Gajendramoksham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Gajendramoksham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

8.4 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രന്റെ പൂർവ്വചരിത്രം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 4
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രന്റെ പൂർവ്വചരിത്രം.)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തു് രാജൻ!, ഭഗവാൻ ശ്രീഹരി ഗജേന്ദ്രനെ നക്രവൿത്രത്തിനിന്നും മുക്തനാക്കി. ആ സമയം ബ്രഹ്മാദിദേവതകൾ ഭഗവാനെ സ്തുതിച്ചുകൊണ്ടു് പൂമഴ ചൊരിഞ്ഞു. ദേവലോകത്തു് ദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു. ഋഷികളും, സിദ്ധന്മാരും, ചാരണന്മാരും ഭഗവാനെ സ്തുതിച്ചു. രാജൻ!, ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വനായിരുന്നു ഈ മുതല. ഒരിക്കൽ, ദേവലൻ എന്ന മുനിയുടെ ശാപം കാരണമാണു് അവൻ നക്രരൂപത്തെ പൂണ്ടു് ജനിക്കാനിടയായതു. ഇന്നിതാ ഗജേന്ദ്രനോടൊപ്പം ആ ഗന്ധർവ്വനും ശാപമോക്ഷം നേടി, തന്റെ ഗന്ധർവ്വരൂപത്തെ വീണ്ടെടുത്തിരിക്കുന്നു.

[ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വൻ ഒരിക്കൽ ഈ തടാകത്തിൽ ജലക്രീഡ ചെയ്തുകൊണ്ടിരുന്ന സമയം, ദേവലൻ എന്ന മുനി കുളിയ്ക്കുവാനായി ഇതിലിറങ്ങുകയും, അഹങ്കാരമത്തനായ ഹൂഹൂ വെള്ളത്തിനടിയിലൂടെ ചെന്നു് മുനിയുടെ കാലിൽ പിടിച്ചുവീഴ്ത്തുകയും ചെയ്തു. പ്രകോപിതനായ മുനി, ഇനിമേൽ നീ ജലത്തിൽ മുതലയായി ഭവിക്കുക! എന്ന ശാപം നൽകി. മാപ്പപേക്ഷിച്ച ഹൂഹൂവിനോടു്, ഒരിക്കൽ നീ ഇങ്ങനെ ഗജേന്ദ്രന്റെ കാലിൽ പിടികൂടുക, അന്നു് അവനെ നിന്നിൽനിന്നും മോചിപ്പിക്കുവാൻ വരുന്ന ഭഗവാൻ ഹരി നിന്നെയും ഈ ശാപത്തിൽനിന്നും മുക്തനാക്കും എന്നു് പറഞ്ഞു് അവനനെ സമാധാനിപ്പിച്ചു.. ഇതാണു് ഈ ആഖ്യാനത്തെ സംബന്ധിച്ച പുരാവൃത്തം.]
ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, പിന്നീടു്, ആ ഗന്ധർവ്വൻ, ഉത്തമശ്ലോകനും, അവ്യയനും, കീർത്തിതചരിതനും, സർവ്വൈശ്വര്യങ്ങളുടേയും പരമധാമവുമായ ഭഗവാനെ ശിരസ്സാ നമിച്ചുകൊണ്ടു് പ്രകീർത്തിച്ചു. അങ്ങനെ, അനുഗ്രഹീതനായ ഹൂഹൂ ഭഗവനെ പ്രദക്ഷിണം വച്ചുനമസ്ക്കരിച്ചതിനുശേഷം, പാപവിമുക്തനായി സർവ്വരും നോക്കിനിൽക്കെ തന്റെ ഗന്ധർവ്വലോകത്തിലേക്കു് മടങ്ങി. ഭഗവദ്സ്പർശത്താൽ അജ്ഞാനബന്ധനത്തിൽനിന്നും മുക്തനായ ഗജേന്ദ്രനാകട്ടെ, ഉടൻ‌തന്നെ ശ്രീഹരിയുടെ സ്വാരൂപ്യത്തെ പ്രാപിക്കുകയും ചെയ്തു.

