2021, ജനുവരി 31, ഞായറാഴ്‌ച

10.8 നാമകരണം, ബാലലീലാനിരൂപണം, മൃദ്ഭക്ഷണം, വിശ്വരൂപദർശനം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 8

(നാമകരണം, ബാലലീലാനിരൂപണം, മൃദ്ഭക്ഷണം, വിശ്വരൂപദർശനം)

 

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജൻ!, വസുദേവർ പറഞ്ഞയയ്ക്കപ്പെട്ട് യദുക്കളുടെ ഗുരുവും മഹാതപസ്വിയുമായ ഗർഗ്ഗമുനി അങ്ങനെയിരിക്കെ ഒരുദിനം നന്ദന്റെ ഗോകുലത്തിലേക്ക് വന്നു. കണ്ടപാടേ സന്തുഷ്ടനായി നന്ദഗോപർ എഴുന്നേറ്റ് കൈകൂപ്പി വണങ്ങി അദ്ദേഹത്തെ ആദരിച്ചുപൂജിച്ചു. അതിഥിസത്ക്കാരത്തിനുശേഷം സന്തോഷപൂർവ്വം ഉപവിഷ്ടനായ ഗർഗ്ഗമുനിയോട് ആനന്ദം തുളുമ്പുന്ന വാക്കുകളാൽ നന്ദൻ ചോദിച്ചു: അല്ലയോ ബ്രഹ്മർഷേ!, പൂർണ്ണനായ അങ്ങേയ്ക്കുവേണ്ടി എന്താണ് ഞങ്ങൾ ചെയ്യേണ്ടതു?. ഹേ സർവ്വജ്ഞ!, അങ്ങയെപ്പോലുള്ള മഹാത്മാക്കളുടെ സന്ദർശനം ദീനചിത്തന്മാരായ ഞങ്ങൾ കുടുംബികൾക്ക് അനുഗ്രഹമായി ഭവിക്കുന്നു. അങ്ങയാൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്രം കൊണ്ടാണ് പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള ഭൂതം, ഭാവി മുതലായവയുടെ അറിവ് ലോകത്തിനുണ്ടാകുന്നതു. ബ്രാഹ്മണർ സമൂഹത്തിൽ മറ്റുള്ളവർക്ക് ആചാര്യന്മാരാകുന്നു. അങ്ങാണെങ്കിൽ ബ്രഹ്മഞ്ജാനികളിൽ ശ്രേഷ്ഠനും. ആകയാൽ ഈ രണ്ട് കുട്ടികളുടേയും നാമകരണാദി സംസ്ക്കാരങ്ങളെ ചെയ്തനുഗ്രഹിക്കണം.

ഗർഗ്ഗമുനി പറഞ്ഞു: അല്ലയോ നന്ദഗോപരേ!, ഞാൻ യാദവന്മാരുടെ കുലഗുരുവാണെന്ന കാര്യം ലോകർക്കെല്ലാം അറിയാവുന്നതാണു. ആ സ്ഥിതിക്ക് അങ്ങയുടെ കുട്ടികളുടെ സംസ്ക്കാരങ്ങൾ ഞാൻ ചെയ്താൽ, ഇവർ ദേവകിയുടെ പുത്രന്മാരെണെന്ന് കംസൻ വിചാരിക്കും. തന്നെ കൊല്ലുവാനായി ഒരു കുഞ്ഞ് എങ്ങോ ജനിച്ചിട്ടുണ്ടെന്ന് മഹാപാപിയായ കംസൻ ദേവകിയുടെ പുത്രിയായ യോഗമായയിൽനിന്നും കേട്ടറിഞ്ഞ സ്ഥിതിക്ക്, അവളുടെ എട്ടാമത്തെ ഗർഭം പെൺകുഞ്ഞാകില്ല എന്നറിഞ്ഞുകൊണ്ടും, അങ്ങേയ്ക്ക് വസുദേവരോടുള്ള സ്നേഹത്തെ മനസ്സിലാക്കിക്കൊണ്ടും, അവൻ ഉണ്ണിയെ കൊല്ലുവാനുള്ള ശ്രമങ്ങൾ നടത്തും. ഞാൻ ഇവരുടെ സംസ്ക്കാരകർമ്മങ്ങൾ ചെയ്യുന്നപക്ഷം, ഈ സംശയം ആ ദുഷ്ടൻ ഉറപ്പിക്കുകയും അത് നമുക്കപകടമായി ഭവിക്കുകയും ചെയ്യും.

അതുകേട്ട് നന്ദഗോപർ പറഞ്ഞു: അല്ലയോ മുനേ!, എന്റെ ബന്ധുക്കൾപോലുമറിയാതെ ആരാരുമില്ലാത്തിടത്തുവച്ച് ഒഴിച്ചുകൂടാൻ പറ്റാത്തതായ ആ കർമ്മങ്ങൾ മാത്രം ചെയ്തുതരിക.

ശ്രീശുകൻ തുടർന്നു: പരീക്ഷിത്തേ!, ഇങ്ങനെ നന്ദഗോപരുടെ ഇംഗിതത്തെ മാനിച്ച് ഗർഗ്ഗൻ സന്തോഷപൂർവ്വം ആരുമില്ലാത്തിടത്തുവച്ച് വളരെ രഹസ്യമായി കുട്ടികളുടെ നാമകരണാദിസംസ്ക്കാരങ്ങൾ ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞു: ഹേ നന്ദരേ!, രോഹിണിയുടെ പുത്രനായ ഇവൻ സർവ്വഗുണസമ്പന്നനായി സകലരേയും രമിപ്പിച്ചുകൊണ്ട് രാമൻ എന്ന പേരിൽ പ്രസിദ്ധനാകും. കരുത്തുറ്റവനാകയാൽ ബലൻ എന്നും ഇവൻ അറിയപ്പെടും. മാത്രമല്ല, യദുക്കളെ ഐക്യമത്യത്തോടെ ചേർത്തുനിർത്തുന്നതിനാൽ ഇവനെ ലോകം സങ്കർഷണൻ എന്നും വിളിക്കുന്നതാണു. ഇനി, യുഗങ്ങൾതോറും ഓരോരോ ശരീരങ്ങൾ മാറിമാറി സ്വീകരിക്കുന്ന അങ്ങയുടെ ഈ രണ്ടാമത്തെ പുത്രന് വെളുപ്പും ചുവപ്പും മഞ്ഞയും നിറങ്ങളുണ്ടായിരുന്നത്രേ. എന്നാൽ ഇപ്പോഴിതാ ഇവൻ കറുത്ത നിറത്തിൽ കാണപ്പെടുന്നു. ആയതിനാൽ കൃഷ്ണവർണ്ണത്തോടുകൂടിയ ഇവൻ കൃഷ്ണൻ എന്ന് അന്വർത്ഥനാമാവായി അറിയപ്പെടും. കൂടാതെ, ഗുണങ്ങൾക്കും കർമ്മങ്ങൾക്കും രൂപങ്ങൾക്കുമനുസരിച്ച് ഇവന് അനേകം നാമങ്ങൾ വേറെയുമുണ്ടു. അവയെ ഞാൻപോലും അറിയാത്ത സ്ഥിതിയ്ക്ക് സാധാരണജനങ്ങൾ എങ്ങനെയറിയാനാണു!. ഗോപഗോകുലനന്ദനനായ ഇവൻ നിങ്ങൾക്കെല്ലാം അത്യന്തം ശ്രേയസ്സിനെ ഉണ്ടാക്കും. നിങ്ങൾക്കുണ്ടാകുന്ന സകലദോഷങ്ങളും ഇവന്മൂലം അനായാസേന നിങ്ങൾ തരണം ചെയ്യുകയും ചെയ്യും. രാജൻ!, പണ്ട്, രാജാവഴ്ചയില്ലാതായ ഒരു കാലത്ത് കൊള്ളക്കാൽ ജനങ്ങളെ ഉപദ്രവിച്ചപ്പോൾ ഇവൻ അവരെ രക്ഷിക്കുകയും, അങ്ങനെ സുരക്ഷിതരായ ജനങ്ങൾ ആ കൊള്ളക്കാരെ കീഴടക്കുകയും ചെയ്തിരുന്നു. യാതൊരു മനുഷ്യരാണോ ഭാഗ്യശാലികളായി ഇവന്റെ പ്രീതിക്ക് പാത്രമാകുന്നത്, അവർ, വിഷ്ണുവാൽ അസുരന്മാരിൽനിന്നും ദേവന്മാർ എന്നതുപോലെ, ഇവനാൽ ശത്രുക്കളിൽനിന്നും രക്ഷിക്കപ്പെടുന്നു. അതുകൊണ്ട് അല്ലയോ നന്ദ!, അങ്ങയുടെ ഈ പുത്രൻ സർവ്വഗുണങ്ങളാലും സർവ്വൈശ്വര്യങ്ങളാലും കീർത്ത്യാലും പ്രഭാവത്താലും വിഷ്ണുവിനു സമനാകുന്നു. ആകയാൽ, ഇവനെ ഏറ്റവും ജാഗ്രതയോടുകൂടി സംരക്ഷിച്ചാലും.

രാജൻ!, ഇങ്ങനെ ഗർഗ്ഗമുനി വേണ്ടവണ്ണം നന്ദഗോപരെ ഉപദേശിച്ചതിനുശേഷം സ്വവസതിയിലേക്ക് പോയി. ശേഷം അനുഗ്രഹീതനായ നന്ദഗോപൻ സന്തുഷ്ടനായി. കാലം അല്പം കടന്നുപോയി. രാമകൃഷ്ണന്മാർ കൈകളുടെ സഹായത്തോടെ കാൽമുട്ടുകളിലിഴഞ്ഞ് കളിക്കുവാൻ തുടങ്ങി. അവർ ചിലമ്പും കിങ്ങിണിയുമണിഞ്ഞ് അതിന്റെ കളകളനാദത്തോടുകൂടി ഗോകുലത്തിന്റെ മുറ്റത്ത് നടന്നുകളിച്ചു. അറിയാത്തവരുടെ പിന്നാലെ ചെന്ന് അവർ തിരിഞ്ഞുനോക്കുമ്പോൾ പരിചയമില്ലാത്ത മുഖം കണ്ട് പേടിച്ച് അബദ്ധം പറ്റിയ മാതിരി അമ്മമാർക്കരുകിലേക്ക് പാഞ്ഞോടിയിരുന്നു. ആ സമയം ചളിയുടെ കുറിക്കൂട്ടുകളണിഞ്ഞ് ചന്ദം കൂടിയിരിക്കുന്ന രാമനേയും കൃഷ്ണനേയും അവരുടെ അമ്മമാർ ഇരുകൈകൾകൊണ്ടും വാരിയെടുത്ത് ചുരന്നിരിക്കുന്ന മുലകൾ കൊടുത്തു. അത് നുകർന്നുകൊണ്ടിരിക്കുന്ന അവരുടെ പുഞ്ചിരി വിടർന്ന ഏതാനും കുഞ്ഞുപല്ലുകളുള്ള ആ മുഖപത്മങ്ങൾ നോക്കി അവർ ആനന്ദിച്ചിരുന്നു.

രാജൻ!, അല്പം കൂടി വളർന്ന ആ രാമകൃഷ്ണന്മാർ ഗോകുലത്തിലെ പശുക്കിടാങ്ങളുടെ വാലിൽ മുറുകെ പിടിച്ച് അതിനുപിന്നാലേ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞുനീങ്ങി കളിച്ചു. ഗോപികമാർ തങ്ങളുടെ വീട്ടുകാര്യങ്ങളുപേക്ഷിച്ച് കുട്ടികളുടെ ഈ ക്രീഡകൾ കണ്ട് രസിക്കാൻ തുടങ്ങി. ഭഗവാൻ, ബലരാമനോടൊപ്പം ഇങ്ങനെ ഒരു നിമിഷം പോലും വെറുതെയിരിക്കാതെ കുസൃതികൾ കാട്ടിത്തുടങ്ങി. കൊമ്പുള്ള മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ മുതലാവയിൽനിന്നും കുട്ടികളെ ഒരുതരത്തിലും രക്ഷിക്കാൻ കഴിയാതെ ആ അമ്മമാർ അസ്വസ്ഥരായി. അല്ലയോ രാജർഷേ!, കുറച്ചുനാൾ കൂടി കഴിഞ്ഞപ്പോൾ അവർ മുട്ടുകുത്താതെ കാലടികൾവച്ച് അശ്രമം യഥേഷ്ടം ഗോകുലത്തിൽ സഞ്ചരിച്ചുതുടങ്ങി. തുടർന്ന് സമപ്രായക്കാരായ ഗോപബാലന്മാരോടൊപ്പം രാമനും കൃഷ്ണനും കളിച്ചു. അത് കണ്ട് ഗോപികമാർ സന്തുഷ്ടരായി.

