2019, ഏപ്രിൽ 7, ഞായറാഴ്‌ച

5.08 ഭരതചരിതം-2


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 8 
(ഭരതചരിതം - 2)ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, ഒരുദിവസം, പ്രഭാതത്തിൽ നിത്യകർമ്മങ്ങൾ കഴിച്ച്, പുലഹാശ്രമത്തിനടുത്തുള്ള ഒരു മഹാനദിയുടെ തീരത്ത് ഭരതമഹാരാജാവ് വിശ്രമിക്കുവാനിരുന്നു. കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം അദ്ദേഹം ഓംകാരോച്ഛാരണത്തോടുകൂടി ഭഗവദ്ധ്യാനമാരംഭിച്ചു. അദ്ദേഹം ഭഗവാനെ ഹൃദയത്തിൽ കണ്ട് ധ്യാനിച്ചിരിക്കുന്ന ആ സമയം, അതിയായ ദാഹത്തോടുകൂടി ജലപാനം ചെയ്യുവാനായി ഗർഭിണിയായ ഒരു പേടമാൻ ആ നദിയുടെ തീരത്തേക്ക് വന്നടുത്തു. അവൾ ആർത്തിയോടെ വെള്ളം കുടിച്ചുകൊണ്ടിരിക്കെ, ഒരു സിംഹം പിന്നിലൂടെ പാഞ്ഞടുത്ത് അതിഘോരമായി ഗർജ്ജിച്ചു. സകലഭൂതങ്ങളേയും ഭയപ്പെടുത്തുന്ന ആ ഗർജ്ജനം കേട്ട് പാവം പേടമാൻ ഞെട്ടിത്തരിച്ചു. മരണത്തെ മുന്നിൽ കണ്ടുകൊണ്ട് പൂർണ്ണഗർഭിണിയായ അവൾ പേടിച്ചരണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള ആഗ്രഹത്തോടുകൂടി കാട്ടിനുള്ളിലേക്ക് കുതിച്ചുപാഞ്ഞു. ശരീരമിളകിയുള്ള ആ ഓട്ടത്തിനിടയിൽ അവളുടെ ജഠരത്തിൽനിന്നും ആ ചോരക്കുഞ്ഞുമാൻ കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു. കുഞ്ഞിനെ ജീവനോടെ പ്രസവിക്കുവാൻ കഴിഞ്ഞുവെങ്കിലും ശരീരത്തിനേറ്റ ആഘാതത്തിൽ അവൾ തന്റെ ഗുഹയ്ക്കടുത്തെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണുമരിച്ചിരുന്നു.

പരീക്ഷിത്തേ!, ശബ്ദം കേട്ട ദിക്കിലേക്ക് നോക്കിയ ഭരതമഹാരാജാവ് നദിയിലൂടെ തന്റെ നേർക്കൊഴുകിവരുന്ന ചോരയിൽ കുതിർന്ന ഒരു മാൻകിടാവിനെയാണ് കണ്ടതു. ആ കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ സാരമായി വേദനിപ്പിച്ചു. മാൻകുഞ്ഞിനെ കണ്ട് അദ്ദേഹത്തിൽ കാരുണ്യമുദിച്ചു. മാതാവ് നഷ്ടപ്പെട്ട ആ മാൻകുട്ടിയെ ഭരതമഹാരാജൻ തന്റെ ആശ്രമത്തിലേക്കെടുത്തുകൊണ്ടുപോയി. അവിടെ അദ്ദേഹം അതിനെ സ്നേഹത്തോടെ ലാളിച്ചുവളർത്തി. മറ്റുള്ള മൃഗങ്ങളിൽനിന്നും ഉപദ്രവമേൽക്കാതിരിക്കുവാൻ അദ്ദേഹം അവനെ പ്രത്യേകം ശ്രദ്ധിച്ചു. ഇടയ്ക്കിടെ അദ്ദേഹം അവനെ തന്റെ മടിയിലിരുത്തി തലോടുകയും ചുംബിക്കുകയും ചെയ്തു. എന്നാൽ, അതേസമയം, താൻപോലുമറിയാതെ ഭരതമഹാരാജാവ് പതുക്കെ പതുക്കെ അദ്ധ്യാത്മതലത്തിൽനിന്നും വഴിപിഴയ്ക്കുകയായിരുന്നു. അദ്ദേഹം സദാസമയവും ആ മാൻകുട്ടിയുടെ പിന്നാലെ കൂടിക്കൊണ്ട് തന്റെ സാധകളും, എന്തിനുപറയാൻ!, ഭഗവാനെത്തന്നെയും മറന്നുപോയിരുന്നു.

