2018 ഏപ്രിൽ 21, ശനിയാഴ്‌ച

4.1 മനുവംശാവലി

ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4.1
(മനുവംശാവലി)

nara narayana എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: സ്വായംഭുവമനു-ശതരൂപാദമ്പതിമാർക്ക് ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ മൂന്നു പുത്രിമാരുണ്ടായി. മനുവിന് സ്വന്തമായി പുത്രന്മാരുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ആകൂതിയെ പ്രജാപതി രുചിക്കു കൊടുക്കുകയും, അവളിലുണ്ടാകുന്ന പുത്രനെ തന്റെ മകനായി തന്നെ തിരിച്ചേൽ‌പ്പിക്കണമെന്നും തന്റെ പത്നി ശതരൂപയുമായി ആലോചിച്ച് പ്രജാപതി രുചിയുമായി വ്യവസ്ഥയുണ്ടാക്കി. ബ്രഹ്മവർച്ചസ്വിയായ പ്രജാപതി രുചിക്ക് ആകൂതിയിൽ ഒരു പുത്രനും, ഒരു പുത്രിയുമുണ്ടായി. പുത്രനായി ജനിച്ചത് ഭഗവദവതാരമായ യജ്ഞനും, പുത്രിയായി പിറന്നത് ലക്ഷ്മീഭഗവതിയുമായിരുന്നു. അത്യന്തം സന്തോഷത്തോടുകൂടി മനു യജ്ഞനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും, പ്രജാപതി രുചി മകളായ ദക്ഷിണയെ തന്നോടൊപ്പം വളർത്തുകയും ചെയ്തു. ലക്ഷ്മീദേവിയുടെ അവതാരമായ ദക്ഷിണ പിന്നീട് യജ്ഞനെ വിവാഹം കഴിക്കുകയും, അവരിൽ പന്ത്രണ്ട് പുത്രന്മാർ ജനിക്കുകയും, അവർക്ക് യഥാക്രമം തോഷൻ, പ്രതോഷൻ, സന്തോഷൻ, ഭദ്രൻ, ശാന്തി, ഇഢസ്പതി, ഇധ്മൻ, കവി, വിഭു, സ്വഹ്നൻ, സുദേവൻ, രോചനൻ ഇന്നിങ്ങനെ നാമവും വിളിച്ചു. സ്വായംഭുവമന്വന്തരത്തിൽ ഇവർ തുഷിതർ എന്ന ദേവഗണങ്ങളായിമാറി. അതോടൊപ്പം മരീചി സപ്തർഷികൾക്കു് ഗുരുവായും, യജ്ഞൻ ദേവേന്ദ്രനായും സ്ഥാനമേറ്റു. മനുപുത്രന്മാരായ പ്രിയവ്രതനും ഉത്താനപാദനും അക്കാലത്ത് അതിശക്തരായ രാജാക്കന്മാരായി. അവരുടെ പുത്രപൌത്രാദികൾ മൂന്നുലോകങ്ങളിലും വ്യാപിക്കപ്പെട്ടു.

പുത്രാ!, സ്വായംഭുവമനു തന്റെ പ്രീയപുത്രി ദേവഹൂതിയെ കർദ്ദമപ്രജാപതിക്ക് മാംഗല്യം ചെയ്തുകൊടുത്തതും തുടർന്നുണ്ടായ അവരുടെ ചരിത്രവും ഞാൻ നിന്നോടു വിസ്തരിച്ചു പറയുകയും, നീ അത് പൂർണ്ണമായി ഗ്രഹിക്കുകയും ചെയ്തതാണ്. മനു തന്റെ മകൾ പ്രസൂതിയെ നൽകിയത് ദക്ഷപ്രജാപതിക്കായിരുന്നു. അവരിലൂടെ ആ വംശം മൂന്നുലോകങ്ങളിലും നിറഞ്ഞു. വിദുരരേ!, കർദ്ദമമുനിയുടെ ഒൻപത് പുത്രിമാരെക്കുറിച്ചു ഞാൻ മുന്നമേ നിന്നോട് പറഞ്ഞുകഴിഞ്ഞതാണ്. ഇനി ഒൻപത് മുനിമാരിലൂടെ അവരോരോരുത്തരുടേയും വംശപരമ്പരയെക്കുറിച്ച് പറയാം, കേട്ടുകൊള്ളുക. കർദ്ദമമുനിയുടെ മകൾ കലയെ മരീചിമുനിക്കു നൽകുകയുയും, അവർക്ക് കശ്യപൻ, പൂർണ്ണിമൻ എന്ന രണ്ടു പുത്രന്മാർ ജനിക്കുകയും, അവരുടെ വംശം ത്രിലോകളിലും നിറയുകയും ചെയ്തു. പൂർണ്ണിമന് വിരജ, വിശ്വഗ, ദേവകുല്യ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായി. അവരിൽ ദേവകുല്യ ഭഗവദ്പാദങ്ങളെ തഴുകി ഗംഗയിൽ ലയിക്കുന്ന സരിത്തായി മാറിയിരുന്നു. അനസൂയയിൽ അത്രിമുനിക്ക് സോമൻ, ദത്താത്രേയൻ, ദുർവ്വാസാവു് എന്നിങ്ങനെ പ്രസിദ്ധരായ മൂന്നു പുത്രന്മാർ ജനിച്ചു. അതിൽ സോമൻ ബ്രഹ്മദേവന്റേയും, ദത്താത്രേയൻ വിഷ്ണുവിന്റേയും, ദുർവ്വാസാവു് ശിവന്റേയും അംശാവതാരങ്ങളായിരുന്നു.

ഇതുകേട്ട് വിദുരർ ചോദിച്ചു: ഗുരോ!, എങ്ങനെയാണ് സൃഷ്ടിസ്ഥിതിസംഹാരകർത്താക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അത്രിമുനിക്ക് മക്കളായി ജനിച്ചതു?.

