2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച

6.18 മരുത്തുകളുടെ ഉല്പത്തി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 18
(മരുത്തുകളുടെ ഉല്പത്തി.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, സവിതാവെന്ന ആദിത്യനു് തന്റെ ഭാര്യയായ പൃശ്നിയിൽ, സാവിത്രി, വ്യാഹൃതി, ത്രയി, അഗ്നിഹോത്രി, പശുമേധം, സോമം, ചാതുർമാസ്യം, പഞ്ചമഹായജ്ഞം മുതലായ യാഗങ്ങൾ മക്കളായി ജനിച്ചു. ശ്രീമാൻ!, അതുപോലെ, ഭഗൻ എന്ന ആദിത്യന്റെ ഭാര്യ സിദ്ധിയാകട്ടെ, മഹിമ, വിഭു, പ്രഭു, ആശിസ്സ് എന്നിവർക്കും ജന്മം നൽകി. ധാതാ എന്ന ആദിത്യനു് കുഹു, സീനീവാലി, രാക, അനുമതി എന്നിങ്ങനെ നാലു് പത്നിമാരുണ്ടായിരുന്നു. അവരിൽനിന്നും യഥാക്രമം ശ്യാമം, ദർശം, പ്രാതം, പൂർണ്ണമാസം എന്നിങ്ങനെ നാലുപേർ മക്കളായി ജനിച്ചു. വിധാതാവെന്ന ആദിത്യന്റെ ക്രിയ എന്ന ഭാര്യയിൽനിന്നും പുരീഷ്യ എന്ന നാമത്തിൽ അഞ്ചു് യാഗാഗ്നികളുണ്ടായി. വരുണനെന്ന ആദിത്യന്റെ പത്നി ചർഷണിയിൽ ഭൃഗുമുനിയും പുനർജ്ജനിച്ചു. വാത്മീകത്തിൽനിന്നും വാത്മീകിയുണ്ടായി. ഋഷിമാരായ അഗസ്ത്യനും വസിഷ്ഠനും മിത്രന്റേയും വരുണന്റേയും മക്കളായി പിറന്നു. ഉർവ്വശി എന്ന അപ്സരസ്സിനെ കണ്ടു് സ്ഖലിച്ച രേതസ്സിനെ അവരിരുവരും ഒരു കുടത്തിൽ സൂക്ഷിച്ചു. അതിൽനിന്നുമാണു് അഗസ്ത്യനും വസിഷ്ഠനും ജന്മമുണ്ടായതു. മിത്രനു് രേവതിയിലുണ്ടായവരാണു് ഉത്സർഗ്ഗൻ, അരിഷ്ടൻ, പിപ്പലൻ മുതലായവർ. ഹേ വത്സാ!, പതിനൊന്നാമത്തെ അദിതീപുത്രനായ ഇന്ദ്രൻ ശചീദേവിയിൽ ജയന്തൻ, ഋഷഭൻ, മീഢുസ്സ് എന്നീ മൂന്നു് പുത്രന്മാരെ ജനിപ്പിച്ചതായി കേട്ടിരിക്കുന്നു. ഉരുക്രമനെന്നു് വിഖ്യാതനായി വാമനവേഷം പൂണ്ടെത്തിയ അദിതിയുടെ പന്ത്രണ്ടാമത്തെ പുത്രൻ തന്റെ ഭാര്യ കീർത്തിയിൽ ബൃഹത്ശ്ലോകൻ എന്ന ഒരു പുത്രനു് ജന്മം നൽകി. ബൃഹത്ശ്ലോകനു് സൌഭഗൻ ആദിയായ അനേകം പുത്രന്മാർ ജനിച്ചു. കശ്യപപുത്രനായ ആ വാമനന്റെ അവതാരവും അത്യാശ്ചര്യമായ ലീലകളും, ശക്തിയും ഞാൻ പിന്നീടു് പറയാം.

