2019 ജൂൺ 9, ഞായറാഴ്‌ച

5.15 പ്രിയവ്രതവംശപരമ്പര


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 15
(പ്രിയവ്രതവംശപരമ്പര)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഭരതമഹാരാജാവിന്റെ പുത്രനായ സുമതി ഭഗവദവതാരമായ ഋഷഭദേവന്റെ ശിഷ്യനായിരുന്നു. എന്നാൽ കലിയുഗത്തിൽ സ്വാർത്ഥമതികളായ ചില പാഷണ്ഡികൾ അദ്ദേഹത്തെ അനാര്യന്മാരായ ദേവതകളിലൊന്നായി കണക്കാക്കുന്നു. സുമതിക്ക് തന്റെ പത്നിയായ വൃദ്ധസേനയിൽ ദേവതാജിത്ത് എന്ന ഒരു പുത്രനുണ്ടായി. ദേവജിത്തിന് തന്റെ ഭാര്യ ആസുരിയിൽ ദേവദ്യുംനൻ എന്ന നാമധേയത്തിൽ ഒരു പുത്രൻ ജനിച്ചു. ദേവദ്യുംനന് തന്റെ പത്നി ധേനുമതിയിൽ പരമേഷ്ഠി എന്ന ഒരു പുത്രനുണ്ടായി. പത്നി സുവർച്ചലയിൽ പരമേഷ്ഠിക്കുണ്ടായ പുത്രനായിരുന്നു പ്രതീഹൻ. പ്രതീഹരാജാവ് ആത്മസാക്ഷാത്കാരസാധനയെ പ്രചരിപ്പിക്കുന്നതിൽ തല്പരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഹരിയുടെ പരമഭക്തനും ജീവന്മുക്തനുമായിരുന്നു. പ്രതീഹന് മൂന്നു പുത്രന്മാരായിരുന്നു. അവർ യഥാക്രമം പ്രതിഹർത്താവ്, പ്രസ്തോതാവ്, ഉദ്ഗാതാവ് എന്നറിയപ്പെട്ടു. അവർ ധാരാളം വേദയജ്ഞങ്ങളെ ആചരിക്കുകയുണ്ടായി. പ്രതിഹർത്താവിന് തന്റെ ഭാര്യ സൂതിയിൽ അജൻ, ഭൂമാൻ എന്നീ രണ്ടു പുത്രന്മാർ ജനിച്ചു. ഋഷികുല്യയുടെ ഗർഭത്തിൽ ഭൂമാന് ഉദ്ഗീതൻ എന്നൊരു പുത്രനുണ്ടായി. ഉദ്ഗീതന് തന്റെ പത്നി ദേവകുല്യയിൽ പ്രസ്താവൻ എന്ന പുത്രൻ ജനിച്ചു. തന്റെ ഭാര്യയായ നിയുസ്തയിൽ പ്രസ്താവൻ വിഭു എന്ന ഒരു പുത്രന് ജന്മം നൽകി. വിഭുവിന് മകനായി അദ്ദേഹത്തിന്റെ ഭാര്യയിൽ പൃതുസേനൻ ജനിച്ചു. പൃതുസേനന് ആകൂതി എന്ന തന്റെ പത്നിയിൽ നക്തൻ എന്ന പുത്രൻ ജനിക്കുകയുണ്ടായി. നക്തന്റെ പത്നിയായിരുന്നു ദ്രുതി. അവളിൽനിന്നും മഹാനായ ഗയരാജൻ ജനിച്ചു. ഗയൻ അതിപ്രശസ്തനായ ഒരു രാജർഷിയായിരുന്നു. ഭഗവദ്കലകളുടെ വിശുദ്ധസത്വഗുണത്തിൽ അധിഷ്ഠിതനായ ഭൂപതിയായിരുന്നു ഗയമഹാരാജാവ്. തികച്ചും ഭഗവദവതാരവും ആത്മജ്ഞാനിയുമായിരുന്ന ഗയമഹാരാജാവ് മഹാപുരുഷൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടു.

ഗയൻ പ്രജാപരിപാലനത്തിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം തന്റെ പ്രജകളുടെ പോഷണാദി സകലക്ഷേമങ്ങളും സദാ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. അവർക്ക് ഇടയ്ക്കിടെ പലതരം ഉപഹാരങ്ങളും അദ്ദേഹം നൽകിയിരുന്നു. ഗയൻ മഹാസഭകൾ വിളിക്കുകയും തന്റെ പ്രജകളെ ഉപദേശിക്കുകയും അവരോട് നേരിട്ട് സംവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം നല്ല ഒരു ഗൃഹസ്ഥാശ്രമി കൂടിയായിരുന്നു. എല്ലാറ്റിനുമുപരി ഗയരാജാവ് തികഞ്ഞ ഹരിഭക്തനായിരുന്നു. ഇങ്ങനെ സർവ്വഗുണസമ്പന്നനായ അദ്ദേഹത്തെ ലോകം മഹാപുരുഷനെന്ന് സംബോധന ചെയ്തു. അദ്ദേഹം എപ്പോഴും മറ്റ് ഭക്തന്മാർക്കൊപ്പം ഭഗവദാരാധനയിൽ മുഴുകി ജീവിച്ചു. ശരീരം താനാണെന്ന മിഥ്യാബോധത്തിൽനിന്നും മുക്തനായി സദാ ബ്രഹ്മത്തിൽ മുഴുകി അദ്ദേഹം ആത്മാനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഒരിക്കലും ഭൌതികസുഖദുഃഖങ്ങളിൽ ഭ്രമിച്ചിരുന്നില്ല. സർവ്വോത്തമനായ ഗയരാജന് തന്റെ സത്ഗുണങ്ങളിൽ അഹങ്കാരമോ അഥവാ രാജ്യഭരണത്തിൽ അത്യാർത്തിയോ ഉണ്ടായിരുന്നില്ല.

