srimad bhagavatham 5.24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 5.24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ജൂലൈ 27, ശനിയാഴ്‌ച

5.24 രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും.


ഓം


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 24
(രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, പണ്ഡിതമതമനുസരിച്ച്, സൂര്യനിൽനിന്നും കീഴ്പ്പോട്ട് പതിനായിരം യോജന താഴെ രാഹുഗ്രഹം സ്ഥിതിചെയ്യുന്നു. സിംഹികയുടെ പുത്രനും അസുരാധമനുമായ രാഹു ദേവതാസ്ഥാനമലങ്കരിക്കുവാൻ അർഹനല്ലെങ്കിലും ഭഗവാൻ ഹരിയുടെ കാരുണ്യത്താൽ അവൻ ദേവത്വം പ്രാപിച്ചവനാകുന്നു. അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പിന്നീട് സംസാരിക്കുന്നതാണു. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ തേജോമണ്ഡലം പതിനായിരം യോജന വിസ്തീർണ്ണമുള്ളതാകുന്നു. അതുപോലെ, ന്ദ്രമണ്ഡലം പന്ത്രണ്ടായിരം യോജനയും, രാഹുമണ്ഡലം പതിമൂവായിരം യോജനയും വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നുവെന്നറിയുക. പണ്ട്, അമൃതം വിളമ്പുന്ന സമയം സൂര്യചന്ദ്രന്മാർക്കിടയിൽ കയറി ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ച രാഹുവിന്റെ അസുരത്വം വെളിപ്പെട്ടതിനാൽ അന്നുമുതൽ സൂര്യചന്ദ്രന്മാരുടെ ശത്രുവായ രാഹു അമാവാസി, പൌർണ്ണമി എന്നീ പക്ഷസന്ധികളിൽ അവരുടെ പ്രഭയെ മറയ്ക്കുന്നു. തുടർന്ന്, സൂര്യചന്ദ്രന്മാരുടെ സഹായത്തിനായി ഭഗവാൻ തന്റെ സുദർശനചക്രത്തെ അയയ്ക്കുകയും, അതിന്റെ അത്യുജ്ജ്വലമായ താപവും പ്രകാശവും സഹിക്കുവാനാകാതെ രാഹു ആ ശ്രമത്തിൽനിന്നും പിന്തിരിയുകയും ചെയ്യുന്നു. ഇതിനെ ലോകം ഗ്രഹണങ്ങളെന്നു വിളിക്കുന്നു.

രാഹുഗ്രഹത്തിന് പതിനായിരം യോജന താഴെയായി സിദ്ധചാരണവിദ്യാധരാദികളുടെ ലോകമാണു. അതിനുതാഴെയുള്ള അന്തരീക്ഷമാണു യക്ഷന്മാർ, രാക്ഷസന്മാർ, പിശാചുക്കൾ, ഭൂതങ്ങൾ, പ്രേതങ്ങൾ മുതലായവ തങ്ങളുടെ ക്രീഢാസ്ഥലമാക്കിയിരിക്കുന്നതു. കാറ്റ് വീശുന്നിടവും മഴക്കാറുകൾ ഒഴുകിനടക്കുന്നിടവുമാണു ഇവിടെ അന്തരീക്ഷമെന്നതുകൊണ്ടുദ്ദേശിക്കുന്നതു. യക്ഷരാക്ഷസ്സാദികളുടെ ദേശത്തിനുതാഴെ നൂറ് യോജന കീഴെ ഭൂതലമാണു. അതിന്റെ മേൽഭാഗത്ത് ഹംസം, കഴുകൻ, പരുന്ത്, മുതലായ മഹാവിഹഗങ്ങൾ പാറിപ്പറക്കുന്നു. ഹേ രാജൻ!, ഇതിനുതാഴെയാണു അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നീ ഏഴ് അധോലോകങ്ങളുള്ളതു. ഭൂതലസ്ഥിതിയെക്കുറിച്ച് ഞാൻ അങ്ങയോട് മുന്നേതന്നെ വർണ്ണിച്ചിട്ടുള്ളതാണു. ഇവയുടെ നീളവും വീതിയും ഭൂതലത്തിന്റേതിനു തുല്യമായിത്തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ബിലസ്വർഗ്ഗങ്ങളെന്നറിയപ്പെടുന്ന ഈ അധോലോകങ്ങളിൽ മനോഹരമായ ധാരാളം ഗൃഹങ്ങളും, പൂന്തോട്ടങ്ങളും, മറ്റ് ക്രീഡാസ്തലങ്ങളുമുണ്ടു. അവയൊക്കെ സ്വർഗ്ഗത്തേക്കാൾ ഐശ്വര്യവത്തായിരിക്കുന്നു. കാരണം, അവിടുത്തെ നിവാസികളായ അസുരാദിവർഗ്ഗങ്ങൾ ഇന്ദ്രിയഭോഗങ്ങളിൽ അങ്ങേയറ്റം തത്പരരാകുന്നു. അവരിൽ കൂടുതലും ദൈത്യദാനവനാഗവർഗ്ഗങ്ങളത്രേ. അവർ അവിടെ പുത്രദാരങ്ങളോടൊപ്പം സസുഖം വാഴുന്നു. സ്വർഗ്ഗീയലോകങ്ങളിലെ ദേവതകളുടെ ഐശ്വര്യങ്ങൾക്കുപോലും ചിലപ്പോൾ ഭ്രംശം സംഭവിക്കുന്നു. എന്നാൽ, ഈ അധോലോകനിവാസികളെ യാതൊരുവിധത്തിലുള്ള അശുഭങ്ങളും ബാധിക്കുന്നില്ല. അങ്ങനെ അവർ വിഷയങ്ങളിൽ അത്യന്തം ആകൃഷ്ടരായി അവിടെ ഭൌതികതയിൽ രമിച്ചുജീവിക്കുന്നു.

