2014 ജനുവരി 6, തിങ്കളാഴ്‌ച

സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍

പ്രാരാബ്ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു ഭാഗവതസേവാരത്നം, ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ് മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് രാജകൊട്ടാരവുമായി നല്ല ബന്ധമുള്ള ഒരു സമ്പന്ന കാലവും മള്ളിയൂര്‍മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്.

അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ആര്യാ അന്തര്‍ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു. 

സ്കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും, ദുശ്ശീലം പഠിക്കും. അതിനായി അമരഭാഷ തന്നെ പഠിപ്പിക്കണമെന്നായി അച്ഛന്റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നാണ് ചരിത്രം.

14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി. പഠനം, ഉറക്കക്കുറവ് ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി. രോഗം മാറിയില്ല. പിന്നീട് കൈതമറ്റത്തിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി ഒരുകൈ നോക്കി. ചികിത്സ ആറുമാസം നീണ്ടു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ശരീരം നിലനില്‍ക്കുമോ എന്നുവരെ സംശയം തോന്നി!

ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി മരുന്നിനൊപ്പം സൂര്യനമസ്കാരത്തിന് നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷനമസ്കാരം! ഇതിനിടയില്‍ തിരുവനന്തപുരത്ത് ചികിത്സാര്‍ഥം 15 ദിവസം തങ്ങി. ഒക്കെ വെറുതെ. മടുത്തു മടങ്ങി.

വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭം. ഇനി മഹാവൈദ്യന്‍ തന്നെ ശരണം. സുകൃതനായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛവാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ! ഒരിക്കല്‍ ഒരു തുലാമാസത്തില്‍ ഉണ്ണി ശ്രീ ഗുരുവായൂരപ്പന്റെ സkിധിയില്‍ എത്തി.

പണ്ഡിതനും മഹാഭക്തനും വിരക്തനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഉണ്ട്. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണി.

പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ ശിഷ്യനായി മാറി. പടപ്പനമ്പൂതിരി ആ പവിത്രസങ്കേതത്തില്‍ വച്ച് ശങ്കരന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍രൂപ ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ ദ”ക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി പുതിയ ശ്രീശുകന്റെ പക്കല്‍ ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാന്‍ പണവുമില്ല. ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.

മഹാഭക്തനായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൌജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ നനഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അംഗീകാരം. പലരും പറഞ്ഞു. ഭംഗിയായി.... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു....

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള തൃഷ്ണ തെല്ലും കുറഞ്ഞിട്ടില്ലല്ലോ. രണ്ടു വര്‍ഷത്തോളം ഉപരിപഠനം തുടര്‍ന്നു. (നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവ അവിടെ പഠിച്ചു) ആയിടയ്ക്കാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന തോന്നലുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ ഭജനം തുടങ്ങി.

ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനം.

ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗം? ഇടയ്ക്ക് ആ ചിന്ത വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു. 

ഭഗവല്‍ക്കഥ കേട്ട് പരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് കേറ്റമേ ഉണ്ടായിട്ടുള്ളൂ. ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

യോഗക്ഷേമം വഹാമ്യഹം...!!!

ശ്രീമദ് ഭാഗവതത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവരിക്കുന്ന ഭാഗത്ത് (ഏഴാംസ്കന്ധം) ശ്രദ്ധാലുവായ യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ അരുളുന്നു.

ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്നു കേള്‍ക്കൂ. സര്‍വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൌകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.

ഗൃഹസ്ഥാശ്രമി വിരക്തനായി, അതേസമയം ആസക്തനെന്നപോലെ ജീവിക്കണം. നിര്‍മ്മമനായി കഴിയുക. മള്ളിയൂരിന്റെ ഗൃഹത്തില്‍ ചെന്നവര്‍ക്കെല്ലാം പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണിത്. അദ്ദേഹം ആസക്തനെന്നപോലെയാണ്. പക്ഷേ ഗൃഹത്തിലെ ഓരോ കാര്യങ്ങളും വാസുദേവനിശ്ചയമെന്ന് അകമേ ഉറപ്പിച്ചയാളും. അദ്ദേഹം എല്ലാവരെയും അനുമോദിക്കുന്നു. പക്ഷേ ഈശ്വരേച്ഛയെ മാത്രം സ്വീകരിക്കുക.