ബന്ധത്തിന്റെ നൂലാമാലയിൽ കുടുങ്ങി മായയിൽ ഭ്രമിച്ച അദ്ദേഹം ചിന്തിച്ചു: അഹോ! കഷ്ടം!. ഈ പാവം മൃഗം കാലത്തിന്റെ ഗതിയിൽ ആരോരുമില്ലാതായിരിക്കുന്നു. ഞാനല്ലാതെ മറ്റാരുംതന്നെ ഈ ഭൂമിയിൽ ഇതിന് തുണയില്ല. ഇവന്റെ അമ്മയും അച്ഛനും ബന്ധുക്കളുമെല്ലാം ഈ ഞാൻ മാത്രമാണു. മാത്രമല്ല, ഈ പാവം മാൻകുട്ടി എന്നിൽ അഭയം പ്രാപിച്ചിരിക്കുകയാണു. അതുകൊണ്ട് എന്റെ യോഗസാധനയെ ഉപേക്ഷിച്ചുകൊണ്ടാണെങ്കിലും ഇതിനെ പരിപാലിക്കേണ്ടത് എന്റെ ബാധ്യതയാണു. ഞാനിതിനെ വാത്സല്യത്തോടെ വളർത്തുകതന്നെവേണം. എന്നിൽ ആശ്രയം തേടിയ ആരോരുമില്ലാത്തെ ഈ പാവം ജന്തുവിനെ എങ്ങനെയാണു ഞാൻ ഉപേക്ഷിക്കുക?. അത് ഘോരമായ അപരാധം തന്നെയാണു. സന്യാസിയാണെങ്കിൽപോലും ആർത്തന്മാരോട് കാരുണ്യം കാട്ടേണ്ടത് ധർമ്മംതന്നെയാണു. എന്ത് വില കൊടുത്തിട്ടായാലും ആശ്രിതരെ സംരക്ഷിക്കേണ്ടതു സാധുക്കളുടെ ധർമ്മമാണു.

ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്തേ!, ആ മാൻകിടാവിനോടുള്ള വാത്സല്യത്താൽ ഭരതമഹാരാജൻ ഉണ്ണുന്നതും ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം അവനോടൊപ്പമായി. തന്റെ ജീവിതം അദ്ദേഹം ആ മാൻകുട്ടിയെ പരിചരിക്കുന്നതിലും വളർത്തുന്നതിനും അവനെ രക്ഷിക്കുന്നതിനും മാത്രമായി ഉഴിഞ്ഞുവച്ചു. സദാ സമയവും അവന്റെ ചേഷ്ടകൾ കണ്ട് അദ്ദേഹം ആനന്ദിക്കുമായിരുന്നു. ചിലനേരം അദ്ദേഹം അവനെ തന്റെ തോളിലേറ്റി കുറേദൂരം നടക്കും. ഉറങ്ങുമ്പോൾ അദ്ദേഹം ആ മൃഗത്തെ തന്റെ നെഞ്ചിൽ കിടത്തിയുറക്കി. ഇങ്ങനെ ഓരോതരം പ്രവൃത്തികളിലൂടെ ഭരതമഹാരാജൻ ആ മാൻകുട്ടിയെ പരിപാലിക്കുന്നതിലുള്ള ആനന്ദം അനുഭവിച്ചുകൊണ്ടിരുന്നു.

