2020 മാർച്ച് 15, ഞായറാഴ്‌ച

9.8 സഗരോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 8
(സഗരോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഹരിശ്ചന്ദ്രന്റെ പുത്രനായ രോഹിതന്റെ മകന്റെ നാമം ഹരീതൻ എന്നായിരുന്നു. അവനിൽനിന്നാണ് ചമ്പൻ ഉണ്ടായതു. ചമ്പൻ നിർമ്മിച്ച നഗരത്തിനെ ചമ്പാപുരി എന്നു വിളിയ്ക്കുന്നു. ചമ്പന്റെ മകനായി സുദേവൻ പിറന്നു. അവന് പുത്രനായി വിജയനും. വിജയന് പുത്രനായി ഭരുകനും, അവന് മകനായി വൃകനും, തത്സുതനായി ബാഹുകനുമുണ്ടായി. ഒരിക്കൽ, ശത്രുക്കൾ ബാഹുകന്റെ സ്വത്തുക്കൾ അപഹരിച്ചതിനെത്തുടർന്ന് അദ്ദേഹം ഭാര്യയോടൊപ്പം വാനപ്രസ്ഥം സ്വീകരിച്ച് കാട്ടിലേക്ക് പോയി. വൃദ്ധനായി മരണത്തെ പ്രാപിച്ച സ്വന്തം ഭർത്താവിനെ അനുഗമിച്ച് മരിക്കുവാൻ തീരുമാനിച്ച ബാഹുകപത്നി ഗർഭിണിയാണെന്നറിഞ്ഞ ഔർവമഹർഷി അവളെ ആ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിച്ചു. അവൾ ഗർഭിണിയാണെന്നറിഞ്ഞ ബാഹുകന്റെ മറ്റുള്ള പത്നിമാർ അവൾക്ക് അന്നത്തിൽ (ഗര) വിഷം ചേർത്തുനൽകി അപായപ്പെടുത്താൽ ശ്രമിച്ചു. എന്നാൽ, അവൾ മരിച്ചില്ലെന്നുമാത്രമല്ലാ, ആ വിഷത്തോടുകൂടി കീർത്തിമാനായ സഗരൻ എന്ന ഒരു പുത്രൻ അവൾക്ക് ജനിച്ചു. (ഗരേണ സഹ ജാതഃ ഇതി സഗരഃ).

രാജൻ!, ചക്രവർത്തിയായ സഗരന്റെ പുത്രന്മാരാണ് ഗംഗാസാഗരം നിർമ്മിച്ചതു. താലജംഘന്മാർ, യവനന്മാർ, ശകന്മാർ, ഹേഹയന്മാർ, ബർബരന്മാർ തുടങ്ങിയ ശത്രുക്കളെ തന്റെ ഗുരുവായ ഔർവന്റെ ഉപദേശമനുസരിച്ച് സഗരൻ വധിക്കാതെ വിട്ടു. എന്നാൽ, അവരിൽ ചിലരെ അവൻ വിരൂപരാക്കുകയും, മറ്റുചിലരെ തല മൊട്ടയടിപ്പിക്കുകയും, ചിലരെ താടിരോമം വടിയ്ക്കാത്താവരാക്കുകയും, വേറെ ചിലരുടെ കുടുമക്കെട്ടഴിച്ച് ചിതറിയ്ക്കുകയും, പിന്നെ ചിലരുടെ കുടുമ പാതിയ്ക്കു മുറിയ്ക്കുകയും, ചിലരെ വിവസ്ത്രരാക്കുകയും, മറ്റുചിലരെ മേൽ‌വസ്ത്രം ഇല്ലാതാക്കി വിടുകയും ചെയ്തു. സഗരൻ തന്റെ ഗുരുവായ ഔർവന്റെ ഉപദേശത്തെ കേട്ട് ഭഗവാൻ ശ്രീഹരിയെ അനേകം അശ്വമേധയാഗങ്ങൾകൊണ്ടാരാധിച്ചു.