അടുത്തിടെ മള്ളിയൂരില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നചിന്തയില്‍ പ്രാശ്നികന്‍ പറഞ്ഞു. ശാരീരികക്ളേശം ഉണ്ടെങ്കില്‍ പതിവുള്ള കഠിനനിഷ്ഠകള്‍ ചെയ്യണമെന്നില്ല. ഇതൊക്കെ ചെയ്താല്‍ കിട്ടേണ്ടതെന്തോ, അത് അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഭഗവാന്‍ സന്തുഷ്ടനാണ്.

മഹാഭക്തനായ മള്ളിയൂരിനെ ഏവര്‍ക്കും അറിയാം. മറ്റൊരു മുഖവുമുണ്ട് മള്ളിയൂരിന്. മഹാപണ്ഡിതന്‍, കവി. അത് ചുരുക്കം ചിലര്‍ക്കേ അറിയൂ എന്നു മാത്രം. മാലോകര്‍ക്കതറിയാനാവില്ല. ഓട്ടൂര്‍ തിരുമേനി പറയാറുള്ളതുപോലെ വെള്ളപ്പൊക്കം വരുമ്പോള്‍ കുളവും പാടവും പുറമേ സമം, കുത്തിനോക്കിയാലേ ആഴമറിയൂ... അതുപോലെ ജ്ഞാനിയും അജ്ഞാനിയും ബാഹ്യദൃഷ്ടിയില്‍ ഒന്നു പോലെ. 
ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവന്‍ മള്ളിയൂര്‍ ഭാഗവതമയമാക്കി. യദ്ഭാവം തത് ഭവതി. ഭാഗവതോപാസനയിലൂടെ ആ ജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷപ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാഗവതതത്ത്വാനുഷ്ഠാനമാണല്ലോ നാളിതുവരെ ആ ജീവിതം.

പ്രത്യക്ഷകൃഷ്ണരൂപമാണ് ശ്രീമദ്ഭാഗവതം എന്ന് ശാസ്ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്ണവതേജസിന്റെ സാന്നിധ്യം പ്രകടമായി. അമ്പാടി കണ്ണനെ മടിയിലിരുത്തി തുമ്പക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍നിന്നു രക്ഷനേടാന്‍ ഭക്തര്‍ക്ക് ഒരഭയസങ്കേതം. കരുണാമയനായ ശ്രീ ഗുരുവായൂരപ്പനും അഭീഷ്ടവരദീയകനായ വിഘ്നേശ്വരനും വാഴുന്നിടം!

ഹന്തഭാഗ്യം ജനാനാം.

2014 ജനുവരി 2, വ്യാഴാഴ്‌ച

2.9 പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് ശ്രീശുകന്‍ ഉത്തരം നല്‍കുന്നു.

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 9

ശ്രീശുകന്‍ പറഞു: ഹേ രാജന്‍!, ഭഗവതനുഗ്രഹം കൂടാതെ ഈ ജീവന് ശരീരവുമായി യാതൊരുവിധസംബന്ധവും ഉണ്ടാകാന്‍ സാധ്യമല്ല. അങനെതോന്നുന്ന ബന്ധങളെല്ലാം സ്വപ്നത്തില്‍ ഒരുവന്‍ തന്നെതന്നെ ദര്‍ശിക്കുന്നതുപോലെ അയഥാര്‍ത്ഥമാണ്. ഭഗവാന്റെ അത്ഭുതമായാവലയത്തില്‍ പെട്ട് ഈ ജീവന്‍‌മാര്‍ അനേകവിധം ശരീരങള്‍ സ്വീകരിച്ചുകൊണ്ട് ഇവിടെ പ്രത്യക്ഷമാകുന്നു. അങനെ ഈ പ്രകൃതിയുടെ ഗുണങളെ ആസ്വദിച്ചുകൊണ്ട് അവര്‍ ഞാനെന്നും എന്റേതെന്നുമുള്ള തെറ്റിദ്ധാരണയില്‍ പെട്ടുഴലുന്നു. പക്ഷേ, ഈ ജീവന്‍‌മാര്‍ ആത്മസ്വരൂപത്തില്‍ ഉറച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിക്കാന്‍ തുടങുമ്പോള്‍ ഈ തെറ്റിദ്ധാരണ മറഞ് ഉള്ളില്‍ പരമാത്മചൈതന്യം നിറയുന്നു. 

