ഓം
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം 7
(ദൈത്യബാലകന്മാർക്കു് പ്രഹ്ലാദന്റെ ആത്മോപദേശം.)
നാരദർ തുടർന്നു: “ഹേ രാജാവേ!, ആശ്ചര്യഭരിതരായി നിൽക്കുന്ന അസുരബാലകന്മാരുടെ സംശയത്തെ തീർക്കുവാനായി
പ്രഹ്ലാദൻ പണ്ടു് മാതൃഗർഭത്തിൽ വച്ചു് തനിക്കു് ലഭിച്ച എന്റെ ഉപദേശത്തെ അനുസ്മരിച്ചുകൊണ്ടു്
അവരോടു് പറഞ്ഞു: “ഹേ ദൈത്യബാലകന്മാരേ!, ഞങ്ങളുടെ പിതാവു് തപസ്സിനായി മന്ദരാചലത്തിലേക്കു് പോയ സമയത്തു്
ദേവന്മാർ അസുരന്മാരെ ആക്രമിക്കുവാനുള്ള പദ്ധതിയിട്ടു. അവർ പറഞ്ഞു: “നന്നായി!. ലോകത്തിനു് മുഴുവനും ആപത്തു് വിതച്ചുകൊണ്ടിരിന്ന
ഹിരണ്യകശിപു, ഉറുമ്പുകൾ പാമ്പിനെയെന്നതുപോലെ, സ്വന്തം പാപത്താൽത്തന്നെ ഭക്ഷിക്കപ്പെട്ടിരിക്കുന്നു.” കൂട്ടുകാരേ!, ദേവന്മാർ തങ്ങളോടു് യുദ്ധത്തിനൊരുങ്ങുന്നതായി
വാർത്തകേട്ട അസുരന്മാർ ഭീതരായി ഭാര്യയേയും മക്കളേയും സുഹൃത്തുക്കളേയും ഉറ്റവരേയും വീടുകളേയും
ആടുമാടുകളേയും സാധനങ്ങളേയുമെല്ലാമുപേക്ഷിച്ചുകൊണ്ടു് തിരിഞ്ഞുനോക്കാതെ ജീവനെ മാത്രം
രക്ഷിക്കുവാനായി നാനാദിക്കുകളിലേക്കും പലായനം ചെയ്തു. ദേവന്മാർ അസുരരാജധാനിയെ കൊള്ളയടിച്ചു.
ഇന്ദ്രനാകട്ടെ, എന്റെ മാതാവിന്റെ പിടികൂടി. ഇന്ദ്രന്റെ കൈകളിൽ ഭീതിയോടെ അലമുറയിട്ടു്
പിടയുന്ന എന്റെ മാതാവിനെ യാദൃശ്ചികമായി നാരദമഹർഷി വഴിയിൽ വച്ചു് കാണുകയുണ്ടായി. അദ്ദേഹം
പറഞ്ഞു: “ഹേ ദേവരാജാവേ!, യാതൊരു തെറ്റും ചെയ്യാത്ത
നിരപരാധിയായ ഇവളെ കൊണ്ടുപോകുന്നതു് ശരിയല്ല. പരപത്നിയും പതിവ്രതയുമായ ഇവളെ വിട്ടയയ്ക്കുക!.”
ഇന്ദ്രൻ പറഞ്ഞു: “ഹേ ദേവർഷേ!, ഇവളുടെ ജഠരത്തിൽ ദേവദ്വേഷിയായ ഒരസുരവിത്തു് കിടക്കുന്നുണ്ടു. തൽക്കാലം
ഇവൾ എന്റെ അധീനതയിലിരിക്കട്ടെ, പ്രസവശേഷം ഞാൻ ഇവളെ വിട്ടയയ്ക്കാം.”
നാരദർ പറഞ്ഞു: “ദേവേന്ദ്രാ!, ഇവളുടെ ജഠരത്തിൽ കിടക്കുന്ന ഈ ജീവൻ പാപരഹിതനും, ഭഗവദ്ഭക്തനും, അനന്തമായ
മഹിമകളുള്ളവനും, ഭഗവാന്റെ ദാസനുമാണു. ഇവനാൽ ഒരിക്കലും അങ്ങേയ്ക്കു് മരണം സംഭവിക്കുകയില്ല.”
