2019, മാർച്ച് 10, ഞായറാഴ്‌ച

ഗുരൂപദേശം


ഓം
ആമുഖം

നമസ്കാരം!...
മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാണു. അതിന് ആദ്യം ചെയ്യേണ്ടത്, താനാരാണെന്ന് സ്വയത്തോടുതന്നെ ചോദിച്ച് തന്റെ സ്വരൂപത്തെ തിരിച്ചറിയുകയെന്നതാണ്. ഇക്കാര്യത്തിൽ ഭാരതത്തിൽ ജന്മം ലഭിച്ച നാം ലോകത്തിൽ വച്ച് അങ്ങേയറ്റം സുകൃതികളാണു. കാരണം, ലക്ഷോപലക്ഷം ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത്. അതുകൊണ്ടാണ് ഭാ യിൽ രതിയുണ്ടായിരുന്ന അവരുടെ നാടിനെ ലോകം ഭാരതമെന്ന് വിളിക്കുന്നത്. ലോകത്തിൽ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികൾക്കും, പണ്ഢിതന്മാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയിട്ടില്ല. അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല. വ്യാസോച്ഛിഷ്ടം ജഗദ്സർവ്വം. മറ്റു മതങ്ങളെയപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങളുള്ളതുതന്നെ, ഹിന്ദുമതമെന്ന് ലോകം വിശേഷിപ്പിക്കുന്ന മഹത്തായ നമ്മുടെ സനാതനധർമ്മത്തിന്റെ, ഒരു കുറവായാണ് ഇന്ന് ചിലരൊക്കെ നോക്കിക്കാണുന്നതു. എന്നാലും, ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മനുഷ്യരാശിക്ക് അന്നും ഇന്നും എന്നും മുതൽക്കൂട്ടായ അറിവിന്റെ ആഴക്കടലിലേക്കാണ്. മാത്രമല്ലാ, ലോകത്തിൽവച്ച് അനേകം തീർത്ഥസ്ഥാനങ്ങളുള്ള നാടും ഭാരതംതന്നെയാണ്. പക്ഷേ, അവയ്ക്കെല്ലാം തീർത്ഥീകരണശക്തി ലഭിക്കുന്നത് ധന്യാത്മാക്കൾ അതിൽ മുങ്ങിനിവരുമ്പോഴാണ്. പരമ്പരയിലെ അതിശ്രേഷ്ഠനായ ഒരു ഗുരുവായിരുന്നു നാം കേരളജനതയ്ക്ക് ലഭിച്ച ശ്രീ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ.

കരളിൽ വിവേകം കൂടാതെകണ്ട് അരമിനിഷം ബത! കളയരുതാരും

കിളിപ്പാട്ട് രൂപത്തിൽ മഹാത്മാവെഴുതിയ ശ്രീമദ്ഭാഗവതം പാരായണം ചെയ്യുന്നതിനുമുമ്പും പിൻപും ആലപിക്കപ്പെടുന്ന നാല് കീർത്തനങ്ങളിൽ ഒന്നാം പാദകീർത്തനത്തിലെ ആദ്യത്തെ വരിയാണിത്. വേദസംഗ്രഹമാകുന്ന ശ്രീമദ്ഭാഗവതത്തെ വീണ്ടും സംഗ്രഹിച്ചുനിർമ്മിച്ചിരിക്കുന്നതാണ് കീർത്തനങ്ങൾ. ശ്രീമദ്ഭാഗവതത്തെ സമീപിക്കാനുദ്ദേശിക്കുന്ന ഒരു മുമുക്ഷുവിന് തന്റെ ഉദ്യമംകൊണ്ട് നേടാൻ പോകുന്ന ആത്മീയസമ്പത്തിന്റെ ആമുഖവിവരണമാണ് കീർത്തനങ്ങൾ നാലും. അതിൽ മേൽപ്പറഞ്ഞ ഒന്നാംപാദകീർത്തനത്തിലൂടെ ജീവന്റെ ആത്മബോധത്തെ തൊട്ടുണർത്തിക്കൊണ്ട് മറ്റ് മൂന്ന് കീർത്തനങ്ങളിലൂടെ ശ്രീമദ്ഭാഗവതകഥാസാരത്തെയും ആചാര്യൻ വളരെ സംക്ഷേപിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. ആത്മോപദേശം ഇറ്റിറങ്ങിയ പതിനാല് തുള്ളികൾ കോർത്തിണക്കിയ അക്ഷരമാലാകീർത്തനത്തെ ഒന്ന് മനനം ചെയ്തപ്പോഴുണ്ടായ ആത്മാനുഭൂതിയെ അക്ഷരരൂപത്തിൽ കുത്തിക്കുറിച്ചതാണ് ഈ ചെറിയ പുസ്തകം. അതിൽ വന്നിട്ടുള്ള പിഴകളെ തുഞ്ചത്ത് ദേശികൻ ക്ഷമിക്കുമാറാകണം എന്ന പ്രാർത്ഥനയോടെ ഇതിനെ ഭക്തജനസമക്ഷം സമർപ്പിക്കട്ടെ!


സാനന്ദരൂപം സകല പ്രബോധം
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൌമി തുഞ്ചത്തെഴുമാര്യപാദം

ഓം ശ്രീ ഗുരുഭ്യോ നമഃ

സുരേഷ് സി. കുറുപ്പ്
10.03.2019





കരളിൽ വിവേകം കൂടാതെക-
ണ്ടരനിമിഷം ബത! കളയരുതാരും
മരണം വരുമിനിയെന്നുനിനച്ചിഹ
മരുവുക സതതം നാരായണ! ജയ!

ഉള്ളിൽ വിവേകമില്ലാതെ ക്ഷണനേരംപോലും മനുഷ്യൻ ഇവിടെ ജീവിക്കരുതെന്നാണ് തുഞ്ചത്താചാര്യൻ പറയുന്നത്. കാരണം, വിവേകം എന്നത് തന്റെ സൃഷ്ടികളിൽ മനുഷ്യനുമാത്രമായി ഈശ്വരൻ കനിഞ്ഞരുളിയ ഒരു സമ്പത്താണ്. അതിനെ ജീവിതത്തിൽ വിനിയോഗിക്കാത്തവനെ മനുഷ്യൻ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാണു. സമ്പത്തിലൂടെ മനുഷ്യൻ ആത്യന്തികമായി അറിയുന്ന ഒരു വസ്തുതയാണ് താനിവിടെ ഒരുനാൾ ജനിച്ചവനാണെന്നും, ( ശരീരത്തിലൂടെ തന്റെ പ്രാരബ്ദകർമ്മാനുഭവത്തിനായി വന്നവനാണെന്നും) അതുകൊണ്ടുതന്നെ താൻ മറ്റൊരുനാൾ മരിക്കുമെന്നും ( ഉപാധിക്കൊരു കാലദൈർഘ്യമുണ്ടെന്നും അതവസാനിക്കുമ്പോൾ ഇതിൽനിന്നും ഇറങ്ങിപ്പോകണെമെന്നും) ഉള്ള അറിവ്. ഈ സത്യം മനുഷ്യനല്ലാതെ മറ്റൊരു ജീവികൾക്കും അറിയില്ല എന്നതാണ് മനുഷ്യൻ വിവേകിയാണെന്നതിന്റെ തെളിവ്. അതുകൊണ്ടുതന്നെ ഈ ബോധം സദാ ഓർമ്മയിലുണ്ടാകേണ്ടതാണ് മനുഷ്യജന്മം നേടിയവനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.

ഇവിടെ മരണത്തെക്കുറിച്ച് ബോധവാനാകേണ്ടതിന്റെ ഉദ്ദേശം മുജ്ജന്മസുകൃതമായി കിട്ടിയ മഹത്തായ മനുഷ്യജന്മത്തെ പാഴാക്കാതെ അത് വേണ്ടവിധം അദ്ധ്യാത്മസാധനക്കുവേണ്ടി ഉപയോഗിക്കാൻ ശ്രമിക്കണം എന്നതാണ്. കാരണം, മരണമെന്നത് തൊണ്ണൂറാം വയസ്സിൽ കയറും വടിയുമായി നമ്മെ തേടിയെയെത്തുന്ന കറുത്തിരുണ്ട് തടിച്ചുകൊഴുത്ത കൊമ്പൻമീശക്കാരനായ വില്ലനല്ല, മറിച്ച് ജനനത്തോടൊപ്പംതന്നെ നമ്മെ പിന്തുടരുന്ന കാലം എന്ന നിത്യസത്യമാണ്. അദ്ധ്യാത്മസാധനയിൽ മനുഷ്യൻ ആദ്യമറിയേണ്ടതു നാം ശരീമല്ല, മറിച്ച്, സനാതനവും നിത്യമുക്തവുമായ ആത്മാവാണെന്ന പരമാർത്ഥത്തെയാണു. ആത്മാക്കൾക്ക് ജനനമരണാദികളില്ല. ജനിക്കുന്നതും മരിക്കുന്നതും ശരീരമാണ്. അതുപോലും, പ്രകൃതിയുടെ സ്വഭാവമായ വികാരങ്ങൾക്ക്  (നാമരൂപങ്ങളുടെ മാറ്റങ്ങൾക്ക്)  വിധേയമാകുന്നുവെന്നതൊഴിച്ചാൽ യാതൊരു വസ്തുവും ഇവിടെ പുതുതായി ഉണ്ടാകുകയോ നശിക്കുകയോ ചെയ്യുന്നില്ല എന്ന് മനസ്സിലാക്കണം. ശരീരമെന്നത് പ്രകൃതിതത്വങ്ങളായ പഞ്ചഭൂതങ്ങളെക്കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ഉപാധിമാത്രമാണ്. ഇത് ഒരു ഭൌതികവസ്തുവാണെന്നും അത് പ്രകൃതിയാൽ ഒരു നിശ്ചിതകാലത്തേക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടതാണെന്നും നമുക്കറിയാം. കാലഘട്ടത്തിനുള്ളിൽ ശരീരത്തിലിരുന്നുകൊണ്ട് ജീവന് എന്തോ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കർമ്മം നിറവേറ്റേണ്ടതുണ്ട്. അതിനെ നാം അദ്ധ്യാത്മസാധന എന്നുപറയുന്നു. ബോധമാണ് മുകളിൽ പറഞ്ഞ വിവേകം. കോടി ജന്മങ്ങൾ പിന്നിട്ട് ഇന്ന് ഇവിടെ എത്തിനിൽക്കുന്ന അവസ്ഥയിൽ താനാരാണെന്നും ഇവിടെ എന്തിനുവേണ്ടി വന്നുവെന്നും ഇനി എങ്ങോട്ടെന്നുമുള്ള ആത്മവിചാരം ചെയ്യാൻ മനുഷ്യശരീരത്തേയും അതിന്റെമാത്രം പ്രത്യേകസവിശേഷതയായ വിവേകത്തേയും മുതലെടുക്കണമെന്ന് ആചാര്യൻ പദ്യത്തിലൂടെ നമ്മെ ഉപദേശിക്കുന്നു.

കാണുന്നൂ ചിലർ പലതുമുപായം
കാണുന്നീല മരിക്കുമിതെന്നും
കാൺകിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ നാരായണ! ജയ!

ഇന്ന്, 21‌ ആം നൂറ്റാണ്ടിൽ ഇത്രയും കാലത്തെ ശാസ്ത്രവികസനത്തിലൂടെ മനുഷ്യൻ നേടിയെടുത്ത സകല നേട്ടങ്ങളും അനിത്യമായ ശരീരത്തെ പോഷിപ്പിക്കുവാനും നിലനിർത്തുവാനും സുഖിപ്പിക്കുവാനും വേണ്ടിമാത്രമുള്ളതാണ്. ഇന്ദ്രിയദ്വാരാ ജിവൻ ഈ പ്രപഞ്ചത്തെ അനുഭവിക്കുന്നത് സ്ഥൂലശരീരത്തിലൂടെയാണ്. ശ്മശാനത്തിൽ നിൽക്കുമ്പോൾ പോലും മനുഷ്യൻ ശരീരത്തിന്റെ അനിത്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരുപക്ഷേ, അത് നിത്യനായ ആത്മാവിന്റെ സനാതനത്വം സ്വയം ബോധ്യപ്പെടുന്നതാകാമെന്നുമാത്രമേ ഊഹിക്കാൻ വഴിയുള്ളൂ. ഒരു ഉറുമ്പിനെ കൊല്ലാൻ ശ്രമിച്ചാൽ അത് തന്റെ പ്രാണനുംകൊണ്ട് പായുന്നത് നാം കണ്ടിട്ടുള്ളതാണ്. അതിനു കാരണം, പ്രപഞ്ചത്തിലുള്ള സകലഭൂതങ്ങളും തങ്ങൾക്ക് ലഭിച്ച ഈ ശരീരം നിത്യമെന്നുകരുതി അതിലൂടെ വിഷയാനുഭവം ചെയ്തുകൊണ്ട് ഉള്ളകാലം മുഴുവൻ ഇവിടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതു. ശരീരാത്മഭേദമറിയാത്ത അവയെപ്പോലെ വിഷയങ്ങളെയനുഭവിക്കാൻ വിവേകിയായ മനുഷ്യൻ കാണിക്കുന്ന വെമ്പൽ തികച്ചും ആശ്ചര്യപൂർണ്ണമായ വസ്തുതതന്നെ.

ശീര്യതേ ഇതി ശരീരഃ, ദഹ്യതേ ഇതി ദേഹഃ’. ശരീരം പ്രകൃതിയുടെ വസ്തുവായതിനാലും, മാറ്റം പ്രകൃതിയുടെ നിയമമായതുകൊണ്ടും, അത് സദാ വികാരിയായിത്തന്നെയിരിക്കുന്നു. ഷഡ്ഭാവങ്ങൾക്ക് വിധേയമാണ് ശരീരം. അത് ഒരമ്മയുടെ ജഠരത്തിൽനിന്നും ഒരുനാൾ ജനിക്കുന്നു, കുറെകാലം ഇവിടെ നിലനിൽക്കുന്നു, വളരുന്നു, മറ്റു ശരീരങ്ങളെ ഉദ്പാദിപ്പിക്കുന്നു, കാലാന്തരത്തിൽ ക്ഷയിക്കുന്നു, ഒടുവിൽ നശിക്കുന്നു. ഈ ആറ് മാറ്റങ്ങൾ കൂടിയാൽ ഒരു നൂറ് വർഷങ്ങൾക്കകം ഒരു ശരീരത്തിന് സംഭവിക്കുകതന്നെ ചെയ്യുന്നു. എന്നാൽ, നിത്യനും പൂർണ്ണനും അജനും പുരാണനുമായ നാം ഈ ശരീരവുമായി ചേർന്നുനിൽക്കുന്ന സമയം അതിന്റെ ഉപയോഗം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണമെന്നു ആചാര്യൻ ഈ പദ്യത്തിലൂടെ നമ്മെ ബോധിപ്പിക്കുന്നു.

കിമപി വിചാരിച്ചീടുകിൽ മാനുഷ-
ജന്മനി വേണം മുക്തി വരേണ്ടുകിൽ
കൃമിജന്മത്തിലുമെളുതായ്വരുമീ
വിഷയസുഖം ബത! നാരായണ! ജയ!

മനുഷ്യജന്മത്തിന്റെ മേന്മയെയാണ് വീണ്ടും ആചാര്യൻ ഈ പദ്യത്തിൽ എടുത്തുപറയുന്നത്.  ശരീരത്തിന്റെ അനിത്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുവാൻ തന്റെ വിവേകത്തെ ഉപയോഗിക്കുന്നവരും തനിക്ക് ലഭിച്ച മനുഷ്യജന്മത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരും ഭാഗ്യവാന്മാരാണ്. ചിരിക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവ് ഇന്ന് മനുഷ്യനെപ്പോലെ മറ്റൊരു ജീവിക്കും ഈശ്വരൻ നൽകിയിട്ടില്ല. മോക്ഷപ്രാപ്തിയെ സംബന്ധിച്ചിടത്തോളം ദൈവജന്മത്തെക്കാളും ശ്രേഷ്ഠമാണ് മനുഷ്യജന്മം. കാരണം, കർമ്മങ്ങളുടെ വിളനിലമായ ഭൂമിയിൽ മനുഷ്യജന്മത്തിലൂടെ ജീവന് മോക്ഷം സാധ്യമാകുന്നു. എന്നാൽ സ്വർഗ്ഗത്തിലാകട്ടെ, ദൈവജന്മത്തിലൂടെ പുണ്യം ക്ഷയിക്കുമ്പോൾ ജീവന് പതനമുണ്ടാകുന്നു. അവർക്ക് വിണ്ടും ഇവിടെവന്ന് സാധന ചെയ്തുവേണം ഊർദ്ദ്വഗതിയെ പ്രാപിക്കുവാൻ. ശ്രീമദ്ഭാഗവതത്തിൽ രഹൂഗുണമഹാരാജൻ പറയുന്നു.

അഹോ! നൃജന്മാഖിലജന്മശോഭനം. (ശ്രീ.ഭാ. 5.13.21).
(അഹോ! മനുഷ്യജന്മം സകലജന്മങ്ങളേക്കാളും ശ്രേഷ്ഠമാണ്.)



അദ്ധ്യാത്മസാധനയ്ക്കുതകുന്ന ഏറ്റവും മഹത്തായ ജന്മമാണ് മനുഷ്യജന്മം. സത്സംഗത്തിന്റെ ഉപലബ്ധിയാണ് മനുഷ്യജന്മത്തിന്റെ മറ്റൊരു മേന്മ.

മനുഷ്യൻ ശക്തിയിലൂടെയല്ല, മറിച്ച് ബുദ്ധിയിലൂടെയാണ് ലോകം കൈയ്യടക്കിവച്ചിരിക്കുന്നത്. വിവേകപൂർണ്ണമായ മനുഷ്യജന്മത്തിലൂടെ ജീവൻ ആത്മീയപുരോഗതിയെയാണ് ലക്ഷ്യമാക്കേണ്ടതു. കാരണം, ജനനമരണങ്ങളില്ലാത്ത നിത്യമുക്താവസ്ഥയിലേക്ക് ജീവനെ എത്തിക്കുവാൻ കഴിയുന്നത് മനുഷ്യജന്മത്തിനുമാത്രമാണ്. ആയതിലേക്ക് ഒരു പടിപോലുമുയരുവാൻ കഴിഞ്ഞില്ലെങ്കിൽ ജന്മം വ്യർത്ഥമെന്ന് പറയാതെ വയ്യാ.

പ്രാണികൾക്ക് ഭൂമിയിൽ മുഖ്യമായി ആഹാരം, ഉറക്കം, ഇണചേരൽ, പ്രതിരോധനം എന്നിങ്ങനെ നാല് പദ്ധതികളാണുള്ളത്. ഇന്ദ്രിയങ്ങളെക്കൊണ്ട് പ്രപഞ്ചത്തെ ഭുജിക്കുക, ശരീരം തളരുമ്പോൾ കിടന്നുറങ്ങുക, ഇന്ദ്രിയസുഖത്തിനുവേണ്ടി ഇണചേരുക, പ്രാണരക്ഷാർത്ഥം സ്വയം പ്രതിരോധിക്കുക. പ്രവൃത്തികൾ ലോകത്തിൽ സകലപ്രാണികൾക്കും സാധ്യമാണ്. ഇതു കേൾക്കുമ്പോൾ ഒരുപക്ഷേ നമുക്ക് തോന്നാം നാം മനുഷ്യൻ പരിഷ്കൃതനാണ്. മറ്റുള്ള ജീവികളെപ്പോലെയല്ല നാം നാലു പ്രവൃത്തികൾ ചെയ്യുന്നതെന്നു. പക്ഷേ, പരിഷ്കൃതമായാലും അപരിഷ്കൃതമായാലും പ്രസ്തുതകർമ്മങ്ങൾക്ക് ഗുണത്തിലും രൂപത്തിലും യാതൊരു വ്യത്യാസവും ഇല്ലെന്നുള്ളന്നത് പരമാർത്ഥമാണ്. എന്നാൽ കേവലം ഈ നാലു കർമ്മങ്ങൾക്കുപരി അനേകം ശ്രേഷ്ഠമായ കർമ്മങ്ങളെ ചെയ്യാൻ മനുഷ്യന് സാധ്യമാണ്. കർമ്മാചരണങ്ങളിലൂടെയാണ് മനുഷ്യൻ മറ്റുള്ള ഭൂതങ്ങളിൽനിന്ന് കർമ്മക്ഷേത്രത്തിൽ ശ്രേഷ്ഠനാകുന്നതും. അപ്പോൾ കൃമിജന്മത്തിൽ പോലും സാധ്യമായ അല്പകർമ്മങ്ങൾ ചെയ്തുകൊണ്ടുമാത്രം മനുഷ്യൻ ജീവിതം ജീവിച്ചുതീർക്കുന്നത് തികച്ചും പരിതാപകരമായ കാര്യമാണ്. സത്യത്തെ തിരിച്ചറിഞ്ഞ ഒരു ജീവന്റെ പ്രാർത്ഥനയായിട്ടാണ് എഴുത്തച്ഛൻ തന്റെ ഹരിനാമകീർത്തനത്തിൽ ഇങ്ങനെ പാടുന്നത്:-

ഔദുംബരത്തിൽ മശകത്തിന്നു തോന്നുമിതിൻ-
മീതേ കഥാപി സുഖമില്ലെന്ന് തല്പരിചു
ചേതോ വിമോഹിനി മയക്കായ്ക മായ തവ
ദേഹോഽഹമെന്നിവയിൽ; നാരായണായ നമഃ(ഹരിനാമകീർത്തനം)
(ഉദുംബമരത്തിന്റെ കായയ്ക്കുള്ളിൽ കഴിയുന്ന മശകം (കീടം) വിചാരിക്കുന്നു, പ്രപഞ്ചത്തിൽ ഇപ്പോൾ താനനുഭവിക്കുന്ന സുഖത്തിനുമേലേ മറ്റൊരു സുഖമില്ലെന്ന്. എന്നാൽ, അതുപോലെ, ഞാൻ ശരീരമാണ് എന്നിങ്ങനെയുള്ള അജ്ഞാനത്താൽ അവിടുത്തെ ചേതോവിമോഹിനിയായ മായ എന്നെ തെറ്റിദ്ധരിപ്പിക്കരുതേ)

കീഴിൽ ചെയ്ത ശുഭാശുഭകർമ്മം
മേലിൽ സുഖദുഃഖത്തിനുകാരണം
സുഖമൊരുദുഃഖം കൂടാതെക-
ണ്ടൊരുവനുമുണ്ടോ? നാരായണ! ജയ!.

ഇന്ന് നമുക്ക് ചുറ്റും നാം പലവിധത്തിലുള്ള മനുഷ്യരെ കാണുന്നുണ്ടു. പണക്കാർ, പാവപ്പെട്ടവർ, പണ്ഢിതന്മാർ, പാമരന്മാർ, സൌന്ദര്യമുള്ളവർ, വിരൂപന്മാർ, അന്ധന്മാർ, ബധിരന്മാർ, അംഗഭംഗം വന്നവർ, വ്യാധികളനുഭവിക്കുന്നവർ, സുഖികൾ, ദുഃഖികൾ എന്നിങ്ങനെ പോകുന്നു അവസ്ഥകൾ. ചിലർ ജീവിതത്തിൽ വളരെയധികം സുഖിക്കുന്നു. എന്നാൽ ചിലരാകട്ടെ, വളരെയധികം ദുഃഖിക്കുന്നവരാണ്. ചിലർ ചെറ്റക്കുടിലുകളിൽ ജനിക്കുന്നു. എന്നാൽ മറ്റുചിലർ മാളികകളിൽ പിറക്കുന്നു. പക്ഷേ, നാം ഒരിക്കലും ചിന്തിക്കാറില്ല വ്യത്യസ്ഥഭാവങ്ങളുടെ കാരണമോ മാനദണ്ഡമോ. ഇങ്ങനെ ഓരോ ജീവന്മാർ ഓരോ അവസ്ഥകളിൽ ജന്മമെടുക്കുന്നതിനുകാരണം ജീവന്മാർ പണ്ട് തങ്ങളുടെ പലേ ജന്മങ്ങളിലായി ചെയ്ത പുണ്യവും പാപവുമായ കർമ്മങ്ങളുടെ ഫലമാണ്. നമ്മൾ വളരെ നിസ്സാരതയോടുകൂടി തള്ളിക്കളയുന്ന കർമ്മഗതികളുടെ സാങ്കേതികത്വം എത്രകണ്ട് ശക്തമാണെന്നോർക്കണം. സത്കർമ്മങ്ങളനുഷ്ഠിച്ച് സുഖിക്കുന്നവനെ നോക്കി അസൂയപ്പെടുകയോ ദുഃഷ്കർമ്മങ്ങൾ ചെയ്ത് തത്ഫലമായി പാപം നേടി ദുഃഖിക്കുന്നവരെകണ്ട് പരിതപിക്കുകയോ ചെയ്തിട്ട് കാര്യമില്ല. കാരണം, ഓരോരുത്തരും തങ്ങളുടെ കർമ്മഫലങ്ങളാണ് ഇവിടെ അനുഭവിക്കുന്നത്. അതിനുവേണ്ടിമാത്രമാണ് ജന്മങ്ങൾ ഉണ്ടാകുന്നതും. ആയതിനാൽ പദ്യത്തിലൂടെ എഴുത്തച്ഛൻ മനുഷ്യരെക്കൊണ്ട് സത്ക്കർമ്മങ്ങൾ ചെയ്യിക്കുവാൻകൂടിയാണ് ശ്രമിക്കുന്നത്.

