Hiranyakashipu tries to kill Prhlada എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Hiranyakashipu tries to kill Prhlada എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

7.5 പ്രഹ്ളാദനെ വധിക്കുവാനുള്ള ഹിരണ്യകശിപുവിന്റെ വിഫലശ്രമങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 5
(പ്രഹ്ലാദനെ വധിക്കുവാനുള്ള ഹിരണ്യകശിപുവിന്റെ വിഫലശ്രമങ്ങൾ.)
  

നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രരേ!, അസുരഗുരുവായ ശുക്രാചാര്യരുടെ പുത്രന്മാരായ ശണ്ഡനും അമർക്കനും ഹിരണ്യകശിപുവിന്റെ കൊട്ടാരത്തിനു് തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നതു. അവരിരുവരും പ്രഹ്ലാദനേയും മറ്റുചില അസുരബാലകന്മാരേയും രാജ്യതന്ത്രാദിവിഷയങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങി. അവർ പഠിപ്പിക്കുന്ന പാഠങ്ങളൊക്കെയും കേട്ടുവെങ്കിലും, താനെന്നും പരനെന്നുമുള്ള മിഥ്യാബോധത്തെ ആസ്പദമാക്കിയുള്ള ആ പാഠ്യങ്ങളിൽ പ്രഹ്ലാന്റെ മനസ്സ് രമിച്ചില്ല. ഹേ പാണ്ഡവാ!, ഒരിക്കൽ ഹിരണ്യകശിപു തന്റെ മകനെ മടിയിൽ പിടിച്ചിരുത്തി അവനോടു് ചോദിച്ചു: ഉണ്ണീ!, നിന്റെ അഭിപ്രായത്തിൽ ഏതാണു് നല്ല കാര്യമെന്നു് എന്നോടു് പറയൂ!.

പിതാവിന്റെ ചോദ്യത്തിനു് ഉത്തരമായി പ്രഹ്ലാദൻ പറഞ്ഞു: ഹേ അസുരോത്തമാ!, ജീവഭൂതങ്ങൾ മായയുടെ പിടിയിലകപ്പെട്ടു് ഏതുനേരവും സംഭ്രാന്തചിത്തരായിക്കഴിയുന്നു. അങ്ങനെയുള്ളവർ ചെന്നുപതിക്കുന്ന പൊട്ടക്കിണറാണു് ഗൃഹം എന്നതു. അതിനെ ഉപേക്ഷിച്ചു് കാട്ടിൽ പോയി ഹരിഭജനം ചെയ്യുക, എന്നതാണു് മനുഷ്യനെ സംബന്ധിച്ചു് നല്ല കാര്യമെന്നു് ഞാൻ കരുതുന്നതു.

നാരദർ തുടർന്നു: രാജൻ!, ശത്രുവിനെ പുകഴ്തിയുള്ള പ്രഹ്ലാദന്റെ വാക്കുകൾ കേട്ടു് ഹിരണ്യാക്ഷൻ പൊട്ടിച്ചിരിച്ചുകൊണ്ടു് പറഞ്ഞു: കുട്ടികളുടെ കുഞ്ഞുബുദ്ധിയെ കൌശലക്കാർ മാറ്റിമറിയ്ക്കുന്നു. ആയതിനാൽ, ഹേ ശണ്ഡാമർക്കന്മാരേ!, ഗുരുകുലത്തിൽ പ്രച്ഛന്നവേഷധാരികളായ വിഷ്ണുഭക്തന്മാരാൽ ഇളകാത്തവിധം ഇവന്റെ ബുദ്ധിയെ നിങ്ങൾ സംരക്ഷിച്ചുകൊള്ളുക.

നാരദർ പറഞ്ഞു: മഹാരാജൻ!, അവർ പ്രഹ്ലാദനെ വീണ്ടും പാഠശാലയിലേക്കു് കൊണ്ടുപോയി. ശേഷം, അരികെ വിളിച്ചു് ഇപ്രകാരം ചോദിച്ചു:  ഹേ ഉണ്ണീ!, പ്രഹ്ലാദാ!, സത്യം പറയൂ!. മറ്റു് കുട്ടികളുടേതിൽനിന്നും വ്യത്യസ്ഥമായ ഈ ചിന്ത നിനക്കെവിടെനിന്നുകിട്ടി?. ഇതു് ആരെങ്കിലും നിനക്കു് പറഞ്ഞുതന്നതാണോ?, അതോ, സ്വയം നീതന്നെ ചിന്തിച്ചുറപ്പിച്ചതാണോ?.

