2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

3.16 വൈകുണ്ഠദ്വാരപാലകന്മാരായ ജയവിജയന്മാരെ സനകാദികൾ ശപിക്കുന്നത്.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 16


ബ്രഹ്മദേവൻ പറഞു: "സനകാദിമുനിശ്രേഷ്ഠന്മാരുടെ സ്തുതിയിൽ വൈ‌കു‌ണ്ഠേശ്വരനായ ഭഗവാൻ ഹരി അവരിൽ സമ്പ്രീതനായി".

ശ്രീഭഗവാൻ പറഞു: "ഹേ ഋഷീശ്വരന്മാരേ!, വൈകുണ്ഠദ്വാരപാലകന്മാരായ നമ്മുടെ ഈ പാർശ്വദന്മാർ അജ്ഞാനജമായ അവിവേകം നിമിത്തം നിങളെ അപമാനിച്ചിരിക്കുന്നു. തത്കാരണമായി നിങൾ ഇവർക്ക് വിധിച്ച ശിക്ഷയും ഉചിതം തന്നെ. മുനിമാരേ!, നമ്മെ സംബന്ധിച്ചിടത്തോളം ബ്രഹ്മനിഷ്ഠരായ ബ്രാഹ്മണർ നമ്മുടെ ഹൃദയസ്ഥാനത്ത് വസിക്കുന്നവരാണ്. നമ്മുടെ അനുചരവൃന്ദത്തിൽ നി‌ന്ന് നിങൾക്കുണ്ടായ അപരാധം നാം ചെയ്യുന്ന അപരാധത്തിനുതന്നെ തുല്യമാണ്. ഇവർ നിങളോട് കാട്ടിയ ധിക്കാരം ശരിക്കും നമ്മെത്തന്നെ തെറ്റുകാരനാക്കുകയാണ് ചെയ്തതു. ആയതിനാ‌ൽ നിങളോട് നാം ക്ഷമ യാചിക്കുന്നു. ഒരു ഭൃത്യനാൽ ചെയ്യപ്പെട്ട കുറ്റം സമൂഹത്തിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവന്റെ യജമാനനെ താഴ്ത്തിക്കെട്ടുവാൻ വേണ്ടിയായിരിക്കും. ശരീരത്തിൽ ഒരിടത്തുണ്ടായ വെള്ളപ്പാണ്ഡിന്റെ അടയാളം പതുക്കെ പതുക്കെ ആ ശരീരം മുഴുവൻ വ്യാപിക്കുമെന്നതുപോലെ അത് വസ്തുനിഷ്ഠവുമാണ്. ചണ്ഡാലകുലത്തിൽ പിറന്ന്, നായയുടെ മാംസം വെട്ടി പാകം ചെയ്തു ജീവിക്കുന്നവനാണെ‌ങ്കിൽ പോലും ഒരിക്കൽ നമ്മുടെ മഹിമാശ്രവണമാകുന്ന അമൃതത്തിൽ മുങിനിവർന്നാൽ അവൻ നമ്മുടെ ലോകത്തെ പ്രാപിക്കുന്നു. ഇവിടെ നിങൾ നമ്മെ നിസ്സന്ദേഹമായി അറിഞവരാണെന്നിരിക്കെ നമ്മുടെ സ്വന്തം കരങൾ പോലും നിങൾക്കുവിരുദ്ധമായി നിന്നാൽ നാമതിനെ വെട്ടിവീഴ്ത്തുവാൻ ബാധ്യസ്ഥനാണ്. കാരണം, നാം നമ്മുടെ ഭക്തന്റെ അടിമയാണ്.  അവർ സദാസമയം നമ്മുടെ അംഘ്രിപത്മത്തിൽ പൂജചെയ്യുത് നമ്മെ അങേയറ്റം പരിശുദ്ധനാക്കുന്നു. നമുക്ക് കിട്ടിയ ഈ സൗഭാഗ്യത്തെ നെഞ്ചോടുചേർത്ത് ലക്ഷ്മി നമ്മെ അനുസ്യൂതം സേവിക്കുമ്പോൾ, മറ്റുള്ളവർ അവളുടെ അണുവിട കാരുണ്യത്തിനുവേണ്ടി സകലവ്രതങളും നോറ്റ് അവളെ പുകഴ്ത്തിപാടു‌മ്പോൾ, നാമാകട്ടെ, അവളിൽ തികച്ചും നിസ്പൃഹനായിയിരിക്കുന്നു.