സുഖദുഃഖസമ്മിശ്രമാണ് ജീവിതം. ഇവിടെ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുംതന്നെ അനുഭവിക്കുന്നില്ല. ആഗ്രഹങ്ങളാണ് സുഖദുഃഖങ്ങളുടെ മൂലകാരണമെന്ന ബുദ്ധവചനം ഓർക്കുക. ചിന്തയിൽനിന്നും ആഗ്രഹങ്ങളുദിക്കുന്നു. ആഗ്രഹങ്ങൾ കർമ്മങ്ങളായി മാറുന്നു. കർമ്മങ്ങൾ എപ്പോഴും ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കർമ്മഫലങ്ങൾ സുഖദുഃഖങ്ങളെ പ്രദാനം ചെയ്യുന്നു. മനുഷ്യൻ നിരന്തരം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് അവൻ അതിന്റെ ഫലമായി ഉണ്ടാകുന്ന സുഖങ്ങളേയും ദുഃഖങ്ങളേയും മാറിമാറിയനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് സാരം. സുഖം എന്നത് ദുഃഖത്തേയും ദുഃഖം എന്നത് സുഖത്തേയും പരസ്പരം ആശ്രയിച്ചുകൊണ്ട് നിലനിൽക്കുന്ന അനിത്യങ്ങളായ ഭാവങ്ങളാണ്. കയറ്റത്തിനിറക്കം എന്നതുപോലെ പരസ്പപരബദ്ധങ്ങളായ ഉപാധികളിലൂടെയുണ്ടാകുന്ന വ്യത്യസ്ഥ അനുഭവങ്ങളാണ് സുഖദുഃഖങ്ങൾ. ഉദാഹരണത്തിന് ആഗ്രഹിച്ച ഒരു വസ്തു ലഭ്യമാകാത്തപ്പോഴുണ്ടാകുന്ന ദുഃഖത്തിന്റെ ഉപരിതലത്തിലാണ് ആ വസ്തു ലഭ്യമാകുമ്പോഴുണ്ടാകുന്ന സുഖം അഥവാ സന്തോഷം നിഴലിക്കുന്നത്. അതേ സുഖത്തിന്മേൽ അഥവാ സന്തോഷത്തിന്മേലാണ് ആ വസ്തു നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ദുഃഖം നിഴലിക്കുന്നതും. സുഖമില്ലാതെ ദുഃഖത്തിനും ദുഃഖമില്ലാതെ സുഖത്തിനും നിലനില്പില്ല എന്ന് ചുരുക്കം. ഇവിടെ സകല ഭൌതികവസ്തുക്കളും അനിത്യങ്ങളായിരിക്കെ, എല്ലാം തന്നോടുചേർന്നിരിക്കുന്നതോ അഥവാ താൻ എല്ലാത്തിനോടും ചേർന്നിരിക്കുന്നതോ ആയ അവസ്ഥ ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് ലാഭനഷ്ടങ്ങളിൽനിന്നും ശീതതാപങ്ങളിൽനിന്നുമൊക്കെ സുഖദുഃഖങ്ങൾ വന്നും പോയുമിരിക്കുന്നു. സുഖദുഃഖങ്ങളില്ലാത്ത ജീവിതം ഭൂമിയിൽ നിങ്ങൾതന്നെ കണ്ടിട്ടുണ്ടോ എന്ന് ആചാര്യൻ നമ്മളോടുതന്നെ ചോദിക്കുന്നു.

കുന്നുകൾപോലെ ധനമുണ്ടാകിലും
ഇന്ദ്രന് സമനായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാർ യമഭടർ നാരായണ! ജയ!

ധനത്തിന്റേയും പദവികളുടേയും നിസ്സാരത മരണത്തിലൂടെയാണ് മനുഷ്യൻ പൂർണ്ണമായും മനസ്സിലാക്കുന്നത്. നമുക്കോരോരുത്തർക്കും പറയാനുണ്ടാകും അതിനെപറ്റി ഒരു കഥ. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കൾക്കും പ്രതിഭാസങ്ങൾക്കും ഓരോ പ്രത്യേകതയാണ് പ്രകൃതി നൽകിയിരിക്കുന്നത്. അഗ്നി ആളിപ്പടരുമ്പോൾ ജലം അതിനെ ശമിപ്പിക്കുന്നു. ധനവും സ്ഥാനമാനങ്ങളുമാണ് സുഖദുഃഖങ്ങളെ തരുന്നതെന്നത് നമ്മുടെ മിഥ്യയായ ധാരണയാണ്. മരണം ജനനത്തിൽ തുടങ്ങി ശരീരത്തെ പിന്തുടരുന്ന സത്യമാണെന്നും ധനസ്ഥാനമാനാദികൾക്ക് അതിനെ തടയാൻ സാധ്യമല്ലെന്നുമാണ് പദ്യത്തിലൂടെ ആചാര്യൻ ഉറപ്പിച്ചുപറയുന്നതു. പാമ്പിന്റെ വായിലിരിക്കുന്ന തവളയുടെ അവസ്ഥയാണ് കാലമാകുന്ന സർപ്പത്തിന്റെ പിടിയിൽ ജനനം മുതലേ അകപ്പെട്ടിരിക്കുന്ന മനുഷ്യന്റെ അവസ്ഥ. കാലസർപ്പത്തിന്റെ വായിലിരിക്കുന്ന മർത്ത്യൻ എത്രകണ്ട് ധനം സമ്പാദിച്ചാലും സ്ഥാനമാനങ്ങൾ അലങ്കരിച്ചാലും സർപ്പം കഴുത്തിൽ പിടിമുറുക്കുമ്പോൾ ഒന്നുരിയാടാൻപോലുമുള്ള സമയമോ പ്രാപ്തിയോ അവനുണ്ടാകുന്നില്ല. അപ്പോൾ അതുവരെയുള്ള ജീവിതത്തെ ധനത്തിലും സ്ഥാനമാനങ്ങളിലും മുഴുകി വൃഥാവിലാക്കാതെ അത് വേണ്ടവിധത്തിൽ വിനിയോഗിക്കണം. ഗീതയിൽ ഭഗവാൻ അർജ്ജുനനോട് പറയുന്നു,

കലോസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ
ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ
ഋത്വേപി ത്വാം ഭവിഷ്യന്തി സർവ്വേ
യേവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ (ശ്രീ..ഗീ. 11.32)
(അർജ്ജുനാ!, ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്ന ഞാൻ ഇവിടെ സംഹാരകൃത്യത്തിലേർപ്പെട്ടിരിക്കുകയാണ്. നീയില്ലെങ്കിലും ഇവിടെ കൂടിയിരിക്കുന്ന ശത്രുപക്ഷത്തിലെ യോദ്ധാക്കളാരുംതന്നെ ജീവിച്ചിരിക്കുകയില്ല.)

ഇതിലൂടെ കാലമാകുന്നത് ഈശ്വരനാണെന്നും ഈശ്വരനേക്കാൾ വലിയ സത്യമില്ലെന്നും മരണം ഈശ്വരനിശ്ചയമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതാതിന്റേതായ സ്ഥാനവും പ്രാധാന്യവുമൊഴിച്ചാൽ ധനത്തിനും പദവികൾക്കും പ്രപഞ്ചത്തിൽ മറ്റ് മൂല്യങ്ങളൊന്നുമില്ലെന്നും നാം മനസ്സിലാക്കണം. കാലം നിത്യമായ പ്രതിഭാസമാണ്. യഥാർത്ഥത്തിൽ കാലം മാത്രമാണിവിടെ സത്യമായുള്ളത്. ഒരു കല്പം കഴിഞ്ഞ് മറുകല്പത്തിനിടയിലുള്ള അന്തരാളത്തിലും കാലം നിത്യസത്യമായി നിലകൊള്ളുന്നു. അതായത് ഒന്നുമില്ലാത്ത അവസ്ഥയിലും ഉള്ളത് കാലം മാത്രം എന്ന് സാരം. ശ്രീമദ്ഭാഗവത്തിലെ ഗജേന്ദ്രമോക്ഷം കഥയും സത്യത്തെ വെളിപ്പെടുത്തുന്നതാണ്.

കൂപേ വീണുഴലുന്നതുപോലെ
ഗേഹേ വാണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകിൽ മുനിജന-
വാക്കുകൾ പറയാം നാരായണ! ജയ!

ഇവിടെ ശരീരത്തിൽ ബദ്ധാവസ്ഥയിൽ കഴിയുന്ന ജീവനെ, കിണറ്റിൽ വീണ് മുങ്ങിപ്പൊങ്ങി കൈകാലിട്ടടിക്കുന്ന ഒരു വ്യക്തിയോട് ഉപമിച്ചിരിക്കുയാണ് ആചാര്യൻ. സ്വയമേവ മുക്തനായ ജീവൻ കുടത്തിനുള്ളിലെ വായുവിനെപ്പോലെ അസ്സ്വതന്ത്രനാണ്. കുടം പൊട്ടുമ്പോഴോ അഥവാ കുടത്തിൽനിന്ന് ഏതുവിധത്തിലും പുറത്തേക്ക് വമിക്കപ്പെടുമ്പോഴോ മാത്രമാണ് അതിനുള്ളിലകപ്പെട്ട വായു മുക്തമാകുന്നത്. ഏകദേശം അതുപോലെയാണ് ശരീരത്തിനുള്ളിലിരിക്കുന്ന ജീവന്റെ സ്ഥിതിയും. ജീവനിൽനിന്ന് പ്രകൃതിയുടെ മായാവരണം വേർപെടുത്തിയാൽ അവ സർവ്വസ്വതന്ത്രമാണ്. നിത്യശുദ്ധബുദ്ധമുക്തസ്വരൂപനാണ് ജീവൻ. കുടുംബത്തോടുള്ള ആസക്തികൊണ്ട് ഒരു ജീവൻ ആത്മീയപുരോഗതിയിൽനിന്ന് പിന്തിരിക്കപ്പെടുന്നുവെങ്കിൽ അത് മമത എന്ന വികാരത്തിന്റെ ശക്തിയിന്മേലാണ് സംഭവിക്കുന്നതു. ഇവിടെ മമത എന്നത് മനുഷ്യജീവിതദൈർഘ്യത്തിന്റെ മൂന്നിലൊന്ന് കാലത്തോളം ജീവനെ വിട്ടുനിൽക്കുന്നതായ മനസ്സ് എന്ന തത്വത്തിന്റെ ഉപരിതലത്തിൽ തെളിയുന്ന മിഥ്യയായ വികാരങ്ങളിലൊന്നാണ്. എഴുപത്തിയഞ്ചുവർഷം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ തന്റെ ജീവിതത്തിന്റെ ഇരുപത് മുതൽ ഇരുപത്തിയഞ്ചുവരെ വർഷക്കാലം ഉറങ്ങുകയാണ് ചെയ്യുന്നത്. മൂന്നിലൊന്നോളം വരുന്ന ഇക്കാലമത്രയും തന്നെ വിട്ടുനിൽക്കുന്ന മനസ്സിലാണ് ബന്ധനഹേതുക്കളായ സകല കളങ്കങ്ങളും നിഴലിക്കുന്നതെന്നോർക്കണം. അപ്പോൾ സർവ്വസ്വതന്ത്രനായ ജീവൻ കർമ്മഫാലാനുഭവയോഗ്യമായ ശരീരത്തിൽ വന്ന് ബദ്ധനാകുകയും അതിലൂടെ പ്രപഞ്ചത്തിലെ സുഖദുഃഖങ്ങളെ അനുഭവിക്കുയും ചെയ്യുന്നു.

ഇവിടെ കിണറ്റിൽ വീണ വ്യക്തി അതിലെ ജലത്തിൽ മുങ്ങി ശ്വാസം മുട്ടി ദുരിതമനുഭവിക്കുമ്പോൾ, ഒരു ശരീരത്തിൽ പെട്ടുപോകുന്ന ജീവനാകട്ടെ, സംസാരമാകുന്ന ആഴക്കടലിലേക്കാണ് മുങ്ങിത്താഴുന്നതു. കിണറ്റിൽ വീണ വ്യക്തി കൈകാലിട്ടടിച്ച് ഇടയ്ക്കൊന്ന് പൊങ്ങുമ്പോൾ ഒരു നിമിഷത്തേക്ക് അയാൾക്ക് ശ്വാസം തിരികെ ലഭിക്കുന്നു. അതിലൂടെ അല്പം ആശ്വാസമനുഭവിക്കുകയും ചെയ്യുന്നു. പക്ഷേ, നിസ്സഹായനായ അവൻ നിമിഷാർദ്ധത്തിൽതന്നെ വെള്ളത്തിലേക്ക് ആഴ്ന്നുപോകുന്നു. അവസ്ഥയിൽ എങ്ങനെയെങ്കിലും തനിക്ക് രക്ഷപ്പെടണമെന്ന മോഹം അവനിലുണ്ടാകുന്നു. എന്നാൽ സംസാരത്തിൽ പെട്ടുപോയ ജീവനാകട്ടെ, താനനുഭവിക്കുന്ന അല്പസുഖങ്ങളുടെ കാലദൈർഘ്യം നിമിഷാർദ്ധത്തേക്കാൾ തെല്ല് നീണ്ടുനിൽക്കുന്നതുകൊണ്ട് ദുരിതാവസ്ഥയിൽനിന്ന് രക്ഷനേടാനാഗ്രഹിക്കുന്നില്ലെന്നു മാത്രമല്ലാ, അടുത്ത ദുഃഖം തന്നെ തേടിയെത്തുന്നതുവരെ ആ അല്പസുഖത്തിൽ സർവ്വവും മറക്കുന്നുവെന്നതാണ് ആശ്ചര്യജനകമായ വസ്തുത. എന്നാൽ, കിണറ്റിലെ വ്യക്തി പൊങ്ങുമ്പോൾ അനുഭവിക്കുന്ന സുഖത്തിന്റെ നൂറുമടങ്ങ് ദുഃഖം മുങ്ങുമ്പോളനുഭവിക്കുന്നതുപോലെ സംസാരത്തിലും സുഖത്തെക്കാളധികം ദുഃഖമാണ് ജീവന്മാരനുഭവിക്കുന്നത്. മറ്റൊന്ന്, കിണറ്റിലെ വ്യക്തി പൊങ്ങുമ്പോൾ അനുഭവിക്കുന്ന സുഖത്തെ, അവൻ മുങ്ങിക്കിടക്കുമ്പോഴനുഭവിക്കുന്ന ദുഃഖത്തിൽനിന്നും നിമിഷാർദ്ധത്തേക്കുണ്ടാകുന്ന ഒരു ശമനം മാത്രമായേ നമുക്ക് കാണാൻ കഴിയുകയുള്ളൂ. അല്ലാതെ സംസാരത്തിൽ സുഖമെന്നത് ഒരിക്കലും സാധ്യമല്ല. ഇതിനെക്കുറിച്ച് ആദിശങ്കരൻ ഭജഗോവിന്ദത്തിൽ പറയുന്നു, ശോകഗ്രസ്ഥം ലോകസമസ്തം. (ലോകം മുഴുവൻ ദുഃഖത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്). സംസാരത്തിലെ സുഖദുഃഖങ്ങളുടെ അനുഭവവും കേവലം ഇപ്രകാരം തന്നെ. കൂട്ടിലടയ്ക്കപ്പെട്ട കിളികൾ, അവയെ ഒരിക്കൽ തുറന്നുവിട്ടാൽ എന്നെന്നേയ്ക്കുമായി സ്വതന്ത്രരാകുന്നതുപോലെയല്ല ഇവിടെ ജീവന്മാരുടെ കഥ. മറിച്ച്, തങ്ങളുടെ പ്രാരബ്ദമനുഭവിച്ചുതീരുന്നതുവരെ അവർ ഒരുകൂടുവിട്ട് മറുകൂട്ടിലേക്ക്  ബലാൽ അകപ്പെട്ടുപോകുന്നുവെന്നുകൂടി നാം ഓർക്കേണ്ടതുണ്ട്. അടുത്ത പദ്യങ്ങളിൽ പറയാൻ പോകുന്നത് ആയതിലേക്കുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചാണ്.

കെട്ടുകളായത് കർമ്മം പുരുഷന്
കെട്ടുകളറ്റേ മുക്തി വരൂദൃഢം
കെട്ടുകളോ, ഫലഭുക്ത്യാ തീരും
കെട്ടായിനിയും നാരായണ! ജയ!

നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമ്മമെന്നറിയേണ്ടത് മുൻപിൽ നാം. പൂന്താനം തിരുമേനിയുടെ ജ്ഞാനപ്പാന. എങ്ങനെയുള്ള ശരീരത്തിൽ ഒരു ജീവൻ പുനർജനിക്കണമെന്നതിനുപോലും നമ്മുടെ കർമ്മങ്ങളാണ് അടിസ്ഥാനം. കർമ്മങ്ങളാണ് പുരുഷനെ (ഒമ്പത് വാതിലുകളുള്ള ശരീരമാകുന്ന പുരത്തിൽ ശയിക്കുന്നവനെ) സംസാരത്തിൽ ബന്ധിക്കുന്നത്. ശ്രീമദ്ഭാഗവതത്തിൽ നാലാം സ്കന്ദം ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയൊമ്പതുവരെയുള്ള അദ്ധ്യായങ്ങളിൽ പുരഞ്ജനോപാഖ്യനവും അതിന്റെ താത്വികമായ അവലോകനവും പ്രതിപാദിച്ചിരിക്കുന്നത് നോക്കുക. കർമ്മങ്ങളെ സംബന്ധിച്ചിടത്തോളം പണ്ഢിതന്മാരിക്കിടയിൽ പോലും ഭിന്നാഭിപ്രായങ്ങളുണ്ടെന്നാണ് ശ്രീമദ്ഭഗവദ്ഗീതയിൽ ഭഗവാൻ പറയുന്നത്.

ത്യാജ്യം ദോഷവദിത്യേകേ കർമ്മ പ്രാഹുർമനീഷിണഃ
യജ്ഞദാനതപഃകർമ്മ ത്യാജ്യമിതിചാപരേ (ശ്രീ..ഗീ. 18.3)

കർമ്മങ്ങളെല്ലാം ദോഷയുക്തമായിക്കണ്ട് അവയെ ത്യജിക്കണമെന്ന് ചില വിദ്വാന്മാർ പറയുന്നു. എന്നാൽ യജ്ഞം, ദാനം, തപസ്സ് എന്നീ കർമ്മങ്ങളെ ത്യജിക്കരുതെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. പക്ഷേ, കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും കാണണമെന്നതാണ് ഭഗവാന്റെ സിദ്ധാന്തം. കർമ്മം (കർമ്മാനുഷ്ഠാനം), അകർമ്മം (കർമ്മവൈമുഖ്യം), വികർമ്മം (അരുതാത്ത കർമ്മങ്ങളുടെ അനുഷ്ഠാനം) എന്നിങ്ങനെ സങ്കീർണ്ണമാണ് കർമ്മഗതികൾ. അകർമ്മം സാധ്യമല്ലാത്ത സ്ഥിതിക്ക് വികർമ്മങ്ങളെ ഉപേക്ഷിച്ചുകൊണ്ട് കർമ്മങ്ങളെ ഈശ്വരാർപ്പണമായി ചെയ്യുമ്പോൾ കർമ്മങ്ങൾക്ക് കർത്താവായ ജീവനുമായി ബന്ധിമില്ലാതെയാകുന്നു. ഇത് ഭാവികാര്യം. എന്നാൽ കഴിഞ്ഞ പലേ ജന്മങ്ങളിൽ ജീവൻ അജ്ഞാനത്താൽ ചെയ്തുകൂട്ടിയ കർമ്മങ്ങളുടെ പ്രാരബ്ദഫലം അനുഭവിക്കുവാനുതകുന്നവിധം ഒരു ശരീരവുമായിട്ടാണല്ലോ നാം ഇവിടെ വന്നിരിക്കുന്നത്. പുണ്യമായാലും പാപമായാലും ഫലേച്ഛയോടുകൂടി ചെയ്ത കർമ്മങ്ങളായതുകാരണം അവ ജീവനോടുചേർന്നുകിടക്കുന്നു. ഇങ്ങനെ കർമ്മങ്ങളാൽ ബദ്ധപ്പെട്ടുകിടക്കുന്ന ജീവന് ഫലാനുഭവം കഴിയാതെ മുക്തി സാധ്യമല്ല. വർത്തമാനജീവിതം ഭൂതകാലകർമ്മങ്ങളെ അപേക്ഷിച്ചിരിക്കുന്നതുപോലെ, ഭാവിജീവിതം വർത്തമാനകാലകർമ്മങ്ങളുടെ ഫലാനുഭവത്തിനുവേണ്ടിയാണ് സംഭവിക്കുന്നത്. ഫലേച്ഛ കൂടാതെ വർത്തമാനകാലകർമ്മങ്ങളനുഷ്ഠിക്കുന്നതുവഴി പ്രാരബ്ദമൊടുങ്ങുന്നതോടുകൂടി ജീവൻ ജനനമരണസംസാരത്തിൽനിന്ന് മുക്തനാകുന്നു. അതുകൊണ്ട്, കർമ്മഫലമായി വന്നുകൂടുന്ന സുഖദുഃഖങ്ങളെ സമചിത്തതയോടുകൂടി സ്വീകരിച്ചുകൊണ്ട് വർത്തമാനകാലകർമ്മങ്ങൾ നമ്മെ ബദ്ധമാക്കാത്തവിധം അനുഷ്ഠിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകണം.

കേൾക്കണമെളുതായുണ്ട് രഹസ്യം
ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാൽക്കൽ നമസ്കൃതി ചെയ്ത് മുകുന്ദനി-
ലാക്കുക സതതം; നാരായണ! ജയ!

ഒരു നിമിഷത്തേക്കുപോലും മനുഷ്യന് ഭൂമിയിൽ കർമ്മംകൂടാതെ ജീവിതം സാധ്യമല്ല. ഭഗവാൻ ഗീതയിൽ പറയുന്നു;

നിയതം കുരു കർമ്മ ത്വം കർമ്മ ജ്യായോ ഹ്യകർമ്മണഃ
ശരീരയാത്രാപി തേ പ്രസിധ്യേദകർമ്മണഃ (ശ്രീ..ഗീ 3.8)
(അകർമ്മത്തേക്കാൾ ശ്രേഷ്ഠം നിയതമായ കർമ്മാനുഷ്ഠാനം തന്നെയാണ്. മാത്രമല്ലാ, കർമ്മങ്ങൾ കൂടാതെ മനുഷ്യന് ദേഹപാലനം പോലും സാധ്യമല്ല.)

അങ്ങനെയിരിക്കെ, കർമ്മങ്ങൾ ജീവനെ സംസാരവുമായി ബന്ധിക്കാതിരിക്കാനുള്ള ഏക ഉപാധി, നിയതമായ കർമ്മങ്ങൾ ഈശ്വരാർപ്പണമായി അനുഷ്ഠിക്കുക എന്നുള്ളതാണ്. അതിനായി ആദ്യംതന്നെ ജീവന് കർമ്മങ്ങളുടെ കർതൃത്വം ഒഴിയേണ്ടിയിരിക്കുന്നു.  യഥാർത്ഥത്തിൽ ജീവന് കർമ്മങ്ങളുമായി യാതൊരു ബന്ധംതന്നെയില്ല.

പ്രകൃത്യൈവച കർമ്മാണി ക്രിയമാണാനി സർവ്വശഃ (ശ്രീ..ഗീ 13.30)

ഇവിടെ പ്രകൃത്യാതന്നെ സർവ്വകർമ്മങ്ങളും ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്. നമ്മുടെ കർമ്മങ്ങളെ നാം മാറിനിന്ന് വീക്ഷിച്ചാൽ മനസ്സിലാകുന്ന വസ്തുതയാണിതു. എന്നാൽ ഇത് ഞാൻ ചെയ്യുന്നു എന്ന് വിചാരിച്ച് ജീവൻ അജ്ഞാനംകൊണ്ട് സ്വയം കർമ്മങ്ങളുടെ കർതൃത്വം ഏറ്റെടുക്കുന്നു. കർതൃത്വഭാവമൊഴിയണമെങ്കിൽ ആദ്യം ഞാൻ എന്ന വ്യക്തിത്വാഹങ്കാരമില്ലാതാകണം. ഈശ്വരനും താനും രണ്ടാണെന്ന അജ്ഞാനജമായ ദ്വൈതഭ്രമാണ് അഹങ്കാരത്തിന് കാരണം. നദിയിലെ ജലമൊഴുകി സമുദ്രത്തിൽ ചേർന്നാൽ പിന്നെ നദിയിലെ ജലം, സമുദ്രത്തിലെ ജലം എന്ന് തമ്മിൽ വേർതിരിച്ചുകാണാൻ കഴിയാത്തതുപോലെ, അഥവാ, നദിയിലേതായാലും സമുദ്രത്തിലേതായാലും ജലത്തിന്റെ സ്വരൂപവും സവിശേഷതയും ഒന്നായിത്തന്നെ നിലനിൽക്കുന്നതുപോലെ,  നാമും ഈശ്വരനും സ്വരൂപത്തിൽ ഒന്നാണെന്ന ബോധം നമ്മിൽ സ്ഥായിയായി നിലനിൽക്കേണ്ടതുണ്ട്. ജലത്തോടൊപ്പം മരക്കഷണങ്ങളൊഴുകി സമുദ്രത്തിൽ പതിക്കുമ്പോൾ, ജലത്തിന് സമുദ്രജലവുമായിചേർന്ന് അതിന്റെ അസ്ഥിത്വം നഷ്ടമാകുന്നു. എന്നാൽ മരകഷണങ്ങൾക്ക് അങ്ങനെ സംഭവിക്കുന്നില്ല. ഇവിടെ രണ്ടു ജലത്തിന്റേയും സ്വഭാവവും സ്വരൂപവും കേവലം ഒന്നായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മറിച്ചാകുന്ന പക്ഷം (അതായത്, താനും ഈശ്വരനും രണ്ടാകുന്ന പക്ഷം) ജീവന് ഏതൊരു മാർഗ്ഗത്തിലൂടെയും യോഗം സാധ്യമല്ല എന്നത് ഈ ഉദാഹരണത്തിലൂടെ വ്യക്തമാകുന്നു. ളത്വം കലർന്നിതു ലകാരത്തിനപ്പരിചു തത്വം നിനയ്ക്കിലൊരു ദിവ്യത്വമുള്ളൂ തവ എന്ന് എഴുത്തച്ഛൻഹരിനാമകീർത്തനത്തിൽ പറയുന്നു. ശ്രീമദ്ഭഗവദ്ഗീതയിൽ ഭഗവാനും പറയുന്നു.

മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ (ശ്രീ..ഗീ. 15.7)
ജീവലോകത്തിൽ ജീവഭൂതങ്ങൾ എന്റെതന്നെ സനാതനമായ അംശമാണ്.
അജ്ഞാനത്താൽ ഈ ജ്ഞാനം മറയപ്പെട്ടിരിക്കുന്നതുകൊണ്ടാണ് നമ്മളിൽ വ്യക്തിത്വാഹങ്കാരമുണ്ടാകുന്നത്. ഞാൻ എന്ന ഭാവമുള്ളിടത്തോളം കർതൃത്വഭാവവും ഉണ്ടായിരിക്കും. കർതൃത്വഭാവം നശിക്കാതെ കർമ്മങ്ങളെ ഭഗവദർപ്പണമാക്കിമാറ്റാൻ സാധ്യമല്ല. കാരണം, ഈശ്വരൻ ആരുടേയും പുണ്യമോ പാപമോ ഏറ്റെടുക്കുന്നവനല്ല.

ആദത്തേ കസ്യചിത് പാപം ചൈവ സുകൃതം വിഭുഃ
അജ്ഞാനേന ആവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ (ശ്രീ..ഗീ. 5.15)

തന്റെ സ്വരൂപമെന്താണെന്ന തിരിച്ചറിവിലൂടെ അഹങ്കാരമൊഴിഞ്ഞാലേ കർതൃത്വം ജീവനെ വിട്ടൊഴിയൂ എന്ന് സാരം. കർതൃത്വഭാവത്തോടുകൂടി ചെയ്യപ്പെടുന്ന കർമ്മങ്ങൾ കർത്താവായ ജീവനോടുചേർന്നുകിടക്കുകയും അതാത് കർമ്മങ്ങളുടെ ഫലം ജീവന് കാലാകാലങ്ങളിൽ അനുഭവയോഗ്യമായിത്തീരുകയും ചെയ്യുന്നു. അങ്ങനെവരുമ്പോൾ മോക്ഷം എന്നത് ജീവനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായി നിലകൊള്ളുന്നു. അതുകൊണ്ടാണ് സർവ്വരും തങ്ങളുടെ കർമ്മങ്ങളെ ഈശ്വരാർപ്പണബുദ്ധ്യാ ചെയ്യണമെന്നനുശാസിക്കുന്നത്.

കൈയ്യിൽ വരുന്നതുകൊണ്ട് ദിനങ്ങൾ -
ഴിക്ക ഫലം പുനരിച്ചിക്കൊല്ലാ
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിന് തുച്ഛം!; നാരായണ! ജയ!.

ഭൂമിയിൽ മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്നത് മോക്ഷപ്രാപ്തിയാണെന്നു പറഞ്ഞുവല്ലോ. നാമാരും ഇവിടെ ഒന്നുംതന്നെ സമ്പാദിക്കാൻവേണ്ടി വന്നവരല്ല. സത്യത്തിൽ മനുഷ്യൻ മാത്രമാണ്ഭൂമിയിൽ സമ്പാദ്യസ്വഭാവമുള്ള ഒരേയൊരു ജീവി. നാളേയ്ക്കുവേണ്ടിയാണ് മനുഷ്യൻ സമ്പാദിക്കുന്നതെങ്കിലും, നാളെ എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ അപ്രവചനീയമായ ഒരു വസ്തുതയാണ്. മാത്രമല്ലാ, മഹത്തായ മനുഷ്യജീവിതത്തിൽ ഇന്നിനാണ് ഏറ്റവുമധികം പ്രാധാന്യം. കാരണം, ജീവിച്ചിരിക്കുന്ന നിമിഷം നാമെങ്ങനെയിരിക്കുന്നുവോ അതാണ് ജീവിതത്തിന്റെ ഗുണനിലവാരം. ഇന്ന് ജീവിക്കാതെ സങ്കല്പമാത്രമായ നാളേയ്ക്കുവേണ്ടി സമ്പാദിക്കുന്നത് സാമൂഹികജീവിതത്തിൽപോലും അനുചിതമായ കാര്യമാണ്. കൂടാതെ, സമൂഹത്തിൽ ഒരുകൂട്ടം മനുഷ്യൻ അന്നം കിട്ടാതെ പട്ടിണികിടക്കുമ്പോൾ, ഇന്ന് മൂക്കുമുട്ടെ കഴിച്ച് ബാക്കി നാളേയ്ക്ക് കൂട്ടിവയ്ക്കുപ്പെടുന്ന അന്നം ഒരു കാരണവശാലും നമ്മുടേതല്ല. അത് ഈശ്വരദൃഷ്ടിയിൽ പാപംതന്നെയാണ്. മറ്റൊരു കാര്യം, സമ്പാദ്യശീലർ ജീവിതകാലം മുഴുവൻ സമ്പാദിച്ചുകൊണ്ടേയിരിക്കും. അങ്ങനെയായാൽ, അത് വന്ന കാര്യത്തെ മറന്നുചെയ്യുന്ന മറ്റൊരു പ്രവൃത്തികൂടിയാണ്. അതുകൊണ്ട് തുഞ്ചത്താചാര്യൻ പറയുന്നു; കൈയ്യിൽ വരുന്നതുകൊണ്ട് ദിനങ്ങൾ കഴിക്കുക. യഥൃശ്ചയാ വരുന്ന അർത്ഥത്തിൽ തൃപ്തരാകുക എന്ന് സാരം. അതിനുവേണ്ടിയാണ് ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന നാല് പുരുഷാർത്ഥങ്ങളെക്കൊണ്ട് ചിട്ടപ്പെടുത്തിയ ഒരു മഹത്തായ ജീവിതചര്യയെ നമുക്ക് ഋഷീശ്വരന്മാർ ഉപദേശിച്ചുതന്നിരിക്കുന്നത്. എന്താണ് ധർമ്മം? ധർമ്മമെന്നാൽ മനുഷ്യനെ സംബന്ധിച്ച് ആത്മസാക്ഷാത്ക്കാരയത്നമാണ്. അത് മനസ്സിൽ വച്ചുകൊണ്ട് ധാർമ്മികമായി വരുന്ന അർത്ഥത്തെ കൈക്കൊള്ളുക. തുടർന്ന് അർത്ഥത്തെക്കൊണ്ട് ധാർമ്മികങ്ങളായ കാമങ്ങളെ ഭുജിക്കുക. ഒടുവിൽ കാമങ്ങളെല്ലാം ധാർമ്മികമായി ത്യജിച്ചുകൊണ്ട് ധർമ്മലാഭമാകുന്ന മോക്ഷത്തെ വരിക്കുക. ചുരുക്കത്തിൽ ജീവിതത്തിലുടനീളം ആത്മസാക്ഷാത്ക്കാരയത്നമെന്ന ധർമ്മത്തെ വെടിയാതിരിക്കുക. ഇതാണ് പുരുഷാർത്ഥങ്ങളിലൂടെ ആചാര്യന്മാർ ഉദ്ദേശിക്കുന്നത്.

നിറയുന്നനേരം തുളുമ്പിവാർന്നൊഴുകുന്ന
മിഴിപോലെയല്ലന്തരംഗം,
നനയുന്നമാത്രേ വരണ്ടുണങ്ങീടുന്ന
ഗഹനാന്ധകൂപമീ ഹൃദയം.

അറിയാതെ കസ്തൂരിപരിമളം തിരയുന്നൊ-
രരിയ മാൻപേടയെപ്പോലെ
അതിനെ നിറയ്ക്കുവാനോടേണ്ട മാനുഷാ
മതിയാകയില്ല ജന്മങ്ങൾ. (പടയോട്ടം സുരേഷ് സി. കുറുപ്പ്)

വിഷയാനുഭവങ്ങളാൽ ഒരിക്കലും തൃപ്തമാകാത്ത ഒന്നാണ് മനസ്സ്. അങ്ങനെയുള്ള മനസ്സിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണ് മനുഷ്യൻ ജീവിതകാലം മുഴുവൻ പ്രയത്നിക്കുന്നത്. മനുഷ്യൻ തങ്ങളുടെ പ്രയത്നത്തിലൂടെ പ്രപഞ്ചം മുഴുവൻ അനുഭവിച്ചാലും മനസ്സ് വീണ്ടും അതൃപ്തമായിത്തന്നെ നിൽക്കും. അതുകൊണ്ട് മനസ്സിന്റെ തൃപ്തിയല്ല മറിച്ച് ആത്മസംതൃപ്തിയാണ് നമ്മളിലുണ്ടാകേണ്ടത്. മനസ്സിൽ രമിക്കുന്നവൻ ജീവിതകാലം മുഴുവൻ അതൃപ്തനായി ജീവിക്കുമ്പോൾ, ആത്മാവിൽ രമിക്കുന്നവൻ എത്രകാലം ജീവിച്ചാലും സംതൃപ്തനായിത്തന്നെയിരിക്കുന്നു. കാരണം, മനസ്സിനെ തൃപ്തമാക്കേണ്ടത് ബാഹ്യവസ്തുക്കളെക്കൊണ്ടാകുമ്പോൾ, ആത്മസംതൃപ്തി സ്വയം ആത്മാവിൽനിന്നുതന്നെയുണ്ടാകുന്നു. തൃപ്തിയും അതൃപ്തിയും വസ്തുവില്ലാ, മറിച്ച് മനസ്സിലും ആത്മാവിലുമാണ് നിലകൊള്ളുന്നത്. ഉദാഹരണത്തിന്, ഉത്സവസ്ഥലത്ത് ഒരു കുട്ടി കളിപ്പാട്ടം വിൽക്കുന്നു, മറ്റൊരു കുട്ടി അത് വാങ്ങുന്നു. ഇവിടെ ഒരാൾക്ക് താൻ കൊടുക്കുമ്പോഴും മറ്റൊരാൾക്ക് താൻ നേടുമ്പോഴുമാണ് സംതൃപ്തിയും സന്തോഷവുമുണ്ടാകുന്നത്. എല്ലാ കളിപ്പാട്ടങ്ങളും വിറ്റഴിയുമ്പോഴാണ് കച്ചവടക്കാരൻ കുട്ടിക്ക് പൂർണ്ണസന്തോഷമുണ്ടാകുന്നതെങ്കിൽ, അതിലൊരെണ്ണമെങ്കിലും തന്റെ പക്കലെത്തുമ്പോഴാണ് വാങ്ങുന്ന കുട്ടിക്ക് അല്പമെങ്കിലും സന്തോഷമുണ്ടാകുന്നത്. അങ്ങനെയെങ്കിൽ സന്തോഷം വസ്തുവില്ല ഇരിക്കുന്നത് എന്ന് മനസ്സിലാക്കാം. അതുപോലെ, താനാഗ്രഹിച്ച ഒരു വസ്തു തന്നിലെത്തുന്നതുവരെയുണ്ടായിരുന്ന അതൃപ്തി നീങ്ങി അത് ലബ്ധമാകുമ്പോൾ മനസ്സ് തൃപ്തമാകുന്നതായും, പിന്നീട് കാലാന്തരത്തിൽ താനറിയാതെതന്നെ തൃപ്തി മനസ്സിൽനിന്നും പതുക്കെപതുക്കെ അപ്രത്യക്ഷമാകുന്നതായും കാണാം. എന്നാൽ വസ്തുവിന്റെ ലബ്ദിക്കുശേഷവും താൻ അതൃപ്തനാണെങ്കിൽ സന്തോഷമെന്നത് വസ്തുവിലല്ല എന്ന് വീണ്ടും വ്യക്തം.

ഹൃദയമാം പൂവതിന്നടിവാരദേശത്തൊരുറവയുണ്ടതു നീ തുറക്കൂ!
അതിലൂടെയൂറിവന്നകമേ നിറഞ്ഞിടും മധുവുണ്ടു ദിനവും സുഖിക്കൂ!. (പടയോട്ടം - സുരേഷ് സി. കുറുപ്പ്)
(ഹൃദയമാകുന്ന പൂവിന്റെ ഏറ്റവും അടിവാരത്തിൽ ഒരുറവയുണ്ട്. അതടഞ്ഞിരിക്കുന്നതുകൊണ്ടാണ് ഉള്ളിൽ നിത്യമായ സന്തോഷമുണ്ടാകാത്തത്. മറിച്ച് ഉറവ തുറന്നാൽ അതിലൂടെ ഊറിവരുന്ന സന്തോഷമാകുന്ന മധുവുണ്ടുകൊണ്ട് സദാകാലവും സുഖമായിരിക്കാമെന്ന് കവിസങ്കല്പം.)

ശരീരത്തെയടക്കം ഇവിടെ ഉപേക്ഷിച്ചുപോകുന്ന ജിവന് സമ്പാദ്യം കൊണ്ടോ ദേവേന്ദ്രപട്ടംവരെയുള്ള സ്ഥാനമാങ്ങൾകൊണ്ടോ ഭൂമിയിൽ എന്ത് പ്രയോജനം!. ചിന്തിക്കേണ്ട വസ്തുതയാണ്. ലോകത്തെ മുഴുവൻ തങ്ങളുടെ കാൽകീഴിലാക്കിയെന്ന് അഹങ്കരിച്ചിരുന്ന ചക്രവർത്തിമാർ ഇവിടെയുണ്ടായിരുന്നു. അവരുടെ ജീവിതങ്ങളിലൂടെ നമുക്കീ സത്യത്തെ കണ്ട് മനസ്സിലാക്കാവുന്നതാണ്. ഭൂമിയിൽ മനുഷ്യജീവിതം ആത്മസാക്ഷാൽക്കാരത്തിനുവേണ്ടിമാത്രമുള്ളതാണെന്ന് ഓരോ പദ്യത്തിലും വ്യത്യസ്ഥ ഉദാഹരണങ്ങളിലൂടെ പറയുകയാണ് തുഞ്ചത്താചാര്യൻ. അത് അതിനായിത്തന്നെ വിനിയോഗിച്ച് സമൂഹത്തിൽ മുമുക്ഷുക്കളായി ജീവിച്ച് മോക്ഷം നേടുന്നതിനോടൊപ്പം വരുംതലമുറകൾക്ക് സ്വയം മാതൃകയാകേണ്ട ഉത്തരവാദിത്വംകൂടി നമ്മളിലുണ്ട്.

കൊടിയ തപസ്സുകൾ ചെയ്തോരോ ഫല-
മിച്ഛിച്ചീടുകിൽ മുക്തിവരാ ദൃഢം
അടിമലർ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവർ; നാരായണ! ജയ!

തപസ്സുകളേക്കുറിച്ച് കേൾക്കാത്തവരാരുംതന്നെയുണ്ടാകില്ല. ഓരോ തപസ്സിന് പിന്നിലും അതിന് പ്രചോദനമായിട്ടുള്ള ഒരാഗ്രഹമുണ്ടായിരിക്കും. മോക്ഷം പോലും അവയിലൊന്നാണ്. ആഗ്രഹങ്ങളിൽ തുടങ്ങി, ഘോരമായ തപസ്സുകളിലൂടെ വേണ്ട വരങ്ങൾ നേടി, ആ തപോബലംകൊണ്ട് ലോകത്തിനുതന്നെ കൊടിയ വിപത്തുകൾ സൃഷ്ടിച്ച്, ഒടുവിൽ സ്വയം അത്യാപത്തുകളിൽ ചെന്നുചാടി തനിക്കും ലോകത്തിനും ഒരുപോലെ സർവ്വനാശത്തെ വരുത്തിവയ്ക്കുന്നതാണ് മിക്കവാറും ഇത്തരം കഥകളുടെയെല്ലാം ഇതിവൃത്തം. എന്നാൽ, കഥകളിൽ മാത്രമല്ലാ, ജീവിതത്തിലും ആഗ്രഹങ്ങൾതന്നെയാണ് വില്ലൻ. കാരണം, ഓരോ ആഗ്രഹവും സുഖത്തിലേറെ ദുഃഖത്തെ കൊടുത്തുകൊണ്ടുമാത്രമേ ജീവനുമായുള്ള സംബന്ധമുപേക്ഷിക്കുകയുള്ളൂ. അതുകൊണ്ടാണ് ശ്രീബുദ്ധൻ പറഞ്ഞത്, ആഗ്രഹങ്ങളാണ് ജീവിതത്തിലെ സകലദുഃഖങ്ങൾക്കും മൂലകാരണമെന്ന്. ഇവിടെ തപസ്സെന്നാൽ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി ആസക്തിയോടുകൂടി ചെയ്യുന്ന വിവിധ കർമ്മങ്ങൾ എന്നുംകൂടി അർത്ഥമാക്കേണ്ടതുണ്ട്.

മനസ്സിൽനിന്ന് ആഗ്രഹങ്ങൾ പൂർണ്ണമായും നിവർത്തിക്കുമ്പോഴാണ് ഒരു ജീവൻ യഥാർത്ഥത്തിൽ മോക്ഷത്തിനുവേണ്ടിയുള്ള ശരിയായ പ്രയത്നം ആരംഭിക്കുന്നതുതന്നെ. മോക്ഷത്തെ ആഗ്രഹിക്കുന്നതുപോലും മോക്ഷപ്രാപ്തിക്ക് വിരുദ്ധമായി വർത്തിക്കുന്നുവെങ്കിൽ, ഭൌതികാഗ്രഹങ്ങളെക്കുറിച്ചെന്തുപറയാൻ!. ജ്ഞാനി ജ്ഞാനമാകുന്ന അഗ്നിയിൽ ആഗ്രഹങ്ങളെ ഓരോന്നായി എരിച്ചുകളയുന്നു. മുമുക്ഷു ഓരോ ആഗ്രഹത്തിന്റേയും നിസ്സാരതയെ അനുഭവിച്ചറിഞ്ഞ്, മനസ്സിൽ അവ ഉദിച്ചിടത്തുതന്നെ ഇനിയൊരിക്കലും മുളയ്ക്കാത്തവിധം കുഴിച്ചുമൂടുന്നു. എന്നാൽ അജ്ഞാനിയാകട്ടെ, ആഗ്രഹസഫലീകരണത്തിനുവേണ്ടി കർമ്മത്തിൽ അത്യന്തം ആസക്തനായി ജീവിതകാലം മുഴുവൻ സകാമകർമ്മങ്ങളിലേർപ്പെട്ട് ജീവനെ സംസാരത്തിൽതന്നെ തളച്ചിടുന്നു.

അങ്ങനെയാകാതെ വിധിമതമായികിട്ടുന്ന ഭോഗങ്ങളിൽ തൃപ്തനായി, നിയതമായ കർമ്മങ്ങളെ ഫലേച്ഛ കൂടാതെ (ജീവന് സംസാരത്തിൽ ബന്ധമുണ്ടാകാത്തവിധം) ഈശ്വരാർപ്പണബുദ്ധ്യാ അനുഷ്ഠിച്ച് നിസ്സംഗനായി (കർമ്മത്തിൽ ആസക്തിയുണ്ടാകാതെ) മനുഷ്യജീവിതത്തെ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ഉപയോഗിക്കണമെന്നാണ് എഴുത്തച്ഛൻ ഈ പദ്യത്തിലൂടെ നമ്മെ ഉപദേശിക്കുന്നത്.

ഈശ്വരനിൽ ഭക്തിയുണ്ടാവുക എന്നതാണ് കലിയുഗത്തിൽ ഇതിനായുള്ള ഏകോപാധി. ഉത്തമഭക്തന്മാർ എപ്പോഴും ഭഗവാനെ മാത്രമേ ആഗ്രഹിക്കുകയുള്ളൂ, അഥവാ ആശ്രയിക്കുകയുള്ളൂ. ശ്രീമദ്ഭാഗവതത്തിലെ കുചേലബ്രാഹ്മണന്റെ കഥയിൽനിന്ന് നമുക്ക് ലഭിക്കുന്ന വലിയ ഒരു പാഠമാണിത്. തന്നിലെ ഭക്തിയിൽ അണുവിടപോലും ഭൌതികതയുണ്ടായിരുന്നുവെങ്കിൽ കുചേലൻ എന്തെങ്കിലും ചോദിക്കാതെ ഭഗവദ്സന്നിധിയിൽനിന്നും മടങ്ങുമായിരുന്നില്ല. ഭൌതികമായി വല്ലതും നേടുന്നതിലുപരി ഭഗവാനെ ഒരുനോക്ക് കാണുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും ഉദ്ദേശവും. ഈശ്വരനെ നേടിയവന് അതിനപ്പുറം പ്രപഞ്ചത്തിലെന്ത് നേടാ!. ഈവിധം ആഗ്രഹങ്ങളൊഴിഞ്ഞ പരിശുദ്ധമായ മനസ്സാണ് ഒരു ഉത്തമഭക്തന്റെ അമൂല്യസമ്പത്ത്. അതിൽ അവൻ ഭഗവാനുവേണ്ടി ഇരിപ്പിടമൊരുക്കുന്നു. അവിടെ പ്രപഞ്ചത്തിലെ യാതൊരുവസ്തുവിനും അവൻ സ്ഥാനം കൊടുക്കിന്നില്ല.

ഷഡ്വൈരികൾക്ക് വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം മമ തവാസ്ഥാനരംഗമിതു. (ഹരിനാമകീർത്തനം)

അങ്ങനെയുള്ള ആത്മനിവേദിതനായ ഭക്തോത്തമനായിരുന്നു കുചേലബ്രാഹ്മണൻ. ആത്മനിവേദനം ചെയ്ത ഭക്തൻ പിന്നീട് ഭഗവാന്റെ സമ്പത്താണ്. കുചേലബ്രാഹ്മണന്, ഭഗവാനിൽനിന്നായിരുന്നുവെങ്കിൽപോലും, തന്റെ മനസ്സിന് കളങ്കമുണ്ടാകുന്നവിധത്തിലുള്ള യാതൊന്നുംതന്നെ സ്വീകരിക്കുവാൻ കഴിഞ്ഞില്ല. കാരണം, ഭഗവാനല്ലാതെ മറ്റൊന്നിനും മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെയുള്ള ഭക്തൻ കഴിഞ്ഞേയുള്ളൂ ഭഗവാന് മറ്റെന്തും. അവിടെയാണ് യോഗക്ഷേമം വഹാമ്യഹം എന്ന ഭഗവാന്റെ വാക്ക് പാലിക്കപ്പെടുന്നതും. പിന്നീട് കുചേലന് എന്ത് സംഭവിച്ചു എന്നുള്ളത് കഥയിലൂടെ നമുക്കറിയാവുന്നതാണ്. ഈശ്വരൻ സകലഭൂതങ്ങളിലും ഒരേസമയം കുടികൊള്ളുമ്പോൾ, ഉത്തമഭക്തൻ സദാസമയവും ഭഗവാനിൽ നിലകൊള്ളുന്നു. അതുകൊണ്ടായിരുന്നു പ്രപഞ്ചത്തേയും അതിലെ ഓരോ തീർത്ഥങ്ങളേയും ശുദ്ധമാക്കുന്ന സർവ്വപാപാപഹനായ ഭഗവാൻ ഭക്തന്റെ ചരണാമൃതംകൊണ്ട് സ്വയത്തെയും തന്റെ ദ്വാരകയേയും ശുദ്ധമാക്കിയത്. ചുരുക്കത്തിൽ മുമുക്ഷുവായ ഒരുവൻ ആഗ്രഹങ്ങളെ അപ്പാടെ ഉപേക്ഷിച്ച് ഈശ്വരനിൽ ആശ്രയം കൊള്ളണമെന്ന് സാരം.

കോപംകൊണ്ട് ശപിക്കരുതാരും
ഭഗവദ്മയമെന്നോർക്ക സമസ്തം
സുഖവും ദുഃഖവുമനുഭവകാലം-
പോയാൽ സമമിഹ; നാരായണ! ജയ!.

രജോഗുണജന്യമായി മനസ്സിന്റെ ഉപരിതലത്തിൽ പ്രതിഫലിക്കുന്ന മായയുടെ വികാരങ്ങളിലൊന്നാണ് കോപം. ഭൂതകാലത്തിലില്ലാതിരുന്നതും വർത്തമാനത്തിലുള്ളതായി തോന്നുന്നതും ഭാവിൽ ഇല്ലാതാകുന്നതുമായ പ്രതിഭാസമാണ് മായ. ലോകത്തിലെ സകല ജീവികളും ഒരുനാൾ തങ്ങളിനി കോപിക്കില്ല, എന്ന് തീരുമാനിച്ചാൽ പ്രപഞ്ചത്തിൽനിന്നു കോപത്തിന്റെ അസ്ഥിത്വംതന്നെ നഷ്ടമാകുന്നു. മായാഭാവങ്ങളായതുകൊണ്ടുതന്നെ ഏതൊരു വികാരങ്ങൾക്കും അധികകാലത്തേക്ക് മനസ്സിനെ സ്വാധീനിച്ചുനിൽക്കാൻ സാധ്യമല്ല. മറ്റൊരു വികാരത്തിന് മനോമഞ്ചമൊഴിഞ്ഞുകൊടുക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്വം പരസ്പരം ഓരോ വികാരങ്ങൾക്കുമുണ്ട്. മനസ്സിൽ തെളിഞ്ഞും മറഞ്ഞും നിൽക്കുന്ന വ്യത്യസ്ഥ ഭാവങ്ങളായ വികാരങ്ങളുടെ സ്വാധീനത്തിൽ വരുമ്പോഴാണ് നാം ഒരുവനോട് കോപിക്കുകയും മറ്റൊരുവനോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത്. ഇങ്ങനെയുള്ള മിഥ്യാഭാവങ്ങളുടെ അടിമയായി വർത്തിച്ചുകൊണ്ടാണ് മനുഷ്യൻ ഇവിടെ പല പ്രവൃത്തികളും ചെയ്തുകൂട്ടുന്നത്. ശ്രീമദ്ഭാഗവതം നാലാം സ്കന്ദത്തിലെ ധ്രുവചരിതത്തിൽ, ചിറ്റമ്മ സുരുചിയുടെ പരുഷമായ വാക്കുകൾ കേട്ട് മനം നൊന്ത അഞ്ചുവയസ്സുകാരൻ ബാലൻ ധ്രുവനോട് അവന്റെ അമ്മയായ സുനീതി പറയുന്നു;

മാ അമംഗളം താത! പരേഷു മംസ്ഥാ,
ഭുംക്തേ ജനോ യത് പരദുഃഖദസ്തത്. (ശ്രീ.ഭാ. 4.8‌)

മകനേ!, യാതൊരു സാഹചര്യത്തിലും നാം അന്യന്റെ അമംഗളത്തെ (ദുഃഖത്തെ) ആഗ്രഹിക്കുവാൻ പാടുള്ളതല്ല. കാരണം, നമ്മൾ യാതൊരു ദുഃഖം മറ്റുള്ളവർക്ക് കൊടുക്കുന്നുവോ, അത് പിന്നീട് നമ്മൾതന്നെ അനുഭവിക്കേണ്ടിവരുന്നു.