ഹേ പരീക്ഷിത്ത് രാജൻ!, ഗയൻ യജ്ഞശീലനായ മഹാത്മാവും സർവ്വവേദപണ്ഡിതനുമായിരുന്നു. ധർമ്മപാലനതല്പരനും സർവൈശ്വര്യങ്ങൾ നിറഞ്ഞ കുലീനനും ഭഗവദ്ഭക്തോത്തമനുമായിരുന്നു ഗയരാജൻ. ഗയരാജാവ് ഭഗവദവതാരം തന്നെയെന്ന് മനസ്സിലാക്കൊക്കൊള്ളുക. അതുകൊണ്ട് അദ്ദേഹത്തിന് തുല്യൻ അദ്ദേഹം മാത്രം. സാധ്വീമണികളായ ദക്ഷകന്യകമാർ അദ്ദേഹത്തെ പുണ്യതീർത്ഥങ്ങൾകൊണ്ട് ദിനവും അഭിഷേകം ചെയ്യുമായിരുന്നു. ഭൂമി ഗോരൂപത്തിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായി, തന്റെ കുട്ടിക്കിടാവിനെ കണ്ട സന്തോഷത്തിലെന്നപോലെ, ഗയമഹാരാജാവിന്റെ മഹത്വത്തെ കണ്ട് തന്റെ ദുഗ്ദ്ധം ചുരക്കുകയുണ്ടായി. അതിലൂടെ നിസ്വാർത്ഥനായ അദ്ദേഹം തന്റെ പ്രജകളെ അത്യധികം സന്തോഷിപ്പിച്ചു. സത്യത്തിൽ ആഗ്രഹിക്കാതെതന്നെ സകലൈശ്വര്യങ്ങളും ഗയനുചുറ്റും വലംവച്ചു. പ്രതിയോഗികളുടെ മനസ്സിനെപ്പോലും ഗയൻ തന്റെ കർമ്മങ്ങളിലൂടെ കവർന്നെടുത്തു. അദ്ദേഹത്തിന്റെ മഹത്വത്തിൽ സന്തുഷ്ടരായ ബ്രാഹ്മണർ തങ്ങളുടെ പുണ്യാംശത്തെ ഗയന്റെ ഊർദ്ദ്വഗതിക്കായി സമ്മാനിച്ചു. ഗയന്റെ യജ്ഞത്തിൽ സോമരസം സുലഭമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദ്രന്റെ സാന്നിധ്യം അവിടെ പതിവായിരുന്നു. യജ്ഞപുരുഷനായ ഭഗവാൻ ഹരി സ്വയം അവിടെ പ്രത്യക്ഷനാകുകയും ഗയനുവേണ്ട വരങ്ങൾ പ്രദാനം ചെയ്തനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഹേ മഹാരാജൻ!, എവിടെയും ഭഗവദനുഗ്രഹമുണ്ടായാൽ നരദേവതിര്യകാദി സകല ജീവജാലങ്ങളുടെ അനുഗ്രഹവും അതിനെ പിന്തുടരുന്നു. സർവ്വാനന്ദമയനായ ഭഗവാൻ ഹരി സകല ഹൃദയങ്ങളിലും പരമാത്മരൂപത്തിൽ കുടികൊള്ളുന്നവനാണു. എങ്കിലും ആ കാരുണ്യമൂർത്തി സ്വയം ഗയന്റെ യജ്ഞശാലയിലെത്തി തന്റെ അനുഗ്രഹം ചൊരിയുക പതിവായിരുന്നു.

തന്റെ പത്നിയായ ഗായന്തിയിൽ ഗയന് ചിത്രരഥൻ, സുഗതി, അവരോധനൻ എന്നിങ്ങനെ മൂന്ന് പുത്രന്മാർ ജനിച്ചു. ഊർണ്ണ എന്ന തന്റെ പത്നിയിൽ ചിത്രരഥനും സാമ്രാട്ട് എന്ന ഒരു പുത്രൻ ജനിച്ചു. സാമ്രാട്ടിന്റെ ഭാര്യയായിരുന്നു ഉത്കല. അവളിൽ സാമ്രാട്ടിന് മരീചി എന്ന ഒരു പുത്രൻ ജനിച്ചു. ബിന്ദുമതി എന്ന തന്റെ ഭാര്യയിൽ മരീചിക്ക് ബിന്ദു എന്ന ഒരു മകനുണ്ടായി. പത്നിയായ സരഘയിൽ ബിന്ദുവാകട്ടെ മധു എന്ന പുത്രന് ജന്മം കൊടുത്തു. സുമന എന്ന തന്റെ പത്നിയിൽ മധുവിന് അനന്തരം വീരവ്രതൻ എന്ന ഒരു പുത്രനെ ലഭിച്ചു. വീരവ്രതന്റെ പത്നി ഭോജയിൽ അദ്ദേഹത്തിന് മന്തു, പ്രമന്തു എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായി. മന്തു തന്റെ പത്നിയായ സത്യയിൽ ഭൌവാന എന്ന പുത്രനു ജന്മം കൊടുത്തു. അടുത്ത തലമുറയിൽ ഭൌവാന തന്റെ പത്നിയായ ദൂഷണയിൽ ത്വഷ്ഠാവ് എന്ന പുത്രനെ ജനിപ്പിച്ചു. വിരോചന എന്ന തന്റെ ഭാര്യയിൽ ത്വഷ്ഠാവിന് വിരജൻ എന്നൊരു പുത്രനുണ്ടായി. വിരജന്റെ പത്നി വിശൂചിയിൽ അദ്ദേഹത്തിന് നൂറ് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ ശതജിത്ത് എന്ന പുത്രനായിരുന്നു പ്രമുഖൻ. ഭഗവാൻ ഹരി സകലദേവന്മാരേയും പ്രകാശിപ്പിക്കുകയും അനുഗ്രഹിക്കുക്കയും ചെയ്യുന്നതുപോലെ, തന്റെ സത്ഗുണങ്ങളെക്കൊണ്ടും പ്രശസ്തികൊണ്ടും വിരജൻ പ്രിയവ്രതമഹാരാജാവിന്റെ വംശത്തിലെ ചൂഡാമണിയായി അറിയപ്പെടുന്നു.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനഞ്ചാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.






