2019 നവംബർ 21, വ്യാഴാഴ്‌ച

9.3 സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 3
(സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തുരാജൻ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു ശര്യാതി. വേദാർത്ഥത്തെ വളരെ ഗഹനമായി ഗ്രഹിച്ച ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഒരിക്കൽ, അംഗിരസ്സുകളുടെ മഹായജ്ഞത്തിൽ അദ്ദേഹമായിരുന്നു മേൽനോട്ടം വഹിച്ചിരുന്നതു. ശര്യാതിയ്ക്കു് സുകന്യ എന്ന പേരിൽ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ഒരിക്കൽ, അവളുമായി വനത്തിലേക്കു് പുറപ്പെട്ട അദ്ദേഹം യാദൃശ്ചികമായി ച്യവനമഹർഷിയുടെ ആശ്രമത്തിലെത്തുകയുണ്ടായി. അന്നു് തോഴിമാരോടൊപ്പം വനത്തിൽ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു് ചുറ്റിത്തിരിയുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു ചിതൽപ്പുറ്റു് സുകന്യയുടെ കണ്ണിൽ‌പ്പെട്ടു. കൌതുകത്തോടെ സുകന്യ ആ ചിതൽ‌പ്പുറ്റിനടുത്തേക്കു് ചെന്നു. അതിനുള്ളിൽ മിന്നാംമിനുങ്ങുകളെപ്പോലെ തിളങ്ങുന്ന രണ്ടു് ജ്യോതിർഗ്ഗോളങ്ങൾ അവളുടെ ശ്രദ്ധയി പെട്ടു. രാജൻ!,  ദൈവവിധിയെന്നു് പറയട്ടെ!, അവൾ ഉത്കണ്ഠയോടെ ആ ജ്യോതിസ്സുകളിൽ മുള്ളുകൊണ്ടു് കുത്തിനോക്കി. പെട്ടെന്നുതന്നെ അവയിൽനിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി. അത്ഭുതമെന്നോണം ആ സമയം ശര്യാതിയുടെ സൈന്യത്തിലുള്ളവർക്കു് ഉദരസംബന്ധമായ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആ വിവരമറിഞ്ഞ രാജാവു് അത്ഭുതത്തോടെ സൈനികരോടു് ചോദിച്ചു: സൈനികരേ!, നിങ്ങളാരെങ്കിലും കാരണം ച്യവനമഹർഷിയ്ക്കു് എന്തെങ്കിലും വല്ലായ്മ സംഭവിച്ചിട്ടുണ്ടോ?. നമ്മളിൽ ആരോ അദ്ദേഹത്തിനു് തീരാത്ത ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടു് എന്ന കാര്യത്തിൽ സംശയമില്ല.

ശ്രീശുകൻ തുടർന്നു: രാജൻ!, ശര്യാതിരാജന്റെ വാക്കുകളെ കേട്ട സുകന്യ പറഞ്ഞു: അച്ഛാ!, എനിക്കൊരബദ്ധം പറ്റിയിരിക്കുന്നു. ഞാൻ അറിയാതെ ആ ചിതല്പുറ്റിനുള്ളിലെ രണ്ടു് ജ്യോതിസ്സുകളെ മുള്ളുകൊണ്ടു് കുത്തിത്തുളച്ചുപോയി. രാജൻ!, കാര്യം മനസ്സിലായ രാജാവു് ചിതല്പുറ്റു് മൂടിയിരിക്കുന്ന ച്യവനമഹർഷിയുടെ അടുത്തുചെന്നു് അദ്ദേഹത്തെ ഉചിതമായ വാക്കുകൾകൊണ്ടു് പ്രസാദിപ്പിച്ചു. ച്യവനമഹർഷിയുടെ വാക്കുകളിൽനിന്നും അദ്ദേഹത്തിന്റെ മനോഗതം ശര്യാതി മനസ്സിലാക്കുകയും, മകളെ അദ്ദേഹത്തിനു് നൽകുകയും ചെയ്തു. തുടർന്നു, വൃദ്ധനായ ആ തപസ്വിയോടു് യാത്രപറഞ്ഞതിനുശേഷം ശര്യാതി തന്റെ നാട്ടിലേക്കു് തിരിച്ചു.

