്ലാം കോർത്തിണക്കിക്കൊണ്ടു്, വിവേകത്താൽ തെളിഞ്ഞ മനസ്സാൽ സൃഷ്ട്യാദികളെ നിമിത്തമാക്കിക്കൊണ്ടു് ചിന്തിക്കുന്നവർക്കു് ഈ സത്യം തെളിഞ്ഞുകിട്ടുന്നതുമാണു. ആത്മാവു് ജാഗ്രത്, സ്വപ്നം, സുഷുപ്തി, മുതലായ അവസ്ഥകളെ അനുഭവിക്കുന്നവനും, അതേസമയം, അവയിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന സാക്ഷീഭൂതനുമാണു. ബുദ്ധിയുടെ ഈ മൂന്നവസ്ഥകൾ ത്രിഗുണാത്മകവും കർമ്മജവുമാണു. സച്ചിന്മയമായ ആത്മാവിനെ ഇതു് യാതൊരുവിധത്തിലും ബാധിക്കുന്നില്ല. ഗന്ധങ്ങളെക്കൊണ്ടു് വായുവിനെയെന്നതുപോലെ, ബുദ്ധിയുമായുള്ള നിരന്തരസംബന്ധംകൊണ്ടു് ആത്മാവിനേയും വേർതിരിച്ചറിയാവുന്നതാണു. അശുദ്ധബുദ്ധിയാൽ ജീവൻ ത്രിഗുണങ്ങളിൽ മുങ്ങിപ്പോകുന്നു. അങ്ങനെ അവൻ സംസാരചക്രത്തിലകപ്പെടുകയും ചെയ്യുന്നു. ദുഃഖപൂർണ്ണമായ സ്വപ്നത്തിലെ അനുഭവങ്ങളെപ്പോലെ, അജ്ഞാനത്താലുണ്ടാകുന്ന ഈ സംസാരത്തെ തികച്ചും അനിത്യമെന്നു് കരുതുക. അതുകൊണ്ടു്, പ്രിയകൂട്ടുകാരേ!, നിങ്ങൾ ഭഗവാനിൽ അഭയം പ്രാപിക്കുകയാണെന്നുവരികിൽ, ത്രിഗുണാത്മകങ്ങളായ കർമ്മവാസനകളൊഴിഞ്ഞുപോകുകയും, ജാഗ്രദാദിയായ ബുദ്ധിയുടെ അവസ്ഥാത്രയങ്ങളിലേക്കുള്ള ഒഴുക്കും ഇല്ലാതെയാകുന്നു. കാരണം, അവനിൽ ആശ്രയം കൊള്ളുന്നതോടെ ഒരുവനിലുള്ള അജ്ഞാനംതന്നെ ഇല്ലാതെയാകുന്നു. ആയതിലേക്കു് അനേകം ഉപായങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു് ഭഗവദ്പ്രോക്തമായതും ഞാൻ പറഞ്ഞതുമായ ഈ ഭക്തിമാർഗ്ഗംതന്നെയാണു.

ഗുരുവിനെ പരിചരിക്കുക, ഭഗവാനെ അർച്ചിക്കുക, സർവ്വവും അവനിലർപ്പിക്കുക, സത്തുക്കളുമായി സംഗം ചേരുക, ഈശ്വരനെ ആരാധിക്കുക, ഭഗവദ്കഥകളിൽ മനസ്സ് രമിപ്പിക്കുക, അവന്റെ മഹിമകളെ കീർത്തിക്കുക, ആ പദമലരിണയെ ധ്യാനിക്കുക, ഭഗവദ്രൂപത്തെ ദർശിക്കുക, പൂജിക്കുക എന്നിവകൊണ്ടു് ഭക്തി ലഭിക്കുന്നതാകുന്നു. സകലചരാചരങ്ങളുടേയും ഈശ്വരൻ ശ്രീഹരിയാണെന്നുള്ള ഉറച്ച ബോധത്താൽ അവയെ വേണ്ടുംവണ്ണം ഉപചരിക്കണം. ഇത്തരം ആചാരങ്ങളിലൂടെ കാമക്രോധാദികളായ ശത്രുക്കളെ ജയിക്കാൻ സാധിക്കുന്നു. അങ്ങനെ ഭഗവാനിൽ ഭക്തിയുമുണ്ടാകുന്നു. ഭക്തിയുള്ളവൻ തന്റെ ഇന്ദ്രിയങ്ങളെ ജയിച്ചു് മുക്തനാകുന്നു. അങ്ങനെയുള്ള ഭക്തന്മാർക്കു് ഭഗവദ്മഹിമകളെ കേൾക്കുമ്പോൾ രോമാഞ്ചമുതിർക്കുന്നു. കണ്ണിൽനിന്നും അശ്രുധാരപൊഴിയുന്നു. വാക്കുകൾ ഇടറുന്നു. ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, ചിലപ്പോൾ ആടുകയും പാടുകയും ചെയ്യുന്നു. അങ്ങനെ തന്നുള്ളിൽത്തന്നെ അവർ ആത്മാനന്ദമനുഭവിക്കുന്നു. ഭൂതബാധയേറ്റവനെപ്പോലെ ചിലപ്പോൾ ഭക്തൻ ചിരിക്കുന്നു. ചിലപ്പോൾ അവൻ ഒരിടത്തിരുന്നു് ധ്യാനിക്കുന്നു. അവൻ സകലഭൂതങ്ങളും ഭഗവദംശങ്ങളായിക്കണ്ടുകൊണ്ടു് അവയെയെല്ലാം ബഹുമാനിക്കുന്നു. ചിലപ്പോൾ അവൻ ദീഘമായി നിശ്വസിച്ചുകൊണ്ടു് ഒരു ഭ്രാന്തനെപ്പോലെ നാമം ജപിക്കുന്നു. ശരീരവും മനസ്സും ഭഗവാനിലർപ്പിച്ചു് അവന്റെ മഹിമകളുടെ കീർത്തനം ചെയ്യുന്ന ഭക്തൻ സംസാരത്തിൽനിന്നും മുക്തനാകുന്നു. അങ്ങനെ അവനിലെ അജ്ഞാനവും ആഗ്രഹങ്ങളുമെല്ലാം, അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. അതിലൂടെ ഭക്തൻ ഭഗവാനെത്തന്നെ പ്രാപിക്കുന്നു.

ഹേ കൂട്ടുകാരേ!, സംസാരചക്രത്തിനറുതിവരുത്തുന്ന ഈ ലാഭത്തിനെ ജ്ഞാനികൾ ബ്രഹ്മനിർവ്വാണം എന്നു് പറയുന്നു. അതുകൊണ്ടു്, ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഹരിയെ നിങ്ങൾ ഭജിക്കുവിൻ!. ഹേ അസുരബാലകന്മാരേ!, ഹരിഭജനത്തിനു് എന്തു് പ്രയാസമാണുള്ളതു?. ജന്തുക്കളെപ്പോലെ, വിഷയങ്ങളെ മാത്രം ഭുജിക്കുന്നതുകൊണ്ടു് യാതൊരു നേട്ടവുമില്ലെന്നറിയുക. പണവും, പത്നിയും, വളർത്തുമൃഗങ്ങളും, പുത്രപൌത്രന്മാരും, സ്വത്തും, ആനകളും മറ്റുമായുൾള്ള സകല ഭൌതിക സമ്പാദ്യങ്ങളും അനിത്യങ്ങളാണു. ക്ഷണഭംഗുരമായ മനുഷ്യായുസ്സിൽ ഇവയ്ക്കൊക്കെ എന്തു് ഹിതത്തെ മനുഷ്യനുവേണ്ടി ചെയ്യാൻ കഴിയും?. ഐഹികഭോഗങ്ങളേക്കാൽ ശ്രേഷ്ഠമാണെങ്കിൽകൂടി, സ്വർഗ്ഗലോകപ്രാപ്തിപോലും നശിക്കുന്നവയാണു. അതുകൊണ്ടു്, ശ്രീഹരിയുടെ സായൂജ്യത്തിനായിക്കൊണ്ടു് അവനെ ഭക്തിയോടെ ഭജിക്കുവിൻ!. മനുഷ്യൻ യാതൊന്നിനെ മനസ്സിൽ കരുതി അതിന്റെ പ്രാപ്തിക്കായി യന്തിക്കുന്നുവോ, യഥാർത്ഥത്തിൽ അതിനു് വിപരീതമായ ഫലമാണുണ്ടാകുന്നതു. ഇവിടെ മനുഷ്യന്റെ സകല പ്രയത്നങ്ങളും സുഖം വരുന്നതിനും ദുഃഖമില്ലാതെയാകുന്നതിനും വേണ്ടിയാണു് ചെയ്യപ്പെടുന്നതു. എന്നാൽ, ഒരിക്കൽ കർമ്മവിരക്തിയാൽ സുഖം അനുഭവിച്ചവൻ പോലും പിന്നീടു് കർമ്മാസക്തിയാൽ ദുഃഖത്തെത്തന്നെ പ്രാപിക്കുന്നു. യാതൊന്നിന്റെ നിലനിൽ‌പ്പിനായിമാത്രം മനുഷ്യം ഇക്കണ്ട പ്രവൃത്തികളെല്ലാം ചെയ്യുന്നുവോ, ആ ദേഹംതന്നെ കാലഗതിയിൽ മറ്റുള്ള ജന്തുക്കൾക്കു് ഭക്ഷണമായി മാറുന്നു. ഇങ്ങനെ ഈ ശരീരം വന്നും പോയുമിരിക്കുന്നു. എങ്കിൽ പിന്നെ, ഈ ദേഹത്തിൽനിന്നും വേറിട്ടവയായ ഭാര്യ, സന്താനങ്ങൾ, വീടു്, സമ്പത്തുകൾ, രാജ്യം, ആനകൾ, മന്ത്രിമാർ, സേവകന്മാർ, ബന്ധുക്കൾ എന്നിങ്ങനെ മമതാസ്പർദയുള്ള മറ്റുള്ളവയെക്കുറിച്ചു് പറയേണ്ടതുണ്ടോ?. ശരീരനാശത്തോടുകൂടി സകലബന്ധങ്ങളുമില്ലാതാകുന്നവയും, പ്രത്യക്ഷത്തിൽ സൌഭ്യാഗ്യങ്ങളെന്നു തോന്നുന്നവകളുമായ ഇവയെക്കൊണ്ടു് സ്വരൂപത്തിൽത്തന്നെ നിത്യാനന്ദക്കടലായ ആത്മാവിനു് എന്തു് നേടാൻ?. ഹേ അസുരരേ!, ഗർഭത്തിൽ വീണ സമയം മുതൽ ഓരോ ഘട്ടത്തിലും ജീവൻ നേരിടുന്ന ദുഃഖങ്ങളെയോർത്താൽ അവർക്കീശരീരം കൊണ്ടു് ഇവിടെ എന്തു് പ്രയോജനമാണുള്ളതു?.