പൂജയ്ക്കും ധ്യാനത്തിനുമൊക്കെ അദ്ദേഹത്തിന് ഒട്ടുംതന്നെ സമയം കിട്ടാതായി.  അല്പസമയത്തെ ധ്യാനത്തിനിടയിപോലും അവനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹത്തിനുള്ളിലേക്കോടിയെത്തി. ചിലസമയങ്ങളിൽ സാധനകൾ പാതിയിൽ മതിയാക്കി അദ്ദേഹം ഇടയ്ക്കിടെ തന്റെ മാനിനെ അന്വേഷിച്ചിറങ്ങുക പതിവായി. ആകാംക്ഷയോടെ നോക്കി നടന്ന്, അവനെ കണ്ടുകിട്ടുന്നതുവരെ മനസ്സ് വല്ലാതെ പരിഭ്രമിക്കുകയും, ഒടുവിൽ കണ്ടുകിട്ടുമ്പോൾ അതിൽ ആനന്ദം അലയടിക്കുകയും ചെയ്യുമായിരുന്നു. സകല ഭൂതങ്ങളേയും മറന്ന് അദ്ദേഹം സദാ ഒരു മാൻ‌കുട്ടിയുടെ ക്ഷേമത്തിനുവേണ്ടിമാത്രം പ്രാർത്ഥിച്ചു.

ഒരുദിവസമെങ്കിലും തന്റെ മാൻകുഞ്ഞ് തിരിച്ചുവരാൻ അല്പം വൈകിയാൽ അദ്ദേഹത്തിന്റെ ഹൃദയം പിടയുമായിരുന്നു. ആ മനോവ്യഥയിൽ അദ്ദേഹം ആരോടെന്നില്ലാതെ പറയും: അഹോ!, കഷ്ടം!, ആരും കൂട്ടിനില്ലാതെ കാട്ടിൽ അവൻ കഷ്ടപ്പെടുകയായിരിക്കും. ഞാൻ എത്ര ഭാഗ്യഹീനനാണു? എന്റെ മനസ്സ് ഒരു സൂത്രശാലിയെപ്പോലെ എന്നെ വേട്ടയാടുകയാണു. അതെന്നെ സദാ ചതിക്കുന്നതുപോലെ തോന്നുന്നു. ചില മനുഷ്യർ തങ്ങളുടെ ചില പ്രവൃത്തികൾകൊണ്ട് മറ്റുള്ളവരിൽ സ്വാധീനമുണ്ടാക്കുന്നതുപോലെ, എന്റെ മനസ്സിനെ തന്റെ ചേഷ്ടകൾകൊണ്ട് ആ മാൻകുട്ടി കീഴടക്കിയിരിക്കുന്നു. ഞാൻ എന്റെ മനസ്സിനെ വീണ്ടെടുക്കുമ്പോഴൊക്കെ വീണ്ടും ആ മൃഗം തിരിച്ചുവന്ന് അതിനെ കീഴടക്കുന്നു. പ്രഭാതത്തിൽ കാട്ടിലേക്ക് പോയവനാണു. ഇനി എപ്പോഴാണ് ഞാൻ അവൻ സമാധാനത്തോടെ പുല്ലുതിന്നുന്നത് കാണുക?. ഇനി കാട്ടിൽ വച്ച് ഏതെങ്കിലും ക്രൂരമൃഗങ്ങളാൽ വേട്ടയാടപ്പെട്ട് ഇതിനകം അവൻ മരിച്ചിട്ടുണ്ടാകുമോ?

സൂര്യനുദിക്കുമ്പോൾ സർവ്വം പ്രകാശമാനമാകുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇപ്പോൾ പൂർണ്ണമായും അന്ധകാരത്തിലകപ്പെട്ടിരിക്കുകയാണു. സർവ്വത്തേയും കാട്ടിത്തരുന്ന സൂര്യൻ വേദങ്ങളുടെ മൂർത്തിമദ്ഭാവമാണു. എന്നാൽ, ഞാൻ സർവ്വവും മറന്നുപോയിരിക്കുന്നു. സൂര്യനിതാ അസ്തമിക്കാൻ സമയമായി. ഇപ്പോഴും എന്റെ മാൻകിടാവിതുവരെ ആശ്രമത്തിൽ തിരിച്ചെത്തിയിട്ടില്ല. അവൻ ഒരു രാജകുമാരനെപ്പോലെയാണു. എപ്പോഴാണവൻ തിരിച്ചെത്തുക?. എപ്പോഴാണവന്റെ ചേഷ്ടകൾ എനിക്കിനി കാണാൻ കഴിയുക? എപ്പോഴായിരിക്കും അവൻ എന്റെ മുറിവേറ്റ ഈ ഹൃദയത്തെ സ്വാന്തനിപ്പിക്കുക? സത്യത്തിൽ ഞാൻ ഒരു പുണ്യവും ചെയ്തിട്ടില്ല. അതുകൊണ്ടല്ലേ അവൻ ഇനിയും തിരികെ വന്നിട്ടില്ലാത്തതു?

