srimad bhagavatham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജൂലൈ 24, വ്യാഴാഴ്‌ച

3.14 സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം

ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 14



ശ്രീശുകൻ പറഞു: "ഹേ രാജൻ!, അങനെ മൈത്രേയമുനിയിൽ നിന്നും ഭഗവാൻ ഹരിയുടെ വരാഹാവതാരമഹിമയെ പാനം ചെയ്ത് ഭക്തിയുടെ പാവനരതിയിൽ മുങിയിട്ടും വിദുരർ സംതൃപ്തനാ‌കാതെ മൈത്രേയമുനിയോട് വീണ്ടും യാചിച്ചു." 

വിദുരർ പറഞു: "പ്രഭോ!, ആദിദൈത്യനായ ഹിരണ്യാക്ഷനെ ഭഗവാൻ യജ്ഞവരാഹമൂർത്തിയുടെ രൂപത്തിൽ വന്ന് ഹനിച്ച വൃത്താന്തം ഞാൻ അവിടുത്തെ കൃപയാൽ കേട്ടറിഞു. ഹേ മഹാമുനേ!, ഭഗവാൻ ഭൂമീദേവിയെ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും വീണ്ടെടുത്ത് തന്റെ അദ്ധ്യാത്മലീലകളാടുന്നസമയം എന്തിനുവേണ്ടിയായിരുന്നു ഹിരണ്യാക്ഷൻ ഭഗവാനോട് യുദ്ധത്തിനായി പുറപ്പെട്ടുവന്നതെന്ന സന്ദേഹം എന്റെ ബുദ്ധിയെ കാർന്നുതിന്നുകയണ്. അടിയന്റെ ഈ സംശയത്തെ നിവാരണം ചെയ്തനുഗ്രഹിക്കുവാൻ അങയോട് പ്രാർത്ഥിക്കുകയാണ്."


വിദുരരുടെ ശ്രവണവൈഭവത്തിൽ സന്തുഷ്ടനായ മൈത്രേയമുനി തുടർന്ന് ഭഗവത്കഥകളെ പറഞുതുടങി: "ഹേ വീരാ!, ഭവാൻ ചോദിച്ചത് മനുഷ്യൻ എന്നെന്നും അറിയേണ്ട ശാശ്വതമായ ഭഗവത്തത്വം തന്നെയാണ്. അതൊന്നുമാത്രമാണ് ഇവിടെ മർത്യനെ ജനനമരണചക്രത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോചിപിക്കുന്ന ഏക ഉപാധി. ദേവർഷി നാരദനിൽ നിന്ന് ഈ ബ്രഹ്മതത്വത്തെ ഗ്രഹിച്ചുകൊണ്ടായിരുന്നു ഉത്താനപാദന്റെ പുത്രനായ ധ്രുവൻ മൃത്യുവിന്റെ ശിരസ്സിൽ തന്റെ പാദം വച്ചു‌കൊണ്ട് അവനിൽ വിജയം വരിച്ചതും, ധ്രുവപദം ചേർന്നതും. വിദുരരേ!, ഭഗവാൻ ഹരിയും ഹിരണ്യാക്ഷനുമായുള്ള ഈ യുദ്ധത്തിന്റെ കഥ ഞാൻ കേട്ടത് ഏകദേശം ഒരു വർഷം മുമ്പ് ആദികവിയായ ബ്രഹ്മദേവനിൽ നിന്നുമായിരുന്നു. ദേവതകൾക്ക് അദ്ദേഹം ഇതുപദേശം ചെയ്യുന്നസമയം ഞാനും അവിടെ ഉപസ്ഥിതനായിരുന്നു. 


പണ്ട് ദക്ഷപ്രജാപതിയുടെ പുത്രി ദിതി പുത്രലാഭം കാംക്ഷിച്ചുകൊണ്ട് കാമം കത്തുന്ന കണ്ണുകളുമായി തന്റെ ഭ‌ർത്താവും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതിയെ സമീപിച്ച് തന്റെ ആഗ്രഹമുണർത്തിച്ചു. പക്ഷേ അതൊരു സന്ധ്യാവേളയായിരുന്നതിനാൽ കശ്യപ‌ന് അതിൽ വൈമനസ്യമു‌ണ്ടായി. സൂര്യൻ അസ്തമിച്ച ആ യാമത്തിൽ കശ്യപപ്രജാപതി സന്ധ്യാവന്ദനം കഴിഞ് ഭഗവാൻ വിഷ്ണുവിൽ അർത്ഥലീനനായിരിക്കുകയായിരുന്നു. ദിതി കാമപരവശയായി അവിടെയെത്തി കശ്യപരോട് പറഞു: "ഹേ പണ്ഡിതശ്രേഷ്ഠാ!, കാമദേവൻ തന്റെ കൂരമ്പുകൾ കൊണ്ട് എന്റെ മനസ്സിനെയിതാ ഭ്രമിപ്പിച്ചിരിക്കുന്നു. മദമിളകിയ ആന വാഴകൾ കുത്തിമറിക്കുന്നതുപോലെ എന്റെ മനസ്സ് കാമത്തിന് വശഗതമായി പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കു‌ന്നു. അവിടുത്താലല്ലാതെ ഇതിനൊരു നിവൃത്തി ഞാൻ കാണുന്നില്ല. അങയുടെ മറ്റ് ഭാര്യമാരുടെ ഐശ്വര്യം എന്റെ മനസ്സിനെ വല്ലാതെ അസൂയപ്പെടുത്തുകയാണ്. പുത്രലാഭത്തിനുവേ‌ണ്ടി ഞാൻ മറ്റൊരു വഴി കാണുന്നുമില്ല. എന്റെ ഈ ആഗ്രഹം സഫലമാക്കുന്നതോടെ അങേയ്ക്കും നല്ലതുമാത്രമേ സംഭവി‌ക്കുകയുള്ളൂ. ഒരു സ്ത്രീ ഈ ലോകത്ത് ആദരിക്കപ്പെടുന്നത് അവൾ തന്റെ ഭർത്താവിന്റെ സ്നേഹത്തിന് പാത്രമാകുമ്പോഴാണ്. അതുപോലെ അങും ലോകത്തിൽ വാഴ്ത്തപ്പെടുന്നത് അവിടുത്തെ പുത്രപൗത്രാദികളാലാണ്. അവിടുത്തെ ജന്മത്തിന്റെ ഉദ്ദേശ്യം തന്നെ പ്രജാവർദ്ധനം തന്നെ. പണ്ട്, സംപൂജ്യനായ ഞങളുടെ പിതാവ് ഞങളെ ഓരോരുത്തരേയും അരികിൽ വിളിച്ച് ഭാവിവരനെക്കുറിച്ച് ഞങൾക്കുള്ള സങ്കൽപ്പങളെക്കുറിച്ച് ചോദിക്കുമായിരുന്നു. ഞങളുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്തുവളർത്തിയ ഞങൾ പ‌തിമൂന്ന് പെണ്മക്കളെ അങേയ്ക്ക് വിവാഹം ക‌ഴിച്ചുതന്നു. അന്നുമുതൽ ഞങളെല്ലം അങയിൽ ഭക്തിയോടെയും പാതിവൃത്യത്തോ‌ടെയും കൂടിയാണ് ജീവിക്കുന്നതും. അതുകൊണ്ട് ഈയുള്ളവളുടെ ആഗ്രഹപൂർത്തി അങ് നിറവേറ്റണം. ആശ്രിതരെ കൈയൊഴിയുന്നതും അങയെപ്പോലുള്ള മഹാത്മാക്കൾക്ക് ചേർന്നതല്ലെന്നും ഞാൻ മനസ്സിലാക്കുന്നു". 


മൈത്രേയൻ തുടർന്നു: "മഹാനായ വിദുരരേ, ഒരു കാമഭ്രാന്തിയെപ്പോലെ കലപിലാ ചിലച്ച് പണ്ഡിതഭാവത്തിൽ സംസാരിച്ചുകൊണ്ട് ദിതി കശ്യപരുടെ ഹൃദയത്തെ ഇളക്കിമറിച്ചു."