ഹേ രാജന്‍!, ആത്മതത്വവിശുദ്ധിക്കായി അവ്യളീകമായ തപസ്സുചെയ്ത ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ തന്റെ അദ്ധ്യാത്മികരൂപത്തില്‍ പ്രത്യക്ഷനായി. ആദിദേവനായ ബ്രഹ്മാവിന് തന്റെ ആസനമായ സരസിജത്തിന്റെ ഉത്ഭവസ്ഥാനത്തെ അറിയുവാന്‍ കഴിഞില്ല. മാത്രമല്ല, പ്രപഞ്ചനിര്‍മ്മാണത്തിനുള്ള വ്യവസ്ഥകളോ അതിനുള്ള സംവിധാനങളോ യാതൊന്നും അദ്ദേഹത്തിന് ജ്ഞാതമായിരുന്നില്ല. ഇങനെ ബ്രഹമാവ് ചിന്താധീനനായിരുന്ന സമയം ജലത്തില്‍ നിന്നും രണ്ടക്ഷരങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു വാക്ക് രണ്ട് പ്രാവശ്യം ഉച്ചരിച്ചുകേട്ടു. അതില്‍ ആദ്യത്തെ അക്ഷരം സ്പര്‍ശാക്ഷരങളിലെ പതിനാറാമത്തേതും, രണ്ടാമത്തെ അക്ഷരം അതില്‍ ഇരുപത്തൊന്നാമത്തേതുമായിരുന്നു. ഈ വാക്ക് പിന്നീട് നിഷ്കിന്ചനന്‍മാരുടെ സ്വത്തായി അറിയപ്പെട്ടു. "തപഃ തപഃ" എന്നിങനെ ആ ശബ്ദം കേട്ട നിമിഷം ബ്രഹ്മദേവന്‍ താമരയില്‍ നിന്നെഴുന്നേറ്റ് നാലുപാടും നോക്കി. ആരേയും കാണാതെവന്നപ്പോള്‍ ബ്രഹ്മാവ് തന്റെ പങ്കജാസനത്തിലിരുന്നുകൊണ്ട് നിര്‍ദ്ധിഷ്ടമെന്നതുപോലെ തപസ്സനുഷ്ഠിക്കാനാരംഭിച്ചു. ആയിരം ദിവ്യവര്‍ഷത്തോളം ബ്രഹ്മാവ് തീവ്രമായ തപസ്സനുഷ്ഠിച്ചു. ആ ശബ്ദം വീണ്ടും വീണ്ടും അദ്ദേഹം കേട്ടു. തുടര്‍ന്ന് പ്രാണനേയും, മനസ്സിനേയും സം‌യമനം ചെയ്തു. ഇങനെ സകലലോകങളുടേയും ഉദ്ധാരണാര്‍ത്ഥം ബ്രഹ്മദേവന്‍ അതിഘോരമായ തപസ്സിലാണ്ടു. ബ്രഹ്മാവിന്റെ തപസ്സില്‍ സം‌തൃപ്തനായ ഭഗവാന്‍ ഹരി അദ്ദേഹത്തിന് വൈകുണ്ഠദര്‍ശനം നല്‍കിയനുഗ്രഹിച്ചു. ഈ വൈകുണ്ഠലോകം സകലദുഃഖങളില്‍ നിന്നും, മായയില്‍ നിന്നും മുക്തരായ ജീവന്‍‌മാര്‍ക്ക് സ്വധാമമാണ്. അവിടെ ഭഗവാന്റെ ഈ സ്വധാമത്തില്‍ സത്വമോ, രജസ്സോ, തമസ്സോ ആയ പ്രകൃതിഗുണങളൊന്നും തന്നെയില്ല. അവിടെ കാലത്തിനും സ്ഥാനമില്ല. എങ്കില്‍ പിന്നെ മായയ്ക്ക് എങനെ അവിടെ എത്താനാകും?. 

ദേവന്‍‌മാരും, അസുരന്‍‌മാരും ഒന്നുപോലെ വൈകുണ്ഠത്തെ ആരാധിക്കുന്നു. വൈകുണ്ഠവാസികളെല്ലാം ശ്യാമവര്‍ണ്ണന്‍‌മാരാണ്. അവരുടെ നയനങള്‍ താമരപ്പൂക്കള്‍ പോലെ ശോഭിക്കുന്നു. അവര്‍ മഞപ്പട്ടണിഞവരാണ്. നാലുതൃക്കൈകളോടെ സുന്ദരമായ നാനാഭരണങള്‍ അണിഞ അവര്‍ സദാ വൈകുണ്ഠത്തില്‍ യുവത്വം നിറഞവരായി ഉജ്ജ്വലദീപ്തം തിളങുന്നു. അവര്‍ പ്രവാളം, വൈഢൂര്യം, മൃണാളം, ഇത്യാദി മഹാരത്നങളുടെ കിരണങളെപ്പോലെ പ്രകാശവത്തായി കാണപ്പെടുന്നു. കുണ്ഡലങളും, വനമാലയുമൊക്കെയണിഞ് ഈ വൈകുണ്ഠവാസികള്‍ താമരപ്പൂവുകള്‍ക്കുസമം പ്രശോഭിക്കുന്നു. ആ ആദിനാരായണന്റെ വൈകുണ്ഠത്തില്‍ മഹാത്മാക്കള്‍ക്കായി വളരെയധികം വിമാനങള്‍ ഒരുക്കിയിരിക്കുന്നു. സ്ത്രീകളാകട്ടെ ഇടിമിന്നല്‍ പോലെ തിളങുന്നു. ആകാശത്തില്‍ ഇടിമിന്നലും കാര്‍മേഘങളുമൊത്തുകാണുന്നതുപോലെ ഇവര്‍ ഒത്തുചേര്‍ന്ന് വൈകുണ്ഠലോകം അത്യന്തം പ്രകാശമാനമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ലക്ഷ്മീഭഗവതി ആ പരമപുരുഷന്റെ ഗുണഗാനങള്‍ പാടിക്കൊണ്ട് അവന്റെ പാദപൂജ ചെയ്യുമ്പോള്‍, കരിവണ്ടുകള്‍ മൂളിപ്പാട്ടും പാടി ചുറ്റും പറന്ന് വസന്തത്തെ വിളിച്ചുവരുത്തുന്നു. 

നന്ദന്‍, സുനന്ദന്‍, പ്രബലന്‍, അര്‍ഹണന്‍, തുടങിയ ഭഗവാന്റെ കിങ്കരന്‍‌മാരാല്‍ പരിസേവിക്കപ്പെട്ട, ശ്രീപതിയും, സാത്വതാംപതിയും, യജ്ഞപതിയും, ജഗത്പതിയുമായ വിഭുവിനെ ബ്രഹ്മദേവന്‍ വൈകുണ്ഠത്തില്‍ വച്ച് ദര്‍ശിച്ചു. ഭഗവാന്‍ തന്റെ പരിചാരകര്‍ക്ക് അഭിമുഖനായിരുന്നു. ആ ദൃശ്യം വളരെയധികം വശ്യവും, മനോഹരവുമായിരുന്നു. നേത്രങള്‍ അരുണനെപ്പോലെ ശോഭിച്ചു. ആ അധരത്തിലൂടെ മാധുര്യമേറുന്ന പുഞ്ചിരി ഒഴുകികൊണ്ടിരുന്നു. പീതവസനവും, കീരീടവും, കുണ്ഡലങളും ധരിച്ച്, നാലുതൃക്കൈകളുള്ള അവന്റെ വക്ഷസ്സില്‍ കൗസ്തുഭശ്രിയം തെളിഞുപ്രകാശിച്ചു. ആരാധ്യമായ തന്റെ സിംഹാസനത്തില്‍, ഇരുപത്തിയഞ്ച് തത്വശക്തികളാലും, മറ്റൈശ്വര്യങളാലും ആവൃതനായി ഭഗവാന്‍ ഹരി പരമാനന്ദത്തില്‍ മുഴുകി അത്യന്തം പ്രകാശിച്ചു. ബ്രഹ്മദേവന്‍ ഭഗവാന്റെ അത്ഭുതാകാരമായ പൂര്‍ണ്ണരൂപം കണ്ട് ഹൃദയാഹ്ലാദപരിപ്ലുതനായി. ശരീരത്തില്‍ രോമാഞ്ചമുതിര്‍ന്നു. പ്രേമം കവിഞൊഴുകുന്ന നയനങളോടെ ആ ജഗത്പതിയുടെ പാദപങ്കജത്തില്‍ ബ്രഹ്മാവ് ശിരസ്സുകൊണ്ട് നമിച്ചു. അങനെ അദ്ദേഹം ഭഗവത് ഭക്തിയുടെ പരമഹംസാനുഭൂതിയെ പ്രാപിച്ചു. 

ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ പുഞ്ചിരിതൂകി നിന്നു. അവന്‍ ബ്രഹ്മദേവന്റെ കരത്തെ സ്പര്‍ശിച്ചു. തന്റെ നിയന്ത്രണത്തില്‍ ഈ ജഗത്തിന്റെ സൃഷ്ടിയെ രചിക്കാന്‍ സന്നദ്ധനായ ബ്രഹ്മാവിന്റെ സാന്നിധ്യം സ്വീകരിച്ചുകൊണ്ട് ഭഗവാന്‍ അദ്ദേഹത്തിനോട് ഇങനെ പറഞു. "ഹേ ബ്രഹ്മദേവാ!, ജഗത്തിന്റെ രചനയെ കാംക്ഷിച്ചുകൊണ്ട് അനേകകാലംകൊണ്ട് അങ് അനുഷ്ഠിക്കുന്ന ഈ തപസ്സില്‍ ഞാന്‍ നാം സന്തുഷ്ടനാണ്. കപടയോഗികള്‍ക്ക് അപ്രാപ്യമായ എന്റെ പ്രസാദം അങേയ്ക്ക് ലഭ്യമായിരിക്കുന്നു. ഹേ ബ്രഹ്മാവേ, സര്‍വ്വവരപ്രദായകനായ നമ്മോട് അങയുടെ സകല അഭീഷ്ടങളേയും അറിയിച്ചുകൊള്ളുക. എന്നെ അറിയുക എന്നതാണ് എല്ലാവരും എല്ലാത്തരത്തിലുമുള്ള തപസ്സുകൊണ്ട് ആഗ്രഹിക്കുന്ന പരമമായ ലക്‌ഷ്യം. അങയുടെ തീവ്രമായ ഈ തപസ്സിന്റെ ബലം കൊണ്ട് അത്യന്തം ദുര്‍ലഭമായ എന്റെ പരമധാമപ്രാപ്തിയെ അങ് കൈവരിച്ചിരിക്കുന്നു. ഹേ അനഘാ!, കര്‍മ്മാനുഷ്ഠാനത്തെക്കുറിച്ചോര്‍ത്ത് അങ് വിമോഹിതനായി ഉത്കണ്ഠപ്പെട്ടിരുന്ന ആ സമയം നാം തന്നെയായിരുന്നു അങയോട് തപം ചെയ്യാനാവശ്യപെട്ടത്. തപസ്സ് എന്റെ ഹൃദയമാണ്. അതുകൊണ്ട് തപം ചെയ്യുന്നവര്‍ക്ക് നാം ആത്മാവും. തപം കൊണ്ട് നാം ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. തപം കൊണ്ടുതന്നെ നാം അതിനെ പരിപാലിക്കുകയും ചെയ്യുന്നു. പിന്നീട് തപം ഒന്നുകൊണ്ട് മാത്രം നാം ഈ വിശ്വത്തെ സംഹരിക്കുകയും ചെയ്യുന്നു."