പ്രഹ്ലാദൻ തുടർന്നു: “ഹേ അസുരബാലകരേ!, അങ്ങനെ നാരദരുടെ വാക്കിനെ മാനിച്ചുകൊണ്ടു് എന്റെ അമ്മയെ ഇന്ദ്രൻ
വിട്ടയച്ചു. ഭഗവദ്ദാസനോടുള്ള പ്രീയത്താൽ ഗർഭിണിയായ എന്റെ മാതാവിനെ വലം വച്ചു് ഇന്ദ്രൻ
സ്വർഗ്ഗത്തിലേക്കു് യാത്രയായി. തുടർന്നു്, എന്റെ അമ്മയെ നാരദമഹർഷി അദ്ദേഹത്തിന്റെ ആശ്രമത്തിൽ
കൊണ്ടുചെന്നു് സമാധാനിപ്പിച്ചുകൊണ്ടു് അച്ഛൻ വരുന്നതുവരെ അവിടെ കഴിഞ്ഞുകൊള്ളാൻ പറഞ്ഞു.
അമ്മയാകട്ടെ, അച്ഛൻ വരുന്നതും കാത്തു് ദേവർഷിയുടെ അടുക്കൽ തന്നെ താമസിച്ചു. പതിവ്രതയും
ഗർഭവതിയുമായ എന്റെ അമ്മ ക്ഷേമത്തിനും താനിച്ഛിക്കുന്ന സമയംതന്നെ എന്നെ പ്രസവിക്കുന്നതിനുമായി
അവിടെ ആശ്രമത്തിൽ ദേവർഷിയെ ഭക്തിയോടെ പരിചരിച്ചു. കാരുണികനായ നാരദമഹർഷി എന്റെ അമ്മയുടെ
ദുഃഖം ശമിക്കുന്നതിനായും ഗർഭസ്ഥനായ എന്നെ സംസാരത്തിൽനിന്നും രക്ഷപെടുത്തുന്നതിനുമായി
അവൾക്കു് ഭാഗവവതധർമ്മമുപദേശിച്ചു. കാലത്തിന്റെ ദൈർഘ്യത്താലും സ്ത്രീയുടെ സഹജമായ സ്വഭാവത്താലും
അവൾക്കതു് നഷ്ടമായെങ്കിലും ദേവർഷിയുടെ അനുഗ്രഹത്താൽ എന്നിൽ ആ തത്വം ഇപ്പോഴും കുടികൊള്ളുന്നു.
എന്റെ വാക്കിനെ ഉള്ളിലുറപ്പിക്കുന്ന പക്ഷം നിങ്ങൾക്കും ആ സത്യം തെളിഞ്ഞുകിട്ടുന്നതാണു.
ഇതിനെ ഭക്തിയോടെ സ്വീകരിക്കുകയാണെങ്കിൽ സ്ത്രീകൾക്കും ബാലന്മാർക്കും പോലും തങ്ങളുടെ
ബുദ്ധി തെളിയുന്നു.
ഈശ്വരനാകുന്ന കാലശക്തിയാൽ, ഉണ്ടാവുക, നിലകൊള്ളുക, വളരുക, രൂപഭേദം വരുക, ക്ഷയിക്കുക,
നശിക്കുക എന്നീ ആറു് ഭാവങ്ങൾ, വൃക്ഷങ്ങളിലെ ഫലങ്ങൾക്കെന്നവിധം, ശരീരങ്ങൾക്കുണ്ടാകുന്നു.
എന്നാൽ ആത്മാവിനതു് വർജ്യമാണെന്നറിയുക. ആത്മാവു് നിത്യനും, അവ്യയനും, ശുദ്ധനും, ഏകനും
ദേഹേന്ദ്രിയാദികളെ അറിയുന്നവനും, അവയ്ക്കാശ്രയമാകുന്നവനും, നിഷ്ക്രിയനും, സ്വയം പ്രകാശിതനും,
കാരണനും, സർവ്വവ്യാപിയും, സംഗമില്ലാത്തെവനും, അനാവൃതനുമാകുന്നു. ആത്മാവിന്റെ ഈ പന്ത്രണ്ടു്
ശ്രേഷ്ഠഭാവത്താൽ ദേഹാത്മഭേദമറിഞ്ഞവൻ എപ്പോഴും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തെ
പരിത്യജിക്കണം. സ്വർണ്ണഖനിയുള്ള പ്രദേശങ്ങളിൽ കല്ലുകൾക്കൊപ്പം അടിഞ്ഞുകൂടിയിരിക്കുന്ന
സ്വർണ്ണത്തെ എപ്രകാരമാണോ അതിനെക്കുറിച്ചറിയുന്നവർ വേർതിരിച്ചെടുക്കുന്നതു്, അപ്രകാരംതന്നെ,
ആത്മജ്ഞാനമുള്ളവൻ യോഗവൈഭവത്താൽ സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവിനെ കണ്ടറിയുന്നു.