പ്രഹ്ലാദൻ പറഞ്ഞു: ജനങ്ങളിൽ, താനെന്നും പരനെന്നുമുള്ള ഭേദബുദ്ധി ഈശ്വരന്റെ മായയാലുണ്ടാകുന്നതാണു. ആ ഭ്രമം ഭവാന്മാരിലും കടന്നുകൂടിയിരിക്കുന്നു. മായാപതിയായ ഭഗവാനു് നമസ്ക്കാരം!. എന്നാൽ, ആ ഭഗവാന്റെ കാരുണ്യമുണ്ടാകുന്നപക്ഷം, ഭേദഭവമായ ഈ മൃഗീയബോധം വേരറ്റുപോകുന്നു. താനെന്നും പരനെന്നുമുള്ള ഭേദഭാവമുള്ളർവർക്കു് തങ്ങളുടെ ഹൃദയത്തിലിരിക്കുന്ന ഭഗവാനെ അറിയാൻ കഴിയുന്നില്ല. എന്തിനു് പറയാൻ?, ബ്രഹ്മാദികൾ പോലും ചിലനേരം അവനെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഇങ്ങനെയുള്ള മായയെ ചമച്ച ആ നാരായണൻ തന്നെ എന്റെ ബുദ്ധിയെ മറ്റുള്ളവരിൽനിന്നും വേർതിരിച്ചുനിർത്തിയിരിക്കുന്നു. ഹേ ബ്രാഹ്മണരേ!, ഇരുമ്പു് കാന്തത്താൽ ആകർഷിക്കപ്പെടുന്നതുപോലെ, എന്റെ ബുദ്ധി അവന്റെ ഇച്ഛയാൽ അവനിലേക്കുതന്നെ അകാരണമായി ആകർഷിക്കപ്പെടുന്നു.

