ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 47
ഭ്രമരഗീതയും ഉദ്ധവഗീതയും
ഗോപികമാർ പറഞ്ഞു: യാദവകുലപതിയായ കൃഷ്ണന്റെ പ്രിയപ്പെട്ട ദാസനാണ് അങ്ങെന്നും, മാതാപിതാക്കൾക്ക് സന്തോഷം നൽകാൻ ആഗ്രഹിക്കുന്ന അങ്ങയുടെ യജമാനന്റെ കല്പനപ്രകാരമാണ് അങ്ങ് ഇവിടെ വന്നതെന്നും ഞങ്ങൾക്കറിയാം. ഈ വ്രജഭൂമിയിൽ അവിടുത്തേക്ക് ഓർക്കാൻ തക്കതായി മറ്റൊന്നും ഞങ്ങൾ കാണുന്നില്ല. സ്വന്തം കുടുംബാംഗങ്ങളോടുള്ള സ്നേഹബന്ധം മുറിച്ചുമാറ്റാൻ ജ്ഞാനികൾക്ക് പോലും പ്രയാസമാണ്. കുടുംബാംഗങ്ങളല്ലാത്തവരോട് കാണിക്കുന്ന സൗഹൃദം എപ്പോഴും സ്വാർത്ഥതാൽപ്പര്യങ്ങൾ മുൻനിർത്തിയുള്ളതായിരിക്കും. ലക്ഷ്യം നിറവേറുന്നതുവരെമാത്രം നീണ്ടുനിൽക്കുന്ന ഒരു അഭിനയമാണത്. പുരുഷന്മാർക്ക് സ്ത്രീകളോടും, വണ്ടുകൾക്ക് പൂക്കളോടുമുള്ള താല്പര്യം പോലെ മാത്രമാണത്. പണമില്ലാത്തവനെ വേശ്യകളും, അപ്രാപ്തനായ രാജാവിനെ പ്രജകളും, വിദ്യാഭ്യാസം കഴിഞ്ഞാൽ ഗുരുവിനെ ശിഷ്യന്മാരും, ദക്ഷിണ ലഭിച്ചു കഴിഞ്ഞാൽ പുരോഹിതനും ഉപേക്ഷിക്കുന്നു. ഫലങ്ങൾ തീർന്നാൽ പക്ഷികൾ വൃക്ഷത്തെയും, ഭക്ഷണം കഴിഞ്ഞാൽ അതിഥി വീടിനെയും, കാട്ടുതീ പടർന്നാൽ മൃഗങ്ങൾ വനത്തെയും, എത്ര അനുരാഗമുണ്ടെങ്കിലും അനുഭവിച്ചു കഴിഞ്ഞാൽ കാമുകൻ കാമുകിയെയും ഉപേക്ഷിക്കുന്നു.
രാജാവേ!, ശ്രീകൃഷ്ണന്റെ ദൂതനായ ഉദ്ധവർ എത്തിയതോടെ, ശരീരം കൊണ്ടും വാക്കും മനസ്സും കൊണ്ടും ഗോവിന്ദനിൽ അർപ്പിതരായ ആ ഗോപിമാർ തങ്ങളുടെ നിത്യജോലികളെല്ലാം മാറ്റിവെച്ചു. തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണൻ ബാല്യത്തിലും കൗമാരത്തിലും ചെയ്ത ലീലകൾ സദാ സ്മരിച്ചുകൊണ്ട്, അവർ ലജ്ജയില്ലാതെ കരഞ്ഞും പാടിയും കഴിഞ്ഞു. കൃഷ്ണനുമായുള്ള മുൻകാലത്തെ അനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചിരുന്ന ഒരു ഗോപി, തന്റെ മുന്നിൽ ഒരു വണ്ടിനെ കണ്ടപ്പോൾ അത് പ്രിയപ്പെട്ടവൻ അയച്ച ദൂതനാണെന്ന് സങ്കൽപ്പിച്ച് ഇപ്രകാരം പറഞ്ഞു.