യജ്ഞങളനുഷ്ഠിച്ചുകൊണ്ട് അനേകകോടി ജനങൾ നമ്മെ ആരാധിക്കുന്നു. അവർ അഗ്നിയാകുന്ന നമ്മു‌ടെ വക്ത്രത്തിലേക്ക് സ്വാദിഷ്ടമായ പലവക ദ്ര‌വ്യങളും ഹോമിക്കുന്നു. പക്ഷേ അതിൽനിന്ന് യാതൊന്നുംതന്നെ നാം സ്വീകരിക്കുന്നില്ല. എന്നാൽ കറയറ്റ ഭക്തിയോടെ നമ്മുടെ പാദാരവിന്ദത്തെ ആശ്രയിച്ച്, ഫലേച്ഛകൂടാതെ കർമ്മം ചെയ്യുന്ന ബ്രാഹ്മണോത്തമന്മാരുടെ വക്ത്രത്തിലേക്ക് യാതൊന്നു ഹോമിക്കപ്പെടുന്നുവോ, അത് സകലതും നാം ആർത്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു. നാം നമ്മുടെ യോഗമായയുടെ ഏകസ്വാമിയാണ്. നമ്മുടെ പാദതീർത്ഥമായ സ്വർഗ്ഗീയഗംഗ താഴേയ്ക്കൊഴുകി മൂന്നുലോകങളും ശുദ്ധമാക്കുന്നു. ഭഗവാൻ മഹാദേവൻ പോലും ആ തീർത്ഥത്തെ തന്റെ ശിരസ്സിൽ ആദരവോടെ വഹിക്കുന്നു. അങനെയുള്ള നമുക്ക് ആ ബ്രാഹ്മണശ്രേഷ്ഠന്മാരുടെ പാദധൂളികൾ മൂർദ്ധനി ചേർക്കാമെങ്കിൽ പിന്നെയാർക്കിണിവിടെ അതിനു കഴിയാത്തത്?.

ബ്രാഹ്മണരും, ഗോക്കളും, മറ്റ് അശരണരായ ജീവികളുമൊക്കെ നമ്മുടെ ശരീരം തന്നെയാണ്. അജ്ഞാനത്താൽ ബുദ്ധിഭ്രംശം ഭവിച്ച അവിവേകികൾ അവരെ നമ്മിൽനിന്നും വേറിട്ടുകാണുന്നു. അങനെയുള്ളവൻ വിഷകാരികളായ ഉഗ്രസ‌ർപ്പത്തെപ്പോലെ സമൂഹത്തിൽ ജീവിക്കുന്നു. എന്നാൽ താമസിയാതെ അവർ കഴുകന്റെ കൊക്കുകൾകൊണ്ടെന്നതുപോലെ യമകിങ്കരന്മാരാൽ പിച്ചിചീന്തിയെറിയപ്പെടുന്നു. നേരേമറിച്ച് സാധുക്കളാകട്ടെ, തങൾക്കുനേരേ ക്രുദ്ധിച്ചടുത്ത് ശപിച്ചിട്ടുപോകുന്ന ബ്രാഹ്മണ‌രോടുപോലും നിന്ദിച്ചു സംസാരിക്കുന്നില്ല. അവർ തങളിലെ നന്മകൊണ്ട് അവരെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ഞാനിപ്പോൾ നിങളെ സ്വാന്തനിപ്പിക്കുന്നതുപോലെയോ, അഥവാ ഒരച്ഛനിൽ നിന്നും ശകാരം ഏറ്റുവാങിയ മകൻ അദ്ദേഹത്തിൽ പിതൃഭക്തി വയ്ക്കുന്നതുപോലെയോ, അവർ ബ്രാഹ്മണരെ മധുരമായ വാക്കുകളാൽ പ്രകീർത്തിച്ച് അവരെ സമാശ്വസിപ്പിക്കു‌ന്നു.

