2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

5.26 നരകവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം ‌ 26
(നരകവർണ്ണനം)



പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: ഹേ ഗുരോ!, ലോകത്തിൽ ജീവഭൂതങ്ങൾക്കിടയിൽ ഈവിധത്തിലുള്ള ഭോഗാനുഭവവൈവിധ്യങ്ങൾ എങ്ങനെയാണുണ്ടാകുന്നതു?

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ലോകത്തിൽ കർമ്മങ്ങൾ ത്രിഗുണാനുസൃതമായി മൂന്നുവിധത്തിൽ സംഭവിക്കുന്നു. ജീവഭൂതങ്ങൾ ഇവിടെ സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾക്ക് വിധേയരായി കർമ്മങ്ങളനുഷ്ഠിക്കുന്നു. ആയതിനാൽ, അവയുടെ ഫലങ്ങളും വ്യത്യസ്ഥങ്ങളായിരിക്കുന്നു. സത്വഗുണത്തിൽ അധിഷ്ഠിതരായി പുണ്യകർമ്മങ്ങൾ ചെയ്യുന്നവർ വിവിധങ്ങളായ സ്വർഗ്ഗങ്ങളെ പ്രാപിക്കുന്നു. അതുപോലെ തമോഗുണികളായി പാപവൃത്തികളിലേർപ്പെട്ട ജീവന്മാർ വിവിധ നരകങ്ങളേയും പ്രാപിക്കുന്നു. ഈ നരകങ്ങളിൽ പ്രധാനപ്പെട്ടവ ഞാൻ ഇനി വിസ്തരിച്ച് പറയാം.

അപ്പോൾ പരീക്ഷിത്ത് ശുകനോട് ചോദിച്ചു: ഹേ മഹാനായ ഋഷേ!, ഈ നരകങ്ങൾ ഭൂമിയിൽതന്നെയാണോ?, അതോ ഈ പ്രപഞ്ചത്തിനുപുറത്തുള്ളവയാണോ?, അതോ ഇനി ഭൂമിയിൽ നിന്നുവിട്ട് ബ്രഹ്മാണ്ഡാവരണങ്ങൾക്കിടയിലുള്ളവയാണോ? എന്നു പറഞ്ഞരുളിയാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, നരകലോകങ്ങളെല്ലാംതന്നെ ബ്രഹ്മാണ്ഡാവരണങ്ങൾക്കിടയിൽതന്നെയാണുള്ളതു. അവ ഈ പ്രപഞ്ചത്തിന്റെ തെക്ക് ഭാഗത്ത്, ഭൂമണ്ഡലത്തിനു താഴെയായും ജലവിതാനത്തിൽനിന്ന് മീതെയായും നിലകൊള്ളുന്നു. പിതൃലോകങ്ങളും അവിടെയാണുള്ളതു. ഇവിടെ അഗ്നിഷ്വാത്തൻ മുതലായ പിതൃദേവഗണങ്ങൾ ആശ്ശിസ്സുകളെ കാമിച്ചുകൊണ്ട് ഭഗവാനെ ധ്യാനിക്കുന്നു. പിതൃക്കളുടെ രാജാവായ യമധർമ്മൻ തന്റെ കിങ്കരന്മാരോടൊപ്പം പിതൃലോകത്തിൽ വസിക്കുന്നു. ഭഗവദ്നിർദ്ദേശാനുസരണം, യമകിങ്കരന്മാർ പരേതാത്മാക്കളെ യമധമ്മസന്നിധിയിലെത്തിക്കുകയും, തുടർന്ന്, അവരിൽ പാപകർമ്മികളായവരെ അവരുടെ കർമ്മങ്ങൾക്കനുസരിച്ച് വിവിധ നരകങ്ങളിലേക്കയയ്ക്കുകയും ചെയ്യുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇരുപത്തിയൊന്ന് നരകങ്ങളാണുള്ളതു. എന്നാൽ, ചിലർ ഇരുപത്തിയെട്ടുണ്ടെന്നും പറയുന്നുണ്ടു. അവയെ ഞൻ അവയുടെ നാമരൂപലക്ഷണങ്ങളോടൊപ്പം അങ്ങേയ്ക്കുവേണ്ടി വിസ്തരിക്കാം. മേൽപറഞ്ഞ നരകങ്ങളുടെ നാമങ്ങൾ താമിസ്രം, അന്ധതാമിസ്രം, രൌരവം, മഹാരൌരവം, കുംഭീപാകം, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപം, കൃമിഭോജനം, സന്ദംശം, തപ്തസൂർമി, വജ്രകണ്ടകശാൽമലി, വൈതരണി, പൂയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി, യഃപാനം, ക്ഷാരകർദമം, രക്ഷോഗണഭോജനം, ശൂലപ്രോതം, ദന്ദശൂകം, അവടനിരോധനം, പര്യാവർത്തനം, സൂചീമുഖം എന്നിവയാണു. ഇവയെല്ലാം ജീവഭൂതങ്ങൾക്ക് തങ്ങളുടെ ദുഃഷ്കർമ്മങ്ങളുടെ ഫലങ്ങളെ പ്രദാനം ചെയ്യുവാനായിട്ടുള്ളവയാകുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, പരന്റെ ഭാര്യയേയോ കുട്ടികളേയോ ധനത്തിനേയോ അപഹരിക്കുന്നവനെ യമദൂതർ മരണാനന്തരം കാലപാശത്താൽ വരിഞ്ഞുകെട്ടി താമിസ്രം എന്ന നരകത്തിലേക്കെടുത്തെറിയുന്നു. ഇരുളടഞ്ഞ ഈ നരകത്തിൽ അവർ അവനെ അതിക്രൂരമായി മർദ്ദിക്കുകയും ഭർത്സിക്കുകയും ചെയ്യുന്നു. ജലപാനം പോലുമില്ലാതെ അവൻ അവിടെ പട്ടിണികിടക്കേണ്ടിവരുന്നു. കാരുണ്യം ലവലേശമില്ലാത്ത യമദൂതന്മാരുടെ ആക്രമണത്തിൽ ചിലനേരം അവൻ ബോധരഹിതനാകുന്നു.

പരന്റെ ഭാര്യയേയും മറ്റും ചതിയിലൂടെ വലവീശിപ്പിടിച്ചനുഭവിക്കുന്നവൻ അന്ധതാമിസ്രം എന്ന നരകലോകത്തിൽ അടയ്ക്കപ്പെടുന്നു. അവിടെ അവൻ കടമുറിച്ച് വീഴ്ത്തപ്പെടുന്ന മരം പോലെ നിലം പൊത്തുന്നു. അന്ധതാമിസ്രനരകത്തിലെത്തുന്നതിനുമുന്നേതന്നെ ഇങ്ങനെയുള്ളവർ മറ്റനേകം ശിക്ഷകൾക്ക് വിധേയരാകുന്നു. ഈ അഴലിൽ അവന് തന്റെ ബുദ്ധിയും കാഴ്ചയും നഷ്ടപ്പെട്ടുപോകുന്നു. ആയതിനാലാണ് ഈ നരകത്തെ പണ്ഡിതർ അന്ധതാമിസ്രമെന്ന് വിളിക്കുന്നതു.

ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവൻ രാപ്പകലില്ലാതെ അതിനേയും അതുമായി ബന്ധപ്പെട്ട മറ്റു ശരീരങ്ങളേയും നിലനിർത്തുവാനും പോഷിപ്പിക്കുന്നതിനുമായി കഷ്ടപ്പെടുന്നു. ശ്രമത്തിനിടയിൽ അവൻ മറ്റുള്ളവരെ ദ്രോഹിക്കുന്നു. അങ്ങനെയുള്ളവർ മരണമെത്തുമ്പോൾ തന്റെ ശരീരത്തേയും കുടുംബത്തേയും ഉപേക്ഷിച്ച്, മറ്റുള്ളവരെ ആക്രമിച്ചതുവഴി സമ്പാദിച്ച കർമ്മഫലവുമായി രൌരവം എന്ന നരകത്തിലേക്ക് തള്ളപ്പെടുന്നു. ഈ ജന്മത്തിൽ അവർ അനേകം ജീവഭൂതങ്ങളെ ദ്രോഹിക്കുന്നു. ദേഹാവസാനത്തിൽ അവർ യമരാജനുമുന്നിൽ സമർപ്പിതരാകുന്നു. അവിടെ അവനാൽ ദ്രോഹിക്കപ്പെട്ട ജീവാത്മാക്കൾ രുരുക്കൾ എന്ന മൃഗങ്ങളുടെ വേഷത്തിൽ അവനെ കടിച്ചുകീറുവാനായി ഒരുങ്ങിനിൽക്കുന്നു. പണ്ഡിതന്മാർ ഈ നരകത്തിനെ രൌരവം എന്നു വിളിക്കുന്നു. രുരുക്കൾ നാഗങ്ങളേക്കാൾ പകയുള്ളവരാണു. അതുപോലെതന്നെ തന്റെ ശരീരത്തെ മാത്രം നിലർത്തുന്നതിനായി മറ്റുള്ളവരെ ദ്രോഹിക്കുന്ന പാപാത്മാക്കൾ മഹാരൌരവം എന്ന നരകത്തിലെത്തപ്പെടുന്നു. അവിടെ ക്രവ്യാദമെന്ന രുരുക്കൾ മാംസദാഹികളായി അവനെ കീറിപ്പിളർന്ന് മാംസത്തെ ഭുജിക്കുന്നു.

സ്വശരീരത്തെ പോഷിപ്പിക്കുന്നതിനും നാവെന്ന ഇന്ദ്രിയത്തിനെ തൃപ്തമാക്കുന്നതിനുംവേണ്ടി നാൽക്കാലികളേയും പറവകളേയും ജീവനോടെ ചുട്ടുകരിച്ചു നിഷ്കരുണം ഭുജിക്കുന്നവൻ നരഭോജികളേക്കാൾ അധമന്മാരായി വിശേഷിപ്പിക്കപ്പെടുന്നു. അവർ മരണാനന്തരം കുംഭീപാകം എന്ന നരകത്തിലെത്തി അവിടെ തിളപ്പിച്ച എണ്ണയിൽ വീണു വെന്തുരുകുന്നു. അച്ഛനമ്മമാരേയും ബ്രാഹ്മണരേയും വേദത്തേയും ദ്രോഹിക്കുന്ന പാപാത്മാക്കൾ കാലസൂത്രമെന്ന നരകത്തിൽ വീഴുന്നു. ഈ നരകം പതിനായിരം യോജന ചുറ്റളവുള്ളതും ചെമ്പിൽ തീർത്തതുമാണു. ഈ ചെമ്പ് പ്രതലം കീഴിൽനിന്നും അഗ്നിയാലും മുകളിൽനിന്ന് സൂര്യനാലും ചുട്ടുപഴുത്തികിടക്കുന്നു. അങ്ങനെ ബാഹികമായും ആന്തരികമായും ദുരാത്മാക്കൾ അതിൽ വെന്തുരുകുന്നു. വിശപ്പും ദാഹവും അവനെ ആന്തരികമായി ദുഃഖിപ്പിക്കുമ്പോൾ, സൂര്യതാപത്തൽ അവന്റെ ശരീരം നീറിപ്പുകയുകയും ചെയ്യുന്നു. ആ യാതന സഹിക്കുവാനാകാതെ അവൻ ചിലപ്പോൾ ഇരിക്കുകയും, ചിലപ്പോൾ കിടക്കുകയും, പിന്നെ ചിലപ്പോൾ ഉരുളുകയും, മറ്റുചിലപ്പോൾ എഴുന്നേറ്റ് പരക്കം പായുകയും ചെയ്യുന്നു. ഒരു മൃഗത്തിന്റെ ശരീരത്തിലുള്ള രോമങ്ങളുടെ എണ്ണത്തിനത്ര ആയിരത്താണ്ടുകൾ അവർക്ക് ഈ പീഡനം അനുഭവിക്കേണ്ടിവരുന്നു.

ആപത്ഘട്ടങ്ങളിലല്ലാതെ, വേദോക്തകർമ്മഗതികളെ മറികടന്നു വർത്തിക്കുന്നവരെ മരണാനന്തരം യമകിങ്കരന്മാർ അസിപത്രവനം എന്ന നരകത്തിലടച്ച്, അവിടെവച്ച് അവരെ അവർ ചാട്ടകൊണ്ടടിക്കുന്നു. വേദനകൊണ്ട് നാലുപാടുമോടുമ്പോൾ, യമദൂതർ അവരെ ഇരുതലമൂർച്ഛയുള്ള വാളുകൾ പോലുള്ള കരുമ്പനകാട്ടിലെ ഓലകൾകൊണ്ട് ശരീരത്തിലാകമാനം മുറിവേൽപ്പിക്കുന്നു. അടിക്കടി തളർന്നുവീഴുന്ന അവർ അയ്യോ ഞാൻ ചത്തേ! എന്ന് നിലവിളിക്കുന്നു. സ്വധർമ്മം വെടിഞ്ഞ ദുർമാർഗ്ഗികൾ അസിപത്രവനമെന്ന നരകത്തിൽ ഇങ്ങനെ ദുഃഖിക്കുന്നു.

ഈ ജന്മത്തിൽ രാജാവായിരിക്കെ, അഥവാ രാജാവിന്റെ പ്രതിപുരുഷനായിരിക്കെ, നിരപരാധികളെ ശിക്ഷിക്കുകയോ, ബ്രാഹ്മണരെ ദണ്ഡിക്കുകയോ ചെയ്യുന്നവൻ സൂകരമുഖമെന്ന നരകത്തിൽ നിപതിക്കുന്നു. അവിടെ യമകിങ്കരർ അവന്റെ ശരീരത്തെ കരിമ്പിൻ ദണ്ഡെന്നപോലെ ഞെക്കിപ്പിഴിയുന്നു. വേദനയിൽ അവൻ ഇടയ്ക്കിടെ ബോധംകെട്ടുവീഴുന്നു. ഇങ്ങനെ നിരപരാധികളെ ശിക്ഷിക്കുന്നവർക്കുള്ള ശിക്ഷ മരണാനന്തരം സൂകരമുഖമെന്ന നരകത്തിൽ വിധിക്കപ്പെടുന്നു.