ഭഗവാന്റെ ഇത്തരം ബാലചാപല്യങ്ങളെ കണ്ട് ഗോപികമാർ ഒരുമിച്ചുവന്ന് ഒരിക്കൽ യശോദയോട് ഇപ്രകാരം പറഞ്ഞു: ദേവീ!, ചില സമയത്ത് ഇവൻ പശുകുട്ടികളെ അഴിച്ചുവിടുന്നു; അത് കണ്ട് മുറവിളി കൂട്ടുന്നവരെ നോക്കി കളിയാക്കി ചിരിക്കുന്നു; ചിലപ്പോൾ സൂത്രത്തിൽ വന്ന് ആരും കാണാതെ തൈരും പാലും കട്ടുകുടിക്കുന്നു; അതിൽ കുറച്ച് മർക്കടജാതികൾക്കും പങ്ക് വയ്ക്കുന്നു; അതിൽ ആർക്കെങ്കിലും തൈര് വേണ്ടാ, എന്നുണ്ടെങ്കിൽ പിന്നെ പാൽക്കുടങ്ങൾ തച്ചുടയ്ക്കുകയായി; അഥവാ, ഇനി ഒന്നുംതന്നെ കിട്ടാതായാൽ വീട്ടിലുള്ള കുട്ടികളെ കരയിച്ചുകൊണ്ട് കടന്നുകളയുന്നു. മാതേ!, കൈകൊണ്ടെത്താത്ത വിധത്തിൽ വച്ചിട്ടുള്ള പാൽകലങ്ങൾ പീഠമോ ഉരലോ എടുത്തുവച്ച് അതിൽ കയറിനിന്ന് അത് കൈക്കലാക്കുവാനുള്ള ഉപായങ്ങൾ സൃഷ്ടിക്കുന്നു. പാത്രത്തിനുള്ളിൽ ഗോരസങ്ങൾ വച്ചിരിക്കുന്നതറിഞ്ഞ് അതിനുകീഴേ ദ്വാരങ്ങളുണ്ടാക്കുന്നു. ഇവന്റെ ശരീരത്തിലണിഞ്ഞിരിക്കുന്ന ഈ രത്നങ്ങളെ ഇരുട്ടറകളിൽ വെളിച്ചത്തിനായി ഇവൻ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുന്നു. ഞങ്ങൾ ഗോപസ്ത്രീകൾ വളരെ തിരക്കുപിടിച്ച് വീട്ടുജോലികളിൽ മുഴുകിയിരിക്കുന്ന സമയത്താണ് ഇവന്റെ ഈ കലാപരിപാടികൾ അരങ്ങേറുന്നതു. ഇവന്റെ ഈ പണികൾ കണ്ട് ആരെങ്കിലും വഴക്കുപറഞ്ഞാൽ അവരോട് ഡംഭം കലർന്ന വാക്കുകളിൽ സംസാരിക്കുന്നു. അടിച്ചുതളിച്ച് ശുദ്ധമാക്കിയിട്ടിരിക്കുന്ന വീടിനുള്ളിൽ കടന്ന് അവിടെ മൂത്രമൊഴിച്ച് രസിക്കുന്ന ദുഃശ്ശീലവും ഇവനുണ്ടു. ഇത്തരം കള്ളക്കൌശലമേറിയ പണികൾ കാട്ടുന്ന ഇവനാണ് ഇപ്പോഴിതാ ഒരു സാധുവെപ്പോലെ ഇവിടെയിങ്ങനെയിരിക്കുന്നതു.

രാജൻ!, ഗോപസ്ത്രീകൾ ഇപ്രകാരം തങ്ങളുടെ അവസ്ഥകൾ യശോദാദേവിയെ പറഞ്ഞുകേൾപ്പിച്ചു. അതെല്ലാം കേട്ടിട്ടും, പേടിപൂണ്ടിരിക്കുന്നവനെ പോലുള്ള ആ മുഖഭാവം കണ്ട് യശോദാദേവിക്ക് കൃഷ്ണനെ ശകാരിക്കാൻ തോന്നിയില്ല. രാജാവേ!, ഒരിക്കൽ കളിച്ചുകൊണ്ടിരുന്ന ബലരാമാദികളായ കുട്ടികൾ ഓടിവന്ന് കൃഷ്ണൻ മുറ്റത്തിരുന്ന് മണ്ണ് തിന്നുന്നു എന്ന് അമ്മയെ അറിയിച്ചു. അവൾ കേട്ട മാത്രയിൽ ഓടിച്ചെന്ന് കൃഷ്ണന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് ശകാരിച്ചു. ഭയത്താൽ അമ്പരന്ന് നോക്കുന്നതുപോലെയുള്ള അവന്റെ ഭാവം കണ്ട് ദേവി പറഞ്ഞു: കൃഷ്ണാ!, നിന്റെ ചേട്ടനും മറ്റുള്ള കുട്ടികളും പറയുന്നല്ലോ നീ മണ്ണ് തിന്നെന്ന്!.. അനുസരണയില്ലാത്തവനേ!, ആരും കാണാതെ എന്തിനാണ് നീയീ മണ്ണെല്ലാം  തിന്നുന്നതു?.

രാജൻ!, പേടിച്ചുവിറച്ചവനെപ്പോലെ നിന്നുകൊണ്ട് ഭഗവാൻ പറഞ്ഞു: അമ്മേ!, ഞാൻ മണ്ണ് തിന്നിട്ടില്ല. ഇവരെല്ലാം കള്ളം പറയുകയാണു. അമ്മയ്ക്ക് ഇവരെയാണ് വിശ്വാസമെങ്കിൽ എന്റെ വായ നേരിട്ട് കണ്ടുകൊള്ളൂ!...

അങ്ങനെയെങ്കിൽ വായ തുറന്നുകാട്ടൂ…’ എന്നായി ദേവിയും. ആ സമയം, സകലൈശ്വര്യത്തോടുകൂടിയവനും ഷട്ഗുണസമ്പൂർണ്ണനും ക്രീഡാർത്ഥം ശ്രീകൃഷ്ണനെന്ന മനുഷ്യബാലനായി അവതരിച്ചവനുമായ ഭഗവാൻ ശ്രീഹരി യശോദയെ തന്റെ വായ്മലർ തുറന്നുകാട്ടി.

രാജാവേ!, അത്ഭുതമെന്നാല്ലാതെ എന്ത് പറയാൻ!.. ആ സമയം സകല സ്ഥാവരജംഗമങ്ങളേയും അന്തരീക്ഷത്തേയും ദിക്കുകളേയും പർവ്വതങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയുൾപ്പെട്ട ഭൂഗോളത്തേയും, വായു, അഗ്നി, ചന്ദ്രൻ, മറ്റ് നക്ഷത്രരാശികളുമടങ്ങുന്ന വിശ്വത്തേയും ദേവി യശോദ ഭഗവാന്റെ വായയ്ക്കുള്ളിൽ കണ്ടു. കൂടാതെ, സ്വർല്ലോകം, ജലം, അഗ്നി, വായു, ആകാശം, ദേവന്മാർ, ഇന്ദ്രിയങ്ങൾ, വിഷയങ്ങൾ, സത്വാദി ഗുണത്രയങ്ങൾ മുതലായവയും അവൾ ഭഗവദ്വൿത്രത്തിൽ ദർശിക്കുകയുണ്ടായി. തന്നോടും തന്റെ മകനോടും ആ ഗോകുലത്തോടുമൊപ്പമുള്ള ഈ വിശ്വത്തെ മുഴുവനും തന്റെ ഉണ്ണിയുടെ വായ്ക്കുള്ളിൽ കണ്ട ദേവി ഒരുനിമിഷം അമ്പരന്നുപോയി. ഇത് സ്വപ്നമായിരിക്കുമോ?, അഥവാ ദേവമായയാകുമോ?, അല്ലെങ്കിൽ, തന്റെ ബുദ്ധിഭ്രമമായിരിക്കുമോ?, അതുമല്ലെങ്കിൽ, ഇനി തന്റെ കുഞ്ഞിന് ജന്മനാൽ കിട്ടിയിരിക്കുന്ന എന്തെങ്കിലും ദിവ്യസിദ്ധിയായിരിക്കുമോ? എന്ന് യശോദ സംശയം പൂണ്ടിരുന്നു. മനസ്സിനോ ബുദ്ധിക്കോ ഇന്ദ്രിയങ്ങൾക്കോ ഒരുതരത്തിലും മനസ്സിലാക്കാൻ കഴിയാത്ത ഈ വിശ്വം യാതൊരു ആശ്രയസ്ഥാനത്തിൽ തിഷ്ഠമായിരിക്കുന്നുവോ, അത്യന്തം അചിന്ത്യമായ ആ തൃപ്പാദത്തിൽ അവൾ മനസാ നമസ്കരിച്ചു. ഞാൻ ഗോകുലത്തിന്റെ നാഥനായ നന്ദഗോപരുടെ പത്നിയാണ്; അദ്ദേഹം എന്റെ ഭർത്താവാണ്; ഇവൻ എന്റെ മകനാണ്; ഗോക്കളും ഗോപികളും ഗോപന്മാരുമൊക്കെ എന്റേതാണ്; എന്നിങ്ങനെയുള്ള ഈ ദുർബുദ്ധി ആരുടെ മായയിൽ നിന്നുണ്ടാകുന്നുവോ, ആ സർവ്വേശ്വരൻ എനിക്ക് ആശ്രയമായിരിക്കട്ടെ എന്നവൾ പ്രാർത്ഥിച്ചു.

രാജൻ!, ഇങ്ങനെ യശോദാദേവി പരമാർത്ഥതത്വം ഗ്രഹിച്ചപ്പോൾ സർവ്വശക്തനായ ഭഗവാൻ പുത്രസ്നേഹമയമായ വിഷ്ണുമായയെ കൈക്കൊണ്ടു. ഉടൻതന്നെ സ്വപ്നമെന്നോണം അവളുടെ പൂർവ്വസ്മൃതി നശിച്ചുപോയി. അവൾ പുത്രനെ തന്റെ മടിയിലെടുത്തുവച്ച് മുന്നേപോലെ പുത്രവത്സല്യം നിറഞ്ഞവളായിമാറി. വേദങ്ങളും ഉപനിഷത്തുക്കളും സാംഖ്യാദിയോഗതത്വങ്ങളും പുകഴ്ത്തുന്ന മഹിമകളോടുകൂടിയ ഭഗവാൻ ശ്രീഹരിയുടെ ആ മനുഷ്യാവതാരത്തെ അവൾ വീണ്ടും തന്റെ പുത്രനെന്ന് കരുതി സ്നേഹിച്ചുലാളിച്ചു.

രാജൻ!, ഇത്രയും കേട്ടപ്പോൾ പരീക്ഷിത്ത് രാജാവ് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠ!, നന്ദനും ശയോദയും അത്രത്തോളം മഹോദയമായ എന്ത് പുണ്യം ചെയ്തിട്ടാണ് ഭഗവാൻ ശ്രീഹരിയെ അവരുടെ മകനായി അവർക്ക് സ്നേഹിക്കാനും ലാളിക്കാനും കഴിഞ്ഞത്?. സ്വന്തം മാതാപിതാക്കളായ ദേവകീദേവിക്കും വസുദേവർക്കും പോലും അനുഭവിക്കുവാൻ സിദ്ധിച്ചിട്ടില്ലാത്തതും കവികൾ പാടിപ്പുകഴ്ത്തുന്നതും ലോകത്തിന്റെ സകലപാപങ്ങളും ഇല്ലാതാക്കുന്നതുമായ ശ്രീകൃഷ്ണഭഗവാന്റെ ആ ദിവ്യലീലകൾ കണ്ടനുഭവിക്കാൻതക്ക പാകത്തിൽ എന്ത് സത്ക്കർമ്മമായിരിക്കണം യശോദയും നന്ദനും ചെയ്തിരിക്കുന്നതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ അഷ്ടവസുക്കളിൽ പ്രധാനനായ ദ്രോണൻ എന്ന വസുവും അദ്ദേഹത്തിന്റെ ഭാര്യ ധര എന്നവളും ചേർന്ന് ബ്രഹ്മദേവന്റെ ആജ്ഞയെ നിറവേറ്റുവാനായി അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ ബ്രഹ്മദേവ!, ഭൂമിയിൽ ജനിച്ച മനുഷ്യർ അശ്രമം അവിടുത്തെ ദുർഗ്ഗതിയെ തരണം ചെയ്യുന്നത് ഭഗവാൻ ഹരിയിലുള്ള ഭക്തികൊണ്ടാണ്. ഞങ്ങൾക്കും വിശ്വേശ്വരനായ ആ ഭഗവാനിലുള്ള പരമമായ ഭക്തിയെ പ്രദാനം ചെയ്യുക. രാജൻ!, ബ്രഹ്മദേവനാൽ അങ്ങനെയാകട്ടെ എന്നനുഗ്രഹിക്കപ്പെട്ട ദ്രോണൻ എന്ന ആ വസുവും ധര എന്ന അദ്ദേഹത്തിന്റെ പത്നിയുമാണ് ഗോകുലത്തിൽ നന്ദനായും യശോദയായും പിന്നീട് ജനിച്ചതു. അല്ലയോ ഭാരത!, അങ്ങനെ ബ്രഹ്മാവിന്റെ വരത്താൽ അവർക്ക് ഭഗവാൻ പുത്രനായി ഭവിക്കുകയും അവനിൽ അവർക്ക് അളവറ്റ ഭക്തിയുണ്ടാകുകയും ചെയ്തു. ബ്രഹ്മദേവന്റെ ഈ അനുഗ്രഹത്തെ യാഥാർത്ഥ്യമാക്കുവാനായി ഭഗവാൻ ശ്രീഹരി ബലരാമനോടൊപ്പം ശ്രീകൃഷ്ണനായി അവതരിച്ച് വസിച്ചുകൊണ്ട് തന്റെ ദിവ്യലീലകളാൽ അവർക്ക് പ്രീതിയെ ഉളവാക്കി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.


