ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 13
ശുകാചാര്യര്‍ പരീക്ഷിത്തു മഹാരാജാവിനോട് പറഞു: "ഹേ രാജന്‍!, മൈത്രേയമുനിയില്‍ നിന്നും ഭഗവാന്റെ സത്ചരിത്രങള്‍ ആവോളം കേട്ടിട്ടും വിദുരര്‍ക്ക് തൃപ്തി വന്നില്ല. ആ പരമാത്മാവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനായി അദ്ദേഹം മൈത്രേയമുനിയോട് വീണ്ടും പ്രാര്‍ത്ഥിച്ചു.
വിദുരര്‍ പറഞു: "അല്ലയോ മഹാമുനേ!, ബ്രഹ്മപുത്രനായ സ്വായംഭുവമനു സ്നേഹമയിയായ തന്റെ പ്രിയപത്നി ശതരൂപയെ സ്വീകരിച്ചതിനുശേഷം എന്തൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മപദ്ധതികള്‍?. ആദിനൃപനായ മനുഭഗവാന്‍ ഹരിയുടെ ഉത്തമദാസനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രേയസ്സിനെക്കുറിച്ച് കൂടുതുതല്‍ അറിയുവാന്‍ അടിയനിച്ഛിക്കുക്കയാണ്. ഭഗവാന്റെ സത്ചരിത്രങളെ ശ്രദ്ധയോടും ഭക്തിയോടും യഥേഷ്ടം ശ്രവിക്കുവാന്‍ തല്പരരായ ഉത്തമഭക്തന്‍മാര്‍ എപ്പോഴും ആ പരമപുരുഷന്റെ ഭക്തോത്തമന്മാരെ മാത്രമാണ് ആശ്രയിക്കുന്നത്. കാരണം, അത്തരം ഗുരുശ്രേഷ്ഠന്മാര്‍ സദാകാലം മോക്ഷപ്രദായകനായ ആ പരമാത്മാവിന്റെ പദകമലത്തെ ഹൃദയത്തില്‍ വച്ചാരധിക്കുന്നു."
ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീകൃഷ്ണപരമാത്മാവിന്റെ നിര്‍മ്മലപാദങള്‍ തന്റെ മടിയില്‍വച്ച് പൂജിച്ച് സ്നേഹിച്ച പരമഭക്തനായിരുന്നു വിദുരര്‍. അതറിയാമായിരുന്ന മൈത്രേയരില്‍ വിദുരരുടെ വാക്കുകള്‍ അത്യന്തം ആനന്ദമുളവാക്കി. തുടര്‍ന്ന് അദ്ദേഹം വിദുരരോട് വീണ്ടും സംസാരിച്ചുതുടങി."
മൈത്രേയമുനി പറഞു: വിദുരരേ!, മനുഷ്യകുലത്തിനുമുഴുവന്‍ പിതാവായി പിറന്ന സ്വായംഭുവമനു സ്വപത്നിയോടൊപ്പം വേദഗര്‍ഭനായ ബ്രഹ്മദേവനെ പ്രാജ്ഞലികൂപ്പി വണങിക്കൊണ്ടു പറഞു. "ഹേ ബ്രഹ്മദേവാ!, അവിടുന്ന് ഈ കാണായ ജഗത്തിന്റെയൊക്കെയും പിതാവാണ്. അവയുടെ നിലനില്പ്പിനും പരമഹേതു അങുതന്നെ. ഞങള്‍ അങയെ ഏതുവിധം സേവിക്കണമെന്ന് അരുളിചെയ്താലും. ഹേ ആരാധ്യദേവാ!, അടിയങളുടെ ശക്തിക്കൊത്തവണ്ണം അങയെ സേവിക്കുന്നതിനും, അതുവഴി ഇവിടെ, ഈ ജന്മത്തില്‍ ആവേളം യശ്ശസ്സു നേടുന്നതിനും, അനന്തരം, പരമഗതിയെ പ്രാപിക്കുന്നതിനും വേണ്ടി അവിടുത്തെ അനുഗ്രഹത്തിനായ്ക്കൊണ്ട് അടിയങളിതാ അവിടുത്തോട് പ്രര്‍ത്ഥിക്കുകയാണ്".