കശ്യപൻ ദിതിയോട് പറഞു: "അല്ലയോ ഭവതി!, നിനക്ക് പ്രിയമായ‌തെന്തും സാധിച്ചുതരാൻ നാം ബാധ്യസ്ഥനാണ്. കാരണം, മോക്ഷപ്രാപ്തി കർമ്മാവസാനലക്ഷ്യമായി പ്രയത്നിക്കുന്ന നമ്മെ ത്രൈമാർഗ്ഗികങളായ ധർമ്മാർത്ഥകാമാദികൾക്ക് അനുസൃതമായി ജീവിതം നയിക്കാൻ നീ മാത്രമാണ് നമുക്ക് ഏകാശ്രയമായുള്ളത്. ജലായനങളുടെ സഹായത്താൽ ഒരുവൻ ദുസ്തരമായ സമു‌ദ്രം താണ്ടുന്നതുപോലെ സംസാരിയായ ഒരുവന് വ്യസനാർണ്ണവം കടക്കുന്നതിൽ തന്റെ സഹധർമ്മിണിയുടെ സഹായം അത്യന്താപേക്ഷിതമാണ്. ഹേ മാനിനി!, ഭർത്താവിന്റെ സുഖദുഃഖങളെ തുല്യമായി പകുത്തനുഭവിക്കുന്ന ഒരു ഭാര്യ മാത്രമാണ് അർദ്ധാംഗിനി എന്ന വിശേഷണത്തിനു അനുയോജ്യയാകുന്നത്. ഗൃഹസ്ഥാശ്രമാന്തത്തിൽ തന്റെ സകലതും ഇവളെ വിശ്വസിച്ചേൽപ്പിച്ച് ഒരുവന് മോക്ഷത്തിന്റെ വഴിയിലേക്ക് ഇറ‌ങിപുറപ്പെടാൻ കഴിയും. തുറമുഖം കാക്കുന്ന ഒരു സൈന്യാധിപൻ എത്രകണ്ട് നിസ്സാരമായാണോ നുഴഞുകയറ്റക്കാരായ കടൽകൊള്ളക്കാരെ വകവരുത്തുന്നത്, അത്രകണ്ട് നിസ്സാരമായി ഒരുവൻ ഉത്തമയായ തന്റെ ഭാര്യ‌യുടെ സഹായപരിചരണങളാൽ തന്റെ ഇ‌ന്ദ്രിയങളെ സംയമനം ചെയാൻ സാധിക്കുന്നു. ഇത് മറ്റൊരു ആശ്രമധർമ്മത്തിലും കാണാത്ത ഒന്നാണ്. ഹേ ഗൃഹേശ്വരി!, നിങൾ ഭാര്യമാർ ചെയ്യുന്ന ഈ നിസ്സ്വാർത്ഥസേവ‌നം ഞങൾ പുരുഷ‌ന്മാരാൽ സാധിക്കു‌ന്നതല്ല. അതിനുപകരം വയ്ക്കാനും ഞങളുടെ പക്കൽ യാതൊന്നും തന്നെയില്ല. നിങളോടുള്ള ഈ കടപ്പാട് ഈ ജന്മം കൊണ്ടോ, വരും ജന്മങളിലോ പോലും തീർത്താൽ തീരാത്തതാണ്. ഇനി വ്യക്തിഗതമായ ഗുണഗണങളാൽ സമ്പന്ന‌രായവരാൽ പോലും അ‌ത് അസാധ്യമാണ്. പുത്രന്മാർക്കുവേ‌ണ്ടി പരിതപ്തമായ നിന്റെ മനസ്സിനെ കാമം കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും നിന്റെ ആഗ്രഹം നാം പൂർത്തിചെയ്യുന്നുണ്ടു. പക്ഷേ ഇത് സ‌ന്ധ്യായാമമാണ്. നിനക്കൽപ്പം കൂടി കാത്തിരിക്കേ‌ണ്ടതുണ്ടു. ഭൂതഗണനാഥനായ ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ഭൂതഗണങൾക്കൊപ്പം യാത്രചെയ്യുന്ന സമയമാണി‌ത്. ആയതിനാൽ ഈ യാമം നിന്റെ ആഗ്രഹനിവൃത്തിക്ക് തികച്ചും അനുചിതമാണ്. ഋഷഭാരൂഡനായ ഭഗവാ‌നെ നോക്കൂ!. കളങ്കമറ്റ ആ ചുവന്ന ശരീരം കണ്ടില്ലേ?. അതിൽ ചിതാഭസ്മമാണ് പൂശിയിരിക്കുന്നത്. കാറ്റും പൊടിയുമേറ്റ് ആ കേശഭാരം നന്നേ ജടമൂ‌ടിയിരിക്കുന്നത് നോക്കൂ!. ഒരർത്ഥത്തിൽ ഭഗവാൻ മഹാദേവൻ നമ്മുടെ ഇളയ സഹോദരനാണ്. അവന് ബന്ധുവായും ശത്രു‌വായും ഇവിടെ ആ‌രും തന്നെയില്ല. എന്നാൽ സകലതും അവന് സ്വന്തമാണ് താനും. എല്ലാം അവനൊരുപോലെയാണ്. അവൻ പ്രപഞ്ചത്തിൽ പ്രിയത്തോടെയും അ‌പ്രിയത്തോടെയും യാതൊരുവസ്തുവിനേയും കാണുന്നില്ല. ആയതിനാൽ ഞങളെല്ലാം ആ മഹാദേവന്റെ പദധൂളികൾ ശിരസ്സിലേറ്റി അവനെ നമസ്ക്കരിക്കുന്നു. ഞങൾ അവന്റെ ഉച്ചിഷ്ടത്തെ പൂജിക്കുകയും, ആദരവോടെ അവയെ സ്വീകരിക്കുകയും ചെയ്യുന്നു.‌ ഇങനെ അദ്ധ്യാത്മസ്വരൂപനായ ആ ശ്രീപര‌മേ‌ശ്വരനെയാണ് ഇവിടെ സർവ്വഭൂതങളും ഹൃദയത്തിലേറ്റി നടക്കുന്നത്. പക്ഷേ അവനാകട്ടെ, ഒരു പിശാചെന്ന‌പോലെ വർത്തിച്ചുകൊണ്ട് തന്റെ ഭക്തന്മാരെ സംസാരചക്രത്തിൽ നിന്നും മോചിതരാക്കുന്നു. സദാ പരമാത്മാവിൽ ലീനനായി കഴിയുന്ന ആ പരമഗുരുവിനെ നോക്കി വിഢികൾ പരിഹസിക്കുന്നു. അഹോ! കഷ്ടം!, ഈ മടയന്മാർ നായ്ക്കളുടെ ആഹാരമായ ഈ ഭൗതികശരീരത്തിനെ പട്ടുവസ്ത്രവും, പൂമാലയും, ആഭരണങളും‌ കൊണ്ടല‌ങ്കരിച്ച് അതിനെ താനെന്നഭിമാനിക്കുന്നു. സാക്ഷാൽ വി‌രിഞ്ചൻ പോലും തന്റെ സ്വധർമ്മത്തെ ആചരിക്കുന്നത് അവനെ പ്രമാണമാക്കിയാണ്. ഇവിടെ സകലഭൂതങൾക്കും മൂലകാരണമായിരിക്കുന്ന മായാശക്തിയെ നിയന്ത്രിക്കുന്നതും അവൻ തന്നെ. അതുകൊണ്ട് പുറമേ കാണുന്ന അവന്റെ ഉന്മത്തരൂപം കണ്ട് നാം തെറ്റിദ്ധരിക്കേ‌ണ്ടതില്ല. അതിനെ വിഢംബനമണെന്നറിഞുകൊള്ളുക."


