2019 മാർച്ച് 17, ഞായറാഴ്‌ച

5.03 ഋഷഭാവതാരം

ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 3
(ഋഷഭാവതാരം)



ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് ഭഗവദവതാരമായ ഋഷഭദേവന്റെ കഥയാണു. ആഗ്നീധ്രമഹാരാജാവിന്റെ ആദ്യപുത്രൻ നാഭിയും അദ്ദേഹത്തിന്റെ പ്രിയപത്നി മേരുദേവിയും ചേർന്ന് യജ്ഞങ്ങൾ ചെയ്തുകൊണ്ട് പുത്രലാഭാർത്ഥം ഹരിയെ ഭജിച്ചു. അവരിൽ സമ്പ്രീതനായി ഭക്തവത്സലനായ നാരായണൻ ചതുർഭുജധാരിയായി തന്റെ ദിവ്യവും നയനമനോഹരവുമായ വേഷത്തിൽ ആ ദമ്പദികൾക്ക് മുന്നിൽ പ്രത്യക്ഷനായി. മഞ്ഞപ്പട്ടുടുത്ത്, ശംഖചക്രഗദാപത്മങ്ങൾ നാല് തൃക്കൈകളിൽ ചേർത്ത്, ദിവ്യാഭരണങ്ങളണിഞ്ഞ്, വനമാലയും ചാർത്തി, മന്ദസ്മിതസുന്ദരവദനനായി അവർക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷനായപ്പോൾ, നാഭിയും അദ്ദേഹത്തിന്റെ പത്നി മേരുദേവിയും പണ്ഡിതന്മാരും സദസ്സിലുണ്ടായിരുന്ന മറ്റ് സർവ്വരും എഴുന്നേറ്റുനിന്ന് ശിരസ്സ് കുമ്പിട്ട് ഭഗവാനെ നമസ്ക്കരിച്ചു.

