ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം - 12
ശൗനകന്‍ ചോദിച്ചു: അല്ലയോ മുനേ, അങ് പറഞു, അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രത്തിന്റെ തേജസ്സില്‍ നിന്നും ഉത്തരയുടെ ഗര്‍ഭത്തെ സംരക്ഷിച്ചുകൊണ്ട് അതിലുണ്ടായിരുന്ന പരീക്ഷിത്ത് രാജാവിനെ കൃഷ്ണന്‍ രക്ഷിച്ചുവെന്നു. ബുദ്ധിമാനും മഹാത്മാവുമായ പരീക്ഷിത്തിന്റെ ജനനവും, കര്‍മ്മങളും, അദ്ദേഹത്തിന്റെ നിധാനത്തിനുശേഷമുള്ള കാര്യങളും എന്തൊക്കെയായിരുന്നു?. ശ്രീശുകബ്രഹ്മമഹര്‍ഷി പരീക്ഷിത്തിനുപദേശിച്ച ആ ബ്രഹ്മജ്ഞാനത്തെ അറിയുവാന്‍ ഞങള്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ട്. അതുകൂടി ഞങള്‍ക്ക് പറഞുതന്നാലും.
ശ്രീസൂതന്‍ പറഞു: അച്ചനെപ്പോലെ തന്നെ ധര്‍മ്മരാജാവ് യുധിഷ്ഠിരന്‍ തന്റെ രാജ്യത്തേയും പ്രജകളേയും സന്തുഷ്ടിയോടെ പരിപാലിച്ചുപോന്നു. ഭഗവത് സംഗം കൊണ്ടുണ്ടായ പവിത്രതയില്‍ ധര്‍മ്മപുത്രര്‍ വിഷയങളില്‍ നിന്നകന്ന് നിസ്പൃഹനായി തന്റെ കര്‍മ്മരംഗങളില്‍ പ്രവര്‍ത്തിച്ചു. ക്രമേണ അദ്ദേഹം മൂന്ന് ലോകങളിലും അതിപ്രശസ്തനായി. ധര്‍മ്മപുത്രന്‍ അനുഷ്ഠിച്ച യാഗങളും, അദ്ദേഹത്തിന്റെ കുടുംബമഹിമയും, വീരസഹോദര്‍ന്മാരെ കുറിച്ചും, ഭൂലോകത്തില്‍ അദ്ദേഹത്തിന്റെ ആധിപത്യത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങള്‍ സകലലോകങളിലും ചര്‍ച്ചാവിഷയങളായി.
അല്ലയോ ബ്രാഹ്മണന്മാരേ!, പക്ഷേ, മുകുന്ദനില്‍ മനസ്സുറച്ചവന് വിഷങളില്‍ എങനെ രമിക്കാന്‍ കഴിയും? ദേവന്മാര്‍ പോലും കൊതിക്കുന്ന സുഖഭോഗങളുടെ അധിപനായിരുന്നിട്ടുപോലും യുധിഷ്ഠിരന്‍ അവയില്‍ നിന്നൊക്കെ അകന്ന് ഭഗവാനില്‍ മനസ്സുറപ്പിച്ചു. ഹേ! ഭൃഗുവര്യാ!, അമ്മയുടെ ഗര്‍ഭത്തില്‍ കിടന്നുകൊണ്ട് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രാഗ്നിയുടെ ചൂടില്‍ ചുട്ടുപൊള്ളുന്ന സമയം, മറ്റേതോ ഒരു അത്ഭുതശക്തി തന്റെ രക്ഷയ്ക്കെത്തിയതായി വീരനായ പരീക്ഷിത്ത് മനസ്സിലാക്കിയിരുന്നു. തിളങുന്ന പൊന്നിന്‍ കിരീടവും, ഇടിമിന്നല്‍ പോലെ സ്ഫുരിക്കുന്ന മഞപട്ടും ധരിച്ച് കൈയ്യുടെ തള്ളവിരല്‍ മാത്രം വലിപ്പമുള്ള ഭഗവാന്റെ രൂപം പരീക്ഷിത്ത് ഉത്തരയുടെ ഗര്‍ഭത്തില്‍ കിടന്നു കണ്ടു. നാല് തൃക്കൈകളോടെ, രക്തനേത്രങളോടെ, കനകകുണ്ഡലങളുമണിഞ്, സകലദിക്കുകളും നിറഞുവാഴുന്ന ഭഗവാന് ചുറ്റും ഗദായുധം ഒരു ഉല്‍ക്കാഭ പോലെ ഭ്രമണം ചെയ്തു. സൂര്യന്‍ നീഹാരബിന്ധുക്കളെ ബാഷ്പീകരിക്കും വണ്ണം തന്നെ നിഗ്രഹിക്കാനെത്തിയ ബ്രഹ്മാസ്ത്രതേജസ്സിനെ ഭഗവാന്‍ ഇല്ലാതാക്കുന്നതും പരീക്ഷിത്ത് ഗര്‍ഭസ്ഥനായിരുന്നുകൊണ്ടുതന്നെ കണ്ടറിഞു. അന്നു താന്‍ കണ്ട രൂപം ആരുടേതായിരിക്കാം എന്ന് ചിന്തിച്ചു. ക്ഷണത്തില്‍ തന്നെ സര്‍വ്വഭൂതഹൃദിസ്ഥിതനും ധര്‍മ്മരക്ഷകനുമായ ഭഗവാന്‍ ഹരി പരീക്ഷിത്തിന്റെ ദര്‍ശനത്തില്‍ നിന്നും മറഞു. അത്നുശേഷം നല്ല ശകുനങള്‍ കണ്ടുതുടങി. ഗ്രഹങളെല്ലാം അനുകൂലരൂപത്തില്‍ വന്നു. അപ്പോള്‍ പാണ്ഡവവംശത്തിന്റെ അനന്തരാവകാശിയായി മഹാനായ ശ്രീ പരീക്ഷിത്ത് രാജാവ് ഭൂജാതനായി.
പരീക്ഷിത്ത് രാജാവിന്റെ ജനനത്തില്‍ സന്തുഷ്ടനായ യുധിഷ്ഠിരന്‍, ധൗമ്യന്‍ കൃപാചാര്യര്‍ തുടങിയ ബ്രാഹ്മണോത്തമന്മാരെകൊണ്ട് കുട്ടിയുടെ ജാതകര്‍മ്മം അത്യന്തം മംഗളകരമായി ചെയ്യിപ്പിച്ചു. ദാനധര്‍മ്മങളെ യഥാവിധം അറിയുന്ന രാജാവ്, തതവസരത്തില്‍ സ്വര്‍ണ്ണം, ഭൂമി, ഗ്രാമം, ആന, കുതിര, അന്നം മുതലായ വസ്തുക്കളെ ബ്രാഹ്മണന്മാര്‍ക്ക് നല്‍കി അവരുടെ അനുഗ്രങള്‍ക്ക് പാത്രമായി. അതില്‍ സന്തുഷ്ടരായി ബ്രാഹ്മണര്‍ പറഞു: "അല്ലയോ പൗരര്‍ഷഭാ!, ഈ നവജാതശിശു പുരുവംശത്തിന്റെ മേല്‍ക്കോയ്മയെ അങേയറ്റം ഉയര്‍ത്തുന്നവനായിരിക്കും. പരിഗ്രഹസാധ്യമല്ലാത്ത ബ്രഹ്മാസ്ത്രതേജസ്സില്‍ നിന്ന്, സര്‍വ്വശക്തനും, സര്‍വ്വഭൂതഹൃദിസ്ഥിതനുമായ വിഷ്ണുഭഗവാനാണ് ഈ പുത്രനെ രക്ഷിച്ചെടുത്ത് അങയെ അനുഗ്രഹിച്ചത്. ആയതിനാല്‍ ഇവന്‍ ലോകത്തില്‍ വിഷ്ണുരാതന്‍ എന്ന നാമത്തില്‍ വിഖ്യാതനാകും. അവിടുന്ന് ഒട്ടും തന്നെ സശയിക്കേണ്ടതില്ല. ഈ കുഞ്, സര്‍വ്വഗുണഗണങളും തികഞ ഒരു ഭരണാധികാരിയും ഭഗവാനില്‍ അതീവ ഭക്തിയുള്ളവനുമായിരിക്കും.
