ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം 23
(ശിശുമാരചക്രവർണ്ണനം)
ശ്രീശുകബ്രഹ്മർഷി
ചൊന്നു: “ഹേ രാജൻ!, സപ്തർഷികളുടെ ലോകങ്ങളിൽനിന്നും പതിമൂന്ന്
ലക്ഷം യോജന മുകളിലാണു ഭഗവാൻ വിഷ്ണുവിന്റെ ആസ്ഥാനമുള്ളതു. ഉത്താനപാദമഹാരാജാവിന്റെ
പുത്രനായ ധ്രുവൻ അവിടെ അഗ്നി, ഇന്ദ്രൻ, പ്രജാപതി, കശ്യപൻ, ധർമ്മദേവൻ എന്നിവരാൽ
സുസേവ്യനായി ഭഗവാൻ ഹരിയെ സേവിച്ചുകൊണ്ട് കലപാന്തത്തോളം വസിക്കുന്നു. അവർ ഭഗവാനെ സർവ്വദാ വലം വച്ചുകൊണ്ടിരിക്കുന്നു. ധ്രുവമഹാരാജാവിന്റെ
മഹിമയെക്കുറിച്ചു ഞാൻ അങ്ങയോട് മുമ്പ് പറഞ്ഞിട്ടുള്ളതാണല്ലോ!. ഭഗവദിച്ഛയാൽ നിയോഗിതമായി ധ്രുവഗ്രഹം സകല ജ്യോതിർഗ്ഗോളങ്ങളുടേയും കേന്ദ്രസ്ഥാനമായിക്കൊണ്ട്,
സർവ്വദാ പ്രകാശിക്കുന്നു. കണ്ണിമവെട്ടാതെയും അവ്യക്തവേഗത്തോടുകൂടിയതുമായ
കാലം കാരണമായി, ഈ സകല ജ്യോതിർഗ്ഗോളങ്ങളും ധ്രുവഗ്രഹത്തെ ഇടതടവില്ലാതെ
പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു. മെതികുറ്റിയിൽ ബന്ധിക്കപ്പെട്ട
മെതിക്കാളകൾ അവയുടെ നിശ്ചിതസ്ഥാനത്തിൽ നിന്നും വ്യതിചലിക്കാതെ ചുറ്റിത്തിരിയുന്നു.
അവയിൽ ഒരെണ്ണം മെതിക്കുറ്റിക്കടുത്തായും, മറ്റൊന്നു
ഒത്തനടുവിലും, പിന്നൊന്ന് ഏറ്റവും വെളിയിലുമായി ബന്ധക്കപ്പെട്ടിരിക്കുന്നു.
അതുപോലെ, സകല ഗ്രഹങ്ങളും നക്ഷത്രങ്ങളും തങ്ങളുടെ
നിശ്ചിതമായ അച്ചുതണ്ടിൽ ധ്രുവഗ്രഹത്തിനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു.
പ്രാരബ്ദകർമ്മഫലാനുസരണം ഭഗവദിച്ഛയാൽ ആവർത്തവായുവിനു വിധേയരായി കല്പം
കഴിയുവോളം ഈ ജ്യോതിർഗ്ഗോളങ്ങളെല്ലാം ധ്രുവഗ്രഹത്തിനെ വലം വയ്ക്കുന്നു. മേഘങ്ങളും പരുന്തുകൾ മുതലായ പക്ഷികളും തങ്ങളുടെ പ്രാരബ്ദം തെളിച്ചുകാട്ടുന്ന
മാർഗ്ഗങ്ങളിലൂടെ ആകാശത്തിന്റെ അഗാധതയിൽ ചലിക്കുന്നതുപോലെ, ഈ ഗ്രഹങ്ങളും
നക്ഷത്രങ്ങളും അന്തരീക്ഷത്തിൽനിന്നും താഴേയ്ക്കുപതിക്കാതെ അവിടെ ഒഴുകിനടക്കുന്നു.
ഭഗവാൻ വാസുദേവന്റെ യോഗസാധനാനിഷ്ഠയിൽ ചില യോഗികൾ ഈ മഹത്തായ ഈ ജ്യോതിശ്ചക്രത്തെ
ശിശുമാരമെന്ന ജലജന്തുവിനെപ്പോലെ ഉപമിക്കുന്നു. തല കീഴോട്ടാക്കിയിട്ടിരിക്കുന്നതും
വലയാകൃതിയിലുള്ളതുമാണ് ശിശുമാരചക്രത്തിന്റെ രൂപം. അതിന്റെ വാലിൻ
തുമ്പത്ത് ധ്രുവലോകം കല്പിതമായിരിക്കുന്നു. വാൽത്തണ്ടയിൽ ദേവന്മാരുടേയും
പ്രജാപതിയുടേയും അഗ്നിദേവന്റേയും ഇന്ദ്രദേവന്റേയും ധർമ്മദേവന്റേയും സ്ഥാനമാണു.
വാലിന്റെ കടയ്ക്കലായിട്ടാണ് ധാതാവിധാതാക്കളുടെ ലോകങ്ങൾ. ശിശുമാരചക്രത്തിന്റെ കടിപ്രദേശത്തിൽ വസിഷ്ഠാദി സപ്തർഷികൾ പ്രതിഷ്ഠിതമായിരിക്കുന്നു.
