ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം 25
(സങ്കർഷണമൂർത്തിയുടെ മഹിമകൾ)
ശ്രീശുകബ്രഹ്മർഷി
പറഞ്ഞു: “ഹേ രാജൻ!, പാതാളത്തിന്റെ ചുവട്ടിൽ മുപ്പതിനായിരം
യോജന ദൂരത്തായി തമോഗുണപ്രധാനിയും ഭഗവദവതാരവുമായ അനന്തൻ കുടികൊള്ളുന്നു. അഹം എന്ന ബോധത്തിനു ആധാരമായി ദൃഷ്ടാവിന്റേയും ദൃശ്യത്തിന്റേയും സമ്യക് കർഷണം
സാധിപ്പിക്കുന്ന യാതൊരു ശക്തിയായ ഇവനെ ‘സംകർഷണൻ’ എന്നും
സംബോധന ചെയ്യുന്നു. ആയിരം ശിരസ്സുകളുള്ള ഈ അനന്തന്റെ ഒരു ശിരസ്സിൽ
മാത്രം ധരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമണ്ഡലത്തെ വെറുമൊരു കടുകുമണിയോളം തുച്ഛമായി മാത്രമേ
കണക്കാക്കപ്പെടുന്നുള്ളൂ. പ്രളയസമയത്തിൽ ഈ പ്രപഞ്ചത്തെ സംഹരിക്കണമെന്ന്
തോന്നുമ്പോൾ അനന്തൻ കോപാകുലനാകുന്നു. ആ സമയം, അദ്ദേഹത്തിന്റെ പുരികങ്ങൾക്കിടയിൽനിന്നും മുക്കണ്ണനായ രുദ്രൻ ത്രിശൂലവുമായി പ്രത്യക്ഷനാകുന്നു.
അങ്ങനെ ഈ പ്രപഞ്ചം സംഹരിക്കപ്പെടുന്നു.
ഭഗവാൻ സങ്കർഷണമൂർത്തിയുടെ
കാൽനഖങ്ങൾ അമൂല്യങ്ങളായ രത്നങ്ങളെപ്പോലെ പ്രശോഭിക്കുന്നു. നാഗരാജാക്കൻ ഭാഗവതോത്തമന്മാരോടൊപ്പം
ആ ദിവ്യരൂപത്തെ നമിക്കുമ്പോൾ അവർ തങ്ങളുടെ മുഖങ്ങൾ ആ നഖരത്നങ്ങളിൽ കണ്ടാനന്ദിക്കുന്നു.
കാതുകളിൽ കുണ്ഡലങ്ങൾ ഇളകിയാടുന്ന അവരുടെ വദനങ്ങൾ അത്യന്തം മനോഹരങ്ങളായിരിക്കുന്നു.
ദിവ്യമായ അവന്റെ ബാഹുക്കൾ ദീർഘങ്ങളും രത്നങ്ങൾ പതിപ്പിച്ച വളകളാൽ അലംകൃതവുമാണു. ധവളവർണ്ണമായതിനാൽ
ആ തൃക്കൈകൾ രജതസ്തംഭങ്ങൾ പോലെ തിളങ്ങുന്നു. സുന്ദരികളായ നാഗകന്യകമാർ അവന്റെ അനുഗ്രഹത്തിനായി
ആ സുന്ദരബാഹുക്കളിൽ ചന്ദനകുംകുമാദികൾ ലേപനം ചെയ്യുന്നു. അവന്റെ സ്പർശം അവരിൽ അനുരാഗം
സൃഷ്ടിക്കുന്നു. അവരുടെ ചേതോവികാരത്തെ മനസ്സിലാക്കുന്ന ഭഗവാൻ കാരുണ്യം തുളുമ്പുന്ന
മന്ദഹാസമുതിർക്കുകയും, അവർ അതിൽ അത്യന്തം സന്തുഷ്ടരാകുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട്
അവർ അവന്റെ അഴകാർന്ന തിരുമുഖകമലം നോക്കികണ്ട്, ആ തൃക്കണ്ണുകളിലൂടെയൊഴുകുന്ന പരമാനന്ദം
നുകരുന്നു. സങ്കർഷണമൂർത്തി, ഭഗവാൻ ഹരിയെപ്പോലെതന്നെ അനുപമിത ഐശ്വരങ്ങളുടെ അനന്തസാഗരമാകുന്നു.