രാജൻ!, ബിലസ്വർഗ്ഗങ്ങളിൽ മായവിയായ മയൻ എന്ന ഒരു ദാനവൻ വസിക്കുന്നു. അവൻ അവിടെ അതിമനോഹരങ്ങളായ അനേകം പുരങ്ങൾ നിർമ്മിച്ചിരിക്കുന്നു. അവിടെ അനേകം ആശ്ചര്യജനകമായ വീടുകളും മതിലുകളും ഗോപുരങ്ങളും സഭാമന്ദിരങ്ങളും ക്ഷേത്രങ്ങളും മുറ്റങ്ങളും ക്ഷേത്രമൈതാനങ്ങളുമുണ്ടെന്നറിയുക. ഓരോ തലങ്ങളുടേയും അധിപന്മാരുടെ കൊട്ടാരങ്ങൾ അമൂല്യങ്ങളായ വിവിധയിനം രത്നങ്ങൾകൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. അവിടെ ധാരാളം നാഗന്മാരും അസുരന്മാരും തത്തകൾ, പ്രാവുകൾ മുതലായ പക്ഷികളോടൊത്ത് സന്തോഷത്തോടെ വസിക്കുന്നു. ഓരോ തലങ്ങളും കൂടുതൽ കൂടുതൽ മനോഹരങ്ങളായിരിക്കുന്നു. അവിടുത്തെ പൂന്തോട്ടങ്ങൾ സ്വർഗ്ഗത്തിലെ പൂന്തോട്ടങ്ങളെ തോൽപ്പിക്കുന്നവയാണു. ലതകളാൽ ചുറ്റപ്പെട്ട അതിലെ ഓരോ മരങ്ങളും, അതിന്റെ ചില്ലകളാലും ഫലങ്ങളാലും തലകുനിച്ച് നിൽക്കുന്ന ആ കാഴ്ച കണ്ടാൽ ഏത് മനസ്സും വിഷയങ്ങളിൽ മുങ്ങിപ്പോകുന്നു. അവിടെ ആമ്പൽ,        കുവലയം, കൽഹാരം, നീലത്താമര, ചെന്താമര തുടങ്ങിയ പൂക്കൾ നിറഞ്ഞുനിൽക്കുന്ന അനേകം ശുദ്ധജലതടാകങ്ങളുണ്ടു. മത്സ്യങ്ങൾ അതിൽ സദാ നീന്തിക്കളിക്കുന്നു. ഇണപ്പറവകളായ ചക്രവാഗങ്ങൾ അതിൽ കൂടുകൂട്ടിയിരിക്കുന്നു. അവ മനസ്സിനെ രഞ്ജിപ്പിക്കുന്ന തരത്തിൽ സദാ കളകൂജനങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്ത അവിടെ കാലം ദിനരാത്രങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ല. അതുപോലെതന്നെ അക്കാരണത്താൽ അവിടുത്തെ നിവാസികൾ കാലത്തേയോ മരണത്തേയോ ഭയക്കുന്നുമില്ലെന്നറിയുക. ഫണത്തിൽ രത്നങ്ങളുമായി അനേകം നാഗങ്ങൾ അവിടെ വസിക്കുന്നു. ഈ രത്നങ്ങളുടെ പ്രഭയിൽ നാനാദിശകളും പ്രകാശമുഖരിതമാകുന്നു. ഔഷധങ്ങളൂറുന്ന നാനാരസങ്ങളും അമൃതങ്ങളൂം പാനം ചെയ്തും, അവയിൽ സ്നാനം ചെയ്തും കഴിയുന്ന അവർക്ക് യാതൊരുവിധ ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നില്ല. അവരെ ജരാനരകൾ ബാധിക്കുകയോ, അവരുടെ വിയർപ്പിൽനിന്നും ദുർഗ്ഗന്ധമുതിർക്കുകയോ, അവർക്ക് തളർച്ചയോ ക്ഷീണമോ ബാധിക്കുകയോ ചെയ്യുന്നില്ല. മരണത്തെ ഭയക്കാതെ അവർ തങ്ങളുടെ ജീവിതം, ഭഗവാന്റെ സുദർശനചക്രമാകുന്ന കാലത്താൽ ഇല്ലാതാകുംവരെ മംഗളകരമായിത്തന്നെ ജീവിച്ചുതീർക്കുന്നു. സുദർശനചക്രം ഈ തലങ്ങളിലേക്കെത്തുമ്പോൾ അതിന്റെ അത്യുജ്ജ്വലമായ പ്രകാശം സഹിക്കാനാവാതെ അവിടുത്തെ സ്ത്രീകളുടെ ഗർഭം സ്രവിച്ചോ അഥവാ പതിച്ചോ നശിക്കുന്നു.