ഇനി, കശ്യപപുത്രന്മാരായ ദൈത്യന്മാരെക്കുറിച്ചു് അങ്ങയോടു് വിവരിക്കാം. ആ പരമ്പരയിലായിരുന്നു ശ്രീമാൻ പ്രഹ്ലാദൻ എന്ന ഭക്തോത്തമനും, മഹാബലിയുമൊക്കെ ജനിച്ചതു. ദിതിക്കു് രണ്ടു് പുത്രന്മാരായിരുന്നു ഉണ്ടായിരുന്നതു. ദൈത്യദാനവാദികൾ എല്ലാവരും വന്ദിച്ചിരുന്ന അവരുടെ നാമങ്ങൾ ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നായിരുന്നു. ഇവരെക്കുറിച്ചു് അങ്ങയോടു് ഞാൻ മുമ്പു് പ്രസ്താവിച്ചിട്ടുള്ളതാണു. ഹിരണ്യകശിപുവിന്റെ ഭാര്യ കയാധു എന്ന ദാനവസ്ത്രീയായിരുന്നു. ജംഭപുത്രിയായ കയാധു നാലു്പുത്രന്മാർക്കു് ജന്മം നൽകി. അവരുടെ നാമങ്ങൾ സംഹ്ലാദൻ, അനുഹ്ലാദൻ, ഹ്ലാദൻ, പ്രഹ്ലാദൻ എന്നിങ്ങനെയായിരുന്നു. ഇവരുടെ സഹോദരിയായ സിംഹിക വിപ്രചിത്തിയെ വിവാഹം കഴിച്ചു് അദ്ദേഹത്തിൽനിന്നു് രാഹു എന്ന ഒരു പുത്രനെ നേടി. രാഹു ഒരിക്കൽ ചതിയിലൂടെ അമൃതപാനം ചെയ്തുകൊണ്ടിരിക്കെ, മഹാവിഷ്ണു തന്റെ ചക്രത്താൽ അവന്റെ ശിരസ്സിനെ ഛേദിച്ചുകളഞ്ഞു. സംഹ്ലാദന്റെ പത്നി കൃതി അവനിൽനിന്നും പഞ്ചജനൻ എന്ന ഒരു പുത്രനെ സ്വീകരിച്ചു. ഹ്ലാദന്റെ പത്നി ധമനിയായിരുന്നു. അവൾ വാതാപി, ഇല്വലൻ എന്നിവർക്കു് ജന്മം നൽകി. ഒരിക്കൽ അതിഥിയായി ഇല്വലനെ സന്ദർശിച്ച അഗസ്ത്യമുനിക്കു് ഇല്വലൻ ആടിന്റെ രൂപത്തിലായിരുന്ന ആ വാതാപിയെ ആഹാരമായികൊടുത്തുകൊണ്ടു് സത്കരിച്ചു. അനുഹ്ലാദന്റെ പത്നി സൂർമ്യയായിരുന്നു. അവൾ ബാഷ്കലൻ, മഹിഷൻ എന്നിവരെ പ്രസവിച്ചു. പ്രഹ്ലാദന്റെ പുത്രനായ വിരോചനനു് പത്നിയായ ദേവിയിൽ മഹാബലി എന്ന ഒരു പുത്രൻ ജനിച്ചു. ബലിയുടെ പത്നി അശനയായിരുന്നു. അവളിൽ അദ്ദേഹം നൂറു് മക്കൾക്കു് ജന്മം കൊടുത്തു. ആയവരിൽ മൂത്തവനായിരുന്നു ബാണൻ. ബലിയുടെ കീർത്തിയെക്കുറിച്ചും ഞാൻ പിന്നീടു് അങ്ങയോടു് പറയുന്നതാണു. ബാണൻ മഹാദേവനെ ആരാധിച്ചു് അവിടുത്തെ പാർഷദന്മാരിൽ പ്രമുഖനായി മാറി. ഇപ്പോഴും മഹാദേവൻ അവന്റെ പുരത്തെ സംരക്ഷിച്ചുകൊണ്ടു് അവനോടൊപ്പം നിൽക്കുന്നു. നാൽപ്പത്തിയൊമ്പതു് മരുത്തുകളും ദിതിയുടെ പുത്രന്മാരായിരുന്നു. അവർക്കാർക്കും മക്കളുണ്ടായിരുന്നില്ല. ദിതിയുടെ പുത്രരായിരുന്നിട്ടുകൂടി ഇന്ദ്രൻ അവർക്കു് ദേവന്മാരുടെ സ്ഥാനം നൽകിയിരുന്നു.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്തു് ചോദിച്ചു: ഗുരോ!, എങ്ങനെയായിരുന്നു ദിതിയുടെ സന്താനങ്ങളായ ഈ മരുത്തുകൾ ആസുരഗുണം ഉപേക്ഷിച്ചു് ദേവേന്ദ്രനാൽ ദേവത്വം പ്രാപിച്ചതു. എന്തു് സത്പ്രവൃത്തികളായിരുന്നു ആയതിലേക്കു് അവർ അനുഷ്ഠിച്ചതു?. അല്ലയോ ബ്രഹ്മർഷേ!, എന്നോടൊപ്പം ഇവിടെകൂടിയിരിക്കുന്ന ഇവരെല്ലാം ആയതിനെ അറിയുവാൻ ഇച്ഛയുള്ളവരാണു. അതുകൊണ്ടു്, അതിനെ വിസ്തരിച്ചുപറയുവാൻ കരുണയുണ്ടാകണം.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: ഹേ ശൌനകരേ!, പരീക്ഷിത്തുന്നയിച്ച അർത്ഥവത്തായ ഈ ചോദ്യത്തെ കേട്ടു് മാനസാനന്ദത്തോടെ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടു് സർവ്വജ്ഞനായ ശ്രീശുകബ്രഹ്മർഷി ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, ഇന്ദ്രനുവേണ്ടി തന്റെ രണ്ടുമക്കളും ഭഗവാൻ വിഷ്ണുവിനാൽ കൊല്ലപ്പെട്ടതിലുള്ള ദുഃഖത്തോടും അമർഷത്തോടും ദിതി ചിലതൊക്കെ ചിന്തിച്ചുറച്ചു. സഹോദരങ്ങളായ എന്റെ രണ്ടുമക്കളേയും കൊല്ലിച്ച ദുഷ്ടനും പാപിയും ഹൃദയത്തിൽ കരുണയില്ലാത്തവനും വിഷയിയുമായ ഇന്ദ്രന്റെ മരണം കണ്ടിട്ടു് എന്നാണെനിക്കു് മനസമാധാനത്തോടെ ഒന്നുറങ്ങാൻ കഴിയുക?. രാജാവായിരുന്നാലും മരണപ്പെട്ടാൽ ഈ ശരീരം കൃമിയായും മലമായും ചാരമായും രൂപാന്തരം പ്രാപിക്കുന്നതാണു. അങ്ങനെയുള്ള ഈ ശരീരത്തെ നിലനിർത്തുവനായി സഹജീവികളെ കൊല്ലുന്നവൻ യഥാർത്ഥത്തിൽ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ അറിയുന്നവനല്ല. അന്യരെ ദ്രോഹിക്കുന്നവൻ തീർച്ചയായും നരകത്തിൽത്തന്നെ പതിക്കുന്നു. അനിത്യമായ ഈ ശരീരത്തെ നിത്യമെന്നു് കരുതുന്ന, അഹങ്കാരിയായ ഇന്ദ്രനെ ഒരു പാഠം പഠിപ്പിക്കുവാൻ തക്ക ശക്തിയുള്ള ഒരു പുത്രനെ എങ്ങനെയാണു് ഞാൻ നേടേണ്ടതു?.

ശ്രീശുകൻ തുടരുന്നു: ഹേ ഭാരതാ!, ഈ ഉദ്ദേശത്തോടുകൂടി ദിതി തന്റെ ഭർത്താവായ കശ്യപനോടു് കൂടുതൽ കൂടുതൽ അടുക്കാൻ തുടങ്ങി. രാജൻ!, അദ്ദേഹത്തിന്റെ സകല ആജ്ഞകളേയും അവൾ വേണ്ടവിധം പാലിച്ചുകൊണ്ടിരുന്നു. സ്നേഹം കൊണ്ടും, സേവനം കൊണ്ടും, വാക്കുകൾ കൊണ്ടും, നോട്ടം കൊണ്ടും അവൾ തന്റെ ഭർത്താവിന്റെ മനസ്സിനെ ആകർഷിച്ചു് അദ്ദേഹത്തെ തന്റെ വരുതിയിലാക്കി. രാജാവേ!, മഹാജ്ഞാനിയായിരുന്നിട്ടും, കശ്യപൻ അവളുടെ വൈദഗ്ദ്ധ്യമുള്ള വാക്കിലും നോക്കിലും അടിമപ്പെട്ടുപോയി. തുടർന്നു്, അവളുടെ ആഗ്രഹനിവൃത്തിയ്ക്കായി വാക്കുകൊടുക്കുകയും ചെയ്തു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ കർമ്മം യാതൊരുവിധത്തിലും ആശ്ചര്യല്ലതന്നെ. സൃഷ്ടിയുടെ തുടക്കത്തിൽ, ജീവഭൂതങ്ങളെല്ലാം ഏകാകികളായിരിക്കുന്നതായി കണ്ട ജഗത്പിതാവു് തന്റെ സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകുവാനായി ആദ്യം ചെയ്തതു്, വ്യത്യസ്ഥങ്ങളായ ആ ജീവഭൂതങ്ങളുടെയെല്ലാം പകുതിയെ സ്തീത്വമാക്കിമാറ്റുകയായിരുന്നു. അങ്ങനെ തന്റെ സൃഷ്ടിയുടെ പകുതിയാകുന്ന സ്ത്രീത്വം പ്രകൃത്യാതന്നെ ബാക്കി പകുതിയാകുന്ന പുരുഷത്വത്തിന്റെ മനസ്സിനെ വശംവദമാക്കി.