ഭഗവദ്വിധിയാൽ ജന്മം കൊണ്ട കൊതുകുകൾ പോലുള്ള ജീവജാലങ്ങൾ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു. അവരുടെ ഈ പ്രവൃത്തി മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്നുവെന്ന സത്യം ആ നീചജീവികൾ അറിയുന്നില്ല. എന്നാൽ, ബോധവാന്മാരായ ഊർദ്ദ്വജീവഭൂതങ്ങൾക്ക് മരണവേദനയെ അറിയാൻ പ്രയാസമില്ല. അതുകൊണ്ട് അത്തരം പ്രാണികളെ ഹിംസിക്കുന്നതിലൂടെ മനുഷ്യൻ പാപം നേടുകതന്നെ ചെയ്യുന്നു. അങ്ങനെയുള്ള ആത്മാക്കളെ യമദൂതർ അന്ധകൂപമെന്ന നരകത്തിലേക്കെടുത്തെറിയുന്നു. അവിടെ അവനാൽ ഉപദ്രവിക്കപ്പെട്ട പശുക്കൾ, മറ്റുമൃഗങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ മുതലായ ജീവികൾ അവനെ ആക്രമിക്കുന്നു. അങ്ങനെ നാലുപാടുനിന്നും നേരിടുന്ന ആക്രമണത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് അവൻ കുത്സിതമായ ശരീരത്തിൽ ജീവാത്മാവെന്നപോലെ ആ അന്ധതയിൽ ദുഃഖിച്ചുഴലുന്നു.

തനിക്ക് കിട്ടിയ യാതൊരു ഭോജനമാകട്ടെ, അത് പങ്കിടാതെയോ, ഗൃഹസ്ഥന്മാർക്ക് വിധിച്ചിട്ടുള്ള പഞ്ചയജ്ഞത്തെ ചെയ്യാതെയോ, വെറും കാക്കകളെപ്പോലെ തനിയേ ഭുജിക്കുന്ന പക്ഷം, ആ പാപാത്മാവ് മരണാനന്തരം കൃമിഭോജനം എന്ന കൊടും നരകത്തിലെത്തി അവിടെ നൂറായിരം യോജന വിസ്തൃതിയിൽ പരന്നുകിടക്കുന്ന പുഴുക്കുണ്ടിൽ ഒരു പുഴുവായി ജന്മം നേടി, മറ്റുള്ള പുഴുക്കളാൽ ഭക്ഷിക്കപ്പെട്ടും അതുപോലെ മറ്റു പുഴുക്കളെ ഭക്ഷിച്ചും തങ്ങളുടെ പാപം തീരുന്നതുവരെ അതിൽ ഉഴറുവാനിടവരുന്നു.

ഹേ രാജൻ!, യാതൊരുവൻ ഇഹലോകത്തിൽ വച്ച്, ബ്രാഹ്മണന്റേയോ, അഥവാ മറ്റാരുടേതെങ്കിലുമോ പൊന്നും പണവും മോഷണമായോ, ബലാത്കാരമായോ അപഹരിക്കുകയാണെങ്കിൽ, അവൻ സന്ദംശം എന്ന നരകത്തിലടക്കപ്പെടുന്നു. അവിടെ അവനെ അന്തകകിങ്കരന്മാർ അഗ്നിയിൽ ഉരുക്കിപ്പഴുപ്പിച്ച പിണ്ഡങ്ങൾ കൊണ്ട് അവന്റെ ശരീരത്തിൽനിന്നും ത്വക്കിനെ വലിച്ചുകീറിയെടുക്കുന്നു.

അവിഹിതബന്ധത്തിലൂടെ യാതൊരു പുരുഷൻ പരസ്ത്രീയേയും, യാതൊരു സ്ത്രീ പരപുരുഷനേയും പ്രാപിക്കുന്നുവോ, അവർ ദേഹാവസാനത്തിൽ തപ്തസൂർമി എന്ന നരകത്തിലെത്തി, അവിടെ യമദൂതരിൽനിന്നും ചാട്ടവാറിനാൽ അടികൊണ്ട് പുളയുകയും, തുടർന്ന്, ചുട്ടുപഴുപ്പിച്ച സ്ത്രീയുടെ ലോഹപ്രതിമയിൽ പുരുഷനെക്കൊണ്ടും, അതുപോലെ പുരുഷന്റെ പ്രതിമയിൽ സ്ത്രീയെക്കൊണ്ടും കെട്ടിപ്പിടിപ്പിക്കുന്നു. യാതൊരുവൻ മനുഷ്യമൃഗാദിഭേദമെന്യേ സകലസ്ത്രീരൂപങ്ങളേയും ലൈംഗികകാമപൂർത്തിക്കായി പ്രാപിക്കുന്നുവോ, അവനെ യമകിങ്കരന്മാർ വന്ന് വജ്രകണ്ടകശാൽമലി എന്ന നരകത്തിൽ കൂട്ടികൊണ്ടുപോയി, വജ്രം പോലെ കൂർത്ത മുള്ളുകളുള്ള ഇലവുമരത്തിന്മേലിരുത്തി വലിച്ചിഴയ്ക്കുന്നു.

രാജവംശത്തിൽ പിറന്നവരോ, രാജാവിന്റെ പ്രതിനിധികളോ ആയവർ, തങ്ങളുടെ നിയതമായ ധർമ്മമര്യാദകളെ കൈവെടിഞ്ഞു ജീവിക്കുന്നപക്ഷം, അവരെ യമകിങ്കരർ മരണാനന്തരം വൈതരണി എന്ന നരകപ്പുഴയിലേക്കെടുത്തെറിയുന്നു. ആ നരകത്തിന്റെ കിടങ്ങായ ഈ പുഴയിൽ ധാരാളം ഹിംസ്രജലജന്തുക്കൾ വസിക്കുന്നു. ഒരു പാപാത്മാവിനെ ഇതിലേക്ക് വലിച്ചെറിയുമ്പോൾ, അവ കൂട്ടത്തോടെ പാഞ്ഞെത്തി അവനെ ഭക്ഷിക്കാൻ തുടങ്ങുന്നു. എന്നാൽ, അവന്റെ പാപത്തിന്റെ കാഠിന്യം കൊണ്ട് ഉടലിൽനിന്നും ജീവൻ വേർവിടാതെ പ്രാണേന്ദ്രിയങ്ങളോടുകൂടി തങ്ങളുടെ പാപകർമ്മങ്ങൾ അനുസ്മരിച്ചുകൊണ്ട്, മലം, മൂത്രം, ചലം, രക്തം, മുടി, എലുമ്പ്, കൊഴുപ്പ്, മജ്ജ, മാംസം, മുതലായ മാലിന്യങ്ങളാൽ നിറഞ്ഞൊഴുകുന്ന ആ നദിയിലകപ്പെട്ട് പീഡിതരാകുന്നു.

ഇഹലോകത്തിൽ ചിലർ ദാസിമാരുടെ ഭർത്താക്കന്മാരായിരുന്നുകൊണ്ട് വൃത്തിയും വെടിപ്പും ആചാരങ്ങളും അനുഷ്ഠാനങ്ങളുമില്ലാതെ മൃഗങ്ങളെപ്പോലെ ജീവിക്കുന്നു. അവരാകട്ടെ, മരിച്ചതിനുശേഷം, പൂയോദം എന്ന മഹാനരകത്തിലേക്കെറിയപ്പെടുന്നു. അവിടെ ദുർനീരും മലവും മൂത്രവും കഫവും മറ്റഴുക്കുകളും നിറഞ്ഞ കൊടുംകടലിൽ പതിച്ച്, അത്യന്തം ജുഗുപ്സാവഹമായ ഇവയെത്തന്നെ ഭക്ഷിക്കേണ്ടിയും വരുന്നു.

ബ്രാഹ്മണക്ഷത്രിയാദി ഉന്നതകുലങ്ങളിൽ പിറന്നിട്ട്, നായ്ക്കളേയും കഴുതകളേയും വീട്ടിൽ വളർത്തി, മൃഗയാവിനോദത്തിനായി കാട്ടിലെത്തി ശാസ്തവിധിപ്രകാരമല്ലാതെ പാവം മൃഗങ്ങളെ കൊന്നൊടുക്കുന്നപക്ഷം, മരണശേഷം അവരെ യമദൂതന്മാർ പ്രാണരോധം എന്ന നരകത്തിൽ കൊണ്ടുചെന്ന് അവിടെവച്ച് അവരുടെ ശരീരത്തെ ലക്ഷ്യമാക്കി കൂരമ്പുകൾ എയ്ത് അതിനെ കീറിപിളർക്കുന്നു. പ്രതാപം കാട്ടി ഞെളിഞ്ഞ് തങ്ങളുടെ ഭള്ള് പ്രകടിപ്പിക്കുവാനായി ധാരാളം യജ്ഞങ്ങൾ നടത്തി അതിൽ ബലിമൃഗങ്ങളെ കൊന്നുതള്ളുന്ന മഹാപാപികൾ വിശസനം എന്ന നരകത്തിൽ തള്ളപ്പെടുന്നു. അവിടെ അവരെ നരകാധികാരികൾ വീർപ്പുമുട്ടിച്ച് പീഡിപ്പിക്കുന്നു.

യാതൊരു ബ്രാഹ്മണനാണോ കാമത്താൽ ബുദ്ധിഭ്രമിച്ച് ഇവിടെ പത്നിയെക്കൊണ്ട് തന്റെ രേതസ്സിനെ കുടിപ്പിക്കുന്നത്, അവൻ യമദൂതരാലാലാഭക്ഷം എന്ന നരകത്തിലെത്തി, രേതസ്സ് നിറഞ്ഞ നരകത്തോട്ടിൽനിന്നും അതിനെ മൂക്കുമുട്ടെ കുടിക്കുവാൻ നിർബന്ധിതനാകുന്നു. ചില രാജാക്കന്മാരും രാജഭടന്മാരും കൊള്ളയും തീവെയ്പ്പും വിശം കൊടുത്തു കൊല്ലലും സ്വഭാവമാക്കി, കമ്പോളങ്ങളേയും വ്യാപാരിജനങ്ങളേയും ദ്രോഹിക്കുന്നു. അങ്ങനെയുള്ള പാതകികളെ മരണശേഷം യമകിങ്കരന്മാർ സാരമേയാദനം എന്ന നരകത്തിൽ തള്ളിയിടുന്നു. അവിടെ, വജ്രം കണക്ക് തേറ്റയുള്ള യമദൂതന്മാരായ എഴുനൂറ്റിയിരുപത് നായ്ക്കൾ ഓടിയടുത്ത് വട്ടംകൂടി അവരെ കടിച്ചുകുടയുന്നു.

സാക്ഷിപറയുന്നതിലും ക്രയവിക്രയം ചെയ്യുന്നതിലും ദാനത്തിലും നുണ പറയുന്നവൻ യമകിങ്കരന്മാരാൽ വളരെ ക്രൂരമായി ശിക്ഷിക്കപ്പെടുന്നു. അവനെ അവർ നൂറ് യോജന ഉയരമുള്ള മലമുകളിൽനിന്നും തലകീഴായി അവീചിമത്ത് എന്ന നരകത്തിലേക്ക് വലിച്ചെറിയുന്നു. ഈ നരകം നീർപ്പരപ്പുപോലെ തോന്നുമെങ്കിലും കരുത്തുറ്റ പാറകൾ കൊണ്ടുണ്ടാക്കിയിട്ടുള്ളതാണു. ജലം അല്പം പോലുമില്ലാത്തതിനാലത്രേ ഈ നരകത്തെ അവീചിമത്ത് എന്ന് വിശേഷിപ്പിക്കുന്നതു. തുടർച്ചയായി താഴേക്കെറിയപ്പെടുന്ന ദുരാത്മാക്കളുടെ ശരീരങ്ങൾ ആ കൂറ്റൻ പാറകളിൽത്തട്ടി ചെറുകഷണങ്ങളായി ചിന്നിച്ചിതറിത്തെറിക്കുമ്പോഴും ജീവൻ വേർപെട്ടുപോകാതെ അവതന്റെ ശിക്ഷ അനുഭവിക്കുന്നു.

ഇവിടെ ബ്രാഹ്മണനോ, അവന്റെ പത്നിയോ, വ്രതാനുഷ്ഠാനത്തിലിരിക്കുന്ന മറ്റാരെങ്കിലുമോ, മദ്യപാനം ചെയ്യുകയാണെങ്കിൽ; അതുപോലെ, ക്ഷത്രിയനോ, വൈശ്യനോ പ്രമാദത്താൽ സോമരസം പാനം ചെയ്യുകയാണെങ്കിൽ, യമദൂതർ വന്നു മരണശേഷം അയഃപാനം എന്ന നരകത്തിൽ കൂട്ടിക്കൊണ്ടുപോകുകയും, അവിടെ         അവന്റെ മാറിൽ ചവുട്ടിക്കയറിനിന്നുകൊണ്ട് വായിലേക്ക് അഗ്നിയിൽ തിളച്ചുമറിയുന്ന കാരിരുമ്പിന്റെ രസം ഒഴിച്ചുകൊടുക്കുന്നു.

ഒരുവൻ സ്വയം നീചനായിരുന്നുകൊണ്ട് താൻ കേമനാണെന്ന് ഭാവിച്ച്, ജന്മം കൊണ്ടും തപസ്സുകൊണ്ടും ജ്ഞാനം കൊണ്ടും വർണ്ണാശ്രമധർമ്മാനുഷ്ഠാനങ്ങൾകൊണ്ടും തന്നേക്കാൾ ശ്രേഷ്ഠനായവനെ ആദരിക്കാതെ നിന്ദിക്കുന്നുവോ, അങ്ങനെയുള്ള മഹാപാപി മരണാസന്നനാണെങ്കിലും, മരണാനന്തരം, യമദൂതരാൽ തലകീഴായി ക്ഷാരകർദമം എന്ന നരകത്തിലേക്ക് തള്ളപ്പെട്ട്, അവിടെ അവൻ അതിരറ്റ യാതനകൾക്ക് വിധേയനാകുന്നു. ഇഹലോകത്തിൽ ചില സ്ത്രീപുരുഷന്മാർ നരമേധം ചെയ്ത് ദുർദേവതകളെ ആരാധിച്ചുകൊണ്ട് നരബലി നടത്തി, ആ നരമാംസത്തെ ഭക്ഷിക്കുന്നു. അങ്ങനെയുള്ള പാപാത്മാക്കൾ രക്ഷോഗണഭോജനമെന്ന നരകത്തെ മരണാനന്തരം പ്രാപിക്കുകയും, അവിടെ തങ്ങൾ കൊന്നൊടുക്കിയ മനുഷ്യർ രാക്ഷസരായി ഭവിച്ച് അവരെ സ്വന്തം ആയുധങ്ങൾകൊണ്ട് കശാപ്പുകാരെന്നപ്പോലെ കുത്തിപ്പിളർക്കുകയും ചെയ്യുന്നു. ഏതുവിധം ആ നരഭുക്കുകൾ അവരുടെ ചോര കുടിച്ചുകൊണ്ട് ആർത്തുല്ലസിച്ചിരുന്നോ, അതേവിധം ഈ രക്ഷോഗണങ്ങൾ അവരെ കഠിനമായി വേദനിപ്പിച്ചുകൊണ്ട് അവരുടെ ചോരയും കുടിച്ച് ആടുകയും പാടുകയും ചെയ്യുന്നു.

