2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

6.3 യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 3
(യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.)


പരീക്ഷിത്ത് രാജാവു് ശ്രീശുകബ്രഹ്മമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, യമധർമ്മരാജന്റെ അധീനതയിലാണല്ലോ ഇക്കണ്ട ലോകം തന്നെയുള്ളതു? അങ്ങനെയിരിക്കെ, ആ യമദേവൻ തന്റെ ഭടന്മാർ പറഞ്ഞതു കേട്ടതിനുശേഷം ഭഗവദ്പാർഷദന്മാരാൽ തടയപ്പെട്ട തന്റെ ദൂതന്മാരോട് എന്തായിരുന്നു മറുപടി പറഞ്ഞതു? അല്ലയോ ഋഷേ!, യമദേവന്റെ ദണ്ഡനത്തിന് ഭംഗം വന്നതായി മുമ്പെങ്ങും കേട്ടിട്ടുള്ള കാര്യമല്ല. ഇപ്പോഴിതാ അങ്ങനെയും സംഭവിച്ചിരിക്കുന്നു. ഹേ മുനേ!, ലോകത്തിന്റെ ഈ സംശയം മാറ്റിത്തരുവാൻ അങ്ങല്ലാതെ മറ്റാരും പ്രാപ്തനല്ലെന്നു ഞാനറിയുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, വിഷ്ണുപാർഷദന്മാരാൽ തിരിച്ചയയ്ക്കപ്പെട്ടതിനുശേഷം യമദൂതന്മാർ സംയമിനി എന്ന കാലപുരിയിലെത്തി തങ്ങളുടെ സ്വാമിയോട് ഇപ്രകാരം പറഞ്ഞു: ഹേ പ്രഭോ!, മനസ്സ്, വാക്ക്, ശരീരം മുതലായവ ഹേതുവായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന ഈ ജീവലോകത്തിന്റെ ശാസ്താക്കളായും, അവരുടെ കർമ്മഫലത്തെ പ്രഖ്യാപിക്കുവാൻ കാരണക്കാരായും ഇവിടെ എത്രപേരാണുള്ളതു? ഒന്നിലധികം അധികാരികൾ പ്രസ്തുതകർമ്മത്തിനുണ്ടാകുന്നപക്ഷം, എങ്ങനെയാണ് സുഖവും ദുഃഖവും കർമ്മികൾക്ക് യഥായോഗ്യം വിധിക്കപ്പെടുന്നതു? കർമ്മികളെപ്പോലെ ശാസ്താക്കളും അധികം പേരുണ്ടായാൽ വിവിധ മണ്ഡലവർത്തികളെപ്പോലെ ശാസ്തൃത്വവും വെറും ഉപചാരത്തിനുമാത്രമുള്ളതായിമാറും. അങ്ങനെയാകാതിരിക്കണമെങ്കിൽ, ദേവന്മാരുൾപ്പെടെയുള്ള സകലഭൂതങ്ങൾക്കും അധീശ്വരനായും, ശുഭാശുഭങ്ങളെ വിവേചനം ചെയ്യാൻ കഴിവുള്ളവനായും ഇവിടെ അവിടുന്ന് ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അവിടുത്തെ ദണ്ഡനവിധി ലോകത്തിലെങ്ങും ഒരിക്കലും തടസ്സപ്പെട്ടതായി മുമ്പെങ്ങും കേട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിതാ നാല് സിദ്ധന്മാരാൽ അത്ഭുതാവഹമായി അതും സംഭവിച്ചിരിക്കുന്നു. ഇന്ന്, അവിടുത്തെ നിയോഗത്താൽ ഒരു മഹാപാപിയെ യാതനാഗൃഹത്തിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോൾ കയറുകളെ ബലാൽക്കാരമായി അറുത്തുകളഞ്ഞിട്ട് അവനെ അവർ മോചിപ്പിച്ചിരിക്കുന്നു. നാരായണ എന്ന് അവൻ ഉച്ചരിച്ചനേരം പേടിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് അവർ ക്ഷണത്തിൽ അവിടെ പ്രത്യക്ഷരായി. ഒരുപക്ഷേ, ഞങ്ങൾ അർഹരാണെന്ന് അങ്ങേയ്ക് തോന്നുന്നുവെങ്കിൽ അവരെക്കുറിച്ച് അങ്ങയിൽനിന്നറിയുവാൻ ഞങ്ങളാഗ്രഹിക്കുകയാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം, ജീവരാശികളുടെ നിയന്താവായ യമധർമ്മൻ അത്യന്തം സന്തോഷത്തോടുകൂടി ഭഗവാൻ ഹരിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ ദൂതന്മാരേ!, ചരാചരങ്ങൾക്കധീശനായിട്ട് എന്നിൽനിന്നും അന്യനായി മറ്റൊരാളുണ്ടെന്നറിയുക. വസ്ത്രത്തിൽ ഊടും പാവുമെന്നതുപോലെ ഈ പ്രപഞ്ചം അവനാൽ നിറയപ്പെട്ടിരിക്കുന്നു. അതിന്റെ ഉല്പത്തിക്കും നിലനിൽപ്പിനും നാശത്തിനനും വേണ്ടി അവന്റെ അംശമായ ത്രിമൂർത്തികൾ ഉണ്ടായിരിക്കുന്നു. ഈ ലോകം മൂക്കുകയറിട്ട കാളയെപ്പോലെ അവന്റെ അധീനതയിലാണെന്നറിയുക. കയറുകൾകൊണ്ട് കന്നുകാലികളെ ബന്ധിച്ചിരിക്കുന്നതുപോലെ, അവൻ തന്റെ വേദവചനങ്ങളാൽ ബ്രാഹ്മണാദി വിവിധ പേരുകളിൽ ജനങ്ങളെ ബന്ധിച്ചിരിക്കുന്നു. അവർ നാമങ്ങളുടേയും കർമ്മങ്ങളൂടേയും നിബന്ധനകൾക്ക് വിധേയരായും ഭയചകിതന്മാരായും അവനെ ആരാധിക്കുകയും ചെയ്യുന്നു. ഞാനും ഇന്ദ്രനും നിഋതിയും വരുണനും ചന്ദ്രനും അഗ്നിയും ഈശാനനും വായുവും സൂര്യനും വിരിഞ്ചനും വിശ്വദേവന്മാരും വസുക്കളും സാധ്യന്മാരും മരുത്ഗണങ്ങളും രുദ്രഗണങ്ങളും സിദ്ധദേവന്മാരും പ്രജാപതിമാരും ദേവഗുരുക്കന്മാരായ ഭൃഗു മുതലായവരും അതുപോലെയുള്ള സകലരുംതന്നെ, രജസ്സ്തമോഗുണങ്ങൾ സ്പർശിച്ചിട്ടില്ലാത്തവരായിട്ടുകൂടിയും സത്വഗുണികളായിട്ടുകൂടിയും മായാസ്പർശനമുള്ളതിനാൽ ആ പരമപുരുഷന്റെ ഇംഗിതത്തെ അറിയുന്നില്ല. പിന്നെ എങ്ങനെ മറ്റുള്ളവരറിയാൻ?

ശരീരത്തിലെ യാതൊരംഗങ്ങളും അതിലെ നേത്രത്തെ കാണാത്തതുപോലെ, ജീവാത്മാക്കളുടെ ഹൃദയത്തിൽ പരമാത്മാവായി കുടികൊള്ളുന്ന അവനെ പ്രാണികൾ ഇന്ദ്രയങ്ങളാലോ, പ്രാണങ്ങളാലോ, മനസ്സാലോ, ഹൃദയത്താലോ, വാക്കുകൾകൊണ്ടോ അറിയുന്നില്ല. ആത്മതന്ത്രനും സർവ്വാധീശനും മായാധിപതിയും പരമാത്മാവും പരനുമായ ഭഗവാൻ ഹരിയുടെ ദൂതന്മാർ അവിടുത്തെ രൂപവും ഭാവവുമുള്ളവരായി മനോഹരസ്വരൂപികളായി ഈ ലോകത്തിലെങ്ങും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവർ ദേവന്മാരാൽ ആരാധിക്കപ്പെടുന്നവരും അഗോചരന്മാരും അത്യന്തം ആശ്ചര്യം ജനിപ്പിക്കുന്നവരുമാണു. അങ്ങനെയുള്ള ഈ വിഷ്ണുപാർഷദഗണങ്ങൾ ഭഗവദ്ഭക്തന്മാരെ മറ്റുള്ളവരിൽനിന്നും എന്നിൽനിന്നും അതുപോലെ എല്ലാത്തിൽനിന്നും സർവ്വദാ കാത്തുരക്ഷിക്കുന്നു. ഭഗവദ്പ്രണീതമായ ധർമ്മത്തെ ഋഷികളോ, ദേവന്മാരോ, സിദ്ധന്മാരോ അറിയുന്നില്ല. പിന്നെങ്ങനെയാണ് അസുരന്മാരും മനുഷ്യന്മാരും വിദ്യാധരചാരണാദികളും മറ്റും അറിയുന്നതു?.

സ്വയഭൂവായ വിധാതാവും ശ്രീനാരദരും മഹാദേവനും സനൽകുമാരന്മാരും കപിലനും സ്വായംഭുവമനുവും പ്രഹ്ലാദരും ജനകമഹാരാജാവും ഭീഷ്മരും മഹാബലിയും ശ്രീശുകനും ഞാനുമടങ്ങുന്ന പന്ത്രണ്ടുപേർ, ഗുഹ്യവും പാവനവും അറിയാൽ പ്രയാസമേറിയതും ഭഗവദ്പ്രണീതവുമായ ആ ധർമ്മത്തെ അറിഞ്ഞിട്ടുണ്ടു. അല്ലയോ ഭടന്മാരേ!, അതിനെ അറിഞ്ഞാൽ സംസാരത്തിൽനിന്നും മുക്തി ലഭിക്കുന്നു. ആ പരമപുരുഷന്റെ നാമസങ്കീർത്തനാദികളാൽ അവനിൽ ഭക്തിയുൾക്കൊള്ളുക എന്നതുമാത്രമാണ് മനുഷ്യജന്മത്തിന്റെ പമമായ ധർമ്മം എന്നോർക്കുക. ആ തിരുനാമോച്ചാരണത്താൽ അജാമിളൻ പോലും മൃത്യുപാശത്തിൽനിന്നും മോചിതാനായി. അതിലൂടെ, കുട്ടികളേ!, നിങ്ങൾ ഭഗവദ്നാമഗുണത്തെ കണ്ടറിയുക. ആ കരുണാമയന്റെ മഹിമകളേയും നാമങ്ങളേയും വിധിപ്രകാരം കീർത്തിച്ചാൽ മാത്രമേ പാവനിവൃത്തിയുണ്ടാകൂ എന്ന് ശങ്കിക്കേണ്ടാ. കാരണം, മരണം ആഗതമായ സമയത്ത് പാപിയായ അജാമിളൻ തന്റെ പുത്രനെ ഉദ്ദേശിച്ചുമാത്രമയിരുന്നു നാരായണ എന്ന് ചൊല്ലി നിലവിളിച്ചതു. എങ്കിലും അയാൾക്ക് മോക്ഷം തന്നെ സിദ്ധിച്ചുവല്ലോ