രാജൻ!, മുൻപേ പറഞ്ഞതുപോലെ, ജ്ഞാനിയായിരുന്ന കശ്യപൻ തന്റെ ഭാര്യയുടെ ശുശ്രൂഷകളിൽ സന്തുഷ്ടനായി അവളോടു് ഇങ്ങനെ പറഞ്ഞു: ഹേ സുന്ദരീ!, ഞാൻ നിന്നിൽ സപ്രീതനായിരിക്കുന്നു. എന്തു് വരമാണു് നിനക്കു് വേണ്ടതു്? ചോദിച്ചുകൊള്ളുക!. ഭർത്താക്കന്മാർ സന്തുഷ്ടരായാൽ ഭാര്യമാരുടെ ഏതിഷ്ടമാണു് ഇഹത്തിലും പരത്തിലും അസംഭവ്യമായിട്ടുള്ളതു?. ഭർത്താവു് ദൈവം നാരിമാർക്കു് എന്നു് ശാസ്ത്രം പറയുന്നു. ലക്ഷ്മീഭഗവതിയുടെ ഭർത്താവായിക്കുന്ന ഭഗവാൻ ശ്രീവാസുദേവൻ സർവ്വഹൃദയങ്ങളിലും വസിക്കുന്നു. അവനെ വിവിധ ദേവതാനാമരൂപങ്ങളിൽ സകാമകർമ്മികൾ വാഴ്ത്തുന്നു. അതുപോലെ, ഒരു ഭർത്താവു് ദൈവത്തിന്റെ പ്രതിപുരുഷനായിരുന്നുകൊണ്ടു് സ്ത്രീയാൽ ആരാധിക്കപ്പെടുന്നു. ആ‍യതിനാൽ, ശ്രേയസ്സാഗ്രഹിക്കുന്ന സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ജീവനായും ഈശ്വരനായും കണ്ടു് അനന്യഭാവത്തോടെ ആരാധിക്കുന്നു. ഹേ ഭദ്രേ!, ആവിധത്തിൽ നീ എന്നെ പരിചരിച്ചിരിച്ചതിനാൽ, പ്രതിവ്രതകളല്ലാത്തവർക്കു് ഒരിക്കലും സിദ്ധിക്കാത്ത നിന്റെ യാതൊരാഗ്രഹത്തേയും ഞാൻ നിറവേറ്റുന്നതാണു.

ഭർത്താവിന്റെ സ്നേഹസമ്പന്നമായ ഈ വാക്കുകളെ കേട്ടു് ദിതി പറഞ്ഞു: ഹേ ബ്രഹ്മസ്വരൂപാ!, മക്കൾ വധിക്കപ്പെട്ട ഒരു മാതാവാണു ഞാൻ. അങ്ങെനിക്കു് വരം നൽകാൻ സന്നദ്ധനാണെങ്കിൽ, യാതൊരിന്ദ്രൻ കാരണമായി എന്റെ രണ്ടു് മക്കളും കൊല്ലപ്പെട്ടുവോ, ആ ഇന്ദ്രന്റെ ഹന്താവും, മരണമില്ലാത്തവനുമായ ഒരു പുത്രനെ വരിക്കാൻ ഞാനാഗ്രഹിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, എന്നാൽ, ദിതിയുടെ വാക്കുകൾ കേട്ടു് സ്തബ്ധനായ കശ്യപമുനി മനസ്സാ പരിതപിച്ചുകൊണ്ടു് സ്വയം ഇങ്ങനെ പറഞ്ഞു: അഹോ കഷ്ടം!, ഇന്നിതാ ഞാൻ അധർമ്മം ചെയ്യാൻ പ്രേരിതനായിരിക്കുന്നു. കഷ്ടമായിപ്പോയി, മായ സ്ത്രീവേഷത്തിൽ വന്നു് എന്നെ വകവരുത്തിയിരിക്കുന്നു. ഇന്ദ്രിയസുഖത്തിൽ ആസക്തനായ ഞാൻ നരകത്തിൽ പതിക്കുമെന്നുള്ളതിൽ സംശയമില്ല. ഇവൾ കാട്ടിയിരിക്കുന്നതു് സ്ത്രീയുടെ സഹജമായ സ്വഭാവമാണു. അതിൽ വളെ കുറ്റം പറയാൻ പാടില്ല. എന്നാൽ, പുരുഷനായിട്ടും, അവിവേകത്താൽ ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിയാഞ്ഞ ഞാനാണു് നിന്ദ്യൻ. സ്ത്രീകളുടെ മുഖം ശരത്ക്കാലത്തിലെ താമരപോലെ സുന്ദരമാണു. വാക്കുകൾ കാതുകൾക്കമൃതമായി പെയ്തിറങ്ങുന്നു. അവരുടെ മനസ്സാകട്ടെ, കത്തിപോലെ മൂർച്ചയുള്ളതും. സത്യത്തിൽ, സ്ത്രീകളുടെ ചേഷ്ടിതത്തെ ആർക്കും അറിയാൻ കഴിയില്ല. സ്വാർത്ഥമതികളായ സ്ത്രീകൾക്കു് ആരോടും പ്രത്യേകതരമായ ഒരു സ്നേഹമില്ല. അവർ കേവലം കാര്യസാധ്യത്തിനായി സ്വന്തം ഭർത്താവിനേയോ സഹോദരനേയോ മകനേയോ കൊല്ലുവാനോ കൊല്ലിക്കുവാനോ മടിയില്ലാത്തവരാണു. വരം തന്നുകൊള്ളാമെന്നു് വാക്കു് കൊടുത്തുപോയി. ആ വാക്കു് ഒരിക്കലും വ്യർത്ഥമാകാനും പാടില്ല. അതേ സമയംതന്നെ, ഇന്ദ്രൻ വധ്യനുമല്ലതാനും. ആയതിനാൽ ഈ വിഷയത്തിൽ, എന്തെങ്കിലും പ്രതിവിധി കണ്ടേ മതിയാകൂ.

