2014, ജൂലൈ 30, ബുധനാഴ്‌ച

3.15 വൈകുണ്ഠലോകവർണ്ണനം

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം - 15


മൈത്രേയമുനി പറഞു: "പ്രീയവിദുരരേ!, തനിക്ക് പിറക്കാൻ പോകുന്ന  പുത്രന്മാർ സാധുജനങൾക്ക് തീരാവ്യധയായി മാറു‌മെന്ന് ക‌ശ്യപരിൽനിന്നും മനസ്സിലാക്കിയ ദിതി തന്റെ ഗർഭത്തെ ഒരു നൂറ് വർഷക്കാലം തന്നിൽതന്നെ ത‌ന്റെ ജഠരത്ഥിൽ അടക്കിവച്ചു. അവളുടെ ഗർഭത്തിൽ നിന്നും വമിക്കുന്ന ഘോരാന്ത‌കാരത്തിന്റെ ദുഃഷ്‌പ്രഭാവം സൂര്യചന്ദ്രന്മാരുടെ അ‌തുജ്ജ്വലപ്രകാശത്തെപ്പോലും മറയ്ക്കുവാൻ തുടങി. ആ സമയം സർവ്വലോകങളിലുമുള്ള ദേ‌വതകൾ വിധാതാവിനെ സമീപിച്ച് സ‌ങ്കടമുണർ‌ത്തിച്ചു".

ദേവതകൾ പറഞു: "ഹേ ബ്രഹ്മദേവാ!, എന്താണീ സംഭവിക്കു‌ന്നത്? ഈരേഴുപതിനാലുലോകങളേയും ഘോരമായ അന്തകാരത്തിലാ‌ഴ്‌ത്തുന്ന ഈ ഇരുട്ട് എവിടെനിന്നുവരുന്നു?. ഹേ ഭഗവൻ!, ത്രികാലജ്ഞനായ അങറിയാതെ ഇവിടെന്തു സംഭവിക്കാൻ?. പ്രപഞ്ചസർവ്വത്തെ ഇങനെ അതിഘോരമായ ഇരുട്ടിലാഴ്ത്തിവിടുന്ന ഈ മറയുടെ കാരണത്തെക്കുറിച്ചറിയുവാൻ ഞങൾ അങയോട് പ്രാർത്ഥിക്കുകയാണ്. ഹേ ദേവാദിദേവാ!, ലോകനാഥാ!, ശിഖാമണേ!, അങ് സകലജീവഭൂതങളുടേയും മനോവ്യാപാരത്തെ അറിയുന്നവ‌നാണ്. വിജ്ഞാനവീര്യനായ അവിടു‌ത്തേക്ക് നമോവാകം. ഭഗവാൻ വിഷ്ണുവിന്റെ മായാശക്തിയാൽ അവ്യക്തയോനി‌യിൽ ജ‌ന്മമെടുത്ത രജോഗുണപ്രദാനനായ അങേയ്ക്ക് ഞങളുടെ നമസ്ക്കാരം".

"ഹേ ദേവാ!, സകലലോകങളും അങയിൽ സ്ഥിതിചെ‌യ്യുന്നു. അങിൽനിന്ന് സകലഭൂതങൾക്കും ജന്മമെടുത്തിരിക്കുന്നു. അതുകൊണ്ട് അങത്രേ ഈ പ്രപഞ്ചത്തിനുമുഴുവൻ കാരണശരീരനായി നിലകൊള്ളുന്നതും. അങയെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കുന്ന യാതൊരു പുരുഷ‌ന്റേയും ഹൃദയം ഹരിഭക്തിയാൽ നിറഞൊഴുകുന്നു. അവിടുത്തെ കാരുണ്യം നിമിത്തമായി യാതൊരുവനാണോ പ്രാണായാമാദി മോക്ഷമാർഗ്ഗങളിലൂ‌ടെ മനസ്സിനേയും ഇന്ദ്രിയങളേയും നിയന്ത്രിച്ച്, പക്വമായ യോഗാഭ്യാസം അനുഷ്ഠിക്കുന്നത്, അവന് ഭൗതികലോകത്തിലായാൽപ്പോലും‌ ഒരു കാര്യത്തിലും തോൽവി സംഭവിക്കുന്നില്ല. ഋഷഭം മൂക്കുകയറാൽ നിയന്ത്രിതമെന്നപോലെ‌ ജീവഭൂതങൾ അങയുടെ വേദശാസനങളാ‌ൽ നിയന്ത്രിതമാണ്. ആർക്കും അങയുടെ വൈദികനിയമങൾക്ക് നേരേ മുഖം തിരിക്കുവാൻ സാധ്യമല്ല. സകലഭൂതങൾക്കും ജീവിതാധാരമായ മഹത്ഗ്രന്ഥങൾ നിർമ്മിച്ച അങേയ്ക്ക് ഞങളുടേ നമോവാകം".