മൈത്രേയമുനി പറഞു: "വിദുരരേ!, ഭർത്താവിന്റെ ഉപദേശവചനങളൊന്നും ദിതി ചെവിക്കൊണ്ടില്ല. കാരണം പുത്രലാഭത്തിനായി തീവ്രമായി കൊതിക്കുന്ന അവളുടെ മനസ്സിനെ കാമദേവൻ ഇതി‌നകം കരസ്ഥ‌മാക്കിക്കഴിഞിരുന്നു. അവ‌ൾ ഒരു തെരുവ് വേശ്യയെപ്പോലെ ആ ബ്രാഹ്മണശ്രേ‌ഷ്ഠന്റെ കാഷായവസ്ത്രങൾ വലിച്ചുരിഞു. തന്റെ കാമദാഹം തീർക്കുവാനായി അദ്ദേഹത്തോട് യാചിച്ചു. ഒടുവിൽ അസാധാരണമായ അവളുടെ നിർബന്ധത്തിന് കശ്യപപ്രജാപതിക്ക് വഴങേണ്ടതായിവന്നു. അനന്തരം, കുളിക‌ഴി‌ഞ് ആ ബ്രാഹ്മണോത്തമൻ തന്റെ പ്രാണനേയും, വാക്കിനേയും സംയമനം ചെയ്ത്, ഗായത്രിമന്ത്രോച്ഛാരണത്തോടുകൂടി ബ്രഹ്മത്തെ ധ്യാനിക്കുവാൻ തുടങി. 

ഹേ ഭാര‌താ!, കുറെ ദിവസങൾ കഴിഞു. പശ്ചാത്താപത്താൽ ദിതിയു‌ടെ മനസ്സ് പ്രക്ഷുപ്തമായി. ആ സമയം ഭർത്താവിന്റെ സാന്നിധ്യം അവൾക്കാവശ്യമായി തോന്നി. കുറ്റബോധത്താൽ താഴ്ന്ന ശിരസ്സുമായി ദിതി കശ്യപരെ സമീപിച്ചു".


ദിതി പറഞു: "പ്രീയബ്രാഹ്മണാ!, ഞാൻ അന്ന് അങയോട് കാട്ടിയത് ഘോരമായ അപരാധമായിരുന്നു. മഹാദേവനെ ധിക്കരിച്ച് അന്ന് ഞാൻ അങയോട് അത്തരം കാട്ടിയിട്ടും, സർവ്വഭൂതങൾക്കും നായകാനായ ശ്രീപരമേശ്വരൻ നമ്മുടെ ഗർഭസ്ഥശിശുക്കളെ നശിപ്പിച്ചില്ല. അതുകൊണ്ട്, ക്ഷിപ്രകോപിയാണെ‌ങ്കിലും സേവിക്കുന്നവർക്ക് സകല ഐ‌ശ്വര്യങളും പ്രദാനം ചെയ്യുന്ന ആ ഭഗവാനെ ഞാൻ നമിക്കുക്കയാണ്. എന്റെ സഹോദരീഭർത്താവായ ശ്രീമഹാദേവൻ നിരാലംബരായ സകല സ്ത്രീകൾക്കും ഈശ്വരനാണ്. അതുകൊണ്ട് എന്നിലും ആ ഭഗവാൻ തന്റെ കാരുണ്യവർഷം പൊഴിച്ചിരിക്കുന്നു."


മൈത്രേയൻ പറഞു: "വിദുരരേ!, അവൾ കണ്ണീരൊഴിക്കിക്കൊണ്ട്, വേപധുഗാത്രയായി കശ്യപരെ നോക്കിനിന്നു. സന്ധ്യാവന്ദനം പോലും പൂർണ്ണമായി നിർവ്വഹിക്കുവാൻ കാത്തുനിൽക്കാതെ കേവലം പുത്രലാഭത്തിനും, കാമാപൂർത്തിക്കും വേണ്ടി ത‌ന്റെ ഭർത്താവിനെ ധർമ്മാചരണത്തിൽനിന്നും പിന്തിരിപ്പിച്ച ദിതിയിൽ കുറ്റബോധവും പശ്ചാത്താപവും കൊടുമ്പിരിക്കൊണ്ടു".


കശ്യപൻ പറഞു: "ദേവീ!, നിനക്ക് അമംഗളം വന്നുഭവി‌ച്ചിരിക്കുന്നു. നിന്റെ മനസ്സ് ആ സമയം തീർത്തും കളങ്കപ്പെട്ടുപോയിരുന്നു. എന്റെ നിർദ്ദേശങളെ നീ തൃണതുല്യം നിരാകരിച്ചു. സർവ്വോപരി നീ ദേവതകളിൽ തികച്ചും ഉദാസീനയായിരുന്നു. ഇനി നാം പറയാൻ പോകുന്നത് നിന്നിൽ തി‌കച്ചും അതൃപ്തിയുളവാക്കുന്ന വസ്തുതയാണ്. എങ്കിലും നീ ആ സത്യ‌ത്തെ കേട്ടുകൊള്ളുക. അമംഗളമായ ആ പാപകർമ്മ‌ത്തിന്റെ ഫലമായി ധിക്കാരിയായ നിന്റെ പാപപങ്കിലമായ ഈ ഗർ‌ഭത്തിൽ വളരുന്ന ശിശുക്കൾ അധമന്മാരായ രണ്ട് പുത്രന്മാരായി പിറക്കും. നിർഭാഗ്യവതിയായ നിന്റെ ഈ കുപുത്രന്മാർ സർവ്വലോക‌ത്തിനും തീരാദുഃഖമായി മാറും. അവർ നിരപരാധികളും, പാവങളുമായ ജീവികളെ കൊല്ലുകയും, പുണ്യാ‌ത്മാക്കളെ പ്രകോപിപ്പിക്കുകയും ചെയ്യും. ആ സമയം സർ‌വ്വലോകാധാരനായ ഭഗവാൻ ഹരി അവിടെ അവതരിക്കുകയും, ഇന്ദ്രൻ തന്റെ ഇടിമിന്നലുകൾകൊണ്ട് പർവ്വതനിരകളെ ഇടിച്ചുതകർ‌ക്കുമ്പോലെ നിന്റെ ഈ ദുഷ്ടപുത്രന്മാരെ ഇല്ലാതാക്കുകയും ചെയ്യും".


ദിതി പറഞു: "ഹേ പ്രാണനാഥാ!, അങയുടെ ഈ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ ശീതള‌മാക്കിയിരിക്കുന്നു. എന്റെ മക്കൾ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ വധിക്കപ്പെടുമെന്നുള്ളതിൽ ഞാൻ സാന്ത്വനിക്കുകയാണ്. അതിൽപരമൊരു ഭാഗ്യം അവർക്കിനി കിട്ടാനില്ല. അവർ ജ്ഞാനികളായ ബ്രാഹ്മണരുടെ ശാപത്തിനിര‌യാകാതെ മരിക്കേണമേ എന്നായിരുന്നു ഞാൻ ആ കരുണാമയനോട് പ്രാർത്ഥിച്ചിരുന്നത്. കാരണം, ബ്രാഹ്മണശാപത്തിനിരയായവനോ, സഹജീവികളിൽ കാരുണ്യമില്ലാത്തവനോ, അവരെ സദാ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവനോ ആയ ഒരു ജീവനെ, തന്നെപ്പോലെ നരകവാസികളായതോ, ഇനി തന്റെ വംശജരായവരോ പോലും സ്നേഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുകയില്ല".