ഇക്കണ്ട മഹാജനങ്ങളിൽ പലരും ഭക്തിയോഗത്തിന്റെ പൊരുൾ അറിയുന്നില്ല. ഭഗവദ്മായയാൽ വിമോഹിതരായ സാധാരണജനങ്ങൾ തേനൂറുന്നമാതിരി വികസിച്ചുനിൽക്കുന്ന വേദത്തിൽ മതികെട്ട് മുഴുകിക്കൊണ്ട് ദ്രവ്യമന്ത്രാദികളാആഡംബരപൂർവ്വം ബൃഹത്തായ കർമ്മമാർഗ്ഗത്തിൽ പെട്ടുപോയിരിക്കുന്നു. എന്നാൽ, സത്ബുദ്ധികളാകട്ടെ, വേദോക്തമായ കർമ്മകാണ്ഡത്തിന്റെ നിസ്സാരതയെ മനസ്സിലാക്കി അനന്തനായ ഭഗവാനിൽ സർവ്വാത്മനാ ഭക്തികൈക്കൊള്ളുന്നു. ആയതിനാൽ അവർ എന്റെ ദണ്ഡനവിധിയെ അർഹിക്കുന്നില്ല. ഇനി അവർ പാപികളാണെങ്കിൽകൂടി ആ പാപത്തെ ഭഗവദ്നാമം ഇല്ലാതെയാക്കുന്നു. സമദർശികളും ഭഗവാനിൽ അഭയം പ്രാപിച്ചവരുമായ സാധുക്കൾ ദേവന്മാരാലും സിദ്ധന്മാരാലും സ്തുതിക്കപ്പെട്ടവരാകുന്നു. അവർക്കുചുറ്റും ഭഗവാന്റെ ഗദായുധം സംരക്ഷണവലയം സൃഷ്ടിച്ചിരിക്കുന്നു. അവരെ നിങ്ങൾ സമീപിക്കുവാൻ പാടുള്ളതല്ല. ഇവർക്ക് ദണ്ഡനം വിധിക്കുവാൻ നമുക്കോ കാലത്തിനോ കഴിയുകയില്ലെന്നറിയുക. പകരം, നിങ്ങൾ നിഷ്കിഞ്ചനനമാരും രസജ്ഞന്മാരും പരമഹംസന്മാരും സദാ ആസ്വദിക്കുന്ന മുകുന്ദപാദാരവിന്ദമകരന്ദരസത്തിൽ വിമുഖരായവരേയും, അതുപോലെ നരകത്തിലേക്കുള്ള പെരുവഴിയായ ഗൃഹത്തിൽ ആസക്തരായവരേയും കൊണ്ടുവരുവിൽ. യാതൊരുവന്റെ നാവ് ഒരിക്കലെങ്കിലും ഭഗവദ്നാമമുച്ചരിച്ചിട്ടില്ലയോ, യാതൊരുവന്റെ മനസ്സ് ആ തിരുവടിയുടെ തൃപ്പാദങ്ങളെ സ്മരിക്കുന്നില്ലയോ, യാതൊരുവന്റെ ശിരസ്സാകട്ടെ, ശ്രീകൃഷ്ണപരമാത്മാവിനുനേരേ കുനിയുന്നില്ലയോ, യാതൊരുവൻ വൈഷ്ണവധർമ്മത്തെ ആചരിച്ചിട്ടില്ലയോ, അങ്ങനെയുള്ള അസത്തുക്കളെ നിങ്ങൾ കൊണ്ടുവരുവിൽ.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, തന്റെ ഭൃത്യന്മാരെ ഇപ്രകാരം ഉപദേശിച്ചതിനുശേഷം, അവരുടെ തെറ്റിനെ പൊറുത്തരുളുവാനായി യമധർമ്മൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു: ആദ്യരഹിതനായ ഹേ പരമപുരുഷ!, തൊഴുകൈകളോടെ നിൽക്കുന്ന അടിയന്റെ ഈ ഭൃത്യജനങ്ങളാൽ ചെയ്യപ്പെട്ട അനീതിയെ അങ്ങ് പൊറുത്തരുളേണമേ!, ക്ഷമാഗുണയുക്തനായി എങ്ങും നിറഞ്ഞുനിൽക്കുന്ന ആത്മസ്വരൂപനായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു:         ഹേ കുരുവംശജനായ രാജാവേ!, ഈ കഥയിലൂടെ ശ്രീമഹാവിഷ്ണുവിന്റെ തിരുനാമസങ്കീർത്തനം ലോകകല്യാണകരവും കൊടിയ പാപങ്ങളെ പോലും ഉന്മൂലനാശം വരുത്തുന്ന പ്രായശ്ചിത്തവുമാണെന്നറിഞ്ഞുകൊള്ളുക. അന്തഃകരണത്തെ സുഗമമായി പരിശുദ്ധമാക്കാൻ ശ്രീഹരിയുടെ നിസ്സീമങ്ങളായ മഹിമാകഥനശ്രവണങ്ങളെപ്പോലെ മറ്റൊരു വ്രതങ്ങൾക്കും സാധ്യമല്ല. ശ്രീകൃഷ്ണപരമാത്മാവിന്റെ തൃപ്പാദത്തിലൂറുന്ന മധുവുണ്ടവൻ തന്നാലൊരിക്കൽ ഉപേക്ഷിക്കപ്പെട്ട പാപദായകമായ മായാഗുണങ്ങളിൽ പിന്നീട് രമിക്കുകയില്ലെന്നറിയുക. എന്നാൽ, മറ്റുള്ളവർ കാമത്താൽ ഹനിക്കപ്പെട്ടവനായി തന്റെ പാപമുക്ത്യർത്ഥം വീണ്ടും കർമ്മം തന്നെ ചെയ്യാൻ തുടങ്ങുന്നു. ആ കർമ്മങ്ങളിലൂടെ വീണ്ടും പാപംതന്നെ നേടുകയും ചെയ്യുന്നു. അങ്ങനെ, ഹേ രാജൻ!, യമധർമ്മനാൽ സത്യം ബോധിക്കപ്പെട്ടതിൽ യമകിങ്കരന്മാർക്ക് തെല്ലുപോലും വിസ്മയം തോന്നിയില്ല. അന്നുമുതൽ, ഭഗവാനിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തരെ കാണുവാൻപോലും അവർ പേടിച്ചുതുടങ്ങി. ഈ ഇതിഹാസത്തെ ഭഗവാൻ അഗസ്ത്യമുനി മലയപർവ്വതത്തിൽവച്ച് ഹരിഭജനം ചെയ്തുകൊണ്ടിരിക്കെ പറഞ്ഞതാകുന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Yamadharama advises him servants

2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

6.2 അജാമിളോപാഖ്യാനം – നാരായണനാമമാഹാത്മ്യം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 2
(അജാമിളോപാഖ്യാനം നാരായണനാമമാഹാത്മ്യം)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം നീതിബോധമുള്ള ഭഗവദ്ദൂതന്മാർ അവരോട് ഇപ്രകാരം പ്രതിവചിച്ചു. അഹോ! കഷ്ടം!, ധർമ്മദൃഷ്ടിയുള്ളവരുടെ സഭയിൽ ഇതാ അധർമ്മസ്പർശമുണ്ടായിരിക്കുന്നു!. ധർമ്മികളായ ഇവർ നിഷ്പാപികളും ദണ്ഡ്യരല്ലാത്തവരുമായവരെ ശിക്ഷിക്കാനൊരുങ്ങിയിരിക്കുന്നു!. പിതൃതുല്യരും അനുശാസകരും സാധുക്കളും സമഭാവദൃക്കുകളുമായ ധർമ്മികളിൽ പോലും ഇങ്ങനെയുള്ള വൈഷമ്യമുണ്ടാകുന്നുവെങ്കിൽ, ജനങ്ങൾ ആരെയാണ് പിന്നെ അഭയം പ്രാപിക്കേണ്ടതു? ശ്രേഷ്ഠന്മാർ ചെയ്യുന്നതാണ് മറ്റുള്ളവർ ശീലമാക്കുന്നതു. അവർ പ്രമാണമായി സ്വീകരിക്കുന്നതിനെയാണ് ലോകവും അനുവർത്തിക്കുന്നതു. സാമാന്യലോകം മൃഗങ്ങളെപ്പോലെതന്നെ ധർമ്മത്തെയോ അധർമ്മത്തെയോ അറിയുന്നവരല്ല. അങ്ങനെയുള്ള അജ്ഞാനിജനം ആരുടെ മടിത്തട്ടിലാണോ തല ചായ്ച്ചുറങ്ങുന്നതു, അവൻ വിശ്വാസയോഗ്യരും കാരുണികന്മാരുമായിരിക്കേണ്ട അവസരത്തിൽ ഇങ്ങനെ തങ്ങളെ ആശ്രയിച്ച ബുദ്ധിശൂന്യരായ സാമാന്യജനത്തെ ഒരിക്കലും ദ്രോഹിക്കുവാൻ പാടുള്ളതല്ല.

കോടി ജന്മങ്ങളായി പാപമാചരിക്കുന്നവനാണെങ്കിലും ഇന്നിവൻ ആ പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. എങ്ങനെയെന്നാൽ, വിവശനായി ഇവൻ ഹരിയുടെ മോക്ഷദമായ തിരുനാമത്തെ ഉച്ചരിച്ചിരിക്കുന്നു. നാലക്ഷരം ചേർന്ന തിരുനാമത്താൽ നാരായണാ! വരൂ! എന്ന് ഇവൻ ഹൃദയം കൊണ്ട് വിളിച്ചതിലൂടെ ഇവന്റെ സകല പാപങ്ങൾക്കുമുള്ള പരിഹാരകൃത്യം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. കള്ളന്മാർ, മദ്യപാനികൾ, മിത്രങ്ങളെ ദ്രോഹിച്ചവൻ, ബ്രഹ്മഹത്യ ചെയ്തവൻ, ഗുരുപത്നിയുമായി വേഴ്ച നടത്തിയവൻ,  സ്ത്രീകളേയോ രാജാവിനേയോ മാതാപിതാക്കളേയോ പശുവിനേയോ കൊന്നിട്ടുള്ളവൻ, മറ്റുപാപങ്ങൾ ചെയ്തിട്ടുള്ളവൻ മുതലായ കൊടും പാതകികൾ ആരായിരുന്നാലും, ഭഗവദ്നാമോച്ചാരണം അവരുടെ സർവ്വപാപങ്ങൾക്കും പ്രായശ്ചിത്തമാകുന്നു. ആ തിരുനാമത്തിന്റെ ഉച്ചാരണമാത്രത്തിൽ ഭഗവാൻ ഹരിയിൽ അവരെ സംരക്ഷിക്കുവാനുള്ള താല്പര്യം ജനിക്കുന്നു. വേദോക്തങ്ങളായ ആചാരാനുഷ്ഠാനങ്ങൾകൊണ്ട് പാപം നശിക്കുന്നതുപോലെയല്ല തിരുനാമകീർത്തനത്താൽ അത് നിറവേറ്റപ്പെടുന്നതു. ഹരിയുടെ നാമോച്ചാരണം ഭഗവദൈശ്വര്യങ്ങളുടെ ജ്ഞാപകങ്ങൾ കൂടിയാകുന്നു. മറ്റുള്ള പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്തതിനുശേഷവും മനസ്സ് വീണ്ടും ദുർമ്മാർഗ്ഗത്തിലേക്ക് നയിക്കപ്പെടുന്നതിനാൽ അത് ഒരിക്കലും പാപമുക്തിയ്ക്കയിട്ടുള്ള ഒരു ശാശ്വതപരിഹാരമല്ല. അതുകൊണ്ട്, പാപങ്ങളുടെ ആത്യന്തികമായ നാശം ആഗ്രഹിക്കുന്നവർക്ക് ശ്രീഹരിയുടെ ഗുണനാമസങ്കീർത്തനം മാത്രമാണു ഉത്തമോപാധിയെന്നറിയുക. ആകയാൽ, മരണമാഗതമായ നിമിഷം ഭഗവദ്നമത്തെ പൂർണ്ണമായും ജപിച്ചു പാപമുക്തനായ ഇവനെ നിങ്ങൾ കൊണ്ടുപോകാതിരിക്കുക.

മറ്റെന്തിനെയെങ്കിലും സൂചിപ്പിക്കുവാനായിട്ടോ, പരിഹാസമായോ, രസാവിഷ്കരണത്തിനിടയിലായോ, അവഹേളനരൂപാമായിട്ടോ ആണെങ്കിൽ കൂടിയും ശ്രീഹരിയുടെ തിരുനാമം ഉച്ഛരിക്കുന്നത് സർവ്വപാപങ്ങളേയും നശിപ്പിക്കുന്നുവെന്ന് മാഹാത്മാക്കൾ പറയുന്നു. പതിതനായാലും, വഴിയിൽ കാലിടറിയവനായാലും, പാമ്പിനാൽ ദംശനമേറ്റവനായാലും, പനി മുതലായവയിൽ ദുഃഖിക്കുന്നവനായാലും, ആയുധങ്ങളാൽ മുറിവേറ്റവനായാലും, യാതൊരുവൻ അവശനായി ഹരേ കൃഷ്ണാ! എന്നുച്ചരിക്കുന്നതോടെ അവൻ യാതൊരുവിധമായ യാതനകളേയും അർഹിക്കുന്നില്ല.  വലുതും ചെറുതുമായ പാപങ്ങളുടെ പ്രായശ്ചിത്തകർമ്മങ്ങൾ മഹർഷിമാർ അറിഞ്ഞുപറഞ്ഞിരിക്കുന്നു. തപസ്സ്, ദാനം, ജപം മുതലായവകൊണ്ട് തീർച്ചയായും പാപം നശിക്കുന്നു. എന്നാൽ, ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന അവയുടെ സംസ്കാരമാകട്ടെ, ഭഗവദ്പാദസേവയാൽ മാത്രമേ നശിക്കുന്നുള്ളൂ. അറിഞ്ഞും അറിയാതെയും ഉച്ചരിക്കപ്പെടുന്ന ഉത്തമശ്ലോകന്റെ തിരുനമത്താൽ മനുഷ്യന്റെ സകല പാപങ്ങളും, അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. മരുന്നിന്റെ ശക്തിയെക്കുറിച്ചറിഞ്ഞായാലും അറിയാതെയാലും, അവയുടെ സേവനത്താൽ രോഗം ഭേദമാകുന്നതുപോലെയാണ് ഭഗവദ്നാമോച്ചാരണത്തിന്റെ കാര്യവും.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, അങ്ങനെ വിഷ്ണുപാർഷദന്മാർ ഭഗവദ്നാമത്തിന്റെ മാഹാത്മ്യത്തെ വർണ്ണിച്ചുകൊണ്ട് അജാമിളനെന്ന ആ ബ്രാഹ്മണനെ യമദൂതന്മാരുടെ പാശത്തിൽനിന്നും വേർപെടുത്തി മരണത്തിൽനിന്നും രക്ഷിച്ചരുളി. ഹേ ശത്രുനാശകാ!, ഇങ്ങനെ പിന്തിരിഞ്ഞുപോകേണ്ടിവന്ന യമകിങ്കരന്മാർ യധമർമ്മന്റെയടുക്കലെത്തി ഉണ്ടായ വൃത്താന്തങ്ങൾ അദ്ദേഹത്തെ പറഞ്ഞുകേൾപ്പിച്ചു. യമപാശത്തിൽനിന്നും മുക്തനായി പേടിയകന്നു സ്വപ്രകൃതിയെ വീണ്ടെടുത്ത അജാമിളനാകട്ടെ, ആഹ്ലാദഭരിതനായി വിഷ്ണുകിങ്കരന്മാരെ ശിരസ്സാ വണങ്ങി. ഹേ അനഘനായ മാഹാരാജൻ!, അജാമിളൻ തങ്ങളോട് എന്തോ പറയുവാനുദ്ദേശിക്കുന്നുവെന്ന് മനസ്സിലായ വിഷ്ണുദാസന്മാർ അയാൾ നോക്കിനിൽക്കേതന്നെ അവിടെനിന്നും അപ്രത്യക്ഷരായി. അജാമിളൻ യമന്റേയും വിഷ്ണുവിന്റേയും ദൂതന്മാരിൽനിന്ന് ധർമ്മത്തേയും വിശുദ്ധമായ ഭക്തിയോഗത്തേയും കേട്ടിട്ട് പെട്ടെന്നുതന്നെ ഭക്തോത്തമനായിത്തീരുകയും, ശ്രീഹരിയുടെ മഹിമകളുടെ ശ്രവണത്താൽ അശുഭമായ തന്റെ പൂർവ്വചരിത്രത്തെയോർത്ത് പശ്ചാത്തപിക്കുകയും ചെയ്തു.