പണ്ഡിതന്മാർ ഹരിയെ പ്രകീർത്തിച്ചു: ഭഗവാനേ!, അവിടുത്തെ ദാസന്മാരായ ഞങ്ങളാൽ ചെയ്യപ്പെട്ട ഈ പൂജയിൽ സമ്പ്രീതനായി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ!. ഞങ്ങൾ അവിടുത്തെ മഹിമകളെ അറിയുന്നില്ല. അതുകൊണ്ട്, ഗുരുക്കന്മാരുടെ കാരുണ്യംകൊണ്ട് അവർ പഠിപ്പിച്ചുതന്ന മന്ത്രങ്ങളിലൂടെ കീർത്തിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയുന്നുള്ളൂ. ലൌകികന്മാർ പരമാത്മാവായ അങ്ങയെക്കുറിച്ച് എന്തറിയാൻ!. അങ്ങയുടെ നാമരൂപാദികൾ മനസ്സിനും ബുദ്ധിക്കും അഗോചരമാണു. ലൌകികരായ ഞങ്ങൾക്ക് ലൌകികവിഷയങ്ങളുടെ നാമങ്ങളും രൂപങ്ങളും മാത്രമേ അറിയാൻ സാധിക്കുന്നുള്ളൂ. അതിലുപരി അങ്ങയെ മനസ്സിലാക്കുവാനോ, പ്രകീർത്തിക്കുവാനോ ഞങ്ങൾക്ക് സാധിക്കുന്നില്ല. എന്നാലും അവിടുത്തെ മഹിമകളുടെ ശ്രവണകീർത്തനാദികളിലൂടെ ഒരുവന്റെ സംസാരദുഃഖം എന്നെന്നേയ്ക്കുമായി അകന്നൊഴിയുന്നു. സ്വയം പൂർണ്ണനും സർവ്വവുമായ അങ്ങ് അവിടുത്തെ ഭക്തന്മാരർപ്പിക്കുന്ന ഒരുതുള്ളിൽ ജലത്തിലോ ഒരിതൾ പൂവിലോ ഒരു നുള്ളരിയിലോ സദാ സംതൃപ്തനാകുന്നു. ലോകം അങ്ങയെ പലേ ദ്രവ്യങ്ങൾകൊണ്ട് പൂജിക്കുന്നു. എന്നാൽ ഞങ്ങൾക്കറിയാം അതുകൊണ്ടൊന്നും അങ്ങയെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്നു. അങ്ങ് ഈ പ്രപഞ്ചത്തിലെ സകല ഐശ്വര്യങ്ങൾക്കും ആധാരവും കാരണവുമാണു. സർവ്വതും അങ്ങയുടേതാണെന്നിരിക്കെ ഞങ്ങൾ അങ്ങേയ്ക്കെന്ത് നല്കാൻ!. എങ്കിലും, ഇതെല്ലാം ഞങ്ങൾ അവിടുത്തെ അനുഗ്രഹത്തിനും ഞങ്ങളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ ചരണാരവിന്ദത്തിലർപ്പിച്ചിരിക്കുകയാണു. ഹേ ദേവാദിദേവാ!, ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാത്ത ഞങ്ങൾ ധർമ്മാർത്ഥകാമമോക്ഷങ്ങളെ അറിയുന്നില്ല. എന്നാലും, കാരുണ്യവാനായ അങ്ങ് അവിടുത്തെ ദർശനമരുളി ഞങ്ങളെ ഇന്നനുഗ്രഹിച്ചിരിക്കുകയാണു. അങ്ങയെ ആരാധിക്കുന്നതിലുണ്ടായ സകല പിഴകളും പൊറുത്തരുളി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കുവാനായി വന്നിരിക്കുന്നു. ഹേ ആരാധ്യനായ ദേവാ!, അങ്ങയുടെ ദർശനംകൊണ്ടുതന്നെ ഞങ്ങൾക്ക് വേണ്ടതൊക്കെ ലഭ്യമായിക്കഴിഞ്ഞു. പണ്ഡിതന്മാരും മഹാജ്ഞാനികളും അങ്ങയുടെ ഗുണഗാനങ്ങൾ ചെയ്തുകൊണ്ട് സദാ ആ പാദപത്മങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അവർ തങ്ങളുടെ സകല കളങ്കങ്ങളും ജ്ഞാനാഗ്നിയിൽ എരിച്ചടക്കി അങ്ങയുടെ പ്രീതി സമ്പാദിച്ച് അതിൽ സദാ ആനന്ദമത്തരായിക്കഴിയുന്നു. എന്നാൽ, അവർക്കുപോലും അവിടുത്തെ ഈ ദിവ്യദർശനത്തെ കിട്ടുന്നത് വളരെ അപൂർവ്വമായിട്ടാണു. ഹേ നാരായണാ!, ഞങ്ങൾ ലൌകികരും അജ്ഞാനികളുമായതിനാൽ, ഈ ശരീരം ജരാമരണങ്ങൾക്ക് വിധേയമാകുമ്പോൾ, അവിടുത്തെ നാമരൂപമഹിമകളെ സ്മരിക്കുവാൻ ഞങ്ങൾക്കായെന്നു വരില്ല. ആ സമയം, ഹേ ഭഗവാനേ!, അവിടുത്തെ പരമകൃപയാൽ അങ്ങയെ സ്മരിക്കുവാൻ ഞങ്ങൾക്ക് കഴിയുമാറാകണം.