മനുവിന്റെ പ്രാർത്ഥനയിൽ പ്രസാദിച്ച വിധാതാവ് അദ്ദേഹത്തോട് പറഞു: "അല്ലയോ പുത്രാ!, നീ ഈ ലോകത്തിന്റെ നാഥനണ്. നിന്റെ പിതൃഭക്തിയില്‍ നാം സന്തുഷ്ടനായിരിക്കുന്നു. മാത്രമല്ലാ, നിനക്കും, നിന്റെ പ്രിയപത്നിക്കും നാം സര്‍വ്വനുഗ്രഹവും തന്ന് നാമിതാ അനുഗ്രിഹിക്കുന്നു. കാരണം നീ നിര്‍വ്യളീകമായി നമ്മുടെ അനുജ്ഞയ്ക്കായ്ക്കൊണ്ട് നമ്മില്‍ ശരണം പ്രാപിച്ചിരിക്കുന്നു. അല്ലയോ വീരാ!, പിതൃഭക്തിവൈഭവത്തില്‍ നീ എന്നും ഉത്തമോദാഹരണമായിരിക്കും. ഇതത്രേ ഏതൊരു പിതാവും തന്റെ സത്പുത്രനില്‍ നിന്നും കാംക്ഷിക്കുന്നത്. മത്സരബുദ്ധി വെടിഞവനും, വിവേകശീലനുമായ ഒരു പുത്രന്‍ തന്റെ പിതാവിന്റെ ഇംഗിതത്തെ തന്റെ കഴിവിനും ശക്തിക്കുമതീതമായി സാദരം നിറവേറ്റുന്നു. നമ്മുടെ അനുജ്ഞയെ കൈക്കൊള്ളുന്നതില്‍ അതീവതത്പരനായ നീ നിന്റെ പ്രിയപത്നിയോടൊപ്പം ചേര്‍ന്ന് നിന്നോളം ശ്രേഷ്ഠരായ പ്രജകളെ സൃഷ്ടിച്ചുകൊള്ളുക. പരമപുരുഷനായ ഭഗവാന്‍ ഹരിയില്‍ ഹൃദയമര്‍പ്പിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുക. അങനെ യജ്ഞചര്യകളിലൂടെ അവനെ ആരാധിക്കുക. ഹേ നൃപാ!, ഇവിടെ ഈ ഭൗതികലോകത്ത്, നിന്റെ പ്രജകളെ വേണ്ടവണ്ണം സംരക്ഷിക്കുവാന്‍ നീ പ്രാപ്തനാകുകയാണെങ്കില്‍ അതുതന്നെയായിരിക്കും നീ നമുക്ക് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ സേവനം. മാത്രമല്ലാ, അതുവഴി ഭഗവാന്‍ നിന്നില്‍ അത്യന്തം പ്രസാദിക്കുകയും ചെയ്യും. ജനാര്‍ദ്ധനനായ ഭഗവാന്‍ മാത്രമാണ് സര്‍വ്വയജ്ഞങളുടേയും സ്വീകര്‍ത്താവ്. അവന്‍ ഒരുവനില്‍ അസന്തുഷ്ടനായാല്‍ ഒരുവന്റെ അദ്ധ്യാത്മികപുരോഗതി തികച്ചും വിഫലമായിപ്പോകുന്നു. ആയതിനാല്‍ പരമാത്മാവായ ഭഗവാനെ പ്രസാദിപ്പിക്കാത്തവന്‍ യഥാര്‍ത്ഥത്തില്‍ തന്നില്‍ തന്നെ പ്രതിപത്തിയില്ലാത്തവനെന്ന് സാരം."
ഇങനെ ഭഗവന്മഹിമകളെ വാഴ്ത്തി തന്റെ മുന്നില്‍ നില്‍ക്കുന്ന ബ്രഹ്മാവിനോട് സ്വായംഭുവമനു പറഞു: "ഹേ സര്‍വ്വശക്തനും സര്‍വ്വപാപഹാരകനുമായ വിധാതാവേ!, അവിടുത്തെ സകല ആജ്ഞകളേയും ഞാനിതാ ശിരസ്സാവഹിക്കുന്നു. ഇപ്പോള്‍ അങ് ദയവായി ഞങള്‍ക്കും, ഞങളുടെ പിറക്കാനിരിക്കുന്ന സന്താനങള്‍ക്കും അധിവസിക്കുവാനുള്ള സ്ഥാനം ഏതെന്നരുളിചെയ്താലും. അല്ലയോ ദേവാദിദേവാ!, ഭൂമീദേവിയിതാ മഹാജലത്തില്‍ മുങിത്താണിരിക്കുന്നു. സകലഭൂതങളുടേയും നിവാസസ്ഥാനമായ അവളെ അങയുടേ പ്രയത്നത്താലും, ഭഗവാന്‍ ഹരിയുടേ പ്രസാദത്താലും മാത്രമേ വീണ്ടെടുക്കുവാന്‍ സാധിക്കൂ. അവിടുന്ന് ദയവായി അവളെ പുനഃരുദ്ധരിപ്പിച്ചാലും."