Descendants of King Priyavrata

5.14 സംസാരമഹാവനം


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 14
(സംസാരമഹാവനം)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, വ്യാപാരിയായ ഒരാൾ എപ്പോഴും പണത്തെക്കുറിച്ചുമാത്രമാണ് ചിന്തിക്കുന്നതു. അവൻ ചിലപ്പോൾ കാട്ടിൽനിന്നും ദ്രവ്യങ്ങൾ കൊണ്ടുവന്ന് നഗരത്തിൽ വിലകൂട്ടി വിൽക്കുന്നു. അതുപോലെ, മനുഷ്യരൂപികളായ ജീവാത്മാക്കൾ സംസാരമാകുന്ന ഈ കൊടും വനത്തിൽ വിഷയഭോഗികളായി എത്തപ്പെടുന്നു. തിരികെ മടങ്ങേണമെന്ന ബോധം പോലുമില്ലാതെ അവർ ആ കാടിന്റെ അന്തർഭാഗത്തേക്ക് നടന്നുകയറുന്നു. അങ്ങനെ ജീവൻ മായയുടെ പിടിയിലകപ്പെടുന്നു. അവിടെ അവർക്ക് സത്സംഗത്തെ നഷ്ടമാകുന്നു. മായയുടേയും ത്രിഗുണങ്ങളുടേയും അധീനതയിലകപ്പെടുന്ന ഈ ജീവാത്മാക്കൾ തങ്ങളുടെ സ്വരൂപത്തെ മറന്ന്, തങ്ങൾ ഈ ശരീരമാണെന്ന മിഥ്യാബോധത്തിൽ അധിഷ്ഠിതനാകുന്നതോടെ, നരദേവതിര്യക്യോനികളിൽ ജന്മങ്ങളെടുക്കുകയും അവയിലൂടെ സുഖദുഃഖങ്ങളനുഭവിക്കുകയും ചെയ്യുന്നു. മനസ്സാണ് ഇങ്ങനെ ജീവന്മാർക്ക് വിവിധ ശരീരങ്ങളെ നേടിക്കൊടുക്കുന്നതു. മനസ്സും ഇന്ദ്രിയങ്ങളും വഴി ജീവന്മാർ വിവിധ ആഗ്രഹങ്ങൾക്ക് വിധേയരാകുന്നു. ആ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുതകുംവിധമുള്ള വിവിധ ശരീരങ്ങളെ പിന്നീട് പലേ ജന്മങ്ങളിലായി അവർക്ക് സ്വീകരിക്കേണ്ടിവരുന്നു. സുഖം മാത്രം അന്വേഷിച്ചലയുന്ന ജീവന്മാർക്ക് അതിനോടൊപ്പം ദുഃഖങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഇതിനിടയിൽ അവർക്ക് നഷ്ടമാകുന്നത് സത്തുക്കളുടെ സംഗമാണെന്ന് പ്രത്യേകം മനസ്സിലാക്കുക.