ഹേ നാരായണാ!, ഇന്ന് ഞങ്ങൾ അങ്ങയെ ഈ യജ്ഞങ്ങൾകൊണ്ട് പ്രസാദിപ്പിച്ചത് നാഭിരാജാവിനുവേണ്ടിയാണു. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പരമമായ ലക്ഷ്യം അങ്ങയെപ്പോലൊരു പുത്രനെ നേടുകയെന്നതാണു. ഇന്നിദ്ദേഹം, നിർദ്ധനനായ ഒരുവൻ ധനികനായ തന്റെ യജമാനന്റെ മുന്നിൽ അല്പം അന്നത്തിനായി ഇരക്കുന്നതുപോലെ, സർവ്വവരപ്രദായകനായ അങ്ങയോടിതാ അങ്ങേയ്ക്കുതുല്യം മഹാനായ ഒരു പുത്രനെ ചോദിക്കുന്നു. സത്തുക്കളോട് സംഗം ചേരാത്തവൻ സദാ അവിടുത്തെ മായയിൽ മോഹിച്ചുകൊണ്ടേയിരിക്കുന്നു. ഈ ലോകത്തിൽ ആർക്കാണ് വിഷസമമായ അവളെ ജയിക്കാൻ സാധിച്ചിട്ടുള്ളതു? അവൾ ഈ ലോകത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്നുള്ളതുപോലും ലോകം അറിയുന്നില്ല. സർവ്വശക്തനും ലോകപാലകനുമായ അങ്ങയെ, ഒരു പുത്രനെ നേടുകയെന്നുള്ള ലൌകികസ്വാർത്ഥത്തിനായി ഈ തുച്ഛമായ യജ്ഞശാലയിലേക്ക് ഞങ്ങൾ വിളിച്ചുവരുത്തിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യത്തെയറിയാത്ത ഞങ്ങൾ ചെയ്ത ഈ മഹാപരാധത്തെ കാരുണ്യവാനായ അവിടുന്ന് ക്ഷമിച്ചരുളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തേ!, പണ്ഡിതമാരുടെ പ്രാർത്ഥനയിൽ അകമഴിഞ്ഞ നാരായണൻ അവരോടിങ്ങനെ പറഞ്ഞു: ഹേ ഋഷീശ്വരന്മാരേ!, ഞാൻ നിങ്ങളിൽ സമ്പ്രീതനായിരിക്കുന്നു. പക്ഷേ, നിങ്ങളുടെ ആവശ്യം അതിസങ്കീർണ്ണമായ ഒന്നാണു. കാരണം, സർവ്വവതിനും പരമകാരണവും ആധാരവുമായ എനിക്കുതുല്യം മറ്റൊരാളുണ്ടാകുകയെന്നത് അസംഭവ്യമാണു. എന്നാലും ബ്രാഹ്മണരായ നിങ്ങളുടെ നിശ്ചയവും വിശ്വാസവും ഒരിക്കലും തെറ്റാൻ പാടില്ല. നിങ്ങൾ എന്നിൽ ഭക്തിയുള്ളവരാണു. അതുകൊണ്ടുതന്നെ എന്റെ ഭക്തന്മാരുടെ ആഗ്രഹങ്ങളെ ഞാൻ സർവ്വദാ സാക്ഷാത്കരിക്കുന്നു. ഞാനും എന്റെ ഭക്തന്മാരും വേറല്ല. എനിക്ക് തുല്യം ഞാൻ മാത്രമായതുകൊണ്ട്, ഞാൻതന്നെ മേരുദേവിയുടെ ജഠരത്തിൽ നാഭിയുടെ മകനായി പിറക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: മേരുദേവി തന്റെ ഭർത്താവായ നാഭിയുടെ തൊട്ടടുത്തുതന്നെയിരുന്നുകൊണ്ട് ഭഗവദ്വാക്യങ്ങളെ കേൾക്കുന്നുണ്ടായിരുന്നു. അവരെ അനുഗ്രഹിച്ചതിനുശേഷം, ഭഗവാൻ സ്വധാമത്തിലേക്ക് മടങ്ങി. ഹേ വിഷ്ണുദത്താ!, അങ്ങനെ രണ്ടായിപ്പിരിയാൻ സാധ്യമല്ലാത്ത ത്രിഗുണാധീതനായ പരമാത്മാവ്, ഋഷഭനെന്ന നാമത്തോടുകൂടി, മേരുദേവിയുടെ ഗർഭത്തിൽ നാഭിയുടെ പുത്രനായി അവതരിച്ചു.

ഹരേ! രാമ! ഹരേ! രാമ!
രാമ! രാമ! ഹരേ! ഹരേ!
ഹരേ! കൃഷ്ണ! ഹരേ! കൃഷ്ണ!

കൃഷ്ണ! കൃഷ്ണ! ഹരേ! ഹരേ!


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.