പ്രകൃതിഗുണങ്ങളാകുന്നതു് സത്വം, രജസ്സ്, തമസ്സ് എന്നിവയാകുന്നു. അവയ്ക്കാധാരമായ
പ്രകൃതിയുടെ മൂലകാരണതത്വങ്ങളാകട്ടെ, പഞ്ചതന്മാത്രകൾ, മൂലപ്രകൃതി, അഹങ്കാരം, മഹത്തത്വം
എന്നിങ്ങനെയുള്ള എട്ടും. പ്രാകൃതികവികാരങ്ങളെന്നതു് പത്തിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും
മനസ്സും ചേർന്നു് പതിനാറായിരിക്കുന്നുവെന്നും, ഇതിനെല്ലാം സാക്ഷിയായി വർത്തിക്കുന്ന
പുരുഷൻ ഒന്നാണെന്നും ആചാര്യന്മാർ പ്രവചിച്ചിരിക്കുന്നു. മേല്പറഞ്ഞ പ്രകൃതത്വങ്ങളേയും
അവയുടെ വികാരങ്ങളേയും ചേർത്തു് ഇരുപത്തിനാലു് തത്വങ്ങളുടെ സംഘാതത്തെയാണു് ശരീരമെന്നു്
വിശേഷിപ്പിക്കുന്നതു. അവ ചരമെന്നും അചരമെന്നും രണ്ടുവിധമാണു. എന്നാൽ ആത്മാവാകട്ടെ ഈവക
തത്വങ്ങളിൽനിന്നെല്ലാം വ്യത്യസ്ഥനായി, താനല്ലാത്ത സർവ്വതിനേയും വിട്ടുനിൽക്കുന്നവനാണു.
അവയെയെല്ലാം കോർത്തിണക്കിക്കൊണ്ടു്, വിവേകത്താൽ തെളിഞ്ഞ മനസ്സാൽ സൃഷ്ട്യാദികളെ നിമിത്തമാക്കിക്കൊണ്ടു്
ചിന്തിക്കുന്നവർക്കു് ഈ സത്യം തെളിഞ്ഞുകിട്ടുന്നതുമാണു. ആത്മാവു് ജാഗ്രത്, സ്വപ്നം,
സുഷുപ്തി, മുതലായ അവസ്ഥകളെ അനുഭവിക്കുന്നവനും, അതേസമയം, അവയിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന
സാക്ഷീഭൂതനുമാണു. ബുദ്ധിയുടെ ഈ മൂന്നവസ്ഥകൾ ത്രിഗുണാത്മകവും കർമ്മജവുമാണു. സച്ചിന്മയമായ
ആത്മാവിനെ ഇതു് യാതൊരുവിധത്തിലും ബാധിക്കുന്നില്ല. ഗന്ധങ്ങളെക്കൊണ്ടു് വായുവിനെയെന്നതുപോലെ,
ബുദ്ധിയുമായുള്ള നിരന്തരസംബന്ധംകൊണ്ടു് ആത്മാവിനേയും വേർതിരിച്ചറിയാവുന്നതാണു. അശുദ്ധബുദ്ധിയാൽ
ജീവൻ ത്രിഗുണങ്ങളിൽ മുങ്ങിപ്പോകുന്നു. അങ്ങനെ അവൻ സംസാരചക്രത്തിലകപ്പെടുകയും ചെയ്യുന്നു.