കശ്യപൻ പറഞു: "ദേവീ!, നിന്റെ ഈ കണ്ണീരിന്റേയും, പശ്ചാതാപത്തിന്റേയും, സത്ബുദ്ധിയുടേയും ഫലമായി, ഭഗവാൻ ഹരിയിൽ നിനക്കുള്ള അചഞ്ചലമായ ഭക്തിയുടേയും വിശ്വാസത്തിന്റേയും ഫലമായി, നിനക്ക് ഭഗവാൻ രുദ്രനിലും നമ്മിലുമുള്ള ഭയഭക്തിയുടേയും ഫലമായി, നിന്റെ പുത്രന്മാരൊരുവനിൽ (ഹിരണ്യകശിപുവിൽ) ഭഗവാൻ ഹരിയുടെ ഉത്തമഭക്തനായ ഒരു മഹാത്മാവ് ജനി‌ക്കും. ലോകത്തിൽ അവന്റെ (പ്രഹ്‌ളാദന്റെ) കീർത്തി ഭഗവാൻ ഹരിയോളം തന്നെ വാഴ്ത്തപ്പെടുകയും ചെയ്യും. മാറ്റ് കുറഞ സ്വർണ്ണം തരം തിരിക്കപ്പെടുന്നതുപോലെ, പവിത്രമായ ജീവന്മാർ ചിത്തശുദ്ധിക്കും ഈശ്വരപ്രാപ്തിക്കും വേണ്ടി ആ ഭക്തോത്തമന്റെ പാദത്തെ സദാ പിന്തുടരുകയും ചെയ്യും. അങനെയുള്ള ഭക്തന്മാർ ഭഗവത്സായൂജ്യമല്ലാതെ മറ്റൊന്നും ഈശ്വരനോട് ആവശ്യപ്പെടുകയില്ല. അവർ എപ്പോഴും സന്തുഷ്ടരായി പരമാനന്ദം നുകർന്നുകഴി‌യുന്നു. അങനെ നി‌ന‌ക്കുണ്ടാകാൻ പോകുന്ന ആ പൗത്രൻ തികഞ വിവേകിയും ബുദ്ധിശാലിയുമായിരിക്കും. അവൻ സർവ്വാത്മാ‌ക്കളിൽ വച്ച് പരിശുദ്ധനും മുക്തനുമായിരിക്കും. പക്വമായ അവന്റെ ഭക്തിവൈഭവം കൊണ്ട് അവൻ സദാ ആത്മാനന്ദത്തിൽ ലീനനായിരിക്കുകയും ചെയ്യും. ദേഹാവസാനത്തിൽ വൈകുണ്ഠപ്രാപ്തിയും ആ ജീവന് കൈവരുന്നതായിരിക്കും. സർവ്വഗുണസമ്പന്നനായ ആ ഭക്തോത്തമന് അന്യരുടെ സുഖദുഃഖങളിൽ തന്മയീഭാവ‌മുണ്ടാകുകയും, അവൻ ലോക‌ത്തിന്റെ മുഴുവൻ സങ്കടങളെ ഇല്ലാതാക്കുകയും ചെയ്യും. ഉച്ഛസ്ഥസൂര്യൻ മറയുമ്പോഴുണ്ടാകുന്ന ഹൃദ്യമായ പൂർണ്ണചന്ദ്രനെപ്പോലെ ആ പുണ്യാത്മാവ് സകല ജീവനിലും കുളിർമ്മയേകും. മാത്രമല്ലാ, സകലഭൂതങളുടേയും ഇച്ഛാനുസരണം‌തന്നെ തന്റെ അദ്ധ്യാത്മദർശനമരുളുന്ന ലക്ഷ്മീപതിയായ ഭഗവാൻ വിഷ്ണു, സ്ഫുരിക്കുന്ന കനകകുണ്ഡലങളിഞ ഭഗവാൻ ഹരി നിന്റെ പൗത്രന്റെ അകവും പുറവും നിറ‌ഞുവാഴുകയും ചെയ്യും".


മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ തനിക്കു പിറക്കാൻ പോകുന്ന പുത്രന്മാരുടെ ഭാവിയും, അവർ ഭഗവാനാൽ വധിക്കപ്പെടുമെന്ന സത്യത്തേയും, തന്റെ പൗത്രൻ ഭഗവാൻ വിഷ്ണുവിന്റെ ഉത്തമഭക്തനായി ജന്മമെടുക്കുമെന്ന വൃത്താന്തവും, തന്റെ ഭർത്താവായ കശ്യപപ്രജാപതിയിൽ നിന്നു കേട്ടറിഞ ദിതി മനഃശ്ചാഞ്ചല്യം നീങി മുക്തയായി. 


ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.


ഓം തത് സത്. 

 <<<<<<<  >>>>>>>


2014, ജൂലൈ 22, ചൊവ്വാഴ്ച

3.13 വരാഹാവതാരം


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 13

​ശുകാചാര്യര്‍ പരീക്ഷിത്തു മഹാരാജാവിനോട് പറഞു: "ഹേ രാജന്‍!, മൈത്രേയമുനിയില്‍ നിന്നും ഭഗവാന്റെ സത്ചരിത്രങള്‍ ആവോളം കേട്ടിട്ടും വിദുരര്‍ക്ക് തൃപ്തി വന്നില്ല. ആ പരമാത്മാവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനായി അദ്ദേഹം മൈത്രേയമുനിയോട് വീണ്ടും പ്രാര്‍ത്ഥിച്ചു.

വിദുരര്‍ പറഞു: "അല്ലയോ മഹാമുനേ!, ബ്രഹ്മപുത്രനായ സ്വായംഭുവമനു സ്നേഹമയിയായ തന്റെ പ്രിയപത്നി ശതരൂപയെ സ്വീകരിച്ചതിനുശേഷം എന്തൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മപദ്ധതികള്‍?. ആദിനൃപനായ മനുഭഗവാന്‍ ഹരിയുടെ ഉത്തമദാസനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രേയസ്സിനെക്കുറിച്ച് കൂടുതുതല്‍ അറിയുവാന്‍ അടിയനിച്ഛിക്കുക്കയാണ്. ഭഗവാന്റെ സത്ചരിത്രങളെ ശ്രദ്ധയോടും ഭക്തിയോടും യഥേഷ്ടം ശ്രവിക്കുവാന്‍ തല്പരരായ ഉത്തമഭക്തന്‍മാര്‍ എപ്പോഴും ആ പരമപുരുഷന്റെ ഭക്തോത്തമന്മാരെ മാത്രമാണ് ആശ്രയിക്കുന്നത്. കാരണം, അത്തരം ഗുരുശ്രേഷ്ഠന്മാര്‍ സദാകാലം മോക്ഷപ്രദായകനായ ആ പരമാത്മാവിന്റെ പദകമലത്തെ ഹൃദയത്തില്‍ വച്ചാരധിക്കുന്നു."

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീകൃഷ്ണപരമാത്മാവിന്റെ നിര്‍മ്മലപാദങള്‍ തന്റെ മടിയില്‍‌വച്ച് പൂജിച്ച് സ്നേഹിച്ച പരമഭക്തനായിരുന്നു വിദുരര്‍. അതറിയാമായിരുന്ന മൈത്രേയരില്‍ വിദുരരുടെ വാക്കുകള്‍ അത്യന്തം ആനന്ദമുളവാക്കി. തുടര്‍ന്ന് അദ്ദേഹം വിദുരരോട് വീണ്ടും സംസാരിച്ചുതുടങി."

മൈത്രേയമുനി പറഞു: വിദുരരേ!, മനുഷ്യകുലത്തിനുമുഴുവന്‍ പിതാവായി പിറന്ന സ്വായംഭുവമനു സ്വപത്നിയോടൊപ്പം വേദഗര്‍‌ഭനായ ബ്രഹ്മദേവനെ പ്രാജ്ഞലികൂപ്പി വണങിക്കൊണ്ടു പറഞു. "ഹേ ബ്രഹ്മദേവാ!, അവിടുന്ന് ഈ കാണായ ജഗത്തിന്റെയൊക്കെയും പിതാവാണ്. അവയുടെ നിലനില്പ്പിനും പരമഹേതു അങുതന്നെ. ഞങള്‍ അങയെ ഏതുവിധം സേവിക്കണമെന്ന് അരുളിചെയ്താലും. ഹേ ആരാധ്യദേവാ!, അടിയങളുടെ ശക്തിക്കൊത്തവണ്ണം അങയെ സേവിക്കുന്നതിനും, അതുവഴി ഇവിടെ, ഈ ജന്മത്തില്‍ ആവേളം യശ്ശസ്സു നേടുന്നതിനും, അനന്തരം, പരമഗതിയെ പ്രാപിക്കുന്നതിനും വേണ്ടി അവിടുത്തെ അനുഗ്രഹത്തിനായ്ക്കൊണ്ട് അടിയങളിതാ അവിടുത്തോട് പ്രര്‍ത്ഥിക്കുകയാണ്". 