ഒരിക്കൽ, ബലിമൃഗമായ കുതിരയെ ദേവേന്ദ്രൻ അപഹരിച്ചു. സഗരന്റെ പത്നിമാരിൽ സുമതിയുടെ പുത്രന്മാർ കരുത്തുറ്റവരായിരുന്നു. അവർ പിതാവിന്റെ ആദേശമനുസരിച്ച് യാഗാശ്വത്തെ അന്വേഷിച്ച് ഭൂമിയെ നാലുപാടും കുഴിച്ചു. പിന്നീട്, കിഴക്കുവടക്കായുള്ള ഒരു ദിക്കിൽ, കപിലമുനിയുടെ ആശ്രമത്തിനടുത്ത് അവർ യാഗാശ്വത്തെ കണ്ടെടുത്തു. കുതിരയെ കട്ടത് കപിലമുനിയാണെന്ന തെറ്റിദ്ധാരണയിൽ പതിനായിരത്തോളം വരുന്ന സഗരപുത്രന്മാർ ആയുധങ്ങളോങ്ങി മുനിയെ വധിയ്ക്കാ‍നാരംഭിച്ചു. ആ സമയം, മുനി കണ്ണുതുറന്നു. ദേവന്ദ്രനാൽ വിവേകം നശിപ്പിക്കപ്പെട്ടവരും മഹാപുരുഷനായ കപിലമുനിയെ ആക്രമിക്കുവാൻ മുതിർന്ന വിനഷ്ടന്മാരായ ആ സഗരപുത്രന്മാർ സ്വശരീരത്തിൽനിന്നുതന്നെ എരിഞ്ഞുയർന്ന അഗ്നിയിൽ ക്ഷണനേരംകൊണ്ട് വെന്ത് ഭസ്മമായിത്തീർന്നു. രാജൻ!, കപിലമുനിയുടെ കോപാഗ്നിയിലാണ് സഗരപുത്രന്മാർ ജ്വലിച്ചില്ലാതായത് എന്ന ചില വാദം ശരിയാകാനിടയില്ല. കാരണം, സത്വഗുണാധിഷ്ഠിതനും പവിത്രാത്മാവുമായ കപിലവാസുദേവനിൽ എങ്ങനെയാണ് കോപാന്ധകാരം സംഭവിക്കുന്നത്?. ഭൂമിയിലെ പൊടിപടലങ്ങൾ ഒരിക്കലും ആകാശത്തിന്റെ അഗാധതയെ മലിനമാക്കുകയില്ല. ഇവിടെ സാംഖ്യയോഗമാകുന്ന ആത്മീയനൌക പ്രവർത്തിക്കുന്നത് ആ മഹാപുരുഷൻ കാരണമാണ്. അതുവഴി, ഈ ലോകത്തിനെ, കടക്കുവാൻ പ്രയാസമുള്ള ഭവസാഗരം താണ്ടിക്കുന്നവനായ ആ ഭഗവാനിൽ എങ്ങനെയാണ് താനെന്നും അന്യനെന്നുമുള്ള ഭേദഭാവനയുണ്ടാകുന്നതു?.

