ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 26
(പുരഞ്ജനോപാഖ്യാനം
- 2)
വിദുരരും മൈത്രേയരും
|
ഹേ രാജൻ!, അന്നെന്തോ, പുരഞ്ജനൻ
നായാട്ടിൽ അങ്ങേയറ്റം തല്പരനായിരുന്നു. പത്നിയുമായി ലവനേരം പോലും പിരിഞ്ഞിരിക്കുവാൻ
കഴിയാത്ത അദ്ദേഹം അന്നാദ്യമായി അവളോട്
യാത്രപോലും പറയാതെ നായാട്ടിന് പുറപ്പെട്ടു.
ആ ദിവസം അദ്ദേഹം തികച്ചും ആസൂരീഭാവത്തോടെ പെരുമാറുകയും,
കാട്ടിൽ ഒട്ടനവധി പാവം മൃഗങ്ങളെ ഹിംസിക്കുകയും
ചെയ്തു. ശാസ്ത്രപ്രമാണങ്ങളനുസരിച്ച് ഒരു രാജാവിന് മാംസഭക്ഷണം
കഴിക്കണമെന്ന അതിരറ്റ മോഹമുണ്ടായാൽ, കാട്ടിൽ
പോയി കൊല്ലാൻ അനുവദനീയമായ മൃഗങ്ങളെമാത്രം കൊന്ന്, അതിന്റെ മാംസം
ഭക്ഷിക്കുവാനുള്ള അനുമതി അതിൽ പ്രതിപാദിച്ചിട്ടുണ്ടു.
മൃഗനായാട്ടിന് പ്രത്യേകവിധികൾ ശാസ്ത്രങ്ങൾ ഉപദേശിക്കുവെന്ന് സാരം. രജസ്സ്, തമസ്സ്
ഇത്യാദി ഗുണങ്ങളാൽ പ്രേരിതരായി അധികാരദുർവ്വിനിയോഗം ചെയ്തുകൊണ്ട് എന്തിനേയും ഹിംസിക്കുവാനുള്ള
അനുമതി ശാസ്ത്രം ആർക്കുംതന്നെ വിധിക്കുന്നില്ല. വേദോക്തങ്ങളായ കർമ്മഗതികളെ പിന്തുടരുന്നവർ ഒരിക്കലും
അരുതാത്തത് ചെയ്യുകയുമില്ല. മദാന്ധരായി
അനാചാര്യങ്ങളായ കർമ്മങ്ങൾ ചെയ്യുന്നവർ ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോകുന്നു.
അതിലൂടെ അവർ ത്രിഗുണങ്ങൾക്കധീനരാകുകയും, ബുദ്ധി
ഭ്രമിച്ച് സംസൃതിയാകുന്ന ആഴക്കടലിലേക്ക് സ്വയം താണുപോകുകയും ചെയ്യുന്നു.
അവിടെ, ജീവൻ കൃമികീടങ്ങളിൽ തുടങ്ങി ബ്രഹ്മലോകം വരെയുള്ള യോനികളിൽ ജന്മമെടുത്ത്
സംസാരത്തിൽ കീഴ്മേൽ മറിഞ്ഞ് കോടാനുകോടി ജന്മങ്ങൾ വൃഥാവിലാക്കുന്നു.
ഹേ രാജൻ!, പുരഞ്ജനന്റെ കൂരമ്പുകളേറ്റ് അനേകം പാവം മൃഗങ്ങൾ ആ കാട്ടിൽ ചത്തുമലച്ചു.
എന്നാൽ, നല്ലവരായ ജനങ്ങൾക്കാർക്കുംതന്നെ അദ്ദേഹത്തിന്റെ
ആ പ്രവൃത്തി അംഗീകരിക്കുവാൻ കഴിഞ്ഞില്ല. കാരണം, കാരുണ്യം ലവലേശമെങ്കിലും
ഹൃദയത്തിലുള്ളവർക്ക് ആ കാഴ്ച കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. മൃഗയാവിനോദത്തിൽ മതിമറന്ന് മൃഗങ്ങളെ
കൊന്നുകൊന്ന് പുരഞ്ജനൻ ഒടുവിൽ ഒരിടത്ത് തളർന്നിരുന്നു.
ദാഹംകൊണ്ടും വിശപ്പുകൊണ്ടും അവശനായ രാജാവ് അവസാനം കൊട്ടാരത്തിലേക്ക് തിരിച്ചുപോയി.
