ഓം
ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 8
(നാമകരണം,
ബാലലീലാനിരൂപണം, മൃദ്ഭക്ഷണം, വിശ്വരൂപദർശനം)
ശ്രീശുകൻ പറഞ്ഞു: “അല്ലയോ പരീക്ഷിത്ത് രാജൻ!, വസുദേവർ പറഞ്ഞയയ്ക്കപ്പെട്ട് യദുക്കളുടെ ഗുരുവും മഹാതപസ്വിയുമായ
ഗർഗ്ഗമുനി അങ്ങനെയിരിക്കെ ഒരുദിനം നന്ദന്റെ ഗോകുലത്തിലേക്ക് വന്നു. കണ്ടപാടേ സന്തുഷ്ടനായി നന്ദഗോപർ എഴുന്നേറ്റ് കൈകൂപ്പി വണങ്ങി അദ്ദേഹത്തെ ആദരിച്ചുപൂജിച്ചു.
അതിഥിസത്ക്കാരത്തിനുശേഷം സന്തോഷപൂർവ്വം ഉപവിഷ്ടനായ ഗർഗ്ഗമുനിയോട് ആനന്ദം
തുളുമ്പുന്ന വാക്കുകളാൽ നന്ദൻ ചോദിച്ചു: “അല്ലയോ ബ്രഹ്മർഷേ!, പൂർണ്ണനായ
അങ്ങേയ്ക്കുവേണ്ടി എന്താണ് ഞങ്ങൾ ചെയ്യേണ്ടതു?. ഹേ സർവ്വജ്ഞ!,
അങ്ങയെപ്പോലുള്ള മഹാത്മാക്കളുടെ സന്ദർശനം ദീനചിത്തന്മാരായ ഞങ്ങൾ കുടുംബികൾക്ക്
അനുഗ്രഹമായി ഭവിക്കുന്നു. അങ്ങയാൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്രം
കൊണ്ടാണ് പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള ഭൂതം, ഭാവി മുതലായവയുടെ
അറിവ് ലോകത്തിനുണ്ടാകുന്നതു. ബ്രാഹ്മണർ സമൂഹത്തിൽ മറ്റുള്ളവർക്ക്
ആചാര്യന്മാരാകുന്നു. അങ്ങാണെങ്കിൽ ബ്രഹ്മഞ്ജാനികളിൽ ശ്രേഷ്ഠനും.
ആകയാൽ ഈ രണ്ട് കുട്ടികളുടേയും നാമകരണാദി സംസ്ക്കാരങ്ങളെ ചെയ്തനുഗ്രഹിക്കണം.”
ഗർഗ്ഗമുനി പറഞ്ഞു: “അല്ലയോ നന്ദഗോപരേ!, ഞാൻ യാദവന്മാരുടെ കുലഗുരുവാണെന്ന കാര്യം ലോകർക്കെല്ലാം അറിയാവുന്നതാണു.
ആ സ്ഥിതിക്ക് അങ്ങയുടെ കുട്ടികളുടെ സംസ്ക്കാരങ്ങൾ ഞാൻ ചെയ്താൽ,
ഇവർ ദേവകിയുടെ പുത്രന്മാരെണെന്ന് കംസൻ വിചാരിക്കും. തന്നെ കൊല്ലുവാനായി ഒരു കുഞ്ഞ് എങ്ങോ ജനിച്ചിട്ടുണ്ടെന്ന് മഹാപാപിയായ കംസൻ
ദേവകിയുടെ പുത്രിയായ യോഗമായയിൽനിന്നും കേട്ടറിഞ്ഞ സ്ഥിതിക്ക്, അവളുടെ എട്ടാമത്തെ ഗർഭം പെൺകുഞ്ഞാകില്ല എന്നറിഞ്ഞുകൊണ്ടും, അങ്ങേയ്ക്ക് വസുദേവരോടുള്ള സ്നേഹത്തെ മനസ്സിലാക്കിക്കൊണ്ടും, അവൻ ഉണ്ണിയെ കൊല്ലുവാനുള്ള ശ്രമങ്ങൾ നടത്തും. ഞാൻ ഇവരുടെ
സംസ്ക്കാരകർമ്മങ്ങൾ ചെയ്യുന്നപക്ഷം, ഈ സംശയം ആ ദുഷ്ടൻ ഉറപ്പിക്കുകയും
അത് നമുക്കപകടമായി ഭവിക്കുകയും ചെയ്യും.”