ചില അവസരങ്ങളിൽ പക്ഷിമൃഗാദികളെ വിശ്വസനീയോപായങ്ങളിൽ ഇണക്കി തങ്ങളുടെ പാട്ടിലാക്കി കൂടെ കൂട്ടുകയും, കുറെ കഴിയുമ്പോൾ അവയെ കൂർത്ത കോലിന്മേലോ ചരടിന്മേലോ കോർത്തുബന്ധിച്ച് കളിപ്പാട്ടമായി ഉപയോഗിച്ചുകൊണ്ട് അവയ്ക്ക് അസഹനീയമായ വേദന സമ്മാനിക്കുകയും ചെയ്യുന്നു. മരണശേഷം, അങ്ങനെയുള്ളവർ യമദൂതരാൻ ശൂലപ്രോതം എന്ന നരകത്തിലെത്തി, അവിടെ ശൂലം മുതലായ ആയുധങ്ങൾ അവരുടെ ഉടലിൽ കുത്തിയിറക്കുന്നു. ക്ഷുത്തൃഢാദികളാൽ പീഡിതരായ അവരെ കങ്കം, വടം, മുതലായ പക്ഷികൾ തലങ്ങും വിലങ്ങും കൊത്തിവലിക്കുന്നു. ആ സമയം അവർ തങ്ങൾ ചെയ്തുകൂട്ടിയ മഹാപാതകങ്ങളെ ഓർത്ത് പരിതപിക്കുന്നു. ചിലർ വിഷജന്തുക്കളെപ്പോലെ അന്യജീവികൾക്ക് ദുഃഖം പ്രാദാനം ചെയ്യുന്നു. അങ്ങനെയുള്ളവരും മരിച്ചശേഷം, ദന്ദശൂകം എന്ന നരകത്തിലടയ്ക്കപ്പെടുന്നു. ഹേ രാജൻ!, അവിടെ അഞ്ചും ഏഴും തലകളുള്ള വിഷപ്പാമ്പുകൾ ഇഴഞ്ഞെത്തി, അളകളിലിരിക്കുന്ന എലികളെയെന്നപോലെ, അവരെ വിഴുങ്ങുകയും ചെയ്യുന്നു.

ഈ ലോകത്തിൽ വന്നുപിറന്നതിനുശേഷം, ചില പാപാത്മാക്കൾ ജീവഭൂതങ്ങളെ അന്ധകൂപങ്ങളിലും ഗുഹകളിലും ഗുദാമുകൾപോലെയുള്ള മറ്റ് ഇരുളടഞ്ഞിടങ്ങളിലും തടഞ്ഞുവയ്ക്കുന്നു. അങ്ങനെയുള്ളവർ അതേവിധം അവടനിരോധനം എന്ന നരകക്കുണ്ടിൽ വീണ് വിഷജ്വാലയുള്ള അഗ്നിയാലും പുകയാലും വീർപ്പുമുട്ടി ദുഃഖിക്കുവാനിടവരുന്നു. അതുപോലെ, ഈ ലോകത്തിലിരിക്കെ വീട്ടിൽ വരുന്ന അഗതികളേയോ അഗന്തുകന്മാരെയോ കോപത്താൽ രൌദ്രമായ കണ്ണുകളാൽ ദഹിപ്പിക്കുവാനെന്നോണം നോക്കുന്നപക്ഷം, മരണശേഷം, പര്യാവർത്തനം എന്ന നരകത്തിൽ വച്ച് കൊക്കുകളും കാക്കകളും പരുന്തുകളും കടന്നാക്രമിച്ച് വിക്രിച്ച ആ കണ്ണുകളെ കൊത്തിപ്പിളർന്നെടുക്കുന്നു.

ധനാഢ്യനെന്ന അഭിമാനത്താൽ ഗർവ്വിച്ചുകൊണ്ടും, സർവ്വത്ര കുടിലദൃഷ്ടിയോടെ വീക്ഷിച്ചുകൊണ്ടും, സർവ്വരിലും സംശയം കൊണ്ടും, ധനം ചെലവഴിക്കുന്നതിലുള്ള ദുഃഖത്തിൽ മനസ്സും മുഖവും വാടിത്തളർന്നും അസന്തുഷ്ടനായി, മുതൽ കാക്കുന്ന ഭൂതം പോലെ ഇരിക്കുന്നവൻ, ഇത്യാദിദുഃഷ്കൃതത്താൽ പിടികൂടപ്പെട്ട് മരണം സംഭവിക്കുന്നതിനുശേഷം, സൂചീമുഖം എന്ന നരകത്തിൽ വീണ്, യമഭടർ ആ പാപാത്മാവിനെ തുന്നൽപ്പണിക്കാരെപ്പോലെ സൂചികൾകൊണ്ട് ശരീരമാസകലം നൂലുകൾ കോർത്ത് തുന്നിക്കെട്ടുന്നു.

ഹേ രാജൻ!, ഇങ്ങനെ, നൂറുകണക്കിന് ആയിരിക്കണക്കിന് നരകങ്ങൾ യമപുരിയിൽ ഉണ്ടെന്നറിയുക. മേൽ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ പാപകർമ്മികൾ ഈ കൊടുംനരകങ്ങളിൽ മുറപോലെ പ്രവേശിക്കുന്നു. അതുപോലെതന്നെ പുണ്യകർമ്മികളാകട്ടെ, സ്വർഗ്ഗം മുതലായ പുണ്യലോകങ്ങളിലും മരണാനന്തരം എത്തപ്പെടുന്നു. എന്നാൽ, ഇക്കൂട്ടർ രണ്ടും തങ്ങളുടെ പാപപുണ്യഫലങ്ങൾ അനുഭവിച്ചതിനുശേഷം വീണ്ടും ഭൂമിയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ഹേ പരീക്ഷിത്തേ! സർവ്വസംഗപരിത്യാഗരൂപമായ സന്യാസയോഗത്തെക്കുറിച്ച് മുമ്പ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതാണു. ബ്രഹ്മാണ്ഡത്തിന്റെ ഉള്ളടക്കമെന്നത്, പതിനാല് വിഭാഗങ്ങളായി പുരാണങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. തിനെ സാക്ഷാത് വിരാട്പുരുഷരൂപമായും സ്വയോഗമായാഗുണവികാരരൂപമായുമുള്ള ശ്രീമൻ നാരായണന്റെ സ്ഥൂലരൂപമായും അറിയുക. ആ വർണ്ണനത്തെ യാതൊരാൾ ആദരവോടുകൂടി ശ്രദ്ധാഭക്തിസമന്വിതം പാരായണം ചെയ്യുകയോ, കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നുവോ, നിർമ്മലബുദ്ധിയായ അവൻ, ഇന്ദ്രിയഗ്രാഹ്യമല്ലെങ്കിൽത്തന്നെയും, പരമാത്മാവിന്റെ വേദാന്തശാസ്ത്രോക്തമായ ഭഗവദ്രൂപത്തെ അറിയുകതന്നെ ചെയ്യുന്നു. ആ പരമപുരുഷന്റെ സ്ഥൂലവും സൂക്ഷ്മവുമായ രൂപങ്ങളെ ഉള്ളവണ്ണം കേട്ടറിഞ്ഞ് മനസ്സിനെ സംയമിപ്പിച്ച യോഗി സ്ഥൂലരൂപത്തിൽ ഉറച്ചുകഴിഞ്ഞ തന്റെ മനസ്സിനെ പതുക്കെ പതുക്കെ സൂക്ഷ്മരൂപത്തിലേക്ക് നയിക്കേണ്ടതുണ്ടു. ഹേ രാജൻ!, ഇങ്ങനെ, അത്യാശ്ചര്യകരവും സകലജീവരാശികളുടെ ആസ്ഥാനവുമായ ഈശ്വരന്റെ സ്ഥൂലശരീരമാകുന്ന ഭൂമി, അതിലുള്ള വിവിധ ദ്വീപുകൾ, വർഷങ്ങൾ, നദികൾ, സമുദ്രങ്ങൾ, അന്തരീക്ഷം, പാതാളം, ദിക്കുകൾ, നരകങ്ങൾ, നക്ഷത്രരാശികൾ, ഇത്യാദികളടങ്ങുന്ന ലോകത്തിന്റെ സ്ഥിതിവിശേഷം ഞാൻ ഇതിനകം അങ്ങയോട് ചൊന്നുകഴിഞ്ഞിരിക്കുന്നു.  

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ഇരുപത്തിയാറാമദ്ധ്യായം സമാപിച്ചു.

പഞ്ചമസ്കന്ധം സമാപിച്ചു.

ഓം തത് സത്.

Previous    Next







Description of Hells

2019, ജൂലൈ 28, ഞായറാഴ്‌ച

5.25 സങ്കർഷണമൂർത്തിയുടെ മഹിമകൾ.


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 25
(സങ്കർഷണമൂർത്തിയുടെ മഹിമകൾ)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, പാതാളത്തിന്റെ ചുവട്ടിൽ മുപ്പതിനായിരം യോജന ദൂരത്തായി തമോഗുണപ്രധാനിയും ഭഗവദവതാരവുമായ അനന്തൻ കുടികൊള്ളുന്നു. അഹം എന്ന ബോധത്തിനു ആധാരമായി ദൃഷ്ടാവിന്റേയും ദൃശ്യത്തിന്റേയും സമ്യക് കർഷണം സാധിപ്പിക്കുന്ന യാതൊരു ശക്തിയായ ഇവനെ സംകർഷണൻ എന്നും സംബോധന ചെയ്യുന്നു. ആയിരം ശിരസ്സുകളുള്ള ഈ അനന്തന്റെ ഒരു ശിരസ്സിൽ മാത്രം ധരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമണ്ഡലത്തെ വെറുമൊരു കടുകുമണിയോളം തുച്ഛമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. പ്രളയസമയത്തിൽ ഈ പ്രപഞ്ചത്തെ സംഹരിക്കണമെന്ന് തോന്നുമ്പോൾ അനന്തൻ കോപാകുലനാകുന്നു. ആ സമയം, അദ്ദേഹത്തിന്റെ  പുരികങ്ങൾക്കിടയിൽനിന്നും മുക്കണ്ണനായ രുദ്രൻ ത്രിശൂലവുമായി പ്രത്യക്ഷനാകുന്നു. അങ്ങനെ ഈ പ്രപഞ്ചം സംഹരിക്കപ്പെടുന്നു.

ഭഗവാൻ സങ്കർഷണമൂർത്തിയുടെ കാൽനഖങ്ങൾ അമൂല്യങ്ങളായ രത്നങ്ങളെപ്പോലെ പ്രശോഭിക്കുന്നു. നാഗരാജാക്കൻ ഭാഗവതോത്തമന്മാരോടൊപ്പം ആ ദിവ്യരൂപത്തെ നമിക്കുമ്പോൾ അവർ തങ്ങളുടെ മുഖങ്ങൾ ആ നഖരത്നങ്ങളിൽ കണ്ടാനന്ദിക്കുന്നു. കാതുകളിൽ കുണ്ഡലങ്ങൾ ഇളകിയാടുന്ന അവരുടെ വദനങ്ങൾ അത്യന്തം മനോഹരങ്ങളായിരിക്കുന്നു. ദിവ്യമായ അവന്റെ ബാഹുക്കൾ ദീർഘങ്ങളും രത്നങ്ങൾ പതിപ്പിച്ച വളകളാൽ അലംകൃതവുമാണു. ധവളവർണ്ണമായതിനാൽ ആ തൃക്കൈകൾ രജതസ്തംഭങ്ങൾ പോലെ തിളങ്ങുന്നു. സുന്ദരികളായ നാഗകന്യകമാർ അവന്റെ അനുഗ്രഹത്തിനായി ആ സുന്ദരബാഹുക്കളിൽ ചന്ദനകുംകുമാദികൾ ലേപനം ചെയ്യുന്നു. അവന്റെ സ്പർശം അവരിൽ അനുരാഗം സൃഷ്ടിക്കുന്നു. അവരുടെ ചേതോവികാരത്തെ മനസ്സിലാക്കുന്ന ഭഗവാൻ കാരുണ്യം തുളുമ്പുന്ന മന്ദഹാസമുതിർക്കുകയും, അവർ അതിൽ അത്യന്തം സന്തുഷ്ടരാകുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട് അവർ അവന്റെ അഴകാർന്ന തിരുമുഖകമലം നോക്കികണ്ട്, ആ തൃക്കണ്ണുകളിലൂടെയൊഴുകുന്ന പരമാനന്ദം നുകരുന്നു. സങ്കർഷണമൂർത്തി, ഭഗവാൻ ഹരിയെപ്പോലെതന്നെ അനുപമിത ഐശ്വരങ്ങളുടെ അനന്തസാഗരമാകുന്നു. സമസ്തജീവഭൂതങ്ങളുടേയും ക്ഷേമത്തിനായിക്കൊണ്ട് ഭഗവാൻ സങ്കർഷണൻ തന്റെ അമർഷത്തിന്റേയും രോഷത്തിന്റേയും ശക്തിയടക്കിക്കൊണ്ട് സ്വധാമത്തിൽ കുടികൊള്ളുന്നു.