< Previous           Next >







Lord Vishnu appears before King Nabhi and Merudevi



2019 മാർച്ച് 16, ശനിയാഴ്‌ച

5.02 ആഗ്നീധ്രചരിത്രം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ദ്ധ്യായം  2
(ആഗ്നീധ്രചരിതം)

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽ‌പ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി. ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി. അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ, കുറെ കാലങ്ങൾക്കുശേഷം, ആഗ്നീധ്രന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു. പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി. അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി. മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു. ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവൻ, പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു. പൂർവ്വചിത്തി മന്ദരപർവ്വതത്തിന്റെ താഴ്വാരത്തിനടുത്തുള്ള ഒരുദ്യാനത്തിലെത്തി. അവിടെ അവൾ അലസ്സമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വൃക്ഷലതാദികളെക്കൊണ്ട് അതിമനോഹരമായിരുന്നു ആ ഉദ്യാനം. അവിടെയുണ്ടായിരുന്ന ഒരു തടാകത്തിൽ മയൂരാദി വിഹഗയുഗ്മങ്ങൾ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു. പ്രശാന്തസുന്ദരമായ അവിടെ അർദ്ധനിമീലിതനേത്രനായി ബ്രഹ്മദേവനെ ധ്യാനിച്ചുകൊണ്ടിരുന്ന ആഗ്നീധ്രന്റെ മുന്നിലൂടെ പൂർവ്വചിത്തി നടന്നുനീങ്ങി. അവളുടെ നൂപുരധ്വനിക്കായി ആഗ്നീധ്രൻ തന്റെ കാതുകൾ കൂർപ്പിച്ചു. ആരോ തന്റെയരികിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന് തോന്നി. പാതിയടഞ്ഞ മിഴിയിലൂടെ അഴകൊത്ത ഒരു മനുഷ്യരൂപം അദ്ദേഹത്തിന് അവ്യക്തമായി കാണാൻ കഴിഞ്ഞു. വണ്ടുകളെപ്പോലെ പൂർവ്വചിത്തി ഓരോ പുഷ്പങ്ങളുടേയും അരികിലെത്തി അവയുടെ മണത്തെ ആസ്വദിച്ചു. അവളുടെ ചലനത്തിനും നോട്ടത്തിനും ദേവഗണങ്ങളേയും മനുഷ്യരേയും ഒന്നുപോലെ ആകർഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു. ആ ശൃംഗാരരസം മനുഷ്യഹൃദയങ്ങളിൽ പൂവമ്പ് ചൊരിയുന്ന കാമദേവനെ ഇളക്കിവിട്ടു. അവളുടെ ശ്വാസത്തിന്റെ മണം നുകരുവാനായി വണ്ടുകൾ ആ കണ്ണുകൾക്കുചുറ്റും വട്ടമിട്ടു പറന്നു. അവയുടെ ശല്യം സഹിക്കാതായപ്പോൾ അവൾ പെട്ടെന്ന് നടന്നുനീങ്ങുവാനാരംഭിച്ചു. ആ ചലനത്തിലുതിർന്ന അവളുടെ അരഞ്ഞാണത്തിന്റെ ധ്രുതതാളം ആഗ്നീധ്രൻ ശ്രദ്ധിച്ചു. അതിലൂടെ പൂർവ്വചിത്തി ആഗ്നീധ്രന്റെ ഹൃദയത്തിൽ അതിശക്തനായ കാമദേവനെ പ്രതിഷ്ഠിച്ചു. അവളുടെ ചേഷ്ടകളിൽ മനസ്സാ ആസക്തനായ ആഗ്നീധ്രന് ആത്മനിഷ്ഠമായ തന്റെ ബോധത്തെപ്പോലും നഷ്ടമായി. ആഗതമായിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നറിയാൻപോലും അദ്ദേഹത്തിന് സാധിച്ചില്ല. പാതിതുറന്ന മിഴികളാൽ പൂർവ്വചിത്തിയെ ഒരു പുരുഷരൂപമായിക്കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹേ മുനിവര്യാ!, നീ ആരാണ്? എന്തിനാണിവിടെ, ഈ താഴ്വരയിൽ ഇപ്പോൾ വന്നിരിക്കുന്നതു?