കുളികഴിഞ്ഞ്, ആഹാരം കഴിച്ചു, അദ്ദേഹം കുറെ സമയം വിശ്രമിച്ചു.
ഉറക്കമുണർന്ന് രാജാവ് വീണ്ടും ഊർജ്ജ്വസ്വലനായി തന്റെ സർവ്വാഭരങ്ങളുമെടുത്തണിഞ്ഞ്,
കഴുത്തിൽ പൂമാലയും ചാർത്തി വെളിയിൽ വന്ന് രാജ്ഞിയെ അന്വേഷിച്ചു.
വിശപ്പും ദാഹവുമടങ്ങിയപ്പോൾ പുരഞ്ജനന് ഉള്ളിൽ അല്പം ആശ്വാസം തോന്നി. അദ്ദേഹം കുറച്ചുസമയം
തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാനാഗ്രഹിച്ചു. പക്ഷേ അവളെ കാണാതായപ്പോൾ ഉത്കണ്ഠയോടെ അദ്ദേഹം
മുന്നിൽ കണ്ട അന്തഃപുരസ്ത്രീകളോട് ചോദിച്ചു: “ഹേ നാരിമാരേ!, നിങ്ങൾ രാജ്ഞിയോടൊപ്പം സുഖമായിയിരിക്കുന്നുവല്ലോ! അല്ലേ?. എനിക്ക്
ഈയിടയായി കുടുംബകാര്യങ്ങളിൽ അത്ര താല്പര്യം തോന്നുന്നില്ല. ഒരു വീട്ടിൽ ഒരു മാതാവോ,
ഉത്തമയായ പത്നിയോ ഇല്ലാത്തപക്ഷം, ആ ഗൃഹം ചക്രങ്ങൾ നഷ്ടമായ രഥം പോലെയാണു. ആരാണീലോകത്ത്
അങ്ങനെയൊരു രഥത്തിൽ കയറാനാഗ്രഹിക്കുന്നതു?. എന്നെ എപ്പോഴും ആപത്തിൽനിന്നും രക്ഷിച്ചുകൊണ്ടിരുന്ന
എന്റെ ധർമ്മപത്നി എവിടെയാണുള്ളതു? എനിക്ക് സത്ബുദ്ധി പ്രദാനം ചെയ്ത് എന്നെ സദാ നേർവഴിക്ക്
നയിച്ചവളാണവൾ.”
അതുകേട്ട് അന്തഃപുരസ്ത്രീകൾ
അദ്ദേഹത്തോട് പറഞ്ഞു: “ഹേ പ്രജാപതേ!, വളരെ സങ്കടമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഞങ്ങൾക്കങ്ങയോടറിയിക്കാനുള്ളതു.
രാജ്ഞി മെത്തയും ശയ്യയുമുപേക്ഷിച്ച് വെറും നിലത്തുകിടക്കുകയാണു. എന്ത് ദുഃഖമാണവൾക്ക്
സംഭവിച്ചതെന്ന് ഞങ്ങൾക്കറിയാൻ കഴിയുന്നില്ല.”
നാരദർ തുടർന്നു: “ഹേ പ്രീയപ്പെട്ട പ്രാചീനബർഹിസ്സേ!, ഒരു ഭിക്ഷക്കാരിയെപ്പൊലെ
നിലത്തുകിടക്കുന്ന തന്റെ പ്രീയപത്നിയെക്കണ്ട് പുരഞ്ജനൻ പേടിച്ചരണ്ട് വിഭ്രാന്തനായി.