ആ ഗോപി പറഞ്ഞു: ഹേ മധുകരമേ!, വഞ്ചകന്റെ കൂട്ടുകാരനായ നീ നിന്റെ മീശകൾ കൊണ്ട് എന്റെ പാദങ്ങളിൽ തൊടരുത്! കൃഷ്ണന്റെ മാലയിൽ മറ്റൊരു കാമുകിയുടെ മാറിൽനിന്നുള്ള കുങ്കുമം പറ്റിയിട്ടുണ്ടാകും. കൃഷ്ണൻ മഥുരയിലെ സ്ത്രീകളെ സന്തോഷിപ്പിക്കട്ടെ. നിന്നെപ്പോലെയുള്ള ഒരു ദൂതനെ അയക്കുന്നവനെ യാദവസഭയിൽ തീർച്ചയായും പരിഹസിക്കും. ഒരിക്കൽ മാത്രം തന്റെ അധരങ്ങളിലെ മാസ്മരിക മധുരം നുകരാൻ നൽകിയ ശേഷം, പൂക്കളെ ഉപേക്ഷിക്കുന്ന വണ്ടിനെപ്പോലെ കൃഷ്ണൻ ഞങ്ങളെ പെട്ടെന്ന് ഉപേക്ഷിച്ചു. എന്നിട്ടും ലക്ഷ്‌മിദേവി എന്തിനാണ് അദ്ദേഹത്തിന്റെ പാദങ്ങളെ സേവിക്കുന്നത്? കഷ്ടം! കൃഷ്ണന്റെ വഞ്ചനാപരമായ വാക്കുകളാൽ അവളുടെ മനസ്സ് അപഹരിക്കപ്പെട്ടിരിക്കണം. ഹേ ഭ്രമരമേ!, വീടില്ലാത്ത ഞങ്ങളുടെ മുന്നിൽ എന്തിനാണ് നീ യാദവനാഥനെക്കുറിച്ച് ഇങ്ങനെ പാടുന്നത്? ഈ കഥകളൊക്കെ ഞങ്ങൾക്ക് പഴയതാണ്. അർജ്ജുനന്റെ ആ ചങ്ങാതിയെക്കുറിച്ച് അദ്ദേഹത്തിന്റെ പുതിയ കാമുകിമാരുടെ മുന്നിൽ പോയി പാടുക. അവരുടെ ഹൃദയത്തിലെ താപം അദ്ദേഹം ഇപ്പോൾ ശമിപ്പിച്ചിട്ടുണ്ടാകും. നീ ഇരക്കുന്ന ദാനം അവർ നിനക്ക് നൽകും. സ്വർഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ അദ്ദേഹത്തിന് ലഭിക്കാത്ത സ്ത്രീകൾ ആരുണ്ട്? പുരികം ഒന്ന് ഉയർത്തുകയും മായാചിരി ഒന്ന് ചിരിക്കുകയും ചെയ്താൽ എല്ലാവരും അദ്ദേഹത്തിന്റേതാകും. സാക്ഷാൽ ലക്ഷ്മിദേവി പോലും അദ്ദേഹത്തിന്റെ പാദധൂളിയെ വന്ദിക്കുന്നുണ്ടെങ്കിൽ പിന്നെ ഞങ്ങളുടെ കാര്യം പറയണോ? എങ്കിലും, നിരാലംബരായവർക്ക് അദ്ദേഹത്തിന്റെ 'ഉത്തമശ്ലോകൻ' എന്ന നാമം ജപിക്കാമല്ലോ.