ദുഃഖപൂർണ്ണമായ സ്വപ്നത്തിലെ അനുഭവങ്ങളെപ്പോലെ, അജ്ഞാനത്താലുണ്ടാകുന്ന ഈ സംസാരത്തെ തികച്ചും
അനിത്യമെന്നു് കരുതുക. അതുകൊണ്ടു്, പ്രിയകൂട്ടുകാരേ!, നിങ്ങൾ ഭഗവാനിൽ അഭയം പ്രാപിക്കുകയാണെന്നുവരികിൽ,
ത്രിഗുണാത്മകങ്ങളായ കർമ്മവാസനകളൊഴിഞ്ഞുപോകുകയും, ജാഗ്രദാദിയായ ബുദ്ധിയുടെ അവസ്ഥാത്രയങ്ങളിലേക്കുള്ള
ഒഴുക്കും ഇല്ലാതെയാകുന്നു. കാരണം, അവനിൽ ആശ്രയം കൊള്ളുന്നതോടെ ഒരുവനിലുള്ള അജ്ഞാനംതന്നെ
ഇല്ലാതെയാകുന്നു. ആയതിലേക്കു് അനേകം ഉപായങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു്
ഭഗവദ്പ്രോക്തമായതും ഞാൻ പറഞ്ഞതുമായ ഈ ഭക്തിമാർഗ്ഗംതന്നെയാണു.
ഗുരുവിനെ പരിചരിക്കുക, ഭഗവാനെ അർച്ചിക്കുക, സർവ്വവും അവനിലർപ്പിക്കുക, സത്തുക്കളുമായി
സംഗം ചേരുക, ഈശ്വരനെ ആരാധിക്കുക, ഭഗവദ്കഥകളിൽ മനസ്സ് രമിപ്പിക്കുക, അവന്റെ മഹിമകളെ
കീർത്തിക്കുക, ആ പദമലരിണയെ ധ്യാനിക്കുക, ഭഗവദ്രൂപത്തെ ദർശിക്കുക, പൂജിക്കുക എന്നിവകൊണ്ടു്
ഭക്തി ലഭിക്കുന്നതാകുന്നു. സകലചരാചരങ്ങളുടേയും ഈശ്വരൻ ശ്രീഹരിയാണെന്നുള്ള ഉറച്ച ബോധത്താൽ
അവയെ വേണ്ടുംവണ്ണം ഉപചരിക്കണം. ഇത്തരം ആചാരങ്ങളിലൂടെ കാമക്രോധാദികളായ ശത്രുക്കളെ ജയിക്കാൻ
സാധിക്കുന്നു. അങ്ങനെ ഭഗവാനിൽ ഭക്തിയുമുണ്ടാകുന്നു. ഭക്തിയുള്ളവൻ തന്റെ ഇന്ദ്രിയങ്ങളെ
ജയിച്ചു് മുക്തനാകുന്നു. അങ്ങനെയുള്ള ഭക്തന്മാർക്കു് ഭഗവദ്മഹിമകളെ കേൾക്കുമ്പോൾ രോമാഞ്ചമുതിർക്കുന്നു.
കണ്ണിൽനിന്നും അശ്രുധാരപൊഴിയുന്നു. വാക്കുകൾ ഇടറുന്നു. ചിലപ്പോൾ കരയുകയും, ചിലപ്പോൾ
ചിരിക്കുകയും, ചിലപ്പോൾ ആടുകയും പാടുകയും ചെയ്യുന്നു. അങ്ങനെ തന്നുള്ളിൽത്തന്നെ അവർ
ആത്മാനന്ദമനുഭവിക്കുന്നു. ഭൂതബാധയേറ്റവനെപ്പോലെ ചിലപ്പോൾ ഭക്തൻ ചിരിക്കുന്നു. ചിലപ്പോൾ
അവൻ ഒരിടത്തിരുന്നു് ധ്യാനിക്കുന്നു. അവൻ സകലഭൂതങ്ങളും ഭഗവദംശങ്ങളായിക്കണ്ടുകൊണ്ടു്
അവയെയെല്ലാം ബഹുമാനിക്കുന്നു. ചിലപ്പോൾ അവൻ ദീഘമായി നിശ്വസിച്ചുകൊണ്ടു് ഒരു ഭ്രാന്തനെപ്പോലെ
നാമം ജപിക്കുന്നു. ശരീരവും മനസ്സും ഭഗവാനിലർപ്പിച്ചു് അവന്റെ മഹിമകളുടെ കീർത്തനം ചെയ്യുന്ന
ഭക്തൻ സംസാരത്തിൽനിന്നും മുക്തനാകുന്നു. അങ്ങനെ അവനിലെ അജ്ഞാനവും ആഗ്രഹങ്ങളുമെല്ലാം,
അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. അതിലൂടെ ഭക്തൻ ഭഗവാനെത്തന്നെ പ്രാപിക്കുന്നു.