ജീവനെ പിന്തുടരുന്ന ഈ ശരീരത്താൽ കർമ്മങ്ങളാരംഭിക്കുന്നു. അതുപോലെ, കർമ്മങ്ങൾ നിമിത്തമായി വെവ്വേറെയായ ശരീരങ്ങളും സ്വീകരിക്കുന്നു. എന്നാൽ, ഇവ രണ്ടും അജ്ഞാനത്താൽ മാത്രം സംഭവിക്കുന്നവയാണു. അതുകൊണ്ടു്, ധർമ്മാർത്ഥകാമങ്ങൾതന്നെ ആരെ ആശ്രയിച്ചുനിൽക്കുന്നുവോ, ആത്മസ്വരൂപിയായ ആ ശ്രീഹരിയെത്തന്നെ നിങ്ങൾ ഭക്തിയോടെ ഭജിക്കുവിൻ!. ഭഗവാൻ ശ്രീഹരി സകലഭൂതങ്ങളുടേയും ആത്മാവും പ്രീയനുമാണു. കാരണം, ഓരോ ജീവഭൂതങ്ങളും അവന്റെ അംശതന്നെയാണു.  ദേവന്മാരായാലും, അസുരന്മാരായാലും, മനുഷ്യനായാലും, യക്ഷഗന്ധർവ്വാദികളായാലും, മുകുന്ദചരണത്തെ ഭജിക്കുന്നവൻ നമ്മളെപ്പോലെ സ്വസ്തിമാനായി ഭവിക്കുന്നതാണു. ഹേ അസുരന്മാരേ!, ശ്രീഹരിയുടെ പ്രസാദത്തിനായി ഭക്തി ഒന്നുമാത്രം മതിയാകുന്നു. അതിനായി ദ്വിജത്വം, ദേവത്വം, ഋഷിത്വം, ആചാരം, ബഹുവിഷയജ്ഞാനം, ദാനം, തപസ്സു്, യജ്ഞം, ശുദ്ധി, വ്രതം മുതലായവ ഒന്നുംതന്നെ അവശ്യമില്ല. ഇവയെല്ലാം വെറും വിഡംബനം മാത്രമാണു. അതുകൊണ്ടു്, സമഭാവനയോടെ സർവ്വഭൂതാത്മനാകുന്ന ഭഗവാനിൽ ഭക്തിയെ അർപ്പിക്കുവിൻ!. ദൈത്യന്മാർ, യക്ഷന്മാർ, രാക്ഷസന്മാർ, സ്ത്രീജനങ്ങൾ, ശൂദ്രന്മാർ, ഗോപന്മാർ, പക്ഷികൾ, മൃഗങ്ങൾ, മറ്റുള്ള വളരെയധികം പാപാത്മാക്കൾ‌പോലും ഭക്ത്യാ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ടു. അതുകൊണ്ടു് ഹേ ബാലന്മാരേ!, ശ്രീകൃഷ്ണപരമാത്മാവിൽ നിങ്ങളുടെ ഏകാന്തമായ ഭക്തിയെ ഉറപ്പിക്കുക. സകലചരാചരങ്ങളിലും തന്തിരുവടിയെ കാണുകയെന്നുള്ളതാണു് ഭക്തിയുടെ യഥാർത്ഥ സ്വരൂപം. അതുമാത്രമാണു് ഈ പ്രപഞ്ചത്തിൽ ജീവന്റെ സർവ്വപ്രധാനമായ ജന്മോദ്ദേശവും.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next




Prahlada teaches sons of asuras

7.6 സഹപാഠികൾക്കു് പ്രഹ്ളാദന്റെ ഉപദേശങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 6
(സഹപാഠികൾക്കു് പ്രഹ്ലാദന്റെ ഉപദേശങ്ങൾ.)


നാരദർ പറഞ്ഞു: അല്ലയോ ധർമ്മപുത്രമഹാരാജാവേ!, കരുണാമയനും ഭക്തനുമായ പ്രഹ്ലാദൻ തന്റെ സഹപാഠികളോടു് പറഞ്ഞു: ഹേ കൂട്ടുകാരേ!, അല്പകാലത്തേയ്ക്കെങ്കിലും ജീവഭൂതങ്ങൾക്കു് മനുഷ്യയോനിയിൽ കിട്ടുന്ന ജന്മം വളരെ ദുർല്ലഭമാണു. അതിൽ ബുദ്ധിയുള്ളവർ ചെറുപ്പത്തിലേ സംസാരനിവൃത്തിയ്ക്കായുള്ള ധർമ്മത്തെ ആചരിക്കണം. സർവ്വഭൂതങ്ങൾക്കും പ്രിയങ്കരനും, അവയുടെയെല്ലാം ആത്മാവും നിയന്താവുമായുള്ള ഭഗവാൻ ഹരിയുടെ പാദാരവിന്ദങ്ങളെ ആശ്രയിക്കുകയെന്നതാണു് മഹത്തായ ഈ ജന്മം കൊണ്ടുദ്ദേശിക്കുന്നതു. ഹേ അസുരബാലന്മാരേ!, ദേഹികൾക്കു് തങ്ങളുടെ കർമ്മഫലാനുസരണമായി സുഖങ്ങളും ദുഃഖങ്ങളും പ്രയത്നം കൂടാതെതന്നെ ജീവിതത്തിലുടനീളം കിട്ടുന്നുണ്ടു. ആയതിനായി പരിശ്രമത്തിന്റെ ആവശ്യമില്ല. അതിനായി പരിശ്രമിക്കുന്നതു് ജന്മം പാഴാക്കലാണു. ആ ശ്രമം ഭഗവദ്ഭക്തിക്കായുപയോഗിക്കുന്നപക്ഷം, ജനനമരണസംസാരത്തിൽനിന്നും ജീ‍വൻ മുക്തമാകുന്നു. അതുകൊണ്ടു്, സംസാരത്തെ പ്രാപിച്ചവൻ, എത്രകാലം മനുഷ്യരൂപത്തിലുള്ള ഈ ശരീരം കെല്പുറ്റതായി ഇരിക്കുന്നുവോ, അക്കാലമത്രയും ഭഗവദ്സായൂജ്യത്തിനായി യത്നിക്കേണ്ടതാണു.

ഒരു മനുഷ്യായുസ്സു് കൂടിയാൽ കേവലം നൂറുവർഷമാണു. അതിന്റെ നേർപകുതിക്കാലം അവൻ രാത്രിയിൽ ഉറങ്ങിക്കളയുന്നു. ബാല്യത്തിൽ ഉറയ്ക്കാത്തബുദ്ധിയോടുകൂടിയും, കൌമാരത്തിൽ ക്രീഡകളിലേർപ്പെട്ടും അതിന്റെ ഇരുപതുവർഷക്കാലം കഴിഞ്ഞുപോകുന്നു. വാർദ്ധക്യത്തിൽ രോഗഗ്രസ്തനായി ഒന്നിനും കൊള്ളാതെ വീണ്ടുമൊരിരുപതുവർഷം കൂടി കടന്നുപോകുന്നു. ദുഃഖപൂരമായ ആഗ്രഹങ്ങളും ശക്തമായ മോഹവും പേറി സ്വയത്തെ മറന്നുകൊണ്ടു്, ഗൃഹത്തിൽ ആസക്തനായി ബാക്കിയായുസ്സും താമസിയാതെ തീർന്നുതന്നെപോകുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെ ഗൃഹാസക്തവും സ്നേഹപാശങ്ങളാൽ ബന്ധിക്കപ്പെട്ടതുമായ ഈ ആത്മാവിനെ എങ്ങനെയാണു് മുക്തമാക്കുക?. കള്ളനും സേവകനും വ്യവസായിയുമൊക്കെ സ്വന്തം ജീവനെ പണയപ്പെടുത്തിയും ധനം സമ്പാദിക്കുവാൻ വ്യഗ്രതകൊള്ളുന്നു. അങ്ങനെയുള്ള ഈ ധനാശയെ എങ്ങനെയാണൊരുവനു് ത്യജിക്കുവാൻ കഴിയുക?. എങ്ങനെയാണു് ഗൃഹാസക്തനായ ഒരു മനുഷ്യനു് അതുമായുള്ള തന്റെ സംഗത്തെ ഉപേക്ഷിക്കുവാൻ കഴിയുന്നതു?. പത്നി സ്നേഹം കൊണ്ടും അനുകമ്പകൊണ്ടും അയാളുടെ ഹൃദയത്തെ വേട്ടയാടുന്നു. ആർക്കാണു് കുഞ്ഞുങ്ങളുടെ കളമൊഴിയിൽ ആസക്തിയുണ്ടാകാത്തതു?. മാതാപിതാക്കളും ഭാര്യയും കുട്ടികളും വളർത്തുമൃഗങ്ങളും ഭൃത്യന്മാരും ഇങ്ങനെ ചുറ്റുംകൂടി സ്നേഹിക്കുമ്പോൾ ആർക്കാണതിനെ തിരസ്ക്കരിക്കുവാനാകുക?. പെണ്മക്കൾ അച്ഛന്മാർക്കു് കൂടുതൽ പ്രിയമാണു. ഭർതൃഗൃഹത്തിലേക്കുപോയിക്കഴിഞ്ഞാൽ പിതാവിന്റെ മനസ്സിൽ അവരെക്കുറിച്ചുള്ള വേവലാതികൾ എപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, പലതരം വസ്തുക്കളാൽ അലംകൃതമായ വീടിന്റെ ഭംഗിയെ ആർക്കാണു് ത്യജിക്കുവാൻ കഴിയുക?. പട്ടുനൂൽ പുഴു കൂട്ടിൽ കിടന്നു് പുളയുന്നതുപോലെ ഒരിക്കലും അവർക്ക്‌ ഗൃഹമാകുന്ന കൂട്ടിൽനിന്നും രക്ഷപെടുവാൻ സാധിക്കുന്നില്ല. ലൈംഗികവും രസനാപരവുമായ സുഖത്തെ ആസ്വദിച്ചുകൊണ്ടു് മനുഷ്യൻ ഒരിക്കലും അവിടെ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുന്നുമില്ല. ഇങ്ങനെ അറ്റം കാണാത്ത വിഷയവാസനകൾക്കു് വിധേയനായി ഗൃഹമെന്ന അന്ധകൂപത്തിൽ കിടക്കുന്നവൻ ഒരിക്കലും വിരക്തി ആഗ്രഹിക്കുന്നില്ല.

ഈവിധം ഗൃഹാസക്തിയിൽ കൊഴിഞ്ഞുപോകുന്ന തന്റെ ആയുസ്സിനേയോ, തന്മൂലമുണ്ടാകുന്ന പുരുഷാർത്ഥനഷ്ടത്തേയോ ഒരിക്കലും അപ്രമത്തനായവൻ അറിയുന്നില്ല. താപത്രയങ്ങളെ പേറി നടന്നിട്ടും അതിന്റെ കാരണമറിയാതെ കുടുംബാസക്തനായി വിഷയങ്ങളിൽനിന്നും അവയുടെ നിവൃത്തിയിലേക്കെത്തുന്നില്ല. ധനസമ്പാദനത്തിൽ മാത്രം നിമഗ്നമായ മനസ്സുള്ളവൻ മറ്റുള്ളവരുടെ ധനത്തെ അപഹരിക്കുവാൻ ശ്രമിക്കുന്നു. ഇഹത്തിലും പരത്തിലും ഇതിനാലുണ്ടാകുന്ന ദുഷ്ഫലത്തെ അറിയുന്നവർ പോലും ഇന്ദ്രിയങ്ങളെ ജയിക്കാത്തതിനാൽ പരന്റെ ധനത്തെ ഏതുവിധത്തിലും അപഹരിക്കുകതന്നെ ചെയ്യുന്നു. അറിവുള്ളവനാണെങ്കിൽപോലും, കുടുംബത്തിൽ ആസക്തനായവൻ ആത്മജ്ഞാനം അർഹിക്കുന്നില്ല. അവൻ അജ്ഞാനിയെപ്പോലെ തമോലോകത്തെത്തന്നെ പ്രാപിക്കുന്നു.

