05 - അദ്ധ്യായം - 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
05 - അദ്ധ്യായം - 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, മാർച്ച് 17, ഞായറാഴ്‌ച

5.03 ഋഷഭാവതാരം

ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 3
(ഋഷഭാവതാരം)



ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് ഭഗവദവതാരമായ ഋഷഭദേവന്റെ കഥയാണു. ആഗ്നീധ്രമഹാരാജാവിന്റെ ആദ്യപുത്രൻ നാഭിയും അദ്ദേഹത്തിന്റെ പ്രിയപത്നി മേരുദേവിയും ചേർന്ന് യജ്ഞങ്ങൾ ചെയ്തുകൊണ്ട് പുത്രലാഭാർത്ഥം ഹരിയെ ഭജിച്ചു. അവരിൽ സമ്പ്രീതനായി ഭക്തവത്സലനായ നാരായണൻ ചതുർഭുജധാരിയായി തന്റെ ദിവ്യവും നയനമനോഹരവുമായ വേഷത്തിൽ ആ ദമ്പദികൾക്ക് മുന്നിൽ പ്രത്യക്ഷനായി. മഞ്ഞപ്പട്ടുടുത്ത്, ശംഖചക്രഗദാപത്മങ്ങൾ നാല് തൃക്കൈകളിൽ ചേർത്ത്, ദിവ്യാഭരണങ്ങളണിഞ്ഞ്, വനമാലയും ചാർത്തി, മന്ദസ്മിതസുന്ദരവദനനായി അവർക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷനായപ്പോൾ, നാഭിയും അദ്ദേഹത്തിന്റെ പത്നി മേരുദേവിയും പണ്ഡിതന്മാരും സദസ്സിലുണ്ടായിരുന്ന മറ്റ് സർവ്വരും എഴുന്നേറ്റുനിന്ന് ശിരസ്സ് കുമ്പിട്ട് ഭഗവാനെ നമസ്ക്കരിച്ചു.