നാരദർ പറഞ്ഞു: രാജൻ!, ശണ്ഡാമർക്കന്മാരോടു് ഇത്രയും പറഞ്ഞുകൊണ്ടു് പ്രഹ്ലാദൻ മൌനം പാലിച്ചു. പക്ഷേ, അവന്റെ വാക്കുകൾ കേട്ടയുടൻ കോപാകുലരായിക്കൊണ്ടു് അവരവനെ ശകാരിക്കുവാൻ തുടങ്ങി. അവരിലൊരാൾ ഇങ്ങനെ പറഞ്ഞു: ആരവിടെ?. പെട്ടെന്നൊരു ചൂരൽവടി കൊണ്ടുവരിക. ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഇവൻ നമുക്കും കുലത്തിനും ചീത്തപ്പേരുണ്ടാക്കും. ദുർബുദ്ധിയായ ഇവനെ സാമത്താൽ നന്നാക്കാൻ കഴിയുകയില്ല. ഇവനുവേണ്ടതു് നാലാം മുറയായ ദണ്ഡോപായമാണു. ദൈത്യവംശമാകുന്ന ചന്ദനവനത്തിലെ ഒരു മുൾമരമാണിവൻ. അതിലെ ചന്ദനമരങ്ങളെയെല്ലാം വെട്ടിമുറിക്കാൻ പ്രാപ്തനായ വിഷ്ണുവെന്ന കോടാലിയുടെ കൈപ്പിടിയായിട്ടാണിവൻ ഇവിടെ വന്നിരിക്കുന്നതു.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ശകരാത്താലും താഡനത്താലും അവർ പ്രഹ്ലാദനെ ധർമ്മാത്ഥകാമങ്ങളുടെ തത്വശാസ്ത്രത്തെ പഠിപ്പിക്കുവാൻ തുടങ്ങി. കുറെ നാളുകളുകൾക്കുശേഷം, പ്രഹ്ലാദൻ അവരാൽ പഠിപ്പിക്കപ്പെട്ട സകലപാഠങ്ങളും ഹൃദിസ്ഥമാക്കിയെന്നു് ശണ്ഡാമർക്കന്മാർ ഉറപ്പിച്ചു. അങ്ങനെയിരിക്കെ, ഒരുദിവസം, പ്രഹ്ലാദനെ അവന്റെ മാതാവു് കുളിപ്പിച്ചണിയിച്ചു. ആ സമയം ശണ്ഡാമർക്കന്മാഅവനെ ഹിരണ്യകശിപുവിന്റെയടുക്കലേക്കു് കൊണ്ടുവന്നു. പ്രഹ്ലാദൻ പിതാവിന്റെ കാലക്കൽ വീണുനമസ്ക്കരിച്ചു. ഹിരണ്യകശിപു മകനെ പിടിച്ചെഴുന്നേൽപ്പിച്ചതിനുശേഷം, തന്റെ നെഞ്ചോടടക്കിപ്പിടിച്ചു. അല്പനേരം ആ നിർവൃതിയിൽ ഇരുവരും അങ്ങനെനിന്നു. അല്ലയോ യുധിഷ്ഠിരരാജാവേ!, അതിനുശേഷം ഹിരണ്യകശിപു മകനെ മടിയിൽ പിടിച്ചിരുത്തി നെറുകയിൽ ഒന്നു് ചുംബിച്ചു. സന്തോഷാശ്രുക്കളാൽ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു. സന്തോഷത്തോടുകൂടി ഹിരണ്യാക്ഷൻ മകനോടു് പറഞ്ഞു: മകനേ! നീ ഇത്രയും കാലംകൊണ്ടു് ഗുരുവിൽനിന്നും അഭ്യസിച്ചതിൽ വച്ചു് ഏറ്റവും നല്ല പാഠം ഏതാണെന്നുവച്ചാൽ അതെന്നെയൊന്നു് ചൊല്ലിക്കേൾപ്പിക്കൂ!.

പ്രഹ്ലാദൻ പറഞ്ഞു: അച്ഛാ!, ഭഗവാൻ വിഷ്ണുവിന്റെ മഹാത്മ്യത്തെ കേൾക്കുകയും കീർത്തിക്കുകയും, അവനെ നിരന്തരം സ്മരിക്കുകയും, ആ പാദങ്ങളെ സേവിക്കുകയും, അവനെ പൂജിക്കുകയും അർച്ചിക്കുകയും, സർവ്വകർമ്മങ്ങളും ആ തിരുവടിയിൽ സമർപ്പിച്ചു് അവന്റെ ദാസനാകുകയും, ആത്മഭാവത്തിൽ അവനോടു് സഖ്യം ചേരുകയും, താനെന്ന മിഥ്യാബോധത്തെ ഉപേക്ഷിച്ചു് സ്വയത്തെ അവനിൽ അർപ്പിക്കുകയും ചെയുക. ഇങ്ങനെ ഒമ്പതു് ഭാവങ്ങളിലുള്ള ഭഗവദ്ഭക്തിയൊന്നുമാത്രമാണു് അതിവിശിഷ്ടമായി ഞാൻ മനസ്സിലാക്കുന്നതു.

പ്രഹ്ലാദന്റെ ഈ വാക്കുകൾ ഹിരണ്യകശിപുവിനെ നന്നായി ചൊടിപ്പിച്ചു. കോപത്താൽ അവന്റെ ചുണ്ടുകൾ വിറച്ചു. ഉടൻതന്നെ അവൻ ഗുരുപുത്രനോടിങ്ങനെ പറഞ്ഞു: ഹേ ബ്രാഹ്മണാധമന്മാരേ!, എന്താണിതു്?. എന്നെ ധിക്കരിച്ചുകൊണ്ടും എന്റെ ശത്രുവിനെ ആശ്രയിച്ചുകൊണ്ടും ദുഃഷ്ടബുദ്ധികളാനിങ്ങൾ ഈ ബാലനെ വേണ്ടാത്തതൊക്കെ പഠിപ്പിച്ചിരിക്കുകയാണോ?. സൌഹൃദം അഭിനയിച്ചുകൊണ്ടും, കപടമായ മിത്രഭാവത്തെ കാട്ടിക്കൊണ്ടും അനേകം വഞ്ചകന്മാർ ഈ ലോകത്തുണ്ടു. എന്നാൽ, പാപികളിൽ വ്യാധികളെന്നതുപോലെ, ഒരുനാൾ അവരിലെ വിദ്വേഷബുദ്ധി വെളിപ്പെടുകതന്നെ ചെയ്യും.