മനുവിന്റെ പ്രാർത്ഥനയിൽ പ്രസാദിച്ച വിധാതാവ് അദ്ദേഹത്തോട് പറഞു: "അല്ലയോ പുത്രാ!, നീ ഈ ലോകത്തിന്റെ നാഥനണ്. നിന്റെ പിതൃഭക്തിയില്‍ നാം സന്തുഷ്ടനായിരിക്കുന്നു. മാത്രമല്ലാ, നിനക്കും, നിന്റെ പ്രിയപത്നിക്കും നാം സര്‍‌വ്വനുഗ്രഹവും തന്ന് നാമിതാ അനുഗ്രിഹിക്കുന്നു. കാരണം നീ നിര്‍‌വ്യളീകമായി നമ്മുടെ അനുജ്ഞയ്ക്കായ്ക്കൊണ്ട് നമ്മില്‍ ശരണം പ്രാപിച്ചിരിക്കുന്നു. അല്ലയോ വീരാ!, പിതൃഭക്തിവൈഭവത്തില്‍ നീ എന്നും ഉത്തമോദാഹരണമായിരിക്കും. ഇതത്രേ ഏതൊരു പിതാവും തന്റെ സത്പുത്രനില്‍ നിന്നും കാംക്ഷിക്കുന്നത്. മത്സരബുദ്ധി വെടിഞവനും, വിവേകശീലനുമായ ഒരു പുത്രന്‍ തന്റെ പിതാവിന്റെ ഇംഗിതത്തെ തന്റെ കഴിവിനും ശക്തിക്കുമതീതമായി സാദരം നിറവേറ്റുന്നു. നമ്മുടെ അനുജ്ഞയെ കൈക്കൊള്ളുന്നതില്‍ അതീവതത്പരനായ നീ നിന്റെ പ്രിയപത്നിയോടൊപ്പം ചേര്‍ന്ന് നിന്നോളം ശ്രേഷ്ഠരായ പ്രജകളെ സൃഷ്ടിച്ചുകൊള്ളുക. പരമപുരുഷനായ ഭഗവാന്‍ ഹരിയില്‍ ഹൃദയമര്‍പ്പിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുക. അങനെ യജ്ഞചര്യകളിലൂടെ അവനെ ആരാധിക്കുക. ഹേ നൃപാ!, ഇവിടെ ഈ ഭൗതികലോകത്ത്, നിന്റെ പ്രജകളെ വേണ്ടവണ്ണം സം‌രക്ഷിക്കുവാന്‍ നീ പ്രാപ്തനാകുകയാണെങ്കില്‍ അതുതന്നെയായിരിക്കും നീ നമുക്ക് നല്‍കാവുന്ന  ഏറ്റവും ശ്രേഷ്ഠമായ സേവനം. മാത്രമല്ലാ, അതുവഴി ഭഗവാന്‍ നിന്നില്‍ അത്യന്തം പ്രസാദിക്കുകയും ചെയ്യും. ജനാര്‍ദ്ധനനായ ഭഗവാന്‍ മാത്രമാണ് സര്‍‌വ്വയജ്ഞങളുടേയും സ്വീകര്‍ത്താവ്. അവന്‍ ഒരുവനില്‍ അസന്തുഷ്ടനായാല്‍ ഒരുവന്റെ അദ്ധ്യാത്മികപുരോഗതി തികച്ചും വിഫലമായിപ്പോകുന്നു. ആയതിനാല്‍ പരമാത്മാവായ ഭഗവാനെ പ്രസാദിപ്പിക്കാത്തവന്‍ യഥാര്‍ത്ഥത്തില്‍ തന്നില്‍ തന്നെ പ്രതിപത്തിയില്ലാത്തവനെന്ന് സാരം."

ഇങനെ ഭഗവന്മഹിമകളെ വാഴ്ത്തി തന്റെ മുന്നില്‍ നില്‍ക്കുന്ന ബ്രഹ്മാവിനോട് സ്വായംഭുവമനു പറഞു: "ഹേ സര്‍‌വ്വശക്തനും സര്‍‌വ്വപാപഹാരകനുമായ വിധാതാവേ!, അവിടുത്തെ സകല ആജ്ഞകളേയും ഞാനിതാ ശിരസ്സാവഹിക്കുന്നു. ഇപ്പോള്‍ അങ് ദയവായി ഞങള്‍ക്കും, ഞങളുടെ പിറക്കാനിരിക്കുന്ന സന്താനങള്‍ക്കും അധിവസിക്കുവാനുള്ള സ്ഥാനം ഏതെന്നരുളിചെയ്താലും. അല്ലയോ ദേവാദിദേവാ!, ഭൂമീദേവിയിതാ മഹാജലത്തില്‍ മുങിത്താണിരിക്കുന്നു. സകലഭൂതങളുടേയും നിവാസസ്ഥാനമായ അവളെ അങയുടേ പ്രയത്നത്താലും, ഭഗവാന്‍ ഹരിയുടേ പ്രസാദത്താലും മാത്രമേ വീണ്ടെടുക്കുവാന്‍ സാധിക്കൂ. അവിടുന്ന് ദയവായി അവളെ പുനഃരുദ്ധരിപ്പിച്ചാലും."

മൈത്രേയമുനി തുടര്‍ന്നു: "അല്ലയോ വിദുരരേ!, ഇങനെ ഭൂമിയെ ഗര്‍ഭോദകത്തില്‍നിന്നും വീണ്ടെടുക്കുവാനായി ബ്രഹ്മദേവന്‍ ദീര്‍ഘകാലം ചിന്താധീനനായി. താന്‍ സൃഷ്ടികര്‍മ്മം നിര്‍‌വ്വഹിക്കുന്നവേളയില്‍ ഭൂമി പ്രളായാധിക്യത്തില്‍ സമുദ്രത്തിന്റെ അഗാധതയിലേക്ക് ആണ്ടുപോയതും, സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ട തനിക്ക് ഭഗവാനല്ലാതെ ഇതിനായി മറ്റൊരു ശക്തി തന്നെ തുണയ്ക്കുവാനില്ലെന്നും ബ്രഹ്മദേവന്‍ ഓര്‍ത്തു. ബ്രഹ്മദേവന്‍ ഇങനെ ചിന്തിച്ചിരിക്കവേ പെട്ടെന്ന് അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിലൂടെ തള്ളവിരലിന്റെ മേല്‍ഭാഗത്തോളം വരുന്ന ഒരു ചെറിയ വരാഹരൂപം പുറത്തേക്ക് വന്നു. പിറന്നയുടന്‍ തന്നെ ആകാശത്തില്‍ അത്ഭുതകരമാംവണ്ണം ഭീമാകാരമായ ഒരു ഗജം കണക്ക് ആ രൂപം വളര്‍ന്നുയര്‍ന്നു. അതികായനായ ആ സൂകരരൂപത്തെക്കണ്ട് വിസ്മയം പൂണ്ട് ബ്രഹ്മദേവനും, മനുവും, മരീചി, സനകാദികൾ തുടങിയ മുനിമാരും ചേർന്ന് ആ അത്ഭുതരൂപത്തെ ചൊല്ലി വാദപ്രതിവാദങളിലേർപ്പെട്ടു. 

ബ്രഹ്മാവ്‌ പറഞ്ഞു : "വരാഹരൂപത്തിൽ വന്ന ഈ രൂപം വളരെ ആശ്ചര്യമായിരിക്കുന്നു. അതും എന്റെ നാസാരന്ധ്രങളിലൂടെ. അഹോ! അത്യാശ്ചര്യം തന്നെ. ഒരു തള്ളവിരലിന്റെ പാതിയോളം വലിപ്പത്തിൽ പിറന്ന ഈ രൂപം അടുത്ത ക്ഷണത്തിൽ വളർന്ന് ഒരു കൂറ്റൻ പാറപോലെ ബൃഹത്തായിരിക്കുന്നു. നാം ഈ രൂപത്തെക്കണ്ട് ഭ്രമിച്ചുപോകുകയണ്. ഇനി ഭഗവാൻ ഹരി തന്ന വരാഹമൂർത്തിയായി അവതരിച്ചതായിരിക്കുമോ എന്ന് നാം സംശയിക്കുകയാണ്". 