ഇവിടെ പരനുവേണ്ടി ആഗ്രഹിക്കപ്പെടുന്ന ദുഃഖം പിന്നീട് നമ്മളെത്തന്നെ തേടി വരുന്നത്, ഞാൻ, നീ എന്ന ദ്വൈതം പ്രപഞ്ചത്തിൽ ഇല്ലാ എന്നുള്ളതുകൊണ്ടാണ്. അജ്ഞാനം നിമിത്തം ഞാൻ വേറെ, അവൻ വേറെ എന്ന ഭാവം മനസ്സിൽ ഊണ്ടാകുന്നതുകൊണ്ടാണ് മനുഷ്യൻ മറ്റുള്ളവനെ ശപിക്കുന്നതും ദ്രോഹിക്കുന്നതും. സമുദ്രത്തിൽനിന്ന് പത്തുകുടങ്ങളിൽ ജലം ശേഖരിച്ചുവച്ചാൽ, ഓരോ കുടത്തിലെ വെള്ളത്തിനും സമുദ്രജലവുമായോ തമ്മിൽ തന്നെയോ പ്രത്യക്ഷഭാവത്തിൽ യാതൊരു ബന്ധവുമില്ലാത്തതുപോലെയാണ് ജീവാത്മപരമാത്മാക്കൾതമ്മിലും ഭേദഭാവങ്ങളുണ്ടാകുന്നത്. പത്തുകുടങ്ങളിലെ വെള്ളവും തിരിച്ച് സമുദ്രത്തിലേക്കൊഴിച്ചാൽ, അല്ലെങ്കിൽ ഒരു കുടത്തിലെ വെള്ളം മറ്റൊരുകുടത്തിലേക്കൊഴിച്ചാലോ, രണ്ടുംതമ്മിലുള്ള സകലഭേദങ്ങളും തത്ക്ഷണം ഇല്ലാതാകുന്നതുപോലെ നാമോരോരുത്തരും ഭഗവദംശമാണെന്ന് മാത്രമല്ലാ, ജീവാത്മാക്കൾതമ്മിലും യാതൊരുവിധത്തിലുള്ള ഭേദവുമില്ല എന്ന് മനസ്സിലാക്കണം. മറ്റൊന്ന്, ഓരോ ജീവന്മാർക്കൊപ്പം പരമാത്മാവും ശരീരത്തിൽ ജീവാത്മാക്കൾക്ക് തൊട്ടടുത്തായിത്തന്നെ സ്ഥിതിചെയ്യുന്നു. 

അഹം ആത്മാ ഗുഢാകേശാ!
സർവ്വഭൂതാശയസ്ഥിതഃ (ശ്രീ..ഗീ. 10.20) (അല്ലയോ അർജ്ജുനാ! ഞാൻ സകലഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന പരമാത്മാവാണ്.

പരംബോധസ്വരൂപനായ ഈശ്വരൻ ഇങ്ങനെ ഓരോ ജീവന്മാരോടൊപ്പം ഉപസ്ഥിതനായിക്കൊണ്ട് അതാത് ജീവന്മാരുടെ മനോവ്യാപാരങ്ങൾക്ക് സർവ്വസാക്ഷിത്വം വഹിക്കുന്നതോടൊപ്പം, കാലദേശഭാഷകൾക്കതീതനായിക്കൊണ്ട് പ്രപഞ്ചത്തിലെ അണോരണീയമായ സകല സ്പന്ദനങ്ങളുമറിയുകയും ചെയ്യുന്നു.

പദ്യത്തിന്റെ രണ്ടാം പകുതിയിൽ സുഖവും ദുഃഖവും അനുഭവകാലം പോയാൽ സമമിഹ എന്ന് ആചാര്യൻ പറയുന്നു.  സുഖദുഃഖങ്ങളെന്നത് കാലപ്രവാഹത്തിൽ ജീവനിൽ അനുഭവവേദ്യമായി വന്നും പോയുമിരിക്കുന്ന പുണ്യപാപകർമ്മങ്ങളുടെ ഫലങ്ങളാണ്. പക്ഷേ രണ്ടും അതിന്റെ അനുഭവകാലത്തിൽ മാത്രമാണ് ജീവനെ സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കണം. ഇവയുടെ അനുഭവകാലം കഴിഞ്ഞാൽ സുഖമായാലും ദുഃഖമായാലും പിന്നീട് ജീവനെ അത് യഥാർത്ഥത്തിൽ ബാധിക്കുന്നില്ല. മാണ്ഢൂക്യോപനിഷത്തിന്റെ വ്യാഖ്യാനത്തിലെവിടെയോ ഒരു താരതമ്യപഠനത്തെ കുറിച്ച് വായിച്ചതോർക്കുന്നു. ഒരു രാജാവ് എല്ലാ ദിവസവും തന്റെ ജാഗ്രദവസ്ഥയുടെ പന്ത്രണ്ട് മണിക്കൂർ സമയം സ്വപ്നം കാണുന്നു, താനൊരു ഭിക്ഷക്കാരനാണെന്ന്. അതുപോലെതന്നെ ഒരു ഭിക്ഷക്കാരൻ എല്ലാ ദിവസവും തന്റെ ജാഗ്രദവസ്ഥയുടെ പന്ത്രണ്ട് മണിക്കൂർ നേരം സ്വപ്നം കാണുകയാണ് താൻ ഒരു രാജാവാണെന്ന്. അങ്ങനെയെങ്കിൽ എന്താണ് അവർ തമ്മിലുള്ള വ്യത്യാസം? ആരാണ് രാജാവ്, ആരാണ് ഭിക്ഷക്കാരൻ?. ഇവിടെ രണ്ടുപേരുമനുഭവിക്കുന്ന സുഖദുഃഖങ്ങളുടെ കാലയളവും തീവ്രതയും ഒന്നുതന്നെയായതുകൊണ്ട് യഥാർത്ഥത്തിൽ രണ്ടുപേരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ് സത്യം. ഒരാൾ രാജാവയിരിക്കുന്ന അത്രയും സമയം മറ്റയാൾ ഭിക്ഷക്കാരായിരിക്കുന്നു. അങ്ങനെതന്നെ മറിച്ചും. ഇനി ജാഗ്രദവസ്ഥയിലെ രാജാവാണ് യഥാർത്ഥ രാജാവെന്നു പറഞ്ഞാൽ അത് നിഷ്പക്ഷമായ അഭിപ്രായമാണെന്ന് പറയാൻ പ്രയാസമാണ്. കാരണം, സ്വപ്നത്തിലായാലും ജാഗ്രത്തിലായാലും രണ്ടു ജീവന്മാരും മനസാന്നിധ്യത്തിലൂടെ ജീവിതത്തിലെ സുഖദുഃഖങ്ങളെ അനുഭവിക്കുകയാണ്. ജീവൻ സ്വപ്നം കഴിഞ്ഞ് തുരീയാവസ്ഥയിലെത്തുന്നതുവരെ, ശരീരം നിശ്ചലമാണെങ്കിൽപോലും, മനസ്സുണർന്ന് പ്രവർത്തിക്കുന്നു. മനസ്സാണ് ജീവനെ വിഷയങ്ങളുമായി കൂട്ടിച്ചേർക്കുന്ന ഇടനിലക്കാരൻ. സ്വപ്നം കണ്ട് വിയർക്കുന്നതും ചിരിക്കുന്നതും കരയുന്നതും രുചിക്കുന്നതും എഴുന്നേറ്റ് നടക്കുന്നതും എല്ലാം ജീവന്റെ അനുഭവത്തിലുള്ള വസ്തുതകൾതന്നെയാണ്. ഇവിടെ ഓരോ ദിവസത്തിന്റേയും നേർ പകുതികളിൽ ഇരുവരും അനുഭവിക്കുന്ന ഒരേ സുഖദുഃഖങ്ങൾ അനുഭവകാലത്തിൽ മാത്രമേ ഇവരെ ബാധിക്കുന്നുള്ളൂ. ഈ ദൃഷ്ടാന്തത്തിലൂടെ സുഖദുഃഖങ്ങൾ അനുഭവകാലം കഴിഞ്ഞാൽ തുല്യങ്ങളാണെന്ന് വ്യക്തം.

കൌതുകമൊന്നിലുമില്ലിനി മഹതാം‌-
ഭഗവദ്ഭക്തന്മാരോടുകൂടി
ഭഗവദ്ഗുണകഥനശ്രവണങ്ങളൊ-
ഴിഞ്ഞൊരുനേരം; നാരായണ! ജയ!

ഇനിയുള്ള രണ്ട് പദ്യങ്ങളിലൂടെ തുഞ്ചത്താചാര്യൻ തന്റെ ദൃഢനിശ്ചയം നമ്മളെ അറിയിക്കുകയാണ്. ജന്മത്തിലൂടെ സത്യത്തെ തിരിച്ചറിഞ്ഞ താൻ വിഷയാനുഭവങ്ങളുടെ നിസ്സാരതയെ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും, അതുകൊണ്ട്, തനിക്ക് ഇനി ഭൂമിയിൽ ഒന്നിനോടും യാതൊരു കൌതുകമോ ആഗ്രഹമോ ഇല്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ലാ, ഇനിയങ്ങോട്ട് മഹത്തുക്കളായുള്ള ഭഗവദ്ഭക്തന്മാരോട് സംഗം ചേർന്ന്, ഭഗവദ്ഗുണങ്ങളെ കേൾക്കുകയും കഥിക്കുകയും ചെയ്തുകൊണ്ട് ജീവിതം ഭഗവദർപ്പണമാക്കി, അതിലൂടെ മോക്ഷം വരിക്കണമെന്ന തന്റെ ജന്മലക്ഷ്യത്തെ അരക്കിട്ടുറപ്പിക്കുന്നതോടൊപ്പം, സത്സംഗത്തിന്റെ മഹത്വത്തെയും അദ്ദേഹം നാലുവരിൽ എടുത്തുകാട്ടുന്നു. ഏതൊരു ഉയർന്ന തലത്തിൽനിന്നും ജീവനെ നിഷ്കരുണം വലിച്ചുതാഴെയിടാൻ നമ്മുടെ മനസ്സുകൾക്ക് സാധിക്കും. കാരണം, ഇന്ദ്രിയങ്ങൾവഴി സദാസമയവും മനസ്സ് വിഷയങ്ങളുമായി വ്യവഹാരത്തിൽ കഴിയുന്നു. ഭക്തിജ്ഞാനവൈരാഗ്യങ്ങൾകൊണ്ട് വിഷയങ്ങളുടെ പിടിയിൽനിന്ന് മനസ്സിനെ അടക്കിവച്ചിരിക്കുകയാണ് എഴുത്തച്ഛൻ. നില തുടരുവാനും അതിനെ കൂടുതൽ ശക്തിമത്താക്കുവാനും സത്സംഗത്തിനുമാത്രമേ കഴിയൂ എന്നദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. ആചാര്യസ്വാമികളുടെ ഭജഗോവിന്ദത്തിൽ സത്സംഗത്തിന്റെ മഹത്വത്തേയും ജീവനെ എപ്രകാരം അതിലൂടെ മുക്തമാക്കാം എന്നും നാലുവരിയിൽ വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.


സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്വം
നിശ്ചലതത്വേ ജീവന്മുക്തിഃ

എന്താണ് ജീവന്മുക്തി?. ശരീരസ്ഥനായിരുന്നുകൊണ്ടുതന്നെ താപത്രയങ്ങളിൽനിന്നും നിവർത്തിച്ച് നിസ്സീമമായ ജ്ഞാനവും അനന്തമായ ആനന്ദവുമുൾക്കൊണ്ടിരിക്കുന്ന ജീവന്റെ അസ്ഥാവിശേഷത്തിനാണ് ജീവന്മുക്തി എന്നു പറയുന്നത്. അത് മരണാനന്തരബഹുമതിയായി എങ്ങുനിന്നോ വന്നുചേരുന്ന ഒരനുഗ്രഹമാണെന്ന് മനുഷ്യർക്കിടയിൽ തെറ്റിദ്ധാരണയുണ്ട്. ജീവന്മുക്തി ഒരിക്കലും എങ്ങുനിന്നും വന്നുചേരുന്ന ഒന്നല്ല. മറിച്ച്, ജീവന്റെ സ്വരൂപംതന്നെയാണ്. വന്നുചേരുന്നതെന്തും ഒരിക്കൽ തിരിച്ചുപോകുമെന്ന ദൃഷ്ടാന്തത്തിലൂടെ വിചാരത്തെ നാം തള്ളിക്കളയേണ്ടതാണ്.

ജീവന്മുക്തി അവസ്ഥ എപ്പോഴുണ്ടാകുന്നു?. ജീവൻ നിശ്ചലാവസ്ഥയിൽ എത്തിനിൽക്കുമ്പോൾ ജീവന്മുക്തി സാധ്യമാകുന്നു. എന്താണ് നിശ്ചലതത്വം?. ശരീരത്തിലിരിക്കുമ്പോൾതന്നെ പ്രപഞ്ചത്തിലെ യാതൊരു ശക്തിക്കും ഇളക്കാൻ പറ്റാത്തത്ര പരമമായ ശാന്തിയെ അനുഭവിക്കുന്ന അവസ്ഥാവിശേഷത്തിനാണ് അദ്ധ്യാത്മതലത്തിൽ നിശ്ചലതത്വം എന്നു പറയുന്നത്. ശാന്തി ജീവന് എപ്രകാരം അനുഭവയോഗ്യമാകുന്നു? നിർമ്മോഹത്വമെന്ന അവസ്ഥയെ പ്രാപിക്കുമ്പോഴാണ് ജീവന് നിശ്ചലതത്വത്തിലിരിക്കുവാൻ സാധിക്കുന്നതു. ഇനി എന്താണ് നിർമ്മോഹത്വം?. നിർമ്മോഹത്വമെന്നാൽ ഭ്രമമില്ലായ്മ. രജ്ജുവിൽ സർപ്പത്തെ കാണുന്നതുപോലെ, താനല്ലാത്തതിനെയൊക്കെ താനാണെന്ന് തെറ്റിദ്ധരിക്കുന്നതാണ് ഭ്രമം അഥവാ മോഹം. പൂർണ്ണമായ നിർമ്മോഹാവസ്ഥയിൽ മാത്രമേ ജീവന് ശാന്തി ലഭിക്കുകയുള്ളൂ. മോഹമില്ലായ്മ നിസ്സംഗത്വത്തിൽനിന്നുമുണ്ടാകുന്നു. വിഷയങ്ങളോട് രാഗമില്ലാഞ്ഞാൽ അത് നിസ്സംഗത്വമായി. രാഗവും ദ്വേഷവും മനസ്സിന്റെ വ്യപാരങ്ങളായതിനാൽ സമചിത്തതയിലൂടെ അവയെ മനസ്സിൽനിന്നകറ്റുവാൻ സധിക്കുന്നു. സമചിത്തത ആർജ്ജിക്കുവാനുള്ള ഉത്തമോപാധി സത്സംഗമാണ്.

ഒരു മരം ചെടിയായിരിക്കുന്ന അവസ്ഥയിൽ അതിന് വളവും വെള്ളവും നൽകേണ്ടതാവശ്യമാണു. മാത്രമല്ലാ, മറ്റു ശക്തികളാൽ നശിപ്പിക്കപ്പെടാതിരിക്കുവാൻ അതിനുചുറ്റും വേലികെട്ടി സംരക്ഷിക്കേണ്ടതുമുണ്ട്. എന്നാൽ, ചെടി വളർന്ന് മരമാകുമ്പോൾ അതിന് വളമോ വെള്ളമോ വേലിയോ ആവശ്യമില്ലെന്നുമാത്രമല്ലാ, പ്രപഞ്ചത്തിലെ യാതൊരു ശക്തിക്കും അതിനെ വീഴുത്തുവാനും സാധ്യമല്ല. പകരം വൃക്ഷം മറ്റുള്ള ചരാചരങ്ങൾക്ക് ആശ്രയവും തണലും പൂവും ഫലങ്ങളും നൽകിക്കൊണ്ടേയിരിക്കുന്നു. അതുപോലെ, ബദ്ധനായ ജീവനെ സംരക്ഷിച്ച് മുക്തമായ അവസ്ഥയിലെത്തിക്കുവാൻ സത്സംഗത്തിന് സാധ്യമാകുന്നു. അതുകൊണ്ടാണ് എഴുത്തച്ഛൻ മഹത്തുക്കളായ ഭഗവദ്ഭക്തന്മാരോട് സംഗമുണ്ടാകുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നത്.

കരുണാകരനാം ശ്രീനാരായണൻ
അരുളീടും നിജ സായൂജ്യത്തെ
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തുപിറന്നാൽ; നാരായണ! ജയ!

ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള സാധനയിൽ ഭക്തി, ശ്രദ്ധ, വിശ്വാസം എന്നിവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇവ മൂന്നും കൂടാതെ മോക്ഷപ്രാപ്തി അസംഭവ്യമാണ്. ശരീരത്തിലിരുന്നുകൊണ്ട് കർമ്മഫലമനുഭവിക്കുന്ന ജീവന് ഇവിടെ അവശ്യമായും ആത്യന്തികമായും നേടേണ്ടത് മോക്ഷമാണെന്ന് മുൻപ് പറഞ്ഞുവല്ലോ. അതുതന്നെയാണ് ജീവാത്മാക്കൾക്കുനേരേയുള്ള പരമാത്മാവിന്റെ യഥാർത്ഥകാരുണ്യം. അപ്പോൾ അവനെ പ്രസാദിപ്പിക്കുക എന്നത് അദ്ധ്യാത്മസാധനയുടെ മറ്റൊരു അർത്ഥതലംകൂടിയാണ്. ഈശ്വരാനുഗ്രഹം എന്തെന്നുള്ളതിന്റെ ഒറ്റവാക്കുത്തരം മോക്ഷം എന്നതാണു. ഈശ്വരദത്തമായ മറ്റു സൌഭാഗ്യങ്ങളായി നാം കരുതുന്നതെല്ലാം പ്രപഞ്ചത്തിൽ യഥേഷ്ടം ഉപലബ്ധവും തങ്ങളുടെ മുജ്ജന്മകർമ്മങ്ങൾക്കനുസരിച്ചും സ്വപ്രയത്നത്തിനനുസരിച്ചും ഒരുസമയം ലഭ്യമാകുകയും മറുസമയം നഷ്ടമാകുയും ചെയ്യുന്ന ഫലങ്ങളാണു. ചുരുക്കത്തിൽ ഈശ്വരനിൽനിന്ന് നേരിട്ട് ഇവിടെ ആർക്കെങ്കിലും എന്തെങ്കിലും നേടേണ്ടതുണ്ടെങ്കിൽ, അത് തീർത്തും മോക്ഷം മാത്രമാണെന്ന് സാരം.

ഈശ്വരൻ കാരുണ്യവാനാണെന്നും മേൽപ്പറഞ്ഞ രീതിയിൽ അവനെ ആരാധിച്ചാൽ അവൻ പ്രസാദിക്കുമെന്നും അതോടെ ജനനമരണമാകുന്ന സംസാരത്തിൽനിന്നും മുക്തി കിട്ടുമെന്നും എഴുത്തച്ഛൻ നമുക്കുറപ്പ് തരുന്നു. മാത്രമല്ലാ, ചവച്ചതുചവച്ചതുതന്നെ വീണ്ടും ചവയ്ക്കുന്നതുപോലെ ഒരേ ഇന്ദ്രിയസുഖങ്ങൾക്കും വിഷയാനുഭവങ്ങൾക്കും വേണ്ടി

പതിനായിരം ജന്മങ്ങൾ വീണ്ടും വീണ്ടും ജനിച്ചും മരിച്ചും സംസാരത്തിൽ വട്ടംതിരിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഫലവുമില്ലാ എന്നുകൂടി ഇവിടെ ആചാര്യൻ നമ്മെ ഓർമ്മിപ്പിക്കുന്നു. യഥാർത്ഥത്തിൽ ഓരോ ജീവനും ഇവിടെ മായായാൽ ബലാത്കാരമായി താനാഗ്രഹിക്കാതെതന്നെ പിറക്കപ്പെടുകയാണ്. ഓരോ ജനനത്തിനുമുമ്പും മാതാവിന്റെ ജഠരത്തിൽ വച്ച് ഈശ്വരനുമായി ഒരു സംവാദംതന്നെ ജീവൻ നടത്തുന്നുണ്ട്. പിറക്കുന്നതിന് തൊട്ടുമുന്നേ ഈശ്വരൻ ഓരോ ജീവനും അവരുടെ പഴയ സകല ജന്മങ്ങളെക്കുറിച്ചുള്ള ഓർമ്മകളെ കൊടുക്കുകയും അതിലൂടെ അവരനുഭവിച്ച സുഖദുഃഖങ്ങളുടെ തീവ്രത അവർ മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന് ഭാഗവതപുരാണം പറയുന്നു. ഇത്രയും ദുഃഷ്കരമായ സംസാരത്തിൽ താൻ വീണ്ടും പിറക്കാനാഗ്രഹിക്കുന്നില്ലെന്നും കർമ്മഫലത്താലുള്ള പ്രാരബ്ദത്തെ അനുഭവിച്ച് ഉടൻ തന്നെ തിരിച്ചുവന്നുകൊള്ളാമെന്നും അവിടെവച്ച് ജീവൻ ഈശ്വരന് വാക്കുകൊടുക്കുന്നു. എന്നാൽ ജനിച്ചതിനുശേഷം നിത്യനായ അവൻ പ്രകൃതിയിൽനിന്നും മനസ്സിനേയും ഇന്ദ്രിയങ്ങളേയും കൂട്ടുപിടിച്ചുകൊണ്ട് മായയുടെ പിടിയിൽ പെട്ട് വിഷയങ്ങളുടെ പിറകേ പോയി പ്രസ്തുത ജന്മംകൂടി വ്യർത്ഥമാക്കുന്നു.


മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കർഷതി (ശ്രീ..ഗീ 15.7)

(എന്റെ അംശംതന്നെയായും അനാദിയും ജീവഭൂതനുമായിരിക്കുന്ന ജീവൻ പ്രകൃതിയിലുള്ള ഇന്ദ്രിയങ്ങളേയും ആറാമത്തെ ഇന്ദ്രിയമായ മനസ്സിനേയും സംസാരത്തിൽ ഭോഗാനുഭവത്തിനായി ആകർഷിക്കുന്നു.)


കാരുണ്യവാനായ ഭഗവാൻ ശ്രീനാരായണൻ തന്റെ സായൂജ്യമാകുന്ന മോക്ഷത്തെ തരുവാൻ തയ്യാറായി നിൽക്കുകയാണെന്നും, ഭക്തിയുണ്ടായാൽ അവൻ അത് തന്ന് കടാക്ഷിക്കുമെന്നും, ആയതിനായി സാധന ചെയ്യണമെന്നും, അല്ലാതെ മഹത്തായ മനുഷ്യജന്മത്തെ മുമ്പുണ്ടായ കോടിജന്മങ്ങളെപ്പോലെ വ്യർത്ഥമാക്കിക്കളഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഗുരൂപദേശം.

ബഹുജന്മാർജ്ജിതകർമ്മമശേഷം
തിരുമുൽക്കാഴ്ച നിനക്കിഹ വച്ചേൻ
ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം നാരായണ! ജയ!

