2019, മാർച്ച് 3, ഞായറാഴ്‌ച

4.27 പുരഞ്ജനപുരത്തെ ചണ്ഡവേഗൻ ആക്രമിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 27
(പുരഞ്ജനപുരത്തെ ചണ്ഡവേഗൻ ആക്രമിക്കുന്നു)


ചണ്ഡവേഗന്റെ സൈന്യം പുരഞ്ജനപുരത്തെ ആക്രമിക്കുന്നു

നാരദൻ കഥ തുടരുന്നു: 
രാജൻ! ഭർത്താവായ പുരഞ്ജനനെ നാനാതരത്തിലും ഭ്രമിപ്പിച്ച് തന്റെ അധീനതിയലാക്കിക്കൊണ്ട് പുനഞ്ജനിറാണി വീണ്ടും അദ്ദേഹത്തോടൊപ്പം രമിച്ചു. അവൾ കുളിച്ചുവന്ന് തന്റെ വേഷഭൂഷാദികളണിഞ്ഞ്, അന്നപാനങ്ങൾ കഴിച്ച് ഭർത്താവിനെ സമീപിച്ചു. സുന്ദരിയായ ഭാര്യയെ കണ്ടപ്പോൾ പുരഞ്ജനൻ അവളെ തന്നരിലേക്ക് സ്വാഗതം ചെയ്തു. അവർ പരസ്പരം കെട്ടിപ്പുണർന്നു. തുടർന്ന് പലേ നർമ്മങ്ങളും പറഞ്ഞ് രസിച്ചുകൊണ്ട് വിജനമായ ആ സ്ഥലത്ത് വളരെയധികം സമയം സ്വകാര്യമായി ചിലവഴിച്ചു. തന്റെ ജീവിതത്തിലെ ദിനരാത്രങ്ങൾ താൻപോലുമറിയാതെ വൃഥാവിലാക്കി പുരഞ്ജനൻ അവളുടെ വശ്യതയിൽ തന്നെപ്പോലും മറന്നു കാലമൊരുപാട് കഴിച്ചുകൂട്ടി. ഇങ്ങനെ മായാജാലത്തിൽ കുടുങ്ങിയ പുരഞ്ജനൻ, ബോധസ്വരൂപിയായിരുന്നുവെങ്കിൽ പോലും, ഭാര്യയുടെ മടിയിൽ തലചായ്ച്ച് സദാസമയവും അവളോടൊപ്പം കഴിഞ്ഞുകൂടി. പുരഞ്ജനിയാണ് തനിക്കിവിടെ എല്ലാമെല്ലാമെന്ന് അയാൾ വിശ്വസിച്ചു. തമോഗുണത്തിന്റെ അന്ധകാരമായ അഗാധഗർത്തിൽ പതിച്ച പുരഞ്ജനൻ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ മറന്നുകൊണ്ട്, തന്റെയും പരമാത്മാവിന്റേയും മഹത്വത്തെ തിരിച്ചറിയാതെ സംസാരത്തിൽ ഉഴന്നു. ഹേ പ്രാചീനബർഹിസ്സേ!, അങ്ങനെ ഹൃദയത്തിൽ കാമവും പേറിയുള്ള ആ ജീവിതത്തിലെ യുവത്വം ഒരുദിവസം ക്ഷണാർദ്ധത്തിൽ ഇല്ലാതായി.

ഈ കാലയളിവിൽ അദ്ദേഹത്തിന് പുരഞ്ജനിയിൽ ആയിരത്തിയൊരുനൂറ് പുത്രന്മാരും നൂറ്റിപ്പത്ത് പുത്രിമാരും ജനിച്ചിരുന്നു. അതോടെ അദ്ദേഹത്തിന്റെ പകുതിയായുസ്സ് കഴിയുകയും ചെയ്തിരുന്നു. ഹേ പ്രജാപതേ!, പുരഞ്ജനന്റെ മക്കൾ മാതാപിതാക്കളെപ്പോലെതന്നെ സൌന്ദര്യമുള്ളവരായിരുന്നു. അവർ ഉദാരമതികളും സത്ഗുണശീലരുമായിരുന്നു. തന്റെ വംശപരമ്പരയെ മുന്നോട്ട് കൊണ്ടുപോകുവാനായി പുരഞ്ജനൻ മക്കളെ അനുയോജ്യരായ വധൂവരന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അവരിലൂടെ അദ്ദേഹത്തിന് നൂറുകണക്കിന് ചെറുമക്കൾ ജനിച്ചു. അങ്ങനെ പഞ്ചാലരാജ്യം ഒട്ടാകെ പുരഞ്ജന്റെ പരമ്പരയെക്കൊണ്ട് നിറഞ്ഞു. പക്ഷേ, അവർ വളർന്നുവന്നതോടെ അദ്ദേഹത്തിന്റെ ഗൃഹവും സമ്പത്തുമെല്ലാം ഈ പുത്രപൌത്രന്മാരുടെ ദുർവ്യയത്താൽ നശിക്കപ്പെട്ടു. രാജൻ!, താങ്കളെപ്പോലെ പുരഞ്ജനനും ആഗ്രഹങ്ങളുടെ കൊടുമുടികൾ മനസ്സിലേറ്റി ജീവിച്ചവനായിരുന്നു. അതിന്റെ പൂർത്തീകരണത്തിനുവേണ്ടി അദ്ദേഹം ദേവന്മാരെയും പിതൃക്കളെയും മറ്റും പലപല യജ്ഞങ്ങൾകൊണ്ട് പൂജിക്കാൻ തുടങ്ങി. പക്ഷേ, എല്ലാ യജ്ഞങ്ങളും പര്യവസാനിക്കുന്നത് അതിക്രൂരമായ മൃഗബലികളിലൂടെയായിരുന്നു. അങ്ങനെ കർമ്മകാണ്ഡീയജീവിതത്തിലൂടെ കുടുംബാസക്തനാ‍യ പുരഞ്ജനൻ ഒടുവിൽ സംസാരികൾക്കുപോലും അപ്രിയമായ തരത്തിൽ പതിതനായിമാറി. വീണ്ടും കാലമൊരുപാട് മുന്നോട്ടുപോയി.

ഗന്ധർവ്വലോകത്തിൽ ചണ്ഡവേഗൻ എന്ന ഒരു ഗന്ധർവ്വരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് മുന്നൂറ്റിയറുപത് അതിശക്തന്മാരായ യോദ്ധാക്കളും. അവരോടൊപ്പം വെളുത്തതും കറുത്തതുമായ വളരെയധികം ഗന്ധർവ്വകന്യകമാരും ചേർന്ന് പുരഞ്ജനന്റെ സകല കാമഭോഗങ്ങളും ഒന്നൊന്നായി അപഹരിച്ചുകൊണ്ടിരുന്നു. എന്നാൽ അഞ്ച് തലയുള്ള ആ നാഗം തന്നാലൊക്കുംവിധം യുദ്ധം ചെയ്ത് ചണ്ഡവേഗന്റെ ആക്രമണത്തിൽനിന്നും പുരഞ്ജനന്റെ നഗരത്തെ രക്ഷിക്കാൻ ശ്രമിച്ചു. അവൻ ഒറ്റയ്ക്ക് എഴുന്നൂറ്റിയിരുപതോളം വരുന്ന ശത്രുക്കളുമായി നൂറ് വർഷക്കാലം ഏറ്റുമുട്ടി. പക്ഷേ കാലങ്ങൾ നീണ്ടുനിന്ന യുദ്ധത്തിൽ ആ നാഗം ക്ഷീണിതനായി. അതുകണ്ട് പുരഞ്ജനനും ആ പുരത്തിൽ താമസിക്കുന്ന മറ്റ് പരിവാരങ്ങൾക്കും അതിയായ ഉത്കണ്ഠയുണ്ടായി. ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രജകളിൽനിന്നും കരങ്ങൾ ഈടാക്കിക്കൊണ്ട് പുരഞ്ജനൻ തന്റെ കാമപൂർണ്ണമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാൽ വന്നുപോകുന്ന ദിനരാത്രങ്ങളിലൂടെ തന്റെ ജീവിതം മരണത്തിലേക്കടുക്കുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല.

ഹേ രാജൻ!, ഒരുദിവസം, മൂലോകങ്ങളിലും തന്റെ ഭർത്താവിനെ അന്വേഷിച്ചുനടക്കുകയായിരുന്ന കാലപുത്രി പുരഞ്ജന്റെ പുരത്തേയും സമീപിച്ചു. ഈരേഴുപതിനാലുലോകങ്ങളിലും ആരുംതന്നെ അവളെ വിവാഹം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. എന്നാൽ അവളാകട്ടെ, ആരെയും ഉപേക്ഷികാൻ തയ്യാറുമായിരുന്നില്ല. നിർഭാഗ്യവതിയായിരുന്ന അവളെ ഈ ലോകം ദുർഭഗ എന്നായിരുന്നു വിളിച്ചിരുന്നതു. എങ്കിലും ഒരിക്കൽ ഒരു രാജാവ് അവളെ അംഗീകരിക്കുകയുണ്ടായി. അതിൽ സമ്പ്രീതയായ കാലപുത്രി ആ രാജാവിന് വേണ്ടുന്ന വരങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

ഹേ പ്രാചീനബർഹിസ്സേ!, ഒരിക്കൽ ഞാൻ ബ്രഹ്മലോകത്തിൽനിന്നും ഈ ഭൂമിയിലേക്ക് വരുന്നവഴി കാമാതുരയായ കാലകന്യ ബ്രഹ്മചാരിയായ എന്നെ തടയുകയും പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവളുടെ അഭ്യർത്ഥന നിരസിച്ച എന്നെ അവൾ ശപിച്ചു. ആ അപേക്ഷയെ മാനിക്കാത്ത ഞാൻ ഒരിക്കലും ഒരിടത്തും അനിശ്ചിതകാലം താമസ്സിക്കാൻ കഴിയാതെ പോകട്ടെ എന്ന അവളുടെ ശാപം എന്നെ ഇന്നും പിന്തുടരുന്നു. അനന്തരം ഹൃദയവേദനയോടെ അവൾ എന്നെ വിട്ടകലുകയും, എന്റെ അനുമതിയോടെ ഭയം എന്ന പേരുള്ള യവനരാജാവിനെ സമീപിക്കുകയും തന്റെ പ്രേമാഭ്യർത്ഥന അദ്ദേഹത്തിന്റെ മുന്നിൽ വയ്ക്കുകയും ചെയ്തു. കാലകന്യ ഭയത്തെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ഹേ യവനോത്തമാ!, വീരനായ അങ്ങയെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുകയും അവിടുത്തെ പത്നിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നെപ്പോലെ അങ്ങയോടും ആരും ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ എന്നെന്നും അങ്ങയോടൊപ്പം അങ്ങേയ്ക്ക് കൂട്ടായി കഴിയുവാൻ തയ്യാറാണു.

നാരദർ പറഞ്ഞു: ഹേ രാജൻ! ശാസ്ത്രത്തെ പഠിക്കുകയും അതിനെ ജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്യാത്തവർ തമോഗുണികളാണു. അവർക്ക് ദുഃഖം മാത്രമായിർക്കും ആത്യന്തികമായ ഫലം.

കാലകന്യ വീണ്ടും യവനരാജനോട് പറഞ്ഞു: ഹേ രാജൻ!, ഞാൻ സർവ്വദാ അങ്ങയുടെ സേവയിൽ കഴിയാനായി വന്നവളാണു. എന്നെ സ്വീകരിച്ചാലും. ആർത്തരായവർക്ക് ആശ്രയമേകുന്നത് ഉത്തമരായവരുടെ ധർമ്മമാണു.  

കാലകന്യയുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചുകൊണ്ട് യവനരാജൻ അവളോട് പറഞ്ഞു: ഹേ കാലപുത്രി!, നിന്നെ ഭാര്യയായി സ്വീകരിക്കുന്നതിൽ നമുക്ക് യാതൊരു വിഷമവുമില്ല. എല്ലാവരും കരുതുന്നതുപോലെ നീ അഭദ്രയാണു. ആരും ഇഷ്ടപ്പെടാത്ത നിന്നെ ആരാണ് ഈ മൂന്നുലോകങ്ങളിലും ഭാര്യയായി സ്വീകരിക്കുക?. ഈ ലോകംതന്നെ സകാമകർമ്മങ്ങളിൽനിന്നുണ്ടായതാണു. ആയതിനാൽ നീ അദൃശ്യയായി അവരുടെയുള്ളിൽ കുടികൊണ്ട് അവരെ നശിപ്പിച്ചുകൊള്ളുക. എന്റെ സൈന്യത്തെ ഉപയോഗിച്ച് നിനക്ക് നിഷ്കരുണം യാതൊരു തിരിച്ചടിയുമേൽക്കാതെ അവരെ ഇല്ലാതാക്കാൻ കഴിയും. എന്റെ സഹോദരൻ പ്രജ്വരൻ ഇവിടെയുണ്ടു. ഇന്നുമുതൽ നിന്നെ നാം നമ്മുടെ ഭഗിനിയായി സ്വീകരിക്കുകയാണു. എന്റെ സഹോദരനോടും സൈന്യത്തോടും കൂടിച്ചേർന്ന് നീ ഈ ലോകത്തിൽ നാനാതരത്തിലുള്ള ദുഃഖങ്ങൾ വിതയ്ക്കുക.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയേഴാമധ്യായം സമാപിച്ചു.
ഓം തത് സത്.