ബ്രഹ്മാവ് പറഞു. "ഭഗവാനേ!, അങ് സകലഭൂതങളുടേയും ഹൃദയകുഞ്ചനിവാസിയാണ്. അങ് സകല ജീവികളുടേയും അധ്യക്ഷനുമാണ്. യാതൊരുതടസ്സവും കൂടാതെ അങ് സര്‍‌വ്വഭൂതങളുടേയും അഭീഷ്ടത്തെ അറിയുന്നവനുമാണ്. ഹേ ഭഗവാനേ!, എന്നിരുന്നാലും, അങയെ കൂടുതലായി അറിയാനുള്ള ഇവന്റെ ആഗ്രഹത്തെ സാധൂകരിക്കാന്‍ അവിടുത്തേക്ക് കനിവുണ്ടാകണം. എങനെയാണ് അരൂപിയും, അദ്ധ്യാത്മരൂപിയുമായ അങ് ഈ പ്രപഞ്ചരൂപത്തെ ധാരണം ചെയ്യുന്നത്?. അങയുടെ തന്നെ മായായോഗം കൊണ്ട്, സൃഷ്ടിസ്ഥിതിസംഹാരാര്‍ത്ഥം നാനാവിധ ശക്തികളെ കൂട്ടിച്ചേര്‍ക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്നതെങിനെയാണ്?. ഹേ മാധവാ!, ചിലന്തി സ്വന്തം ശക്തിയാല്‍ വലകെട്ടി സ്വയം മറയ്ക്കുന്നതുപോലെയുള്ള അവിടുത്തെ ചെയ്തികള്‍ അത്ഭുതാവഹമായിരിക്കുന്നു. അവയെക്കുറിച്ചെല്ലാം ഈയുള്ളവനെ ബോധവാനാക്കി അനുഗ്രഹിച്ചാലും. എന്തുകൊണ്ടെന്നാല്‍, കര്‍‌മ്മബന്ധിതനാകാതെ, അങയുടെ ശിഷ്യനായി, ഒരു ഉപകരണഭാവത്തില്‍ ഇവിടെ പ്രജകളെ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹേ ഭഗവാനേ, അങ് ഒരു സുഹൃത്തിനെപ്പോലെ എന്റെ കരം ഗ്രഹിച്ചു. അവിടുത്തെ അനുഗ്രഹം കൊണ്ട് ഞാന്‍ ഇവിടെ വിവിധ സൃഷ്ടികള്‍ ചെയ്യാനൊരുങുകയാണ്. ഞാന്‍ തളര്‍ന്നുപോകാതെ, എന്നില്‍ അഹങ്കാരമുദിക്കാതെ എന്നെ കാത്തുകൊള്ളുവാന്‍ ഞാന്‍ അവിടത്തോട് പ്രാര്‍ത്ഥിക്കുകയാണ്."

ശ്രീ ഭഗവാന്‍ പറഞു: "എന്നെക്കുറിച്ചുള്ള ശാസ്ത്രോക്തങളായ ജ്ഞാനം അതീവരഹസ്യമാണ്. അതിനെ ഭക്തിയോടുകൂടി വിവിധ അംഗസമന്വിതം മനസ്സിലാക്കേണ്ടതാണ്. അതെല്ലാം ഞാന്‍ അങേയ്ക്കു പറഞുതന്നുകഴിഞു. യഥാവിധി അതിനെ സ്വീകരിച്ചുകൊണ്ട് അങ് കര്‍മ്മനിരതനാകുക. നമ്മുടെ അനശ്വരമായ മായാരൂപവും, അദ്ധ്യാത്മികമായ ഉണ്മയും, നിറവും, ഗുണവും, കര്‍മ്മങളുമെല്ലാം നമ്മുടെ അനുഗ്രഹവര്‍ഷമായി അങയില്‍ നിറയുമാറാകട്ടെ!. ഹേ ബ്രഹ്മദേവാ!, നാം സൃഷ്ടിക്കുമുന്‍പേയുള്ളവനാണ്. ഇവിടെ എനിക്കുമുന്‍പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ജഗത്ക്കാരണമായ പ്രകൃതിയും ഇവിടെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അങ് കാണുന്നതും എന്നെ മാത്രം. മഹാപ്രളയത്തിനുശേഷവും ഇവിടെ നാം മാത്രമേ അവശേഷിക്കുകയുള്ളൂ. എന്നില്‍ അധിഷ്ഠിതമല്ലാത്ത യാതൊന്നും ഇവിടെ യാഥാര്‍ത്ഥ്യമല്ല. അവയെല്ലം ഇരുട്ടില്‍ കാണുന്ന പ്രതിച്ഛായപോലെ നമ്മുടെ മായമാത്രമാണെന്നറിഞുകൊള്ളുക. സൃഷ്ടമായ സകലതിലും പഞ്ചഭൂതങള്‍ അടങിയിരിക്കുന്നു. അതേസമയം, ഈ ഭൂതങള്‍ സര്‍‌വ്വസ്വതന്ത്രമായും നിലകൊള്ളുന്നു. അതുപോലെ, സൂക്ഷ്മവും സ്ഥൂലവുമായ സകല ഭൂതങളിലും നാം നിറഞിരിക്കുന്നു. എന്നാല്‍ നാം സകലവസ്തുക്കളില്‍ നിന്നും സ്വതന്ത്രമായി നിലകൊള്ളുകയും ചെയ്യുന്നു. നമ്മെ അറിയുവാന്‍ ഇച്ഛിക്കുന്ന ഏതൊരു ജിജ്ഞാസുവും എപ്പോഴും കാലദേശാദികള്‍ക്കതീതനായി അദ്ധ്യാത്മികമായും ശാസ്ത്രീയമായും നമ്മെ തേടിക്കൊന്ടേയിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, നമ്മുടെ ഈ തത്വത്തില്‍ അധിഷ്ഠിതനായി അങ് കര്‍മ്മം ചെയ്തുകൊള്ളുക. കല്പ്പത്തിലായലും, വികല്പ്പത്തിലായാലും അങയെ യതൊന്നും മോഹിപ്പിക്കുന്നതല്ല."