രാജാവേ!, ഈ ഗജേന്ദ്രൻ തന്റെ പൂർവ്വജന്മത്തിൽ ഇന്ദ്രദ്യുമ്നൻ എന്ന പേരിൽ വിഖ്യാതനായ പണ്ഡ്യരാജ്യത്തെ ഒരു രാജാവായിരുന്നു. മാത്രമല്ല, ദ്രാവിഡവംശത്തിന്റെ ചൂഢാമണിയും, ഹരിയുടെ കടുത്ത ആരാധകനുമായിരുന്നു. ഒരിക്കൽ, ഈ രാജർഷി ജടാധാരിയായി ആത്മനിഷ്ഠയോടുകൂടി, കുലാചലത്തിലുള്ള തന്റെ ആശ്രമത്തിൽ കുളി കഴിഞ്ഞു്, മൌനിയായി ഭഗവാൻ ഹരിയെ യഥാവിധി പൂജിക്കുകയായിരുന്നു. ആ സമയം അവിടെ അഗസ്ത്യമുനി തന്റെ ശിഷ്യഗണങ്ങളോടൊപ്പം വന്നുചേർന്നു. എന്നാൽ, അതറിയാതെ മൌനിയായി ഏകാന്തതയിൽ ഈശ്വരാരാധനം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രദ്യുമ്നനെ കണ്ടു് തന്നോടനാദരവുകാട്ടിയതായി കണക്കിലെടുത്തു് മുനി കോപിക്ക്യുകയും, അദ്ദേഹത്തെ ശപിച്ചുകൊണ്ടിങ്ങനെ പറയുകയും ചെയ്തു: ദുർമ്മനസ്ക്കനും അകൃതബുദ്ധിയും ബ്രാഹ്മണരെ മാനിക്കാത്തവനുമായ ഇവൻ ഇപ്പോൾത്തന്നെ ഘോരമായ അന്ധകാരത്തിലേക്കു് പതിക്കട്ടെ!. സ്തബ്ധബുദ്ധിയായ ഇവൻ മേലിൽ ഒരാനയായിത്തീരട്ടെ!.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ആ സംഭവത്തിനുശേഷം, അഗസ്ത്യമുനി തന്റെ ശിഷ്യഗണങ്ങളോടൊപ്പം അവിടെനിന്നും യത്രയായി. ദേവർഷിയായ ഇന്ദ്രദ്യുമ്നൻ ആ ശാപത്തെ ഈശ്വരകല്പിതമെന്നുകണ്ടു് സമാധാനിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം ഗജരൂപം പ്രാപിച്ചു. എന്നാൽ ശ്രീഹരിയുടെ ഭക്തനായിരുന്നതിനാൽ അദ്ദേഹത്തിനു് ആനയുടെ ജന്മത്തിലും പൂർവ്വജന്മസ്മരണയുണ്ടായിരുന്നു. രാജാവേ!, നക്രത്തിന്റെ പിടിയിലകപ്പെട്ടുവലയുകയായിരുന്ന ഗജേന്ദ്രനെ ആ ശാപത്തിൽനിന്നും മുക്തനാക്കി ഭഗവാൻ തന്റെ പാർഷദപദവി കൊടുത്തു് അവനെ അനുഗ്രഹിച്ചു. തുടർന്നു്, ഗന്ധർവ്വന്മാരും സിദ്ധന്മാരും ദേവന്മാരും പ്രകീർത്തിച്ചുകൊണ്ടു് നിൽക്കെ, ഇന്ദ്രദ്യു‌മ്നനോടൊപ്പം ഭഗവാൻ ഗരുഡോപരി വൈകുണ്ഠത്തിലേക്കു് യാത്രയായി.

രാജൻ!, ഇതാണു് ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം. ഹേ കുരുശ്രേഷ്ഠാ!, ശ്രീകൃഷ്ണമാഹാത്മ്യമാകുന്ന ഈ ഉപാഖ്യാനത്തെ കേൾക്കുന്നവർക്കു് നല്ലതു് ഭവിക്കുകയും, കീർത്തി വളരുകയും, ദുസ്വപ്നങ്ങളും കലിദോഷങ്ങളും തീരുകയും ചെയ്യും. അതുകൊണ്ടു്, ഈ പറഞ്ഞ അനുഗ്രഹങ്ങളാഗ്രഹിക്കുന്നവർ പ്രത്യുഷസ്സിൽ എഴുന്നേറ്റു് ശുദ്ധിയോടും ഭക്തിയോടും കൂടി ഈ ആഖ്യാനത്തെ കീർത്തിക്കണം. ഹേ പരീക്ഷിത്തേ!, സർവ്വഭൂതമയനായ വിഭു, ശ്രീഹരി ഗജേന്ദ്രനിൽ പ്രീതനായി സകല ജീവഭൂതങ്ങളും കേൾക്കെ അവനോടു് പറഞ്ഞു. എന്നേയും, നിന്നേയും, ഈ സരസ്സിനേയും, ഇക്കാണുന്ന ഗിരികന്ദരകാനങ്ങളേയും, ഈ വൃക്ഷലതാതികളേയും, കുടിലുകളേയും, ദേവദാരുക്കളേയും, ഇക്കാണുന്ന ഗിരിശൃംഗങ്ങളേയും, കൂടാതെ, എനിക്കേറെ ഇഷ്ടമായ പാലാഴിയേയും,  ഭാസുരമായ ശ്വേതദ്വീപിനേയും, എന്റെയീ ശ്രീവത്സകൌസ്തുഭാദികളേയും, കൌമോദകീഗദയേയും, പാഞ്ചജന്യശംഖത്തേയും, പതംഗേശ്വരനായ ഈ ഗരുഡനേയും, എന്റെ സൂക്ഷ്മകലയായ ഈ ശേഷനേയും, എന്നിൽ ആശ്രയം കൊണ്ടിരിക്കുന്ന ലക്ഷ്മീഭഗവതിയേയും, ബ്രഹ്മദേവനേയും, ശംഭുവിനേയും, ദേവർഷിയായ നാരദനേയും, മത്ഭക്തനായ പ്രഹ്ലാദനേയും, മത്സ്യാദി അവതാരങ്ങളിൽ ഞാൻ ചെയ്ത അന്തമായ പുണ്യകർമ്മങ്ങളേയും, സൂര്യചന്ദ്രാഗ്നികളേയും, ഓംകാരമന്ത്രത്തേയും, സത്യത്തേയും, എന്റെ മായയേയും, ഗോവിപ്രന്മാരേയും, അവ്യയമായ സനാതനധർമ്മത്തേയും, ദക്ഷപുത്രികളേയും, ഗംഗ, സരസ്വതി, അളകനന്ദ, യമുന എന്നീ നദികളേയും, ഐരാവതത്തേയും, ധ്രുവനേയും, സപ്തർഷികളേയും, പുണ്യശ്ലോകന്മാരായ സത്ജനങ്ങളേയും ആരാണോ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റു് ഭക്തിയോടെ ഏകാന്തിയായി സ്വഹൃദയത്തിൽ സ്മരിക്കുന്നതു്, അവർ സകലപാപങ്ങളിൽനിന്നും മുക്തരാകുന്നു. കാരണം ഇപ്പറഞ്ഞവയെല്ലാം എന്റെ വിഭൂതിയുടെ മൂർത്തീഭാവങ്ങളാണു. യാതൊരുവൻ ഈ സ്തോത്രത്താൽ എന്നെ സ്തുതിക്കുന്നുവോ, അവരുടെ പ്രയാണകാലത്തിൽ ഞാൻ അവർക്കു് നിർമ്മലമായ ബുദ്ധിയെ പ്രദാനം ചെയ്യുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, തുടർന്നു്, ഋഷീകേശനായ ഭഗവാൻ ശ്രീഹരി തന്റെ പാഞ്ചജന്യശംഖത്തെ ഉച്ചത്തിൽ മുഴക്കി. ആ പ്രണവാകരത്തെക്കൊണ്ടു് ദേവന്മാരാരെ സന്തോഷത്തിലാറാടിച്ചുകൊണ്ടു് ഭഗവാൻ വാഹനമായ ഗരുഡന്മേലേറി തന്റെ പരംധാമത്തിലേയ്ക്കു് പോകാനൊരുങ്ങി.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Gajendra releived from the curse by Saint Agasthya