പരീക്ഷിത്തുരാജൻ!, പിതാവിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു്  ച്യവനമഹർഷിയെ സുകന്യ വിവാഹം കഴിച്ചു. മുൻകോപിയായ അദ്ദേഹത്തിന്റെ ചര്യകളെ മനസ്സിലാക്കി അവൾ ശ്രദ്ധയോടെ പരിചരിച്ചുപോന്നു. അങ്ങനെ കാലങ്ങൾ കുറെ കഴിഞ്ഞുപോയി. ഒരുദിവസം അശ്വിനീദേവകൾ ച്യവനന്റെ ആശ്രമത്തിൽ വരികയുണ്ടായി. അവരെ യഥാവിധി പൂജിച്ചിരുത്തിയതിനുശേഷം, ച്യവനമഹർഷി പറഞ്ഞു: അശ്വിനീദേവകളേ!, നിങ്ങൾക്കെന്റെ നമസ്ക്കാരം!. നിങ്ങൾ എനിക്കു് യൌവ്വനത്തെ തന്നു് പ്രസാദിക്കുക. അല്ലയോ ദേവന്മാരേ!, നിങ്ങൾ യജ്ഞത്തിൽ സോമരസം കുടിയ്ക്കുവാൻ യോഗ്യരല്ലെങ്കിലും, അതു് നിറച്ച ഒരു കുടം ഞാൻ നിങ്ങൾക്കു് സമ്മാനിക്കുന്നുണ്ടു. നിങ്ങൾ ദയവായി സ്ത്രീകൾക്കിഷ്ടമാകുന്ന വിധത്തിൽ യൌവ്വനവും അതിനൊത്ത സൌന്ദര്യവും എനിക്കു് തരുക.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, മഹാവൈദ്യന്മാരായ അശ്വിനീദേവകൾ പറഞ്ഞു: മഹർഷേ!, ശരി, അങ്ങയുടെ ഇംഗിതംപോലെയാകട്ടെ. അങ്ങു് സിദ്ധന്മാരാൽ നിർമ്മിതമായ ഈ സരസ്സിലിറങ്ങി മുങ്ങിക്കുളിക്കുക. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ചുക്കിച്ചുളിഞ്ഞു് ജരാനരബാധിച്ചു് എല്ലും തോലുമായ ച്യവനനുമായി അശ്വിനീദേവകൾ ആ ജലാശയത്തിലേക്കിറങ്ങി. അല്പം കഴിഞ്ഞു് സുന്ദരന്മാരും സമാനരൂപന്മാരുമായ മൂന്നു് യുവാക്കൾ കുണ്ഡലങ്ങളും താമരപ്പൂമാലയുമണിഞ്ഞു് ആ സരസ്സിൽനിന്നും ഉയർന്നുവന്നു. സൂര്യനെപ്പോലെ തേജസ്സ്വികളായ അവർ മൂന്നുപേരും സമാനരൂപികളായിരുന്നതിനാൽ സുകന്യയ്ക്കു് തന്റെ ഭർത്താവായ ച്യവനനെ തിരിച്ചറിയാൻ സാധിച്ചില്ല. അതുകാരണം അവൾ അശ്വിനീദേവന്മാരെ ശരണം പ്രാപിച്ചു. അവളുടെ പാതിവ്രത്യത്തിൽ സന്തുഷ്ടരായ അശ്വിനീദേവകൾ അവൾക്കു് തന്റെ ഭർത്താവിനെ കാട്ടിക്കൊടുത്തതിനുശേഷം അവരോടു് യാത്രപറഞ്ഞു് വ്യോമയാനത്തിൽ സ്വഗ്ഗലോകത്തേയ്ക്കു് തിരിച്ചുപോയി.