നിന്റെ തല എന്റെ പാദങ്ങളിൽ നിന്ന് മാറ്റൂ! നീ എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയാം. മുകുന്ദനിൽനിന്ന് നയതന്ത്രം പഠിച്ച നീ ഇപ്പോൾ അദ്ദേഹത്തിന്റെ ദൂതനായി സ്തുതിവചനങ്ങളുമായി വന്നിരിക്കുന്നു. അദ്ദേഹത്തിനുവേണ്ടി മക്കളെയും ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചവരെ അദ്ദേഹം കൈവിട്ടു. അദ്ദേഹം വെറും നന്ദികെട്ടവനാണ്. ഞാനിനി എന്തിന് അദ്ദേഹവുമായി ഒത്തുതീർപ്പിന് വരണം? വേട്ടക്കാരനെപ്പോലെ അദ്ദേഹം ക്രൂരമായി വാനരരാജാവായ ബാലിയെ അമ്പെയ്തു കൊന്നു. ഒരു സ്ത്രീക്ക് വശംവദനായി, കാമത്തോടെ വന്ന മറ്റൊരു സ്ത്രീയെ അദ്ദേഹം വിരൂപയാക്കി. ബലിമഹാരാജാവിന്റെ ദാനങ്ങൾ സ്വീകരിച്ചിട്ടും അദ്ദേഹത്തെ ഒരു കാക്കയെ എന്നപോലെ ചരടുകൊണ്ട് ബന്ധിച്ചു. അതുകൊണ്ട്, ആ കറുത്ത ബാലനെക്കുറിച്ച് സംസാരിക്കുന്നത് നിർത്താൻ കഴിയില്ലെങ്കിലും അവനുമായുള്ള എല്ലാ സൗഹൃദവും നമുക്ക് ഉപേക്ഷിക്കാം.
കൃഷ്ണൻ നടത്തുന്ന ലീലകളെക്കുറിച്ച് കേൾക്കുന്നത് ചെവികൾക്ക് അമൃതമാണ്. ആ അമൃതിന്റെ ഒരു തുള്ളി പോലും ഒരിക്കൽ ആസ്വദിക്കുന്നവരുടെ ഭൗതികബന്ധങ്ങൾ തകരുന്നു. അത്തരത്തിലുള്ള അനേകം ആളുകൾ തങ്ങളുടെ വീടും കുടുംബവും ഉപേക്ഷിച്ച്, ദരിദ്രരെപ്പോലെ വൃന്ദാവനത്തിൽ പക്ഷികളെപ്പോലെ അലഞ്ഞുതിരിയുകയും ഭിക്ഷാടനം നടത്തി ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വഞ്ചനാപരമായ വാക്കുകൾ സത്യമാണെന്ന് വിശ്വസിച്ച്, ക്രൂരനായ വേട്ടക്കാരന്റെ പാട്ടു വിശ്വസിക്കുന്ന പെൺമാനുകളെപ്പോലെ ഞങ്ങൾ ആയിത്തീർന്നു. അദ്ദേഹത്തിന്റെ നഖക്ഷതങ്ങളാൽ കാമത്തിന്റെ കഠിനവേദന ഞങ്ങൾ ആവർത്തിച്ച് അനുഭവിച്ചു. ഹേ ദൂതനേ!, ദയവായി കൃഷ്ണനെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും പറയൂ.
എന്റെ പ്രിയപ്പെട്ടവന്റെ സുഹൃത്തേ!, അദ്ദേഹം നിന്നെ വീണ്ടും ഇങ്ങോട്ട് അയച്ചതാണോ? നിന്നെ ഞാൻ ആദരിക്കേണ്ടതുണ്ട്, നിനക്ക് വേണ്ട വരം ചോദിച്ചുകൊള്ളൂ. പക്ഷേ ഉപേക്ഷിക്കാൻ പ്രയാസമുള്ള ആ പ്രണയത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോകാൻ നീ എന്തിനാണ് വന്നത്? ഹേ സൗമ്യനായ ഭ്രമരമേ, അദ്ദേഹത്തിന്റെ മാറിടത്തിൽ ലക്ഷ്മിദേവി എപ്പോഴും കൂടെയുണ്ടല്ലോ.
ഹേ ഉദ്ധവാ! കൃഷ്ണൻ മഥുരയിൽ വസിക്കുന്നത് ഖേദകരമാണ്. അദ്ദേഹം തന്റെ അച്ഛന്റെ വീട്ടുകാര്യങ്ങളും ഗോപാലന്മാരായ സുഹൃത്തുക്കളെയും ഓർക്കുന്നുണ്ടോ? ഹേ മഹാത്മാവേ! തന്റെ ദാസിമാരായ ഞങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴെങ്കിലും സംസാരിക്കാറുണ്ടോ? അഗരു സുഗന്ധമുള്ള തന്റെ കൈകൾ അദ്ദേഹം എപ്പോഴാണ് ഞങ്ങളുടെ തലയിൽ വെക്കുക?.