"ഹേ ബ്രഹ്മദേവാ!, ഞങളിപ്പോൾ ദുഃഖകടലിലാഴ്ന്നിരിക്കുകയാണ്. നാലുപാടുനിന്നും പ്രപഞ്ചസർവ്വത്തെ മറയ്ക്കുന്ന അതിഘോരമായ ഈ അന്തകാരത്തിൽ കാഴ്ചമറഞ ഞങൾ തീർത്തും നിഷ്ക്രിയരായിരിക്കുകയാണ്. അവിടുത്തെ കാരുണ്യം മാത്രമാണിനി ഞങൾക്ക് ശരണം. ഇന്ധനം അഗിക്കുമുകളിലൂടെ നിറഞൊഴുകുമ്പോലെ കശ്യപപ്രജാപതിയുടെ വീര്യത്താൽ ദിതിയിലുണ്ടായിരിക്കുന്ന ഈ ഗർഭപിണ്ഡം‌ ലോകം മുഴുവൻ ഇരുട്ട് കോരിനിറയ്‌ക്കുകയാണ്. അവിടുന്ന് ഞങളേയും ഈ ലോകത്തേയും രക്ഷിച്ചാലും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ബ്രഹ്മദേവൻ ദേവന്മാരുടെ പ്രാർത്ഥനയിലൂടെ അവരുടെ മനോവ്യഥ മനസ്സിലാക്കി".

ബ്രഹ്മാവ് പറഞു: "ഹേ ദേവതകളെ!, നിങളുടെ ദുഃസ്ഥിതി നാം മനസ്സിലാക്കുന്നു. പ്രപഞ്ചത്തെ മറച്ചുകൊണ്ടിരിക്കുന്ന ഈ ഘോരാന്തകാരത്തിന്റെ രഹസ്യം നാം പറയാം. നിങൾക്ക് മുൻ‌ഗാമിയായി നമുക്ക് സനകൻ, സനാതനൻ, സനന്ദനൻ, സനത്കുമാരൻ എന്നിങനെ നാലുപുത്രന്മാർ കൂടിയുണ്ടായിരുന്നു. അവർ സകലലോകങളിലും സദാ നിസ്പൃഹരായി സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രപഞ്ചപര്യടനത്തിനിടയി‌ൽ ഒരിക്കൽ അവർ വിഷ്ണുലോകത്തിലുമെത്തി. അവിടമായിരുന്നു ഭഗവാൻ ഹരിയുടേയും അവന്റെ ഭക്തോത്തമന്മാരുടേയും സ്വധാമമായ വൈകുണ്ഠലോ‌കം. ആ ദിവ്യലോകത്തെയത്രേ ഭൂലോകമടക്കം ഈരേഴുപതിനാലുലോകങളിലുമുള്ള നിവാസികൾ ആരാധിക്കുന്നതും എത്തപ്പെടാൻ ആഗ്രഹിക്കുന്നതും.

വൈകുണ്ഠവാസികളെല്ലാം പ്രകൃത്യാ ഭഗവത്സ്വരൂപികളാണ്. അവർ സദാസമയ‌വും നിഷ്കാമികളായി ഭഗവാൻ ഹരിയുടെ പാദ‌സേവചെയ്തുകഴിയുന്നു. ആദ്യനും വേദവേദ്യനുമായ വിഷ്ണുഭഗവാൻ സ്വധാമത്തിലിരുന്നുകൊണ്ട്, സമ്പൂർണ്ണസത്വഗുണപ്രധാനനായി, രജസ്തമസ്സുകളിൽ നിന്ന് പൂർണ്ണമായി അകന്ന്, തന്റെ ഭക്തന്മാർക്ക് ധർമ്മം പ്രദാനം ചെയ്യുന്നു. അവിടെ ധാരാളം വനങളുണ്ടു. ആ വനങളിലുള്ള വൃക്ഷങളെല്ലാം കല്പതരുക്കളാണ്. എല്ലാ ഋതുക്കളിലും അവ പൂത്തുതളിർത്ത് ഫലങളോടും പൂക്കളോടും കൂടി സമൃദ്ധമായിരിക്കുന്നു. കാരണം, അവിടെയുള്ള സകലതും കൈവല്ല്യത്തിന്റെ മൂർത്തിമദ് ഭാവങളാണ്. അവിടെയുള്ളവൻ മംഗളസ്വരൂപനായ ഭഗവാന്റെ മഹിമകളെ വാഴ്ത്തി, തങളുടെ പരിവാരങളോടൊപ്പം പ്രത്യേകം പ്രത്യേകം സ്വർണ്ണവിമാനങളിൽ സഞ്ചരിക്കുന്നു. ബ്രഹ്മാനന്ദം അലതല്ലുന്ന ഇത്തരം വേളകളിൽ മണവും തേനുമൂറുന്ന മാധവീപുഷ്പങളെപ്പോലും ആ ഭഗവത്സ്വരൂപികൾ പുച്ഛിച്ചുതള്ളുന്നു. ഉച്ഛസ്വരത്തിൽ മധുരമായി പാടിക്കൊണ്ടിരിക്കുന്ന ഭ്രമരങളും, സദാ ചിലച്ചുകൊണ്ടിരിക്കുന്ന പ്രാവുകളും, കുയിലുകളും, കൊക്കുകളും, ചക്രവാഗങളും, അരയന്നങളും, തത്തകളും, തിത്തിരിപക്ഷികളും, മയിലുക‌ളും, മറ്റെല്ലാ ദിവ്യപറവകളും തങളുടെ പാട്ടും കൂത്തും നിറുത്തി, ഭഗവാൻ ഹരിയുടെ ഭക്തന്മാരുടെ തിരുമുഖകമലങളിൽകൂടിയൊഴുകുന്ന അവന്റെ മഹിമാഗാനങളെ കേട്ട് നിർവൃതിയടയുന്നു.

