2019, ജൂലൈ 5, വെള്ളിയാഴ്‌ച

5.21 സൂര്യചലനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 21
(സൂര്യചലനം)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇപ്പോൾ ഞാനങ്ങയോട് പ്രതിപാദിച്ചത് പണ്ഡിതമതമനുസരിച്ചുള്ള ഈ ലോകത്തിന്റെ അളവുകളും ലക്ഷണങ്ങളും അതിന്റെ പ്രത്യേകതകളുമാണു. രണ്ടായി വിഭജിച്ച ഒരു ധാന്യമണിയുടെ ഒരു ഭാഗത്തെ പരിശോധിച്ചുകൊണ്ട് മറുഭാഗത്തെക്കുറിച്ച് അനുമാനിക്കാമെന്നതുപോലെ, പണ്ഡിതന്മാർ ദിവമണ്ഡലത്തെ മനസ്സിലാക്കിക്കൊണ്ട് അതിന്റെ മറുപകുതിയേയും ഉള്ളവണ്ണം അളന്നുതിരിച്ചിരിക്കുന്നു. ഭൂമിയിൽനിന്നും മുകളിലേക്കുള്ള ഭാഗത്തെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കുന്നു. അവിടെയാണ് പരംതേജോമയനായ സൂര്യഭഗവാൻ ഇരുന്നരുളുന്നതു. തന്റെ താപം കൊണ്ടും പ്രകാശം കൊണ്ടും അവൻ ഈ പ്രപഞ്ചത്തെ ഓജസ്സുറ്റതാക്കിമാറ്റുന്നു. ഭഗവദാദേശത്താൽ സൂര്യൻ പതുക്കെയും വേഗത്തിലും മിതമായും യഥോചിതം ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ തന്റെ ചലനത്തിനിടയിൽ മകരാദി രാശികളെ കണ്ടുമുട്ടുന്നു. അവന്റെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിൽ ദിനരാത്രങ്ങളുടെ ദൈർഘ്യം കൂടുകയോ കുറയുകയോ അഥവാ തുല്യമായിരിക്കുകയോ ചെയ്യുന്നു. സൂര്യൻ മേടം, തുലാം രാശിയിലൂടെ കടന്നുപോകുമ്പോൾ ദിനരാത്രങ്ങൾ തുല്യദൈഘ്യങ്ങളുള്ളവയാകുന്നു. പിന്നീട് ഇടവം രാശിയിലൂടെ കർക്കിടരാശി കഴിയുന്നതുവരെയുള്ള അഞ്ചു രാശികളിൽ പകലിന്റെ ദൈഘ്യം കൂടുകയും, അവിടെനിന്നും വീണ്ടും തുലാം രാശിയിൽ ദിനരാത്രങ്ങൾ സമമാകുന്നതുവരെ പകലിന്റെ ദൈർഘ്യം കുറഞ്ഞു രാത്രിസമയം കൂടികൂടിവരികയും ചെയ്യുന്നു. അതുപോലെതന്നെ, വൃശ്ചികം രാശിയിൽ തുടങ്ങി മകരം രാശി കഴിയുന്നതുവരെയുള്ള അഞ്ചു രാശികളിൽ പകലിന്റെ ദൈഘ്യം കുറയുകയും, അവിടെനിന്നും വീണ്ടും മേടം രാശിയിൽ ദിനരാത്രങ്ങൾ സമമാകുന്നതുവരെ പകലിന്റെ ദൈർഘ്യം കൂടി രാത്രിസമയം കുറഞ്ഞുവരികയും ചെയ്യുന്നു. അതായത്, ദക്ഷിണായനത്തിൽ ദിനദൈർഘ്യം കൂടുകയും ഉത്തരായനത്തിൽ രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നുവെന്നു സാരം.