ശ്രീശുകൻ തുടർന്നു: ഹേ കുരുവംശജാ!, കശ്യപമുനി ഇങ്ങനെ ചിന്തിച്ചുറച്ചുകൊണ്ടു് അല്പം കോപത്തോടെ സ്വയത്തെത്തന്നെ നിന്ദിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: ഹേ ഭദ്രേ!, ഭവതിയുടെ ആഗ്രഹനിവൃത്തിക്കായി ഞാൻ ഒരു വ്രതത്തെ ഉപദേശിക്കാം. വിധിയാംവണ്ണം നീ അതിനെ അനുഷ്ഠിക്കുന്നപക്ഷം നിനക്കു് ഇന്ദ്രഹന്താവായ ഒരു പുത്രൻ ജനിക്കും. എന്നാൽ, ഈ വ്രതം വിഗുണമായിപ്പോയാൽ നിനക്കുണ്ടാകാൻ പോകുന്ന പുത്രൻ ദേവന്മാർക്കു് ബന്ധുവായും ഭവിക്കും.

അതുകേട്ടു് ദിതി പറഞ്ഞു: ഹേ മഹാത്മൻ!, അങ്ങുപദേശിക്കുന്ന ആ വ്രതത്തെ ധരിക്കുവാൻ ഞാൻ തയ്യാറാണു. ആയതിൽ എന്തൊക്കെയാണു് ഉചിതമെന്നും, എന്തൊക്കൊയാണു് നിഷിദ്ധമെന്നും വ്യക്തമായി പറഞ്ഞുതന്നാലും.

കശ്യപൻ പറഞ്ഞു: ഹേ ദേവീ!, പ്രാണികളെ ഹിംസിക്കുകയോ, അവരോടാക്രോശിക്കുകയോ ചെയ്യരുതു. കള്ളം പറയരുതു. നഖരോമങ്ങൾ അറുക്കാനും പാടില്ല. അതുപോലെ, മംഗളമല്ലാത്ത യാതൊന്നിനേയും സ്പർശിക്കുവാൻ കൂടി പാടില്ല. ജലായശങ്ങളിലിറങ്ങി സ്നാനം ചെയ്യരുതു. ക്രോധം ഒരിക്കലും പാടില്ല. ദുർജ്ജനങ്ങളോടൊപ്പം സംഭാഷണം അരുതു. അലക്കാത്ത വസ്ത്രമോ, ഒരിക്കൽ ചൂടപ്പെട്ട മാല്യമോ ധരിക്കാൻ പാടില്ല. ഉച്ഛിഷ്ടമോ, ഭദ്രകാളിയ്ക്കു് നിവേദിച്ച പ്രസാദമോ, ശൂദ്രനാൽ പാകപ്പെടുത്തിയതോ കൊണ്ടുവരുന്നതോ ആയ അന്നമോ, രജസ്വലമാരുടെ ദൃഷ്ടി പതിക്കപ്പെട്ട അന്നമോ ഒരിക്കലും ദേവി ഭക്ഷിക്കരുതു. അതുപോലെ, കൈകുമ്പിളിൽ ജലമെടുത്തു് പാനം ചെയ്യരുതു. ആഹരിച്ചതിനുശേഷം വായും കൈകാലുകളും കഴുകാതെയോ, സന്ധ്യയ്ക്കുശേഷമോ, അഴിച്ചിട്ട മുടിയോടുകൂടിയോ, ആഭരണങ്ങളണിയാതെയോ, ശരീരം വസ്ത്രത്താൽ പൂർണ്ണമായി മറയ്ക്കപ്പെടാതെയോ വീട്ടിൽനിന്നും പുറത്തിറങ്ങി നടക്കാൻ പാടില്ല. കാല്പാദങ്ങൾ കഴുകാതെയും, ശരീരം ശുദ്ധമാക്കാതെയും, നനഞ്ഞ കാലുകൾ തോർത്താതെയും, വടക്കോട്ടോ പടിഞ്ഞാറോട്ടോ ആയി തലവച്ചും, പരജനങ്ങളോടുകൂടിയും, നഗ്നയായിട്ടും, ഇരുസന്ധ്യകളിലും ഉറങ്ങുകയരുതു.

കുളിച്ചു് ശുദ്ധയായി, അലക്കിയ വസ്ത്രം ധരിച്ചുകൊണ്ടു്, സർവ്വമംഗളങ്ങളും ചേർന്നുകൊണ്ടു്, പ്രാതൽ കഴിക്കുന്നതിനുമുമ്പ്, പശുവിനേയും, ലക്ഷ്മീഭഗവതിയേയും, ഭഗവാനേയും പൂജിക്കണം. പൂമാല, കുറിക്കൂട്ടു് ആദിയായ വസ്തുക്കളോടുകൂടി സുമംഗലികളായ സ്ത്രീകളെ അർച്ചിക്കണം. ഒപ്പം ഭർത്താവിനേയും നന്നായി വണങ്ങുക. അദ്ദേഹത്തെ തന്റെ ഗർഭത്തിൽ പ്രവേശിച്ചവനായി കണ്ടാരാധിക്കണം. പുംസവനം എന്ന ഈ വ്രതത്തെ പിഴകൂടാതെ ഒരുവർഷക്കാലം നീ നോറ്റുകഴിഞ്ഞാൽ നിനക്കു് ഇന്ദ്രനെ ഹനിക്കുവാൻ പ്രാപ്തനായ ഒരു പുത്രൻ പിറക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, കശ്യപമുനി പറഞ്ഞ സകല വിധികളും സ്വീകരിച്ചുകൊണ്ടു് സധൈര്യം ദിതി അദ്ദേഹത്തിന്റെ ഗർഭത്തെ ധരിച്ചുകൊണ്ടു് യഥാവിധി ആ വ്രതം ആരംഭിച്ചു.

