2014, ജനുവരി 30, വ്യാഴാഴ്‌ച

3.4 വിദുരര്‍ മൈത്രേയമുനിയെ കാണാനെത്തുന്നു.

ഓം 
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 4

ഉദ്ധവര്‍ തുടര്‍ന്നു: "പ്രഭാസതീര്‍ത്ഥത്തിലെത്തി ബ്രാഹ്മണരെ പൂജിച്ചതിനുശേഷം, വൃഷ്ണികളും ഭോജന്‍‌മാരും തുടര്‍ന്ന് ഈ ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് പ്രാസാദം കഴിക്കുകയും, വാരുണിമദ്യം സേവിക്കുകയും ചെയ്തു. തത്ക്കാരണാല്‍ സ്വബോധം നഷ്ടപ്പെട്ട ഇവര്‍ പരുഷമായ വാക്കുകള്‍ പറഞ് അന്യോന്യം കലഹിക്കാന്‍ തുടങി. സായംകാലമായപ്പോഴേക്കും, അവരുടെ ബുദ്ധി മദ്യലഹരിയില്‍ അസന്തുലിതമായ അവസ്ഥയിലായി. അത് അവരുടെ സര്‍‌വ്വനാശത്തിന്റെ ആരംഭമായിരുന്നു.

താന്‍ ഇച്ഛിച്ചതുപോലെ തന്റെ വംശത്തിന്റെ സര്‍‌വ്വനാശം മുന്നില്‍ കണ്ട ഭഗവാന്‍ ശ്രീകൃഷ്ണന്‍ താമസിയാതെ സരസ്വതീതീരത്തെത്തി. നദിയിലിറങി അല്പ്പം ജലം മൊത്തിക്കുടിച്ചു. അനന്തരം ഒരു വൃക്ഷച്ചുവട്ടില്‍ ഉപവിഷ്ടനായി. ശരണാഗതരുടെ സര്‍‌വ്വദുഃഖങളും തീര്‍ക്കുന്ന ഭഗവാന്‍ യഥുക്കളുടെ വിനാശം മനസ്സില്‍ വിചാരം ചെയ്യുന്ന സമയംതന്നെ എന്നോട് ബദരികാശ്രമത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്ലയോ വിദുരരേ!, എനിക്കവന്റെ ആഗ്രഹം നന്നേയറിയാമായിരുന്നു. ആയതിനാല്‍ ആ പാദപങ്കജത്തെപ്പിരിഞിരിക്കുവാന്‍ അസാധ്യമെങ്കിലും, അവന്റെ ആജ്ഞയെ ഞാന്‍ ശിരസ്സാവഹിച്ചു. അങനെ സഞ്ചരിക്കുന്ന വേളയില്‍ ശ്രീനികേതനനായ എന്റെ ഗുരു ഭഗവാന്‍ ശ്രീകൃഷ്ണന്‍ സരസ്വതീനദിയുടെ തീരത്തുള്ള ഒരു വൃക്ഷച്ചുവട്ടില്‍ ചിന്താധീനനായി ഇരിക്കുന്നത് ഞാന്‍ കണ്ടു. കറുപ്പുനിറത്തില്‍ മനോഹരമായിരുന്നു ആ കോമളഗാത്രം. പ്രശാന്തമായ അവന്റെ കണ്ണുകള്‍ ഉദയസൂര്യനെപ്പോലെ ചുവന്നിരുന്നു. മഞപ്പട്ടുടുത്ത് നാല് തൃക്കൈകളോടെ മരുവുന്ന ആ പരമപുരുഷനെ തിരിച്ചറിയാന്‍ എനിക്ക് വളരെ പെട്ടെന്ന് കഴിഞു. വലത് താമരപ്പാദം ഇടത് തുടയിന്‍‌മേല്‍ കയറ്റിവച്ച്, ശാന്തനായി, ഒരു ചെറിയ ആല്‍മരച്ചുവട്ടിലിരിക്കുന്ന ഭഗവാന്റെ തിരുമുഖം കൂടുതല്‍ പ്രസന്നമായിരുന്നു.

ഈ സമയം അവന്‍ തന്റെ സകല ലൗകികസമ്പത്തുകളും ഉപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭഗവാന്റെ ഉത്തമഭക്തനും, വ്യാസഭഗവാന്റെ സുഹൃത്തും അഭുദയകാംക്ഷിയുമായ മൈത്രേയമുനി യദൃച്ഛയാ അവിടേക്ക് വന്നത്. ഭക്തോത്തമനായി മൈത്രേയമുനി നമ്രശിരസ്ക്കനായി അവിടെയിരുന്നുകൊണ്ട് ആ പരം‌പൊരുളിന്റെ വാക്കുകളെ ശ്രവിക്കുകയായിരുന്നു. ആ ആദിനാരായണന്റെ പരമകാരുണ്യമാകുന്ന മന്ദഹാസം എന്നിലും വീണു. അതോടെ ഞാന്‍ അവിടെയിരുന്നു അവനെ സശ്രദ്ധം കേട്ടു."

ശ്രീഭഗവാന്‍ പറഞു: "ഹേ വസു!, പണ്ട് നിങള്‍ വസുക്കളും മറ്റ് ദേവതകളും ചേര്‍ന്ന് വിശ്വസൃഷ്ടിയുടെ പരിവ്യാപ്തിക്കുവേണ്ടി യജ്ഞം നടത്തിയപ്പോള്‍ നിങളുടെ ഹൃദയത്തില്‍ അലതല്ലിക്കൊണ്ടിരുന്ന ആ ആഗ്രഹം സര്‍‌വ്വാന്തര്യാമിയായ നാം അറിഞിരുന്നു. ആയതിനാല്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നമ്മുടെ സാന്നിധ്യം കാംക്ഷിച്ച നിങള്‍ക്ക് നാം അത് നല്‍കുകയും ചെയ്തിരുന്നു. അല്ലയോ സാധോ!, ഇത് അങയുടെ അവസാനജന്‍‌മമാണ്. അതുപോലെ അങയുടേ ഈ ജന്‍‌മം അത്യന്തം മഹത്തരവുമാണ്. കാരണം, അങേയ്ക്ക് നമ്മുടെ സായൂജ്യം ലഭിച്ചുകഴിഞിരിക്കുന്നു. ഇനി അങേയ്ക്ക് ഈ നരലോകത്തെ ത്യജിച്ച് നമ്മുടെ ആസ്ഥാനമായ വൈകുണ്ഡത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. നമ്മെ കാണാനായി ഇപ്പോള്‍ ഈ ഏകാന്തമായ സ്ഥലത്ത് അങെത്തിച്ചേര്‍ന്നിരിക്കുന്നത് അങേയ്ക്ക് നമ്മിലുള്ള അകമഴിഞ ഭക്തിപാരവശ്യം ഒന്നുകൊണ്ട് മാത്രമാണ്. അത് മാത്രമാണ് അങയുടെ സകല ഐശ്വര്യങളുടേയും പരമഹേതുവും. അല്ലയോ ഉദ്ധവരേ!, പണ്ട് സൃഷ്ടിക്കുമുമ്പ് നമ്മുടെ നാഭിയില്‍ നിന്നുമുയര്‍ന്നുവിടര്‍ന്ന കമലത്തില്‍ സ്ഥിതനായ ബ്രഹ്മദേവന് നാം നമ്മുടെ തത്വത്തെ ഉപദേശം ചെയ്തിരുന്നു. അതിനെ ജ്ഞാനികള്‍ ശ്രീമദ് ഭാഗവതം എന്നു വിളിക്കുന്നു."

ഉദ്ധവര്‍ പറഞു: "ഹേ വിദുരരേ!, അവന്റെ സ്നേഹവാത്സല്യങള്‍ എന്നില്‍ പതിഞതോടെ എന്റെ വാക്കുകള്‍ കണ്ണീരില്‍ പൊലിഞുപോയി. അംഗങള്‍ തോറും രോമങള്‍ എഴുന്നുനിന്നു. കണ്ണുനീരൊഴുക്കി, കൂപ്പുകൈകളോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. [ഭഗവാനേ!, അങയുടെ പാദാംബുജസേവ ചെയ്യുന്ന ഒരു ഭക്തന് ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍ വളരെ എളുപ്പത്തില്‍ പ്രാപ്യമാകുന്നു. പക്ഷേ അടിയന് വേണ്ടത് അവിടുത്തെ പാദാരവിന്ദങളെ പൂജിക്കുവാനുള്ള സൗഭാഗ്യം മാത്രമാണ്. ഭഗവാനേ!, ഇതെന്തൊരത്ഭുതം!, കാമരഹിതനായ അങ് കാമ്യകര്‍മ്മങള്‍ ചെയ്യുന്നു. അജനായ അങ് നിരവധി അവതാരങള്‍ കൈക്കൊള്ളുന്നു. കാലത്തിന്റെ നിയന്താവായ അങ് ശത്രുക്കളെഭയന്ന് കോട്ടപുക്കൊളിക്കുന്നു. ബ്രഹ്മാനന്ദനിമഗ്നനായിയിരിക്കുമ്പോഴും അവിടുന്ന് ഒരു ഗൃഹസ്ഥാശ്രമിയെപ്പോലെ സ്ത്രീകളാല്‍ ചുറ്റപ്പെട്ട് തൃണസമമായ ജീവിതമാസ്വദിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും മഹത്തുക്കള്‍ പോലും പരിഭ്രാന്തരായി അമ്പരന്നുനില്‍ക്കുന്നു. പ്രഭോ!, അങ് കാലാധിതനാണ്. അവിടുത്തെ നിസ്സീമമായ ജ്ഞാനത്തിനുമുന്നില്‍ അടിയന്‍ ആരുമല്ല. എങ്കിലും അവിടുന്ന് ഒരു വിമോഹിതനെന്നവണ്ണം എന്നോട് ഉപദേശം ആരായുന്നു. അങയുടെ ഇങനെയുള്ള ചെയ്തികളാണ് ഈയുള്ളവനെ മോഹിപ്പിക്കുന്നത്.

ഭഗവാനേ!, അങയുടെ മഹിമകളാകുന്ന ആ ആത്മജ്ഞാനം സകലദുരിതങളേയും അകറ്റുന്നതാണ്. അങ് സൃഷ്ടിക്കുമുമ്പ് ബ്രഹ്മദേവനില്‍ കൊളുത്തിയ ആ ജ്ഞാനദീപം ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരാണ് ഞങളെന്ന് അങേയ്ക്ക് തോന്നുന്നുണ്ടുവെങ്കില്‍ ആ ദീപം ഞങളില്‍കൂടി പ്രകാശിപ്പിച്ചാലും.]

വിദുരരേ!, ഇങനെ ഞാന്‍ ഹൃദയം കൊണ്ടവനോട് പ്രാര്‍ത്ഥിച്ചു. എന്നില്‍ പ്രീതനായ ആ താമരക്കണ്ണന്‍ തന്റെ പരമമായ തത്വത്തെ എനിക്ക് പ്രദാനം ചെയ്തു. അവന്റെ പ്രീതിയില്‍ ആ തത്വം ഞാന്‍ പഠിച്ചു. പിന്നീട് ആ തൃപ്പാദങളില്‍ നമസ്ക്കരിച്ച്, അവനുചുറ്റും പ്രദക്ഷിണം ചെയ്ത്, ഹൃദയത്തിലുരുകുന്ന വിരഹദുഃഖവുമായി ഞാന്‍ ഇവിടെയെത്തി. ഈ സമയം അവനെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുകയാണ്. മനസ്സിന്റെ തളര്‍ച്ചയൊ അല്പ്പമൊന്ന് കുറയ്ക്കുവാനായി ഞാനിതാ അവന്റെ അനുജ്ഞയാല്‍ ബദരികാശ്രമത്തിലേക്ക് പോകുന്നു. ആവിടെയാണ് ആ പരമാത്മാവിന്റെ അവതാരങളായ നരനാരായണന്‍‌മാര്‍ കാലാകാലങളായി അഖിലലോകമംഗളത്തിനായ്ക്കൊണ്ട് തപമനുഷ്ഠിക്കുന്നത്."

ശ്രീശുകന്‍ പരീക്ഷിത്തിനോട് പറഞു: "ഹേ രാജന്‍!, അങനെ ഉദ്ധവരിൽനിന്നും തന്റെ ബന്ധുമിത്രാദികളുടെ സര്‍‌വ്വനാശത്തെക്കുറിച്ച് കേട്ട പണ്ഡിതനായ വിദുരര്‍, തത്ജന്യമായ ദുഃഖത്തെ ജ്ഞാനാഗ്നിയില്‍ എരിച്ച് ഭസ്മമാക്കി. ഒടുവില്‍ ഭക്തോത്തമനായ ഉദ്ധവര്‍ വിദുരരോട് യാത്രപറഞ് പോകാനൊരുങുമ്പോള്‍ വിദുരര്‍ അദ്ദേഹത്തോട് ചോദിച്ചു.

"ഉദ്ധവരേ!, ഭക്തന്‍‌മാര്‍ എപ്പോഴും ഭഗവാനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും സംസാരിക്കുന്നവരുമാണ്. അങനെയിരിക്കെ, അവന്‍ നേരിട്ട് തന്റെ ആത്മതത്വത്തെ ബോധിപ്പിച്ച് അനുഗ്രഹിച്ച അങയില്‍നിന്നും ആ ജ്ഞാനത്തെ മറ്റുള്ളവര്‍ സ്വീകരിക്കുന്നത് തികച്ചും അഭിലഷണീയം തന്നെ."

ഉദ്ധവര്‍ പറഞു: "പ്രിയവിദുരരേ!, അതിനൊരു വഴി ഞാന്‍ കാണുന്നുണ്ട്. അവിടുന്ന് പണ്ഡിതനായ മൈത്രേയമുനിയെ ശരണം പ്രാപിക്കുക. ആദരണീയനായ അദ്ദേഹമാണ് ആ അത്മതത്വത്തെക്കുറിച്ച് പറയാന്‍ തികച്ചും ഇവിടെ യോഗ്യനായിയുള്ളത്. കാരണം ഭഗവാന്‍ തന്റെ ധാമത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് മൈത്രേയമുനിക്കാണ് ഈ തത്വത്തെ ഉപദേശം ചെയ്തിരുന്നത്."

ശുകദേവന്‍ പറഞു: "രാജന്‍!, ഇങനെ യമുനാനദിയുടെ തീരത്തുവച്ച് വിദുരരും ഉദ്ധവരും ഭഗവാന്റെ മഹികള്‍ വാതോരാതെ ചര്‍ച്ചചെയ്തു. അവര്‍ കൃഷ്ണനെയോര്‍ത്ത് അവന്റെ വിരഹത്തില്‍ അതീവദുഃഖിതരായി. ആ രാതി ഉദ്ധവര്‍ക്ക് ഒരു നിമിഷം പോലെ കടന്നുപോയി. പിറ്റേദിവസം ഉഷസ്സില്‍ ഉണര്‍ന്ന് അദ്ദേഹം അവിടെനിന്നും യാത്രതിരിച്ചു."

സൂതന്‍ തുടര്‍ന്നു: ഇത്രയും കേട്ടതിനുശേഷം പരീക്ഷിത്ത് രാജാവ് ശ്രീശുകനോട് ചോദിച്ചു. "പ്രഭോ!, തന്റെ അദ്ധ്യാത്മലീലകള്‍ക്ക് വിരാമമിട്ട്, യഥുക്കളേയും ഭോജന്‍‌മാരേയും നാമാവശേഷമാക്കി, മൂന്നുലോകങളുടേയും നാഥനായ ശ്രീകൃഷ്ണപരമാത്മാവ് സ്വധാമത്തിലേക്ക് പ്രയാണം ചെയ്തതിനുശേഷം, ആരായിരുന്നു ഇവിടെ രാജ്യഭാരം ഏറ്റെടുത്തിരുന്നത്?. എന്തുകൊണ്ടാണ് ഉദ്ധവരെ മാത്രം ഭഗവാന്‍ ബാക്കിവച്ചത്?"

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, യഥുക്കള്‍ക്കും, ഭോജന്‍‌മാര്‍ക്കുമുണ്ടായ ബ്രാഹ്മണശാപം തികച്ചും ഒരു പ്രഹസനമായിരുന്നു. ഭൂമുഖത്തുനിന്നും തന്റെ കുലം ആപ്പാടെ ഇല്ലാതാക്കി, തിരിച്ച് വൈകുണ്ഡത്തിലേക്ക് മടങുവാനുള്ള ഭഗവാന്റെ ഇച്ഛയായിരുന്നു സത്യത്തില്‍ ഇവിടെ സംഭവിച്ചിരുന്നത്. ഈ അവസരത്തില്‍ ഭഗവാന്‍ ചിന്തിച്ചു: [എനിക്ക് സ്വധാമത്തിലേക്ക് മടങുവാന്‍ സമയമായിരിക്കുന്നു. എന്റെ ഭക്തന്‍‌മാരില്‍ അത്യുത്തമനായ ഉദ്ധവര്‍ മാത്രമാണ് എന്റെ തത്വത്തെ സ്വീകരിക്കാന്‍ ഇവിടെ പ്രാപ്ത്നായുള്ളത്. ഉദ്ധവര്‍ എന്നെക്കാള്‍ ഒട്ടും തന്നെ ചെറിയവനല്ല. കാരണം അദ്ദേഹം ത്രിഗുണാതിതനായ പുണ്യാത്മാവാണ്. അത്കൊണ്ട് എന്റെ അദ്ധ്യാതിമികതത്വത്തെ ഉള്‍ക്കൊണ്ട് ഇവിടെ പ്രചരിപ്പിക്കുവാന്‍ ഉദ്ധവര്‍  ഇവിടെ അവശേഷിക്കേണ്ടിയിരില്‍ക്കുന്നു.]