രാജൻ!, അങ്ങനെയിരിക്കെ, ഒരിക്കൽ, ശര്യാതിമഹാരാജാവു് ഒരു യാഗം ചെയ്യുവാനുള്ള ഉദ്ദേശത്തോടുകൂടി ച്യവനമഹർഷിയുടെ ആശ്രമം സന്ദർശിക്കുകയുണ്ടായി. അവിടെയെത്തിയ ശര്യാതി തന്റെ മകളുടെ കൂടെയിരിക്കുന്ന സൂര്യനുതുല്യം തേജസ്സുറ്റ പുരുഷനെ കണ്ടു് ഉത്കണ്ഠാകുലനായി. അരുതാത്തതെന്തോ സംഭവിച്ചതായി കണക്കുകൂട്ടിയ അദ്ദേഹം അവളെ ആശീർവദിക്കുവാൻപോലും കൂട്ടാക്കിയില്ല. തന്റെ കാൽക്കൽ വീണു് നമസ്ക്കരിച്ച പുത്രിയോടു അദ്ദേഹം പറഞ്ഞു: ഹേ ദുരാചാരേ!, നീ എന്താണീക്കാട്ടിയിരിക്കുന്നതു?. ലോകം മുഴുവനും ആദരിക്കുന്ന നിന്റെ ഭർത്താവിനെ ചതിച്ചിരിക്കുന്നോ?. വാർദ്ധക്യവും ജരാനരയും ബാധിച്ച അദ്ദേഹത്തെ ഉപേക്ഷിച്ചു് നീ സ്വന്തം സുഖത്തിനായി വഴിപോക്കനായ ഏതോ ജാരനെ സ്വീകരിച്ചിരിക്കുന്നു. ഒരു ശ്രേഷ്ഠകുലത്തിൽ ജനിച്ച നീ എന്തുകൊണ്ടാണു് ഈവിധം അധഃപതിച്ചുപോയതു?. നാണകെട്ടവളായി ഈ രഹസ്യപുരുഷനുമായി നിനക്കെങ്ങനെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു?. കുലദൂഷണമായ ഈ പ്രവൃത്തിയിലൂടെ നിന്റെ പിതാവിന്റേയും ഭർത്താവിന്റേയും കുലങ്ങളെ നീ നരകത്തിലേക്കെത്തിച്ചിരിക്കുകയാണു.

രാജൻ!, പരുഷമായ വാക്കുകളാൽ തന്നെ ശാസിച്ചുകൊണ്ടിരിക്കുന്ന പിതാവിനോടു് സുകന്യ പുഞ്ചിരിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അച്ഛാ!, ഇദ്ദേഹം അങ്ങയുടെ മരുമകനായ ച്യവനമഹർഷിതന്നെയണു. രാജൻ!, ഉണ്ടായ സംഭവങ്ങളെല്ലാം അവൾ ശര്യാതിയെ പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞ രാജാവു് സന്തോഷത്തോടെ മകളെ ഗാഢമായി പുണർന്നു. ച്യവനൻ തന്റെ തപോബലത്താൽ ശര്യാതിയെക്കൊണ്ടു് സോമയാഗം കഴിപ്പിച്ചു. അതോടുകൂടി ന്നോളം സോമരസം സേവിച്ചിട്ടില്ലാത്ത അശ്വീനീദേവകൾക്കും അദ്ദേഹം സോമരസം നിറച്ച ഒരു ഭാജനം സമ്മാനിച്ചു. അതുകണ്ടു് കലി കയറിയ ഇന്ദ്രൻ ച്യവനനെ വധിക്കുവാനായി വജ്രായുധം കൈയ്യിലെടുത്തു. എന്നാൽ ച്യവനമഹർഷി തന്റെ തപോവൈഭവത്താൽ ഇന്ദ്രന്റെ ഹസ്തത്തെ വജ്രായുധത്തോടുകൂടിത്തന്നെ നിശ്ചലമാക്കി. അന്നുമുതൽ സർവ്വരും അശ്വിനീദേവകൾക്കുംകൂടി സോമരസം അർപ്പിച്ചുതുടങ്ങി.