സംസാരമാകുന്ന ഈ മഹാവനത്തിൽ സംയമിപ്പിക്കപ്പെടാത്ത മനസ്സും ഇന്ദ്രിയങ്ങളും അപഹാരികളെപ്പോലെ പ്രവർത്തിക്കുന്നു. മോക്ഷത്തിനുതകുന്ന ദൈവീകസമ്പത്തുകളെ അപഹരിച്ചുകൊണ്ട് അവർ പകരം നാശത്തിലേക്കു നയിക്കുന്ന ആസുരീസമ്പത്തുകൾ പ്രദാനം ചെയ്യുന്നു. വിഷയങ്ങളിൽ ആസക്തരായി അവർ ജന്മം വൃഥാവിലാക്കുന്നു. തങ്ങളുടെ സകലതും വിഷയാനുഭവത്തിനുമുന്നിൽ അടിയറവു വയ്ക്കുകയും മോക്ഷത്തെ അപ്രായോഗികമാക്കുകയും ചെയ്യുന്നു. ഇവിടെ കുടുംബാംഗങ്ങൾ വന്യമൃഗങ്ങളെപ്പോലെ പെരുമാറുന്നു. ആട്ടിടയൻ തന്റെ ആട്ടിൻ കൂട്ടങ്ങളെ എത്രകണ്ട് സംരക്ഷിച്ചാലും ചിലപ്പോൾ വ്യാഘ്രാദിവന്യമൃഗങ്ങൾ അവയെ വേട്ടയാടിക്കൊണ്ടുപോകുന്നതുപോലെ, ജീവൻ എത്രകണ്ട് ശ്രമിച്ചാലും കുടുംബാംഗങ്ങൾ അവന്റെ ആത്മസാധനയെ അപഹരിക്കുകതന്നെ ചെയ്യുന്നു. കൃഷിക്കാരൻ തന്റെ പാടത്തുനിന്നും പാഴ്ച്ചെടികൾ എത്രകണ്ട് കിളച്ചുമറിച്ചുനശിപ്പിച്ചാലും, ഒടുവിൽ വിത്തു പാകുമ്പോൾ അവ ഇടതൂർന്ന് വളർന്നുവരുന്നതുപോലെ, സകാമകർമ്മങ്ങളുടെ വിളനിലമായ ഗൃഹസ്ഥാശ്രമജീവിതം പൂർണ്ണമായും ത്യജിക്കുന്നതുവരെ അതിലുള്ള ആസക്തി ജീവനെ തളച്ചുകൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ എത്രകണ്ട് പ്രശ്നങ്ങളുണ്ടായാലും അതിനെയെല്ലാം അതീജീവിക്കുവാൻ ശ്രമിച്ചുകൊണ്ട് ജീവൻ വിഷയഭോഗത്തിനായി അലഞ്ഞുകൊണ്ടേയിരിക്കുന്നു. അജ്ഞാനത്താൽ അവൻ കർമ്മത്തിൽ അത്യന്തം ആസക്തനായി മാറുന്നു. മിഥ്യയായ ഈ ഭൌതികലോകത്തെ അവൻ സത്യമായി തെറ്റിദ്ധരിക്കുന്നു. ഗന്ധർവ്വനഗരമായ ഈ ലോകത്ത് ലഭ്യമാകുന്ന അല്പസുഖത്തെ അനുഭവിക്കുകയും, മാൻ മരീചികയെ കണ്ട് പാഞ്ഞോടുന്നതുപോലെ, ജീവൻ ഇന്ദ്രിയസുഖത്തിനുവേണ്ടി ഈ മായാഭ്രമത്തിനു പിറകേ കൂടുകയും ചെയ്യുന്നു.

ചിലർ മഞ്ഞലോഹമായ സ്വർണ്ണത്തിൽ ഭ്രമിക്കുന്നു. കലിയുടെ ഇരിപ്പിടമായ ഈ ലോഹത്തിലുള്ള ഭ്രമം അവരെ സർവ്വനാശത്തിൽ കൊണ്ടെത്തിക്കുന്നു. ചിലർ ശരീരത്തെ നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതുമായി സകലസുഖസൌകര്യങ്ങളുമുള്ള പാർപ്പിടം നോക്കി അലഞ്ഞുതിരിയുന്നു. ചിലർ സ്ത്രീകളിൽ ആസക്തരാകുന്നു. അവരുടെ സംഗത്തിൽ ചേർന്ന് അവർ രജോഗുണികളായി നശിക്കുന്നു. രജോഗുണം ബാധിച്ച അവർ അധർമ്മികളായി സകല അതിർവരമ്പുകളും ഭേദിച്ച് കാമാതുരരായിമാറുന്നു. മാത്രമല്ലാ, കാലം കാത്തുസൂക്ഷിക്കുന്ന കണക്കുകളെക്കുറിച്ച് അവർ ആ സമയം ഒട്ടുംതന്നെ ചിന്തിക്കുന്നതുമില്ല.

ചിലരാകട്ടെ, ചിലനേരം ഭൌതികതയുടെ വ്യർത്ഥതയെ മനസ്സിലാക്കുകയും അതിലൂടെയുണ്ടാകുന്ന ദുരിതത്തെ മുൻകൂട്ടിക്കാണുകയും ചെയ്യുന്നു. എന്നാൽ, അജ്ഞാനികളായ ഇവരുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും, മൃഗങ്ങൾ കാനൽ ജലം നോക്കി പായുന്നതുപോലെ, വിഷയങ്ങളിൽ ആകൃഷ്ടരാകുന്നു. ചില സമയങ്ങളിൽ സമൂഹത്തിൽ തങ്ങൾക്ക് നേരിടേണ്ടിവരുന്ന ആക്രോശങ്ങളുടേയും അപഹാസ്യങ്ങളുടേയും കൂക്കിവിളികൾ ഈ സംസാരവനത്തിലെ ചീവീടുകളുടെ അരോചകശബ്ദങ്ങളോടുപമിക്കേണ്ടിയിരിക്കുന്നു. മുജ്ജന്മങ്ങളിലെ സത്വൃത്തികൾ വർത്തമാനജന്മത്തിൽ സുഖങ്ങളെ പ്രദാനം ചെയ്യുന്നു. എന്നാൽ, പുണ്യം ക്ഷയിക്കുമ്പോൾ, ജീവൻ വീണ്ടും അവയെ കൊതിക്കുന്നു. സാധ്യമാകാതെവരുമ്പോൾ ദ്രവ്യസ്ഥരായ ജനങ്ങൾക്കുമുന്നിൽ കൈ നീട്ടേണ്ടിവരുന്നു. അങ്ങനെയുള്ള ദ്രവ്യസ്ഥരെ സംസാരമാകുന്ന കൊടുംവനത്തിലെ പാഴ്വൃക്ഷങ്ങളായി കണക്കാക്കുക. ഇത്തരം സാഹചര്യങ്ങളിൽ ജീവന്മാർ രക്ഷയ്ക്കായി കപടവേഷധാരികളായ ഈശ്വരദ്വേഷികളുടെ സംഗത്തിൽ ചേരുന്നു. ഹേ രാജൻ!, വരെയാണ് ഭവാരണ്യത്തിൽ ആഴമില്ലാത്ത തടാകങ്ങളെന്ന് വിശേഷിപ്പിച്ചിരിക്കുന്നതു. ഇതിലൂടെ ഉള്ള ജ്ഞാനംകൂടി നഷ്ടപ്പെട്ട് വരും ജന്മങ്ങളിൽ പോലും രക്ഷയില്ലാത്ത അവസ്ഥ ആഗതമാകുന്നു.