ശ്രീശുകന്‍ തുടര്‍ന്നു: "അങനെ മൂലോകഗുരുവായ ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്നും ഉദ്ധവര്‍ പ്രത്യക്ഷേണ ശ്രീമദ് ഭാഗവതത്വം പഠിച്ച് ഹൃദയത്തിലുറപ്പിച്ചു. അനന്തരം ബദരികാശ്രമത്തിലെത്തി ഭഗവത് പ്രീതിക്കായി ഭഗവതാരാധന തുടങുകയും ചെയ്തു. ഈ നരലോകത്തില്‍ അവന്‍ അവതരിച്ചതും തിരിച്ചുപോയതുമായ സകലവൃത്താന്തങളും വിദുരര്‍ ഉദ്ധവരില്‍ നിന്നും പഠിച്ചു. ഈ പരമസത്യത്തെ അറിയുവാനാണ് ഋഷീശ്വരന്‍‌മാര്‍ പോലും നിത്യവും അശ്രാന്തപരിശ്രമം കൊണ്ട് പണിപ്പെടുന്നത്. ഭഗവാന്റെ ഭൂലോകത്തിലുണ്ടായ അവതാരങളും, അവന്റെ അത്ഭുതമഹിമകളും അവന്റെ ഭക്തന്‍‌മാര്‍ക്കല്ലാതെ മറ്റൊരുത്തര്‍ക്കറിയുവാന്‍ സാധ്യമല്ല. അന്യജനാവലികള്‍ക്ക് അവയൊക്കെ കേവലം മനഃക്ലേശമുണ്ടാക്കുന്ന വസ്തുതകളത്രേ!.

വൈകുണ്ഡത്തിലേക്ക് മടങുന്നതിനുമുമ്പ് തന്നെക്കുറിച്ച് ഭഗവാൻ ഉള്ളുകൊണ്ട് ഓർത്തുവെന്നുള്ള കാര്യവും മറ്റും ഉദ്ധവരിൽനിന്നും അറിഞ്ഞ് അതിന്റെ മനസ്സിൽ ചിന്തിച്ചുകൊണ്ട് ഭഗവാനില്‍ പ്രേമവിഹ്വലനായി വിദുരര്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട് ദീനദീനം വിലപിച്ചു.  അങനെ കുറച്ചു ദിവസങള്‍ യമുനാതീരത്ത് വസിച്ച് വിദുരര്‍ മൈത്രേയമുനി താമസിക്കുന്ന ഗംഗാതീരത്തെത്തി."

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  നാലാമധ്യായം സമാപിച്ചു.

ഓം തത് സത്




2014, ജനുവരി 24, വെള്ളിയാഴ്‌ച

3.3 മധുരയിലും ദ്വാരകയിലുമായുള്ള ഭഗവാന്റെ ലീലകൾ

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 3

ഉദ്ധവര്‍ തുടര്‍ന്നു: "വൃന്ദാവനത്തില്‍നിന്നും ശ്രീകൃഷ്ണന്‍ ബലരാമനോടൊപ്പം മധുരയിലെത്തി. പരദ്രോഹിയായ കംസനെ സിംഹാസനത്തില്‍നിന്നും വലിച്ച് താഴെയിട്ട്, അവിടെനിന്നും നിലത്തുകൂടെ ശക്തിയോടെ വലിച്ചിഴച്ച് കാലപുരിക്കയച്ചു. പിന്നീട് തന്റെ മാതാപിതാക്കളെ കാരാഗ്രഹത്തില്‍നിന്നും മോചിതരാക്കി. കൃഷ്ണന്‍ സാന്ദീപനിമഹര്‍ഷിയില്‍നിന്നും സകലവേദങളും ഉപനിഷത്തുക്കളും വളരെപ്പെട്ടെന്നുതന്നെ പഠിച്ചിരുന്നു. ഒരുമാത്ര തന്റെ ഗുരുവില്‍ നിന്നും ശ്രവിക്കുന്നതോടെ അവയൊക്കെ അവന് ജ്ഞേയമാകുന്നു. തുടര്‍ന്ന് മൃതിയടഞ ഗുരുപുത്രനെ പഞ്ചജനനില്‍നിന്നും പിടിച്ചെടുത്ത് ഗുരുദക്ഷിണയായി ഗുരുവിന് നല്‍കി. ഭീഷ്മകരുടെ പുത്രിയായ രുഗ്മിണിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ കൊട്ടാരത്തിലെത്തി അവളുടെ സ്വയം‌വരത്തിനായെത്തി ആ സൗഭാഗ്യവും കാത്തിരിക്കുന്ന നിരവധി രാജകുമാരന്‍‌മാരുടെ ഇടയിലൂടെ, ഗരുഡന്‍ പണ്ട് അമൃതം റാഞ്ചിക്കൊണ്ടുപോയതുപോലെ, ഭഗവാന്‍ കൃഷ്ണന്‍ രുഗ്മിണിയെ കടത്തിക്കൊണ്ടുപോയി.

പിന്നീടൊരു സ്വയം‌വരാവസരത്തില്‍ ഏഴ് കാളക്കൂറ്റന്‍‌മാരെ പരാജയപ്പെടുത്തി നാഗ്നാജിതി രാജകുമാരിയെ പാണിഗ്രഹണം ചെയ്തു. എതിര്‍ക്കാന്‍ വന്ന മൂഢരായ രാജാക്കന്‍‌മാരെ യഥാവിധി യുദ്ധത്തില്‍ യമപുരം ചേര്‍ക്കുകയും ചെയ്തു. ഒരു സാധാരണ മനുഷ്യനെപ്പോലെ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തുവാനെന്നോണം സ്വര്‍ഗ്ഗത്തില്‍ നിന്നും പാരിജാതത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഇന്ദ്രന്‍ തന്റെ ഭാര്യയാല്‍ പ്രലോഭിതനായി ഒരു പെണ്‍കോന്തനെന്നോണം ഇതിന്റെ പേരില്‍ ഭഗവാനോട് യുദ്ധത്തിന് പുറപ്പെട്ടു.

ധരിത്രിയുടെ മകന്‍ നരകാസുരന്‍ ആകാശം മുഴുവന്‍ പിടിച്ചടക്കുവാനുള്ള പരിശ്രമത്തിനിടയില്‍ ഭഗവാന്റെ സുദര്‍ശനചക്രത്താല്‍ വധിക്കപ്പെട്ടു. പിന്നീട് ഭൂമീദേവിയുടെ പ്രാര്‍ത്ഥനെയെ മാനിച്ച് നരകാസുരന്റെ രാജ്യത്തെ അയാളുടെ പുത്രന് തിരികെ നല്‍കി. അങനെ ഭഗവാന്‍ അസുരന്‍‌മാരുടെ കോട്ടയ്ക്കകത്ത് പ്രവേശിച്ചു. അവിടെ നരകാസുരന്‍ കാരാഗൃഹത്തിലടച്ചിരുന്ന അനേകം രാജകുമാരിമാര്‍ ദീനവത്സലനായ ഭഗവാനെ കണ്ടതും നാണത്തോടെ, സന്തോഷവതികളായി, ഭഗവാനെ പതിയായി സ്വീകരിക്കുവാനുള്ള അത്യാര്‍ത്തിയോടെ ആ കരുണാമയനെ നോക്കി. ഭഗവാന്‍ ആത്മമായയാല്‍ ഒരേവേളയില്‍ ഓരോ സ്ത്രീകള്‍ക്കും അനുയോജ്യമാം വിധം  അനേകം ദിവ്യശരീരങള്‍ കൈക്കൊണ്ട് നിരാലംബരായ ആ രാജകുമാരിമാരെ വേളികഴിച്ചു. ഓരോരുത്തരേയും വേവ്വേറെ ഭവനങളില്‍ താമസിപ്പിച്ചു. ഭഗവാന്‍ ഇവര്‍ക്കോരോരുത്തര്‍ക്കും തനിക്കുസമമായ പത്തു സന്തതികളെ വീതം നല്‍കിയനുഗ്രഹിച്ചു.

അന്ന് സാല്വനും, മഗധയുടെ രാജാവ് കാലയവനനുമൊക്കെ മധുരയെ ആക്രമിച്ചു. അവര്‍ തങളുടെ സൈന്യങളോടൊപ്പം രാജ്യത്തെ വളഞു. എങ്കിലും അവരെ വധിക്കുന്നതില്‍ നിന്നും ഭഗവാന്‍ ഒഴിഞുമാറിനിന്നുകൊണ്ട് തന്റെ സേനയുടെ യുദ്ധകുശലതയെ ശത്രുക്കള്‍ക്ക് കാട്ടിക്കൊടുത്തു. ശംബരന്‍, ദ്വിവിദന്‍, ബാണന്‍, മുരന്‍, ബല്വന്‍, തുടങിയ രാജാക്കന്‍‌മാരും, അസുരന്‍‌മാരയ ദണ്ഡവക്രാദികളും ഒക്കെ ഭഗവാനോട് പോരിനുവന്നു. പക്ഷേ അവരില്‍ ചിലരെ അവന്‍ നേരിട്ടു വധിക്കുകയും, മറ്റുചിലരെ മറ്റുള്ളവരാല്‍ കൊല്ലിക്കുകയും ചെയ്തു.

ഹേ വിദുരരേ!, കുരുക്ഷേത്രത്തില്‍ ശത്രുപക്ഷത്തുനിന്നും, അങയുടെ പക്ഷത്തുനിന്നും അനേകം പേര്‍ അതിഘോരമായി യുദ്ധം ചെയ്തു. അവര്‍ യുദ്ധഭൂമിയിലൂടെ കൂകിവിളിച്ചുകൊണ്ട് തലങും വിലങും ഒടുമ്പോള്‍ ഭൂമിദേവി വിറയ്ക്കുകയായിരുന്നു. ഇങനെ അതിശക്തന്‍‌മാരയ അനേകം യോദ്ധാക്കളുടെ മൃതുവിന് ഭഗവാന്‍ കാരണക്കാരനായി. കര്‍ണ്ണന്റേയും, ദുഃശ്ശാസനന്റേയും, സൗബലന്റേയും, തെറ്റായ ഉപദേശങള്‍ സ്വീകരിച്ചതിന്റെ ഫലമായി ദുര്യോധനന് തന്റെ ജീവിതദൈഘ്യവും, സൗഭാഗ്യങളുമെല്ലാം നഷ്ടപ്പെട്ടു. തന്റെ അനുയായികള്‍ക്കൊപ്പം യുദ്ധഭൂമിയില്‍ തുട തകര്‍ന്നുകിടന്ന ദുര്യോധനെ കാണാന്‍ ഭഗവാന് ഒട്ടും തന്നെ താല്പ്പര്യമുണ്ടായിരുന്നില്ല.

ഹേ വിദുരരേ!, കുരുക്ഷേത്രയുദ്ധം അവസാനിച്ച വേളയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞു - "ഭൂമിക്ക് ഭാരമായിരുന്ന പതിനെട്ട് അക്ഷൗഹിണികളെ ഇതാ ദ്രോണരും, ഭീഷ്മരും, അര്‍ജ്ജുനനും, ഭീമനുമൊക്കെ ചേര്‍ന്ന് ഇല്ലാതാക്കിയിരിക്കുന്നു. പക്ഷേ, എന്റെ കുലമായ യഥുക്കളുടെ ഭാരം ഇപ്പോഴും ഭൂമിദേവിക്ക് താങാനാകാത്തവിധം വളര്‍ന്നുവലുതായിര്‍ക്കുന്നു. അവരെക്കൂടി ഇവിടെനിന്നും ഉന്‍‌മൂലനലനം ചെയ്യേണ്ടിയിരിക്കുന്നു. അവര്‍ മധുമത്തരായി, കണ്ണും ചുവപ്പിച്ച്, തമ്മില്‍ കലഹിച്ചു, തനിയെ ഇല്ലാതാകുന്നതാണ്. എന്റെ അഭാവത്തില്‍ ഇത്യര്‍ത്ഥം ഇതല്ലാതെ ഒരു വഴി വേറേ ഇല്ലതന്നെ."

പിന്നീട് ഭഗവാന്‍ ചിന്തിച്ചുറപ്പിച്ചുകൊണ്ട് ധര്‍മ്മാധിഷ്ഠിതവും ശ്രേഷ്ഠവുമായ ഒരു ഭരണം കാഴ്ചവയ്ക്കുവാനായി യുധിഷ്ഠിരനെ ലോകാധിപതിയായി വാഴിച്ചു. പുരുവംശത്തിന്റെ അനന്തരാവകാശി പിന്നീട് മഹാനായ അഭിമന്യുവിന്റെ പുത്രനായി ഉത്തരയുടെ ഗര്‍ഭത്തില്‍ പിറന്നു. ആ ഭൂണം ദ്രോണപുത്രന്റെ ബ്രഹ്മാസ്ത്രത്താല്‍ ദഹിക്കാന്‍ തുടങിയപ്പോള്‍ ഭഗവാന്‍ ഉത്തരയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അവനേയും പരിരക്ഷിച്ചു. ധര്‍മ്മപുത്രര്‍ രാജ്യഭരണമേറ്റുകഴിഞപ്പോള്‍ ഭഗവാന്‍ അദ്ദേഹത്തെക്കൊണ്ട് അശ്വമേധയാഗം ചെയ്യിച്ചു. ശ്രീകൃഷ്ണഭക്തനായ യുധിഷ്ഠിരന്‍ സഹോദരന്‍‌മാര്‍ക്കൊപ്പം തന്റെ രാജ്യത്തെ സകല സൗഭാഗ്യങള്‍ക്കൊപ്പം പരിപാലിച്ചുരക്ഷിച്ചു.

അതേസമയം ഭഗവാനാകട്ടെ, വേദവിധികള്‍ക്കനുസരിച്ച്, തികച്ചും അനാസക്തനായി, സാംഖ്യശാസ്ത്രാദിവിധികള്‍ പ്രമാണമാക്കി ദ്വാരകയില്‍ വാണു. അവിടെ, ഭഗവാന്‍ തന്റെ  അന്തരാത്മാവില്‍ പരമാനന്ദാനുഭവരസം നുകര്‍ന്നുകൊണ്ട്, ഭക്തന്‍‌മാര്‍ക്ക് അമൃതവചസ്സുകളരുളിക്കൊണ്ട്, സകലൈശ്വര്യങളോടെ, അത്ഭുതചരിതനായി ആ അദ്ധ്യാത്മികശരീരത്തില്‍ കുടികൊണ്ടു. യഥുക്കളോടൊപ്പം ഇഹത്തിലും പരത്തിലും, അവന്‍ തന്റെ ലീലകളാടി. വിശ്രമവേളകളില്‍ ഭഗവാന്‍ തന്റെ ഭാര്യമാര്‍ക്കൊപ്പം ക്ഷണസൗഹൃദം പങ്കിട്ടു. ഇങനെ അനേകദിവ്യസം‌വത്സരങള്‍ കൃഷ്ണന്‍ ഒരു ലൗകികനെപ്പോലെ ജീവിച്ചു. ഒടുവില്‍ പൂര്‍ണ്ണവിരക്തനായി.

