the system of travel of the planets എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
the system of travel of the planets എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ജൂലൈ 9, ചൊവ്വാഴ്ച

5.22 ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 22
(ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ)


പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകനോടു ചോദിച്ചു: ഹേ പ്രഭോ!, സൂര്യഭഗവാൻ ധ്രുവലോകത്തിനും സുമേരുവിനും ചുറ്റുമായി പ്രദക്ഷിണഭാവത്തിൽ സഞ്ചരിക്കുന്നുവെന്നും, അതുപോലെ അവൻ മറ്റു നക്ഷത്രസമൂഹങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അപ്രദക്ഷിണഭാവത്തിൽ ചലിക്കുന്നുവെന്നും അങ്ങു പറയുകയുണ്ടായി. ഹേ ഗുരോ!, ഈ സത്യത്തെ എങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കേണ്ടതു?.

ശ്രീശുകബ്രഹ്മമഹർഷി മറുപടിയായി പറഞ്ഞു: ഹേ രാജൻ! ഒരു കുലാലചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിലകപ്പെട്ടുപോകുന്ന ഉറുമ്പു മുതലായ ചെറുപ്രാണികളും അതിനോടൊപ്പം ചലിക്കുന്നു. എന്നാൽ അവ ആ ചക്രത്തിലെ പലയിടങ്ങളിലായിക്കാണപ്പെടുന്നു. കാരണം, അവയുടെ ചലനം ചക്രത്തിന്റെ ചലനത്തിനു വ്യത്യസ്ഥമായിട്ടാണ് സംഭവിക്കുന്നതു. അതുപോലെ കാലചക്രത്തിലകപ്പെട്ടുപോയിരിക്കുന്ന സൂര്യാദിഗ്രഹങ്ങളും അതിനോടൊപ്പം ചലിക്കുന്നു. എന്നാൽ, സൂര്യനും മറ്റു ഗ്രഹങ്ങളും വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ സ്ഥാനങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ട് സൂര്യാദി ഗ്രഹങ്ങളുടെ ചലനം കാലചക്രത്തിനു വ്യത്യസ്ഥമാണെന്നുള്ളതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഭഗവാൻ നാരായണനാണിവിടെ ഈ പ്രപഞ്ചത്തിന്റെ പരമകാരണം. വൻ വേദപണ്ഡിതന്മാരുടേയും യോഗികളുടേയും പ്രാർത്ഥനയെ മാനിച്ച് സൂര്യന്റെ രൂപത്തിൽ സമസ്ത ജീവരാശികളുടേയും ക്ഷേമത്തിനും കർമ്മശുദ്ധിക്കായും പ്രപഞ്ചത്തിൽ അവതരിച്ചു. തുടർന്ന് സ്വയം പന്ത്രണ്ടായി തരം തിരിഞ്ഞ് വസന്താദിഋതുക്കളെ സൃഷ്ടിച്ചിരിക്കുന്നു. നാലു വർണ്ണങ്ങളുടേയും നാലു ആശ്രമങ്ങളുടേയും അടിസ്ഥാനത്തിൽ ഭഗവാനെ മനുഷ്യൻ സൂര്യനാരായണഭാവത്തിൽ ആരാധിക്കുന്നു. വേദോക്തങ്ങളായ അഗ്നിഹോത്രാദി മഹായജ്ഞങ്ങളെ ചെയ്ത് അവർ ശ്രദ്ധാഭക്തിസമന്വിതം അവനെ ആരാധിച്ചുകൊണ്ട് ഒടുവിൽ മുക്തിയെ പ്രാപിക്കുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, പ്രപഞ്ചത്തിൽ സ്വർല്ലോഗത്തിന്റേയും ഭൂലോകത്തിന്റേയും അന്തരാളത്തിൽ സൂര്യദേവൻ സ്ഥിതി ചെയ്യുന്നു. കാലചക്രത്തിൽ പന്ത്രണ്ടുമാസങ്ങൾ സഞ്ചരിച്ചുകൊണ്ട് അവൻ പന്ത്രണ്ട് രാശികളേയും കടന്നുപോകുകയും അതനുസരിച്ച് പന്ത്രണ്ടു നാമങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഈ പന്ത്രണ്ട് മാസങ്ങളുടെ കൂട്ടത്തെ ഒരു സംവത്സരം എന്നു പറയുന്നു. ചാന്ദ്രമാനപ്രകാരം, രണ്ടുപക്ഷങ്ങൾ ചേർന്ന് ഒരു മാസമുണ്ടായിരിക്കുന്നു. പ്രസ്തുതസമയം എന്നത് പിതൃലോകത്തിലെ ഒരു ദിനരാത്രമാണെന്നറിയുക. എന്നാൽ, സൌരമാനപ്രകാരം, ഒരു മാസക്കാലമെന്നത് രണ്ടേകാൽ ഞാറ്റുവേലയാണെന്നും ധരിക്കുക. സൂര്യദേവന്റെ രണ്ടുമാസത്തെ സഞ്ചാരവേളകൊണ്ട് ഋതുക്കമാറിമാറിവരുന്നു. അതുകൊണ്ട്, ഋതുക്കൾ സംവത്സരത്തിന്റെ വിവിധ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നു. നഭോവീഥിയുടെ പകുതിഭാഗം ഭ്രമണം ചെയ്യുവാൻ സൂര്യദേവനെടുക്കുന്ന സമയത്തെ ഒരു അയനം എന്നു വിശേഷിപ്പിക്കുന്നു. സൂര്യൻ ധ്രുതഗതിയിലും, മന്ദഗതിയിലും മിതഗതിയിലും സഞ്ചരിക്കുന്നു. സൂര്യദേവൻ ഇങ്ങനെ പ്രപഞ്ചത്തിൽ ചുറ്റിത്തിരിയുന്ന പ്രതിഭാസത്തിന് പണ്ഡിതന്മാർ സംവത്സരം, പരിവത്സരം, ഇഢാവത്സരം, അനുവത്സരം, വത്സരം എന്നിങ്ങനെ അഞ്ചു നാമങ്ങൾ നൽകിയിരിക്കുന്നു.