രാജൻ!, കേശിനി എന്ന പത്നിയിൽ സഗരുനുണ്ടായ ഒരു പുത്രനായിരുന്നു അസമഞ്ജസൻ. അവന്റെ പുത്രനായിരുന്നു അംശുമാൻ എന്ന് പേരായവൻ. അംശുമാൻ തന്റെ മുത്തച്ഛനെ അനുസരിക്കുന്നതിൽ അങ്ങേയറ്റം മുമ്പനായിരുന്നു. പൂർവ്വജന്മത്തിൽ ഒരു യോഗിയായിരുന്ന അസമഞ്ജൻ ദുഃസംഗത്താൽ യോഗഭ്രഷ്ടനായി. എങ്കിലും, അവൻ മുജ്ജന്മസ്മരണയുള്ളവനായിരുന്നു. എന്നാൽ, ഈ ജന്മത്തിൽ അവൻ സ്വയത്തെ ഒരു സാമൂഹികവിരുദ്ധനായി കാണിച്ചുകൊണ്ട്, സ്വജനങ്ങൾക്കും നാട്ടുകാർക്കും അപ്രിയമായ കാര്യങ്ങളെ ചെയ്തുകൊണ്ട് നടന്നു. അതിന്റെ ഭാഗമായി സരയൂനദീതീരത്തിൽ കളിച്ചുനടക്കുന്ന കുട്ടികളെ കണ്ടാലുടൻ അവൻ അവരെ ആ നദിയിലേക്ക് വലിച്ചെറിയുമായിരുന്നു. ഇത്തരം ദുഃസ്വഭാവിയായ അവൻ പിതാവിനുപോലും വാത്സല്യമില്ലാത്തവനായിരുന്നു. എന്നാൽ, ഒരിക്കൽ, താൻ നദിയിലേക്കെടുത്തെറിഞ്ഞ എല്ലാ കുട്ടികളേയും തന്റെ യോഗസിദ്ധിയാൽ കാട്ടിക്കൊടുത്തുകൊണ്ട് അവൻ അവിടെനിന്നും യാത്രയായി. അയോധ്യ എന്ന ആ ദേശത്തിലെ ജനങ്ങൾ തങ്ങളുടെ കുട്ടികൾ ജീവനോടെ തിരിച്ചെത്തിയ സംഭവത്തെ കണ്ട് ആശ്ചര്യമുതിർത്തു. സഗരരാജാവിനും തന്റെ ചെയ്തികളിൽ പശ്ചത്താപമുണ്ടായി.