ഹേ കൂട്ടുകാരേ!, സംസാരചക്രത്തിനറുതിവരുത്തുന്ന ഈ ലാഭത്തിനെ ജ്ഞാനികൾ ബ്രഹ്മനിർവ്വാണം
എന്നു് പറയുന്നു. അതുകൊണ്ടു്, ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഹരിയെ നിങ്ങൾ ഭജിക്കുവിൻ!.
ഹേ അസുരബാലകന്മാരേ!, ഹരിഭജനത്തിനു് എന്തു് പ്രയാസമാണുള്ളതു?. ജന്തുക്കളെപ്പോലെ, വിഷയങ്ങളെ
മാത്രം ഭുജിക്കുന്നതുകൊണ്ടു് യാതൊരു നേട്ടവുമില്ലെന്നറിയുക. പണവും, പത്നിയും, വളർത്തുമൃഗങ്ങളും,
പുത്രപൌത്രന്മാരും, സ്വത്തും, ആനകളും മറ്റുമായുൾള്ള സകല ഭൌതിക സമ്പാദ്യങ്ങളും അനിത്യങ്ങളാണു.
ക്ഷണഭംഗുരമായ മനുഷ്യായുസ്സിൽ ഇവയ്ക്കൊക്കെ എന്തു് ഹിതത്തെ മനുഷ്യനുവേണ്ടി ചെയ്യാൻ കഴിയും?.
ഐഹികഭോഗങ്ങളേക്കാൽ ശ്രേഷ്ഠമാണെങ്കിൽകൂടി, സ്വർഗ്ഗലോകപ്രാപ്തിപോലും നശിക്കുന്നവയാണു.
അതുകൊണ്ടു്, ശ്രീഹരിയുടെ സായൂജ്യത്തിനായിക്കൊണ്ടു് അവനെ ഭക്തിയോടെ ഭജിക്കുവിൻ!. മനുഷ്യൻ
യാതൊന്നിനെ മനസ്സിൽ കരുതി അതിന്റെ പ്രാപ്തിക്കായി യന്തിക്കുന്നുവോ, യഥാർത്ഥത്തിൽ അതിനു്
വിപരീതമായ ഫലമാണുണ്ടാകുന്നതു. ഇവിടെ മനുഷ്യന്റെ സകല പ്രയത്നങ്ങളും സുഖം വരുന്നതിനും
ദുഃഖമില്ലാതെയാകുന്നതിനും വേണ്ടിയാണു് ചെയ്യപ്പെടുന്നതു. എന്നാൽ, ഒരിക്കൽ കർമ്മവിരക്തിയാൽ
സുഖം അനുഭവിച്ചവൻ പോലും പിന്നീടു് കർമ്മാസക്തിയാൽ ദുഃഖത്തെത്തന്നെ പ്രാപിക്കുന്നു.
യാതൊന്നിന്റെ നിലനിൽപ്പിനായിമാത്രം മനുഷ്യം ഇക്കണ്ട പ്രവൃത്തികളെല്ലാം ചെയ്യുന്നുവോ,
ആ ദേഹംതന്നെ കാലഗതിയിൽ മറ്റുള്ള ജന്തുക്കൾക്കു് ഭക്ഷണമായി മാറുന്നു. ഇങ്ങനെ ഈ ശരീരം
വന്നും പോയുമിരിക്കുന്നു. എങ്കിൽ പിന്നെ, ഈ ദേഹത്തിൽനിന്നും വേറിട്ടവയായ ഭാര്യ, സന്താനങ്ങൾ,
വീടു്, സമ്പത്തുകൾ, രാജ്യം, ആനകൾ, മന്ത്രിമാർ, സേവകന്മാർ, ബന്ധുക്കൾ എന്നിങ്ങനെ മമതാസ്പർദയുള്ള
മറ്റുള്ളവയെക്കുറിച്ചു് പറയേണ്ടതുണ്ടോ?. ശരീരനാശത്തോടുകൂടി സകലബന്ധങ്ങളുമില്ലാതാകുന്നവയും,
പ്രത്യക്ഷത്തിൽ സൌഭ്യാഗ്യങ്ങളെന്നു തോന്നുന്നവകളുമായ ഇവയെക്കൊണ്ടു് സ്വരൂപത്തിൽത്തന്നെ
നിത്യാനന്ദക്കടലായ ആത്മാവിനു് എന്തു് നേടാൻ?. ഹേ അസുരരേ!, ഗർഭത്തിൽ വീണ സമയം മുതൽ ഓരോ
ഘട്ടത്തിലും ജീവൻ നേരിടുന്ന ദുഃഖങ്ങളെയോർത്താൽ അവർക്കീശരീരം കൊണ്ടു് ഇവിടെ എന്തു് പ്രയോജനമാണുള്ളതു?.