സകലജീവജാലങളും ഈശ്വരാധീനരാണ്. ആ ജഗദീശ്വരനോട് യോഗം കൂടാന്‍ ഭക്തന്‍‌മാര്‍ക്ക് മാത്രമേ സാധിക്കുന്നുള്ളൂ. ദ്വാരകയില്‍ ഒരിക്കല്‍ കുറെ യഥുരാജകുമാരന്‍‌മാരും, ഭോജകുമാരന്‍‌മാരും കൂടിചേര്‍ന്ന് ഒരുകൂട്ടം ഋഷികളെ പരിഹസിച്ച് അവരെ കോപാകുലരാക്കി. ഭഗവാന്റെ ഇച്ഛാനുസൃതം സംഭവിച്ച ഈ ക്രീഡയില്‍ ക്രോധിതരായ മുനികള്‍ അവരെ ശപിച്ചു. തതനന്തരം ശ്രീകൃഷ്ണനാല്‍ പരിഭ്രാന്തരായ കുറെ യഥുക്കളും, ഭോജന്‍‌മാരും, അന്തകവംശജരും കൂടി അത്യുത്സാഹത്തോടെ തങളുടെ രഥങളില്‍ കയറി പ്രഭാസതീര്‍ത്ഥത്തിലേക്ക് തിരിച്ചു. എന്നാല്‍ കുറെ കൃഷ്ണഭക്തന്‍‌മാര്‍ ദ്വാരകയില്‍ ഭഗവാനോടൊപ്പംതന്നെ കഴിഞു. അവിടെയെത്തി കുളികഴിഞ് ഇവര്‍ തങളുടെ പിതൃക്കള്‍ക്കളുടേയും, ദേവന്‍‌മാരുടേയും, ഋഷികളുടേയും പരിതൃപ്തിക്കുവേണ്ടി ബലിതര്‍പ്പണം ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണര്‍ക്ക് പശു, സ്വര്‍ണ്ണം, പൊന്‍ നാണയങള്‍, ശയ്യകള്‍, വസ്ത്രങള്‍, മാന്തോല്‍, കംബളം, കുതിര, ആന, കന്യകമാര്‍, ഭൂമി എന്നിവ ദാനമായി നല്‍കി അവരുടെ അനുഗ്രഹത്തിന് പാത്രമായി. പിന്നീടവര്‍ രുചിയേറിയ ഭക്ഷണങളുണ്ടാക്കി ആദ്യം ഭാവാന് സമര്‍ച്ചതിനുശേഷം ഈ ബ്രാഹ്മണര്‍ക്ക് ഊട്ടുനടത്തി. അവര്‍ തങളുടെ ശിരസ്സ് ഭൂമിയില്‍ തട്ടിച്ച് അവരെ നമസ്ക്കരിച്ചു. അങനെ ഗോക്കളേയും ബ്രാഹ്മണരേയും പരിരക്ഷിച്ചുകൊണ്ട് അവര്‍ യഥോചിതം വാണു.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2014, ജനുവരി 17, വെള്ളിയാഴ്‌ച

3.2 ഉദ്ധവരുടെ ഭഗവത്സ്മരണ

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 2

ശ്രീശുകന്‍ പറഞു: "ആകാംശാഭരിതനായി ഇങനെ അനേകം ചോദ്യങള്‍ വിദുരര്‍ ഉദ്ധവരോട് ചോദിച്ചു. പക്ഷേ ഭഗവത് സ്മൃതിയുടെ അതിരേകത്തിലുണ്ടായ ഹൃദയത്തുടിപ്പില്‍ തന്നെതന്നെ മറന്നുപോയ ഉദ്ധവര്‍ക്ക് ആ ചോദ്യങള്‍ക്കൊന്നും ഉടനെ ഉത്തരം പറയാന്‍ കഴിഞില്ല. കുട്ടിക്കാലത്ത് അഞ്ചുവയസ്സുള്ളപ്പോല്‍ പോലും ഉദ്ധവര്‍ ഭഗവത് പ്രേമത്തില്‍ അലിഞുപോകുമായിരുന്നു. മാതാവ് പ്രഭാതഭക്ഷണത്തിനുവിളിച്ചാല്‍ പോലും അദ്ദേഹം ഭഗവാനില്‍ മതിമറന്ന് അത് ഉപേക്ഷിക്കുമായിരുന്നു. ചെറുപ്പകാലം മുതല്‍ക്കേയുള്ള കൃഷ്ണപ്രേമം വയസ്സായ അവസ്ഥയിലും തീവ്രമായിരുന്നതിനാല്‍ ഭഗവാനെക്കുറിച്ച് കേട്ടനിമിഷം തന്നെ ഉദ്ധവരുടെ മനസ്സില്‍ ഭഗവാനുമായുള്ള സകല സ്മൃതികളുമുണര്‍ന്നു. ഒരുനിമിഷത്തേക്ക് ഉദ്ധവര്‍ ശരീരമിളകാതെ സ്തബ്ദനായി നിന്നു. ഭഗവദ്പാദപങ്കജങളെ സ്മരിച്ചുണ്ടായ ഹര്‍ഷോന്മാദത്തില്‍ അദ്ദേഹം അലിഞുചേര്‍ന്നു. അതില്‍ അദ്ദേഹം കൂടുതല്‍ ആഴ്ന്നിറങുന്നതുപോലെ വിദുരര്‍ക്കുതോന്നി. ഉദ്ധവരുടെ അംഗങള്‍തോറുമുണ്ടായ അത്യുത്കൃഷ്ടമായ ചലനങള്‍ കണ്ടപ്പോള്‍, കൃഷ്ണനോടുള്ള അദ്ദേഹത്തിന്റെ തീവ്രസ്നേഹം പ്രസരിച്ച് സം‌പ്ലുതമായ അനുഭൂതിയെ വിദുരര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞു. വിദുരര്‍ ഉദ്ധവരുടെ കണ്ണുനീര്‍ തുടച്ചു. ഉദ്ധവര്‍ ക്രമേണ ഭഗവദ് ധാമാനുഭൂതിയില്‍നിന്നും താഴെ നരലോകത്തിലേക്കിറങിവന്നു. കവിളില്‍കൂടിയൊഴുകിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഭഗവാനും താനുമായുള്ള തന്റെ സ്മൃതികളില്‍ ഓരോന്ന് ചികഞെടുത്ത് അത്യന്തം ആനന്ദത്തോടെ വിദുരരോട് പറയുവാന്‍ തുടങി."

ഉദ്ധവര്‍ പറഞു: "പ്രിയവിദുരരേ!, നമ്മുടെ ക്ഷേമത്തെപറ്റിയിനിയെന്തുപറയാന്‍. ലോകത്തിന്റ മുഴുവനും സൂര്യനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ മറഞു. ഗൃഹമാകട്ടെ കാലമാകുന്ന സര്‍പ്പത്താല്‍ വിഴുങപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്നിട്ടും, ജലത്തിനടിയില്‍നിന്നും മത്സ്യം ചന്ദ്രനെ അറിയുന്നതുപോലെയല്ലാതെ, അതിനപ്പുറം ഭഗവാന്‍ ഹരിയെ മനസ്സിലാക്കാന്‍ ഈ യഥുക്കള്‍ക്ക് കഴിഞിട്ടില്ല. അതിനാല്‍ ഇവര്‍ ശരിക്കും ദൗര്‍ഭാഗ്യരാണ്. എന്തിനുപറയാന്‍, ഈ പ്രപഞ്ചം തന്നെ ഭാഗ്യം നശിച്ചതായി മാറിയിരിക്കുന്നു. യഥുക്കള്‍ പ്രൗഡിയുള്ളവരും ആത്മജ്ഞാനികളുമായിരുന്നെങ്കിലും, അവര്‍ ഭഗവാനെ അറിഞിരുന്നത് തങളെക്കാല്‍ ഉയര്‍ന്ന്, എല്ലായിടവും വര്‍ത്തിക്കുന്ന ഒരുവനായി മാത്രമായിരുന്നു. പക്ഷേ ശരണാഗതരുടെ ബുദ്ധിയെ ഒരുകാലത്തും, മായാബദ്ധമായ ഒരു ശക്തിക്കും, ഭഗവത് പ്രേമത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ സാധ്യമല്ല. ഭഗവാന്‍ കൃഷ്ണന്‍ തന്റെ അദ്ധ്യാത്മികരൂപത്തെ ലോകസമക്ഷം കാഴ്ച്ചവച്ചതിനുശേഷം, തുടര്‍ന്ന് തന്നെ കാണാന്‍ അയോഗ്യരായവരുടെ കണ്മുന്നില്‍ നിന്നും അപ്രത്യക്ഷനായി. അവന്‍ തന്റെ അദ്ധ്യാത്മലീലകള്‍ കാട്ടാനായി മര്‍ത്ത്യരൂപം പൂണ്ട് ഇവിടെ അവതരിച്ചു. അതിലൂടെ തന്റെ യോഗമായയേയും, ഐശ്വര്യത്തേയും, എല്ലാറ്റിനുമുപരി സകല ആഭരണങളുടേയും ആഭരണമായ ആ നിര്‍മ്മലപാദത്തേയും ജനങള്‍ക്ക് കാട്ടികൊടുത്തു. മഹാരാജാവ് യുധിഷ്ഠിരന്‍ നടത്തിയ രാജസൂയമഹായജ്ഞത്തില്‍ മൂന്നുലോകങളിലുമുള്ള ദേവതകള്‍ പങ്കെടുത്തു. ഭഗവാനെ ദര്‍ശിച്ച മാത്രയില്‍ തന്നെ, ബ്രഹ്മദേവന്റെ സൃഷ്ടിപ്രാവീണ്യത്തില്‍ അങേയറ്റം മഹത്തായ ആ കളേബരഭംഗിയില്‍ അവര്‍ മതിമറന്നു. 

രാസലീല കഴിഞ് ഭഗവാന്‍ മടങിപ്പോയതിലുണ്ടായ വിരഹം വ്രജത്തിലെ ഗോപികമാര്‍ക്ക് അത്യന്തം മനോവേദനയുണ്ടാക്കി. അവര്‍ ഗൃഹത്തിലെ വേലകളിലൊന്നും മനസ്സുവയ്ക്കാതെ സ്തബ്ദബുദ്ധികളായിമാറി. അവരുടെ കണ്ണുകള്‍ എല്ലായിടവും ഭഗവാനുവേണ്ടി പരക്കം പാഞു. സര്‍‌വ്വപരാവരങളിലും അനുകമ്പയുള്ള ഭഗവാന്‍ അജനെന്നിരിക്കിലും, തന്റെ ഭക്തന്‍‌മാര്‍, തൃഗുണന്‍‌മാരായവരില്‍ നിന്ന് ക്ലേശം അനുഭവിക്കുമ്പോള്‍, മഹത് തത്വത്തെ പിന്തുടര്‍ന്ന് അഗ്നിയുണ്ടാകുന്നതുപോലെ, അവര്‍ അവിടെ അവതീര്‍ണ്ണനാകുന്നു. ജന്‍‌മരഹിതനായ അവന്‍ കാരാഗൃഹത്തില്‍ വസുദേവര്‍ക്ക് മകനായി എങനെ പിറന്നു?. തന്റെ പിതാവിന്റെ സം‌രക്ഷണയില്‍നിന്നും വ്രജത്തിലേക്ക് പുറപ്പെട്ട് അവിടെ ശത്രുക്കളെ ഭയന്ന് എന്തിനുവേണ്ട് വേഷം മാറി ജീവിച്ചു. സര്‍‌‌വ്വശക്തനായിട്ടും, അവന്‍ എന്തിനുവേണ്ടി മധുരയില്‍ നിന്നും പലായനം ചെയ്തു. അമ്പരപ്പിക്കുന്ന ഈ സംഭവങളെല്ലാമോര്‍ക്കുമ്പോള്‍ എനിക്ക് അസഹനീയമായ ദുഃഖമാണ് തോന്നുന്നത്. കംസനോടുള്ള ഭയത്താല്‍ തന്റെ മാതാപിതാക്കളോടൊപ്പം ജീവിച്ച് അവരെ വേണ്ടവിധം പരിചരിക്കുവാന്‍ കഴിയാത്തതിലുള്ള പശ്ചാത്താപത്താല്‍ ഭഗവാന്‍ അവരോട് മാപ്പിനിരന്നു. - "മാതാവേ!, പിതാവേ!, നിങളുടെ സം‌രക്ഷണം ഉറപ്പുവരുത്തുന്നതില്‍ നിസ്സഹായനായ എനിക്കും, ബലദേവനും അവിടുന്ന് മാപ്പാക്കണം." - ഇങനെയുള്ള അവന്റെ ചെയ്തികളൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 

ഒരിക്കല്‍ യാതൊരുവന്‍ അവന്റെ പാദസരോജരേണുവിന്റെ സൗരഭ്യം അനുഭവിച്ചിട്ടുണ്ടോ, അവന്‍ അനുഭൂതിയെ പിന്നീടൊരിക്കലും മറക്കുന്നില്ല. ആ ഭഗവാന്റെ പുരികങളുടെ ചലനമാത്രയില്‍ ഭൂദ്രോഹികള്‍ക്ക് അവന്‍ മൃത്യുദണ്ഡനമേകുന്നു.  ഹേ വിദുരരേ!, ഭഗവാന്റെ ശത്രുവായിരുന്നിട്ടുകൂടി, ചേദിയുടെ രാജാവയ ശിശുപാലന്‍ യോഗചര്യയുടെ പാരമ്യതിയിലെത്തിയിരുന്നു. ഈ സ്ഥാനമാണ് മഹാത്മക്കളായ യോഗികള്‍ പോലും കൊതിക്കുന്നത്. അങനെയിരിക്കെ ആര്‍ക്കാണ് കരുണാമയനായ അവനെ പിരിഞിരിക്കുവാന്‍ സാധിക്കുന്നത്?. കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന അനേകം യോദ്ധാക്കള്‍ അര്‍ജ്ജുനന്റെ അസ്ത്രങളുടെ കടന്നാക്രമണത്തിന് വിധേയരായി. പക്ഷേ, നയനസായൂജ്യമാകുന്ന ഭഗവാന്റെ പുഞ്ചിരി തിളങിയ മുഖകമലദര്‍ശനത്താലൊന്നുകൊണ്ടുമാത്രം അവര്‍ക്കെല്ലാം അവന്റെ ധാമപ്രാപ്തിയുണ്ടായത് അങ് നേരിട്ടു കണ്ടനുഭവിച്ചതാണല്ലോ!. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൂന്ന് ലോകങളുടേയും ഈശ്വരനാണ്. അവന്‍ സര്‍‌വ്വസ്വതന്ത്രനും, സര്‍‌വ്വൈശ്വര്യങളുടെ നാഥനുമായ പരമപുരുഷനാണ്. സകലലോകപാലകന്‍‌മാരും തന്റെ സര്‍‌വ്വവിധ സൗഭാഗ്യങളും അവന്റെ തിരുമുന്നില്‍ കാഴ്ച്ചവച്ച്, തങളുടെ കിരീടടങള്‍ അവന്റെ തൃപ്പാദത്തില്‍ മുട്ടിച്ച് അവനെ ആരാധിക്കുന്നു."

സിംഹാസനസ്ഥിതനായ ഉഗ്രസേനമഹാരാജാവിന്റെ മുന്നില്‍ നിന്നുകൊണ്ട് ആ നാരായണന്‍ പറഞു - "ഹേ പ്രഭോ!, ഒരപേക്ഷ അങയെ അറിയിക്കുവാനുണ്ട്" - ഇക്കാര്യമോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തേങുകയാണ്. സ്തനത്തില്‍ വിഷം തേയ്ച്ച് വിഷപ്പാല്‍ കുടിപ്പിച്ച് ആ പരമാത്മാവിനെ ഇല്ലാതാക്കാന്‍ വന്ന പൂതനയ്ക്ക് മാതൃസ്ഥാനം നല്‍കിയ അവനേക്കാള്‍ കരുണാമയനായ ആരെയാണ് നാം ഇന്നാശ്രയിക്കേണ്ടത്?. ഭഗവാനോട് ശത്രുതവച്ചുപുലര്‍ത്തുന്ന അസുരന്‍‌മാരെയാണ് ഞാന്‍ ഭക്തന്‍‌മാരെക്കാളും വലുതായിക്കാണുന്നത്. കാരണം, മനസ്സില്‍ ശത്രുതയുടെ മൂര്‍ത്തിമദ്ഭാവവുമായി അവര്‍ അവനോട് യുദ്ധത്തിനടുക്കുമ്പോള്‍, ഗരുഡോപരി, സുദര്‍ശനചക്രം ധരിച്ച് നില്‍ക്കുന്ന ഭഗവാനെ അവര്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നു. 

ബ്രഹ്മാവ് അര്‍ത്ഥിക്കയാല്‍, ലോകമംഗളത്തിനായ്ക്കൊണ്ട്, വസുദേവരുടെ പുത്രനായി, ദേവകിയുടെ ജഠരത്തില്‍, ഭോജന്റെ കാരാഗൃഹത്തില്‍ ആ പരമാത്മാവ് പിറവിയെടുത്തു. ഉടന്‍തന്നെ കംസനെ ഭയന്ന് വസുദേവര്‍ അവനെ നന്ദഗോപരുടെ വ്രജത്തിലേക്ക് കൊണ്ടുവന്നു. അവിടെ അവന്‍ ഒരു ഗൂഡാഗ്നിയെപ്പോലെ പതിനൊന്നുവര്‍ഷക്കാലം സോദരന്‍ ബലരാമനോടൊപ്പം ജീവിച്ചു. അവന്‍ ഗോക്കളോടും, ഗോപാലന്‍‌മാരോടുമൊപ്പം കളിച്ചുവളര്‍ന്നു. യമുനയുടെ തീരത്തുകൂടിയും, ഇടതൂര്‍ന്ന കായ്കനിത്തോട്ടങളിലൂടെയും ആനന്ദിച്ച് സഞ്ചച്ചു. പക്ഷികളുടെ കൂജനം അവിടെമാകെ മാറ്റൊലികൊണ്ടു. വൃന്ദാവനവാസികള്‍ അവന്റെ ബാലലീലകള്‍ കണ്ടാനന്ദിച്ചു. ഒരു ബാലനെപ്പോലെ ചിലപ്പോള്‍ അവന്‍ കരഞും, ചിലപ്പോള്‍ ചിരിച്ചും, അവരുടെ പ്രീയപുത്രനായി ഒരു സിംഹക്കുട്ടിയെപ്പോലെ അവന്‍ വളര്‍ന്നു. സര്‍‌വ്വൈശ്വര്യങളുടേയും നായകനായ കൃഷ്ണന്‍ ഗോക്കളെ മേയ്ച്ചുനടക്കുന്നതിനിടയില്‍ അരയില്‍ തിരുകിയിരുന്ന ഓടക്കുഴലെടുത്ത് ചുണ്ടോട് ചേര്‍ത്ത് മധുരമായി പാടുമായിരുന്നു. ആ അലൗകികസംഗീതത്തില്‍ തന്റെ ഗോപക്കൂട്ടുകാരെ അവന്‍ ആനന്ദിപ്പിക്കുമായിരുന്നു. 