രാജൻ!, ശര്യാതിയ്ക്കു് ഉത്താനബർഹിസ്സ്, ആനർത്തൻ, ഭൂരിഷേണൻ എന്നിങ്ങനെ മൂന്നു് മക്കളുണ്ടായിരുന്നു. ആനർത്തനിൽനിന്നും രേവതൻ ജനിച്ചു. അല്ലയോ പരീക്ഷിത്തേ!, രേവതൻ സമുദ്രത്തിന്റെ അഗാധതയിൽ കുശസ്ഥലി എന്ന ഒരു നഗരം സ്ഥാപിക്കുകയും, അവിടെ വസിച്ചുകൊണ്ടു് ആനർത്തം മുതലായ ദേശങ്ങളെ രക്ഷിച്ചനുഭവിക്കുകയും ചെയ്തു. അദ്ദേഹത്തിനു് നൂറു് പുത്രന്മാർ ജനിച്ചു. അതിൽ മൂത്തവന്റെ നാമം കകുദ്മി എന്നായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ മകളായ രേവതിയേയും കൂട്ടി ബ്രഹ്മലോകത്തിലേക്കു് പോകുകയുണ്ടായി. തന്റെ മകൾക്കനുയോജ്യനായ ഒരു വരനെ തേടിയുള്ള ഒരു യാത്രയായിരുന്നു അതു. എന്നാൽ ബ്രഹ്മസദസ്സിൽ സംഗീതാലാപനം നടക്കുന്ന സമയമായതിനാൽ കകുദ്മിയ്ക്കു് അവിടെ കുറച്ചുസമയം കാത്തിരിക്കേണ്ടിവന്നു. പിന്നീടു് ചടങ്ങു് മംഗളകരമായി പര്യവസാനിച്ചതിനുശേഷം കകുദ്മി ബ്രഹ്മദേവനെ കണ്ടു് വന്ന വിവരം അറിയിച്ചു. ഭഗവാൻ ഉറക്കെ ചിരിച്ചുകൊണ്ടു് കകുദ്മിയോടിപ്രകാരം പറഞ്ഞു: ഹേ രാജൻ!, അങ്ങുദ്ദേശിച്ചിരുന്നവരൊക്കെ കാലഗതിയിൽ പെട്ടുകഴിഞ്ഞിരിക്കുന്നു. അവർ മാത്രമല്ല, അവരുടെ പുത്രന്മാരും പൌത്രന്മാരും അവരുടെ പുത്രന്മാരുമെല്ലാംതന്നെ വംശത്തോടുകൂടി അവസാനിച്ചിരിക്കുകയാണു. ഇപ്പോഴാകട്ടെ, ഇരുപത്തിയേഴു് ചതുര്യുഗങ്ങളും അവസാനിച്ചിരിക്കുകയാണു. അതുകൊണ്ടു് നിങ്ങൾ ഭൂമിയിലേക്കുതന്നെ പോകുക. അവിടെ ഭഗവദംശമായ ബലഭദ്രരുണ്ടു്. ഈ കന്യകാരത്നത്തെ അദ്ദേഹത്തിനു് വേളി കഴിച്ചുനൽക്കുക. രാജൻ!, ഈ സമയം അവിടെ ഭൂതഭാവനനും പുണ്യചരിതനുമായ ഭഗവാൻ ശ്രീമഹാവിഷ്ണു ഭൂഭാരമൊഴിക്കുന്നതിനായി സ്വാംശത്തോടുകൂടി അവതാരം കൊണ്ടിരിക്കുകയാണു.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇപ്രാകാരം ബ്രഹ്മദേവനാൽ ഉപദേശിക്കപ്പെട്ട കകുദ്മി ഭഗവാനെ വണങ്ങി യാത്രാമൊഴിചൊല്ലി പുത്രിയുമായി അവിടെനിന്നും സ്വനഗരിയിലേക്കു് തിരിച്ചുപോയി. അവിടെയെത്തിയ കകുദ്മിക്കു് കാണാൻ കഴിഞ്ഞതു്, സ്വവസതിയിൽനിന്നും യക്ഷന്മാരെ ഭയന്നു തന്റെ സഹോദരങ്ങളെല്ലാം നാലുപാടേയ്ക്കും പ്രയാണം ചെയ്തതായിട്ടായിരുന്നു. കകുദ്മി സുന്ദരിയായ തന്റെ മകളെ ബലഭദ്രസ്വാമിയ്കു് വിവാഹം കഴിച്ചുകൊടുത്തതിനുശേഷം, അവിടെനിന്നും ബദരിക എന്ന നരനാരായണന്മാരുടെ ആശ്രമത്തിലേക്കു് തപസ്സിനായി പുറപ്പെട്ടു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