പ്രീയപ്പെട്ട രാജാവേ!, ഇനി അതലം മുതലായുള്ള അധോലോകങ്ങളെക്കുറിച്ച് ഒന്നൊന്നായി ഞാൻ അങ്ങയെ പറഞ്ഞുകേൾപ്പിക്കാം. അതലത്തിൽ ഒരസുരനുണ്ടു. അവനാണു മയന്റെ പുത്രനായ ബലൻ. തൊണ്ണൂറ്റിയാറുവിധം മായാവിദ്യകൾ അവനാൽ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇന്നും ഈ വിദ്യകളാൽ ലോകം കബളിപ്പിക്കപ്പെടുന്നു. അവന്റെ കോട്ടുവായിൽ നിന്നും മൂന്നുതരം നാരികൾ നിർമ്മിതമായിരിക്കുന്നു. അവരെ സ്വൈരിണി, കാമിനി, പുംശ്ചലി എന്നീ നാമങ്ങളിൽ വിളിക്കപ്പെടുന്നു. സ്വൈരിണി എപ്പോഴും തങ്ങളുടെ ഗണത്തിൽനിന്നുമാത്രമേ വിവാഹം കഴിക്കുകയുള്ളൂ. മറിച്ച്, കാമിനി ഏത് ഗണത്തിൽനിന്നും മാംഗല്യം വരിക്കുന്നു. എന്നാൽ, പുംശ്ചലിയാകട്ടെ, തന്റെ ഭർത്താവിനെ വീണ്ടും വീണ്ടും മാറി മാറി സ്വീകരിക്കുന്നവളാണു. അതലത്തിൽ അകപ്പെട്ടുപോകുന്ന പുരുഷജനങ്ങളെ ഈ സ്ത്രീകൾ വേട്ടയാടി പിടിക്കുകയും, അവരെ ഹാടകം എന്ന ഒരുതരം രസം നൽകി ശക്തരാക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുമായി യഥേഷ്ടം വിഹരിക്കുന്നു. നോട്ടം കൊണ്ടും, മധുരവാക്കുകൾകൊണ്ടും, മന്ദമായി ഹസിച്ചുകൊണ്ടും, ഗാഢമായി പുണർന്നുകൊണ്ടും അവർ പുരുഷജനങ്ങളെ തങ്ങളുടെ വശത്താക്കുന്നു. ഈ രസപാനത്തിനുശേഷം തങ്ങൾ പതിനായിരം ആനകളുടെ ശക്തിയുള്ളവരാണെന്ന് അഭിമാനിക്കുകയും, തങ്ങൾ ദൈവമാണെന്ന് സ്വയം തെറ്റിദ്ധരിക്കുകയും ചെയ്തുകൊണ്ട്, കാലസ്വരൂപത്തിൽ ആസന്നമാകുന്ന മരണത്തെ അവർ അറിയുന്നില്ല.