സുഗന്ധപുഷ്പങളായ മന്ദാരവും, കുന്ദവും, കുരബകവും, ഉത്പലവും, ചമ്പകവും, അർണ്ണവും, പുന്നാഗവും, നാഗകേശരവും, ബകുലവും, ആമ്പലും, പാരിജാതവുമെല്ലാം തുളസിക്കതിരുകളെനോക്കി അസൂയകൊള്ളുന്നു. എന്തെന്നാൽ, ഭഗവാൻ അവളെ വനമാലയിൽ കോർത്ത് തന്റെ നിർമ്മലവിരിമാറിലണിയുന്നുവത്രേ!.

വൈകുണ്ഠവാസികളുടെ വിമാനങൾ, ഇന്ദ്രനീലം, മരതകം മുതലായ രത്നങളാലും, സ്വർണ്ണത്താലും നിർമ്മിതമാണ്. അവർ തങളുടെ ഭാര്യമാരോടൊപ്പമാണ് യാത്രചെയ്യുന്നതെ‌ങ്കിലും, അവരുടെ മാംസളശരീരഭാഗങളെ നോക്കി അതിൽ ആസക്തരാകുകയോ, അഥവാ സൗന്ദര്യം കവിഞൊഴുകുന്ന മുഖകമലങളെക്കണ്ട് രജോഗുണയുക്തരാകുകയോ ചെയ്യുന്നില്ല. വൈകുണ്ഠവാസികളായ നാരി‌മാർ ല‌ക്ഷ്മീദേവിക്കു തത്തുല്ല്യം സുന്ദരിമാരാണ്. സർവ്വാഭരണവിഭൂഷിതകളായ ആ നാരിമാർ ഭഗവത് ഭക്തിയിൽ മതിമറന്ന് വൈകുണ്ഠത്തിലെ രത്നം പതിപ്പിച്ച തൂണുകളും ചുമരുകളും തുടച്ചുവൃത്തിയാക്കുന്നതിൽ സ്വയമേവ വ്യാപൃത‌രായിരുന്നു.

മുത്തുകളും പവിഴങളും പാകിയ കുളക്കരയിലിരുന്നുകൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീദേവി ചിലപ്പോൾ ഭഗവത് പാദാരവിന്ദങളിൽ തുളസിക്കതിർ കൊണ്ട് അർച്ചന ചെയ്യുന്നതുകാണാം. ചിലസമയങളിൽ അവൾ ജലത്തിലേക്കുനോക്കി, ഭഗവാന്റെ ചുംബനമേറ്റ് മനോഹരമായ തന്റെ തിരുമുഖത്തിന്റെ പ്രതിച്ഛായകണ്ട് അലൗകികമായ അദ്ധ്യാത്മനിർവൃതിയടയുന്നതും കാണാൻ സാധിക്കും.