Chandavega attacks the city of puranjana

lord krishna എന്നതിനുള്ള ചിത്രം



രുദ്രഗീതം

കാർമുകിൽ വർണ്ണനെ കാണുമാറാകണം
കാരുണ്യരൂപനെ കാണുമാറാകണം.
മാരി തൂകുമ്പോൾ തിളങ്ങുന്ന പോലെ നിൻ
ചാരു കളേബരം മിന്നുന്ന കാണണം.
സർവ്വൈശ്വരങ്ങളും ഒത്തിണങ്ങീടുന്ന
സർവ്വേശരാ! നിന്നെ കാണുമാറാകണം.
നാലു കരങ്ങളാൽ ശോഭിതമായ നിൻ
ചേലുള്ള രൂപത്തെ കാണുമാറാകണം.
നീലദളായതലോചന! നിന്നുടെ
നീലത്തിരുമുഖം കാണുമാറാകണം.
നല്ലോരു നാസികയു,മാ മനോഹര
ഫുല്ലാരവിന്ദം കണക്കേ വിരിഞ്ഞൊരു
നല്ല ചേലുള്ള നറുപുഞ്ചിരിവിടർ-
ന്നുള്ളോരധരവും കാണുമാറാകണം.
സുന്ദരമായ ലലാടവും, പിന്നെ നൽ-
കുണ്ഡലങ്ങൾ ഇളകുന്ന ചെവികളും,
മന്ദസ്മിതവും, കടമിഴിക്കോണുകൊ-
ണ്ടുള്ളോരു നോട്ടവും, കൂന്തലിൻ ശോഭയും,
മഞ്ഞത്തളിർ‌പട്ടുടുത്തതിൻ തുമ്പുകൾ
തഞ്ചത്തിലാടിയുലയുന്ന കാഴ്ചയും,
പങ്കജപുഷ്പരജസ്സുകൾ കാറ്റിലായ്
മെല്ലെ തരംഗിതമാകുന്ന ശോഭയും,
മിന്നിത്തിളങ്ങുന്ന കുണ്ഢലകാന്തിയും,
ചിന്നിത്തെളിയും കീരീടസൌന്ദര്യവും,
സ്വർണ്ണത്തളയും, വളയും, വനമാല,
പൊന്നരഞ്ഞാണവും, പിന്നെ കൊലുസ്സതും,
സൂര്യകോടിപ്രഭാമേനിയും കാണണം.
ശംഖചക്രങ്ങളും, ചാരുഗദയു,മാ-
പങ്കജത്താരും കരങ്ങളിൽ കൊണ്ട,തിൻ
ശോഭയിൽ മോടിയേറിക്കൊണ്ട് മാറതിൽ
ചേരുന്ന കൌസ്തുഭം കാണുമാറാകണം.
നാളീകനേത്രാ! മൃഗേന്ദ്രനെപ്പോലുള്ള
തോളും, അതിൽ വിളങ്ങും വനമാലയും,
ഹാ‍രനികരങ്ങളും, തിരുവക്ഷസ്സിൽ
ചേരുന്ന ശ്രീവത്സതേജസ്സും കാണണം.
ആലിലശോഭയിൽ മൂന്നായ് മടങ്ങിയ
നീലത്തിരുവയർ കാണുമാറകണം.
ശ്വാസഗതിയവയ്ക്കൊത്താ മടക്കുകൾ
താളത്തിലായങ്ങിളകുന്ന ചേലതും,
ഈരേഴുലോകങ്ങളുണ്ടായി പിന്നതിൽ
ചേരുന്ന നാഭിയും കാണുമാറാകണം.
മഞ്ഞയാം പൂമ്പട്ടുടുത്ത കടീതടം-
ചുറ്റിയുലഞ്ഞുചാഞ്ചാടുന്നരഞ്ഞാണം,
ലോകത്തിനൊക്കെയും ഏകാശ്രയമായ
പാദപത്മങ്ങളും കാല്വണ്ണ, തൃത്തുട,
എല്ലാമഴകിൽ തിളങ്ങുന്ന വിഗ്രഹം
കണ്ണുകൾക്കെന്നും കണിയാകണം വിഭോ!.


സുരേഷ് സി. കുറുപ്പ്

4.26 പുരഞ്ജനോപാഖ്യാനം - 2


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 26
(പുരഞ്ജനോപാഖ്യാനം - 2)


vidura and maitrEya എന്നതിനുള്ള ചിത്രം
വിദുരരും മൈത്രേയരും
മൈത്രേയൻ പറഞ്ഞു: വിദുരരേ! നാരദമഹർഷി വീണ്ടും പ്രാചീനബർഹിസ്സിനോട് കഥയുടെ ശേഷഭാഗം പറഞ്ഞുതുടങ്ങി: ഹേ രാജൻ!, അങ്ങനെയിരിക്കെ, ഒരുദിവസം, പുരഞ്ജനൻ തന്റെ ധനുസ്സും, അതുപോലെ ഒരിക്കലും ഒഴിയാത്ത അവാനാഴിയിൽ നിറയെ ശരങ്ങളുമായി, അഞ്ച് കുതിരകളെ പൂട്ടിയ ഇരുചക്രസ്വർണ്ണരഥത്തിൽ, പതിനൊന്ന് സേനാനായകന്മാർക്കൊപ്പം, നായാട്ടിനായി പഞ്ചപ്രസ്ഥം എന്ന കാട്ടിലേക്ക് പുറപ്പെട്ടു. രഥത്തിന് മുകളിൽ മൂന്ന് കൊടികൾ പറക്കുന്നുണ്ടായിരുന്നു. ഒരു പ്രത്യേകതരം രഥമായിരുന്നു പുരജ്ഞനന്റേത്. അഞ്ച് കുതിരകൾക്കുംകൂടി ഒരു കടിഞ്ഞാൺ മാത്രം. അതുപോലെ ഒരു തേരാളി, ഒരു ഇരിപ്പിടം, പടച്ചമയം കെട്ടുവാനായി രണ്ട് തൂണുകൾ, അഞ്ച് വ്യത്യസ്ഥ ആയുധങ്ങൾ, സ്ഫോടകശക്തിയുള്ള രണ്ട് പ്രത്യേക ശരങ്ങൾ, ഏഴ് കവചങ്ങൾ, എന്നിവയെല്ലാം അദ്ദേഹത്തിന്റെ രഥത്തിന്റെ മറ്റുപ്രത്യേകതകളായിരുന്നു. തേരിന്റെ ചലനവും അഞ്ച് വിധത്തിലായിരുന്നു. അഞ്ച് തരത്തിൽ അതിന്റെ സഞ്ചാരത്തിന് തടസ്സങ്ങളും സംഭവിക്കുമായിരുന്നു.

ഹേ രാജൻ!, അന്നെന്തോ, പുരഞ്ജനൻ നായാട്ടിൽ അങ്ങേയറ്റം തല്പരനായിരുന്നു. പത്നിയുമായി ലവനേരം പോലും പിരിഞ്ഞിരിക്കുവാൻ കഴിയാത്ത അദ്ദേഹം ന്നാദ്യമായി അവളോട് യാത്രപോലും പറയാതെ നായാട്ടിന് പുറപ്പെട്ടു. ആ ദിവസം അദ്ദേഹം തികച്ചും ആസൂരീഭാവത്തോടെ പെരുമാറുകയും, കാട്ടിൽ ഒട്ടനവധി പാവം മൃഗങ്ങളെ ഹിംസിക്കുകയും ചെയ്തു. ശാസ്ത്രപ്രമാണങ്ങളനുസരിച്ച് ഒരു രാജാവിന് മാംസഭക്ഷണം കഴിക്കണമെന്ന അതിരറ്റ മോഹമുണ്ടായാൽ, കാട്ടിൽ പോയി കൊല്ലാൻ അനുവദനീയമായ മൃഗങ്ങളെമാത്രം കൊന്ന്, അതിന്റെ മാംസം ഭക്ഷിക്കുവാനുള്ള അനുമതി അതിൽ പ്രതിപാദിച്ചിട്ടുണ്ടു. മൃഗനായാട്ടിന് പ്രത്യേകവിധികൾ ശാസ്ത്രങ്ങൾ ഉപദേശിക്കുവെന്ന് സാരം. രജസ്സ്, തമസ്സ് ഇത്യാദി ഗുണങ്ങളാൽ പ്രേരിതരായി അധികാരദുർവ്വിനിയോഗം ചെയ്തുകൊണ്ട് എന്തിനേയും ഹിംസിക്കുവാനുള്ള അനുമതി ശാസ്ത്രം ആർക്കുംതന്നെ വിധിക്കുന്നില്ല. വേദോക്തങ്ങളായ കർമ്മഗതികളെ പിന്തുടരുന്നവർ ഒരിക്കലും അരുതാത്തത് ചെയ്യുകയുമില്ല. മദാന്ധരായി അനാചാര്യങ്ങളായ കർമ്മങ്ങൾ ചെയ്യുന്നവർ ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോകുന്നു. അതിലൂടെ അവർ ത്രിഗുണങ്ങൾക്കധീനരാകുകയും, ബുദ്ധി ഭ്രമിച്ച് സംസൃതിയാകുന്ന ആഴക്കടലിലേക്ക് സ്വയം താണുപോകുകയും ചെയ്യുന്നു. അവിടെ, ജീവൻ കൃമികീടങ്ങളിൽ തുടങ്ങി ബ്രഹ്മലോകം വരെയുള്ള യോനികളിൽ ജന്മമെടുത്ത് സംസാരത്തിൽ കീഴ്മേൽ മറിഞ്ഞ് കോടാനുകോടി ജന്മങ്ങൾ വൃഥാവിലാക്കുന്നു.

ഹേ രാജൻ!, പുരഞ്ജനന്റെ കൂരമ്പുകളേറ്റ് അനേകം പാവം മൃഗങ്ങൾ ആ കാട്ടിൽ ചത്തുമലച്ചു. എന്നാൽ, നല്ലവരായ ജനങ്ങൾക്കാർക്കുംതന്നെ അദ്ദേഹത്തിന്റെ ആ പ്രവൃത്തി അംഗീകരിക്കുവാൻ കഴിഞ്ഞില്ല. കാരണം, കാരുണ്യം ലവലേശമെങ്കിലും ഹൃദയത്തിലുള്ളവർക്ക് ആ കാഴ്ച ണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. മൃഗയാവിനോദത്തിൽ മതിമറന്ന് മൃഗങ്ങളെ കൊന്നുകൊന്ന് പുരഞ്ജനൻ ഒടുവിൽ ഒരിടത്ത് തളർന്നിരുന്നു. ദാഹംകൊണ്ടും വിശപ്പുകൊണ്ടും അവശനായ രാജാവ് അവസാനം കൊട്ടാരത്തിലേക്ക് തിരിച്ചുപോയി.

കുളികഴിഞ്ഞ്, ആഹാരം കഴിച്ചു, അദ്ദേഹം കുറെ സമയം വിശ്രമിച്ചു. ഉറക്കമുണർന്ന് രാജാവ് വീണ്ടും ഊർജ്ജ്വസ്വലനായി തന്റെ സർവ്വാഭരങ്ങളുമെടുത്തണിഞ്ഞ്, കഴുത്തിൽ പൂമാലയും ചാർത്തി വെളിയിൽ വന്ന് രാജ്ഞിയെ അന്വേഷിച്ചു. വിശപ്പും ദാഹവുമടങ്ങിയപ്പോൾ പുരഞ്ജനന് ഉള്ളിൽ അല്പം ആശ്വാസം തോന്നി. അദ്ദേഹം കുറച്ചുസമയം തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാനാഗ്രഹിച്ചു. പക്ഷേ അവളെ കാണാതായപ്പോൾ ഉത്കണ്ഠയോടെ അദ്ദേഹം മുന്നിൽ കണ്ട അന്തഃപുരസ്ത്രീകളോട് ചോദിച്ചു: ഹേ നാരിമാരേ!, നിങ്ങൾ രാജ്ഞിയോടൊപ്പം സുഖമായിയിരിക്കുന്നുവല്ലോ! അല്ലേ?. എനിക്ക് ഈയിടയായി കുടുംബകാര്യങ്ങളിൽ അത്ര താല്പര്യം തോന്നുന്നില്ല. ഒരു വീട്ടിൽ ഒരു മാതാവോ, ഉത്തമയായ പത്നിയോ ഇല്ലാത്തപക്ഷം, ആ ഗൃഹം ചക്രങ്ങൾ നഷ്ടമായ രഥം പോലെയാണു. ആരാണീലോകത്ത് അങ്ങനെയൊരു രഥത്തിൽ കയറാനാഗ്രഹിക്കുന്നതു?. എന്നെ എപ്പോഴും ആപത്തിൽനിന്നും രക്ഷിച്ചുകൊണ്ടിരുന്ന എന്റെ ധർമ്മപത്നി എവിടെയാണുള്ളതു? എനിക്ക് സത്ബുദ്ധി പ്രദാനം ചെയ്ത് എന്നെ സദാ നേർവഴിക്ക് നയിച്ചവളാണവൾ.

അതുകേട്ട് അന്തഃപുരസ്ത്രീകൾ അദ്ദേഹത്തോട് പറഞ്ഞു: ഹേ പ്രജാപതേ!, വളരെ സങ്കടമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഞങ്ങൾക്കങ്ങയോടറിയിക്കാനുള്ളതു. രാജ്ഞി മെത്തയും ശയ്യയുമുപേക്ഷിച്ച് വെറും നിലത്തുകിടക്കുകയാണു. എന്ത് ദുഃഖമാണവൾക്ക് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയാൻ കഴിയുന്നില്ല.