മൈത്രേയമുനി തുടര്‍ന്നു: "അല്ലയോ വിദുരരേ!, ഇങനെ ഭൂമിയെ ഗര്‍ഭോദകത്തില്‍നിന്നും വീണ്ടെടുക്കുവാനായി ബ്രഹ്മദേവന്‍ ദീര്‍ഘകാലം ചിന്താധീനനായി. താന്‍ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നവേളയില്‍ ഭൂമി പ്രളായാധിക്യത്തില്‍ സമുദ്രത്തിന്റെ അഗാധതയിലേക്ക് ആണ്ടുപോയതും, സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ട തനിക്ക് ഭഗവാനല്ലാതെ ഇതിനായി മറ്റൊരു ശക്തി തന്നെ തുണയ്ക്കുവാനില്ലെന്നും ബ്രഹ്മദേവന്‍ ഓര്‍ത്തു. ബ്രഹ്മദേവന്‍ ഇങനെ ചിന്തിച്ചിരിക്കവേ പെട്ടെന്ന് അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിലൂടെ തള്ളവിരലിന്റെ മേല്‍ഭാഗത്തോളം വരുന്ന ഒരു ചെറിയ വരാഹരൂപം പുറത്തേക്ക് വന്നു. പിറന്നയുടന്‍ തന്നെ ആകാശത്തില്‍ അത്ഭുതകരമാംവണ്ണം ഭീമാകാരമായ ഒരു ഗജം കണക്ക് ആ രൂപം വളര്‍ന്നുയര്‍ന്നു. അതികായനായ ആ സൂകരരൂപത്തെക്കണ്ട് വിസ്മയം പൂണ്ട് ബ്രഹ്മദേവനും, മനുവും, മരീചി, സനകാദികൾ തുടങിയ മുനിമാരും ചേർന്ന് ആ അത്ഭുതരൂപത്തെ ചൊല്ലി വാദപ്രതിവാദങളിലേർപ്പെട്ടു.
ബ്രഹ്മാവ് പറഞ്ഞു : "വരാഹരൂപത്തിൽ വന്ന ഈ രൂപം വളരെ ആശ്ചര്യമായിരിക്കുന്നു. അതും എന്റെ നാസാരന്ധ്രങളിലൂടെ. അഹോ! അത്യാശ്ചര്യം തന്നെ. ഒരു തള്ളവിരലിന്റെ പാതിയോളം വലിപ്പത്തിൽ പിറന്ന ഈ രൂപം അടുത്ത ക്ഷണത്തിൽ വളർന്ന് ഒരു കൂറ്റൻ പാറപോലെ ബൃഹത്തായിരിക്കുന്നു. നാം ഈ രൂപത്തെക്കണ്ട് ഭ്രമിച്ചുപോകുകയണ്. ഇനി ഭഗവാൻ ഹരി തന്ന വരാഹമൂർത്തിയായി അവതരിച്ചതായിരിക്കുമോ എന്ന് നാം സംശയിക്കുകയാണ്".
മൈത്രേയൻ പറഞ്ഞു : "ബ്രഹമദേവൻ ഇങനെ ഈ അത്ഭുതരൂപത്തെപറ്റി തന്റെ പുത്രന്മാാരുമായി സസൂക്ഷ്മം ചർച്ചചെയ്യുന്നതിനിടയിൽ വരാഹമൂർത്തിയായ ഭഗവാൻ നാരായണൻ ഒരു മഹാപർവ്വതമെന്നപോലെ അത്യുച്ഛത്തിൽ അലറി. അസാധാരണമയ ആ അദ്ധ്യാത്മധ്വനിയിൽ ബ്രഹ്മദേവനും, അവിടെയുണ്ടായിരുന്ന മറ്റ് ബ്രാഹ്മണന്മാരും നന്നേ ആഹ്ളാദിച്ചു. ആ ശബ്ദം നാനാദിക്കുകളിലും മാറ്റൊലികൊള്ളകയും, ശുഭോദർക്കമായ ആ മംഗളനാദം കേട്ട് ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലുമുള്ള പണ്ഡിതന്മാരും ഋഷികളും വേദോക്തങളായ ഭഗവന്മഹാചരിതങളെ പാടിക്കൊണ്ട് വരാഹമൂത്തിയെ സ്തുതിച്ചതുടങി.