The stories of Sukanya and Raivatha

2019 നവംബർ 13, ബുധനാഴ്‌ച

9.2 മനുപുത്രന്മാരുടെ ചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 2
(മനുപുത്രന്മാരുടെ ചരിതം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജൻ!, സുദ്യുമ്നൻ വാനപ്രസ്ഥാശ്രമം സ്വീകരിച്ചുകൊണ്ടു് വനത്തിലേക്കു് പോയതിനുശേഷം, വൈവസ്വതമനുവായ ശ്രാദ്ധദേവൻ വീണ്ടും സന്താനാർത്ഥിയായി ഗംഗയുടെ തീരത്തു് നൂറുവർഷക്കാലം തപസ്സനുഷ്ഠിച്ചു. ഭഗവാൻ ഹരിയെ ധ്യാനിച്ചു് പ്രീതനാക്കി അദ്ദേഹം തന്നോളം ശ്രേഷ്ഠന്മാരായ ഇക്ഷ്വാകു മുതലായ പത്തു് പുത്രന്മാരെ നേടുകയും ചെയ്തു. അതിൽ പൃഷധ്രൻ എന്ന പുത്രനെ വസിഷ്ഠമഹർഷി ഗോപാലകനായി നിയമിച്ചു. അദ്ദേഹം രാത്രികാലങ്ങൾ     വീരാസനനിഷ്ഠയോടുകൂടി ഗോക്കളെ പാലിച്ചുവന്നു. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ  അടുത്തുള്ള കാട്ടിൽനിന്നും ഒരു പുലി അസാധാരണമായി ആ ഗോശാലയിലേക്കു് കടന്നുവന്നു. അതിനെകണ്ട മാത്രയിൽ പശുക്കളെല്ലാം ഭീതിയോടെ എഴുന്നേറ്റു് തൊഴിത്തിനുള്ളിൽ വട്ടം കറങ്ങുവാൻ തുടങ്ങി. ഞൊടിയിടയിൽത്തന്നെ അവയിൽ ഒന്നിനെ അതു് കടന്നുപിടിച്ചു. അവൾ ഭീതയായി അലമുറയിട്ടു. കരച്ചിൽ കേട്ടു് പെട്ടന്നുതന്നെ പൃഷധ്രൻ അവിടേയ്ക്കോടിയെത്തി. രാത്രിയുടെ കൂരിരിട്ടിൽ അദ്ദേഹത്തിനു് ഒന്നുംതന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും, നിഴലിൽ എന്തോ ഒരൂഹംവച്ചു് വാളെടുത്തു് ആഞ്ഞുവീശി. അഹോ! കഷ്ടം!. പുലിയാണെന്ന ശങ്കയിൽ അതിലൊരു പശുവിന്റെ തലയായിരുന്നു അയാൾ അറുത്തിട്ടതു. അവൾ അവിടെത്തന്നെ പിടഞ്ഞുവീണുമരിച്ചു. അതിനിടയിൽ വാളിന്റെ അഗ്രത്താൽ മുറിവേറ്റു് പുലിയുടെ ഒരു കാതും അടർന്നുവിണിരുന്നു. പേടിച്ചരണ്ടു് ചോരയൊലിപ്പിച്ചുകൊണ്ടു് അതും ദൂരേയ്ക്കു് പാഞ്ഞകന്നു.