യുധിഷ്ഠിരന് സന്തോഷമായി. ആകാംശ നിറഞ കണ്ണുകളോടെ അദ്ദേഹം ആ ബ്രാഹ്മണരോട് ചോദിച്ചു: "ഗുരോ!, ഈ കുഞ് ഞങളുടെ പൂര്‍വ്വികരെപ്പോലെ പേരും പെരുമയുമുള്ളവരാകുമോ? ഇവന്റെ ഭാവിയെ പറ്റിയറിയുവാന്‍ ഞങള്‍ക്കതിയായ ആഗ്രഹമുണ്ട്"
ബ്രാഹ്മണര്‍ പറഞു: "ഹേ രാജന്‍!, മനുപുത്രനായ ഇക്‌ഷ്വാകുവിന് തുല്യനാണ് ഈ കുട്ടി. ഇവന്‍ ബ്രാഹ്മണ്യത്തില്‍ സത്യസന്ധനായ ദശരഥന്റെ പുത്രന്‍ ശ്രീരാമനെപോലെയാകും. ദാനശീലനും ശരണാഗതരക്ഷകനുമായ ശിബിമഹാരാജാവിനെപ്പോലെ ഇവന്‍ യശ്ശസ്സുള്ളവനാകും. ദുഷ്യന്തപുത്രനെപ്പോലെ നിങളുടെ വംശത്തിന്റെ കീര്‍ത്തി ഇവന്‍ വാനോളം ഉയര്‍ത്തും. അര്‍ജ്ജുനനെ പോലെ ധനുര്‍വിദ്യയില്‍ അങേയറ്റം പ്രാവീണ്യമുള്ള ഇവന്‍ അഗ്നിക്ക് തുല്യം ശക്തിമാനും, സമുദ്രത്തെപ്പോലെ മറികടക്കപ്പെടാന്‍ കഴിയാത്തവനുമായിരിക്കും. ഈ കുഞ് മൃഗേന്ദ്രനെപ്പോലെ വിക്രമമുള്ളവനും, ഹിമവാനെപ്പോലെ നിഷേവ്യനും, തന്റെ പൂര്‍വ്വികന്മാരെപ്പോലെ അത്യന്തം സഹിഷ്ണുവുമായിരിക്കും. തന്റെ മുത്തച്ചനെപ്പോലെ സമചിത്തനും ദാനശീലനുമായിരിക്കും. കൈലാസനാഥനായ ശ്രീപരമേശ്വരനെപ്പോലെയും, രമാപതിയായ വിഷ്ണുവിനെപ്പോലെയും ഇവന്‍ സകലഭൂതങള്‍ക്കും ആശ്രയസ്ഥാനവുമായിരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സകല സത്ഗുണങളും ഇവനുണ്ടാകും. മാത്രമല്ല, രന്തിദേവനെപ്പോലെ ഉദാരമതിയും, യയാതിയെപ്പോലെ ധാര്‍മ്മികനുമായിരിക്കും.
ഹേ മഹാരാജാവേ!, ഈ കുട്ടി, ക്ഷമയില്‍ ബലിയെപ്പോലെയും, ഭക്തിയില്‍ പ്രഹ്ലാദനെപ്പോലെയുമായിരിക്കും. ഇവന്‍ അശ്വമേധയാഗങള്‍ ചെയ്തവന് തുല്യം അളവറ്റ അനുഭവസമ്പത്തിനുടമയുമായിരിക്കും. ഈ കുഞ് വളര്‍ന്ന് അനേകം രാജഋഷികള്‍ക്ക് മാതൃകയായി മാറും. ഭുവനത്തിന്റെ രക്ഷയ്ക്കും, ധര്‍മ്മപരിപാലനത്തിനും വേണ്ടി ഒരു വീരശൂരപരാക്രമിയെപ്പോലെ ഇവന്‍ അക്രമികളോട് പോരാടി വര്‍ത്തിക്കും. പിന്നീട് ഒരിക്കല്‍ ഒരു ബ്രാഹ്മണകുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ശരീരം വെടിയും എന്ന വാര്‍ത്തകേള്‍ക്കുന്നതോടെ ഈ മഹാത്മാവ് തന്റെ സകല ലൗകിക വിഷയങളും വെടിഞ് ഹരിയുടെ ചരണത്തില്‍ അഭയം പ്രാപിക്കും.
ഹേ രാജന്‍!, അങനെ രാജകീയമായ സകല സുഖഭോഗങളും ത്യജിച്ച് ഗംഗയുടെ തീരത്ത് ചെന്ന് വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയില്‍നിന്നും അദ്ധ്യാത്മികജ്ഞാനം നേടി മൃത്യുഭയമകന്ന് ഈ പുണ്യാത്മാവ് ജീവന്മുക്തനാകും."