ശുകദേവൻ തുടർന്നു: രാജാവേ!, ഇതുകേട്ട ഉദ്ധവൻ, കൃഷ്ണനെ കാണാൻ കൊതിച്ചിരിക്കുന്ന ഗോപിമാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം അവരുടെ പ്രിയപ്പെട്ടവന്റെ സന്ദേശം ഇപ്രകാരം അറിയിക്കാൻ തുടങ്ങി.
ശ്രീ ഉദ്ധവൻ പറഞ്ഞു: ഹേ ഗോപിമാരേ!, നിങ്ങൾ സർവ്വവിജയികളും ലോകരാൽ വന്ദിക്കപ്പെടേണ്ടവരുമാണ്. കാരണം നിങ്ങൾ നിങ്ങളുടെ മനസ്സിനെ പൂർണ്ണമായും പരമപുരുഷനായ വാസുദേവനിൽ അർപ്പിച്ചിരിക്കുന്നു. ദാനം, വ്രതങ്ങൾ, തപസ്സ്, ഹോമങ്ങൾ, ജപം, വേദപഠനം, ഇന്ദ്രിയനിഗ്രഹം തുടങ്ങി അനേകം പുണ്യകർമ്മങ്ങളിലൂടെയാണ് കൃഷ്ണനോടുള്ള ഭക്തി കൈവരുന്നത്. എന്നാൽ മുനിമാർക്ക് പോലും ലഭിക്കാൻ പ്രയാസമുള്ള ഉത്തമശ്ലോകനായ ഭഗവാനോടുള്ള ശുദ്ധഭക്തിയുടെ അത്യുജ്ജ്വലമായ മാതൃക നിങ്ങളുടെ വലിയ ഭാഗ്യം കൊണ്ട് നിങ്ങൾ സ്ഥാപിച്ചിരിക്കുന്നു. നിങ്ങളുടെ വലിയ ഭാഗ്യം കൊണ്ട് മക്കളെയും ഭർത്താവിനെയും ശാരീരിക സുഖങ്ങളെയും വീടിനെയും ഉപേക്ഷിച്ച് നിങ്ങൾ കൃഷ്ണൻ എന്ന പരമപുരുഷനെ സ്വീകരിച്ചിരിക്കുന്നു. ഹേ മഹതികളായ ഗോപികമാരേ!, ഭഗവാനോടുള്ള അചഞ്ചലമായ പ്രേമത്തിന് നിങ്ങൾ അർഹരായിരിക്കുന്നു. വിരഹവേദനയിലും കൃഷ്ണനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക വഴി നിങ്ങൾ എന്നോട് വലിയ കാരുണ്യമാണ് കാണിച്ചിരിക്കുന്നത്. പുണ്യവതികളായ സ്ത്രീകളേ!, നിങ്ങളുടെ യജമാനന്റെ രഹസ്യദാസനായ ഞാൻ നിങ്ങൾക്കായി കൊണ്ടുവന്ന പ്രിയപ്പെട്ടവന്റെ സന്ദേശം കേട്ടുകൊള്ളുക.