രാജൻ!, പിറ്റേദിവസമായിരുന്നു താൻ കൊന്നതു് പുലിയെ അല്ലായിരുന്നുവെന്നും, പകരം വെട്ടിയറുത്തതു് തന്റെ പശുവിന്റെ ശിരശ്ശായിരുന്നുവെന്നും പൃഷധ്രൻ അറിയുന്നതു. തൊഴുത്തിൽ ചത്തുമലച്ചുകിടക്കുന്ന പശുവിനെകണ്ടു് അയാൾ ദുഃഖിതനായി. അറിയാതെയാണു് പിഴ പറ്റിയതെങ്കിലും വസിഷ്ഠമഹർഷി അവനെ ശപിക്കുകതന്നെ ചെയ്തു. നീ ചെയ്ത ഈ ഗോഹത്യയുടെ ഫലമായി ക്ഷത്രിയത്വം നശിച്ചു് ഒരു ശൂദ്രനായി ഭവിക്കുക!. എന്നദ്ദേഹം പൃഷധ്രനെ ശപിച്ചു. അയാൾ ഗുരുവിന്റെ ശാപത്തെ തൊഴുകൈയ്യോടെ സീകരിച്ചു. അന്നുമുതൽ ഇന്ദ്രിയനിഗ്രഹം ചെയ്തു് പൃഷധ്രൻ സർവ്വസംഗപരിത്യാഗമായ സന്യാസധർമ്മത്തെ സ്വീകരിച്ചു. അദ്ദേഹം ഭഗവാൻ ശ്രീവാസുദേവനിൽ ഏകാന്തഭക്തിയുള്ളവനായി. സകലജീവജാലങ്ങളുടേയും സുഹൃത്തായും, സകലബന്ധങ്ങളും വിട്ടൊഴിഞ്ഞവനായും, മനസ്സിനേയും ഇന്ദ്രയങ്ങളേയും നിയന്ത്രിച്ചു്, അപരിഗ്രഹവിധിയോടെ, യാഥൃശ്ചികമായി വന്നുചേരുന്നതുകൊണ്ടു് ജീവിതത്തെ നയിച്ചുകൊണ്ടു്, ഭഗവാനിൽ മനസ്സിനെയുറപ്പിച്ചു്, ജ്ഞാനസ്ഥനായി, ജഡാന്ധബധിരനെപ്പോലെ ഈ ഭൂമിയിലെമ്പാടും സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഒരുദിവസം, കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ ആളിക്കത്തുന്ന കാട്ടുതീയെകണ്ടു് സ്വയം അതിനുള്ളിലേക്കു് പ്രവേശിച്ചു് ശരീരത്തെ എരിച്ചുകളഞ്ഞുകൊണ്ടു് അദ്ദേഹം ജീവനെ പരമാത്മാവിലർപ്പിച്ചു.

രാജൻ!, മനുവിന്റെ ഇളയപുത്രൻ കവി ചെറുപ്പത്തിൽത്തന്നെ വിഷയത്തിൽ താല്പര്യമില്ലാത്തവനായിരുന്നു. യൌവ്വനം തുടങ്ങുന്നതിനുമുന്നേതന്നെ അദ്ദേഹം കൂട്ടുകാരുമൊത്തു് വനത്തിലേക്കു് പോകുകയും, ഹൃദയത്തിൽ പരമപുരുഷനെ ധ്യാനിച്ചു് മുക്തിയടയുകയും ചെയ്തു. രാജാവേ!, കരൂഷൻ എന്ന മനുപുത്രനിൽനിന്നും കാരൂഷന്മാരെന്ന ക്ഷത്രിയവീരന്മാരുണ്ടായി. ബ്രാഹ്മണരിൽ അത്യന്തം ഭക്തിയുള്ളവരും ധർമ്മതല്പരന്മാരുമായിരുന്ന അവർ ഉത്തരദേശങ്ങളെ പരിപാലിച്ചു. അല്ലയോ രാജൻ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു. ധൃഷ്ടൻ, അവനിൽനിന്നും ധാർഷ്ടം എന്ന ക്ഷത്രിയജാതികളുത്ഭവിക്കുകയും, അവർ പിന്നീടു് ഇവിടെ ബ്രഹ്മണ്യത്തെ പ്രാപിക്കുകയും ചെയ്തു. നൃഗൻ എന്ന മറ്റൊരു മനുപുത്രൻ സുമതി എന്ന പുത്രനെ ജനിപ്പിച്ചു. സുമതിയിൽനിന്നും ഭൂതജ്യോതിസ്സും, ഭൂതജ്യോതിസ്സിൽനിന്നും വസുവും ഉണ്ടായി. വസുവിന്റെ പുത്രനായിരുന്നു പ്രതീകൻ. അവന്റെ പുത്രൻ ഓഘവാനും. ഓഘവാന്റെ പുത്രന്റെ പേരും ഓഘവാനെന്നുതനെയായിരുന്നു. അവനെ കൂടാതെ പിതാവായ ഓഘവാനു് ഓഘവതി എന്ന ഒരു പുത്രി കൂടി ഉണ്ടായിരുന്നു. അവളെ സുദർശൻ എന്നവൻ വിവാഹം കഴിച്ചു.