മൈത്രേയൻ പറഞ്ഞു: അല്ലയോ വിദുരരേ!, അന്ന് വിധാതാവു് അത്രിമുനിയോട് സൃഷ്ടി തുടങ്ങുവാൻ ആവശ്യപെട്ട സമയം, മുനി ഭാര്യാസമേതം ഋക്ഷപർവ്വതസാനുവിൽ തപസ്സിനായി യാത്രയായി. അവിടെയായിരുന്നു നിർവിന്ധ്യാനദി ഒഴുകിയിരുന്നത്. താമസിയാതെ അവർ അശോകം പലാശം തുടങ്ങിയ പൂമരങ്ങളാലും നിർവിന്ധ്യയിലെ വെള്ളച്ചാട്ടത്തിന്റെ മധുരശബ്ദങ്ങളാലും മനോഹാരിതമായ ആ പ്രദേശത്തെത്തി.  അത്രിമുനി അവിടെ വായുമാത്രം ഭക്ഷണമാക്കി, പ്രാണായാമം ചെയ്ത്, നിർദ്വന്ദനായി മനസ്സിനെയടക്കി ഒരക്കാലിൽ ഒരു നൂറ് വർഷം തപസ്സനുഷ്ഠിച്ചു. ശരണാഗതനായ തനിക്ക് ഭഗവദ്സമനായ ഒരു പുത്രനെ നൽകണമെന്ന് ജഗദീശ്വരനോട് മനസ്സാ പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരുദിനം പ്രാണായാമശക്തിയിൽനിന്നും ഉരുത്തിരിഞ്ഞ് ആ തീവ്രതാപസ്സന്റെ മൂർദ്ധാവിൽനിന്നും ഒരഗ്നി ജ്വലിച്ചുയരുകയും അത് ത്രിമൂർത്തികൾ കാണുകയും ചെയ്തു. ആ സമയം, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അപ്സരസ്സുകൾക്കും, ഗന്ധർവ്വന്മാർക്കും, സിദ്ധന്മാർക്കും, വിദ്യാധരന്മാർക്കും, ഉരഗങ്ങൾക്കുമൊപ്പം യശ്ശസ്സ്വിയായ അത്രിമുനിയുടെ ആശ്രമത്തിലെത്തി. ഏകപാദേന തപസ്സു ചെയ്തുകൊണ്ടിരുന്ന അത്രിമുനിക്ക് ത്രിമൂർത്തികളെ കണ്ടതും അതിരറ്റ സന്തോഷമുണ്ടായി. മൂവരേയും ഒരുമിച്ചുകണ്ട ആനന്ദത്തിൽ അദ്ദേഹം ഒറ്റക്കാലിൽ വളരെ ബുദ്ധിമുട്ടിയിട്ടെങ്കിലും അവരുടെയരികിലേക്കെത്തി. വ്യത്യസ്ഥ വാഹനങ്ങളിൽ ആസനസ്ഥരായി വ്യത്യസ്ഥ ആയുധമേന്തിയവരായ ത്രിമൂർത്തികളെ നമിച്ചുകൊണ്ട് അദ്ദേഹം ദണ്ഢനമസ്ക്കാരം ചെയ്തു. തന്നിൽ കാരുണ്യവാന്മാരായ ആ ദേവന്മാരെ കണ്ട് അത്രിമുനി സന്തോഷിച്ചു. ത്രിമൂർത്തികളുടെ ശരീരങ്ങളിൽനിന്നുതിർന്ന പ്രകാശാതിരേകത്താൽ തൽക്കാലത്തേക്ക് അത്രിമുനി തന്റെ കണ്ണുകൾ അടച്ചു. എങ്കിലും തന്റെ ഹൃദയം ആ ദേവന്മാരുടെ കാരുണ്യത്താൽ നിറയപ്പെട്ടതുകൊണ്ട് മുനിക്ക് തന്റെ ബോധത്തെ വീണ്ടെടുക്കാൻ കഴിഞ്ഞു. അദ്ദേഹം അവരോടു പ്രാർത്ഥിച്ചു.

ഹേ! ബ്രഹ്മദേവാ!, ഹേ! വിഷ്ണോ!, ഹേ! മഹേശ്വരാ! പ്രകൃതിയുടെ മൂന്നു ഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ട് നിങ്ങൾ മൂന്നായി പിരിഞ്ഞ് ഈ ലോകത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും, സം‌ഹരിക്കുകയും ചെയ്യുന്നു. ഹേ! ദേവന്മാരേ! നിങ്ങൾക്കു നമസ്ക്കാരം. നിങ്ങളിൽ ആരെയാണ് ഞാൻ എന്റെ പ്രാർത്ഥനയിൽ വിളിച്ചത്? തത്സമനായ ഒരു പുത്രനെ കൊതിച്ചുകൊണ്ട് ഞാൻ ആ പരമപുരുഷനോടാണ് പ്രാർത്ഥിച്ചത്. ഞാൻ അവനെ മാത്രമാണ് ചിന്തിച്ചതും. പക്ഷേ അവൻ മനുഷ്യന്റെ ചിന്തയ്ക്കതീതനാണെങ്കിലും നിങ്ങൾ മൂവരും ഇവിടെയെത്തി. അല്ലയോ ദേവന്മാരേ! ഇത് ഈയുള്ളവനെ അത്യന്തം ഭ്രമിപ്പിച്ചിരിക്കുന്നു. നിങ്ങൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്നു അരുളിച്ചെയ്താലും.