സത്യത്തെ തിരിച്ചറിഞ്ഞ ഒരു പുണ്യാത്മാവിന്റെ പ്രാർത്ഥനയാണ് പദ്യം. ഇവിടെ ജീവൻ പറയുന്നു, ഭഗവനേ!, കഴിഞ്ഞ പലേ ജന്മങ്ങളായി അജ്ഞാനംകൊണ്ട് ഞാൻ ചെയ്തുകൂട്ടിയ കർമ്മങ്ങളെന്തൊക്കെയാണെന്ന് എനിക്കറിയില്ല. പക്ഷേ, അവയെന്തായാലും ഞാനിതാ അവിടുത്തെ പാദാരവിന്ദങ്ങളിലർപ്പിക്കുകയാണ്. കർമ്മം മൂലമാണ് ജന്മമുണ്ടാകുന്നതെന്ന് ഞാൻ അറിഞ്ഞുകഴിഞ്ഞു. ജനിമരണങ്ങൾ മായയുടെ പ്രഹസനങ്ങളാണെന്നും, ഒരേ ഞാൻതന്നെയാണിവിടെ പലതായി വന്നുപോകുന്നതെന്നും, എന്റേതെന്ന് ഞാൻ തെറ്റിദ്ധരിച്ചിരിക്കുന്ന മനസ്സും ഇന്ദ്രിയങ്ങളും യാഥാർത്ഥത്തിൽ മായയുടെ പരിചാരകരാണെന്നും, അവളെന്നെ കോടി ജന്മങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിനകം ഞാനറിഞ്ഞുകഴിഞ്ഞു. അവളുടെ വാക്കുകൾകേട്ട് ജാഗ്രദവസ്ഥയിലുടനീളം ഒപ്പം നിന്നുകൊണ്ട് എന്നെ വിഷയങ്ങളോട് ചേർത്തുവച്ചിട്ട് തുരീയാവസ്ഥയിൽ മാർജ്ജാരപാദങ്ങളോടെ പറ്റിച്ച് കടന്നുപോകുന്ന മനസ്സിന്റെ പൊയ്മുഖവും, ഭഗവാനേ!, ഞാൻ കണ്ടുപിടിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ദ്രിയങ്ങൾവഴി പകലന്തിയോളം കറങ്ങിത്തിരിഞ്ഞ്, എന്നെ വിഷയങ്ങൾക്ക് വശഗതമാക്കി, എന്നിൽ രാഗദ്വേഷങ്ങളുണ്ടാക്കുന്ന മനസ്സെന്ന മായാചാരന്റെ പ്രാഗൽഭ്യം ഞാനറിഞ്ഞുകഴിഞ്ഞു. ശരീരം, കുടുംബം മുതലായ അനിത്യവസ്തുക്കളിൽ എനിക്ക് മമതയെ ഉണ്ടാക്കിത്തരുന്ന എന്റെ ശത്രുവിനെ ഞാൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. എന്നിൽ ഞാനെന്ന ഭാവം തീർത്ത് എന്നെ അങ്ങയിൽനിന്നും അതുപോലെ സകലചരാചരങ്ങളിൽനിന്നും അകറ്റിനിർത്തിയിരിക്കുന്ന ഈ മായാമോഹിനിയുടെ കുതന്ത്രം ഞാൻ തിരിച്ചറിഞ്ഞുകഴിഞ്ഞു. ബോധസ്വരൂപനായ അങ്ങയുടെ അംശമായിരിക്കുന്ന ഞാൻ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഭിമാനം, മമത തുടങ്ങിയ ദോഷങ്ങൾകൊണ്ട് കളങ്കപ്പെട്ട് എന്റെ സ്വരൂപത്തെ മറന്നുകൊണ്ട് എത്രയോ ജന്മങ്ങളായിരിക്കും വ്യർത്ഥമാക്കിക്കളഞ്ഞിരിക്കുന്നത്!. ഭഗവാനേ!, ഇന്ന് അവിടുത്തെ കൃപ ഒന്നുകൊണ്ടുമാത്രം ഞാൻ സത്യമെന്തെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് ഇനിയൊരു ജന്മം ഞാനാഗ്രഹിക്കുന്നില്ല. മാത്രമല്ലാ, ജന്മത്തിൽ ഇനിയുള്ള നാളുകൾ അവിടുത്തെ ഭക്തന്മാർക്കൊപ്പംചേർന്നുകൊണ്ട് അങ്ങയുടെ മഹിമകളെ കീർത്തിച്ചുകൊണ്ട് ദേഹാന്ത്യത്തിൽ അവിടുത്തെ പാദാരവിന്ദങ്ങളിലലിയുവാൻ അടിയനെ അനുഗ്രഹിച്ചാലും!. പ്രാർത്ഥനയെ ജീവിതദിനചര്യയിൽ ഉൾക്കൊള്ളിക്കേണ്ട ആവശ്യം നമ്മുടേതാണു.

ആത്മതത്വത്തെ തിരിച്ചറിഞ്ഞ ഓരോ ഗുരുക്കന്മാരും നമ്മെ പ്രാർത്ഥന പഠിപ്പിച്ചിട്ടാണ് ഇവിടെനിന്ന് പോയിരിക്കുന്നത്. ആദി ശങ്കരൻ പറയുന്നു.

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീജഠരേ ശയനം
ഇഹ സംസാരേ ഖലു ദുസ്താരേ
കൃപയാ പാരേ പാഹി മുരാരേ! (ഭജഗോവിന്ദം)

(വീണ്ടും ജനിക്കുന്നു, വീണ്ടും മരിക്കുന്നു. വീണ്ടുമൊരു മാതാവിന്റെ ജഠരത്തിൽ വന്ന് ശയിക്കുന്നു. ഇങ്ങനെയുള്ള അതീവ ദുഃസ്തരമായ സംസാരത്തിൽനിന്ന് എന്നെ കാരുണ്യത്തോടെ മറുകരയെത്തിക്കേണമേ! മുരാരിയായ ഭഗവാനേ!.)

വ്യാസദേവൻ പറയുന്നു;
സംസാരസാഗരേ മഗ്നം ദീനം മാം കരുണാനിധേ!
കർമ്മഗ്രാഹഗൃഹീതാംഗം മാം ഉദ്ധര ഭവാർണ്ണവാത്. (പത്മപുരാണം)
(ജനനമരണസംസാരത്തിൽ വീണുപോയ ദീനനായ എന്നെ എന്റെ കർമ്മമാകുന്ന മുതല പിടിച്ചിരിക്കുകയാണ്. അല്ലയോ കരുണാനിധിയായ ഭഗവാനേ!, എന്നെ ഭവസാഗരത്തിൽനിന്നും കരകയറ്റിയാലും.)

ഓം ശ്രീകൃഷ്ണാർപ്പണമസ്തു

ശുഭം

4.31 ശ്രീനാരദമഹർഷി പ്രചേതസ്സുകൾക്ക് അദ്ധ്യാത്മതത്വം ഉപദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 31

(ശ്രീനാരദമഹർഷി പ്രചേതസ്സുകൾക്ക് അദ്ധ്യാത്മതത്വം ഉപദേശിക്കുന്നു)


മൈത്രേയൻ പറഞ്ഞു: വിദുരരേ!, പ്രചേതസ്സുകൾ ഇവിടെ സഹസ്രാബ്ദങ്ങളോളം ഗൃഹസ്ഥാശ്രമികളായി ജീവിച്ചു. അനന്തരം, ഭഗവദദുപദേശങ്ങൾ ഓർമ്മവരുകയും ഭാര്യയെ പുത്രനിലേൽപ്പിച് വീടുപേക്ഷിക്കുകയും ചെയ്തു. അവർ പടിഞ്ഞാറൻ ദിശയിലെ ഒരു സമുദ്രതീരത്ത് ജാജലിഋഷിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലത്തേക്ക് യാത്രതിരിച്ചു. ഭഗവദനുഗ്രഹം കൊണ്ടുണ്ടായ ജ്ഞാനത്താൽ അവർ സർവ്വം വിഷ്ണുമയമായി കണ്ടറിഞ്ഞു. യോഗത്തിലൂടെ പ്രചേതസ്സുകൾ തങ്ങളുടെ മനസ്സും വാക്കും പ്രാണനും സംയമിപ്പിച്ചു. ധ്യാനത്തിൽ അവർ ബ്രഹ്മത്തെമാത്രം കണ്ടു. ഒരിക്കൽ പ്രാണായാമം ചെയ്തുകൊണ്ടിരിക്കുന്ന സമയം, ശ്രീനാരദമഹർഷി അവിടെയെത്തി. മഹർഷിയെ കണ്ടതും യോഗാസനത്തിൽനിന്നും അവർ ചാടിയെഴുന്നേറ്റു. അവർ അദ്ദേഹത്തെ നമസ്കരിച്ച് പൂജിച്ചിരുത്തി.

തുടർന്ന് മഹർഷിയോട് പറഞ്ഞു: ഹേ മുനേ!, ഞങ്ങളുടെ സൌഭാഗ്യമാണ് അങ്ങേയ്ക്കിവിടേയ്ക്കെഴുന്നെള്ളുവാൻ തോന്നിയതു. സൂര്യൻ തന്റെ സാന്നിധ്യംകൊണ്ട് പ്രപഞ്ചത്തിലെ സകലഭൂതങ്ങളേയും, ഇരുട്ടിൽനിന്നും ഭയമകറ്റി, ശാന്തരാക്കുന്നതുപോലെ, അങ്ങ് ഈ ലോകം മുഴുവൻ സഞ്ചരിച്ച് ഞങ്ങൾ അജ്ഞാനികളുടെ ഉള്ളിലെ അന്തകാരത്തെ നീക്കുന്നു. മഹർഷേ!, ഗൃഹമേധികളായി അനേകകാലം ജീവിച്ചതുകൊണ്ട് ഞങ്ങൾ മഹാദേവന്റേയും സാക്ഷാൽ ഹരിയുടേയും ഉപദേശങ്ങളെ മറന്നിരിക്കുകയായിരുന്നു. ഹേ മുനേ!, ഞങ്ങളിൽ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് ഘോരമായ ഈ സംസാരത്തിൽനിന്നും ഞങ്ങളെ കരകയറ്റിയാലും.

മൈത്രേയൻ പറഞ്ഞു: പ്രീയവിദുരരേ!, പ്രചേതസ്സുകളുടെ പ്രാർത്ഥനയെ കേട്ട് സദാ ഭഗവദ്സ്മരണയിൽ കഴിയുന്ന നാരദമഹർഷി അവരോട് പറഞ്ഞു: ഒരു ജീവൻ എപ്പോഴാണോ കളങ്കമറ്റ് ഭഗവദാരാധനത്തിന് തയ്യാറാകുന്നത്, അപ്പോൾ ആ ജീവന്റെ ജന്മവും കർമ്മവും ആയുസ്സും മനസ്സും വാക്കും എല്ലാം പവിത്രമാകുന്നു. ഒരു ജീവന് മൂന്നുതരത്തിലുള്ള ജന്മങ്ങളാണ് സംഭവിക്കുന്നതു. മാതാപിതാക്കളാലുണ്ടാകുന്ന ആദ്യജന്മത്തെ ശൌക്രജന്മം എന്നു പറയുന്നു. അടുത്ത ജന്മം ആ ജീവന് ഒരു ആത്മീയഗുരുവിന്റെ അനുഗ്രഹംകൊണ്ട് സംഭവിക്കുന്നു. ഇതിനെ സാവിത്രജന്മമെന്നു വിളിക്കുന്നു. എന്നാൽ മൂന്നാമത്തെ ജന്മമായ യാജ്ഞികജന്മമുണ്ടാകുന്നത് ആ ജീവൻ ഈശ്വരനെ ആരാധിക്കാൻ തുടങ്ങുമ്പോൾ മാത്രമാണു. എന്നാൽ ഈ പറഞ്ഞ ജന്മങ്ങളിലൂടെ ഇന്ദ്രനുതുല്യം ജീവിച്ചാലും, ഭഗവാൻ ഹരിയിൽ ഭക്തിയെല്ലെങ്കിൽ ആ ജന്മം വ്യർത്ഥമെന്നേ പറയാനാകൂ. തപസ്സും ശ്രവണവും കീർത്തനവും മനനവും ജ്ഞാനവും ഇന്ദ്രിയസംയമനവുമെല്ലാം ഭക്തിയില്ലാതെയാണെങ്കിൽ നിരർത്ഥകം തന്നെയാണു.  യോഗസാധനകളായ സ്വാധ്യായനമാണെങ്കിലും, കഠിനമായ തപസ്സുകളാണെങ്കിലും, സർവ്വവും വിട്ടൊഴിഞ്ഞ സന്യാസമാണെങ്കിലും, അത് ഭഗവാൻ ഹരിയെ അറിയാതെയാണ് അനുഷ്ഠിക്കുന്നതെങ്കിൽ, അവയൊന്നും കർമ്മത്തിൽ ഫലം ചെയ്യുന്നവയല്ല എന്ന് മനസ്സിലാക്കുക. ഇപ്പറഞ്ഞ മാർഗ്ഗങ്ങളെല്ലാംതന്നെ അവനിലേക്കെത്തിച്ചേരുവാനുള്ള ഉപാധികളാണു. എന്നാൽ ആരാധ്യപുരുഷനെ അറിയാതെയുള്ള ആരാധന തികച്ചും വ്യർത്ഥമാണെന്നറിയുക. കാരണം, മാർഗ്ഗമേതായാലും എത്തിച്ചേരേണ്ടത് അവനിൽ മാത്രമാണു. അവനെ പ്രാപിക്കുവാൻ വേണ്ടി മാത്രമാണ് ഈ മാർഗ്ഗങ്ങളെല്ലാം ഉപയോഗിക്കപ്പെടുന്നതു. ഒരു മരത്തിന്റെ ചുവട്ടിൽ ജലം ഒഴിക്കുന്നതോടെ അത് ആ മരത്തിനെയാകെ പോഷിപ്പിക്കുന്നതുപോലെ, നാം ആഹാരം വയറ്റിലേക്ക് നിക്ഷേപിക്കുമ്പോൾ അത് നമ്മുടെ ശരീരത്തെയാകമാനം സമ്പുഷ്ടമാക്കുന്നതുപോലെ, ഭഗവാൻ ഹരിയെ ഭക്തികൊണ്ട് പ്രസാദിപ്പിക്കുന്നതിലൂടെ അവന്റെ കലകളുടെ അംശം മാത്രമാകുന്ന സകല ദേവഗണങ്ങളും സമ്പ്രീതരാകുന്നു. സൂര്യദേവന്റെ ശക്തിയാൽ ജലം നിർമ്മിതമാകുകയും, കാലാന്തരത്തിൽ അത് തിരികെ സൂര്യനിൽ തന്നെ ലയിക്കുകയും ചെയ്യുന്നതുപോലെ, അഥവാ, സകല ഭൂതങ്ങളും ഭൂമിയിൽ നിന്നുത്ഭവിച്ച് ഒടുവിൽ ഭൂമിയിൽത്തന്നെ ചേരുന്നതുപോലെ, കല്പാദിയിൽ ഈ പ്രപഞ്ചം ആ പരമപുരുഷനിൽനിന്നുമുണ്ടായി കല്പാന്തത്തിൽ സർവ്വവും അവനിൽത്തന്നെ ലയിക്കുന്നു. സൂര്യകിരണങ്ങളും സൂര്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം പോലെ, ഈ പ്രപഞ്ചം അതിന്റെ സൃഷ്ടാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ലോകമൊട്ടാകെ വ്യപിച്ചിരിക്കുന്ന അത്ഭുതശക്തിയായി ഈശ്വരനെ അറിയുക.

ശരീരം ഉണർന്നിരിക്കുമ്പോൾ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നു. എന്നാൽ ശരീരം ഉറങ്ങുമ്പോൾ അവ അവ്യക്തമായി നിലകൊള്ളുന്നു. അതുപോലെ, ഈ പ്രപഞ്ചം മുഴുവനും അവനിൽനിന്ന് വേറിട്ടതായി തോന്നുന്നുവെങ്കിലും, സർവ്വം അവനാൽ അകമ്പുറംകൊണ്ട് നിറപ്പെട്ടിരിക്കുന്നുവെന്നറിയുക. ഹേ രാജാക്കന്മാരേ!, ആകാശത്തിൽ ചിലപ്പോൾ നാം മേഘങ്ങളെകാണുന്നു. മറ്റുചിലപ്പോൾ അത് നിർമ്മലമായും കാണപ്പെടുന്നു. കൂടാതെ, ചിലപ്പോൾ അവിടെ ഇരുട്ടും ചിലപ്പോൾ പ്രകാശവും നമുക്ക് കാണാൻ സാധിക്കും. സകലതും സർവ്വകാലത്തും അവിടെയുള്ളതാണു. എന്നാൽ, ചിലപ്പോൾ ഇവയോരോന്നും വ്യക്തമായും, മറ്റുചിലപ്പോൾ അവ്യക്തമായും അനുഭവപ്പെടുന്നു. അതുപോലെ സത്വം, രജസ്സ്, തമസ്സ് ഇത്യാദിഗുണങ്ങതുടർച്ചയയി സംഭവിക്കുന്നതായാലും പ്രപഞ്ചത്തിൽ ഇവ വന്നും പോയും നിൽക്കുന്നതായി അനുഭവപ്പെടുന്നു. ആകാശത്തിലെ മേൽപ്പറഞ്ഞ പ്രതിഭാസങ്ങളെല്ലാം സൂര്യദേവനാൽ സംഭവിക്കുമ്പോൾ, സൂര്യഅവയിനിന്നെല്ലാം നിസ്പൃഹനായി നിൽക്കുന്നതുപോലെ, ഈ പ്രപഞ്ചത്തിൽ എല്ലാം സകലകാരണകാരണനായ ഹരിയാൽ സംഭവിക്കുമ്പോൾ അവനാകട്ടെ, സർവ്വാധീതനായി ഒന്നിലും ബദ്ധനാകാതെ നിലകൊള്ളുന്നു. അതുകൊണ്ട് സ്വരൂപത്തിലും ഗുണത്തിലും നിങ്ങൾ സ്വയത്തെ അവന്റെ അംശമായിക്കണ്ട് അവനെ ആരാധിക്കുക. സകല ചരാചരങ്ങളിലും കാരുണ്യമുൾക്കൊണ്ട്, എന്തിനാലും സംതൃപ്തനായി, വിഷയങ്ങളിൽനിന്നും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്, ഒരുവന് ജനാർദ്ദനനായ ഹരിയെ സമ്പ്രീതനാക്കാൻ കഴിയും. മനസ്സിൽനിന്ന് സകല വിഷയങ്ങളകലുമ്പോൾ ഹൃദയം പരിശുദ്ധമാകുന്നു. അങ്ങനെ ശുദ്ധമാക്കപ്പെട്ട ഹൃദയത്തിൽ അവനെ കുടിയിരുത്താവുന്നതാണു. ഒരു ഭക്തൻ തന്നെ അവന്റെ ഹൃദയത്തിൽ ബന്ധിച്ചതായി അറിയുന്ന ആ പരമാത്മാവ് പിന്നീടൊരു നിമിഷനേരത്തേക്കുപോലും ആ ഭക്തനെ വിട്ടുപിരിയുന്നില്ല. ഭൌതികാഗ്രഹങ്ങളിൽനിന്ന് നിവർത്തിച്ച് അവനെ ആരാധിക്കുന്നവർ അവന് അത്യന്തം പ്രിയരായിരിക്കുന്നു. അങ്ങനെയുള്ളവരുടെ അകളങ്കിതമായ ഭക്തിയെ അവൻ എന്നെന്നും ആസ്വദിക്കുകതന്നെ ചെയ്യുന്നു. വിദ്യയിലും ആഢ്യത്വത്തിലും സകാമകർമ്മങ്ങളിലും നിമഗ്നരായി, അതിൽ അഹങ്കരിക്കുന്ന മനുഷ്യരും അവനെ ആരാധിക്കാറുണ്ടു. എന്നാൽ അവനാകട്ടെ, ആ പൂജയെ സ്വീകരിക്കുന്നില്ല. സ്വപൂർണ്ണനാണെങ്കിലും ഭഗവാൻ ഭക്തപരായണനാണു. തന്റെ ഭക്തനെതിരായിനിന്നാൽ ലക്ഷ്മീഭഗവതിയെപ്പോലും, അഥവാ, അവളുടെ സേവയിൽ സമ്പത്ത് കൊതിക്കുന്ന രാജാക്കന്മാരെപ്പോലും ആ കരുണാമയൻ തൃണവത്ക്കരിക്കുന്നു. അങ്ങനെയുള്ളവനിൽ ആരാണ് രമിക്കുവാൻ മടിക്കുന്നതു?

മൈത്രേയൻ പറഞ്ഞു: ഹേ വിദുരരരാജാവേ!, ബ്രഹ്മാത്മജനായ നാരദമഹർഷി പ്രചേതസ്സുകൾക്ക് ഇങ്ങനെ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു. അനന്തരം, മഹർഷി ബ്രഹ്മലോകത്തിലേക്ക് യാത്രയായി. നാരദമഹർഷിയിൽനിന്നും ലോകത്തിന്റെ സർവ്വ അമംഗളങ്ങളും തീർക്കുന്ന ഭഗവദ്മഹിമകളെ കേട്ടറിഞ്ഞ പ്രചേതസ്സുകൾ ഭഗവാനിൽ വീണ്ടും ആകർഷിതരായി. ആ പാദാരവിന്ദങ്ങളെ ധ്യാനിച്ചുകൊണ്ട് അവർ മുക്തിക്കായി സാധന ചെയ്തു. വിദുരരേ!, അങ്ങാഗ്രഹിച്ചതുപോലെ, ഭഗവദ്കാരുണ്യംകൊണ്ട്, പ്രചേതസ്സുകളും നാരദമുനിയുമായി നടന്ന സംവാദത്തെ എന്നാലാവുംവിധം ഏറെക്കുറെ ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞു.

ശുകദേവൻ പരീക്ഷിത്തിനോട് പറഞ്ഞു: ഹേ രാജേന്ദ്രാ!, ഭവാനറിയുവാനായി ഇതുവരെ ഞാൻ പറഞ്ഞത് സ്വായംഭുവമനുവിന്റെ ആദ്യപുത്രനായ ഉത്താനപാദനേയും അവന്റെ പരമ്പരകളെക്കുറിച്ചുമുള്ള ചരിത്രങ്ങളായിരുന്നു. ഇനി ഞാൻ പറയാൻ പോകുന്നത് മനുവിന്റെ ഇളയപുത്രനായ പ്രിയവ്രതന്റെ ചരിതത്തെക്കുറിച്ചാണു. അങ്ങ് ശ്രദ്ധയോടെ എന്നെ കേൾക്കുക. പ്രിയവ്രതൻ നാരദമഹർഷിയിൽനിന്നും അദ്ധ്യാത്മതത്വത്തെ ഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ഭൂമീപാലനത്തിലായിരുന്നു. വർഷങ്ങളോളം നീണ്ടുനിന്ന രാജ്യഭരണത്തിനുശേഷം അദ്ദേഹം രാജ്യഭാരം തന്റെ പുത്രന്മാരിലേപ്പിച്ചു. തുടർന്ന് ഭഗവദ്പ്രാപ്തിക്കായുള്ള യത്നങ്ങളാരംഭിച്ചു. ഹേ രാജൻ!, മൈത്രേയമഹാമുനിയിൽനിന്നും ഭഗവദ്മഹിമകളേയും ഭക്തന്റെ ഗുണഗണങ്ങളേയും കേട്ടറിഞ്ഞ വിദുരൻ ഹർഷോന്മാദത്തിലാറാടി. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിദുരൻ മൈത്രേയപാദങ്ങളിൽ വീണുനമസ്ക്കരിച്ചു. തുടർന്ന്, ഭഗവാനെ ഹൃയത്തിൽ കുടിയിരുത്തി.

വിദുരർ ഗുരുവിനോട് പറഞ്ഞു: ഹേ ഭക്തോത്തമാ!, സംസാരത്തിലെ ഈ ഘോരാന്തകാരത്തിലായിരുന്ന എനിക്ക് കാരുണ്യവാനായ അങ്ങ്  മുക്തിപദം കാണിച്ചുതന്നു. അതിലൂടെ ഭൌതികബന്ധം മറന്ന ഒരുവന് തന്റെ യഥാർത്ഥ ഗൃഹത്തിലേക്ക് മടങ്ങാൻ സാധിക്കുന്നു. ഈ പരമകാരുണ്യത്തിന് പകരം വയ്ക്കാൻ പര്യാപ്തമാ‍യ ഒന്നുംതന്നെ ഈ പ്രപഞ്ചത്തിലില്ല. അതുകൊണ്ട് അങ്ങയുടെ താമരപ്പാദങ്ങളിൽ ഞാനിതാ വിണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, മൈത്രേയഗുരുവിനെ വന്ദിച്ചതിനുശേഷം, അദ്ദേഹത്തിന്റെ അനുജ്ഞയും സ്വീകരിച്ച്, ജീവന്മുക്തനും നിസ്സംഗനുമായ വിദുരർ ഹസ്തിനപുരിയിലേക്ക് തന്റെ ബന്ധുമിത്രദികളെ കാണുവാനായി പുറപ്പെട്ടു. ഈ ചരിതത്തെ ഭക്തിയോടും ശ്രദ്ധയോടും കൂടി കേൾക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്ക് ആയുസ്സും ധനവും കീർത്തിയും ഭാഗ്യവും ഒടുവിൽ മോക്ഷംതന്നെയും സിദ്ധിക്കുന്നുവെന്നതിൽ സംശയിക്കേണ്ടാ.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ചതുർത്ഥസ്കന്ധം  സമ്പൂർണ്ണം.

ഓം തത് സത്.








Sri Naradamuni advises the Supreme truth to Prachetass

2019, മാർച്ച് 9, ശനിയാഴ്‌ച

4.30 പ്രചേതസ്സുകളുടെ കർമ്മം


ഓം
ശ്രീമദ്ഭാവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 30
(പ്രചേതസ്സുകളുടെ കർമ്മം)



വിദുരർ മൈത്രേയമഹാമുനിയോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങ് പുരഞ്ജനന്റെ കഥ പറയുന്നതിനുമുമ്പ് പ്രചേതസ്സുകൾ ഭഗവാനെ രുദ്രഗീതത്താൽ സമ്പ്രീതനാക്കിയെന്ന് പറഞ്ഞുവല്ലോ. എന്തായിരുന്ന് അവർ ഭഗവദാരധനയിലൂടെ സ്വായത്തമാക്കിയതു? ഹേ ബാർഹസ്പത്യനായ മഹാഭാഗാ!, മഹാദേവന്റെ ദർശനത്തിനുശേഷം അവർ ഭഗവദ്പ്രേമികളായിമാറിയെന്നതിലുപരി, ആ ഉപദേശകൊണ്ട് മറ്റെന്തൊക്കെയായിരുന്നു ഇഹപരസുകൃതങ്ങളായി അവർക്ക് ഈ ഭൂമിയിൽനിന്ന് നേടാൻ കഴിഞ്ഞതു?