ഇതുകേട്ടു് ഗുരുപുത്രൻ പറഞ്ഞു: ഹേ ഇന്ദ്രശത്രോ!, അങ്ങു് കോപത്തെ അടക്കിയാലും!. ഞങ്ങളിൽ ദയവുണ്ടാകണം!. അങ്ങു് ഞങ്ങളെ പഴിക്കുകയുമരുതു. ഇവനെ ഈ പാഠങ്ങൾ ഞങ്ങളോ മറ്റുള്ളവരാരുമോ പഠിപ്പിച്ചതല്ല. ഇവന്റെയീ ബുദ്ധി നൈസർഗ്ഗികമാണു. അതിവൻതന്നെ സമ്മതിക്കുന്നുമുണ്ടു.

ശ്രീനാരദർ പറഞ്ഞു: ഹേ രാജാവേ!, ഗുരുവിന്റെ വാക്കുകൾ കേട്ട ഹിരണ്യകശിപു കോപത്തോടെ പ്രഹ്ലാദനോടു് ചോദിച്ചു: ഹേ നന്മ നശിച്ചവനേ!, നീയീ പഠിച്ച പാഠം നിന്നെ ഇവർ പഠിപ്പിച്ചതല്ലെങ്കിൽ, പിന്നെയെവിടെനിന്നാണു് നിനക്കീ ബുദ്ധിയുണ്ടായതു?

പ്രഹ്ലാദൻ പറഞ്ഞു: ഇന്ദ്രിയങ്ങളെ നിലയ്ക്കുനിർത്താതെ, സംസാരത്തിൽ ചവച്ചതുതന്നെ വീണ്ടും വീണ്ടും ചവച്ചുരസിക്കുന്നവരായ ഗൃഹമേധികൾക്കാകട്ടെ, ഉള്ളിൽനിന്നോ അഥവാ വെളിയിൽനിന്നോ ഭഗവാനിൽ ബുദ്ധിയുറപ്പിക്കുവാൻ കഴിയുകയില്ല. വിഷയാസക്തരും വിഷയികളാൽ നയിക്കപ്പെടുന്നവരും ഒരിക്കലും സ്വാർത്ഥഗതിയായ ശ്രീഹരിയെ അറിയുന്നവരല്ല. ഭഗവദ്മായായാൽ നിർമ്മിതമായ സകാമകർമ്മങ്ങളാകുന്ന ചെറിയ ചെറിയ ചരടുകളാൽ വിഷയങ്ങളോടു് ബന്ധപ്പെട്ടുകിടക്കുന്നവർ, അന്ധന്മാർ അന്ധന്മാരാൽ വഴികാട്ടപ്പെടുന്നതുപോലെ, പത്തുകളിൽ ചെന്നുചാടുന്നു. വിഷയങ്ങളിൽനിന്നകന്ന മഹത്തുക്കളുടെ പാദരജസ്സുകളാൽ സ്വയം അഭിഷേകം കൊള്ളാത്തിടത്തോളം കാലം ആയുള്ളവരുടെ ബുദ്ധി ഭഗവദ്പാദങ്ങൾക്കഭിമുഖമാകുന്നില്ല. ഒരിക്കൽ അവരുടെ ബുദ്ധി അങ്ങോട്ടേയ്ക്കു് തിരിയുന്നപക്ഷം, സംസാരവിമുക്തി ഫലമായിവരുന്നു.