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

8.3 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 3
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തു് രാജൻ!, ഭഗവാൻ മാത്രമാണു് ഏകാശ്രയം എന്നു് ഉള്ളിലുറച്ച ഗജേന്ദ്രൻ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ടു് കഴിഞ്ഞ ജന്മത്തിൽ താൻ ഗ്രഹിച്ചിരുന്ന പരമായ ആ സ്തോത്രത്തെ ജപിക്കുവാൻ തുടങ്ങി.

ഗജേന്ദ്രൻ പറഞ്ഞു: ദേഹേന്ദ്രിയാദി സംഘാതത്തിനെ ചൈതന്യവത്താക്കിവയ്ക്കുന്നവനും, അതിനുള്ളിൽ അന്തര്യാമിയായി വർത്തിക്കുന്നവനും, സർവ്വൈശ്വര്യപൂർണ്ണനുമായ ആ പ്രണവസ്വരൂപനു് ഹൃദയംകൊണ്ടു് എന്റെ നമസ്ക്കാരം!. വിശ്വത്തെ ധരിക്കുന്നവനും, അതിന്റെ പരമകാരണമായവനും, അതിന്റെ സൃഷ്ടാവായവനും, അതിനെ തന്റെ വിരാട്സ്വരൂപമായി സ്വീകരിച്ചിരിക്കുന്നവനും, എന്നാൽ സർവ്വതിനും പരനായി വർത്തിക്കുന്നവനുമായ ആ സ്വയംഭുവിനെ ഞാൻ ശരണം പ്രാപിക്കുന്നു. ആ പരമപുരുഷൻ ഈ വിശ്വത്തെ തന്റെ മായാശക്തിയാൽ ചിലപ്പോൾ വ്യക്തമാക്കുകയും, മറ്റുചിലപ്പോൾ അവ്യക്തമാക്കുകയും ചെയ്യുന്നു. അവൻ കാര്യവും കാരണവും സർവ്വസാക്ഷിയുമാകുന്നു. ഈവിധം സർവ്വതിനും പരനായി നിൽക്കുന്ന ആ ഈശ്വരൻ എന്നെ രക്ഷിക്കുമാറകട്ടെ!. ഈ പ്രപഞ്ചം അവന്റെ മായാശക്തിയാൽ അതിന്റെ പരമകാരണത്തിലേക്കുൾവലിയുമ്പോൾ ഇവിടെ ഘോരമായ അന്തകാരം മാത്രം ബാക്കിയാകുന്നു. എന്നാൽ അവനാകട്ടെ, ആ ഇരുട്ടിനും പരനായി പ്രകാശിക്കുന്നു. അങ്ങനെയുള്ള സ്വയംജ്യോതിരൂപനെ ഞാൻ ആശ്രയിക്കുന്നു.