നാരദർ തുടർന്നു: ഹേ പ്രീയപ്പെട്ട പ്രാചീനബർഹിസ്സേ!, ഒരു ഭിക്ഷക്കാരിയെപ്പൊലെ നിലത്തുകിടക്കുന്ന തന്റെ പ്രീയപത്നിയെക്കണ്ട് പുരഞ്ജനൻ പേടിച്ചരണ്ട് വിഭ്രാന്തനായി. ഉള്ളിലെ ഭ്രമത്തെ ആവുംവിധം അടക്കിക്കൊണ്ട് കേവലം മധുരമായ വാക്കുകളിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്ന ചേഷ്ടകളിലൂടെയും അദ്ദേഹം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മുഖസ്തുതി പറയാൻ നന്നായി അറിയാമായിരുന്ന പുരഞ്ജനന് അതൊരു വലിയ കാര്യമായിരുന്നില്ല. ആദ്യം അദ്ദേഹം അവളുടെ പാദത്തിൽ മൃദുവായി ഒന്ന് സ്പർശിച്ചു. പിന്നീടവളെ തന്നോട് ചേർത്ത് ആശ്ലേഷിച്ചു. തുടർന്ന് തന്റെ മടിയിലിരുത്തിക്കൊണ്ട് അവളുടെ കാതുകളിൽ മന്ത്രിച്ചു. ഹേ പ്രിയേ!, ഒരുടമസ്ഥൻ തന്റെ സേവകനെ ഏറ്റവുമടുത്ത ബന്ധുവായി കരുതുകയും, അതേ സമയംതന്നെ അവന്റെ തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്താൽ, അത് ആ സേവകന്റെ ഭാഗ്യദോഷമെന്നേ പറയാനാകൂ. മറിച്ച്, അവനെ ശകാരിക്കുകയോ ദണ്ഢിക്കുകയോ ചെയ്താൽ, അതവനിലുള്ള അദ്ദേഹത്തിന്റെ കൃപാകടാക്ഷമാണെന്നറിയുക. സ്നേഹത്തിൽ കുതിർന്ന ശകാരം തിരിച്ചറിയാൻ കഴിയാത്തവൻ മൂഢനാണു. പ്രീയേ!, സുന്ദരിയായ നിനക്ക് ഒരിക്കലും ചേർന്ന വികാരമല്ല കോപം. ദേഷ്യമടക്കി എന്നെ സ്നേഹത്തോടൊന്ന് നോക്കൂ. പുഞ്ചിരി തുളുമ്പുന്ന നിന്റെ അധരവും, നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീല കൂന്തലുകളും, ഉയർന്ന നാസികയും, മാധുര്യമേറുന്ന നിന്റെ വാക്കുകളുമെല്ലാമാണ് എന്നെ നിന്നിലേക്ക് എന്നെന്നും ആകർഷിക്കുന്നതു. നീ എന്റെ ഉത്തമയായ ധർമ്മപത്നിയാണു. നിന്റെ സന്തോഷം എന്റെ ഉത്തരവാദിത്വവും. ഹേ വീരപത്നീ!, നിന്നെ ആരെങ്കിലും അപമാനിക്കുകയുണ്ടായോ?. അങ്ങനെയെങ്കിൽ, അവനെ, അവനൊരു ബ്രാഹ്മണനല്ലാത്തപക്ഷം, ഞാൻ വേണ്ടവിധം ശിക്ഷിക്കുന്നതാണു. ഭൂമിയിലായാലും, ഇനി മൂന്നുലോകങ്ങൾക്കപ്പുറമായാലും അവൻ എന്റെ ശിക്ഷയിൽനിന്നും രക്ഷപ്പെടാൻ പോകുന്നില്ല. നിന്നെ ദുഃഖിപ്പിച്ചിട്ട് ഒരുവനേയും ഇവിടെ സുഖമായി വാഴാൻ നാം അനുവദിക്കുന്നതുമല്ല. നെറ്റിയിലും നെറുകയിലും സിന്ധൂരമണിയാത്ത നമ്മുടെ പ്രിയതമയെ നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ചിരിയും കളിയുമൊഴിഞ്ഞ് ഇത്ര നീരസത്തോടെ നിന്നെ നാം ആദ്യമായാണിപ്പോൾ കാണുന്നതു. നിന്റെ കണ്ണിൽ കണ്ണീരിന്റെ കണികകളും നാമിന്നാദ്യമായി കാണുന്നു. ചെഞ്ചായം പുരളാത്തെ നിന്റെ ചുണ്ടുകൾ നാമൊരിക്കൽപോലും ഇതിനുമുമ്പ് കണ്ടിട്ടില്ല. നായാട്ടിൽ നമുക്കുണ്ടായിരുന്ന അടങ്ങാത്ത ആഗ്രഹമാണ് നമ്മെ നിന്നോട് യാത്രപറയാതെ കാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചതു. അത് നമ്മുടെ തെറ്റുതന്നെയാണു. പക്ഷേ, നിന്നെ ഈരേഴ് ഭുവനങ്ങളിലും ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിൽ നീ നമ്മെ വെറുക്കാതിരിക്കുക. കാമദേവൻ ഇപ്പോൾ നമ്മിൽ കുടിയിരിക്കുന്ന സമയമാണു. അതുകൊണ്ട് നിന്റെ സ്നേഹത്തിനായി നാം വല്ലാതെ ദാഹിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നമ്മെ നിനക്ക് തിരസ്ക്കരിക്കുവാൻ കഴിയുമെന്ന് നാം കരുതുന്നില്ല.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയാറാമധ്യായം സമാപിച്ചു.
ഓം തത് സത്.





PuranjanOpAkhyAnam


2019, മാർച്ച് 1, വെള്ളിയാഴ്‌ച

4.25 പുരഞ്ജനോപാഖ്യാനം - 1


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 25
(പുരഞ്ജനോപാഖ്യാനം - 1)


  മൈത്രേയൻ പറഞ്ഞു: വിദുരരേ! പ്രചേതസ്സുകൾക്ക് മഹാദേവൻ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു. അവർ വന്ദിച്ചുനിൽക്കുന്ന സമയം രുദ്രൻ അവിടെനിന്നും മറഞ്ഞരുളി. അനന്തരം, പ്രചേതസ്സുകൾ പതിനായിരം വർഷക്കാലം ജലത്തിൽ തപം ചെയ്തുവാണു. എന്നാൽ, ആ സമയം പ്രാചീനബർഹിസ്സാകട്ടെ, പലേതരം സകാമകർമ്മാനുഷ്ഠാനങ്ങൾക്ക് പിന്നാലെയായിരുന്നു. കാരുണ്യവാനായ നാരദമഹർഷി ബർഹിശത്തിന്റെ കർമ്മാസക്തിക്ക് അറുതിവരുത്തുവാനും അദ്ദേഹത്തെ ഭഗവദഭിമുഖമാക്കിത്തീർക്കുവാനുമായി ഒരിക്കൽ അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശിക്കുകയുണ്ടായി. മഹർഷി പ്രാചീനബർഹിസ്സിനോട് ചോദിച്ചു: ഹേ രാജൻ!, അങ്ങ് വളരെക്കാലമായി ഇങ്ങനെ പലതരം കാമ്യകർമ്മങ്ങളിൽ ഏർപ്പെട്ടുജീവിക്കുന്നു. എന്താണ് ഈ കർമ്മങ്ങളിലൂടെ അങ്ങ് ലക്ഷ്യമിടുന്നതു? ജീവിതത്തിൽ സകലരും ആഗ്രഹിക്കുന്നത് ദുരിതങ്ങൾ തീർന്ന് മനസ്സിൽ സന്തോഷവും സമാധാനവുമുണ്ടാക്കുവാനാണു. എന്നാൽ ഇവ രണ്ടും അങ്ങയുടെ ഈ കർമ്മാനുഷ്ഠാനങ്ങളിലൂടെ അസാധ്യമാണെന്ന് മനസ്സിലാക്കുക.

രാജാവ് പറഞ്ഞു: ഹേ മഹർഷേ!, അവിടുത്തെ നിഗമനം സത്യമാണു. എന്റെ മനസ്സ് എപ്പോഴും സകാമകർമ്മങ്ങൾക്ക് പിറകേയാണു. അതുകൊണ്ട് ഞാൻ ഈ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അവിടുന്ന് ദയവായി എന്നിൽ ആ ജ്ഞാനത്തെ പ്രദാനം ചെയ്ത് കർമ്മവലയത്തിൽനിന്നും രക്ഷിച്ചനുഗ്രചിച്ചാലും. എന്നെപ്പോലുള്ളവർ ഗൃഹമേധികളായി പുത്രദാരങ്ങളോടൊപ്പം ഗൃഹാണ്ഡകൂപത്തിൽനിന്നും ഒരിക്കൽപോലും വിരമിക്കാനാഗ്രഹിക്കാതെ ധനസമ്പാദനാർത്ഥം പലേ വേലകൾചെയ്തുകൊണ്ട് സംസാരത്തിൽനിന്ന് കരകയറാതെ ജന്മാന്തരങ്ങളായി അലഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങൾക്കീ ജീവിതത്തിന്റെ പരമമായ അർത്ഥത്തെ ഗ്രഹിക്കുവാൻ സാധിക്കുന്നില്ല.

അതുകേട്ട് നാരദർ പറഞ്ഞു: ഹേ പ്രജാപതേ!, അങ്ങാകാശത്തേക്ക് നോക്കൂ!. ആ കൂട്ടംകൂടി നിൽക്കുന്നതെല്ലാം അങ്ങ് മുമ്പ് പലേതരം യജ്ഞങ്ങളിലൂടെ യാതൊരു ദയയോ കാരുണ്യമോ കൂടാതെ കൊന്നു ബലികഴിച്ച പാവം മൃഗങ്ങളാണു. ഹേ രാജൻ!, അവയെല്ലാം അങ്ങയുടെ മരണവും കാത്തുകഴിയുകയാണു. അങ്ങ് അവരിലേൽപ്പിച്ച മുറിവുകൾക്ക് പകരം ചോദിക്കാൻ കാത്തുനിൽക്കുകയാണവർ. അങ്ങയുടെ മരണശേഷം ആ മൃതശരീരത്തെ അവർ കൂർത്ത കൊമ്പുകൾകൊണ്ട് കുത്തിക്കീറി വികൃതമാക്കും.

ഈ അവസരത്തിൽ ഞാൻ അങ്ങയോടൊരു കഥ പറയാനാഗ്രിക്കുകയാണു. എന്നെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുക. പണ്ട് ഒരിടത്ത് പുരഞ്ജനൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം അങ്ങയെപ്പോലെ വിവിധതരം കർമ്മങ്ങളിലേർപ്പെട്ട് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് അവിജ്ഞാതൻ എന്നപേരിൽ ഒരു ആത്മസുഹൃത്തുമുണ്ടായിരുന്നു. പേരുപോലെതന്നെ ആർക്കും അവനെ ഉള്ളവണ്ണം അറിയാൻ സാധ്യമല്ലായിരുന്നു. എന്നാലും ആ സുഹൃത്ത് സദാസമയവും അദ്ദേഹത്തോടൊപ്പംതന്നെയുണ്ടായിരുന്നു.

പുരഞ്ജനൻ തനിക്ക് താമസയോഗ്യമായ ഒരിടം നോക്കി നടന്നു. പക്ഷേ, ലോകം മുഴുവൻ അന്വേഷിച്ചിട്ടും തന്റെ മനസ്സിനിണങ്ങിയ വാസസ്ഥലം കണ്ടുപിടിക്കാൻ അയാൾക്ക് സാധ്യമായില്ല. അദ്ദേഹം അതിനാൽ മാനസികമായി വളരെ തളർന്ന അവസ്ഥയിലായി. സദാ ആഗ്രഹങ്ങളുടെ കൂമ്പാരവും പേറി നടക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു പുരഞ്ജനൻ. കാമാതുരനായ അദ്ദേഹം തന്റെ മോഹം സാധ്യമാകാത്തതിൽ വളരെയധികം വ്യാകുലനായി. അങ്ങനെ വീണ്ടും അന്വേഷിച്ചുനടക്കുന്നതിനിടയിൽ, അങ്ങ് ഹിമാലയത്തിന്റെ തെക്കേയറ്റത്തെത്തിയപ്പോൾ ഭാരതവർഷം എന്ന ഒരു ദേശത്ത് സർവ്വലക്ഷണങ്ങളുമൊത്ത ഒമ്പത് വാതിലുകളുള്ള ഒരു പുരം അദ്ദേഹത്തിന്റെ കണ്ണിൽപെട്ടു. ധാരളം മതിലുകളും ഉപവനങ്ങളും മനോഹരങ്ങളായ ജനാലകളുള്ള കെട്ടിടങ്ങളുംകൊണ്ട് ആ പട്ടണം സകലവിധത്തിലും സുഖവാസയോഗ്യമായിരുന്നു. പലേതരം അമൂല്യരത്നങ്ങൾകൊണ്ട് നിർമ്മിച്ച ഭവനങ്ങളും അദ്ദേഹം അവിടെ കണ്ടു. നീലസ്ഫടികങ്ങൾ, വൈഢൂര്യം, രത്നങ്ങൾ, മരതകം, മുതലായവകൾ കൊണ്ടലംകൃതമായ ആ ഭവനങ്ങളെകണ്ടാൽ അത് സ്വർഗ്ഗീയനഗരമായ ഭോഗവതിയെപ്പോലെ തോന്നുമായിരുന്നു. പലതരം സഭകളും ചത്വരങ്ങളും വീഥികളും ക്രീഢാസ്ഥലങ്ങളും തെരുവുകളും ആ നഗരത്തിന്റെ മേന്മകളെ വിളിച്ചോതിക്കൊണ്ടിരുന്നു. അവിടെ ബാഹ്യ ഉപവനത്തിന്റെ നടുവിൽ ഒരു തടാകവും, അതിനെ ചുറ്റിനിൽക്കുന്ന വൃക്ഷലതാദികളും ആ പുരത്തിന്റെ മാറ്റുകൂട്ടി. ഭ്രമരങ്ങൾ അവിടെ വട്ടമിട്ട് മൂളിപ്പറന്നു. അരയന്നങ്ങളും മറ്റ് പക്ഷിക്കൂട്ടങ്ങളും ആ തടാകത്തിൽ നീന്തിക്കളിച്ചു. മൃഗങ്ങൾ പോലും ആ മനോഹാരിതയിൽ വൈരവും ശൌര്യവും മറന്ന് ശാന്തരായി. അവ ആരേയും ഉപദ്രിക്കാറില്ലായിരുന്നു. ആകയുള്ള അശാന്തത പക്ഷികളുടെ കൂജനങ്ങൾ മാത്രം. അതുവഴി പോകുന്ന ആരും അവിടെ ഇത്തിരിനേരമിരുന്ന് വിശ്രമിച്ചതിനുശേഷമേ മടങ്ങാറുള്ളായിരുന്നു.