അതുകേട്ട് നന്ദഗോപർ
പറഞ്ഞു: “അല്ലയോ മുനേ!, എന്റെ ബന്ധുക്കൾപോലുമറിയാതെ
ആരാരുമില്ലാത്തിടത്തുവച്ച് ഒഴിച്ചുകൂടാൻ പറ്റാത്തതായ ആ കർമ്മങ്ങൾ മാത്രം ചെയ്തുതരിക.”
ശ്രീശുകൻ തുടർന്നു: “പരീക്ഷിത്തേ!, ഇങ്ങനെ നന്ദഗോപരുടെ ഇംഗിതത്തെ മാനിച്ച് ഗർഗ്ഗൻ സന്തോഷപൂർവ്വം
ആരുമില്ലാത്തിടത്തുവച്ച് വളരെ രഹസ്യമായി കുട്ടികളുടെ നാമകരണാദിസംസ്ക്കാരങ്ങൾ ചെയ്തു.
തുടർന്ന് അദ്ദേഹം പറഞ്ഞു: “ഹേ നന്ദരേ!, രോഹിണിയുടെ
പുത്രനായ ഇവൻ സർവ്വഗുണസമ്പന്നനായി സകലരേയും രമിപ്പിച്ചുകൊണ്ട് ‘രാമൻ’ എന്ന പേരിൽ പ്രസിദ്ധനാകും. കരുത്തുറ്റവനാകയാൽ ‘ബലൻ’ എന്നും ഇവൻ അറിയപ്പെടും.
മാത്രമല്ല, യദുക്കളെ ഐക്യമത്യത്തോടെ ചേർത്തുനിർത്തുന്നതിനാൽ
ഇവനെ ലോകം ‘സങ്കർഷണൻ’ എന്നും
വിളിക്കുന്നതാണു. ഇനി, യുഗങ്ങൾതോറും ഓരോരോ
ശരീരങ്ങൾ മാറിമാറി സ്വീകരിക്കുന്ന അങ്ങയുടെ ഈ രണ്ടാമത്തെ പുത്രന് വെളുപ്പും ചുവപ്പും
മഞ്ഞയും നിറങ്ങളുണ്ടായിരുന്നത്രേ. എന്നാൽ ഇപ്പോഴിതാ ഇവൻ കറുത്ത
നിറത്തിൽ കാണപ്പെടുന്നു. ആയതിനാൽ കൃഷ്ണവർണ്ണത്തോടുകൂടിയ ഇവൻ ‘കൃഷ്ണൻ’ എന്ന് അന്വർത്ഥനാമാവായി അറിയപ്പെടും.