ശുകദേവന്‍ പരീക്ഷിത്തിനോട് പറഞു.: ഹേ മഹാരാജന്‍!, ഇങനെപറഞ് ബ്രഹ്മദേവന്‌ ശ്രീമദ് ഭാഗവതതത്വം പ്രദാനം ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവാന്‍ ഹരി അന്തര്‍ഹിതനായ സമയം ബ്രഹ്മദേവന്‍ തൊഴുകൈയ്യോടെ ഭഗവത് സ്മരണയോടെ സര്‍വ്വജീവജാലസമന്വിതം ഈ ജഗത്തിനെ മുന്നേതെന്നപോലെ സൃഷ്ടിച്ചു. 

പിന്നീടൊരിക്കല്‍ ബ്രഹ്മദേവന്‍ സകലചരാചരത്തിന്റേയും ക്ഷേമം കാംക്ഷിച്ചുകൊന്ട് സ്വേഛയാല്‍ ജഗത്തിന്റെ പരിപാലനത്തിനുതിര്‍ന്നു. വിധാതാവിന്‌ വളരെ പ്രീയമുള്ളവനും, സേവാതല്പ്പരനും, അനുകാരിയും, സത്ഗുണസമ്പന്നനും, ശാന്തനും, ആത്മനിയന്താവുമായിരുന്ന സത്പുത്രനായിരുന്നു ദേവര്‍ഷി നാരദന്‍. ഹേ രാജന്‍, മായേശ്വരനായ ഭഗവാന്റെ ഭക്തോത്തമനായ ശ്രീനാരദന്‍ ആ പരമപുരുഷനെക്കുറിച്ച് കൂടുതലറിയാനുള്ള ഇച്ഛയോടെ തന്റെ പിതാവിനെ അത്യന്തം പ്രീതിപെടുത്തി. തന്നില്‍ അതീവസംപ്രീതനായ പിതാവിനോട് നാരദന്‍ ഭഗവാന്‍ ഹരിയെക്കുറിച്ച് കൂടുതല്‍ ചോദിച്ചു. അങനെ മകനില്‍ സന്തുഷ്ടനായ പിതാവ് ദശലക്ഷണമടങുന്ന ശ്രീമദ് ഭാഗവതപുരാണം തന്റെ പുത്രന്‌ പറഞുകൊടുത്തു. തുടര്‍ന്ന് നാരദമുനി ഈ മഹാപുരാണത്തെ സരസ്വതീനദിയുടെ തീരത്ത് ബ്രഹ്മധ്യാനം ചെയ്തിരുന്ന മഹാനായ ശ്രീ വേദവ്യാസഭഗവാന് ഉപദേശിച്ചുകൊടുത്തു. 

അല്ലയോ മഹാരാജന്‍!, അതിബൃഹത്തായ ഭഗവതംഗത്തില്‍ നിന്നും ഈ പ്രപന്ചം ഏതുവിധമുന്ടായെന്ന അങയുടെ സംശയത്തിനും, അങ് ചോദിച്ച അന്യചോദ്യങള്‍ക്കുമുള്ള ഉത്തരങള്‍ ഞാന്‍ വിശദമായി അങേയ്ക്ക് പറഞുതരുന്നതുന്ട്.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഒന്‍പതാമധ്യായം സമാപിച്ചു.

ഓം തത് സത്


10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...