മൈത്രേയൻ പറഞ്ഞു: വിദുരരേ! മഹാമുനി അത്രി ഇപ്രകാരം ചോദിച്ചതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് ത്രിമൂർത്തികൾ ഇങ്ങനെ പറഞ്ഞു
പ്രിയ ബ്രാഹ്മണാ!, നിന്റെ തീരുമാനം അത്യുചിതമാണ്. ആയതിനാൽ നിന്റെ ആഗ്രഹവും സഫലമാകുന്നതാണ്. അല്ലാത്തപക്ഷം അത് ഒരിക്കലും സം‌ഭവിക്കുന്നതല്ല. ഞങ്ങൾ മൂവരും നീ ധ്യാനിക്കുന്ന ആ പരമപുരുഷന്റെ അം‌ശങ്ങൾ തന്നെ. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇവിടെ വന്നതും. നിനക്ക് ഞങ്ങളുടെ ശക്തിവൈഭത്തോടുകൂടിയ പുത്രന്മാരുണ്ടാകും. മാത്രമല്ല, ഞങ്ങൾ നിന്റെ നന്മയെ ആഗ്രഹിക്കുന്നതുമൂലം അവരാൽ നിന്റെ കീർത്തി ലോകം മുഴുവനും വ്യാപിക്കുകയും ചെയ്യും.
വിദുരരേ! അത്രിമുനിയും പത്നിയും നോക്കി നിൽ‌ക്കെ അവരെ അനുഗ്രഹിച്ചുകൊണ്ട് ത്രിമൂർത്തികൾ അവിടെനിന്നും അപ്രത്യക്ഷരായി. അങ്ങനെ ആ ദമ്പതിമാർക്ക് ബ്രഹ്മാംശമായി സോമനും, വൈഷ്ണവാം‌ശമായി ദത്താത്രേയനും, ശൈവാം‌ശമായി ദുർ‌വ്വാസാവും ജനിച്ചു. ഇനി അംഗിരസ്സിന്റെ പരമ്പരയെപറ്റി കേട്ടുകൊള്ളുക. അംഗിരസ്സിന്റെ ഭാര്യ ശ്രദ്ധ, സിനീവാലീ, കുഹൂ, രാകാ, അനുമതി എന്നിങ്ങനെ പേരോടുകൂടി നാലു പുത്രിമാരെ പ്രസവിച്ചു. ഇവരെക്കൂടാതെ അവർക്ക് ഉതത്യനെന്നും ബൃഹസ്പതി പണ്ഢിതനെന്നും പുകഴ്കൊണ്ട രണ്ടു പുത്രന്മാരും ജനിച്ചു.
പുലസ്ത്യന് തന്റെ പത്നിയായ ഹവിർ‌ഭൂവിൽ അഗസ്ത്യൻ എന്ന ഒരു മകൻ ജനിച്ചു. അഗസ്ത്യൻ പിന്നീടുണ്ടായ ജന്മത്തിൽ ദഹ്രാഗ്നി എന്ന് അറിയപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് സന്യാസിശ്രേഷ്ഠനായ വിശ്രവസ്സ് എന്ന ഒരു പുത്രനും കൂടി ജനിച്ചിരുന്നു. വിശ്രവസ്സിന് രണ്ട് പത്നിമാരുണ്ടായിരുന്നു. അവരിൽ ആദ്യ പത്നി ഇഢാവിഢായിൽ യക്ഷരാജനായ കുവേരനും, രാണ്ടാം ഭാര്യ കേശിനീയിൽ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുമുണ്ടായി.

പുലഹന് തന്റെ ഭ്യാര്യ ഗതിയിൽ മഹർഷിവര്യന്മാരായ കർമ്മശ്രേഷ്ഠൻ, വരീയാൻ, സഹിഷ്ണു എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. ക്രതുവിനും പത്നി ക്രിയയ്ക്കും കൂടി അറുപതിനായിരം പുത്രന്മാരുണ്ടായി. സന്യാസിമാരായ അവർ വാലഖില്യന്മാർ എന്നറിയപ്പെട്ടു. ആത്മജ്ഞാനത്തിൽ അത്യുന്നതന്മാരായ അവരുടെ ശരീരങ്ങൾ ആ ജ്ഞാനത്താൽ പ്രകാശിക്കപ്പെട്ടു. വസിഷ്ഠമഹർഷിക്കു് തന്റെ സഹധർമ്മിണി അരുന്ധതി എന്നറിയപ്പെട്ടിരുന്ന ഊർജ്ജയിൽ ചിത്രകേതു, സുരോചി, വിരജൻ, മിത്രൻ, ഉൽബണൻ, വസുഭൃദ്യാനൻ, ദ്യുമാൻ എന്നിങ്ങനെ അമലന്മാരായ ഏഴു സന്യാസിവര്യന്മാർ മക്കളായി ജനിച്ചു. മറ്റൊരു ഭാര്യയിൽ വസിഷ്ഠന് കേമന്മാരായ മറ്റ് കുറെ പുത്രന്മാരുമുണ്ടായി. അഥർവ്വനും പത്നി ചിത്തിക്കും കൂടി ദധ്യാഞ്ച എന്ന മഹാവൃതാനുഷ്ഠാനത്തിലൂടെ അശ്വശിരസ്സ് എന്ന ഒരു പുത്രനുണ്ടായി. ഇനി ഞാൻ മഹാമുനി ഭൃഗുവിന്റെ വംശപരമ്പരയെക്കുറിച്ചു പറയാം, കേട്ടാലും.

ഭൃഗുമുനി മഹാഭാഗ്യശാലിയായിരുന്നു. അദ്ദേഹത്തിന് പത്നി ഖ്യാതിയിൽ ധാതാ, വിധാതാ എന്നിങ്ങനെ രണ്ടു പുത്രന്മാരും, ശ്രീ എന്ന നാമത്തിൽ ഒരു പുത്രിയും ജനിച്ചു. ശ്രീ ഒരു തികഞ്ഞ ഹരിഭക്തയായിരുന്നു. മുനി മേരുവിന് ആയതി, നിയതി എന്ന രണ്ടു പുത്രിമാരുണ്ടായി. അവരെ അദ്ദേഹം ധാതവിനും, വിധാതാവിനും കൂടി ദാനമായി കൊടുത്തു. അതിലൂടെ അവർക്ക് യഥാക്രമം മൃകണ്ഢൻ, പ്രാണൻ എന്നിങ്ങനെ ഓരോ പുത്രന്മാൻ ജനിച്ചു. മൃകണ്ഢനിൽ നിന്നു മാർകണ്ഢേയനും, പ്രാണനിൽ നിന്നു ശുക്രാചാര്യരുടെ പിതാവായ മുനി വേദശിരസ്സും ജനിച്ചു. അങ്ങനെ ശുക്രാചാര്യരും ഭൃഗുവംശപരമ്പരയിൽ പെട്ടതാകുന്നു. വിദുരരേ!, ഇങ്ങനെ ഈ മഹർഷിപരമ്പരയിലൂടെയും, കർദ്ദമപുത്രിമാരിലൂടെയും ലോകത്തിൽ പ്രജാവർദ്ധനം നടന്നു. ഈ വംശവർണ്ണനാചരിത്രം ശ്രദ്ദയോടെ കേൾക്കുന്ന യാതൊരുവരും തങ്ങളുടെ പാപപാശങ്ങളിൽ നിന്നും മുക്തരാകുന്നു.