അജാമിളനോർത്തു: അഹോ കഷ്ടം!, മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയാതെ എനിക്ക് വലിയ കഷ്ടമാണ് സംഭവിച്ചതു. ബ്രാഹ്മണ്യത്തെ നഷ്ടമാക്കിക്കൊണ്ട് ഞാൻ ഒരു ശൂദ്രസ്ത്രീയുമായി സംഗം ചേർന്ന് അവളിൽ മക്കളെ ജനിപ്പിച്ചു. ദുഷ്കൃതം കാട്ടിയും വംശത്തിന് കളങ്കം സൃഷ്ടിച്ചും സത്തുക്കളാൽ വെറുക്കപ്പെട്ട ഞാൻ പതിവ്രതയായ ഒരു കൊച്ചുപെൺകുട്ടിയെ ഉപേക്ഷിച്ച് മദ്യപാനിയും വ്യഭിചാരിണിയുമായ ഒരുവളെ പ്രാപിക്കുകയും ചെയ്തു. കഷ്ടം!, വൃദ്ധരും അനാഥരും മറ്റ് ബന്ധുക്കളില്ലാത്തവരുമായ മാതാപിതാക്കൾക്ക് ഉപകാരമില്ലാത്തവനുമായ ഞാനിതാ ത്യജിക്കപ്പെട്ടിരിക്കുന്നു. ഞാൻ അതിഘോരമായ നരകത്തിൽ പതിക്കുമെന്നുള്ളതിന് അല്പം പോലും സംശയമില്ല. ആചാരത്തെ ഹനിച്ച് വിഷയത്തെ കാമിക്കുന്നവൻ യമലോകത്തിലെത്തി ക്രൂരമായ നരകയാതനകൾ അനുഭവിക്കുകതന്നെ ചെയ്യുന്നു.

കൈയ്യിൽ കയറുമായി ചിലർ വന്ന് എന്നെ പിടിച്ചുവലിക്കുകയുണ്ടായി. ഇപ്പോൾ അവർ എവിടെയാണു?. ഇവിടെ ഒരത്ഭുതം നടന്നിരിക്കുന്നു. ഇത് സ്വപ്നമോ? അതോ യാഥാർത്ഥ്യമോ? യമപാശത്താൽ ബന്ധിപ്പിച്ച് അധോലോകത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങിയവരിൽനിന്നും എന്നെ മോചിപ്പിച്ച സുന്ദരരൂപികളായ ആ നാല് ദിവ്യപുരുഷന്മാർ എങ്ങുപോയി? എങ്കിലും നിർഭാഗ്യനായ എനിക്ക്, ഒരുപക്ഷേ, പൂർവ്വജന്മപുണ്യം കൊണ്ടായിരിക്കണം, ദേവതാദർശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ടിതാ എന്റെ അന്തഃകരണം പ്രകാശിക്കുന്നു. അല്ലാത്തപക്ഷം, അശുചിയും വൃഷളീപതിയുമായ എനിക്ക് മരണാഗതസമയത്ത് നാവിൽ നാരായണമന്ത്രം ഉച്ചരിക്കുവാൻ തോന്നുമായിരുന്നില്ല. വഞ്ചകനും പാപിയും ബ്രഹ്മഘ്നനും നാണം കെട്ടവനുമായ ഞാനെവിടെ?, അതേസമയം, നാരായണ എന്ന പരമപവിത്രമായ ഭഗവദ്നാമമെവിടെ?. ഇനി ഞാൻ ആത്മാവിനെ കൂരിരുട്ടിൽ താഴ്ത്താതെ, മനസ്സും ഇന്ദ്രിയങ്ങളും പ്രാണനുമടക്കി മോക്ഷത്തിനായി യത്നിക്കാൻ പോകുകയാണു. ഭഗവദ്മായയാൽ അധമനാകപ്പെട്ട ഞാൻ ഒരു കളിമാനിനെപ്പോലെ ചതിക്കപ്പെട്ടിരിക്കുന്നു. അവിദ്യ, കാമം, കർമ്മം മുതലായവയിൽ നിന്നുണ്ടായ ഈ ബന്ധത്തെ ഇല്ലാതെയാക്കി, സർവ്വഭൂതങ്ങളുടേയും സുഹൃത്തായി, സ്നേഹവും കനിവും ശാന്തിയുമുള്ളവനായും, ആത്മനിഷ്ഠയുള്ളവനുമായിക്കൊണ്ട്, സ്ത്രീരൂപം പൂണ്ടുവന്നു മായ കൈക്കലാക്കിയ ആത്മാവിനെ മോചിപ്പിക്കുവാൻ പോകുകയാണു. സത്യമായ ഈശ്വരനിൽ ബുദ്ധിയുറപ്പിച്ച്, ദേഹം മുതലായവയിൽ ഞാനെന്നും എന്റേതെന്നുമുള്ള ഭാവത്തെ വിട്ട്, ഭഗവദ്നാമസങ്കീർത്തനാദികൾകൊണ്ട് മനസ്സിനെ അവനിൽ ഉറപ്പിക്കുവാൻ പോകുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ, വിഷ്ണുപാർഷദന്മാരുമായുള്ള അല്പനേരത്തെ സമ്പർക്കാത്താൽ വിരാഗിയായിത്തീർന്ന അജാമിളൻ സകലബന്ധങ്ങളുമുപേക്ഷിച്ച് ഗംഗാദ്വാരത്തിലെത്തിച്ചേർന്നു. അദ്ദേഹം ആ ദേവസദനത്തിൽ യോഗം ശീലിച്ച്, സകല ഇന്ദ്രിയങ്ങളേയും നിരോധിച്ച്, മനസ്സിനെ പരമാത്മാവിൽ ഉറപ്പിച്ചു. അനന്തരം, ഏകാഗ്രമായ മനസ്സാൽ ദേഹാദികളിൽനിന്ന് ആത്മാവിനെ മുക്തമാക്കി ആത്മാനന്ദമനുഭവിച്ചുകൊണ്ട് ബ്രഹ്മസ്ഥാനമാകുന്ന ഭഗവദ്ധാമത്തിൽ യോജിപ്പിച്ചു. ഭഗവാനിൽ രമിച്ച മനസ്സോടുകൂടി അജാമിളൻ തന്റെ മുന്നിൽ താൻ മുമ്പ് കണ്ട വിഷ്ണുപാർഷദന്മാരെ വീണ്ടും കണ്ട് ശിരസ്സ് നമിച്ചു. ശേഷം, തന്റെ ഭൌതികശരീരത്തെ ഗംഗാതീരത്തുപേക്ഷിച്ച് ഉടൻ തന്നെ വിഷ്ണുപാർഷദന്മാരുടെ സ്വരൂപത്തെ സ്വീകരിച്ചു. തുടന്ന്, വിഷ്ണുദൂതന്മാരോടൊപ്പം സ്വർണ്ണമയമായ വിമാനത്തിലേറി ലക്ഷ്മീപതി വാണരുളുന്നിടത്തെ ലക്ഷ്യമാക്കി പ്രയാണം ചെയ്തു. അങ്ങനെ, ധർമ്മഹീനനും വ്രതഹീനനും നിന്ദ്യകർമ്മിയും പതിതനും നരകത്തിൽ വീഴപ്പെടേണ്ടവനും വേശ്യയുടെ ഭർത്താവുമായ അജാമിളൻ, ഭഗവാന്റെ തിരുനാമമന്ത്രോച്ചാരണമാത്രത്താൽ സർവ്വപപങ്ങളിൽനിന്നും തീർത്തും മുക്തനായി.

ഹേ പരീക്ഷിത്തേ!, ഭഗവദ്ത്തിരുനാമങ്ങളേക്കാളുപരി മുമുക്ഷുക്കൾക്ക് തങ്ങളുടെ കർമ്മബന്ധത്തെ അറുത്തെറിയുവാനുള്ള ഉത്തമോപകരണമായി ഇവിടെ മറ്റൊന്നുമില്ലെന്നറിയുക. കാരണം, ഭഗവാനിൽ ഉറയ്ക്കുന്ന മനസ്സ് പിന്നീട് കർമ്മങ്ങളിൽ ആസക്തമാകുന്നില്ല. എന്നാൽ, മറ്റുമാർഗ്ഗങ്ങളിലൂടെ അതിന് ശ്രമിക്കുന്നപക്ഷം മനസ്സ് രജസ്തമോഗുണങ്ങളിൽ പെട്ട് കലുഷമായി കർമ്മങ്ങളിൽ വീണ്ടും സക്തമാകുന്നു. യാതൊരുവൻ ഇങ്ങനെ പരമരഹസ്യവും പാപനാശകവുമായ ഈ ഉപാഖ്യാനത്തെ ശ്രദ്ധയോടുകൂടി കേൾക്കുകയോ ഭക്തിയോടുകൂടി കീർത്തനം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അവൻ ഒരിക്കലും നരകത്തെ പ്രാപിക്കുകയോ, യമദൂതന്മാരുടെ നോട്ടം അവനിൽ പതിയുകയോ ചെയ്യുന്നില്ല. പാപിയായിരുന്നാൽ പോലും അവൻ വിഷ്ണുലോകത്തിൽ സം‌പൂജ്യനായിമാറുന്നു. മരണസമയം പുത്രന്റെ പേരായി ഹരിയുടെ നാമം ഉച്ചരിച്ച പാപിയായ അജാമിളൻ പോലും വൈകുണ്ഠധാമത്തെ പ്രാപിച്ചുവെങ്കിൽ ശ്രദ്ധാഭക്തിസമന്വിതം അത് കീർത്തിക്കുന്നവന്റെ കാര്യം പറയേണമോ?.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Ajamilopakhyanam

6.1 അജാമിളോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ദ്ധ്യായം‌ 1
(അജാമിളോപാഖ്യാനം)