മറ്റുള്ളവരെ പറ്റിച്ചും കബളിപ്പിച്ചും രക്ഷയില്ലാതാകുമ്പോൾ അവർ സ്വന്തം മാതാപിതാക്കൾക്കും ബന്ധുജനങ്ങൾക്കും നേരേ തിരിയുന്നു. അവരിലെ ധനം അപഹരിക്കുവാനായി അവനവരെ യഥാശക്തി ദ്രോഹിക്കുകയും ചെയ്യുന്നു. ഗൃഹസ്ഥാശ്രമജീവിതം കാട്ടുതീപോലെ സംസാരവനത്തിൽ ആളിപ്പടരുന്നു. നിത്യമായ സുഖം ഒരിക്കലും അവിടെനിന്ന് ജീവന് ലഭിക്കുന്നില്ല. ആ അഗ്നിയുടെ ചൂടിൽ ഹൃദയമുരുകി ജീവന്മാർ വിലപിക്കുന്നു. അവർ തങ്ങളുടെ കർമ്മഫലത്തേയും വിധിയേയും പഴിക്കുന്നു.

ചിലപ്പോൾ ഭരണാധികാരികൾ രാക്ഷസ്സന്മാരെപ്പോലെ വന്ന് അവരുടെ സർവ്വസമ്പത്തും അപഹരിച്ചെടുക്കുന്നു. അതിലൂടെ സന്തോഷവും ജീവിതവുംതന്നെ അവർക്ക് നഷ്ടമാകുന്നു. തനിക്ക് പിറന്നിരിക്കുന്ന മക്കളും ചെറുമക്കളുമൊക്കെ തന്റെ പൂർവ്വപിതാക്കന്മാരാണെന്നുകരുതിയും ചിലർ സ്വപ്നതുല്യമായ സന്തോഷത്തെ വരവേൽക്കാറുണ്ടു. അങ്ങനെയും ചിലർ ഈ ഭൌതികലോകത്ത് സുഖം കണ്ടെത്തുന്നു. ഗൃഹസ്ഥാശ്രമികൾക്ക് സമൂഹത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്തതായ ചില കർമ്മങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടു. അവയെ നിറവേറ്റുന്നതിനായി ധാരാളം ധനവ്യയവും ആവശ്യമായിവരുന്നു. അത് കല്ലുകളും മുള്ളുകളും നിറഞ്ഞ മല കയറുന്നതുപോലെ അത്യന്തം ദുഃഷ്കരമായ കാര്യമാണു. ഇങ്ങനെ കയറ്റത്തിനിറക്കം എന്നതുപോലെ, സുഖദുഃഖങ്ങൾ വിഷയികൾക്ക് വന്നും പോയുമിരിക്കുന്നു. ചിലനേരം മനുഷ്യർ വിശപ്പിനും ദാഹത്തിനും വല്ലാതെ അടിപ്പെടുന്നു. വിറയ്ക്കുന്ന ശരീരത്തോടുകൂടി അവർ കുടുംബാംഗങ്ങളോട് ക്രൂരമായി സംസാരിക്കുകയും അവർക്ക് ഹൃദയവേദന സമ്മാനിക്കുകയും ചെയ്യുന്നു.

ഹേ രാജൻ!, നിദ്ര മലമ്പാമ്പിനെപ്പോലെയാകുന്നു. സംസാരമാകുന്ന വനത്തിൽ അലഞ്ഞുതിരിയുന്നവരെ അത് നിഷ്കരുണം ദംശിക്കുന്നു. അവയുടെ ദംശനത്തിലൂടെ ബോധം നഷ്ടപ്പെട്ട് മനുഷ്യൻ ഘോരമായ അന്തകാരത്തിലേക്കെടുത്തെറിയപ്പെടുന്നു. ജീവശ്ചവങ്ങൾപോലെ അവിടെക്കിടന്നുകൊണ്ട് അവർ കാലം കഴിച്ചുകൂട്ടുന്നു. ജീവിതത്തിൽ ഏറ്റുമുട്ടേണ്ടിവരുന്ന ശത്രുക്കളെ വിഷസർപ്പങ്ങളെപ്പോലെയും മറ്റു ക്രൂരമൃഗങ്ങളെപ്പോലും കാണുക. അവരോടടരാടി തളർന്നുവീഴുന്ന അവർക്ക് സമൂഹത്തിൽ പലവിധം അപമാനങ്ങൾ സഹിക്കേണ്ടിവരുന്നു. മാനസീകമായി തളർന്നുപോകുന്ന അവർക്ക് പതുക്കെപ്പതുക്കെ ബുദ്ധിയും ബോധവും നഷ്ടമാകുന്നു. അവർ അന്ധരെപ്പോലെ അജ്ഞാനമാകുന്ന ഘോരാന്ധകാരം നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് വീണുപോകുന്നു.

എന്നാൽ ചിലസമയങ്ങളിൽ അവർ ഇന്ദ്രിയങ്ങളാൽ സുഖിക്കുകയും ചെയ്യുന്നു. ആ ഉന്മേഷത്തിൽ സകലതും മറന്ന് അവർ അധാർമ്മിക വൃത്തികളിലേർപ്പെടുന്നു. പരിണിതഫലമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഇടയ്ക്കിടെ വീണുകിട്ടുന്ന അല്പസുഖങ്ങൾ പിന്നീടവർക്ക് താങ്ങാനാകാത്ത ദുഃഖത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ട്, ജന്മാന്തരങ്ങൾകൊണ്ടും തീരാത്ത ദുഃഖത്തിന്റെ ഉറവിടമായ വിഷയങ്ങളിൽനിന്നും ജ്ഞാനികൾ അകന്നുകഴിയുന്നു.