അതലത്തിനു കീഴിൽ വിതലമാണു. അവിടെ ഹാടകേശ്വരനായി ഭഗവാൻ മഹാദേവൻ ഭൂതഗണാദിപരിവാരങ്ങളോടൊത്ത് കുടികൊള്ളുന്നു. സൃഷ്ട്യർത്ഥം ഹരൻ ഭവാനിയുമായി സംഗമിക്കുന്നു. അങ്ങനെ, ശൈവവീര്യത്തിൽനിന്നും ഹാടകി എന്ന ഒരു നദി അവിടെ ഉത്ഭവിക്കുന്നു. അഗ്നിദേവൻ വായുവിനാൽ ഉത്തേജിതനായി ഈ നദിയെ പാനം ചെയ്യുകയും, പിന്നീട് അത് സ്വർണ്ണമായി പുറത്തേക്ക് വമിക്കപ്പെടുകയും ചെയ്യുന്നു. ഈ സ്വർണ്ണശേഖരത്തെ അവിടുത്തെ നിവാസികളായ അസുരന്മാർ ആഭരണങ്ങളാക്കി സ്വദാരങ്ങളോടൊപ്പം സസുഖം വാഴുന്നു.

രാജൻ!, വിതലത്തിനു താഴെ സുതലമാണു. അവിടെ വിരോചനപുത്രനും ഉദാരമതിയുമായ മഹാബലി ഇന്നും വാഴുന്നുവെന്നറിയുക. ഇന്ദ്രനു പ്രിയം ചെയ്യുവാനായി അദിതിയുടെ പുത്രനായി ഭഗവാൻ വാമനവേഷത്തിൽ മഹാബലിയെ സന്ദർശിച്ച് മൂന്നടി ഭൂമി ഭിക്ഷയായി ചോദിക്കുകയും, എന്നാൽ ദാനഭാവത്താൽ മൂലോകങ്ങളേയും മൂവടിയായി അളന്നെടുക്കുകയും ചെയ്തു. തന്റെ സർവ്വസ്വവും ദാനമായി നല്കിയ ബലിയിൽ സന്തുഷ്ടനായ ഭഗവാൻ അദ്ദേഹത്തെ ഇന്ദ്രനേക്കാൾ ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിച്ചു. അങ്ങനെ, ഇന്നും മഹാബലിചക്രവർത്തി ഭഗവാനെ ആരാധിച്ചുകൊണ്ട് സുതലത്തിൽ കുടികൊള്ളുന്നു. ഹേ രാജൻ!, മഹാബലി തന്റെ സർവ്വസ്വവും ഭഗവദ്പാദങ്ങളിൽ ചേർത്ത് ശരണാഗതി ചെയ്തതുകൊണ്ടാണ് അദ്ദേഹത്തിന് ബിലസ്വർഗ്ഗത്തിൽ ഇന്ദ്രനുമേൽ ഐശ്വര്യം കൈവന്നതെന്നു ധരിക്കരുതു. ഭഗവാൻ ശ്രീവാസുദേവൻ സകലഭൂതങ്ങളിലും പരമാത്മരൂപേണ കുടികൊള്ളുന്നു. ആ ഭഗവന്റെ സാന്നിധ്യത്തിൽതന്നെയാണു സകലഭൂതങ്ങളും ഇവിടെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നതു. സർവ്വതിനും നാഥനായ പരമേശ്വരനായിക്കൊണ്ട് മഹാബലി ചക്രവർത്തി തനിക്കുണ്ടായിരുന്നതെല്ലാം ക്ഷണത്തിൽ ആ പരമപുരുഷന്റെ ചരണത്തിൽ സമർപ്പിച്ചു. അതിന്റെ ഉദ്ദേശം അദ്ദേഹത്തിന്റെ മനസ്സിൽ തത്പരം ഐശ്വര്യസിദ്ധിയായിരുന്നില്ല. മറിച്ച്, അത് തികച്ചും ഒരു ഉത്തമഭക്തന്റെ ലക്ഷണമായിരുന്നു. ഉത്തമഭക്തന്മാർക്കുമുന്നിൽ മോക്ഷകവാടം സദാ തുറന്നുതന്നെയിരിക്കുന്നു. അദ്ദേഹത്തിനു ലഭിച്ച സർവ്വൈശ്വര്യങ്ങളേയും ഭഗവദനുഗ്രഹമായി മാത്രം കാണുക. അത് ഭക്തിയുടെ പ്രതിഫലമായി ഒരിക്കലും കാണാതിരിക്കുക. കാരണം, ഭക്തിയിൽനിന്നും സദാ ഭഗവദ്പ്രേമം മാത്രമാണുണ്ടാകുന്നതു. പതിതനാകട്ടെ, വിശന്നവനാകട്ടെ, മനസ്സോടെയെങ്കിലും അല്ലെങ്കിലും, ഭഗവന്നാമത്തെ ഒരിക്കൽ പോലും ഭക്ത്യാ ഉരിയാടുന്ന പക്ഷം, ഒരുവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. വിവിധകർമ്മങ്ങളിൽ അകപ്പെട്ടുപോയിരിക്കുന്ന കർമ്മികൾക്ക് ഈ യോഗത്തെ പരിശീലിക്കുവാൻ അത്യന്തം കഷ്ടപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ, ഭഗവാൻ ഹരി സദാ ഭക്തന്റെ ദാസനായി നിലകൊള്ളുന്നുവെന്നറിയുക. സർവ്വഹൃദയങ്ങളിലും പരമാത്മഭാവത്തിൽ കുടികൊണ്ടുകൊണ്ട് അവൻ സദാ അവരുടേതായിമാറുന്നു. അവനെ സ്വഹൃദയങ്ങളിൽകണ്ടുകൊണ്ട് സനകാദിയോഗീശ്വരന്മാർ അനന്തമായ ആത്മാനന്ദത്തെ നിത്യനിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അല്പമായ ഭൌതികസുഖങ്ങളെ തിരികെ വാങ്ങിക്കൊണ്ട് അനല്പമായ ബ്രഹ്മാനന്ദത്തെ നൽകി ഭഗവാൻ മഹാബലിയെ അനുഗ്രഹിക്കുകയാണുണ്ടായതു. ഭൌതികസുഖങ്ങൾ ഭക്തരെ ഭഗവാനിൽനിന്നും അകറ്റുന്നു. അവ ആരുടെ പക്കലുണ്ടോ അവരുടെ മനസ്സ് ഭഗവാനിൽ ലയിക്കുന്നില്ല. മഹാബലിയിൽനിന്നും സർവ്വതും തിരിച്ചുപിടിക്കാൻ മറ്റൊരു വിദ്യയും ഇല്ലാതെ വന്നപ്പോഴാണു ഭഗവാൻ ഇങ്ങനെയൊരു സംഗതി മെനഞ്ഞുണ്ടാക്കിയതു. ബലിയുടെ ശരീരം മാത്രം അവശേഷിച്ചിട്ടും ഭഗവാൻ തൃപ്തനായില്ല. ഒടുവിൽ വരുണപാശത്താൽ ബന്ധിച്ച് ബലിയെ ഭഗവാൻ ഒരു ഗുഹയിലടച്ചു. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: അഹേ!, കഷ്ടം!, ദേവലോകത്തിന്റെ അധിപനായ ഇന്ദ്രന്റെ അവസ്ഥ എത്ര ദയനീയമായിരിക്കുന്നു!. മഹാപണ്ഡിതനും അതിശക്തനും ബൃഹസ്പതിയെ ഗുരുവായി സ്വീകരിച്ചവനുമാണെങ്കിൽപ്പോലും, ആത്മീയതയിൽ അദ്ദേഹം ഒന്നുമല്ലാതായിരിക്കുന്നു. ഗുരു ബൃഹസ്പതിക്കുപോലും ഇന്ദ്രനെ നേരാംവണ്ണം