വിവിധവേഷങ്ങളണിഞ്ഞു് അരങ്ങിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു നടനെയെന്നതുപോലെ, അവന്റെ യഥാർത്ഥസ്വരൂപത്തെ ദേവന്മാരോ ഋഷികളോ പോലും അറിയുന്നില്ല. പിന്നെങ്ങനെ ഞങ്ങളെപ്പോലുള്ള ജന്തുക്കൾക്കവനെ അറിയാൻ സാധിക്കുന്നു?. ദേവന്മാരാലും ഋഷികളാൽ പോലും അവർണ്ണനീയനായ ആ ഭഗവാഎന്നെ രക്ഷിച്ചരുളട്ടെ!. സമദർശികളും ബ്രഹ്മചര്യാദി ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവരുമായ ഋഷീശ്വരന്മാർ പോലും തന്തിരുവടിയുടെ പദകമലത്തെ ദർശിക്കുവാൻ കൊതിക്കുന്നു. ആ പരമപുരുഷൻ എനിക്കാശ്രയമായി ഭവിക്കട്ടെ!. അവൻ ജന്മരഹിതനും നിഷ്കർമ്മിയും, നാമരൂപരഹിതനും, ഗുണദോഷരഹിതനുമാകുന്നു. എന്നാലും, ലോകസംഗ്രഹത്തിനായി അവൻ കാലാകാലങ്ങളിൽ മനുഷ്യരൂപത്തിൽ ഇവിടെ അവതാരങ്ങളെടുക്കുന്നു. നാനാരൂപങ്ങളിലവതരിച്ചു് മായാശക്തിയാൽ തന്റെ മഹിമകളെ കൊണ്ടാടുന്നു. ആ പരബ്രഹ്മത്തിനെന്റെ നമസ്ക്കാരം!.

മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, ബുദ്ധികൊണ്ടോ അറിയാപ്പെടാത്തവനും, സകലഹൃദയങ്ങളിലും സാക്ഷിയായി വർത്തിക്കുന്നവനും, സ്വയംജ്യോതിരൂപനുമായ ആ നാരായണസ്വാമിക്കെന്റെ നമസ്ക്കാരം!. അവനെ സത്തുക്കൾ ഭക്തിയോഗത്താൽ സാക്ഷാത്ക്കരിക്കുന്നു. മോക്ഷത്തിന്റെ സ്വരൂപമായും, മോക്ഷം പ്രധാനം ചെയ്യുന്നതിനുള്ള അധികാരിയായിരിക്കുന്നവനുമായ ആ മഹാപ്രഭുവിനു് നമോവാകം!. തന്തിരുവടിയുടെ വിവിധ അവതാരങ്ങളെ ഞാൻ നമസ്ക്കരിക്കുന്നു. ഗുണങ്ങളെ സ്വീകരിച്ചവനും ഗുണാതീതനുമായ ചൈതന്യരൂപനു് എന്റെ നമസ്ക്കാരം!. സകലഭൂതങ്ങളിലും ആത്മചൈതന്യമായും സാക്ഷിയായും വർത്തിക്കുന്നവനും ജീവാത്മാക്കൾക്കും മൂലപ്രകൃതിക്കുംതന്നെ പരമകാരണനായിരിക്കുന്നവനുമായ ആ ഭഗവാനെന്റെ നമസ്ക്കാരം!. അവൻ സർവ്വേന്ദ്രിയങ്ങളുടേയും ദ്രഷ്ടാവാണു. അവയുടെ പ്രവർത്തനാത്താൽ പ്രതീതിവിഷയമായിരിക്കുന്നവനും അവൻതന്നെ. അവന്റെ സ്വരൂപമായതിനാൽത്തന്നെ ഈ പ്രപഞ്ചത്തെ ലോകം സത്യമായി ഗണിക്കപ്പെടുന്നു. .

ഭഗവാനേ!, അങ്ങു് സകലകാരണങ്ങളുടേയും പരമകാരണമാകുന്നു. സകലശാസ്ത്രങ്ങളുടേയും സത്ത അങ്ങാകുന്നു. സകലമുമുക്ഷുക്കൾക്കും മോക്ഷപ്രദായകനായ അങ്ങുമാത്രമാണു് എനിക്കുന്നു് അഭയമായിട്ടുള്ളതു. ആയതിനാൽ, ഞാൻ നിന്തിരുവടിയുടെ തൃപ്പാദങ്ങളിൽ നമസ്ക്കാരമർപ്പിച്ചുകൊള്ളട്ടെ!. ഭഗവാനേ!, അരണിയിലെ അഗ്നി ചാരത്താൽ മൂടപ്പെട്ടിരിക്കുന്നതുപോലെ, ത്രിഗുണാതീതനായ അങ്ങും ത്രിഗുണങ്ങളാൽ മോഹിക്കപ്പെട്ടിരിക്കുന്നവരുടെ അജ്ഞാനത്താൽ മറയപ്പെട്ടിരിക്കുന്നു. എന്നാൽ, അങ്ങയെ അറിയുന്നവർക്കു് വേദത്തിലെ കർമ്മകാണ്ഡങ്ങളിൽ ആസക്തിയുണ്ടാകുന്നില്ല. അങ്ങനെയുള്ളവരുടെ ഹൃദയത്തിൽ അങ്ങു് അദ്ധ്യാത്മരൂപനായി കുടിയരുളുന്നു. ഹേ നാഥാ!, ഇന്നു് അവിടുത്തെ തിരുമുമ്പിൽ ആശ്രിതനായി നിൽക്കുന്ന എന്നിൽ മോക്ഷസ്വരൂപനായ അങ്ങു് കനിയുമാറാകണം. ഹേ കാരുണ്യസിന്ധോ!, അടിയനെ രക്ഷിച്ചരുളിയാലും!. നിന്തിരുവടി പരമാത്മരൂപത്തിൽ സകലജീവഭൂതങ്ങളിലും വാണരുളുന്നവനാണു. അങ്ങു് സാക്ഷാത് അനന്തനും അദ്ധ്യാത്മസ്വരൂപനുമാനാണു. ആ തൃപ്പാദങ്ങളിൽ അടിയന്റെ നമസ്ക്കാരം!.