കൂടാതെ, ഗുണങ്ങൾക്കും കർമ്മങ്ങൾക്കും രൂപങ്ങൾക്കുമനുസരിച്ച്
ഇവന് അനേകം നാമങ്ങൾ വേറെയുമുണ്ടു. അവയെ ഞാൻപോലും അറിയാത്ത സ്ഥിതിയ്ക്ക്
സാധാരണജനങ്ങൾ എങ്ങനെയറിയാനാണു!. ഗോപഗോകുലനന്ദനനായ ഇവൻ നിങ്ങൾക്കെല്ലാം
അത്യന്തം ശ്രേയസ്സിനെ ഉണ്ടാക്കും. നിങ്ങൾക്കുണ്ടാകുന്ന സകലദോഷങ്ങളും
ഇവന്മൂലം അനായാസേന നിങ്ങൾ തരണം ചെയ്യുകയും ചെയ്യും. രാജൻ!,
പണ്ട്, രാജാവഴ്ചയില്ലാതായ ഒരു കാലത്ത് കൊള്ളക്കാൽ
ജനങ്ങളെ ഉപദ്രവിച്ചപ്പോൾ ഇവൻ അവരെ രക്ഷിക്കുകയും, അങ്ങനെ സുരക്ഷിതരായ
ജനങ്ങൾ ആ കൊള്ളക്കാരെ കീഴടക്കുകയും ചെയ്തിരുന്നു. യാതൊരു മനുഷ്യരാണോ
ഭാഗ്യശാലികളായി ഇവന്റെ പ്രീതിക്ക് പാത്രമാകുന്നത്, അവർ,
വിഷ്ണുവാൽ അസുരന്മാരിൽനിന്നും ദേവന്മാർ എന്നതുപോലെ, ഇവനാൽ ശത്രുക്കളിൽനിന്നും രക്ഷിക്കപ്പെടുന്നു. അതുകൊണ്ട്
അല്ലയോ നന്ദ!, അങ്ങയുടെ ഈ പുത്രൻ സർവ്വഗുണങ്ങളാലും സർവ്വൈശ്വര്യങ്ങളാലും
കീർത്ത്യാലും പ്രഭാവത്താലും വിഷ്ണുവിനു സമനാകുന്നു. ആകയാൽ,
ഇവനെ ഏറ്റവും ജാഗ്രതയോടുകൂടി സംരക്ഷിച്ചാലും.”
രാജൻ!, ഇങ്ങനെ ഗർഗ്ഗമുനി വേണ്ടവണ്ണം നന്ദഗോപരെ ഉപദേശിച്ചതിനുശേഷം സ്വവസതിയിലേക്ക്
പോയി. ശേഷം അനുഗ്രഹീതനായ നന്ദഗോപൻ സന്തുഷ്ടനായി. കാലം അല്പം കടന്നുപോയി. രാമകൃഷ്ണന്മാർ കൈകളുടെ സഹായത്തോടെ
കാൽമുട്ടുകളിലിഴഞ്ഞ് കളിക്കുവാൻ തുടങ്ങി. അവർ ചിലമ്പും കിങ്ങിണിയുമണിഞ്ഞ്
അതിന്റെ കളകളനാദത്തോടുകൂടി ഗോകുലത്തിന്റെ മുറ്റത്ത് നടന്നുകളിച്ചു. അറിയാത്തവരുടെ പിന്നാലെ ചെന്ന് അവർ തിരിഞ്ഞുനോക്കുമ്പോൾ പരിചയമില്ലാത്ത മുഖം
കണ്ട് പേടിച്ച് അബദ്ധം പറ്റിയ മാതിരി അമ്മമാർക്കരുകിലേക്ക് പാഞ്ഞോടിയിരുന്നു.
ആ സമയം ചളിയുടെ കുറിക്കൂട്ടുകളണിഞ്ഞ് ചന്ദം കൂടിയിരിക്കുന്ന രാമനേയും
കൃഷ്ണനേയും അവരുടെ അമ്മമാർ ഇരുകൈകൾകൊണ്ടും വാരിയെടുത്ത് ചുരന്നിരിക്കുന്ന മുലകൾ കൊടുത്തു.
അത് നുകർന്നുകൊണ്ടിരിക്കുന്ന അവരുടെ പുഞ്ചിരി വിടർന്ന ഏതാനും കുഞ്ഞുപല്ലുകളുള്ള
ആ മുഖപത്മങ്ങൾ നോക്കി അവർ ആനന്ദിച്ചിരുന്നു.
രാജൻ!, അല്പം കൂടി വളർന്ന ആ രാമകൃഷ്ണന്മാർ ഗോകുലത്തിലെ പശുക്കിടാങ്ങളുടെ
വാലിൽ മുറുകെ പിടിച്ച് അതിനുപിന്നാലേ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞുനീങ്ങി കളിച്ചു.