അഹോ!, എന്ത് രസമായിരുന്നു അവനോടൊപ്പം സമയം ചെലവഴിക്കുവാൻ?. ഞാൻ കണ്ണടച്ച് ധ്യാനിക്കുവാനിരുന്നാൽ അവൻ എനിക്ക് ചുറ്റും വലം വച്ചു കളിച്ചുകൊണ്ടേയിരിക്കും. പേടിയോടുകൂടിയാണെങ്കിൽപോലും, പരിഭവത്തോടെ ആ കൊമ്പുകൾകൊണ്ട് മൃദുലമായി എന്റെ ശരീരത്തിലുരച്ച് എന്നെ ശല്യം ചെയ്യുമായിരുന്നു. എന്റെ പൂജാസാമഗ്രികളെല്ലാം അവൻ കടിച്ച് അശുദ്ധമാക്കുമായിരുന്നു. ഞാൻ തള്ളിമാറ്റുമ്പോൾ വളരെ അനുസരണയോടും അച്ചടക്കത്തോടും കൂടി അവൻ അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു.

ശ്രിശുകൻ വീണ്ടും പറഞ്ഞു” “ഹേ രാജൻ!, ഒരുദിവസം, ഒരു ഭ്രാന്തനെപ്പോലെ ഇങ്ങനെ സംസാരിച്ചുകൊണ്ട് ഭരതമഹാരാജാവ് പെട്ടെന്ന് വെളിയിലേക്കിറങ്ങി. മുറ്റത്ത് തന്റെ മാൻകുട്ടിയുടെ കാലടയാളങ്ങൾ കണ്ടപ്പോൾ അദ്ദേഹം പരിതപിച്ചു: അല്ലയോ ഭാഗ്യഹീനനായ ഭരതാ!, നിന്റെ തപസ്സിനേക്കാൾ എത്രകണ്ട് ശ്രേഷ്ഠമാണ് ഈ ഭൂമീദേവി ചെയ്ത തപസ്സുകൾ. അതുകൊണ്ടിതാ അവളുടെ മാറിൽ അവന്റെ കാൽപ്പാടുകൾ പതിഞ്ഞ അടയാളങ്ങൾ കാണപ്പെട്ടിരിക്കുന്നു. അല്ലയോ ഭൂമീദേവി!, നീ എത്ര ധന്യയാണു!.  ഇതിലൂടെ ഞാനെന്റെ മാൻകുട്ടിയെ അന്വേഷിച്ച് കണ്ടെത്തും.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഭരതമഹാരാജൻ ആകാശത്തേക്ക് നോക്കി. ചന്ദ്രനിൽ കണ്ട കറുത്ത അടയാളത്തെ ക്കണ്ട് അദ്ദേഹം വീണ്ടും ഇങ്ങനെ പുലമ്പി: ഹേ ദുഃഖിതരിൽ കനിവ് ചൊരിയുന്ന ചന്ദ്രാ!, എന്റെ മാൻകുട്ടിയുടെ നിസ്സഹായതയെ കണ്ടറിഞ്ഞ് നീ അവനെ നിന്നരികിൽത്തന്നെ സൂക്ഷിച്ചിട്ടുണ്ടോ?. അവന് എന്നോട് വളരെ ബഹുമാനവും സ്നേഹവുമായിരുന്നു. അതുകൊണ്ടായിരിക്കാം അവൻ നഷ്ടമായപ്പോൾ എന്റെ മകൻ എനിക്ക് നഷ്ടമായതുപോലെ ഈ ഹൃദയം ചുട്ടുപൊള്ളുന്നതു.  അവൻ എന്നെ വിട്ടുപിരിഞ്ഞ ദുഃഖം കൊണ്ടാവാം എന്റെ മനസ്സും ശരീരവും കാട്ടുതീയിൽ പെട്ടതുപോലെ വെന്തുനീറുന്നതു. അതു കണ്ടിട്ടാണോ നീയും നിന്റെ കുളിർമ്മയാകുന്ന അമൃതം എന്നിലേക്ക് ചൊരിയുന്നതു?