ഇനി ദക്ഷന്റെ പത്നിയായ മനുപുത്രി പ്രസൂതിയെക്കുറിച്ചാണ്. ദക്ഷന് പ്രസൂതിയിൽ നളിനാക്ഷികളായ പതിനാറ് പുത്രിമാർ ജനിച്ചു. അവരിൽ പതിമൂന്നു പേരെ ധർമ്മന് വിവാഹം കഴിച്ചുകൊടുത്തു. ഒരാളെ അഗ്നിക്കും. അവശേഷിക്കുന്നവരിൽ ഒരു മകളെ പിതൃലോകത്തിന് ദാനമായി നല്കി. അവൾ അവിടെ വളരെ സൌഖ്യമോടെ വസിക്കുന്നു. മറ്റൊരു പുത്രിയെ മഹാദേവനും മംഗല്യം കഴിച്ചു. അവൾ ഇന്നും ലോകത്തിൽ ഭവസാഗരത്തിൽ മുങ്ങിയോരെ കൈപിടിച്ചുയർത്തുന്നു. ധർമ്മനു നൽകിയ ദക്ഷപുത്രിമാരുടെ നാമങ്ങൾ ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധാ, തിതിക്ഷ, ഹ്രീ, മൂർത്തി എന്നിങ്ങനെയാണ്. ഇവരിൽ ശ്രദ്ധ ശുഭയ്ക്കും, മൈത്രി പ്രസാധയ്ക്കും, ദയ അഭയയ്ക്കും, ശാന്തി സുഖയ്ക്കും, തുഷ്ടി മുദയ്ക്കും, പുഷ്ടി സ്മയയ്ക്കും, ക്രിയ യോഗയ്ക്കും, ഉന്നതി ദർപ്പയ്ക്കും, ബുദ്ധി അർഥയ്ക്കും, മേധ സ്മൃതിയ്ക്കും, തിതിക്ഷ ക്ഷേമയ്ക്കും, ഹ്രീ പ്രശ്രയയ്ക്കും ജന്മം നൽകി. സർ‌വ്വസത്ഗുണനിധിയായ മൂർത്തിയിലൂടെ ഭഗവാൻ ഹരി, ശ്രീ നരനാരായണനായി അവതാരം ചെയ്തു. അവിടുത്തെ അവതാരത്തിൽ സകലലോകങ്ങളും ആനന്ദമത്തമായി. സർവ്വരുടേയും മനസ്സിൽ ശാന്തി ഉടലെടുത്തു. സകലയിടത്തും കാറ്റും, നദികളും, പർവ്വതങ്ങളും ആനന്ദത്തിലാറാടി. സ്വർഗ്ഗത്തിൽ വാദ്യവൃന്ദങ്ങൾ മുഴങ്ങി. ദേവന്മാർ ആകാശത്തിൽനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഋഷികൾ വേദമന്ത്രങ്ങളുരുവിട്ടു. അവിടെ ഗന്ധർവ്വന്മാരും കിന്നരന്മാരും ഗാനങ്ങളുതിർത്തു. അപ്സരസ്സുകൾ അതിനൊത്തു ചുവടുകൾ വച്ചു. ഇങ്ങനെ നരനാരായണന്മാരുടെ അവതാരവേളയിൽ എങ്ങും ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതോടെ ബ്രഹ്മാദി ദേവതകൾ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിച്ചു.

അവർ പറഞ്ഞു: ഏതൊരുവന്റെ ശക്തിയാലാണോ ഈ പ്രപഞ്ചമുടലെടുത്തിരിക്കുന്നത്, നമുക്കു ആ അദ്ധ്യാത്മരൂപനെ വാഴ്ത്താം. വായുവിൽ മേഘങ്ങളെന്നപോലെ ഈ സൃഷ്ടികളെല്ലാം അവനിൽത്തന്നെ വസിക്കുന്നു. അങ്ങനെയുള്ള പരമ്പുരുഷനിതാ ധർമ്മന്റെ ഗൃഹത്തിൽ നരനാരായണഋഷിയായി അവതാരം കൈക്കൊണ്ടിരിക്കുന്നു. വേദാന്തവേദ്യനും, ലോകത്തിലെ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുന്ന ശാന്തിയും സമൃദ്ധിയും സൃഷ്ടിച്ചവനുമായ ആ പരം‌പൊരുൾ ഈ ദേവന്മാർക്ക് അനുഗ്രഹം ചൊരിയട്ടെ!. അവന്റെ കാരുണ്യത്താൽ ശ്രീമഹാലക്ഷ്മിയുടെ വാസസ്ഥലമായ ആ അമലകമലം വീണ്ടും ധന്യമാകട്ടെ!.

മൈത്രേയൻ തുടർന്നു: വിദുരരേ! അങ്ങനെ ശ്രീ നരനാരായണനായി അവതരിച്ച ഭഗവാനെ ദേവന്മാർ വാഴ്ത്തിസ്തുതിച്ചു. ഭഗവാൻ അവരിൽ കരുണാകടാക്ഷം ചെയ്തു അവിടെനിന്നും ഗന്ധമാദനപർ‌വ്വതത്തിലേക്കു തിരിച്ചു. ആ നരനാരായണന്മാരത്രേ! ഇന്ന് യദുവംശത്തിലും കുരുവംശത്തിലുമായി യഥാക്രമം ശ്രീകൃഷ്ണാർജ്ജുനന്മാരായി ഭൂമിയിലെ ദുർജ്ജനഭാരം കുറയ്ക്കുവാൻ  വന്നിരിക്കുന്നത്.