കൂട്ടുകാരേ!, ഈ ആത്മജ്ഞാനമില്ലാത്ത യാതൊരുവനും ഇഹത്തിലും പരത്തിലും മുക്തി സംഭവിക്കുന്നില്ല. അവർ ഈ സംസാരത്തിൽ ബന്ധിക്കപ്പെട്ടുതന്നെ കിടക്കുന്നു. അവർ സ്ത്രീസംഗം ആദിയായിട്ടുള്ള ഇന്ദ്രിയസുഖത്തിൽ രമിച്ചുകഴിയുന്നു. അവർ ഈ സ്ത്രീകളുടെ വിനോദത്തിനുതകുന്ന ക്രീഢാമൃഗങ്ങളായിത്തീരുന്നു. ഇങ്ങനെ സംസാരത്തിൽനിന്നു് കരയേറാതെ അവർ മക്കൾ, കൊച്ചുമക്കൾ, അവരുടെ മക്കൾ എന്നീവരുടെ മധ്യത്തിൽ കാലം പാഴാക്കുന്നു. ഇങ്ങനെയുള്ളവരെയാണത്രേ അസുരന്മാർ എന്നുവിളിക്കപ്പെടുന്നതു. നിങ്ങൾ അസുരഗൃഹത്തിൽ പിറന്നവരാണെങ്കിലും അങ്ങനെയുള്ളവരിൽനിന്നും അകലം പാലിക്കുക. പകരം, നാരായണനിൽ അഭയം പ്രാപിക്കുക. കാരണം, ഈ ജന്മത്തിന്റെ ഉദ്ദേശംതന്നെ സംസാരത്തിൽനിന്നും മുക്തനായി അവനിൽ ലയിക്കുക എന്നതാണു. ഹേ അസുരപുത്രന്മാരേ!, സർവ്വഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്നവനും എങ്ങും നിറഞ്ഞവനുമായ അച്യുതനെ ആശ്രയിക്കുന്നവർക്കു് ജീവിതത്തിൽ യാതൊരു പ്രയാസങ്ങളും വരുകയില്ല. ബ്രഹ്മാവു്, സ്ഥാവരങ്ങൾ ഇത്യാദി സകല ചരാചരങ്ങളിലും, ഭൌതികമായി കാണപ്പെടുന്ന സകല നാമരൂപങ്ങളിലും, ഭൂമി മുതലായ പഞ്ചഭൂതങ്ങളിലും, ത്രിഗുണങ്ങളിലും, മൂലപ്രകൃതിയിലും, മഹദാദിതത്വങ്ങളിലും നിത്യനിരന്തരമായി പ്രതിഭാസിക്കുന്നതു് ഏകനായ ആ പരമാത്മാവുതന്നെയാണു. ജന്മാദിരഹിതനായ അവന്തന്നെയാണു് സകലചരാചരങ്ങൾക്കും ഈശ്വരൻ. അവർണ്ണനീയനും നിർവ്വികല്പനുമായ ആ പരമപുരുഷൻ ദ്രഷ്ടാവായ ജീവാത്മരൂപത്തിലും ദൃശ്യമായ പ്രപഞ്ചരൂപത്തിലും, വ്യാപ്യമായും വ്യാപകമായും നിലകൊള്ളുന്നു. കേവലാനന്ദസ്വരൂപനും, പരമേശ്വരനുമായ ആ നാഥൻ ത്രിഗുണാത്മകമായ മായായാൽ മറയ്ക്കപ്പെട്ട ഐശ്വര്യത്തോടുകൂടിയവനായി നാനാരൂപഭേദങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ടു്, ആസുരമായ ഭാവത്തെ കൈവെടിഞ്ഞു് സർവ്വഭൂതങ്ങളിലും ദയയും സൌഹൃദവുമുള്ളവരായിമാറുക. അങ്ങനെ ചെയ്യുന്നപക്ഷം, നാരായണൻ നിങ്ങളിൽ പ്രസാദിക്കുന്നതാണു. ആദ്യനും അനന്തനുമായ അവനാൽ സാദ്ധ്യമാകാത്തതായി ഒന്നുംതന്നെ ഇവിടെയില്ല. യാതൊരു യത്നവും കൂടാതെ, പ്രാരബ്ദകർമ്മങ്ങളാൽത്തന്നെ സിദ്ധമാകുന്ന ധർമ്മാർത്ഥകാമങ്ങളെക്കൊണ്ടു് എന്താണു് പ്രയോജനം?. തന്തിരുവടിയിലെ അമൃതരസം നുകരുകയും, അവന്റെ മഹിമകളെ കീർത്തിക്കുകയും ചെയ്യുന്ന നമുക്കു് മോക്ഷം പോലും എന്തിനു്?. ധർമ്മാർത്ഥകാമങ്ങളെ വേദങ്ങളിൽ മുക്തിക്കുതകുന്ന ത്രിവർഗ്ഗപുരുഷാർത്ഥമായാണു് കണക്കാക്കപ്പെടുന്നു. ഇതിനുള്ളലാണു് വിദ്യയും യജ്ഞവും അർഥസാധ്യങ്ങളായ സകലവിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നതു. ഇവയെല്ലാം വേദങ്ങളിൽ പ്രതിപാദ്യമായ ഭൌതികവിഷയങ്ങളാണു. എന്നാൽ, തന്തിരുവടികളിൽ ആശ്രയം കൊള്ളുകയെന്നതുമാത്രമാണു് ഞാൻ കാണുന്ന അദ്ധ്യാത്മമായ വിഷയം.

ഹേ ബാലകന്മാരേ!, നാരായണമുനി ഒരിക്കൽ ഈ തത്വത്തെ നാരദർക്കുപദേശിച്ചിരുന്നു. ഇതിനെ ഗുരുകാരുണ്യമില്ലാതെ മനസ്സിലാക്കുവൻ സാധ്യമല്ല. എന്നാൽ, തന്തിരുവടിയുടെ ഏകാന്തഭക്തന്മാരിൽ ആശ്രയം കൊള്ളുന്നവർക്കു് ഈ തത്വം നന്നേ തിരിഞ്ഞുകിട്ടുന്നു. പരിശുദ്ധമായ ഈ ഭാഗവതധർമ്മത്തേയും വിജ്ഞാനസംയുതമായ അതിന്റെ ആചരണത്തേയും ഭഗവദ്ദർശനം ലഭിച്ച നാരദമുനിയിൽനിന്നും ഞാൻ മുമ്പൊരിക്കൽ കേട്ടിട്ടുള്ളതാണു.

അതുകേട്ടപ്പോൾ ദൈത്യപുത്രന്മാർ പറഞ്ഞു: അല്ലയോ പ്രഹ്ലാദാ!, നമ്മൾ ഒരിക്കൽ‌പോലും ഇത്രയും കർശനസ്വഭാവമുള്ള ഈ ശണ്ഡാമർക്കന്മാരെയാല്ലാതെ മറ്റൊരു ഗുരുവിനെ കണ്ടിട്ടില്ല. അന്തഃപുരത്തിൽ മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന നീ നാരദരെകണ്ടുവെന്നു് പറഞ്ഞതും, അദ്ദേഹം നിനക്കു് ഭാഗവതധർമ്മമുപദേശിച്ചുതന്നുവെന്നു് പറഞ്ഞതും ഞങ്ങൾക്കു് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഈ സന്ദേഹത്തെ തീർത്തുതരുക."


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next





Prahlada teches the sons of demons.

7.5 പ്രഹ്ളാദനെ വധിക്കുവാനുള്ള ഹിരണ്യകശിപുവിന്റെ വിഫലശ്രമങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 5
(പ്രഹ്ലാദനെ വധിക്കുവാനുള്ള ഹിരണ്യകശിപുവിന്റെ വിഫലശ്രമങ്ങൾ.)
  

നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രരേ!, അസുരഗുരുവായ ശുക്രാചാര്യരുടെ പുത്രന്മാരായ ശണ്ഡനും അമർക്കനും ഹിരണ്യകശിപുവിന്റെ കൊട്ടാരത്തിനു് തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നതു. അവരിരുവരും പ്രഹ്ലാദനേയും മറ്റുചില അസുരബാലകന്മാരേയും രാജ്യതന്ത്രാദിവിഷയങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങി. അവർ പഠിപ്പിക്കുന്ന പാഠങ്ങളൊക്കെയും കേട്ടുവെങ്കിലും, താനെന്നും പരനെന്നുമുള്ള മിഥ്യാബോധത്തെ ആസ്പദമാക്കിയുള്ള ആ പാഠ്യങ്ങളിൽ പ്രഹ്ലാന്റെ മനസ്സ് രമിച്ചില്ല. ഹേ പാണ്ഡവാ!, ഒരിക്കൽ ഹിരണ്യകശിപു തന്റെ മകനെ മടിയിൽ പിടിച്ചിരുത്തി അവനോടു് ചോദിച്ചു: ഉണ്ണീ!, നിന്റെ അഭിപ്രായത്തിൽ ഏതാണു് നല്ല കാര്യമെന്നു് എന്നോടു് പറയൂ!.

പിതാവിന്റെ ചോദ്യത്തിനു് ഉത്തരമായി പ്രഹ്ലാദൻ പറഞ്ഞു: ഹേ അസുരോത്തമാ!, ജീവഭൂതങ്ങൾ മായയുടെ പിടിയിലകപ്പെട്ടു് ഏതുനേരവും സംഭ്രാന്തചിത്തരായിക്കഴിയുന്നു. അങ്ങനെയുള്ളവർ ചെന്നുപതിക്കുന്ന പൊട്ടക്കിണറാണു് ഗൃഹം എന്നതു. അതിനെ ഉപേക്ഷിച്ചു് കാട്ടിൽ പോയി ഹരിഭജനം ചെയ്യുക, എന്നതാണു് മനുഷ്യനെ സംബന്ധിച്ചു് നല്ല കാര്യമെന്നു് ഞാൻ കരുതുന്നതു.

നാരദർ തുടർന്നു: രാജൻ!, ശത്രുവിനെ പുകഴ്തിയുള്ള പ്രഹ്ലാദന്റെ വാക്കുകൾ കേട്ടു് ഹിരണ്യാക്ഷൻ പൊട്ടിച്ചിരിച്ചുകൊണ്ടു് പറഞ്ഞു: കുട്ടികളുടെ കുഞ്ഞുബുദ്ധിയെ കൌശലക്കാർ മാറ്റിമറിയ്ക്കുന്നു. ആയതിനാൽ, ഹേ ശണ്ഡാമർക്കന്മാരേ!, ഗുരുകുലത്തിൽ പ്രച്ഛന്നവേഷധാരികളായ വിഷ്ണുഭക്തന്മാരാൽ ഇളകാത്തവിധം ഇവന്റെ ബുദ്ധിയെ നിങ്ങൾ സംരക്ഷിച്ചുകൊള്ളുക.

നാരദർ പറഞ്ഞു: മഹാരാജൻ!, അവർ പ്രഹ്ലാദനെ വീണ്ടും പാഠശാലയിലേക്കു് കൊണ്ടുപോയി. ശേഷം, അരികെ വിളിച്ചു് ഇപ്രകാരം ചോദിച്ചു:  ഹേ ഉണ്ണീ!, പ്രഹ്ലാദാ!, സത്യം പറയൂ!. മറ്റു് കുട്ടികളുടേതിൽനിന്നും വ്യത്യസ്ഥമായ ഈ ചിന്ത നിനക്കെവിടെനിന്നുകിട്ടി?. ഇതു് ആരെങ്കിലും നിനക്കു് പറഞ്ഞുതന്നതാണോ?, അതോ, സ്വയം നീതന്നെ ചിന്തിച്ചുറപ്പിച്ചതാണോ?.

പ്രഹ്ലാദൻ പറഞ്ഞു: ജനങ്ങളിൽ, താനെന്നും പരനെന്നുമുള്ള ഭേദബുദ്ധി ഈശ്വരന്റെ മായയാലുണ്ടാകുന്നതാണു. ആ ഭ്രമം ഭവാന്മാരിലും കടന്നുകൂടിയിരിക്കുന്നു. മായാപതിയായ ഭഗവാനു് നമസ്ക്കാരം!. എന്നാൽ, ആ ഭഗവാന്റെ കാരുണ്യമുണ്ടാകുന്നപക്ഷം, ഭേദഭവമായ ഈ മൃഗീയബോധം വേരറ്റുപോകുന്നു. താനെന്നും പരനെന്നുമുള്ള ഭേദഭാവമുള്ളർവർക്കു് തങ്ങളുടെ ഹൃദയത്തിലിരിക്കുന്ന ഭഗവാനെ അറിയാൻ കഴിയുന്നില്ല. എന്തിനു് പറയാൻ?, ബ്രഹ്മാദികൾ പോലും ചിലനേരം അവനെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഇങ്ങനെയുള്ള മായയെ ചമച്ച ആ നാരായണൻ തന്നെ എന്റെ ബുദ്ധിയെ മറ്റുള്ളവരിൽനിന്നും വേർതിരിച്ചുനിർത്തിയിരിക്കുന്നു. ഹേ ബ്രാഹ്മണരേ!, ഇരുമ്പു് കാന്തത്താൽ ആകർഷിക്കപ്പെടുന്നതുപോലെ, എന്റെ ബുദ്ധി അവന്റെ ഇച്ഛയാൽ അവനിലേക്കുതന്നെ അകാരണമായി ആകർഷിക്കപ്പെടുന്നു.