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പ്രചേതസ്സുകൾ തങ്ങളുടെ പിതാവിന്റെ ആദേശമനുസരിച്ച് സമുദ്രജലത്തിനുള്ളിൽ അതികഠിനമായ തപസ്സുകളനുഷ്ഠിച്ചു. രുദ്രഗീതത്തെ വീണ്ടും വീണ്ടും ആലപിച്ചുകൊണ്ട് അവർ ഭഗവാൻ ഹരിയെ പ്രസാദിപ്പിച്ചു. പതിനായിരം വഷത്തെ തപസ്സിനൊടുവിൽ അവർക്കുമുന്നിൽ ഭഗവാൻ നാരായണൻ പ്രത്യക്ഷനായി. മേരു പർവ്വതത്തിനുമുകളിൽ കാർമേഘകെട്ടുകൾ പോലെ, ഗരുഢോപരി ഭഗവാൻ ഇരുന്നരുളി. മഞ്ഞപ്പട്ടുടുത്ത് സർവ്വാഭരണവിഭൂഷിതമായ ഭഗവദ്കളേബരം ഈരേഴുപതിനാലുലോകങ്ങളിലേയും അന്തകാരത്തെ ക്ഷണത്തിൽ ഇല്ലാതാക്കി. മനോഹരമായ തിരുമുഖത്തിനലങ്കാരമായി രത്നങ്ങൾ മിന്നിത്തിളങ്ങുന്ന കീരിടം ശിരസ്സിൽ പ്രശോഭിച്ചു. എട്ട് തൃക്കൈകളിൽ പലേതരം ആയുധങ്ങളേന്തിയിരുന്നു. അവൻ ദേവഗണങ്ങളാലും ഋഷിവൃന്ദങ്ങളാലും മറ്റും സമാവൃതനായിരുന്നു. അവരെല്ലാം അവന്റെ പാദസേവയിൽ മുഴുകിനിന്നു. ഗരുഢൻ തന്റെ ചിറകുകൾ വീശി വേദമന്ത്രങ്ങളെക്കൊണ്ട് അവന്റെ മഹിമകൾ പാടി. ആ കഴുത്തിൽ മുട്ടറ്റം എത്തിനിൽക്കുന്ന ഒരു വനമാല അണിഞ്ഞിരുന്നു.

കാരുണ്യം തുളുമ്പുന്ന നോട്ടമെറിഞ്ഞുകൊണ്ട് ഭഗവാൻ നാരായണൻ ഹസ്താഞ്ജലികൾ കൂപ്പിനിൽക്കുന്ന പ്രചേതസ്സുകളോട് പറഞ്ഞു: ഹേ കുമാരന്മാരേ!, സത്സംഗത്തിന് തുല്യമായ നിങ്ങളുടെ ഈ സാഹോദര്യം നമ്മെ സമ്പ്രീതനാക്കിയിരിക്കുന്നു. നിങ്ങളെല്ലാവരും നമ്മിൽ ഭക്തിയുള്ളവരാണു. ചോദിക്കൂ!, എന്ത് വരമാണ് നിങ്ങൾക്ക് നാം പ്രദാനം ചെയ്യേണ്ടതു? നിങ്ങളെ എല്ലാ സന്ധ്യകളിലും സ്മരിക്കുന്നവരുടെ ഹൃദയത്തിൽ സാഹോദര്യമുദിക്കുന്നതാണു. രുദ്രഗീതം നമുക്കേറെ പ്രീയപ്പെട്ടതാണു. എല്ലാ പ്രഭാതത്തിലും സന്ധ്യകളിലും അതിനെ ജപിച്ചുകൊണ്ട് നമ്മെ ആരാധിക്കുന്ന സർവ്വർക്കും നാം വേണ്ടുന്ന വരങ്ങൾ നൽകിയനുഗ്രഹിക്കുന്നു. അതുവഴി അവർക്ക് അഭീഷ്ടസിദ്ധിയും സത്ബുദ്ധിയും സ്വായത്തമാകുന്നു. പിതാവിന്റെ ആദേശത്തെ സ്വീകരിച്ചുകൊണ്ട് സ്വധർമ്മാനുഷ്ഠാനത്തിനായി ഇറങ്ങിത്തിരിച്ച നിങ്ങളുടെ മാഹാത്മ്യം ലോകമാകെ വാഴ്ത്തപ്പെടുന്നതാ‍ണു. നിങ്ങൾക്ക് ബ്രഹ്മാവിനുതുല്യനായ ഒരു പുത്രൻ ജനിക്കുകയും അവൻ നിങ്ങളുടെ യശസ്സിനെ ലോകം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യും. അവന്റെ പുത്രപൌത്രാദികളാൽ ഈ ലോകത്തിൽ പ്രജാവർദ്ധനം നടത്തും.

ഹേ പ്രചേതസ്സുകളേ!, കണ്ഡു എന്ന ഋഷിയുടെ തപം മുടക്കാൻ ഇന്ദ്രനയച്ച അപ്സരസ്സായിരുന്നു പ്രംലോച. അവളിൽ അദ്ദേഹത്തിന് ജനിച്ച സുന്ദരിയായ പുത്രിയെ കാട്ടിൽ മരങ്ങളെ ഏൽ‌പ്പിച്ച് പ്രംലോച സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി. അവൾ പോയതിനുശേഷം കുട്ടി വിശന്നുകരയാൻ തുടങ്ങിയപ്പോൾ ചന്ദ്രൻ തന്റെ ചൂണ്ടുവിരലാൽ കുഞ്ഞിന്റെ വായിലേക്ക് അമൃതധാര പൊഴിക്കുകയും അതിന്റെ കരച്ചിലടക്കുകയും ചെയ്തു. നമ്മിൽ ഭക്തിയുള്ള നിങ്ങൾ അവളെ വിവാഹം കഴിക്കുക. അവൾ സുന്ദരിയും നന്മ നിറഞ്ഞവളുമാണു. നിങ്ങളുടെ പിതാവാഗ്രഹിച്ചതുപോലെ, അവളിലൂടെ പ്രജാവർദ്ധനം നടത്തുക. നിങ്ങളെല്ലാവരുംതന്നെ എന്നിലും നിങ്ങളുടെ പിതാവിലും ഭക്തിയുള്ളവരാകുന്നതുപോലെ, അവളും നിങ്ങളിൽ സ്നേഹവും ഭക്തിയുമുള്ളവളായിരിക്കും. അതുകൊണ്ട് അവളുമായി നിങ്ങളുടെ ചേർച്ച എല്ലാംകൊണ്ടും യുക്തം തന്നെ. പ്രീയകുമാരന്മാരേ!, നമ്മുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇഹത്തിലും പരത്തിലും എല്ലാ നന്മകളും ഭവിക്കും. സകല സൌഭാഗ്യങ്ങളുമനുഭവിച്ചുകൊണ്ട് നിങ്ങൾ അവളോടൊപ്പം ഒരു ദശലക്ഷം വർഷം ഇവിടെ ജീവിച്ചിരിക്കുകയും ചെയ്യും. അനന്തരം, സകല ബന്ധങ്ങളുമുപേക്ഷിച്ച് നമ്മിൽ ഭക്തിനേടി ഹൃദയംകൊണ്ട് പരിശുദ്ധരായി നമ്മുടെ ധാമം ചേരുകയും ചെയ്യും. ഇവിടെ സകല കർമ്മങ്ങളുടേയും ഭോക്താവ് നാമാണെന്ന് നമ്മുടെ ഭക്തന്മാർ അറിയുന്നു. ആയതിനാൽ അവർ തങ്ങളുടെ സകലകർമ്മങ്ങളും നമ്മിൽ അർപ്പിച്ചുകൊണ്ട് ജീ‍വിത്തെ മുന്നോട്ട് നയിക്കുന്നു. അങ്ങനെയുള്ളവർ ഒരിക്കലും തങ്ങളുടെ കർമ്മങ്ങളാൽ സംസാരത്തിൽ ബദ്ധരാകുന്നില്ല. അവർ എപ്പോഴും മുക്തന്മാരായിത്തന്നെയിരിക്കുന്നു. ഇതിനെ ബ്രഹ്മഭൂതാവസ്ഥയെന്ന് പറയുന്നു. ഈ അവസ്ഥയിൽ എന്റെ ഭക്തന്മാർ മോഹിക്കുന്നില്ല. അവർ ഇല്ലാത്തതിനുവേണ്ടി ദുഃഖിക്കുകയോ ഉള്ളതിൽ സന്തോഷിക്കുകയോ ചെയ്യുന്നില്ല.

മൈത്രേയൻ പറഞ്ഞു: ഭഗവാൻ തന്റെ വാക്കുകളെ ഉപസംഹരിച്ചതിനുശേഷം, ആ തിരുരൂപം നേരിട്ടുകണ്ട ആനന്ദത്താൽ, ഗദ്ഗദത്തോടുകൂടി പ്രചേതസ്സുകൾ സർവ്വവരപ്രദായകനായ അവനെ പ്രകീർത്തിച്ചുതുടങ്ങി. ഭഗവാനേ!, അങ്ങ് സകലദുഃഖങ്ങൾക്കും അറുതിവരുത്തുന്നവനാണു. അങ്ങയുടെ മഹിമകളും നാമങ്ങളും സർവ്വദുരിതങ്ങളേയും ദൂരത്തകറ്റുന്നു. അങ്ങ് മനസ്സിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവനാണു. അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങയിൽ മനസ്സുറയ്കുമ്പോൾ ദ്വന്ദം നിരർത്ഥകമാകുന്നു. അനന്തമാ‍യ ആനന്ദമാണ് അങ്ങയുടെ സ്വരൂപം. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുവാനും പരിപാലിക്കുവാനും സംഗ്രഹിക്കുവാനുമായി അങ്ങുതന്നെ ഇവിടെ ബ്രഹ്മാവായും വിഷ്ണുവായും സദാശിവനായുമവതാരം കൊണ്ടിരിക്കുന്നു. അങ്ങ് ത്രിഗുണാധീതനാണു. അങ്ങ് അവിടുത്തെ ഭക്തന്മാരുടെ ദുരിതങ്ങളെ എപ്പോഴും ഹരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, അങ്ങേയ്ക്ക് ഞങ്ങളുടെ നമോവാകം. സകല ചരാചരങ്ങളിലും കുടികൊള്ളുന്നതുകൊണ്ട് അങ്ങയെ വാസുദേവൻ എന്ന് ലോകം വിളിക്കുന്നു. വസുദേവപുത്രനായ അങ്ങയെ ശ്രീകൃഷ്ണൻ എന്ന് ഈ ലോകവും വിശേഷിപ്പിക്കുന്നു. ഹേ നാഥാ!,  അങ്ങയുടെ നാഭീപങ്കജത്താരിൽനിന്നും സർവ്വഭൂതങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അങ്ങയുടെ തിരുവുടൽ താമരപ്പൂമാലയാൽ ശോഭിതമാണു. അവിടുത്തെ തൃപ്പാദങ്ങളും താമരപ്പൂക്കളുടെ സുഗന്ധത്താൽ ഭക്തഹൃദയങ്ങളിൽ ആനന്ദമുളവാക്കുന്നു. താമരപ്പൂക്കളുടെ രജസ്സുകൾ പോലെ പീതവർണ്ണമായ പട്ടുവസ്ത്രങ്ങളുടുത്ത് സകല ചരാചരങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന അങ്ങ് അവരുടെ സകല കർമ്മങ്ങൾക്കും സാക്ഷിയാണു.

ഞങ്ങൾ ജീവഭൂതങ്ങൾ സദാ ശരീരാത്മഭേദം തിരിച്ചറിയാത്തവരാണു. ആയതിനാൽ ഞങ്ങൾ എപ്പോഴും ആപത്തുകളിൽതന്നെ അകപ്പെട്ടുപോകുന്നു. ആ ദുരിതങ്ങളിൽനിന്ന് അടിയങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി അങ്ങ് സമയാസമയങ്ങളിൽ ഇവിടെ അവതരിക്കുകയും ചെയ്യുന്നു. ഇതുതന്നെ അങ്ങേയ്ക്ക് ഞങ്ങളോടുള്ള അപാരകാരുണ്യത്തിന്റെ അടയാളമാണു. അങ്ങനെയിരിക്കെ അവിടുത്തെ ഭക്തന്മാരോടുള്ള അങ്ങയുടെ താല്പര്യത്തെക്കുറിച്ച് എന്തുപറയാൻ!. യഥാസമയം അരികിലെത്തി അങ്ങ് അവിടുത്തെ ഭക്തന്മാരുടെ സകല അമംഗളങ്ങളും ഇല്ലാതെയാക്കുന്നു. അങ്ങ് അവിടുത്തെ ഭക്തന്മാരെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ അവരുടെ സകല ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നു. ആയതിനാൽ ഞങ്ങളിതാ അങ്ങയുടെ പാദരേണുക്കളിൽ അഭയം പ്രാപിക്കുന്നു. അണു ആദിയായുള്ള സകല ഭൂതങ്ങളിലും അവിടുന്ന് പരമാത്മാവായി കുടികൊള്ളുന്നു. അങ്ങ് അവരുടെ സർവ്വാഭീഷ്ടങ്ങളും കണ്ടറിയുന്നു. ഹേ ജഗദ്ഗുരുവായ ലോകനാഥാ!, ഞങ്ങൾ ആത്യന്തികമായി പ്രാപിക്കേണ്ടതും അങ്ങയെയാണു. അവിടുന്ന് ഞങ്ങളിൽ പ്രസാദിക്കുവാൻ പ്രാർത്ഥിക്കുന്നു. ആ ഒരു വരം മാത്രമാണ് ഞങ്ങൾക്കാവശ്യം. അവിടുത്തെ പ്രീതിയല്ലാതെ മറ്റൊന്നുംതന്നെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പരാത്പരനും അനന്തനും അനന്തസൌഭഗ്യനിധിയുമായ അങ്ങ് ഞങ്ങൾക്ക് ഈ വരം നൽകി അനുഗ്രഹിക്കുമാറാകണം.

ഭഗവാനേ!, പാരിജാതവൃക്ഷത്തെ പ്രാപിച്ചതിനുശേഷം വണ്ടുകൾ അവിടെനിന്നും ഒരിക്കലും തിരിച്ചുപോകാത്തതുപോലെ, അവിടുത്തെ പദമലരുകളിൽ ആശ്രയംകൊണ്ടവർക്ക് മറ്റെന്ത് വരമാണ് മൂന്നുലോകങ്ങളിലും നേടേണ്ടതായുള്ളതു?  ഹേ നാരായണാ!, എത്രകാലമാണോ, വിവിധ ശരീരങ്ങൾ സ്വീകരിച്ച് ലോകമായ ലോകമെല്ലാം അലഞ്ഞുതിരിയാൻ കർമ്മാനുസരണം ഞങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നത്, അക്കാലമത്രയും, ആ ലോകങ്ങളിലത്രയും അവിടുത്തെ ഭക്തന്മാരോടൊത്ത് അങ്ങയുടെ മഹിമകളെ പാടിസ്തുതിക്കുവാനുള്ള വരം തന്ന് ഞങ്ങളെ അനുഗ്രഹിക്കുക. അരനിമിഷത്തേക്കുമാത്രമുള്ളതായാൽ‌പോലും അവിടുത്തെ ശുദ്ധഭക്തന്മാർക്കൊപ്പമുള്ള സംത്സംഗം മോക്ഷത്തിനുപോലും പരമായി ഞങ്ങൾ മനസ്സിലാക്കുന്നു.  മർത്ത്യനെ സംബന്ധിച്ചിടത്തോളം സത്സംഗത്തിനുമേൽ ധന്യമായ മറ്റൊരു വരം എന്തിരിക്കുന്നു. സത്സംഗത്തിൽ അവിടുത്തെ മാഹാത്മ്യങ്ങളെക്കുറിച്ചുകേൾക്കുമ്പോൾ ശ്രോതാവിന്റെയുള്ളിൽനിന്നും കുറച്ചുനേരത്തേയ്ക്കെങ്കിലും സകല ഭൌതികദുഃഖങ്ങളും അകന്നൊഴിയുന്നു. മാത്രമല്ല, അവർക്കിടയിൽ വൈരമോ ഉത്കണ്ഠയോ ഭയമോ തന്നെ ആ സമയം ഉണ്ടാകുന്നില്ല. അവന്റെ മഹിമകളെ കീർത്തിക്കുന്ന ഹൃദയങ്ങളിൽ അവൻ ആഗതനാകുന്നു. സന്യാസികൾക്ക് നാരായണൻ അവരെത്തിച്ചേരേണ്ട ധാമമാണു. മുക്തസംഗികളായിട്ടുള്ള അവർ അവിടുത്തെ തിരുനാമത്തെ സദൈവ കീർത്തിച്ചുകൊണ്ട്  ലോകമംഗളത്തിനായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. മഹാദേവനുമായിയുണ്ടായ അല്പസമയത്തെ സത്സംഗം ഞങ്ങളെ അങ്ങയിലേക്കെത്തിച്ചുതന്നു. ഭൌതികമായ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുവാൻ ഇവിടെ അങ്ങയെ മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ. ഞങ്ങളുടെ മുജ്ജന്മഭാഗ്യമത്രേ! ഞങ്ങൾക്കവിടുത്തെ ദർശനസൌഭാഗ്യം സിദ്ധിക്കാനും ഈ പാദപത്മങ്ങളിൽ അഭയം പ്രാപിക്കുവാനും കാരണമായതു.

ഹേ ദേവാ!, ഞങ്ങൾ വേദങ്ങൾ പഠിച്ചു. ഗുരുക്കന്മാരെ പൂജിച്ചു. ഞങ്ങൾക്കാരോടും വൈരമില്ല. ജലത്തിനുള്ളിൽ അന്നപാനാദികൾകൂടാതെ ഞങ്ങൾ പതിനായിരം വർഷം തപസ്സനുഷ്ഠിച്ചു. എല്ലാം അങ്ങയുടെ കാരുണ്യത്തിനുവേണ്ടി മാത്രമായിരുന്നു. അതില്പരം ഒരു വരം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നാഥാ!, തപംകൊണ്ടും ജ്ഞാനംകൊണ്ടും ശ്രേഷ്ഠരായ മഹായോഗികൾ, മനു, വിരിഞ്ചൻ, മഹാദേവൻ, ഇവർക്കാർക്കും അങ്ങയുടെ മഹിമകളേയും ശക്തിയേയും ഉള്ളവണ്ണം അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് കേട്ടിരിക്കുന്നതു. എങ്കിലും, അവർ അങ്ങയെ തങ്ങളുടെ ശക്തിക്കൊത്തവണ്ണം കീർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ അവരെക്കാൾ ഇകഴ്ന്നവരായ ഞങ്ങളും ഞങ്ങളുടെ പ്രാപ്തിക്കൊത്ത് അങ്ങയെ പ്രകീർത്തിക്കുകയാണു. അങ്ങേയ്ക്ക് ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും സമമാണു. അങ്ങ് സർവ്വത്തിനും പരനായി നിലകൊള്ളുന്നു. സർവ്വത്തിലും നിറഞ്ഞുനിൽക്കുന്ന അങ്ങയെ ലോകം വാസുദേവനെന്ന് വിശേഷിപ്പിക്കുന്നു. അവിടുത്തെ തൃപ്പാദങ്ങളിലിതാ ഞങ്ങളുടെ കൂപ്പുകൈ.

മൈത്രേയൻ തുടർന്നു: പ്രീയവിദുരരേ!, പ്രചേതസ്സുകളുടെ പ്രാർത്ഥനയിൽ അകമഴിഞ്ഞ ആശ്രിതവത്സലനായ ഭഗവാൻ നാരായണൻ അവരോട് - ഹേ കുമാരന്മാരേ!, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകൃതമാകട്ടെ!” – എന്നുപറഞ്ഞുകൊണ്ട് അവിടെനിന്നും അപ്രത്യക്ഷനായി. എന്നാൽ കണ്ട് മനം നിറയാതെ, പ്രചേതസ്സുകൾ ഭഗവാൻ മറഞ്ഞതിൽ ദുഃഖിതരായി. അനന്തരം, അവർ സമുദ്രജലത്തിൽനിന്നും കരകയറി. അപോഴാണ് അവിടെയുണ്ടായിരുന്ന വൃക്ഷങ്ങളെല്ലം വളർന്ന് വലുതായത് അവരുടെ ശ്രദ്ധയിൽ പെട്ടതു. അത് സ്വർഗ്ഗത്തിലേക്കുള്ള അവരുടെ വഴികൾക്ക് തടസ്സങ്ങളുണ്ടാക്കി. അതുകണ്ട പ്രചേതസ്സുകൾ കോപാകുലരായി. പ്രളയസമയത്ത് മഹേശ്വരന്റേ വായിൽനിന്നും അഗ്നിയും വായുവും പ്രവഹിക്കുന്നതുപോലെ, പ്രചേതസ്സുകളുടെ വൿത്രത്തിൽനിന്നും അഗ്നിയും കാറ്റും അതിശക്തം ബഹിർഗമിച്ചു. ആ അഗ്നിയിൽ അവിടെയുണ്ടായിരുന്ന സകല വൃക്ഷങ്ങളും വെന്തുവെണ്ണീറായതറിഞ്ഞ് ബ്രഹ്മദേവൻ അവിടെയെത്തി പ്രചേതസ്സുകളെ സാന്ത്വനപ്പെടുത്തി. പേടിച്ചരണ്ട് ബാക്കിയുണ്ടായിരുന്ന തരുക്കൾ ബ്രഹ്മദേവന്റെ ഉപദേശത്തെ മാനിച്ച് തങ്ങൾ വളർത്തിക്കൊണ്ടിരുന്ന പ്രംലോചയുടെ പുത്രിയെ പ്രചേതസ്സുകൾക്ക് കൈമാറി. അവർ അവളെ ബ്രഹ്മദേവൻ പറഞ്ഞതനുസരിച്ച് വിവാഹം കഴിച്ചു. അവളുടെ ഗർഭത്തിൽനിന്നും ബ്രഹ്മപുത്രനായിരുന്ന ദക്ഷൻ ജന്മം കൊണ്ടു. ദക്ഷൻ ശൈവകോപത്തിനിരയായതിനുശേഷം മാരിശപുത്രനായി ജന്മമെടുത്തിരുന്നു. അന്ന് ശരീരമുപേക്ഷിച്ച അദ്ദേഹം ഭഗവദ്‌ഹിതത്താൽ വീണ്ടും ജനിക്കുകയും, ചാക്ഷുഷമന്വന്തരത്തിൽ പ്രജകളെ സൃഷ്ടിക്കുകയും ചെയ്തു. ദക്ഷന്റെ ശരീരത്തിന്റെ തേജസ്സ് അത്യുജ്ജ്വലമായി പ്രശോഭിച്ചു. ബ്രഹ്മദേവൻ ദക്ഷനെ പ്രജാവർദ്ധനത്തിലേർപ്പെടുത്തി. കാലാന്തരത്തിൽ ദക്ഷനും മരീചി മുതലായ മറ്റു പ്രജാപതിമാരെ പ്രസ്തുതകർമ്മാർത്ഥം ചുമതലയേൽ‌പ്പിച്ചു.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  മുപ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





The activities of Prachetass

4.29 പുരഞ്ജനോപാഖ്യാനം – താത്വികാവലോകനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 29
(പുരഞ്ജനോപാഖ്യാനം താത്വികാവലോകനം)



പുരഞ്ജനമഹാരാജാവിന്റെ കഥ കേട്ടുകഴിഞ്ഞപ്പോൾ പ്രാചീനബർഹിസ്സ് നാരദരോട് പറഞ്ഞു: മഹർഷേ!, പുരഞ്ജനന്റെ കഥയുടെ അന്തരാർത്ഥം പൂർണ്ണമായും എനിക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടില്ല. കാരണം, അജ്ഞാനിയായ ഞാൻ ജീവിതകാലം മുഴുവൻ സകാമകർമ്മങ്ങളിൽ ആസക്തനായിക്കഴിഞ്ഞവനാണു. എന്നെപ്പോലുള്ളവർക്ക് നിസ്സാരമായി മനസ്സിലാക്കാൻ സാധിക്കുന്നതല്ല അദ്ധ്യാത്മതത്വം എന്ന് ഞാനറിയുന്നു. അതുകൊണ്ട്, എനിക്ക് മനസ്സിലാകുന്ന വിധത്തിൽ അതിനെ പറഞ്ഞരുളിയാലും!.