പരീക്ഷിത്ത് രാജാവ് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, ദുസ്തരമായ ഈ സംസാരത്തിൽനിന്നും നിവർത്തിക്കുവാനുള്ള മാർഗ്ഗം അങ്ങ് മുന്നേതന്നെ വേണ്ടവിധത്തിൽ ഉപദേശിച്ചതാണു. ആ മാർഗ്ഗത്തിലൂടെ വിദ്യയും തപസ്സും യോഗങ്ങളും അനുഷ്ഠിച്ച് ഒടുവിൽ ജീവന്മാർ ബ്രഹ്മദേവനോടൊപ്പം ഭഗവാനിൽ ലയിക്കുന്നു. അല്ലയോ മുനേ!, കൂടാതെ, പ്രകൃത്യാലുള്ള വാസന നശിക്കാത്തവന് വീണ്ടും വീണ്ടും സുഖദുഃഖാനുഭവങ്ങൾക്കായി ശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്നു. പ്രസ്തുതശരീരങ്ങൾക്കനുസരിച്ച് വാസനകളും വളരുന്നു. ഈ വാസനകളിലൂടെ ഒരുവൻ പ്രവൃത്തിമാർഗ്ഗത്തെ മറികടക്കുന്നുവെന്നതും അങ്ങ് മുമ്പ് പറഞ്ഞുകഴിഞ്ഞു. അധാർമ്മികവൃത്തിയിലൂടെ ജീവൻ അനുഭവിക്കുന്ന പലേതരം നരകയാതനകളെക്കുറിച്ചും,  സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചും അങ്ങിതിനകം വിവരിച്ചുകഴിഞ്ഞു. അതിനുപുറമെ, ഉത്താനപാദമഹാരാജാവിന്റെ പരമ്പരയെക്കുറിച്ചും, അവരുമായി ബന്ധപ്പെട്ട കഥകളെക്കുറിച്ചും, ദ്വീപുകൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, പർവ്വതങ്ങൾ, വൃക്ഷങ്ങൾ, ഉപവനങ്ങൾ എന്നിവയും, അവയുടെ ലക്ഷണങ്ങളും അളവുകളും കൊണ്ട് ധരാമണ്ഡലത്തിന്റെ അവസ്ഥിതിയെക്കുറിച്ചും, ജ്യോതിർഗ്ഗോളങ്ങളുടേയും അധോലോകങ്ങളുടെ അവസ്ഥിതിയും, അവയെയെല്ലാം ഈശ്വരൻ ഏതുവിധം സൃഷ്ടിച്ചുവോ, അപ്രകാരംതന്നെ അങ്ങ് വിവരിക്കുകയുണ്ടായി. ഹേ മഹാത്മാവേ!, ഈ ലോകത്തിൽ മനുഷ്യൻ എങ്ങനെയാണ് യാതനകൾ നിറഞ്ഞ ഈ നരകത്തെ തരണം ചെയ്യേണ്ടതെന്നുകൂടി പറയാൻ കനിവുണ്ടാകണം.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, ശരീരംകൊണ്ടും മനസ്സുകൊണ്ടും വാക്കുകൾകൊണ്ടും ചെയ്യപ്പെട്ട പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാതെ മരിക്കുന്നവൻ തീർച്ചയായും മേൽ വിവരിക്കപ്പെട്ട നരകങ്ങളിൽത്തന്നെ എത്തപ്പെടുന്നു. അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞതാണു. അതുകൊണ്ട്, കഴിവുള്ള വൈദ്യന്മാർ അസുഖത്തെ യഥാസമയം കണ്ടുപിടിച്ച് ചികിത്സ വിധിക്കുന്നതുപോലെ, കാലവിളംബം വരാതെ, ശരീരത്തിന് ശക്തിക്ഷയം സംഭവിക്കുന്നതിനുമുന്നേതന്നെ തങ്ങളാൽ ചെയ്യപ്പെട്ട പാപങ്ങളുടെ പരിഹാരക്രിയകൾ ചെയ്യേണ്ടതാണു.

പരീക്ഷിത്ത് പറഞ്ഞു: അല്ലയോ മഹർഷേ!, ചുറ്റും കണ്ടിട്ടും കേട്ടിട്ടും പാപവൃത്തി ഹാനീകരമാണെന്നറിഞ്ഞിട്ടും പ്രകൃത്യാ അവശനായി മനുഷ്യൻ വീണ്ടും പാപംതന്നെ ചെയ്യുന്നു. അങ്ങനെയെങ്കിൽ പ്രായശ്ചിത്തം എങ്ങനെ സാധ്യമാകാനാണു?. അല്പകാലം പാപവൃത്തിയിൽനിന്ന് വിട്ടുനിൽക്കുകയും, പിന്നീട് വീണ്ടും അതുതന്നെ ആചരിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ, ഈ പ്രായശ്ചിത്തമെന്നത് ആനയുടെ കുളി പോലെ വ്യർത്ഥമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നതു.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജാവേ!, അജ്ഞാനിയായവൻ കർമ്മിയായിരിക്കുമ്പോൾ പ്രായശ്ചിത്തകർമ്മങ്ങൾകൊണ്ട് ദുഷ്കൃതനാശം സംഭവിക്കുമെന്ന് കരുതാൻ സാധ്യമല്ല. അതുകൊണ്ട്, പ്രായശ്ചിത്തം ശരിക്കും അദ്ധ്യാത്മവിചാരത്തിലൂടെ മാത്രമേ സംഭവിക്കുന്നുള്ളൂ. പഥ്യവ്യവസ്ഥയിൽ മാത്രം ആഹരം കഴിക്കുന്നയാൾ രോഗങ്ങൾക്ക് വിധേയനാകുന്നില്ലെന്നതുപോലെ, ആത്മനിയന്ത്രണം പാലിക്കുന്നവൻ ആത്മസുഖത്തിന് യോഗ്യനായിത്തീരുന്നു. തപസ്സുകൊണ്ടും ബ്രഹ്മചര്യംകൊണ്ടും ശമം കൊണ്ടും ദമം കൊണ്ടും ത്യാഗം കൊണ്ടും സത്യം കൊണ്ടും ശൌചം കൊണ്ടും യമനിയമാദികൾകൊണ്ടും ധീരന്മാരായ ധർമ്മജ്ഞന്മാർ ശ്രദ്ധയോടുകൂടി ഏത് വലിയ പാപത്തേയും ഓടക്കാടിനെയെന്നതുപോലെ ഇല്ലാതാക്കുന്നു. അനന്യമായ ഭക്തിയോടെ ഭഗവാനിൽ മാത്രം ആശ്രയിച്ചുകൊണ്ട് ചിലർ, സൂര്യൻ മൂടൽമഞ്ഞിനെ ഉരുക്കിക്കളയുന്നതുപോലെ, പാപത്തെ പൂർണ്ണമായും നശിപ്പിക്കുന്നു.

ഹേ രാജൻ!, ഭഗവദ്ധാസന്മാരുടെ സേവനംകൊണ്ടും ഭഗവാനിൽ അർപ്പിതമായ മനസ്സോടുംകൂടിയും ഭക്തന്മാർ വിശുദ്ധരാകുന്നതുപോലെ പാപചാരികൾക്ക് അതിന് കഴിയുന്നില്ല. അതുകൊണ്ട്, ഭക്തിമാർഗ്ഗത്തിലൂടെ ഭയാശങ്കകൾമാറി ക്ഷേമമുണ്ടാകുന്നു. കാരണം, ഭഗവദ്ഭക്തന്മാർ സുശീലരും നിഷ്കാമന്മാരും ഭഗവാനിൽ മാത്രം ആശ്രയം കൊള്ളുന്നവരുമാകുന്നു. ഹേ രാജശ്രേഷ്ഠാ!, പ്രായശ്ചിത്തകർമ്മങ്ങൾ ഭഗവാങ്കൽ സമർപ്പിതമല്ലാതെയാണ് ചെയ്യപ്പെടുന്നതെങ്കിൽ, യാതൊരു നദികൾക്കും മദ്യക്കുടത്തെ ശുദ്ധമാക്കാൻ കഴിയാത്തതുപോലെ, അത് യാതൊരു ഹൃദയത്തേയും പൂർണ്ണമായി ശുദ്ധീകരിക്കുന്നില്ല. ഇവിടെ ഭഗവദ്ഗുണങ്ങളിൽ ആകൃഷ്ടനായി ഒരിക്കലെങ്കിലും അവിടുത്തെ പാദാരവിന്ദങ്ങളിൽ മനസ്സുറക്കപ്പെട്ടിട്ടുള്ള ഭക്തന്മാർ സ്വപ്നത്തിൽ പോലും കയറേന്തിയ യമദൂതന്മാരെ നിശ്ചിതമായും കാണുന്നതല്ല. ഈ വിഷയത്തിൽ ഒരു പുരാവൃത്തത്തെ ഉദാഹരണമായി പറയുന്നുണ്ടു. വിഷ്ണുവിന്റേയും ധർമ്മരാജന്റേയും ദൂതന്മാർ തമ്മിലുള്ള വാദപ്രതിവാദമാകുന്ന ആ കഥയെ അങ്ങ് എന്നിൽനിന്നും കേട്ടറിഞ്ഞാലും.

ഒരിക്കൽ കന്യാകുബ്ജമെന്ന ഒരു നഗരത്തിൽ അജാമിളൻ എന്നുപേരായ ഒരു ബ്രാഹ്മണൻ ഒരു വേശ്യാസ്ത്രീയെ വിവാഹം കഴിച്ചു ജീവിച്ചിരുന്നു. അവളോടുള്ള കൂട്ടുകെട്ടാൽ അയാളുടെ സദാചാരവൃത്തികൾ അപ്പാടെ നിലക്കപ്പെട്ടു. യാത്രക്കാരെ കൊള്ളയടിച്ചും ചൂതുകളിച്ചും കള്ളം പറഞ്ഞും മോഷ്ടിച്ചും നിന്ദ്യമായ ജീവിതരീതിയെ അവലംബിച്ച് അശുദ്ധനായി അജാമിളൻ ജനങ്ങളെ ശല്യപ്പെടുത്തിക്കൊണ്ട് തന്റെ കുടുംബം പുലർത്തിപ്പോന്നു. ആ വേശ്യയിൽ പിറന്ന തന്റെ മക്കളെ ലാളിച്ചുകൊണ്ട്, അല്ലയോ രാജാവേ!, അജാമിളന്റെ ആയുസ്സിന്റെ എൺപ്പത്തിയെട്ടു വർഷക്കാലം കഴിഞ്ഞുപോയി. അദ്ദേഹത്തിന് പത്തു മക്കളുണ്ടായിരുന്നെങ്കിലും ഏറ്റവും ഇളയവനും നാരായണൻ എന്ന് നാമകരണം ചെയ്യപ്പെട്ടവനുമായവൻ ആ ദമ്പതിമാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. തേനൂറുന്ന അവന്റെ മൊഴിയിലും ചേഷ്ടയിലും മനമലിഞ്ഞ ആ വൃദ്ധൻ അവന്റെ കളിയും ചിരിയും കണ്ട് അത്യന്തം ആനന്ദിച്ചു. ഉണ്ണുമ്പോഴും കുടിക്കുമ്പോഴും തന്റെ പിഞ്ചുപൈതലിനെ ഊട്ടിയും കുടിപ്പിച്ചും ഭോഷനായ ആ മനുഷ്യൻ മരണം അടുത്തെത്തിയതറിഞ്ഞതേയില്ല. അജ്ഞാനിയായ ആ ബ്രാഹ്മണൻ മരണമാസന്നമാകുന്നസമയത്തും നാരായണൻ എന്ന തന്റെ കുഞ്ഞുമകനിൽ ആസക്തനായി കഴിഞ്ഞുപോന്നു.

അങ്ങനെയിരിക്കെ, ഒരുദിവസം, വക്രമായ മുഖത്തോടുകൂടിയവരും മേലോട്ടാഞ്ഞ ശരീരരോമമുള്ളവരും പാശഹസ്തരായവരും അതിഭീകരസ്വരൂപികളുമായ മൂന്നുപേർ തന്നെ കൊണ്ടുപോകാനെത്തിയതറിഞ്ഞ് സർവ്വ ഇന്ദ്രിയങ്ങളും പതറിപ്പോയ അജാമിളൻ ആ സമയം, അങ്ങകലെ കളിയിൽ മുഴുകിയിരുന്ന നാരായണൻ എന്നുപേരുള്ള തന്റെ പുത്രനെ ഉച്ഛത്തിൽ നീട്ടിവിളിച്ചു. അല്ലയോ മഹാരാജാവേ!, മരിക്കാൻ തുടങ്ങുന്ന ആരോ തങ്ങളുടെ സ്വാമിയുടെ നാമമായ നാരായണമന്ത്രം ഉച്ഛരിക്കുന്നതുകേട്ട മാത്രയിൽ വിഷ്ണുപാർഷദന്മാർ അവിടെ പാഞ്ഞെത്തി. വേശ്യാപതിയായ അജാമിളനെ ഹൃദയത്തിൽനിന്നും ആകർഷിച്ചെടുക്കാൻ ശ്രമിച്ച യമകിങ്കരന്മാരെ വിഷ്ണുപാർഷദന്മാർ ബലാത്ക്കാരമായി തടഞ്ഞു. തങ്ങളെ സ്വധർമ്മത്തിൽനിന്നും വിലക്കുന്നവരെ നോക്കി യമകിങ്കരർ ചോദിച്ചു:

യമരാജന്റെ കല്പനയെ വകവയ്ക്കാത്ത നിങ്ങളാരാണു?. ആരുടെ ആൾക്കാരാണ് നിങ്ങൾ? എവിടെനിന്ന് വരുന്നു? ദേവന്മാരാണോ? അതോ ഉപദേവന്മാരോ മഹാസിദ്ധന്മാരാ? എന്തിനുവേണ്ടിയാണ് ഇവനെ കൊണ്ടുപോകുന്നതിൽനിന്നും നിങ്ങൾ ഞങ്ങളെ തടയുന്നതു?. നിങ്ങളെല്ലാവരും താമരയുടെ വിശാലമായ ഇതളുകൾ പോലുള്ള നേത്രങ്ങളോടുകൂടിയവരും മഞ്ഞപ്പട്ടുടയാട ധരിച്ചവരും കിരീടവും കുണ്ഡലങ്ങളുമണിഞ്ഞവരും പരിലസിക്കുന്ന താമരമാലയണിഞ്ഞവരും യൌവ്വനയുക്തരും വില്ലു, തൂണീരം, വാൾ, ഗദ, ശംഖു, ചക്രം, താമഎന്നിവയേന്തിയ മനോഹരങ്ങളായ കൈകളോടുകൂടിയവരുമാണു. നിങ്ങളുടെ തേജസ്സിനാൽ ദിശകളിൽ ഇരുളും വെളിച്ചവുമില്ലാതായിരിക്കുന്നു. ധർമ്മദേവന്റെ ദൂതരായ ഞങ്ങളെ എന്തിനുവേണ്ടിയാണ് നിങ്ങൾ തടയുന്നതു?.