വിഷയങ്ങളിൽ നിന്നകന്നിട്ടുള്ളവർ അവനെ തങ്ങളുടെ ഹൃദയകമലങ്ങളിൽ കണ്ടുധ്യാനിക്കുന്നു. വന്റെ ആസ്ഥാനമായിരിക്കേണ്ട മനസ്സിനെ കുടുംബത്തിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വ്യാപരിപ്പിച്ചിരിക്കുന്ന ഞങ്ങൾക്കു് ഗുണാതീതനായ അവൻ തികച്ചും അപ്രാപ്യനാണു. ആ ജഗദീശ്വരൻ സകലൈശ്വര്യങ്ങളുടേയും ഉറവിടമാണു. അങ്ങനെയുള്ള അവന്റെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്ക്കാരം!. ധർമ്മാർത്ഥകാമമോക്ഷേച്ഛയോടെ അവനെ ആരാധിച്ചുകൊണ്ടു് മനുഷ്യർ അവരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നു. പിന്നെയാണോ മറ്റുള്ള വരങ്ങൾ!. എന്തിനുപറയാൻ!, ചിലപ്പോൾ അദ്ധ്യാത്മികശരീരത്തെപ്പോലും അവൻ തന്റെ ഭക്തന്മാർക്കായി പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള കാരുണ്യവാരിധി എന്നെ ഈ ദുഃഖത്തിൽനിന്നും രക്ഷിച്ചരുളട്ടെ!.

ഏകാന്തികളായ അവന്റെ ഭക്തന്മാർ ആ തൃച്ചേവടികളിൽ ആശ്രയം കൊണ്ടുകൊണ്ടു്, തന്തിരുവടിയുടെ ഗുണഗാനങ്ങളെ കീർത്തിച്ചുകൊണ്ടുനടക്കുന്നു. അവർ എപ്പോഴും ആനന്ദസാഗരത്തിൽ മഗ്നരാണു. അവർ യാതൊന്നും അവനിൽനിന്നാഗ്രഹിക്കുന്നില്ല. ഇന്നു് ഞാൻ ആപത്തിൽ പെട്ടിരിക്കുകയാണു. ആയതിനാൽ, ദേവാദിദേവനും അവ്യക്തനും അന്തര്യാമിയുമായ തന്തിരുവടിയിൽ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു. അതിസൂക്ഷ്മരൂപനായ ആ കരുണാമയൻ എന്റെ മനസ്സിനും ബുദ്ധിക്കും അഗ്രാഹ്യനാണു. ആ കാരണകാരണനെ ഞാൻ ആശ്രയിക്കുന്നു. ആ പരമപുരുഷൻ തന്റെ അംശത്താൽ ബ്രഹ്മാവാദിയായ സകലചരാചരങ്ങളേയും അവയുടെ നാനാനാമരൂപങ്ങളോടെ സൃഷ്ടിച്ചിരിക്കുന്നു. അഗ്നിയുടെ സ്ഫുലിംഗങ്ങൾ പോലെ, സൂര്യന്റെ രശ്മികൾ പോലെ, മനസ്സ്, ബുദ്ധി, അഹങ്കാരം, ഇന്ദ്രിയങ്ങൾ, ശരീരങ്ങൾ, ത്രിഗുണങ്ങൾ എന്നിവയെല്ലാം അവനിൽനിന്നുണ്ടായിരിക്കുന്നു, അതുപോലെ അവയെല്ലാം അവനിൽത്തന്നെ ലയിക്കുകയും ചെയ്യുന്നു. അവൻ ദേവനോ അസുരനോ മനുഷ്യനോ പക്ഷിമൃഗാദികളോ അല്ല. അവൻ സ്ത്രീയോ പുരുഷനോ നപുംസകമോ അല്ല. അവൻ ഗുണങ്ങളോ കർമ്മങ്ങളോ സത്തോ അസത്തോ അല്ലതന്നെ. ഇങ്ങനെ സമസ്തവും നിഷേധിച്ചു്, ഒടുവിൽ അവശേഷിക്കുന്നവനും, എന്നാൽ എല്ലാംതന്നെയുമായിരിക്കുന്ന അവൻ വിജയിക്കട്ടെ!.

ഈ മുതലയുടെ പിടിയിൽനിന്നു് രക്ഷപ്രാപിച്ചതിനുശേഷം ഞാൻ ഒരു നിമിഷം പോലും ജീവിക്കുവാൻ ആഗ്രഹിക്കുന്നില്ല. അകത്തും പുറത്തുമായി അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ആനയുടെ ശരീരം കൊണ്ടെന്തു് നേടാൻ?. എനിക്കു് ഈ അജ്ഞാനത്തിൽനിന്നും മുക്തിയാണാവശ്യം. കാരണം, ആ ജ്ഞാനം മാത്രമാണിവിടെ കാലത്താൽ നഷ്ടമാകാത്തതായിട്ടുള്ളതു. അതുകൊണ്ടു്, വിശ്വസൃഷ്ടാവും, വിശ്വതന്നെയായവനും, വിശ്വാതീതനും, വിശ്വത്തെ തന്റെ ഉപകരണമാക്കിയിരിക്കുന്നവനും, വിശ്വത്തിന്റെ ചൈതന്യമായിരിക്കുന്നവനും, അജനുമായ ആ ബ്രഹ്മസ്വരൂപനെ ഞാൻ നമസ്ക്കരിക്കുന്നു. ഭക്തിയോഗത്താൽ കർമ്മവാസനകൾ നശിച്ചവരും, യോഗശീലരുമായ യോഗികൾ യോഗത്താൽ ആരെയാണോ ഹൃദയത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നതു്, ആ യോഗേശ്വരനെ ഞാൻ നമസ്ക്കരിക്കുന്നു.