പണ്ഡിതന്മാർ ഹരിയെ പ്രകീർത്തിച്ചു: ഭഗവാനേ!, അവിടുത്തെ ദാസന്മാരായ ഞങ്ങളാൽ ചെയ്യപ്പെട്ട ഈ പൂജയിൽ സമ്പ്രീതനായി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ!. ഞങ്ങൾ അവിടുത്തെ മഹിമകളെ അറിയുന്നില്ല. അതുകൊണ്ട്, ഗുരുക്കന്മാരുടെ കാരുണ്യംകൊണ്ട് അവർ പഠിപ്പിച്ചുതന്ന മന്ത്രങ്ങളിലൂടെ കീർത്തിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയുന്നുള്ളൂ. ലൌകികന്മാർ പരമാത്മാവായ അങ്ങയെക്കുറിച്ച് എന്തറിയാൻ!. അങ്ങയുടെ നാമരൂപാദികൾ മനസ്സിനും ബുദ്ധിക്കും അഗോചരമാണു. ലൌകികരായ ഞങ്ങൾക്ക് ലൌകികവിഷയങ്ങളുടെ നാമങ്ങളും രൂപങ്ങളും മാത്രമേ അറിയാൻ സാധിക്കുന്നുള്ളൂ. അതിലുപരി അങ്ങയെ മനസ്സിലാക്കുവാനോ, പ്രകീർത്തിക്കുവാനോ ഞങ്ങൾക്ക് സാധിക്കുന്നില്ല. എന്നാലും അവിടുത്തെ മഹിമകളുടെ ശ്രവണകീർത്തനാദികളിലൂടെ ഒരുവന്റെ സംസാരദുഃഖം എന്നെന്നേയ്ക്കുമായി അകന്നൊഴിയുന്നു. സ്വയം പൂർണ്ണനും സർവ്വവുമായ അങ്ങ് അവിടുത്തെ ഭക്തന്മാരർപ്പിക്കുന്ന ഒരുതുള്ളിൽ ജലത്തിലോ ഒരിതൾ പൂവിലോ ഒരു നുള്ളരിയിലോ സദാ സംതൃപ്തനാകുന്നു. ലോകം അങ്ങയെ പലേ ദ്രവ്യങ്ങൾകൊണ്ട് പൂജിക്കുന്നു. എന്നാൽ ഞങ്ങൾക്കറിയാം അതുകൊണ്ടൊന്നും അങ്ങയെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്നു. അങ്ങ് ഈ പ്രപഞ്ചത്തിലെ സകല ഐശ്വര്യങ്ങൾക്കും ആധാരവും കാരണവുമാണു. സർവ്വതും അങ്ങയുടേതാണെന്നിരിക്കെ ഞങ്ങൾ അങ്ങേയ്ക്കെന്ത് നല്കാൻ!. എങ്കിലും, ഇതെല്ലാം ഞങ്ങൾ അവിടുത്തെ അനുഗ്രഹത്തിനും ഞങ്ങളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ ചരണാരവിന്ദത്തിലർപ്പിച്ചിരിക്കുകയാണു. ഹേ ദേവാദിദേവാ!, ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാത്ത ഞങ്ങൾ ധർമ്മാർത്ഥകാമമോക്ഷങ്ങളെ അറിയുന്നില്ല. എന്നാലും, കാരുണ്യവാനായ അങ്ങ് അവിടുത്തെ ദർശനമരുളി ഞങ്ങളെ ഇന്നനുഗ്രഹിച്ചിരിക്കുകയാണു. അങ്ങയെ ആരാധിക്കുന്നതിലുണ്ടായ സകല പിഴകളും പൊറുത്തരുളി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കുവാനായി വന്നിരിക്കുന്നു. ഹേ ആരാധ്യനായ ദേവാ!, അങ്ങയുടെ ദർശനംകൊണ്ടുതന്നെ ഞങ്ങൾക്ക് വേണ്ടതൊക്കെ ലഭ്യമായിക്കഴിഞ്ഞു. പണ്ഡിതന്മാരും മഹാജ്ഞാനികളും അങ്ങയുടെ ഗുണഗാനങ്ങൾ ചെയ്തുകൊണ്ട് സദാ ആ പാദപത്മങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അവർ തങ്ങളുടെ സകല കളങ്കങ്ങളും ജ്ഞാനാഗ്നിയിൽ എരിച്ചടക്കി അങ്ങയുടെ പ്രീതി സമ്പാദിച്ച് അതിൽ സദാ ആനന്ദമത്തരായിക്കഴിയുന്നു. എന്നാൽ, അവർക്കുപോലും അവിടുത്തെ ഈ ദിവ്യദർശനത്തെ കിട്ടുന്നത് വളരെ അപൂർവ്വമായിട്ടാണു. ഹേ നാരായണാ!, ഞങ്ങൾ ലൌകികരും അജ്ഞാനികളുമായതിനാൽ, ഈ ശരീരം ജരാമരണങ്ങൾക്ക് വിധേയമാകുമ്പോൾ, അവിടുത്തെ നാമരൂപമഹിമകളെ സ്മരിക്കുവാൻ ഞങ്ങൾക്കായെന്നു വരില്ല. ആ സമയം, ഹേ ഭഗവാനേ!, അവിടുത്തെ പരമകൃപയാൽ അങ്ങയെ സ്മരിക്കുവാൻ ഞങ്ങൾക്ക് കഴിയുമാറാകണം.