ഒരുവൻ മറ്റൊരുവനെ പറ്റിച്ച് പണമുണ്ടാക്കി കുറേനാൾ അതനുഭവിക്കുന്നു. എന്നാൽ ഒരിക്കൽ ദേവദത്തൻ എന്ന മറ്റൊരാൾ വന്ന് ആ ധനം കവർന്നെടുക്കുന്നു. യഥാക്രമം വിഷ്ണുമിത്രൻ എന്ന വേറൊരാൾ വന്ന് ദേവദത്തെനെ കൊള്ളയടിക്കുന്നു. ഹേ രാജൻ!, സമ്പത്ത് ഒരിക്കലും ഒരിടത്തുതന്നെ നിലനിൽക്കുകയില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ആത്യന്തികമായി ആർക്കും അതിനെ അനുഭവിക്കുവാൻ സാധ്യമല്ല. കാരണം സകലൈശ്വര്യങ്ങളുടേയും ഏകാധിപതി ഭഗവാൻ നാരായണൻ മാത്രമാണു. വിഷയിയായ മനുഷ്യൻ ആദിദൈവീകവും ആദിഭൌതികവും അദ്ധ്യാത്മികവുമായ താപത്രയങ്ങളിൽ തളർന്ന് സദാ വിലപിച്ചുകൊണ്ടേയിരിക്കുന്നു. ധനവ്യയം ശത്രുതയ്ക്ക് കാരണമാകുന്നു. ഹേ രാജൻ! ഭൌതികജീവിതത്തിലെ വഴിത്താരകൾ അതിദുർഘടമായതും തരണം ചെയ്യുവാൻ പ്രയാസമേറിയതുമാണു. ആസക്തി, ദ്വേഷം, ഭയം, അഹങ്കാരം, മായ, ഭ്രമം, പരിദേവനം, മോഹം, ആർത്തി, വൈരം, അസൂയ, അപമാനം, വിശപ്പ്, ദാഹം, ദുരിതം, വ്യാധി, ജനനം, ജര, മരണം എന്നിവയെല്ലാം മേൽപ്പറഞ്ഞ അല്പസുഖത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന ദുഃഖങ്ങളാണെന്നറിയുക. ഇവയെല്ലാം ചേർന്ന് വിഷയാസക്തനായ ജീവനെ ദുഃഖക്കയത്തിലേക്ക് തള്ളിവീഴ്ത്തുന്നു. ചിലനേരം അവൻ സ്ത്രീകളുടെ സംഗം ആഗ്രഹിക്കുന്നു. വശ്യമായ അവരുടെ ചേഷ്ടകൾക്കുമുന്നിൽ അവൻ മതിമറന്നുപോകുന്നു. അവരുടെ ആശ്ലേഷണങ്ങൾക്കുവേണ്ടി അവൻ അഹോരാത്രം കഷ്ടപ്പെടുന്നു. ഭഗവദ്സ്മരണയില്ലാതെ ആവിധം തന്റെ ജീവിതം തുലയ്ക്കുന്നു.