ഭക്തോത്തമന്മാരായ അവരുടെ പ്രാർത്ഥനയെ ഹൃദയത്തിലേറ്റി അതിലുണ്ടായ ആനന്ദാതിരേകസൂചകമായ ഗർജ്ജനത്തോടെ ഒരു ജഗവീരൻ ജലത്തിൽ ക്രീഡ ചെയ്യുമ്പോലെ ഭഗവാൻ ആ മഹാജലധിയിലേക്ക് മുങിത്താണു. ഭൂമിയെ ആ മഹാസമുദ്രത്തിൽനിന്ന് വീണ്ടെടുക്കുന്നതിനുമുൻപായി സൂകരമൂർത്തി ജലത്തിൽനിന്നും ആകാശത്തിലേക്ക് കുതിച്ചുയരുകയും, തന്റെ വാൽ ശൂന്യാകാശത്തിൽ ചുഴറ്റിയടിക്കുകയും ചെയ്തു. ഇടതൂർന്ന രോമരാജികൾ വായുവിൽ ആടിയുലഞു. പരമചൈതന്യവത്തായ ആ മഹാരൂപം അനന്താകാശത്തിലെ കാർമേഘങൾ അവന്റെ കുളമ്പുകളേറ്റും കൊമ്പുകളേറ്റും നാലുപാടും ചിന്നിചിതറി. അധമമെന്ന് അജ്ഞാനികൾ കരുതുന്ന സൂകരവേഷം പൂണ്ടുവന്ന അദ്ധ്യാത്മസ്വരൂപനായ ഭഗവാന്റെ മായാലീലകൾ അപാരം തന്നെ. ജലത്തിന്റെ അടിത്തട്ടിലെത്തി ഭഗവാൻ ഭൂമീദേവിയെ അവിടെമാകെ മണത്തന്വേഷിച്ചു. ഭയാനകമായ തന്റെ അദ്ധ്യാത്മരൂപത്തെ നോക്കി സ്തുതിഗീതങളിലൂടെ തന്റെ ലീലകളെ വാഴ്ത്തിനിൽക്കുന്ന ആ ബ്രാഹ്മണരേയും ഋഷികളേയും ഭഗവാൻ തന്റെ അപാരമായ കരുണയോടെ ഒന്നു നോക്കിക്കൊണ്ട് സമുദ്രത്തിലേക്കെടുത്തുചാടി. അവൻ ഒരു മഹാപർവ്വതമെന്നതുപോലെ ജലത്തിൽ നീർക്കുഴിയിട്ട് സഞ്ചരിച്ചു. തനിക്കുനേരേ വന്നടുത്ത രണ്ട് കൂറ്റൻ തിരമാലകളെ ഭഗവാൻ അത്യുഗ്രവേഗത്തിൽ തച്ചുടച്ചു. ആ തിരമാലകൾ സമുദ്രദേവതയുടെ കൈകൾ പോലെ തോന്നിച്ചു.
ആ തിരമാലകൾ ഭഗവാനോട് പ്രാർത്ഥിച്ചു. "ഹേ കാരുണ്യമൂർത്തേ!, ഞങളെ രണ്ടായി ഛേദിക്കാതിരിക്കുക. ഞങളിതാ അവിടുത്തെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കുന്നു".