ഉള്ളിലെ ഭ്രമത്തെ ആവുംവിധം അടക്കിക്കൊണ്ട് കേവലം മധുരമായ വാക്കുകളിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്ന
ചേഷ്ടകളിലൂടെയും അദ്ദേഹം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മുഖസ്തുതി പറയാൻ നന്നായി
അറിയാമായിരുന്ന പുരഞ്ജനന് അതൊരു വലിയ കാര്യമായിരുന്നില്ല. ആദ്യം അദ്ദേഹം അവളുടെ പാദത്തിൽ
മൃദുവായി ഒന്ന് സ്പർശിച്ചു. പിന്നീടവളെ തന്നോട് ചേർത്ത് ആശ്ലേഷിച്ചു. തുടർന്ന് തന്റെ
മടിയിലിരുത്തിക്കൊണ്ട് അവളുടെ കാതുകളിൽ മന്ത്രിച്ചു. “ഹേ പ്രിയേ!, ഒരുടമസ്ഥൻ തന്റെ സേവകനെ ഏറ്റവുമടുത്ത
ബന്ധുവായി കരുതുകയും, അതേ സമയംതന്നെ അവന്റെ തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്താൽ,
അത് ആ സേവകന്റെ ഭാഗ്യദോഷമെന്നേ പറയാനാകൂ. മറിച്ച്, അവനെ ശകാരിക്കുകയോ ദണ്ഢിക്കുകയോ
ചെയ്താൽ, അതവനിലുള്ള അദ്ദേഹത്തിന്റെ കൃപാകടാക്ഷമാണെന്നറിയുക. സ്നേഹത്തിൽ കുതിർന്ന ശകാരം
തിരിച്ചറിയാൻ കഴിയാത്തവൻ മൂഢനാണു. പ്രീയേ!, സുന്ദരിയായ നിനക്ക് ഒരിക്കലും ചേർന്ന വികാരമല്ല
കോപം. ദേഷ്യമടക്കി എന്നെ സ്നേഹത്തോടൊന്ന് നോക്കൂ. പുഞ്ചിരി തുളുമ്പുന്ന നിന്റെ അധരവും,
നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീല കൂന്തലുകളും, ഉയർന്ന നാസികയും, മാധുര്യമേറുന്ന നിന്റെ
വാക്കുകളുമെല്ലാമാണ് എന്നെ നിന്നിലേക്ക് എന്നെന്നും ആകർഷിക്കുന്നതു. നീ എന്റെ ഉത്തമയായ
ധർമ്മപത്നിയാണു. നിന്റെ സന്തോഷം എന്റെ ഉത്തരവാദിത്വവും. ഹേ വീരപത്നീ!, നിന്നെ ആരെങ്കിലും
അപമാനിക്കുകയുണ്ടായോ?. അങ്ങനെയെങ്കിൽ, അവനെ, അവനൊരു ബ്രാഹ്മണനല്ലാത്തപക്ഷം, ഞാൻ വേണ്ടവിധം
ശിക്ഷിക്കുന്നതാണു. ഭൂമിയിലായാലും, ഇനി മൂന്നുലോകങ്ങൾക്കപ്പുറമായാലും അവൻ എന്റെ ശിക്ഷയിൽനിന്നും
രക്ഷപ്പെടാൻ പോകുന്നില്ല. നിന്നെ ദുഃഖിപ്പിച്ചിട്ട് ഒരുവനേയും ഇവിടെ സുഖമായി വാഴാൻ
നാം അനുവദിക്കുന്നതുമല്ല. നെറ്റിയിലും നെറുകയിലും സിന്ധൂരമണിയാത്ത നമ്മുടെ പ്രിയതമയെ
നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ചിരിയും കളിയുമൊഴിഞ്ഞ് ഇത്ര നീരസത്തോടെ നിന്നെ നാം
ആദ്യമായാണിപ്പോൾ കാണുന്നതു. നിന്റെ കണ്ണിൽ കണ്ണീരിന്റെ കണികകളും നാമിന്നാദ്യമായി കാണുന്നു.
ചെഞ്ചായം പുരളാത്തെ നിന്റെ ചുണ്ടുകൾ നാമൊരിക്കൽപോലും ഇതിനുമുമ്പ് കണ്ടിട്ടില്ല. നായാട്ടിൽ
നമുക്കുണ്ടായിരുന്ന അടങ്ങാത്ത ആഗ്രഹമാണ് നമ്മെ നിന്നോട് യാത്രപറയാതെ കാട്ടിലേക്ക് പോകാൻ
പ്രേരിപ്പിച്ചതു. അത് നമ്മുടെ തെറ്റുതന്നെയാണു. പക്ഷേ, നിന്നെ ഈരേഴ് ഭുവനങ്ങളിലും ഏറ്റവും
കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിൽ നീ നമ്മെ വെറുക്കാതിരിക്കുക. കാമദേവൻ ഇപ്പോൾ
നമ്മിൽ കുടിയിരിക്കുന്ന സമയമാണു. അതുകൊണ്ട് നിന്റെ സ്നേഹത്തിനായി നാം വല്ലാതെ ദാഹിക്കുകയും
ചെയ്യുന്നു. അങ്ങനെയുള്ള നമ്മെ നിനക്ക് തിരസ്ക്കരിക്കുവാൻ കഴിയുമെന്ന് നാം കരുതുന്നില്ല.
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം ഇരുപത്തിയാറാമധ്യായം സമാപിച്ചു.
ഓം തത് സത്.
PuranjanOpAkhyAnam