സൂതന്‍ പറഞു: ഇങനെ ജ്യോതിഷരത്നങളായ ബ്രാഹ്മണന്മാര്‍ യുധിഷ്ഠിരന് പരീക്ഷിത്തിന്റെ ഭാവിജീവിതവും, അതിന്റെ ലക്‌ഷ്യവും വിവരിച്ചുകൊടുത്തു. അതിനുശേഷം യഥാവിധി ദക്ഷിണയും സ്വീകരിച്ച് അവര്‍ തങള്‍ തങള്‍ക്കുള്ള ഭവനങളിലേക്ക് അന്യോന്യം പിരിഞുപോയി. അങനെ തന്റെ പേരക്കുട്ടി പരീക്ഷിത്ത് അന്ന നാമത്തില്‍ ലോകത്തില്‍ വിഖ്യാതനാകുമെന്നും, തന്റെ അമ്മയുടെ ഉദരത്തില്‍ വച്ച് കണ്ട ഭഗവത് സ്വരൂപത്തെ ഇവന്‍ സകലഹൃദയങളിലും തേടുകയും, പിന്നീടതിനെ ധ്യാനിച്ച് പരമമായ ഗതിയെ പ്രാപിക്കുമെന്നുമുള്ള സത്യത്തെ അവര്‍ ഈ ബ്രാഹ്മണന്മാരില്‍ നിന്നും മനസ്സിലാക്കി. അമാവാസിക്കുശേഷം ചന്ദ്രബിംബം ദിനംതോറും വര്‍ദ്ധിക്കുന്നതുപോലെ ഈ കുഞ് സകലവിധ സ്നേഹവാത്സല്യങളോടെയും, രാജകീയബഹുമതികളോടെയും നാള്‍ക്കുനാള്‍ വളര്‍ന്നു.
അതിനുശേഷം, യുധിഷ്ഠിരന്‍ യുദ്ധത്തില്‍ എതിരാളികലെ കൊന്നുനേടിയ പാപഭാരം കുറയ്ക്കുന്നതിനുവേണ്ടി ഒരു അശ്വമേധയാഗത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. ഖജനാവിലുള്ള പണമല്ലാതെ യാഗത്തിനാവശ്യമായ പ്രത്യേകം ധനം സമ്പാദിക്കുന്നതിലേക്ക് അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിലാഷത്തെ മാനിച്ച് ഭഗവാന്റെ ഉപദേശപ്രകാരം പാണ്ഡവസഹോദരന്മാര്‍ ഉത്തരദിശയില്‍ നിന്നും യാഗത്തിനാവശ്യമായ പണം കൊണ്ടുവന്നു. അത് വിനിയോഗിച്ച് യുധിഷ്ഠിരന്‍ മുമ്മൂന്ന് അശ്വമേധയാഗങള്‍ക്കുള്ള സംഭാരങള്‍ ഏര്‍പ്പെടുത്തി. അങനെ ശാന്തിമാര്‍ഗ്ഗത്തിലൂടെ യുദ്ധപരിണാമത്തില്‍ ഭീതനായ ധര്‍മ്മപുത്രര്‍ ഭഗവാന്‍ ഹരിയില്‍ അഭയം പ്രാപിച്ചു.
യാഗത്തിലേക്ക് ഭഗവാന്‍ ശ്രീകൃഷ്ണനും ക്ഷണിക്കപ്പെട്ടു. ബ്രാഹ്മണോത്തമന്മാരാല്‍ വിധിമതമായി ചെയ്യപ്പെട്ട യാഗത്തില്‍ ഭഗവാന്‍ തൃപ്തനായി. ഹസ്തിനപുരവാസികളുടെ ഇഷ്ടാനുസരണം ഭഗവാന്‍ ഓന്നുരണ്ട് മാസങള്‍ അവിടെ താമസിച്ചു. അതിനുശേഷം ഒരുദിവസം യുധിഷ്ഠിരനോടും ദ്രൗപതിയോടും മറ്റുള്ള ബന്ധുമിത്രാദികളോടും യാത്രപറഞു ഭഗവാന്‍ അര്‍ജ്ജുനനോടും മറ്റ് കുറെ യഥുക്കളോടുമൊപ്പം ദ്വാരകയിലേക്ക് പുറപ്പെട്ടു.
ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം പന്ത്രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്