അഗ്നിദേവന് തന്റെ പത്നി സ്വാഹയിൽ പാവകൻ, പവമാനൻ, ശുചി എന്നീ മൂന്നു കുട്ടികളുണ്ടായി. അവർ അഗ്നിയജ്ഞഭോക്തക്കളായി നിലകൊള്ളുന്നു. ഇവരിൽനിന്നും പിന്നീട് നാല്പത്തിയഞ്ചു പ്രജകൾ ജന്മം കൊണ്ടു. അവരുംചേർന്ന് പിതാപുത്രപൌത്രരടക്കം ആകെ നാൽ‌പ്പത്തിയൊൻപത് അഗ്നിദേവതകളാണുള്ളതു. അവരാണ് ബ്രാഹ്മണശ്രേഷ്ഠന്മാരൽ വേദയജ്ഞങ്ങളിൽ ഹുതങ്ങളായ യജ്ഞവിഹിതങ്ങളെ സ്വീകരിക്കുന്നതു. അഗ്നിസ്വാത്തർ, ബർഹിശാദർ, സൌ‌മ്യർ, ആജ്യപർ എന്നിവരാണ് പിതാക്കന്മാർ. അവർ സ്വാഗ്നികരോ നിരഗ്നികരോ ആകാം. ഇവരുടെ പത്നി ദക്ഷപുത്രിയായ സ്വധയാണ്. മുൻപറഞ്ഞ പിതാക്കൾക്കു നൽകപ്പെട്ട സ്വധയിൽ വയുനാ, ധാരിണി എന്നിങ്ങനെ രണ്ടു പുത്രിമാരുണ്ടായി. ഇരുവരും ബ്രഹ്മവാദികളും ജ്ഞാനവിജ്ഞാനപരായണരുമായിരുന്നു. ദക്ഷന്റെ പതിനാറാം പുത്രി മഹാദേവന്റെ പ്രിയപത്നിയായ സതിയായിരുന്നു. സതി തന്റെ ഭർത്താവിന്റെ പൂർണ്ണശുശ്രൂഷയിൽ മുഴുകിയിരുന്നുവെങ്കിലും അവൾക്ക് മക്കളുണ്ടായിരുന്നില്ല. കാരണം ദക്ഷൻ മഹാദേവനോടു നിരന്തരം കടുത്ത അനാദരവു കാട്ടിയിരുന്നു. മാത്രമല്ല, അതിനേചൊല്ലി ചെറുപ്രായത്തിൽത്തന്നെ അവൾ യോഗശക്തികൊണ്ട് തന്റെ ശരീരം ഉപേക്ഷിച്ചിരുന്നു.
ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<< >>>>>





srimad bhagavatham 4-chapter-1, manuvansavali

2017 ഒക്‌ടോബർ 30, തിങ്കളാഴ്‌ച

3.33 കപിലമഹാമുനി (ഭഗവതവതാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - ദ്ധ്യായം 33

(കപിലമഹാമുനി - ഭഗവതവതാരം)

kapilopadesham എന്നതിനുള്ള ചിത്രം
മൈത്രേയൻ പറഞ്ഞു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ധർമ്മപത്നി ദേവഹൂതി തന്റെ പുത്രനും ഭഗവതവതാരവുമായ കപിലഭഗവാന്റെ തിരുവായ്മൊഴിയായി സാംഖ്യശാസ്ത്രം കേട്ടറിഞ്ഞു. അനന്തരം, ഭക്തിജ്ഞാനവൈരാഗ്യാദികളെക്കുറിച്ച് അവൾക്കുണ്ടായിരുന്ന അജ്ഞാനം നീങ്ങി ചിത്തം നിർമ്മലമായി. കപിലദേവനെ കൈകൂപ്പിസ്തുതിച്ചുകൊണ്ട് അവൾ ഇങ്ങനെ പ്രാർത്ഥിച്ചു."

