the history of bharata maha rajan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
the history of bharata maha rajan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

5.07 ഭരതചരിതം-1

ഓം


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 7           ..

(ഭരതചരിതം - 1)


ശുകദേവൻ പറഞ്ഞു: പരീക്ഷിത്തേ!, ഇനി ഞാൻ പറയാൻപോകുന്നതു ഋഷഭദേവന്റെ ആദ്യത്തെ പുത്രനായ ഭരതമഹാരാജവിന്റെ കഥയാണു. ഭരതമഹാരാജൻ ഭഗവാൻ വാസുദേവനിൽ അകമഴിഞ്ഞ ഭക്തിയുള്ളവനായിരുന്നു. അദ്ദേഹം തന്റെ പിതാവിനെപ്പോലെതന്നെ ഈ ഭൂമിയെ അസാധ്യമായി പരിപാലിച്ച അതിശ്രേഷ്ഠനായ ഒരു ഭരണാധികാരിയായിരുന്നു. വിശ്വരൂപന്റെ മകളായ പഞ്ചജനിയെ ഭരതൻ വിവാഹം കഴിച്ചു. മൂലപ്രകൃതിയുടെ തത്വങ്ങളിലൊന്നായ അഹങ്കാരത്താൽ വിഷയങ്ങൾ പൊന്തിവരുന്നതുപോലെ, പഞ്ചജനിയിൽ ഭരതമഹാരാജാവിന് അഞ്ചു പുത്രന്മാർ ജനിച്ചു. അവർ സുമതി, രാഷ്ട്രഭൃതൻ, സുദർശനൻ, ആവരണൻ, ധൂമ്രകേതു എന്നിങ്ങനെ അറിയപ്പെട്ടു. അജനാഭവർഷമെന്നു വിളിക്കപ്പെട്ടിരുന്ന ഈ ഭൂഖണ്ഡം ഭരതമഹാരാജാവിന്റെ വാഴ്ചയെത്തുടർന്ന് ഭാരതവർഷമെന്നറിയപ്പെട്ടു. ഉത്തമനായ അദ്ദേഹം തന്റെ സ്വധർമ്മത്തെ അങ്ങേയറ്റം ശ്രേഷ്ഠമായിത്തന്നെ ആചരിച്ചു. പ്രജകളെ അദ്ദേഹം സ്വജനങ്ങളെപ്പോലെ കണ്ടുകൊണ്ട് ഈ ഭൂമിയെ അതിപ്രഗത്ഭമായി ഏറെക്കാലം പരിപാലിച്ചു.

ശ്രദ്ധയോടും ഭക്തിയോടുംകൂടി ഭരതമഹാരാജൻ അനേകം യജ്ഞങ്ങൾ യജിച്ചു. അഗ്നിഹോത്രം, ദർശം, പൂർണമാസം, ചാതുർമാസ്യം, പശുയജ്ഞം, സോമയജ്ഞം, എന്നിവയായിരുന്നു അവയിൽ ചിലതു. ഇത്തരം യജ്ഞങ്ങളിൽ ചിലത് പൂർണ്ണമായും മറ്റുചിലത് ഭാഗികമായും അദ്ദേഹം യജിക്കുകയുണ്ടായി. എന്നിരുന്നാലും, ഇവയിലെല്ലാം അദ്ദേഹം ചാതുർഹോത്രവിധിയെ കൃത്യമായും പാലിച്ചിരുന്നു. സകലയജ്ഞങ്ങളും ഭരതമഹാരാജൻ ഭഗവാങ്കൽ സമർപ്പിച്ചു. സകലദേവതകളും ആ പരമാത്മാവിന്റെ വിവിധ അംശങ്ങളായി അദ്ദേഹം കണ്ടറിഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെയുള്ളിൽനിന്നും ദ്വൈതം അപ്രത്യക്ഷമാകുകയും ഹൃദയം ശുദ്ധമാകുകയും ചെയ്തു. ഇന്ദ്രനെ ഭഗവാന്റെ കൈയ്യായും, സൂര്യനെ കണ്ണായും, അതുപോലെ, ഓരോ ദേവന്മാരും വാസുദേവന്റെ വിവിധ അംഗങ്ങളായും കണ്ടു അദ്ദേഹം സകലയജ്ഞങ്ങളേയും ആ പരമപുരുഷനിൽത്തന്നെ സമർപ്പിച്ചു. അതിലൂടെ അദ്ദേഹത്തിന് ഭഗവാനിലുള്ള ഭക്തി ദിനംപ്രതി കൂടിക്കൂടിവന്നു.

പരീക്ഷിത്തേ!, പരമാത്മാവായ ശ്രീവാസുദേവനെ യോഗികൾ തന്റെ ഹൃദയത്തിൽ കണ്ടു ധ്യാനിക്കുന്നു. ജ്ഞാനികൾ അവന്റെ നിർഗ്ഗുണസ്വരൂപത്തെ ഉപാസിക്കുന്നു. എന്നാൽ നാരദാദികളെപ്പോലുള്ള ഭക്തന്മാരാകട്ടെ, ശംഖചക്രഗദാപത്മശ്രീവത്സകൌസ്തുഭാദികളാൽ അലംകൃതമായ അവന്റെ സഗുണരൂത്തെ ആരാധിക്കുന്നു.  