നിർഭാഗ്യകരമെന്നു പറയട്ടെ!, അവിവേകികളായ മനുഷ്യർ തുച്ഛമായതും, ഒരുവന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതുമായ ഭൗതികവിഷ‌യങളുടെ അല്പസുഖത്തിൽ മുങി, അതിൽ അത്യന്തം ആസക്തി‌പൂണ്ട്, അദ്ധ്യാത്മികവും, അനന്താനന്ദവും നിറഞൊഴുകുന്ന വൈകുണ്ഠലോകത്തെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. നിത്യവും ശുദ്ധവുമായ ബ്രഹ്മസത്യത്തെ നിരാകരിച്ച്, അനിത്യവും അശുദ്ധവുമായ ഭൗതികവസ്തുക്കളിൽ രമിക്കുന്ന ജീവന്മാർ അജ്ഞാനതിമിരാന്തകൂപത്തിലേക്കെടുത്തെറിയപ്പെ‌ടുന്നു. ദേവതകളേ!, നമ്മുടെ കോടാനുകോടി സൃഷ്ടികളുള്ളതിൽ അത്യന്തം മഹത്തരമാണ് മനുഷ്യജന്മം. നമ്മൾ ദേവന്മാർപോലും കാമിക്കുന്ന ജീവിതാവസ്ഥയാണ് അവരുടേത്. കാരണം, ദേവന്മാരടക്കം മറ്റേത് ജന്മങളേയുമപേക്ഷിച്ച് മനുഷ്യജന്മത്തിലൂടെ ഒരു ജീവന് ധർമ്മത്തേയും, ജ്ഞാനത്തേയും, അതുവഴി ആദ്യന്തരഹിതമായ ബ്രഹ്മസത്യത്തേയും ആർജ്ജിക്കുവാൻ സാധിക്കുന്നു. അങനെയുള്ള മനുഷ്യജന്മം നേടിയിട്ടും ഒരുവൻ ഭഗവാനെക്കുറിച്ചോ, അവന്റെ ധാമത്തെക്കുറിച്ചോ ചിന്തിക്കാത്തപക്ഷം, അവൻ വളരെ ക്രൂരമായി ഭൗതികവിഷങളുടെ പിടിയിലകപ്പെട്ടു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഭഗവത് മഹിമകളെ ശ്രവിക്കുന്ന മാത്രയിൽ യാതൊരുവന്റെ ശരീരഭാവങളാണോ താനറിയാതെ മാറിമറയുന്നത്, യാതൊരുവന്റെ ശ്വാസനിശ്വാസഗതികളാണോ ഉച്ഛത്തിലാകുന്നത്, യാതൊരുവന്റെ ശരീരമാണോ വിയർപ്പിൽ കുളിക്കുന്നത്, അവൻ വൈകുണ്ഠപ്രാപ്തിക്കു പാത്രമാകുന്നു. ധ്യാനം, യോഗം തുടങിയ മാർഗ്ഗങളൊന്നും കൂടാതെതന്നെ നാം ദേവതകൾ പോലും നോക്കിനിൽക്കെ അങനെയുള്ള പരമഭക്തന്മാർ ഊർദ്ദ്വലോകത്തിലേക്ക് പറന്നുയരുന്നു.

അല്ലയോ ദേവന്മാരേ!, അപാരസിദ്ധന്മാരായ സനകാദികൾ വൈകുണ്ഠലോകം പൂകിയതോടെ മുമ്പെങും അനുഭവവേദ്യമാകാതിരുന്ന ഒരുതരം ആനന്ദം അവരിലുളവായി. അവിടം നിറയെ ഭക്തന്മാരാൻ നിയന്ത്രിക്കപ്പെട്ടിരുന്ന അതിമനോഹരമായ വിമാനങൾ അവർ കണ്ടു. അവയിലൊന്നും മനസ്സു പറ്റാതെ അവർ വൈകുണ്ഠ‌പുരിയുടെ ആറ് വാതിലുകളും കടന്ന് ഉള്ളിൽ പ്രവേശിച്ചു. അവിടെ ദിവ്യായുധധാരികളായ രണ്ട് സമപ്രായക്കാർ ശിരസ്സിൽ രത്നകിരീടവും ധരിച്ച്, കൈയ്യിൽ ചെങ്കോലും പിടിച്ച്, സർവ്വാഭരണവിഭൂഷിതരായി, കവാടത്തിന്റെ ഇരുവശങളിലായി നിൽക്കുന്നതവർ കണ്ടു. അവർ അണിഞിരുന്ന പൂമാലയെച്ചുറ്റി വണ്ടുകൾ വട്ടമിട്ടു പറന്നു. വർണ്ണശബളമായ പുതുപുഷ്പങൾ കോർത്തിണക്കിയ ആ ദിവ്യമാലയണിഞിരുന്ന അവരുടെ ശരീരം അത്യന്തം അഴകാർന്നുശോഭിച്ചു. ഉയർന്നുവളഞ പുരികങളോടും, വിറയ്ക്കുന്ന നാസയോടും, ചുവന്നുകലങിയ കണ്ണുകളോടും അവർ ഋഷികുമാരന്മാരെ നോക്കി. ഈ ദ്വാരപാലകന്മാരുടെ ഓരോ അംഗങളിൽനിന്നും ഉപാംഗങളിൽനിന്നും അവരുടെ മനസ്സിലുണ്ടായ അതൃപ്തിയെ കുമാരന്മാർ വ്യക്തമായി കണ്ടു.