രാജാവേ!, നരിഷ്യന്തൻ എന്ന മനുപുത്രന്റെ മകനായിരുന്നു, ചിത്രസേനൻ. അവന്റെ മകനായി ദക്ഷനെന്നുപേരുള്ള ഒരാൾ പിറന്നു. ദക്ഷന്റെ പുത്രനായിരുന്നു മീഢ്വാൻ. അവനിൽനിന്നു് കൂർച്ചൻ ജനിച്ചു. അവന്റെ പുത്രനായിട്ടു് ഇന്ദ്രസേനനും പിറക്കുകയുണ്ടായി. ഇന്ദ്രസേനന്റെ മകനായിരുന്നു വീതിഹോത്രൻ. അവന്റെ പുത്രൻ സത്യശ്രവനായിരുന്നു. അവന്റെ പുത്രൻ ഉരുശ്രവസ്സും, ഉരുശ്രവസ്സിൽനിന്നും ദേവദത്തനും പിറന്നു. ദേവദത്തന്റെ മകനായി അഗ്നിദേവൻ സ്വയം അഗ്നിവേശ്യൻ എന്ന നാമത്തിൽ ജനിക്കുകയുണ്ടായി. ഇദ്ദേഹം പിന്നീടു് കാനീനൻ, ജാതുകർണ്യൻ എന്നിങ്ങനെയെല്ലാം അറിയപ്പെട്ടു. അല്ലയോ രാജാവേ!, അഗ്നിവേശ്യൻ എന്ന ആ ഋഷിയിൽനിന്നും അഗ്നിവേശ്യായനം എന്നുപേരുള്ള ഒരു ബ്രാഹ്മണകുലം സംജാതമായി. രാജൻ!, ഇതോടെ ഞാൻ നരിഷ്യന്തന്റെ വംശത്തെക്കുറിച്ചു് പറഞ്ഞുകഴിഞ്ഞു. ഇനി ദിഷ്ടവംശത്തെക്കുറിച്ചു് കേട്ടുകൊള്ളുക.

ദിഷ്ടന്റെ മകനായി നാഭാഗൻ പിറന്നു. രാജൻ!, മറ്റൊരു നാഭാഗന്റെ ചരിതം ഞാൻ പിന്നീടങ്ങയോടു് പറയുന്നുണ്ടു. അവനല്ല ഈ നാഭാഗൻ എന്നറിഞ്ഞുകൊള്ളുക. ഈ നാഭാഗൻ കർമ്മം കൊണ്ടു് വൈശ്യനായി മാറി. അവന്റെ പുത്രനായിരുന്നു മലന്ദൻ. മലന്ദനിൽനിന്നും വത്സപ്രീതി ജനിച്ചു. വത്സപ്രീതിയ്ക്കു് പ്രാംശുവെന്ന ഒരു പുത്രൻ ജനിച്ചു. അവന്റെ പുത്രനായി പ്രമതി പിറന്നു. പ്രമതിയ്ക്കു് ഖനിത്രനും, ഖനിത്രനു് ചാക്ഷുഷനും, ചാക്ഷുഷനു് വിവിംശതിയും മക്കളായി പിറന്നു. രാജൻ!, വിവിംശതിയ്ക്കു് പുത്രനായി രംഭനും, അവനു് പുത്രനായി ധർമ്മിഷ്ടനായ ഖനിനേത്രനും, അവനു് പുത്രനായി കരന്ധമനും ജനിക്കുകയുണ്ടായി. കരന്ധമന്റെ പുത്രനായിരുന്നു ആവീക്ഷിത്തു്. ആവീക്ഷിത്തിനു് മരുത്തൻ പുത്രനായിപ്പിറന്നു. ഇവനെയായിരുന്നു അംഗിരസ്സുമുനിയുടെ പുത്രനായ സംവർത്തനൻ എന്ന യോഗീശ്വരൻ യജ്ഞത്തെ യജിപ്പിച്ചതു. രാജൻ!, ആ യജ്ഞത്തിനു് കിടപിടിക്കുന്ന മറ്റൊരു യജ്ഞം ഇന്നുവരെ ഉണ്ടായിട്ടില്ല. കാരണം, ആ യജ്ഞത്തിൽ എല്ലാം അത്യന്തം ശ്രേഷ്ഠവും സ്വർണ്ണമയവുമായിരുന്നു. അതിൽ ദേവേന്ദ്രൻ സോമപാനത്തിൽ വ്യാപൃതനായിരുന്നു. ബ്രാഹ്മണർക്കു് അന്നു് ധാരാളം ദക്ഷിണകൾ കിട്ടിയിരുന്നു. അവിടെ അന്നു് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നതു് മരുത്തുക്കളായിരുന്നു. എല്ലാം കണ്ടറിഞ്ഞുകൊണ്ടു് വിശ്വേദേവന്മാരും അവിടെ സദസ്സിലുണ്ടായിരുന്നു.