ഭഗവാന്റെ വാക്കുകൾ: നിങ്ങൾ എന്നിൽ നിന്ന് ഒരിക്കലും വേർപെട്ടിട്ടില്ല, കാരണം ഞാൻ സർവ്വചരാചരങ്ങളുടെയും ആത്മാവാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങൾ എല്ലാ വസ്തുക്കളിലും ഇരിക്കുന്നതുപോലെ, ഞാൻ എല്ലാവരുടെയും മനസ്സിലും പ്രാണനിലും ഇന്ദ്രിയങ്ങളിലും ഭൗതിക ഗുണങ്ങളിലും കുടികൊള്ളുന്നു. എന്റെതന്നെ മായാശക്തിയാൽ, ഭൗതിക മൂലകങ്ങളെയും ഇന്ദ്രിയങ്ങളെയും ഉപയോഗിച്ച് ഞാൻ എന്നെ എന്നിൽനിന്നുതന്നെ സൃഷ്ടിക്കുകയും എന്നിൽത്തന്നെ നിലനിർത്തുകയും എന്നിലേക്കുതന്നെ സംഹരിക്കുകയും ചെയ്യുന്നു. ശുദ്ധമായ ജ്ഞാനസ്വരൂപമായ ആത്മാവ് ഭൗതികവസ്തുക്കളിൽ നിന്ന് വ്യത്യസ്തമാണ്. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലൂടെ നമുക്ക് ആത്മാവിനെ തിരിച്ചറിയാം. ഉറക്കത്തിൽ നിന്ന് ഉണർന്ന ഒരാൾ സ്വപ്നം മിഥ്യയാണെന്ന് അറിഞ്ഞിട്ടും അതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലെ, മനസ്സ് ഇന്ദ്രിയവിഷയങ്ങളെ ധ്യാനിക്കുന്നു. അതിനാൽ മനസ്സിനെ നിയന്ത്രിച്ച് ജാഗരൂകരാകണം. എല്ലാ വേദങ്ങളുടെയും യോഗത്തിന്റെയും സാംഖ്യത്തിന്റെയും തപസ്സിന്റെയും സത്യത്തിന്റെയും അന്തിമലക്ഷ്യം ഇതൊക്കെത്തന്നെയാണെന്ന് പണ്ഡിതന്മാർ പറയുന്നു; നദികളെല്ലാം സമുദ്രത്തിൽ ചെന്നുചേരുന്നതുപോലെ. നിങ്ങളുടെ പ്രിയപ്പെട്ടവനായ ഞാൻ നിങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ കാരണം, എന്നെക്കുറിച്ചുള്ള നിങ്ങളുടെ ധ്യാനം തീവ്രമാക്കാനും നിങ്ങളുടെ മനസ്സിനെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കാനുമാണ്. കാമുകൻ ദൂരത്തായിരിക്കുമ്പോൾ, കൂടെയുള്ളപ്പോഴത്തേക്കാൾ അധികമായി ഒരു സ്ത്രീ അവനെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങളുടെ മനസ്സ് പൂർണ്ണമായും എന്നിൽ ലയിച്ചിരിക്കുന്നതിനാലും മറ്റ് ചിന്തകൾ ഇല്ലാത്തതിനാലും നിങ്ങൾ എന്നെ സദാ സ്മരിക്കുന്നു. അതിനാൽ വളരെ വേഗം നിങ്ങൾക്ക് എന്നെ വീണ്ടും ലഭിക്കും. ചില ഗോപിമാർക്ക് വനത്തിലെ രാസലീലയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, എന്റെ ലീലകളെ ധ്യാനിച്ചത് വഴി അവർക്കും എന്നെ ലഭിച്ചു.
ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണന്റെ ഈ സന്ദേശം കേട്ട് വ്രജസ്ത്രീകൾ സന്തുഷ്ടരായി. ആ വാക്കുകൾ അവരുടെ സ്മരണകളെ ഉണർത്തി. അവർ ഉദ്ധവരോട് ഇപ്രകാരം പറഞ്ഞു.
ഗോപിമാർ പറഞ്ഞു: യാദവരുടെ ശത്രുവായ കംസനും അനുചരന്മാരും കൊല്ലപ്പെട്ടത് നന്നായി. അച്യുതൻ തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം സന്തോഷമായി കഴിയുന്നതും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതും ഏറെ സന്തോഷകരം. ഉദ്ധവാ!, കൃഷ്ണൻ ഇപ്പോൾ മഥുരയിലെ സ്ത്രീകൾക്ക് ഞങ്ങൾക്ക് അവകാശപ്പെട്ട സന്തോഷമാണ് നല്കികൊണ്ടിരിക്കുന്നത്. ആ സ്ത്രീകൾ പുഞ്ചിരിയോടെയും നാണത്തോടെയും അവിടുത്തെ ആരാധിക്കുന്നുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു. ശ്രീകൃഷ്ണൻ പ്രേമകാര്യങ്ങളിൽ അതിവിദഗ്ദ്ധനാണ്. അവിടുത്തെ സ്ത്രീകളുടെ മനോഹരമായ വാക്കുകളിലും ഭാവങ്ങളിലും അവൻ കുടുങ്ങിപ്പോകാതിരിക്കുമോ? ഹേ ഉദ്ധവാ!, നഗരത്തിലുള്ള ആ സ്ത്രീകളുമായി സംസാരിക്കുമ്പോൾ ഗോവിന്ദൻ എപ്പോഴെങ്കിലും ഞങ്ങളെ ഓർക്കാറുണ്ടോ? ഈ ഗ്രാമീണപെൺകുട്ടികളെക്കുറിച്ച് അദ്ദേഹം എപ്പോഴെങ്കിലും സംസാരിക്കാറുണ്ടോ?