ഹേ രാജൻ!, ഒമ്പതുകോടി അമ്പത്തൊന്നു ലക്ഷം യോജന വരുന്ന മാനസോത്തരപർവ്വതത്തിനുചുറ്റും സൂര്യദേവൻ ഭ്രമണം ചെയ്യുന്നുവെന്നാണു പണ്ഡിതന്മാരുടെ അഭിപ്രായം. മാനസോത്തരപർവ്വതത്തിൽ സുമേരുവിന് നേർ കിഴക്കായി ഇന്ദ്രന്റെ ആസ്ഥാനമായ ദേവധാനിയും, തെക്കുവശത്ത് യമരാജന്റെ നഗരമായ സംയമനിയും, പടിഞ്ഞാറ് വരുണന്റെ പട്ടണം നിമ്ലോചനയും, വടക്കായി ചന്ദ്രന്റെ നഗരം വിഭാവരിയും സ്ഥിതിചെയ്യുന്നു. അങ്ങനെ എല്ലായിടവും യഥാസമയങ്ങളിൽ പകലും രാത്രിയും വന്നുപോകുകയും ജീവഭൂതങ്ങൾ അതിനനുസരിച്ച് യഥാക്രമം തങ്ങളുടെ ദൈനംദിനകർമ്മങ്ങളിൽ ഏർപ്പെടുകയും അതിൽനിന്ന് വിരമിക്കുകയും ചെയ്യുന്നു. സുമേരുപർവ്വതമേഖലയിൽ സൂര്യൻ സദാസമയവും ഉച്ഛസ്ഥനായിത്തന്നെ നിലകൊള്ളുന്നു. നക്ഷത്രങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് സുമേരുപർവ്വതത്തെ ഇടംചുറ്റുന്ന സൂര്യൻ പ്രദക്ഷിണാവർത്തവായുവിന്റെ സ്വാധീനത്താൽ യഥാർത്ഥത്തിൽ വലം ചുറ്റുകയാണു സംഭവിക്കുന്നതു. സൂര്യന്റെ ഉദയാസ്തമനങ്ങളും അവന്റെ പ്രകാശകിരണങ്ങളുടെ സാന്നിധ്യത്തേയും അസാന്നിധ്യത്തേയും മാനദണ്ഡമാക്കിക്കൊണ്ടുമാത്രം കണക്കാക്കാവുന്ന വസ്തുതയാണു. യഥാർത്ഥത്തിൽ സൂര്യന് ഉദയമോ അസ്തമനമോതന്നെ ഇല്ലെന്നറിയുക. ഇന്ദ്രന്റെ നഗരമായ ദേവധാനിയിൽനിന്നും യമദേവന്റെ നഗരമായ സംയമനിയേലേക്ക് സൂര്യൻ സഞ്ചരിച്ചെത്തുന്ന ദൂരമായ രണ്ടുകോടി മുപ്പത്തിയേഴ് ലക്ഷത്തിയെഴുപത്തിയയ്യായിരം യോജകൾ താണ്ടുവാൻ വേണ്ട സമയം വെറും ആറു മണിക്കൂർ മാത്രമാണു. സംയമനിയിൽ നിന്നും സൂര്യൻ വരുണദേവന്റെ നിമ്ലോചനിയിലും, അവിടെനിന്ന് ചന്ദ്രദേവന്റെ വിഭാവരിയിലും അവിടെന്ന് വീണ്ടും സഞ്ചരിച്ച് ദേവധാനിയിലുമെത്തുന്നു. ഇതേവിധംതന്നെ ചന്ദ്രാദി നക്ഷത്രങ്ങളും നിശ്ചിതകാലപ്രമാണത്താൽ ഇവിടെ പ്രത്യക്ഷമാകുകയും വീണ്ടും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അങ്ങനെ, ത്രയീമയമായ, അഥവാ ഗായത്രിമന്ത്രത്താൽ പ്രകീർത്തിതമായ സൂര്യരഥം മേൽ പറഞ്ഞ നാലു നഗരങ്ങളേയും ചുറ്റുന്ന വേഗതയെന്നത്, ഒരു മുഹൂർത്തത്തിൽ അഥവാ നാല്പത്തിയെട്ടു നിമിഷത്തിൽ മുപ്പത്തിനാലു ലക്ഷത്തിയെണ്ണൂറു യോജനയാണെന്നറിയുക.