അവന്റെ പ്രാണനെ ഹനിക്കുവാന്‍ ഭോജാധിപനായ കംസന്‍ നിരവധി മായാവികളെ അയച്ചു. എന്തിനും ശക്തരായ ഈ മാന്ത്രികരെ കൃഷ്ണന്‍ കളിപ്പാട്ടം പൊട്ടിച്ചെറിയുന്ന ലാഘവത്തില്‍ തകര്‍ത്തെറിഞു. യമുനാനദിയില്‍ കാളിയന്‍ എന്ന ഒരു വിഷസര്‍പ്പം വിഷം വമിച്ച് ജലത്തെ ദുഷിപ്പിച്ചതില്‍ വൃന്ദാവനവാസികള്‍ അതീവദുഃഖത്തിലായി. പക്ഷേ കൃഷ്ണന്‍ കാളിയനെ വേണ്ടവിധം ശിക്ഷിച്ച് യമുനാജലത്തെ പരിശുദ്ധമാക്കി. പിന്നീടത് ഗോക്കള്‍ യഥേഷ്ടം കുടിച്ചു. യമുന മുന്നേപോലെ ശുദ്ധമായതില്‍ വ്രജവാസികള്‍ സന്തോഷിച്ചു."

പിന്നീടൊരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനും, നന്ദന്റെ ധനത്തിന്റെ ഉചിതമായ വ്യയം ഉറപ്പുവരുത്തുന്നതിനായും, ബ്രാഹ്മണരുടെ സഹായത്താല്‍ ഭഗവാന്‍ വ്രജത്തില്‍ ഗോപൂജ നടത്തുവാന്‍ അച്ഛനോടാവശ്യപ്പെട്ടു. ഹേ അനഘനായ വിദുരരേ!, ഇന്ദ്രന്റെ വിഹിതം മുടങിയപ്പോള്‍ അദ്ദേഹം ചെയ്തതെന്താണെന്നറിയേണ്ടേ?, വൃന്ദാവനത്തില്‍ ഇന്ദ്രന്‍ അഹോരാത്രം തുടര്‍ച്ചയായി പേമാരി പെയ്യിച്ചുകൊണ്ട് ഗോപന്‍‌മാരെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ സര്‍‌വ്വശക്തനായ കൃഷ്ണനാകട്ടെ, ഗോവര്‍ദ്ധനാചലത്തെ തന്റെ വിരല്‍തുമ്പില്‍ കുടയായി ഉയര്‍ത്തിപ്പിടിച്ച് തനിക്കുചുറ്റും തന്റെ ഭക്തരെ സം‌രക്ഷിച്ച്.  അങനെ ആ കൊടും പേമാരിക്കുമേല്‍ അവന്‍ തന്റെ കാരുണ്യവര്‍ഷം പൊഴിച്ചു. പിന്നീട് നിലാവുള്ള ഒരു ശരത്ക്കാലരാത്രിയില്‍ അവന്‍ ഒരു സുന്ദരപുരുഷനായി ഗോപസ്ത്രീകളാല്‍ ചുറ്റപ്പെട്ട്, അതിമധുരതരം മുരളീഗാനം പൊഴിച്ചുകൊണ്ട്, ആ ഗോപികാഹൃയങളെ പരം‌പൊരുളായ തന്നിലേക്കാകര്‍ഷിച്ചു. 

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്



2014, ജനുവരി 14, ചൊവ്വാഴ്ച

3.1 ഉദ്ധവരോട് വിദുരരുടെ ചോദ്യങള്‍

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 1

ശുകദേവന്‍ പറഞു: "ഹേ രാജന്‍!, സര്‍‌വ്വസമ്പത്സമൃദ്ധമായ തന്റെ വീടുപേക്ഷിച്ച് കാട്ടിലെത്തിയ ഭക്തോത്തമനായ വിദുരര്‍ മൈത്രേയമുനിയോട് ചോദിച്ചു.

അല്ലയോ മൈത്രേയമുനേ!, ദുര്യോധനാദികളെ അവഗണിച്ചുകൊണ്ടും, അവരുടെ ഗൃഹത്തില്‍ നിന്നകന്നുനിന്നുകൊണ്ടും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവന്‍‌മാരുടെ മന്ത്രിപദം അലങ്കരിച്ചു. ഇനിയെന്താണ് അവരുടെ ഗൃഹത്തെക്കുറിച്ച് അങേയ്ക്കു പറയാനുള്ളത്?."

അപ്പോള്‍ പരീക്ഷിത്ത് മഹാരജാവ് ശ്രീശുകനോട് ചോദിച്ചു. "ഹേ ഗുരോ!, എവിടെ, എപ്പോഴാണ് ഇതൊക്കെ ചര്‍ച്ചചെയ്യുവാനായി വിദുരന്‍ മൈത്രേയനെ കണ്ടുമുട്ടിയത്? മഹാനും, ഭക്തോത്തമനുമായ വിദുരരുടെ ചോദ്യം അത്യന്തം ഉചിതവും, സദുദ്ദേശ്യപരവുമായിരിന്നു. അവയൊക്കെ ജ്ഞാനികളാല്‍ അങേയറ്റം സമ്മതവുമാണ്."

സൂതന്‍ പറഞു: ഋഷികളേ, മഹാപണ്ഡിതനായ ശ്രീശുകന്‍ തനിക്ക് ഏറെ പ്രിയം തോന്നിയ പരീക്ഷിത്ത് മഹാരാജാവിനോട് ആദ്ദേഹത്തിന്റെ ചോദ്യങള്‍ക്കുള്ള ഉത്തരങള്‍ കേട്ടുകൊള്ളുവാന്‍ ആവശ്യപ്പെട്ടു.

ശ്രീശുകന്‍ പറഞു: "ധൃതരാഷ്ട്രര്‍ തന്റെ മക്കളോടുള്ള അന്ധമായ സ്നേഹത്താല്‍ മനസ്സില്‍ അധാര്‍മ്മികമായ ഇച്ഛയെ വച്ചുകൊണ്ട് പാണ്ഡവരുടെ അരക്കില്ലത്തിന് തീവച്ചു. മഹാനായ യുധിഷ്ഠിരന്റെ പത്നി ദ്രൗപതിയെ തലമുടിക്ക് കുത്തിപ്പിടിച്ച് ദുഃശ്ശാസനന്‍ വലിച്ചിഴച്ചുകൊണ്ടുപോയി. കണ്ണുനീരൊഴുകിവീണ് അവളുടെ കുചകുങ്കുമത്തെ കഴുകിക്കളഞിട്ടും മക്കളോടുള്ള അന്ധമായ സ്നേഹത്തില്‍ ആ ദുഃഷ്പ്രവൃത്തിയെ ധൃതരാഷ്ട്രര്‍ എതിര്‍ത്തിരുന്നില്ല. അജാതശത്രുവായ യുധിഷ്ഠിരനെ കൗരവര്‍ അധാര്‍മ്മികദ്യൂതത്തില്‍ പരാജയപ്പെടുത്തി. പക്ഷേ, സത്യവാദിയായ അദ്ദേഹം വനവാസത്തിനായ്ക്കൊണ്ട് കാട്ടിലേക്കുപോയി. തിരികെവന്ന് തന്റെ ന്യായവിഹിതം ചോദിച്ച അദ്ദേഹത്തിന്, മായയില്‍ മുഴുകി വിവേകം നഷ്ടപ്പെട്ട് വ്യാമോഹിതനായ ധൃതരാഷ്ട്രര്‍ അത് നിഷേധിച്ചു. അര്‍ജ്ജുനന്റെ ആവശ്യപ്രകാരം അപേക്ഷയുമായി ചെന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകള്‍ ഭീഷ്മാദികള്‍ക്ക് അമൃതമായിരുന്നുവെങ്കിലും, പുണ്യക്ഷയം അതിന്റെ മൂര്‍ദ്ധന്യസ്ഥിതിയിലായിരുന്ന രാജാക്കന്‍‌മാര്‍ക്ക് ജഗദ്ഗുരുവായ ഭഗവാന്റെ വാക്കുകള്‍ അങനെയായിരുന്നില്ല. ധൃതരാഷ്ട്രരുടെ ക്ഷണം സ്വീകരിച്ച് വിദുരര്‍ അവിടെയെത്തില്‍ വേണ്ട ഉപദേശങള്‍ നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങള്‍ സകലമന്ത്രിമാര്‍ക്കും സ്വീകാര്യമായിരുന്നു."

വിരുരര്‍ പറഞു: "ഹേ മഹാരാജന്‍!, യുധിഷ്ഠിരന് കിട്ടേണ്ടതായ ന്യായവിഹിതം അദ്ദേഹത്തിനു നിങള്‍ നല്‍കുകതന്നെ വേണം. തെറ്റ് നിങളുടെ പക്ഷത്തായിരുന്നപ്പോഴും അജാതശത്രുവായ യുധിഷ്ഠിരനാണ് സകലദുരിതങളും അനുഭവിച്ചിരുന്നത്. ഇപ്പോള്‍ ഭീമസേനന്‍ അത്യന്തം കോപാകുലനായി ദീര്‍ഘനിശ്വാസം വിടുകയാണ്. നിങള്‍ക്കവനെ ഭയക്കുക്കതന്നെവേണം. മാത്രമല്ല, പാണ്ഡവന്‍‌മാരെ ഇപ്പോള്‍ ഭഗവാന്‍ മുകുന്ദന്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അവന് കൂട്ടായി ദ്വിജന്‍‌മാരും, രാജാക്കന്‍‌മാരും, അവന്റെ കുടുംബത്തോടൊപ്പം യഥുക്കളുടെ ഗൃഹത്തില്‍ കഴിയുകയാണിപ്പോള്‍. ഈ യഥുരാജാക്കന്‍‌മാര്‍ എത്രയോ രാജാക്കന്‍‌മാരെ വെന്ന് രാജ്യങള്‍ പിടിച്ചടക്കിയവരാണ്. അങാകട്ടെ, പാപത്തെ സമ്പാദിക്കുകയാണ്. അങയുടെ മകന്‍ ദുഷ്ടനും, ഭഗവാന്റെ വിരോധിയുമാണ്. അങനെയുള്ള ഒരു പുത്രനെയാണ് അങ് പരിപാലിക്കുന്നത്. അതിനാലത്രേ അങയുടെ സകലസൗഭാഗ്യങളും നശിച്ചുകൊണ്ടിരിക്കുന്നതും. ഈ ദൗര്‍ഭാഗ്യാവസ്ഥയില്‍ നിന്നും മോചിതനായി സ്വന്തം കുടുംബത്തിനുവേണ്ടി അങയാലാവത് ചെയ്യുക." 

"ഇത്രയും കേട്ടതും, ദുര്യോധനന്‍ ചാടിവീണലറി. ആരാധ്യനായ വിദുരരെ അയാള്‍ വല്ലാതെ അധിക്ഷേപിച്ചു. അയാള്‍ ദേഷ്യം കടിച്ചമര്‍ത്തി. അവന്റെ ചുണ്ടുകള്‍ വിറച്ചു. ദുര്യോധനന് കൂട്ടായി കര്‍ണ്ണനും, തന്റെ സഹോദരന്‍‌മാരും, പിന്നെ അമ്മാവന്‍ ശകുനിയുമുണ്ടായിരുന്നു. ദുര്യോധനന്‍ ആക്രോശിച്ചു. "ആരാണീ ദാസിയുടെ പുത്രനെ ഇവിടേയ്ക്ക് വിളിച്ചുവരുത്തിയത്?. ഉണ്ണുന്ന ചോറിനു ഉചിതം കാണിക്കാതെ ഇയാള്‍ ശത്രുപക്ഷത്തുനിന്നുകൊണ്ട് നമ്മെ ദ്രോഹിക്കുകയാണ്. ഈ നിമിഷം ശ്വാസം മാത്രം ബാക്കിനിറുത്ത് ഇയാളെ പിടിച്ച് പുറത്താക്കുക."

"ദുര്യോധനന്റെ പരുഷവാക്ശരങള്‍ വിദുരരുടെ കാതുകള്‍ തുളച്ച് ഹൃദയത്തില്‍ ചെന്ന് തറച്ചു. അദ്ദേഹം തന്റെ ധനുസ്സ് പടിവാതിലിലുപേക്ഷിച്ച് ധൃതരാഷ്ട്രരുടെ ഭവനം വിട്ടിറിങി. എല്ലാം ഭഗവത് മായയെന്ന ബോധത്തില്‍ വിദുരന്‍ ഒരിക്കലും ഈ സംഭവത്തില്‍ ഖേദിച്ചിരുന്നില്ല. ഭക്തനായ വിദുരര്‍ക്ക് ഈ സംഭവമൊരനുഗ്രഹമായിമാറി. ഹസ്തിനപുരത്തില്‍ നിന്നിറങിയതിനുശേഷം, ഭഗവത് പാദമെന്ന് അദ്ദേഹം മനസ്സിലുറക്കുന്ന തീര്‍ത്ഥസ്ഥാനങളെ ആശ്രയമാക്കി ജീവിതം മുന്നോട്ട് നീക്കി. ആത്മീയജീവിതം ലക്ഷ്യമിട്ടുകൊണ്ട് ഭഗവത് സാന്നിധ്യമുള്ള തീര്‍ത്ഥാടനകേന്ദ്രങളിലെല്ലാം ചുറ്റിക്കറങി. ഭഗവത് സ്മരണയില്‍ വിദുരര്‍ അയോദ്ധ്യ, ദ്വാരക, മധുര, തുടങിയ തീര്‍ത്ഥസ്ഥാനങളിലൂടെ ഏകനായി സഞ്ചരിച്ചു. അനഘമായ വായു, മലകള്‍, കായ്കനിത്തോട്ടങള്‍, നദികള്‍, സരസ്സുകള്‍, ആദിയായവകളെ സ്പര്‍ശിച്ച് വിദുരര്‍ തന്റെ യാത്ര തുടര്‍ന്നു. ഭഗവത് സാന്നിധ്യമുള്ള നിരവധി ക്ഷേത്രങളിലൂടെ അദ്ദേഹം തന്റെ തീര്‍ത്ഥാടനം കൊണ്ടാടി. തീര്‍ത്ഥാടനത്തിനിടയില്‍ വിദുരന്‍ തന്റെ ധര്‍മ്മം ശുദ്ധമായും, സ്വതന്ത്രമായും അനുഷ്ഠിച്ചു. ഭഗവാനെ പരിതോഷിപ്പിക്കുകയെന്നുള്ളതായിരുന്നു വിദുരരുടെ ജീവിതധര്‍മ്മം. പലേ തീര്‍ത്ഥങളില്‍ മുങി അദ്ദേഹം വീണ്ടും വീണ്ടും പരിശുദ്ധനായി. ശയിക്കാനുള്ള ഉപാധിപോലും കൂടാതെ ഒരു യാചകനെപ്പോലെ ഇങനെ സഞ്ചരിക്കുന്ന വിദുരരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞില്ല. 