ഹേ നാരായണാ!, ഇന്ന് ഞങ്ങൾ അങ്ങയെ ഈ യജ്ഞങ്ങൾകൊണ്ട് പ്രസാദിപ്പിച്ചത് നാഭിരാജാവിനുവേണ്ടിയാണു. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പരമമായ ലക്ഷ്യം അങ്ങയെപ്പോലൊരു പുത്രനെ നേടുകയെന്നതാണു. ഇന്നിദ്ദേഹം, നിർദ്ധനനായ ഒരുവൻ ധനികനായ തന്റെ യജമാനന്റെ മുന്നിൽ അല്പം അന്നത്തിനായി ഇരക്കുന്നതുപോലെ, സർവ്വവരപ്രദായകനായ അങ്ങയോടിതാ അങ്ങേയ്ക്കുതുല്യം മഹാനായ ഒരു പുത്രനെ ചോദിക്കുന്നു. സത്തുക്കളോട് സംഗം ചേരാത്തവൻ സദാ അവിടുത്തെ മായയിൽ മോഹിച്ചുകൊണ്ടേയിരിക്കുന്നു. ഈ ലോകത്തിൽ ആർക്കാണ് വിഷസമമായ അവളെ ജയിക്കാൻ സാധിച്ചിട്ടുള്ളതു? അവൾ ഈ ലോകത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്നുള്ളതുപോലും ലോകം അറിയുന്നില്ല. സർവ്വശക്തനും ലോകപാലകനുമായ അങ്ങയെ, ഒരു പുത്രനെ നേടുകയെന്നുള്ള ലൌകികസ്വാർത്ഥത്തിനായി ഈ തുച്ഛമായ യജ്ഞശാലയിലേക്ക് ഞങ്ങൾ വിളിച്ചുവരുത്തിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യത്തെയറിയാത്ത ഞങ്ങൾ ചെയ്ത ഈ മഹാപരാധത്തെ കാരുണ്യവാനായ അവിടുന്ന് ക്ഷമിച്ചരുളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തേ!, പണ്ഡിതമാരുടെ പ്രാർത്ഥനയിൽ അകമഴിഞ്ഞ നാരായണൻ അവരോടിങ്ങനെ പറഞ്ഞു: ഹേ ഋഷീശ്വരന്മാരേ!, ഞാൻ നിങ്ങളിൽ സമ്പ്രീതനായിരിക്കുന്നു. പക്ഷേ, നിങ്ങളുടെ ആവശ്യം അതിസങ്കീർണ്ണമായ ഒന്നാണു. കാരണം, സർവ്വവതിനും പരമകാരണവും ആധാരവുമായ എനിക്കുതുല്യം മറ്റൊരാളുണ്ടാകുകയെന്നത് അസംഭവ്യമാണു. എന്നാലും ബ്രാഹ്മണരായ നിങ്ങളുടെ നിശ്ചയവും വിശ്വാസവും ഒരിക്കലും തെറ്റാൻ പാടില്ല. നിങ്ങൾ എന്നിൽ ഭക്തിയുള്ളവരാണു. അതുകൊണ്ടുതന്നെ എന്റെ ഭക്തന്മാരുടെ ആഗ്രഹങ്ങളെ ഞാൻ സർവ്വദാ സാക്ഷാത്കരിക്കുന്നു. ഞാനും എന്റെ ഭക്തന്മാരും വേറല്ല. എനിക്ക് തുല്യം ഞാൻ മാത്രമായതുകൊണ്ട്, ഞാൻതന്നെ മേരുദേവിയുടെ ജഠരത്തിൽ നാഭിയുടെ മകനായി പിറക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: മേരുദേവി തന്റെ ഭർത്താവായ നാഭിയുടെ തൊട്ടടുത്തുതന്നെയിരുന്നുകൊണ്ട് ഭഗവദ്വാക്യങ്ങളെ കേൾക്കുന്നുണ്ടായിരുന്നു. അവരെ അനുഗ്രഹിച്ചതിനുശേഷം, ഭഗവാൻ സ്വധാമത്തിലേക്ക് മടങ്ങി. ഹേ വിഷ്ണുദത്താ!, അങ്ങനെ രണ്ടായിപ്പിരിയാൻ സാധ്യമല്ലാത്ത ത്രിഗുണാധീതനായ പരമാത്മാവ്, ഋഷഭനെന്ന നാമത്തോടുകൂടി, മേരുദേവിയുടെ ഗർഭത്തിൽ നാഭിയുടെ പുത്രനായി അവതരിച്ചു.

ഹരേ! രാമ! ഹരേ! രാമ!
രാമ! രാമ! ഹരേ! ഹരേ!
ഹരേ! കൃഷ്ണ! ഹരേ! കൃഷ്ണ!

കൃഷ്ണ! കൃഷ്ണ! ഹരേ! ഹരേ!


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.


< Previous           Next >







Lord Vishnu appears before King Nabhi and Merudevi