മൈത്രേയൻ പറഞ്ഞു : "ബ്രഹമദേവൻ ഇങനെ ഈ അത്ഭുതരൂപത്തെപറ്റി തന്റെ പുത്രന്മാാരുമായി സസൂക്ഷ്മം ചർച്ചചെയ്യുന്നതിനിടയിൽ വരാഹമൂർത്തിയായ ഭഗവാൻ നാരായണൻ ഒരു മഹാപർവ്വതമെന്നപോലെ അത്യുച്ഛത്തിൽ അലറി. അസാധാരണമയ ആ അദ്ധ്യാത്മധ്വനിയിൽ ബ്രഹ്മദേവനും, അവിടെയുണ്ടായിരുന്ന മറ്റ് ബ്രാഹ്മണന്മാരും നന്നേ ആഹ്ളാദിച്ചു. ആ ശബ്ദം നാനാദിക്കുകളിലും മാറ്റൊലികൊള്ളകയും, ശുഭോദർക്കമായ ആ മംഗളനാദം കേട്ട് ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലുമുള്ള പണ്ഡിതന്മാരും ഋഷികളും വേദോക്തങളായ ഭഗവന്മഹാചരിതങളെ പാടിക്കൊണ്ട് വരാഹമൂത്തിയെ സ്തുതിച്ചതുടങി.

ഭക്തോത്തമന്മാരായ അവരുടെ പ്രാർത്ഥനയെ ഹൃദയത്തിലേറ്റി അതിലുണ്ടായ ആനന്ദാതിരേകസൂചകമായ ഗർജ്ജനത്തോടെ ഒരു ജഗവീരൻ ജലത്തിൽ ക്രീഡ ചെയ്യുമ്പോലെ ഭഗവാൻ ആ മഹാജലധിയിലേക്ക് മുങിത്താണു. ഭൂമിയെ ആ മഹാസമുദ്രത്തിൽനിന്ന് വീണ്ടെടുക്കുന്നതിനുമുൻപായി സൂകരമൂർത്തി ജലത്തിൽനിന്നും ആകാശത്തിലേക്ക് കുതിച്ചുയരുകയും, തന്റെ വാൽ  ശൂന്യാകാശത്തിൽ ചുഴറ്റിയടിക്കുകയും ചെയ്തു. ഇടതൂർന്ന രോമരാജികൾ വായുവിൽ ആടിയുലഞു. പരമചൈതന്യവത്തായ ആ മഹാരൂപം അനന്താകാശത്തിലെ കാർമേഘങൾ അവന്റെ കുളമ്പുകളേറ്റും കൊമ്പുകളേറ്റും നാലുപാടും ചിന്നിചിതറി. അധമമെന്ന് അജ്ഞാനികൾ കരുതുന്ന സൂകരവേഷം പൂണ്ടുവന്ന അദ്ധ്യാത്മസ്വരൂപനായ ഭഗവാന്റെ മായാലീലകൾ അപാരം തന്നെ. ജലത്തിന്റെ അടിത്തട്ടിലെത്തി ഭഗവാൻ ഭൂമീദേവിയെ അവിടെമാകെ മണത്തന്വേഷിച്ചു. ഭയാനകമായ തന്റെ അദ്ധ്യാത്മരൂപത്തെ നോക്കി സ്തുതിഗീതങളിലൂടെ തന്റെ ലീലകളെ വാഴ്ത്തിനിൽക്കുന്ന ആ ബ്രാഹ്മണരേയും ഋഷികളേയും ഭഗവാൻ തന്റെ അപാരമായ കരുണയോടെ ഒന്നു നോക്കിക്കൊണ്ട് സമുദ്രത്തിലേക്കെടുത്തുചാടി. അവൻ ഒരു മഹാപർവ്വതമെന്നതുപോലെ ജലത്തിൽ നീർക്കുഴിയിട്ട് സഞ്ചരിച്ചു. തനിക്കുനേരേ വന്നടുത്ത രണ്ട് കൂറ്റൻ തിരമാലകളെ ഭഗവാൻ അത്യുഗ്രവേഗത്തിൽ തച്ചുടച്ചു. ആ തിരമാലകൾ സമുദ്രദേവതയുടെ കൈകൾ പോലെ തോന്നിച്ചു. 

ആ തിരമാലകൾ ഭഗവാനോട് പ്രാർത്ഥിച്ചു. "ഹേ കാരുണ്യമൂർത്തേ!, ഞങളെ രണ്ടായി ഛേദിക്കാതിരിക്കുക. ഞങളിതാ അവിടുത്തെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കുന്നു".

മൈത്രേയൻ തുടർന്നു: "ഭഗവാൻ തന്റെ കൊമ്പുകൾകൊണ്ട് ജലത്തെ കീറിമുറിച്ചുകൊണ്ട് കൂരമ്പുപോലെ സമുദ്രത്തിന്റെ അഗാധതയിലേക്ക് താഴ്ന്നിറങി. അനന്തമായ ആ അർണ്ണവത്തിന്റെ അതിർവരമ്പുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ സർവ്വ ഭൂതങൾക്കും നിവാസസ്ഥലമായ ഭൂമീദേവിയെ ഭഗവാൻ കണ്ടെടുത്തു. അവൾ സൃഷ്ടിയുടെ ആദിയിലെന്നവണ്ണം സമുദ്രത്തിന്റെ അടിത്തട്ടിൽ നിമഗ്നയായി കിടക്കുകയായിരുന്നു. ഭഗവാൻ വരാഹമൂർത്തി അവളെ നി‌ഷ്‌പ്രയാസം തന്റെ തേറ്റമേലേറ്റി അവിടെനിന്നും മുകളിലേക്കുയർത്തി. അദ്ധ്യാത്മചൈതന്യം നിറഞ ഭീകരമായ ആ മുഖത്ത് കോപം സുദർശനമെന്നപോലെ ജ്വലിച്ചുനിന്നു. കാലങളോളം നീണ്ട അതിഘോരമായ യുദ്ധത്തിനുശേഷം ഭഗവാന്റെ വരാഹരൂപം ആദിദൈത്യനായ ഹിരണ്യാക്ഷനെന്ന ആ മഹാസുരനെ വധിച്ചു ഭൂമീദേവിയെ വീണ്ടെടുത്തു. മൃഗേന്ദ്രൻ ആനയെയെന്നതുപോലെ ഭഗവാൻ ഹിരണ്യാക്ഷനെ പിച്ചിചീന്തിയെറിഞു. ആന ചെമ്മണ്ണിൽ തന്റെ കൂറ്റൻ കൊമ്പുകൾ കുത്തിയിറക്കിയാലെന്നപോലെ, വരാഹമൂർത്തിയുടെ ചുണ്ടും, നാക്കും, കുളമ്പുകളുമെല്ലാം ചോരപുരണ്ട് ചുവന്നിരുന്നു. വെളുത്തുവളഞ തന്റെ തേറ്റമേലേറ്റി ഭൂമിയെ മുകളിലെത്തിച്ച വരാഹം നീലനിറത്തിൽ തിളങിനിന്നു. ബ്രഹ്മാദിദേവതകൾ ആ ഭഗവാന്റെ ശിരസ്സാ നമിച്ചുകൊണ്ട് സ്തുതിഗീതങൾ പാടി.