ഗോപികമാർ തങ്ങളുടെ വീട്ടുകാര്യങ്ങളുപേക്ഷിച്ച് കുട്ടികളുടെ ഈ ക്രീഡകൾ
കണ്ട് രസിക്കാൻ തുടങ്ങി. ഭഗവാൻ, ബലരാമനോടൊപ്പം
ഇങ്ങനെ ഒരു നിമിഷം പോലും വെറുതെയിരിക്കാതെ കുസൃതികൾ കാട്ടിത്തുടങ്ങി. കൊമ്പുള്ള മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ മുതലാവയിൽനിന്നും കുട്ടികളെ ഒരുതരത്തിലും രക്ഷിക്കാൻ കഴിയാതെ ആ അമ്മമാർ
അസ്വസ്ഥരായി. അല്ലയോ രാജർഷേ!, കുറച്ചുനാൾ
കൂടി കഴിഞ്ഞപ്പോൾ അവർ മുട്ടുകുത്താതെ കാലടികൾവച്ച് അശ്രമം യഥേഷ്ടം ഗോകുലത്തിൽ സഞ്ചരിച്ചുതുടങ്ങി.
തുടർന്ന് സമപ്രായക്കാരായ ഗോപബാലന്മാരോടൊപ്പം രാമനും കൃഷ്ണനും കളിച്ചു.
അത് കണ്ട് ഗോപികമാർ സന്തുഷ്ടരായി.
ഭഗവാന്റെ ഇത്തരം
ബാലചാപല്യങ്ങളെ കണ്ട് ഗോപികമാർ ഒരുമിച്ചുവന്ന് ഒരിക്കൽ യശോദയോട് ഇപ്രകാരം പറഞ്ഞു: “ദേവീ!, ചില സമയത്ത് ഇവൻ പശുകുട്ടികളെ അഴിച്ചുവിടുന്നു; അത് കണ്ട്
മുറവിളി കൂട്ടുന്നവരെ നോക്കി കളിയാക്കി ചിരിക്കുന്നു; ചിലപ്പോൾ
സൂത്രത്തിൽ വന്ന് ആരും കാണാതെ തൈരും പാലും കട്ടുകുടിക്കുന്നു; അതിൽ കുറച്ച് മർക്കടജാതികൾക്കും പങ്ക് വയ്ക്കുന്നു; അതിൽ
ആർക്കെങ്കിലും തൈര് വേണ്ടാ, എന്നുണ്ടെങ്കിൽ പിന്നെ പാൽക്കുടങ്ങൾ
തച്ചുടയ്ക്കുകയായി; അഥവാ, ഇനി ഒന്നുംതന്നെ
കിട്ടാതായാൽ വീട്ടിലുള്ള കുട്ടികളെ കരയിച്ചുകൊണ്ട് കടന്നുകളയുന്നു. മാതേ!, കൈകൊണ്ടെത്താത്ത വിധത്തിൽ വച്ചിട്ടുള്ള പാൽകലങ്ങൾ പീഠമോ ഉരലോ എടുത്തുവച്ച് അതിൽ കയറിനിന്ന് അത് കൈക്കലാക്കുവാനുള്ള ഉപായങ്ങൾ
സൃഷ്ടിക്കുന്നു. പാത്രത്തിനുള്ളിൽ ഗോരസങ്ങൾ വച്ചിരിക്കുന്നതറിഞ്ഞ്
അതിനുകീഴേ ദ്വാരങ്ങളുണ്ടാക്കുന്നു. ഇവന്റെ ശരീരത്തിലണിഞ്ഞിരിക്കുന്ന
ഈ രത്നങ്ങളെ ഇരുട്ടറകളിൽ വെളിച്ചത്തിനായി ഇവൻ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുന്നു.
ഞങ്ങൾ ഗോപസ്ത്രീകൾ വളരെ തിരക്കുപിടിച്ച് വീട്ടുജോലികളിൽ മുഴുകിയിരിക്കുന്ന
സമയത്താണ് ഇവന്റെ ഈ കലാപരിപാടികൾ അരങ്ങേറുന്നതു. ഇവന്റെ ഈ പണികൾ
കണ്ട് ആരെങ്കിലും വഴക്കുപറഞ്ഞാൽ അവരോട് ഡംഭം കലർന്ന വാക്കുകളിൽ സംസാരിക്കുന്നു.