നാരദർ പറഞ്ഞു: രാജൻ!, ശണ്ഡാമർക്കന്മാരോടു് ഇത്രയും പറഞ്ഞുകൊണ്ടു് പ്രഹ്ലാദൻ മൌനം പാലിച്ചു. പക്ഷേ, അവന്റെ വാക്കുകൾ കേട്ടയുടൻ കോപാകുലരായിക്കൊണ്ടു് അവരവനെ ശകാരിക്കുവാൻ തുടങ്ങി. അവരിലൊരാൾ ഇങ്ങനെ പറഞ്ഞു: ആരവിടെ?. പെട്ടെന്നൊരു ചൂരൽവടി കൊണ്ടുവരിക. ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഇവൻ നമുക്കും കുലത്തിനും ചീത്തപ്പേരുണ്ടാക്കും. ദുർബുദ്ധിയായ ഇവനെ സാമത്താൽ നന്നാക്കാൻ കഴിയുകയില്ല. ഇവനുവേണ്ടതു് നാലാം മുറയായ ദണ്ഡോപായമാണു. ദൈത്യവംശമാകുന്ന ചന്ദനവനത്തിലെ ഒരു മുൾമരമാണിവൻ. അതിലെ ചന്ദനമരങ്ങളെയെല്ലാം വെട്ടിമുറിക്കാൻ പ്രാപ്തനായ വിഷ്ണുവെന്ന കോടാലിയുടെ കൈപ്പിടിയായിട്ടാണിവൻ ഇവിടെ വന്നിരിക്കുന്നതു.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ശകരാത്താലും താഡനത്താലും അവർ പ്രഹ്ലാദനെ ധർമ്മാത്ഥകാമങ്ങളുടെ തത്വശാസ്ത്രത്തെ പഠിപ്പിക്കുവാൻ തുടങ്ങി. കുറെ നാളുകളുകൾക്കുശേഷം, പ്രഹ്ലാദൻ അവരാൽ പഠിപ്പിക്കപ്പെട്ട സകലപാഠങ്ങളും ഹൃദിസ്ഥമാക്കിയെന്നു് ശണ്ഡാമർക്കന്മാർ ഉറപ്പിച്ചു. അങ്ങനെയിരിക്കെ, ഒരുദിവസം, പ്രഹ്ലാദനെ അവന്റെ മാതാവു് കുളിപ്പിച്ചണിയിച്ചു. ആ സമയം ശണ്ഡാമർക്കന്മാഅവനെ ഹിരണ്യകശിപുവിന്റെയടുക്കലേക്കു് കൊണ്ടുവന്നു. പ്രഹ്ലാദൻ പിതാവിന്റെ കാലക്കൽ വീണുനമസ്ക്കരിച്ചു. ഹിരണ്യകശിപു മകനെ പിടിച്ചെഴുന്നേൽപ്പിച്ചതിനുശേഷം, തന്റെ നെഞ്ചോടടക്കിപ്പിടിച്ചു. അല്പനേരം ആ നിർവൃതിയിൽ ഇരുവരും അങ്ങനെനിന്നു. അല്ലയോ യുധിഷ്ഠിരരാജാവേ!, അതിനുശേഷം ഹിരണ്യകശിപു മകനെ മടിയിൽ പിടിച്ചിരുത്തി നെറുകയിൽ ഒന്നു് ചുംബിച്ചു. സന്തോഷാശ്രുക്കളാൽ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു. സന്തോഷത്തോടുകൂടി ഹിരണ്യാക്ഷൻ മകനോടു് പറഞ്ഞു: മകനേ! നീ ഇത്രയും കാലംകൊണ്ടു് ഗുരുവിൽനിന്നും അഭ്യസിച്ചതിൽ വച്ചു് ഏറ്റവും നല്ല പാഠം ഏതാണെന്നുവച്ചാൽ അതെന്നെയൊന്നു് ചൊല്ലിക്കേൾപ്പിക്കൂ!.

പ്രഹ്ലാദൻ പറഞ്ഞു: അച്ഛാ!, ഭഗവാൻ വിഷ്ണുവിന്റെ മഹാത്മ്യത്തെ കേൾക്കുകയും കീർത്തിക്കുകയും, അവനെ നിരന്തരം സ്മരിക്കുകയും, ആ പാദങ്ങളെ സേവിക്കുകയും, അവനെ പൂജിക്കുകയും അർച്ചിക്കുകയും, സർവ്വകർമ്മങ്ങളും ആ തിരുവടിയിൽ സമർപ്പിച്ചു് അവന്റെ ദാസനാകുകയും, ആത്മഭാവത്തിൽ അവനോടു് സഖ്യം ചേരുകയും, താനെന്ന മിഥ്യാബോധത്തെ ഉപേക്ഷിച്ചു് സ്വയത്തെ അവനിൽ അർപ്പിക്കുകയും ചെയുക. ഇങ്ങനെ ഒമ്പതു് ഭാവങ്ങളിലുള്ള ഭഗവദ്ഭക്തിയൊന്നുമാത്രമാണു് അതിവിശിഷ്ടമായി ഞാൻ മനസ്സിലാക്കുന്നതു.

പ്രഹ്ലാദന്റെ ഈ വാക്കുകൾ ഹിരണ്യകശിപുവിനെ നന്നായി ചൊടിപ്പിച്ചു. കോപത്താൽ അവന്റെ ചുണ്ടുകൾ വിറച്ചു. ഉടൻതന്നെ അവൻ ഗുരുപുത്രനോടിങ്ങനെ പറഞ്ഞു: ഹേ ബ്രാഹ്മണാധമന്മാരേ!, എന്താണിതു്?. എന്നെ ധിക്കരിച്ചുകൊണ്ടും എന്റെ ശത്രുവിനെ ആശ്രയിച്ചുകൊണ്ടും ദുഃഷ്ടബുദ്ധികളാനിങ്ങൾ ഈ ബാലനെ വേണ്ടാത്തതൊക്കെ പഠിപ്പിച്ചിരിക്കുകയാണോ?. സൌഹൃദം അഭിനയിച്ചുകൊണ്ടും, കപടമായ മിത്രഭാവത്തെ കാട്ടിക്കൊണ്ടും അനേകം വഞ്ചകന്മാർ ഈ ലോകത്തുണ്ടു. എന്നാൽ, പാപികളിൽ വ്യാധികളെന്നതുപോലെ, ഒരുനാൾ അവരിലെ വിദ്വേഷബുദ്ധി വെളിപ്പെടുകതന്നെ ചെയ്യും.

ഇതുകേട്ടു് ഗുരുപുത്രൻ പറഞ്ഞു: ഹേ ഇന്ദ്രശത്രോ!, അങ്ങു് കോപത്തെ അടക്കിയാലും!. ഞങ്ങളിൽ ദയവുണ്ടാകണം!. അങ്ങു് ഞങ്ങളെ പഴിക്കുകയുമരുതു. ഇവനെ ഈ പാഠങ്ങൾ ഞങ്ങളോ മറ്റുള്ളവരാരുമോ പഠിപ്പിച്ചതല്ല. ഇവന്റെയീ ബുദ്ധി നൈസർഗ്ഗികമാണു. അതിവൻതന്നെ സമ്മതിക്കുന്നുമുണ്ടു.

ശ്രീനാരദർ പറഞ്ഞു: ഹേ രാജാവേ!, ഗുരുവിന്റെ വാക്കുകൾ കേട്ട ഹിരണ്യകശിപു കോപത്തോടെ പ്രഹ്ലാദനോടു് ചോദിച്ചു: ഹേ നന്മ നശിച്ചവനേ!, നീയീ പഠിച്ച പാഠം നിന്നെ ഇവർ പഠിപ്പിച്ചതല്ലെങ്കിൽ, പിന്നെയെവിടെനിന്നാണു് നിനക്കീ ബുദ്ധിയുണ്ടായതു?

പ്രഹ്ലാദൻ പറഞ്ഞു: ഇന്ദ്രിയങ്ങളെ നിലയ്ക്കുനിർത്താതെ, സംസാരത്തിൽ ചവച്ചതുതന്നെ വീണ്ടും വീണ്ടും ചവച്ചുരസിക്കുന്നവരായ ഗൃഹമേധികൾക്കാകട്ടെ, ഉള്ളിൽനിന്നോ അഥവാ വെളിയിൽനിന്നോ ഭഗവാനിൽ ബുദ്ധിയുറപ്പിക്കുവാൻ കഴിയുകയില്ല. വിഷയാസക്തരും വിഷയികളാൽ നയിക്കപ്പെടുന്നവരും ഒരിക്കലും സ്വാർത്ഥഗതിയായ ശ്രീഹരിയെ അറിയുന്നവരല്ല. ഭഗവദ്മായായാൽ നിർമ്മിതമായ സകാമകർമ്മങ്ങളാകുന്ന ചെറിയ ചെറിയ ചരടുകളാൽ വിഷയങ്ങളോടു് ബന്ധപ്പെട്ടുകിടക്കുന്നവർ, അന്ധന്മാർ അന്ധന്മാരാൽ വഴികാട്ടപ്പെടുന്നതുപോലെ, പത്തുകളിൽ ചെന്നുചാടുന്നു. വിഷയങ്ങളിൽനിന്നകന്ന മഹത്തുക്കളുടെ പാദരജസ്സുകളാൽ സ്വയം അഭിഷേകം കൊള്ളാത്തിടത്തോളം കാലം ആയുള്ളവരുടെ ബുദ്ധി ഭഗവദ്പാദങ്ങൾക്കഭിമുഖമാകുന്നില്ല. ഒരിക്കൽ അവരുടെ ബുദ്ധി അങ്ങോട്ടേയ്ക്കു് തിരിയുന്നപക്ഷം, സംസാരവിമുക്തി ഫലമായിവരുന്നു.