ഹേ രാജൻ!, ഇങ്ങനെ യമദൂതന്മാർ ചോദിച്ച സമയത്ത് ഭഗവദ്പാർഷദന്മാർ ചിരിച്ചുകൊണ്ട് ഇടിയൊച്ചയുടെ മുഴക്കത്തിൽ ഇപ്രകാരം പറഞ്ഞു: ഹേ യമധർമ്മദൂതരേ!, നിങ്ങൾ അദ്ദേഹത്തിന്റെ കല്പനകളെ പാലിക്കുന്നവരണെങ്കിൽ, ധർമ്മത്തിന്റെ സ്വരൂപവും ലക്ഷണവും കൂടി ഞങ്ങളോട് പറയുവിൻ. എന്താണ് ദണ്ഡനവിധിയുടെ വിഷയം? മനുഷ്യർക്കിടയിൽ പാപചാരികളായ എല്ലാവരേയും ശിക്ഷിക്കേണ്ടതുണ്ടോ? അതോ അവരിൽ ചിലർ മാത്രമാണോ ശിക്ഷാർഹരായുള്ളതു?

അതുകേട്ട് യമദൂതന്മാർ പറഞ്ഞു: വേദങ്ങളിൽ പറഞ്ഞിട്ടുള്ള സദാചാരത്തെയാണ് ധർമ്മം എന്നു പറയുന്നതു. അപ്രകാരം, അതിന് വിപരീതമാകുന്നതെന്തും അധർമ്മമാണെന്നറിയുക. വേദം എന്നത് ഭഗവാൻ നാരായണനാണെന്നും അത് സ്വയംജാതമാണെന്നുമാണ് ഞങ്ങൾ കേട്ടിരിക്കുന്നതു. സർവ്വകാരണകാരണനായ നാരായൺ തന്റെ ധാമത്തിൽ കുടികൊള്ളുന്നു. അതേസമയംതന്നെ, അവൻ സ്വത്വാദിത്രിഗുണങ്ങൾക്കനുസരിച്ച് ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടുമിരിക്കുന്നു. അപ്രകാരം, ത്രിഗുണാധിഷ്ഠിതമായി ഓരോ ജീവന്മാരും വ്യത്യസ്ഥങ്ങളായ ഗുണങ്ങൾക്കും ബ്രാഹ്മണാദി നാമരൂപങ്ങൾക്കും വിധേയരായി വ്യക്തമാകുകയും ചെയ്യുന്നു. ഈ ജീവന്മർ നിത്യനിരന്തരം ചെയ്യുന്ന കർമ്മങ്ങൾക്ക് സൂര്യൻ, അഗ്നി, ആകാശം, വായു, സ്വർഗ്ഗം, ചന്ദ്രൻ, സന്ധ്യ, പകൽ, രാത്രി, ദിക്കുകൾ, ജലം, ഭൂമി, കാലം, ധർമ്മദേവൻ, എന്നവർ സാക്ഷിയായി നിലകൊള്ളുന്നു. അവരുടെ സാക്ഷിത്വത്തിൽ ജീവന്മാർ ചെയ്യുന്ന അധർമ്മകൃത്യങ്ങൾ ശിക്ഷയ്ക്ക് വിഷയമാകുന്നു. കർമ്മചാരികളെല്ലാവരും വലുതും ചെറുതുമായ തങ്ങളുടെ സകലകർമ്മങ്ങൾക്കും വിധിക്കപ്പെട്ട ശിക്ഷകളെ ഏറ്റുവാങ്ങേണ്ടിവരുന്നു. ഹേ അനഘന്മാരേ!, കർമ്മികൾക്കെല്ലാം ത്രിഗുണങ്ങളോട് സംബന്ധമുള്ളതുകൊണ്ട് അവരിൽനിന്നും നല്ലതും ചീത്തയുമായ പലതരം കർമ്മങ്ങൾ സംഭവിക്കുന്നു. ശരീരം സ്വീകരിച്ചവർക്ക് കർമ്മം കൂടാതെ അസ്ഥിത്വം സാധ്യമല്ലതാനും. ഈ ജന്മത്തിൽ ചെയ്യപ്പെടുന്ന പുണ്യപാപങ്ങളാകുന്ന സകല കർമ്മങ്ങളുടേയും ഫലം മറുജന്മത്തിൽ അനുഷ്ഠാക്കൾക്ക് അനുഭവിക്കേണ്ടിവരുന്നു. അല്ലയോ ദേവപ്രവരന്മാരേ!, ഈ ജന്മത്തിൽ ശരീരികളിൽ കാണപ്പെടുന്ന നല്ലതും ചീത്തയും അതുപോലെ രണ്ടും കലർന്നതുമായ വിവിധ സ്വഭാവങ്ങൾ മറുജന്മങ്ങളിലും അവരിൽ അനുമാനിക്കപ്പെടാവുന്നതാണു. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ കാലം കഴിഞ്ഞുപോയാൽ, മുമ്പുണ്ടായിരുന്നതും ഇനി വരാൻപോകുന്നതുമായ കാലങ്ങളെക്കുറിച്ച് നമുക്കനുമാനിക്കാമെന്നതുപോലെ, ഇപ്പോൾ സംഭവിച്ചിരിക്കുന്ന ജന്മം മുമ്പുണ്ടായിരുന്നതും ഇനി വരാൻ പോകുന്നതുമായ ധർമ്മാധർമ്മസമ്മിശ്രജന്മങ്ങളുടെ ജ്ഞാപകങ്ങളായി മനസ്സിലാക്കാവുന്നതാണു. ജന്മാദിരഹിതനായ ഭഗവാൻ പ്രാണികളുടെ ഹൃദയത്തിലിരുന്നുകൊണ്ട് അവയുടെ പൂർവ്വജന്മങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു. അതുപോലെതന്നെ ഇനിവേണ്ടതെന്തെന്നുള്ളതും അവൻ ചിന്തിച്ചുറയ്ക്കുന്നു.

ഉറങ്ങിക്കിടക്കുന്നവൻ സ്വപ്നത്തിൽ താൻ കാണുന്നതെല്ലാം സത്യമെന്നറിയുന്നതുപോലെ, അജ്ഞനായ ആത്മാവ് പൂർവ്വജന്മസ്മരണ നശിച്ചവനായിട്ട് വർത്തമാന ശരീരത്തെമാത്രം താനെന്നഭിമാനിക്കുന്നു. തന്റെ മുജ്ജന്മങ്ങളേയും ഇനി വരാൻ സാധ്യതയുള്ള ജന്മങ്ങളേയും അവൻ അറിയുന്നില്ല. സംസാരികളായവർ അഞ്ചു കർമ്മേന്ദ്രിയങ്ങൾകൊണ്ട് കർമ്മങ്ങൾ ചെയ്യുകയും, നേത്രാദികളായ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾകൊണ്ട് വിഷയങ്ങളെ ഗ്രഹിക്കുകയും, ഇങ്ങനെ പത്തിന്ദ്രിയങ്ങളും അഞ്ചു വിഷങ്ങളും മനസ്സും ചേർന്ന പതിനാറ് ഉപാധികൾക്കുമേൽ പതിനേഴാമനായി സ്വയം ജീവനായിരുന്നുകൊണ്ട് സുഖങ്ങളും ദുഃഖങ്ങളും അവയുടെ മിശ്രമായ അനുഭവങ്ങളും അനുഭവിക്കുന്നു. ഇങ്ങനെ പതിനാറുപാധികളുള്ളതും സത്വാദിഗുണത്രയങ്ങൾക്ക് വിധേയവും അനാദിയുമായ ഇപ്പറഞ്ഞ സൂക്ഷ്മശരീരം ജീവന് സന്തോഷം, സന്താപം, ഭയം മുതലായവയെ പ്രദാനം ചെയ്യുന്ന സംസാരത്തെ വീണ്ടും വീണ്ടും സാധ്യമാക്കിത്തീർക്കുന്നു. തുടർന്ന്, അജ്ഞാനിയായി, മനസ്സുൾപ്പെടെയുള്ള ആറ് ഇന്ദ്രിയങ്ങളെ ജയിക്കാതെ, ദേഹി തന്റെ ഇച്ഛാനുസരണം വിവിധ കർമ്മങ്ങൾ ചെയ്യുന്നു. അങ്ങനെ അജ്ഞാനത്താൽ ആത്മസ്വരൂപത്തെ മറച്ചുവച്ചുകൊണ്ട് കൂടുകെട്ടി അതിൽനിന്നും പുറത്തുവരുവാൻ കഴിയാത്തതുപോലെ ഉഴലുന്നു. ഇവിടെ യാതൊരുത്തർക്കും കർമ്മം കൂടാതെ നിമിഷനേരത്തെപോലും ജീവിതം സാധ്യമല്ല. കാരണം, സ്വതസിദ്ധമായ ഗുണങ്ങളാൽ തന്നിഷ്ടത്തോടെയല്ലാതെതന്നെ ബലാൽക്കാരമായി കർമ്മം ചെയ്യിക്കപ്പെടുന്നു. ജീവന്റെ പൂർവ്വജന്മസംസ്ക്കാരങ്ങളോടുചേർന്ന്, അതിശക്തമായ വാസനകളാൽ, മാതാവിനോ പിതാവിനോ സദൃശമായ രൂപത്തോടുകൂടി സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾ ജീവൻ സ്വീകരിക്കുന്നു. ഇങ്ങനെ പ്രകൃതിയോടുചേർന്ന് ലഭിക്കുന്ന ഈ വൈപരീത്യം ഈശ്വരനോട് ചേരുമ്പോൾ പെട്ടെന്നുതന്നെ ഇല്ലാതാകുന്നതുമാണു.

ഹേ ദേവതകളേ!, ഈ അജാമിളൻ ശ്രുതസമ്പന്നനും, സത്സ്വഭാവിയും, വ്രതനിഷ്ഠയുള്ളവനും, സൌ‌മ്യനും, അടക്കമുള്ളവനും, സത്യസന്ധനും, മന്ത്രജ്ഞനും, ശുചിയും, ഗുരു, അഗ്നി, അതിഥി, വൃദ്ധർ എന്നിവരെ ശുശ്രൂഷിക്കുന്നവനും, അഹങ്കാരരഹിതനും, സർവ്വഭൂതങ്ങളുടെ സുഹൃത്തും, സാധുവും, മിതഭാഷിയും, അസൂയയില്ലാത്തവനുമായിരുന്നു. ഒരിക്കൽ ഇവൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ചുകൊണ്ട് വനത്തിൽ പോയി പൂജയ്ക്കുള്ള കനികളും പൂക്കളും ചമതയും ദർഭപ്പുല്ലും മറ്റും സംഭരിച്ചുകൊണ്ടു മടങ്ങുകയായിരുന്നു. ആ സമയം, കാട്ടിൽ മൈരേയമെന്ന മദ്യം സേവിച്ച് അതിന്റെ മത്തിറങ്ങി മദോന്മത്തയായും അഴിഞ്ഞുലയുന്ന മുടിക്കുത്തോടുകൂടിയവളുമായ ഒരു ദാസിപ്പെണ്ണിനോടൊപ്പം, അവൾക്ക് ശിങ്കിടിപാടുന്ന നിർല്ലജ്ജനും കാമബാധിതനും ദുർമാർഗ്ഗിയുമായ ഒരു ശൂദ്രനെ കാണാനിടയായി. കാമം വളർത്തുന്ന സുഗന്ധലേപനങ്ങൾ പൂശിയ കൈകൾകൊണ്ട് അവൾ അയാളെ കെട്ടിപ്പുണരുന്നതുകണ്ട നിമിഷത്തിൽ ഇവൻ വിവേകഭ്രഷ്ടനാകുകയും കാമത്തിന്നടിപ്പെട്ടുപോകുകയും ചെയ്തു. അളവറ്റ മനോധൈര്യമുണ്ടായിരുന്നിട്ടും വേദശാസ്ത്രങ്ങളറിഞ്ഞിരുന്നിട്ടും ഇവന് മന്മഥനാൽ ഉലയ്ക്കപ്പെട്ട തന്റെ മനസ്സിനെ അടക്കാൻ കഴിഞ്ഞില്ല. കഷ്ടമെന്നു പറയട്ടെ!, അവൾ മുഖേന മനസ്സ് കൈവിട്ടുപോയ അജാമിളൻ സ്വബോധം നഷ്ടപ്പെടുത്തി അവളെത്തന്നെ ഓർത്തുകൊണ്ട് തന്റെ ധർമ്മത്തിൽനിന്നും വഴിപിഴച്ചുപോയി.