താമരയും മുല്ലപ്പൂക്കളും നിറഞ്ഞ, നിലാവുള്ള വൃന്ദാവനത്തിലെ ആ രാത്രികളെ അദ്ദേഹം ഓർക്കുന്നുണ്ടോ? ഞങ്ങൾ അദ്ദേഹത്തിന്റെ ലീലകളെ പുകഴ്ത്തി പാടുമ്പോൾ, കിലുങ്ങുന്ന പാദസരങ്ങളുടെ അകമ്പടിയോടെ രാസനൃത്തത്തിൽ അവിടുന്ന് ഞങ്ങളോടൊപ്പം ആനന്ദിച്ചിരുന്നല്ലോ. അവൻ ഏൽപ്പിച്ച വിരഹതാപത്താൽ വെന്തുരുകുന്ന ഞങ്ങളെ ആ അംഗസ്പർശത്താൽ പുനർജീവിപ്പിക്കാൻ ആ ദാശാർഹകുലജാതൻ എന്നെങ്കിലും തിരിച്ചുവരുമോ? ഇന്ദ്രൻ മഴമേഘങ്ങളാൽ വനത്തെ പുനർജീവിപ്പിക്കുന്നത് പോലെ അവൻ ഞങ്ങളെ രക്ഷിക്കുമോ? പക്ഷേ, ശത്രുക്കളെ കൊന്ന് രാജ്യം നേടി രാജകുമാരിമാരെ വിവാഹം കഴിച്ച കൃഷ്ണൻ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം അദ്ദേഹം അവിടെ തൃപ്തനാണ്. മഹാത്മാവായ കൃഷ്ണൻ ലക്ഷ്മീപതിയാണ്. ആഗ്രഹിക്കുന്നതെന്തും അവിടുന്ന് തനിയെ നേടുന്നു. സ്വയം പൂർണ്ണനായ അദ്ദേഹത്തിന് വനവാസികളായ ഞങ്ങളെക്കൊണ്ട് എന്ത് കാര്യമാണുള്ളത്? ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പിംഗള എന്ന വേശ്യ പോലും പറഞ്ഞിട്ടുണ്ട്. അതറിഞ്ഞിട്ടും കൃഷ്ണനെ ലഭിക്കുമെന്ന പ്രതീക്ഷ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഉത്തമശ്ലോകനായ ഭഗവാനുമായുള്ള സംഭാഷണങ്ങൾ ഉപേക്ഷിക്കാൻ ആർക്ക് കഴിയും? അദ്ദേഹം താല്പര്യം കാണിക്കുന്നില്ലെങ്കിലും ലക്ഷ്മീദേവി അദ്ദേഹത്തിന്റെ മാറിലെ സ്ഥാനം വിട്ടുപോകുന്നില്ലല്ലോ.
പ്രിയ ഉദ്ധവാ!, കൃഷ്ണൻ സങ്കർഷണനോടൊപ്പം ഇവിടെ ഉണ്ടായിരുന്നപ്പോൾ ഈ നദികളും കുന്നുകളും വനങ്ങളും പശുക്കളും ഓടക്കുഴൽ വിളിയും എല്ലാം ഞങ്ങൾ ആസ്വദിച്ചിരുന്നു. ഇതെല്ലാം നന്ദകുമാരനെ ഞങ്ങളെ സദാ ഓർമ്മിപ്പിക്കുന്നു. ദൈവിക ചിഹ്നങ്ങളുള്ള കൃഷ്ണന്റെ പാദമുദ്രകൾ ഇവിടെ കാണുന്നതുകൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ നടപ്പും പുഞ്ചിരിയും നോട്ടവും തേൻ പോലെയുള്ള വാക്കുകളും ഞങ്ങളുടെ ഹൃദയം കവരുമ്പോൾ ഞങ്ങൾക്ക് എങ്ങനെ അവിടുത്തെ മറക്കാൻ കഴിയും? ഹേ നാഥാ!, ലക്ഷ്മീപതേ!, വ്രജനാഥാ! ദുഃഖം തീർക്കുന്ന ഗോവിന്ദാ!, മുങ്ങിത്താഴുന്ന നിന്റെ ഗോകുലത്തെ ദുഃഖസമുദ്രത്തിൽ നിന്ന് ദയവായി നീ കരകയറ്റൂ!