ശ്രീശുകൻ വീണ്ടും പറഞ്ഞു: ഹേ രാജൻ!, ദേവന്മാർ, അസുരന്മാർ, നാഗന്മാർ, സിദ്ധദേവന്മാർ, ഗന്ധർവ്വന്മാർ, വിദ്യാധരന്മാർ, മുനിമാർ എന്നിവരുടെ കൂട്ടങ്ങൾ അനന്തനെ നിരന്തരം ധ്യാനിച്ചുകൊണ്ടിരിക്കുന്നു. ആനന്ദത്താൽ ഉന്മത്തനായ അവന്റെ കണ്ണുകൾ ഇടതടവില്ലാതെ നാലുപാടും ചലിച്ചുകൊണ്ടിരിക്കുന്നു. അതിമധുരമായ വചനങ്ങൾകൊണ്ട് അവൻ തന്റെ പാർഷദന്മാരെ ആനന്ദിപ്പിക്കുന്നു. നീലവസനം ധരിച്ചും, ഒരേയൊരു കുണ്ഡലം മാത്രമണിഞ്ഞും, കലപ്പത്തണ്ടിന്റെ പിൻഭാഗത്തുചേർത്തുവച്ചിട്ടുള്ള മനോഹരമായ കരകമലങ്ങളോടും അവൻ അതിസുന്ദരനായിരിക്കുന്നു. ഇന്ദ്രനെപ്പോലെയുള്ള വെളുത്ത ശരീരത്തിലെ അരയിൽ പൊന്നിൽതീർത്ത പട്ടബന്ധമണിഞ്ഞും, കഴുത്തിൽ വൈജയന്തിവനമാലയണിഞ്ഞും അവൻ പ്രശോഭിതനായിരിക്കുന്നു. ആ മാലയിൽ കോർത്തിട്ടുള്ള തുളസിയിതളുകളിൽനിന്നുതിർക്കുന്ന പരിമളത്താൽ ഉന്മത്തരായ വണ്ടുകൾ അവനുചുറ്റും വട്ടമിട്ടു മൂളിപ്പറക്കുന്നു.

ഹേ രാജൻ!, മോക്ഷാർത്ഥികൾ സദാ സങ്കർഷണഭഗവാനെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഹൃദയത്തിൽ കുടികൊണ്ടുകൊണ്ട്, അവൻ, അനാദികാലം മുതൽക്കു ത്രിഗുണങ്ങളിൽനിന്നുണ്ടായിട്ടുള്ള കർമ്മവാസനകളെ ഇല്ലാതാക്കുകയും, ഹൃദയഗ്രന്ഥി പൊട്ടിച്ചെറിയുകയും ചെയ്യുന്നു. വിധാതാവിന്റെ സദസ്സിൽ ബ്രഹ്മപുത്രനായ ശ്രീനാരദർ തന്റെ തംബുരുവുമായി ആ സങ്കർഷണമൂർത്തിയുടെ മഹിമാതിശയങ്ങൾ പാടിപ്പുകഴ്ത്തുന്നു. സൃഷ്ടിസ്ഥിതിലയകർമ്മകാരണങ്ങളായി ത്രിഗുണങ്ങളെ ഭഗവാൻ സാധ്യമാക്കിത്തീർക്കുന്നു. അവൻ അന്തനും, അനാദിയും, ഏകനുമാണെങ്കിൽകൂടി, വിവിധങ്ങളായി ഇവിടെ വ്യക്തമാകുന്നു. അങ്ങനെയുള്ള അവന്റെ പരമാർത്ഥതത്വം എങ്ങനെയാണു വർണ്ണിക്കാൻ കഴിയുക?. കാണപ്പെടുന്നതും അല്ലാത്തതുമായ ഈ പ്രപഞ്ചം മുഴുവനും ആ ഭഗവാനിൽ സ്ഥിതിചെയ്യുന്നുവെന്നറിയുക. ലോകത്തിനു കാരുണ്യം ചൊരിയുവാനായി അവൻ ഇവിടെ പലേ രൂപങ്ങളിൽ അവതരിച്ച് തന്റെ ഭക്തന്മാരുടെ ഹൃദയത്തെ കവർന്നെടുക്കുകയും, ലീലകളാടുകയും ചെയ്യുന്നു. ആർത്തനാണെങ്കിലും പതിതനാണെങ്കിലും, ഭഗവന്നാമങ്ങളുടെ ഉച്ഛാരണമാത്രത്തിൽതന്നെ ഒരുവന്റെ ഹൃദയം പരിശുദ്ധമാകപ്പെടുന്നു. പരിഹാസഭാവത്തിൽകൂടിയാണെങ്കിൽ പോലും ആ തിരുനാമശ്രവണത്തിലൂടെ ഒരുവൻ പാപമുക്തനായിത്തീരുന്നു. അങ്ങനെയെങ്കിൽ മോക്ഷാർത്ഥികളിൽ ആരാണ് അവന്റെ തിരുനാമത്തെ ഘോഷിക്കാത്തതു. മറ്റാരുടെ ചരണത്തിലാണ് അവർ ആശ്രയം കൊള്ളുക!. ഹേ രാ‍ജൻ!, അനന്തനായ അവന്റെ ശക്തിയെ ആർക്കുംതന്നെ ഗ്രഹിക്കുവാൻ സാധ്യമല്ലെന്നറിയുക. അനേകായിരം പർവ്വതങ്ങളും നദികളും സമുദ്രങ്ങളും വൃക്ഷങ്ങളും ജീവഭൂതങ്ങളുമടങ്ങിയ ഈ വിശ്വത്തെ ഒരണുസമാനമായി അവൻ തന്റെ ആയിരങ്ങളിലൊരു ഫണത്തിൽ മാത്രമായി ധരിച്ചിരിക്കുന്നു. ആയിരം നാവുള്ളവർക്കുപോലും എങ്ങനെയാണ് അവന്റെ മഹിമകളെ വർണ്ണിക്കുവാൻ കഴിയുക!. അവന്റെ മഹിമകൾ നിസ്സീമമാണു. ആത്മതന്ത്രനായ അവൻ ഇവിടെ ഈ പ്രപഞ്ചത്തിന്റെ ആശ്രയമാണു. അവൻ പാതാളലോകത്തിന്റെ അടിത്തട്ടിൽ സ്ഥിതിചെയ്തുകൊണ്ട് ഈ ലോകത്തിനു താങ്ങായി നിലകൊള്ളുന്നു.

ഹേ രാജൻ!, ഈ ലോകത്തിലെ ജീവഭൂതങ്ങളുടെ ആഗ്രഹസിദ്ധിയ്ക്കായിക്കൊണ്ട് നിർമ്മിതമായിരിക്കുന്ന വിവിധങ്ങളായ ഈ അധോലോകങ്ങളെക്കുറിച്ച് എന്റെ ഗുരുനാഥനിൽനിന്നും അറിഞ്ഞവണ്ണംത്തന്നെ ഞാനിതാ അങ്ങയെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നു. ഓരോ പ്രാണികളും തങ്ങളുടെ ആഗ്രഹനിവർത്തിക്കായി വിവിധങ്ങളായ ഈ ലോകങ്ങളെ പ്രാപിക്കുന്നു. അങ്ങനെ അവർ ഈ ലോകങ്ങളിൽ വിഷയങ്ങളെ അനുഭവിച്ചുകൊണ്ട് വർത്തിക്കുകയും ചെയ്യുന്നു. ഹേ പരീക്ഷിത്ത് രാജൻ!, ജീവഭൂതങ്ങൾ എങ്ങനെയാണ് തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതെന്നും, തത്ഫലമായി, അവർക്ക് ഊർദ്ദ്വവും നീചവുമായ ലോകങ്ങൾ എങ്ങനെ സിദ്ധിക്കുന്നുവെന്നുമുള്ള അങ്ങയുടെ ചോദ്യങ്ങൾക്ക് ഇതിനകം ഞാൻ കേട്ടതുപോലെതന്നെ അങ്ങയേയും വർണ്ണിച്ചുകേൾപ്പിച്ചുകഴിഞ്ഞു. ഇനി എന്താണ് ഞാൻ അങ്ങേയ്ക്കുവേണ്ടി പറയേണ്ടതു?.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.



Previous    Next






The glories of Lord Sankarshana, Anantadeva

2019, ജൂലൈ 27, ശനിയാഴ്‌ച

5.24 രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും.


ഓം


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 24
(രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, പണ്ഡിതമതമനുസരിച്ച്, സൂര്യനിൽനിന്നും കീഴ്പ്പോട്ട് പതിനായിരം യോജന താഴെ രാഹുഗ്രഹം സ്ഥിതിചെയ്യുന്നു. സിംഹികയുടെ പുത്രനും അസുരാധമനുമായ രാഹു ദേവതാസ്ഥാനമലങ്കരിക്കുവാൻ അർഹനല്ലെങ്കിലും ഭഗവാൻ ഹരിയുടെ കാരുണ്യത്താൽ അവൻ ദേവത്വം പ്രാപിച്ചവനാകുന്നു. അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പിന്നീട് സംസാരിക്കുന്നതാണു. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ തേജോമണ്ഡലം പതിനായിരം യോജന വിസ്തീർണ്ണമുള്ളതാകുന്നു. അതുപോലെ, ന്ദ്രമണ്ഡലം പന്ത്രണ്ടായിരം യോജനയും, രാഹുമണ്ഡലം പതിമൂവായിരം യോജനയും വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നുവെന്നറിയുക. പണ്ട്, അമൃതം വിളമ്പുന്ന സമയം സൂര്യചന്ദ്രന്മാർക്കിടയിൽ കയറി ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ച രാഹുവിന്റെ അസുരത്വം വെളിപ്പെട്ടതിനാൽ അന്നുമുതൽ സൂര്യചന്ദ്രന്മാരുടെ ശത്രുവായ രാഹു അമാവാസി, പൌർണ്ണമി എന്നീ പക്ഷസന്ധികളിൽ അവരുടെ പ്രഭയെ മറയ്ക്കുന്നു. തുടർന്ന്, സൂര്യചന്ദ്രന്മാരുടെ സഹായത്തിനായി ഭഗവാൻ തന്റെ സുദർശനചക്രത്തെ അയയ്ക്കുകയും, അതിന്റെ അത്യുജ്ജ്വലമായ താപവും പ്രകാശവും സഹിക്കുവാനാകാതെ രാഹു ആ ശ്രമത്തിൽനിന്നും പിന്തിരിയുകയും ചെയ്യുന്നു. ഇതിനെ ലോകം ഗ്രഹണങ്ങളെന്നു വിളിക്കുന്നു.

രാഹുഗ്രഹത്തിന് പതിനായിരം യോജന താഴെയായി സിദ്ധചാരണവിദ്യാധരാദികളുടെ ലോകമാണു. അതിനുതാഴെയുള്ള അന്തരീക്ഷമാണു യക്ഷന്മാർ, രാക്ഷസന്മാർ, പിശാചുക്കൾ, ഭൂതങ്ങൾ, പ്രേതങ്ങൾ മുതലായവ തങ്ങളുടെ ക്രീഢാസ്ഥലമാക്കിയിരിക്കുന്നതു. കാറ്റ് വീശുന്നിടവും മഴക്കാറുകൾ ഒഴുകിനടക്കുന്നിടവുമാണു ഇവിടെ അന്തരീക്ഷമെന്നതുകൊണ്ടുദ്ദേശിക്കുന്നതു. യക്ഷരാക്ഷസ്സാദികളുടെ ദേശത്തിനുതാഴെ നൂറ് യോജന കീഴെ ഭൂതലമാണു. അതിന്റെ മേൽഭാഗത്ത് ഹംസം, കഴുകൻ, പരുന്ത്, മുതലായ മഹാവിഹഗങ്ങൾ പാറിപ്പറക്കുന്നു. ഹേ രാജൻ!, ഇതിനുതാഴെയാണു അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നീ ഏഴ് അധോലോകങ്ങളുള്ളതു. ഭൂതലസ്ഥിതിയെക്കുറിച്ച് ഞാൻ അങ്ങയോട് മുന്നേതന്നെ വർണ്ണിച്ചിട്ടുള്ളതാണു. ഇവയുടെ നീളവും വീതിയും ഭൂതലത്തിന്റേതിനു തുല്യമായിത്തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ബിലസ്വർഗ്ഗങ്ങളെന്നറിയപ്പെടുന്ന ഈ അധോലോകങ്ങളിൽ മനോഹരമായ ധാരാളം ഗൃഹങ്ങളും, പൂന്തോട്ടങ്ങളും, മറ്റ് ക്രീഡാസ്തലങ്ങളുമുണ്ടു. അവയൊക്കെ സ്വർഗ്ഗത്തേക്കാൾ ഐശ്വര്യവത്തായിരിക്കുന്നു. കാരണം, അവിടുത്തെ നിവാസികളായ അസുരാദിവർഗ്ഗങ്ങൾ ഇന്ദ്രിയഭോഗങ്ങളിൽ അങ്ങേയറ്റം തത്പരരാകുന്നു. അവരിൽ കൂടുതലും ദൈത്യദാനവനാഗവർഗ്ഗങ്ങളത്രേ. അവർ അവിടെ പുത്രദാരങ്ങളോടൊപ്പം സസുഖം വാഴുന്നു. സ്വർഗ്ഗീയലോകങ്ങളിലെ ദേവതകളുടെ ഐശ്വര്യങ്ങൾക്കുപോലും ചിലപ്പോൾ ഭ്രംശം സംഭവിക്കുന്നു. എന്നാൽ, ഈ അധോലോകനിവാസികളെ യാതൊരുവിധത്തിലുള്ള അശുഭങ്ങളും ബാധിക്കുന്നില്ല. അങ്ങനെ അവർ വിഷയങ്ങളിൽ അത്യന്തം ആകൃഷ്ടരായി അവിടെ ഭൌതികതയിൽ രമിച്ചുജീവിക്കുന്നു.