പിതാവിൽനിന്നു ലബ്ദമായ ധനമത്രയും കൊണ്ട് അവളെ മാത്രം സുഖിപ്പിക്കുവായി എന്തെല്ലാം മനോര‌മ്യങ്ങളായ കാമങ്ങൾ സാധിക്കാമോ, അതത്രയും ഇയാൾ അവൾക്കുവേണ്ടി സാധിപ്പിച്ചു. ഉന്നതകുടുംബത്തിൽനിന്നും വിവാഹം ചെയ്ത യൌവ്വനയുക്തയായ തന്റെ ഭാര്യയെ ഒരു ദാസിപ്പെണ്ണിന്റെ പാട്ടിലായ ഈ മഹാപാപി ഉപേക്ഷിക്കുകയും ചെയ്തു. ആ വേശ്യയുടെ കുടുംബത്തെ ഭരിക്കുവാനായി മന്ദബുദ്ധിയായ ഇവൻ നീതിയോടെയും അനീതിയോടെയും പലയിടങ്ങളിൽനിന്നും പല മാർഗ്ഗങ്ങളിലൂടെയും ധാരാളം ധനം സമ്പാദിക്കുവാൻ തുടങ്ങി. ധർമ്മത്തെ മറികടന്ന്, തന്നിഷ്ടമാചരിക്കുന്നവനും സജ്ജനനിന്ദ ചെയ്യുന്നവനും ഇക്കാലമത്രയും പാപം മാത്രം ചെയ്തവനും അശുദ്ധനും അശുദ്ധഭക്ഷണം കഴിക്കുന്നവനും പാപിയും പ്രായശ്ചിത്തം ചെയ്യാത്തവനുമായ ഇവനെ, ഇക്കാരണങ്ങളാൽ ഞങ്ങൾ യമധർമ്മന്റെ പക്കലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണു. അവിടെനിന്നും പീഡിതനായി ഇവൻ വീണ്ടും പാപമുക്തനാകുന്നതുമാണു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Ajamilopakhyanam

2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

5.26 നരകവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം ‌ 26
(നരകവർണ്ണനം)



പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: ഹേ ഗുരോ!, ലോകത്തിൽ ജീവഭൂതങ്ങൾക്കിടയിൽ ഈവിധത്തിലുള്ള ഭോഗാനുഭവവൈവിധ്യങ്ങൾ എങ്ങനെയാണുണ്ടാകുന്നതു?

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ലോകത്തിൽ കർമ്മങ്ങൾ ത്രിഗുണാനുസൃതമായി മൂന്നുവിധത്തിൽ സംഭവിക്കുന്നു. ജീവഭൂതങ്ങൾ ഇവിടെ സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾക്ക് വിധേയരായി കർമ്മങ്ങളനുഷ്ഠിക്കുന്നു. ആയതിനാൽ, അവയുടെ ഫലങ്ങളും വ്യത്യസ്ഥങ്ങളായിരിക്കുന്നു. സത്വഗുണത്തിൽ അധിഷ്ഠിതരായി പുണ്യകർമ്മങ്ങൾ ചെയ്യുന്നവർ വിവിധങ്ങളായ സ്വർഗ്ഗങ്ങളെ പ്രാപിക്കുന്നു. അതുപോലെ തമോഗുണികളായി പാപവൃത്തികളിലേർപ്പെട്ട ജീവന്മാർ വിവിധ നരകങ്ങളേയും പ്രാപിക്കുന്നു. ഈ നരകങ്ങളിൽ പ്രധാനപ്പെട്ടവ ഞാൻ ഇനി വിസ്തരിച്ച് പറയാം.

അപ്പോൾ പരീക്ഷിത്ത് ശുകനോട് ചോദിച്ചു: ഹേ മഹാനായ ഋഷേ!, ഈ നരകങ്ങൾ ഭൂമിയിൽതന്നെയാണോ?, അതോ ഈ പ്രപഞ്ചത്തിനുപുറത്തുള്ളവയാണോ?, അതോ ഇനി ഭൂമിയിൽ നിന്നുവിട്ട് ബ്രഹ്മാണ്ഡാവരണങ്ങൾക്കിടയിലുള്ളവയാണോ? എന്നു പറഞ്ഞരുളിയാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, നരകലോകങ്ങളെല്ലാംതന്നെ ബ്രഹ്മാണ്ഡാവരണങ്ങൾക്കിടയിൽതന്നെയാണുള്ളതു. അവ ഈ പ്രപഞ്ചത്തിന്റെ തെക്ക് ഭാഗത്ത്, ഭൂമണ്ഡലത്തിനു താഴെയായും ജലവിതാനത്തിൽനിന്ന് മീതെയായും നിലകൊള്ളുന്നു. പിതൃലോകങ്ങളും അവിടെയാണുള്ളതു. ഇവിടെ അഗ്നിഷ്വാത്തൻ മുതലായ പിതൃദേവഗണങ്ങൾ ആശ്ശിസ്സുകളെ കാമിച്ചുകൊണ്ട് ഭഗവാനെ ധ്യാനിക്കുന്നു. പിതൃക്കളുടെ രാജാവായ യമധർമ്മൻ തന്റെ കിങ്കരന്മാരോടൊപ്പം പിതൃലോകത്തിൽ വസിക്കുന്നു. ഭഗവദ്നിർദ്ദേശാനുസരണം, യമകിങ്കരന്മാർ പരേതാത്മാക്കളെ യമധമ്മസന്നിധിയിലെത്തിക്കുകയും, തുടർന്ന്, അവരിൽ പാപകർമ്മികളായവരെ അവരുടെ കർമ്മങ്ങൾക്കനുസരിച്ച് വിവിധ നരകങ്ങളിലേക്കയയ്ക്കുകയും ചെയ്യുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇരുപത്തിയൊന്ന് നരകങ്ങളാണുള്ളതു. എന്നാൽ, ചിലർ ഇരുപത്തിയെട്ടുണ്ടെന്നും പറയുന്നുണ്ടു. അവയെ ഞൻ അവയുടെ നാമരൂപലക്ഷണങ്ങളോടൊപ്പം അങ്ങേയ്ക്കുവേണ്ടി വിസ്തരിക്കാം. മേൽപറഞ്ഞ നരകങ്ങളുടെ നാമങ്ങൾ താമിസ്രം, അന്ധതാമിസ്രം, രൌരവം, മഹാരൌരവം, കുംഭീപാകം, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപം, കൃമിഭോജനം, സന്ദംശം, തപ്തസൂർമി, വജ്രകണ്ടകശാൽമലി, വൈതരണി, പൂയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി, യഃപാനം, ക്ഷാരകർദമം, രക്ഷോഗണഭോജനം, ശൂലപ്രോതം, ദന്ദശൂകം, അവടനിരോധനം, പര്യാവർത്തനം, സൂചീമുഖം എന്നിവയാണു. ഇവയെല്ലാം ജീവഭൂതങ്ങൾക്ക് തങ്ങളുടെ ദുഃഷ്കർമ്മങ്ങളുടെ ഫലങ്ങളെ പ്രദാനം ചെയ്യുവാനായിട്ടുള്ളവയാകുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, പരന്റെ ഭാര്യയേയോ കുട്ടികളേയോ ധനത്തിനേയോ അപഹരിക്കുന്നവനെ യമദൂതർ മരണാനന്തരം കാലപാശത്താൽ വരിഞ്ഞുകെട്ടി താമിസ്രം എന്ന നരകത്തിലേക്കെടുത്തെറിയുന്നു. ഇരുളടഞ്ഞ ഈ നരകത്തിൽ അവർ അവനെ അതിക്രൂരമായി മർദ്ദിക്കുകയും ഭർത്സിക്കുകയും ചെയ്യുന്നു. ജലപാനം പോലുമില്ലാതെ അവൻ അവിടെ പട്ടിണികിടക്കേണ്ടിവരുന്നു. കാരുണ്യം ലവലേശമില്ലാത്ത യമദൂതന്മാരുടെ ആക്രമണത്തിൽ ചിലനേരം അവൻ ബോധരഹിതനാകുന്നു.

പരന്റെ ഭാര്യയേയും മറ്റും ചതിയിലൂടെ വലവീശിപ്പിടിച്ചനുഭവിക്കുന്നവൻ അന്ധതാമിസ്രം എന്ന നരകലോകത്തിൽ അടയ്ക്കപ്പെടുന്നു. അവിടെ അവൻ കടമുറിച്ച് വീഴ്ത്തപ്പെടുന്ന മരം പോലെ നിലം പൊത്തുന്നു. അന്ധതാമിസ്രനരകത്തിലെത്തുന്നതിനുമുന്നേതന്നെ ഇങ്ങനെയുള്ളവർ മറ്റനേകം ശിക്ഷകൾക്ക് വിധേയരാകുന്നു. ഈ അഴലിൽ അവന് തന്റെ ബുദ്ധിയും കാഴ്ചയും നഷ്ടപ്പെട്ടുപോകുന്നു. ആയതിനാലാണ് ഈ നരകത്തെ പണ്ഡിതർ അന്ധതാമിസ്രമെന്ന് വിളിക്കുന്നതു.

ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവൻ രാപ്പകലില്ലാതെ അതിനേയും അതുമായി ബന്ധപ്പെട്ട മറ്റു ശരീരങ്ങളേയും നിലനിർത്തുവാനും പോഷിപ്പിക്കുന്നതിനുമായി കഷ്ടപ്പെടുന്നു. ശ്രമത്തിനിടയിൽ അവൻ മറ്റുള്ളവരെ ദ്രോഹിക്കുന്നു. അങ്ങനെയുള്ളവർ മരണമെത്തുമ്പോൾ തന്റെ ശരീരത്തേയും കുടുംബത്തേയും ഉപേക്ഷിച്ച്, മറ്റുള്ളവരെ ആക്രമിച്ചതുവഴി സമ്പാദിച്ച കർമ്മഫലവുമായി രൌരവം എന്ന നരകത്തിലേക്ക് തള്ളപ്പെടുന്നു. ഈ ജന്മത്തിൽ അവർ അനേകം ജീവഭൂതങ്ങളെ ദ്രോഹിക്കുന്നു. ദേഹാവസാനത്തിൽ അവർ യമരാജനുമുന്നിൽ സമർപ്പിതരാകുന്നു. അവിടെ അവനാൽ ദ്രോഹിക്കപ്പെട്ട ജീവാത്മാക്കൾ രുരുക്കൾ എന്ന മൃഗങ്ങളുടെ വേഷത്തിൽ അവനെ കടിച്ചുകീറുവാനായി ഒരുങ്ങിനിൽക്കുന്നു. പണ്ഡിതന്മാർ ഈ നരകത്തിനെ രൌരവം എന്നു വിളിക്കുന്നു. രുരുക്കൾ നാഗങ്ങളേക്കാൾ പകയുള്ളവരാണു. അതുപോലെതന്നെ തന്റെ ശരീരത്തെ മാത്രം നിലർത്തുന്നതിനായി മറ്റുള്ളവരെ ദ്രോഹിക്കുന്ന പാപാത്മാക്കൾ മഹാരൌരവം എന്ന നരകത്തിലെത്തപ്പെടുന്നു. അവിടെ ക്രവ്യാദമെന്ന രുരുക്കൾ മാംസദാഹികളായി അവനെ കീറിപ്പിളർന്ന് മാംസത്തെ ഭുജിക്കുന്നു.

സ്വശരീരത്തെ പോഷിപ്പിക്കുന്നതിനും നാവെന്ന ഇന്ദ്രിയത്തിനെ തൃപ്തമാക്കുന്നതിനുംവേണ്ടി നാൽക്കാലികളേയും പറവകളേയും ജീവനോടെ ചുട്ടുകരിച്ചു നിഷ്കരുണം ഭുജിക്കുന്നവൻ നരഭോജികളേക്കാൾ അധമന്മാരായി വിശേഷിപ്പിക്കപ്പെടുന്നു. അവർ മരണാനന്തരം കുംഭീപാകം എന്ന നരകത്തിലെത്തി അവിടെ തിളപ്പിച്ച എണ്ണയിൽ വീണു വെന്തുരുകുന്നു. അച്ഛനമ്മമാരേയും ബ്രാഹ്മണരേയും വേദത്തേയും ദ്രോഹിക്കുന്ന പാപാത്മാക്കൾ കാലസൂത്രമെന്ന നരകത്തിൽ വീഴുന്നു. ഈ നരകം പതിനായിരം യോജന ചുറ്റളവുള്ളതും ചെമ്പിൽ തീർത്തതുമാണു. ഈ ചെമ്പ് പ്രതലം കീഴിൽനിന്നും അഗ്നിയാലും മുകളിൽനിന്ന് സൂര്യനാലും ചുട്ടുപഴുത്തികിടക്കുന്നു. അങ്ങനെ ബാഹികമായും ആന്തരികമായും ദുരാത്മാക്കൾ അതിൽ വെന്തുരുകുന്നു. വിശപ്പും ദാഹവും അവനെ ആന്തരികമായി ദുഃഖിപ്പിക്കുമ്പോൾ, സൂര്യതാപത്തൽ അവന്റെ ശരീരം നീറിപ്പുകയുകയും ചെയ്യുന്നു. ആ യാതന സഹിക്കുവാനാകാതെ അവൻ ചിലപ്പോൾ ഇരിക്കുകയും, ചിലപ്പോൾ കിടക്കുകയും, പിന്നെ ചിലപ്പോൾ ഉരുളുകയും, മറ്റുചിലപ്പോൾ എഴുന്നേറ്റ് പരക്കം പായുകയും ചെയ്യുന്നു. ഒരു മൃഗത്തിന്റെ ശരീരത്തിലുള്ള രോമങ്ങളുടെ എണ്ണത്തിനത്ര ആയിരത്താണ്ടുകൾ അവർക്ക് ഈ പീഡനം അനുഭവിക്കേണ്ടിവരുന്നു.