ശുകദേവൻ തുടർന്നു: രാജൻ! കൃഷ്ണന്റെ സന്ദേശം അവരുടെ വിരഹതാപം ശമിപ്പിച്ചു. ഗോപിമാർ ഉദ്ധവരെ കൃഷ്ണനിൽനിന്ന് ഭിന്നനല്ലെന്ന് കണ്ട് ആരാധിച്ചു. ഉദ്ധവർ മാസങ്ങളോളം അവിടെ താമസിച്ച് കൃഷ്ണലീലകൾ പാടി ഗോപിമാരുടെ ദുഃഖമകറ്റി. അദ്ദേഹം ഗോകുലവാസികൾക്കെല്ലാം സന്തോഷം നൽകി. ഉദ്ധവർ അവിടെ താമസിച്ച നാളുകൾ വ്രജവാസികൾക്ക് ഒരു നിമിഷം പോലെ തോന്നി. കാരണം അദ്ദേഹം എപ്പോഴും കൃഷ്ണനെക്കുറിച്ച് തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഹരിയുടെ ആ ദാസൻ വ്രജത്തിലെ നദികളും വനങ്ങളും മലകളും പൂത്തുനിൽക്കുന്ന മരങ്ങളും കണ്ട് വ്രജവാസികളിൽ കൃഷ്ണന്റെ ഓർമ്മകൾ ഉണർത്തിച്ചുകൊണ്ട് അവരെ ആനന്ദിപിച്ചു. കൃഷ്ണനിൽ പൂർണ്ണമായും ലയിച്ചിരിക്കുന്ന ഗോപിമാരെ കണ്ട് ഉദ്ധവർ അത്യന്തം സന്തുഷ്ടനായി. അവരെ ആദരിക്കാനായി അദ്ദേഹം ഇപ്രകാരം പാടി.
ഉദ്ധവൻ പാടി: ഭൂമിയിലെ എല്ലാ മനുഷ്യരിലും വച്ച് ഈ ഗോപികമാർ മാത്രമാണ് തങ്ങളുടെ ജന്മം സഫലമാക്കിയത്. കാരണം അവർ ഗോവിന്ദനിൽ നിഷ്കാമമായ പ്രേമം നേടിയെടുത്തു. മുനിമാരും ഞങ്ങളും കൊതിക്കുന്ന ആ ശുദ്ധപ്രേമം ലഭിച്ചവർക്ക് ഉന്നതനായ ഒരു ബ്രാഹ്മണനായോ ബ്രഹ്മാവായോ ജനിച്ചിട്ട് എന്ത് കാര്യം? കാട്ടിൽ അലഞ്ഞുനടക്കുന്ന, ആചാരമൊന്നുമറിയാത്ത ഈ സാധാരണ സ്ത്രീകൾ പരമാത്മാവായ കൃഷ്ണനിൽ ഇത്രയും ശുദ്ധപ്രേമം നേടിയത് അത്ഭുതംതന്നെ! മരുന്നിന്റെ ഗുണമറിയാതെ കഴിച്ചാലും അത് ഫലം നൽകുന്നതുപോലെ, ഭഗവാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു. രാസലീലയിൽ ഭഗവാൻ ഗോപിമാരെ ആലിംഗനം ചെയ്തു. ലക്ഷ്മിദേവിക്കോ സ്വർഗ്ഗത്തിലെ സുന്ദരിമാർക്കോ ലഭിക്കാത്ത മഹാഭാഗ്യമാണത്. ഭൗതിക ലോകത്തെ സുന്ദരിമാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. വേദങ്ങളിലൂടെ തിരയേണ്ട കൃഷ്ണന്റെ പാദാരവിന്ദങ്ങളെ അഭയം പ്രാപിക്കാൻ ഈ ഗോപികമാർ തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു. വ്രജത്തിലെ ഒരു ചെടിയോ വള്ളിയോ പുല്ലോ ആയി ജനിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ; കാരണം ഈ ഗോപിമാരുടെ പാദധൂളി ഏൽക്കാൻ അപ്പോൾ എനിക്ക് കഴിയും. ബ്രഹ്മാവിനും ലക്ഷ്മിദേവിക്കും യോഗികൾക്കും മനസ്സിൽ മാത്രം ധ്യാനിക്കാൻ കഴിയുന്ന ആ പാദങ്ങൾ രാസനൃത്തവേളയിൽ ഭഗവാൻ ഗോപിമാരുടെ മാറിൽ വച്ചു. ആ പാദങ്ങളെ ആലിംഗനം ചെയ്തതോടെ അവരുടെ എല്ലാ ദുഃഖങ്ങളും നീങ്ങി. നന്ദഗോപരുടെ വ്രജത്തിലെ സ്ത്രീകളുടെ പാദധൂളിയെ ഞാൻ വീണ്ടും വീണ്ടും വന്ദിക്കുന്നു. അവർ കൃഷ്ണന്റെ കീർത്തനങ്ങൾ പാടുമ്പോൾ ആ ശബ്ദം മൂന്ന് ലോകങ്ങളെയും ശുദ്ധീകരിക്കുന്നു.
ശുകദേവൻ പറഞ്ഞു: രാജാവേ!, ഉദ്ധവർ പിന്നീട് ഗോപിമാരോടും നന്ദഗോപരോടും യശോദയോടും യാത്ര ചോദിച്ചു. അദ്ദേഹം തന്റെ രഥത്തിൽ കയറി. ഉദ്ധവർ പോകാറായപ്പോൾ നന്ദഗോപരും മറ്റുള്ളവരും പൂജാദ്രവ്യങ്ങളുമായി വന്നു. കണ്ണീരോടെ അവർ ഇപ്രകാരം പറഞ്ഞു.
നന്ദഗോപരും മറ്റ് ഗോപാലന്മാരും പറഞ്ഞു: ഞങ്ങളുടെ മനസ്സ് എപ്പോഴും കൃഷ്ണന്റെ പാദാരവിന്ദങ്ങളിൽ അഭയം തേടട്ടെ!. ഞങ്ങളുടെ വാക്കുകൾ എപ്പോഴും അദ്ദേഹത്തിന്റെ നാമങ്ങൾ ജപിക്കട്ടെ!. ഞങ്ങളുടെ ശരീരം എപ്പോഴും അദ്ദേഹത്തെ വന്ദിക്കട്ടെ!. കർമ്മഫലമനുസരിച്ച് ഞങ്ങൾ എവിടെ അലഞ്ഞാലും ഞങ്ങളുടെ പുണ്യകർമ്മങ്ങൾ കൃഷ്ണനോടുള്ള പ്രേമം ഞങ്ങൾക്ക് നൽകട്ടെ!.
ശുകദേവൻ തുടർന്നു: ഇപ്രകാരം വ്രജവാസികളാൽ ആദരിക്കപ്പെട്ട ഉദ്ധവർ കൃഷ്ണനാൽ സംരക്ഷിക്കപ്പെടുന്ന മഥുരയിലേക്ക് മടങ്ങി. ഭഗവാനെ വന്ദിച്ച ശേഷം ഉദ്ധവർ വ്രജവാസികളുടെ അപാരമായ ഭക്തിയെക്കുറിച്ച് കൃഷ്ണനോട് വിവരിച്ചു. വസുദേവർക്കും ബലരാമനും ഉഗ്രസേന മഹാരാജാവിനും അദ്ദേഹം ഇത് വിവരിച്ചു നൽകുകയും താൻ കൊണ്ടുവന്ന സമ്മാനങ്ങൾ അവർക്ക് നൽകുകയും ചെയ്തു.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പത്തിയേഴാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
.jpg)