<<<<< >>>>>

2021, ജനുവരി 1, വെള്ളിയാഴ്‌ച

10.7 ശകടഭഞ്ജനം-തൃണാവർത്തവധം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 7

(ശകടഭഞ്ജനം-തൃണാവർത്തവധം-ഉണ്ണിക്കണ്ണന്റെ വായിൽ യശോദ വിശ്വരൂപം ദർശിക്കുന്നു)

 

പരീക്ഷിത്ത് രാജാവ് പറഞ്ഞു: ഹേ പ്രഭോ!, ഭഗവാൻ ശ്രീഹരി വിവിധ അവതാരങ്ങളിലൂടെ ആടുന്ന ലീലകളുടെ ശ്രവണം ഞങ്ങളുടെ കാതുകൾക്ക് സുഖാവഹവും മനസ്സിനെ അത്യന്തം ആഹ്ലാദിപ്പിക്കുന്നവയുമാണു. ഏതൊരുവൻ അതിനെ കേൾക്കുന്നുവോ, അവന്റെ മനോവേദനയും ദുഃഖങ്ങളും അകന്ന് അന്തഃകരണം ശുദ്ധമായി അവന് ഭഗവാങ്കൽ ഭക്തിയും, അതുപോലെ ഭഗവദ്ഭക്തന്മാരിൽ മൈത്രിയും പെട്ടെന്നുതന്നെ ഉണ്ടാകുന്നു. ആ മഹിമകളെ പറഞ്ഞുതന്ന് അടിയനിൽ കനിയുമാറാകണം. മനുഷ്യരൂപത്തിൽ അവതരിച്ച് അതിഗൂഢമായി അവർക്കിടയിൽ അവൻ നടത്തിയ മറ്റ് ബാലലീലകളേയും അങ്ങ് പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഉണ്ണിക്കണ്ണന്റെ ഔത്ഥാനികം എന്ന മംഗളസ്നാനകർമ്മത്തിന് സമയമായപ്പോൾ ദേവി യശോദ മറ്റ് ഗോപികമാരോടൊപ്പം ചേർന്ന് വാദ്യഗീതങ്ങളോടും ബ്രാഹ്മണരുടെ വേദമന്ത്രോച്ചാരണത്തോടുംകൂടി ആ കർമ്മം നിർവ്വഹിച്ചു. കുളിപ്പിച്ച് പുതിയ വേഷഭൂഷാദികളണിയിച്ച് ആഹാരം നൽകിയതിനുശേഷം ഉറക്കം വന്ന കണ്ണനെ ഉണർത്താതെ പതുക്കെ അവൾ കിടക്കയിലേക്ക് കിടത്തി. പിന്നീട്, ആഘോഷത്തിനായി ഗോകുലത്തിൽ വന്നുചേർന്നിരിക്കുന്നവരെ ശുശ്രൂഷിക്കുന്ന തിരക്കിനിടയിൽ ഉണ്ണിക്കണ്ണൻ വിശന്നുകരയുന്നത് അവൾക്ക് കേൾക്കാൻ കഴിഞ്ഞതേയില്ല. അവൻ എങ്ങനെയോ മുട്ടിലിഴഞ്ഞ് മുറ്റത്തെത്തി. അവിടെ കിടന്നുകൊണ്ട് അവൻ കാലുകൾ മേൽപ്പോട്ട് കുതറിച്ചു. അതിമൃദുലമായ ആ പിഞ്ചുപാദം അവിടെയുണ്ടായിരുന്ന ഒരുകൈവണ്ടിയിൽ തട്ടി. ചവിട്ടേറ്റതോടെ ആ വണ്ടി തകിടം മറിഞ്ഞുതകർന്നുപോയി. ചക്രങ്ങൾ അതിൽനിന്നും വേർപെട്ടുപോയി. വിവിധതരം ഗോരസങ്ങൾ നിറച്ച് വണ്ടിയിൽ വച്ചിരുന്ന പാത്രങ്ങളപ്പാടെ തകർന്നുടഞ്ഞു. യശോദയും നന്ദഗോപരും ഗോപസ്ത്രീകളടങ്ങുന്ന മറ്റ് ജനങ്ങളും ശബ്ദം കേട്ട് അവിടേയ്ക്കോടിയടുത്തു. തകർന്നടിഞ്ഞുകിടക്കുന്ന ശകടത്തെക്കണ്ട് അവർ പരിഭ്രാന്തരായി. അതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകാതെ അവർ ആർത്തരായി കുട്ടിയുടെ ചുറ്റും വളഞ്ഞുകൂടി. ആ സമയം അവിടെയുണ്ടായിരുന്ന ഗോപന്മാരരോട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പറഞ്ഞത് ഇവൻ കൈകാലിട്ടടിച്ച് തട്ടിമറിച്ചുകളഞ്ഞതാണ് എന്നായിരുന്നു. എന്നാൽ അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം, അത്ഭുതബാലനായ ഭഗവാന്റെ ശക്തിയെ അവക്കറിയില്ലായിരുന്നു.

വല്ല ഗ്രഹബാധയും ഉണ്ടായാതാകുമോ എന്ന് ശങ്കിച്ച ദേവി യശോദ ബ്രാഹ്മണന്മാരെക്കൊണ്ട് സൂക്തങ്ങളാൽ രക്ഷാബന്ധനാദികൾ ചെയ്യിപ്പിച്ചതിനുശേഷം അവനെ മുലകുടിപ്പിച്ചു. ഗോപന്മാർ ആ കൈവണ്ടിയെ മുന്നേപോലെ ഉറപ്പിച്ചുവച്ചു. തുടർന്ന്, കുട്ടിക്കുണ്ടായ ഗ്രഹദോഷം തീരുവാനായി ബ്രാഹ്മണർ ഹോമം യജിച്ച് ഭഗവാനെ ആരാധിച്ചു. രാജൻ!, ധർമ്മശീലരായ ബ്രാഹ്മണോത്തമന്മാരാൽ അനുഷ്ഠിക്കപ്പെടുന്ന ഇത്തരം കർമ്മങ്ങളിലൂടെയുണ്ടാകുന്ന അനുഗ്രഹങ്ങൾ അമൂല്യമാണെന്നറിഞ്ഞ നന്ദഗോപർ കുഞ്ഞിനെയെടുത്ത് വേദമന്ത്രങ്ങളാൽ പരിശുദ്ധമാക്കപ്പെട്ടെ ജലത്താൽ അഭിഷേകം ചെയ്യിപ്പിച്ചു. ആ ബ്രാഹ്മണർക്ക് നന്ദൻ ബഹുവിധവിഭങ്ങളോടുകൂടിയ അന്നത്തെ ദാനം ചെയ്തു. പുത്രന്റെ നന്മയ്ക്കായി അദ്ദേഹം ആ ബ്രാഹ്മണർക്ക് സർവ്വഗുണസമ്പന്നമായതും അണിയിച്ചൊരുക്കിയതുമായ പശുക്കളേയും ദാനമായി നൽകി അവരിൽനിന്നും ആശീർവചനങ്ങളേറ്റുവാങ്ങി.

രാജൻ!, അങ്ങനെയുള്ള മഹാത്മാക്കളുടെ അനുഗ്രഹാശിസ്സുകൾ ഒരിക്കലും പാഴാകുകയില്ല. ഒരിക്കൽ യശോദ ഉണ്ണിക്കണ്ണനെ മടിയിൽവച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ ഭാരം ഒരു പർവതശിഖത്തോളം കൂടിവരുന്നതായി അവൾക്കനുഭവപ്പെട്ടു. ആ ഭാരം താങ്ങുവാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ പെട്ടെന്ന് അവനെ താഴത്തിറക്കിവച്ച് വീട്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

രാജൻ!, ആ സമയം, കംസന്റെ ഭൃത്യനായ തൃണാവർത്തൻ എന്ന ഒരസുരൻ ചുഴലിക്കാറ്റായി വന്ന് പൊടിപടലങ്ങളാൽ ഗോകുലം മുഴുവൻ മറച്ചുകൊണ്ടും സകലദിക്കുകളേയും അതിഘോരമായ ശബ്ദത്താൽ വിറപ്പിച്ചുകൊണ്ടും നിലത്തിരിക്കുകയായിരുന്ന ഉണ്ണിക്കണ്ണനെ എടുത്തുകൊണ്ടുപോയി. ഗോകുലം പൊടിപടലത്താൽ മൂടപ്പെട്ടതുകാരണം എല്ലായിടവും കൂരിരുട്ടായി. യശോദാദേവി കുട്ടിയെ തിരഞ്ഞുവന്നുവെങ്കിലും അവൻ ഇരുന്നിടത്ത് അവൾക്കവനെ കാണാൻ കഴിഞ്ഞില്ല. ആർക്കും പരസ്പം കാണാൻ കഴിയാത്തവിധത്തിൽ പൊടിപടലത്താൽ അവിടമാകെ മറഞ്ഞു. കുറെ സമയത്തേക്ക് അവിടെ പൂഴിമഴ വർഷിച്ചുകൊണ്ടേയിരുന്നു. കുഞ്ഞിനെ കാണാതെ യശോദ ദീനദീനം വിലപിച്ചുകൊണ്ട്, കിടാവ് നഷ്ടമായ പശു എന്നതുപോലെ, നിലത്തുവീണു. മണ്ണുമഴ അപമൊന്ന് ശമിച്ചപ്പോൾ മറ്റുള്ള ഗോപികൾ യശോദയുടെ കരച്ചിൽ കേട്ട് പാഞ്ഞെത്തി. ഉണ്ണിയെ കാണാത്തതിൽ അവരും വിഷമിച്ചുകരഞ്ഞു.

ആ സമയം കൃഷ്ണനേയും അപഹരിച്ചുകൊണ്ട് ആകാശത്തിലേക്കുകുയരുകയായിരുന്ന തൃണാവർത്തന് നിമിഷങ്ങൾതോറും ഏറിയേറി വരുന്ന ഭഗവാന്റെ ഭാരം വഹിക്കുവാനോ, തുടർന്നുസഞ്ചരിക്കാനോ കഴിയാതെയായി. ഒരു കൂറ്റൻ പാറപോലെ ഭാരമേറിയ ഭഗവാനെ നിലത്തേക്കിടാൻ ശ്രമിച്ചുവെങ്കിലും ഭഗവാൻ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചിരുന്നതിനാൽ അവന് അതും സാധിക്കാതെയായി. ആ പിടിയിൽ അനങ്ങാൻപോലും കഴിയാതെ നിശ്ചേഷ്ടനായി അവൻ തുറിച്ച കണ്ണുകളോടെയും വ്യക്തമല്ലാത്ത ശബ്ദത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടും കുട്ടിയോടുകൂടിത്തന്നെ ഗോകുലമുറ്റത്ത് ജീവനറ്റ് മലച്ചുവീണു. രാജാവേ!, പരമശിവന്റെ ശരത്താൽ മുറിക്കപ്പെട്ടുവീണ ത്രിപുരന്മാരുടെ പുരം പോലെ, ആ അസുരന്റെ അതികരാളമായ ആ ശരീരം ഒരു പാറയിൽ ഊക്കോടെ വന്നുപതിച്ച് ചിന്നിച്ചിതറി. അതിനെ കണ്ട് ഗോപികൾ ഭയന്ന് നിലവിളിച്ചു. തൃണാവർത്തന്റെ മാറിൽ തൂങ്ങിക്കിടക്കുകയായിരുന്ന ഉണ്ണിയെ അവർ എടുത്ത് അമ്മയ്ക്ക് നൽകി.

ഉണ്ണിയെ തിരിച്ചുകിട്ടിയതിൽ നന്ദഗോപരും കൂട്ടരും ഏറ്റവും സന്തോഷിച്ചു. അവർ പറഞ്ഞു: അഹോ! ആശ്ചര്യം തന്നെ!. ഈ രാക്ഷസ്സനാൽ മരണപ്പെടാതെയും ഒരു കേടും കൂടാതെയും ഉണ്ണി തിരിച്ചെത്തിയിരിക്കുന്നു. വല്ലാത്ത അത്ഭുതം തന്നെ!. ദുഷ്ടന്മാർ പരഹിംസാതല്പരരായി നിശ്ശേഷം നശിച്ചുപോക്കുന്നു. എന്നാൽ ശിഷ്ടൻ തന്നെപ്പോലെ മറ്റുള്ളവരേയും കാണുകയാൽ സർവ്വാപത്തുകളിൽനിന്നും വിമുക്തനായി ഭവിക്കുകയും ചെയ്യുന്നു. എന്തോ ഭാഗ്യത്താൽ മരണപ്പെട്ടുപോകാതെ ഈ ബാലൻ സ്വജനങ്ങളോടൊപ്പംതന്നെയിരിക്കുന്നു. എന്ത് തപസ്സാണോ ഭഗവദർച്ചനമാണോ സർവ്വഭൂതങ്ങളിലും സമബുദ്ധിയോടുകൂടി നമ്മൾ ചെയ്തതെന്നറിയില്ല.

രാജൻ!, ഇങ്ങനെ ഓരോരോ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നന്ദഗോപർ വസുദേവരുടെ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു.  പിന്നീടൊരിക്കൽ ഉണ്ണികൃഷ്ണനെ തന്റെ മടിയിലിരുത്തി യശോദാമ്മ മുലകുടിപ്പിക്കുകയായിരുന്നു. പാൽ കുടിച്ചുകഴിഞ്ഞ ഉണ്ണിയുടെ തിരുമുഖം ലാളിച്ചുകൊണ്ടിരുന്ന സമയം കോട്ടുവായിടുന്ന ഉണ്ണിയുടെ വായിൽ അവൾ ആകാശത്തേയും ഭൂമിയേയും അന്തരീക്ഷത്തേയും നക്ഷത്രമണ്ഡലങ്ങളേയും ദിക്കുകളേയും സൂര്യചന്ദ്രാഗ്നിവായൂസമുദ്രങ്ങൾ എന്നിവയേയും പർവ്വതങ്ങളേയും നദികളേയും വനങ്ങളേയും മറ്റ് സ്ഥാവരജംഗമങ്ങളായ വസ്തുക്കളെന്തെല്ലാമുണ്ടോ അതെല്ലാം കണ്ടു. അല്ലയോ രാജാവേ!, പെട്ടെന്നു അവൾ ഒരു മാൻകുട്ടിയെപ്പോലെ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ആശ്ചര്യഭരിതമായ ആ ദൃശ്യങ്ങൾ കണ്ട് അവൾ അത്ഭുതം കൂറി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്..

 

 

Previous    Next

2020, ഡിസംബർ 23, ബുധനാഴ്‌ച

10.6 പൂതനാമോക്ഷം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 6

(പൂതനാമോക്ഷം)

 

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, വസുദേവരുടെ വാക്ക് അസത്യമാകുകയില്ലെന്നും ഗോകുലത്തിൽ തന്റെ മകന് ആപത്തുകൾ സംഭവിക്കുവാനുള്ള സാധ്യത ചെറുതല്ലെന്നും മുന്നിൽകണ്ട നന്ദഗോപൻ ഭഗവാൻ ഹരിയിൽ മനസ്സാ ശരണം പ്രാപിച്ചു.