സഗരരാജാവിന്റെ ആജ്ഞയെ അനുസരിച്ച് അംശുമാൻ കുതിരയെ തേടി യാത്രയായി. അവിടെ തന്റെ പൂർവ്വജന്മാർ ദഹിക്കപ്പെട്ട ചാരകൂമ്പാരത്തിനടുക്കൽ അവൻ കുതിരയെ കണ്ടെത്തി. ആശ്രമത്തിൽ മൌനിയായി ധ്യാനിച്ചിരിക്കുന്ന കപിലഭഗവാനെക്കണ്ട് ഭക്ത്യാദരവുകളോടെ വീണുനമസ്ക്കരിച്ചതിനുശേഷം ഏകാഗ്രമായ ചിത്തത്തോടുകൂടി ഇങ്ങനെ സ്തുതിച്ചു.: അല്ലയോ ദേവാ!, അങ്ങയുടെ സ്വരൂപത്തെ ബ്രഹ്മദേവൻപോലും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ അറിയുന്നില്ല. പിന്നെങ്ങനെയാണ് മാനസേന്ദ്രിയാദികളാൽ കളങ്കപ്പെട്ട ഞങ്ങൾക്കതിന് സാധിക്കുന്നതു?. ത്രിഗുണങ്ങൾക്കടിപ്പെട്ടവർക്ക് വിഷയങ്ങളെ മാത്രമേ കണ്ടറിയാൻ സാധിക്കുന്നുള്ളൂ. അജ്ഞാനമയമായ തമസ്സ് അവരെ സത്യത്തിൽ നിന്നും വിമുഖരാക്കിയിരിക്കുന്നു. അവിടുത്തെ മായയാൽ അപഹൃതചിത്തരായവർ ബാഹ്യദൃ‌ക്കുകൾ മാത്രമാണ്. ആയതിനാൽ അവർക്ക് തങ്ങളുടെയുള്ളിൽ സ്ഥിതിചെയ്യുന്ന അങ്ങനെ അറിയുവാൻ കഴിയുന്നില്ല. ജ്ഞാനസ്വരൂപന്മാരും, പ്രകൃത്യാതന്നെ, മായാഗുണങ്ങളായ ഭേദബുദ്ധിയേയും ദേഹാഭിമാനത്തേയും ഇല്ലാ‍താക്കിയവരുമായ സനന്ദനാദികളാൽ ചിന്തനീയനായ അങ്ങയെ മൂഢനായ ഞാൻ എങ്ങനെ ഭാവന ചെയ്‌വാനാണ്?. ഹേ ശാന്തമൂർത്തേ!, മായാഗുണങ്ങളോടും സൃഷ്ട്യാദികർമ്മങ്ങളോടും ബ്രഹ്മാദിരൂപങ്ങളോടുകൂടിയവനും, കാര്യകാരണനിർമ്മുക്തനും, നാമരൂപങ്ങളില്ലാത്തവനും, ജ്ഞാനോപദേശത്തിനായ്ക്കൊണ്ടുമാത്രം സംഭവിച്ചിരിക്കുന്നവനും, പുരാണപുരുഷനുമായ നിന്തിരുവടിയെ ഞാനിതാ നമസ്ക്കരിക്കുന്നു. കാമം, ലോഭം, ഈർഷ്യ, മോഹം മുതലായവയാൽ ഭ്രമിക്കപ്പെട്ട മനസ്സോടുകൂടിയവരായ ജനങ്ങൾ അങ്ങയുടെ മായയാൽ വിരചിതമായ ഈ ലോകത്തിൽ ഗൃഹം മുതലായ ഉപാദികളിൽ അനുരക്തരായി ഭ്രമിച്ചുകഴിയുന്നു. സർവ്വഭൂതാത്മാവായ ഭഗവാനേ!, ഇന്ന് അവിടുത്തെ ദർശനത്താൽ ആശകൾ, കർമ്മങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ എന്നിവയോടുചേർന്ന ദൃഢമായ ഞങ്ങളുടെ മോഹപാശം ഛിദ്രിക്കപ്പെട്ടിരിക്കുന്നു.

ഹേ രാജൻ!, ഇങ്ങനെ സ്തുതിക്കപ്പെട്ട കപിലവാസുദേവൻ അശുമാനെ ഹൃദയം കൊണ്ടനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: കുഞ്ഞേ!, നിന്റെ മുത്തച്ഛന്റെ യജ്ഞത്തിനുപയോഗിക്കേണ്ട ഈ യജ്ഞപശുവിനെ നിനക്ക് കൊണ്ടുപോകാവുന്നതാണു. അഗ്നിക്കിരയായ നിന്റെ ഈ പൂർവ്വികന്മാർക്ക് സത്ഗതിയ്ക്കായി ഗംഗാജലം മാത്രമാണ് ഉപാധി എന്നറിയുക.

രാജൻ!, അങ്ങനെ, കപിലമുനിയെ പ്രദക്ഷിണം ചെയ്ത് അനുഗ്രഹം വാങ്ങി അംശുമാൻ കുതിരയെ വീണ്ടെടുത്തു. സഗരൻ ആ യജ്ഞപശുവിനെക്കൊണ്ട് യജ്ഞത്തെ പൂർത്തിയാക്കി. പിന്നീട്, രാജ്യം അശുമാന് സമർപ്പിച്ച് സംസാരബന്ധനത്തിൽനിന്ന് മുക്തനായ സഗരചക്രവർത്തി സ്വഗുരുവായ ഔർവന്റെ ഉപദേശമർഗ്ഗപ്രകാരം പരമമായ ഗതിയെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next

2020 മാർച്ച് 14, ശനിയാഴ്‌ച

9.7 ഹരിശ്ചന്ദ്രോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 7
(ഹരിശ്ചന്ദ്രോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, മാന്ധാതാവിന്റെ പുത്രന്മാരിൽ ശ്രേഷ്ഠനും പ്രകീർത്തിതനുമായിരുന്നു അംബരീഷമഹാരാജാവ്. അദ്ദേഹത്തിന്റെ പുത്രൻ യൌവ്വനാശ്വനും, യൌവ്വനാശ്വന്റെ പുത്രൻ ഹാരിതനുമായിരുന്നു. ഇവർ മൂന്നുപേരും മാന്ധാതാവംശപരമ്പരയിൽ പ്രമുഖന്മാരായിരുന്നു.