വിദുരന്‍ തന്റെ തീര്‍ത്ഥാടനത്തിനിടയില്‍ ഭാരതവര്‍ഷത്തിലുള്ള പ്രഭാസതീര്‍ത്ഥത്തിലെത്തി. ഈ സമയം, ഒരു കൊടിക്കീഴില്‍, ഒരു സേനയ്ക്കുപസ്ഥിതമായി, ഭാരതവര്‍ഷം യുധിഷ്ഠിരന്റെ അധീനതയിലായിരുന്നു. പ്രഭാസതീര്‍ത്ഥത്തിലെത്തിയ വിദുരര്‍ അവിടെവച്ച് ആ വാര്‍ത്തയറിഞു. മുളയുരസ്സിയുണ്ടായ കാട്ടുത്തിയില്‍പെട്ട് വനം വെന്ത് വെണ്ണീറാകുന്നതുപോലെ, അത്യാസക്തിയുടെ മൂര്‍ച്ഛയില്‍ തന്റെ ബന്ധുമിത്രാദികള്‍ ചത്തുനശിച്ചിരിക്കുന്നു. അവിടെനിന്നും അദ്ദേഹം അങ് പടിഞാറ് സരസ്വതീനദിയൊഴുകുന്നിടം ലക്‌ഷ്യമാക്കി നടന്നു. വിദുരന്‍ അവിടെയുണ്ടായിരുന്ന തീര്‍ത്ഥസ്ഥാനങളായ ത്രിത, ഉശനാ, മനു, പൃതു, അഗ്നി, അസിത, വായൂ, സുദാസ, ഗോ, ഗുഹ, സ്രാദ്ധദേവ, എന്നിങനെ പതിനൊന്ന് പുണ്യസ്ഥലങളും സന്ദര്‍ശിച്ച് സ്വയം തീര്‍ത്ഥീകരിച്ചു. അവിടെ പുണ്യാത്മാക്കള്‍ പ്രതിഷ്ഠിച്ച, ഭഗവത് സ്വരൂപങളുള്ള അനേഹം ദേവാലയങളുണ്ടായിരുന്നു. ഈ ദേവാലയങളില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിരവധി പ്രതിമകളും സ്ഥാപിച്ചിരുന്നു. അവയൊക്കെ ഭഗവാന്റെ ഓര്‍മ്മകളെ വാരം വാരം പ്രകീര്‍ത്തിച്ചുകൊണ്ടിരിന്നു. പിന്നീട് അദ്ദേഹം സൂരത്ത്, സൗവീര, മത്സ്യ, തുടങിയ പുണ്യസ്ഥലങളിലൂടെ നടന്ന് കുരുജംഗളത്തിലെത്തി അവിടെവച്ച് പരമഭക്തനായ ഉദ്ധവരെ കണ്ടുമുട്ടി. ഹൃദയം നിറഞൊഴുകിയ സ്നേഹത്തില്‍ വാസുദേവാനുചരനും, ഒരിക്കല്‍ ബ്രഹസ്പതിയുടേ ശിഷ്യനുമായിരുന്ന ഉദ്ദവരെ വിദുരര്‍ ഗാഡമായി ആലിംഗനം ചെയ്തു. വിദുരന്‍ ഉദ്ദവരോട് ഭഗവാന്റെ കുടുംബാംഗങളെക്കുറിച്ചുചോദിച്ചു."

"ഹേ ഉദ്ധവരേ!, കമലോത്ഭവനായ ബ്രഹ്മദേവന്റെ പ്രാര്‍ത്ഥനയാല്‍, ലോകമംഗളത്തിനഅയിക്കൊണ്ട്, ഇവിടെ ആ നാരായണന്‍ ശ്രീകൃഷ്ണനായും, ബലരാമനായും അവതാരങള്‍ കൈക്കൊണ്ടു. അവര്‍ ശൂരസേനന്റെ ഗൃഹത്തില്‍ സുഖമായിരിക്കുന്നുവോ?. കുരുവംശത്തിന്റെ ഉത്തമസുഹൃത്തും ഉദാരനുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സുഖമായിരിക്കുന്നുവോ?. അവന്‍ തന്റെ സഹോദരിമാര്‍ക്ക് അച്ചനെപ്പോലെയാണ്. തന്റെ ഭാര്യമാരെ വളരെയധികം സ്നേഹിക്കുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഹേ ഉദ്ധവരേ!, അവിടുത്തെ പ്രധാനപടനയകനായ പ്രദ്യുംനന്‍ സന്തോഷവാനായിരിക്കുന്നുവോ?. അവന്‍ മുന്‍‌ജന്മത്തില്‍ ഒരു കാമദേവനായിരുന്നല്ലോ!, ഇന്നിതാ ബ്രാഹ്മണാനുഗ്രഹം കൊണ്ട് രുഗ്മിണിക്ക് ഭഗവാന്റെ പുത്രനായി പിറന്നിരിക്കുന്നു. സാത്വതന്‍‌മാര്‍ക്കും, വൃഷ്ണിവംശത്തിനും, ഭോജന്‍‌മാര്‍ക്കും, ദാശാര്‍ഹന്‍‌മാര്‍ക്കും, അധിപനായ ശൂരസേനനും സുഖം തന്നെയല്ലേ?. സര്‍‌വ്വതുമുപേക്ഷിച്ച് ദൂരെയെങോപോയ അദ്ദേഹത്തെ ഭഗവാനായിരുന്നുവല്ലോ തിരികെകൊണ്ടുവന്നത്. ഹേ ഉദ്ദവരേ!, പണ്ട്, അംബികയ്ക്ക് കാര്‍ത്തികേയനായിപ്പിറന്ന മകനാണല്ലോ ഇന്ന് ഭഗവാന്റെ പുത്രനുതുല്യം പ്രശോഭിച്ച്, വ്രതാദ്ധ്യയായ ജാംബവതിക്ക് പുത്രനായി പിറന്ന സാംബന്‍. അവനും സുഖമാണോ?. ഉദ്ധവരേ!, യുയുധാനന്‍ എങനെയുണ്ട്?. അവനാണല്ലോ അര്‍ജ്ജുനനില്‍ നിന്ന് സകലയുദ്ധകൗശലങളും പഠിച്ച്, ഒടുവില്‍ മഹാഋഷികള്‍ക്കുപോലും അപ്രാപ്യമായ അദ്ധ്യാത്മികസ്ഥാനത്തെത്തിച്ചേര്‍ന്നിരിക്കുന്നത്. 

അവിടെ മറ്റൊരാളുണ്ട്, ശ്വഫല്‍ക്കപുത്രനായ അക്രൂരന്‍. ഒരു തികഞ ഭവവത്പ്രേമി. ഒരുദിവസം, അകമഴിഞ ഭക്തിയില്‍ സ്വബോധം നഷ്ടപ്പെട്ട്, ഭഗവത് പാദാങ്കിതമാര്‍ഗ്ഗത്തില്‍ വീണുരുണ്ടാനന്ദിച്ച്. ആ പരമഭക്തനും സുഖം തന്നെയല്ലേ?. യജ്ഞകര്‍മ്മം വേദങളില്‍ അധിഷ്ഠിതമെന്നതുപോലെ, ദേവകഭോജരാജന്റെ മകളായ ദേവകിയുടെ ജഠരത്തില്‍ ആ പരമ്പുരുഷന്‍ ശ്രീകൃഷ്ണനായി അവതാരമെടുത്തു. അവള്‍ ദേവമാതാവായ അതിതിയെപ്പോലെ ഭഗവാന്റെ മാതാവായി മാറി. ആ സൗഭാഗ്യവതിക്കും സുഖം തന്നെയല്ലേ?. ഭക്താഭീഷ്ടപ്രദായകനായ അനിരുദ്ധന്‍ എന്തുപറയുന്നു. അവനാണല്ലോ ഋഗ്വേദത്തിനു വഴിയൊരുക്കിയതും,   മനസ്സിനെ സൃഷ്ടിച്ചതുമെല്ലാം. വിഷ്ണുതത്വത്തിന്റെ നാലാമന്‍ അവനാണെന്നാണ് പറയപ്പെടുന്നത്. ഹേ അനഘാ!, ഹൃദീകനും, ചാരുദേഷ്ണനും, ഗദനും, സത്യഭാമയുടെ പുത്രനുമെല്ലാം ഭഗവാനെ മനസ്സാ സ്വീകരിച്ച്, തങളുടെ ജീവന്റെ ജീവനായി കരുതി ആ ഭഗവാന്റെ പാദയെ മാത്രം പിന്തുടരുന്ന ഭക്തോത്തമന്‍‌മാരാണ്. അവരെല്ലാം സുഖമായിരിക്കുന്നുവോ?. യുധിഷ്ഠിരന്‍ തന്റെ രാജ്യത്തെ ധര്‍മ്മാനുസരണം പരിപാലിക്കുന്നുണ്ടോ?. ഭഗവാനും, അര്‍ജ്ജുനനും ചേര്‍ന്ന് സ്വന്തം കൈകളെന്നപോലെ യുധിഷ്ഠിരനെ പരിരക്ഷിച്ചതില്‍ ദുര്യോധനന്‍ എന്നും യുധിഷ്ടിരനോടുള്ള ശത്രുതയില്‍ എരിഞുനീറുകയായിരുന്നല്ലോ!. പാപികളോടുള്ള ഭീമസേനന്റെ ശൗര്യമൊക്കെയടങിയോ?. അവന്‍ ഒരു മൂര്‍ഖന്‍പാമ്പിനെപ്പോലെയായിരുന്നല്ലോ!. ഗദയും ചുഴറ്റിയുള്ള അവന്റെ നടത്തം ഭൂമീദേവിക്കുപോലും അസഹനീയമായിരുന്നു. ഗാണ്ഡീവധാരിയായ അര്‍ജ്ജുനന്‍, ഒരിക്കല്‍ വേഷം മാറിവന്ന ശ്രീപരമേശ്വരനുമായി യുദ്ധം ചെയ്തു. പരമശിവനെ അര്‍ജ്ജുനന്‍ തന്റെ അസ്ത്രൗഘങളാല്‍ പൊതിഞപ്പോള്‍ ഭഗവാന്‍ അവന്റെ യുദ്ധനൈപുണ്യത്തില്‍ അത്യന്തം സന്തുഷ്ടനായി. മഹാരഥിയായ അര്‍ജ്ജുനന്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?. നകുലസകദേവന്‍‌മാര്‍ക്കും സുഖം തന്നെയല്ലേ?. കണ്‍പീലികള്‍ കൃഷ്ണമണിയെ കാക്കുന്നതുപോലെയാണ് പാണ്ഡവസഹോദരന്‍‌മാര്‍ ഇവരെ സം‌രക്ഷിക്കുന്നത്. ഇന്ദ്രവക്ത്രത്തില്‍ നിന്നും ഗരുഡന്‍ അമൃതം കരസ്ഥമാക്കിയതുപോലെ, ഈ കുന്തീപുത്രന്‍‌മാര്‍ തങള്‍ക്കവകാശപ്പെട്ട രാജ്യത്തെ ദുര്യോധനനില്‍ നിന്നും പിടിച്ചെടുത്തു. 

അല്ലയോ ഭഗവന്‍!, കുന്തീദേവി ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ?. പിതാവ് നഷ്ടപ്പെട്ട തന്റെ കുഞുങള്‍ക്കുവേണ്ടിയായിരുന്നു അവര്‍ ജീവിച്ചിരുന്നത്. അമ്പും വില്ലും മാത്രം ഉപയോഗിച്ച് നാലുദിക്കും ജയിച്ച വീരനായ പാണ്ഡുവിന്റെ അഭാവത്തില്‍ അരക്ഷിതരായ തന്റെ മക്കളുടെ സം‌രക്ഷണാര്‍ത്ഥമാണ് അവര്‍ ജീവിച്ചത്. ഉദ്ദവരേ!, തന്റെ അനുജന്റെ മരണത്തിനുശേഷവും അവരെ ജീവിക്കാനനുവദിക്കാത്ത ധൃതരാഷ്ട്രരെ ഓര്‍ത്ത് വിലപിക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ. ആത്മാര്‍ത്ഥതയോടെ ഒപ്പം നിന്ന എന്നെയും, തന്റെ മക്കളുടെ അധാര്‍മ്മികപ്രവൃത്തികള്‍ക്ക് കൂട്ടുനിന്നുകൊണ്ട്, അദ്ദേഹം ആട്ടിപുറത്താക്കി. എനിക്കിതില്‍ അല്പം പോലും ആശ്ചര്യം തോന്നുന്നില്ല. കാരണം, ഒരു മനുഷ്യനെപ്പോലെ കര്‍മ്മനിരതനായി ഇവിടെ സാധാരണമനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ കണ്ട് ഈ ലോകം ആശ്ചര്യപ്പെടുമ്പോള്‍, ഞാന്‍ അവന്റെ മായയേയും, മഹിമയേയും, അറിയാന്‍ ശ്രമിക്കുന്നു. 

അഹങ്കാരം നിമിത്തം വഴിപിഴച്ചു സഞ്ചരിച്ച രാജാക്കന്‍‌മാര്‍ ഭൂമിയില്‍ തങളുടെ സേനാബലം കൊണ്ട് അനേകം അധര്‍മ്മങളെ ചെയ്തുവെങ്കിലും, സത്ജനപാലകനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവരുടെ മരണത്തെ വളരെയധികം വിളംബപ്പെടുത്തി. ഈ ദുര്‍‌വിനീതന്‍‌മാരെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയാണ് ഭഗവാന്‍ ഇവിടെ അവതീര്‍ണ്ണനായിരിക്കുന്നത്. അവന്റെ അത്ഭുതലീലകളുടെ ഉദ്ദേശം ജനങളെ ബോധവാന്‍‌മാരാക്കുകയെന്നതാണ്. അല്ലെങ്കില്‍ പിന്നെ ത്രിഗുണാധീതനായ ഭഗവാന്‍ ഈ ഭൂമിയിലവതരിച്ചിട്ടെന്തുകാര്യം?.

അതുകൊണ്ട്, സുഹൃത്തേ!, അവന്റെ മഹിമകള്‍ വാനോളം വാഴ്ത്തുക. ഈ പുണ്യസ്ഥലങളിലെല്ലാം അവന്റെ കഥാമൃതങളാണ് വാഴ്ത്തപ്പെടേണ്ടത്. അവന്‍ ധര്‍മ്മതല്പ്പരരായ രാജാക്കന്‍‌മാര്‍ക്ക് കരുണയരുളിക്കൊണ്ട് ലോകത്തിന്റെ നാനായിടങളില്‍ അവതരിക്കുന്നു. അജനായ ആ പരമപുരുഷന്‍ ഇക്കാരണം കൊണ്ടാണ് യഥുക്കളുടെയിടയിലും പ്രത്യക്ഷനായത്.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2014, ജനുവരി 8, ബുധനാഴ്‌ച

2.10 ശ്രീമദ് ഭാഗവതം - സകല ചോദ്യങള്‍ക്കുമുള്ള ഉത്തരം

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 10


ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീമദ് ഭാഗവതത്തില്‍ അദ്ധ്യാത്മികതത്വങളെ പത്തുലക്ഷണങളായി തരം തിരിച്ചിരിക്കുന്നു. സര്‍ഗ്ഗം (സൃഷ്ഠി), വിസ്സര്‍ഗ്ഗം (ഉപസൃഷ്ടി), സ്ഥാനം (ഗ്രഹങളുടെ ഘടന), പോഷണം (സം‌രക്ഷണം), ഊതയം (കര്‍മ്മ പ്രേരണ), മന്വന്തരം (മനുയുഗങള്‍), ഈശാനുകഥകള്‍ (ഭഗവദ് കഥകള്‍), നിരോധം (ഭഗവാനിലേക്കുള്ള തിരിച്ചുപോക്ക്), മുക്തി (ആത്മസാക്ഷാത്കാരം), ആശ്രയം (നിശ്രയസ്സ്) എന്നിങനെ അവ പ്രത്യേകം പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു. ആശ്രയം എന്ന പത്താം ലക്ഷണത്തെ വേര്‍തിരിച്ചുകാണിക്കുന്നതിനുവേണ്ടി മഹാത്മാക്കള്‍ മറ്റുള്ള ഒമ്പത് ലക്ഷണങളെ ശ്രുതിക്കനുസരിച്ചോ, ആചാരങള്‍ മുഖേനയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ ലഘൂകരിച്ചോ അതില്‍ വിവരിച്ചിരിക്കുന്നു. ഭൂമി, ജലം, അഗ്നി, വായൂ, ആകാശം എന്നിങനെ പഞ്ചഭൂതങളും, ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്ന അവയുടെ മാത്രകളും, കണ്ണ്, മൂക്ക്, നാക്ക്, കാത്, ത്വക്ക് എന്ന അഞ്ച് ജ്ഞാനേന്ദ്രിയങളും, മനസ്സും ചേര്‍ന്ന് സര്‍ഗ്ഗം എന്നറിയപ്പെടുന്നു. അതുപോലെ പ്രകൃതിയുടെ തൃഗുണങളുടെ പരിണിതഫലമായി വരുന്നതിനെ വിസ്സര്‍ഗ്ഗമെന്നും പറയുന്നു. കരുണാമയനായ ഭഗവാന്റെ വൈകുണ്ഠപ്രാപ്തിയാണ് ലോകത്തിന്റെ പരമമായ സ്ഥാനം. വിധികള്‍ക്കനുസരിച്ച് ശാന്തിയോടെ അവന്റെ സം‌രക്ഷണവലയത്തില്‍ കഴിയുകയെന്നുള്ളതാണ് ലോകപോഷണം എന്നത്. മനുക്കളും അവരുടെ നിയമങളും ചേര്‍ന്ന് മന്വന്തരങളിലൂടെ ഉചിതമായ ജീവിതദിശകള്‍ തെളിച്ചുകാട്ടുന്നു. ഫലേച്ഛ വയ്ക്കുന്നതോടെ കര്‍മ്മം ചെയ്യാനുള്ള പ്രേരണയും ലഭിക്കുന്നു. ശ്രീമദ് ഭാഗവതപുരാണം ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരങളും, അവന്റെ ലീലകളും, കൂടാതെ ഭക്തോത്തമന്‍‌മാരുടെ ജീവിതമാഹാത്മ്യത്തേയും വരച്ചുകാട്ടുന്നു. നിരോധം എന്നത്, ജീവന്‍ തന്റെ സകലശക്തികളോടൊപ്പം ആ മഹാപുരുഷനില്‍ ചേരുന്നുവെന്നുള്ളതാണ്. എന്നാല്‍ മുക്തി എന്നത് സ്ഥൂലവും, സൂക്ഷ്മവുമായ സകലശരീരങളുമുപേക്ഷിച്ച് ഈ ജീവന്‍ ഭഗവാന്‍ ഹരിയില്‍ എന്നെന്നേയ്ക്കുമായി വിലയം ചെയ്യുന്നുവെന്നുള്ള പരമസത്യമാണ്. സകല പ്രാപഞ്ചിക ആവിര്‍ഭാവങള്‍ക്കും, അവയുടെ തിരിച്ചുപോക്കിനുമെല്ലാം കാരണം ആ പരമപുരുഷനാണ്. ആയതിനാല്‍ അവനാണ് സകല ജീവന്‍‌മാര്‍ക്കും ഏകാശ്രയമായിട്ടുള്ളത്.