ശുകദേവൻ പറഞ്ഞു: ഹേ രാജാവേ!, അങ്ങനെ, ഭരതമഹാരാജാവ് തന്റെ മാൻകുട്ടിയെ തിരികെ ലഭിക്കുവാനുള്ള അതിയായ ആഗ്രഹത്തിൽ ദീനദീനം വിലപിച്ചുകൊണ്ടിരുന്നു. ഭൂതകാല കർമ്മങ്ങളുടെ ഫലമായി അദ്ധ്യാത്മതലത്തിൽനിന്നും വ്യതിചലിക്കപ്പെട്ട് ബ്രഹ്മചര്യവും സാധനയുമെല്ലാം അദ്ദേഹം മറന്നു. ആത്മസാക്ഷാത്കാരസാധനയ്ക്ക് തടസ്സമുണ്ടാകുമെന്ന് കരുതി പുത്രന്മാരേയും ഭാര്യയേയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹം കേവലം ഒരു മാൻകുട്ടിയുടെ ദയനീയാവസ്ഥയിൽ മനമലിഞ്ഞ് അവനിൽ ഇത്രകണ്ട് ആസക്തനായതിനുപിന്നിൽ മറ്റെന്ത് കാരണമുണ്ടാകാനാണു? എന്തുകൊണ്ടാണ് അടങ്ങാത്ത ഒരഭിനിവേശം ആ മാൻകുട്ടിയിൽ അദ്ദേഹത്തിനുണ്ടായതു? അതെ, ഇതദ്ദേഹത്തിന്റെ പ്രാരബ്ദകർമ്മഫലം കൊണ്ട് മാത്രമുണ്ടായ മാറ്റമാണു. അതുകൊണ്ടാണ് ഒരു മാനിന്റെ പിറകേ പോയി തന്റെ മഹത്ജന്മത്തെ അദ്ദേഹം വൃഥാവിലാക്കിയതു. ഹേ രാജൻ!, എന്തുപറഞ്ഞാലും കാലമാകുന്ന വിഷസർപ്പം അദ്ദേഹത്തിന് തൊട്ടുമുന്നിൽത്തന്നെ നിലകൊള്ളുന്നുണ്ടായിരുന്നു.