രാജൻ!, ദിതിയുടെ ഉദ്ദേശത്തെ പൂർണ്ണമായും മനസ്സിലാക്കിയ ബുദ്ധിമാനായ ദേവേന്ദ്രൻ സ്വരക്ഷാർത്ഥം കശ്യപന്റെ ആശ്രമത്തിലെത്തി ചിറ്റമ്മയായ ദിതിയെ ശുശ്രൂഷയോടു് പരിചരിക്കുവാൻ തുടങ്ങി. അദ്ദേഹം ദിവസവും കാട്ടിൽ പോയി പൂജയ്ക്കുള്ള പുഷ്പങ്ങളും ചമതയും മറ്റു് ദ്രവ്യങ്ങളും ശേഖരിച്ചു് യഥാസമയങ്ങളിൽ എത്തിച്ചുകൊടുത്തു. രാജൻ!, ദിതിയുടെ വ്രതത്തിനു് ഏതെങ്കിലും വിധത്തിൽ ഭംഗം വരുത്തുവാനായി തക്കം പാർത്തുകൊണ്ടു് ഇന്ദ്രൻ കുടിലതന്ത്രത്തോടുകൂടി, മാനിന്റെ വേഷമണിഞ്ഞ വേട്ടക്കാരനെപ്പോലെ, അവളെ പരിചരിച്ചുപോന്നു. പക്ഷേ ഏറെ കാത്തിരുന്നിട്ടും ദിതിയുടെ വ്രതത്തിനു് ഭംഗം വരുത്തുവാൻ കഴിയാതെ വന്നപ്പോൾ, അതിനുള്ള ഗൂഢമായ വഴികളെക്കുറിച്ചു് ഇന്ദ്രൻ ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരിക്കൽ, വ്രതാനുഷ്ഠാനത്തിൽ തളർന്നുപോയ ദിതി, അശുദ്ധയായി, പദമുക്ഷാളനം ചെയ്യാതെ ഒരു സന്ധ്യാവേളയിൽ അല്പമൊന്നുറങ്ങിപ്പോയി. ആ തക്കം നോക്കി, യോഗവിദ്യയിൽ നിപുണനായ ഇന്ദ്രൻ തന്റെ മായാശക്തിയാൽ, ബോധമില്ലാതെ കിടന്നുറങ്ങുകയായിരുന്ന ദിതിയുടെ ഉദരത്തിലേക്കു് പ്രവേശിച്ചു. അതിനുശേഷം, സ്വർണ്ണം പോലെ തിളങ്ങിക്കൊണ്ടിരുന്ന ദിതിയുടെ ഗർഭത്തെ തന്റെ വജ്രം കൊണ്ടു് ഏഴായി മുറിച്ചു. തുടർന്നു്, കരഞ്ഞുകൊണ്ടിരുന്ന ആ ഭ്രൂണങ്ങളോടു് കരയാതെ എന്നുപറഞ്ഞുകൊണ്ടു് ഓരോന്നിനേയും വീണ്ടും ഏഴേഴായി മുറിച്ചു. ഹേ രാജൻ!, നുറുങ്ങപ്പെട്ടുകൊണ്ടിരിക്കെ, അവർ ഇന്ദ്രോനോടു് ചോദിച്ചു: ഹേ ദേവേന്ദ്രാ!, അങ്ങയുടെ സഹോദരങ്ങളായ ഞങ്ങൾ മരുത്തുകളെ എന്തിനാണങ്ങിങ്ങനെ ദ്രോഹിക്കുന്നതു?. അതുകേട്ടു് ഇന്ദ്രൻ അവരോടു് പറഞ്ഞു: നിങ്ങൾ എന്റെ സഹോദരങ്ങളാണെങ്കിൽ നിങ്ങൾക്കൊരിക്കലും എന്നെ പേടിക്കേണ്ടതില്ല.

ഹേ രാജാവേ!, ഇന്ദ്രന്റെ വജ്രായുധത്താൽ തുണ്ടം തുണ്ടമായി മുറിക്കപ്പെട്ടിട്ടും, അങ്ങു് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്താലെന്നതുപോലെ, ശ്രീനിവാസന്റെ അനുകമ്പയാൽ ആ മരുത്തുകൾക്കു് മരണമുണ്ടായില്ല. ഹേ രാജൻ!, ഒരു നിമിഷനേരേത്തേയ്ക്കുപോലും ഭഗവാനെ ആരാധിക്കുന്നവർക്കു് യാതൊരാപത്തും സംഭവിക്കുകയില്ല. ഇവിടെ ദിതി ഏകദേശം ഒരുവർഷത്തോളം കാലമല്ലേ ഭഗവാൻ ശ്രീഹരിയെ കഠിനവ്രതത്താൽ ആരാധിച്ചതു. രാജാവേ!, അങ്ങനെ ഇന്ദ്രനോടൊപ്പം ആ മരുത്തുകൾ അമ്പതുപേരായി ദിതിയുടെ ജഠരത്തിൽനിന്നും പുറത്തുവന്നു. ദിതിയുടെ ഗർഭത്തിൽ പിറന്നവരാണെങ്കിലും ഭഗവദ്കാരുണ്യത്താൽ അവർ ദേവന്മാരുടെ സ്ഥാനത്തിനർഹരാകുകയും ചെയ്തു. ദിതിയാകട്ടെ, ഇന്ദ്രനോടൊപ്പം അഗ്നിയെപ്പോലെ തിളങ്ങുന്ന തന്റെ പുത്രന്മാരെ കണ്ടു് മനം കുളിർക്കെ സന്തോഷിച്ചു. അനന്തരം അവൾ ഇന്ദ്രനോടിപ്രകാരം പറഞ്ഞു: കുഞ്ഞേ!, അദിതിയുടെ പുത്രന്മാർക്കു് ശത്രുവായി ഭവിക്കേണ്ട ഒരു സന്താനത്തെ മാത്രം ആഗ്രഹിച്ചുകൊണ്ടായിരുന്നു അതികഠിനമായ ഈ വ്രതത്തെ ഞാനനുനുഷ്ഠിച്ചതു. ഒരു പുത്രനെ മാത്രം സങ്കല്പിച്ച എനിക്കു് നാല്പത്തിയൊമ്പതു് മക്കൾ എങ്ങനെയാണുണ്ടായതു?. നിനക്കറിയാമെങ്കിൽ എന്നോടു് സത്യം പറയുക. കള്ളം പറയരുതു