"ഭഗവാനേ!, ത്രിഗുണങ്ങളുടെ പ്രവാഹവും, ഭൂതേന്ദ്രിയാർത്ഥമയമായ പ്രപഞ്ചസർവ്വത്തിന്റെ ഉറവിടവുമായ, അന്തഃസ്സലിലത്തിൽ ശയിക്കുന്ന ഗർഭോദകശായിയായ അവിടുത്തെ ജഠരപങ്കജത്തിൽനിന്നും പിറന്ന അജനായ ബ്രഹ്മദേവൻപോലും അങ്ങയുടെ ദർശനത്തിനും തന്റെ ഉത്ഭവസ്ഥാനത്തെയറിയുവാൻവേണ്ടിയും തപംചെയ്ത് അങ്ങയെ ധ്യാനിക്കുകയുണ്ടായി. ഭഗവാനേ!, നിഷ്കർമ്മിയായിരുന്നുകൊണ്ട് സൃഷ്ടിസ്ഥിതിസംഹാരാർത്ഥം  ത്രിഗുണങ്ങളെ വികാരമയമാക്കാൻ അങ്ങയുടെ അനന്തവീര്യാംശം അവിടുന്ന് വിനിയോഗിച്ചു. അതിലൂടെ ഇക്കണ്ട പ്രപഞ്ചവുമുണ്ടായി. അവിടുന്ന് ഈ ലോകങ്ങൾക്കെല്ലാം സ്വാമിയാണ്. ഒന്നായിരുന്നുകൊണ്ട് വിഭക്തവീര്യങ്ങളെക്കൊണ്ട് അങ്ങീജഗത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. എന്നാൽ സർവ്വവും അടിയങ്ങളുടെ ബുദ്ധിക്കഗോചരങ്ങളുമാണ്. നാഥാ!, പ്രപഞ്ചസർവ്വം അവിടുത്തെ മഹായോനിയിൽനിന്നുത്ഭവിച്ചിരിക്കെ, അങ്ങെങ്ങനെ ഈയുള്ളവളുടെ ഉദരത്തിൽവന്നുപിറന്നു?. എങ്ങനെ സാധ്യമാകാതിരിക്കും?. അവിടുന്നുതന്നെയല്ലേ കല്പാന്തത്തിൽ പ്രളയജലത്തിനുമേൽ വടപത്രത്തിൽ സ്വന്തം പദാരവിന്ദം സ്വമുഖാരവിന്ദത്തിൽ വിനിവേശിപ്പിച്ചുകൊണ്ടുകിടന്നരുളിയത്!. പ്രഭോ!, അങ്ങിവിടെ അവതരിച്ചിരിക്കുന്നത് ഞങ്ങൾ അജ്ഞാനികളുടെ പാപം നശിപ്പിക്കുവാനും പകരം ഹൃദയത്തിൽ അവിടുത്തെ ഭക്തിനിറയ്ക്കുവാനുമാണ്. അങ്ങ് മുമ്പും ഇതിനായി സൂകരമാദിയായുള്ള പലേ അവതാരങ്ങളെടുത്ത് അജ്ഞർക്ക് ബ്രഹ്മപദം കാട്ടിക്കൊടുത്തിട്ടുണ്ട്. ഇന്നിതാ വീണ്ടും ഈയുള്ളവളുടെ പുത്രനായിപ്പിറന്നുകൊണ്ട് അങ്ങയിൽ ആശ്രിത്യമായ ലോകത്തിന് മുക്തിമാർഗ്ഗമരുളിയിരിക്കുന്നു. അവിടുത്തെ തിരുനാമുമുച്ചരിക്കുന്ന മാത്രയിൽത്തന്നെ, അവിടുത്തെ ലീലകളെ കേൾക്കുന്ന നിമിഷത്തിൽത്തന്നെ, അങ്ങയെ ഭക്ത്യാ നമസ്ക്കരിക്കുന്നവേളയിൽത്തന്നെ, അന്ത്യജനെങ്കിൽകൂടി അവൻ യജ്ഞാചരണത്തിന്ന് പാത്രമാകുന്നു. അങ്ങനെയിരിക്കെ, അങ്ങയെ മുഖാമുഖംകാണുന്നവന്റെ മഹാഭാഗ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്!. ഭഗവാനേ!, അവിടുത്തെ തിരുനാമം കീർത്തിക്കുന്ന നാവുള്ളവന്റെ മാഹാത്മ്യത്തെ എവ്വിധം വർണ്ണിക്കാനാണ്!. ചണ്ഡാലകുലത്തിൽ പിറന്നവനാണെങ്കിൽകൂടി അവർ പൂർജാർഹനത്രേ!. ഈ ജന്മം അങ്ങയെ കീർത്തിക്കുന്നവൻ പൊയ്പ്പോയ ജന്മങ്ങളിൽ എന്തെല്ലാം തപസ്സുകളും യജ്ഞങ്ങളുമനുഷ്ഠിച്ചിട്ടുണ്ടാവണം!. അങ്ങനെയുള്ളവർ ഒരു തികഞ്ഞ ആര്യന്റെ സകലഗുണഗണങ്ങളും നേടിയിട്ടുണ്ടാവണം!. അവർ എത്രയോ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ചിട്ടുണ്ടാവണം!. എത്രയോ തീർത്ഥാടനങ്ങൾ ചെയ്തിട്ടുണ്ടാവണം!. അവർ വേദാഭ്യാസികളായിരിക്കണം. ചുരുക്കത്തിൽ ഭഗവന്നാമോച്ചാരണത്തിനുവേണ്ട സകലയോഗ്യതകളും നേടിയവരാണ് അവർ. കപിലനാമധേയത്തിൽ മൽപുത്രനായിപ്പിറന്ന അങ്ങ് ഭഗവാൻ വിഷ്ണുതന്നെയാണെന്ന് ഞാനറിയുന്നു. തീർച്ചയായും അവിടുന്ന് ആ പരമാത്മാവുതന്നെയാണ്. ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ച് ഋഷികളും മുനിമാരും സദാ അങ്ങയെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. കാരണം, വേദഗർഭനായ അവിടുത്തെ കാരുണ്യം കൂടാതെ ആർക്കുംതന്നെ ത്രിഗുണങ്ങളുടെ പിടിയിൽനിന്നും മുക്തമാകാൻ സാധിക്കുകയില്ല."

മൈത്രേയൻ പറഞ്ഞു: "വിദുരരേ!, ഇങ്ങനെ, ഭക്തിവശ്യമായ വാക്കുകളിൽ ദേവഹൂതി കപിലഭഗവാനെ സ്തുതിക്കുകയും, സന്തുഷ്ടനായ ഭഗവാൻ മാതൃവാത്സല്യം തുളുമ്പുന്ന മധുരിമയിൽ അവളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞു. "അമ്മേ!, അവിടുത്തോട് നാമുപദേശിച്ച ഈ യോഗമാർഗ്ഗം അത്യന്തം ലളിതമാണ്. മറ്റുള്ള യോഗാഭ്യാസനങ്ങളേക്കാൾ സുകരം ഇത് പ്രാവർത്തികമാകുന്നു. വർത്തമാനശരീരത്തിലിരുന്നുകൊണ്ട് ഈ ജന്മത്തില്‍ത്തന്നെ ജീവൻ ഈ യോഗമാഗ്ഗത്താൽ അനായാസേന പരമഗതിയെ പ്രാപിക്കുന്നു. വേദവാദിജനങ്ങളും ഈ മാർഗ്ഗത്തെതന്നെ അവലംബിക്കുന്നു. അമ്മേ!, ഈ മാർഗ്ഗത്തെ സ്വീകരിക്കുന്നപക്ഷം, ഭയാനകമായ സംസാരത്തിൽനിന്നും മുക്തമായി സംശയമെന്യേ ഒരുവൻ എന്റെ ധാമം ചേരുന്നു. എന്നാൽ വിപരീതബുദ്ധികൾ ജനിമൃതികളിൽപ്പെട്ട് സാദാകാലവും ഉഴറിക്കൊണ്ടേയിരിക്കുന്നു."

ശ്രീമൈത്രേയൻ വീണ്ടും പറഞ്ഞു: "വിദുരരേ!, മാതാവായ ദേവഹൂതിക്കായി സാംഖ്യയോഗം പ്രദാനംചെയ്ത്, പുറപ്പെടാന്‍ അനുജ്ഞയും നേടി കപിലഭഗവാൻ ആശ്രമത്തിൽനിന്നും ഇറങ്ങിനടന്നു. മനോഹരപുഷ്പങ്ങളാലലങ്കരിക്കപ്പെട്ട കർദ്ദമമുനിയുടെ ആശ്രമത്തിൽ കപിലഭഗവാന്റെ ഉപദേശമനുസരിച്ച് ദേവഹൂതി ഭക്തിയോഗം അഭ്യസിച്ചുതുടങ്ങി. അവള്‍ സമാധി അഭ്യസിച്ചുതുടങ്ങിയ കര്‍ദ്ദമമുനിയുടെ ആശ്രമം മനോഹരവും വര്‍ണ്ണശബളവുമായ പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു. അത് സരസ്വതീനദിയുടെ പൂക്കിരീടമെന്നു പറയപ്പെട്ടു.  അവൾ ദിനവും മൂന്നുനേരം സ്നാനംചെയ്തു. കൂന്തലുകൾ നരച്ചുതുടങ്ങി. തീവ്രതപാനുഷ്ഠാനത്താൽ ശരീരം ക്ഷയിച്ചുതുടങ്ങി. കേവലം പഴകിയ കീറത്തുണികളുടുത്ത് അവൾ നാണം മറച്ചു.