രാജൻ!, ബിലസ്വർഗ്ഗങ്ങളിൽ മായവിയായ മയൻ എന്ന ഒരു ദാനവൻ വസിക്കുന്നു. അവൻ അവിടെ അതിമനോഹരങ്ങളായ അനേകം പുരങ്ങൾ നിർമ്മിച്ചിരിക്കുന്നു. അവിടെ അനേകം ആശ്ചര്യജനകമായ വീടുകളും മതിലുകളും ഗോപുരങ്ങളും സഭാമന്ദിരങ്ങളും ക്ഷേത്രങ്ങളും മുറ്റങ്ങളും ക്ഷേത്രമൈതാനങ്ങളുമുണ്ടെന്നറിയുക. ഓരോ തലങ്ങളുടേയും അധിപന്മാരുടെ കൊട്ടാരങ്ങൾ അമൂല്യങ്ങളായ വിവിധയിനം രത്നങ്ങൾകൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. അവിടെ ധാരാളം നാഗന്മാരും അസുരന്മാരും തത്തകൾ, പ്രാവുകൾ മുതലായ പക്ഷികളോടൊത്ത് സന്തോഷത്തോടെ വസിക്കുന്നു. ഓരോ തലങ്ങളും കൂടുതൽ കൂടുതൽ മനോഹരങ്ങളായിരിക്കുന്നു. അവിടുത്തെ പൂന്തോട്ടങ്ങൾ സ്വർഗ്ഗത്തിലെ പൂന്തോട്ടങ്ങളെ തോൽപ്പിക്കുന്നവയാണു. ലതകളാൽ ചുറ്റപ്പെട്ട അതിലെ ഓരോ മരങ്ങളും, അതിന്റെ ചില്ലകളാലും ഫലങ്ങളാലും തലകുനിച്ച് നിൽക്കുന്ന ആ കാഴ്ച കണ്ടാൽ ഏത് മനസ്സും വിഷയങ്ങളിൽ മുങ്ങിപ്പോകുന്നു. അവിടെ ആമ്പൽ,        കുവലയം, കൽഹാരം, നീലത്താമര, ചെന്താമര തുടങ്ങിയ പൂക്കൾ നിറഞ്ഞുനിൽക്കുന്ന അനേകം ശുദ്ധജലതടാകങ്ങളുണ്ടു. മത്സ്യങ്ങൾ അതിൽ സദാ നീന്തിക്കളിക്കുന്നു. ഇണപ്പറവകളായ ചക്രവാഗങ്ങൾ അതിൽ കൂടുകൂട്ടിയിരിക്കുന്നു. അവ മനസ്സിനെ രഞ്ജിപ്പിക്കുന്ന തരത്തിൽ സദാ കളകൂജനങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്ത അവിടെ കാലം ദിനരാത്രങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ല. അതുപോലെതന്നെ അക്കാരണത്താൽ അവിടുത്തെ നിവാസികൾ കാലത്തേയോ മരണത്തേയോ ഭയക്കുന്നുമില്ലെന്നറിയുക. ഫണത്തിൽ രത്നങ്ങളുമായി അനേകം നാഗങ്ങൾ അവിടെ വസിക്കുന്നു. ഈ രത്നങ്ങളുടെ പ്രഭയിൽ നാനാദിശകളും പ്രകാശമുഖരിതമാകുന്നു. ഔഷധങ്ങളൂറുന്ന നാനാരസങ്ങളും അമൃതങ്ങളൂം പാനം ചെയ്തും, അവയിൽ സ്നാനം ചെയ്തും കഴിയുന്ന അവർക്ക് യാതൊരുവിധ ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നില്ല. അവരെ ജരാനരകൾ ബാധിക്കുകയോ, അവരുടെ വിയർപ്പിൽനിന്നും ദുർഗ്ഗന്ധമുതിർക്കുകയോ, അവർക്ക് തളർച്ചയോ ക്ഷീണമോ ബാധിക്കുകയോ ചെയ്യുന്നില്ല. മരണത്തെ ഭയക്കാതെ അവർ തങ്ങളുടെ ജീവിതം, ഭഗവാന്റെ സുദർശനചക്രമാകുന്ന കാലത്താൽ ഇല്ലാതാകുംവരെ മംഗളകരമായിത്തന്നെ ജീവിച്ചുതീർക്കുന്നു. സുദർശനചക്രം ഈ തലങ്ങളിലേക്കെത്തുമ്പോൾ അതിന്റെ അത്യുജ്ജ്വലമായ പ്രകാശം സഹിക്കാനാവാതെ അവിടുത്തെ സ്ത്രീകളുടെ ഗർഭം സ്രവിച്ചോ അഥവാ പതിച്ചോ നശിക്കുന്നു.

പ്രീയപ്പെട്ട രാജാവേ!, ഇനി അതലം മുതലായുള്ള അധോലോകങ്ങളെക്കുറിച്ച് ഒന്നൊന്നായി ഞാൻ അങ്ങയെ പറഞ്ഞുകേൾപ്പിക്കാം. അതലത്തിൽ ഒരസുരനുണ്ടു. അവനാണു മയന്റെ പുത്രനായ ബലൻ. തൊണ്ണൂറ്റിയാറുവിധം മായാവിദ്യകൾ അവനാൽ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇന്നും ഈ വിദ്യകളാൽ ലോകം കബളിപ്പിക്കപ്പെടുന്നു. അവന്റെ കോട്ടുവായിൽ നിന്നും മൂന്നുതരം നാരികൾ നിർമ്മിതമായിരിക്കുന്നു. അവരെ സ്വൈരിണി, കാമിനി, പുംശ്ചലി എന്നീ നാമങ്ങളിൽ വിളിക്കപ്പെടുന്നു. സ്വൈരിണി എപ്പോഴും തങ്ങളുടെ ഗണത്തിൽനിന്നുമാത്രമേ വിവാഹം കഴിക്കുകയുള്ളൂ. മറിച്ച്, കാമിനി ഏത് ഗണത്തിൽനിന്നും മാംഗല്യം വരിക്കുന്നു. എന്നാൽ, പുംശ്ചലിയാകട്ടെ, തന്റെ ഭർത്താവിനെ വീണ്ടും വീണ്ടും മാറി മാറി സ്വീകരിക്കുന്നവളാണു. അതലത്തിൽ അകപ്പെട്ടുപോകുന്ന പുരുഷജനങ്ങളെ ഈ സ്ത്രീകൾ വേട്ടയാടി പിടിക്കുകയും, അവരെ ഹാടകം എന്ന ഒരുതരം രസം നൽകി ശക്തരാക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുമായി യഥേഷ്ടം വിഹരിക്കുന്നു. നോട്ടം കൊണ്ടും, മധുരവാക്കുകൾകൊണ്ടും, മന്ദമായി ഹസിച്ചുകൊണ്ടും, ഗാഢമായി പുണർന്നുകൊണ്ടും അവർ പുരുഷജനങ്ങളെ തങ്ങളുടെ വശത്താക്കുന്നു. ഈ രസപാനത്തിനുശേഷം തങ്ങൾ പതിനായിരം ആനകളുടെ ശക്തിയുള്ളവരാണെന്ന് അഭിമാനിക്കുകയും, തങ്ങൾ ദൈവമാണെന്ന് സ്വയം തെറ്റിദ്ധരിക്കുകയും ചെയ്തുകൊണ്ട്, കാലസ്വരൂപത്തിൽ ആസന്നമാകുന്ന മരണത്തെ അവർ അറിയുന്നില്ല.

അതലത്തിനു കീഴിൽ വിതലമാണു. അവിടെ ഹാടകേശ്വരനായി ഭഗവാൻ മഹാദേവൻ ഭൂതഗണാദിപരിവാരങ്ങളോടൊത്ത് കുടികൊള്ളുന്നു. സൃഷ്ട്യർത്ഥം ഹരൻ ഭവാനിയുമായി സംഗമിക്കുന്നു. അങ്ങനെ, ശൈവവീര്യത്തിൽനിന്നും ഹാടകി എന്ന ഒരു നദി അവിടെ ഉത്ഭവിക്കുന്നു. അഗ്നിദേവൻ വായുവിനാൽ ഉത്തേജിതനായി ഈ നദിയെ പാനം ചെയ്യുകയും, പിന്നീട് അത് സ്വർണ്ണമായി പുറത്തേക്ക് വമിക്കപ്പെടുകയും ചെയ്യുന്നു. ഈ സ്വർണ്ണശേഖരത്തെ അവിടുത്തെ നിവാസികളായ അസുരന്മാർ ആഭരണങ്ങളാക്കി സ്വദാരങ്ങളോടൊപ്പം സസുഖം വാഴുന്നു.

രാജൻ!, വിതലത്തിനു താഴെ സുതലമാണു. അവിടെ വിരോചനപുത്രനും ഉദാരമതിയുമായ മഹാബലി ഇന്നും വാഴുന്നുവെന്നറിയുക. ഇന്ദ്രനു പ്രിയം ചെയ്യുവാനായി അദിതിയുടെ പുത്രനായി ഭഗവാൻ വാമനവേഷത്തിൽ മഹാബലിയെ സന്ദർശിച്ച് മൂന്നടി ഭൂമി ഭിക്ഷയായി ചോദിക്കുകയും, എന്നാൽ ദാനഭാവത്താൽ മൂലോകങ്ങളേയും മൂവടിയായി അളന്നെടുക്കുകയും ചെയ്തു. തന്റെ സർവ്വസ്വവും ദാനമായി നല്കിയ ബലിയിൽ സന്തുഷ്ടനായ ഭഗവാൻ അദ്ദേഹത്തെ ഇന്ദ്രനേക്കാൾ ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിച്ചു. അങ്ങനെ, ഇന്നും മഹാബലിചക്രവർത്തി ഭഗവാനെ ആരാധിച്ചുകൊണ്ട് സുതലത്തിൽ കുടികൊള്ളുന്നു. ഹേ രാജൻ!, മഹാബലി തന്റെ സർവ്വസ്വവും ഭഗവദ്പാദങ്ങളിൽ ചേർത്ത് ശരണാഗതി ചെയ്തതുകൊണ്ടാണ് അദ്ദേഹത്തിന് ബിലസ്വർഗ്ഗത്തിൽ ഇന്ദ്രനുമേൽ ഐശ്വര്യം കൈവന്നതെന്നു ധരിക്കരുതു. ഭഗവാൻ ശ്രീവാസുദേവൻ സകലഭൂതങ്ങളിലും പരമാത്മരൂപേണ കുടികൊള്ളുന്നു. ആ ഭഗവന്റെ സാന്നിധ്യത്തിൽതന്നെയാണു സകലഭൂതങ്ങളും ഇവിടെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നതു. സർവ്വതിനും നാഥനായ പരമേശ്വരനായിക്കൊണ്ട് മഹാബലി ചക്രവർത്തി തനിക്കുണ്ടായിരുന്നതെല്ലാം ക്ഷണത്തിൽ ആ പരമപുരുഷന്റെ ചരണത്തിൽ സമർപ്പിച്ചു. അതിന്റെ ഉദ്ദേശം അദ്ദേഹത്തിന്റെ മനസ്സിൽ തത്പരം ഐശ്വര്യസിദ്ധിയായിരുന്നില്ല. മറിച്ച്, അത് തികച്ചും ഒരു ഉത്തമഭക്തന്റെ ലക്ഷണമായിരുന്നു. ഉത്തമഭക്തന്മാർക്കുമുന്നിൽ മോക്ഷകവാടം സദാ തുറന്നുതന്നെയിരിക്കുന്നു. അദ്ദേഹത്തിനു ലഭിച്ച സർവ്വൈശ്വര്യങ്ങളേയും ഭഗവദനുഗ്രഹമായി മാത്രം കാണുക. അത് ഭക്തിയുടെ പ്രതിഫലമായി ഒരിക്കലും കാണാതിരിക്കുക. കാരണം, ഭക്തിയിൽനിന്നും സദാ ഭഗവദ്പ്രേമം മാത്രമാണുണ്ടാകുന്നതു. പതിതനാകട്ടെ, വിശന്നവനാകട്ടെ, മനസ്സോടെയെങ്കിലും അല്ലെങ്കിലും, ഭഗവന്നാമത്തെ ഒരിക്കൽ പോലും ഭക്ത്യാ ഉരിയാടുന്ന പക്ഷം, ഒരുവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. വിവിധകർമ്മങ്ങളിൽ അകപ്പെട്ടുപോയിരിക്കുന്ന കർമ്മികൾക്ക് ഈ യോഗത്തെ പരിശീലിക്കുവാൻ അത്യന്തം കഷ്ടപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ, ഭഗവാൻ ഹരി സദാ ഭക്തന്റെ ദാസനായി നിലകൊള്ളുന്നുവെന്നറിയുക. സർവ്വഹൃദയങ്ങളിലും പരമാത്മഭാവത്തിൽ കുടികൊണ്ടുകൊണ്ട് അവൻ സദാ അവരുടേതായിമാറുന്നു. അവനെ സ്വഹൃദയങ്ങളിൽകണ്ടുകൊണ്ട് സനകാദിയോഗീശ്വരന്മാർ അനന്തമായ ആത്മാനന്ദത്തെ നിത്യനിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അല്പമായ ഭൌതികസുഖങ്ങളെ തിരികെ വാങ്ങിക്കൊണ്ട് അനല്പമായ ബ്രഹ്മാനന്ദത്തെ നൽകി ഭഗവാൻ മഹാബലിയെ അനുഗ്രഹിക്കുകയാണുണ്ടായതു. ഭൌതികസുഖങ്ങൾ ഭക്തരെ ഭഗവാനിൽനിന്നും അകറ്റുന്നു. അവ ആരുടെ പക്കലുണ്ടോ അവരുടെ മനസ്സ് ഭഗവാനിൽ ലയിക്കുന്നില്ല. മഹാബലിയിൽനിന്നും സർവ്വതും തിരിച്ചുപിടിക്കാൻ മറ്റൊരു വിദ്യയും ഇല്ലാതെ വന്നപ്പോഴാണു ഭഗവാൻ ഇങ്ങനെയൊരു സംഗതി മെനഞ്ഞുണ്ടാക്കിയതു. ബലിയുടെ ശരീരം മാത്രം അവശേഷിച്ചിട്ടും ഭഗവാൻ തൃപ്തനായില്ല. ഒടുവിൽ വരുണപാശത്താൽ ബന്ധിച്ച് ബലിയെ ഭഗവാൻ ഒരു ഗുഹയിലടച്ചു. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: അഹേ!, കഷ്ടം!, ദേവലോകത്തിന്റെ അധിപനായ ഇന്ദ്രന്റെ അവസ്ഥ എത്ര ദയനീയമായിരിക്കുന്നു!. മഹാപണ്ഡിതനും അതിശക്തനും ബൃഹസ്പതിയെ ഗുരുവായി സ്വീകരിച്ചവനുമാണെങ്കിൽപ്പോലും, ആത്മീയതയിൽ അദ്ദേഹം ഒന്നുമല്ലാതായിരിക്കുന്നു. ഗുരു ബൃഹസ്പതിക്കുപോലും ഇന്ദ്രനെ നേരാംവണ്ണം ഉപദേശിക്കുവാൻ കഴിഞ്ഞില്ലെന്നുള്ളതു മഹാകഷ്ടംതന്നെ. ഭഗവാൻ ഹരി വാമനവേഷത്തിൽ ഇന്ദ്രനെ സമീപിക്കുകയുണ്ടായി. ആ മഹാഭാഗ്യത്തെ അറിയാതെയും, അവനിൽ ഭക്തിയുണ്ടാകുവാനുള്ള അനുഗ്രഹത്തെ ചോദിക്കാതെയും, ആ കാരുണ്യമൂർത്തിയെ എന്റടുക്കലേക്കയച്ച്, എന്നിൽനിന്നും മൂലോകങ്ങളേയും തട്ടിയെടുത്തു, അതിന്റെ ഭോഗത്തെ കാംക്ഷിച്ചിരിക്കുന്നു. ഏത് സാമ്രാജ്യം വെട്ടിപ്പിടിച്ചാലും അത് അനന്തമായ കാലത്തിന്റെ കണികയാകുന്ന ഒരു മന്വന്തരത്തിനുമുകളിൽ നിലനിൽക്കുകയില്ല. എന്റെ പിതാമഹനായ പ്രഹ്ലാദമഹാരാജാവ് മാത്രമാണു യഥാർത്ഥത്തിൽ ഭൌതികതയുടെ ഈ നിസ്സാരതെ തിരിച്ചറിഞ്ഞ ഏക വ്യക്തി. അദ്ദേഹത്തിന്റെ അച്ഛൻ, ഹിരണ്യകശിപുവിന്റെ നിധനത്തിനുശേഷം, നരസിംഹമൂർത്തി അദ്ദേഹത്തെ രാജ്യാഭിഷേകം ചെയ്യിക്കുവാനും അതുപോലെ, ഭൌതികബന്ധനങ്ങളിൽനിന്നും എന്നെന്നേയ്ക്കുമായി മുക്തനാക്കുവാനും ആഗ്രഹിച്ചു. എന്നാൽ, പ്രഹ്ലാദനാകട്ടെ, രണ്ടിലും താല്പര്യമുണ്ടായിരുന്നില്ല. മോക്ഷവും ഭൌതിക ഐശ്വര്യങ്ങളും രണ്ടും ഭക്തിയ്ക്ക് തടസ്സം നിൽക്കുന്നവയാണു. അതല്ല യഥാർത്ഥത്തിൽ ഭഗവദ്കാരുണ്യമെന്ന് പ്രഹ്ലാദൻ തിരിച്ചറിഞ്ഞിരുന്നു. തത്ഫലമായി, കർമ്മജ്ഞാനഫലങ്ങളെ സ്വീകരിക്കുന്നതിനുപകരം അദ്ദേഹം എപ്പോഴും ഭഗവദ്ദാസനായി കഴിയാനുള്ള അനുഗ്രഹം മാത്രമായിരുന്നു ചോദിച്ചിരുന്നതു. എന്നാൽ, വിഷയികളും ത്രിഗുണങ്ങൾക്കടിപ്പെട്ടവരും ഭഗവദ്ക്കാരുണ്യം കുറഞ്ഞവരുമായ ഞങ്ങൾക്ക് പ്രഹ്ലാദമഹാരാജാവിനെപ്പോലെയാകാൻ എങ്ങനെ കഴിയും?.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, എങ്ങനെയാണു മഹാബലിയുടെ മഹിമകളെ വാഴ്ത്തേണ്ടതെന്നെനിക്കറിയില്ല. മൂലോകങ്ങളുടേയും നാഥനും, ഭക്തവത്സലനുമായ ഭഗവാൻ ഹരി മഹാബലിയുടെ മുന്നിൽ ഗദാധാരിയായി നിൽക്കുന്നു. ശക്തനായ രാവണാസുരൻ മഹാബലിയെ ജയിക്കുവാൻ വന്ന സമയത്ത്, വാമനമൂർത്തി രാവണനെ എൺപതിനായിരം മൈൽ ദൂരത്തേക്ക് തന്റെ കാൽവിരൽകൊണ്ട് തട്ടിയെറിയുകയുണ്ടായി. ആ കഥ ഞാൻ അങ്ങയോട് പിന്നീട് പറയുന്നതാണു.