ദേവതകൾ വാഴ്ത്തി: "ആരാലും പരാജിതനാകാത്ത, സർവ്വയജ്ഞഭുക്കായ, ഹരേ നാരായണാ!, അവിടുന്നു ധന്യനാണ്. അവിടുന്ന് എന്നെന്നും വിജയിക്കുമാറാകട്ടെ!. ഹേ വേദരൂപനായ ഭഗവാനേ!, അങയുടെ രോമകൂപങളിലൂടെ ഈ സമുദ്രജലം ഒഴുകിലയിക്കുന്നു. ഇന്ന് ഭൂമീദേവിയെ ഈ മഹോദധിയിൽനിന്നും കരകയറ്റുവാനായി മാത്രം നീയിതാ ഞങളുടെമുന്നിൽ വരാഹമൂർത്തിയായി അവതാരമെടുത്തുനിൽക്കുന്നു. ഹേ ദേവാ!, യജ്ഞപൂജ്യനായ അങയെ നാസ്തികരായ ജീവന്മാർക്ക് വ്യക്തമാകുന്നില്ല. സകല വേദമന്ത്രങളും, ഗായത്രിമന്ത്രങളുമെല്ലാം അങയുടെ സ്പർശനകാരുണ്യത്തെക്കുറിച്ചുമാത്രം കീർത്തിക്കുന്നു. ദർഭപ്പുല്ലുകൾ അവിടുത്തെ തനുരുഹങളും, കണ്ണുകൾ പരിശുദ്ധമായ നറുംവെണ്ണപോലെയും, ചതുർഹോത്രങൾ അങയുടെ നാലുപാദങളായും നിലകൊള്ളുന്നു. ഹേ നാരായണാ!, അങയുടെ നാവും, നാസയും, ഉദരവും, കർണ്ണരന്ധ്രങളും, വായും, തൊണ്ടയും, എല്ലാം യജ്ഞോപാധികളായ താലങളാണ്. അങ് ചവച്ചിറക്കുന്ന നാനാദ്രവ്യങൾ അഗ്നിഹോത്രവുമാകുന്നു. അവിടുത്തെ ഓരോ അംഗങളും ലോകത്തിൽ നാനാവിധ ഐശ്വര്യങൾക്കും കാരണമായി നിലകൊള്ളുന്നു. കർമ്മത്തിനും, ബന്ധത്തിനും, മോക്ഷത്തിനുമെല്ലാം നീ തന്നെ കാരണമാകുന്നു. കാലാകാലങളിൽ കൈക്കൊള്ളുന്ന അവിടുത്തെ ഓരോ അവതാരങളും ലോകത്തിന്റെ സർവ്വമംഗളത്തിനായ്ക്കൊണ്ട് ഭവിക്കുന്നു. ഹേ ഭഗവാനേ!, ജ്ഞാനികൾ അവിടുത്തെ വീര്യത്തെ സോമയജ്ഞമെന്ന് ഉദ്ഘോഷിക്കുന്നു. അവിടുത്തെ ത്വക്കും, സ്പർശരസങളുമെല്ലാം അഗ്നിസ്തോമത്തിന്റെ സാമഗ്രികളായി അവർ കണക്കാക്കുന്നു. അവിടുത്തെ അംഗസന്ധികളെല്ലാം ദിനംതോറും ആചരിക്കപ്പെടുന്ന നാനായാഗങളുടേയും യജ്ഞങളുടേയും പ്രതീകങളായി ഇവിടെ അറിയപ്പെടുന്നു. ചുരുക്കത്തിൽ അവിടുത്തെ ഈ അദ്ധ്യാത്മികശരീരം സോമാസോമാദി മഹായജ്ഞങളുടെ സാധനസാമഗ്രികളായി നിലകൊള്ളുന്നു. ഹേ ദേവാ!, ഈ പ്രപഞ്ചം മുഴുവൻ വേദമന്ത്രങളാ‌ലും, യാഗയജ്ഞാദികളാലും, കീർത്തനങളാലും, വാഴ്ത്തിസ്തുതി‌ക്കപ്പെടുന്ന സാക്ഷാൽ പരബ്രഹ്മമായി ഞങളറിയുന്നു. വ്യക്താവ്യക്തങളായ സകല പ്രാപഞ്ചിക വസ്തുവിഷങളിൽ നിസ്പൃഹരായ ജീവന്മാർക്കുമാത്രവേ അങ് വേദ്യമാകുന്നുള്ളൂ. അതുകൊണ്ട് അഖിലത്തിനും ഗുരുവായും, അദ്ധ്യാത്മസ്വരൂപനായും വർത്തിക്കുന്ന നിന്നെ ഞങളിതാ പ്രണമി‌ക്കുന്നു. ഭൂമീദേവിയുടെ സങ്കടം തീർത്ത ഹേ നാരായണാ!, ജലത്തി‌ൽനിന്ന് നീ ഉയർത്തിയെടുത്ത പർവ്വതനിബിഢമായ ഈ ധരിത്രി, മദോന്മത്തനായ ഒരു ആനയുടെ മസ്തകത്തിലിരിക്കുന്ന ഇലകളോടുകൂടിയ താമരപ്പൂപോലെ, നിന്റെ തേറ്റമേൽ ശോഭിക്കുന്നു. അവളിൽ നിരനിരയായിനിൽക്കുന്ന കൊടുമുടികളുടെ അഗ്രഭാഗം മേഘപടലങളോടൊപ്പം ചേർന്ന് അതിമനോഹരമായിർക്കുന്നു. ഭൂമീദേവിയെ ദംഷ്ട്രമേലേറ്റി നിൽക്കുന്ന അവിടുത്തെ ഈ ദിവ്യകളേബരഭംഗി ഞങളാലവർണ്ണനീയമാണ്. ഹരേ നാരായണാ!, സകലഭൂതങൾക്കും ജനനിയായ ഭീമീദേവിയുടെ സങ്കടതീർത്തുരക്ഷിച്ച നീ അവളുടെ നാഥനാണ്. എപ്രകാരമാണോ പണ്ഡിതനായ ഒരു യജ്ഞാചാര്യൻ അരണിയിൽ അഗ്നിയു‌ണ്ടാക്കുന്നത്, അപ്രകാരം നീ അവളിൽ നിന്റെ ശക്തിയെ വിക്ഷേപിക്കുന്നു. സർവ്വശക്തനായ അവിടുന്നല്ലാതെ മറ്റൊരു ശക്തിക്ക് ഇവളെ ഈ മഹാസങ്കടത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയുകയില്ലായിരുന്നു. ഇത്ര മനോഹരവും ബൃഹത്തുമായ ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച അങേയ്ക്ക് ഇച്ചൊന്നതെല്ലാം അല്പകാര്യമാണെന്നറിയാം. അങനെയുള്ള നിന്നിലിതാ ഞങൾ ശരണം പ്രാപിക്കുകയാണ്. ഭഗവാനേ!, ഞങൾ പുണ്യമായ ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലും ജീവിക്കുന്നവരാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. എന്നിരുന്നാലും, അവിടുന്ന് ഈ ദിവ്യശരീരം കുടഞപ്പോൾ അവിടുത്തെ രോമങളിൽനിന്നും ചിതറിത്തെറിച്ചുവീണ പുണ്യാഹജലകണങളാൽ ഞങളിതാ പരിശുദ്ധരായിരിക്കുന്നു. ഭഗവാനേ അവിടുത്തെ ലീല‌കളെ അവർണ്ണനീയമായും നിസ്സീമമായും അറിയാത്തവർ വിഢികളാണ്. പ്രപഞ്ചത്തിൽ സർവ്വഭൂതങളും അനന്തമായ അവിടുത്തെ വീര്യത്താൽ സമ്പൂർണ്ണമാണ്. ഞങളിൽ അങനെയുള്ള അവിടുത്തെ കാരുണ്യം പൊഴിയുമാറാകണം."

മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ബ്രഹ്മാദിദേവതകളാലും, ഋഷീശ്വരന്മാരാലും സ്തുതിക്കപ്പെട്ട സർവ്വഭൂതപാലകനായ ഭഗവാൻ മഹാവിഷ്ണു,  വരാഹമൂർത്തിയായി അവതരിച്ച്, ഭൂമിയെ തന്റെ തേറ്റമേലേറ്റി ജലോപരിതലത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം, ദേവതകളേയും, ഋഷിവര്യന്മാരേയും അനുഗ്രഹിച്ച്, തന്റെ ധാമത്തിലേക്ക് മടങി.