സമസ്തജീവഭൂതങ്ങളുടേയും ക്ഷേമത്തിനായിക്കൊണ്ട് ഭഗവാൻ സങ്കർഷണൻ തന്റെ അമർഷത്തിന്റേയും
രോഷത്തിന്റേയും ശക്തിയടക്കിക്കൊണ്ട് സ്വധാമത്തിൽ കുടികൊള്ളുന്നു.”
ശ്രീശുകൻ വീണ്ടും പറഞ്ഞു:
“ഹേ രാജൻ!, ദേവന്മാർ, അസുരന്മാർ, നാഗന്മാർ,
സിദ്ധദേവന്മാർ, ഗന്ധർവ്വന്മാർ, വിദ്യാധരന്മാർ, മുനിമാർ എന്നിവരുടെ കൂട്ടങ്ങൾ അനന്തനെ
നിരന്തരം ധ്യാനിച്ചുകൊണ്ടിരിക്കുന്നു. ആനന്ദത്താൽ ഉന്മത്തനായ അവന്റെ കണ്ണുകൾ ഇടതടവില്ലാതെ
നാലുപാടും ചലിച്ചുകൊണ്ടിരിക്കുന്നു. അതിമധുരമായ വചനങ്ങൾകൊണ്ട് അവൻ തന്റെ പാർഷദന്മാരെ
ആനന്ദിപ്പിക്കുന്നു. നീലവസനം ധരിച്ചും, ഒരേയൊരു കുണ്ഡലം മാത്രമണിഞ്ഞും, കലപ്പത്തണ്ടിന്റെ
പിൻഭാഗത്തുചേർത്തുവച്ചിട്ടുള്ള മനോഹരമായ കരകമലങ്ങളോടും അവൻ അതിസുന്ദരനായിരിക്കുന്നു.
ഇന്ദ്രനെപ്പോലെയുള്ള വെളുത്ത ശരീരത്തിലെ അരയിൽ പൊന്നിൽതീർത്ത പട്ടബന്ധമണിഞ്ഞും, കഴുത്തിൽ
വൈജയന്തിവനമാലയണിഞ്ഞും അവൻ പ്രശോഭിതനായിരിക്കുന്നു. ആ മാലയിൽ കോർത്തിട്ടുള്ള തുളസിയിതളുകളിൽനിന്നുതിർക്കുന്ന
പരിമളത്താൽ ഉന്മത്തരായ വണ്ടുകൾ അവനുചുറ്റും വട്ടമിട്ടു മൂളിപ്പറക്കുന്നു.
ഹേ രാജൻ!, മോക്ഷാർത്ഥികൾ
സദാ സങ്കർഷണഭഗവാനെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഹൃദയത്തിൽ കുടികൊണ്ടുകൊണ്ട്,
അവൻ, അനാദികാലം മുതൽക്കു ത്രിഗുണങ്ങളിൽനിന്നുണ്ടായിട്ടുള്ള കർമ്മവാസനകളെ ഇല്ലാതാക്കുകയും,
ഹൃദയഗ്രന്ഥി പൊട്ടിച്ചെറിയുകയും ചെയ്യുന്നു. വിധാതാവിന്റെ സദസ്സിൽ ബ്രഹ്മപുത്രനായ ശ്രീനാരദർ
തന്റെ തംബുരുവുമായി ആ സങ്കർഷണമൂർത്തിയുടെ മഹിമാതിശയങ്ങൾ പാടിപ്പുകഴ്ത്തുന്നു. സൃഷ്ടിസ്ഥിതിലയകർമ്മകാരണങ്ങളായി
ത്രിഗുണങ്ങളെ ഭഗവാൻ സാധ്യമാക്കിത്തീർക്കുന്നു. അവൻ അന്തനും, അനാദിയും, ഏകനുമാണെങ്കിൽകൂടി,
വിവിധങ്ങളായി ഇവിടെ വ്യക്തമാകുന്നു. അങ്ങനെയുള്ള അവന്റെ പരമാർത്ഥതത്വം എങ്ങനെയാണു വർണ്ണിക്കാൻ
കഴിയുക?. കാണപ്പെടുന്നതും അല്ലാത്തതുമായ ഈ പ്രപഞ്ചം മുഴുവനും ആ ഭഗവാനിൽ സ്ഥിതിചെയ്യുന്നുവെന്നറിയുക.