രാജൻ!, നർമ്മദയെ നാഗദേവതകളായ അവളുടെ സഹോദരന്മാർ പുരുകുത്സന് വിവാഹം കഴിപ്പിച്ചുനൽകി. അവൾ അവനെ പാതാളലോകത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച്, വിഷ്ണുവിന്റെ ശക്തിയാൽ അനുഗ്രഹീതനായ പുരുകുത്സൻ, ദുർമ്മതികളായ കുറെ ഗന്ധർവ്വന്മാരെ വധിയ്ക്കുകയുണ്ടായി. ഈ ചരിതത്തെ സ്മരിക്കുന്നവർക്ക് നാഗങ്ങളിൽ നിന്ന് ഭയമുണ്ടാകുകയില്ലെന്ന വരവും നാഗദേവതകളിൽനിന്നും അദ്ദേഹത്തിന് ലഭിച്ചു. പുരുകുത്സന് ത്രസദസ്യു എന്ന ഒരു മകൻ ജനിച്ചു. ത്രസദസ്യുവിന്റെ പുത്രനായി അനരണ്യനും, അവന് പുത്രനായി ഹര്യശ്വനും, അവനിൽനിന്ന് അരുണനും, അവനിൽനിന്ന് നിബന്ധനും പിറന്നു. നിബന്ധന്റെ പുത്രനായിരുന്ന് സത്യവ്രതൻ. അവനെ ത്രിശങ്കു എന്നും വിളിക്കുന്നു. ഒരിക്കൽ, വിവാഹസമയത്ത് ഒരു ബ്രാഹ്മണപുത്രിയെ അപഹരിച്ചതിനെതുടർന്ന് അവളുടെ പിതാവിന്റെ ശാപത്താൽ ഇവൻ പിന്നീട് ചണ്ഡാളനായിമാറി. എങ്കിലും വിശ്വാമിത്രമഹർഷിയുടെ അനുഗ്രഹത്താൽ ഈ ത്രിശങ്കു പിന്നീട് ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകുകയുണ്ടായി. എന്നാൽ ദേവന്മാർ ഇവനെ വീണ്ടും താഴേയ്ക്ക് പതിപ്പിച്ചു. പക്ഷേ, വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ ഇവനെ ആകാശത്തിൽത്തന്നെ സ്ഥാപിച്ചു. ഇപ്പോഴും ഇവൻ അവിടെത്തന്നെ തലകീഴായി നിലകൊള്ളുന്നു. ഈ ത്രിശങ്കുവിന്റെ പുത്രാനാണ് ഹരിശ്ചന്ദ്രൻ. ഹരിശ്ചന്ദ്രനെ ചൊല്ലി വിശ്വമിത്രവസിഷ്ഠമഹർഷിമാരിൽ കലഹം സംഭവിയ്ക്കുകയും, അവർ ഏറെ കാലം പരസ്പരശാപത്താൽ പക്ഷികളായി ഭവിച്ച് കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