ഇന്ദ്രിയാര്‍ത്ഥങളെ ലാളിക്കുന്നവന്‍ അദ്ധ്യാത്മികനെന്നും, ഇന്ദ്രിയങള്‍ക്ക് അധിദേവനായിരിക്കുന്നവന്‍ ആദിദൈവികന്‍ എന്നും പറയുന്നു. എന്നാല്‍ രണ്ടിനാലും വിച്ഛേദിക്കപ്പെട്ടു നില്‍ക്കുന്നവന്‍ ആദിഭൗതികന്‍ എന്ന് വിളിക്കപ്പെടുന്നു. മേല്‍പ്പറഞ മൂന്ന് വിഭാഗക്കാരും സര്‍‌വ്വസ്വതന്ത്രരാണ്. ഒന്നിനെകൂടാതെ മറ്റൊന്നിനെ മനസ്സിലാക്കാന്‍ അസാധ്യമാണ്. എന്നാല്‍ ആ പരമപുരുഷനാകട്ടെ, മൂന്നിനേയും അറിയുന്നവനാണ്. അതിനാല്‍ അവന്‍ ഈ മൂന്നിനും പരമ ആശ്രയമായി നിലകൊള്ളുന്നു.


ബ്രഹ്മാണ്ഡങള്‍ പ്രത്യേകം പ്രത്യേകം വിഭജിച്ചതിനുശേഷം, ആദ്യപുരുഷാവതാരം സംഭവിച്ച കാരണസമുദ്രത്തില്‍ നിന്നും പുറത്തുവന്ന മഹാവിഷ്ണു, ഈ ബ്രഹ്മാണ്ഡങളില്‍ പ്രവേശിച്ചു ഗര്‍ഭോദകങളില്‍ ശയിച്ചു. ആ പരമാത്മാവില്‍ നിന്നുത്ഭവിച്ച ഈ ഉദകത്തെ നാരം എന്നും, അതില്‍ അനേക ദിവ്യ സംവത്സരങള്‍ ശയിച്ച ഭഗവാനെ നാരായണന്‍ എന്നും വിളിക്കുന്നു. സര്‍‌വ്വ ഭൂതങളും, കര്‍മ്മവും, കാലവും, ജീവികളും, എല്ലാം നിലനില്‍ക്കുന്നത് ആ ഭഗവാന്റെ കരുണ്യം ഒന്നുകൊണ്ടുമാത്രം. ഒരിക്കല്‍ അവനുപേക്ഷിച്ചാല്‍ സകലവും അപ്രത്യക്ഷം. അങനെ പ്രപഞ്ചത്തില്‍ നാനാജീവികളുടെ സൃഷ്ടിക്കായ്ക്കൊണ്ട് തല്പ്പത്തില്‍ യോഗനിദ്രകൊള്ളുന്ന ഭഗവാന്‍ ഹരിയുടെ മായാശക്തിയാല്‍ അവനില്‍ നിന്നും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ വീര്യം സ്രവിച്ചു.

ഹേ രാജന്‍!, ഇനി, ആ ഭഗവാനില്‍ നിന്നും അദ്ധ്യാത്മികവും, ആദിദൈവികവും, ആദിഭൗതികവുമായ ജീവന്‍‌മാര്‍ ഏതുവിധം തരം തിരിക്കപ്പെട്ടിരിക്കുന്നുവെന്നുള്ളതും എന്നില്‍ നിന്നുകേട്ടുകെള്ളുക. അവന്റെ ശരീരാന്തര്‍ഭാഗമായ ആകാശത്തില്‍ നിന്നും ഓജസ്സും, മനശക്തിയും, ശരീരബലവും, എല്ലാറ്റിനുമുപരിയായി പ്രാണനും ഉടലെടുത്തു. അനുയായികള്‍ രാജാക്കന്‍‌മാരെ പിന്തുടരുന്നതുപോലെ, യാതൊരു വസ്തു, അത് സര്‍‌വ്വതിനേയും വഹിച്ചുകൊണ്ടു ചലിക്കുമ്പോള്‍, അതിലധിഷ്ഠിതമായ സകലവസ്തുക്കളും അതിനോടൊപ്പം ചലിക്കുന്നു. എന്നാല്‍ സര്‍‌വ്വതിനേയും വഹിക്കുന്ന ആ പരമ വസ്തു നിലക്കുമ്പോള്‍, അതിലടങിയിരിക്കുന്ന സകലമാനവസ്തുക്കളും താനേ നിലക്കുന്നു. ആകാശത്തില്‍ നിന്നുമുണ്ടായ പ്രാണന്‍ അവനില്‍ വിശപ്പും ദാഹവുമുണ്ടാക്കി. ആ വിശപ്പും ദാഹവുമകറ്റാന്‍ ആ പരമ്പുരുഷന്‍ തന്റെ തിരുവായ് മലര്‍ വിരിയിച്ചു. അതില്‍ താലു ഉണ്ടായി. അതിനുശേഷം ജിഹ്വ സൃഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് ഈ നാവിന് രുചിക്കുവാനായി വിവിധതരം സ്വാദുകളുണ്ടായി. അവന്‍ ഉരിയാടാനിച്ചിക്കവേ ഭാഷ നിലവില്‍ വന്നു. പിന്നീട് അതിന്നധിദേവതയായ അഗ്നി ഉത്പന്നമായി. പക്ഷേ അവന്‍ ജലധിശയനനാകവേ, ഇവയൊക്കെ വീണ്ടും വിളംബപ്പെട്ടുകിടന്നു.

മണക്കാനുള്ള ഇച്ഛയോടെ ഭഗവാന്‍ നാസയും മണവും നിര്‍മ്മിച്ചു. അതുവഴി അവന്‍ അതിന്നധിദേവതയായ ഗന്ധവാഹി വായുവിനെ ധൃതഗതിയില്‍ ശ്വസിച്ചു. കനത്ത കൂരിരുട്ടില്‍ തന്നേയും, തന്റെ സൃഷ്ടിയേയും നേരില്‍ കാണാനിച്ഛിച്ചുകൊണ്ട് അവന്‍ നയനങളും, ജ്യോതിയും, ദൃശ്യഗുണവും ഉണ്ടാക്കി. മഹാഋഷികള്‍ ഭഗവാനെ അറിയാന്‍ ആഗ്രഹിച്ചത് ഹേതുവായി ആ നാരായണന്‍ ചെവിയും, ശ്രോതശക്തിയും, അതിന്റെ അധിദേവതയേയും, ശബ്ദവും സൃഷ്ടിച്ചു. പിന്നീട് വസ്തുക്കളുടെ സ്വഭാവമായ മൃദുത്വം, കാഠിന്യം, ചൂട്, തണുപ്പ്, ലഘുത്വം, മഹത്വം, അനുഭൂതി, എന്നിവയറിയാന്‍ കൊതിച്ചുകൊണ്ട്, ത്വക്ക്, രോമകൂപം, രോമം, അവയുടെ അധിദേവതകള്‍, എന്നിവ നിര്‍മ്മിച്ചു. ത്വക്കിന് അകവും, പുറവുമായി ഒരു വാതാവരണം ചമച്ച്, വസ്തുക്കളുടെ ഗോചരത്വത്തെയറിയുവാനുള്ള ഉപാധിയുമുണ്ടാക്കി.

തതനന്തരം, കര്‍മ്മോത്സുകനായ ഭഗവാന്‍ ഇരുകരങളേയും, അവയുടെ അധിപനായ ഇന്ദ്രനേയും, തുടര്‍ന്ന് നാനാവിധ കര്‍മ്മങളേയും ഉത്പന്നമാക്കി. ചലനത്തെ കാംക്ഷിച്ച ഭഗവാന്‍ പാദങളുണ്ടാക്കി. അതിന്നധിപനായി ഭഗവാന്‍ സ്വയം യജ്ഞനായി അവതരിച്ച്, മനുഷ്യരാല്‍ വിവിധകര്‍മ്മങള്‍ ആചരിപ്പിച്ചു. പിന്നീട് മൈഥുനാമൃതരസാസക്തനായ ഭഗവാന്‍ സ്ത്രീപുരുഷന്‍‌മാരുടെ ജനനേന്ദ്രിയങളെ സൃഷ്ടിച്ചു. അവര്‍ക്കനുഭവിക്കാനായി കാമത്തേയും ഉളവാക്കി. അതിന്നധിദേവകളായ പ്രജാപതികളേയും ചമച്ചു. ധാതുമലം വിസര്‍ജ്ജിക്കാനിച്ചിച്ചുകൊണ്ട് ആ പരമപുരുഷന്‍ ഗുദവും, പായുവും, അതിന്നധിപനായ മിത്രനേയും തീര്‍ത്തു. ശരീരങള്‍ മാറിമാറി സ്വീകരിക്കാനുള്ള ഉപാധിയായി ഭഗവാന്‍ നാഭീദ്വാരത്തേയും, മരണത്തേയും, അപാനനേയും ഉണ്ടാക്കി. അങനെ നാഭി, മൃത്യുവിനും, അപാനനും ആശ്രയമായി മാറി. ആഹാരപാനീയങള്‍ക്കായി ആഗ്രഹിച്ച ഭഗവാന്‍ ഉദരവും, ആന്ത്രവും, നാഡികളും, നിര്‍മ്മിച്ചു. അവയുടെ തുഷ്ടിയേയും, പുഷ്ടിയേയും, നദികളും, സമുദ്രങളും ചേര്‍ന്നു കാക്കുന്നു.

പിന്നീടവന്‍ തന്റെ ആത്മമായയെക്കുറിച്ച് ചിന്തിച്ചു. തുടര്‍ന്ന് ഹൃദയവും, മനസ്സുമുണ്ടായി. അവയ്ക്കധിപനായി ചന്ദ്രനുമുണ്ടായി. തുടര്‍ന്ന് അവയ്ക്കാധാരമായ സകല സങ്കല്പ്പങളും ആഗ്രഹങളുമുണ്ടായി. ഭൂമിയേയും, ജലത്തേയും, അഗ്നിയേയും ചേര്‍ത്തുവച്ച് ശരീരത്തിന്റെ ഏഴു ധാതുക്കളായ ത്വക്ക്, ചര്‍മ്മം, മാംസം, രക്തം, മേധസ്സ്, മജ്ജ, അസ്ഥി, എന്നിവയുണ്ടായി. പിന്നീട് ആകാശവും, ജലവും, വായുവും ചേര്‍ന്ന് പ്രാണനും ഉടലെടുത്തു. അഹങ്കാരത്തില്‍ നിന്നും ഉല്പ്പന്നമായ പ്രകൃതിയുടെ തിഗുണങളുമായി ഇന്ദ്രിയങള്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍, മനസ്സ് സുഖ-ദുഃഖസമ്മിശ്രമായ നാനാവിധ ലൗകികാനുഭവങള്‍ക്ക് വശം‌വദമായി നില്‍ക്കുന്നു. അതുപോലെ ബുദ്ധിയും മനസ്സിന്റെ ഒരു ദീര്‍ഘാവലോകനം മാത്രമാണ്.

ഹേ മഹാരാജന്‍!, ഇവയെല്ലാം ചേര്‍ത്തുനോക്കുമ്പോള്‍, ആ പരമപുരുഷന്റെ ബാഹ്യമായ ഘടന നാനാലോകങള്‍ പോലുള്ള പ്രാപഞ്ചികരൂപങള്‍ ചേര്‍ന്ന് നിലകൊള്ളുന്നു. ഇത് ഞാന്‍ അങേയ്ക്ക് പറഞുതന്നതാണ്. എന്നാല്‍ അവന്റെ അദ്ധ്യാത്മികരൂപം തികച്ചും വ്യത്യസ്ഥമാണ്. അത് അതിസൂക്ഷമാണ്. അവ്യക്തമാണ്. ആദിമധ്യാന്തരഹിതമാണ്. അത് വാക്കിനും, മനസ്സിനും അതീതമാണ്. മുമ്പ് വാക്കുകളാല്‍ വര്‍ണ്ണിക്കപ്പെട്ട അവന്റെ സ്ഥൂലരൂപത്തെ അവനെ അറിഞിട്ടുള്ള ജ്ഞാനികള്‍ കാര്യമാക്കുന്നില്ല. ആ പുരുഷോത്തമന്‍ തന്റെ അദ്ധ്യാത്മികമായ നാമത്തോടും, ഗുണത്തോടും, ലീലകളോടും, പരിവാരങളോടും, നാനാവിധ വേഷത്തില്‍ തന്റെ അവതാരങള്‍ കൈക്കൊള്ളുന്നു. അവന്‍ സര്‍‌വ്വസ്വതന്ത്രനാണെങ്കിലും, ഇത്യാദി ഗുണങളില്‍ വ്യാപൃതനെന്നപോലെ തോന്നപ്പെടുന്നു.

ഹേ രാജന്‍!, സകല ജീവന്‍‌മാരും അവരവരുടെ കര്‍മ്മങള്‍ക്കനുസരിച്ച് ഈ ഭഗവാനാല്‍ ജാതമാകുന്നു. ബ്രഹ്മാവ്, ദക്ഷന്‍, വൈവസ്വതമനു, ഇന്ദ്രന്‍, ചന്ദ്രന്‍, വരുണന്‍, മാഹാഋഷി ഭൃഗു, വ്യാസന്‍, വസിഷ്ഠന്‍, പിതൃലോകവാസികളായ സിദ്ധചാരണഗന്ധര്‍‌വ്വവിദ്ധ്യാധരാദികള്‍, അസുരന്‍, യക്ഷര്‍, കിന്നരര്‍, അപ്സരസ്സുകള്‍, ഇഴജന്തുക്കള്‍, കപിരൂപരായ കിം‌പുരുഷന്‍‌മാര്‍, മനുഷ്യര്‍, മാതൃലോകവാസികള്‍, രാക്ഷസര്‍, പിശാചുക്കള്‍, പ്രേതങള്‍, ഭൂതങള്‍, ഉന്മാദന്‍‌മാര്‍, വേതാളങള്‍, യാതുധാനന്‍‌മാര്‍, ഗ്രഹങള്‍, പക്ഷികള്‍, മൃഗങള്‍, ഗൃഹവാസിമൃഗങള്‍, വൃക്ഷങള്‍, കൊടുമുടികള്‍, രാജാക്കന്‍‌മാര്‍, ഉരഗങള്‍, ദ്വിവിധങളായ ചരാചരജീവികള്‍, ഭ്രൂണം, അണ്ഡം, വിയര്‍പ്പ്, വിത്ത്, എന്നിവയില്‍ നിന്നും ജനിച്ചിട്ടുള്ള ചതുര്‍‌വിധജീവജാലങള്‍, കൂടാതെ, ജലത്തിലായാലും, ആകാശത്തിലായാലും, സന്തോഷത്തിലോ, സന്താപത്തിലോ, ഇനി രണ്ടുംചേര്‍ന്ന അവസ്ഥയിലോ ഉള്ള മറ്റനേകം ജീവജാലങളെല്ലാം അവയ്ക്കുദാഹരണങളാണ്. ഇവയെല്ലാം തങളുടെ പ്രാരാബ്ദങള്‍ക്കനുസരിച്ച് ഉചിതമായ യോനികളില്‍ ജന്മം കൊള്ളുന്നു. ഹേ രാജന്‍!, പ്രകൃതിയുടേ സത്വരജസ്തമോഭേദങള്‍ക്കനുസരിച്ച് ഇവിടെ ദേവ-മനുഷ്യ-നാരകാദി ജീവജാലങള്‍ പ്രത്യക്ഷമാകുന്നു. ഏതൊരു പ്രത്യേകഗുണവും മറ്റുള്ള രണ്ടുമായി ചേര്‍ന്നതിനുശേഷം മൂന്നായി പിരിയുന്നു. അങനെ ഓരോ ജീവിയും അന്യഗുണങള്‍ക്കധീതരായി അതാത് ഗുണങളുടെ സ്വഭാവവിശേഷങള്‍ സ്വീകരിക്കുന്നു.