ഭരതമഹാരാജാവിനെ തേടി മരണം സമാഗതമായി. ആ സമയം, തന്റെ മകനെപ്പോലെ ആ മാൻകുട്ടി തന്നരികിലിരിക്കുന്നതായും തന്റെ മരണാസന്നനിലയെക്കണ്ട് അവൻ വിലപിക്കുന്നതായും അദ്ദേഹത്തിന് തോന്നി.  ഒടുവിൽ അവനെമാത്രം തന്റെ മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഭരതമഹാരാജൻ ഈ ലോകവും ആ മാൻകുട്ടിയേയും തന്റെ ശരീരത്തേയുമുപേക്ഷിച്ചു. അടുത്ത ജന്മം ഒരു മാനിന്റെ ശരീരം സ്വീകരിച്ചുകൊണ്ട് പുനർജ്ജനിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിനൊരനുഗ്രഹമുണ്ടായി. ഒരു മൃഗത്തിന്റെ ശരീരത്തിൽ പിറന്നുവെങ്കിലും, തന്റെ പഴയ ജന്മത്തെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് തന്റെ വർത്തമാനജന്മത്തിന്റെ കാരണവും ഉദ്ദേശവും അറിയുവാനും കഴിഞ്ഞിരുന്നു. അദ്ദേഹം പശ്ചാത്തപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: കഷ്ടം!. ആത്മജ്ഞാനതലത്തിൽനിന്നും എനിക്ക് പതനം സംഭവിച്ചിരിക്കുന്നു. ഞാൻ സ്വന്തം വീടും ഭര്യയേയും കുട്ടികളേയുമുപേക്ഷിച്ച് ഭഗവദ്സായൂജ്യമടയാനിറങ്ങിത്തിരിച്ചവനായിരുന്നു. കാട്ടിൽ അതിനുചിതമായ ഒരു സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഞാൻ എന്റെ സ്വരൂപത്തെ തിരിച്ചറിയുകയും ആത്മസാക്ഷാത്കാരത്തിനായി സാധന അനുഷ്ഠിക്കുകയും ചെയ്തു. അതിലൂടെ എനിക്കെന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും സംയമിപ്പിക്കുവാൻ കഴിഞ്ഞു. അങ്ങനെ ഞാൻ എന്റെ ഉദ്യമത്തിൽ വിജയിച്ചു. എന്റെ ഹൃദയത്തിൽ ഭഗവാൻ ശ്രീവാസുദേവൻ മാത്രമായിരുന്നു. എന്നാൽ മൂഢത്വം കാരണം ഞാൻ വീണ്ടും താഴേക്കുപതിച്ചു. ഇന്ന് ഞാനിതാ സർവ്വവും വൃഥാവിലാക്കി കേവലം ഒരു മാനിന്റെ ശരീരവും സ്വീകരിച്ചു വീണ്ടും സംസാരത്തിൽ വന്നിരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, ആ മാനിന്റെ ശരീരത്തിലിരുന്നുകൊണ്ട് ഭരതമഹാരജാവ് തന്റെ ഭൂതകാലകർമ്മങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും അതിലൂടെ ഭൌതികാഗ്രഹങ്ങളിൽനിന്ന് പൂർണ്ണമായും നിവർത്തിക്കുകയും ചെയ്തു. എന്നാൽ, ഈ സത്യം അദ്ദേഹം മറ്റാരേയും അറിയിപ്പിച്ചിരുന്നില്ല. ഒരുദിവസം, താൻ പിറന്നുവീണ കാലഞ്ജര എന്ന പർവ്വതത്തിൽനിന്നും തന്റെ അമ്മയെ വിട്ടുപിരിഞ്ഞ് അവിടംവിട്ട് വീണ്ടും പുലഹന്റേയും പുലസ്ത്യന്റേയും ആശ്രമം സ്ഥിതിചെയ്യുന്ന സാളഗ്രാമവനത്തിലേക്ക് അദ്ദേഹം യാത്രതിരിച്ചു. അവിടെ ഒരു സാധാരണ മൃഗത്തെപ്പോലെ അദ്ദേഹം ജീവിച്ചു. അതേസമയംതന്നെ, വീണ്ടും ദുഃസ്സംഗത്താൽ ഒരു പദച്യുതിയുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പൂർവ്വകാലചരിത്രത്തെ തന്നിൽത്തന്നെ ഒളിപ്പിച്ച്, പുല്ലുകൾ തിന്നുകൊണ്ട് മരണംവരെ ആ ആശ്രമത്തിൽ കഴിഞ്ഞുകൂടി. അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല, പരംപൊരുൾ അദ്ദേഹത്തോടൊപ്പം സദാസമയവുമുണ്ടായിരുന്നു. അങ്ങനെ ഒരു മാനിന്റെ ശരീരത്തിൽ ഭരതമഹാരാജാവ് തന്റെ അവസാനനിമിഷവും കാത്തുകഴിഞ്ഞു. ഒരിക്കൽ ഒരു പുണ്യനദിയിൽ കുളിച്ചുകൊണ്ടുനിൽക്കെ, അദ്ദേഹം തന്റെ വർത്തമാനശരീരത്തെ അവിടെ ഉപേക്ഷിച്ചു.  

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.


< Previous            Next >
 The story of Bharata Maharaja


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