ഒരുദിവസം പുരഞ്ജനൻ ആ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. അപ്പോഴാണ് കുറച്ചകലെ അതിസുന്ദരിയായ ഒരു യുവതി അലസ്സമായി ആ തടാകക്കരയിലൂടെ നടക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയിപ്പെട്ടതു. അവൾ ഒറ്റയ്ക്കായിരുന്നില്ല. ചുറ്റും സേവകരായി പത്തുപേരുണ്ടായിരുന്നു. ഓരോ സേവകരേയും തങ്ങളുടെ നൂറുകണക്കിന് പത്നിമാർ അനുഗമിച്ചു. കൂടാതെ, നാലുവശങ്ങളിൽനിന്നും അവളെ അഞ്ചുതലകളുള്ള ഒരു നാഗം കാക്കുന്നുണ്ടായിരുന്നു. സുന്ദരിയും യൌവ്വനയുക്തയുമായ ആ നാരി തനിക്കനുരൂപനായ ഒരു വരനെത്തേടിനടക്കുകയാണെന്ന് പുരഞ്ജനന് തോന്നി. അവളുടെ ശരീരത്തിലെ ഓരോ അംഗങ്ങളും സൌന്ദര്യത്തിന്റെ പ്രതീകങ്ങളായിരുന്നു. കാതിൽ കുണ്ഢലങ്ങൾ ഇളകിയാടിക്കൊണ്ടിരുന്നു. മഞ്ഞപ്പട്ടുടുത്ത് അതിനുചുറ്റും പൊന്നരഞ്ഞാണമണിഞ്ഞ് ഒരു പ്രത്യേകതാളത്തിൽ അരക്കെട്ടുമിളക്കിക്കൊണ്ട് സ്വർഗ്ഗത്തിൽനിന്നും താണിറങ്ങിവന്ന ഒരു അപസരകന്യകയെപ്പോലെ അവൾ ആ പൂന്തോട്ടത്തിലൂടെ മന്ദം മന്ദം നടന്നു. അണിഞ്ഞിരുന്ന പൂമ്പട്ടിന്റെ അഗ്രംകൊണ്ട് അവൾ തന്റെ സ്തനങ്ങളെ കൂടെകൂടെ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നാണത്തിൽ കുണുങ്ങി അവൾ ആ ഉദ്യാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പുരഞ്ജനൻ സ്വാഭാവികമെന്നോണം അവളിൽ ആകൃഷ്ടനായി. അവളുടെ നയനങ്ങളിൽന്നിന്നും ചിതറിത്തെറിക്കുന്ന കൂരമ്പുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ വന്നുതറച്ചുകൊണ്ടേയിരുന്നു. നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയിൽ മയങ്ങിയ പുരഞ്ജനൻ പെട്ടെന്നുതന്നെ അവളുടെയരികിലേക്ക് നടന്നടുത്തു. അയാൾ അവളോട് ചോദിച്ചു: ഹേ സുന്ദരീരത്നമേ!, നീ ആരാണ്? എവിടെനിന്ന് വരുന്നു? നീ ആരുടെ പുത്രിയാണു? നിന്നെ കണ്ടിട്ട് ഒരു സാധ്വീമണിയെപ്പോലെ തോന്നിക്കുന്നു. ഇവിടെ വന്നതിന്റെ ഉദ്ദേശമെന്താണു? നീയെന്താണിവിടെ ചെയ്യാൻ ശ്രമിക്കുന്നതു? ഹേ സുന്ദരീ!, ആരൊക്കൊയണ് നിന്നോടൊപ്പമുള്ള പതിനൊന്ന് അംഗരക്ഷകർ?. ആരാണീ പത്ത് സേവകന്മാർ?. അവരെ പിന്തുടരുന്ന സ്തീകൾ ആരൊക്കെയാണു?. ആരാണ് നിന്നെ നാലുവശങ്ങളിലുംനിന്ന് കാക്കുന്ന അഞ്ചുതലയുള്ള നാഗം? ഹേ സുന്ദരീ! നിന്നെ കണ്ടാൽ ലക്ഷ്മിയെപ്പോലെയോ പാർവ്വതിയെപ്പോലെയോ സരസ്വതിയെപ്പോലെയോ തോന്നുന്നു. അവരിലൊരുവളാണോ നീ എന്ന് നാമിപ്പോൾ സംശയിക്കുകയാണു. മുനീശ്വരന്മാരിലെ ശാന്തതയാണ് നാം നിന്നിൽ കാണുന്നതു. നീ നിന്റെ ഭർത്താവിനെ തിരയുകയാണോ? അരുടെ ഭാര്യയായിരുന്നാലും അവൻ മഹാഭാഗ്യവാനാണു. നിന്നെപ്പോലെ സുന്ദരിയും പതിവ്രതയായ ഒരു ഭാര്യ ഭൂമിയിൽ ഏതൊരു പുരുഷന്റേയും സ്വപ്നം തന്നെയാണു. നിന്റെ ഭർത്താവ് സകലൈശ്വര്യങ്ങളുമുള്ളവനാണെന്നുള്ളതിൽ യാതൊരു സന്ദേഹവും വേണ്ടാ. നീ ലക്ഷ്മീഭഗവതി തന്നെയെന്ന് ഞാനുറപ്പിക്കുന്നു. പക്ഷേ, അങ്ങനെയെങ്കിൽ നിന്റെ കയ്യിൽ ഒരു താമരപ്പൂവുണ്ടാകേണ്ടതാണു. അതെവിടെയാണ് നീ ഉപേക്ഷിച്ചതു? ഹേ ദേവീ!, നിന്റെ പാദം ഭൂമിയിൽ പതിച്ചിരിക്കുന്നതുകൊണ്ട് ഞാൻ ഒന്നുറപ്പിക്കുകയാണു. നീ ഞാൻ പറഞ്ഞവരിൽ ആരുംതന്നെയല്ല. പക്ഷേ ഈ ഭൂമിയിൽ ജനിച്ചവളാണെങ്കിൽ, ലക്ഷ്മീഭഗവതി ഭഗവാൻ നാരായണനൊപ്പം ചേർന്ന് വൈകുണ്ഠത്തിന്റെ ശോഭ വർദ്ധിപ്പിക്കുന്നതുപോലെ, നിനക്ക് നമ്മോടൊപ്പം ചേർന്നുകൊണ്ട് ഈ ഭൂമിയുടെ ശോഭയെ വർദ്ധിപ്പിക്കാൻ സാധിക്കും. ഞാൻ ധീരനും വീരനും ഈ ഭൂമിയിലെ കരുത്തനായ ഒരു  രാജാവുമാണു.

ഹേ കാമിനീ!, നിന്റെ വശ്യമായ നോട്ടം എന്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. നാണത്തിൽ കുതിർന്ന നിന്റെയീ പുഞ്ചിരി ഇന്നെന്നിലെ കാമദേവനെ ഉണർത്തിയിരിക്കുന്നു. അതുകൊണ്ട് നീ നമ്മോടൊപ്പം വരിക. മനോഹരമായ നയങ്ങളും പുരികങ്ങളും നീലചുരുൾമുടിയിഴകളുമൊക്കെ നിന്റെ മുഖത്തിന്റെ മാറ്റ് കൂട്ടുന്നു. മാത്രമല്ല, വളരെ മാധുര്യമേറുന്ന ശബ്ദമാണ് നിന്നിൽനിന്നും പുറത്തേക്ക് വരുന്നതു. മുഖമുയർത്തി എന്റെ നേർക്ക് നോക്കുവാൻ നാണംകൊണ്ട് നിനക്ക് സാധ്യമാകുന്നില്ല. ഹേ സുന്ദരീ! നീ എന്തിനാണിങ്ങനെ നാണിക്കുന്നതു? എന്റെ നേർക്ക് നോക്കൂ! നിന്റെ മുഖം ഞാൻ പൂർണ്ണമായൊന്ന് കണ്ടുകൊള്ളട്ടെ!.

നാരദൻ പറഞ്ഞു: ഹേ രാജൻ!, അവളെ പ്രാപിക്കുവാനുള്ള ആഗ്രഹം പുരഞ്ജനന്റെ മനസ്സിൽ അടങ്ങാത്ത അഗ്നിയായി ആളിപ്പടർന്നു. അദ്ദേഹത്തിന്റെ മാധുര്യമേറുന്ന വാക്കുകളിഅവളും ഇതിനകം വീണുകഴിഞ്ഞിരുന്നു. മുഖമുയത്തി അവൾ പുരഞ്ജനനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ കണ്ണുകളിൽനിന്നും വശ്യതയുടെ അഗ്നിനാളങ്ങൾ അദ്ദേഹത്തെ വിഴുങ്ങുവാനെന്നോണം ആളിപ്പടർന്നു. അവൾ അദ്ദേഹത്തോട് പറഞ്ഞു: ഹേ മാനവോത്തമാ!,  എന്റെ മാതാപിതാക്കൾ ആരൊക്കെയാണെന്നെനിക്കറിയില്ല. എന്നോടൊപ്പമുള്ള ഈ പരിചാരകവൃന്ദത്തിൽ ഒരാളെപ്പോലും എനിക്ക് പരിചയവുമില്ല. ഹേ വീരാ!, നാമിവിടെ ഉണ്ടെന്നുള്ളതൊഴികെ നമ്മെക്കുറിച്ചൊന്നുംതന്നെ നാമറിയുന്നില്ല, എന്നതാണ് സത്യം. ഈ പുരം ആരാണ് നമുക്കായി നിർമ്മിച്ചുതന്നതെന്ന് പറയാനുള്ള അറിവുപോലുമില്ലാത്ത മൂഢന്മാരാണ് നമ്മൾ. ഹേ വീരാ!, എന്നോടൊപ്പമുള്ള ഈ സ്ത്രീപുരുഷന്മാർ എന്റെ സുഹൃത്തുക്കളാണു. പിന്നെ ഈ നാഗം, ഇവൻ ഞാനുറങ്ങുമ്പോൾ പോലും ഉണർന്നിരുന്നുകൊണ്ട് ഈ പുരത്തെ സർവ്വദാ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതല്ലാതെ എന്നെക്കുറിച്ചോ ഇവരെക്കുറിച്ചോ ഈ പുരത്തെക്കുറിച്ചോ ഒന്നുംതന്നെ ഞാനറിയുന്നില്ല. ഹേ ശത്രുതാപനാ!, താങ്കളും എങ്ങനെയോ ഇവിടെത്തപ്പെട്ടതാണു. എന്തായാലും അതന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങേയ് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. താങ്കൾക്ക് വിഷയങ്ങളിൽ അതിയായ കാമമുണ്ടെന്ന് എനിക്കറിയാം. അതിന്റെ പൂർത്തീകരണത്തിനായി ഞങ്ങളാലാവുംവിധം താങ്കളെ സഹായിക്കുവാൻ ഞങ്ങൾ സന്നദ്ധരാണു. ഹേ വിഭോ!, ഒമ്പത് വാതിലുകളുള്ള ഈ പുരത്തെ ഞാൻ താങ്കൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നതാണു. ഇതിനുള്ളിൽ അങ്ങാഗ്രഹിക്കുന്ന സകലകാമങ്ങളും സുലഭമാണു. അങ്ങേയ്ക്ക് ഒരു നൂറ് വർഷം ഇവിടെ താമസിക്കാം. അതിലേക്കാവശ്യമായ സകലസൌകര്യങ്ങളും ഞങ്ങൾ എത്തിച്ചുതന്നുകൊള്ളാം.