ആപത്ഘട്ടങ്ങളിലല്ലാതെ, വേദോക്തകർമ്മഗതികളെ മറികടന്നു വർത്തിക്കുന്നവരെ മരണാനന്തരം യമകിങ്കരന്മാർ അസിപത്രവനം എന്ന നരകത്തിലടച്ച്, അവിടെവച്ച് അവരെ അവർ ചാട്ടകൊണ്ടടിക്കുന്നു. വേദനകൊണ്ട് നാലുപാടുമോടുമ്പോൾ, യമദൂതർ അവരെ ഇരുതലമൂർച്ഛയുള്ള വാളുകൾ പോലുള്ള കരുമ്പനകാട്ടിലെ ഓലകൾകൊണ്ട് ശരീരത്തിലാകമാനം മുറിവേൽപ്പിക്കുന്നു. അടിക്കടി തളർന്നുവീഴുന്ന അവർ അയ്യോ ഞാൻ ചത്തേ! എന്ന് നിലവിളിക്കുന്നു. സ്വധർമ്മം വെടിഞ്ഞ ദുർമാർഗ്ഗികൾ അസിപത്രവനമെന്ന നരകത്തിൽ ഇങ്ങനെ ദുഃഖിക്കുന്നു.

ഈ ജന്മത്തിൽ രാജാവായിരിക്കെ, അഥവാ രാജാവിന്റെ പ്രതിപുരുഷനായിരിക്കെ, നിരപരാധികളെ ശിക്ഷിക്കുകയോ, ബ്രാഹ്മണരെ ദണ്ഡിക്കുകയോ ചെയ്യുന്നവൻ സൂകരമുഖമെന്ന നരകത്തിൽ നിപതിക്കുന്നു. അവിടെ യമകിങ്കരർ അവന്റെ ശരീരത്തെ കരിമ്പിൻ ദണ്ഡെന്നപോലെ ഞെക്കിപ്പിഴിയുന്നു. വേദനയിൽ അവൻ ഇടയ്ക്കിടെ ബോധംകെട്ടുവീഴുന്നു. ഇങ്ങനെ നിരപരാധികളെ ശിക്ഷിക്കുന്നവർക്കുള്ള ശിക്ഷ മരണാനന്തരം സൂകരമുഖമെന്ന നരകത്തിൽ വിധിക്കപ്പെടുന്നു.

ഭഗവദ്വിധിയാൽ ജന്മം കൊണ്ട കൊതുകുകൾ പോലുള്ള ജീവജാലങ്ങൾ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു. അവരുടെ ഈ പ്രവൃത്തി മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്നുവെന്ന സത്യം ആ നീചജീവികൾ അറിയുന്നില്ല. എന്നാൽ, ബോധവാന്മാരായ ഊർദ്ദ്വജീവഭൂതങ്ങൾക്ക് മരണവേദനയെ അറിയാൻ പ്രയാസമില്ല. അതുകൊണ്ട് അത്തരം പ്രാണികളെ ഹിംസിക്കുന്നതിലൂടെ മനുഷ്യൻ പാപം നേടുകതന്നെ ചെയ്യുന്നു. അങ്ങനെയുള്ള ആത്മാക്കളെ യമദൂതർ അന്ധകൂപമെന്ന നരകത്തിലേക്കെടുത്തെറിയുന്നു. അവിടെ അവനാൽ ഉപദ്രവിക്കപ്പെട്ട പശുക്കൾ, മറ്റുമൃഗങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ മുതലായ ജീവികൾ അവനെ ആക്രമിക്കുന്നു. അങ്ങനെ നാലുപാടുനിന്നും നേരിടുന്ന ആക്രമണത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് അവൻ കുത്സിതമായ ശരീരത്തിൽ ജീവാത്മാവെന്നപോലെ ആ അന്ധതയിൽ ദുഃഖിച്ചുഴലുന്നു.

തനിക്ക് കിട്ടിയ യാതൊരു ഭോജനമാകട്ടെ, അത് പങ്കിടാതെയോ, ഗൃഹസ്ഥന്മാർക്ക് വിധിച്ചിട്ടുള്ള പഞ്ചയജ്ഞത്തെ ചെയ്യാതെയോ, വെറും കാക്കകളെപ്പോലെ തനിയേ ഭുജിക്കുന്ന പക്ഷം, ആ പാപാത്മാവ് മരണാനന്തരം കൃമിഭോജനം എന്ന കൊടും നരകത്തിലെത്തി അവിടെ നൂറായിരം യോജന വിസ്തൃതിയിൽ പരന്നുകിടക്കുന്ന പുഴുക്കുണ്ടിൽ ഒരു പുഴുവായി ജന്മം നേടി, മറ്റുള്ള പുഴുക്കളാൽ ഭക്ഷിക്കപ്പെട്ടും അതുപോലെ മറ്റു പുഴുക്കളെ ഭക്ഷിച്ചും തങ്ങളുടെ പാപം തീരുന്നതുവരെ അതിൽ ഉഴറുവാനിടവരുന്നു.

ഹേ രാജൻ!, യാതൊരുവൻ ഇഹലോകത്തിൽ വച്ച്, ബ്രാഹ്മണന്റേയോ, അഥവാ മറ്റാരുടേതെങ്കിലുമോ പൊന്നും പണവും മോഷണമായോ, ബലാത്കാരമായോ അപഹരിക്കുകയാണെങ്കിൽ, അവൻ സന്ദംശം എന്ന നരകത്തിലടക്കപ്പെടുന്നു. അവിടെ അവനെ അന്തകകിങ്കരന്മാർ അഗ്നിയിൽ ഉരുക്കിപ്പഴുപ്പിച്ച പിണ്ഡങ്ങൾ കൊണ്ട് അവന്റെ ശരീരത്തിൽനിന്നും ത്വക്കിനെ വലിച്ചുകീറിയെടുക്കുന്നു.

അവിഹിതബന്ധത്തിലൂടെ യാതൊരു പുരുഷൻ പരസ്ത്രീയേയും, യാതൊരു സ്ത്രീ പരപുരുഷനേയും പ്രാപിക്കുന്നുവോ, അവർ ദേഹാവസാനത്തിൽ തപ്തസൂർമി എന്ന നരകത്തിലെത്തി, അവിടെ യമദൂതരിൽനിന്നും ചാട്ടവാറിനാൽ അടികൊണ്ട് പുളയുകയും, തുടർന്ന്, ചുട്ടുപഴുപ്പിച്ച സ്ത്രീയുടെ ലോഹപ്രതിമയിൽ പുരുഷനെക്കൊണ്ടും, അതുപോലെ പുരുഷന്റെ പ്രതിമയിൽ സ്ത്രീയെക്കൊണ്ടും കെട്ടിപ്പിടിപ്പിക്കുന്നു. യാതൊരുവൻ മനുഷ്യമൃഗാദിഭേദമെന്യേ സകലസ്ത്രീരൂപങ്ങളേയും ലൈംഗികകാമപൂർത്തിക്കായി പ്രാപിക്കുന്നുവോ, അവനെ യമകിങ്കരന്മാർ വന്ന് വജ്രകണ്ടകശാൽമലി എന്ന നരകത്തിൽ കൂട്ടികൊണ്ടുപോയി, വജ്രം പോലെ കൂർത്ത മുള്ളുകളുള്ള ഇലവുമരത്തിന്മേലിരുത്തി വലിച്ചിഴയ്ക്കുന്നു.

രാജവംശത്തിൽ പിറന്നവരോ, രാജാവിന്റെ പ്രതിനിധികളോ ആയവർ, തങ്ങളുടെ നിയതമായ ധർമ്മമര്യാദകളെ കൈവെടിഞ്ഞു ജീവിക്കുന്നപക്ഷം, അവരെ യമകിങ്കരർ മരണാനന്തരം വൈതരണി എന്ന നരകപ്പുഴയിലേക്കെടുത്തെറിയുന്നു. ആ നരകത്തിന്റെ കിടങ്ങായ ഈ പുഴയിൽ ധാരാളം ഹിംസ്രജലജന്തുക്കൾ വസിക്കുന്നു. ഒരു പാപാത്മാവിനെ ഇതിലേക്ക് വലിച്ചെറിയുമ്പോൾ, അവ കൂട്ടത്തോടെ പാഞ്ഞെത്തി അവനെ ഭക്ഷിക്കാൻ തുടങ്ങുന്നു. എന്നാൽ, അവന്റെ പാപത്തിന്റെ കാഠിന്യം കൊണ്ട് ഉടലിൽനിന്നും ജീവൻ വേർവിടാതെ പ്രാണേന്ദ്രിയങ്ങളോടുകൂടി തങ്ങളുടെ പാപകർമ്മങ്ങൾ അനുസ്മരിച്ചുകൊണ്ട്, മലം, മൂത്രം, ചലം, രക്തം, മുടി, എലുമ്പ്, കൊഴുപ്പ്, മജ്ജ, മാംസം, മുതലായ മാലിന്യങ്ങളാൽ നിറഞ്ഞൊഴുകുന്ന ആ നദിയിലകപ്പെട്ട് പീഡിതരാകുന്നു.

ഇഹലോകത്തിൽ ചിലർ ദാസിമാരുടെ ഭർത്താക്കന്മാരായിരുന്നുകൊണ്ട് വൃത്തിയും വെടിപ്പും ആചാരങ്ങളും അനുഷ്ഠാനങ്ങളുമില്ലാതെ മൃഗങ്ങളെപ്പോലെ ജീവിക്കുന്നു. അവരാകട്ടെ, മരിച്ചതിനുശേഷം, പൂയോദം എന്ന മഹാനരകത്തിലേക്കെറിയപ്പെടുന്നു. അവിടെ ദുർനീരും മലവും മൂത്രവും കഫവും മറ്റഴുക്കുകളും നിറഞ്ഞ കൊടുംകടലിൽ പതിച്ച്, അത്യന്തം ജുഗുപ്സാവഹമായ ഇവയെത്തന്നെ ഭക്ഷിക്കേണ്ടിയും വരുന്നു.

ബ്രാഹ്മണക്ഷത്രിയാദി ഉന്നതകുലങ്ങളിൽ പിറന്നിട്ട്, നായ്ക്കളേയും കഴുതകളേയും വീട്ടിൽ വളർത്തി, മൃഗയാവിനോദത്തിനായി കാട്ടിലെത്തി ശാസ്തവിധിപ്രകാരമല്ലാതെ പാവം മൃഗങ്ങളെ കൊന്നൊടുക്കുന്നപക്ഷം, മരണശേഷം അവരെ യമദൂതന്മാർ പ്രാണരോധം എന്ന നരകത്തിൽ കൊണ്ടുചെന്ന് അവിടെവച്ച് അവരുടെ ശരീരത്തെ ലക്ഷ്യമാക്കി കൂരമ്പുകൾ എയ്ത് അതിനെ കീറിപിളർക്കുന്നു. പ്രതാപം കാട്ടി ഞെളിഞ്ഞ് തങ്ങളുടെ ഭള്ള് പ്രകടിപ്പിക്കുവാനായി ധാരാളം യജ്ഞങ്ങൾ നടത്തി അതിൽ ബലിമൃഗങ്ങളെ കൊന്നുതള്ളുന്ന മഹാപാപികൾ വിശസനം എന്ന നരകത്തിൽ തള്ളപ്പെടുന്നു. അവിടെ അവരെ നരകാധികാരികൾ വീർപ്പുമുട്ടിച്ച് പീഡിപ്പിക്കുന്നു.

യാതൊരു ബ്രാഹ്മണനാണോ കാമത്താൽ ബുദ്ധിഭ്രമിച്ച് ഇവിടെ പത്നിയെക്കൊണ്ട് തന്റെ രേതസ്സിനെ കുടിപ്പിക്കുന്നത്, അവൻ യമദൂതരാലാലാഭക്ഷം എന്ന നരകത്തിലെത്തി, രേതസ്സ് നിറഞ്ഞ നരകത്തോട്ടിൽനിന്നും അതിനെ മൂക്കുമുട്ടെ കുടിക്കുവാൻ നിർബന്ധിതനാകുന്നു. ചില രാജാക്കന്മാരും രാജഭടന്മാരും കൊള്ളയും തീവെയ്പ്പും വിശം കൊടുത്തു കൊല്ലലും സ്വഭാവമാക്കി, കമ്പോളങ്ങളേയും വ്യാപാരിജനങ്ങളേയും ദ്രോഹിക്കുന്നു. അങ്ങനെയുള്ള പാതകികളെ മരണശേഷം യമകിങ്കരന്മാർ സാരമേയാദനം എന്ന നരകത്തിൽ തള്ളിയിടുന്നു. അവിടെ, വജ്രം കണക്ക് തേറ്റയുള്ള യമദൂതന്മാരായ എഴുനൂറ്റിയിരുപത് നായ്ക്കൾ ഓടിയടുത്ത് വട്ടംകൂടി അവരെ കടിച്ചുകുടയുന്നു.