ഹരിശ്ചന്ദ്രൻ പുത്രനില്ലാത്തതിൽ ദുഃഖിതനായിരുന്നു. ഒരിക്കൽ, നാരദരുടെ ഉപദേശം സ്വീകരിച്ച് ഹരിശ്ചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്തി ഒരു പുത്രനായിക്കൊണ്ട് അപേക്ഷിച്ചു. അല്ലയോ പരീക്ഷിത്ത് രാജാവേ!, തനിയ്ക്കൊരു പുത്രനെ നൽകാമെങ്കിൽ അവനെക്കൊണ്ടുതന്നെ മഹായാഗം ചെയ്ത് വരുണനെ പ്രീതിപ്പെടുത്താമെന്നും ഹരിശ്ചന്ദ്രൻ വരുണദേവന് വാക്കുനൽകി. അങ്ങനെയാകട്ടെ!, എന്ന് വരുണൻ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു. തതനുഗ്രഹത്താൽ ഹരിശ്ചന്ദ്രന് രോഹിതൻ എന്ന ഒരു പുത്രൻ ജനിച്ചു. കുട്ടിയുടെ ജനനത്തിനുശേഷം വരുണൻ ഹരിശ്ചന്ദ്രനെ സമീപിച്ച് പറഞ്ഞു: ഹേ രാജൻ!, നമ്മുടെ അനുഗ്രഹത്താൽ അങ്ങേയ്ക്കിതാ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ഇനി അങ്ങ് സമ്മതിച്ചതുപോലെ ഇവനെക്കൊണ്ട് എന്നെ യജിക്കുക. അതിനുത്തരമായി ഹരിശ്ചന്ദ്രൻ പറഞ്ഞത്, യാഗമൃഗം ജനിച്ച് പത്തുദിവസം തികയുമ്പോൾ മാത്രമേ അതിനെക്കൊണ്ട് യജ്ഞം അനുഷ്ഠിക്കാനാകൂ എന്നായിരുന്നു. പത്തുദിവസങ്ങൾക്കുശേഷം വീണ്ടും വരുണൻ തന്നെ യജിക്കുവാൻ പറഞ്ഞപ്പോൾ, യജ്ഞപശുവിന് പല്ലുകൾ മുളയ്ക്കുമ്പോഴാണ് അത് യജ്ഞയോഗ്യമാകുന്നത് എന്ന് പറഞ്ഞ് മടക്കിയയയ്ച്ചു. പല്ലുകൾ മുളച്ചതിന് ശേഷം വരുണൻ വീണ്ടും വന്നു. അപ്പോൾ, പല്ലുകൾ കൊഴിയുമ്പോഴാണ് യജ്ഞപശു കൂടുതൽ യോഗ്യമാകുന്നതെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. വീണ്ടും വരുണനെത്തി. എന്നാൽ, വീണ്ടും പല്ലുകൾ വന്നാൽ കുട്ടി യജ്ഞത്തിന് പരിശുദ്ധനാകുമെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. രണ്ടാമതും പല്ലുകൾ മുളച്ചപ്പോൾ വരുണനെത്തി തന്റെ ആവശ്യം അറിയിച്ചു. എന്നാൽ, ക്ഷത്രിയനായ തന്റെ മകൻ യജ്ഞത്തിന് യോഗ്യനാകണമെങ്കിൽ അവൻ യുദ്ധത്തിന് പ്രാപ്തനാകണം എന്നറിയിച്ചു. രാജൻ!, ഇങ്ങനെ, വരുണൻ തന്റെ ആവശ്യമറിയിച്ചുകൊണ്ടും, ഹരിശ്ചന്ദ്രൻ പുത്രസ്നേഹത്താൽ അത് ഓരോരോ ഒഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടും കാലമൊരുപാട് കടന്നുപോയി.