ജീവനെ പിന്തുടരുന്ന ഈ ശരീരത്താൽ കർമ്മങ്ങളാരംഭിക്കുന്നു. അതുപോലെ, കർമ്മങ്ങൾ നിമിത്തമായി
വെവ്വേറെയായ ശരീരങ്ങളും സ്വീകരിക്കുന്നു. എന്നാൽ, ഇവ രണ്ടും അജ്ഞാനത്താൽ മാത്രം സംഭവിക്കുന്നവയാണു.
അതുകൊണ്ടു്, ധർമ്മാർത്ഥകാമങ്ങൾതന്നെ ആരെ ആശ്രയിച്ചുനിൽക്കുന്നുവോ, ആത്മസ്വരൂപിയായ ആ
ശ്രീഹരിയെത്തന്നെ നിങ്ങൾ ഭക്തിയോടെ ഭജിക്കുവിൻ!. ഭഗവാൻ ശ്രീഹരി സകലഭൂതങ്ങളുടേയും ആത്മാവും
പ്രീയനുമാണു. കാരണം, ഓരോ ജീവഭൂതങ്ങളും അവന്റെ അംശതന്നെയാണു. ദേവന്മാരായാലും, അസുരന്മാരായാലും, മനുഷ്യനായാലും,
യക്ഷഗന്ധർവ്വാദികളായാലും, മുകുന്ദചരണത്തെ ഭജിക്കുന്നവൻ നമ്മളെപ്പോലെ സ്വസ്തിമാനായി
ഭവിക്കുന്നതാണു. ഹേ അസുരന്മാരേ!, ശ്രീഹരിയുടെ പ്രസാദത്തിനായി ഭക്തി ഒന്നുമാത്രം മതിയാകുന്നു.
അതിനായി ദ്വിജത്വം, ദേവത്വം, ഋഷിത്വം, ആചാരം, ബഹുവിഷയജ്ഞാനം, ദാനം, തപസ്സു്, യജ്ഞം,
ശുദ്ധി, വ്രതം മുതലായവ ഒന്നുംതന്നെ അവശ്യമില്ല. ഇവയെല്ലാം വെറും വിഡംബനം മാത്രമാണു.
അതുകൊണ്ടു്, സമഭാവനയോടെ സർവ്വഭൂതാത്മനാകുന്ന ഭഗവാനിൽ ഭക്തിയെ അർപ്പിക്കുവിൻ!. ദൈത്യന്മാർ,
യക്ഷന്മാർ, രാക്ഷസന്മാർ, സ്ത്രീജനങ്ങൾ, ശൂദ്രന്മാർ, ഗോപന്മാർ, പക്ഷികൾ, മൃഗങ്ങൾ, മറ്റുള്ള
വളരെയധികം പാപാത്മാക്കൾപോലും ഭക്ത്യാ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ടു. അതുകൊണ്ടു് ഹേ
ബാലന്മാരേ!, ശ്രീകൃഷ്ണപരമാത്മാവിൽ നിങ്ങളുടെ ഏകാന്തമായ ഭക്തിയെ ഉറപ്പിക്കുക. സകലചരാചരങ്ങളിലും
തന്തിരുവടിയെ കാണുകയെന്നുള്ളതാണു് ഭക്തിയുടെ യഥാർത്ഥ സ്വരൂപം. അതുമാത്രമാണു് ഈ പ്രപഞ്ചത്തിൽ
ജീവന്റെ സർവ്വപ്രധാനമായ ജന്മോദ്ദേശവും.”
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Prahlada teaches sons of asuras