അടിച്ചുതളിച്ച് ശുദ്ധമാക്കിയിട്ടിരിക്കുന്ന വീടിനുള്ളിൽ കടന്ന് അവിടെ
മൂത്രമൊഴിച്ച് രസിക്കുന്ന ദുഃശ്ശീലവും ഇവനുണ്ടു. ഇത്തരം കള്ളക്കൌശലമേറിയ
പണികൾ കാട്ടുന്ന ഇവനാണ് ഇപ്പോഴിതാ ഒരു സാധുവെപ്പോലെ ഇവിടെയിങ്ങനെയിരിക്കുന്നതു.”
രാജൻ!, ഗോപസ്ത്രീകൾ ഇപ്രകാരം തങ്ങളുടെ അവസ്ഥകൾ യശോദാദേവിയെ പറഞ്ഞുകേൾപ്പിച്ചു.
അതെല്ലാം കേട്ടിട്ടും, പേടിപൂണ്ടിരിക്കുന്നവനെ
പോലുള്ള ആ മുഖഭാവം കണ്ട് യശോദാദേവിക്ക് കൃഷ്ണനെ ശകാരിക്കാൻ തോന്നിയില്ല. രാജാവേ!, ഒരിക്കൽ കളിച്ചുകൊണ്ടിരുന്ന ബലരാമാദികളായ കുട്ടികൾ
ഓടിവന്ന് ‘കൃഷ്ണൻ മുറ്റത്തിരുന്ന് മണ്ണ് തിന്നുന്നു’ എന്ന് അമ്മയെ അറിയിച്ചു. അവൾ കേട്ട മാത്രയിൽ
ഓടിച്ചെന്ന് കൃഷ്ണന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് ശകാരിച്ചു. ഭയത്താൽ
അമ്പരന്ന് നോക്കുന്നതുപോലെയുള്ള അവന്റെ ഭാവം കണ്ട് ദേവി പറഞ്ഞു: “കൃഷ്ണാ!, നിന്റെ ചേട്ടനും മറ്റുള്ള കുട്ടികളും പറയുന്നല്ലോ നീ മണ്ണ് തിന്നെന്ന്!..
അനുസരണയില്ലാത്തവനേ!, ആരും കാണാതെ എന്തിനാണ് നീയീ
മണ്ണെല്ലാം തിന്നുന്നതു?.”
രാജൻ!, പേടിച്ചുവിറച്ചവനെപ്പോലെ നിന്നുകൊണ്ട് ഭഗവാൻ പറഞ്ഞു: “അമ്മേ!, ഞാൻ മണ്ണ് തിന്നിട്ടില്ല. ഇവരെല്ലാം കള്ളം
പറയുകയാണു. അമ്മയ്ക്ക് ഇവരെയാണ് വിശ്വാസമെങ്കിൽ എന്റെ വായ നേരിട്ട്
കണ്ടുകൊള്ളൂ!...”
‘അങ്ങനെയെങ്കിൽ വായ തുറന്നുകാട്ടൂ…’ എന്നായി ദേവിയും. ആ സമയം, സകലൈശ്വര്യത്തോടുകൂടിയവനും ഷട്ഗുണസമ്പൂർണ്ണനും ക്രീഡാർത്ഥം ശ്രീകൃഷ്ണനെന്ന
മനുഷ്യബാലനായി അവതരിച്ചവനുമായ ഭഗവാൻ ശ്രീഹരി യശോദയെ തന്റെ വായ്മലർ തുറന്നുകാട്ടി.