അങ്ങയുടെ അഭ്യർത്ഥനയെ നിരാകരിച്ച് മറ്റാരുടെ കൂടെയാണ് എനിക്ക് രമിക്കാൻ സാധിക്കുക. ഇഹത്തിലായും പരത്തിലായാലും വിഷയാനുഭവങ്ങളിൽ ആനന്ദിക്കാൻ കഴിയാത്ത മൂഢന്മാരാണു മറ്റുള്ളവർ. ഈ ഭൌതികലോകത്ത് ഗൃഹസ്ഥനായ ഒരു മനുഷ്യന് ധർമ്മം, അർത്ഥം, കാമം, സന്താനോല്പത്തി മുതലായ കാര്യങ്ങളിൽ അങ്ങേയറ്റം ആനന്ദം കണ്ടെത്താൻ സാധിക്കും. അതിനുശേഷം മോക്ഷത്തിനും യശസ്സിനും വേണ്ടി ശ്രമിക്കാവുന്നതാണു. യജ്ഞങ്ങളിലൂടെ അവർക്ക് ഊർദ്ദ്വലോകങ്ങളിലേക്ക് ഉയരുവാനും സാധ്യമാണു. പക്ഷേ, മുമുക്ഷുക്കൾക്കാകട്ടെ, ഈവക കാര്യങ്ങളിലൊന്നും യാതൊരു അഭിരുചിയുമില്ല. അവർക്ക് ഇത്യാദി സുഖഭോഗങ്ങളെക്കുറിച്ച് ചിന്തിക്കുവാൻപോലും കഴിയുകയില്ല. ഗൃഹസ്ഥാശ്രമജീവിതത്തിലൂടെ ഒരുവൻ തന്നെ മാത്രമല്ല ആനന്ദിപ്പിക്കുന്നതു. താനുമായി ബന്ധപ്പെട്ട പിതൃദേവസഹജീവികൾക്കെല്ലാംതന്നെ ആനന്ദത്തെ പ്രദാനം ചെയ്യാൻ ഗൃഹസ്ഥാശ്രമജീവിതത്തിലൂടെ സാധ്യമാകുന്നു. ഹേ വീരാ!, അങ്ങയെപ്പോലൊരു ഭർത്താവിനെ ആരാണാഗ്രഹിക്കാത്തതു? എല്ലാറ്റിലുമുപരി അങ്ങ് യശസ്സ്വിയും സുന്ദരനുമാണു. ഹേ മഹാബാഹോ!, ഏതൊരു നാരിയാണ് അങ്ങയുടേതുപോലുള്ള കരവലയങ്ങൾക്കുള്ളിൽ സുരക്ഷിതയാകാനാഗ്രഹിക്കാത്തതു? അങ്ങയുടെ മധുവൂറുന്ന ഈ പുഞ്ചിരിയും അപാരമായ കാരുണ്യവും ഞങ്ങൾ ഭർത്തൃമതികളല്ലാത്ത സ്ത്രീകൾക്ക് എപ്പോഴും ഒരാശ്വാസംതന്നെ.

നാരദർ പറഞ്ഞു: ഹേ രാജൻ!, അങ്ങനെ ആ ഉദ്യാനത്തിൽ വച്ചുതന്നെ അവരിരുവരും ഒരിക്കലും പിരിയാൻ കഴിയാത്തത്ര മാനസീകമായി അടുത്തു. അവർ കൈകോർത്തുപിടിച്ചുകൊണ്ട് ഒരുമിച്ച് ആ പുരത്തിനുള്ളിലേക്ക് പ്രവേശിച്ച്, ഒരു നൂറ് വർഷക്കാലം സകലസുഖഭോഗങ്ങളുമനുഭവിച്ചുകൊണ്ട് അവിടെ താമസിച്ചു. പുരഞ്ജനന്റെ മഹിമകൾ എങ്ങും പാട്ടായി. ഉഷ്ണകാലങ്ങളിൽ തരുണിമാർക്കൊപ്പം അദ്ദേഹം പൊയ്കകളിൽ നീരാടി. ഒമ്പത് ഗോപുരദ്വാരങ്ങളിൽ ഏഴെണ്ണം ഭൂമിയുടെ ഉപരിതലത്തിലും രണ്ടെണ്ണം ഭൂമിക്കടിയിലുമായിരുന്നു. ഈ ഒമ്പത് വാതിലുകളും വ്യത്യസ്ഥങ്ങളായ ഒമ്പത് സ്ഥലങ്ങളിലേക്കുള്ള വഴികൾ തെളിച്ചുകൊടുത്തു. അവയോരോന്നും ഓരോരോ ദ്വാരപാലകന്മാരാൽ പാലിക്കപ്പെട്ടിരുന്നു. അതിൽ അഞ്ചെണ്ണം കിഴക്കോട്ടും, ഒരെണ്ണം വടക്കോട്ടും, പിന്നൊന്ന് തെക്കോട്ടും, അതുപോലെ ബാക്കി രണ്ടെണ്ണം പടിഞ്ഞാറ് ദിശയിലേക്കും തുറന്നുകിടന്നു.

കിഴക്കോട്ട് തുറന്ന ആദ്യത്തെ രണ്ട് വാതിലുകളെ ഖദ്യോതം, ആവിർമുഖി എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, അവ രണ്ടും ഒരു സ്ഥലത്തുതന്നെ നിർമ്മിക്കപ്പെട്ടവയായിരുന്നു. ആ രണ്ട് വാതിലുകളിലൂടെയായിരുന്ന് പുരഞ്ജനദ്യുമാൻ എന്ന സൃഹൃത്തിനോടൊപ്പം വിഭ്രാജിതമെന്ന പേരോടുകൂടിപട്ടണത്തിലേക്ക് പോകുകയും  വരികയും ചെയ്തിരുന്നതു. കിഴക്കോട്ട് തുറന്ന മറ്റ് രണ്ട് വാതിലുകളായിരുന്നു നളിനിയും നാളിനിയും. ഇവയും ഒരിടത്തുതന്നെ നിർമ്മിക്കപ്പെട്ടവയായിരുന്നു. ഇതിലൂടെ അദ്ദേഹം അവധൂതൻ എന്ന സുഹൃത്തിനൊപ്പം സൌരഭം എന്ന പട്ടണത്തിലേക്ക് പോകുകയും വരികയും ചെയ്തിരുന്നതു. കിഴക്കൻ ദിശയിലേക്ക് തുറക്കുന്ന അഞ്ചാമത്തെ വാതിലായിരുന്നു, മുഖ്യം എന്ന നാമത്തോടുകൂടിയതു. അതിലൂടെ പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തിനെ രസജ്ഞൻ,  വിപണൻ എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ അനുഗമിച്ചിരുന്നു. അതിലൂടെ അദ്ദേഹം ബഹൂദനൻ, ആപണൻ എന്നിങ്ങനെ നാമങ്ങളോടുകൂടിരണ്ട് സ്ഥലങ്ങൾ സന്ദർശിക്കുമായിരുന്നു. തെക്കേദിശിയിലേക്ക് തുറന്നിരിക്കുന്ന വാതിൽ പിതൃഹൂ എന്നും വടക്കേദിക്കിലേക്ക് തുറന്ന വാതിൽ ദേവഹൂ എന്നും അറിയപ്പെട്ടിരുന്നു. അതിലൂടെ രാജാവ് ശ്രുതധാര എന്ന മിത്രവുമായി യഥാക്രമം ദക്ഷിണപഞ്ചാലയെന്നും ഉത്തരപഞ്ചാലയെന്നുമറിയപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. പടിഞ്ഞാറേ വാതിൽ ആസുരി എന്നറിയപ്പെട്ടു. സുഹൃത്തായ ദുർമ്മദനോടൊത്ത് ആ വാതിലിലൂടെ അദ്ദേഹം പതിവായി ഗ്രാമകപുരം സന്ദർശിച്ചു. പടിഞ്ഞാറേ ദിക്കിൽ നൃ‌തി എന്ന മറ്റൊരു വാതിൽ കൂടിയുണ്ടായിരുന്നു. സ്നേഹിതൻ ലുബ്ദകനോടൊത്ത് പുരഞ്ജനൻ ഈ വാതിലിലൂടെ വൈശാസപുരം എന്ന സ്ഥലം സന്ദർശിക്കുക പതിവായിരുന്നു. എല്ലറ്റിനുമുപരി അദ്ദേഹത്തിന് പ്രിയരായി അവിടുത്തെ അന്തേവാസികളിൽ നിർവ്വാകനെന്നും പ്രശസ്കൃതനെന്നും പേരുള്ള രണ്ട് അന്ധന്മാരുണ്ടായിരുന്നു. കണ്ണുകളുള്ള പുരഞ്ജനൻ കണ്ണുകളില്ലാത്ത വ്യക്തികളെ പിന്തുടരുക പതിവായിരുന്നു. അദ്ദേഹം അവരോടൊത്ത് പലയിടങ്ങളിലും പോയി പലേതരം കർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരുന്നു.

ചില സമയങ്ങളിൽ പുരഞ്ജനൻ തന്റെ പ്രധാനസേവകനായ വിശൂചീനനോടൊപ്പം അന്തഃപുരത്തിലേക്ക് പോകുകയും അവിടെ ഭാര്യയോടും മക്കളോടുമൊത്ത് മായാവിരചിതമായ അല്പാനന്ദവും ക്ഷണികമായ ആത്മസംതൃപ്തിയും പങ്കിടുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പലവിധത്തിലുള്ള മനോവ്യാപാരങ്ങളിൽ രമിച്ച് വിവിധ കർമ്മങ്ങളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം പൂർണ്ണമായും മായയുടെ പിടിയിൽ അകപ്പെട്ടിരുന്നു. പുരഞ്ജനൻ തന്റെ പത്നിയുടെ സകല അഭീഷ്ടങ്ങളും സഫലീകൃതമാക്കിക്കൊണ്ടിരുന്നു. അവൾ മദ്യം സേവിക്കുമ്പോൾ അദ്ദേഹവും അവൾക്കൊപ്പം മദ്യം സേവിച്ചു. അവൾ ആഹാരം കഴിക്കുമ്പോൾ അദ്ദേഹവും ആഹാരം കഴിച്ചു. അവൾ ചവയ്ക്കുമ്പോൾ കൂടെ ചവയ്ക്കുകയും, അവൾ പാടുമ്പോൾ കൂടെ പാടുകയും, അവൾ കരഞ്ഞാൽ കൂടെ കരയുകയും, അവൾ ചിരിക്കുന്നനേരം ഒപ്പം ചിരിക്കുകയും, അവൾ ഫലിതം പറയുമ്പോൾ അതിനെ മറുഫലിതത്താൽ ഖണ്ഡിക്കുകയും, അവൾ നടക്കുമ്പോൾ പിന്നാലെ നടക്കുകയും, അവൾ നിന്നാൽ, ത്ക്ഷണം ഒപ്പം നിശ്ചലമാകുകയും, അവൾ കിടന്നാൽ അവൾക്കൊപ്പം കിടക്കുകയും, അവളിരിക്കുമ്പോൾ തൊട്ടരികത്തായി രിക്കുകയും, അവൾ എന്തിനോടെങ്കിലും കാത് കൂർപ്പിച്ചാൽ അതിനെ അവളോടൊത്ത് കേൾക്കാൻ ശ്രമിക്കുകയും, അവൾ നോക്കുന്നിടത്തേക്കുതന്നെ നോക്കുകയും, അവൾ കാണുന്നതൊക്കെ കാണാൻ ശ്രമിക്കുകയും, അവൾ മണക്കുമ്പോൾ കൂടെ മണക്കുകയും, അവൾ തൊടുന്നതെന്തിനേയും തൊട്ടനുഭവിക്കുകയും, അവൾ നിലവിളിച്ചാൽ അവളോടൊപ്പം ഉച്ഛത്തിൽ നിലവിളിക്കുകയും തുടങ്ങി, സകല കർമ്മങ്ങളിലും പുരഞ്ജനൻ തന്റെ ഭാര്യയെ അനുകരിച്ചു. ഈ ശീലത്തിലൂടെ അയാൾ അവളുടെ സകല അനുഭവങ്ങളേയും പങ്കിട്ടനുഭവിച്ചു. ഏറെ താമസിയാതെ ഭൌതികജീവിതത്തിൽ പുരഞ്ജനൻ പൂർണ്ണമായും രാജ്ഞിയുടെ അടിമത്വത്തിലൂടെ സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു. തുച്ഛമായ കാമപൂർത്തിക്കുവേണ്ടി അദ്ദേഹം, വളർത്തുമൃഗം ഉടമസ്ഥന്റെ ആജ്ഞയ്ക്കൊത്ത് പെരുമാറുന്നതുപോലെ, തന്റെ വിലപ്പെട്ട മനുഷ്യജീവിതത്തെ ഭാര്യയുടെ കാൽക്കീഴിൽ സമർപ്പിച്ചു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.






The  story of king puranjana in srimad bhagavatham, puranjanopakhyanam

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

4.24 രുദ്രഗീതം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ദം ദ്ധ്യായം 24
(രുദ്രഗീതം)


prachetas and lord shiva എന്നതിനുള്ള ചിത്രം  മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജൻ തപസ്സിനായി വനത്തിലേക്ക് പോകുന്നതിനുമുമ്പ് തന്റെ ആദ്യപുത്രൻ വിജിതാശ്വനെ രാജ്യഭാരമേൽപ്പിച്ചിരുന്നു. വിജിതാശ്വൻ അനുജന്മാരെ രാജ്യപാലനവുമായി ബന്ധപ്പെട്ട വിവിധ ചുമതലകളേൽപ്പിച്ചു. കിഴക്കൻ മേഖലയിൽ ഹര്യാക്ഷനും, തെക്ക് ധൂമ്രകേശനും, പടിഞ്ഞാറ് വൃകനും, വടക്കേ മേഖലയിൽ ദ്രവിണനും അധികാരം ഏറ്റെടുത്തു. വിജിതാശ്വൻ ഇന്ദ്രന്റെ പ്രീതിക്ക് പാത്രമായി അദ്ദേഹത്തിൽനിന്നും അന്തർധാനമെന്ന കഴിവും പട്ടവും കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന് തന്റെ പത്നി ശിഖണ്ഡിനിയിൽ മൂന്ന് സത്പുത്രന്മാർ ജനിച്ചു. അവർ പാവകൻ, പവമാനൻ, ശുചി എന്നീ നാമധേയങ്ങളിൽ അറിയപ്പെട്ടു. ഇവർ പണ്ട് അഗ്നിദേവതകളായിരുന്നു. എന്നാൽ വസിഷ്ഠമഹർഷിയുടെ ശാപപ്രകാരം അന്തർധാനനെന്ന വിജിതാശ്വന്റെ മക്കളായി പുനർജ്ജനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവർ വീണ്ടും അഗ്നിദേവതകളായിത്തന്നെ തുടരുകയും ചെയ്തു.

വിജിതാശ്വന് തന്റെ മറ്റൊരു ഭാര്യയിൽ ഹവിർധാനൻ എന്ന വേറൊരു പുത്രൻകൂടിയുണ്ടായിരുന്നു. വിജിതാശ്വൻ പണ്ടുമുതലേ കാരുണ്യവാനായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. ദേവേന്ദ്രൻ തന്റെ പിതാവിന്റെ യാഗാശ്വത്തെ കട്ടുകൊണ്ടുപോയിട്ടും വിജിതാശ്വൻ ഇന്ദ്രനെ വധിച്ചിരുന്നില്ല എന്നത് ഇതിനുദാഹരണമാണു. ഇവിടെയും അദ്ദേഹം തന്റെ പ്രജകളിൽനിന്ന് അമിതമായ കരങ്ങൾ ഈടാക്കുകയോ, നിയമങ്ങൾ കൃത്യമായി പാലിക്കാത്തവരെ ക്രൂരമായി ശിക്ഷിക്കുകയോ ചെയ്തിരിരുന്നില്ല. മാത്രമല്ല, രാജ്യകാര്യങ്ങളിലുപരി അദ്ദേഹം പലേതരം യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിൽ തല്പരനായി. പിതാവിനെപ്പോലെ അദ്ദേഹവും സകല യജ്ഞങ്ങളും ഭഗവദ്പ്രീതിക്കുവേണ്ടിമാത്രമായിരുന്നു അനുഷ്ഠിച്ചിരുന്നതു. അതിലൂടെ സദാസമയവും ഭഗവദ്സ്മരണയിൽ നിമഗ്നമായി അദ്ദേഹം തന്റെ ജീവിതലക്ഷ്യത്തെ സാക്ഷാത്കരിച്ചു.

അന്തർധാനപുത്രനായ ഹവിർധാനന് പത്നി ഹവിർധാനിയിൽ ബർഹിശത്, ഗയൻ, ശുക്ലൻ, കൃഷ്ണൻ, സത്യൻ, ജിതവ്രതൻ എന്നിങ്ങനെ ആറ് പുത്രന്മാരുണ്ടായി. അതിൽ ബർഹിശത് യോഗത്തിലും വിവിധതരം സകാമയജ്ഞാനുഷ്ഠാനങ്ങളിലും നിപുണനായിരുന്നു. ആ ഗുണങ്ങളിലൂടെ ഉയർന്നുവന്ന് അദ്ദേഹം പ്രജാപതികളിലൊന്നായിത്തീരുകയും ചെയ്തു. ധാരാളം ദേവയജ്ഞങ്ങൾ ചെയ്ത് അദ്ദേഹ ഈ ഭൂമണ്ഢലത്തിൽ പ്രസിദ്ധനായി. ബ്രഹ്മദേവന്റെ ആദേശാനുസരണം പ്രാചീനബർഹിസ്സ് എന്ന ബർഹിശത് സമുദ്രപുത്രിയായ ശതദ്രുതിയെ വിവാഹം കഴിച്ചു. സുന്ദരിയും യൌവ്വനയുക്തയുമായ ശതദ്രുതി വിവാഹമണ്ഢപത്തിന് ചുറ്റും വലം വയ്ക്കുന്നത് കണ്ട അഗ്നിദേവൻ, പണ്ട് സുകിയുടെ ആകാരഭംഗിയിൽ ആകർഷിതനായതുപോലെതന്നെ, അവളിൽ അത്യാകൃഷ്ടനായി. അഗ്നിദേവൻ മാത്രമായിരുന്നില്ല, മറിച്ച്, ആ വിവാഹത്തിലൂടെ അവളുടെ സൌന്ദര്യത്തെകണ്ടറിഞ്ഞ അസുരന്മാരും ഗന്ധർവ്വന്മാരും മുനികളും സിദ്ധന്മാരും മർത്ത്യലോകരും, ഉരകങ്ങളുമുല്ലാംതന്നെ ആ നൂപുരക്കിലുക്കത്തിൽ വശീകൃതരായിത്തീർന്നിരുന്നു.

പ്രാചീനബർഹിസ്സ് ശതദ്രുതിയിലൂടെ പത്ത് പുത്രന്മാർക്ക് ജന്മം നൽകി. ധർമ്മാധിഷ്ഠിതജീവിതചര്യകളിലൂടെ അവർ പത്തുപേരും പ്രചേതസ്സുകൾ എന്ന നാമധേയത്തിൽ ലോകങ്ങളിൽ അറിയപ്പെട്ടു. പിതാവിന്റെ ഉപദേശപ്രകാരം അവർ സമുദ്രത്തിന്റെ അഗാധതയിൽ പ്രജാവർദ്ധനാർത്ഥം പതിനായിരം വർഷക്കാലത്തെ തപസ്സും ബ്രഹ്മചര്യവും അനുഷ്ഠിച്ചുകൊണ്ട് ഭഗവദാരധനം ചെയ്തു. വിദുരരേ!, അവർ വീടുപേക്ഷിച്ച് തപസ്സിനായി പുറപ്പെടുമ്പോൾ, വഴിയിൽ മഹാദേവൻ പ്രത്യക്ഷനാകുകയും, ഭഗവാൻ ഹരിയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. പിന്നീട് മഹാദേവന്റെ ഉപദേശപ്രകാരം പ്രചേതസ്സുകൾ ആ പരമപുരുഷനെ ആരാധിച്ച് പ്രീതിപ്പെടുത്തി.

ഇത്രയും കേട്ടപ്പോൾ വിദുരൻ മൈത്രേയമഹാമുനിയോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എങ്ങനെയായിരുന്നു മഹാദേവൻ പ്രചേതസ്സുകളെ വഴിയിൽവച്ച് കാണാനിടയാതു? എന്തായിരുന്നു ആ പരമപുരുഷനെക്കുറിച്ച് മഹാദേവൻ അവരോട് അരുളിച്ചെയ്തതു?.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ശിവദർശനം മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. എപ്പോഴും ആ തൃപ്പാദങ്ങളും ധ്യാനിച്ചുകൊണ്ടിരിക്കുന്ന യോഗീശ്വരന്മാർക്കുപോലും വളരെ ദുഃഷ്കരമായിമാത്രം സിദ്ധിക്കുന്നതാണ് ആ ദർശനം. സർവ്വദാ ആത്മാരാമനായി വർത്തിക്കുന്ന മഹേശ്വരൻ ഭൂമിയിൽ ജീവഭൂതങ്ങൾക്ക് തുണയായി എന്നും തന്റെ ശക്തിയോടൊപ്പം വർത്തിക്കുന്നു.

പിതാവിന്റെ വാക്കുകളെ ഹൃദയത്തിലേറ്റി ധന്യാത്മാക്കളായ പ്രചേതസ്സുകൾ തപാനുഷ്ഠാനങ്ങൾക്കായി പശ്ചിമദിക്കിലേക്ക് യാത്രയായി. വഴിയിൽ സമുദ്രത്തോളം വ്യാപ്തിയുള്ള ഒരു ബൃഹത്തായ തടാകത്തെ അവർ കണ്ടു. അതിലെ ജലം മഹത്തുക്കളുടെ മനസ്സുപോലെ ശാന്തമായിരുന്നു. അതിലെ നിവാസികളും അതുപോലെ തന്നെ ശാന്തസ്വഭാവികളായി കാണപ്പെട്ടു. അതിൽനിറയെ കൽഹാരം, ഇന്ദീവരം മുതലായ പലതരം പുഷ്പങ്ങൾ വിടർന്നുനിന്നു. ഹംസം, അരയന്നം, ചക്രവാഗം, മുതലായ പക്ഷിക്കൂട്ടങ്ങൾ തങ്ങളുടെ പ്രത്യേകതരം കൂജനങ്ങളോടെ ആ സരസ്സിൽ നീന്തിത്തുടിച്ചു. കരയിൽ എല്ലാവശങ്ങളിലും വിവിധതരം വൃക്ഷലാതാദികൾ പടർന്നുപന്തലിച്ചുനിൽക്കുന്നുണ്ടായിരുന്നു. അവയ്ക്ക് ചുറ്റും ഭ്രമരങ്ങൾ മൂളിപ്പറന്നു. പത്മകർണ്ണികകളിൽനിന്നും പൂമ്പൊടികൾ കാറ്റിൽ നാനാദിക്കുകളിലേക്കും പറന്നുയർന്നു. ഇതെല്ലാംകൂടിച്ചേർന്ന് അവിടമാകെ ഒരുത്സവലഹിരിയുടെ പ്രതീതി ജനിപ്പിച്ചു. ദുന്ദുഭ്യാദികളുടെ താളക്കൊഴുപ്പിലും ദിവ്യസംഗീതത്തിന്റെ മാസ്മരികതയിലും പ്രചേതസ്സുകൾ വിസ്മയഭരിതരായിനിൽക്കുന്ന സമയം, ആ ജലാശയത്തിന്റെ നടുവിൽനിന്നും തപ്തഹേമശരീയായി ഭഗവാൻ നീലകണ്ഠൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി.

മഹാദേവനോടൊപ്പം മഹത്തുക്കളായ മറ്റുപലരുമുണ്ടായിരുന്നു. കണ്ടമാത്രയിൽ പ്രചേതസ്സുകൾ ആ തൃപാദങ്ങളിൽ വീണ് നമസ്ക്കാരമർപ്പിച്ചു. അവരിൽ സമ്പ്രീതനായ മഹേശ്വരൻ പറഞ്ഞു: പ്രാചീനബർഹിസ്സിന്റെ പുത്രന്മാരായ നിങ്ങൾക്ക് സർവ്വകല്യാണങ്ങളും ഭവിക്കട്ടെ!. നിങ്ങളുടെ ഈ യാത്രയുടെ ഉദ്ദേശം നാമറിയുന്നു. അതിലേക്ക് നിങ്ങളെ അനുഗ്രഹിക്കുവാൻ വേണ്ടിയാണ് നാം നിങ്ങൾക്കുമുന്നിൽ ഇപ്പോൾ പ്രത്യക്ഷനായിരിക്കുന്നതു. ഭഗവദ്ഭക്തന്മാരെല്ലാം എനിക്ക് അത്യന്തം പ്രീയപ്പെട്ടവരാണു.