ലോകത്തിനു കാരുണ്യം ചൊരിയുവാനായി അവൻ ഇവിടെ പലേ രൂപങ്ങളിൽ അവതരിച്ച് തന്റെ ഭക്തന്മാരുടെ
ഹൃദയത്തെ കവർന്നെടുക്കുകയും, ലീലകളാടുകയും ചെയ്യുന്നു. ആർത്തനാണെങ്കിലും പതിതനാണെങ്കിലും,
ഭഗവന്നാമങ്ങളുടെ ഉച്ഛാരണമാത്രത്തിൽതന്നെ ഒരുവന്റെ ഹൃദയം പരിശുദ്ധമാകപ്പെടുന്നു. പരിഹാസഭാവത്തിൽകൂടിയാണെങ്കിൽ
പോലും ആ തിരുനാമശ്രവണത്തിലൂടെ ഒരുവൻ പാപമുക്തനായിത്തീരുന്നു. അങ്ങനെയെങ്കിൽ മോക്ഷാർത്ഥികളിൽ
ആരാണ് അവന്റെ തിരുനാമത്തെ ഘോഷിക്കാത്തതു. മറ്റാരുടെ ചരണത്തിലാണ് അവർ ആശ്രയം കൊള്ളുക!.
ഹേ രാജൻ!, അനന്തനായ അവന്റെ ശക്തിയെ ആർക്കുംതന്നെ ഗ്രഹിക്കുവാൻ സാധ്യമല്ലെന്നറിയുക.
അനേകായിരം പർവ്വതങ്ങളും നദികളും സമുദ്രങ്ങളും വൃക്ഷങ്ങളും ജീവഭൂതങ്ങളുമടങ്ങിയ ഈ വിശ്വത്തെ
ഒരണുസമാനമായി അവൻ തന്റെ ആയിരങ്ങളിലൊരു ഫണത്തിൽ മാത്രമായി ധരിച്ചിരിക്കുന്നു. ആയിരം
നാവുള്ളവർക്കുപോലും എങ്ങനെയാണ് അവന്റെ മഹിമകളെ വർണ്ണിക്കുവാൻ കഴിയുക!. അവന്റെ മഹിമകൾ
നിസ്സീമമാണു. ആത്മതന്ത്രനായ അവൻ ഇവിടെ ഈ പ്രപഞ്ചത്തിന്റെ ആശ്രയമാണു. അവൻ പാതാളലോകത്തിന്റെ
അടിത്തട്ടിൽ സ്ഥിതിചെയ്തുകൊണ്ട് ഈ ലോകത്തിനു താങ്ങായി നിലകൊള്ളുന്നു.
ഹേ രാജൻ!, ഈ ലോകത്തിലെ ജീവഭൂതങ്ങളുടെ
ആഗ്രഹസിദ്ധിയ്ക്കായിക്കൊണ്ട് നിർമ്മിതമായിരിക്കുന്ന വിവിധങ്ങളായ ഈ അധോലോകങ്ങളെക്കുറിച്ച്
എന്റെ ഗുരുനാഥനിൽനിന്നും അറിഞ്ഞവണ്ണംത്തന്നെ ഞാനിതാ അങ്ങയെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നു.
ഓരോ പ്രാണികളും തങ്ങളുടെ ആഗ്രഹനിവർത്തിക്കായി വിവിധങ്ങളായ ഈ ലോകങ്ങളെ പ്രാപിക്കുന്നു.
അങ്ങനെ അവർ ഈ ലോകങ്ങളിൽ വിഷയങ്ങളെ അനുഭവിച്ചുകൊണ്ട് വർത്തിക്കുകയും ചെയ്യുന്നു. ഹേ
പരീക്ഷിത്ത് രാജൻ!, ജീവഭൂതങ്ങൾ എങ്ങനെയാണ് തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതെന്നും,
തത്ഫലമായി, അവർക്ക് ഊർദ്ദ്വവും നീചവുമായ ലോകങ്ങൾ എങ്ങനെ സിദ്ധിക്കുന്നുവെന്നുമുള്ള
അങ്ങയുടെ ചോദ്യങ്ങൾക്ക് ഇതിനകം ഞാൻ കേട്ടതുപോലെതന്നെ അങ്ങയേയും വർണ്ണിച്ചുകേൾപ്പിച്ചുകഴിഞ്ഞു.
ഇനി എന്താണ് ഞാൻ അങ്ങേയ്ക്കുവേണ്ടി പറയേണ്ടതു?.”
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.
Previous
Next
The glories of Lord Sankarshana, Anantadeva