അതുകേട്ടു് ഇന്ദ്രൻ പറഞ്ഞു: അമ്മേ!, ഞാൻ അവിടുത്തെ ഉദ്ദേശത്തെ മനസ്സിലാക്കികൊണ്ടുതന്നെയായിരുന്നു ആശ്രമത്തിലെത്തിയതു. സ്വാർത്ഥരായവർ ധർമ്മത്തെയെങ്ങനെയറിയാൻ?. ഒരിക്കൽ, കിട്ടിയ അവസരത്തെ ഉപയോഗിച്ചുകൊണ്ടു് ഞാൻ അവിടുത്തെ ജഠരത്തിൽ കടന്നു അമ്മയുടെ ഗർഭത്തെ ഛേദിച്ചു. ആദ്യം ആ ഗർഭത്തെ ഞാൻ ഏഴായി ഛിദ്രിച്ചു. പിന്നീടു് അവയോരോന്നിനേയും ഏഴേഴേയായി വീണ്ടും മുറിച്ചു. എന്നാൽ ആരും തന്നെ മരിക്കുകയുണ്ടായില്ല. അതിൽ ആശ്ചര്യഭരിതനായ എനിക്കു്, അമ്മ ശ്രീഹരിയെ ആരാധിച്ചതിലുണ്ടായ ആ ഫലസിദ്ധിയെ അറിയാൻ കഴിഞ്ഞു. നിഷ്കാമന്മാരായി ആ പരമപുരുഷനെ ആരാധിക്കുന്നവർ മോക്ഷത്തെപ്പോലും ആഗ്രഹിക്കുന്നില്ല. എന്നാൽ അങ്ങനെയുള്ളവരാണു് സ്വാർത്ഥകുശലന്മാരെന്നു് കരുതപ്പെടേണ്ടതു. അമ്മേ!, സ്വയം തന്നെക്കൂടി പ്രദാനം ചെയ്യുന്നവനും, ജഗത്തിന്റെയെല്ലാം നാഥനുമായ ഈശ്വരനോടു്, നരകത്തിൽ പോലും സുലഭമായ, വിഷയസുഖത്തെ വരിക്കുന്നവൻ അജ്ഞാനിയാണു. അമ്മേ!, അവിടുത്തോടു് മൂഢനായ ഞാൻ കാട്ടിയ ഈ ദുഃഷ്ടതയെ പൊറുത്തരുളുക. ഭഗവദ്പ്രേമത്താൽ അവിടുത്തെ സന്താനങ്ങൾക്കാപത്തൊന്നും സംഭവിച്ചില്ലല്ലോ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ശുദ്ധമനസ്സിന്നുടമയായ ദിതി ഇന്ദ്രനിൽ സന്തുഷ്ടയായി. ശേഷം അവളോടു് യാത്രാമൊഴി ചൊല്ലി തന്റെ സഹോദരങ്ങളായ നല്പത്തിയൊമ്പതു് മരുത്തുകൾക്കൊപ്പം ദേവേന്ദ്രൻ സ്വർഗ്ഗത്തിലേക്കു് യാത്രയായി. ഹേ പരീക്ഷിത്തു് രാജൻ!, അങ്ങു് ചോദിച്ച ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഇതിനകം ഞാൻ പറഞ്ഞുകഴിഞ്ഞു. ഇനി എന്താണു് ഞാൻ അങ്ങയോടു് പറയേണ്ടതു?.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.




Previous    Next





The birth of Maruth

2019 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

6.17 ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 17
(ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ മഹാരാജാവേ!, ഭഗവാൻ സങ്കർഷണമൂർത്തി മറഞ്ഞരുളിയ ദിശയിലേക്കു് നോക്കി നമസ്ക്കാരം ചെയ്തതിനുശേഷം, വിദ്യാധരനായ ചിത്രകേതു ആകാശമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മുനിമാരാലും സിദ്ധചാരണന്മാരാലും അദ്ദേഹം സ്തുതിക്കപ്പെട്ടവനായി. വിദ്യാധരസ്ത്രീകളെക്കൊണ്ടു് ഭഗവാൻ ഹരിയുടെ ഗുണഗാനങ്ങൾ അദ്ദേഹം ചെയ്യിച്ചു. സങ്കല്പമാത്രത്താൽതന്നെ അദ്ദേഹത്തിനു് സർവ്വതും സിദ്ധമാകുമായിരുന്നു. അങ്ങനെ യോഗിവര്യനായി ഭവിച്ച ചിത്രകേതു അനേകലക്ഷം വർഷക്കാലത്തോളം ഉറച്ച ദേഹേന്ദ്രിയശക്തികളോടുകൂടി കുലഗിരികളുടെ താഴ്വാരത്തിൽ വിഹരിച്ചു.