ഉപദേശിക്കുവാൻ കഴിഞ്ഞില്ലെന്നുള്ളതു മഹാകഷ്ടംതന്നെ. ഭഗവാൻ ഹരി വാമനവേഷത്തിൽ ഇന്ദ്രനെ സമീപിക്കുകയുണ്ടായി. ആ മഹാഭാഗ്യത്തെ അറിയാതെയും, അവനിൽ ഭക്തിയുണ്ടാകുവാനുള്ള അനുഗ്രഹത്തെ ചോദിക്കാതെയും, ആ കാരുണ്യമൂർത്തിയെ എന്റടുക്കലേക്കയച്ച്, എന്നിൽനിന്നും മൂലോകങ്ങളേയും തട്ടിയെടുത്തു, അതിന്റെ ഭോഗത്തെ കാംക്ഷിച്ചിരിക്കുന്നു. ഏത് സാമ്രാജ്യം വെട്ടിപ്പിടിച്ചാലും അത് അനന്തമായ കാലത്തിന്റെ കണികയാകുന്ന ഒരു മന്വന്തരത്തിനുമുകളിൽ നിലനിൽക്കുകയില്ല. എന്റെ പിതാമഹനായ പ്രഹ്ലാദമഹാരാജാവ് മാത്രമാണു യഥാർത്ഥത്തിൽ ഭൌതികതയുടെ ഈ നിസ്സാരതെ തിരിച്ചറിഞ്ഞ ഏക വ്യക്തി. അദ്ദേഹത്തിന്റെ അച്ഛൻ, ഹിരണ്യകശിപുവിന്റെ നിധനത്തിനുശേഷം, നരസിംഹമൂർത്തി അദ്ദേഹത്തെ രാജ്യാഭിഷേകം ചെയ്യിക്കുവാനും അതുപോലെ, ഭൌതികബന്ധനങ്ങളിൽനിന്നും എന്നെന്നേയ്ക്കുമായി മുക്തനാക്കുവാനും ആഗ്രഹിച്ചു. എന്നാൽ, പ്രഹ്ലാദനാകട്ടെ, രണ്ടിലും താല്പര്യമുണ്ടായിരുന്നില്ല. മോക്ഷവും ഭൌതിക ഐശ്വര്യങ്ങളും രണ്ടും ഭക്തിയ്ക്ക് തടസ്സം നിൽക്കുന്നവയാണു. അതല്ല യഥാർത്ഥത്തിൽ ഭഗവദ്കാരുണ്യമെന്ന് പ്രഹ്ലാദൻ തിരിച്ചറിഞ്ഞിരുന്നു. തത്ഫലമായി, കർമ്മജ്ഞാനഫലങ്ങളെ സ്വീകരിക്കുന്നതിനുപകരം അദ്ദേഹം എപ്പോഴും ഭഗവദ്ദാസനായി കഴിയാനുള്ള അനുഗ്രഹം മാത്രമായിരുന്നു ചോദിച്ചിരുന്നതു. എന്നാൽ, വിഷയികളും ത്രിഗുണങ്ങൾക്കടിപ്പെട്ടവരും ഭഗവദ്ക്കാരുണ്യം കുറഞ്ഞവരുമായ ഞങ്ങൾക്ക് പ്രഹ്ലാദമഹാരാജാവിനെപ്പോലെയാകാൻ എങ്ങനെ കഴിയും?.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, എങ്ങനെയാണു മഹാബലിയുടെ മഹിമകളെ വാഴ്ത്തേണ്ടതെന്നെനിക്കറിയില്ല. മൂലോകങ്ങളുടേയും നാഥനും, ഭക്തവത്സലനുമായ ഭഗവാൻ ഹരി മഹാബലിയുടെ മുന്നിൽ ഗദാധാരിയായി നിൽക്കുന്നു. ശക്തനായ രാവണാസുരൻ മഹാബലിയെ ജയിക്കുവാൻ വന്ന സമയത്ത്, വാമനമൂർത്തി രാവണനെ എൺപതിനായിരം മൈൽ ദൂരത്തേക്ക് തന്റെ കാൽവിരൽകൊണ്ട് തട്ടിയെറിയുകയുണ്ടായി. ആ കഥ ഞാൻ അങ്ങയോട് പിന്നീട് പറയുന്നതാണു.