ഭഗവാനേ!, നിന്തിരുവടി ത്രിഗുണശക്തികളുടെ നിയന്താവാണു. സകലവിഷയസുഖങ്ങളും അങ്ങിൽനിന്നുണ്ടാകുന്നു. സർവ്വശക്തനായ അങ്ങു് ആത്മസംയമിയല്ലാത്തവർക്കു് അഗ്രാഹ്യനാണു. ആ വിഭുവിനെന്റെ നമോവാകം!. ആരുടെ മായയാലാണോ ജീവാത്മാക്കൾ അവിടുത്തെ അംശങ്ങളായിരിക്കെ, തങ്ങൾ ഈ ശരീരമാണെന്നു് വിചാരിക്കുന്നതു്, ആരുടെ മഹിമകളാണോ ഭക്തിഹീനന്മാർക്കു് അറിയാൻ കഴിയാത്തതു്, ആ ദേവനെ ഞാൻ നമസ്ക്കരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ, യാ‍തൊരു പ്രത്യേകദേവന്മാരുടേയും നാമരൂപങ്ങളുച്ചരിക്കാതെ ബ്രഹ്മതത്വത്തെമാത്രം അധിസംബോധന ചെയ്തു് ഗജേന്ദ്രൻ ഭഗവാനെ സ്തുതിച്ചു. വിവിധ നാമരൂപങ്ങളിൽ സ്വരൂപത്തെ നിർദ്ധാരണം ചെയ്യുന്ന ബ്രഹ്മാദി ദേവകളാരുംതന്നെ ഗജേന്ദ്രനെ രക്ഷിക്കുവാനായി അവിടെ എത്തിയില്ല. എന്നാൽ, സർവ്വാത്മാവും സർവ്വദേവതാസ്വരൂപനും ദേവാദിദേവനും തന്നെ സ്തുതിച്ചുകൊണ്ടിരിക്കുന്ന ഗജേന്ദ്രൻ അകപ്പെട്ടിരിക്കുന്ന ആപത്തിനെ കണ്ടറിഞ്ഞവനുമായ ഭഗവാൻ ഹരിയാകട്ടെ, ദേവതകൾക്കൊപ്പം ഗരുഡോപരി ഗജേന്ദ്രനുമുന്നിൽ അതിവേഗം വന്നുചേർന്നു.

ആ സരസ്സിനുള്ളിൽ അതിബലനായ നക്രത്തിന്റെ പിടിയിലകപ്പെട്ടു് വിവശനായ ഗജേന്ദ്രൻ, ചക്രായുധം കൈയ്യിലേന്തി ഗരുഡന്റെ പുറത്തിരുന്നരുളുന്ന ഭഗവാൻ ഹരിനാരായണനെക്കണ്ടു് ഒരു ചെന്താമരപ്പൂവു് പറിച്ചെടുത്തു് ഭഗവാനുനേരേ ഉയർത്തിപ്പിടിച്ചുകൊണ്ടു് പറഞ്ഞു: ഭഗവാനേ!, അഖിലജഗദ്ഗുരോ!, നാരായണാ!, നിന്തിരുവടിയ്ക്കെന്റെ നമസ്ക്കാരം!.

ശ്രീശുകൻ തുടർന്നു: രാജാവേ!, കാരുണ്യവാനായ ഭഗവാൻ ഗരുഡന്റെ തോളിൽനിന്നും താഴെയിറങ്ങി തടാകത്തിൽനിന്നും മുതലോയോടൊപ്പംതന്നെ ഗജേന്ദ്രനെ കരയിലേക്കണച്ചു. ശേഷം, ദേവന്മാരെല്ലാം നോക്കിനിൽക്കെ, ഭഗവാൻ തന്റെ ചക്രായുധത്താൽ മുതലയുടെ വൿത്രം കീറിമുറിച്ചുകൊണ്ടു് ആ നക്രത്തിന്റെ പിടിയിൽനിന്നും ഗജേന്ദ്രനെ മോചിപ്പിച്ചു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Gajendra prays to the Lord

2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

8.2 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രനെ മുതല പിടികൂടുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 2
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രനെ മുതല പിടികൂടുന്നതു.)