ഹേ രാജൻ!, ഭഗവാൻ ഹരിയുടെ ആയുധങ്ങളിലൊന്നാണു സുദർശനചക്രം. അതിനെ കാലമായി അറിയുക. കാലത്തിനധീതമായി ഇവിടെ യാതൊന്നും തന്നെയില്ല. ബ്രഹ്മാവ് മുതൽ പുൽത്തകിട് വരെയുള്ള ജന്മങ്ങൾക്ക് ചുറ്റും ആ ചക്രം സദാ കറങ്ങിക്കൊണ്ടേയിരിക്കുന്നു. തല്ഫലമായി മനുഷ്യൻ കൌമാരത്തിൽനിന്നും യൌവ്വനത്തിലേക്കും അവിടെനിന്ന് വാർദ്ധക്യത്തിലേക്കും മാറിക്കൊണ്ടിരിക്കുന്നു. അത്യന്തം കൃത്യതപുലർത്തുന്ന ഈ ചക്രത്തെ തടയുവാൻ ആരാലും സാധ്യമല്ല. മാറ്റത്തിലൂടെ മരണം സമ്മാനിക്കുന്ന ഈ ചക്രത്തെ ഭയന്ന് മനുഷ്യൻ ചിലനേരം അനിത്യങ്ങളായ വിവിധ ശക്തികളെ ആശ്രയിക്കുന്നു. എന്നാൽ, ഈ ചക്രത്തിന്റെ ഉടമയെ ആരുംതന്നെ സ്മരിക്കുന്നില്ല. ആശ്രയയോഗ്യമല്ലാത്ത ഈ അനിത്യശക്തികളെ സംസാരവനത്തിലെ പരുന്തായും കഴുകനായും കാക്കയായും അറിയുക. സിംഹത്തെപ്പോലെ പാഞ്ഞടുക്കുന്ന മരണത്തെ ഇവയ്ക്കെങ്ങനെ തടുക്കാൻ കഴിയും?. കപടസന്യാസിവേഷധാരികളായ ഇവരെ പാഷണ്ടികൾ എന്നുവിളിക്കുന്നു. സ്വയം വഞ്ചിതരായ അവർ തങ്ങളുടെ അടുക്കലെത്തുന്നവരെ വഞ്ചിച്ചപഹരിക്കുന്നു. അതിൽനിന്നും പാഠമുൾക്കൊള്ളുന്ന ചിലർ ഭഗവാന്റെ യഥാർത്ഥഭക്തന്മാരെ പ്രാപിക്കുന്നു. എന്നാൽ, പാപവാസനകൾ പ്രബലമായതിനാൽ അവർക്കവിടെ നിലയുറപ്പിക്കാൻ സാധ്യമല്ലാതെ വരികയും അവർ വീണ്ടും അധർമ്മികളുടെ സംഗത്തിൽ ചേർന്ന് വാനരന്മാരെപ്പോലെ വിഷയികളായി മാറുകയും ചെയ്യുന്നു. അവർക്കൊരിക്കലും തങ്ങളുടെ ജന്മോദ്ദേശത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. അഹോരാത്രം പണിയെടുത്ത് വിഷയങ്ങളോരോന്നോരോന്നായി ഭുജിച്ചുകൊണ്ട് കാലം പോകുന്നതറിയാതെ ജീവിതം വൃഥാവിലാക്കുന്നു. കുരങ്ങന്മാർ ഒരു മരത്തിൽനിന്നും മറ്റൊരു മരത്തിലേക്ക് ചാടിക്കയറുന്നതുപോലെ, ജീവൻ ഈ സംസാരവനത്തിൽ പലേ ജന്മങ്ങളെ കൈക്കൊള്ളുന്നു. അങ്ങനെ വിഷയങ്ങളെ അനുഭവിച്ചുകൊണ്ട് ഗൃഹസ്ഥാശ്രമജീവിതം പുലർത്തിപ്പോരുന്നു. ഈ അല്പസുഖത്തിൽനിന്നും ജീവന്റെ ഉയർച്ചയിലേക്കൊരിക്കലും അവർ ചിന്തിക്കുന്നില്ല. തന്റെ സ്വരൂപത്തേയും അതുപോലെ ഈശ്വരനുമായുള്ള തന്റെ ബന്ധത്തേയും മനസ്സിലാക്കാതെ വിഷയഭോഗത്തിനായിക്കൊണ്ട് അവർ പലേകർമ്മങ്ങളിലേർപ്പെടുന്നു. അവസാനം, മരണത്തെ ഭയന്നുകൊണ്ട് അന്ധകാരം നിറഞ്ഞ ഗുഹയിലകപ്പെട്ടുപോകുന്നു. 

ശീതതാപവാതവർഷങ്ങളെക്കൊണ്ട് പൊറുതിമുട്ടി അവൻ വല്ലാതെ വിഷമിക്കുന്നു. അല്പലാഭത്തിനുവേണ്ടി മനുഷ്യൻ ശത്രുക്കളുമായി കൈകോർക്കുന്നു. ഒടുവിൽ അവരാൽത്തന്നെ ചതിക്കപ്പെടുകയും ചെയ്യുന്നു. ദാരിദ്യം കൊണ്ട് വഴിമുട്ടിയ ജീവന്മാർ ഇടയ്ക്ക് അന്യന്റെ സ്വത്തിനെ അപഹരിക്കുകയും സമൂഹത്തിൽ അപമാനിതരാകുകയും ചെയ്യുന്നു. ശത്രുക്കൾ പോലും വിഷയത്തെ കാമിച്ചുകൊണ്ട് മംഗല്യം കഴിക്കുകയും താമസിയാതെ ബന്ധം വേർപെടുത്തുകയും ചെയ്യുന്നു. അച്ഛനമ്മമാരടക്കം സ്നേഹിച്ചവരും സ്നേഹിക്കപ്പെട്ടവരും മരണമടയുന്നു. അതിൽ ദീനദീനം വിലപിക്കുന്നതിനിടയിൽ വീണ്ടും എങ്ങനെയോ അല്പസുഖം വീണുകിട്ടുന്നു. അതിനെ സന്തോഷത്തോടെ അനുഭവിച്ചുകൊണ്ട് വീണ്ടും കാലം കുറെ കടന്നുപോകുന്നു. അങ്ങനെ സംസാരമാകുന്ന മഹാവനത്തിൽ ജീവൻ ചിലപ്പോൾ സുഖിക്കുകയും മറ്റുചിലപ്പോൾ ദുഃഖിക്കുകയും ചെയ്തുകൊണ്ട് കാലവും ജന്മവുമൊരുപാട് വൃഥാവിലാകുന്നു. എന്നാൽ, ജ്ഞാനികൾ സദാ ഭഗവാനിൽ മാത്രം അഭയം പ്രാപിക്കുന്നു. അവിടെ അവർ എപ്പോഴും നിത്യമായ ആത്മസുഖത്തെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. അവർ സദാ ശാന്തരായിരിക്കുന്നു. മാനസേന്ദ്രിയങ്ങളെ സംയമിപിച്ച് അവർ മുക്തിമാർഗ്ഗത്തിലൂടെ ചരിക്കുന്നു. എന്നാൽ, ദൌഭാഗ്യവശാൽ വിഷയികൾ ഈ സുഖദുഃഖങ്ങളുടെ അനിത്യതയെ മനസ്സിലാക്കാതെ സംസാരമാകുന്ന കൊടിയ വനത്തിൽ അലഞ്ഞുതിരിയുന്നു. എന്തിനു പറയാൻ ചില രാജർഷികൾക്കുപോലും സത്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവർക്കും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തിൽനിന്നും കരകയറുവാൻ സാധിച്ചിട്ടില്ല. തത്ക്കാരണാ‍ൽ, അവരും തന്നോളം പോന്ന മറ്റു രാജാക്കന്മാരുമായി മല്ലടിച്ച് ജീവിതത്തിന്റെ പരമലക്ഷ്യത്തെ നിറവേറ്റാതെ പോർക്കളത്തിൽ കഴുത്തറ്റു കബന്ധങ്ങളായി നിലം‌പൊത്തുന്നു. സകാമകർമ്മികളായ ചിലർ വിവിധതരം യജ്ഞങ്ങൾക്കൊണ്ട് തങ്ങൾ നേടിയ പുണ്യം കാരണം കുറേകാ‍ലം സ്വർഗ്ഗത്തിൽ വസിക്കുന്നു. എന്നൽ, ആ പുണ്യം ക്ഷയിക്കുമ്പോൾ അവർക്കും പതനം സംഭവിക്കുന്നു. അങ്ങനെ ഉച്ഛവും നീചവുമായ ജന്മങ്ങളിൽ വന്നും പോയും കാലമൊരുപാട്.