സനകാദികൾ മഹായോഗികളായിരുന്നു. ഞാനെന്നോ, എന്റേതെന്നോ, അവന്റേതെന്നോ ഭേദബുദ്ധികളില്ലാത്ത അവർ എപ്രകാരമായിരുന്നുവോ സ്വർണ്ണവും, രത്നങളും കൊണ്ടു നിർമ്മിച്ച മറ്റ് ആറ് വാതിലുകളും തുറന്നു അകത്തുകടന്നത്, അപ്രകാരം തന്നെ ഏഴാമത്തെ രത്നക‌വാടവും തള്ളിതുറന്നു. എന്റെ  ആദ്യസൃഷ്ടിക‌ളിൽ പെട്ടവരാണെങ്കിലും സനകാദി മുനികുമാരന്മാർ അഞ്ചുവയസ്സുള്ള ബാലകന്മാരെപ്പോലെ കൗമാരശരീരികളാണ്. ദിഗംബരന്മാരായ ആ അത്ഭുതബാലന്മാർ ശരീരബോധത്തെ മറന്ന ആത്മജ്ഞാനികളായിരുന്നു.

ഹേ ദേവന്മാരേ!, ഏഴാം വാതിൽ തുറന്ന് ഭഗവത് ധാമത്തിലേക്ക് പ്രവേശിക്കുവാൻ തുടങിയ സനാകാദികളെ സുന്ദരരൂപികളായ ആ രണ്ടു ദ്വാരപാലകർ തടഞുനിറുത്തി. നിർഭാഗ്യകരമെന്നല്ലാതെന്തു പറയാൻ!. എല്ലാവരും കാൺകെ, ഭഗവത് ദർശനത്തിനു ഉത്തമാധികാരികളായ തങളെ തടഞുനിറുത്തിയ ദ്വാരപാലകന്മാരെ നോക്കി കുമാരന്മാരുടെ കണ്ണുകൾ കനൽക്കട്ടപോലെ ചുവന്നുവിടർന്നു. തങളുടെ പരമഗുരുവാ‌യ ഭഗവാൻ ഹരിയുടെ പുണ്യദർശനം മുടക്കിയ ദ്വാരപാലകന്മാരിൽ അവർ പ്രകോപിതരായി".

കുമാരന്മാർ പറഞു: "ഹേ ഹരിദാസന്മാരേ!, ആരാണിവർ?. ഇത്രയും അയോഗ്യരായ ഇവർ വൈകുണ്ഠലോകത്തെങനെയെത്തപ്പെട്ടു?. ഒരുപക്ഷേ ഇവർ ദ്വാരപാലകന്മാരാണെങ്കിൽ, ഭഗവാനുസമം സത്ഗുണയുക്തരും ഭഗവത് സ്വരൂപികളുമായിരിക്കേണ്ടവരാണ്. അഹോ! ആശ്ചാര്യമായിരിക്കുന്നു!. ഭഗവാൻ ഹരിക്ക് ശത്രുക്കളോ?. ആ പരമപുരുഷനിൽ ആർക്കാണിവിടെ ശത്രുതവയ്ക്കാൻ കഴിയുക?. ഒരുപക്ഷേ ഇവർ ഉള്ളിൽ കാപട്യം നിറഞവരായിരിക്കണം. അതുകൊണ്ടായിരിക്കണം ഇവർ ഭഗവത് ദർശനം കാംക്ഷിച്ചുവരുന്ന സാധുക്ക‌ളേയും സംശയദൃഷ്ട്യാ കാണുന്നതു. വൈകുണ്ഠലോകത്ത് ഭഗവാനും ഭക്തനുമൊന്നാണ്. അനന്തമായ ആകാശത്തിൽ അല്പാല്പങളായ എത്രയോ വായൂപടലങൾ അന്തരം കൂടാതെ നിലകൊള്ളുന്നു!. അതേവിധമാണിവിടെ ഭഗവാനും ഭക്തനുമായുള്ള ബന്ധം. ആ ഐക്യത്തിന് ഭംഗം വരുത്തുന്നതിനായി ഇവിടെ ഒരു വിത്തും വിളയുവാൻ സാധ്യമല്ല. വൈകുണ്ഠവാസികളുടെ വേഷം പൂണ്ട് ഇവിടുത്തെ ഭക്തന്മാർ അനുഭവിക്കുന്ന ബ്രഹ്മാനന്ദത്തെ ഇല്ലാതാക്കുവാൻ വന്ന് ചാരന്മാരായിരിക്കണം ഇവർ.

ദേവതകളേ!, ഭഗവാന്റെ ധാമമായ വൈകുണ്ഠലോകത്തുവന്ന് ദ്വൈതഭാവം ഉള്ളിൽ വച്ചുകൊണ്ട് ഇവർ ചെയ്ത അപരാധത്തിന് ഉചിതമായ ശിക്ഷ കിട്ടുകതന്നെവേണം. ഇവരെ ഇവിടെന്നും ഭൂലോകത്തിലേക്കയക്കുക. അവിടെ ഇവർ കാമക്രോധമോഹാദികളായ ത്രിവിധശത്രുക്കളാൽ വേട്ടയാടപ്പെട്ടു ജീവിക്കട്ടെ!".