വലതുവശത്തേക്ക് ചരിഞ്ഞുള്ള അതിന്റെ ശരീരത്തിൽ അഭിജിത്തു മുതൽ പുണർതം
വരെയുള്ള നക്ഷത്രരാശികൾ കുടികൊള്ളുന്നു. അപ്രകാരം, പൂയം മുതൽ ഉത്രാടം വരെയുള്ള നക്ഷത്രങ്ങൾ അതിന്റെ ഇടതുവശത്തായും കല്പിതമായിരിക്കുന്നു.
അങ്ങനെ ഈ നക്ഷത്രസമൂഹങ്ങൾ തുല്യസംഖ്യയിൽ ശിശുമാരചക്രത്തിന്മേൽ സുസ്ഥാപിതമായിരിക്കുന്നു.
പൃഷ്ഠഭാഗത്തായി അജവീഥി എന്നു വിശേഷിപ്പിക്കപ്പെടുന്ന നക്ഷത്രങ്ങളും,
ഉദരഭാഗത്തിൽ ആകാശഗംഗയും കല്പിതമായിരിക്കുന്നു.
പുണർതം, പൂയം എന്നീ നക്ഷത്രങ്ങൾ ഈ ചക്രത്തിന്റെ വലത്തും ഇടത്തുമായ ശ്രോണീദേശങ്ങളിലും;
തിരുവാതിര, ആയില്യം എന്നിവ വലതും ഇടതുമായ പിൻകാലുകളിലും; അഭിജിത്ത്, ഉത്രാടം
എന്നിവ വലതും ഇടതുമായ നാസികാദ്വരങ്ങളിലും; തിരുവോണം, പൂരാടാം എന്നീ നക്ഷത്രങ്ങൾ വലതും ഇടതുമായ കണ്ണുകളിലും; അവിട്ടം, മൂലം എന്നിവ വലതുമിടതുമായ കാതുകളിലും;
മകം മുതൽ അനിഴം വരെയുള്ള എട്ട് ദക്ഷിണായനനക്ഷത്രങ്ങൾ ഇടത്തേവാരിയെല്ലുകളിലും;
അപ്രകാരംതന്നെ, മകയിരം മുതൽ പൂരുരുട്ടാതി വരെയുള്ള
ഉത്തരായനനക്ഷത്രങ്ങൾ അതിന്റെ വലത്തേ വാരിയെല്ലുകളിലും; ചതയം,
തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ യഥാക്രമം ശിശുമാരചക്രത്തിന്റെ വലതും ഇടതുമായുള്ള
തോളുകളിലും കല്പിതമായിരിക്കുന്നു. അഗസ്ത്യൻ ഈ ചക്രത്തിന്റെ മുകൾത്താടിയിലും,
യമരാജൻ കീഴ്ത്താടിയിലും, ചൊവ്വ മുഖത്തും,
ശനി ഗുഹ്യദേശങ്ങളിലും, കഴുത്തിന്റെ പിൻവശത്ത് വ്യാഴവും, വക്ഷസ്സിൽ ആദിത്യനും, നാരായണൻ ഹൃദയത്തിലും, ചന്ദ്രൻ മനസ്സിലും, ശുക്രൻ നാഭീദേശത്തിലും, അശ്വിനീദേവന്മാർ നെഞ്ചിന്റെ ഇരുവശങ്ങളിലായും,
ബുധനാകട്ടെ, പ്രാണൻ, അപാനൻ
എന്നീ വായുക്കളിലും, രാഹു കണ്ഠത്തിലും, കേതു സകല അവയവങ്ങളിലും, മറ്റു നക്ഷത്രങ്ങൾ ശിശുമാരചക്രത്തിന്റെ
രോമങ്ങളിലും പ്രതിഷ്ഠിതമായിരിക്കുന്നു.
ഹേ രാജൻ!, മേൽപ്പറഞ്ഞ ശിശുമാരചക്രത്തെ ഭഗവാന്റെ വിരാട്രൂപമായി
അറിയുക. സന്ധ്യാസമയങ്ങളിൽ ആ രൂപത്തെ ഇങ്ങനെ പ്രാർത്ഥിക്കുക:
“കാലസ്വരൂപനും സകലഗ്രഹങ്ങളുടേയും ആശ്രയസ്ഥാനവുമായ
ഹേ ദേവാദിദേവാ!, അവിടുത്തേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!.
അങ്ങയെ ഞങ്ങളിതാ ധ്യാനിച്ചുകൊള്ളുന്നു.”
ഹേ പരീക്ഷിത്തേ!, “ഭഗവാന്റെ ശിശുമാരരൂപം സകല ദേവന്മാരുടേയും
ഗ്രഹങ്ങളുടേയും മറ്റു നക്ഷത്രങ്ങളുടേയും ആധാരദേശവും ആശ്രയസ്ഥാനവുമാണു. ത്രിസന്ധ്യകളിൽ ഈ രൂപത്തെ സ്മരിക്കുന്നതിലൂടെ ഒരുവന്റെ സർവ്വപാപങ്ങളും
നശിക്കുന്നു.
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.
Sisumara Chakram
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