ഹേ രാജൻ!, സൂര്യന്റെ പ്രഭാമണ്ഡലത്തിനു ഒരു ലക്ഷം യോജന മുകളിൽ ചന്ദ്രൻ സ്ഥിതിചെയ്യുന്നു. ചന്ദ്രൻ സൂര്യനേക്കാൾ അതികവേഗത്തിലാണു കറങ്ങിക്കൊണ്ടിരിക്കുന്നതു. സൂര്യദേവൻ ഒരുവർഷക്കാലം കൊണ്ട് സഞ്ചരിക്കുന്ന ദൂരം ചന്ദ്രൻ രണ്ടു പക്ഷങ്ങൾകൊണ്ട് സഞ്ചരിക്കുന്നു. സൂര്യന്റെ ഒരു മാസത്തെ ചലനം ചന്ദ്രൻ രണ്ടേകാൽ ദിവസം കൊണ്ട് പൂർണ്ണമാക്കുന്നു. അതുപോലെ, സൂര്യദേവൻ ഒരു പക്ഷത്തിൽ ചെയ്യുന്ന യാത്രയെ ചന്ദ്രൻ ഒരു ദിവസം കൊണ്ട് തീർക്കുന്നു. കറുത്ത പക്ഷത്തിൽ ദിനം തോറും കൂടുതൽ കൂടുതൽ തിളങ്ങിക്കൊണ്ട് ദേവകൾക്ക് ദിനവും അതുപോലെ പിതൃക്കൾക്ക് രാത്രിയും ചന്ദ്രൻ പ്രദാനം ചെയ്യുന്നു. അതുപോലെതന്നെ വെളുത്തപക്ഷത്തിൽ കകൾ കുറഞ്ഞു കുറഞ്ഞു    ദേവകൾക്ക് രാത്രിയും പിതൃക്കൾക്ക് പകലും സമ്മാനിക്കുന്നു. അതുവഴി സകലഭൂതങ്ങൾക്കും ജീവനായും ജീവനഹേതുവുമായുമിരിക്കുന്ന ചന്ദ്രൻ മുപ്പതു മുഹൂർത്തം കൊണ്ട് ഓരോ നക്ഷത്രങ്ങളേയും കടന്നുപോകുന്നു. പതിനാറുകലകളുള്ള ഈ ചന്ദ്രൻ സകലഭൂതങ്ങളുടേയും മനസ്സിനെ സ്വാധീനിക്കുന്നതുകൊണ്ട് അവനെ മനോമയനെന്നും, സകല ജീവജാലങ്ങൾക്കും ഊർജ്ജത്തെ നൽകുന്നതിനാൽ അന്നമയനെന്നും അമൃതമയനെന്നും പറയുന്നു. ദേവന്മാർക്കും പിതൃക്കൾക്കും മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ഉരഗങ്ങൾക്കും മരങ്ങൾക്കും ചെടികൾക്കും മറ്റു സകലഭൂതങ്ങൾക്കും സർവ്വവുമായിരിക്കുന്ന ചന്ദ്രദേവനെ ജ്ഞാനികൾ സർവ്വമയനെന്നും ഘോഷിക്കുന്നു. ചന്ദ്രന് രണ്ടുലക്ഷം യോജന മുകളിൽ ഏതാനും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു. അവ സൂര്യദേവന്റെ ചലനഗതിയ്ക്ക് വിരുദ്ധമായി കാലചക്രത്തിൽ സുമേരുവിനെ വലം ചുറ്റി സഞ്ചരിക്കുന്നു. ഈ നക്ഷത്രങ്ങൾ അഭിജിത്തടക്കം ഇരുപത്തിയെട്ടാണെന്നറിയുക.