ശ്രീനാരദർ തുടർന്നു: ഹേ രാജൻ! ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കോപാകുലനായ ഹിരണ്യകശിപു പ്രഹ്ലാദനെ തന്റെ മടിയിൽനിന്നും നിലത്തേയ്ക്കു് തള്ളിയിട്ടു. ആ അസുരന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു. അലറിക്കൊണ്ടു് ഹിരണ്യകശിപു ആജ്ഞാപിച്ചു: രാക്ഷസരേ!, നമ്മുടെ മുമ്പിൽനിന്നും ഇവനെ ദൂരെ കൊണ്ടുപോകൂ!. ഇവൻ വധാർഹനാണു. ഉടൻ‌ത്തന്നെ ഇവന്റെ വധം നടപ്പിലാക്കുക. ഹേ ദൈത്യരേ!, ഇവൻ എന്റെ സഹോദന്റെ ഹന്താവാണു. സ്വജനങ്ങളെ ഉപേക്ഷിച്ചു് തന്റെ ഇളയച്ഛനെ കൊന്ന വിഷ്ണുവിൽ ഒരു ദാസനെപ്പോലെ ഭക്തിയുൾക്കൊണ്ട ഇവൻ അധമനായ ആ വിഷ്ണുതന്നെ. ഇവൻ വിശ്വസിക്കാൻ കൊള്ളാത്തവനാണു. അഞ്ചുവയസ്സുള്ളപ്പോൾത്തന്നെ ഈവിധം മാതാപിതാക്കളുടെ അനിഷ്ടത്തിനു് പാത്രമായ ഇവനെക്കൊണ്ടു് വിഷ്ണുവിനുംതന്നെ എന്തു് പ്രയോജനമുണ്ടാകാൻ?. അന്യനായിരുന്നാലും ഹിതകാരിയാകുന്ന മകൻ എന്നും ഔഷധം പോലെയാണു. എന്നാൽ, സ്വന്തം പുത്രനായാലും ഹിതകാരിയല്ലാത്തപക്ഷം ഒരുവൻ വ്യാധിപോലെയാകുന്നു. യാതൊരു ശരീരഭാഗം ആകെ ശരീരത്തിനു് ദോഷകരമായി ഭവിക്കുന്നുവോ, തിനെ എത്രയും പെട്ടെന്നു് ഛേദിച്ചുകളയുക. അങ്ങനെയാൽ ബാക്കിയുള്ള ശരീരം കേടുപാടില്ലാതെ നിലകൊള്ളും. മിത്രഭാവത്തിൽ അടുത്തുകൂടിയിരിക്കുന്ന ഇവൻ, മുനികൾക്കു് വിഷയലിപ്തമായ ഇന്ദ്രിയമെന്നതുപോലെ, എനിക്കു് ശത്രുവായിരിക്കുന്നു. ഉണ്ണുമ്പോഴോ, ഉറങ്ങുമ്പോഴോ ഏതെങ്കിലും സന്ദഭത്തിൽ ഇവനെ കൊന്നുകളയുക.