രാജാവേ!, അത്ഭുതമെന്നാല്ലാതെ എന്ത് പറയാൻ!.. ആ സമയം
സകല സ്ഥാവരജംഗമങ്ങളേയും അന്തരീക്ഷത്തേയും ദിക്കുകളേയും പർവ്വതങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയുൾപ്പെട്ട ഭൂഗോളത്തേയും,
വായു, അഗ്നി, ചന്ദ്രൻ,
മറ്റ് നക്ഷത്രരാശികളുമടങ്ങുന്ന വിശ്വത്തേയും ദേവി യശോദ ഭഗവാന്റെ വായയ്ക്കുള്ളിൽ
കണ്ടു. കൂടാതെ, സ്വർല്ലോകം, ജലം, അഗ്നി, വായു, ആകാശം, ദേവന്മാർ, ഇന്ദ്രിയങ്ങൾ,
വിഷയങ്ങൾ, സത്വാദി ഗുണത്രയങ്ങൾ മുതലായവയും അവൾ
ഭഗവദ്വൿത്രത്തിൽ ദർശിക്കുകയുണ്ടായി. തന്നോടും തന്റെ മകനോടും ആ
ഗോകുലത്തോടുമൊപ്പമുള്ള ഈ വിശ്വത്തെ മുഴുവനും തന്റെ ഉണ്ണിയുടെ വായ്ക്കുള്ളിൽ കണ്ട ദേവി
ഒരുനിമിഷം അമ്പരന്നുപോയി. ഇത് സ്വപ്നമായിരിക്കുമോ?, അഥവാ ദേവമായയാകുമോ?, അല്ലെങ്കിൽ, തന്റെ ബുദ്ധിഭ്രമമായിരിക്കുമോ?, അതുമല്ലെങ്കിൽ,
ഇനി തന്റെ കുഞ്ഞിന് ജന്മനാൽ കിട്ടിയിരിക്കുന്ന എന്തെങ്കിലും ദിവ്യസിദ്ധിയായിരിക്കുമോ?
എന്ന് യശോദ സംശയം പൂണ്ടിരുന്നു. മനസ്സിനോ ബുദ്ധിക്കോ
ഇന്ദ്രിയങ്ങൾക്കോ ഒരുതരത്തിലും മനസ്സിലാക്കാൻ കഴിയാത്ത ഈ വിശ്വം യാതൊരു ആശ്രയസ്ഥാനത്തിൽ
തിഷ്ഠമായിരിക്കുന്നുവോ, അത്യന്തം അചിന്ത്യമായ ആ തൃപ്പാദത്തിൽ
അവൾ മനസാ നമസ്കരിച്ചു. ‘ഞാൻ ഗോകുലത്തിന്റെ നാഥനായ നന്ദഗോപരുടെ പത്നിയാണ്; അദ്ദേഹം എന്റെ ഭർത്താവാണ്; ഇവൻ എന്റെ മകനാണ്;
ഗോക്കളും ഗോപികളും ഗോപന്മാരുമൊക്കെ എന്റേതാണ്;’ എന്നിങ്ങനെയുള്ള ഈ ദുർബുദ്ധി
ആരുടെ മായയിൽ നിന്നുണ്ടാകുന്നുവോ, ആ സർവ്വേശ്വരൻ എനിക്ക് ആശ്രയമായിരിക്കട്ടെ
എന്നവൾ പ്രാർത്ഥിച്ചു.
രാജൻ!, ഇങ്ങനെ യശോദാദേവി പരമാർത്ഥതത്വം ഗ്രഹിച്ചപ്പോൾ സർവ്വശക്തനായ ഭഗവാൻ
പുത്രസ്നേഹമയമായ വിഷ്ണുമായയെ കൈക്കൊണ്ടു. ഉടൻതന്നെ സ്വപ്നമെന്നോണം അവളുടെ പൂർവ്വസ്മൃതി നശിച്ചുപോയി. അവൾ പുത്രനെ തന്റെ മടിയിലെടുത്തുവച്ച് മുന്നേപോലെ പുത്രവത്സല്യം നിറഞ്ഞവളായിമാറി.
വേദങ്ങളും ഉപനിഷത്തുക്കളും സാംഖ്യാദിയോഗതത്വങ്ങളും പുകഴ്ത്തുന്ന മഹിമകളോടുകൂടിയ
ഭഗവാൻ ശ്രീഹരിയുടെ ആ മനുഷ്യാവതാരത്തെ അവൾ വീണ്ടും തന്റെ പുത്രനെന്ന് കരുതി സ്നേഹിച്ചുലാളിച്ചു.