ഇവിടെ ഈ ഭൃത്യന്മാർ നമ്മുടെ ഇംഗിതത്തെ അറിയാതെ നിങളെ അപമാനിച്ചിരിക്കുന്നുവെന്നുള്ളത് തികച്ചും സത്യമാണ്. പക്ഷേ ഇവരെ നമ്മിൽനിന്നും കൂടുതൽ കാലമകറ്റിനിറുത്താതെ, തങളുടെ തെറ്റുകൾ തിരുത്തി വേഗം നമ്മുടെ ധാമത്തിലേക്ക് തിരികെ വരുവാൻ അനുഗ്രഹിച്ചാൽ, അത് ഇവരേക്കാൾ കൂടുതൽ നിങൾ നമ്മോടു ചെയ്യുന്ന ഉപകാരമായിരിക്കും".

ബ്രഹ്മാവ് തുടർന്നു: "ഹേ സുരോത്തമന്മാരേ!, ഭഗവാൻ ഹരിയുടെ തിരുവായ്മൊഴിയായി വേദമന്ത്രങൾ പോലെയൊഴുകിയ വചനാമൃതം കേട്ട് ദിവ്യാനുഭൂതിപൂണ്ടുവെങ്കിലും, കോപമാകുന്ന സർപ്പത്താൽ ദംശിക്കപ്പെട്ട സനകാദികുമാരന്മാർ തൃപ്തരായില്ല. ഭഗവാന്റെ വാക്കുകളിലൂടെ ഒഴുകിയ ഗൗരവാവഹമായ ആശയങളും, അവയുടെ തീവ്രമായ അത്ഥങളും കുമാരന്മാർക്ക് വേണ്ടവണ്ണം ഗ്രഹിക്കുവാൻ കഴിഞില്ല. ചെവികൾ തുറന്നുപിടിച്ചു അവരത് ഗ്രഹിക്കുവാൻ ശ്രമിച്ചുവെങ്കിലും ഭഗവാനെന്താണുദ്ദേശ്ശിച്ചതെന്ന് അവർ പ്രഥമബുദ്ധ്യാതന്നെ സംശയിച്ചു. എങ്കിലും ഭഗവാന്റെ വാക്കുകൾ കുമാരന്മാരെ കോൾമയിർ കൊള്ളിച്ചു. അവർ തൊഴുകൈയ്യോടെ ഭഗവാനോട് പ്രാർത്ഥിച്ചു".

സനാകാദികൾ പറഞു: "ഭഗവാനേ!, അങെന്താണ് ഞങളോട് കർത്തവ്യമായി ആജ്ഞാപിക്കുന്നതെന്ന് ഞങൾക്ക് ഗ്രഹിക്കുവാൻ കഴിയുന്നില്ല. സർവ്വലോകങ‌ൾക്കും സ്വാമിയായ അങേയ്ക്ക് ഹിതമായി ഞങൾ എന്തു കർമ്മം ചെയ്തിട്ടാണ് അവിടുന്ന് ഞങളോട് ഇത്ര കാരുണ്യം കലർന്ന് സംസാരിക്കുന്നതെന്നും മനസ്സിലാകന്നില്ല. ഭഗവാനേ!, ബ്രഹ്മണ്യം സ്വയമേവ അങയുടെ ആശ്രിതനാണ്. ബ്രാഹ്മണർ അങേയ്ക്ക് പ്രിയമാണെന്ന അവിടുത്തെ വാക്കുകൾ അങ് ഞങളിൽ പൊഴിക്കുന്ന കാരുണ്യത്തേക്കളധികം സമൂഹത്തിനു നൽകുന്ന ശാസനവുമാണ്. യഥാർത്ഥത്തിൽ അങ് ദേവതകളുടെ മാത്രമല്ല ഞങൾ ബ്രാഹ്മണരുടേയും പൂജ്യനായ സാക്ഷാൽ നാരായണനാണനും രക്ഷകനുമാണെന്ന് ഇതിലൂടെ അടിയങൾക്ക് ബോധ്യമായി.