ഈ സമയം കംസൻ പൂതന എന്ന മഹാരാക്ഷസിയെ ആവിടേയ്ക്കയച്ചുകഴിഞ്ഞിരുന്നു. അവൾ കണ്ണിൽ കണ്ട ചെറുപൈതങ്ങളെയൊക്കെ കൊന്നുകൊണ്ട് നഗരം, ഗ്രാമം, ഗോകുലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു. രാജൻ!, എവിടെയാണോ ഭക്തരക്ഷകനായ ശ്രീഹരിയുടെ പുണ്യനാമശ്രവണാദികളെ ചെയ്യാതെ മനുഷ്യൻ സ്വാർത്ഥരായി ജീവിക്കുന്നത്, അവിടെ മാത്രമേ ഇത്തരം രാക്ഷസവർഗ്ഗങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ. ആഗ്രഹിക്കുന്നതുപോലെ വേഷം മാറാൻ കഴിവുള്ള ആ പൂതന ഒരുനാൾ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ആകാശമാർഗ്ഗേണ ഗോകുലത്തിൽ പ്രവേശിച്ചു. മുല്ലപൂവ് ചൂടി, സുന്ദരഗാത്രിയായ അവൾ വിശിഷ്ടവസ്ത്രങ്ങളണിഞ്ഞ് കാതിൽ ഇളകിയാടുന്ന കമ്മലണിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നുപോകുമ്പോൾ ഗോപികമാർക്കുതോന്നിയത് കൈയ്യിൽ താമരപ്പൂവേന്തി തന്റെ പ്രിയതമനായ ശ്രീഹരിയെ കാണാൻപോകുന്ന മഹാലക്ഷ്മിയെപ്പോലെയായിരുന്നു. കൊല്ലുവാനായി കുഞ്ഞുങ്ങളെ തിരഞ്ഞുകൊണ്ട് അവൾ ഗോകുലത്തിനുള്ളിൽ പ്രവേശിച്ചു. നന്ദഗോപരുടെ വീട്ടിൽ ചാമ്പൽ മൂടിക്കിടക്കുന്ന അഗ്നിയെന്നതുപോലെ മറയ്ക്കപ്പെട്ട തേജസ്സോടുകൂടിബാലമുകുന്ദൻ മെത്തയിൽ കിടക്കുന്നതായി അവൾ കണ്ടു. സകലചരാചരങ്ങൾക്കും സാക്ഷിയായി നിലകൊള്ളുന്ന ഭഗവാൻ അവളുടെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ട് നാട്യത്തിൽ കണ്ണടച്ചുകിടന്നു. ഉറങ്ങിക്കിടക്കുന്ന പാമ്പിനെ എന്നതുപോലെ, അന്തകനും അനന്തനുമായ ഉണ്ണികൃഷ്ണനെ അവൾ തന്റെ മടിയിലെടുത്തുവച്ചു. മൃദുവായ ഉറയിൽ കിടക്കുന്ന മൂർച്ചയേറിയ വാൾ എന്നതുപോലെ, നിർമ്മലമായ പെരുമാറ്റത്തോടും എന്നാൽ ക്രൂരമായ മനസ്സോടും കൂടിയ പൂതന വീടിനുള്ളിൽ കടന്നു ഉണ്ണിയെ എടുത്ത് അവളുടെ മടിയിൽ വച്ചിട്ടും, അമ്മമാർ രണ്ടും അവളുടെ കാന്തിയിൽ മോഹിതരായി മിഴിച്ചുനോക്കിക്കൊണ്ടുതന്നെ നിന്നതേയുള്ളൂ. 

ക്രൂരയായ അവൾ കണ്ണനെയെടുത്ത് മടിയിൽ കിടത്തി അതിഘോരമായ വിഷം പുരട്ടിയ തന്റെ സ്തനം ഉണ്ണിക്ക് കൊടുത്തു. പെട്ടെന്നുതന്നെ അമർഷത്തോടെ ഭഗവാൻ രണ്ടുകൈകൾകൊണ്ടും അതിനെ പിടിച്ചമർത്തി അവളുടെ പ്രാണനോടൊപ്പം ആ വിഷപ്പാൽ കുടിച്ചുതുടങ്ങി. സകല മർമ്മങ്ങളും ഞെരിഞ്ഞമർന്ന് വേദനകൊണ്ടു പുളഞ്ഞ അവൾ വിടൂ.. വിടൂ.. മതി.. എന്നിങ്ങനെ പറഞ്ഞുകൊണ്ട് നിലവിളിക്കുവാൻ തുടങ്ങി. അവളുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി. കൈകാലുകൾ നിലത്തടിച്ചുകൊണ്ട് വിയർത്തൊലിച്ച് അവൾ നിലവിളിച്ചു. അതിശക്തമായ അവളുടെ കരച്ചിലിന്റെ ശബ്ദത്താൽ മലകളോടുകൂടി ഭൂമിയും, ഗ്രഹങ്ങളോടൊപ്പം ആകാശവും കുലുങ്ങിവിറച്ചു. ആ ശബ്ദം നാനാദിക്കുകളിലും അധോലോകങ്ങളിലും മാറ്റൊലിയുണ്ടാക്കി. ഇടിവീഴ്ചയെന്നോണം ആ ശബ്ദം കേട്ട് പേടിച്ചരണ്ട ജനങ്ങൾ നിലത്തുവീണു. രാജാവേ!, ആ രാക്ഷസി വായും പിളർന്ന് ചേതനയറ്റ് തന്റെ യഥാർത്ഥരൂപം കൈക്കൊണ്ട് കൈകാലുകൾ വിടർത്തി, പണ്ട് വജ്രായുധത്താൽ പ്രഹരമേറ്റ വൃത്രാസുരനെപ്പോലെ നിലം പതിച്ചു. അവളുടെ ശരീരം വീഴുന്ന വീഴ്ചയിൽ മൂന്ന് കാതം അകലെനിന്നിരുന്ന വൃക്ഷങ്ങൾപോലും അത്യത്ഭുതകരമായി തകർന്നുവീണു. കലപ്പതണ്ടുകൾപോലുള്ള ദംഷ്ട്രകൾ, ഗുഹകൾ പോലുള്ള മൂക്കിലെ ദ്വാരങ്ങൾ, വലിയ ഉരുണ്ട പാറകൾപോലെ തോന്നിക്കുന്ന സ്തനങ്ങൾ, ചെമ്പ് കമ്പികൾ പോലുള്ള മുടി. പൊട്ടക്കിണർ പോലെ തോന്നിക്കുന്ന കുഴിഞ്ഞ കൺതടങ്ങൾ, നദീതീരങ്ങളെപ്പോലുള്ള ജഘനപ്രദേശം, അണക്കെട്ടുകൾപോലുള്ള കൈകളും തുടകളും, നീർ വറ്റിയ കയം പോലുള്ള വയർ, എല്ലാകൂടിച്ചേർന്ന് ആ ഭയങ്കര സ്വത്വത്തെ കണ്ട ഗോകുലവാസികൾ വല്ലാതെ പേടിച്ചരണ്ടു. മുന്നേതന്നെ അവളുടെ അലർച്ചയിൽ സ്വബോധം നഷ്ടപ്പെട്ടവരായിരുന്നു അവർ. ഭഗവാൻ അതാ ഒന്നുമറിയാത്ത മട്ടിൽ അവളുടെ മാറിൽ കയറിയിരുന്നു യാതൊരു പേടിയും കൂടാതെ കളിക്കുന്നു. അതുകൂടി കണ്ട് പരിഭ്രമത്താൽ ഗോപികമാർ ഓടിച്ചെന്ന് ഭഗവാനെ അവിടെനിന്നും എടുത്തുമാറ്റി

അവർ പശുവിന്റെ വാൽകൊണ്ട് ഭഗവദ്കളേബരം ഉഴിഞ്ഞ് തങ്ങളാലൊക്കുന്ന രക്ഷാവിധികൾ ചെയ്തു. കുട്ടിയെ അവർ ഗോമൂത്രംകൊണ്ട് കുളിപ്പിച്ചതിനുശേഷം ഗോധൂളിയാൽ വിലേപനം ചെയ്യിച്ചു. അവർ നാമങ്ങളുരുവിട്ടുകൊണ്ട് ഗോമയത്താൽ നെറ്റിത്തടം തുടങ്ങിയ പന്ത്രണ്ടംഗങ്ങളിലും രക്ഷയെ ചെയ്തു. അവർ സ്വയം ശുദ്ധമായി ഭഗവാനെയും ആചമനം ചെയ്തു. ആ മന്ത്രം ഇങ്ങനെയായിരുന്നു. ജന്മരഹിതനായ ഭഗവാൻ നിന്റെ കാൽകളെ രക്ഷിക്കട്ടെ. കൌസ്തുഭധരനായ ശ്രീഹരി നിന്റെ ജാനുദ്വയങ്ങളെ രക്ഷിക്കട്ടെ. യാഗസ്വരൂപി നിന്റെ തുടകളെ കാക്കട്ടെ. അച്യുതൻ നിന്റെ അരക്കെട്ടിനെ രക്ഷിക്കട്ടെ. ഹയഗ്രീവൻ നിന്റെ തുടകളെ തുണയ്ക്കട്ടെ. കേശവൻ വന്ന് നിന്റെ ഹൃദയത്തെ കാക്കട്ടെ. ഈശ്വരൻ നിന്റെ മാറിടത്തെ രക്ഷിക്കട്ടെ. ഇനൻ നിന്റെ കണ്ഠത്തെ കാക്കുമാറാകട്ടെ. വിഷ്ണു ഭുജങ്ങളെ രക്ഷിക്കട്ടെ. വാമനൻ ഈ തിരുമുഖത്തെ രക്ഷിക്കട്ടെ. ചക്രായുധൻ ശ്രീഹരി നിന്റെ മുൻഭാഗത്തിൽ രക്ഷകനാകട്ടെ. ഗദാധരൻ പിൻഭാഗത്ത് രക്ഷകനായിരിക്കട്ടെ. ധനുർദ്ധരനായ മധുസൂദനനും ഖൾഗപാണിയായ അജനദേവനുംകൂടി വന്ന് നിന്റെ ഇരുപുറങ്ങളിലും രക്ഷയരുളട്ടെ. ശംഖധരനായ ഭഗവാൻ നാലുകോണുകളിലും നിനക്ക് രക്ഷയാകട്ടെ. ഗരുഡാരൂഢനായ ഉപേന്ദ്രൻ നിന്നെ ആകാശത്തിലും ഹലായുധനായ സങ്കർഷണമൂർത്തി നിന്നെ ഭൂമിയിലും രക്ഷിക്കട്ടെ. സർവ്വാന്തര്യാമിയായ പുരുഷൻ നിന്നെ എല്ലായിടത്തുനിന്നും തുണച്ചുകൊള്ളട്ടെ. ഋഷീകേശൻ നിന്റെ ഇന്ദ്രിയങ്ങളേയും, നാരായണൻ നിന്റെ പഞ്ചപ്രാണനേയും, വാസുദേവൻ നിന്റെ ചിത്തത്തേയും, അനിരുദ്ധൻ നിന്റെ മനസ്സിനേയും രക്ഷിക്കട്ടെ. പ്രദ്യുമ്നൻ ബുദ്ധിയേയും, സങ്കർഷണൻ അഹങ്കരത്തേയും കാക്കട്ടെ. ഗോവിന്ദൻ നീ കളിച്ചുകൊണ്ടിരിക്കുമ്പോഴും, മാധവൻ നീ ഉറങ്ങുമ്പോഴും രക്ഷയ്ക്കെത്തട്ടെ. വൈകുണ്ഠൻ നിന്നെ നടന്നുപോകുമ്പോഴും, ശ്രീപതി നീ ഒരിടത്തിരിക്കുമ്പോഴും നിന്നെ രക്ഷിക്കട്ടെ. യജ്ഞഭുക്കായ ഭഗവാൻ ഭുജിക്കുമ്പോൾ നിന്നെ കാത്തുകൊള്ളട്ടെ. ബാലപീഢയെ ചെയ്യുന്ന ഡാകിനികൾ, യാതുധാനാദികൾ, കുഷ്മാണ്ഡങ്ങൾ തുടങ്ങിയവയ; ഭൂതപ്രേതപിശാചുക്കൾ, യക്ഷരക്ഷവിനായകന്മാർ, കോടര, രേവതി, ജ്യേഷ്ഠ, പൂതന, മാതൃക്കൾ മുതലായവ; ദേഹം, പ്രാണൻ, ഇന്ദ്രിയങ്ങൾ എന്നിവയെ ദ്രോഹിക്കാനെത്തുന്ന ഉന്മാദങ്ങൾ, അപസ്മാരങ്ങൾ എന്നിവകൾ; സ്വപ്നത്തിൽ കാണപ്പെടുന്ന ദുർന്നിമിത്തങ്ങൾ; വൃദ്ധരൂപത്തിലും ബാലരൂപത്തിലുമുള്ള ഗ്രഹങ്ങൾ; കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന മറ്റെന്ത് ദുഷ്ടശകതികളാണോ അവയെല്ലാം ഭഗവാൻ മഹാവിഷ്ണുവിന്റെ നാമജപത്താൽ ഭയന്ന് നശിച്ചുപോകട്ടെ.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ ഗോപികമാർ ഉണ്ണിക്കണ്ണന് രക്ഷ ചെയ്തു. തുടർന്ന് അമ്മ മകന് മുലപ്പാൽ കൊടുത്ത് പതുക്കെ കിടത്തി. അപ്പോഴേക്കും നന്ദഗോപരും കൂട്ടരും മധുരയിൽനിന്നും തിരിച്ചെത്തി. ചത്തുമലച്ചുകിടക്കുന്ന പൂതനയുടെ മൃതദേഹം കണ്ട അവർ അമ്പരന്നുപോയി. അവരോർത്തു: അത്യാശ്ചര്യം തന്നെ! വസുദേവർ മുജ്ജന്മത്തിൽ മഹാതപസ്സ്വിയാരിക്കണം. അഥവാ അദ്ദേഹം യോഗവിദ്യയിൽ അത്യന്തം നിപുണനായിരിക്കണം. അദ്ദേഹം പറഞ്ഞതുപോലെ, കണ്ടില്ലേ ഗോകുലത്തിൽ ദുർല്ലക്ഷണങ്ങൾ കാണപ്പെടുന്നതു!...