ബ്രഹ്മദേവൻ തുടർന്നു: "അങനെ ഭക്തന്മാരായിരുന്നിട്ടുപോലും അവർക്ക് സനകാദികളുടെ ശാപത്തിനിരയാകേണ്ടിവന്നു. ശാപവചസ്സുകൾ കേട്ട് പേടിച്ചു ഞെട്ടിത്തരിച്ച ദ്വാരപാലകന്മാർ ആ ബ്രാഹ്മണകുമാരന്മാരുടെ പാദങളിൽ വീണ് നമസ്ക്കരിച്ചു. പക്ഷേ ബ്രാഹ്മണശാപത്തെ ഏതായുധം കൊണ്ടു നേരിടാൻ!".

ദ്വാരപാലകന്മാർ പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠരേ!, അവിടുത്തേപ്പോലെയുള്ള ബ്രഹ്മർഷികളെ ബഹുമാനി‌ക്കാതിരുന്നത് ഹതഭാഗ്യരായ ഞങൾ ചെയ്ത മഹാപരാധമാണ്. അതിനു ഞങൾക്കു ലഭിച്ച ശിക്ഷയും ഉചിതം തന്നെ. പശ്ചാത്താപത്താൽ വെന്തുനീറുന്ന ഞങൾക്കൊന്നുമാത്രമേ നിങളോട് അപേക്ഷിക്കുവാനുള്ളൂ. നിങളുടെ ശാപത്തിനിരയായി ഭൗതികലോകത്തുചെന്ന് കാമക്രോധമോഹാദികൾക്ക് വശപ്പെട്ടു ഞങൾ ജീവിക്കുവാൻ പോകുകയാണെന്നറിയാം. പക്ഷേ ഒരുവരം മാത്രം നൽകി ഞങളെ അനുഗ്ര‌ഹിക്കുക. മായയിൽ മുങി ഭഗവാൻ ഹരിയുടെ നിർമ്മലപാദത്തെമാത്രം ഞങൾ മറക്കാതിരിക്കുമാറനുഗ്രഹിക്കണം."

ബ്രഹ്മദേവൻ തുടർന്നു: "ദ്വാരപാലകന്മാർ ഇങനെ സനകാദികൾക്കുമുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്തുകിടക്കുന്ന സമയം, തന്റെ സേവകന്മാരാൽ, പാമഹംസരായ മാമുനിമാർക്കുണ്ടായ അപമാനത്തെക്കുറിച്ചന്വേഷിക്കുവാനായി അരവിന്ദനാഭനായ ഭഗവാൻ വിഷ്ണു ലക്ഷ്മീഭഗവതിയോടൊപ്പം തന്റെ നിർമ്മലപാദങളാൽ നടകൊണ്ടവിടെയെത്തി. അങനെ, അന്നുവരെ സനകാദികൾ തങളുടെ ഹൃദയകമലത്തിൽ മാത്രം കൊണ്ടുനടന്ന ഹർഷോന്മാദപുളകം കൊള്ളിക്കുന്ന ഭഗവദ്രൂപം അന്നാദ്യമായി അവർ കൺകുളിർക്കെ കണ്ടു. ഭഗവാൻ ഹരി സകലചമയങളോടൊപ്പം സപരിവാരം അവിടെയെഴുന്നള്ളി നിൽക്കുന്ന അദ്ധ്യാത്മികരൂപം അവരുടെ കണ്ണുകൾക്ക് പരമാനന്ദമേകി.

വെൺകൊറ്റക്കുട ചൂടി ഭഗവാൻ സനകാദികളുടെ അടുക്കലേക്ക് നടന്നടുത്തു. അരയന്നങൾക്കുസമമായ രണ്ട് വെഞ്ചാമരങളതാ ഭഗവാനിരുവശങളിലായി നിന്നു വീശുന്നു. അതിലൂടെ വീശുന്ന ഇളംകാറ്റിൽ ഇളകിയാടുന്ന മുത്തുക്കുടയുടെ വെളുത്ത മണിമുത്തുകൾ, കുളിർമ്മയുള്ള ചന്ദ്രനിൽ നിന്നും കൊടുങ്കാറ്റിന്റെ പ്രവാഹത്താൽ അടർന്നുവീഴാൻ വെമ്പുന്ന ഹിമകണങളെപ്പൊലെ മുഖരിതമായി.