ശ്രീനാരദർ തുടർന്നു: ഹേ രാജൻ! ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കോപാകുലനായ ഹിരണ്യകശിപു പ്രഹ്ലാദനെ തന്റെ മടിയിൽനിന്നും നിലത്തേയ്ക്കു് തള്ളിയിട്ടു. ആ അസുരന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു. അലറിക്കൊണ്ടു് ഹിരണ്യകശിപു ആജ്ഞാപിച്ചു: രാക്ഷസരേ!, നമ്മുടെ മുമ്പിൽനിന്നും ഇവനെ ദൂരെ കൊണ്ടുപോകൂ!. ഇവൻ വധാർഹനാണു. ഉടൻ‌ത്തന്നെ ഇവന്റെ വധം നടപ്പിലാക്കുക. ഹേ ദൈത്യരേ!, ഇവൻ എന്റെ സഹോദന്റെ ഹന്താവാണു. സ്വജനങ്ങളെ ഉപേക്ഷിച്ചു് തന്റെ ഇളയച്ഛനെ കൊന്ന വിഷ്ണുവിൽ ഒരു ദാസനെപ്പോലെ ഭക്തിയുൾക്കൊണ്ട ഇവൻ അധമനായ ആ വിഷ്ണുതന്നെ. ഇവൻ വിശ്വസിക്കാൻ കൊള്ളാത്തവനാണു. അഞ്ചുവയസ്സുള്ളപ്പോൾത്തന്നെ ഈവിധം മാതാപിതാക്കളുടെ അനിഷ്ടത്തിനു് പാത്രമായ ഇവനെക്കൊണ്ടു് വിഷ്ണുവിനുംതന്നെ എന്തു് പ്രയോജനമുണ്ടാകാൻ?. അന്യനായിരുന്നാലും ഹിതകാരിയാകുന്ന മകൻ എന്നും ഔഷധം പോലെയാണു. എന്നാൽ, സ്വന്തം പുത്രനായാലും ഹിതകാരിയല്ലാത്തപക്ഷം ഒരുവൻ വ്യാധിപോലെയാകുന്നു. യാതൊരു ശരീരഭാഗം ആകെ ശരീരത്തിനു് ദോഷകരമായി ഭവിക്കുന്നുവോ, തിനെ എത്രയും പെട്ടെന്നു് ഛേദിച്ചുകളയുക. അങ്ങനെയാൽ ബാക്കിയുള്ള ശരീരം കേടുപാടില്ലാതെ നിലകൊള്ളും. മിത്രഭാവത്തിൽ അടുത്തുകൂടിയിരിക്കുന്ന ഇവൻ, മുനികൾക്കു് വിഷയലിപ്തമായ ഇന്ദ്രിയമെന്നതുപോലെ, എനിക്കു് ശത്രുവായിരിക്കുന്നു. ഉണ്ണുമ്പോഴോ, ഉറങ്ങുമ്പോഴോ ഏതെങ്കിലും സന്ദഭത്തിൽ ഇവനെ കൊന്നുകളയുക.

നാരദർ തുടർന്നു: രാജാവേ!, ഹിരണ്യകശിപുവിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് ഉഗ്രരൂപികളായ രാക്ഷസന്മാർ, അറുക്കുക!, മുറിക്കുക! എന്നൊക്കൊ പറഞ്ഞാക്രോശിച്ചുകൊണ്ടു് തങ്ങളുടെ ശൂലത്താലും മറ്റും മൌനിയായി ഇരിക്കുന്ന പ്രഹ്ലാദനെ മർമ്മസ്ഥാനങ്ങൾ നോക്കി തുടരെ തുടരെ പ്രഹരിച്ചു. ഇന്ദ്രിയാതീതനും സർവ്വൈശ്വര്യമയനുമായിരിക്കുന്ന ഭഗവാനിൽ മനസ്സുറപ്പിച്ചിരിക്കുകയായിരുന്ന പ്രഹ്ലാദനിൽ, നിർഭാഗ്യവാന്മാരുടെ ഉദ്യമങ്ങളെന്നതുപോലെ, അവരുടെ സകല ശ്രമങ്ങളും വിഫലമായിപ്പോയി. ഹേ ധർമ്മപുത്രരേ!, അവയൊന്നും ഫലിക്കാതെ വന്നപ്പോൾ, ഹിരണ്യകശിപു വാശിയോടെ മറ്റു് പല മാർഗ്ഗങ്ങളും പ്രയോഗിക്കുവാൻ തുടങ്ങി. ആനകളെക്കൊണ്ടും, വിഷപ്പാമ്പുകളെക്കൊണ്ടും, ദുർഭൂതങ്ങളെക്കൊണ്ടും, ഉയരത്തിൽനിന്നും ഉരുട്ടിവീഴ്ത്തിയും, മറ്റു് മായാവിദ്യകൾകൊണ്ടും, കുഴിയിലിട്ടടച്ചും, വിഷം കൊടുത്തും, പട്ടിണിക്കിട്ടും, മഞ്ഞു്, കാറ്റു്, അഗ്നി, ജലം മുതലായവയെക്കൊണ്ടും, പർവ്വതങ്ങളിലേക്കെടുത്തെറിഞ്ഞുകൊണ്ടും പ്രഹ്ലാദനെ വധിക്കുവാനുള്ള വിവിധ ശ്രമങ്ങൾ നടത്തി. എന്നാൽ, ഈവക യാതൊരു പ്രയത്നങ്ങൾ കൊണ്ടും പാപരഹിതനായ പുത്രനെ വധിക്കുവാൻ കഴിയാതെ വന്നപ്പോൾ, ഹിരണ്യകശിപു വീണ്ടും പുതിയ പദ്ധതികളെക്കുറിച്ചു് ചിന്തിച്ചുതുടങ്ങി.

അയാൾ ചിന്തിച്ചു: ഞാൻ ഇത്രയധികം അധിക്ഷേപിച്ചിട്ടും വധശ്രമങ്ങൾ നടത്തിയിട്ടും അവയിൽനിന്നെല്ലാം ഇവൻ തന്റെ തേജസ്സിനാൽ സ്വയം രക്ഷപെട്ടിരിക്കുന്നു. എന്റെ കണ്മുന്നിൽത്തന്നെയുണ്ടെങ്കിലും, കുട്ടിയാണെങ്കിൽകൂടിയും, യാതൊരു ഭയവുമില്ലാതിരിക്കുന്ന ഇവൻ ഈ ഉപദ്രവത്തെ, ശുനശേപൻ അവന്റച്ഛനോടെന്നപോലെ(*), ഒരിക്കലും മറക്കുകയില്ല. അളവറ്റ മഹത്വമുള്ളവനും, ഭയരഹിതനും, മരണമറ്റവനുമായ ഇവനെ ദ്വേഷിച്ചതു് കാരണമായി എനിക്കു് മരണം സംഭവിക്കുമെന്നുള്ളതിൽ സംശയമില്ല.

നാരദർ പറഞ്ഞു: രാജാവേ!, ഇങ്ങനെ ചിന്താധീനനയായി ഏകാന്തതയിൽ കഴിയുന്ന ഹിരണ്യകശിപുവിനെ ശണ്ഡാമർക്കന്മാർ ഈവിധം പറഞ്ഞുധരിപ്പിച്ചു: പ്രഭോ!, വെറും പുരികക്കൊടിയുടെ ചലനമാത്രത്താൽ മൂലോകങ്ങളേയും അവയുടെ പാലകന്മാരേയും ജയിച്ച അങ്ങേയ്ക്കു് ചിന്താധീനനാകുവാനുള്ള യാതൊരു കാരണങ്ങളും ഞങ്ങൾ കാണുന്നില്ല. പ്രഹ്ലാദനെയോർത്തു് അങ്ങു് വിഷമിക്കാതിരിക്കുക!. കുട്ടികളുടെ ചാപല്യങ്ങൾ ഒരിക്കലും വളർന്നാൽ അവരുടെ ഗുണദോഷങ്ങൾക്കു് കാരണമാകുകയില്ല. എന്നിരിക്കിലും, ശുക്രാചാര്യർ വരുന്നതുവരെ ഇവനെ വരുണപാശത്താൽ ബന്ധിച്ചു് എങ്ങും ഓടിപ്പോകാതെ ഞങ്ങൾ നോക്കിക്കൊള്ളാം. പ്രായമേറുന്നതിലൂടെയും വിശിഷ്ടരായ ഗുരുക്കന്മാരുടെ ഉപദേശംകൊണ്ടും ഒരുവന്റെ ബുദ്ധി ശരിയായവിധം ഉറയ്ക്കുന്നതാണു.

ശണ്ഡാമർക്കന്മാരുടെ വാകുകളിൽ ഏതാണ്ടു് ആശ്വാസം തോന്നിയ ഹിരണ്യകശിപു എന്നാൽ അങ്ങനെയാകട്ടെ!, എന്നു് സമ്മതിച്ചതിനുശേഷം, അവരോടു വീണ്ടും പറഞ്ഞു: ഗൃഹസ്ഥരാജാക്കന്മാരറിയേണ്ടതായ പാഠങ്ങൾ മാത്രമേ ഇവൻ പഠിക്കാൻ പാടുള്ളൂ.

നാരദർ തുടർന്നു: രാജാവേ!, ശണ്ഡാമർക്കന്മാർ അവനെ അവിടെനിന്നും ഗുരുകുലത്തിലേക്കു് കൂട്ടിക്കൊണ്ടുപോയതിനുശേഷം, അവിടെ വച്ചു് ധർമ്മാർത്ഥകാമങ്ങളെക്കുറിച്ചു് വിധിയാംവണ്ണം പ്രഹ്ലാദനു് ചൊല്ലിക്കൊടുത്തു. എന്നാൽ രാഗദ്വേഷാദികൾക്കടിപ്പെട്ട തന്റെ ഗുരുക്കന്മാർ ചൊല്ലിക്കൊടുത്ത ആ പുരുഷാർത്ഥങ്ങളെ അവൻ ഒരിക്കലും സ്വീകരിച്ചില്ല. ഒരുദിവസം, ആചാര്യന്മാർ ഗൃഹസംബന്ധമായ ചില കാര്യങ്ങൾക്കായി വെളിയിൽ പോയ സമയം, സമപ്രായക്കാരായ മറ്റു് കുട്ടികൾ അവനെ അവരുടെയടുക്കലേക്കു് വിളിച്ചു. അവരുടെ ക്ഷണം സ്വീകരിച്ച ജ്ഞാനിയായ പ്രഹ്ലാദൻ അവരെ വിളിച്ചു് മധുരസ്വരത്തിൽ പുഞ്ചിരിച്ചുകൊണ്ടു് സംസാരിക്കുവാൻ തുടങ്ങി. അവർ തങ്ങളുടെ കളികളുപേക്ഷിച്ചു് അവന്റെയടുക്കൽ വന്നിരുന്നു. രാ‍ഗദ്വേഷങ്ങൾക്കടിപ്പട്ടവരുടെ ശിക്ഷണത്തിനു് വിധേയരായിരുന്നുവെങ്കിലും അവരുടെ ബുദ്ധി അപ്പോഴും ദുഷിച്ചിരുന്നില്ല. ഹേ മഹാരാജൻ!, പ്രഹ്ലാദനിൽ കണ്ണും കരളുമർപ്പിച്ചു് അവർ അവനുചുറ്റും കൂടിയിരുന്നു. കരുണാമയനും മിത്രവും പരമഭാഗവതനുമായ പ്രഹ്ലാദൻ അവരോടിങ്ങനെ സംസാരിക്കുവാ‍നാരംഭിച്ചു.


(*) ശുനപേശനെന്ന മകനെ സ്വന്തം പിതാവു് നരമേധം നടത്തുവാനായി ഹരിശ്ചന്ദ്രനു് വിറ്റിരുന്നു. എന്നാൽ വിശ്വാമിത്രനാൽ രക്ഷിക്കപ്പെട്ട ശുനപേശൻ പിതാവിനോടുള്ള വിദ്വേഷം മനസ്സിൽ കരുതി ശത്രുപക്ഷത്തിൽ ചേരുകയുണ്ടായി.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next




Hiranyakashipu tries to kill Prhlada

2019, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

7.4 ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും, പ്രഹ്ളാദമഹിമയും.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 4
(ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും, പ്രഹ്ലാദമഹിമയും.)

നാരദർ പറഞ്ഞു: ഹേ രാജാവേ! ഹിണ്യകശിപുവിന്റെ തപസ്സിലും സ്തുതിയിലും പ്രീതനായ ബ്രഹ്മദേവൻ അവനാവശ്യപ്പെട്ട സകലവരങ്ങളും ക്ഷണത്തിൽത്തന്നെ പ്രദാനം ചെയ്തുകൊണ്ടു് അവനോടു് പറഞ്ഞു: മകനേ!, വരിക്കുവാൻ അത്യന്തം സുദുർലഭമായതാണെങ്കിൽകൂടി നീ ചോദിച്ചതായ വരങ്ങളെല്ലാം ഞാനിതാ നിനക്കായി തരുകയാണു.