ഹേ പരീക്ഷിത്ത് രാജാവേ!, സുതലത്തിനുതാഴെ തലാതലമാണു. അവിടെ മായാവിയായ മയൻ എന്ന ദാനവൻ വസിക്കുന്നു. മയൻ മായാവികളുടെ ഗുരുവാണു. ഒരിക്കൽ മൂലോകങ്ങളുടേയും ക്ഷേമത്തിനായി മഹാദേവൻ മയന്റെ മൂന്ന് പുരങ്ങളും ചുട്ടുകരിച്ചു. പിന്നീട് മയനിൽ സമ്പ്രീതനായ മഹാദേവൻ ആ പുരങ്ങളെ അവന് തിരിച്ചുനൽകുകയും ചെയ്തു. അന്നുമുതൽ മയൻ ശ്രീപരമേശ്വരന്റെ ഭക്തനായി കഴിയുന്നു. എന്നാൽ, ഹരനിൽ ആശ്രയം കൊണ്ടതോടെ ഇനി മേലിൽ തനിക്ക് ഹരിയുടെ സുദർശനത്തെ പേടിക്കേണ്ടതില്ലെന്ന് മയൻ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

തലാതലത്തിനുകീഴേ മഹാതലമാണുള്ളതു. അവിടം കദ്രുവിന്റെ പരമ്പരയിലെ ബഹുഫണികളായ നാഗങ്ങൾ വസിക്കുന്നു. അവർ സദാ കോപാകുലരാണു. അവരിൽ പ്രമുഖർ കുഹകൻ, കാളിയൻ, സുഷേണൻ എന്നിവരാണു. അവർ അവിടെ എപ്പോഴും ഗരുഢനെ ഭയന്നു ജീവിക്കുന്നു. എങ്കിലും ഉത്കണ്ഠാകുലരായ അവരിൽ ചിലർ പുത്രദാരബന്ധുമിത്രാദികളോടൊത്ത് ജീവിതം ആസ്വദിക്കുന്നതായും കാണപ്പെടുന്നു.

മഹാതലത്തിനുകീഴായി രസാതലം നിലകൊള്ളുന്നു. അവിടെ ദിതിയുടേയും ദനുവിന്റേയും മക്കൾ ദൈത്യദാനവാദികൾ വസിക്കുന്നു. അവരെ പണി, നിവാതകവചം, കാലേയം, ഹിരണ്യപുരവാസി എന്നിങ്ങനെ വിളിക്കപ്പെടുന്നു. അവരെല്ലാം ദേവന്മാരുടെ ശത്രുക്കളാണു. അവരും നാഗങ്ങളെപ്പോലെ പുനങ്ങളിൽ പാർക്കുന്നു. ജന്മനാൽത്തന്നെ അതിശക്തരും ദുഷ്ടരുമാണു ഇക്കൂട്ടർ. എത്ര കരുത്തുറ്റവരാണെങ്കിലും അവർ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ ഒരിക്കൽ ഇല്ലാതെയാകുന്നു. അവർക്കുള്ള ഒരു പ്രത്യേകതയെന്നത്, ഇന്ദ്രലോകത്തിലെ സരമ എന്ന അപ്സരസ്സിന്റെ ശാപവചനം കേൾക്കുന്ന മാത്രയിൽ സർപ്പാകൃതികളായ ഇവർ ഇന്ദ്രനെ ഭയക്കാൻ തുടങ്ങുന്നു, എന്നുള്ളതാണു.

രസാതലത്തിനുതാഴെ നാഗലോകമെന്നറിയപ്പെടുന്ന പാതാളമാണു. അവിടെ വസിക്കുന്നത് ആസുരീസർപ്പങ്ങളായ വാസുകി, ശംഖൻ, കുലികൻ, മഹാശംഖൻ, ശ്വേതൻ, ധനഞ്ജയൻ, ധൃതരാഷ്ട്രൻ, ശംഖചൂഢൻ, കംബലൻ, അശ്വതരൻ, ദേവദത്തൻ എന്നിവരാണു. അവരിൽ മുഖ്യമായത് വാസുകിയത്രേ. ഈ നാഗങ്ങൾക്ക് ധാരാളം ഫണങ്ങളുണ്ടു. അഞ്ചിൽ തുടങ്ങി ആയിരക്കണക്കിന് ഫണങ്ങളുള്ള നാഗങ്ങൾ അവിടെയുണ്ടെന്നറിയുക. അവയിൽ അമൂല്യങ്ങളായ രത്നങ്ങൾ ഒളിഞ്ഞിരിക്കുന്നു. അതിൽനിന്നുമുതിരുന്ന തേജസ്സ് ഈ ബിലസ്വർഗ്ഗത്തെ മുഴുവൻ പ്രകാശമാനമാക്കുന്നു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിനാലാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





Place of Rahu and other seven lower planets.

2019, ജൂലൈ 11, വ്യാഴാഴ്‌ച

5.23 ശിശുമാരചക്രവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 23
(ശിശുമാരചക്രവർണ്ണനം)

ശ്രീശുകബ്രഹ്മർഷി ചൊന്നു: ഹേ രാജൻ!, സപ്തർഷികളുടെ ലോകങ്ങളിൽനിന്നും പതിമൂന്ന് ലക്ഷം യോജന മുകളിലാണു ഭഗവാൻ വിഷ്ണുവിന്റെ ആസ്ഥാനമുള്ളതു. ഉത്താനപാദമഹാരാജാവിന്റെ പുത്രനായ ധ്രുവൻ അവിടെ അഗ്നി, ഇന്ദ്രൻ, പ്രജാപതി, കശ്യപൻ, ധർമ്മദേവൻ എന്നിവരാൽ സുസേവ്യനായി ഭഗവാൻ ഹരിയെ സേവിച്ചുകൊണ്ട് കലപാന്തത്തോളം വസിക്കുന്നു. അവർ ഭഗവാനെ സർവ്വദാ വലം വച്ചുകൊണ്ടിരിക്കുന്നു. ധ്രുവമഹാരാജാവിന്റെ മഹിമയെക്കുറിച്ചു ഞാൻ അങ്ങയോട് മുമ്പ് പറഞ്ഞിട്ടുള്ളതാണല്ലോ!. ഭഗവദിച്ഛയാൽ നിയോഗിതമായി ധ്രുവഗ്രഹം സകല ജ്യോതിർഗ്ഗോളങ്ങളുടേയും കേന്ദ്രസ്ഥാനമായിക്കൊണ്ട്, സർവ്വദാ പ്രകാശിക്കുന്നു. കണ്ണിമവെട്ടാതെയും അവ്യക്തവേഗത്തോടുകൂടിയതുമായ കാലം കാരണമായി, ഈ സകല ജ്യോതിർഗ്ഗോളങ്ങളും ധ്രുവഗ്രഹത്തെ ഇടതടവില്ലാതെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു. മെതികുറ്റിയിൽ ബന്ധിക്കപ്പെട്ട മെതിക്കാളകൾ അവയുടെ നിശ്ചിതസ്ഥാനത്തിൽ നിന്നും വ്യതിചലിക്കാതെ ചുറ്റിത്തിരിയുന്നു. അവയിൽ ഒരെണ്ണം മെതിക്കുറ്റിക്കടുത്തായും, മറ്റൊന്നു ഒത്തനടുവിലും, പിന്നൊന്ന് ഏറ്റവും വെളിയിലുമായി ബന്ധക്കപ്പെട്ടിരിക്കുന്നു. അതുപോലെ, സകല ഗ്രഹങ്ങളും നക്ഷത്രങ്ങളും തങ്ങളുടെ നിശ്ചിതമായ അച്ചുതണ്ടിൽ ധ്രുവഗ്രഹത്തിനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രാരബ്ദകർമ്മഫലാനുസരണം ഭഗവദിച്ഛയാൽ ആവർത്തവായുവിനു വിധേയരായി കല്പം കഴിയുവോളം ഈ ജ്യോതിർഗ്ഗോളങ്ങളെല്ലാം ധ്രുവഗ്രഹത്തിനെ വലം വയ്ക്കുന്നു. മേഘങ്ങളും പരുന്തുകൾ മുതലായ പക്ഷികളും തങ്ങളുടെ പ്രാരബ്ദം തെളിച്ചുകാട്ടുന്ന മാർഗ്ഗങ്ങളിലൂടെ ആകാശത്തിന്റെ അഗാധതയിൽ ചലിക്കുന്നതുപോലെ, ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും അന്തരീക്ഷത്തിൽനിന്നും താഴേയ്ക്കുപതിക്കാതെ അവിടെ ഒഴുകിനടക്കുന്നു. ഭഗവാൻ വാസുദേവന്റെ യോഗസാധനാനിഷ്ഠയിൽ ചില യോഗികൾ ഈ മഹത്തായ ഈ ജ്യോതിശ്ചക്രത്തെ ശിശുമാരമെന്ന ജലജന്തുവിനെപ്പോലെ ഉപമിക്കുന്നു. തല കീഴോട്ടാക്കിയിട്ടിരിക്കുന്നതും വലയാകൃതിയിലുള്ളതുമാണ് ശിശുമാരചക്രത്തിന്റെ രൂപം. അതിന്റെ വാലിൻ തുമ്പത്ത് ധ്രുവലോകം കല്പിതമായിരിക്കുന്നു. വാൽത്തണ്ടയിൽ ദേവന്മാരുടേയും പ്രജാപതിയുടേയും അഗ്നിദേവന്റേയും ഇന്ദ്രദേവന്റേയും ധർമ്മദേവന്റേയും സ്ഥാനമാണു. വാലിന്റെ കടയ്ക്കലായിട്ടാണ് ധാതാവിധാതാക്കളുടെ ലോകങ്ങൾ. ശിശുമാരചക്രത്തിന്റെ കടിപ്രദേശത്തിൽ വസിഷ്ഠാദി സപ്തർഷികൾ പ്രതിഷ്ഠിതമായിരിക്കുന്നു. വലതുവശത്തേക്ക് ചരിഞ്ഞുള്ള അതിന്റെ ശരീരത്തിൽ അഭിജിത്തു മുതൽ പുണർതം വരെയുള്ള നക്ഷത്രരാശികൾ കുടികൊള്ളുന്നു. അപ്രകാരം, പൂയം മുതൽ ഉത്രാടം വരെയുള്ള നക്ഷത്രങ്ങൾ അതിന്റെ ഇടതുവശത്തായും കല്പിതമായിരിക്കുന്നു. അങ്ങനെ ഈ നക്ഷത്രസമൂഹങ്ങൾ തുല്യസംഖ്യയിൽ ശിശുമാരചക്രത്തിന്മേൽ സുസ്ഥാപിതമായിരിക്കുന്നു. പൃഷ്ഠഭാഗത്തായി അജവീഥി എന്നു വിശേഷിപ്പിക്കപ്പെടുന്ന നക്ഷത്രങ്ങളും, ഉദരഭാഗത്തിൽ ആകാശഗംഗയും കല്പിതമായിരിക്കുന്നു.