അവർ കോടാലികൊണ്ട് പൂതനയുടെ ശവശരീരത്തെ കഷണങ്ങളാക്കി ദൂരെ കൊണ്ടുപോയി ചിതകൂട്ടി ദഹിപ്പിച്ചു. ഭഗവദ്സ്പർശനത്താൽ തക്ഷണംതന്നെ സകലപാപങ്ങളും വേരറ്റുപോയതിനാലാകണം, അവളുടെ മൃതദേഹം കത്തിയെരിയുമ്പോൾ ഉയർന്ന പുകയ്ക്ക് അകിലിന്റെ മണമായിരുന്നു. കണ്ണിൽ കണ്ട ശിശുക്കളെയെല്ലാം കൊന്നുനടന്നവളാണെങ്കിലും ചോരകുടിക്കുന്ന ഒരു രാക്ഷസസ്ത്രീയായിരുന്നുവെങ്കിലും ഭഗവാന് മുലയൂട്ടിയ അവൾ അതോടെ സത്ഗതി പ്രാപിച്ചു. അങ്ങനെയെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി പരമാത്മാവായ കൃഷ്ണന് അവന്റെ അമ്മമാരെപ്പോലെ അവന് പ്രിയമുള്ളതിനെയൊക്കെ നൽകുന്ന മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് എന്തുപറയാൻ!. ലോകം മുഴുവൻ വന്ദിക്കുന്നവരാൽ പൂജിക്കപ്പെടുന്നതാണ് ഭഗവദ്പാദം. ആ പാദങ്ങൾകൊണ്ട് പൂതനയുടെ ശരീരത്തിൽ ചവുട്ടിക്കയറിനിന്ന് അവളുടെ സ്തനത്തെ പാനം ചെയ്തു. രാക്ഷസിയായിരുന്നുവെങ്കിലും അതിലൂടെ അവൾക്ക് അമ്മയുടെ പ്രാപ്യസ്ഥാനമായ സ്വർഗ്ഗലോകം ലഭിച്ചു. ആ സ്ഥിതിയ്ക്ക് അവനുവേണ്ടി പാൽ ചുരത്തുന്ന അമ്മമാരുടേയും ഗോക്കളുടേയും കഥ എന്തായിരിക്കണം!. രാജാവേ!, സകലപുരുഷാർത്ഥങ്ങളേയും പ്രദാനം ചെയ്യുന്ന ദേവകീപുത്രൻ ഒരു മകനായിക്കൊണ്ട് ഗോകുലസ്തീകളുടെ സ്തനപാനം ചെയ്തിരുന്നു. ഭഗവാനിൽ എപ്പോഴും പുത്രദൃഷ്ടിയെ വച്ചുകൊണ്ടിരുന്ന ആ അമ്മമാർക്ക് അജ്ഞാനജമായ സംസാരദുഃഖം പിന്നീടുണ്ടാകുന്നില്ല.

വ്രജത്തിൽ പൂതനുയുടെ ശരീരം കത്തിയമരുമ്പോഴുണ്ടായ പുകയുടെ മണം ശ്വസ്സിച്ചുകൊണ്ട് ഗോപന്മാർ ആശ്ചര്യത്തോടെ പറഞ്ഞു: ഇതെന്ത്?... ഈ മണം ഇതെവിടെനിന്ന് വരുന്നു?... അവർ പൂതനയുടെ വരവും പ്രവൃത്തിയും അവളുടെ മരണവും കുഞ്ഞിന്റെ ക്ഷേമവുമൊക്കെ പരസ്പരം സംസാരിച്ചുകൊണ്ട് അന്തംവിട്ട് നിൽക്കുകയാണു. അല്ലയോ കുരുശ്രേഷ്ഠ!, നന്ദഗോപരാകട്ടെ, മരണത്തിൽനിന്നും രക്ഷപ്പെട്ടവനെന്ന് കരുതിക്കൊണ്ട്, തന്റെ മകനെ എടുത്ത് നെറുകയിൽ ചുംബിച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. രാജൻ!, അത്യാശ്ചര്യജനകമായ ഭഗവാന്റെ ബാലലീലയാകുന്ന ഈ പൂതനാമോക്ഷത്തെ കേൾക്കുന്നവൻ ഭഗവാനിൽ ഭക്തിയുള്ളവനായി ഭവിക്കുന്നു.

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, ഡിസംബർ 9, ബുധനാഴ്‌ച

10.5 ഭഗവാന്റെ ജാതകർമ്മോത്സവം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 5

(ഭഗവാന്റെ ജാതകർമ്മോത്സവം)

 

ശ്രീശുകൻ പറഞ്ഞു: രാ‍ജാവേ!, തനിക്ക് ഉണ്ണി പറന്ന സന്തോഷത്തിൽ നന്ദഗോപർ ജ്യോതിഷികളായ ബ്രാഹ്മണശ്രേഷ്ഠന്മാരെ വരുത്തി പുത്രന്റെ ജാതകർമ്മം എന്ന സംസ്കാരത്തെ വിധിയാംവണ്ണം നടത്തിച്ചു. ഒപ്പം പിതൃക്കൾക്ക് ശ്രാദ്ധവും ചെയ്യിപ്പിച്ചു. അദ്ദേഹം രണ്ടുലക്ഷം പശുക്കളേയും പൊൻപട്ടിൽ പൊതിഞ്ഞ് ഏഴ് തിലപർവ്വതങ്ങളേയും ബ്രാഹ്മണർക്കായി ദാനം ചെയ്തു. കാലത്താൽ മണ്ണും മറ്റു ദ്രവ്യങ്ങളും ശുദ്ധമാകുന്നു. ശൌചത്താൽ ശരീരം ശുദ്ധമാകുന്നു. ജാതകർമ്മത്താൽ ജനനം ശുദ്ധമാകുന്നു. തപസ്സുകൊണ്ട് ഇന്ദ്രിയങ്ങൾ ശുദ്ധമാകുന്നു. ദാനം കൊണ്ടും യാഗം കൊണ്ടും ദ്രവ്യങ്ങൾ ശുദ്ധമാകുന്നു. സംതൃപ്തിയാൽ മനസ്സ് ശുദ്ധമാകുന്നു. പരമാത്മജ്ഞാനത്താൽ ആത്മാവും ശുദ്ധമാകുന്നു. ബ്രാഹ്മണർ മംഗളവചനങ്ങളുരുവിട്ടു. ഗായകർ പാട്ടുപാടി. ദുന്ദുഭികളും ഭേരികളും തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു.

ഗോകുലത്തിൽ മുറ്റങ്ങൾ ഭംഗിയായി അടിച്ചുതളിച്ച് വൃത്തിയാക്കി. പല നിറങ്ങളിലുള്ള കൊടിക്കൂറകളാലും തോരണങ്ങളാലും അവിടമാകെ അലങ്കരിക്കപ്പെട്ടു. പശുക്കളും പശുക്കുട്ടികളും കാളകളുമൊക്കെ ഭംഗിയായി മഞ്ഞൾപ്പൊടിതേച്ച് മയിൽ‌പ്പീലികൾ കെട്ടി അലങ്കരിക്കപ്പെട്ടു. അല്ലയോ രാജൻ!, ഗോപന്മാർ സർവ്വാഭരണവിഭൂഷിതരായി പലവിധ കാണിക്കകൾ കൈയ്യിലേന്തി അവിടെ എത്തിച്ചേർന്നു. യശോദാദേവിക്ക് പുത്രനുണ്ടായ വാർത്തയറിഞ്ഞ് സന്തോഷത്തോടെ ഗോപസ്ത്രീകൾ നല്ല വസ്ത്രങ്ങൾ കണ്മഷി മുതലായവയണിഞ്ഞ് സ്വയം അലംകൃതരായി. സുന്ദരിമാരായ ആ ഗോപികമാർ പെട്ടെന്നുതന്നെ നന്ദഗൃഹത്തിലേക്ക് പാഞ്ഞെത്തി. സർവ്വാഭരണവിഭൂഷിതരായി ഗോകുലത്തിലേക്ക് ഓടുന്ന അവരുടെ മുടിക്കെട്ടിൽനിന്നും പൂമാലകൾ ഉതിർന്നുവീണുകൊണ്ടേയിരുന്നു. കണ്ണനുണ്ണി നീണാൾ വാഴട്ടെ എന്ന് മംഗളവാചകം പറഞ്ഞുകൊണ്ട് അവർ ജനങ്ങൾക്കുമേൽ തീർത്ഥം ചൊരിഞ്ഞു. കാലദേശങ്ങൾക്കതീതനായ ഭഗവാൻ നന്ദഗോപന്റെ ഗൃഹത്തിൽ പിറന്നതിലുണ്ടായ ആനന്ദാതിരേകത്താൽ ഗോപന്മാർ പലവിധ വാദ്യങ്ങൾ മുഴിക്കി. അവർ തൈർ, പാൽ, നെയ്യ്, വെള്ളം, എന്നിവ പരസ്പരം കോരിത്തളിച്ചും പുതുവെണ്ണ മുഖത്ത് മെഴുകിയും പലവിധം ക്രീഡകളാടി. ഉദാരനും സന്തോഷവാനുമായ നന്ദഗോപർ ഭഗവദ്പ്രസാദത്തിനായും സ്വപുത്രന്റെ നന്മയ്ക്കുവേണ്ടിയും സൂതന്മാർ, മാഗധന്മാർ, വന്ദികൾ എന്നിവർക്ക് വസ്ത്രാഭരണങ്ങളും പശുക്കളേയുമൊക്കെ നൽകിക്കൊണ്ട് അവരുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രമായി. കലാശാസ്ത്രാദികൾകൊണ്ട് ജീവിക്കുന്നവർക്ക് അതാത് വിദ്യകൾക്കുതകുന്ന വിധത്തിലുള്ള വസ്തുക്കൾ യോഗ്യതയ്ക്കൊത്ത് ദാനം കൊടുത്തു. മഹാഭാഗ്യശാലിയായ രോഹിണിയെ നന്ദഗോപർ അഭിനന്ദിച്ചു. അവൾ സർവ്വാഭരണവിഭൂഷിതയായി ദുഃഖം മറന്ന് ഗൃഹകൃത്യങ്ങളിലേർപ്പെട്ടു. അല്ലയോ രാജാവേ!, അന്നുമുതൽ ഗോകുലത്തിൽ സകലവിധ ഐശ്വര്യങ്ങളും നടമാടി. ശ്രീഹരിയുടെ സാന്നിധ്യത്താൽ അവിടം മഹാലക്ഷ്മിയുടെ കേളീരംഗമായി ഭവിച്ചു.

രാജാവേ!, അങ്ങനെയിരിക്കെ ഒരുദിവസം ഗോകുലത്തിനെ സംരക്ഷിക്കേണ്ട ചുമതല ഗോപാലന്മാരെ ഏൽ‌പ്പിച്ചതിനുശേഷം കംസന് വർഷംതോറും കൊടുക്കാറുള്ള കപ്പം കൊടുക്കാനായി നന്ദഗോപർ മധുരാപുരിയിലേക്ക് പോയി. നന്ദഗോപർ വന്നിരിക്കുന്നതായും കംസന് കപ്പം കൊടുത്തതായും അറിഞ്ഞ് വസുദേവൻ അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ താവളത്തിലേക്ക് പോയി. തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനായ വസുദേവൻ തന്നെ കാണാൻ വന്നതുകണ്ട് പ്രേമപരവശനായി, മൂർച്ഛിച്ചുവീണ ശരീരത്തിൽ പ്രാണൻ പുനഃപ്രാപിച്ചതുപോലെ, പെട്ടെന്നെഴുന്നേറ്റ് ഇരുകൈകൾകൊണ്ടും ആശ്ലേഷിച്ചു. രാജൻ!, സത്ക്കരിച്ചിരുത്തി നന്ദഗോപർ വസുദേവരോട് കുശലാന്വേഷണം ചെയ്തു. വസുദേവർ രാമകൃഷ്ണന്മാരായ തന്റെ പുത്രന്മാരെക്കുറിച്ചറിയുവാനായി ഇപ്രകാരം പറഞ്ഞു: സഹോദരാ!, ഏറെക്കാലത്തെ ആഗ്രഹത്തിനുശേഷം, ഒടുവിൽ പുത്രലാഭം മറന്നിരുന്ന ഈ വയസാംകാലത്തിൽ അങ്ങേയ്ക്കൊരു കുഞ്ഞു പിറന്നത് മഹാഭാഗ്യമായി. സംസാരിയായ അങ്ങേയ്ക്ക് ഒരു പുതുജന്മം കിട്ടിയതുപോലെ എനിക്ക് തോന്നുകയാണു. ഇഷ്ടജനങ്ങളെ കാണാൻ കഴിയുന്നതും പരമഭാഗ്യം തന്നെ. സ്നേഹിതാ!, പുഴയിൽകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന തടിക്കഷണങ്ങൾക്ക് ഒരിടത്ത് ചേർന്നുനിൽക്കുവാൻ കഴിയാത്തതുപോലെ, പലവിധകർമ്മങ്ങൾക്കടിപ്പെട്ടതിനാൽ ചങ്ങാതിമാർക്ക് ഒരിടത്തിൽ കഴിയുവാൻ എങ്ങനെ സാധിക്കും?. അങ്ങ് ബന്ധുമിത്രാദികൾക്കൊപ്പം താമസിക്കുന്ന സ്ഥലം രോഗങ്ങൾ മുതലായ അനർത്ഥങ്ങളിൽനിന്ന് മുക്തവും, ധാരാളം കാടുകളുള്ളതും, അതുപോലെ കാലികളെ വളർത്തുവാൻ യോഗ്യമായതുമല്ലേ?. എന്റെ മകൻ ബലദേവൻ അങ്ങയെ അച്ഛൻ എന്നായിരിക്കുമല്ലോ വിളിക്കുന്നതു. അങ്ങയുടെ ലാളനയിൽ അവൻ അമ്മയുടെ കൂടെ സുഖമായിരിക്കുന്നുവോ?. ഭ്രാതൃപുത്രാദികൾ ഒരിടത്ത് ഒത്തുകൂടി സസുഖം വാഴുമ്പോൾ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രയോജനപ്പെടുന്നു. മറിച്ച്, അവർ ദുഃഖിതരായിക്കുന്ന അവസ്ഥയിൽ അവകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

രാജൻ!, ഇത്രയും കേട്ട് വസുദേവരോട് നന്ദഗോപർ പറഞ്ഞു: അങ്ങയുടെ കാര്യമോർത്ത് ഞാൻ വല്ലാതെ ദുഃഖിക്കുന്നു. അങ്ങേയ്ക്ക് ദേവകിയിലുണ്ടായ എത്രയോ പുത്രന്മാരെയാണ് കംസൻ കൊന്നുകളഞ്ഞതു!. ഒടുവിലുണ്ടായ ഒരു പെൺകുഞ്ഞ് കൂടി സ്വർഗ്ഗത്തെ പ്രാപിച്ചു. എല്ലാവരും പ്രാരബ്ദവിധിക്ക് അധീനരാണു. മക്കളുണ്ടാകുന്നതും നഷ്ടപ്പെടുന്നതുമെല്ലാം ആ വിധിക്കനുസരിച്ചാണു. വിധിതന്നെ എല്ലാം തീരുമാനിക്കുന്നു. ഈ സത്യം മനസ്സിലാക്കുന്നവർ ഒരിക്കലും വിധിയിൽ ദുഃഖിക്കുകയില്ല.