സൃഷ്ടിക്കുശേഷം സര്‍‌വ്വലോകപാലകനും, ധര്‍‌മ്മരൂപദൃക്കുമായ ഭഗവാന്‍ വിവിധ അവതാരങളെടുത്ത് പ്രത്യക്ഷമാകുന്നു. അങനെ നര-ദേവ-തിര്യക് ജീവന്‍‌മാരെ വീണ്ടും, ഫലവത്താക്കി മാറ്റുന്നു. ഓടുവില്‍ കല്പ്പാന്തത്തില്‍ ആ ഭഗവാന്‍ തന്നെ രുദ്രനായി വന്ന് സകലസൃഷ്ടികളേയും നിര്‍മ്മൂലമാക്കുന്നു. വിജ്ഞാനവാദികള്‍ അവന്റെ ലീലകളെ ഈവിധം വര്‍ണ്ണിക്കുമ്പോള്‍, അവന്റെ ഭക്തോത്തമന്‍‌മാരാകട്ടെ, ഇതിനുമൊക്കെയപ്പുറം മഹത്വമേറിയ അവന്റെ അത്ഭുതലീലകള്‍ നേരില്‍ കാണാന്‍ യോഗ്യരാകുന്നു.

ഹേ പരീക്ഷിത്ത് രാജന്‍!, സൃഷ്ടിസ്ഥിതിസംഹാരാദികളില്‍ ആ ദിവ്യപുരുഷന് യാതൊരുവിധത്തിലും കര്‍ത്തൃത്വമില്ല. അതേസമയം അവന്റെ കര്‍ത്തൃത്വത്തെക്കുറിച്ച് സ്മൃതികളില്‍ പറഞിട്ടുള്ളതെല്ലാം തന്റെ മായയായ മൂലപ്രകൃതിയുടെ കര്‍ത്തൃത്വഭാവത്തെ കുറിക്കാനാണ്. ഹേ രാജന്‍!, ഞാന്‍ ഇവിടെ പറഞതെല്ലാം ഈ പ്രപഞ്ചാദികളുടെ ഉല്പ്പത്തിയെക്കുറിച്ചുള്ള പരമസത്യങളാണ്. ബ്രഹ്മകല്പ്പത്തില്‍ അവയുടെ സൃഷ്ടിയും, വികല്പ്പത്തില്‍ അവയുടെ പ്രലയവും, സംബന്ധിക്കുന്ന വ്യവസ്ഥാപിതവിധിവിഹിതങളെ ഉദാഹരിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ഇവിടെ ഇവയെയൊക്കെ വലുതാക്കി അങയോട് പ്രതിപാദിച്ചത്. അല്ലയോ രാജന്‍!, കാലത്തിന്റെ സ്ഥൂലവും, സൂക്ഷ്മവുമായ പരിമാണത്തെക്കുറിച്ചും, അവയുടെ ലക്ഷണങളെക്കുറിച്ചും ഞാന്‍ അങേയ്ക്ക് വഴിയേ പറഞുതരുന്നതുണ്ട്. എന്നാല്‍ ഇപ്പോള്‍ പാത്മകല്‍പ്പത്തെക്കുറിച്ച് കേട്ടുകൊള്ളുക."

സൃഷ്ടിയെ കുറിക്കുന്ന ഇച്ചൊന്ന കാര്യങളെല്ലാം കേട്ടതിനുശേഷം ശൗനകന്‍ സൂതനോട് ചോദിച്ചു. എന്തെന്നാല്‍, തന്റെ ബന്ധുമിത്രാദികളെയൊക്കെ ഉപേക്ഷിച്ച്, അതിലുണ്ടായ കഠിനവിരഹത്തോടുകൂടി, വിദുരര്‍ക്ക് എങനെ തന്റെ വീടും കൂടുമുപേക്ഷിക്കാന്‍ കഴിഞു.

ശൗനകന്‍ ചോദിച്ചു: ഹേ സൂതമുനേ!, വിദുരരുടേയും മൈത്രേയരുടേയും സം‌വാദത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ഞങളാഗ്രഹിക്കുന്നു. എന്തെല്ലാമാണ് വിദുരര്‍ മൈത്രേയരോട് തിരക്കിയതെന്നും, അതിന് മൈത്രേയമുനി ചൊന്ന മറുപടി എന്തൊക്കെയാണെന്നുമറിയാന്‍ ഞങളിച്ചിക്കുകയാണ്. കൂടാതെ എന്തിനായി വീടുപേക്ഷിച്ചെന്നും, പിന്നീടെന്തിന് തിരികെവന്നുവെന്നും, ഇതിനിടയില്‍ തീര്‍ത്ഥടനസമയത്ത് എന്തൊക്കെ അദ്ദേഹം ചെയ്തുവെന്നും ഞങള്‍ അറിയാനാഗ്രഹിക്കുന്നു.

സൂതന്‍ പറഞു: ഹേ ശൗനകാദിഋഷികളെ!, പരീക്ഷിത്തുരാജന്റെ തുടര്‍ന്നുള്ള ചോദ്യങള്‍ക്ക് ശ്രീശുകന്‍ എങനെ ഉത്തരം നല്‍കിയെന്നുള്ളത് ഞാന്‍ നിങളോട് പറയാം. അതിനെ ശ്രദ്ധയോടെ ഭവാന്‍‌മാര്‍ കേട്ടുകൊള്ളുക.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം പത്താമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  സാമാപ്തം.

ഓം തത് സത്







2014, ജനുവരി 6, തിങ്കളാഴ്‌ച

സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍

പ്രാരാബ്ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു ഭാഗവതസേവാരത്നം, ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ് മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് രാജകൊട്ടാരവുമായി നല്ല ബന്ധമുള്ള ഒരു സമ്പന്ന കാലവും മള്ളിയൂര്‍മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്.

അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ആര്യാ അന്തര്‍ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു. 

സ്കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും, ദുശ്ശീലം പഠിക്കും. അതിനായി അമരഭാഷ തന്നെ പഠിപ്പിക്കണമെന്നായി അച്ഛന്റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നാണ് ചരിത്രം.

14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി. പഠനം, ഉറക്കക്കുറവ് ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി. രോഗം മാറിയില്ല. പിന്നീട് കൈതമറ്റത്തിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി ഒരുകൈ നോക്കി. ചികിത്സ ആറുമാസം നീണ്ടു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ശരീരം നിലനില്‍ക്കുമോ എന്നുവരെ സംശയം തോന്നി!

ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി മരുന്നിനൊപ്പം സൂര്യനമസ്കാരത്തിന് നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷനമസ്കാരം! ഇതിനിടയില്‍ തിരുവനന്തപുരത്ത് ചികിത്സാര്‍ഥം 15 ദിവസം തങ്ങി. ഒക്കെ വെറുതെ. മടുത്തു മടങ്ങി.

വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭം. ഇനി മഹാവൈദ്യന്‍ തന്നെ ശരണം. സുകൃതനായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛവാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ! ഒരിക്കല്‍ ഒരു തുലാമാസത്തില്‍ ഉണ്ണി ശ്രീ ഗുരുവായൂരപ്പന്റെ സkിധിയില്‍ എത്തി.

പണ്ഡിതനും മഹാഭക്തനും വിരക്തനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഉണ്ട്. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണി.

പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ ശിഷ്യനായി മാറി. പടപ്പനമ്പൂതിരി ആ പവിത്രസങ്കേതത്തില്‍ വച്ച് ശങ്കരന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍രൂപ ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ ദ”ക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി പുതിയ ശ്രീശുകന്റെ പക്കല്‍ ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാന്‍ പണവുമില്ല. ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.

മഹാഭക്തനായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൌജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ നനഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അംഗീകാരം. പലരും പറഞ്ഞു. ഭംഗിയായി.... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു....

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള തൃഷ്ണ തെല്ലും കുറഞ്ഞിട്ടില്ലല്ലോ. രണ്ടു വര്‍ഷത്തോളം ഉപരിപഠനം തുടര്‍ന്നു. (നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവ അവിടെ പഠിച്ചു) ആയിടയ്ക്കാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന തോന്നലുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ ഭജനം തുടങ്ങി.

ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനം.

ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗം? ഇടയ്ക്ക് ആ ചിന്ത വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു. 

ഭഗവല്‍ക്കഥ കേട്ട് പരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് കേറ്റമേ ഉണ്ടായിട്ടുള്ളൂ. ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

യോഗക്ഷേമം വഹാമ്യഹം...!!!

ശ്രീമദ് ഭാഗവതത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവരിക്കുന്ന ഭാഗത്ത് (ഏഴാംസ്കന്ധം) ശ്രദ്ധാലുവായ യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ അരുളുന്നു.

ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്നു കേള്‍ക്കൂ. സര്‍വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൌകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.

ഗൃഹസ്ഥാശ്രമി വിരക്തനായി, അതേസമയം ആസക്തനെന്നപോലെ ജീവിക്കണം. നിര്‍മ്മമനായി കഴിയുക. മള്ളിയൂരിന്റെ ഗൃഹത്തില്‍ ചെന്നവര്‍ക്കെല്ലാം പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണിത്. അദ്ദേഹം ആസക്തനെന്നപോലെയാണ്. പക്ഷേ ഗൃഹത്തിലെ ഓരോ കാര്യങ്ങളും വാസുദേവനിശ്ചയമെന്ന് അകമേ ഉറപ്പിച്ചയാളും. അദ്ദേഹം എല്ലാവരെയും അനുമോദിക്കുന്നു. പക്ഷേ ഈശ്വരേച്ഛയെ മാത്രം സ്വീകരിക്കുക.

അടുത്തിടെ മള്ളിയൂരില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നചിന്തയില്‍ പ്രാശ്നികന്‍ പറഞ്ഞു. ശാരീരികക്ളേശം ഉണ്ടെങ്കില്‍ പതിവുള്ള കഠിനനിഷ്ഠകള്‍ ചെയ്യണമെന്നില്ല. ഇതൊക്കെ ചെയ്താല്‍ കിട്ടേണ്ടതെന്തോ, അത് അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഭഗവാന്‍ സന്തുഷ്ടനാണ്.

മഹാഭക്തനായ മള്ളിയൂരിനെ ഏവര്‍ക്കും അറിയാം. മറ്റൊരു മുഖവുമുണ്ട് മള്ളിയൂരിന്. മഹാപണ്ഡിതന്‍, കവി. അത് ചുരുക്കം ചിലര്‍ക്കേ അറിയൂ എന്നു മാത്രം. മാലോകര്‍ക്കതറിയാനാവില്ല. ഓട്ടൂര്‍ തിരുമേനി പറയാറുള്ളതുപോലെ വെള്ളപ്പൊക്കം വരുമ്പോള്‍ കുളവും പാടവും പുറമേ സമം, കുത്തിനോക്കിയാലേ ആഴമറിയൂ... അതുപോലെ ജ്ഞാനിയും അജ്ഞാനിയും ബാഹ്യദൃഷ്ടിയില്‍ ഒന്നു പോലെ. 
ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവന്‍ മള്ളിയൂര്‍ ഭാഗവതമയമാക്കി. യദ്ഭാവം തത് ഭവതി. ഭാഗവതോപാസനയിലൂടെ ആ ജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷപ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാഗവതതത്ത്വാനുഷ്ഠാനമാണല്ലോ നാളിതുവരെ ആ ജീവിതം.

പ്രത്യക്ഷകൃഷ്ണരൂപമാണ് ശ്രീമദ്ഭാഗവതം എന്ന് ശാസ്ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്ണവതേജസിന്റെ സാന്നിധ്യം പ്രകടമായി. അമ്പാടി കണ്ണനെ മടിയിലിരുത്തി തുമ്പക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍നിന്നു രക്ഷനേടാന്‍ ഭക്തര്‍ക്ക് ഒരഭയസങ്കേതം. കരുണാമയനായ ശ്രീ ഗുരുവായൂരപ്പനും അഭീഷ്ടവരദീയകനായ വിഘ്നേശ്വരനും വാഴുന്നിടം!

ഹന്തഭാഗ്യം ജനാനാം.

2014, ജനുവരി 2, വ്യാഴാഴ്‌ച

2.9 പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് ശ്രീശുകന്‍ ഉത്തരം നല്‍കുന്നു.

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 9

ശ്രീശുകന്‍ പറഞു: ഹേ രാജന്‍!, ഭഗവതനുഗ്രഹം കൂടാതെ ഈ ജീവന് ശരീരവുമായി യാതൊരുവിധസംബന്ധവും ഉണ്ടാകാന്‍ സാധ്യമല്ല. അങനെതോന്നുന്ന ബന്ധങളെല്ലാം സ്വപ്നത്തില്‍ ഒരുവന്‍ തന്നെതന്നെ ദര്‍ശിക്കുന്നതുപോലെ അയഥാര്‍ത്ഥമാണ്. ഭഗവാന്റെ അത്ഭുതമായാവലയത്തില്‍ പെട്ട് ഈ ജീവന്‍‌മാര്‍ അനേകവിധം ശരീരങള്‍ സ്വീകരിച്ചുകൊണ്ട് ഇവിടെ പ്രത്യക്ഷമാകുന്നു. അങനെ ഈ പ്രകൃതിയുടെ ഗുണങളെ ആസ്വദിച്ചുകൊണ്ട് അവര്‍ ഞാനെന്നും എന്റേതെന്നുമുള്ള തെറ്റിദ്ധാരണയില്‍ പെട്ടുഴലുന്നു. പക്ഷേ, ഈ ജീവന്‍‌മാര്‍ ആത്മസ്വരൂപത്തില്‍ ഉറച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിക്കാന്‍ തുടങുമ്പോള്‍ ഈ തെറ്റിദ്ധാരണ മറഞ് ഉള്ളില്‍ പരമാത്മചൈതന്യം നിറയുന്നു. 

ഹേ രാജന്‍!, ആത്മതത്വവിശുദ്ധിക്കായി അവ്യളീകമായ തപസ്സുചെയ്ത ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ തന്റെ അദ്ധ്യാത്മികരൂപത്തില്‍ പ്രത്യക്ഷനായി. ആദിദേവനായ ബ്രഹ്മാവിന് തന്റെ ആസനമായ സരസിജത്തിന്റെ ഉത്ഭവസ്ഥാനത്തെ അറിയുവാന്‍ കഴിഞില്ല. മാത്രമല്ല, പ്രപഞ്ചനിര്‍മ്മാണത്തിനുള്ള വ്യവസ്ഥകളോ അതിനുള്ള സംവിധാനങളോ യാതൊന്നും അദ്ദേഹത്തിന് ജ്ഞാതമായിരുന്നില്ല. ഇങനെ ബ്രഹമാവ് ചിന്താധീനനായിരുന്ന സമയം ജലത്തില്‍ നിന്നും രണ്ടക്ഷരങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു വാക്ക് രണ്ട് പ്രാവശ്യം ഉച്ചരിച്ചുകേട്ടു. അതില്‍ ആദ്യത്തെ അക്ഷരം സ്പര്‍ശാക്ഷരങളിലെ പതിനാറാമത്തേതും, രണ്ടാമത്തെ അക്ഷരം അതില്‍ ഇരുപത്തൊന്നാമത്തേതുമായിരുന്നു. ഈ വാക്ക് പിന്നീട് നിഷ്കിന്ചനന്‍മാരുടെ സ്വത്തായി അറിയപ്പെട്ടു. "തപഃ തപഃ" എന്നിങനെ ആ ശബ്ദം കേട്ട നിമിഷം ബ്രഹ്മദേവന്‍ താമരയില്‍ നിന്നെഴുന്നേറ്റ് നാലുപാടും നോക്കി. ആരേയും കാണാതെവന്നപ്പോള്‍ ബ്രഹ്മാവ് തന്റെ പങ്കജാസനത്തിലിരുന്നുകൊണ്ട് നിര്‍ദ്ധിഷ്ടമെന്നതുപോലെ തപസ്സനുഷ്ഠിക്കാനാരംഭിച്ചു. ആയിരം ദിവ്യവര്‍ഷത്തോളം ബ്രഹ്മാവ് തീവ്രമായ തപസ്സനുഷ്ഠിച്ചു. ആ ശബ്ദം വീണ്ടും വീണ്ടും അദ്ദേഹം കേട്ടു. തുടര്‍ന്ന് പ്രാണനേയും, മനസ്സിനേയും സം‌യമനം ചെയ്തു. ഇങനെ സകലലോകങളുടേയും ഉദ്ധാരണാര്‍ത്ഥം ബ്രഹ്മദേവന്‍ അതിഘോരമായ തപസ്സിലാണ്ടു. ബ്രഹ്മാവിന്റെ തപസ്സില്‍ സം‌തൃപ്തനായ ഭഗവാന്‍ ഹരി അദ്ദേഹത്തിന് വൈകുണ്ഠദര്‍ശനം നല്‍കിയനുഗ്രഹിച്ചു. ഈ വൈകുണ്ഠലോകം സകലദുഃഖങളില്‍ നിന്നും, മായയില്‍ നിന്നും മുക്തരായ ജീവന്‍‌മാര്‍ക്ക് സ്വധാമമാണ്. അവിടെ ഭഗവാന്റെ ഈ സ്വധാമത്തില്‍ സത്വമോ, രജസ്സോ, തമസ്സോ ആയ പ്രകൃതിഗുണങളൊന്നും തന്നെയില്ല. അവിടെ കാലത്തിനും സ്ഥാനമില്ല. എങ്കില്‍ പിന്നെ മായയ്ക്ക് എങനെ അവിടെ എത്താനാകും?. 