പുണർതം, പൂയം എന്നീ നക്ഷത്രങ്ങൾ ഈ ചക്രത്തിന്റെ വലത്തും ഇടത്തുമായ ശ്രോണീദേശങ്ങളിലും; തിരുവാതിര, ആയില്യം എന്നിവ വലതും ഇടതുമായ പിൻകാലുകളിലും; അഭിജിത്ത്, ഉത്രാടം എന്നിവ വലതും ഇടതുമായ നാസികാദ്വരങ്ങളിലും; തിരുവോണം, പൂരാടാം എന്നീ നക്ഷത്രങ്ങൾ വലതും ഇടതുമായ കണ്ണുകളിലും; അവിട്ടം, മൂലം എന്നിവ വലതുമിടതുമായ കാതുകളിലും; മകം മുതൽ അനിഴം വരെയുള്ള എട്ട് ദക്ഷിണായനനക്ഷത്രങ്ങൾ         ഇടത്തേവാരിയെല്ലുകളിലും; അപ്രകാരംതന്നെ, മകയിരം മുതൽ പൂരുരുട്ടാതി വരെയുള്ള ഉത്തരായനനക്ഷത്രങ്ങൾ അതിന്റെ വലത്തേ വാരിയെല്ലുകളിലും; ചതയം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ യഥാക്രമം ശിശുമാരചക്രത്തിന്റെ വലതും ഇടതുമായുള്ള തോളുകളിലും കല്പിതമായിരിക്കുന്നു. അഗസ്ത്യൻ ഈ ചക്രത്തിന്റെ മുകൾത്താടിയിലും, യമരാജൻ കീഴ്ത്താടിയിലും, ചൊവ്വ മുഖത്തും, ശനി ഗുഹ്യദേശങ്ങളിലും, കഴുത്തിന്റെ പിൻവശത്ത് വ്യാഴവും, വക്ഷസ്സിൽ ആദിത്യനും, നാരായണൻ ഹൃദയത്തിലും, ചന്ദ്രൻ മനസ്സിലും, ശുക്രൻ നാഭീദേശത്തിലും, അശ്വിനീദേവന്മാർ നെഞ്ചിന്റെ ഇരുവശങ്ങളിലായും, ബുധനാകട്ടെ, പ്രാണൻ, അപാനൻ എന്നീ വായുക്കളിലും, രാഹു കണ്ഠത്തിലും, കേതു സകല അവയവങ്ങളിലും, മറ്റു നക്ഷത്രങ്ങൾ ശിശുമാരചക്രത്തിന്റെ രോമങ്ങളിലും പ്രതിഷ്ഠിതമായിരിക്കുന്നു.

ഹേ രാജൻ!, മേൽപ്പറഞ്ഞ ശിശുമാരചക്രത്തെ ഭഗവാന്റെ വിരാട്രൂപമായി അറിയുക. സന്ധ്യാസമയങ്ങളിൽ ആ രൂപത്തെ ഇങ്ങനെ പ്രാർത്ഥിക്കുക: കാലസ്വരൂപനും സകലഗ്രഹങ്ങളുടേയും ആശ്രയസ്ഥാനവുമായ ഹേ ദേവാദിദേവാ!, അവിടുത്തേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങയെ ഞങ്ങളിതാ ധ്യാനിച്ചുകൊള്ളുന്നു.

ഹേ പരീക്ഷിത്തേ!, ഭഗവാന്റെ ശിശുമാരരൂപം സകല ദേവന്മാരുടേയും ഗ്രഹങ്ങളുടേയും മറ്റു നക്ഷത്രങ്ങളുടേയും ആധാരദേശവും ആശ്രയസ്ഥാനവുമാണു. ത്രിസന്ധ്യകളിൽ ഈ രൂപത്തെ സ്മരിക്കുന്നതിലൂടെ ഒരുവന്റെ സർവ്വപാപങ്ങളും നശിക്കുന്നു. 


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Sisumara Chakram

2019, ജൂലൈ 9, ചൊവ്വാഴ്ച

5.22 ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 22
(ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ)


പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകനോടു ചോദിച്ചു: ഹേ പ്രഭോ!, സൂര്യഭഗവാൻ ധ്രുവലോകത്തിനും സുമേരുവിനും ചുറ്റുമായി പ്രദക്ഷിണഭാവത്തിൽ സഞ്ചരിക്കുന്നുവെന്നും, അതുപോലെ അവൻ മറ്റു നക്ഷത്രസമൂഹങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അപ്രദക്ഷിണഭാവത്തിൽ ചലിക്കുന്നുവെന്നും അങ്ങു പറയുകയുണ്ടായി. ഹേ ഗുരോ!, ഈ സത്യത്തെ എങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കേണ്ടതു?.

ശ്രീശുകബ്രഹ്മമഹർഷി മറുപടിയായി പറഞ്ഞു: ഹേ രാജൻ! ഒരു കുലാലചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിലകപ്പെട്ടുപോകുന്ന ഉറുമ്പു മുതലായ ചെറുപ്രാണികളും അതിനോടൊപ്പം ചലിക്കുന്നു. എന്നാൽ അവ ആ ചക്രത്തിലെ പലയിടങ്ങളിലായിക്കാണപ്പെടുന്നു. കാരണം, അവയുടെ ചലനം ചക്രത്തിന്റെ ചലനത്തിനു വ്യത്യസ്ഥമായിട്ടാണ് സംഭവിക്കുന്നതു. അതുപോലെ കാലചക്രത്തിലകപ്പെട്ടുപോയിരിക്കുന്ന സൂര്യാദിഗ്രഹങ്ങളും അതിനോടൊപ്പം ചലിക്കുന്നു. എന്നാൽ, സൂര്യനും മറ്റു ഗ്രഹങ്ങളും വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ സ്ഥാനങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ട് സൂര്യാദി ഗ്രഹങ്ങളുടെ ചലനം കാലചക്രത്തിനു വ്യത്യസ്ഥമാണെന്നുള്ളതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഭഗവാൻ നാരായണനാണിവിടെ ഈ പ്രപഞ്ചത്തിന്റെ പരമകാരണം. വൻ വേദപണ്ഡിതന്മാരുടേയും യോഗികളുടേയും പ്രാർത്ഥനയെ മാനിച്ച് സൂര്യന്റെ രൂപത്തിൽ സമസ്ത ജീവരാശികളുടേയും ക്ഷേമത്തിനും കർമ്മശുദ്ധിക്കായും പ്രപഞ്ചത്തിൽ അവതരിച്ചു. തുടർന്ന് സ്വയം പന്ത്രണ്ടായി തരം തിരിഞ്ഞ് വസന്താദിഋതുക്കളെ സൃഷ്ടിച്ചിരിക്കുന്നു. നാലു വർണ്ണങ്ങളുടേയും നാലു ആശ്രമങ്ങളുടേയും അടിസ്ഥാനത്തിൽ ഭഗവാനെ മനുഷ്യൻ സൂര്യനാരായണഭാവത്തിൽ ആരാധിക്കുന്നു. വേദോക്തങ്ങളായ അഗ്നിഹോത്രാദി മഹായജ്ഞങ്ങളെ ചെയ്ത് അവർ ശ്രദ്ധാഭക്തിസമന്വിതം അവനെ ആരാധിച്ചുകൊണ്ട് ഒടുവിൽ മുക്തിയെ പ്രാപിക്കുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, പ്രപഞ്ചത്തിൽ സ്വർല്ലോഗത്തിന്റേയും ഭൂലോകത്തിന്റേയും അന്തരാളത്തിൽ സൂര്യദേവൻ സ്ഥിതി ചെയ്യുന്നു. കാലചക്രത്തിൽ പന്ത്രണ്ടുമാസങ്ങൾ സഞ്ചരിച്ചുകൊണ്ട് അവൻ പന്ത്രണ്ട് രാശികളേയും കടന്നുപോകുകയും അതനുസരിച്ച് പന്ത്രണ്ടു നാമങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഈ പന്ത്രണ്ട് മാസങ്ങളുടെ കൂട്ടത്തെ ഒരു സംവത്സരം എന്നു പറയുന്നു. ചാന്ദ്രമാനപ്രകാരം, രണ്ടുപക്ഷങ്ങൾ ചേർന്ന് ഒരു മാസമുണ്ടായിരിക്കുന്നു. പ്രസ്തുതസമയം എന്നത് പിതൃലോകത്തിലെ ഒരു ദിനരാത്രമാണെന്നറിയുക. എന്നാൽ, സൌരമാനപ്രകാരം, ഒരു മാസക്കാലമെന്നത് രണ്ടേകാൽ ഞാറ്റുവേലയാണെന്നും ധരിക്കുക. സൂര്യദേവന്റെ രണ്ടുമാസത്തെ സഞ്ചാരവേളകൊണ്ട് ഋതുക്കമാറിമാറിവരുന്നു. അതുകൊണ്ട്, ഋതുക്കൾ സംവത്സരത്തിന്റെ വിവിധ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നു. നഭോവീഥിയുടെ പകുതിഭാഗം ഭ്രമണം ചെയ്യുവാൻ സൂര്യദേവനെടുക്കുന്ന സമയത്തെ ഒരു അയനം എന്നു വിശേഷിപ്പിക്കുന്നു. സൂര്യൻ ധ്രുതഗതിയിലും, മന്ദഗതിയിലും മിതഗതിയിലും സഞ്ചരിക്കുന്നു. സൂര്യദേവൻ ഇങ്ങനെ പ്രപഞ്ചത്തിൽ ചുറ്റിത്തിരിയുന്ന പ്രതിഭാസത്തിന് പണ്ഡിതന്മാർ സംവത്സരം, പരിവത്സരം, ഇഢാവത്സരം, അനുവത്സരം, വത്സരം എന്നിങ്ങനെ അഞ്ചു നാമങ്ങൾ നൽകിയിരിക്കുന്നു.

ഹേ രാജൻ!, സൂര്യന്റെ പ്രഭാമണ്ഡലത്തിനു ഒരു ലക്ഷം യോജന മുകളിൽ ചന്ദ്രൻ സ്ഥിതിചെയ്യുന്നു. ചന്ദ്രൻ സൂര്യനേക്കാൾ അതികവേഗത്തിലാണു കറങ്ങിക്കൊണ്ടിരിക്കുന്നതു. സൂര്യദേവൻ ഒരുവർഷക്കാലം കൊണ്ട് സഞ്ചരിക്കുന്ന ദൂരം ചന്ദ്രൻ രണ്ടു പക്ഷങ്ങൾകൊണ്ട് സഞ്ചരിക്കുന്നു. സൂര്യന്റെ ഒരു മാസത്തെ ചലനം ചന്ദ്രൻ രണ്ടേകാൽ ദിവസം കൊണ്ട് പൂർണ്ണമാക്കുന്നു. അതുപോലെ, സൂര്യദേവൻ ഒരു പക്ഷത്തിൽ ചെയ്യുന്ന യാത്രയെ ചന്ദ്രൻ ഒരു ദിവസം കൊണ്ട് തീർക്കുന്നു. കറുത്ത പക്ഷത്തിൽ ദിനം തോറും കൂടുതൽ കൂടുതൽ തിളങ്ങിക്കൊണ്ട് ദേവകൾക്ക് ദിനവും അതുപോലെ പിതൃക്കൾക്ക് രാത്രിയും ചന്ദ്രൻ പ്രദാനം ചെയ്യുന്നു. അതുപോലെതന്നെ വെളുത്തപക്ഷത്തിൽ കകൾ കുറഞ്ഞു കുറഞ്ഞു    ദേവകൾക്ക് രാത്രിയും പിതൃക്കൾക്ക് പകലും സമ്മാനിക്കുന്നു. അതുവഴി സകലഭൂതങ്ങൾക്കും ജീവനായും ജീവനഹേതുവുമായുമിരിക്കുന്ന ചന്ദ്രൻ മുപ്പതു മുഹൂർത്തം കൊണ്ട് ഓരോ നക്ഷത്രങ്ങളേയും കടന്നുപോകുന്നു. പതിനാറുകലകളുള്ള ഈ ചന്ദ്രൻ സകലഭൂതങ്ങളുടേയും മനസ്സിനെ സ്വാധീനിക്കുന്നതുകൊണ്ട് അവനെ മനോമയനെന്നും, സകല ജീവജാലങ്ങൾക്കും ഊർജ്ജത്തെ നൽകുന്നതിനാൽ അന്നമയനെന്നും അമൃതമയനെന്നും പറയുന്നു. ദേവന്മാർക്കും പിതൃക്കൾക്കും മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ഉരഗങ്ങൾക്കും മരങ്ങൾക്കും ചെടികൾക്കും മറ്റു സകലഭൂതങ്ങൾക്കും സർവ്വവുമായിരിക്കുന്ന ചന്ദ്രദേവനെ ജ്ഞാനികൾ സർവ്വമയനെന്നും ഘോഷിക്കുന്നു. ചന്ദ്രന് രണ്ടുലക്ഷം യോജന മുകളിൽ ഏതാനും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു. അവ സൂര്യദേവന്റെ ചലനഗതിയ്ക്ക് വിരുദ്ധമായി കാലചക്രത്തിൽ സുമേരുവിനെ വലം ചുറ്റി സഞ്ചരിക്കുന്നു. ഈ നക്ഷത്രങ്ങൾ അഭിജിത്തടക്കം ഇരുപത്തിയെട്ടാണെന്നറിയുക.

ഹേ രാജൻ!, ഈ നക്ഷത്രസമൂഹങ്ങൾക്ക് പിന്നെയും രണ്ടുലക്ഷം യോജന മുകളിലാണ് ശുക്രഗ്രഹം സ്ഥിതിചെയ്യുന്നതു. അത് ചിലപ്പോൾ സൂര്യനു മുമ്പായോ പിന്നിലായോ ഒപ്പമായോ സഞ്ചരിക്കുന്നു. മഴതടയുന്ന ഗ്രഹങ്ങളുടെ സ്വാധീനത്തെ ശുക്രൻ ഇല്ലാതെയാക്കുന്നു. കൂടാതെ, മഴയ്ക്ക് കാരണക്കാരനായും വർത്തിക്കുന്ന ഈ ഗ്രഹത്തെ ജീവഭൂതങ്ങൾക്ക് ഉപകാരപ്രദമായ ശുഭഗ്രഹമായി പണ്ഡിതന്മാർ കണക്കാക്കുന്നു.