ഹേ രാജൻ!, ഈ നക്ഷത്രസമൂഹങ്ങൾക്ക് പിന്നെയും രണ്ടുലക്ഷം യോജന മുകളിലാണ് ശുക്രഗ്രഹം സ്ഥിതിചെയ്യുന്നതു. അത് ചിലപ്പോൾ സൂര്യനു മുമ്പായോ പിന്നിലായോ ഒപ്പമായോ സഞ്ചരിക്കുന്നു. മഴതടയുന്ന ഗ്രഹങ്ങളുടെ സ്വാധീനത്തെ ശുക്രൻ ഇല്ലാതെയാക്കുന്നു. കൂടാതെ, മഴയ്ക്ക് കാരണക്കാരനായും വർത്തിക്കുന്ന ഈ ഗ്രഹത്തെ ജീവഭൂതങ്ങൾക്ക് ഉപകാരപ്രദമായ ശുഭഗ്രഹമായി പണ്ഡിതന്മാർ കണക്കാക്കുന്നു.

വീണ്ടും രണ്ടുലക്ഷം യോജനമുകളിൽ ബുധൻ നിലകൊള്ളുന്നു. ഈ ഗ്രഹവും കാലചക്രത്തിൽ സൂര്യനോടൊപ്പമോ മുൻപായോ പിൻപായോ സഞ്ചരിക്കുന്നു. സോമപുത്രനായ ബുധൻ പൊതുവേ ശുഭകാരകനാണു. എന്നാൽ, സൂര്യനിൽ നിന്നകന്നു നിൽക്കുന്ന സമയം, അത് പേമാരി, കൊടുംകാറ്റ്, അനാവൃഷ്ടി മുതലായ വിപത്തുകളെ സൂചിപ്പിക്കുന്നു. ബുധനുമേൽ രണ്ടുലക്ഷം യോജനയകലെ ചൊവ്വ എന്ന ഗ്രഹം സ്ഥിതിചെയ്യുന്നു. ഈ ഗ്രഹത്തിന്റെ വക്രഗതി അഭിവർത്തിക്കാത്തപക്ഷം ഇത് മുമ്മൂന്നു പക്ഷങ്ങൾകൊണ്ട് എല്ലാ നക്ഷത്രരാശികളേയും കടന്നുപോകുന്നു. ഇത് ജീവഭൂതങ്ങളെ സംബന്ധിച്ച് ഒരു പാപഗ്രഹമായി വർത്തിക്കുന്നു. ചൊവ്വയ്ക്ക് ഉപരിതലത്തിൽ രണ്ടുലക്ഷം യോജന മാറി ദേവഗുരുവായ വ്യാഴൻ കുടികൊള്ളുന്നു. ഓരോ പരിവത്സരംകൊണ്ട് വ്യാഴഓരോ രാശിയെ മറികടക്കുന്നു. വക്രഗതിയിൽ സഞ്ചരിക്കാത്തപക്ഷം വ്യാഴഗ്രഹം ബ്രാഹ്മണജനങ്ങൾക്കുപാകാരപ്രനായി മാറുന്നു. അതിനുമുകളിലായി രണ്ടുലക്ഷം യോജന ദൂരെ സ്ഥിതിചെയ്യുന്ന ശനി മൂന്നുമാസക്കാലംകൊണ്ട് ഒരു രാശിയെ കടന്നുപോകുന്നു. അങ്ങനെ മുപ്പത് അനുവത്സരം കൊണ്ട് ശനി എല്ലാ രാശികളേയും യഥാക്രം കടന്നുപോകുന്നുവെന്നറിയുക. സാധാരണയായി എല്ലാവർക്കും ശനിഗ്രഹം അശാന്തി സമ്മാനിക്കുന്നുവനാണു.

ഹേ പരീക്ഷിത്ത് രാജൻ!, ശനിഗ്രഹത്തിന് പതിനൊന്നുലക്ഷം യോജന മുകളിലാണു സപ്തർഷികളുടെ ലോകം. അവർ ലോകത്തിന്റെ ക്ഷേമത്തെ അനുഭാവനം ചെയ്തുകൊണ്ട് ഭഗവാൻ വിഷ്ണുവിന്റെ പരമപദസ്ഥാനമായ ധ്രുവമണ്ഡലത്തെ സർവ്വദാ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





The system of travel of planets