നാരദർ തുടർന്നു: രാജൻ!, അതിനുശേഷം, ഹിരണ്യാക്ഷനാൽ ആരാധിതനായും, മരീചി മുതലായ പ്രജാപതിമാരാൽ സ്തുത്യനായിക്കൊണ്ടും വിരിഞ്ചൻ അവിടെനിന്നും മറഞ്ഞരുളി. ബ്രഹ്മദേവന്റെ അനുഗ്രഹത്താൽ കരുത്തും വരവുമാർജ്ജിച്ച ഹിരണ്യകശിപു തന്റെ സഹോദരന്റെ മരണത്തെയോർത്തുകൊണ്ടു് പ്രതികാരദാഹിയായി വിഷ്ണുവിൽ വിരോധം പ്രകടമാക്കുവാൻ തുടങ്ങി. അവൻ സകല ദിക്കുകളും മൂന്നു് ലോകങ്ങളേയും ജയിച്ചുവന്നു. ദേവന്മാർ, മനുഷ്യന്മാർ, ഗന്ധർവ്വന്മാർ, ഗരുഡന്മാർ, നാഗദേവതകൾ, സിദ്ധന്മാർ, ചാരണന്മാർ, വിദ്യാധരന്മാർ, ഋഷികൾ, പിതൃക്കൾ, മനുക്കൾ, യക്ഷന്മാർ, രക്ഷസ്സുകൾ, പിശാചുക്കൾ, ഭൂതങ്ങൾ, പ്രേതങ്ങൾ, എന്നുവേണ്ടാ സകല ജീവഭൂതങ്ങളുടേയും തലവന്മാരെ അവൻ നിഷ്‌പ്രയാസം കീഴടക്കി, തന്റെ സ്വാധീനത്തിലാക്കുകയും, വിശ്വത്തെ മുഴുവൻ ജയിച്ചു് സകലലോകപാലകന്മാരേയും അവരുടെ തേജസ്സിനൊപ്പം അപഹരിക്കുകയും ചെയ്തു. ഉടൻതന്നെ അവൻ സ്വഗ്ഗലോകത്തെ പിടച്ചടക്കി. വിശ്വകർമ്മാവിനാൽ നിർമ്മിതമായ സകലൈശ്വര്യങ്ങളും സർവ്വസമ്പദ്സമൃദ്ധിയുമുള്ള ദേവേന്ദ്രന്റെ ഭവനത്തിൽ താമസമാരംഭിച്ചു.

സ്വർഗ്ഗത്തിലെ സോപാനങ്ങൾ പവിഴക്കല്ലുകൾകൊണ്ടു് നിർമ്മിച്ചതായിരുന്നു. അകത്തളങ്ങളിൽ മരതകക്കല്ല്ലുകൾ പതിച്ചിരിക്കുന്നു. ഭിത്തികളാകട്ടെ, സ്ഫടികങ്ങളാൽ നിർമ്മിതമാണു. വൈഢൂര്യനിർമ്മിതങ്ങളായ തൂണുകൾ നിരനിരയായി നിൽക്കുന്നു. ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട മേൽകൊട്ടികൾ, പദ്മരഗമണിമയങ്ങളായ ഇരിപ്പിടങ്ങൾ, പാൽനുരപോലുള്ള പട്ടുമെത്തകൾ, മുത്തുമാലകൾ കൊണ്ടുള്ള തൊങ്ങൽ വിതാനങ്ങൾ, എന്നിവയെല്ലാം ഇന്ദ്രമന്ദിരത്തിന്റെ പ്രത്യേകതകളായിരുന്നു. അതിനിടയിൽകൂടി ചിലങ്കകളുടെ കൊഞ്ചലോടെ നടന്നുപോകുന്ന ദേവസ്ത്രീകൾ തങ്ങളുടെ മുഖങ്ങൾ അങ്ങിങ്ങായി പതിപ്പിച്ചിട്ടുള്ള കണ്ണാടിയിൽ കണ്ടാനന്ദിച്ചിരുന്നു. അങ്ങനെയുള്ള ഇന്ദ്രന്റെ രാജധാനിയിൽ ഹിരണ്യാക്ഷൻ ഏകാധിപതിയായി വാഴുവാൻ തുടങ്ങി. അവൻ തന്റെ പ്രതാപം ദേവന്മാരിൽ അടിച്ചേൽപ്പിച്ചു. അവന്റെ ആജ്ഞയാൽ ദേവന്മാർ ആ പാദങ്ങളിൽ നമസ്ക്കാരമർപ്പിക്കേണ്ടതായിവന്നു.

രാജാവേ!, തപോബലം, യോഗബലം, ദേഹബലം, ഇന്ദ്രിയബലം മുതലായവയാൽ ഹിരണ്യകശിപു അവർക്കെല്ലാം സ്വാമിയായി സുഖിച്ചു. ത്രിമൂർത്തികളൊഴികെ മറ്റു് സകല ലോകപാലകന്മാരും അവനെ ഉപഹാരങ്ങളുമായി വന്നു സേവിച്ചു. ഹേ പാണ്ഡുപുത്രാ!, എന്നോടൊപ്പം, വിശ്വാവസുവും തുംബുരുവും ഗന്ധർവ്വന്മാരും സിദ്ധന്മാരും മുനികളും വിദ്യാധരന്മാരും അപ്സരസ്സുകളും അവനു്സ്തുതിപാടിയിരുന്നു. വർണ്ണാശ്രമധർമ്മകർത്താക്കളാൽ യജ്ഞങ്ങൾകൊണ്ടു് യജിക്കപ്പെട്ടു് സ്വതേജസ്സിനാൽ അവയുടെ ഹവിർഭാഗം അവൻ സ്വീകരിച്ചിരുന്നു. ഭൂമിയാകട്ടെ, കാമധേനുവിനെപ്പോലെ കൃഷികൂടാതെതന്നെ അവനു് വിഭവങ്ങൾ നൽകി. ആകാശം വിവിധതരം അത്ഭുതവസ്തുക്കളെക്കൊണ്ടു് അലംകൃതമാകപ്പെട്ടു. സപ്തസാഗരങ്ങളും നദികളും തിരയടിച്ചുകൊണ്ടു് വിവിധയിനം രത്നങ്ങളെ അവനു് പ്രദാനം ചെയ്തു. മലകളുടെ താഴ്വരകൾ അവന്റെ ക്രീഡാസങ്കേതങ്ങളായി. വൃക്ഷങ്ങൾ സർവ്വകാലങ്ങളിലും ഫലപുഷ്പാദികൾ പ്രദാനം ചെയ്തു. സകല ലോകപാലകന്മാരുടേയും ധർമ്മങ്ങളെ ഹിരണ്യകശിപു തനിയേ നിർവ്വഹിച്ചു. സകലദിക്കുകളേയും ജയിച്ചു് സർവ്വസുഖഭോഗങ്ങളേയും സ്വയം അനുഭവിച്ചു. എന്നാൽ, ഇന്ദ്രിയങ്ങളെ മാത്രം ജയിക്കാത്തവനാകയാൽ യാതൊരു ഭോഗങ്ങളിലും അവനു് സംതൃപ്തിയുണ്ടായില്ല. സനകാദികളുടെ ശാപത്താൽ അസുരനായി മാറിയ ഹിരണ്യകശിപു ഐശ്വര്യത്താൽ മതികെട്ടവനും അഹങ്കാരിയും മര്യാദകളെ ലംഘിക്കുന്നവനുമായി കാലമൊരുപാടു് കടന്നുപോയി. രാജാവേ!, ഹിരണ്യകശിപുവിന്റെ അതിക്രൂരമായ ശാസനമുറകളാൽ ദുഃഖിതരായ ലോകവാസികൾ മറുഗതിയില്ലാതെ തങ്ങളുടെ തലവന്മാരോടൊപ്പം മഹാവിഷ്ണുവിൽ അഭയം പ്രാപിച്ചു. യാതൊരിടത്തിൽ ഒരിക്കൽ എത്തപ്പെട്ടാൽ പിന്നീടു് തിരിച്ചുവരവില്ലയോ, യാതൊരിടത്തിൽ ഭഗവാൻ ശ്രീഹരി വസിക്കുന്നുവോ, ആ ധാമത്തിനായ്ക്കൊണ്ടു് അവർ നമസ്ക്കാരമർപ്പിച്ചു.

ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു്, സമാഹിതമായ ബുദ്ധിയോടുകൂടി, നിർമ്മലഹൃദയത്തോടുകൂടി, വായുമാത്രം ഭക്ഷിച്ചുകൊണ്ടും ഉറക്കമില്ലാതെയും അവർ നാരായണനെ കീർത്തിക്കുവാൻ തുടങ്ങി. ആ സമയം, ഹേ രാജൻ!, ഇടിമുഴക്കത്തിന്റെ ഒച്ചയോടുകൂടി ദിക്കുകളെ മറ്റൊലി കൊള്ളിച്ചുകൊണ്ടു്, ആ സാധുജനങ്ങളുടെ ഭത്തെ ഹനിച്ചുകൊണ്ടു്, പെട്ടെന്നവിടെ ഒരശരീരി മുഴങ്ങി. ഹേ ദേവോത്തമന്മാരേ!, നിങ്ങൾ ഭയപ്പെടാതിരിക്കുക!. എന്നെ സാക്ഷാത്കരിക്കുവാനായി യന്തിക്കുന്ന നിങ്ങൾക്കു് സർവ്വമംഗളങ്ങളും ഭവിക്കുന്നതാണു. ദുഷ്ടനായ ഈ അസുരാധമന്റെ ചെയ്തികൾ ഞാനറിയുന്നുണ്ടു. കുറച്ചുകാലം കൂടി കാത്തിരിക്കുക!. വേണ്ടതു് ഉടൻ‌തന്നെ ചെയ്തുകൊള്ളാം. ദേവന്മാരെയും വേദങ്ങളേയും ഗോക്കളേയും ബ്രാഹ്മണരേയും ധർമ്മത്തേയും എന്നേയും ദ്വേഷിക്കുന്നവൻ ആരായിരുന്നാലും അവനു് സർവ്വനാശം സംഭവിക്കുകതന്നെ ചെയ്യും. ഏതുസമയത്താണോ അവൻ സ്വന്തം പുത്രനായ പ്രഹ്ലാദനെ ദ്രോഹിക്കുവാൻ തുടങ്ങുന്നതു, ആ സമയം, ഏതുവരം ലഭിച്ചവനാണെങ്കിൽകൂടി ഞാൻ അവനെ വധിച്ചിരിക്കും.