മൈത്രേയൻ തുടർന്നു: "ഭഗവാൻ തന്റെ കൊമ്പുകൾകൊണ്ട് ജലത്തെ കീറിമുറിച്ചുകൊണ്ട് കൂരമ്പുപോലെ സമുദ്രത്തിന്റെ അഗാധതയിലേക്ക് താഴ്ന്നിറങി. അനന്തമായ ആ അർണ്ണവത്തിന്റെ അതിർവരമ്പുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ സർവ്വ ഭൂതങൾക്കും നിവാസസ്ഥലമായ ഭൂമീദേവിയെ ഭഗവാൻ കണ്ടെടുത്തു. അവൾ സൃഷ്ടിയുടെ ആദിയിലെന്നവണ്ണം സമുദ്രത്തിന്റെ അടിത്തട്ടിൽ നിമഗ്നയായി കിടക്കുകയായിരുന്നു. ഭഗവാൻ വരാഹമൂർത്തി അവളെ നിഷ്‌പ്രയാസം തന്റെ തേറ്റമേലേറ്റി അവിടെനിന്നും മുകളിലേക്കുയർത്തി. അദ്ധ്യാത്മചൈതന്യം നിറഞ ഭീകരമായ ആ മുഖത്ത് കോപം സുദർശനമെന്നപോലെ ജ്വലിച്ചുനിന്നു. കാലങളോളം നീണ്ട അതിഘോരമായ യുദ്ധത്തിനുശേഷം ഭഗവാന്റെ വരാഹരൂപം ആദിദൈത്യനായ ഹിരണ്യാക്ഷനെന്ന ആ മഹാസുരനെ വധിച്ചു ഭൂമീദേവിയെ വീണ്ടെടുത്തു. മൃഗേന്ദ്രൻ ആനയെയെന്നതുപോലെ ഭഗവാൻ ഹിരണ്യാക്ഷനെ പിച്ചിചീന്തിയെറിഞു. ആന ചെമ്മണ്ണിൽ തന്റെ കൂറ്റൻ കൊമ്പുകൾ കുത്തിയിറക്കിയാലെന്നപോലെ, വരാഹമൂർത്തിയുടെ ചുണ്ടും, നാക്കും, കുളമ്പുകളുമെല്ലാം ചോരപുരണ്ട് ചുവന്നിരുന്നു. വെളുത്തുവളഞ തന്റെ തേറ്റമേലേറ്റി ഭൂമിയെ മുകളിലെത്തിച്ച വരാഹം നീലനിറത്തിൽ തിളങിനിന്നു. ബ്രഹ്മാദിദേവതകൾ ആ ഭഗവാന്റെ ശിരസ്സാ നമിച്ചുകൊണ്ട് സ്തുതിഗീതങൾ പാടി.
ദേവതകൾ വാഴ്ത്തി: "ആരാലും പരാജിതനാകാത്ത, സർവ്വയജ്ഞഭുക്കായ, ഹരേ നാരായണാ!, അവിടുന്നു ധന്യനാണ്. അവിടുന്ന് എന്നെന്നും വിജയിക്കുമാറാകട്ടെ!. ഹേ വേദരൂപനായ ഭഗവാനേ!, അങയുടെ രോമകൂപങളിലൂടെ ഈ സമുദ്രജലം ഒഴുകിലയിക്കുന്നു. ഇന്ന് ഭൂമീദേവിയെ ഈ മഹോദധിയിൽനിന്നും കരകയറ്റുവാനായി മാത്രം നീയിതാ ഞങളുടെമുന്നിൽ വരാഹമൂർത്തിയായി അവതാരമെടുത്തുനിൽക്കുന്നു. ഹേ ദേവാ!, യജ്ഞപൂജ്യനായ അങയെ നാസ്തികരായ ജീവന്മാർക്ക് വ്യക്തമാകുന്നില്ല. സകല വേദമന്ത്രങളും, ഗായത്രിമന്ത്രങളുമെല്ലാം അങയുടെ സ്പർശനകാരുണ്യത്തെക്കുറിച്ചുമാത്രം കീർത്തിക്കുന്നു. ദർഭപ്പുല്ലുകൾ അവിടുത്തെ തനുരുഹങളും, കണ്ണുകൾ പരിശുദ്ധമായ നറുംവെണ്ണപോലെയും, ചതുർഹോത്രങൾ അങയുടെ നാലുപാദങളായും നിലകൊള്ളുന്നു. ഹേ നാരായണാ!, അങയുടെ നാവും, നാസയും, ഉദരവും, കർണ്ണരന്ധ്രങളും, വായും, തൊണ്ടയും, എല്ലാം യജ്ഞോപാധികളായ താലങളാണ്. അങ് ചവച്ചിറക്കുന്ന നാനാദ്രവ്യങൾ അഗ്നിഹോത്രവുമാകുന്നു. അവിടുത്തെ ഓരോ അംഗങളും ലോകത്തിൽ നാനാവിധ ഐശ്വര്യങൾക്കും കാരണമായി നിലകൊള്ളുന്നു. കർമ്മത്തിനും, ബന്ധത്തിനും, മോക്ഷത്തിനുമെല്ലാം നീ തന്നെ കാരണമാകുന്നു. കാലാകാലങളിൽ കൈക്കൊള്ളുന്ന അവിടുത്തെ ഓരോ അവതാരങളും ലോകത്തിന്റെ സർവ്വമംഗളത്തിനായ്ക്കൊണ്ട് ഭവിക്കുന്നു. ഹേ ഭഗവാനേ!, ജ്ഞാനികൾ അവിടുത്തെ വീര്യത്തെ സോമയജ്ഞമെന്ന് ഉദ്ഘോഷിക്കുന്നു. അവിടുത്തെ ത്വക്കും, സ്പർശരസങളുമെല്ലാം അഗ്നിസ്തോമത്തിന്റെ സാമഗ്രികളായി അവർ കണക്കാക്കുന്നു. അവിടുത്തെ അംഗസന്ധികളെല്ലാം ദിനംതോറും ആചരിക്കപ്പെടുന്ന നാനായാഗങളുടേയും യജ്ഞങളുടേയും പ്രതീകങളായി ഇവിടെ അറിയപ്പെടുന്നു. ചുരുക്കത്തിൽ അവിടുത്തെ ഈ അദ്ധ്യാത്മികശരീരം സോമാസോമാദി മഹായജ്ഞങളുടെ സാധനസാമഗ്രികളായി നിലകൊള്ളുന്നു. ഹേ ദേവാ!, ഈ പ്രപഞ്ചം മുഴുവൻ വേദമന്ത്രങളാലും, യാഗയജ്ഞാദികളാലും, കീർത്തനങളാലും, വാഴ്ത്തിസ്തുതിക്കപ്പെടുന്ന സാക്ഷാൽ പരബ്രഹ്മമായി ഞങളറിയുന്നു. വ്യക്താവ്യക്തങളായ സകല പ്രാപഞ്ചിക വസ്തുവിഷങളിൽ നിസ്പൃഹരായ ജീവന്മാർക്കുമാത്രവേ അങ് വേദ്യമാകുന്നുള്ളൂ. അതുകൊണ്ട് അഖിലത്തിനും ഗുരുവായും, അദ്ധ്യാത്മസ്വരൂപനായും വർത്തിക്കുന്ന നിന്നെ ഞങളിതാ പ്രണമിക്കുന്നു. ഭൂമീദേവിയുടെ സങ്കടം തീർത്ത ഹേ നാരായണാ!, ജലത്തിൽനിന്ന് നീ ഉയർത്തിയെടുത്ത പർവ്വതനിബിഢമായ ഈ ധരിത്രി, മദോന്മത്തനായ ഒരു ആനയുടെ മസ്തകത്തിലിരിക്കുന്ന ഇലകളോടുകൂടിയ താമരപ്പൂപോലെ, നിന്റെ തേറ്റമേൽ ശോഭിക്കുന്നു. അവളിൽ നിരനിരയായിനിൽക്കുന്ന കൊടുമുടികളുടെ അഗ്രഭാഗം മേഘപടലങളോടൊപ്പം ചേർന്ന് അതിമനോഹരമായിർക്കുന്നു. ഭൂമീദേവിയെ ദംഷ്ട്രമേലേറ്റി നിൽക്കുന്ന അവിടുത്തെ ഈ ദിവ്യകളേബരഭംഗി ഞങളാലവർണ്ണനീയമാണ്. ഹരേ നാരായണാ!, സകലഭൂതങൾക്കും ജനനിയായ ഭീമീദേവിയുടെ സങ്കടതീർത്തുരക്ഷിച്ച നീ അവളുടെ നാഥനാണ്. എപ്രകാരമാണോ പണ്ഡിതനായ ഒരു യജ്ഞാചാര്യൻ അരണിയിൽ അഗ്നിയുണ്ടാക്കുന്നത്, അപ്രകാരം നീ അവളിൽ നിന്റെ ശക്തിയെ വിക്ഷേപിക്കുന്നു. സർവ്വശക്തനായ അവിടുന്നല്ലാതെ മറ്റൊരു ശക്തിക്ക് ഇവളെ ഈ മഹാസങ്കടത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയുകയില്ലായിരുന്നു. ഇത്ര മനോഹരവും ബൃഹത്തുമായ ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച അങേയ്ക്ക് ഇച്ചൊന്നതെല്ലാം അല്പകാര്യമാണെന്നറിയാം. അങനെയുള്ള നിന്നിലിതാ ഞങൾ ശരണം പ്രാപിക്കുകയാണ്. ഭഗവാനേ!, ഞങൾ പുണ്യമായ ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലും ജീവിക്കുന്നവരാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. എന്നിരുന്നാലും, അവിടുന്ന് ഈ ദിവ്യശരീരം കുടഞപ്പോൾ അവിടുത്തെ രോമങളിൽനിന്നും ചിതറിത്തെറിച്ചുവീണ പുണ്യാഹജലകണങളാൽ ഞങളിതാ പരിശുദ്ധരായിരിക്കുന്നു. ഭഗവാനേ അവിടുത്തെ ലീലകളെ അവർണ്ണനീയമായും നിസ്സീമമായും അറിയാത്തവർ വിഢികളാണ്. പ്രപഞ്ചത്തിൽ സർവ്വഭൂതങളും അനന്തമായ അവിടുത്തെ വീര്യത്താൽ സമ്പൂർണ്ണമാണ്. ഞങളിൽ അങനെയുള്ള അവിടുത്തെ കാരുണ്യം പൊഴിയുമാറാകണം."
മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ബ്രഹ്മാദിദേവതകളാലും, ഋഷീശ്വരന്മാരാലും സ്തുതിക്കപ്പെട്ട സർവ്വഭൂതപാലകനായ ഭഗവാൻ മഹാവിഷ്ണു, വരാഹമൂർത്തിയായി അവതരിച്ച്, ഭൂമിയെ തന്റെ തേറ്റമേലേറ്റി ജലോപരിതലത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം, ദേവതകളേയും, ഋഷിവര്യന്മാരേയും അനുഗ്രഹിച്ച്, തന്റെ ധാമത്തിലേക്ക് മടങി.
യാതൊരുവനാകട്ടെ, ഉത്തമശ്‌ളോകനായ ഭഗവാൻ ഹരിയുടെ, വരാഹാവതാരചരിതം കീർത്തിക്കുന്നുവോ, അവന്റെ ഹൃദയനിവാസനായ ഭഗവാൻ സദാ അവനിൽ സന്തുഷ്ടനായി പ്രസാദിക്കുന്നു. ആ സന്തുഷ്ടിക്കുമുകളിൽ, ആ പ്രസാദത്തിനുമുകളിൽ, അവന് ഇവിടെ യാതൊന്നും തന്നെ നേടേണ്ടതായി വരുന്നില്ല. കാരണം ഭഗവത്സായൂജ്യമൊഴിഞ് മറ്റെല്ലാം അർത്ഥശൂന്യമാണെന്ന പാരമാർത്ഥികസത്യം അവന് ബോധ്യമാകുന്നു. യാതൊരുവനാണോ കരുണാമൂർത്തിയായ ആ ഭഗവാനിൽ ഭക്തിവയ്ക്കുന്നത്, അന്റെ ഹൃദയാന്തർഭാഗത്തു കുടികൊണ്ടുകൊണ്ട് ആ പരമപുരുഷൻ അവനെ അദ്ധ്യാത്മികതയുടെ ഊർദ്ദ്വലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. മനുഷ്യനായിപ്പിറന്നവരാരാണിവിടെ മോക്ഷപ്രാപ്തിക്ക് ഇച്ഛിക്കാത്തത്?. അവന്റെ ലീലാമൃതപാനം ആർക്കാണ് രുചിക്കാത്തത്?. കാരണം, ആ പരമാനന്ദാമൃതം പാനം ചെയ്യൂന്നതോടെ ഒരുവൻ സകല പ്രാപഞ്ചികവിഷയബാധകളിൽനിന്നും രക്ഷനേടി മുക്തനായി വൈകുണ്ഠപ്രാപ്തിക്ക് പാത്രമാകുന്നു.
ഇങനെ ശ്രീമദ്ഭാഗവതം, തൃതീയസ്കന്ധം, പതിമൂന്നാമധ്യായം സമാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