യാതൊരു‌വനാകട്ടെ, ഉത്തമശ്‌ളോകനായ ഭഗവാൻ ഹരിയുടെ, വരാഹാവതാരചരിതം കീർ‌ത്തിക്കുന്നുവോ, അവന്റെ ഹൃദയനിവാസനായ ഭഗവാൻ സദാ അവനിൽ സന്തുഷ്ടനായി പ്രസാദിക്കുന്നു. ആ സന്തുഷ്ടിക്കുമുകളിൽ, ആ പ്രസാദത്തിനുമുകളിൽ, അവന് ഇവിടെ യാതൊന്നും തന്നെ നേടേണ്ടതായി വരുന്നില്ല. കാരണം ഭഗവത്സായൂജ്യമൊഴിഞ് മറ്റെല്ലാം അർത്ഥശൂന്യമാണെന്ന പാരമാർത്ഥികസത്യം അവന് ബോധ്യമാകുന്നു. യാതൊരുവനാണോ കരുണാമൂർത്തിയായ ആ ഭഗവാനിൽ ഭക്തിവയ്ക്കുന്നത്, അന്റെ ഹൃദയാന്തർഭാഗത്തു കുടികൊണ്ടുകൊണ്ട് ആ പരമപുരുഷൻ അവനെ അദ്ധ്യാത്മികതയുടെ ഊർദ്ദ്വലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. മനുഷ്യനായിപ്പിറന്നവരാരാണിവിടെ മോക്ഷപ്രാപ്തിക്ക് ഇച്ഛി‌ക്കാത്തത്?. അവന്റെ ലീലാമൃതപാനം ആർക്കാണ് രുചിക്കാത്തത്?. കാരണം, ആ പരമാനന്ദാമൃതം പാനം ചെയ്യൂന്നതോടെ ഒരുവൻ സകല പ്രാപഞ്ചികവിഷയബാധകളിൽനിന്നും രക്ഷനേടി മുക്തനായി വൈകുണ്ഠപ്രാപ്തിക്ക് പാത്രമാകുന്നു.

ഇങനെ ശ്രീമദ്ഭാഗവതം, തൃതീയസ്കന്ധം, പതിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<< >>>>>>>



2014, ജനുവരി 6, തിങ്കളാഴ്‌ച

സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍

പ്രാരാബ്ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു ഭാഗവതസേവാരത്നം, ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ് മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് രാജകൊട്ടാരവുമായി നല്ല ബന്ധമുള്ള ഒരു സമ്പന്ന കാലവും മള്ളിയൂര്‍മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്.

അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ആര്യാ അന്തര്‍ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു. 

സ്കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും, ദുശ്ശീലം പഠിക്കും. അതിനായി അമരഭാഷ തന്നെ പഠിപ്പിക്കണമെന്നായി അച്ഛന്റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നാണ് ചരിത്രം.

14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി. പഠനം, ഉറക്കക്കുറവ് ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി. രോഗം മാറിയില്ല. പിന്നീട് കൈതമറ്റത്തിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി ഒരുകൈ നോക്കി. ചികിത്സ ആറുമാസം നീണ്ടു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ശരീരം നിലനില്‍ക്കുമോ എന്നുവരെ സംശയം തോന്നി!

ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി മരുന്നിനൊപ്പം സൂര്യനമസ്കാരത്തിന് നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷനമസ്കാരം! ഇതിനിടയില്‍ തിരുവനന്തപുരത്ത് ചികിത്സാര്‍ഥം 15 ദിവസം തങ്ങി. ഒക്കെ വെറുതെ. മടുത്തു മടങ്ങി.

വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭം. ഇനി മഹാവൈദ്യന്‍ തന്നെ ശരണം. സുകൃതനായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛവാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ! ഒരിക്കല്‍ ഒരു തുലാമാസത്തില്‍ ഉണ്ണി ശ്രീ ഗുരുവായൂരപ്പന്റെ സkിധിയില്‍ എത്തി.

പണ്ഡിതനും മഹാഭക്തനും വിരക്തനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഉണ്ട്. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണി.

പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ ശിഷ്യനായി മാറി. പടപ്പനമ്പൂതിരി ആ പവിത്രസങ്കേതത്തില്‍ വച്ച് ശങ്കരന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍രൂപ ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ ദ”ക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി പുതിയ ശ്രീശുകന്റെ പക്കല്‍ ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാന്‍ പണവുമില്ല. ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.

മഹാഭക്തനായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൌജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ നനഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അംഗീകാരം. പലരും പറഞ്ഞു. ഭംഗിയായി.... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു....

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള തൃഷ്ണ തെല്ലും കുറഞ്ഞിട്ടില്ലല്ലോ. രണ്ടു വര്‍ഷത്തോളം ഉപരിപഠനം തുടര്‍ന്നു. (നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവ അവിടെ പഠിച്ചു) ആയിടയ്ക്കാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന തോന്നലുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ ഭജനം തുടങ്ങി.

ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനം.

ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗം? ഇടയ്ക്ക് ആ ചിന്ത വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു. 

ഭഗവല്‍ക്കഥ കേട്ട് പരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് കേറ്റമേ ഉണ്ടായിട്ടുള്ളൂ. ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

യോഗക്ഷേമം വഹാമ്യഹം...!!!

ശ്രീമദ് ഭാഗവതത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവരിക്കുന്ന ഭാഗത്ത് (ഏഴാംസ്കന്ധം) ശ്രദ്ധാലുവായ യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ അരുളുന്നു.

ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്നു കേള്‍ക്കൂ. സര്‍വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൌകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.

ഗൃഹസ്ഥാശ്രമി വിരക്തനായി, അതേസമയം ആസക്തനെന്നപോലെ ജീവിക്കണം. നിര്‍മ്മമനായി കഴിയുക. മള്ളിയൂരിന്റെ ഗൃഹത്തില്‍ ചെന്നവര്‍ക്കെല്ലാം പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണിത്. അദ്ദേഹം ആസക്തനെന്നപോലെയാണ്. പക്ഷേ ഗൃഹത്തിലെ ഓരോ കാര്യങ്ങളും വാസുദേവനിശ്ചയമെന്ന് അകമേ ഉറപ്പിച്ചയാളും. അദ്ദേഹം എല്ലാവരെയും അനുമോദിക്കുന്നു. പക്ഷേ ഈശ്വരേച്ഛയെ മാത്രം സ്വീകരിക്കുക.

അടുത്തിടെ മള്ളിയൂരില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നചിന്തയില്‍ പ്രാശ്നികന്‍ പറഞ്ഞു. ശാരീരികക്ളേശം ഉണ്ടെങ്കില്‍ പതിവുള്ള കഠിനനിഷ്ഠകള്‍ ചെയ്യണമെന്നില്ല. ഇതൊക്കെ ചെയ്താല്‍ കിട്ടേണ്ടതെന്തോ, അത് അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഭഗവാന്‍ സന്തുഷ്ടനാണ്.

മഹാഭക്തനായ മള്ളിയൂരിനെ ഏവര്‍ക്കും അറിയാം. മറ്റൊരു മുഖവുമുണ്ട് മള്ളിയൂരിന്. മഹാപണ്ഡിതന്‍, കവി. അത് ചുരുക്കം ചിലര്‍ക്കേ അറിയൂ എന്നു മാത്രം. മാലോകര്‍ക്കതറിയാനാവില്ല. ഓട്ടൂര്‍ തിരുമേനി പറയാറുള്ളതുപോലെ വെള്ളപ്പൊക്കം വരുമ്പോള്‍ കുളവും പാടവും പുറമേ സമം, കുത്തിനോക്കിയാലേ ആഴമറിയൂ... അതുപോലെ ജ്ഞാനിയും അജ്ഞാനിയും ബാഹ്യദൃഷ്ടിയില്‍ ഒന്നു പോലെ. 
ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവന്‍ മള്ളിയൂര്‍ ഭാഗവതമയമാക്കി. യദ്ഭാവം തത് ഭവതി. ഭാഗവതോപാസനയിലൂടെ ആ ജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷപ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാഗവതതത്ത്വാനുഷ്ഠാനമാണല്ലോ നാളിതുവരെ ആ ജീവിതം.

പ്രത്യക്ഷകൃഷ്ണരൂപമാണ് ശ്രീമദ്ഭാഗവതം എന്ന് ശാസ്ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്ണവതേജസിന്റെ സാന്നിധ്യം പ്രകടമായി. അമ്പാടി കണ്ണനെ മടിയിലിരുത്തി തുമ്പക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍നിന്നു രക്ഷനേടാന്‍ ഭക്തര്‍ക്ക് ഒരഭയസങ്കേതം. കരുണാമയനായ ശ്രീ ഗുരുവായൂരപ്പനും അഭീഷ്ടവരദീയകനായ വിഘ്നേശ്വരനും വാഴുന്നിടം!

ഹന്തഭാഗ്യം ജനാനാം.