നാരദർ പറഞ്ഞു: ഭഗവാന്റെ അശരീരിവാക്യം കേട്ടു് ദുഃഖമകന്ന ദേവന്മാർ തന്തിരുവടിയെ നമസ്ക്കരിച്ചുകൊണ്ടും, ഹിരണ്യകശിപുവിന്റെ മരണം ഉറപ്പിച്ചുകൊണ്ടും അവിടെനിന്നും മടങ്ങിപ്പോയി. ഹേ രാജൻ!, അസുരാധിപനായ ഹിരണ്യകശിപുവിനു് ലക്ഷണയുക്തരായ നാലു് പുത്രന്മാരുണ്ടായിരുന്നു. അതിൽ പ്രഹ്ലാദനെന്നു് പുകഴ്കൊണ്ടവൻ സത്ഗുണസമ്പന്നനും മഹത്തുക്കളെ ആദരിക്കുന്നവനുമായിരുന്നു. മാത്രമല്ല, അവൻ ബ്രാഹ്മണഭക്തനും സത്ഗുണശീലസമ്പന്നനും സത്യസന്ധനും ജിതേന്ദ്രിയനും അതുപോലെ സർവ്വപ്രാണികൾക്കും സ്വന്തം ആത്മാവിനെപോലെ പ്രിയങ്കരനും അവരുടെ സുഹൃത്തുമായിരുന്നു. പ്രഹ്ലാദൻ എപ്പോഴും സത്തുക്കളെ ആദരിക്കുന്നവനായിരുന്നു. മാതാപിതാക്കൾക്കു് മക്കളോടെന്നതുപോലെ, അവനു് സഹജീവികളോടും അങ്ങേയറ്റം വാത്സല്യമുണ്ടായിരുന്നു. ഗുരുജനങ്ങളെ അവൻ ഈശ്വരനെപ്പോലെ കണ്ടു് ബഹുമാനിച്ചിരുന്നു. ജന്മകൊണ്ടും വിദ്യകൊണ്ടും രൂപം കൊണ്ടും സമ്പന്നനായിരുന്ന പ്രഹ്ലാദൻ അഭിമാനാഹങ്കാരങ്ങൾ കൈവെടിഞ്ഞവനായിരുന്നു. കണ്ടതും കേട്ടതുമായ സകലവിഷയങ്ങളും അസത്യമാണെന്നറിഞ്ഞിരുന്ന പ്രഹ്ലാദൻ ഒരിക്കലും അവയിൽ ആസക്തനായിരുന്നില്ല. ദേഹേന്ദ്രിയാദികളെ നിയന്ത്രിച്ചു്, ആഗ്രഹങ്ങൾക്കു് കടിഞ്ഞാണിട്ട അവൻ അസുരവംശത്തിൽ ജനിച്ചുവെങ്കിലും ആസുരഗുണം തീണ്ടിയിട്ടുള്ളവനായിരുന്നില്ല. അവന്റെ ഗുണഗണങ്ങളെ ഇന്നും പണ്ഡിതന്മാർ കീർത്തിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വൈശ്വര്യനിധിയായ ഭഗവാനിൽ സർവ്വഗുണങ്ങളും നിറഞ്ഞിരിക്കുന്നതുപോലെ പ്രഹ്ലാദനിലും അവ എക്കാലുവും നിറഞ്ഞിരിക്കുന്നു. ആകായാൽ അവന്റെ മഹിമകളെ ഇപ്പോഴും പണ്ഡിതന്മാർ കീർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഭഗവദ്ഭക്തന്മാരെക്കുറിച്ചു് സംസാരിക്കുന്ന ഏതൊരു സഭയിലും, ശത്രുവാണെങ്കിൽകൂടി, ദേവന്മാർ പോലും അസുരവംശജനായ പ്രഹ്ലാദനെ ഉത്തമഭക്തനായി ഉദാഹരിച്ചുകൊണ്ടു് അവന്റെ മഹിമകളെ വാനോളം പുകഴ്ത്താറുണ്ടു. പിന്നെ അങ്ങയെപ്പോലുള്ളവരെക്കുറിച്ചെന്തു് പറയാൻ?. എണ്ണമറ്റതായ അവന്റെ മഹിമകൾ അവർണ്ണനീമത്രേ!. ഇനി ഞാൻ, ഭഗവാനിലുള്ള നൈസർഗ്ഗികമായ അവന്റെ പ്രേമത്തെക്കുറിച്ചു് പറയാം.

കൊച്ചുകുട്ടിയായിരുന്നപ്പോൾ പോലും അവനു് കളിയിലോ കളിപ്പാട്ടങ്ങളിലോ ഒട്ടുംതന്നെ അഭിരുചിയുണ്ടായിരുന്നില്ല. ഭഗവാനിൽ മനസ്സുറപ്പിച്ചുകൊണ്ടു് അവൻ സകലതും ത്യജിച്ചു് നിസ്സംഗനായും ജഡവത്തായും ജീവിച്ചു. ഭഗവദ്നിമഗ്നനായ പ്രഹ്ലാദൻ വിഷയാസക്തമായ ഈ ലോകത്തെക്കുറിച്ചു് യാതൊന്നുംതന്നെ അറിഞ്ഞിരുന്നില്ല. അവന്റെ ഹൃദയം സദാ ഭഗവാനിൽ ലീനമായി. ഗോവിന്ദനാൽ പരിരംഭിതനായ പ്രഹ്ലാദൻ തന്റെ ദൈനംദിനകർമ്മങ്ങൾ എപ്രകാരം എപ്പോൾ നടക്കുന്നുവെന്നുപോലുമറിയുന്നുണ്ടായിരുന്നില്ല. ആ ആനന്ദനിർവൃതിയിൽ അവൻ ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, മറ്റുചിലനേരങ്ങളിൽ ആനന്ദമത്തനായി ഉറക്കെ പാടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ അവൻ ഉച്ചത്തിൽ കൂവുകയും, ചിലപ്പോൾ ലജ്ജയില്ലാതെ നൃത്തം കുതിക്കുകയും, ചിലപ്പോൾ, ആശ്ചര്യമെന്നോണം, തന്മയീഭാവത്തോടെ ഭഗവദ്ലീലകൾ അനുകരിക്കുകയും ചെയ്തു. ചിലപ്പോളവൻ ഭഗവാനെ തൊട്ടുരുമ്മുന്ന ഭാവനയാൽ നിർവൃതികൊള്ളുമായിരുന്നു. ചിലപ്പോൾ പുളകമണിയുകയും, ചിലപ്പോൾ പ്രേമാനന്ദത്താലുതിരുന്ന അശ്രുകണങ്ങളോടുകൂടി പാതിയടഞ്ഞ കണ്ണുകളാൽ ഒരിടത്തു് മിണ്ടാതിരിക്കുകയും ചെയ്യുമായിരുന്നു. സത്തുക്കളുമായുള്ള സംഗംകൊണ്ടു് പ്രഹ്ലാദന്റെ ഹൃദയം ഭഗവദ്പാദാരവിന്ദങ്ങളിലുറച്ചിരുന്നു. അതിൽനിന്നും നിത്യനിരന്തരമായി താനനുഭവിച്ചുകൊണ്ടിരിക്കുന്ന ആ പരമാനന്ദരസത്താൽ അവൻ അജ്ഞാനികളെക്കൂടി ശുദ്ധമാക്കിക്കൊണ്ടിരുന്നു. അല്ലയോ രാജാവേ!, ങ്കിലും, നാരായണഭക്തനായ പ്രഹ്ലാദനിൽ സ്വാഭാവികമായും ഹിരണ്യകശിപുവിനു് വിദ്വേഷം ജനിച്ചു.

ധർമ്മപുത്രർ പറഞ്ഞു: ഹേ ദേവർഷേ!, ശുദ്ധനും സാധുവുമായ സ്വന്തം പുത്രന്റെ നേർക്കു് ഹിരണ്യകശിപുവിനു് വിദ്വേഷമുണ്ടായി എന്ന ആശ്ചര്യകരമായ വസ്തുതയെ അങ്ങയിൽനിന്നറിയുവാനായി ഞാൻ ആഗ്രഹിക്കുകയാണു. അല്ലയോ ഋഷേ!, അനുസരണയില്ലാത്ത പുത്രന്മാരെ ശിക്ഷിച്ചുകൊണ്ടു് അവരുടെ പിതാക്കന്മാർ അവരെ അധിക്ഷേപിക്കുന്നതു് സ്വാഭാവികമാണെങ്കിലും, അവർക്കുനേരേ ശത്രുവെപ്പോലെ ദ്രോഹം ചെയ്യാആർക്കുംതന്നെ മനസ്സുവരികയില്ല. ആ സ്ഥിതിയ്ക്കു്, അനുസരണയുള്ളവനും, സാധുവും, പിതാവിനെ ദൈവമായിക്കണ്ടാരാധിക്കുന്നവനുമായ പ്രഹ്ലാദനെക്കുറിച്ചെന്തു് പറയാൻ?. മകനോടു് തോന്നിയ പിതാവിന്റെ ഈ വിരോധംതന്നെ ആ പിതാവിന്റെ മരണത്തിനു് കാരണമായി. ഈ കൌതുകത്തെ ദയവായി അങ്ങു് നീക്കിത്തന്നാലും!.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next






Hiranyakashipu attacks demigods and the qualities of Prahlada

2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

7.3 ഹിരണ്യകശിപുവിന്റെ തപസ്സു്.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 3
(ഹിരണ്യകശിപുവിന്റെ തപസ്സു്.)


ശ്രീനാരദർ പറഞ്ഞു: അല്ലയോ യുധിഷ്ഠിരരാജാവേ!, തന്റെ ദൌത്യം പൂർത്തിയാക്കുന്നതിനുവേണ്ടി ഹിരണ്യകശിപു സ്വയം ആരാലും ജയിക്കപ്പെടാത്തവനാകുവാനും, ജരാമണങ്ങളില്ലാത്തവനാകുവാനും, തനിക്കെതിരാളിയായി മറ്റൊരുത്തരില്ലാതാകുവാനും, എവിടെയും തന്റെ ഏകാധിപത്യം വരുന്നതിനുമായി ആഗ്രഹിച്ചു. തുടർന്നു്, മന്ദരഗിരിയുടെ താഴ്വരയിലെത്തി, അവിടെ, പാദങ്ങളുടെ പെരുവിരൽമാത്രം നിലത്തുറപ്പിച്ചും, കൈകളുയർത്തിപ്പിടിച്ചും, ആകാശത്തേക്കുനോക്കിയും അതിഘോരമായ തപസ്സനുഷ്ഠിക്കുവാൻ തുടങ്ങി. അവന്റെ ജടയിൽനിന്നുതിർന്ന തേജസ്സ്, കല്പാന്തത്തിലെ സൂര്യനെപ്പോലെ, ജ്വലിച്ചു. ആ വിവരമറിഞ്ഞ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു് തിരിച്ചുചെന്നു. അവന്റെ മൂർദ്ധാവിൽനിന്നുമുണ്ടായ അഗ്നി എമ്പാടും പ്രസരിച്ചുകൊണ്ടു് സകലലോകങ്ങളേയും തപിപ്പിച്ചു. നദികളും സമുദ്രങ്ങളും ക്ഷോഭിക്കുവാൻ തുടങ്ങി. ഭൂമി വിറച്ചു. നക്ഷത്രങ്ങൾ ആകാശത്തുനിന്നും കൊഴിഞ്ഞുവീഴാൻ തുടങ്ങി. ദിക്കുകൾ ജ്വലിച്ചു.

തപ്തരായ ദേവതകൾ സത്യലോകത്തിലെത്തി ബ്രഹ്മാവിനെ കണ്ടു് തങ്ങളുടെ സങ്കടമുണർത്തിച്ചു: ഹേ ദേവദേവാ!, ഹിരണ്യകശിപുവിന്റെ അതിഘോരമായ തപസ്സിനാൽ ഞങ്ങൾക്കു് ദേവലോകത്തിൽ കഴിയാൻ സാധിക്കുന്നില്ല. അവിടുത്തെ സൃഷ്ടി പൂർണ്ണമായും നശിച്ചൊടുങ്ങുന്നതിനുമുമ്പു് ഉചിതമായതു് ചെയ്തരുളിയാലും!. ദുഷ്ടനായ ഹിരണ്യകശിപുവിന്റെ തപസ്സിന്റെ ഉദ്ദേശമെന്തെന്നു്, സർവ്വജ്ഞനായ അങ്ങറിയുന്നുവെങ്കിലും, ഞങ്ങൾക്കറിയാവുന്നതുപോലെ അങ്ങയെ ധരിപ്പിക്കാം.