പരീക്ഷിത്തുരാജാവിന്റെ ചോദ്യത്തിനുത്തരമായി ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജൻ!, ഒരു പാൽക്കടലിനു് നടുവിൽ നൂറു് യോജന ഉയരമുള്ള ത്രികുടമെന്ന ഒരു മഹാപർവ്വതമുണ്ടു. ആ പർവ്വതത്തിലുള്ള വെള്ളി, ഇരുമ്പു്, സ്വർണ്ണം എന്നിവയുടെ മൂന്നു് ശൃംഗങ്ങൾ സമുദ്രത്തേയും, ദിക്കുകളേയും, ആകാശത്തേയും പ്രാകാശമാനമാക്കി. കൂടാതെ, രത്നങ്ങളാലും മറ്റു് ധാതുക്കളാലും നിർമ്മിതമായ വേറെയും ചില ശൃംഗങ്ങളും, വിവിധയിനം വൃഷങ്ങളും അരുവികളും അവിടെയുണ്ടു. ആ പർവ്വതത്തിന്റെ അടിവാരത്തിൽ നിരന്തരമായി പാൽക്കടലിന്റെ തിരകളടിച്ചുകൊണ്ടിരിക്കുന്നു. അതിലെ ഭൂപ്രദേശം മരതകപ്പച്ചരത്നക്കല്ലുകളാൽ മനോഹരമാണു.

സിദ്ധന്മാരും ചാരണന്മാരും ഗന്ധർവ്വന്മാരും വിദ്യാധരന്മാരും ഉരഗങ്ങളും കിമ്പുരുഷന്മാരും അപ്സരസ്സുകളും അവിടെ വിഹരിച്ചു. അവരുടെ സംഗീതം അവിടെയുണ്ടായിരുന്ന ഗുഹകൾക്കിടയിൽ മാറ്റൊലികൊണ്ടു. സിംഹങ്ങൾ അതിനെക്കേട്ടു് പരസ്പരം ശത്രുത്വത്തിൽ ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ആ പർവ്വതത്തിന്റെ താഴ്വരയിൽ വിവിധയിനം മൃഗങ്ങൾ വിഹരിക്കുന്നുണ്ടായിരുന്നു. അതിലെ ദേവവൃക്ഷങ്ങളിലിരുന്നുകൊണ്ടു് പക്ഷികൾ കൂജനമുതിർക്കുന്നു. അവിടെ ധാരാളം തടാകങ്ങളും നദികളുമുണ്ടു. തീരങ്ങൾ രത്നങ്ങൾപോലുള്ള മണൽത്തരികളാൽ തിളങ്ങുന്നു. അതിൽ ദേവസ്തീകൾ സ്നാനം ചെയ്യുമ്പോൾ അവരുടെ ശരീരസുഗന്ധത്തെ വഹിച്ചുകൊണ്ടു് മന്ദമാരുതൻ ആ പരിസരമാകെ പരിമളം പരത്തുന്നു.

ത്രികൂടാചലത്തിന്റെ താഴ്വരയിൽ ഋതുമത് എന്ന ഒരു പൂന്തോട്ടമുണ്ടായിരിന്നു. വരുണന്റേതായ ഈ പൂന്തോട്ടം ദേവന്മാരുടെ ക്രീഡാസ്ഥലമായിരുന്നു. എക്കാലവും അവിടം ഫലങ്ങളാലും പൂക്കളാലും സ‌മൃദ്ധമായിരുന്നു. പലതരം വൃക്ഷങ്ങളാൽ ത്രികൂടം ചുറ്റപ്പെട്ടുനിന്നു.

ആ പർവ്വതത്തിന്റെ താഴ്വരയിൽ താമരകൾകൊണ്ടുനിറഞ്ഞ ഒരു തടാകമുണ്ടു. ആമ്പൽ, കരിം‌കൂവ്വളം, സൌഗന്ധികം ശതദളം തുടങ്ങിയ പുഷ്പങ്ങളും അതിൽ ധാരാളമുണ്ടായിരുന്നു. സുഗന്ധങ്ങളാൽ ഉന്മത്തരായ വണ്ടുകൾ ആ പൂക്കൾക്കുചുറ്റും വട്ടമിട്ടു് പറന്നു. പക്ഷികൾ കളരവമുതിർക്കുന്നു. അരയന്നങ്ങളും മറ്റും അതിൽ നീന്തിക്കളിച്ചു. മത്സ്യങ്ങളുടേയും ആമകളുടേയും സഞ്ചാരത്തിനിടയിൽ ഇളകിവീഴുന്ന പൂമ്പൊടികൾ ജലത്താൽ പരിലസിക്കുന്നു.