ദേവതകളേ!, ഭഗവാൻ സകലൈശ്വര്യങളുടേയും സ്രോതസ്സാണ്. അവന്റെ സാന്നിധ്യം അഖിലർക്കും ഒരു വരദാനവുമാണ്. അവനൊന്നു പുഞ്ചിരിച്ചാലോ, അത് സകലജീവന്റേയും ഹൃദയത്തെ തൊട്ടുണർത്തുന്നു. കാർമേഘവർണ്ണത്തിലുള്ള ആ വിരിമാറിൽ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. ആ സുന്ദരൂപത്തെ കണ്ടപ്പോൾ, പ്രപഞ്ചം മുഴുവനും വ്യാപിച്ചുകിടക്കുന്ന പരമമായ അദ്ധ്യത്മചൈതന്യമാണ് തങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് സനകാദികുമാരന്മാർ മനസ്സിലോർത്തു.  മഞപ്പട്ടുടുത്ത ഭഗവാന്റെ അരയ്ക്കുചുറ്റും മണിമയമായ കടിസൂത്രം നിറഞുതെളിഞു. വർണ്ണശബളമായ വനമാലയ്ക്കുചുറ്റും വണ്ടുകൾ മൂടിപ്പറന്നു. കണങ്കൈയ്യിലെ രത്നവളകൾ അവന്റെ ചലനങൾക്കൊത്ത് ആടിക്കളിച്ചു. ഭഗവാൻ തന്റെ ഒരു കരം ഗരുഡന്റെ ചുമലിൽ വച്ചും, മറുകരത്തിൽ ഒരു ഇളംതാമര ചുഴറ്റിയും അവരുടെ മുന്നിൽ വിളങിനിന്നു. ഇളകിയാടുന്ന മകരകുണ്ഡലങൾ ആ തിരുമുഖപങ്കജത്തിന് അഴക് കൂട്ടി. കവിൾത്തടം ആ കുണ്ഡലങളുടെ അത്ഭുതകാന്തിയിൽ ചിന്നിമിന്നി. ഉത്തമമായ തിരുനാസ ആ മുഖകമലത്തിന് മറ്റുകൂട്ടി. നിരനിരായായി രത്നം പതിപ്പിച്ച കിരീടവും, കണ്ഡാഭരണങളും, കൗസ്തുഭവും, ആ കാർമേഘതിരുമേനി അഴകുകൂട്ടി. ഭക്തോത്തമന്മാരുടെ ഭക്തിവൈഭവത്താൽ ഉത്കൃഷ്ടമായ ഭഗവാൻ നാരായണന്റെ സൗന്ദര്യം, ലക്ഷ്മീഭഗവതിയുടെ സൗന്ദര്യധാമമെന്ന സവിശേഷമായ അഹങ്കാരത്തെ ഇല്ലാതെയാക്കി. ഞാനും, മഹാദേവനും, നിങൾ ദേവതകളെല്ലാം തന്നെ പൂജിക്കേണ്ടതായ ആ ദിവ്യരൂപത്തെ, ആ പ്രകാശാതിരേകത്താൽ മുനികുമാരന്മാർക്ക് അപ്പാടെ കാണാൻ കഴിഞില്ല. എങ്കിലും ഭഗവാനെ കാണാൻ സാധിച്ചതിലുള്ള സന്തോഷാധിക്യത്തിൽ അവർ ശിരസ്സുനമിച്ചുകൊണ്ടു ഭഗവാനെ വണങി.

ഭഗവാന്റെ തൃപ്പാദവിരലുകളിൽനിന്നും ഇളം കാറ്റിലൂടെയൊഴുകിയെത്തിയ തുളസീദളപരിമണം സനകാദികളുടെ നാസാരന്ധ്രങളിലൂടെ ഉള്ളിൽ പ്രവേശിച്ചതും മുമ്പെങും അനുഭവിച്ചിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു ദിവ്യാനുഭൂതി അവരുടെ മനസ്സിലൂടെയും ശരീരത്തിലൂടെയും കടന്നുപോയി. നിത്യനിരന്തരമായ ഭഗവതാനന്ദം ഹൃദയത്തിൽ അനുഭവിക്കുന്നവരാണെങ്കിൽ പോലും ഇങനെ അത്യന്തം ദുർല്ലഭമായി നേടിയെടുത്ത ഈ ഭഗവതനുഭൂതിയിൽ മുനികൾ തങളെത്തന്നെ വിസ്മരിച്ചു.