ഹേ കുമാരന്മാരേ!, നൂറ് ജന്മങ്ങളിലെ സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവൻ വിരിഞ്ചന്റെ പദം പ്രാപിക്കുന്നു. അതിലേറെ പുണ്യം ചെയ്തവർ എന്റേതും. എന്നാൽ ആ പരമപുരുഷന്റെ ഭക്തിയിൽ രമിക്കുന്നവർ സദാ അവനെത്തന്നെ പ്രാപിക്കുന്നു. ഞങ്ങളെല്ലാവരും കല്പാന്തത്തിൽ അവനിൽത്തന്നെ ലയിക്കേണ്ടവരാണു. അവനെ ആരാധിക്കുന്ന നിങ്ങൾ അവനെപ്പോലെതന്നെ പൂജിക്കപ്പെടേണ്ടവർ തന്നെ. അവന്റെ ഭക്തന്മാരെല്ലാംതന്നെ എനിക്ക് അത്യന്തം പ്രീയപ്പെട്ടവരാണു. ഇനി ഞാൻ ചൊല്ലാൻ പോകുന്ന ഈ മന്ത്രത്തെ ശ്രാദ്ധായുക്തം നിങ്ങൾ കേട്ടുകൊള്ളുക. ജീവിതത്തിൽ മോക്ഷം ആഗ്രഹിക്കുന്ന ആരും കേൾക്കേണ്ടതും ജപിക്കേണ്ടതുമായ മന്ത്രമാണിതു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ഭഗവാൻ മഹാദേവൻ പ്രചേതസ്സുകളോട് ആ പ്രാർത്ഥനാമന്ത്രത്തെ പറഞ്ഞുകേൾപ്പിച്ചു: ഹേ പരമാത്മൻ! അങ്ങ് സർവ്വദാ വിജയിക്കട്ടെ!. അവിടുത്തെ ഭക്തന്മാർക്ക് സദാ സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന അങ്ങ് ഇന്ന് ഈയുള്ളവനേയും അനുഗ്രഹിക്കുമാറകണം. സർവ്വോത്തമങ്ങളായ അവിടുത്തെ അനുശാസനങ്ങൾകൊണ്ടുമാത്രം ആരാധിക്കപ്പെടേണ്ടവനാണു അങ്ങ്. അങ്ങ് പരമാത്മാവാണു. അതുകൊണ്ട് അവിടുത്തേക്കെന്റെ നമസ്ക്കാരം. അങ്ങയുടെ നാഭീപങ്കജത്തിലൂടെ വിരിഞ്ചനാൽ ഈ പ്രപഞ്ചത്തെ രചിച്ച് അങ്ങതിന്റെ ആദികാരണനായി വർത്തിക്കുന്നു. സകല ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങൾക്കും നിയന്താവായി അവിടുന്ന് നിലകൊള്ളുന്നു. അങ്ങ് സർവ്വദാ ശാന്തനും കൂടസ്ഥനുമായി ഈ പ്രപഞ്ചത്തിലാകമാനം വാസുദേവനായി കുടികൊള്ളുന്നു. ഹേ നാഥാ! അങ്ങിവിടെ സകല സൂക്ഷ്മതത്വങ്ങൾക്കും പരമകാരണമാണു. പ്രദ്യുംനസങ്കർഷണാദിസ്വരൂപനായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം. ഹേ മാനസേന്ദ്രിയങ്ങൾക്ക് നാഥനായ അനിരുദ്ധമൂർത്തേ! അനന്തനായും സങ്കർഷണമൂർത്തിയായും കുടികൊള്ളുന്ന അവിടുത്തേക്ക് നമോവാകം. അനിരുദ്ധമൂർത്തിയായ അങ്ങയുടെ അനുഗ്രഹംകൊണ്ട് ഊർദ്ദ്വലോകങ്ങളുടെ വാതിലുകൾ ലോകത്തിന് തുറന്നുകിട്ടുന്നു. അങ്ങ് സർവ്വദാ ഭക്തന്മാരുടെ ശുദ്ധഹൃദയങ്ങളിൽ വസിക്കുന്നവനാണു. സകലവീര്യങ്ങൾക്കും ശക്തിയായി അവിടുന്ന് വർത്തിക്കുന്നു. അഗ്നിയായിക്കൊണ്ട് അങ്ങ് സകല യജ്ഞങ്ങൾക്കും ശക്തി പകരുന്നു. അങ്ങ് പിതൃലോകത്തിനും ദേവലോകത്തിനും സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. അങ്ങ് ചന്ദ്രന്റെ അധിദേവനായും സകലവേദങ്ങൾക്കും നാഥനായും വർത്തിക്കുന്നു. അങ്ങിവിടെ സകലഭൂതങ്ങൾക്കും ആത്മശാന്തി പ്രദാനം ചെയ്തുകൊണ്ട് അവരുടെ ഹൃദ്പങ്കജങ്ങളിൽ കുടികൊള്ളുന്നു. ഭഗവാനേ!, അങ്ങ് സർവ്വചരാചങ്ങളുമടങ്ങുന്ന പ്രപഞ്ചത്തിൽ പരമാത്മരൂപത്തിൽ കുടികൊണ്ട് സകലതിനും നാഥനും സാക്ഷിയുമായി നിലകൊള്ളുന്നു. സകലഭൂതങ്ങളിലും അവിടുത്തെ സാന്നിധ്യമരുളിക്കൊണ്ട് അങ്ങീ പ്രപഞ്ചത്തെ അന്വർത്ഥമാക്കുന്നു. ആകാശം പോലെ സകലതിനും അകത്തും പുറത്തും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ശക്തിവിശേഷമാണങ്ങ്. സകലപുണ്യകർമ്മങ്ങളിലൂടെയും അവിടുത്തെ സാക്ഷാത്കാരം മാത്രമാണു ഏതൊരു ജീവനും നോക്കിക്കാണുന്നതു. അതുകൊണ്ട് അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞാനിതാ നമസ്കരിക്കുന്നു.

ഹേ നാഥാ! അങ്ങിവിടെ സകലകർമ്മങ്ങൾക്കും സാക്ഷിയായി വർത്തിക്കുന്നവനാണു. അങ്ങുതന്നെ ഇവിടെ പ്രവൃത്തിയായും നിവൃത്തിയായും വർത്തിക്കുന്നു. അധാർമ്മികവൃത്തികളിലൂടെ സിദ്ധമാകുന്ന ദുരിതപൂർണ്ണമായ അവസ്ഥകൾ തികച്ചും നിന്റെ ദണ്ഢനമായി ഞാൻ മനസ്സിലാക്കുന്നു. അങ്ങനെ നോക്കുമ്പോൾ കാലവും നീതന്നെയാകുന്നു. സർവ്വവരങ്ങളും പ്രദാനം ചെയ്യുന്നത് നീതന്നെ. ഹേ കൃഷ്ണാ!, സകല കാരണങ്ങൾക്കും പരമകാരണൻ അങ്ങുതന്നെ. അങ്ങ് സർവ്വലോകങ്ങൾക്കും നാഥനാണു. ധർമ്മവും മനസ്സും ബുദ്ധിയുമെല്ലാം നീ തന്നെ. സകലകർത്താക്കൾക്കും കർമ്മങ്ങൾക്കും അങ്ങുതന്നെയാണിവിടെ ഈശ്വരൻ. അതുകൊണ്ടുതന്നെ അങ്ങ് ശരീരത്തിനും മനസ്സിനും ഇന്ദ്രിയങ്ങൾക്കും നാഥനായി നിലകൊള്ളുന്നു. അഹങ്കാരാത്മനും അങ്ങുതന്നെ.

ഭഗവാനേ!, അങ്ങയെ അവിടുത്തെ ഭക്തന്മാർ ആരാധിക്കുന്ന ആ രൂപം കാണാൻ അടിയൻ ആഗ്രഹിക്കുകയാണു. അവിടുത്തേക്ക് അനേകം തിരുരൂപങ്ങളുണ്ടെങ്കിലും അവരിഷ്ടപ്പെടുന്ന രൂപം മാത്രമാണടിയനും കാണാൻ കൊതിക്കുന്നതു. അവിടുത്തെ കരുണയിൽ നിന്തിരുവടിയുടെ ആ രൂപം കാണാൻ അടിയനെ അനുഗ്രഹിക്കുക.

കാർമുകിൽ വർണ്ണനെ കാണുമാറാകണം
കാരുണ്യരൂപനെ കാണുമാറാകണം.
മാരി തൂകുമ്പോൾ തിളങ്ങുന്ന പോലെ നിൻ
ചാരു കളേബരം മിന്നുന്ന കാണണം.
സർവ്വൈശ്വരങ്ങളും ഒത്തിണങ്ങീടുന്ന
സർവ്വേശരാ! നിന്നെ കാണുമാറാകണം.
നാലു കരങ്ങളാൽ ശോഭിതമായ നിൻ
ചേലുള്ള രൂപത്തെ കാണുമാറാകണം.
നീലദളായതലോചന! നിന്നുടെ
നീലത്തിരുമുഖം കാണുമാറാകണം.
നല്ലോരു നാസികയു,മാ മനോഹര
ഫുല്ലാരവിന്ദം കണക്കേ വിരിഞ്ഞൊരു
നല്ല ചേലുള്ള നറുപുഞ്ചിരിവിടർ-
ന്നുള്ളോരധരവും കാണുമാറാകണം.
സുന്ദരമായ ലലാടവും, പിന്നെ നൽ-
കുണ്ഡലങ്ങൾ ഇളകുന്ന ചെവികളും,
മന്ദസ്മിതവും, കടമിഴിക്കോണുകൊ-
ണ്ടുള്ളോരു നോട്ടവും, കൂന്തലിൻ ശോഭയും,
മഞ്ഞത്തളിർപട്ടുടുത്തതിൻ തുമ്പുകൾ
തഞ്ചത്തിലാടിയുലയുന്ന കാഴ്ചയും,
പങ്കജപുഷ്പരജസ്സുകൾ കാറ്റിലായ്
മെല്ലെ തരംഗിതമാകുന്ന ശോഭയും,
മിന്നിത്തിളങ്ങുന്ന കുണ്ഢലകാന്തിയും,
ചിന്നിത്തെളിയും കീരീടസൌന്ദര്യവും,
സ്വർണ്ണത്തളയും, വളയും, വനമാല,
പൊന്നരഞ്ഞാണവും, പിന്നെ കൊലുസ്സതും,
സൂര്യകോടിപ്രഭാമേനിയും കാണണം.
ശംഖചക്രങ്ങളും, ചാരുഗദയു,മാ-
പങ്കജത്താരും കരങ്ങളിൽ കൊണ്ട,തിൻ
ശോഭയിൽ മോടിയേറിക്കൊണ്ട് മാറതിൽ
ചേരുന്ന കൌസ്തുഭം കാണുമാറാകണം.
നാളീകനേത്രാ! മൃഗേന്ദ്രനെപ്പോലുള്ള
തോളും, അതിൽ വിളങ്ങും വനമാലയും,
ഹാരനികരങ്ങളും, തിരുവക്ഷസ്സിൽ
ചേരുന്ന ശ്രീവത്സതേജസ്സും കാണണം.
ആലിലശോഭയിൽ മൂന്നായ് മടങ്ങിയ
നീലത്തിരുവയർ കാണുമാറകണം.
ശ്വാസഗതിയവയ്ക്കൊത്താ മടക്കുകൾ
താളത്തിലായങ്ങിളകുന്ന ചേലതും,
ഈരേഴുലോകങ്ങളുണ്ടായി പിന്നതിൽ
ചേരുന്ന നാഭിയും കാണുമാറാകണം.
മഞ്ഞയാം പൂമ്പട്ടുടുത്ത കടീതടം-
ചുറ്റിയുലഞ്ഞുചാഞ്ചാടുന്നരഞ്ഞാണം,
ലോകത്തിനൊക്കെയും ഏകാശ്രയമായ
പാദപത്മങ്ങളും കാല്വണ്ണ, തൃത്തുട,
എല്ലാമഴകിൽ തിളങ്ങുന്ന വിഗ്രഹം
കണ്ണുകൾക്കെന്നും കണിയാകണം വിഭോ!.

ഭഗവാനേ!, അവിടുത്തെ തൃപ്പാദങ്ങൾ കണ്ടാൽ ശരത്ക്കാലത്തിൽ വിരിഞ്ഞുണരുന്ന രണ്ട് താമരപ്പൂക്കൾപോലെ തോന്നിക്കുന്നു. അതിലെ നഖരങ്ങളിൽനിന്ന് നാല് ദിക്കുകളിലേക്കും ചിന്നിച്ചിതറുന്ന പ്രകാശരശ്മികൾ ക്ഷണത്തിൽതന്നെ സംസാരിയായ ഒരുവന്റെ ഹൃദയത്തിലെ അന്തകാരം നീക്കുന്നു. ഭഗവാനേ!, അവിടുത്തെ ഭക്തന്മാരുടെ മനസ്സിനെ പ്രകാശിപ്പിക്കുന്ന തേജോകാരമായ ആ ദിവ്യരൂപത്താൽ എനിക്ക് ദർശനമരുളിയാലും. അങ്ങ് സകലജഗത്തിനും ഗുരുവാണു. അതുകൊണ്ട് സംസാരത്തിലെ അജ്ഞാനാന്തകാരമായ ഇരുട്ടിനെ ഇല്ലാതാക്കാൻ അങ്ങേയ്ക്കുമാത്രമേ കഴിയുകയുള്ളൂ. യാതൊരുവനാണോ, തന്റെ ജീവിതത്തിന്റെ സാഫല്യമാഗ്രഹിക്കുന്നത്, അവൻ അവിടുത്തെ തൃപ്പാദങ്ങളെ ധ്യാനിക്കേണ്ടതാണു. ആരാണോ, യാതൊരു ഭയവും കൂടാതെ തന്റെ സ്വധർമ്മമനുഷ്ഠിക്കാനാഗ്രഹിക്കുന്നത് അവൻ അവിടുത്തെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിക്കേണ്ടത് അനിവാര്യമത്രേ. ഇന്ദ്രനും അവിടുത്തെ പാദസേവയെ ചെയ്തുകഴിയുന്നു. അഹം ബ്രഹ്മാസ്മി എന്ന് ബോധിച്ചവന് അങ്ങുതന്നെയാണ് എത്തപ്പെടേണ്ട ധാമം. എന്നാൽ അവർക്ക് അതിനുവേണ്ടി വളരെയേറെ യത്നിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അവിടുത്തെ പാദാരവിന്ദങ്ങളിൽ ഭക്തിയുള്ളവർക്ക് അത് തികച്ചും നിഷ്പ്രയാസം സാധ്യമാകുന്നു. കറയറ്റ ഭക്തി നേടുകയെന്നത് യോഗികളാൽ പോലും അതീവ ദുഃഷ്കരമായ കാര്യമാണു. എന്നാൽ ഭക്തി മാത്രമാണ് അവിടുത്തെ പ്രീതിക്കായുള്ള ഏകമാർഗ്ഗവും. അങ്ങനെയിരിക്കെ ഭക്തിയൊഴിഞ്ഞ് മറ്റുമാർഗ്ഗങ്ങളെ തിരഞ്ഞെടുക്കുവാൻ ആരാണാഗ്രഹിക്കുക?. അവിടുത്തെ പുരികത്തിന്റെ ചലനമാത്രത്താൽ കാലം ഈ പ്രപഞ്ചത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നു. എന്നാൽ പ്രബലമായ കാലത്തിന് അങ്ങയിൽ സർവ്വാത്മനാ അഭയം പ്രാപിച്ചവരെ തൊടാൻപോലും കഴിയുകയില്ല. അവിടുത്തെ ഭക്തരോട് ക്ഷണാർദ്ധത്തേക്കുപോലും സംഗം ചേരുന്ന ഒരു മർത്ത്യന്റെയുള്ളിൽനിന്നും അങ്ങ് ഭൌതികകർമ്മാസക്തിയെ ഇല്ലാതാക്കുന്നു. അങ്ങനെയിരിക്കെ, അങ്ങയുടെ ഭക്തൻ എന്ത് വരമാണ് അന്യദേവതകളിൽനിന്ന് ആവശ്യപ്പെടുക?. അവിടുത്തെ താമരപ്പാദങ്ങൾ സർവ്വമംഗളപ്രദായകവും സർവ്വപാപാപഹവുമാണു. അതുകൊണ്ട് കാരുണ്യാത്മാക്കളായ അങ്ങയുടെ ഭക്തോത്തമന്മാരോട് സംഗമുണ്ടാക്കിത്തീർക്കുവാൻ ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു. അതാണ് അങ്ങയിൽനിന്നും ഞാൻ നേടുവാനാഗ്രഹിക്കുന്ന ഏക വരദാനം.