രാജൻ!, ഇത്രയും കേട്ടപ്പോൾ പരീക്ഷിത്ത് രാജാവ് ചോദിച്ചു: “ഹേ ബ്രാഹ്മണശ്രേഷ്ഠ!, നന്ദനും ശയോദയും അത്രത്തോളം മഹോദയമായ എന്ത് പുണ്യം ചെയ്തിട്ടാണ്
ഭഗവാൻ ശ്രീഹരിയെ അവരുടെ മകനായി അവർക്ക് സ്നേഹിക്കാനും ലാളിക്കാനും കഴിഞ്ഞത്?.
സ്വന്തം മാതാപിതാക്കളായ ദേവകീദേവിക്കും വസുദേവർക്കും പോലും അനുഭവിക്കുവാൻ
സിദ്ധിച്ചിട്ടില്ലാത്തതും കവികൾ പാടിപ്പുകഴ്ത്തുന്നതും ലോകത്തിന്റെ സകലപാപങ്ങളും ഇല്ലാതാക്കുന്നതുമായ
ശ്രീകൃഷ്ണഭഗവാന്റെ ആ ദിവ്യലീലകൾ കണ്ടനുഭവിക്കാൻതക്ക പാകത്തിൽ എന്ത് സത്ക്കർമ്മമായിരിക്കണം
യശോദയും നന്ദനും ചെയ്തിരിക്കുന്നതു?.”
ശ്രീശുകൻ പറഞ്ഞു: “രാജൻ!, ഒരിക്കൽ അഷ്ടവസുക്കളിൽ പ്രധാനനായ ദ്രോണൻ എന്ന വസുവും അദ്ദേഹത്തിന്റെ ഭാര്യ
ധര എന്നവളും ചേർന്ന് ബ്രഹ്മദേവന്റെ ആജ്ഞയെ നിറവേറ്റുവാനായി അദ്ദേഹത്തോട് പറഞ്ഞു:
“അല്ലയോ ബ്രഹ്മദേവ!, ഭൂമിയിൽ ജനിച്ച മനുഷ്യർ അശ്രമം അവിടുത്തെ ദുർഗ്ഗതിയെ തരണം ചെയ്യുന്നത്
ഭഗവാൻ ഹരിയിലുള്ള ഭക്തികൊണ്ടാണ്. ഞങ്ങൾക്കും വിശ്വേശ്വരനായ ആ
ഭഗവാനിലുള്ള പരമമായ ഭക്തിയെ പ്രദാനം ചെയ്യുക.” രാജൻ!, ബ്രഹ്മദേവനാൽ ‘അങ്ങനെയാകട്ടെ’ എന്നനുഗ്രഹിക്കപ്പെട്ട ദ്രോണൻ എന്ന ആ വസുവും ധര എന്ന അദ്ദേഹത്തിന്റെ
പത്നിയുമാണ് ഗോകുലത്തിൽ നന്ദനായും യശോദയായും പിന്നീട് ജനിച്ചതു. അല്ലയോ ഭാരത!, അങ്ങനെ ബ്രഹ്മാവിന്റെ വരത്താൽ അവർക്ക്
ഭഗവാൻ പുത്രനായി ഭവിക്കുകയും അവനിൽ അവർക്ക് അളവറ്റ ഭക്തിയുണ്ടാകുകയും ചെയ്തു.
ബ്രഹ്മദേവന്റെ ഈ അനുഗ്രഹത്തെ യാഥാർത്ഥ്യമാക്കുവാനായി ഭഗവാൻ ശ്രീഹരി ബലരാമനോടൊപ്പം
ശ്രീകൃഷ്ണനായി അവതരിച്ച് വസിച്ചുകൊണ്ട് തന്റെ ദിവ്യലീലകളാൽ അവർക്ക് പ്രീതിയെ ഉളവാക്കി.”
ശ്രീമദ്ഭാഗവതം ദശമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
<<<<< >>>>>