ഹേ രാജൻ!, കാലം ഭരതമഹാരാജാവിന് ഒരു കോടി വർഷക്കാലത്തെ ഭൌതികാനുഭത്തെ പ്രദാനം ചെയ്തു. ശേഷം പിതാവിൽനിന്നും കിട്ടിയ ഭൂസ്വത്തിനെ മക്കൾക്കായി വിഹിതം ചെയ്ത്, ഗൃഹസഹിതം സകലസൌഭാഗ്യങ്ങളുമുപേക്ഷിച്ച് അദ്ദേഹം ഹരിദ്വാരത്തിലുള്ള, സാളഗ്രാമശിലകൾ നിറഞ്ഞ പുലഹാശ്രമത്തിലേക്ക് യാത്രയായി. ഭഗവാൻ ഹരി തന്റെ ഭക്തന്മാർക്ക് ദർശനമരുളിക്കൊണ്ട് ഇപ്പോഴും എപ്പോഴും ആ പുണ്യസ്ഥലത്ത് വിരാജിക്കുന്നു. അവിടെയാണ് പവിത്രയായ ചക്രനദി ഒഴുകിക്കൊണ്ടിരിക്കുന്നതു. സാളഗ്രാമശിലയുടെ സാന്നിധ്യം ആ പുണ്യസ്ഥലത്തെ വീണ്ടും വീണ്ടും പവിത്രമാക്കുന്നു. അവിടെയുണ്ടായിരുന്ന ഒരുദ്യാനത്തിൽനിന്നും ഭരതമഹാരാജൻ പുഷ്പങ്ങളും തുളസിയിലകളും ശേഖരിച്ചു. അവ ഭഗവാന് സമർപ്പിച്ചുകൊണ്ട് അദ്ദേഹം ആത്മാരാമനായി സാധന ചെയ്തു. ദിവസങ്ങൾ പോകുന്തോറും ഹൃദയത്തിൽനിന്നും ആഗ്രഹങ്ങൾ ഓരോന്നായി ഒഴിഞ്ഞുമാറി. പരിശുദ്ധഹൃദയത്തിൽ അദ്ദേഹം ഭഗവാൻ വാസുദേവനെ പ്രതിഷ്ഠിച്ചു. സാധനയിലൂടെ ഭഗവദ്പ്രേമം നാൾക്കുനാൾ വർദ്ധിച്ചുവന്നു. ക്രമേണ അദ്ദേഹം സ്വധർമ്മാചരണത്തിൽനിന്നുപോലും വിരക്തനായി. ശരീരത്തിൽ രോമങ്ങളെഴുന്നുനിന്നു. ഭരതമഹാരാജാവിൽ ഭാവാവേശത്തിന്റെ വിവിധഭാവങ്ങൾ കണ്ടുതുടങ്ങി. കണ്ണുകൾ നിറഞ്ഞുതുളുമ്പി. ആ കണ്ണീരിൽ ബാഹ്യദൃശ്യങ്ങൾ പടർന്നവ്യക്തമായി. പകരം, അകക്കണ്ണിലൂടെ അദ്ദേഹം ഭഗവദ്പാദാരവിന്ദങ്ങൾ മാത്രം ദർശിച്ചു. ആ സമയം, ഭരതമഹാരാജാവിന്റെ ഹൃദയം പരമാനന്ദരസത്താൽ നിറഞ്ഞൊഴുകി. ആ അനന്ദത്തിൽ മനസ്സ് നീരാടാൻ തുടങ്ങിയപ്പോൾ ദിനങ്ങൾ വന്നുപോകുന്നതുപോലും അദ്ദേഹം മറന്നുതുടങ്ങി. ദിവസവും മൂന്നുനേരമുള്ള സ്നാനത്തിൽ അദ്ദേഹത്തിന്റെ ജടാഭാരം എപ്പോഴും നനഞ്ഞുകുതിർന്നിരുന്നു. മാന്തോലുടുത്തുകൊണ്ട് അദ്ദേഹം സദാ നാരായണധ്യാനത്തിൽ മുഴുകി. ഋഗ്വേദമന്ത്രങ്ങളുച്ഛരിച്ചുകൊണ്ട് വാസുദേവനെ ഭരതമഹാരാജൻ ഇങ്ങനെ വാഴ്ത്തി: സത്വാധിഷ്ഠിതനായ ഭഗവാൻ ഹരി ഈ പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് തന്റെ ഭക്തന്മാരുടെ അഭീഷ്ടവരദായകനായി നിലകൊള്ളുന്നു. അവൻ തന്റെ യോഗമായയാൽ ഈ പ്രപഞ്ചത്തെ സൃഷിച്ചിരിക്കുന്നു. സ്വേച്ഛയാൽ സകലഭൂതങ്ങളിലും അവൻ പരമാത്മാവായി നിറഞ്ഞുകൊണ്ട് തന്റെ മായാശക്തിയാൽ സകലചരാചരഭൂതങ്ങളേയും പരിപാലിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, പരംബോധപ്രദായകനായ അവന്റെ പാദാരവിന്ദങ്ങളിലിതാ ഞാൻ പ്രണമിക്കുന്നു.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.


ഓം തത് സത്.



Previous            Next





The history of Bharata Maharajan, son of Rshabhadeva