അതുകേട്ട് നാരദമുനി പറഞ്ഞു: ഹേ രാജൻ!, ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങ് ശ്രദ്ധയോടെ ശ്രവിക്കുക. ഈ കഥയിൽ പുരഞ്ജനൻ എന്നത് ജീവാത്മാവാണു. അവൻ തന്റെ കർമ്മങ്ങളുടെ ഫലമായി വിവിധതരം യോനികളിൽ ജന്മങ്ങൾ സ്വീകരിക്കുന്നു. കോടാനുകോടി ജീവജാലങ്ങളുള്ളതിലേതിലും ഒരു ജീവൻ തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജന്മം നേടുന്നു. ഇങ്ങനെ ഒന്നിനെവിട്ട് മറ്റൊന്ന് സ്വീകരിക്കുന്ന ഈ ജീവഭൂതങ്ങളോടൊപ്പം സർവ്വദാ കൂടെ നടക്കുന്ന അവിജ്ഞാതസഖാവ് പരമാത്മാവുതന്നെയാണു. പക്ഷേ, വിഷയങ്ങൾക്കുനടുവിൽ അജ്ഞാനിയായി ജീവിതം നയിക്കുന്ന പുരഞ്ജനന്മാർക്ക് ഒരിക്കലും ആ കാരുണ്യവാന്റെ സാന്നിധ്യത്തെ അറിയാൻ സാധിക്കുന്നില്ല. ലൌകികവിഷയങ്ങളെ പൂർണ്ണമായി അനുഭവിക്കുവാനുള്ള ത്വര ഒരു ജീവനിലുണ്ടാകുമ്പോൾ, ജീവൻ ഒമ്പത് വാതിലുകളും രണ്ട് കൈകളും രണ്ട് കാലുകളുമുള്ള മനുഷ്യശരീരംതന്നെ ആഗ്രഹിക്കുന്നു. പ്രമാദം എന്നതിലൂടെ ഇവിടെ അർത്ഥമാക്കേണ്ടത് അജ്ഞാനം അഥവാ മൂഢത്വമെന്നാണു. ഒരുവൻ അജ്ഞാനിയായിരിക്കുമ്പോൾ, അവൻ സ്വയം ഈ ശരീരമാണെന്ന് വിശ്വസിക്കുന്നു. അതിലൂടെ ആ ജീവനിൽ ഞാനെന്നും എന്റേതെന്നുമുള്ള ഭാവങ്ങൾ ജനിക്കുകയും, തത്ഫലമായി സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. ഭൌതികതയാൽ കളങ്കിതമായിക്കൊണ്ട്, ജീവനെ വിഷയങ്ങളോടടുപ്പിക്കുന്ന വിവേകമാണു അവന്റെ പ്രിയതമയായ പുരഞ്ജനിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതു. അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും പുരഞ്ജനിയുടെ സുഹൃത്തക്കളായി കണക്കാക്കപ്പെടുന്നു. ഈ ഇന്ദ്രിയങ്ങൾ ജീവാത്മാക്കളെ വിഷയാനുഭവങ്ങൾക്കുവേണ്ടി കർമ്മാസക്തരാക്കിമാറ്റുന്നു. ഒമ്പത് ഗോപുരദ്വാരങ്ങളിലൂടെ ജീവനെ അനുഗമിക്കുന്ന സുഹൃത്തുക്കൾ അതിസൂക്ഷ്മങ്ങളായ ഇന്ദ്രിയങ്ങളാണു. അഞ്ച് തലകളുള്ള ആ നാഗം അഞ്ച് ഭാവത്തിൽ ഈ ശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന പ്രാണനാണു. പതിനൊന്നാമൻ മനസ്സും. അവനാകട്ടെ!, സകല ഇന്ദ്രിയങ്ങളിലുംവച്ച് പ്രധാനിയാണു. മനസ്സാണ് ജീവനെ വിഷങ്ങളോട് കൂട്ടിച്ചേർക്കുന്ന ഇടനിലക്കാരൻ. പഞ്ചാലരാജ്യമെന്നത് ജീവനുചുറ്റും വിഷങ്ങളടങ്ങിയിരികുന്ന ചുറ്റുപാടുകൾതന്നെ. അവിടെയാണ് നവദ്വാരങ്ങളുള്ള ശരീരമാകുന്ന ഈ പുരം സ്ഥിതിചെയ്യുന്നതു. ഈ പുരത്തിന്റെ ഒരുവശത്തുതന്നെയുള്ള അഞ്ച് വാതിലുകളാണ് കണ്ണുകളും മൂക്കും ചെവികളും. വൿത്രം, ശിശ്ന, ഗുദം എന്നിവയാണ് മറ്റുള്ള മൂന്ന് വാതിലുകൾ. ഇങ്ങനെ ഒമ്പതുവാതിലുകളുള്ള ശരീരമാകുന്ന ഈ പുരത്തിലിരുന്നുകൊണ്ട് ജീവൻ എപ്പോഴും ബാഹികങ്ങളായ രൂപാദിപഞ്ചവിഷയങ്ങളെ അനുഭവിക്കുന്നു. രണ്ട് കണ്ണുകളും മൂക്കിലെ രണ്ട് ദ്വാരങ്ങളും വായും ചേർന്ന അഞ്ച് വാതിലുകൾ ഈ പുരത്തിന്റെ മുൻവശത്തേക്ക് തുറന്നിരിക്കുന്നു. വലതുചെവി തെക്കേ ഗോപുരമായും ഇടതുചെവി വടക്കേഗോപുരമായും യഥാക്രമം കണക്കാക്കപ്പെടുന്നു. അതുപോലെ ശിശ്നയും ഗുദവും ഈ പുരത്തിൽ പടിഞ്ഞാറുദിക്കിലേക്ക് തുറന്നിരിക്കുന്ന വാതിലുകളായി അറിയുക.

ഖദ്യോതം, ആവിർമുഖി എന്ന രണ്ട് വാതിലുകൾ കണ്ണുകളാണു. വിഭ്രാജിതനഗരമെന്നുദ്ദേശിച്ചത് അതിന്റെ വിഷയങ്ങളായ രൂപങ്ങളെയാണു. കണ്ണുകളാകുന്ന വാതിലുകളിലൂടെ ആ നഗരത്തിലെത്തി ജീവൻ നിരവധി രൂപഭാവാങ്ങളെ അനുഭവിക്കുന്നു. മൂക്കിലെ രണ്ട് ദ്വാരങ്ങളാണ് നളിനിയും നാളിനിയും. ഗന്ധമാണ് സൌരഭനഗരം. അവധൂതൻ എന്ന സുഹൃത്ത് ഘ്രാണവിഷയേന്ദ്രിയമാണു. മുഖ്യം എന്ന വാതിൽ വൿത്രമാണു. വിപണൻ എന്നത് സംസാരശേഷിയും, രസജ്ഞൻ എന്ന സുഹൃത്ത് അവധൂതനെപ്പോലെ രസാനുഭവത്തിന് കൂട്ടുനിൽക്കുന്ന ഇന്ദ്രിയമാണു. ആപണമെന്നത് നാക്കിന്റെ വ്യവഹാരമാണു. ബഹൂദനമെന്ന വിവിധയിനം ആഹാരങ്ങളും. വലതുകാതിനെ പിതൃഹുവെന്നും ഇടതുകാതിനെ ദേവഹൂ എന്നും പറയപ്പെടുന്നു. ഇവിടെ ദക്ഷിണപഞ്ചാലനഗരം പ്രവൃത്തിയെ, അഥവാ, വിഷയാസക്തിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രശാഖകളും, ഉത്തരപഞ്ചാലദേശമെന്നത് നിവൃത്തിയെ, അഥവാ, വിഷയവിരക്തിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രശാഖകളുമാണു. ഈ ദ്വരങ്ങളെ ഉപയോഗപ്പെടുത്തി ചില ജീവന്മാർ പിതൃലോകങ്ങളിലും മറ്റുചിലർ ദേവലോകങ്ങളിലും എത്തപ്പെടുന്നു. ശരീരത്തിലെ ശിശ്നിദ്വാരമായ ആസുരിയെന്ന വാതിലിലൂടെ ജീവൻ ലൈംഗികസുഖത്തെയനുഭവിക്കുന്നു. സന്താനോല്പത്തിക്ക് സഹായകമായ ശക്തിയാണ് ജീവന്റെ ദുർമദൻ എന്ന സുഹൃത്ത്. ഗുദദ്വാരത്തെ നിരൃതി എന്നുദാഹരിച്ചിരിക്കുന്നു. പുരഞ്ജനൻ വൈശാസനഗരത്തിലേക്ക് പോകുന്നുവെന്നതിനർത്ഥം ജീവൻ നരകത്തിലേക്ക് യാത്രയാകുന്നുവെന്നാണു. അവിടേയ്ക്ക് ജീവനെ അനുഗമിക്കുന്നത് ഗുദത്തിന് സഹായകമായി നിലക്കുന്ന ഇന്ദ്രിയമായ ലുബ്ദകൻ എന്ന് സുഹൃത്താണു. ഹേ രാജൻ!, മുമ്പ് ഞാൻ പുരഞ്ജനന്റെ അന്ധരായ രണ്ട് പരിചാരകരെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ!. അവർ ഈ ശരീരത്തിലെ കരചരണങ്ങളാണു. അവയുടെ സഹായത്തോടെ ജീവൻ ഈ ശരീരത്തിലിരുന്നുകൊണ്ട് പലതരം കർമ്മങ്ങളിൽ നിരതനാക്കുകയും, അതുപോലെ, യഥേഷ്ടം വേണ്ടിടത്തൊക്കെ ചരിക്കുകയും ചെയ്യുന്നു. അന്തഃപുരം എന്നത് ഹൃദയമാണു. വിശൂചിനൻ അഥവാ, എല്ലായിടവും ചരിക്കുന്നവൻ, ആയത് മനസ്സും. മനസ്സിന്റെ സാന്നിധ്യത്തിൽ ജീവൻ ഈ ശരീരത്തിലിരുന്നുകൊണ്ട് പ്രകൃതിയുടെ മൂന്ന് ഗുണങ്ങളേയും മാറിമാറി അനുഭവിക്കുന്നു. ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ ജീവൻ ചിലപ്പോൾ ഭ്രമിക്കുകയും മറ്റുചിലപ്പോൾ തൃപ്തമാകുകയും പിന്നെ ചിലപ്പോൾ ആർത്തുല്ലസിക്കുകയും ചെയ്യും. പുരഞ്ജനി ശരീരത്തിനുള്ളിൽ ജീവന് ഏറ്റവുമധികം പ്രീയമുള്ള വിവേകം അഥവാ, അഭിജ്ഞാനമാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. സ്വപ്നത്തിലാണെങ്കിലും ജാഗ്രത്തിലാണെങ്കിലും ഈ ബോധം പലവിധ അവസ്ഥാന്തരങ്ങളെ സൃഷ്ടിക്കുന്നു. അങ്ങനെ ത്രിഗുണങ്ങളുടെ സ്വാധീനത്താൽ കളങ്കിതമായ വിവേകത്തിന്റെ താളത്തിനൊത്ത് ജീവൻ പലേതരം കേളികളാടാൻ തുടങ്ങുന്നു.

ഇവിടെ നവദ്വാരപുരത്തോടൊപ്പംതന്നെ രഥതത്വംകൂടി നാരദൻ എടുത്തുകാട്ടുന്നു. അതിൽ, പുരഞ്ജനൻ നായാട്ടിനായി കാട്ടിലേക്ക് യാത്രചെയ്യാനുപയോഗിക്കുന്ന രഥം അദ്ദേഹത്തിന്റെ ശരീരമാണു. ഇന്ദ്രിയങ്ങളാണ് അതിനെ വലിച്ചുകൊണ്ടുപോകുന്ന കുതിരകൾ. കാലങ്ങൾ നീങ്ങുന്നതനുസരിച്ച് ഈ കുതിരകൾക്ക് തടസ്സങ്ങളില്ലാതെ യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്നു. പുണ്യപാപങ്ങളാകുന്ന കർമ്മങ്ങളാണ് ഇവിടെ രഥചക്രങ്ങളായി ഉപമിച്ചിരിക്കുന്നതു. മുകളിൽ പാറിപ്പറക്കുന്ന മൂന്ന് കൊടികൾ ത്രിഗുണങ്ങളും. പഞ്ചപ്രാണന്മാരാണ് മനസ്സാകുന്ന കയറിനെ കുതിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നതു. അത് കൈയ്യിൽ പിടിച്ചിരിക്കുന്ന ബോധത്തെ ഈ ശരീരമാകുന്ന തേർ തെളിക്കുന്ന തേരാളിയായി അറിയുക. ഹൃദയമാണ് ആ രഥത്തിലെ ഇരിപ്പിടം. സുഖദുഃഖങ്ങളാകുന്ന ദ്വന്ദങ്ങളെ അവയുടെ കെട്ടുകളായി കണക്കാക്കപ്പെടുന്നു. സപ്തധാതുക്കൾ രഥത്തിന്റെ ചട്ടയാണു. അഞ്ച് കർമ്മേന്ദ്രിയങ്ങൾ ബാഹ്യവൃത്തികളാണു. പതിനൊന്നിന്ദ്രിയങ്ങളും കൂടിച്ചേർന്ന് സൈന്യം രൂപീകരിക്കപ്പെട്ടിരിക്കുന്നു. വിഷയഭോഗത്തിൽ ആസക്തനായി ശരീരമാകുന്ന രഥത്തിൽ ഹൃദയമാകുന്ന ഇരിപ്പിടത്തിലിരുന്നുകൊണ്ട് ഒരിക്കലുമടങ്ങാത്ത ഭോഗാശയോടെ ജീവൻ ജന്മജന്മാന്തരങ്ങളായി സംസാരത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഹേ രാജൻ!, ചണ്ഡവേഗന്മാരായ ഗന്ധർവ്വീഗന്ധർവ്വന്മാർ രാത്രികളും പകലുകളുമായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാലമെന്ന അതിശക്തമായ പ്രതിഭാസമാണു. ശരീരത്തിന്റെ ജീവിതദൈഘ്യം ഈ ദിനരാത്രങ്ങളായി അവസാനിച്ചുകൊണ്ടിരിക്കുന്നു. കാലകന്യയായി പുരഞ്ജനനെ തേടിയെത്തുന്നത് കാലപ്രവാഹത്താൽ ഉണ്ടാകുന്ന ജരയെന്ന ശരീരത്തിന്റെ വൃദ്ധാവസ്ഥയാണു. അതിനെ സന്തോഷത്തോടുകൂടി സ്വീകരിക്കാൻ ലോകത്തിൽ ആരുംതന്നെ തയ്യാറാകുന്നില്ല. എന്നാൽ, മരണമാകുന്ന യവനരാജാവ് ജരയെ തന്റെ സഹോദരിയായി സ്വീകരിക്കുന്നു. യവനന്റെ സൈന്യം യമകിങ്കരന്മാരാണു. യഥാർത്ഥത്തിൽ അവ കാലാന്തരത്തിൽ ശരീരത്തെയും അതുവഴി മനസ്സിനേയും ബാധിക്കുന്ന അസ്വാസ്ഥ്യങ്ങളാകുന്നു. പ്രജ്വാരൻ എന്ന കഥാപാത്രം ശരീരത്തിൽ അനുഭവപ്പെടുന്ന തീവ്രമായ ചൂടും അതുപോലെ അതിതീവ്രമായ തണുപ്പുമാകുന്ന രണ്ടുവിധം ജ്വരങ്ങളാണു. ഇത്തരത്തിലുള്ള അനിഷ്ടങ്ങളായ അനുഭവങ്ങൾ ശരീരത്തിൽ ബദ്ധപ്പെട്ടുകഴിയുന്ന ജീവന് വളരെ അസ്സഹനീയമായ കഷ്ടപ്പാടുകൾ സൃഷ്ടിക്കുന്നു. എന്നാൽ ആശ്ചര്യമെന്ന് പറയട്ടെ!, ഇത്ര പ്രയാസങ്ങൾക്കിടയിലും ജീവൻ പലേ പദ്ധതികളുമായി പിന്നെയും സുഖം തേടി വിഷയങ്ങൾക്ക് പിറകേതന്നെ പാഞ്ഞുകൊണ്ടിരിക്കുന്നു. ബോധസ്വരൂപനായ ജീവൻ അജ്ഞാനജമായ ഞാനെന്നും എന്റേതെന്നുമുള്ള ചിന്തയിൽ ഇതിനപ്പുറം വരുന്ന കഷ്ടതകളെപ്പോലും മനസ്സില്ലാമനസ്സോടെ സ്വീകരിക്കുന്നു. അങ്ങനെ ജീവൻ ഒരു ശരീരത്തിൽ നൂറ് വർഷക്കാലത്തോളം ബദ്ധപ്പെട്ടുകിടക്കുന്നു.

ഹേ രാജൻ! ജീവഭൂതങ്ങൾക്കെല്ലാം നന്മതിന്മകളെ തിരിച്ചറിയാനുള്ള അല്പസ്വാതന്ത്ര്യം പ്രകൃത്യാതന്നെ ലബ്ദമാണു. എന്നാൽ ആ സ്വാതന്ത്യത്തിൽ മത്തനായി അവൻ പരംബോധമായ ഈശ്വരനെ മറക്കുമ്പോൾ, പൂർണ്ണമായും ത്രിഗുണങ്ങളുടെ പിടിയിലമരുന്നു. അങ്ങനെ ത്രിഗുണങ്ങൾക്കധീനനാകുന്ന ജീവാത്മാവ് താൻ ഈ ശരീരമാണെന്ന് സ്വയം വിശ്വസിക്കുന്നു. പിന്നീട് അതിനെ നിലനിറുത്തുവാനും പോഷിപ്പിക്കുവാനും സുഖിപ്പിക്കുവാനുമായി അവൻ ഓരോതരം കർമ്മങ്ങളിലേർപ്പെടുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങൾ ജീവനിൽ കാലാകാലങ്ങളിൽ മാറിമാറി സ്വാധീനം ചെലുത്തുന്നു. അങ്ങനെയാണ് അവയ്ക്ക് വിവിധതരം ശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്നതു. സത്വഗുണാധിക്യത്തിൽ ജീവൻ പുണ്യകർമ്മളെ ചെയ്യാനിടവരുന്നു. തത്ഫലമായി അവൻ ഊർദ്ദ്വലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമേറിയ ജീവന്മാർ പലേതരം സകാമകർമ്മങ്ങളിലേർപ്പെട്ട് വിഷയങ്ങളെ അനുഭവിച്ച് മനുഷ്യലോകത്തിൽ കഴിയുന്നു. അതുപോലെ, തമോഗുണം ജീവനെ കൂടുതലായി ബാധിക്കുമ്പോൾ, അവന് പലേതരം ദുരിതങ്ങളെ അനുഭവിച്ചുകൊണ്ട് തിര്യക് യോനിയിൽ ജന്മമെടുക്കേണ്ടിവരുന്നു. ഇങ്ങനെ ഗുണങ്ങൾക്കധീനരാകുന്ന ജീവന്മാർ, പുരുഷൻ, സ്ത്രീ, ഇവ രണ്ടും ചേർന്നത്, മനുഷ്യൻ, ദേവന്മാർ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി പലപല രൂപത്തിലും ഭാവത്തിലും ഈ ഭൌതികലോകത്തിൽ ജന്മമെടുത്ത് അലഞ്ഞുതിരിയുന്നു. ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ ഓരോ ജീവന്മാരാലും ചെയ്യപ്പെടുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ജന്മങ്ങൾ സംഭവിക്കുന്നതു.

വിശന്നുവലഞ്ഞ് ആഹാരത്തിനുവേണ്ടി വീടാന്തരം കയറിയിറങ്ങുന്ന ശ്വാനന്മാരെപ്പോലെയാണ് ജീവഭൂതങ്ങൾ. ചിലപ്പോൾ അവനെ വീട്ടുകാർ അവിടെനിന്നും എറിഞ്ഞോടിക്കുന്നു. എന്നാൽ മറ്റുചില വീടുകളിൽനിന്നും കുറച്ചാഹാരം കിട്ടുകയും ചെയ്യുന്നു. അതുപോലെ, ജീവന്മാർ മുജ്ജന്മങ്ങളിലെ വിവിധതരം ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാനായി സ്വർഗ്ഗവും നരകവും ചേരുന്ന ഉച്ഛനീചങ്ങളായ വിവിധയിനം യോനികളിൽ ജന്മം നേടി തങ്ങളുടെ പ്രാരബ്ദത്തെ അനുഭവിക്കുന്നു. ഇതിനിടയിൽ ശാരീരികമായും മാനസീകമായും അതുപോലെ മറ്റ് ജീവഭൂതങ്ങളാലും സംഭവിക്കുന്ന ദുരിതങ്ങളെ മറികടക്കാൻ അവർ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ആ ശ്രമങ്ങളെല്ലാംതന്നെ വിഫലമായിപ്പോകുന്നുവെന്നുള്ളതാണ് സത്യം. ഒരു മനുഷ്യൻ തന്റെ തലയിലേറ്റിയിരിക്കുന്ന ഭാരം അസഹനീയമാകുമ്പോൾ, അത് തന്റെ ചുമലിലേക്കിറക്കിവയ്ക്കുന്നു. അതുപോലെ, ജീവിതത്തിൽ ജീവന്മാർ അനുഭവിക്കുന്ന ദുഃഖങ്ങൾ ഒരിടത്തുനിന്നുമിറക്കി മറ്റൊരിടത്ത് വയ്ക്കുന്നുവെന്നതിലുപരി അതിനെ പൂർണ്ണമായി തന്നിൽനിന്നും അകറ്റാൻ യാതൊരു വഴികളും അവർക്ക് മുന്നിൽ തെളിയുന്നില്ല.

ഹേ അനഘാ!, കർമ്മഫലത്തെ പ്രതികരിക്കുവാൻ മറ്റൊരു കർമ്മം കൊണ്ട് സാധ്യമല്ല. അതിനായി നാം ചെയ്യുന്ന ഓരോ കർമ്മങ്ങളും അവിദ്യയിൽനിന്നുമുണ്ടാകുന്നതും വിഫലവുമാണു. ഒരു ദുഃസ്വപ്നത്തിൽനിന്നും ഉണരുവാൻ മരൊരു വിഭ്രാന്തിയിലൂടെ സാധ്യമല്ല. സ്വപ്നത്തിലെ ദുഃഖത്തെ ഇല്ലാതാക്കുവാൻ ജാഗ്രത്തിനുമാത്രമേ കഴിയുകയുള്ളൂ. ജീവന്റെ ഭൌതികമായ അസ്ഥിത്വം ഇല്ലാതാകണമെങ്കിൽ അതിനെ പൊതിഞ്ഞിരിക്കുന്ന മായയുടേയും അജ്ഞാനത്തിന്റേയും മൂടുപടം നീങ്ങി ജ്ഞാനമുദിക്കുകതന്നെ വേണം. ജ്ഞാനത്തിലൂടെ ജീവൻ തന്റെ സ്വരൂപത്തെ അറിയുന്നതുവരെ നാമരൂപങ്ങളാകുന്ന ഉപാധികളിൽ കഴിയേണ്ടിവരുന്നു. സ്വപ്നത്തിൽ നാം ചിലപ്പോൾ നമുക്കുനേരെ ചാടിയടുക്ക വ്യാഘ്രത്തെ കാണുന്നു. ഇരുട്ടിൽ നാം കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. ഇവിടെയെല്ലാം നാമറിയാതെതന്നെ ഇല്ലാത്തതിനെ ഉള്ളതായിക്കണ്ട് അതിന്റെ പരിണിത വികാരങ്ങളെ അനുഭവിക്കുകയാണു ചെയ്യുന്നതു. അതിൽനിന്നും പുറത്തുവരാൻ നാം സ്വപ്നത്തിൽനിന്നുണരുകയോ, കയറിൽ പ്രകാശം പരക്കുകയോ വേണം. യഥാർത്ഥത്തിൽ നാം ചെയ്യേണ്ടത് ജനനമരണങ്ങളാകുന്ന ഈ സംസൃതിയിൽ നിന്നും സ്വയം രക്ഷപ്പെടുകയാണു. അതിനായുള്ള ഒരേയൊരുവഴി സത്സംഗത്തിലൂടെ ഈശ്വരനേയും തന്നേയും അറിയുക എന്നുള്ളതാണു. ഭഗവാൻ വാസുദേവന്റെ ഭക്തനാകാതെ ജ്ഞാനവും അതുപോലെ മോക്ഷവും അസംഭവ്യമാണു. ഹേ രാജേന്ദ്രാ!, ആരാണോ ഭഗവാനെ ശ്രദ്ധാഭക്തിസമന്വിതം ആരാധിക്കുകയും, ആ കരുണാമയന്റെ മഹിമകളുടെ ശ്രവണമനനാദികളിലൂടെ തന്തിരുവടികളിൽ ആശ്രയം കൊള്ളുകയും ചെയ്യുന്നത്, അവൻ ആ പരമാത്മാവിനെ മുഖാമുഖം കണ്ട് സായൂജ്യമടയുന്നു. ശ്രദ്ധയോടും ഭക്തിയോടും കൂടി അവന്റെ ചരിതങ്ങളെ കീർത്തിക്കുന്ന പുണ്യസ്ഥലത്തെത്തി ആ സത്ചിദാനന്ദാമൃത്തിന്റെ ഒരു കണികയെങ്കിലും നുകരാൻ ഭാഗ്യം സിദ്ധിച്ചാൽ, ഒരുവൻ തന്റെ വിശപ്പും ദാഹവും പോലും മറക്കുന്നു. അവൻ സകല ഭയങ്ങളിൽനിന്നും ദുഃഖങ്ങളിൽനിന്നും മായയിൽനിന്നും എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ജീവഭൂതങ്ങൾ വിശപ്പ്, ദാഹം തുടങ്ങിയ ശരീരധർമ്മങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോൾ അവർക്ക് ഭഗവദഭിമുഖമായിത്തിരിയാൽ സന്ദർഭമൊരുങ്ങുന്നില്ല. പ്രജാപതിമാർക്കെല്ലാം പ്രജാപതിയായ ബ്രഹ്മദേവൻ, ശങ്കരൻ, മനു, ദക്ഷൻ, സനകാദികുമാരന്മാർ, മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, നാരദനെന്ന ഞാൻ; ഞങ്ങളെല്ലാംതന്നെ വേദവിത്തുക്കളും ഭഗവദ്ഭക്തന്മാരുമാണു. ഞങ്ങളെല്ലാം ബ്രഹ്മചര്യം കൊണ്ടും തപസ്സുകൊണ്ടും ധ്യാനം കൊണ്ടും വിദ്യകൊണ്ടും ഉയർന്നവരാണു. എന്നാൽപോലും ആ പരമപുരുഷന്റെ മഹിമകളെ ഉള്ളവണ്ണം അറിയാൻ ഞാങ്ങൾക്ക് സാധിച്ചിട്ടില്ല. അനന്തമായ വേദങ്ങളുടെ അധ്യയനങ്ങളിലൂടെയോ വേദമന്ത്രങ്ങളെക്കൊണ്ട് മറ്റുള്ള ദേവതകളെ ആരാധിക്കുന്നതിലൂടെയോ അവനെ അറിയാൻ സാധിക്കുകയില്ല. എന്നാൽ ഒരുവൻ പൂർണ്ണമായും ഭഗവദാരാധയിലേർപ്പെട്ടുകഴിയുമ്പോൾ, കാരുണ്യവാനായ ഭഗവാൻ അവനിൽ സമ്പ്രീതനാകുന്നു. ആ സമയം, ഭക്തൻ സകല ഭൌതികകർമ്മങ്ങളും വേദോക്തങ്ങളായ യജ്ഞാദി സകാമകർമ്മങ്ങളും ഉപേക്ഷിക്കുന്നു.