വീണ്ടും രണ്ടുലക്ഷം യോജനമുകളിൽ ബുധൻ നിലകൊള്ളുന്നു. ഈ ഗ്രഹവും കാലചക്രത്തിൽ സൂര്യനോടൊപ്പമോ മുൻപായോ പിൻപായോ സഞ്ചരിക്കുന്നു. സോമപുത്രനായ ബുധൻ പൊതുവേ ശുഭകാരകനാണു. എന്നാൽ, സൂര്യനിൽ നിന്നകന്നു നിൽക്കുന്ന സമയം, അത് പേമാരി, കൊടുംകാറ്റ്, അനാവൃഷ്ടി മുതലായ വിപത്തുകളെ സൂചിപ്പിക്കുന്നു. ബുധനുമേൽ രണ്ടുലക്ഷം യോജനയകലെ ചൊവ്വ എന്ന ഗ്രഹം സ്ഥിതിചെയ്യുന്നു. ഈ ഗ്രഹത്തിന്റെ വക്രഗതി അഭിവർത്തിക്കാത്തപക്ഷം ഇത് മുമ്മൂന്നു പക്ഷങ്ങൾകൊണ്ട് എല്ലാ നക്ഷത്രരാശികളേയും കടന്നുപോകുന്നു. ഇത് ജീവഭൂതങ്ങളെ സംബന്ധിച്ച് ഒരു പാപഗ്രഹമായി വർത്തിക്കുന്നു. ചൊവ്വയ്ക്ക് ഉപരിതലത്തിൽ രണ്ടുലക്ഷം യോജന മാറി ദേവഗുരുവായ വ്യാഴൻ കുടികൊള്ളുന്നു. ഓരോ പരിവത്സരംകൊണ്ട് വ്യാഴഓരോ രാശിയെ മറികടക്കുന്നു. വക്രഗതിയിൽ സഞ്ചരിക്കാത്തപക്ഷം വ്യാഴഗ്രഹം ബ്രാഹ്മണജനങ്ങൾക്കുപാകാരപ്രനായി മാറുന്നു. അതിനുമുകളിലായി രണ്ടുലക്ഷം യോജന ദൂരെ സ്ഥിതിചെയ്യുന്ന ശനി മൂന്നുമാസക്കാലംകൊണ്ട് ഒരു രാശിയെ കടന്നുപോകുന്നു. അങ്ങനെ മുപ്പത് അനുവത്സരം കൊണ്ട് ശനി എല്ലാ രാശികളേയും യഥാക്രം കടന്നുപോകുന്നുവെന്നറിയുക. സാധാരണയായി എല്ലാവർക്കും ശനിഗ്രഹം അശാന്തി സമ്മാനിക്കുന്നുവനാണു.

ഹേ പരീക്ഷിത്ത് രാജൻ!, ശനിഗ്രഹത്തിന് പതിനൊന്നുലക്ഷം യോജന മുകളിലാണു സപ്തർഷികളുടെ ലോകം. അവർ ലോകത്തിന്റെ ക്ഷേമത്തെ അനുഭാവനം ചെയ്തുകൊണ്ട് ഭഗവാൻ വിഷ്ണുവിന്റെ പരമപദസ്ഥാനമായ ധ്രുവമണ്ഡലത്തെ സർവ്വദാ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





The system of travel of planets 


2019, ജൂലൈ 5, വെള്ളിയാഴ്‌ച

5.21 സൂര്യചലനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 21
(സൂര്യചലനം)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇപ്പോൾ ഞാനങ്ങയോട് പ്രതിപാദിച്ചത് പണ്ഡിതമതമനുസരിച്ചുള്ള ഈ ലോകത്തിന്റെ അളവുകളും ലക്ഷണങ്ങളും അതിന്റെ പ്രത്യേകതകളുമാണു. രണ്ടായി വിഭജിച്ച ഒരു ധാന്യമണിയുടെ ഒരു ഭാഗത്തെ പരിശോധിച്ചുകൊണ്ട് മറുഭാഗത്തെക്കുറിച്ച് അനുമാനിക്കാമെന്നതുപോലെ, പണ്ഡിതന്മാർ ദിവമണ്ഡലത്തെ മനസ്സിലാക്കിക്കൊണ്ട് അതിന്റെ മറുപകുതിയേയും ഉള്ളവണ്ണം അളന്നുതിരിച്ചിരിക്കുന്നു. ഭൂമിയിൽനിന്നും മുകളിലേക്കുള്ള ഭാഗത്തെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കുന്നു. അവിടെയാണ് പരംതേജോമയനായ സൂര്യഭഗവാൻ ഇരുന്നരുളുന്നതു. തന്റെ താപം കൊണ്ടും പ്രകാശം കൊണ്ടും അവൻ ഈ പ്രപഞ്ചത്തെ ഓജസ്സുറ്റതാക്കിമാറ്റുന്നു. ഭഗവദാദേശത്താൽ സൂര്യൻ പതുക്കെയും വേഗത്തിലും മിതമായും യഥോചിതം ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ തന്റെ ചലനത്തിനിടയിൽ മകരാദി രാശികളെ കണ്ടുമുട്ടുന്നു. അവന്റെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിൽ ദിനരാത്രങ്ങളുടെ ദൈർഘ്യം കൂടുകയോ കുറയുകയോ അഥവാ തുല്യമായിരിക്കുകയോ ചെയ്യുന്നു. സൂര്യൻ മേടം, തുലാം രാശിയിലൂടെ കടന്നുപോകുമ്പോൾ ദിനരാത്രങ്ങൾ തുല്യദൈഘ്യങ്ങളുള്ളവയാകുന്നു. പിന്നീട് ഇടവം രാശിയിലൂടെ കർക്കിടരാശി കഴിയുന്നതുവരെയുള്ള അഞ്ചു രാശികളിൽ പകലിന്റെ ദൈഘ്യം കൂടുകയും, അവിടെനിന്നും വീണ്ടും തുലാം രാശിയിൽ ദിനരാത്രങ്ങൾ സമമാകുന്നതുവരെ പകലിന്റെ ദൈർഘ്യം കുറഞ്ഞു രാത്രിസമയം കൂടികൂടിവരികയും ചെയ്യുന്നു. അതുപോലെതന്നെ, വൃശ്ചികം രാശിയിൽ തുടങ്ങി മകരം രാശി കഴിയുന്നതുവരെയുള്ള അഞ്ചു രാശികളിൽ പകലിന്റെ ദൈഘ്യം കുറയുകയും, അവിടെനിന്നും വീണ്ടും മേടം രാശിയിൽ ദിനരാത്രങ്ങൾ സമമാകുന്നതുവരെ പകലിന്റെ ദൈർഘ്യം കൂടി രാത്രിസമയം കുറഞ്ഞുവരികയും ചെയ്യുന്നു. അതായത്, ദക്ഷിണായനത്തിൽ ദിനദൈർഘ്യം കൂടുകയും ഉത്തരായനത്തിൽ രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നുവെന്നു സാരം.


ഹേ രാജൻ!, ഒമ്പതുകോടി അമ്പത്തൊന്നു ലക്ഷം യോജന വരുന്ന മാനസോത്തരപർവ്വതത്തിനുചുറ്റും സൂര്യദേവൻ ഭ്രമണം ചെയ്യുന്നുവെന്നാണു പണ്ഡിതന്മാരുടെ അഭിപ്രായം. മാനസോത്തരപർവ്വതത്തിൽ സുമേരുവിന് നേർ കിഴക്കായി ഇന്ദ്രന്റെ ആസ്ഥാനമായ ദേവധാനിയും, തെക്കുവശത്ത് യമരാജന്റെ നഗരമായ സംയമനിയും, പടിഞ്ഞാറ് വരുണന്റെ പട്ടണം നിമ്ലോചനയും, വടക്കായി ചന്ദ്രന്റെ നഗരം വിഭാവരിയും സ്ഥിതിചെയ്യുന്നു. അങ്ങനെ എല്ലായിടവും യഥാസമയങ്ങളിൽ പകലും രാത്രിയും വന്നുപോകുകയും ജീവഭൂതങ്ങൾ അതിനനുസരിച്ച് യഥാക്രമം തങ്ങളുടെ ദൈനംദിനകർമ്മങ്ങളിൽ ഏർപ്പെടുകയും അതിൽനിന്ന് വിരമിക്കുകയും ചെയ്യുന്നു. സുമേരുപർവ്വതമേഖലയിൽ സൂര്യൻ സദാസമയവും ഉച്ഛസ്ഥനായിത്തന്നെ നിലകൊള്ളുന്നു. നക്ഷത്രങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് സുമേരുപർവ്വതത്തെ ഇടംചുറ്റുന്ന സൂര്യൻ പ്രദക്ഷിണാവർത്തവായുവിന്റെ സ്വാധീനത്താൽ യഥാർത്ഥത്തിൽ വലം ചുറ്റുകയാണു സംഭവിക്കുന്നതു. സൂര്യന്റെ ഉദയാസ്തമനങ്ങളും അവന്റെ പ്രകാശകിരണങ്ങളുടെ സാന്നിധ്യത്തേയും അസാന്നിധ്യത്തേയും മാനദണ്ഡമാക്കിക്കൊണ്ടുമാത്രം കണക്കാക്കാവുന്ന വസ്തുതയാണു. യഥാർത്ഥത്തിൽ സൂര്യന് ഉദയമോ അസ്തമനമോതന്നെ ഇല്ലെന്നറിയുക. ഇന്ദ്രന്റെ നഗരമായ ദേവധാനിയിൽനിന്നും യമദേവന്റെ നഗരമായ സംയമനിയേലേക്ക് സൂര്യൻ സഞ്ചരിച്ചെത്തുന്ന ദൂരമായ രണ്ടുകോടി മുപ്പത്തിയേഴ് ലക്ഷത്തിയെഴുപത്തിയയ്യായിരം യോജകൾ താണ്ടുവാൻ വേണ്ട സമയം വെറും ആറു മണിക്കൂർ മാത്രമാണു. സംയമനിയിൽ നിന്നും സൂര്യൻ വരുണദേവന്റെ നിമ്ലോചനിയിലും, അവിടെനിന്ന് ചന്ദ്രദേവന്റെ വിഭാവരിയിലും അവിടെന്ന് വീണ്ടും സഞ്ചരിച്ച് ദേവധാനിയിലുമെത്തുന്നു. ഇതേവിധംതന്നെ ചന്ദ്രാദി നക്ഷത്രങ്ങളും നിശ്ചിതകാലപ്രമാണത്താൽ ഇവിടെ പ്രത്യക്ഷമാകുകയും വീണ്ടും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അങ്ങനെ, ത്രയീമയമായ, അഥവാ ഗായത്രിമന്ത്രത്താൽ പ്രകീർത്തിതമായ സൂര്യരഥം മേൽ പറഞ്ഞ നാലു നഗരങ്ങളേയും ചുറ്റുന്ന വേഗതയെന്നത്, ഒരു മുഹൂർത്തത്തിൽ അഥവാ നാല്പത്തിയെട്ടു നിമിഷത്തിൽ മുപ്പത്തിനാലു ലക്ഷത്തിയെണ്ണൂറു യോജനയാണെന്നറിയുക.

സൂര്യരഥത്തിന് സംവത്സരം എന്നറിയപ്പെടുന്ന കേവലം ഒരു ചക്രമേയുള്ളൂ. ആ ചക്രത്തിന്റെ അഴികൾ പന്ത്രണ്ട് മാസങ്ങളും പട്ടാവുകൾ ആറു ഋതുക്കളും ചക്രകുടങ്ങൾ മൂന്നു ചാതുർമാസ്യങ്ങളുമാകുന്നു. ആ ചക്രത്തിന്റെ അക്ഷദണ്ഡിന്റെ ഒരഗ്രം സുമേരുവിന്മേലും മറ്റൊന്ന് മാനസോത്തരപർവ്വതത്തിലും സുസ്ഥാപിതമായിരിക്കുന്നു. അതിലൂടെ സംവത്സരചക്രം എണ്ണചക്കിന്റെ ചക്രത്തെപ്പോലെ സദാ കറങ്ങിക്കൊണ്ടേയിരിക്കുന്നു. മേൽപറഞ്ഞ അക്ഷദണ്ഡം അതിന്റെ നാലിലൊന്നു നീളമുള്ള മറ്റൊരു ദണ്ഡത്തിൽ ബന്ധിച്ചിരിക്കുന്നു. ഇതിന്റെ മുകൾഭാഗം ധ്രുവലോകത്തിലുറപ്പിച്ചിരിക്കുന്നു. ഹേ രാജൻ!, സൂര്യരഥാന്തർഭാഗത്തിന്റെ നീളം മുപ്പത്തിയാറു ലക്ഷം യോജനയും, വീതി അതിന്റെ നാലിലൊന്നായ ഒമ്പതുലക്ഷം യോജനയും വരുന്നു. ഒമ്പതുലക്ഷം യോജന വലിപ്പമുള്ള ഒരു നുകത്താൽ അരുണദേവനാകുന്ന സാരഥി ഗായത്രി മുതലായ വേദമന്ത്രങ്ങളാകുന്ന കുതിരകളെ സൂര്യദേവന്റെ രഥത്തോടുചേർത്തുബന്ധിച്ചിരിക്കുന്നു. തേരാളിയായി സൂര്യദേവന് മുന്നിലിരുന്നു രഥത്തെ മുന്നോട്ടുനയിക്കുന്ന അരുണദേവൻ യഥാർത്ഥത്തിൽ രഥത്തിൽ പിറകോട്ട് തിരിഞ്ഞ് സൂര്യദേവനഭിമുഖനായി ഇരിക്കുന്നു. അവിടെ ആ രഥത്തിൽ സൂര്യദേവനുമുന്നിലായി അറുപതിനായിരം അംഗുഷ്ടമാത്രം വലിപ്പമുള്ള വാലിഖില്യഋഷികൾ സൂര്യനെ വാഴ്ത്തിസ്തുതിക്കുന്നു. അതുപോലെതന്നെ, മറ്റു ഋഷികളും ഗന്ധർവ്വന്മാരും അപ്സരസ്സുകളും യക്ഷന്മാരും രാക്ഷസന്മാരും ദേവന്മാരും ഈരണ്ടുഗണങ്ങളായി തരം തിരിഞ്ഞ് വിവിധ നാമങ്ങളോടുകൂടിയ ഏകാത്മസ്വരൂപനായ സൂര്യദേവനെ ഓരോ മാസവും പലതരം യജ്ഞങ്ങളെ ചെയ്ത് ഉപാസിക്കുന്നു. രാജൻ!, ഭൂമണ്ഢലത്തിലൂടെ സൂര്യദേവൻ ഒരുക്ഷണത്തിൽ രണ്ടായിരം യോജന രണ്ട് ക്രോശ വേഗതയിൽ ഒമ്പതുകോടി അമ്പത്തൊന്നു ലക്ഷം യോജന വരുന്ന ദൂരം സഞ്ചരിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിയൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next




The movement of Sun God