നാരദർ തുടർന്നു: രാജാവേ!, ഹിരണ്യകശിപുവിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് ഉഗ്രരൂപികളായ രാക്ഷസന്മാർ, അറുക്കുക!, മുറിക്കുക! എന്നൊക്കൊ പറഞ്ഞാക്രോശിച്ചുകൊണ്ടു് തങ്ങളുടെ ശൂലത്താലും മറ്റും മൌനിയായി ഇരിക്കുന്ന പ്രഹ്ലാദനെ മർമ്മസ്ഥാനങ്ങൾ നോക്കി തുടരെ തുടരെ പ്രഹരിച്ചു. ഇന്ദ്രിയാതീതനും സർവ്വൈശ്വര്യമയനുമായിരിക്കുന്ന ഭഗവാനിൽ മനസ്സുറപ്പിച്ചിരിക്കുകയായിരുന്ന പ്രഹ്ലാദനിൽ, നിർഭാഗ്യവാന്മാരുടെ ഉദ്യമങ്ങളെന്നതുപോലെ, അവരുടെ സകല ശ്രമങ്ങളും വിഫലമായിപ്പോയി. ഹേ ധർമ്മപുത്രരേ!, അവയൊന്നും ഫലിക്കാതെ വന്നപ്പോൾ, ഹിരണ്യകശിപു വാശിയോടെ മറ്റു് പല മാർഗ്ഗങ്ങളും പ്രയോഗിക്കുവാൻ തുടങ്ങി. ആനകളെക്കൊണ്ടും, വിഷപ്പാമ്പുകളെക്കൊണ്ടും, ദുർഭൂതങ്ങളെക്കൊണ്ടും, ഉയരത്തിൽനിന്നും ഉരുട്ടിവീഴ്ത്തിയും, മറ്റു് മായാവിദ്യകൾകൊണ്ടും, കുഴിയിലിട്ടടച്ചും, വിഷം കൊടുത്തും, പട്ടിണിക്കിട്ടും, മഞ്ഞു്, കാറ്റു്, അഗ്നി, ജലം മുതലായവയെക്കൊണ്ടും, പർവ്വതങ്ങളിലേക്കെടുത്തെറിഞ്ഞുകൊണ്ടും പ്രഹ്ലാദനെ വധിക്കുവാനുള്ള വിവിധ ശ്രമങ്ങൾ നടത്തി. എന്നാൽ, ഈവക യാതൊരു പ്രയത്നങ്ങൾ കൊണ്ടും പാപരഹിതനായ പുത്രനെ വധിക്കുവാൻ കഴിയാതെ വന്നപ്പോൾ, ഹിരണ്യകശിപു വീണ്ടും പുതിയ പദ്ധതികളെക്കുറിച്ചു് ചിന്തിച്ചുതുടങ്ങി.

അയാൾ ചിന്തിച്ചു: ഞാൻ ഇത്രയധികം അധിക്ഷേപിച്ചിട്ടും വധശ്രമങ്ങൾ നടത്തിയിട്ടും അവയിൽനിന്നെല്ലാം ഇവൻ തന്റെ തേജസ്സിനാൽ സ്വയം രക്ഷപെട്ടിരിക്കുന്നു. എന്റെ കണ്മുന്നിൽത്തന്നെയുണ്ടെങ്കിലും, കുട്ടിയാണെങ്കിൽകൂടിയും, യാതൊരു ഭയവുമില്ലാതിരിക്കുന്ന ഇവൻ ഈ ഉപദ്രവത്തെ, ശുനശേപൻ അവന്റച്ഛനോടെന്നപോലെ(*), ഒരിക്കലും മറക്കുകയില്ല. അളവറ്റ മഹത്വമുള്ളവനും, ഭയരഹിതനും, മരണമറ്റവനുമായ ഇവനെ ദ്വേഷിച്ചതു് കാരണമായി എനിക്കു് മരണം സംഭവിക്കുമെന്നുള്ളതിൽ സംശയമില്ല.

നാരദർ പറഞ്ഞു: രാജാവേ!, ഇങ്ങനെ ചിന്താധീനനയായി ഏകാന്തതയിൽ കഴിയുന്ന ഹിരണ്യകശിപുവിനെ ശണ്ഡാമർക്കന്മാർ ഈവിധം പറഞ്ഞുധരിപ്പിച്ചു: പ്രഭോ!, വെറും പുരികക്കൊടിയുടെ ചലനമാത്രത്താൽ മൂലോകങ്ങളേയും അവയുടെ പാലകന്മാരേയും ജയിച്ച അങ്ങേയ്ക്കു് ചിന്താധീനനാകുവാനുള്ള യാതൊരു കാരണങ്ങളും ഞങ്ങൾ കാണുന്നില്ല. പ്രഹ്ലാദനെയോർത്തു് അങ്ങു് വിഷമിക്കാതിരിക്കുക!. കുട്ടികളുടെ ചാപല്യങ്ങൾ ഒരിക്കലും വളർന്നാൽ അവരുടെ ഗുണദോഷങ്ങൾക്കു് കാരണമാകുകയില്ല. എന്നിരിക്കിലും, ശുക്രാചാര്യർ വരുന്നതുവരെ ഇവനെ വരുണപാശത്താൽ ബന്ധിച്ചു് എങ്ങും ഓടിപ്പോകാതെ ഞങ്ങൾ നോക്കിക്കൊള്ളാം. പ്രായമേറുന്നതിലൂടെയും വിശിഷ്ടരായ ഗുരുക്കന്മാരുടെ ഉപദേശംകൊണ്ടും ഒരുവന്റെ ബുദ്ധി ശരിയായവിധം ഉറയ്ക്കുന്നതാണു.