ഒരിക്കൽ വിഷ്ണുദത്തമായ തന്റെ വിമാനത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ധന്മാരാലും ചാരണന്മാരാലും പരിസേവ്യനായി വിളങ്ങുന്ന മഹാദേവനെ കാണാനിടയുണ്ടായി. പാർവ്വതീദേവി ആ സംയത്തു് മുനിമാരുടെ സാന്നിധ്യത്തിൽ മഹാദേവന്റെ ലാളനകളേറ്റുവാങ്ങിക്കൊണ്ടു് ആ തിരുമടിയിൽ വിശ്രമിക്കുകയായിരുന്നു. അതുകണ്ട ചിത്രകേതു ദേവി കേൾക്കത്തന്നെ മഹാദേവനെ പരിഹസിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഇദ്ദേഹം ശരീരികൾക്കു് ധർമ്മമുപദേശിക്കുന്ന സാക്ഷാത് ജഗദ്ഗുരുവത്രേ!. അതേസമയം, ഇന്നിതാ പ്രധാനികളുടെ സദസ്സിൽ വച്ചു് ഭാര്യയെ ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു. മഹാതപസ്വിയും ബ്രഹ്മവാദിയും ഋഷികളുടെ പതിയുമായ ഇദ്ദേഹം പ്രാകൃതനായി പെണ്ണിനേയും മടിയിൽ വച്ചു് നാണമില്ലാതെയിരിക്കുന്നു. പ്രാകൃതരായ മനുഷ്യർ പോലും ഏകാന്തതയിൽ മാത്രം ചെയ്യുന്ന ഈ പ്രവൃത്തി ബ്രഹ്മചര്യനിഷ്ഠയുള്ള ഇദ്ദേഹം ഇതാ നിറഞ്ഞ സഭയിൽ വച്ചു് കാട്ടുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇതുകേട്ടു് ഭഗവാൻ നന്നായൊന്നു് ചിരിച്ചതിനുശേഷം, മൌനിയായിത്തന്നെ ഇരുന്നു. മാത്രമല്ലാ, സഭയിലെ മറ്റുള്ളവരും അതുതന്നെ ചെയ്തു. എന്നാൽ, ഭഗവാന്റെ മഹിമയെ ഉള്ളവണ്ണമറിയാതെ തന്തിരുവടിയെ അപാമാനിച്ചുകൊണ്ടുനിൽക്കുന്നവനും ജിതേന്ദ്രിയനെന്നു് സ്വയം അഭിമാനിക്കുന്നവനുമായ ചിത്രകേതുവിനോടു് കോപത്തോടെ ദേവി പറഞ്ഞു: ഇവനാണോ ഇപ്പോൾ ദുഷ്ടരും നിർല്ലജ്ജരുമായ ലോകത്തിനു് ശാസിതാവും ശിക്ഷാധികാരിയും ഈശ്വരനായുമൊക്കെ നിയമിക്കപ്പെട്ടവൻ?. ബ്രഹ്മാവും ഭൃഗുവും നാരദരും സനത്കുമാരന്മാരും മനുവുമൊക്കെ ഇപ്പോൾ ധർമ്മത്തെ അറിയുന്നില്ലെന്നാണോ? ശാസ്ത്രാനുചാരിയല്ലാത്ത ശിവനെ അവരാരും വിരോധിക്കാത്തതെന്തു്?. അരുടെ പദതാരിണകളാണോ അവർ നിത്യവും ധ്യാനിക്കുന്നതു്, മംഗളമൂർത്തിയായ ആ ലോകഗുരുവിനെ ക്ഷത്രിയനായ ഒരുത്തൻ വന്നു് സ്വയം ഊറ്റം കൊണ്ടുകൊണ്ടു് തരം താഴ്ത്തി ഗുണദോഷിക്കുന്നു. ആയതിനാൽ ഇവൻ ശിക്ഷാർഹൻതന്നെ. അഹങ്കാരിയും ദുർമ്മതിയുമായ ഇവൻ, സത്തുക്കളാൽ ഉപാസിതമായ ഹരിയുടെ ചെന്താരടികളെ പ്രാപിക്കാൻ ഒട്ടുംതന്നെ യോഗ്യനല്ല. അതുകൊണ്ടു് ഹേ ദുർമതേ!, നീ പോയി പാപമേറിയ അസുരയോനിയിൽ ജനിക്കുക. മകനേ!, ആയതിലൂടെ നീ ഇനിയൊരിക്കലും മഹാത്മാക്കൾക്കുനേരേ വിരൽചൂണ്ടാതിരിക്കട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, അനന്തരം, ചിത്രകേതു, താൻ ശപിക്കപ്പെട്ടതുകേട്ടു് വിമാനത്തിൽനിന്നുമിറങ്ങിവന്നു് ദേവിയുടെ തിരുമുമ്പിൽ നമസ്ക്കരിച്ചുകൊണ്ടു് അവളെ പ്രസാദിപ്പിച്ചു. അമ്മേ!, അങ്ങരുളിയ ശാപത്തെ ഞാൻ തൊഴുകൈയ്യോടെ സ്വീകരിക്കുന്നു. കാരണം, ദേവന്മാരിൽനിന്നും മനുഷ്യർക്കുണ്ടാകുന്ന സുഖദുഃഖങ്ങൾ അവന്റെ കർമ്മഫലമായാണു് സംഭവിക്കുന്നതു. ആത്മജ്ഞാനമില്ലാത്ത ജീവന്മാർ ഇങ്ങനെ സംസാരത്തിലുഴന്നുകൊണ്ടു് സുഖദുഃഖങ്ങളെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. സുഖദുഃഖങ്ങളുടെ കർത്താക്കൾ താനോ പരനോ അല്ല. സുഖദുഃഖങ്ങളുടെ കർതൃത്വം സ്വയം എറ്റെടുക്കുകയോ പരനിൽ ആരോപിക്കുകയോ ചെയ്യുന്നതു് അജ്ഞാനികളാണു. ത്രിഗുണങ്ങളുടെ കുത്തൊഴുക്കാകുന്ന ഈ സംസാരത്തിൽ ശാപമെന്തു്? അനുഗ്രഹമെന്തു്?; സ്വർഗ്ഗമേതു്? നരകമേതു്?; സുഖമെന്തു് ദുഃഖമെന്തു്?. ഏകനായ ഈശ്വരൻ തന്റെ മായാശക്തിയാൽ ഭൂതങ്ങളെ സൃഷ്ടിക്കുന്നു. ആ മാ‍യയ്ക്കധീനമായി അവയ്ക്കു് ബന്ധവും, മോക്ഷവും, സുഖവും, ദുഃഖവും ഉണ്ടാകുന്നു. എന്നാൽ, ഈശ്വരനാകട്ടെ, ദ്വന്ദ്വാതീതനായി നിലകൊള്ളുകയും ചെയ്യുന്നു. എല്ലാറ്റിലും സമനായിരിക്കുന്ന അവനു് പ്രിയനായോ, അപ്രിയനായോ, ബന്ധുവായോ, ശത്രുവായോ, പരനായോ, സ്വകീയനായോ ആരുംതന്നെയില്ല. സുഖത്തിൽ അവനു് ആശയുമില്ല. അങ്ങനെയെങ്കിൽ ദ്വേഷം എങ്ങനെയുണ്ടാവാനാണു?. എന്നിരുന്നാലും, അവന്റെ മായാശക്തിയാലുണ്ടാകുന്ന പ്രാരബ്ദകർമ്മങ്ങൾ ഭൂതങ്ങൾക്കു് സുഖദുഃഖങ്ങളും ഇഷ്ടാനിഷ്ടങ്ങളും ബന്ധമോക്ഷങ്ങളും ജനനമരണങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. അതുകൊണ്ടു്, അല്ലയോ ഭാമിനീ!, ശാപമോക്ഷം ആഗ്രഹിക്കുന്നില്ലെങ്കിലും, ഭവതിയെ ഞാൻ പ്രസാദിപ്പിച്ചുകൊള്ളുന്നു. എന്റെ വാക്കുകൾ ദേവിയെ പ്രകോപിപ്പിച്ചുവെങ്കിൽ, പതിവ്രതാരത്നമായ അമ്മേ!, അവിടുന്നു് അതു് പൊറുക്കുമാറാകണം.