പ്രപഞ്ചത്തിൽ സർവ്വഭൂതങളുടേയും സ്വധർമ്മമെന്നത്, ഗുഹ്യനും, അവ്യയനും, നിർവ്വികാരനുമായ അങയിൽ മാത്രം നിക്ഷിപ്ത്മായിരിക്കുന്നു. മാത്രമല്ലാ, കാലാന്തരത്തിലുള്ള അങയുടെ പലേ അവതാരങളും ഇവിടെ ധർമ്മത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. യോഗികൾ പോലും അവിടുത്തെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അനിത്യവിഷങളിൽനിന്നകന്ന് അജ്ഞാനാന്തകാരത്തെ മറികടക്കുന്നത്. അങനെയിരിക്കെ സകലഭൂതങൾക്കും സർവ്വേശ്വരനായ അങേയ്ക്കായി ഇവിടെ ആർക്കെന്തുപകാരം ചെയ്യുവാൻ സാധിക്കും?. ഭൗതികസുഖം നേടിയെടുക്കുവാനുള്ള സ്വാർത്ഥതയിൽ കാലാകാലങളിൽ മനുഷ്യർ ലക്ഷ്മീദേവിയെ ആരാധിച്ച്, അവളുടെ പാദരജസ്സുകളെ ശിരസ്സിലേൽക്കുന്നു. എന്നാൽ ആ ഐശ്വര്യദേവതയാകട്ടെ, മധുപരാജൻ അവിടുത്തെ അംഘ്രിയുഗളത്തിൽ ഭക്തന്മാരർച്ചിച്ച തുളസിയിലകളുടെ പരിമളം നുകരുവാൻവേണ്ടി, ആ പൂമാലയിൽ ഒരിടം തേടി അതിനെ ചുറ്റിപറ്റിപ്പറക്കുന്നതുപോലെ, അങയുടെ പരിലാളനങൾക്കായി അങയെ പിരിയാതെ അവൾ സദാസമയം അവിടുത്തെ മാറോടുചേർന്നുകഴിയുന്നു. ഹേ ഭഗവാനേ!, അങ് സദാസമയവും അവിടുത്തെ ഉത്തമ ഭക്തന്മാരുടെ ചേഷ്ടകളിൽ ആനന്ദം കണ്ടു രസിക്കുന്നു. എന്നാലോ, അങയെ അനുസ്യൂതം നിർമ്മലഭക്ത്യാ പരിചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയെ അവിടുന്ന് കണ്ടില്ലെന്നും നടിക്കുന്നു. അങനെ നിത്യനിർമ്മലനായ അങയെ ബ്രാഹ്മണരുടെ പാദരജസ്സാൽ എങനെ പവിത്രമാക്കാനാകും?. അഥാവാ, ശ്രീവസ്തം പോലും അങയെ ഏതുവിധത്തിൽ മഹത്വവത്ക്കരിക്കും എന്ന് അടിയങൾക്ക് മനസ്സിലാകുന്നില്ല പ്രഭോ!.

ധർമ്മത്തിന്റെ മൂർത്തരൂപമായ അങ് കഴിഞ മൂന്ന് യുഗങളിലും അവതരിച്ച് സകലചരാചങളേയും കാത്തുരക്ഷിച്ചു. അല്ലയോ സത്വഗുണസ്വരൂപനായ ഭഗവാനേ!, ഞങൾ ബ്രാഹ്മണരേയും ദേവന്മാരേയും രജസ്തമസാദി ദുർഗ്ഗുണങൾ തീണ്ടാതെ കാത്തുകൊള്ളേണമേ!. ഹേ നാരായണാ!, അങ് ഭക്തോത്തമന്മാരുടെ രക്ഷകനാണ്. അവരുടെ നന്മയെ പരിരക്ഷിക്കേണ്ടത് അങയുടെ കടമയും. അല്ലാത്തപക്ഷം, അവിടുത്തെ പാതയെ പ്രമാണമാക്കി വർത്തിക്കുന്ന സാധാരണജനങൾ കൂട്ടത്തോടെ അധർമ്മത്തിന്റെ പാദയിലേക്ക് വഴുതിവീഴുന്നതാണ്. ഭഗവാനേ!, സത്വഗുണനിധിയായ അങ് ഒരിക്കലും ധർമ്മച്യുതി ആഗ്രഹിക്കുന്നില്ല. മാത്രമല്ലാ, അവിടുത്തെ പരമതേജസ്സാൽ ഈ പ്രപഞ്ചത്തിനുണ്ടാകുന്ന സകല പ്രതികൂലശക്തികളേയും അങ് നിഗ്രഹിക്കുകയും ചെയ്യുന്നു. അതുവഴി സൃഷ്ടിസ്ഥിതിപ്രളയങൾക്ക് ഏകകാരണനായ അവിടുന്ന് അവ്യയവീര്യനായി തന്റെ ലീലകൾ കൊണ്ടാടുന്നു.

ഭഗവാനേ!, ഞങൾ ഈ പാവം ദ്വാരപാലകരെ ശപിച്ചുവെന്നുള്ളത് നേരാണ്. നിരപരാധികളായ ഇവർക്കോ, ഇവരെ ശപിച്ച ഞങൾക്കോ അങ് ഏത് ശിക്ഷ തന്നാലും അത് ഞങളുടെ സൗഭാഗ്യമായി കരുതി ഞങളതിനെ സുമനസാ സ്വീകരിക്കുന്നു".

ശ്രീഭഗവാൻ പറഞു: "ഹേ ബ്രാഹ്മണോത്തമന്മാരേ!, നിങളിൽനിന്നും ഇവർക്കേൽക്കേണ്ടിവന്ന ശിക്ഷ, യഥാർത്ഥത്തിൽ നമ്മിൽനിന്നുതന്നെ ഉണ്ടായതാണ്. തല്ഫലമായി ഇവർ ഒരു അസുരയോനിയിൽ ജന്മമെടുക്കുകയും, അതിലൂടെ നിത്യനിരന്തരമായി നമ്മിൽ ദ്വേഷഭക്തിവയ്ക്കുകയും ചെയ്യും. ഹൃദയത്തിൽ നമ്മെക്കുറിച്ചുള്ള ഭീതിയുൾക്കൊണ്ടുകൊണ്ടു, ഇവർ അനുസ്യൂതം നമ്മെ വിദ്വേഷഭാവത്തിൽ അനുസ്മരിച്ച്, ഒടുവിൽ നമ്മോടുചേരുകയും ചെയ്യും".

ബ്രഹ്മദേവൻ തുടർന്നു: "ദേവന്മാരേ!, അങനെ അത്യപൂർവ്വമായ ഈ സംഭവത്തിനുശേഷം, ഭഗവാൻ ഹരിയെ ദർശിച്ച് സനകാദികുമാരന്മാർ സ്വയംപ്രഭാപൂരിതമായ ആ പരംധാമത്തിൽനിന്നും വിടവാങാൻ തീരുമാനിച്ചു. ഭഗവാനെ വലംവച്ച് നമസ്ക്കരിച്ചുകൊണ്ട്, ആ കാരുണ്യവാൻ നൽകിയ അദ്ധ്യാത്മജ്ഞാനവും ഹൃദയത്തിലേറ്റി, ഭക്തനും ഭഗവാനും രണ്ടല്ലെന്നറിഞ അതിരറ്റ ആനന്ദത്തോടുകൂടി  അവർ വൈകുണ്ഠലോകം പിൻവാങി.