രാജാവേ!, ഒരിക്കൽ അവിടെ വസിച്ചിരുന്ന ഒരു ഗജരാജൻ കുറെ പിടിയാനകളോടൊപ്പം മരങ്ങളേയും മറ്റു് കണ്ണിൽ കണ്ടതിനെയെല്ലാം തച്ചുതകർത്തുകൊണ്ടു് ആ കുറ്റിക്കാട്ടിലൂടെ മദോന്മത്തനായി സഞ്ചരിക്കുകയായിരുന്നു. അവന്റെ ഗന്ധമേൽക്കുന്ന മാത്രയിൽത്തന്നെ അവിടെയുള്ള മറ്റു് ആനകളും സിംഹങ്ങളുമടങ്ങുന്ന കാട്ടുജീവികൾ ഭയത്താൽ ഓടിയൊളിക്കുമായിരുന്നു. അവന്റെയനുഗ്രഹത്താൽ അവർ പേടികൂടാതെ മറ്റെവിടെയോ പോയി വിഹരിച്ചുതുടങ്ങി. തന്റെ സംഘങ്ങളോടൊപ്പം ത്രികൂടാചലത്തെ കിടിലം കൊള്ളിച്ചുകൊണ്ടു് മദിച്ചുനടന്ന ആ ഗജേന്ദ്രനു് വേനൽചൂടേറ്റപ്പോൾ അല്പം വെള്ളം കുടിക്കണമെന്നുതോന്നി. പൂമ്പൊടികളാൽ സുഗന്ധമേറിയ മേല്പറഞ്ഞ ആ തടകത്തിന്റെ ഗന്ധത്തെ മണത്തറിഞ്ഞുകൊണ്ടു് അവൻ പെട്ടെന്നു് അവിടേയ്ക്കെത്തി. ശേഷം, ആ തടാകത്തിലേയ്ക്കിറങ്ങി തന്റെ തുമ്പിക്കൈകൊണ്ടു് യഥേഷ്ടം ജലം കോരിക്കുടിയ്ക്കുകയും സ്വശരീരത്തെ നനച്ചു് ക്ഷീണമകറ്റുകയും ചെയ്തു. സ്നേഹമുള്ള ഒരു ഗൃഹനാഥനെപ്പോലെ അവൻ ജലം കോരിയെടുത്തു് മറ്റുള്ള പിടിയാനകളെയും കുഞ്ഞാനകളേയും കുടിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്തു. എന്നാൽ, ആ സമയം ഈശ്വരമായയാൽ അവനെ സമീപിച്ചുകൊണ്ടിരുന്ന ഒരാപത്തിനെപ്പറ്റി അവൻ അറിഞ്ഞതേയില്ല.

ഹേ രാജൻ!, ദൈവേച്ഛയാൽ ഉഗ്രനായ ഒരു മുതല അത്യധിമായ രോഷത്തോടെ അവന്റെ കാലിൽ പിടികൂടി. പെട്ടെന്നുണ്ടായ ആ ആപത്തിൽനിന്നും രക്ഷപെടുവാനായി തന്നാലൊക്കുംവിധം അവൻ ശക്തിയോടെ തന്റെ കാൽ പിന്നിലേക്കു് വലിച്ചു. എന്നാൽ, അതിശക്തനായ ആ മുതല അവനെ ഊക്കോടെ ആ തടാകത്തിനുള്ളിലേക്കു് വലിച്ചിഴച്ചു. അതുകണ്ടു് കൂടെയുണ്ടായിരുന്ന പിടിയാനകൾ പരിഭ്രാന്തരായി ബഹളമുണ്ടാക്കാൻ തുടങ്ങി. എന്നാൽ, യാതൊരുവിധത്തിലും അവർക്കവനെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞില്ല. അല്ലയോ രാജാവേ!, അകത്തോട്ടും പുറത്തോട്ടുമുള്ള അവരുടെ ആ പിടിവലിയിൽ സംവത്സരങ്ങൾ കടന്നുപോയി. എന്നിട്ടും, ജീവനോടെയിരിക്കുന്ന ഗജേന്ദ്രനെക്കണ്ടു് ദേവന്മാർ അത്ഭുതം കൂറി. ഇതിനിടയിൽ ആ കൊമ്പനാനയുടെ മനസ്സും ശരീരവും തളർന്നുകഴിഞ്ഞിരുന്നു. എന്നാൽ സദാ വെള്ളത്തിൽ കഴിയുന്ന നക്രമാകട്ടെ, ഒട്ടുംതന്നെ തളരാതെ തന്റെ ദൌത്യം തുടർന്നുകൊണ്ടിരുന്നു. പ്രാണൻ പോകാൻ ഇനി ഒട്ടും താമസമില്ലെന്നു് ഗജേന്ദ്രനു് മനസ്സിലായി. തുടർന്നു്, തനിക്കു് നേരിട്ട ആപത്തിൽനിന്നും സ്വയത്തെ രക്ഷിക്കുന്നതിലേക്കുള്ള വഴികളെ ആലോചിച്ചുകൊണ്ടിരുന്ന അവനിൽ ഒടുവിൽ ആ ആത്മബോധമുണർന്നു.

ഗജേന്ദ്രൻ ഓർത്തു: അവശനായ എന്നെ ഈ കൊമ്പനാനകൾക്കുപോലും രക്ഷിക്കുവാനാകുന്നില്ല. പിന്നെയെങ്ങനെയാണു് ദുർബലരായ ഈ പിടിയാനകൾക്കതിനു് സാധിക്കുക?. വിധി നക്രാകൃതിയിലുള്ള പാശത്താൽ എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇനി എനിക്കു് സർവ്വതിനും ആധാരഭൂതനായ ആ പരമാത്മാവുതന്നെ ശരണം. ബലശാലിയായ അന്തകസർപ്പത്തെ ഭയന്നു് തന്നെ ശരണം പ്രാപിക്കുന്നവരെ ആരാണോ പരിപാലിക്കുന്നതു്, യാതൊരുവനെ ഭയന്നാണോ മൃത്യുപോലും പരക്കം പായുന്നതു്, ആ ഈശ്വരനിൽ ഞാൻ അഭയം പ്രാപിക്കുന്നു.           

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Crocodile capture Gajendra's leg