ശണ്ഡാമർക്കന്മാരുടെ വാകുകളിൽ ഏതാണ്ടു് ആശ്വാസം തോന്നിയ ഹിരണ്യകശിപു എന്നാൽ അങ്ങനെയാകട്ടെ!, എന്നു് സമ്മതിച്ചതിനുശേഷം, അവരോടു വീണ്ടും പറഞ്ഞു: ഗൃഹസ്ഥരാജാക്കന്മാരറിയേണ്ടതായ പാഠങ്ങൾ മാത്രമേ ഇവൻ പഠിക്കാൻ പാടുള്ളൂ.

നാരദർ തുടർന്നു: രാജാവേ!, ശണ്ഡാമർക്കന്മാർ അവനെ അവിടെനിന്നും ഗുരുകുലത്തിലേക്കു് കൂട്ടിക്കൊണ്ടുപോയതിനുശേഷം, അവിടെ വച്ചു് ധർമ്മാർത്ഥകാമങ്ങളെക്കുറിച്ചു് വിധിയാംവണ്ണം പ്രഹ്ലാദനു് ചൊല്ലിക്കൊടുത്തു. എന്നാൽ രാഗദ്വേഷാദികൾക്കടിപ്പെട്ട തന്റെ ഗുരുക്കന്മാർ ചൊല്ലിക്കൊടുത്ത ആ പുരുഷാർത്ഥങ്ങളെ അവൻ ഒരിക്കലും സ്വീകരിച്ചില്ല. ഒരുദിവസം, ആചാര്യന്മാർ ഗൃഹസംബന്ധമായ ചില കാര്യങ്ങൾക്കായി വെളിയിൽ പോയ സമയം, സമപ്രായക്കാരായ മറ്റു് കുട്ടികൾ അവനെ അവരുടെയടുക്കലേക്കു് വിളിച്ചു. അവരുടെ ക്ഷണം സ്വീകരിച്ച ജ്ഞാനിയായ പ്രഹ്ലാദൻ അവരെ വിളിച്ചു് മധുരസ്വരത്തിൽ പുഞ്ചിരിച്ചുകൊണ്ടു് സംസാരിക്കുവാൻ തുടങ്ങി. അവർ തങ്ങളുടെ കളികളുപേക്ഷിച്ചു് അവന്റെയടുക്കൽ വന്നിരുന്നു. രാ‍ഗദ്വേഷങ്ങൾക്കടിപ്പട്ടവരുടെ ശിക്ഷണത്തിനു് വിധേയരായിരുന്നുവെങ്കിലും അവരുടെ ബുദ്ധി അപ്പോഴും ദുഷിച്ചിരുന്നില്ല. ഹേ മഹാരാജൻ!, പ്രഹ്ലാദനിൽ കണ്ണും കരളുമർപ്പിച്ചു് അവർ അവനുചുറ്റും കൂടിയിരുന്നു. കരുണാമയനും മിത്രവും പരമഭാഗവതനുമായ പ്രഹ്ലാദൻ അവരോടിങ്ങനെ സംസാരിക്കുവാ‍നാരംഭിച്ചു.


(*) ശുനപേശനെന്ന മകനെ സ്വന്തം പിതാവു് നരമേധം നടത്തുവാനായി ഹരിശ്ചന്ദ്രനു് വിറ്റിരുന്നു. എന്നാൽ വിശ്വാമിത്രനാൽ രക്ഷിക്കപ്പെട്ട ശുനപേശൻ പിതാവിനോടുള്ള വിദ്വേഷം മനസ്സിൽ കരുതി ശത്രുപക്ഷത്തിൽ ചേരുകയുണ്ടായി.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next




Hiranyakashipu tries to kill Prhlada