സാക്ഷിപറയുന്നതിലും ക്രയവിക്രയം ചെയ്യുന്നതിലും ദാനത്തിലും നുണ പറയുന്നവൻ യമകിങ്കരന്മാരാൽ വളരെ ക്രൂരമായി ശിക്ഷിക്കപ്പെടുന്നു. അവനെ അവർ നൂറ് യോജന ഉയരമുള്ള മലമുകളിൽനിന്നും തലകീഴായി അവീചിമത്ത് എന്ന നരകത്തിലേക്ക് വലിച്ചെറിയുന്നു. ഈ നരകം നീർപ്പരപ്പുപോലെ തോന്നുമെങ്കിലും കരുത്തുറ്റ പാറകൾ കൊണ്ടുണ്ടാക്കിയിട്ടുള്ളതാണു. ജലം അല്പം പോലുമില്ലാത്തതിനാലത്രേ ഈ നരകത്തെ അവീചിമത്ത് എന്ന് വിശേഷിപ്പിക്കുന്നതു. തുടർച്ചയായി താഴേക്കെറിയപ്പെടുന്ന ദുരാത്മാക്കളുടെ ശരീരങ്ങൾ ആ കൂറ്റൻ പാറകളിൽത്തട്ടി ചെറുകഷണങ്ങളായി ചിന്നിച്ചിതറിത്തെറിക്കുമ്പോഴും ജീവൻ വേർപെട്ടുപോകാതെ അവതന്റെ ശിക്ഷ അനുഭവിക്കുന്നു.

ഇവിടെ ബ്രാഹ്മണനോ, അവന്റെ പത്നിയോ, വ്രതാനുഷ്ഠാനത്തിലിരിക്കുന്ന മറ്റാരെങ്കിലുമോ, മദ്യപാനം ചെയ്യുകയാണെങ്കിൽ; അതുപോലെ, ക്ഷത്രിയനോ, വൈശ്യനോ പ്രമാദത്താൽ സോമരസം പാനം ചെയ്യുകയാണെങ്കിൽ, യമദൂതർ വന്നു മരണശേഷം അയഃപാനം എന്ന നരകത്തിൽ കൂട്ടിക്കൊണ്ടുപോകുകയും, അവിടെ         അവന്റെ മാറിൽ ചവുട്ടിക്കയറിനിന്നുകൊണ്ട് വായിലേക്ക് അഗ്നിയിൽ തിളച്ചുമറിയുന്ന കാരിരുമ്പിന്റെ രസം ഒഴിച്ചുകൊടുക്കുന്നു.

ഒരുവൻ സ്വയം നീചനായിരുന്നുകൊണ്ട് താൻ കേമനാണെന്ന് ഭാവിച്ച്, ജന്മം കൊണ്ടും തപസ്സുകൊണ്ടും ജ്ഞാനം കൊണ്ടും വർണ്ണാശ്രമധർമ്മാനുഷ്ഠാനങ്ങൾകൊണ്ടും തന്നേക്കാൾ ശ്രേഷ്ഠനായവനെ ആദരിക്കാതെ നിന്ദിക്കുന്നുവോ, അങ്ങനെയുള്ള മഹാപാപി മരണാസന്നനാണെങ്കിലും, മരണാനന്തരം, യമദൂതരാൽ തലകീഴായി ക്ഷാരകർദമം എന്ന നരകത്തിലേക്ക് തള്ളപ്പെട്ട്, അവിടെ അവൻ അതിരറ്റ യാതനകൾക്ക് വിധേയനാകുന്നു. ഇഹലോകത്തിൽ ചില സ്ത്രീപുരുഷന്മാർ നരമേധം ചെയ്ത് ദുർദേവതകളെ ആരാധിച്ചുകൊണ്ട് നരബലി നടത്തി, ആ നരമാംസത്തെ ഭക്ഷിക്കുന്നു. അങ്ങനെയുള്ള പാപാത്മാക്കൾ രക്ഷോഗണഭോജനമെന്ന നരകത്തെ മരണാനന്തരം പ്രാപിക്കുകയും, അവിടെ തങ്ങൾ കൊന്നൊടുക്കിയ മനുഷ്യർ രാക്ഷസരായി ഭവിച്ച് അവരെ സ്വന്തം ആയുധങ്ങൾകൊണ്ട് കശാപ്പുകാരെന്നപ്പോലെ കുത്തിപ്പിളർക്കുകയും ചെയ്യുന്നു. ഏതുവിധം ആ നരഭുക്കുകൾ അവരുടെ ചോര കുടിച്ചുകൊണ്ട് ആർത്തുല്ലസിച്ചിരുന്നോ, അതേവിധം ഈ രക്ഷോഗണങ്ങൾ അവരെ കഠിനമായി വേദനിപ്പിച്ചുകൊണ്ട് അവരുടെ ചോരയും കുടിച്ച് ആടുകയും പാടുകയും ചെയ്യുന്നു.

ചില അവസരങ്ങളിൽ പക്ഷിമൃഗാദികളെ വിശ്വസനീയോപായങ്ങളിൽ ഇണക്കി തങ്ങളുടെ പാട്ടിലാക്കി കൂടെ കൂട്ടുകയും, കുറെ കഴിയുമ്പോൾ അവയെ കൂർത്ത കോലിന്മേലോ ചരടിന്മേലോ കോർത്തുബന്ധിച്ച് കളിപ്പാട്ടമായി ഉപയോഗിച്ചുകൊണ്ട് അവയ്ക്ക് അസഹനീയമായ വേദന സമ്മാനിക്കുകയും ചെയ്യുന്നു. മരണശേഷം, അങ്ങനെയുള്ളവർ യമദൂതരാൻ ശൂലപ്രോതം എന്ന നരകത്തിലെത്തി, അവിടെ ശൂലം മുതലായ ആയുധങ്ങൾ അവരുടെ ഉടലിൽ കുത്തിയിറക്കുന്നു. ക്ഷുത്തൃഢാദികളാൽ പീഡിതരായ അവരെ കങ്കം, വടം, മുതലായ പക്ഷികൾ തലങ്ങും വിലങ്ങും കൊത്തിവലിക്കുന്നു. ആ സമയം അവർ തങ്ങൾ ചെയ്തുകൂട്ടിയ മഹാപാതകങ്ങളെ ഓർത്ത് പരിതപിക്കുന്നു. ചിലർ വിഷജന്തുക്കളെപ്പോലെ അന്യജീവികൾക്ക് ദുഃഖം പ്രാദാനം ചെയ്യുന്നു. അങ്ങനെയുള്ളവരും മരിച്ചശേഷം, ദന്ദശൂകം എന്ന നരകത്തിലടയ്ക്കപ്പെടുന്നു. ഹേ രാജൻ!, അവിടെ അഞ്ചും ഏഴും തലകളുള്ള വിഷപ്പാമ്പുകൾ ഇഴഞ്ഞെത്തി, അളകളിലിരിക്കുന്ന എലികളെയെന്നപോലെ, അവരെ വിഴുങ്ങുകയും ചെയ്യുന്നു.

ഈ ലോകത്തിൽ വന്നുപിറന്നതിനുശേഷം, ചില പാപാത്മാക്കൾ ജീവഭൂതങ്ങളെ അന്ധകൂപങ്ങളിലും ഗുഹകളിലും ഗുദാമുകൾപോലെയുള്ള മറ്റ് ഇരുളടഞ്ഞിടങ്ങളിലും തടഞ്ഞുവയ്ക്കുന്നു. അങ്ങനെയുള്ളവർ അതേവിധം അവടനിരോധനം എന്ന നരകക്കുണ്ടിൽ വീണ് വിഷജ്വാലയുള്ള അഗ്നിയാലും പുകയാലും വീർപ്പുമുട്ടി ദുഃഖിക്കുവാനിടവരുന്നു. അതുപോലെ, ഈ ലോകത്തിലിരിക്കെ വീട്ടിൽ വരുന്ന അഗതികളേയോ അഗന്തുകന്മാരെയോ കോപത്താൽ രൌദ്രമായ കണ്ണുകളാൽ ദഹിപ്പിക്കുവാനെന്നോണം നോക്കുന്നപക്ഷം, മരണശേഷം, പര്യാവർത്തനം എന്ന നരകത്തിൽ വച്ച് കൊക്കുകളും കാക്കകളും പരുന്തുകളും കടന്നാക്രമിച്ച് വിക്രിച്ച ആ കണ്ണുകളെ കൊത്തിപ്പിളർന്നെടുക്കുന്നു.

ധനാഢ്യനെന്ന അഭിമാനത്താൽ ഗർവ്വിച്ചുകൊണ്ടും, സർവ്വത്ര കുടിലദൃഷ്ടിയോടെ വീക്ഷിച്ചുകൊണ്ടും, സർവ്വരിലും സംശയം കൊണ്ടും, ധനം ചെലവഴിക്കുന്നതിലുള്ള ദുഃഖത്തിൽ മനസ്സും മുഖവും വാടിത്തളർന്നും അസന്തുഷ്ടനായി, മുതൽ കാക്കുന്ന ഭൂതം പോലെ ഇരിക്കുന്നവൻ, ഇത്യാദിദുഃഷ്കൃതത്താൽ പിടികൂടപ്പെട്ട് മരണം സംഭവിക്കുന്നതിനുശേഷം, സൂചീമുഖം എന്ന നരകത്തിൽ വീണ്, യമഭടർ ആ പാപാത്മാവിനെ തുന്നൽപ്പണിക്കാരെപ്പോലെ സൂചികൾകൊണ്ട് ശരീരമാസകലം നൂലുകൾ കോർത്ത് തുന്നിക്കെട്ടുന്നു.

ഹേ രാജൻ!, ഇങ്ങനെ, നൂറുകണക്കിന് ആയിരിക്കണക്കിന് നരകങ്ങൾ യമപുരിയിൽ ഉണ്ടെന്നറിയുക. മേൽ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ പാപകർമ്മികൾ ഈ കൊടുംനരകങ്ങളിൽ മുറപോലെ പ്രവേശിക്കുന്നു. അതുപോലെതന്നെ പുണ്യകർമ്മികളാകട്ടെ, സ്വർഗ്ഗം മുതലായ പുണ്യലോകങ്ങളിലും മരണാനന്തരം എത്തപ്പെടുന്നു. എന്നാൽ, ഇക്കൂട്ടർ രണ്ടും തങ്ങളുടെ പാപപുണ്യഫലങ്ങൾ അനുഭവിച്ചതിനുശേഷം വീണ്ടും ഭൂമിയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ഹേ പരീക്ഷിത്തേ! സർവ്വസംഗപരിത്യാഗരൂപമായ സന്യാസയോഗത്തെക്കുറിച്ച് മുമ്പ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതാണു. ബ്രഹ്മാണ്ഡത്തിന്റെ ഉള്ളടക്കമെന്നത്, പതിനാല് വിഭാഗങ്ങളായി പുരാണങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. തിനെ സാക്ഷാത് വിരാട്പുരുഷരൂപമായും സ്വയോഗമായാഗുണവികാരരൂപമായുമുള്ള ശ്രീമൻ നാരായണന്റെ സ്ഥൂലരൂപമായും അറിയുക. ആ വർണ്ണനത്തെ യാതൊരാൾ ആദരവോടുകൂടി ശ്രദ്ധാഭക്തിസമന്വിതം പാരായണം ചെയ്യുകയോ, കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നുവോ, നിർമ്മലബുദ്ധിയായ അവൻ, ഇന്ദ്രിയഗ്രാഹ്യമല്ലെങ്കിൽത്തന്നെയും, പരമാത്മാവിന്റെ വേദാന്തശാസ്ത്രോക്തമായ ഭഗവദ്രൂപത്തെ അറിയുകതന്നെ ചെയ്യുന്നു. ആ പരമപുരുഷന്റെ സ്ഥൂലവും സൂക്ഷ്മവുമായ രൂപങ്ങളെ ഉള്ളവണ്ണം കേട്ടറിഞ്ഞ് മനസ്സിനെ സംയമിപ്പിച്ച യോഗി സ്ഥൂലരൂപത്തിൽ ഉറച്ചുകഴിഞ്ഞ തന്റെ മനസ്സിനെ പതുക്കെ പതുക്കെ സൂക്ഷ്മരൂപത്തിലേക്ക് നയിക്കേണ്ടതുണ്ടു. ഹേ രാജൻ!, ഇങ്ങനെ, അത്യാശ്ചര്യകരവും സകലജീവരാശികളുടെ ആസ്ഥാനവുമായ ഈശ്വരന്റെ സ്ഥൂലശരീരമാകുന്ന ഭൂമി, അതിലുള്ള വിവിധ ദ്വീപുകൾ, വർഷങ്ങൾ, നദികൾ, സമുദ്രങ്ങൾ, അന്തരീക്ഷം, പാതാളം, ദിക്കുകൾ, നരകങ്ങൾ, നക്ഷത്രരാശികൾ, ഇത്യാദികളടങ്ങുന്ന ലോകത്തിന്റെ സ്ഥിതിവിശേഷം ഞാൻ ഇതിനകം അങ്ങയോട് ചൊന്നുകഴിഞ്ഞിരിക്കുന്നു.  

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ഇരുപത്തിയാറാമദ്ധ്യായം സമാപിച്ചു.

പഞ്ചമസ്കന്ധം സമാപിച്ചു.

ഓം തത് സത്.

Previous    Next







Description of Hells