സൂര്യരഥത്തിന് സംവത്സരം എന്നറിയപ്പെടുന്ന കേവലം ഒരു ചക്രമേയുള്ളൂ. ആ ചക്രത്തിന്റെ അഴികൾ പന്ത്രണ്ട് മാസങ്ങളും പട്ടാവുകൾ ആറു ഋതുക്കളും ചക്രകുടങ്ങൾ മൂന്നു ചാതുർമാസ്യങ്ങളുമാകുന്നു. ആ ചക്രത്തിന്റെ അക്ഷദണ്ഡിന്റെ ഒരഗ്രം സുമേരുവിന്മേലും മറ്റൊന്ന് മാനസോത്തരപർവ്വതത്തിലും സുസ്ഥാപിതമായിരിക്കുന്നു. അതിലൂടെ സംവത്സരചക്രം എണ്ണചക്കിന്റെ ചക്രത്തെപ്പോലെ സദാ കറങ്ങിക്കൊണ്ടേയിരിക്കുന്നു. മേൽപറഞ്ഞ അക്ഷദണ്ഡം അതിന്റെ നാലിലൊന്നു നീളമുള്ള മറ്റൊരു ദണ്ഡത്തിൽ ബന്ധിച്ചിരിക്കുന്നു. ഇതിന്റെ മുകൾഭാഗം ധ്രുവലോകത്തിലുറപ്പിച്ചിരിക്കുന്നു. ഹേ രാജൻ!, സൂര്യരഥാന്തർഭാഗത്തിന്റെ നീളം മുപ്പത്തിയാറു ലക്ഷം യോജനയും, വീതി അതിന്റെ നാലിലൊന്നായ ഒമ്പതുലക്ഷം യോജനയും വരുന്നു. ഒമ്പതുലക്ഷം യോജന വലിപ്പമുള്ള ഒരു നുകത്താൽ അരുണദേവനാകുന്ന സാരഥി ഗായത്രി മുതലായ വേദമന്ത്രങ്ങളാകുന്ന കുതിരകളെ സൂര്യദേവന്റെ രഥത്തോടുചേർത്തുബന്ധിച്ചിരിക്കുന്നു. തേരാളിയായി സൂര്യദേവന് മുന്നിലിരുന്നു രഥത്തെ മുന്നോട്ടുനയിക്കുന്ന അരുണദേവൻ യഥാർത്ഥത്തിൽ രഥത്തിൽ പിറകോട്ട് തിരിഞ്ഞ് സൂര്യദേവനഭിമുഖനായി ഇരിക്കുന്നു. അവിടെ ആ രഥത്തിൽ സൂര്യദേവനുമുന്നിലായി അറുപതിനായിരം അംഗുഷ്ടമാത്രം വലിപ്പമുള്ള വാലിഖില്യഋഷികൾ സൂര്യനെ വാഴ്ത്തിസ്തുതിക്കുന്നു. അതുപോലെതന്നെ, മറ്റു ഋഷികളും ഗന്ധർവ്വന്മാരും അപ്സരസ്സുകളും യക്ഷന്മാരും രാക്ഷസന്മാരും ദേവന്മാരും ഈരണ്ടുഗണങ്ങളായി തരം തിരിഞ്ഞ് വിവിധ നാമങ്ങളോടുകൂടിയ ഏകാത്മസ്വരൂപനായ സൂര്യദേവനെ ഓരോ മാസവും പലതരം യജ്ഞങ്ങളെ ചെയ്ത് ഉപാസിക്കുന്നു. രാജൻ!, ഭൂമണ്ഢലത്തിലൂടെ സൂര്യദേവൻ ഒരുക്ഷണത്തിൽ രണ്ടായിരം യോജന രണ്ട് ക്രോശ വേഗതയിൽ ഒമ്പതുകോടി അമ്പത്തൊന്നു ലക്ഷം യോജന വരുന്ന ദൂരം സഞ്ചരിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിയൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next
The movement of Sun God

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