ഹേ പരീക്ഷിത്ത് മഹാരാജൻ!, ജഡഭരതനാൽ അരുളപ്പെട്ട ഈ മാർഗ്ഗം ഗരുഡന്റെ മാർഗ്ഗമായി അറിയപ്പെടുന്നു. എന്നാൽ സാധാരണ രാജാക്കന്മാർ മശകങ്ങളെപ്പോലെയാകുന്നു. അവയ്ക്കൊരിക്കലും ഗരുഡനെപ്പോലെ പറക്കാൻ സാധിക്കുകയില്ല. ആരുംതന്നെ ഇന്നുവരെ ഈ മാർഗ്ഗത്തെ ഉള്ളവണ്ണം പിന്തുടർന്നിട്ടുമില്ല. രാജൻ!, ഭരതൻ കഴിഞ്ഞ ജന്മത്തിൽ ഭഗവദ്ഭക്തോത്തമനായിരുന്നു. പുത്രദാരങ്ങളടക്കം തന്റെ രാജ്യം പോലും വളരെ നിസ്സാരമായി അദ്ദേഹത്തിന് ത്യജിക്കുവാൻ സാധിച്ചു. മാത്രമല്ല, ഭരതമഹാരാജാവിന്റെ കർമ്മങ്ങളും അത്ഭുതകരമായിരുന്നു. ദേവന്മാർ പോലും കൊതിച്ചിരുന്ന ഐശ്വര്യങ്ങളായിരുന്നു അത്ര നിസ്സാരമായി അദേഹം ഉപേക്ഷിച്ചതു. കാരണം, ഭഗവദൈശ്വര്യങ്ങൾക്കുമുന്നിൽ യാതൊന്നും ഈ പ്രപഞ്ചത്തിൽ ശ്രീമത്തായി അദ്ദേഹത്തിനു തോന്നിയിരുന്നില്ല. ഭഗവാനിൽ അത്രകണ്ട് മനം ലീനമായതിനാൽ മോക്ഷം പോലും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ തുച്ഛലാഭമായിരുന്നു. പിന്നീട്, മാനിന്റെ ശരീരത്തിലിരുന്നുകൊണ്ടും അദ്ദേഹം ഭഗവദ്സ്മരണയെ കൈവെടിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ആ ശരീരം ത്യജിക്കുന്ന വേളയിലും അദ്ദേഹത്തിന് ഹരിനാമമുച്ഛരിക്കുവാനുള്ള മഹാഭാഗ്യം കൈവന്നിരുന്നു. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് തന്റെ ശരീരമുപേക്ഷിച്ചു: ഭഗവാൻ ഹരി സർവ്വയോഗങ്ങളുടേയും മൂർത്തീഭാവമാണു. അവൻ സർവ്വ യജ്ഞങ്ങളുടേയും ഫലദാതാവുമാണു. അവൻ ധർമ്മത്തെ കാത്തുസൂക്ഷിക്കുന്നു. അവൻ സർവ്വവേദങ്ങളുടേയും അകകാമ്പാണു. അവൻ പ്രപഞ്ചത്തിന് സർവ്വാധാരനായി നിലകൊള്ളുന്നു. സകല ഹൃദയങ്ങളിലും കുടികൊള്ളുന്ന പരമാത്മാവാണവൻ. അവൻ സർവ്വതിനേയും തന്നിലേക്കാകർഷിക്കുന്നു. അങ്ങനെയുള്ള ആ പരമപുരുഷനിൽ നമസ്കാരമർപ്പിച്ചുകൊണ്ട് ഞാനിതാ എന്റെ ശരീരമുപേക്ഷിക്കുന്നു. എന്നും ഈയുള്ളവൻ അവന്റെ ഭക്തിയിൽ രമിക്കുമാറാകട്ടെ!.

ഹേ പരീക്ഷിത്ത് മഹാരാജൻ! ഭക്തന്മാർ സദാ ഈ ചരിതത്തെ ഗാനം ചെയ്യുന്നു. ഭരതചരിതത്തെ ശ്രദ്ധാഭക്തിസമന്വിതം കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് ആയുരാരോഗ്യസൌഖ്യങ്ങളും ഐശ്വര്യവും വർദ്ധിക്കുന്നു. സ്വർഗ്ഗത്തെ കാമിക്കുന്നവർക്ക് സ്വർഗ്ഗവും മോക്ഷത്തെ ആഗ്രഹിക്കുന്നവർക്ക് മോക്ഷവും ഈ കഥാശ്രവണത്തിലൂടെ ഉണ്ടാകുന്നു. ഭരതചരിതകഥാശ്രവണപഠനാദികളിലൂടെ ജീവന്റെ സകല അഭീഷ്ടങ്ങളും സാധൂകരിക്കപ്പെടുന്നു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The forest of Samsara

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...