രാജൻ!, മേല്പറഞ്ഞ മരുത്തന്റെ പുത്രനായിരുന്നു ദമൻ. അവന്റെ പുത്രൻ രാജ്യവർദ്ധനനായിരുന്നു. അവന്റെ പുത്രനായി സുധൃതിയെന്നവൻ പിറന്നു. സുധൃതിക്കാകട്ടെ, നരൻ എന്ന ഒരുവൻ ജനിച്ചു. നരന്റെ പുത്രൻ കേവലനായിരുന്നു. അവനിൽനിന്നും ബന്ധുമാനും, ബന്ധുമാനിൽനിന്നും വേഗവാനും ജനിച്ചു. വേഗവാന്റെ പുത്രനായി ബന്ധുവെന്ന നാമത്തിൽ ഒരുവൻ പിറന്നു. അവന്റെ പുത്രനായിരുന്നു തൃണബിന്ദുവെന്ന ഒരു രാജാവു്. അഗണിതഗുണങ്ങളുടെ ഉറവിടമായ ആ തൃണബിന്ദുവിനെ അലംബുഷാ എന്ന ഒരപ്സരസുന്ദരി വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിനു് കുറെ പുത്രന്മാരും ഇഡവിഡ എന്ന ഒരു പുത്രിയും ജനിച്ചു. വിശ്രവസ്സെന്ന മഹർഷി തന്റെ പിതാവായ പുലസ്ത്യമഹഷിയിൽനിന്നും അന്തർദ്ധാനവിദ്യയെ പഠിച്ചതിനുശേഷം ഇഡവിഡയിൽ ദനദൻ എന്ന ഒരു പുത്രനു് ജന്മം നൽകി. രാജൻ!, തൃണബിന്ദുവിനും വിശാലൻ, ശൂന്യബന്ധു, ധൂമ്രകേതു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു. അതിൽ വിശാലനാകട്ടെ, രാജാവായതിനുശേഷം, വൈശാലി എന്ന പേരിൽ ഒരു പുരിതന്നെ നിർമ്മിച്ചിരുന്നു. വിശാലന്റെ പുത്രനായിരുന്നു ഹേമചന്ദ്രൻ. അവന്റെ പുത്രനായതു് ധൂമ്രാക്ഷനും. ധൂമ്രാക്ഷന്റെ പുത്രനായ സംയമനിൽനിന്നും കൃശാശ്വൻ, ദേവജൻ എന്നീ രണ്ടു് പുത്രന്മാർ ജനിച്ചു. കൃശാശ്വനിൽനിന്നും സോമദത്തൻ എന്ന ഒരു പുത്രൻ ജനിച്ചു. അവൻ അശ്വമേധയാഗത്താൽ പരമപുരുഷനെ ആരാധിച്ചവനായിരുന്നു. അതിലൂടെ അവൻ പരമഗതിയെ പ്രാപിച്ചു. സോമദത്തന്റെ പുത്രനായി സുമതി ജനിച്ചു. സുമതിയുടെ പുത്രനായിരുന്നു ജനമേജയൻ. വിശാലരാജാവിന്റെ പരമ്പരയിലുണ്ടായ ഇവരെല്ലാം തൃണബിന്ദുവിന്റെ യശസ്സിനെ നിലനിർത്തിയവരായിരുന്നു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






the decedents of manu' sons 

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...