പ്രജാപതിയായ കര്‍ദ്ദമന്റെ ഗൃഹവും അതിലെ ചമയങ്ങളും അദ്ദേഹം തന്റെ ബ്രഹ്മചര്യംകൊണ്ടും യോഗശക്തികൊണ്ടും സര്‍വ്വസമ്പന്നമാക്കിയിരുന്നു. അനുപമമായ അവയുടെ അത്ഭുതസൗന്ദര്യത്തിൽ വൈമാനികരായ സ്വര്‍ഗ്ഗവാസികള്‍പോലും അസൂയാലുക്കളായിരിരുന്നു. ശയ്യകളും മെത്തകളും പാല്‍പതപോലെ മൃദുലമായിരുന്നു. ആനകൊമ്പുകളാല്‍ നിര്‍മ്മിതമായ ആസനങ്ങളും പീഠങ്ങളും സ്വര്‍ണ്ണക്കസവുകള്‍ തുന്നിച്ചേര്‍ത്ത തുണികള്‍കൊണ്ടുപൊതിഞ്ഞിരുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ കട്ടിലുകള്‍ മൃദുലതയേറിയ മെത്തകളാലും തലയിണകളാലും അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാംതരം വെണ്ണക്കല്ലില്‍ തീര്‍ത്ത ചുമരുകളില്‍ അമൂല്യരത്നങ്ങള്‍ പതിപ്പിച്ചിരുന്നു. അവയുടെ ദിവ്യദ്യുതിയില്‍ പ്രകാശമാനമായ മുറിക്കുള്ളില്‍ മറ്റുവിളക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ സദാ നാനാതരസ്വണ്ണാഭരണവിഭൂഷിതരായിരുന്നു. മുഖ്യഗൃഹം മധുവും മണവുമുള്ള പൂന്തോട്ടങ്ങളെക്കൊണ്ടും, നവ്യമായ ഫലങ്ങള്‍ നല്‍കുന്ന ധാരാളം പടുകൂറ്റന്‍ വൃക്ഷങ്ങളെക്കൊണ്ടും ചുറ്റപെട്ടിരുന്നു. അവയില്‍ ആകര്‍ഷിതരായി പക്ഷികള്‍ സദാ അതില്‍ ചേക്കേറിക്കൊണ്ടിരുന്നു. ഈ പറവകളുടെ പാട്ടുകളും വണ്ടുകളുടെ മൂളലുംകൊണ്ടു ആ പ്രദേശമാകെ കൂടുതല്‍ കൂടുതല്‍ ഹൃദ്യമായിക്കൊണ്ടിരുന്നു. അന്ന്, ആ പൂന്തോട്ടത്തിലെ താമരക്കുളത്തില്‍ ദേവഹൂതി കുളിക്കാനിറങ്ങുമ്പോള്‍ ഗന്ധര്‍വ്വന്മാര്‍ കര്‍ദ്ദമന്റെ ഗാര്‍ഹസ്ഥ്യത്തെ പുകഴ്ത്തിപാടുമായിരുന്നു. അവളുടെ മഹാനായ പ്രാണനാഥന്‍ അവള്‍ക്ക് സകലവിധസംരക്ഷണവും സദാസമയവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

സ്വര്‍ലോകവാസികള്‍പോലും കാമിക്കുമയും അസൂയപ്പെടുകയും ചെയ്ത ആ അത്യത്ഭുതവും അതിമനോഹരവുമായ സുഖസൗകര്യങ്ങളെ മകന്‍ യാത്രയായതിനുശേഷം പവിത്രയായ ദേവഹൂതി ഉപേക്ഷിച്ചു. എന്നാല്‍, വിദുരരേ!, അവള്‍ മഹാനായ തന്റെ മകന്റെ വേര്‍പാടില്‍ അതീവദുഃഖിതയായിരുന്നു. ദേവഹൂതിയുടെ ഭര്‍ത്താവ് കര്‍ദ്ദമപ്രജാപതി നേരത്തേതന്നെ സന്യാസം സ്വീകരിച്ചുപുറപ്പെട്ടുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മകനും. അവള്‍ ജനനമരണത്തെക്കുറിച്ചറിഞ്ഞുകഴിഞ്ഞിരുന്നുവെങ്കിലും, മായയുടെ പിടിയില്‍നിന്നകന്ന് ഹൃദയശുദ്ധിവന്നവളായിരുന്നുവെങ്കിലും, കുട്ടിക്കിടാവിനെ നഷ്ടപെട്ട ഒരു തള്ളപ്പശുവിനെപോലെ തന്റെ പ്രിയപുത്രനെയോർത്തു ദുഃഖിതയായി. വിദുരരേ!, അങ്ങനെ ഭഗവദവതാരമായ തന്റെ മകന്‍ കപിലനെ സദാ ധ്യാനിച്ചുകൊണ്ട് ദേവഹൂതി വളരെ പെട്ടന്നുതന്നെ കര്‍ദ്ദമാശ്രമത്തിന്റെ ഭൗതികസമ്പന്നതയില്‍ നിസ്പൃഹയായിമാറി. തുടര്‍ന്ന്, മകനില്‍നിന്നും കേട്ടുപഠിച്ച അദ്ധ്യാത്മവിദ്യയുടെ നിസ്തുലപ്രകാശത്തില്‍ അവള്‍ ഭഗവാന്റെ വിഷ്ണുരൂത്തെ സദാ ധ്യാനിക്കുവാന്‍ തുടങ്ങി. ഭക്തിയുടെ പാരമ്യതയില്‍ അവള്‍ ഭഗവാനെ ഭജിച്ചു. സന്യാസിനിയായ ദേവഹൂതി തന്റെ ശരീരപാലനത്തിനുവേണ്ടതുമാത്രം സ്വീകരിച്ചു. പരമസത്യത്തെ തിരിച്ചറിഞ്ഞ അവള്‍ ആ ജ്ഞ്ഞാനത്തില്‍ സംസ്ഥിതയായി. ഹൃദയം ശുദ്ധമായി. ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറച്ചു. അങ്ങനെ ത്രിഗുണാസംബന്ധിയായ സകല ആശങ്കകളും അവളുടെ ഹൃദയത്തെ വിട്ടൊഴിഞ്ഞു. മനസ്സ് ഭഗവാനില്‍ ലയിച്ചു. അതില്‍ അവള്‍ നിര്‍ഗ്ഗുണസ്വരൂപനായ ഭഗവാനെ അറിഞ്ഞു. ആത്മസാക്ഷാത്കരം ലഭിച്ച ജീവനെപ്പോലെ ദേവഹൂതി ഭൗതികജീവിതത്തില്‍നിന്നും മുക്തയായി. സകലഭൗതികദുഃഖങ്ങള്‍ക്കും അറുതിവന്നു. അങ്ങനെ അവള്‍ക്ക് ആത്മാനന്ദം ലഭിച്ചു.