ശ്രീശുകൻ പറഞ്ഞു: ഹേ അരിന്ദമാ!, ഇങ്ങനെ ചിത്രകേതു മാപ്പപേക്ഷിച്ചുകൊണ്ടു് പാർവ്വതീപരമേശ്വരന്മാരെ സമ്പ്രീതരാക്കി. അത്ഭുതപാരവശ്യത്തോടുകൂടി അവരിരുവരും നോക്കിനിൽക്കെ, ചിത്രകേതു തന്റെ വിമാനത്തിൽ കയറി അവിടെനിന്നും യാത്രയായി. അതിനുശേഷം, മഹാദേവൻ, ദേവർഷിമാരും, അസുരന്മാരും, സിദ്ധന്മാരും, പാർഷദന്മാരും മറ്റും കേൾക്കെത്തന്നെ ദേവിയോടു് ഇങ്ങനെ അരുളിച്ചെയ്തു: ഹേ ദേവീ!, സ്വർഗ്ഗത്തേയും നരകത്തേയും മോക്ഷത്തെതന്നെയും തുല്യമായി കാണുന്ന ഹരിഭക്തന്മാർ ഒരിക്കലും ഒന്നിനാലും ഭയക്കുന്നവരല്ല. ശരീരികൾക്കു് ദേഹസംയോഗംകൊണ്ടു്, ഈശ്വരമായയാൽ സുഖദുഃഖങ്ങൾ, ജനനമരണങ്ങൾ, ശാപാനുഗ്രഹങ്ങൾ മുതലായ ദ്വന്ദ്വങ്ങൾ വന്നുഭവിക്കുന്നു. സ്വപ്നത്തിൽ സുഖദുഃഖങ്ങളനുഭവിക്കുന്നതുപോലെയോ, പൂമാലയിലും മറ്റും സർപ്പത്തെ ദർശിക്കുന്നതുപോലെയോ, അജ്ഞാനം നിമിത്തം, സുഖം, ദുഃഖം മുതലായ അനുഭവങ്ങളിൽ ജീഭഭൂതങ്ങൾ ഗുണവും ദോഷവും നോക്കിക്കാണുന്നു. ഭഗവദ്ഭക്തന്മാർക്കും, അതുപോലെ, ജ്ഞാനം, വൈരാഗ്യം മുതലായ ഗുണങ്ങളുടെ ബലമുള്ളവർക്കും ഈ ലോകത്തിൽ പ്രത്യേകിച്ചു് നേടേണ്ടതായ ഒന്നുംതന്നെയില്ല. ഭഗവാൻ ഹരിയുടെ മഹിമയെ ഞാനോ, ബ്രഹ്മദേവനോ, സനത്കുമാരരോ, നാരദരോ, മുനിമാരോ, ഋഷിവര്യരോ, ദേവരോ പോലും അറിയുന്നില്ല അങ്ങയെങ്കിൽ, അവിടുത്തെ അംശാംശങ്ങളായിരിക്കെ, സ്വയം ഈശ്വരരെന്നു് വിശ്വസിക്കുന്നവരുടെ കഥ എന്തുപറയാനാണു?. ശ്രീഹരിക്കു് പ്രിയനായോ, അപ്രിയനായോ, സ്വന്തക്കാരനായോ, അന്യനായോ ഇവിടെ ആരുംതന്നെയില്ല. എന്നാൽ, അവനാകട്ടെ, സകല പ്രാണികളുടേയുമുള്ളിൽ പരമാത്മാവായി വർത്തിച്ചുകൊണ്ടു് അവർക്കെല്ലാം പ്രിയങ്കരനായുമിരിക്കുന്നു. മഹാഭാഗനായ ഈ ചിത്രകേതു ശ്രീഹരിയുടെ ദാസനാണു. ആയതിനാൽ അവന്റെ മനസ്സ് സദാ ശാന്തവും സമദൃക്‌കുമായിരിക്കുന്നു. അതുപോലെ, ഞാനും ആ പരമപുരുഷന്റെ പ്രീതി നേടിയവനാകുന്നു. ആയതിനാൽ, സമദർശികളും ശാന്തസ്വഭാവികളും ശ്രീഹരിയുടെ ഭക്തന്മാരുമായിരിക്കുന്ന മഹാത്മാക്കളിൽ കോപം പ്രകടിപ്പിക്കുവാൻ പാടില്ല.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, മഹാദേവന്റെ ഈ ഉപദേശത്താൽ കോപമടക്കി ദേവി ശാന്തസ്വരൂപിണിയായി ഭവിച്ചു. തിരിച്ചു് ശപിക്കുവാൻ ശക്തനായിരുന്നിട്ടുകൂടി ഭക്തോത്തമനായ ചിത്രകേതു ദേവിയുടെ ശാപത്തെ ശിരസ്സാവഹിക്കുകയാണുണ്ടായതു. രാജൻ!, ആതാണു് സാധുക്കളുടെ ലക്ഷണം എന്നു് മനസ്സിലാക്കുക. അങ്ങനെയായിരുന്നു, ജ്ഞാനവിജ്ഞാനസംയുക്തനായ ചിത്രകേതു ദാനവയോനിയെ അവലംബിച്ചു് വൃത്രൻ എന്ന പേരിൽ വിഖ്യാതനായി ത്വഷ്ടാവിന്റെ യജ്ജവേദിയിലെ അഗ്നിയിൽ പിറന്നതു. ആസുരയോനിയിൽ പിറന്ന അവനു് എങ്ങനെയായിരുന്നു ഭഗവാനിൽ ഭക്തിയുണ്ടായതു് എന്ന ആങ്ങയുടെ ചോദ്യത്തിനുത്തരം ഇതോടുകൂടി ഞാൻ പറഞ്ഞുകഴിഞ്ഞു. ഹേ രാജൻ!, മഹാത്മാവായ ചിത്രകേതുവിന്റെ ചരിതത്തേയും, ഭഗവദ്ഭക്തന്മാരുടെ മാഹാത്മ്യത്തേയും കേൾക്കുന്നവൻ സംസാരത്തിൽനിന്നും മോചിക്കപ്പെടുന്നതാ‍ണു. ദിനവും പ്രഭാതത്തിലെഴുന്നേറ്റു് ശ്രീഹരിയെ ധ്യാനിച്ചുകൊണ്ടു് ഈ ചരിതം പാരായണം ചെയ്യുന്നവൻ പരമമായ ഗതിയെ പ്രാപിക്കുന്നതാണു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Devi Parvathi curses Chitraketu

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...