ദേവന്‍‌മാരും, അസുരന്‍‌മാരും ഒന്നുപോലെ വൈകുണ്ഠത്തെ ആരാധിക്കുന്നു. വൈകുണ്ഠവാസികളെല്ലാം ശ്യാമവര്‍ണ്ണന്‍‌മാരാണ്. അവരുടെ നയനങള്‍ താമരപ്പൂക്കള്‍ പോലെ ശോഭിക്കുന്നു. അവര്‍ മഞപ്പട്ടണിഞവരാണ്. നാലുതൃക്കൈകളോടെ സുന്ദരമായ നാനാഭരണങള്‍ അണിഞ അവര്‍ സദാ വൈകുണ്ഠത്തില്‍ യുവത്വം നിറഞവരായി ഉജ്ജ്വലദീപ്തം തിളങുന്നു. അവര്‍ പ്രവാളം, വൈഢൂര്യം, മൃണാളം, ഇത്യാദി മഹാരത്നങളുടെ കിരണങളെപ്പോലെ പ്രകാശവത്തായി കാണപ്പെടുന്നു. കുണ്ഡലങളും, വനമാലയുമൊക്കെയണിഞ് ഈ വൈകുണ്ഠവാസികള്‍ താമരപ്പൂവുകള്‍ക്കുസമം പ്രശോഭിക്കുന്നു. ആ ആദിനാരായണന്റെ വൈകുണ്ഠത്തില്‍ മഹാത്മാക്കള്‍ക്കായി വളരെയധികം വിമാനങള്‍ ഒരുക്കിയിരിക്കുന്നു. സ്ത്രീകളാകട്ടെ ഇടിമിന്നല്‍ പോലെ തിളങുന്നു. ആകാശത്തില്‍ ഇടിമിന്നലും കാര്‍മേഘങളുമൊത്തുകാണുന്നതുപോലെ ഇവര്‍ ഒത്തുചേര്‍ന്ന് വൈകുണ്ഠലോകം അത്യന്തം പ്രകാശമാനമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ലക്ഷ്മീഭഗവതി ആ പരമപുരുഷന്റെ ഗുണഗാനങള്‍ പാടിക്കൊണ്ട് അവന്റെ പാദപൂജ ചെയ്യുമ്പോള്‍, കരിവണ്ടുകള്‍ മൂളിപ്പാട്ടും പാടി ചുറ്റും പറന്ന് വസന്തത്തെ വിളിച്ചുവരുത്തുന്നു. 

നന്ദന്‍, സുനന്ദന്‍, പ്രബലന്‍, അര്‍ഹണന്‍, തുടങിയ ഭഗവാന്റെ കിങ്കരന്‍‌മാരാല്‍ പരിസേവിക്കപ്പെട്ട, ശ്രീപതിയും, സാത്വതാംപതിയും, യജ്ഞപതിയും, ജഗത്പതിയുമായ വിഭുവിനെ ബ്രഹ്മദേവന്‍ വൈകുണ്ഠത്തില്‍ വച്ച് ദര്‍ശിച്ചു. ഭഗവാന്‍ തന്റെ പരിചാരകര്‍ക്ക് അഭിമുഖനായിരുന്നു. ആ ദൃശ്യം വളരെയധികം വശ്യവും, മനോഹരവുമായിരുന്നു. നേത്രങള്‍ അരുണനെപ്പോലെ ശോഭിച്ചു. ആ അധരത്തിലൂടെ മാധുര്യമേറുന്ന പുഞ്ചിരി ഒഴുകികൊണ്ടിരുന്നു. പീതവസനവും, കീരീടവും, കുണ്ഡലങളും ധരിച്ച്, നാലുതൃക്കൈകളുള്ള അവന്റെ വക്ഷസ്സില്‍ കൗസ്തുഭശ്രിയം തെളിഞുപ്രകാശിച്ചു. ആരാധ്യമായ തന്റെ സിംഹാസനത്തില്‍, ഇരുപത്തിയഞ്ച് തത്വശക്തികളാലും, മറ്റൈശ്വര്യങളാലും ആവൃതനായി ഭഗവാന്‍ ഹരി പരമാനന്ദത്തില്‍ മുഴുകി അത്യന്തം പ്രകാശിച്ചു. ബ്രഹ്മദേവന്‍ ഭഗവാന്റെ അത്ഭുതാകാരമായ പൂര്‍ണ്ണരൂപം കണ്ട് ഹൃദയാഹ്ലാദപരിപ്ലുതനായി. ശരീരത്തില്‍ രോമാഞ്ചമുതിര്‍ന്നു. പ്രേമം കവിഞൊഴുകുന്ന നയനങളോടെ ആ ജഗത്പതിയുടെ പാദപങ്കജത്തില്‍ ബ്രഹ്മാവ് ശിരസ്സുകൊണ്ട് നമിച്ചു. അങനെ അദ്ദേഹം ഭഗവത് ഭക്തിയുടെ പരമഹംസാനുഭൂതിയെ പ്രാപിച്ചു. 

ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ പുഞ്ചിരിതൂകി നിന്നു. അവന്‍ ബ്രഹ്മദേവന്റെ കരത്തെ സ്പര്‍ശിച്ചു. തന്റെ നിയന്ത്രണത്തില്‍ ഈ ജഗത്തിന്റെ സൃഷ്ടിയെ രചിക്കാന്‍ സന്നദ്ധനായ ബ്രഹ്മാവിന്റെ സാന്നിധ്യം സ്വീകരിച്ചുകൊണ്ട് ഭഗവാന്‍ അദ്ദേഹത്തിനോട് ഇങനെ പറഞു. "ഹേ ബ്രഹ്മദേവാ!, ജഗത്തിന്റെ രചനയെ കാംക്ഷിച്ചുകൊണ്ട് അനേകകാലംകൊണ്ട് അങ് അനുഷ്ഠിക്കുന്ന ഈ തപസ്സില്‍ ഞാന്‍ നാം സന്തുഷ്ടനാണ്. കപടയോഗികള്‍ക്ക് അപ്രാപ്യമായ എന്റെ പ്രസാദം അങേയ്ക്ക് ലഭ്യമായിരിക്കുന്നു. ഹേ ബ്രഹ്മാവേ, സര്‍വ്വവരപ്രദായകനായ നമ്മോട് അങയുടെ സകല അഭീഷ്ടങളേയും അറിയിച്ചുകൊള്ളുക. എന്നെ അറിയുക എന്നതാണ് എല്ലാവരും എല്ലാത്തരത്തിലുമുള്ള തപസ്സുകൊണ്ട് ആഗ്രഹിക്കുന്ന പരമമായ ലക്‌ഷ്യം. അങയുടെ തീവ്രമായ ഈ തപസ്സിന്റെ ബലം കൊണ്ട് അത്യന്തം ദുര്‍ലഭമായ എന്റെ പരമധാമപ്രാപ്തിയെ അങ് കൈവരിച്ചിരിക്കുന്നു. ഹേ അനഘാ!, കര്‍മ്മാനുഷ്ഠാനത്തെക്കുറിച്ചോര്‍ത്ത് അങ് വിമോഹിതനായി ഉത്കണ്ഠപ്പെട്ടിരുന്ന ആ സമയം നാം തന്നെയായിരുന്നു അങയോട് തപം ചെയ്യാനാവശ്യപെട്ടത്. തപസ്സ് എന്റെ ഹൃദയമാണ്. അതുകൊണ്ട് തപം ചെയ്യുന്നവര്‍ക്ക് നാം ആത്മാവും. തപം കൊണ്ട് നാം ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. തപം കൊണ്ടുതന്നെ നാം അതിനെ പരിപാലിക്കുകയും ചെയ്യുന്നു. പിന്നീട് തപം ഒന്നുകൊണ്ട് മാത്രം നാം ഈ വിശ്വത്തെ സംഹരിക്കുകയും ചെയ്യുന്നു."

ബ്രഹ്മാവ് പറഞു. "ഭഗവാനേ!, അങ് സകലഭൂതങളുടേയും ഹൃദയകുഞ്ചനിവാസിയാണ്. അങ് സകല ജീവികളുടേയും അധ്യക്ഷനുമാണ്. യാതൊരുതടസ്സവും കൂടാതെ അങ് സര്‍‌വ്വഭൂതങളുടേയും അഭീഷ്ടത്തെ അറിയുന്നവനുമാണ്. ഹേ ഭഗവാനേ!, എന്നിരുന്നാലും, അങയെ കൂടുതലായി അറിയാനുള്ള ഇവന്റെ ആഗ്രഹത്തെ സാധൂകരിക്കാന്‍ അവിടുത്തേക്ക് കനിവുണ്ടാകണം. എങനെയാണ് അരൂപിയും, അദ്ധ്യാത്മരൂപിയുമായ അങ് ഈ പ്രപഞ്ചരൂപത്തെ ധാരണം ചെയ്യുന്നത്?. അങയുടെ തന്നെ മായായോഗം കൊണ്ട്, സൃഷ്ടിസ്ഥിതിസംഹാരാര്‍ത്ഥം നാനാവിധ ശക്തികളെ കൂട്ടിച്ചേര്‍ക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്നതെങിനെയാണ്?. ഹേ മാധവാ!, ചിലന്തി സ്വന്തം ശക്തിയാല്‍ വലകെട്ടി സ്വയം മറയ്ക്കുന്നതുപോലെയുള്ള അവിടുത്തെ ചെയ്തികള്‍ അത്ഭുതാവഹമായിരിക്കുന്നു. അവയെക്കുറിച്ചെല്ലാം ഈയുള്ളവനെ ബോധവാനാക്കി അനുഗ്രഹിച്ചാലും. എന്തുകൊണ്ടെന്നാല്‍, കര്‍‌മ്മബന്ധിതനാകാതെ, അങയുടെ ശിഷ്യനായി, ഒരു ഉപകരണഭാവത്തില്‍ ഇവിടെ പ്രജകളെ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹേ ഭഗവാനേ, അങ് ഒരു സുഹൃത്തിനെപ്പോലെ എന്റെ കരം ഗ്രഹിച്ചു. അവിടുത്തെ അനുഗ്രഹം കൊണ്ട് ഞാന്‍ ഇവിടെ വിവിധ സൃഷ്ടികള്‍ ചെയ്യാനൊരുങുകയാണ്. ഞാന്‍ തളര്‍ന്നുപോകാതെ, എന്നില്‍ അഹങ്കാരമുദിക്കാതെ എന്നെ കാത്തുകൊള്ളുവാന്‍ ഞാന്‍ അവിടത്തോട് പ്രാര്‍ത്ഥിക്കുകയാണ്."

ശ്രീ ഭഗവാന്‍ പറഞു: "എന്നെക്കുറിച്ചുള്ള ശാസ്ത്രോക്തങളായ ജ്ഞാനം അതീവരഹസ്യമാണ്. അതിനെ ഭക്തിയോടുകൂടി വിവിധ അംഗസമന്വിതം മനസ്സിലാക്കേണ്ടതാണ്. അതെല്ലാം ഞാന്‍ അങേയ്ക്കു പറഞുതന്നുകഴിഞു. യഥാവിധി അതിനെ സ്വീകരിച്ചുകൊണ്ട് അങ് കര്‍മ്മനിരതനാകുക. നമ്മുടെ അനശ്വരമായ മായാരൂപവും, അദ്ധ്യാത്മികമായ ഉണ്മയും, നിറവും, ഗുണവും, കര്‍മ്മങളുമെല്ലാം നമ്മുടെ അനുഗ്രഹവര്‍ഷമായി അങയില്‍ നിറയുമാറാകട്ടെ!. ഹേ ബ്രഹ്മദേവാ!, നാം സൃഷ്ടിക്കുമുന്‍പേയുള്ളവനാണ്. ഇവിടെ എനിക്കുമുന്‍പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ജഗത്ക്കാരണമായ പ്രകൃതിയും ഇവിടെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അങ് കാണുന്നതും എന്നെ മാത്രം. മഹാപ്രളയത്തിനുശേഷവും ഇവിടെ നാം മാത്രമേ അവശേഷിക്കുകയുള്ളൂ. എന്നില്‍ അധിഷ്ഠിതമല്ലാത്ത യാതൊന്നും ഇവിടെ യാഥാര്‍ത്ഥ്യമല്ല. അവയെല്ലം ഇരുട്ടില്‍ കാണുന്ന പ്രതിച്ഛായപോലെ നമ്മുടെ മായമാത്രമാണെന്നറിഞുകൊള്ളുക. സൃഷ്ടമായ സകലതിലും പഞ്ചഭൂതങള്‍ അടങിയിരിക്കുന്നു. അതേസമയം, ഈ ഭൂതങള്‍ സര്‍‌വ്വസ്വതന്ത്രമായും നിലകൊള്ളുന്നു. അതുപോലെ, സൂക്ഷ്മവും സ്ഥൂലവുമായ സകല ഭൂതങളിലും നാം നിറഞിരിക്കുന്നു. എന്നാല്‍ നാം സകലവസ്തുക്കളില്‍ നിന്നും സ്വതന്ത്രമായി നിലകൊള്ളുകയും ചെയ്യുന്നു. നമ്മെ അറിയുവാന്‍ ഇച്ഛിക്കുന്ന ഏതൊരു ജിജ്ഞാസുവും എപ്പോഴും കാലദേശാദികള്‍ക്കതീതനായി അദ്ധ്യാത്മികമായും ശാസ്ത്രീയമായും നമ്മെ തേടിക്കൊന്ടേയിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, നമ്മുടെ ഈ തത്വത്തില്‍ അധിഷ്ഠിതനായി അങ് കര്‍മ്മം ചെയ്തുകൊള്ളുക. കല്പ്പത്തിലായലും, വികല്പ്പത്തിലായാലും അങയെ യതൊന്നും മോഹിപ്പിക്കുന്നതല്ല."

ശുകദേവന്‍ പരീക്ഷിത്തിനോട് പറഞു.: ഹേ മഹാരാജന്‍!, ഇങനെപറഞ് ബ്രഹ്മദേവന്‌ ശ്രീമദ് ഭാഗവതതത്വം പ്രദാനം ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവാന്‍ ഹരി അന്തര്‍ഹിതനായ സമയം ബ്രഹ്മദേവന്‍ തൊഴുകൈയ്യോടെ ഭഗവത് സ്മരണയോടെ സര്‍വ്വജീവജാലസമന്വിതം ഈ ജഗത്തിനെ മുന്നേതെന്നപോലെ സൃഷ്ടിച്ചു. 

പിന്നീടൊരിക്കല്‍ ബ്രഹ്മദേവന്‍ സകലചരാചരത്തിന്റേയും ക്ഷേമം കാംക്ഷിച്ചുകൊന്ട് സ്വേഛയാല്‍ ജഗത്തിന്റെ പരിപാലനത്തിനുതിര്‍ന്നു. വിധാതാവിന്‌ വളരെ പ്രീയമുള്ളവനും, സേവാതല്പ്പരനും, അനുകാരിയും, സത്ഗുണസമ്പന്നനും, ശാന്തനും, ആത്മനിയന്താവുമായിരുന്ന സത്പുത്രനായിരുന്നു ദേവര്‍ഷി നാരദന്‍. ഹേ രാജന്‍, മായേശ്വരനായ ഭഗവാന്റെ ഭക്തോത്തമനായ ശ്രീനാരദന്‍ ആ പരമപുരുഷനെക്കുറിച്ച് കൂടുതലറിയാനുള്ള ഇച്ഛയോടെ തന്റെ പിതാവിനെ അത്യന്തം പ്രീതിപെടുത്തി. തന്നില്‍ അതീവസംപ്രീതനായ പിതാവിനോട് നാരദന്‍ ഭഗവാന്‍ ഹരിയെക്കുറിച്ച് കൂടുതല്‍ ചോദിച്ചു. അങനെ മകനില്‍ സന്തുഷ്ടനായ പിതാവ് ദശലക്ഷണമടങുന്ന ശ്രീമദ് ഭാഗവതപുരാണം തന്റെ പുത്രന്‌ പറഞുകൊടുത്തു. തുടര്‍ന്ന് നാരദമുനി ഈ മഹാപുരാണത്തെ സരസ്വതീനദിയുടെ തീരത്ത് ബ്രഹ്മധ്യാനം ചെയ്തിരുന്ന മഹാനായ ശ്രീ വേദവ്യാസഭഗവാന് ഉപദേശിച്ചുകൊടുത്തു. 

അല്ലയോ മഹാരാജന്‍!, അതിബൃഹത്തായ ഭഗവതംഗത്തില്‍ നിന്നും ഈ പ്രപന്ചം ഏതുവിധമുന്ടായെന്ന അങയുടെ സംശയത്തിനും, അങ് ചോദിച്ച അന്യചോദ്യങള്‍ക്കുമുള്ള ഉത്തരങള്‍ ഞാന്‍ വിശദമായി അങേയ്ക്ക് പറഞുതരുന്നതുന്ട്.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഒന്‍പതാമധ്യായം സമാപിച്ചു.

ഓം തത് സത്