തന്റെ പിതാവും വരുണനുമിടയിലുള്ള ഈ സംഭവത്തെ മനസ്സിലാക്കിയ രോഹിതൻ ജീവരക്ഷാർത്ഥം അമ്പും വില്ലുമായി വനത്തിലേക്ക് പുറപ്പെട്ടു. എന്നാൽ, തന്റെ പിതാവ് വരുണനാൽ ഗ്രസിക്കപ്പെട്ടവനും മഹോദരരോഗം ബാധിച്ചവനുമാണെന്നറിഞ്ഞ രോഹിതൻ തിരികെ നാട്ടിലേക്ക് മടങ്ങാനുദ്ദേശിച്ചു. ആ സമയം, വഴിയിൽ ദേവേന്ദ്രൻ അവനെ തടഞ്ഞു. ഈ അവസരത്തിൽ തീർത്ഥാടനമാണ് സർവ്വോചിതം എന്ന ഇന്ദ്രന്റെ ഉപദേശമനുസരിച്ച് രോഹിതൻ ആ വർഷം മുഴുവനും കാട്ടിൽതന്നെ കഴിഞ്ഞു. ശേഷം തുടർന്നുള്ള രണ്ടും മൂന്നും നാലും അഞ്ചും വർഷങ്ങളിൽ ദേവേന്ദ്രൻ ഒരു ബ്രാഹ്മണവൃദ്ധന്റെ രൂപത്തിൽ രോഹിതനെ സമീപിച്ച് നാട്ടിലോട്ടുള്ള അവന്റെ ആഗമനം തടഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, ആറാം വർഷം കഴിഞ്ഞ്, അജീഗർത്തനെന്ന ഒരു ബ്രാഹ്മണനിൽനിന്നും അദ്ദേഹത്തിന്റെ രണ്ടാം പുത്രനായ ശുനഃശേപനെ വിലയ്ക്കുവാങ്ങി യാഗപശുവായി തന്റെ അച്ഛന്റെ കാൽക്കൽ വച്ച് നമസ്ക്കരിച്ചു. അതിലൂടെ ഹരിശ്ചന്ദ്രൻ വരുണനെ യജിച്ച് തൃപ്തനാക്കുകയും, തുടർന്ന്, വരുണനാൽ തനിക്ക് ഭവിച്ച മഹോദരരോഗം മാറി അനുഗ്രഹീതനാകുകയും ചെയ്തു. ആ യാഗത്തിൽ വിശ്വാമിത്രൻ ഹോതാവായി. ജമദഗ്നിമഹർഷി യജുർവേദമന്ത്രങ്ങളുരുവിട്ടു. വസിഷ്ഠമുനി മുഖ്യബ്രാഹ്മണനായി. സാമവേദത്തെ ആയാസ്യമുനിയും പാടി. സന്തുഷ്ടനായ ഇന്ദ്രൻ ഹരിശ്ചന്ദ്രന് തങ്കനിർമ്മിതമായ ഒരു രഥം സമ്മാനിച്ചു. രാജാവേ!, ശുനഃശേപന്റെ മഹിമയെ പിന്നീട് വർണ്ണിക്കുന്നതാ‍ണു. സത്യസന്ധനായ ഹരിശ്ചന്ദ്രനെ വിശ്വാമിത്രമഹർഷി അദ്ദേഹത്തിന് ആത്മഗതിയ്ക്കുതകുന്ന ജ്ഞാനം പ്രദാനം ചെയ്തു.

ആ ജ്ഞാനത്തെ പരിശീലിച്ചുകൊണ്ട് ഹരിശ്ചന്ദ്രൻ തന്റെ മനസ്സിനെ പൃഥ്വിയിലും, പൃഥ്വിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്വത്തിലും, അഹങ്കാരത്തെ മഹത് തത്വത്തിലും ലയിപ്പിച്ച്, ചിത്തത്തിൽ ആത്മതത്വത്തെ ധ്യാനിച്ച്, അജ്ഞാനത്തെ ഇല്ലാതാക്കി, ഒടുവിൽ, ആ ധ്യാനവൃത്തിയേയും കൂടി ഉപേക്ഷിച്ച്, നിർവ്വാണസുഖമാകുന്ന അനുഭൂതിയാൽ മുക്തനായി, സ്വസ്വരൂപത്തെയറിഞ്ഞുകൊണ്ട് ജീവിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next



10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...