ഹേ പ്രാചീനബർഹിസ്സേ!, ജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയായി തോന്നുമെങ്കിലും, വേദോക്തങ്ങളായ ആചാരങ്ങളേയും അവയുടെ അനുഷ്ഠാനങ്ങളെയും സ്വാർത്ഥങ്ങളായോ അഥവാ, ജീവിതത്തിന്റെ പരമമായ ലക്ഷ്യമായോ കാണരുതു. അല്പബുദ്ധികളാണ് അവയെ ജീവിതത്തിൽ എല്ലാമായിക്കാണുന്നതു. യഥാർത്ഥത്തിൽ വേദങ്ങളുടെ താത്പര്യം മോക്ഷപ്രാപ്തിയാണെന്ന് അവർ ഒരിക്കലും അറിയുന്നില്ല. നിത്യമായതിനെ അവഗണിച്ചുകൊണ്ട് അവർ അനിത്യമായതിന്റെ പിറകേ അലയുകയാണ് ചെയ്യുന്നതു. ഹേ രാജൻ!, ഈ ലോകം മുഴുവൻ സകാമകർമ്മങ്ങളുടെ പിറകേയാണു. ജീവിതത്തിൽ ഇന്നോളം അങ്ങനുഷ്ഠിച്ച യജ്ഞങ്ങളിലും അർപ്പിച്ച മൃഗബലികളിലും താങ്കൾ ഒരുപക്ഷേ അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ ജളത്വം കൊണ്ട് അങ്ങറിയുന്നില്ല ഭക്തിയിലൂടെ മാത്രമേ അവൻ പ്രസാദിക്കുകയുള്ളുവെന്നു. ഇനിയുള്ളകാലം അങ്ങയുടെ ജീവിതലക്ഷ്യം നിത്യനായ ഈശ്വരനെ പ്രസാദിപ്പിക്കുകയെന്നുള്ളതാകട്ടെ!. വിദ്യയിലൂടെയും ജ്ഞാനത്തിലൂടെയും നേടേണ്ടത് അവന്റെ അനുഗ്രഹം മാത്രമാണു. അന്തര്യാമിയായ ശ്രീഹരി ദേഹം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവഭൂതങ്ങളിലും അവയുടെ സുഹൃത്തും വഴികാട്ടിയുമായി നിറഞ്ഞിരിക്കുന്നു. ഇവിടെ സകലകർമ്മങ്ങളുടേയും ഏകനായ നിയന്താവ് അവൻ മാത്രമാണു. അവൻ സകല ജീവഭൂതങ്ങൾക്കും ആത്മമിത്രമാണു. അതുകൊണ്ട് എല്ലാവരും അവനിൽ അഭയം പ്രാപിക്കേണ്ടത് അത്യാവശ്യമാണു. അതിലൂടെ ജീവിതം ധന്യമാകുന്നു. അവന്റെ ഭക്തർക്ക് ഇവിടെ ഒന്നിനോടും യാതൊരു ഭയവുമില്ല. കാരണം, തങ്ങൾക്ക് താങ്ങും തണലുമായി തങ്ങളുടെ ആത്മസുഹൃത്തിന്റെ സാന്നിധ്യത്തെ അവർ എപ്പോഴും അനുഭവിച്ചറിയുന്നു. ഇതറിയുന്നവൻ ജ്ഞാനിയാണു. ജ്ഞാനി സദാ ഗുരുവിന്റെ രൂപത്തിൽ ലോകത്തിന് വഴികാട്ടിയാകുന്നു. അങ്ങനെയുള്ള ആചാര്യന്മാർ ഭഗവാനിൽനിന്നും വേറേയല്ലെന്നറിയുക.

ഹേ പുരുഷഋഷഭാ!, അങ്ങ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറഞ്ഞുകഴിഞ്ഞു. ഇനി മഹത്തുക്കളാൽ സമ്മതമായതും പരമരഹസ്യമായതുമായ മറ്റൊരു സംഗതിയെക്കുറിച്ച് കേട്ടുകൊള്ളുക.

നാരദർ തുടർന്നു: ഹേ രാജൻ!, മനോഹരമായ ഒരുദ്യാനത്തിൽ തന്റെ ഇണയോടൊപ്പം പുല്ലുതിന്നുകൊണ്ടിരിക്കുന്ന ഒരു മാനിനെ മനസ്സിൽ സങ്കൽപ്പിക്കുക. തന്റെ കർമ്മത്തിൽ അവൻ അങ്ങേയറ്റം ആസക്തനാണു. പുല്ലുതിന്നുന്നതിനിടയിൽ വണ്ടുകളുടെ മൂടിപ്പാട്ടുകൾ അവൻ ആന്ദത്തോടെ ആസ്വദിക്കുന്നു. ഹേ പ്രാചീനബർഹിസ്സേ!, അവന്റെ മനസ്സിനെ അടുത്തറിയാൻ ശ്രമിക്കൂ!. ഭോഗാസക്തനായ ആ മാൻ തന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന കടുവയെ കാണുന്നില്ല. പിറകിൽ കൂരമ്പുകളുമായി അവനുനേരേ ഉന്നം പിടിച്ചുനിൽക്കുന്നു, ഒരു വേട്ടക്കാരൻ. ആ അവസരത്തിൽ മാനിന്റെ മരണം സുനിശ്ചിതം.

ഹേ രാജൻ!, പൂക്കൾ തുടക്കത്തിൽ മണം പരത്തുന്നു. എന്നാൽ ക്രമേണ അവയുടെ സുഗന്ധം കുറഞ്ഞുവരുകയും, അവസാനം അവ അഴുകിനാറുകയും ചെയ്യുന്നു. അതുപോലെ സ്ത്രീയും തുടക്കത്തിൽ ആനന്ദത്തെ പ്രദാനം ചെയ്യുന്നുവെങ്കിലും ഒടുവിൽ ദുഃഖംതന്നെ സമ്മാനിക്കുന്നു. കാരണം, സ്ത്രീരൂപം മായയുടെ മൂർത്തരൂപമാണു. സ്തീയോടൊപ്പം ജീവൻ എപ്പോഴും കാമാതുരനായിരിക്കും. അങ്ങനെ എല്ലാവിധത്തിലും ഇന്ദ്രിയസുഖം അനുഭവിച്ചുകൊണ്ട്, കുടുംബജീവിതത്തിൽ അവൻ സകല സൌഭാഗ്യങ്ങളും കാണുന്നു. വണ്ടുകളുടെ മൂളലിലെന്നപോലെ, ഭാര്യയുടേയും കുട്ടികളുടേയും കളിചിരിയിൽ അവൻ അങ്ങേയറ്റം ആനന്ദം കണ്ടെത്തുന്നു. തൊട്ടുമുന്നിൽ കാലം നിൽക്കുന്നതവൻ അറിയുന്നില്ല. ദിനരാത്രങ്ങളായി കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ചവൻ ഓർക്കുന്നില്ല. പിറകിൽനിന്നും വായും പിളർന്നടുക്കുന്ന യമദൂതന്മാരായ കാലസർപ്പത്തെ അവൻ കാണുന്നില്ല. ഹേ മഹാരാജൻ! താങ്കളിവിടെ ഓരോ നിമിഷവും നാനാവശങ്ങളിൽനിന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു. രാജൻ!, ഈ മാനിന്റെ കഥയുടെ പിന്നിലെ തത്വം ആത്മവിദ്യയാണു. സ്വയത്തെ ഉള്ളവണ്ണം അറിയാൻ ശ്രമിക്കുക. ജീവിതാവസാനംവരെ നീണ്ടുപോകുന്ന സകാമകർമ്മാനുഷ്ഠാനങ്ങളിലൂടെ സ്വർഗ്ഗരാജ്യത്തെ കാമിക്കുന്ന ഈ പതിവ് ഇവിടെ അവസാനിപ്പിക്കുക. ജീവിതത്തിന്റെ അന്ത്യവേളയിലും അങ്ങ് നയിക്കുന്ന ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽനിന്നും വിരമിച്ച് സത്സംഗത്തിലൂടെ ഇന്നുമുതൽ ഭഗവാനിൽ ആശ്രയം കൊള്ളുക. അങ്ങനെ ഭൌതികാശയെ വിട്ടൊഴിയുക.

പ്രാചീനബർഹിസ്സ് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, അങ്ങ് പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധയോടെ ഗ്രഹിച്ചുകഴിഞ്ഞു. പക്ഷേ എന്നെ തുടക്കത്തിൽ കർമ്മം ചെയ്യാൻ പ്രേരിപ്പിച്ച ആ ആചാര്യന്മാർ ഈ രഹസ്യത്തെ അറിയുന്നുണ്ടായിരുന്നില്ല. ഒരുപക്ഷേ, അറിയുമായിരുന്നെങ്കിൽ എന്തിനവരെന്നെ വ്യർത്ഥമായ ഈ കർമ്മസഞ്ചയങ്ങളിലേക്ക് തള്ളിവീഴ്ത്തണം?. അങ്ങ് പറയുന്നതും പൂർവ്വികാചാര്യന്മാർ എന്നെ പഠിപ്പിച്ച പാഠങ്ങളും തമ്മിൽ വളരെ വ്യത്യസ്ഥങ്ങളാണു. ഇപ്പോൾ എനിക്ക് ഭക്തിയെന്തെന്നും ജ്ഞാനെമെന്തെന്നും സന്യാസമെന്തെന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കുണ്ടായിരുന്ന സകല സന്ദേഹങ്ങളും ആങ്ങ് നീക്കിയിരിക്കുന്നു. ജീവിതത്തിന്റെ പരമമായ സത്യമെന്തെന്നുള്ളതിൽ യോഗികൾപോലും എങ്ങനെയാണിവിടെ മോഹിക്കപ്പെടുന്നതെന്നു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഓരോ ജീവന്മാരും തങ്ങൾ ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് വരും ജന്മങ്ങളിലനുഭവിക്കുന്നതു. മുജ്ജന്മകർമ്മഫലം ജീവന്മാർ വരുംജന്മങ്ങളിൽ അനുഭവിക്കുന്നുവെന്ന് വേദപണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ യാതൊരു ശരീരത്തിലൂടെയാണോ, പോയ ജന്മങ്ങളിൽ ജീവൻ തന്റെ കർമ്മങ്ങളെ ചെയ്തുകൊണ്ടിരുന്നത്, അത് കാലാന്തരത്തിൽ അവന് ഉപേക്ഷിക്കേണ്ടിവരുന്നല്ലോ. മഹർഷേ!, അങ്ങനെയിരിക്കെ, എന്തുകൊണ്ടാണ് കഴിഞ്ഞ ജന്മങ്ങളിലെ കർമ്മഫലം മറ്റൊരു ശരീരത്തിലൂടെ ഒരു ജീവൻ അനുഭവിക്കേണ്ടിവരുന്നതു?

നാരദർ പറഞ്ഞു: രാജൻ!, സ്ഥൂലശരീരത്തിലൂടെയാണ് ജീവൻ ഒരു ജന്മത്തിൽ തന്റെ കർമ്മങ്ങളെ ചെയ്യുന്നതു. പക്ഷേ, സ്ഥൂലശരീരത്തിനെ കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് മനസ്സ് ബുദ്ധി അഹങ്കാരം എന്നിവയടങ്ങിയ സൂക്ഷ്മശരീരമാണു. സ്ഥൂലശരീരം നശിച്ചതിനുശേഷവും സൂക്ഷ്മശരീരം യാതൊരു മാറ്റവും കൂടാതെ ജീവനോടൊപ്പം നിലനിൽക്കുന്നു. ഉറങ്ങുമ്പോൾ ജീവൻ ഈ സ്ഥൂലശരീരവുമായുള്ള പ്രവൃത്തിസംബന്ധമായ ബന്ധത്തെ ഉപേക്ഷിക്കുന്നു. ആ സമയം മനസ്സുകൊണ്ടും ബുദ്ധികൊണ്ടും അവൻ സൂക്ഷ്മശരീരത്തിലൂടെ പലപല ഭാവങ്ങളിൽ പ്രവർത്തിക്കുന്നു. സ്ഥൂലശരീരം ഉപേക്ഷിച്ചതിനുശേഷം ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിച്ച് ഈ ലോകത്തിൽതന്നെയോ അഥവാ, മറ്റേതെങ്കിലും ലോകങ്ങളിലോ തന്റെ പ്രാരബ്ദത്തെ അനുഭവിക്കുന്നു. ഓരോ ജന്മങ്ങളിലും താനിരിക്കുന്ന ശരീരത്തെ ആസ്പദമാക്കി ജീവൻ ഞാനിതാണ്, ഞാനതാണ്, ആയതിനാൽ ഇന്നതൊക്കെ എനിക്കിവിടെ ചെയ്യേണ്ടതുണ്ടു എന്ന് സ്വയം തെറ്റിദ്ധരിക്കുന്നു. പക്ഷേ, അതെല്ലാംതന്നെ മനസ്സിന്റെ തികച്ചും താൽക്കാലികമായ കണക്കുകൂട്ടലുകളാണെന്നറിയുക. എന്നിരുന്നാലും, കാരുണ്യവാനായ ഹരിയുടെ അനുഗ്രഹം കൊണ്ട് ജീവന് പുതിയ ഒരു ജന്മം കിട്ടുകയും, അതിലൂടെ തന്റെ മനസ്സിന്റെ ഈ കപടനാടകങ്ങളെ ആസ്വദിക്കുവാനും അവയെ തിരിച്ചറിയുവാനുമുള്ള അവസരം ലഭ്യമാകുകയും ചെയ്യുന്നു. ഒരു മനുഷ്യന്റെ പ്രവർത്തികളെ സസൂക്ഷ്മം വീക്ഷിച്ചാൽ അവന്റെ മാനസീകാവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ, ഒരു വ്യക്തിയുടെ മാനസീകവും ബൌദ്ധികവുമായ അവസ്ഥയിൽനിന്നും അവന്റെ പഴയ ജന്മത്തെക്കുറിച്ച് അറിയാൻ സാധിക്കും.

ചില പ്രത്യേക അവസ്ഥകളിൽ നാം മുമ്പെങ്ങും ഈ വർത്തമാനശരീരത്തിലൂടെ അനുഭവിച്ചിട്ടില്ലാത്തെ ചില വികാരങ്ങളെ അനുഭവിക്കാറുണ്ടു. ഹേ രാജൻ!, ഇപ്പറഞ്ഞ സൂക്ഷ്മമായ മനസ്സിന്റെ സ്വാധീനത്താൽ ജീവൻ കഴിഞ്ഞ ജന്മങ്ങളിൽ അനുഭവിച്ചിട്ടുള്ള വസ്തുതകളെ വർത്തമാനജന്മത്തിലും അനുഭവിക്കുന്നുവെന്നുള്ളതിൽ സംശയമില്ല. ജീവൻ ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ അനുഭവിച്ചിട്ടില്ലാത്ത യാതൊരനുഭങ്ങളും വർത്തമാനജന്മത്തിലുണ്ടാകുന്നില്ല എന്നത് സത്യമാണു. ജീവന് പ്രകൃതിയുമായിയുള്ള ബന്ധത്തെ അടിസ്ഥാനമാക്കി, വരും ജന്മങ്ങളിൽ ഏതുവിധമുള്ള ശരീരത്തെ സ്വീകരിക്കണെമെന്നുള്ളതിന് മനസ്സാണ് സർവ്വപ്രധാനമായ കാരണം. ഒരാളുടെ മനസ്സിന്റെ സ്വഭാവത്തെയനുസരിച്ച് അയാൾ കഴിഞ്ഞ ജന്മത്തിൽ സ്വീകരിച്ചതും അതുപോലെ വരും ജന്മത്തിൽ സ്വീകരിക്കുവാൻപോകുന്നതുമായ ശരീരങ്ങൾ ഏതൊക്കെതരങ്ങളിലുള്ളവയാണെന്ന് സ്ഥിതീകരിക്കുവാൻ സാധ്യമാണു. അതുകൊണ്ട്, ഈ ജന്മത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഏതെങ്കിലും വസ്തുതകൾ നമ്മുടെ സ്വപ്നത്തിൽ അനുഭവയോഗ്യമായിവന്നാൽ, അത് കഴിഞ്ഞ ജന്മത്തിൽ മറ്റൊരു ശരീരത്തിലൂടെ പലകാലങ്ങളിൽ, പലസമയത്ത്, പല സാഹചര്യങ്ങളിൽ ഈ ജീവൻ അനുഭവിച്ചറിഞ്ഞിട്ടുള്ളവയാണെന്ന് മനസ്സിലാക്കുക. സ്ഥൂലശരീരം മാറുമ്പോഴും സൂക്ഷ്മശരീരാംശമായ മനസ്സ് ജീവനോട് ചേർന്നുനിൽക്കുകയും, ജീവന്റെ ആഗ്രങ്ങൾ അത് എന്നെന്നേയ്ക്കുമായി കുറിച്ചിടുകയും ചെയ്യുന്നു. തുടർന്ന്, വരും ജന്മങ്ങളിൽ അവയുടെ അനുഭവം ജീവന് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. എന്നാൽ വർത്തമാനശരീരത്തിലൂടെ തനിക്ക് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പ്രസ്തുത അനുഭങ്ങൾ തികച്ചും പുതിയതായി ജീവൻ തെറ്റിദ്ധരിക്കുന്നു.

എന്നാൽ, ഭഗവാനിൽ നിമഗ്നമായ മനസ്സിലാകട്ടെ, സർവ്വതും സുവ്യക്തമായിത്തന്നെ സർവ്വദാ തെളിഞ്ഞുനിൽക്കുന്നു. ഇടയ്ക്കിടെ മറഞ്ഞാൽപോലും, അവ്യക്തമായ രാഹു ഗ്രഹണത്തിനുശേഷം ചന്ദ്രന്റെ വെളിച്ചത്താൽ പ്രകടമാകുന്നതുപോലെ, അവ മനസ്സിൽ അനുഭഗയോഗ്യമായിത്തന്നെയുണ്ടാകുന്നു. മനസ്സ്, ബുദ്ധി, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ നിർമ്മിതമായ സൂക്ഷ്മശരീരം ജീവനോടൊപ്പം നിലനിൽക്കുന്ന കാലത്തോളം, ഞാനെനും എന്റേതെന്നുമുള്ള ഭാവങ്ങളും ജീവനെ വിട്ടുപിരിയുന്നില്ല. എന്നാൽ, തുരീയാവസ്ഥയിലും അബോധാവസ്ഥയിലും ഏതെങ്കിലും കാരണത്താൽ പെട്ടെന്നുണ്ടാകുന്ന നടുക്കങ്ങളിലും മരണസമയത്തും അതുപോലെയുള്ള മറ്റു സാഹചര്യങ്ങളിലും ശരീരത്തിൽ പ്രാണചലനം നിലക്കുകയും, ആ സമയം ജീവൻ ശരീരവും താനുമായുള്ള ബന്ധത്തെ മറന്നുപോകുകയും ചെയ്യുന്നു.  യൌവ്വനാവസ്ഥയിൽ പത്തിന്ദ്രിയങ്ങളും മനസ്സും പൂർണ്ണമായും വ്യക്താവസ്ഥയിൽ നിലകൊള്ളുന്നു. എന്നാൽ, അമ്മയുടെ ജഠരത്തിലോ അഥവാ കുട്ടിക്കലത്തിലോ ആയിരിക്കുമ്പോൾ, അമാവാസിയിൽ ചന്ദ്രനെന്നതുപോലെ, അവ അവ്യക്തഭാവത്തിൽ നിലകൊള്ളുന്നു. സ്വപ്നാവസ്ഥയിൽ വിഷയങ്ങൾ അവ്യക്തമായി നിലകൊള്ളുന്നു. എങ്കിലും, ജീവന് വിഷയങ്ങളുമായി നിരന്തരമായുള്ള സമ്പർക്കത്താൽ അവ സ്വപ്നത്തിലും വ്യക്തമായി ജീവന് അനുഭവയോഗ്യമായിത്തീരുന്നു. അതുപോലെ, ഇന്ദ്രിയങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥകളിൽപോലും ജീവൻ വിഷയങ്ങളുമായുള്ള സമ്പർക്കം ഒഴിയുന്നില്ല. അഞ്ച് വിഷയങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേർന്നതാണ് മൂലപ്രകൃതിയുടെ പതിനാറ് തത്വങ്ങൾ. അവയോടൊപ്പം ചേർന്നുകൊണ്ട് ജീവൻ ത്രിഗുണങ്ങളുടെ സ്വാധീനത്തിൽ പെട്ടുപോകുന്നു. ഈവിധമാണ് ജീവൻ ഇവിടെ വർത്തിക്കുന്നതു. ഇങ്ങനെ ജീവഭൂതങ്ങൾ വ്യത്യസ്ഥങ്ങളായ ശരീരങ്ങളെ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്യുന്നു. അതിലൂടെ ജീവന്മാർ ഭൂമിയിൽ സുഖദുഃഖങ്ങളെ മാറിമാറി അനുഭവിക്കുന്നു. പുഴുക്കൾ സഞ്ചരിക്കുമ്പോൾ ഒരില പൂർണ്ണമായി ഉപേക്ഷിക്കുന്നതിനുമുന്നേതന്നെ മറ്റൊരിലയിൽ ചാടിക്കടക്കുന്നതുപോലെ, ജീവനും ഒരു ശരീരം ഉപേക്ഷിക്കുന്നതിനുമുന്നേതന്നെ മനസ്സ് എന്ന സ്ഥൂലതത്വത്തിന്റെ സഹായത്തോടെ ഭാവിശരീരത്തെ സാങ്കല്പികമായിത്തന്നെ സ്വീകരിക്കുന്നു. കാരണം, മനസ്സാണ് ഇതിനുപിന്നിൽ ആധാരമായി നിൽക്കുന്ന ഏക വസ്തു.  ഇന്ദ്രിയസംതൃപ്തിക്കുവേണ്ടി ശ്രമിക്കുന്നിടത്തോളം ജീവൻ കർമ്മങ്ങളിൽ ആസക്തനാകുന്നു. ജീവൻ ആയതിനുവേണ്ടി കർമ്മക്ഷേത്രത്തിൽ പ്രവർത്തിക്കുമ്പോൾ അവൻ ഇന്ദ്രിയങ്ങളാൻ സുഖിക്കുകയും, ആ സുഖത്തിനിടയിൽത്തന്നെ കൂടുതൽ സുഖത്തിനുവേണ്ടി മറ്റു കർമ്മങ്ങളിൽ വ്യാപൃതനാകുകയും ചെയ്യുന്നു. ഇങ്ങനെ അവൻ സംസാരത്തിൽ അകപ്പെട്ടുപോകുകതന്നെ ചെയ്യുന്നു. ഹേ രാജൻ!, ഈ പ്രപഞ്ചം ഭഗവാന്റെ ഇച്ഛയാൽ ഉണ്ടാകുന്നു, പാലിക്കപ്പെടുന്നു, അതുപോലെതന്നെ പ്രലയിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അതിലെ സകല ചരാചങ്ങളും അവന്റെ അധീനതയിലാണെന്നറിയുക. ഈ ജ്ഞാനംകൊണ്ടനുഗ്രഹീതനാകുവാൻ ഒരുവന് അവനിൽ ശരണം പ്രാപിക്കേണ്ടതുണ്ടു.

മൈത്രേയൻ പറഞ്ഞു: ഹേ ഭാഗവതനായ വിദുരരേ!, അങ്ങനെ നാരദമഹാമുനി പ്രാചീനബർഹിസ്സിനെ ജീവാത്മപരമാത്മതത്വത്തെ പറഞ്ഞനുഗ്രഹിച്ചു. അദ്ദേഹത്തെ ഭഗവദഭിമുഖനാക്കിമാറ്റിയതിനുശേഷം, മഹർഷി സിദ്ധലോകത്തിലേക്ക് തിരിച്ചുപോയി. തുടർന്ന്, തന്റെ പുത്രന്മാരെ രാജ്യഭാരമേൽപ്പിച്ച്, രാജാവും തപസ്സിനായി കപിലാശ്രമമെന്ന പുണ്യസ്ഥാനത്തിലേക്ക് യാത്രയായി. പിന്നീടുണ്ടായ തീവ്രമായ സാധനകളിലൂടെ പ്രാചീനബർഹിസ്സ് സകലവിധ ഭൌതികതയിൽനിന്നും നിവൃത്തനായി. ഭക്തിയോടെ ഭഗവാൻ ശ്രീവാസുദേവനെ ഭജിച്ചുകൊണ്ട് ഭഗവദ്സായൂജ്യത്തിന് പാത്രീഭൂതനായിമാറി. പ്രിയവിദുരരേ!, ജീവാത്മപരമാത്മബന്ധത്തെക്കുറിച്ചുള്ള നാരദമഹർഷിയുടെ ഈ പ്രതിപാദനം ഭക്തിയോടെ കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നവർ ശരീരാത്മബോധത്തിൽനിന്നും നിവർത്തിച്ച് ജീവന്മുക്തനായിത്തീരുന്നു. നാരദമഹർഷി പ്രാചീനബർഹിസ്സിനരുളിച്ചെയ്ത ഈ അദ്ധ്യാത്മതത്വം ഈ പ്രപഞ്ചത്തെതന്നെ ശുദ്ധമാക്കുന്നതാണു. ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന ജീവന്മാരുടെ ഹൃദയം പവിത്രമാകുകയും അതിൽ ആത്മജ്ഞാനം നിറയുകയും അവൻ സർവ്വ ബന്ധനങ്ങളിൽനിന്നും മുക്തനായി ദുഃസ്തരമായ സംസാരത്തിനെ മറികടക്കുകയും ചെയ്യുന്നു. പുരഞ്ജനചരിത്രത്തിന്റെ താത്വികാവലോകനമായ ഈ അദ്ധ്യാത്മവിദ്യ ഞാൻ എന്റെ ഗുരുനാഥനിൽനിന്നും കേട്ടറിഞ്ഞതാണു. ഇതിനെ ഗ്രഹിക്കുവാൻ കഴിയുന്നവൻ ഇഹത്തെക്കുറിച്ചും പരത്തെക്കുറിച്ചും അറിവുള്ളവനായിമാറുന്നു. ഇതിനെ പഠിക്കുന്നതിലൂടെ ജീവന് തന്റെ പുനർജന്മരഹസ്യത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





PuranjanOpakhyanam