ഭക്തീദേവിയുടെ അനുഗ്രഹാത്താൽ അവിടുത്തെ ഭക്തിയാൽ നിർമ്മലമായ മനസ്സോടുകൂടിയ ഭക്തന്മാർ ഗഹനാന്ധകൂപമായ മായയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുന്നു. ഇങ്ങനെ ഭക്തിയാൽ നിർമ്മലമായ മനസ്സിൽ അവിടുത്തെ നാമവും രൂപവും മഹിമകളും ഒന്നൊന്നായി തെളിഞ്ഞുവരുന്നു. ആകാശം പോലെ ബ്രഹ്മം സർവ്വയിടവും വ്യാപിച്ചിരിക്കുന്നു. ആ ബ്രഹ്മത്തിൽ ഈ വിശ്വം മുഴുവൻ നിലകൊള്ളുകയും ചെയ്യുന്നു. ആ ബ്രഹ്മം അങ്ങുതന്നെ. ഭഗവാനേ!, അങ്ങയുടെ ശക്തിവിശേഷങ്ങൾ പല രൂപത്തിലും ഭാവത്തിലും ഈ പ്രപഞ്ചത്തിൽ വ്യക്തമാണു. ആ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പാലിക്കുകയും അതുപോലെ സംഹരിക്കുകയും ചെയ്യുന്നു. അങ്ങിൽ ഈ മാറ്റങ്ങളൊന്നുംതന്നെ യാതൊരു പ്രതിഫലനങ്ങളുമുണ്ടാക്കുന്നില്ല. എന്നാൽ ജീവഭൂതങ്ങൾ അവിടുത്തെ ഈ കർമ്മങ്ങളാൽ സദാ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ അവർ അങ്ങയേയും ഈ വിശ്വത്തേയും വേവ്വേറെ കണ്ടറിയുകയും ചെയ്യുന്നു. എന്നാൽ അങ്ങ് സർവ്വസ്വതന്ത്രനായി നിലകൊള്ളുന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. ഹേ നാഥാ!, അങ്ങയുടെ ഈ വിരാട്രൂപം അഞ്ച് തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം, കൂടാതെ അവിടുത്തെ കലയുടെ അംശമായ പരമ്പൊരുളും. ഭക്തന്മാരൊഴികെ അന്യയോഗികളെല്ലാം ജ്ഞാനം, കർമ്മം മുതലായ ഉപാധികളാൽ അങ്ങയെ ഉപാസിക്കുന്നു. എന്നാൽ നാനാതരത്തിലുള്ള സാധനകളിലൂടെ ഉപാസിക്കപ്പെടുന്നത് അങ്ങുതന്നെയാണെന്ന് സകല ശാസ്ത്രങ്ങളും പ്രമാണങ്ങളും വേദങ്ങളും പ്രതിപാതിക്കുന്നു. അങ്ങാണിവിടെ പരമകാരണനായ ബ്രഹ്മം. സൃഷ്ടിക്കുമുൻപ് അവിടുത്തെ ശക്തി സുപ്തഭാവത്തിൽ നിലകൊള്ളുന്നു. പിന്നീട് അവിടുത്തെ ഇച്ഛയാൽ സത്വാദി ത്രിഗുണങ്ങൾ പരിണമിക്കുകയും അതിൽനിന്ന് മഹത്തത്വം വ്യക്തമാകുകയും അതിൽനിന്നും ക്രമേണ അഹങ്കാരം, ആകാശം, വായു, അഗ്നി, ജലം, ഭൂമി, മുതലായ തത്വങ്ങളും, അതുപോലെ, സുരന്മാർ ഋഷികൾ മുതലായവരും ഉണ്ടാകുന്നു. അങ്ങനെ ഈ ദൃശ്യപ്രപഞ്ചം സൃഷ്ടമാകുന്നു. സൃഷ്ടിക്കുശേഷം അങ്ങ് ചരാചരങ്ങളിൽ പരമാത്മഭാവത്തിൽ കുടികൊള്ളുന്നു. വിഷയാനുഭവങ്ങൾക്കായി അവർ ചെയ്യുന്ന സ്ഥൂലവും സൂക്ഷ്മവുമായ സകലകർമ്മങ്ങൾക്കും അവരുടെ ഹൃദയത്തിലിരുന്നുകൊണ്ടുതന്നെ അങ്ങ് സാക്ഷിത്വം വഹിക്കുന്നു. ഈ സുഖാനുഭവങ്ങളെല്ലാം, കൂട്ടിലിരുന്നുകൊണ്ട് മധുപൻ തേൻ നുകരുന്നതുപോലെ, അല്പകാലത്തേക്ക് മാത്രമുള്ളതാകുന്നു. ഭഗവാനേ! അവിടുത്തെ ഉള്ളവണ്ണം ഗ്രഹിക്കുവാൻ ആരാലും സാധ്യമല്ല. എന്നാൽ കാലത്തിന്റെ അപാരശക്തിയിൽ ലോകത്തിൽ സകല ചരാചരങ്ങൾക്കും നാശം സംഭവിക്കുന്നത് കണ്ടറിയാൻ സാധ്യമാണു. ഇവിടെ കാലത്തിനതീതമായി ഒന്നുംതന്നെ ഞാൻ കാണുന്നില്ല. മൃഗയോനിയിൽ ഒന്ന് മറ്റൊന്നിനെ ഭക്ഷിക്കുന്നതുപോലെ, ഇവിടെ സർവ്വം മറ്റൊരു ശക്തിയാൽ നശിച്ചുകൊണ്ടേയിരിക്കുന്നു. മേഘത്തെ കാറ്റ് ഛിന്നഭിന്നമാക്കുന്നതുപോലെ സർവ്വശക്തമായ കാലത്താൽ എല്ലാം ചിന്നിത്തെറിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ എല്ലാവരും വിഷയങ്ങൾക്ക് പുറമേയാണു. എന്തെങ്കിലുമൊക്കെ നേടുന്നതിലും അതനുഭവിക്കുന്നതിലുമാണ് സർവ്വരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതു. ജീവഭൂതങ്ങളിൽ കാമം അതിശക്തമായി നിലകൊള്ളുന്നു. എന്നാൽ കുറെ അനുഭവിച്ചുകഴിയുമ്പോൾ, പാമ്പ് എലികളെ വീക്ഷിച്ചുകൊണ്ടിരുന്നതിനുശേഷം പെട്ടെന്ന് അവയെ ചാടിപ്പിടിക്കുന്നതുപോലെ, അങ്ങ് അവരെ ഒരിക്കലും മതിവരാത്ത ഈ വിഷയാനുഭവത്തിന്റെ ത്വരയിൽനിന്നും തടയുന്നു. പക്ഷേ ജ്ഞാനസ്ഥരായ ആർക്കുമറിയാം അങ്ങയെ ഭജിക്കാത്ത ജീവിതം നിഷ്ഫലമാണെന്ന്. അതറിയുന്നവൻ എങ്ങനെയാണ് അങ്ങയെ ഭജിക്കാതിരിക്കുക?. ബ്രഹ്മദേവൻ പോലും അങ്ങയെ ആരാധിക്കുന്നു. ആ പിതാവിന്റെ പാതയെ പതിനാല് മനുക്കളും പിന്തുടർന്നു. അങ്ങ് പരബ്രഹ്മമാണു. ഈ ലോകം മുഴുവൻ സംഹാരകർത്താവായ രുദ്രനെ ഭയക്കുമ്പോൾ, അറിവുള്ള മഹത്തുക്കളാകട്ടെ യാതൊരു ഭയവും കൂടാതെ അങ്ങയെ അവരുടെ ലക്ഷ്യസ്ഥാനമായി അറിയുന്നു.

തുടർന്ന് മഹാദേവൻ പ്രചേതസ്സുകളോട് പറഞ്ഞു: ഹേ കുമാരന്മാരേ!, ശുദ്ധഹൃദയത്തോടുകൂടി നിങ്ങൾ നിങ്ങളുടെ സ്വധർമ്മത്തെ ചെയ്യുക. അതോടൊപ്പം ഭഗവദ്പാദാരവിന്ദങ്ങളിൽ മനസ്സർപ്പിച്ച് പ്രാർത്ഥിക്കുക. അതിലൂടെ അവൻ നിങ്ങളിൽ പ്രസാദിക്കുകയും നിങ്ങൾക്ക് സർവ്വമംഗളങ്ങളുമുണ്ടാകുകയും ചെയ്യും. ഭഗവാൻ ഹരി സകലഹൃദയങ്ങളിലും വസിക്കുന്നു. നിങ്ങളുടെ ഹൃദയത്തിലും. അതുകൊണ്ട് അവന്റെ മഹിമകളെ കീർത്തിച്ചുകൊണ്ട് നിരന്തരം അവനിൽ മഗ്നരാകുക.

ഹേ രാജകുമാരന്മാരേ!, ഈ പ്രാർത്ഥനയിലൂടെ ഭഗവാൻ ഹരിയെ കീർത്തിക്കേണ്ടവിധം ഞാൻ നിങ്ങൾക്ക് പറഞ്ഞുതന്നു. ഇതിനെ നിങ്ങളുടെ ഹൃദയത്തിലേറ്റി ജ്ഞാനസ്ഥരാകുക. നിരന്തരം ഇതിനെ കീർത്തിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുക. ഈ പ്രാർത്ഥനയെ ആദ്യം ചൊല്ലിയത് ബ്രഹ്മദേവനായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ ഭൃഗു മുതലായ പ്രജാപതിമാർ സൃഷ്ടിക്കായി ഇതിനെ ജപിക്കുകയുണ്ടായി. വിരിഞ്ചൻ എല്ലാവരോടും പ്രജകളെ സൃഷ്ടിക്കുവാനായി ഉപദേശിച്ചപ്പോൾ ഈ പ്രാർത്ഥനയിലൂടെ ഭഗവദ്കാരുണ്യം നേടി ഞങ്ങൾ ഞങ്ങളിലെ അജ്ഞാനത്തെ ഇല്ലാതാക്കിയിരുന്നു. അങ്ങനെയാണ് ഇക്കണ്ട ജീവഭൂതങ്ങളെല്ലാം ഉടലെടുത്തതു. വാസുദേവപരായണനായ ഒരു ഭക്തൻ ഈ പ്രാർത്ഥനയെ നിത്യവും ശ്രദ്ധയോടും ഭക്തിയോടും കൂടി ചൊല്ലുന്നപക്ഷം അവനിൽ സർവ്വശ്രേയസ്സുകളും നിഷ്പ്രയാസം വന്നുകൂടുന്നു.  ഇവിടെ ഭൂമിയിൽ പലതും നേടുവാൻ കഴിയുമെങ്കിലും ജ്ഞാനമാണ് സർവ്വോപരി പ്രാധാന്യമർഹിക്കുന്നതു. കാരണം, ജ്ഞാനത്തെ മുക്തിനൌകയായി പറയപ്പെടുന്നു. ജ്ഞാനമെന്നത് അവനെ ഉള്ളവണ്ണം അറിയുക എന്നതും. ജ്ഞാനമില്ലാതെ സംസാരത്തെ മറികടക്കുവാൻ സാധ്യമല്ല. ഭഗവാൻ ഹരിയുടെ പ്രീതി സമ്പാദിക്കുന്നത് അതീവ ദുഃഷ്കരമായ കാര്യമാണു. എന്നാൽ എന്റെ ഈ സ്തോത്രത്തിന്റെ ജപത്തിലൂടെ അവനെ നിഷ്പ്രയാസം പ്രീതിപ്പെടുത്തുവാൻ കഴിയുമെന്നതിൽ സന്ദേഹമില്ല. അവൻ സകലവരദാനങ്ങളുടേയും ധാതാവാണു. ഞാൻ പാടിയ ഈ രുദ്രഗീതത്തെ ഭക്തിയോടെ ജപിച്ച് അവനെ സമ്പ്രീതനാക്കിയാൽ അവൻ സകലവരങ്ങളും നൽകി അനുഗ്രഹിക്കുന്നു. ഇത് നിത്യവും പ്രഭാതത്തിൽ ഉണർന്ന് പാടുന്നവൻ സംസാരത്തിലെ സകലബന്ധനങ്ങളിൽനിന്നും അപ്പാടെ മുക്തനാകുന്നു. ഹേ രാജകുമാരന്മാരേ!, ഈ ഗീതം അവനെ പ്രസാദിപ്പിക്കുവാനുള്ളതത്രേ!. ബ്രഹ്മചര്യം പോലെ ശ്രേയസ്ക്കരമായ ഈ ഗീതം നിങ്ങൾ നിരന്തരം ഗാനം ചെയ്യുക. ഭാവിയിൽ നിങ്ങളുടെ സകല അഭീഷ്ടങ്ങളും സഫലീകൃതമാകുമെന്നതിൽ ഒരിക്കലും സന്ദേഹിക്കേണ്ട ആവശ്യമില്ല.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ദം ഇരുപത്തിനാലാമധ്യായം സമാപിച്ചു.
ഓം തത് സത്.



Rudrageetham