ഹേ പരീക്ഷിത്ത് രാജാവേ!, സുതലത്തിനുതാഴെ തലാതലമാണു. അവിടെ മായാവിയായ മയൻ എന്ന ദാനവൻ വസിക്കുന്നു. മയൻ മായാവികളുടെ ഗുരുവാണു. ഒരിക്കൽ മൂലോകങ്ങളുടേയും ക്ഷേമത്തിനായി മഹാദേവൻ മയന്റെ മൂന്ന് പുരങ്ങളും ചുട്ടുകരിച്ചു. പിന്നീട് മയനിൽ സമ്പ്രീതനായ മഹാദേവൻ ആ പുരങ്ങളെ അവന് തിരിച്ചുനൽകുകയും ചെയ്തു. അന്നുമുതൽ മയൻ ശ്രീപരമേശ്വരന്റെ ഭക്തനായി കഴിയുന്നു. എന്നാൽ, ഹരനിൽ ആശ്രയം കൊണ്ടതോടെ ഇനി മേലിൽ തനിക്ക് ഹരിയുടെ സുദർശനത്തെ പേടിക്കേണ്ടതില്ലെന്ന് മയൻ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

തലാതലത്തിനുകീഴേ മഹാതലമാണുള്ളതു. അവിടം കദ്രുവിന്റെ പരമ്പരയിലെ ബഹുഫണികളായ നാഗങ്ങൾ വസിക്കുന്നു. അവർ സദാ കോപാകുലരാണു. അവരിൽ പ്രമുഖർ കുഹകൻ, കാളിയൻ, സുഷേണൻ എന്നിവരാണു. അവർ അവിടെ എപ്പോഴും ഗരുഢനെ ഭയന്നു ജീവിക്കുന്നു. എങ്കിലും ഉത്കണ്ഠാകുലരായ അവരിൽ ചിലർ പുത്രദാരബന്ധുമിത്രാദികളോടൊത്ത് ജീവിതം ആസ്വദിക്കുന്നതായും കാണപ്പെടുന്നു.

മഹാതലത്തിനുകീഴായി രസാതലം നിലകൊള്ളുന്നു. അവിടെ ദിതിയുടേയും ദനുവിന്റേയും മക്കൾ ദൈത്യദാനവാദികൾ വസിക്കുന്നു. അവരെ പണി, നിവാതകവചം, കാലേയം, ഹിരണ്യപുരവാസി എന്നിങ്ങനെ വിളിക്കപ്പെടുന്നു. അവരെല്ലാം ദേവന്മാരുടെ ശത്രുക്കളാണു. അവരും നാഗങ്ങളെപ്പോലെ പുനങ്ങളിൽ പാർക്കുന്നു. ജന്മനാൽത്തന്നെ അതിശക്തരും ദുഷ്ടരുമാണു ഇക്കൂട്ടർ. എത്ര കരുത്തുറ്റവരാണെങ്കിലും അവർ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ ഒരിക്കൽ ഇല്ലാതെയാകുന്നു. അവർക്കുള്ള ഒരു പ്രത്യേകതയെന്നത്, ഇന്ദ്രലോകത്തിലെ സരമ എന്ന അപ്സരസ്സിന്റെ ശാപവചനം കേൾക്കുന്ന മാത്രയിൽ സർപ്പാകൃതികളായ ഇവർ ഇന്ദ്രനെ ഭയക്കാൻ തുടങ്ങുന്നു, എന്നുള്ളതാണു.

രസാതലത്തിനുതാഴെ നാഗലോകമെന്നറിയപ്പെടുന്ന പാതാളമാണു. അവിടെ വസിക്കുന്നത് ആസുരീസർപ്പങ്ങളായ വാസുകി, ശംഖൻ, കുലികൻ, മഹാശംഖൻ, ശ്വേതൻ, ധനഞ്ജയൻ, ധൃതരാഷ്ട്രൻ, ശംഖചൂഢൻ, കംബലൻ, അശ്വതരൻ, ദേവദത്തൻ എന്നിവരാണു. അവരിൽ മുഖ്യമായത് വാസുകിയത്രേ. ഈ നാഗങ്ങൾക്ക് ധാരാളം ഫണങ്ങളുണ്ടു. അഞ്ചിൽ തുടങ്ങി ആയിരക്കണക്കിന് ഫണങ്ങളുള്ള നാഗങ്ങൾ അവിടെയുണ്ടെന്നറിയുക. അവയിൽ അമൂല്യങ്ങളായ രത്നങ്ങൾ ഒളിഞ്ഞിരിക്കുന്നു. അതിൽനിന്നുമുതിരുന്ന തേജസ്സ് ഈ ബിലസ്വർഗ്ഗത്തെ മുഴുവൻ പ്രകാശമാനമാക്കുന്നു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിനാലാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





Place of Rahu and other seven lower planets.