ഒരു വിടർന്ന താമരപ്പൂവിൽ മുല്ലപ്പൂംനിരകൾ വിരിഞുനിൽക്കുന്നതുപോലെയുള്ള ഭഗവാന്റെ തിരുമുഖകമലത്തിലെ നറും പുഞ്ചിരി അവർ ആസ്വദിച്ചു. പരമപുരുഷന്റെ ആ ദർശനസൗഭാഗ്യത്തിൽ കൊതിപൂണ്ട് വീണ്ടും അടിതൊട്ടുമുടിവരെ കാണുവാനായി അവർ ആ തിരുപദനഖരനിരകളിലേക്ക് നോക്കി. അരുണമണികൾ പോലുള്ള ആ നഖനിരകളിലൂടെ സനകാദിമുനികളുടെ കണ്ണുകൾ മുകളിലേക്ക് കുതിച്ചു. ഭഗവാന്റെ അംഗോപാംഗങളിലൂടെ ചുറ്റിസഞ്ചരിച്ച് ഒടുവിൽ അവർ ആ ദിവ്യരൂപത്തിൽ നിമഗ്നമായി. ഈ സത്യസ്വരൂപത്തെയാണ് യോഗികൾ ധ്യാനമാർഗ്ഗത്തിലൂടെ അനുഭവിക്കുന്നത്. സാധാരണജനങളിൽ നിന്നും വ്യത്യസ്ഥരായി അവർ അണിമാദി എട്ട് യോഗസിദ്ധികളിലൂടെ ഭഗവാന്റെ പൂർണ്ണസ്വരൂപത്തെ ധ്യാനിച്ച് ഹൃദ്കമലത്തിൽ വച്ചാരാധിക്കുന്നു".

സനകാദികൾ പറഞു: "പ്രഭോ!, അങ് സർവ്വഹൃദയങളിലും അന്തര്യാമിയായി കുടികൊള്ളു‌ന്നുവെങ്കിലും അവിവേകികൾക്ക് അവിടുന്ന് അവ്യക്തമായി നിലകൊള്ളുന്നു. എന്നാൽ അവിടുത്തെ ദാസരായ ഞങളാകട്ടെ ഈ തിരുരൂപത്തെ മുഖാമുഖം കാണുകയും ചെയ്യുന്നു. ഭഗവാനേ!, പിതാവിൽ നിന്നും കേട്ടറിഞ അവിടുത്തെ അപാരമഹിമയെ ഞങളിതാ ഈ കാരുണ്യദർശനത്തിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഭഗവാനേ!, സത്വഗുണമൂർത്തിമദ് ഭാവത്തോടെ ഞങളുടെ മുന്നിൽ അവതരിച്ച് നിൽക്കുന്ന അങ് സത്യസ്വരൂപനായ പരമാത്മാവാണെന്നും, അവിടുത്തെ കാരുണ്യം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ സൗഭാഗ്യം സാധ്യമല്ലെന്നും ഞങളറിയുന്നു.

ഹൃദയത്തിൽ അചഞ്ചലമായ ഭക്തിയും ശ്രദ്ധയുമുള്ള യോഗീശ്വരന്മാർക്ക് അവിടുത്തെ അദ്ധ്യാത്മദർശനം സുലഭം. കാരണം അവിടുത്തെ തൃപ്പാദഭക്തിയൊഴിഞ്, മോക്ഷത്തിനുപോലും അവർ കാംക്ഷിക്കുന്നില്ല. പിന്നെയാണോ ഭൗതികവിഷയത്തിൽ അവർക്കാസക്തിയുണ്ടാകുന്നു?. അവർ സദാകാലവും ഉത്തമശ്‌ളോകനായ അങയുടെ മഹിമാകഥനം ചെയ്തുകൊണ്ട് അങയിൽ രമിക്കുന്നു.

ഹരേ നാരായണാ!, ഏതു നരകതുല്യമായ ജീവതം തന്നാലും, അവിടിയെല്ലാം മനസ്സുനിറയെ അവിടുത്തെ തൃപ്പാദഭക്തിയുണ്ടായിരിക്കണം, അവിടെയെല്ലാം നാവുകൾ‌കൊണ്ട് അവിടുത്തെ തിരുനാമം മാത്രം കീർത്തിക്കുമാറാകണം, അവിടെയെല്ലാം കാതുക‌ൾകൊണ്ട് അവിടുത്തെ മഹിമകളെ മാത്രം കേൾക്കുമാറാകണം. തുളസീദളങൾ ഓരോന്നും ആ തൃപ്പാദമലരിൽ വീണ് പവിത്രമാകുന്നതുപോലെ, അടിയങളുടെ ജീവനും ആ പദാരവിന്ദത്തിൽ ലയിക്കുമാറകണം. പ്രഭോ!, നിർഭാഗ്യശാലികളായ അബുധന്മാർക്ക് അപ്രാപ്യവും, അവിടുത്തെ കാരുണ്യംകൊണ്ട് ഞങൾക്കു സിദ്ധിച്ചതുമായ ഈ തിരുരൂപത്തിനുമുന്നിൽ ഞങളിതാ സാഷ്ടാംഗം പ്രണമിക്കുന്നു.


ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.

 ഓം തത് സത്


<<<<<<<  >>>>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