നിത്യസമാധിയിലായതോടെ ത്രിഗുണങ്ങളാലുണ്ടായ സകല ഭ്രമങ്ങളും തീർന്ന്, തന്റെ ഭൌതികശരീരത്തെ സ്വപ്നത്തിൽ കണ്ടതെന്നപോലെ അവൾ മറന്നു. ആ ശരീരത്തെ കർദ്ദമൻ സൃഷ്ടിച്ച സ്വർഗ്ഗകന്യകമാർ പോഷിപ്പിച്ചു. അത് പുഷ്ടിപ്പെട്ടു. ആ സമയം, സകല ആകുലതകളും മറന്ന അവളുടെ ശരീരം പുകയാൽ ചുറ്റപ്പെട്ട അഗ്നിയെപ്പോലെ കാണപ്പെട്ടു. ഭഗവദ്ച്ചിന്തയിൽ മുഴികി ദേഹബോധം നഷ്ടമായ അവൾക്ക് ചിലസമയങ്ങളിൽ തന്റെ കേശഭാരമഴിഞ്ഞുവീഴുന്നതോ, വസ്ത്രങ്ങൾ ഉഴിഞ്ഞുവീഴുന്നതോ അറിയാൻ കഴിഞ്ഞിരുന്നില്ല.
അല്ലയോ വിദുരരേ!, അങ്ങനെ കപിലോപദേശം കേട്ട് ദേവഹൂതി അചിരേണ സംസാരബന്ധനത്തിൽനിന്ന് മുക്തയായി സാക്ഷാൽ ബ്രഹ്മത്തിൽ ലയിച്ചു. അവൾക്ക് ആത്മജ്ഞാനമുണ്ടായ ആ പുണ്യസ്ഥലം മൂന്നുലോകങ്ങളിലും “സിദ്ധപദം”എന്ന നാമത്തിൽ അറിയപ്പെടുന്നു. വിദുരരേ!, ഒടുവിൽ അവളുടെ ശരീരാംഗങ്ങൾ ജലത്തിൽ ലയിച്ചുചേർന്നു, ആ ജലം ഒരു പുണ്യനദിയായിയൊഴുകി. അതിൽ മുങ്ങിനിവരുന്നവർ സംസാരത്തിൽ നിന്നും മുക്തരാകുന്നു. ആയതിനാൽ ഇന്നും മോക്ഷേച്ഛുക്കളായി അവടെയെത്തുന്നവർ അതിൽ പുണ്യസ്നാനം ചെയ്തുപോരുന്നു.
തുടർന്ന്, അച്ഛന്റെ ആശ്രമം ഉപേക്ഷിച്ചു, മഹായോഗിയായ കപിലഭഗവാൻ അമ്മയോടു അനുജ്ഞയും വാങ്ങി വടക്കു-പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഭഗവാൻ നടന്നുനീങ്ങവേ, സിദ്ധചാരണഗർന്ധർവ്വമുനികളും, അപ്സരകന്യകമാരും പ്രാർത്ഥനയോടെ കൈകൂപ്പി കുമ്പിട്ടുനിന്ന് അവനിൽ നമസ്കാരമർപ്പിച്ചു. സമുദ്രം നമസ്കരിച്ചുകൊണ്ട് ഗംഗാസാഗരത്തിൽ കപിലഭഗവാനു് വാസസ്ഥലമൊരുക്കി. ഇന്നും കപിലഭഗവാൻ സമാധിസ്ഥനായിക്കൊണ്ട് സാംഖ്യശാസ്ത്രാചാര്യന്മാരാൽ പൂജിതനായി മൂലോകമുമുക്ഷുക്കൾക്ക് മുക്തിയരുളുവാൻ അവിടെ കുടികൊള്ളുന്നു. ഹേ അനഘനായ വിദുരരേ!, കപിലഭഗവാന്റേയും മാതാവ് ദേവഹൂതിയുടേയും പരമപവിത്രമായ ഈ സംവാദം നീ ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞുതന്നു. വിദുരരേ! കപിലദേവഹൂതിസംവാദം പരമരഹസ്യമാണു. അത് കേൾക്കുന്നവർക്കും പഠിക്കുന്നവർക്കും ഗരുഡവാഹനനായ ഭഗവാൻ നാരായണനിൽ ഭക്തിയുണ്ടാകുന്നു. തുടർന്ന്, ഭഗവദ്ഭക്തിരസാബ്ധിയിൽ ആറാടുവാൻ അവർക്ക് വൈകുണ്ഠത്തിൽ പ്രവേശനവും ലഭിക്കുന്നു.    


ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  മുപ്പത്തിമൂന്നാമധ്യായം സമാപിച്ചു.
ത്രിതീയസ്കന്ദം സമാപ്തം
ഓം തത് സത്

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...