ദേവന്മാർ പറഞ്ഞു: [തപോനിഷ്ഠകൊണ്ടും യോഗനിഷ്ഠകൊണ്ടും ബ്രഹ്മാവു് സ്ഥാവരജംഗമങ്ങളാദിയായ ഈ ലോകത്തെ സൃഷ്ടിച്ചുകൊണ്ടു് തന്റെ ആസ്ഥാനമായ സത്യലോകത്തിൽ വസിക്കുന്നു. വർദ്ധിച്ചുവരുന്ന എന്റെ തപോനിഷ്ഠകൊണ്ടും യോഗനിഷ്ഠകൊണ്ടും ആ പദം എനിക്കലങ്കരിക്കണം. എന്റെ തപോബലത്താൽ ഞാൻ പ്രപഞ്ചത്തിൽ ഇന്നുള്ള സകല വ്യവസ്ഥികളും മാറ്റിമറിക്കും. പ്രളയകാലത്തിൽ ധ്രുവലോകം പോലും ഇല്ലാതാകുന്നു. അങ്ങനെയെങ്കിൽ അവയ്ക്കൊക്കെ എന്താണു പ്രസക്തി?.] ഹേ നാഥാ!, ഇതൊക്കെയാണു് അവന്റെ പിടിവാശികൾ. എത്രയും പെട്ടെന്നു് വേണ്ടതു് ചെയ്തരുളുവാൻ കനിവുണ്ടാകണം. ഹേ ലോകേശാ!, അങ്ങയുടെ പരമോന്നതമായ ഈ സ്ഥാനം ഭൂമിയിൽ ബ്രാഹ്മണരുടേയും പശുക്കളുടേയും ക്ഷേമത്തിനായി ഉതകുന്നതാണു.

നാരദർ തുടർന്നു: രാജാവേ!, ദേവന്മാരുടെ ഇങ്ങനെയുള്ള വേവലാതികൾ കേട്ട ബ്രഹ്മദേവനാകട്ടെ, ഭൃഗു, ദക്ഷൻ തുടങ്ങിയ പ്രജാപതിമാരോടൊപ്പം ഹിരണ്യാക്ഷൻ തപസ്സനുഷ്ഠിക്കുന്നിടത്തേക്കു് യാത്രയായി. ആ സമയം, ഹിരണ്യാക്ഷന്റെ ശരീരം വാത്മീകം, പുല്ലു് മുതലായവയാൽ മറയ്ക്കപ്പെട്ടിരുന്നു. അവന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങൾ ഉറുമ്പരിച്ചുകഴിഞ്ഞിരുന്നു. കാറ്റിനാൽ മറയപ്പെട്ട സൂര്യനെപ്പോലെ, ലോകങ്ങളെല്ലാം ചുട്ടുകരിച്ചുകൊണ്ടിരിക്കുന്ന ഹിരണ്യാക്ഷനെ ഒറ്റനോട്ടത്തിൽ ബ്രഹ്മദേവനു് കാണാൻ കഴിഞ്ഞില്ല. പിന്നീടു് സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ട ആ രൂപം വിരിഞ്ചനെ അത്ഭുതപ്പെടുത്തി. തുടർന്നു്, പുഞ്ചിരിയോടുകൂടി വിധാതാവു് ഇങ്ങനെ പറഞ്ഞു: ഹേ കശ്യപപുത്രാ!, എഴുന്നേൽക്കുക!. നാം നിന്റെ തപസ്സിൽ സമ്പ്രീതനായിരിക്കുന്നു. വേണ്ടുന്ന വരത്തെ വരിച്ചുകൊണ്ടാലും!. ആശ്ചര്യകരമായ നിന്റെ ഈ ധൈര്യത്തെ നാം അനുമോദിക്കുന്നു. കാട്ടീച്ചകൾ തിന്നുതീർക്കപ്പെട്ട നിന്റെ ഉടലിലെ അസ്ഥികളിൽ മാത്രമായി തൂങ്ങിക്കിടക്കുന്ന ജീവനെ എനിക്കു് കാണാൻ കഴിയുന്നുണ്ടു. ജലപാനം പോലുമില്ലാതെ ജീവനെ നിലനിർത്തിക്കൊണ്ടു് ഇങ്ങനെയൊരു തപം മുൻപൊരിക്കലും ആരുംതന്നെ അനുഷ്ഠിച്ചിട്ടില്ല. ഇനിയൊട്ടനുഷ്ഠിക്കുവാനും തരമില്ല. ഹേ ദിതിപുത്രാ!, ധീരന്മാരിൽ പോലും കാണാൻ കഴിയാത്ത നിന്റെ ഈ നിശ്ചയദാർഢ്യത്താൽ നീ നമ്മെ ജയിച്ചിരിക്കുന്നു. അസുരശ്രേഷ്ഠാ!, ആയതിനാൽ നിന്റെ സർവ്വാഭീഷ്ടങ്ങളും നാം നിറവേറ്റുന്നതാണു. മരണമുള്ള നിനക്കു് ലഭിച്ചിരിക്കുന്ന അനശ്വരമായ എന്റെ ഈ ദർശനം ഒരിക്കലും വിഫലമാകുകയില്ല.

ശ്രീനാരദർ പറഞ്ഞു: രാജാവേ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ബ്രഹ്മദേവൻ തന്റെ ദിവ്യമായ കമണ്ഡലുവിലെ തീർത്ഥജലത്താൽ ഹിരണ്യാക്ഷനെ പ്രോക്ഷണം ചെയ്തു. പെട്ടെന്നു്, വാത്മീകത്തിൽനിന്നും സകല ശക്തികളോടും കൂടി, സർവ്വാവയവസമ്പന്നനായി, യൌവ്വനയുക്തനായി, ഉരുക്കിയ സ്വർണ്ണത്തിന്റെ നിറത്തോടുകൂടി, അഗ്നി അരണിയിൽനിന്നു് എന്നതുപോലെ, അവിടെനിന്നും എഴുന്നേറ്റു. ആകാശത്തിൽ അരയന്നത്തിനുമുകളിൽ ഇരുന്നരുളുന്ന ബ്രഹ്മദേവനെ കണ്ടതിലുണ്ടായ പരമാനന്ദത്താൽ ഭൂമിയിൽ വീണു് നമസ്ക്കരിച്ചു. പിന്നീടു്, എഴുന്നേറ്റു് കണ്ണുതുറന്നു് ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താലുളവായ കണ്ണീരും രോമാഞ്ചവുമണിഞ്ഞു്, ഇടറിയ ശബ്ദത്തിൽ ഇങ്ങനെ സ്തുതിച്ചു

ഹിരണ്യകശിപു പറഞ്ഞു: പ്രളയസമയം, തമോഗുണത്തിന്റെ കൂരിരുളിൽ മുങ്ങിക്കിടന്നിരുന്ന ഈ പ്രപഞ്ചത്തെ സ്വതേജസ്സാൽ വ്യക്തീഭവിപ്പിക്കുകയും, പിന്നീടതിനെ ത്രിഗുണങ്ങളാൽ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നവനും, ത്രിഗുണങ്ങൾക്കെല്ലാം ആശ്രയവുമായിരിക്കുന്നവനുമായ നിന്തിരുവടിയ്ക്കായിക്കൊണ്ടു് നമസ്ക്കാരം!. ആദികാരണനായും, ജ്ഞാവിജ്ഞാനമൂർത്തിയായും, പ്രണേന്ദ്രിയമനോബുദ്ധികളുടെ വികാരത്താൽ വ്യക്തിത്വം പ്രാപിച്ചിരിക്കുന്നവനുമായ അവിടുത്തേയ്ക്കു് നമസ്ക്കാരം!. സകല ഭൂതങ്ങളുടേയും ജീവനായ അങ്ങു് സർവ്വചരാചരങ്ങളുടേയും നിയന്താവാണു. അങ്ങു് മനസ്സിനേയും ഇന്ദ്രിയങ്ങളേയും നാഥനാകുന്നു. അതുപോലെ അങ്ങു് പഞ്ചഭൂതങ്ങൾ, വിഷയങ്ങൾ, അവയുടെ സംസ്കാരങ്ങൾ എന്നിവയുടേയും നാഥനാകുന്നു. ഭഗവാനേ!, അങ്ങയുടെ തിരുരൂപമായ വേദങ്ങളാലും, യജ്ഞകർമ്മങ്ങൾക്കാസ്പദമയ അറിവിലൂടെയും അഗ്നിസ്തോമം മുതലായ ഏഴു് യാഗങ്ങളെ അങ്ങു് പ്രചരിപ്പിക്കുന്നു. സകല യജ്ഞങ്ങളും അങ്ങയാൽ പ്രേരിതമായാണു് അനുഷ്ഠിക്കപ്പെടുന്നതു. സകലഭൂതങ്ങളുടേയും ആത്മാവായ അങ്ങു് ആദ്യന്തരഹിതനും കാലദേശങ്ങൾക്കതീതനുമാണു. കണ്ണിമവെട്ടാതെ, കാലസ്വരൂപനായി വർത്തിച്ചുകൊണ്ടു് അങ്ങു് പ്രാണികളുടെ ആയുസ്സിനെ അനുനിമിഷം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേ സമയംതന്നെ, അങ്ങു് വികാരരഹിതനും അജനും ജീവലോകത്തിനു് ജീവനഹേതുവും നിയന്താവുമായി വിളങ്ങുന്നു. സ്ഥാവരജംഗമാദികളായ യാതൊരു കര്യങ്ങളും അവയുടെ കാരണങ്ങളും അങ്ങുതന്നെയാകുന്നു. സകലവേദങ്ങളും വേദാംഗങ്ങളും നിന്തിരുവടിതന്നെ. കാരണം, അങ്ങു് ത്രിഗുണാത്മകനും ഹിരന്മയമായ ബ്രഹ്മാണ്ഡത്തെ ഉള്ളിലൊതുക്കിയവനുമാകുന്നു. വിഭോ!, വ്യക്തമായിരിക്കുന്ന ഈ ദൃശ്യപ്രപഞ്ചം അങ്ങയുടെ സ്ഥൂലശരീരമാകുന്നു. ഈ ശരീരത്താൽ അങ്ങു് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും വിഷയങ്ങളെ അനുഭവിക്കുന്നു. അതേസമയം, അങ്ങു് ഇവയിൽനിന്നെല്ലാമകന്നുനിൽക്കുന്ന പരമോന്നതനായിരിക്കുന്ന പുരാണപുരുഷനും പരമാത്മതത്വവുമാകുന്നു. അവ്യക്തരൂപത്തിൽ ഈ പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്നവനും, വിദ്യാവിദ്യകൾ രണ്ടിനോടും മേളിച്ചിരിക്കുന്നവനുമായ അങ്ങേയ്ക്കു് നമസ്ക്കാരം!. വരദാതാക്കളിൽ ശ്രേഷ്ഠനായ പ്രഭോ!, അങ്ങു് എനിക്കു് വരം നൽകാൻ പോകുന്നുവെങ്കിൽ, ഞാൻ ചോദിക്കുന്നു; അങ്ങയുടെ സൃഷ്ടികളായ യാതൊരു ഭൂതങ്ങളിൽനിന്നും എനിക്കു്മരണം സംഭവിക്കരുതു. അകത്തുവച്ചും പുറത്തുവച്ചും എനിക്കു് മരണമുണ്ടാകരുതു. രാത്രിയിലും പകലിലും എന്നെ കൊല്ലാൻ പാടില്ല. ആരാലും യാതൊരായുധങ്ങളാലും എനിക്കു് മരണമുണ്ടാകാൻ പാടില്ല. എന്റെ മരണം ഭൂമിയിൽ വച്ചോ ആകാശത്തുവച്ചോ ആകാൻ പാടില്ല. അതു് മനുഷ്യാരാലും മൃഗങ്ങളാലും സംഭവിക്കുവാൻ പാടില്ല. സചേതനങ്ങളാലോ, അചേതനങ്ങളാലോ, അസുരന്മാരാലോ, ദേവന്മാരാലോ, നാഗങ്ങളാലോ എനിക്കു് മൃത്യുവുണ്ടാകരുതു. എനിക്കെതിരാളിയില്ലാതാകുകയും, എവിടെയും എന്റെ ഏകാധിപത്യം വരികയും വേണം. അങ്ങയെപ്പോലെ, ഒരിക്കലും നശിക്കപ്പെടാത്ത തപോവൈഭവവും യോഗവൈഭവവും മഹിമകളും എനിക്കുണ്ടാകണം.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next






Hiranyakashipu doing tapa.