സ്വബോധം അല്പാല്പം വീണ്ടെടുത്ത അഗ്നീധ്രൻ പൂർവ്വചിത്തിയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി വീണ്ടും പറഞ്ഞു: സുഹൃത്തേ!, നിന്റെ നോട്ടം കൂരമ്പുകൾപോലെ എന്റെ ഹൃദയത്തിൽ വന്ന് തറയ്ക്കുന്നു. ആ ശരങ്ങൾ താമരയിതളുകൾകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ പൂവമ്പുകളുമായി നീ ആരെയോ ഈ താഴ്വരയിൽ തിരയുന്നതുപോലെ തോന്നുന്നു. ഹേ മുനികുമാരാ‍!, വണ്ടുകൾ നിന്റെ ശരീരത്തെ വലം വയ്ക്കുന്നത് കണ്ടിട്ട്, നിന്റെ ശിഷ്യന്മാർ ഗുരുഭക്തിയോടുകൂടി നിന്നെ പ്രദക്ഷിണം ചെയ്യുന്നതുപോലെ തോന്നുന്നു. അവയുടെ മൂളലുകൾ എനിക്ക് വേദമന്ത്രങ്ങളെപ്പോലെ അനുഭവപ്പെടുന്നു. നിന്റെ കാൽത്തളകളുടെ കിലുക്കം കേൾക്കാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. അവയുടെ രൂപമേതെന്നറിയാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ശരീരം വളരെ മനോഹരമായിരിക്കുന്നു. ഹേ സുഹൃത്തേ!, നീയെവിടെയാണ് താമസിക്കുന്നതു? ക്ഷണത്തിൽത്തന്നെ ആരുടേയും മനം മയക്കുന്ന ഈ ശരീരവുമായി നീ പാർക്കുന്ന ആ ധാമത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻപോലും കഴിയുന്നില്ല. ശരീരത്തെ ഇത്ര സുന്ദരമാക്കിവയ്ക്കുവാനായി എന്താണ് നീ ദിവസവും ഭക്ഷിക്കുന്നതു? നിന്റെ വൿത്രത്തിൽനിന്നുമുതിർക്കുന്നത് വിഷ്ണുവിന്റെ പ്രസാദത്തിന്റെ ഗന്ധമാണ്. അവന്റെ ഉച്ഛിഷ്ടമാണോ നീ ദിനവും ഭക്ഷണമാക്കിയിരിക്കുന്നതു? ആ പരമപുരുഷന്റെ കലകളുടെ അംശമായിമാത്രമേ ഇത്ര സൌന്ദര്യം തുളുമ്പുന്ന ഒരു ശരീരം ഈ പ്രപഞ്ചത്തിലുണ്ടാകാൻ വഴിയുള്ളൂ. നിന്റെ മുഖത്ത് ആനന്ദം വഴിയുന്ന ഒരു തടാകം തന്നെ ഞാൻ കാണുന്നു. നിന്റെ കണ്ണുകളും കാതുകളും അധരങ്ങളും ദന്തങ്ങളുമെല്ലാം ഒന്നിനൊന്ന് അഴകൊത്തതായിരിക്കുന്നു. നിന്റെ ചേഷ്ടകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു. മാരുതൻ നാനാദിക്കുകളിൽനിന്നുമൊഴുകിവന്ന് നിന്നെ വിവസ്ത്രയാക്കാൻ നോക്കുന്നു. നീ എന്തേ അവയെ ശകാരിക്കാത്തതു? മറ്റുള്ളവരുടെ തപസ്സിനെ ഇത്ര വേഗത്തിൽ ഇളക്കാൻ കഴിയുന്ന ഈ അനുപമിതസൌന്ദര്യം നിനക്കെവിടെനിന്നാണ് കിട്ടിയതു? എന്ത് തപസ്സനുഷ്ഠിച്ചിട്ടാണ് നീയീ അനഘമായ സൌന്ദര്യം സ്വായത്തമാക്കിയതു? എന്നിൽ സമ്പ്രീതനായ ബ്രഹ്മദേവനാൽ എന്റെ ഭാര്യയാകാൻ അയയ്ക്കപ്പെട്ടവളാണ് നീയെങ്കിൽ, വരൂ!, എന്നോടൊപ്പമിരിക്കൂ!. തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എനിക്ക് കിട്ടിയ കൂട്ടാണ് നീയെന്ന് ഞാനറിയുന്നു. അതുകൊണ്ട് ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല. നിനക്കെവിടെ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. നിന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നതിലും എനിക്ക് വിരോധമില്ല.