രാജാവേ!, അതുകേട്ട് വസുദേവർ പറഞ്ഞു: കംസന്ന് കപ്പം കൊടുത്തു; എന്നെ കാണുകയും ചെയ്തു. നന്ദഗോപരേ!, ഇനി കൂടുതൽ സമയം അങ്ങ് ഇവിടെ കഴിയാൻ പാടില്ല. അങ്ങ് തിരിച്ചുപൊയ്ക്കൊള്ളുക. ഗോകുലത്തിൽ ഞാൻ അനേകം അനർത്ഥങ്ങൾ കാണുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ മഹാരാജൻ!, ഇങ്ങനെ വസുദേവർ പറഞ്ഞതനുസരിച്ച് കൂടെ വന്ന മറ്റ് ഗോപന്മാർക്കൊപ്പം നന്ദഗോപൻ തങ്ങൾ വന്ന വണ്ടികളിൽ കയറി ഗോകുലത്തിലേക്ക് യാത്രതിരിച്ചു.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 27, ഞായറാഴ്‌ച

10.4 ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 4

(ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.)

 

ശ്രീശുകൻ പറഞ്ഞു: മഹാരാജൻ!, വസുദേവൻ ഭഗവാനെ ഗോകുലത്തിലാക്കി യശോദ പെറ്റുണ്ടായ ബാലികയുമായി കംസഗൃഹത്തിലെത്തിയതും എല്ലാം പഴയതുപോലെയായി. സകല കോട്ടവാതിലുകളും മുന്നേപോലെ അടഞ്ഞു. ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് കാവൽക്കാർ ഞെട്ടിയുണർന്നു. ആ സമയം ദേവകീദേവിയുടെ എട്ടാമത്തെ കുഞ്ഞിനെ വകവരുത്തുവാനായി ഭയത്തോടെ ഉറക്കമില്ലാതെ തന്റെ മരണവും മുന്നിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കംസൻ. കാവൽക്കാർ ആ വാർത്ത എത്രയും വേഗം കംസനെ അറിയിച്ചു. കേട്ടപാടെ അവൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു. തന്റെ അന്തകൻ പിറന്നിരിക്കുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഇടറുന്ന പാദങ്ങളോടെ അഴിഞ്ഞുലഞ്ഞ് മുടിക്കെട്ടുകളോടെ അവൻ പ്രസവഗൃഹത്തിലേക്ക് പോയി. അന്തകന്റെ രൂപത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കംസനെ കണ്ട് ദീനയായ ദേവകി ഇങ്ങനെ പറഞ്ഞു: അല്ലയോ സത്ഗുണശീലാ!, ഈ കുഞ്ഞ് അങ്ങയുടെ പുത്രന്റെ ഭാര്യയാകേണ്ടവളാണു. സ്ത്രീകളെ വധിക്കുന്നത് അങ്ങേയ്ക്ക് കരണീയമല്ല. സഹോദരാ!, ഞങ്ങളുടെ കർമ്മഫലമായി അഗ്നിക്കുസമമായ ഞങ്ങളുടെ എത്രയോ കുഞ്ഞുങ്ങളാണു അങ്ങയാൽ കൊല്ലപ്പെട്ടിരിക്കുന്നതു?. ഇവളെ അവിടുത്തെ സമ്മാനമായി ഞങ്ങൾക്ക് വളർത്താൻ തന്നാലും. പ്രഭോ!, അങ്ങയുടെ ഈ അനുജത്തി തന്റെ മക്കളെല്ലാം കൊല്ലപ്പെട്ടതിൽ ദുഃഖിച്ചുകഴിയുകയാണു. ജ്യേഷ്ഠാ! ഇവളെയെങ്കിലും അങ്ങ് ഞങ്ങൾക്ക് വിട്ടുതരുവാൻ ദയ കാണിക്കണം.

പരീക്ഷിത്ത് രാജൻ!, ഇങ്ങനെ ദീനദീനം വിലപിച്ചുകൊണ്ട് ദേവകി ആ കുഞ്ഞിനെ തന്റെ മാറോടുചേർത്ത് മറച്ചുപിടിച്ചു. എന്നാൽ, വീണ്ടും അധിക്ഷേപിച്ചുകൊണ്ട് ദുഷ്ടനായ കംസൻ ആ കുട്ടിയെ അവളിൽനിന്നും പിടിച്ചുപറിച്ചെടുത്തു. സ്വാർത്ഥതയിൽ സർവ്വവും മറന്ന അവൻ ആ കുഞ്ഞിനെ ഇരുകാലുകളും കൂട്ടിപ്പിടിച്ച് കരിങ്കല്ലിന്മേൽ ഊക്കോടെയടിക്കുന്നതിനിടയിൽ ശ്രീമഹാവിഷ്ണുവിന്റെ സോദരിയായ അവൾ ആ ദുഷ്ടന്റെ കൈയ്യിൽനിന്നും വഴുതി മോൽ‌പ്പോട്ടുയർന്ന് ആകാശത്തിലെത്തി. ദേവി അവിടെ ആയുധങ്ങളുയർത്തിപ്പിടിച്ച എട്ടു തൃക്കരങ്ങളോടെ പ്രശോഭിച്ചു. ദിവ്യമാലകളും പട്ടുവസ്ത്രങ്ങളും കുറിക്കൂട്ടുകളും രത്നാഭരണങ്ങളുമണിഞ്ഞ്, വില്ല്, ശൂലം, ശരം, പരിച, വാൾ, ശംഖം, ചക്രം, ഗദ എന്നിവ ധരിച്ച് പൂജിതയായി നിൽക്കുന്ന ദേവിയെ സിദ്ധചാരണകിന്നരനാഗഗന്ധർവ്വാപ്സരസ്സുകൾ വാഴ്ത്തിസ്തുതിച്ചു. ആ മായാദേവി ഇങ്ങനെ അരുളിച്ചെയ്തു: ഹേ മൂഢാ!, എന്നെ കൊല്ലുന്നതുകൊണ്ട് നിനക്കെന്ത് നേട്ടം?. നിന്റെ അന്തകനും മുജ്ജന്മശത്രുവുമായ ഒരുവൻ എങ്ങോ ജനിച്ചുകഴിഞ്ഞിരിക്കുന്നു. പാവം കുഞ്ഞുങ്ങളെ വെറുതേ വധിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും നിനക്കുണ്ടാകാൻ പോകുന്നില്ല.

രാജൻ! ആ മായാദേവി ഇങ്ങനെ പറഞ്ഞുകൊണ്ട് ഉടൻ‌തന്നെ മറഞ്ഞരുളി. അവൾ ഇന്നും ഭൂമിയിൽ പലയിടങ്ങളിൽ പലപേരുകളിലായി വാണരുളുന്നു. ദേവിയുടെ അരുളപ്പാട് കംസനെ സ്തബ്ദനാക്കി. ദേവകീവസുദേവന്മാരെ തടവറയിൽനിന്ന് മോചിപ്പിച്ചതിനുശേഷം വളരെ വിനീതനായി അവരോട് പറഞ്ഞു: അല്ലയോ സഹോദരീ!, ഹേ വസുദേവരേ!, പാപിയായ ഞാൻ രാക്ഷന്മാർ സ്വന്തം സന്താനങ്ങളെ ഭക്ഷിക്കുന്നതുപോലെ നിങ്ങളുടെ എത്രയോ കുഞ്ഞുങ്ങളെയാണു കൊന്നുകളഞ്ഞതു!. കഷ്ടം തന്നെ!. അല്പം പോലും കരുണയില്ലാതെ ഞാൻ സകല ബന്ധുക്കളേയും തള്ളിക്കളഞ്ഞവനാണു. ശ്വസിക്കുന്നുണ്ടുവെങ്കിലും ഞാൻ മരിക്കപ്പെട്ടവനാണു. ബ്രഹ്മഹന്താവിനെപ്പോലെ ഞാൻ ഏത് നരകത്തിൽ പതിക്കുമെന്നെനിക്കറിയില്ല. മനുഷ്യർ മാത്രമല്ല, ദൈവങ്ങൾ പോലും നുണ പറയുന്നു. ആ അശരീരി വാക്യത്തിൽ വിശ്വസിച്ച് പാപിയായ ഞാൻ സ്വസഹോദരിയുടെ മക്കളെയെല്ലാം കൊന്നുകളഞ്ഞിരിക്കുകയാണു. അല്ലയോ സൌഭാഗ്യശാലികളേ!, സ്വകർമ്മങ്ങളാൽ നിങ്ങളുടെ മക്കൾക്ക് സംഭവിച്ചതോർത്ത് നിങ്ങൾ ദുഃഖിക്കരുതു. പ്രാണികൾ സദാ പ്രാരബ്ദകർമ്മങ്ങൾക്കധീനരാണു. അവർ എപ്പോഴും ഒരിടത്തുതന്നെ ചേർന്നിരിക്കുകയുമില്ല. മണ്ണാൽ കുടങ്ങൾ മുതലായ പാത്രങ്ങളുണ്ടായി പിന്നീട് പൊട്ടിത്തകർന്ന് നശിച്ചുപോകുന്നു. അതുപോലെ, ഭൌതികശരീരങ്ങൾ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. എന്നാൽ മണ്ണിന് നാശമുണ്ടാകാത്തതുപോലെ ആത്മാക്കൾക്കും നാശം സംഭവിക്കുന്നില്ല. ഈ തത്വം അറിയാത്തവനു ദേഹാദികളിൽ ആത്മബുദ്ധി ജനിക്കുന്നു. അതിനാൽ അവന് താനെന്നും പരനെന്നുമുള്ള ഭേദവിചാരവും ഉണ്ടാകുന്നു. ആയതിനാലാണു ആത്മാക്കൾ പുത്രാദി ദേഹങ്ങളോട് ചേരുന്നതും പിന്നീട് വിട്ടുപിരിയുന്നതും. അങ്ങനെയുള്ളവർക്ക് സംസാരദുഃഖം ഒരിക്കലും ഒഴിയുന്നില്ല. ഹേ ശോഭനേ!, അതുകൊണ്ട് എന്നാൽ മൃതരായ നിന്റെ കുഞ്ഞുങ്ങളെയോർത്ത് ഇനി നീ ദുഃഖിക്കരുതു. അവരെല്ലാവരും മറുഗതിയില്ലാതെ സ്വന്തം പ്രാരബ്ദകർമ്മഫലങ്ങൾ അനുഭവിക്കുകയാണു. ഒരുവൻ എത്രകാലമാണോ താൻ വധിക്കുന്നവനും വധിക്കപ്പെടുന്നവനുമാണെന്ന് വിചാരിക്കുന്നതു, അത്രയും കാലം അവൻ ദേഹത്തെ ആത്മാവെന്ന് കരുതിയിരിക്കുന്നു. ആത്മദൃഷ്ടിയില്ലാത്തവനും അജ്ഞാനിയുമായ അവൻ ഹന്താവും ഹന്തവ്യനുമാണെന്ന മിഥ്യാവിചാരത്തെ അവലംബിച്ചുകൊണ്ട് ജീവിതം വൃഥാവിലാക്കുന്നു. ആയതിനാൽ എന്റെ ഈ ദുഷ്ടതകളെ നിങ്ങൾ പൊറുക്കണം. നിങ്ങളെപ്പോലുള്ള സജ്ജനങ്ങൾ എപ്പോഴും ദീനാനുകമ്പയുള്ളവരാണല്ലോ!.

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടും കണ്ണീരൊഴുക്കിക്കൊണ്ടും കംസൻ ദേവകീവസുദേവന്മാരുടെ പാദങ്ങളിൽ വീണുനമസ്കരിച്ചു. മായാദേവിയുടെ വാക്കുകളാൽ ദേവകിയും വസുദേവരും നിരപരാ‍ധികളാണെന്ന് ബോധ്യം വന്ന കംസൻ സ്നേഹത്തോടെ അവരെ തടവിൽനിന്നും മോചിതരാക്കി. ദേവകി പശ്ചാത്താപത്താൽ നിർമ്മലനായ സഹോദരനോട് അവന്റെ കുറ്റം പൊറുത്തു മാപ്പാക്കി. വസുദേവൻ ചിരിച്ചുകൊണ്ട് കംസനോട് പറഞ്ഞു: അല്ലയോ മഹാഭാഗാ!, അങ്ങ് പറഞ്ഞത് തീർത്തും സത്യമാണു. മനുഷ്യർക്കുണ്ടാകുന്ന ഈ ദേഹാദികളിലുള്ള അഹംബുദ്ധി അജ്ഞാനത്താലുളവാകുന്നതാണു. അതിലൂടെ താനെന്നും പരനെന്നുമുള്ള ഭേദചിന്തയും മനുഷ്യനിൽ ഉടലെടുക്കുന്നു. ഭേദഭാവനയുള്ളവരിൽ വ്യസനം, സന്തോഷം, ഭയം, ദ്വേഷം, അത്യാശ, മോഹം, മദം എന്നിവ പ്രതിഫലിക്കുന്നു. അവരാകട്ടെ, ജഡവസ്തുക്കളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലസ്വരൂപനായ ഈശ്വരനെ അറിയാതെപോകുന്നു.

അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ ദേവകീവസുദേവന്മാരുടെ മറുപടിയിൽ സന്തുഷ്ടനായ കംസൻ അവരുടെ അനുജ്ഞയും വാങ്ങി സ്വഗൃഗത്തിലേക്ക് യാത്രയായി. പിറ്റേദിവസം മന്ത്രിമാരെ വിളിച്ചുവരുത്തി തലേന്ന് സംഭവിച്ചതായ സംഭവവും യോഗമായാദേവിയാൽ അരുളപ്പെട്ടതുമെല്ലാം അവരെ പറഞ്ഞുധരിപ്പിച്ചു. എന്നാൽ ദേവശത്രുക്കളും അജ്ഞാനികളുമായ ആ അസുരന്മാർ ദേവന്മാരിൽ കോപിതരായിക്കൊണ്ട് കംസനോട് ഇങ്ങനെ പറഞ്ഞു: അല്ലയോ ഭോജേന്ദ്രാ!, അങ്ങനെയെങ്കിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്രജങ്ങളിലും മറ്റും പ്രസവിച്ച് അധികം ദിവസമായിട്ടില്ലാത്ത സകല കുട്ടികളേയും ഞങ്ങൾ വധിക്കുവാൻ പോകുകയാണു. യുദ്ധത്തിൽ പേടിയുള്ളവരും അങ്ങയുടെ വില്ലിന്റെ ഒച്ച കേട്ടാൽ ഹൃദയം നടുങ്ങുന്നവരുമായ ദേവന്മാർ എന്ത് ചെയ്യാൻ പോകുന്നുവെന്ന് നമുക്ക് കാണാമല്ലോ!. നാലുപാടുംനിന്ന് പ്രവഹിക്കുന്ന അങ്ങയുടെ ശരങ്ങളാൽ മുറിവേറ്റ അവർ ഇനി ഓടുകയേ നിവർത്തിയുള്ളൂ എന്ന് കരുതി പലായനം ചെയ്തവരാണു. ചില ദേവന്മാർ ദീനരായി ആയുധം നിലത്തുവച്ച് തൊഴുകൈയ്യോടെ നിന്നു. മറ്റുചിലരാകട്ടെ, പോർക്കച്ചയും തലക്കെട്ടും അഴിച്ചുവച്ച് ഭീതിയോടെ നിലകൊണ്ടു. ആയുധപ്രയോഗം മറന്നവനേയോ തേർ നഷ്ടപ്പെട്ടവനേയോ ഭീതനായി അഭയം പ്രാപിച്ചവനേയോ മറ്റൊരുത്തനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നവനേയോ യുദ്ധത്തിൽനിന്നും ഒരിക്കൽ പിന്തിരിഞ്ഞോടിയവനേയോ വില്ല് ഒടിഞ്ഞവനേയോ യുദ്ധം ചെയ്യാതെ നിൽക്കുന്നവനേയോ അങ്ങ് ഒരിക്കലും കൊല്ലാറില്ല.

ദേവന്മാർ പേടിയില്ലാത്ത ദിക്കിൽ ശൂരത്വം കാട്ടുന്നവരും യുദ്ധമില്ലാത്തപ്പോൾ വലിയ വായിൽ വീരവാദം നടത്തുന്നവരുമാണു. അവരെക്കൊണ്ടെന്ത് ചെയ്യാൻ?. എവിടെയോ ഒളിഞ്ഞുകുത്തിയിരിക്കുന്ന മഹാവിഷ്ണു എന്ത് കാട്ടാൻ?. കാട്ടിലിരിക്കുന്ന ശിവനോ ശക്തി ക്ഷയിച്ച ഇന്ദ്രനോ അഥവാ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മാവിനോ എന്ത് സാധ്യമാകാൻ?. എങ്കിലും അവർ ശത്രുക്കളാണു. അവരെ വിലകുറച്ചുകാണുന്നതുചിതമല്ല. ആയതിനാൽ അവരെ ഉന്മൂലനാശം വരുത്തുന്നതിനായി ഞാങ്ങളെ നിയോഗിച്ചാലും. എപ്രകാരമാണൊ മനുഷ്യരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ആദ്യം വകവയ്ക്കാതെ പിന്നീട് ചികിത്സിച്ചുഭേദമാക്കാൻ കഴിയാതെയാകുന്നതു?, അഥവാ എപ്രകാരമാണോ തുടക്കത്തിൽ അനിയന്ത്രിതമായ ഇന്ദ്രിയങ്ങളെ പിന്നീട് അടക്കി നിർത്താൽ പറ്റാത്തതായിമാറുന്നതു, അപ്രകാരം നമ്മൾ നിസ്സാരനെന്നുകരുതി തള്ളിക്കളയുന്ന ശത്രുക്കൾ ക്രമേണ ശക്തി പ്രാപിച്ച് പിന്നീട് ഇളക്കാൻ പറ്റാത്തവിധമായിത്തീരുന്നു. വിഷ്ണുതന്നെയാണു ദേവന്മാരുടെ മഹാബലം. എവിടെയാണോ സനാതനവേദോക്തമായ ധർമ്മം സ്ഥിതിചെയ്യുന്നതു, അവിടെ വിഷ്ണു കുടികൊള്ളുന്നു. ആ ധർമ്മത്തിന്റെ വേരുകൾ ഉറച്ചിരിക്കുന്നതു വേദം, ഗോക്കൾ, ബ്രാഹ്മണർ, തപസ്സ്, ദക്ഷിണയോടുചേർന്ന യാഗാദികർമ്മങ്ങഓൾ എന്നിവയിലാണു. ആയതിനാൽ അല്ലയോ രാജൻ!, ബ്രാഹ്മണരേയും താപസ്സന്മാരേയും യാജ്ഞികരേയും പശുക്കളേയുമൊക്കെ ഞങ്ങളുടെ സകല ശക്തികളുമുപയോഗിച്ച് ഞങ്ങൾ കൊന്നുതള്ളിക്കൊള്ളാം. ബ്രാഹ്മണർ, പശുക്കൾ, വേദങ്ങൾ, തപസ്സ്, സത്യം, ഇന്ദ്രിയസംയമനം, മനോനിയന്ത്രണം, ശ്രദ്ധ, ദയ, തിതിക്ഷ, യാഗങ്ങൾ തുടങ്ങിയവ ആ വിഷ്ണുവിന്റെ ശരീരമാകുന്നു. അവൻ അസുരവിദ്വേഷിയായി സകലഭൂതങ്ങളുടേയും അന്തഃകരണങ്ങളിൽ ഒളിഞ്ഞുകിടക്കുന്നു. ബ്രഹ്മാവാദിയായ സകലദേവന്മാരുടേയും ആദികാരണൻ അവനാണു. ആയതിനാൽ മഹർഷിമാരടങ്ങുന്ന സർവ്വത്തിനേയും കൊല്ലുകയെന്നുള്ളതാണു അവനെ വകവരുത്തുവാനുള്ള ഏകോപായം.

പരീക്ഷിത്തേ!, ഇങ്ങനെ ആ ദുർമന്ത്രികളാൽ ഭ്രമിക്കപ്പെട്ട ദുർമ്മതിയായ കംസൻ ബ്രാഹ്മണരെ ഹിംസിക്കുന്നതുതന്നെയാണു തനിക്കഭികാമ്യമെന്ന് കരുതി. തുടർന്ന്, ദുഷ്ടന്മാരായ ആ അസുരന്മാരോട് സജ്ജനങ്ങളെ ഉപദ്രവിക്കുവാനുള്ള ആദേശവും നൽകി കംസൻ തിരിച്ചുപോയി. തമോഗുണത്താൽ ബുദ്ധി നഷ്ടപ്പെട്ടവരായ ആ അസുരന്മാർ തങ്ങളുടെ നാശം അടുത്തിരിക്കുന്നതറിയാതെ സജ്ജനദ്രോഹം ആരംഭിച്ചുതുടങ്ങി. മഹാജനങ്ങളെ ഉപദ്രവിക്കുന്നതിലൂടെ ഒരുവൻ തന്റെ ആയുസ്സും ഐശ്വര്യവും കീർത്തിയും പുണ്യവും പരലോകപ്രാപ്തിയുമടങ്ങുന്ന സകലശ്രേയസ്സുകളേയും ഇല്ലാതെയാക്കുന്നു.

 

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

10.3 ശ്രീകൃഷ്ണാവതാരം.

 ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 3

(ശ്രീകൃഷ്ണാവതാരം.)

 

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒടുവിൽ ആ മംഗളകരമായ ദിവസം വന്നടുത്തു. അന്ന് രോഹിണീനക്ഷത്രമായിരുന്നു. മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും സൂര്യാദിജ്യോതിർഗ്ഗോളങ്ങളുമൊക്കെ ശാന്തരായി നോക്കിനിന്നു. ദിക്കുകൾ തെളിഞ്ഞു. തെളിവാർന്ന ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. ഭൂമി മംഗളവസ്തുക്കൾ കൊണ്ടുനിറഞ്ഞു. നദികൾ തെളിഞ്ഞൊഴുകാൻ തുടങ്ങി. തടാകങ്ങൾ താമരപ്പൂക്കളെക്കൊണ്ട് നിറഞ്ഞു. വനങ്ങൾ പക്ഷികളുടേയും വണ്ടുകളുടേയും കൂജനങ്ങളാൽ മുഖരിതമായി. സുഗന്ധം കലർന്ന് കാറ്റുവീശി. ബ്രാഹ്മണരുടെ അണഞ്ഞുകിടന്നിരുന്ന ഹോമകുണ്ഡങ്ങൾ ചുഴന്നെരിഞ്ഞു. ജനങ്ങൾ സന്തുഷ്ടരായി. അജനായ ഭഗവാൻ ജനിക്കാൻ തുടങ്ങുമ്പോൾ ആകാ‍ശത്തിൽ പെരുമ്പറ മുഴങ്ങി. കിന്നരന്മാരും ഗന്ധർവ്വന്മാരും ഗീതങ്ങളാലപിച്ചുതുടങ്ങി. സിദ്ധചാരണാദികൾ ഭഗവദ്സ്തുതികളുരുവിട്ടു. അപ്സരസ്ത്രീകളും വിദ്യാധരസ്ത്രീകളും നൃത്തം ചെയ്തു. മുനികളും ദേവകളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. മേഘങ്ങൾ ഗർജ്ജിച്ചു. എങ്ങും ഘോരാന്ധകാരം പടർന്നുപിടിച്ചു. ആ അർദ്ധരാത്രിയിൽ ഭക്തന്മാർ ഭഗവാന്റെ അവതാരത്തിനായി പ്രാർത്ഥിച്ചു. ആ സമയം, എപ്രകാരമാണോ കിഴക്ക് ദിക്കിൽ ചന്ദ്രനുദിക്കുന്നതു, അതുപോലെ സർവ്വഗുഹാശയനായ ഭഗവാ‍ൻ മഹാവിഷ്ണു ദേവരൂപിണിയായ ദേവകീദേവിയിൽ സമസ്തൈശ്വര്യങ്ങളോടുകൂടി ആവിർഭവിച്ചു.

തമത്ഭുതം ബാലകമംബുജേക്ഷണം

ചതുഭുജം ശംഖഗദാര്യുദായുധം

ശ്രീവത്സലക്ഷ്മം ഗളശോഭികൌസ്തുഭം

പീതാംബരം സാന്ദ്രപയോദസൌഭഗം

മഹാർഹവൈഡൂര്യകിരീടകുണ്ഡല-

ത്വിഷാ പരിഷ്വക്തസഹസ്രകുന്തളം

ഉദ്ദാമകാഞ്ച്യംഗദകങ്കണാദിഭിർ-

വിരോചമാനം വസുദേവ ഐക്ഷത

താമരയിതൾപോലുള്ള കണ്ണുകളുള്ളവനും നാലു തൃക്കൈകളോടുകൂടിയവനും അവയിൽ ശംഖം, ഗദ, ചക്രം, പത്മം എന്നിവ ധരിച്ചവനും ശ്രീവത്സചിഹ്നത്തോടുകൂടിയവനും കഴുത്തിൽ മിന്നിത്തിളങ്ങുന്ന കൌസ്തുഭമണിഞ്ഞവനും മഞ്ഞപ്പട്ടുടുത്തവനും കാർമേഘനിറത്തിന്റെ ഭംഗി കലർന്നവനും രത്നങ്ങൾ പതിച്ച കുണ്ഡലങ്ങളും കീരീടവുമണിഞ്ഞവനും അവയുടെ കാന്തിയിൽ തെളിയുന്ന കേശഭാരത്തോടുകൂടിയവനും അരഞ്ഞാണം, തോൾവള, കടകം തുടങ്ങിയവയാൽ അലങ്കൃതനുമായി അങ്ങനെ വിശേഷേണ ശോഭിച്ചുകിടക്കുന്ന ആ അത്ഭുതബാലകനെ വസുദേവൻ കണ്ടു.