തുടർന്ന് ഭഗവാൻ തന്റെ പാർശ്വദന്മാരോടായിക്കൊണ്ട് പറഞു: "ഹേ ജയവിജന്മാരേ!, നിങൾ നിർഭയരായി പൊയ്ക്കൊള്ളുക. നിങൾക്ക് സർവ്വമംഗളങളും നേരുന്നു. ഇന്ന് നിങൾക്കുവന്നുഭവിച്ച ബ്രാഹ്മണശാപത്തെ വ്യർത്ഥമാക്കുവാൻ നമുക്ക് കഴിയുമെങ്കിലും നാം അതിനു തുനിയുന്നില്ല. കാരണം നമ്മുടെ സമ്മതത്തോടുതന്നെയാണ് നിങൾക്ക് ആ ശാപമേൽക്കേണ്ടിവന്നത്. ലക്ഷ്മീദേവിയും ഇതിനെ മുമ്പൊരിക്കൽ ശരിവച്ചിരുന്നു. അതിനും കാരണമുണ്ട്. സദാകാലവും നമ്മുടെ ശക്തിയായി അരികിൽ വർത്തിച്ച് നമ്മുടെ പാദാരവിന്ദത്തെ പൂജിച്ചുകഴിഞിരുന്ന അവളേയും ഒരിക്കൽ നിങൾ നാം നിദ്രയിലായിരിക്കെ തടഞുനിറുത്തിയിരുന്നു. നാം നിങൾക്കുറപ്പുതരുകയാണ്, നമ്മിൽ വിദ്വേഷഭക്തിവച്ചുകൊണ്ട്, അതിൽനിന്നുണ്ടാകുന്ന നിത്യനിരന്തരമായ അദ്ധ്യാത്മയോഗസാധനയിലൂടെ ഹൃദയം ശുദ്ധമായി, ബ്രാഹ്മണനിന്ദയിൽനിന്നും നിങൾക്കുണ്ടായ ഈ ശാപം തീർന്ന്, വളരെ വേഗംതന്നെ നിങൾ നമ്മെ പ്രാപിക്കുന്നതാണ്".

ബ്രഹ്മദേവൻ പറഞു: "വൈകുണ്ഠദ്വാരത്തിൽ വച്ച് ജയവിജയന്മാരോട് ഇങനെ ഉപദേശിച്ചുകൊണ്ട്, ഭഗവാൻ ലക്ഷ്മീസമേതനായി വിമാനശ്രേണിവിഭുഷണവും, അത്യതിശയകരവുമായ തന്റെ പരമധാമത്തിലേക്കുമടങി. പക്ഷേ, ജയവിജന്മാർ എന്ന ഗീർവ്വാണഋഷഭന്മാർ സനകാദികളുടെ ശാപത്തിനിരയായതുകാരണം, അവർ സർവ്വൈശ്വര്യങളും നഷ്ടപ്പെട്ട്, ഹതശ്രിയരായി, ദുർമുഖരായി, വൈകുണ്ഠലോകത്തിൽനിന്നും താഴേയ്ക്ക് നിലംപൊത്തി. പുത്രന്മാരേ!, ജയവിജയന്മാർ പുണ്യം ക്ഷയിച്ച് നിലം പൊത്തിയസമയം വൈകുണ്ഠത്തിൽ ഉഗ്രവിമാനങളിലിരിക്കുന്ന ദേവതകൾ തങൾക്കുണ്ടായ നിരാശയെ കാട്ടുവാനായി "ഹാഹാകാരം" മുഴക്കി.

ദേവതകളേ!, ശാപബാധിതരായ ആ വൈകുണ്ഠദ്വാരപാലകന്മാർ അതീവവീര്യമാർന്ന കശ്യപരുടെ ബീജത്തിലൂളെ ദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു. പിറക്കാനിരിക്കുന്ന ആ അസുരജന്മങളുടെ തേജസ്സാണ് നിങളെ ഉപദ്രവിക്കുന്നതും, നിങളുടെ ശക്തിയെ ക്ഷയിപ്പിച്ചിരിക്കുന്നതും. നാം നിങളുടെ രക്ഷാർത്ഥം അശക്തനാണ്. ഭഗവാൻ ഹരിക്കുമാത്രമേ ഇനി നമ്മളെ ഈ ദുഃഖത്തിൽനിന്നും രക്ഷിക്കാനാകൂ. കാരണം ഇതെല്ലം അവന്റെ ലീലകളത്രേ!.

പുത്രന്മാരേ!, ഭഗവാൻ വിഷ്ണു തന്നെയാണ് സത്വരജസ്തമസ്സാദി ത്രിഗുണങളുടെ ഈശ്വരൻ. അവൻ തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരത്തിന് മൂലഹേതുവും. മഹായോഗികൾക്കുപോലും അവന്റെ യോഗമായയെ ഉള്ളവണ്ണമറിയാൻ കഴിഞിട്ടില്ല. ആദിപുരുഷനായ അവൻ തന്നെ നമ്മെ രക്ഷിക്കട്ടെ!. നമ്മൾ ഈ കാര്യത്തിൽ അശക്തരാണെന്നറിയുക.

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<<  >>>>>>>അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