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, സ്ത്രീകളെ വശഗതമാക്കുവാനുള്ള സാമർത്ഥ്യം ആഗ്നീധ്രന് നന്നേ വശമായിരുന്നു. അദ്ദേഹം തന്റെ മധുരവർത്തമാനത്തിൽ അവളെ പതുക്കെപതുക്കെ തന്നിലേക്കടുപ്പിച്ചു. യുവത്വവും സൌന്ദര്യവും ജ്ഞാനവും സർവ്വൈശ്വര്യങ്ങളും സ്വന്തമായുള്ള ആഗ്നീധ്രമഹാരാജാവിനോടൊപ്പം പൂർവ്വചിത്തി ആയിരക്കണക്കിന് വർഷങ്ങൾ ഭൌതികവും സ്വർഗ്ഗീയവുമായ സകല ഐശ്വര്യങ്ങളുമനുഭവിച്ചുകൊണ്ട് ജീവിച്ചു. വർഷങ്ങൾ പലത് കടന്നുപോയി. പൂർവ്വചിത്തിയിൽ ആഗ്നീധ്രന് ഒമ്പത് പുത്രന്മാർ ജനിച്ചു. നാഭി, കിമ്പുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ, ഹിരണ്മയൻ, കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. കുട്ടികൾ വളർന്നതിനുശേഷം പൂർവ്വചിത്തി വീണ്ടും സ്വർഗ്ഗലോകത്തിലെത്തി ബ്രഹ്മദേവന്റെ ആരാധനയിൽ മുഴുകി. മാതാവിന്റെ ലാളനയിലും പരിപാലത്തിലും ആഗ്നീധ്രപുത്രന്മാർ കരുത്തുറ്റവരായിമാറി. ആഗ്നീധ്രൻ തന്റെ പുത്രന്മാർക്ക് ജംബുദ്വീപിലെ ഒമ്പത് രാജ്യങ്ങൾ നൽകി അവയുടെ ഭരണമേൽ‌പ്പിച്ചു. ആ രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ പുത്രന്മാരുടെ നാമങ്ങൾ ചേർത്തുള്ള പേരുകൾ വിളിച്ചു. പിതാവിൽനിന്നും ലഭിച്ച രാജ്യത്തെ അവർ ഓരോരുത്തതും വളരെ ശ്രേഷ്ഠമായിത്തന്നെ പരിപാലിച്ചു.

ഹേ പരീക്ഷിത്ത് രാജൻ!, പൂർവ്വചിത്തി സ്വർഗ്ഗത്തിലേക്ക് മടങ്ങിയതിനുശേഷവും അവളോടൊത്തുള്ള ജീവിതവും സ്വപ്നംകണ്ട്, അതൃപ്തിയോടെ, കാമാതുരനായി, ആഗ്നീധ്രൻ തന്റെ ജീവിതം വൃഥാവിലാക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അവളെ ഓർത്തുകൊണ്ട് ശരീരം വെടിഞ്ഞ അദ്ദേഹം, തന്റെ അടുത്ത ജന്മം അവളുടെ ലോകത്തിൽത്തന്നെ പിറക്കാനിടയായി. പിതൃലോകമെന്ന അവിടെയായിരുന്നു പൂർവ്വികർ സകല സൌഭഗ്യങ്ങളുമൊത്ത് ജീവിച്ചിരുന്നതു. ആഗ്നീധ്രന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു. മേരുദേവി,  പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, നാരി, ഭ്രദ്ര, ദേവവീതി എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.



< Previous       Next >





The activitis of King Aagneedhra.

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...