രാജൻ!, ശ്രീഹരി തന്റെ പുത്രനായി വന്നവതരിച്ചതുകണ്ട് സംഭ്രമത്തോടെയും സന്തോഷത്തോടെയും വസുദേവൻ ആശ്ചര്യഭരിതനായി പതിനായിരം പശുക്കളെ ബ്രാഹ്മണർക്കായി സങ്കല്പിച്ചു. സ്വപ്രകാശത്താൽ ആ പ്രസവമുറിയെ അത്യുജ്ജ്വലമായി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ബാലൻ സാക്ഷാത് പരമപുരുഷനാണെന്ന് വസുദേവർ മനസ്സിലാക്കി. പേടിയകന്ന്, വിശുദ്ധമായ അന്തഃകരണത്തോടുകൂടി അദ്ദേഹം വീണുനമസ്കരിച്ചുകൊണ്ട് ഇങ്ങനെ സ്തുതിച്ചു: പ്രകൃതിയ്ക്കതീതനായ അല്ലയോ ചിദാനന്ദസ്വരൂപാ!, സർവ്വസാക്ഷിയായ നിന്തിരുവടിയെ അടിയൻ ഇതാ കണ്ണിനുനേരായി കാണുകയാണു. അങ്ങ് തുടക്കത്തിൽ ത്രിഗുണാത്മകമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് അതിൽ നിസ്പൃഹനായി, എന്നാൽ അതിനെല്ലാം അകം‌പുറം കൊണ്ടുനിൽക്കുന്നു. വികാരമില്ലത്ത അഹങ്കാരാദി മഹത് തത്വങ്ങൾ എപ്രകാരമാണോ ഈ പ്രപഞ്ചത്തിൽ പ്രവേശിക്കാതെതന്നെ അവയിൽ കാണപ്പെടുന്നതു, അതേപ്രകാരംതന്നെ നിന്തിരുവടിയും കാണപ്പെടുന്നു. ബ്രഹ്മാണ്ഡത്തിനുമുന്നേയുള്ള ആ മഹത് തത്വം പീന്നീട് അതിൽ പ്രവേശിക്കുന്നില്ല. അതുപോലെ, അങ്ങും ബുദ്ധിക്കും ഇന്ദ്രയങ്ങൾക്കും ഗ്രഹിക്കുവാൻ കഴിയുന്ന ഈ വിഷയങ്ങളോടൊപ്പം നിലകൊള്ളുന്നുവെങ്കിലും ആ വിഷയങ്ങളോടൊപ്പം അങ്ങയെ അറിയാൻ കഴിയുന്നില്ല. സർത്രവ്യാപ്തമായ അങ്ങേയ്ക്ക് എങ്ങനെ അകവും പുറവും ഉണ്ടാകാൻ?. ദേഹം ആത്മാവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അറിയാത്തവൻ അജ്ഞാനിയാകുന്നു. കാരണം മിഥ്യയെ അവർ പരമാർത്ഥമായി നിനയ്ക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണം നിർവ്വികാരനും വ്യാപാരരഹിതനുമായ അങ്ങാണെന്നാണു പറയപ്പെടുന്നതു. എന്നാൽ പരബ്രഹ്മമായ അങ്ങയിൽ യാതൊരു വിരോധവുമില്ല. അങ്ങയാൽ നിയന്ത്രിതമായ ത്രിഗുണങ്ങളാൽ എല്ലാം താനേ സംഭവിക്കുന്നു. അങ്ങനെയുള്ള നിന്തിരുവടി മൂന്നുലോകത്തിന്റേയും രക്ഷയ്ക്കായി സ്വമായയാ സത്വഗുണത്താൽ വിഷ്ണുരൂപത്തേയും, അതിന്റെ സൃഷ്ടിക്കുവേണ്ടി രജോഗുണത്താൽ ബ്രഹ്മാവിന്റെ രൂപത്തേയും, അതുപോലെ അവയുടെ സംഹാരത്തിനായി തമോഗുണത്താൽ രുദ്രരൂപത്തേയും ധരിക്കുന്നു. വിഭോ!, അങ്ങിപ്പോൾ ഭൂമിയെ രക്ഷിപ്പാനായി എന്റെ ഗൃഗത്തിൽ വന്നുപിറന്നിരിക്കുന്നു. ക്ഷത്രിയനാമത്തിൽ ഇവിടെ കൂത്താടുന്ന അസംഖ്യം അസുരസേനകളെ കൊന്നൊടുക്കാൻ പോകുന്നു. ദേവാ!, അങ്ങയുടെ ജനനം ഞങ്ങളുടെ ഗൃത്തിൽ സംഭവിക്കുമെന്ന് കരുതി ദുഷ്ടനായ കംസൻ അങ്ങയുടെ ജ്യേഷ്ഠസഹോദരന്മാരെയൊക്കെ വധിച്ചുകഴിഞ്ഞു. അങ്ങയുടെ ഈ അവതാരവാർത്തയറിഞ്ഞ് അവൻ ആയുധവും ഉയർത്തിപിടിച്ച് ഇപ്പോൾത്തന്നെ ഇങ്ങെത്തും.

രാജൻ!, ശ്രീമഹാവിഷ്ണുവിന്റെ ലക്ഷണങ്ങളോടൊത്ത് തനിക്കു പിറന്ന ആ പുത്രനെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് ദേവകീദേവിയും ഭഗവനെ സ്തുതിച്ചു. അവൾ പറഞ്ഞു: ഭഗവാനേ!, അവ്യക്തനും ആദ്യനും ബ്രഹ്മനും ജ്യോതിസ്വരൂപനും നിർഗ്ഗുണനും നിർവ്വികാരനും നാശരഹിതനും നിഷ്ക്രിയനും അപ്രമേയനുമായ ആ മഹാവിഷ്ണുതന്നെയാണ് അങ്ങെന്ന് ഞാനറിയുന്നു. കാലഗതിയിൽ ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുമ്പോൾ ഇപ്രപഞ്ചമെല്ലാം മൂലപ്രകൃതിയിൽ ലയിക്കുന്നു. എന്നാൽ ആ സമയം അനന്തശേഷനായി അങ്ങ് മാത്രം അവശേഷിക്കുന്നു. നിമിഷത്തിൽ തുടങ്ങി സംവത്സരത്തിൽ അവസാനിക്കുന്ന കാലം എന്ന ഈ പ്രതിഭാസം അങ്ങയുടെ ശക്തിവിശേഷം ഒന്നുമാത്രമാണെന്ന് പറയപ്പെടുന്നു. ഈവിധം പ്രകൃതിക്കും കാലത്തിനും നിയന്താവായ അങ്ങയെ ഞാനിതാ ശരണം പ്രാപിക്കുന്നു. മനുഷ്യൻ മരണമാകുന്ന സർപ്പത്തെ ഭയന്ന് എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാലും അവർക്കൊരിക്കലും ഒരഭയസ്ഥാനം കിട്ടുന്നില്ല. എന്നാൽ, ഒരുവന് അങ്ങയുടെ പാദസേവ ചെയ്യാൻ അവസരം ലഭിച്ചാൽ അവൻ അനുഗ്രഹീതനാകുന്നു. അങ്ങനെ വന്നാൽ മനുഷ്യൻ നിർഭയനാകുകയും മരണം അവനെ ഭയന്നൊളിക്കുകയും ചെയ്യുന്നു. ഭഗവാനേ!, അങ്ങനെ സർവ്വഭയങ്ങളും നീക്കുന്ന നീ ഞങ്ങളെ കംസനിൽനിന്ന് രക്ഷിക്കേണമേ!. ധ്യാനയോഗ്യമായ അവിടുത്തെ ഈ തിരുവുടൽ അജ്ഞന്മാർക്കൊരിക്കലും കാട്ടികൊടുക്കരുതു. ഭഗവാനേ! അങ്ങ് നിമിത്തം ഞാൻ കംസനെ ഭയന്നുജീവിക്കുകയാണു. അങ്ങ് എന്നിൽ വന്നുത്ഭവിച്ച വിവരം ഒരിക്കലും കംസൻ അറിയാനിടവരികയുമരുതു. ദേവാ!, ചതുർഭുജങ്ങളിൽ ശംഖചക്രഗദാപത്മങ്ങൾ ധരിച്ച ഈ ദിവ്യരൂപം അങ്ങ് മറച്ചരുളിയാലും. പ്രളയസമയത്ത് സകലചരാചരങ്ങളേയും നിന്തിരുവടി ആ തിരുവുടലിൽ ധരിക്കുന്നു. അങ്ങനെയുള്ള അങ്ങിപ്പോൾ എന്റെ ഗർഭത്തിൽ വന്നുഭവിച്ചതു ലോകത്തിനുമുന്നിൽ ഒരു വിഡംബനമാണു.

രാജൻ!, ദേവകിയുടെ ഈ പ്രാർത്ഥനകേട്ട് ഭഗവാൻ പറഞ്ഞു: അമ്മേ!, കഴിഞ്ഞ ജന്മത്തിൽ സ്വായംഭുവമന്വന്തരത്തിൽ ഭവതി പൃശ്നി എന്നു പേരുള്ളവളും പിതാവ് സുതപസ്സ് എന്നു പേരുള്ള ഒരു പ്രജാപതിയുമായിരുന്നു. അന്ന് നിങ്ങൾക്ക് പ്രജകളുണ്ടാകാതെ വന്നപ്പോൾ ഇന്ദ്രിയങ്ങളെ അടക്കി ഉഗ്രമായ തപസ്സ് അനുഷ്ഠിച്ചിരുന്നു. കാറ്റും മഴയും വെയിലും ചൂടുമെല്ലാം സഹിച്ചുകൊണ്ടു പ്രാണായാമത്തെ ചെയ്തും ഇലകളേയും വായുവിനേയും മാത്രം ആഹരിച്ചുകൊണ്ടും എന്നിൽനിന്നും അഭീഷ്ടങ്ങളെ സ്വീകരിക്കുവാനായി രാഗദ്വേഷങ്ങളെയടക്കി സുമനസ്സോടെ എന്നെ ആരാധിച്ചു. അങ്ങനെ ദുഷ്കരമായ ആ തപസ്സിലൂടെ പന്തീരായിരം വർഷങ്ങൾ കടന്നുപോയി. ആ തപസ്സിൽ സന്തുഷ്ടനായ ഞാൻ ഇതേരൂപത്തിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി വരം ആവശ്യപ്പെട്ടുകൊള്ളാൻ പറഞ്ഞു. അപ്പോൾ നിങ്ങളുടെ ആഗ്രഹം എന്നെപ്പോലൊരു പുത്രൻ നിങ്ങൾക്കുണ്ടാകുക എന്നതായിരുന്നു. അന്ന് ലൌകികനിവൃത്തി വരാത്തവരും സന്താനങ്ങളില്ലാത്തവരുമായ നിങ്ങൾക്ക് എന്റെ മായയാൽ മോഹിതരായി മോക്ഷത്തെ വരിക്കാൻ തോന്നിയില്ല. അന്ന് നിങ്ങളാഗ്രഹിച്ച വരം തന്ന് ഞാൻ മറഞ്ഞതിൽ‌പിന്നെ മനോരഥം സാധിച്ചവരായി നിങ്ങൾ ലൌകികസുഖങ്ങളെ അനുഭവിച്ചുകൊണ്ട് ജീവിച്ചു. എനിക്കുതുല്യനായി ഞാൻ മാത്രമേയുള്ളൂ എന്നതിനാൽ ഞാൻ‌തന്നെ നിങ്ങൾക്ക് മകനായി പൃശ്നിഗർഭൻ എന്ന നാമത്തിൽ അവതരിച്ചു. മാതാവേ!, വീണ്ടും അടുത്ത മന്വന്തരത്തിൽ നിങ്ങൾ അദിതികശ്യപദമ്പതിമാരായി പിറക്കുകയും ഞാൻ വാമനനായി നിങ്ങൾക്ക് ജനിക്കുകയും ചെയ്തു. ഇന്നിതാ മൂന്നമത് വീണ്ടും നിങ്ങൾക്ക് പുത്രനായി ഞാൻ പിറന്നിരിക്കുന്നു. അമ്മേ!, എന്റെ വാക്കുകൾ സത്യമത്രേ!. ഈ പൂർവ്വസ്മൃതി നിങ്ങളിലുണ്ടാക്കുവാനാണു ഞാൻ ഇപ്പോൾ ഈ രൂപത്തിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനായിരിക്കുന്നതു. അല്ലാത്തപക്ഷം എന്നെ മനുഷ്യകുഞ്ഞായി നിങ്ങൾ തെറ്റിദ്ധരിക്കും. നിങ്ങൾ രണ്ടുപേരും എന്നെ ഒരു പുത്രനെയെന്നപോലെ സ്നേഹിച്ചുകൊണ്ടും പരബ്രഹ്മമെന്ന ഭാവത്തിൽ അനുസ്മരിച്ചുകൊണ്ടും എന്റെ സായൂജ്യത്തെ പ്രാപിക്കുന്നതാണു.

രാജൻ!, ഭഗവാൻ ഇങ്ങനെ പറഞ്ഞുകൊണ്ട് അല്പനിമിഷം മൌനം അവലംബിക്കുകയും പിന്നീട് ദേവകീവസുദേവന്മാർ നോക്കിനിൽക്കെ അവരുടെ കണ്മുന്നിൽ കൈകാലിളക്കി കളിക്കുന്ന ഒരു സാധാരണ ശിശുവായി മാറുകയും ചെയ്തു. ഭഗവദ്പ്രേരിതമായി ആ കുഞ്ഞിനെ എടുത്ത് പ്രസവഗൃഹത്തിനുവെളിയിലിറങ്ങുന്ന സമയം യോഗമായാദേവി നന്ദപത്നിയായ യശോദയിൽനിന്നും സംജാതയായി. ആ നേരം ആ യോഗമായാശക്തിയാൽ ദ്വാരപാലകന്മാരും മറ്റ് പൌരജനങ്ങളും പ്രജ്ഞയറ്റ് നിദ്രയിലായിരുന്നു. ഇരുമ്പുചങ്ങലകളാലും സാക്ഷാകളാലും കൊട്ടിയടയ്ക്കപ്പെട്ടിരുന്ന വലിയ വാതിലുകൾ ഭഗവാനേയും കൈലെടുത്തുവരുന്ന വസുദേവർക്കുമുന്നിൽ ഒന്നൊന്നായി താനേ തുറന്നു. കാർമേഘങ്ങൾ ഇടിമുഴക്കത്തോടുകൂടി വർഷിക്കുവാൻ തുടങ്ങി. അനന്തൻ തന്റെ പത്തികൾ അവർക്കുമേൽ കുടപോലെയാക്കി മഴവെള്ളം തടഞ്ഞുകൊണ്ട് പിന്നാലെ ഇഴഞ്ഞനുഗമിച്ചു. ഇന്ദ്രൻ തുടരെത്തുടരെ മഴ ചൊരിഞ്ഞുകൊണ്ടിരുന്നു. യമുനാനദിയിൽ വെള്ളം കുത്തിയൊഴുകി. അനേകം ചുഴികളാൽ ഉലഞ്ഞുകൊണ്ടിരുന്ന യമുന, ശ്രീരാമനുമുന്നിൽ സമുദ്രം എന്നതുപോലെ, വഴിമാറിക്കൊടുത്തു. ആ രാത്രിയിൽ വസുദേവൻ ഭഗവാനേയും കൊണ്ട് ഗോകുലത്തിലെത്തി. ഗോപന്മാരെല്ലാം യോഗമായാവൈഭവത്താൽ ഘോരനിദ്രയിലായിരുന്നു. പുത്രനെ യശോദയുടെ കിടക്കയിലുപേക്ഷിച്ച് പകരം അവൾ പെറ്റുണ്ടായ ബാലികയേയുമെടുത്ത് അദ്ദേഹം തിരികെ വീട്ടിലെത്തി. കുഞ്ഞിനെ ദേവകിക്കരികിൽ കിടത്തി സ്വയം ചങ്ങലകൾ കാലിൽ ബന്ധിച്ച് മുന്നേപോലെ വാതിലുകളടച്ചിരിപ്പായി. യശോദയും പ്രസവപീഡയാൽ തനിക്ക് പിറന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാതെ മായയിൽ പെട്ടുറങ്ങുകയായിരുന്നു.

 

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next