2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

1.11 ദ്വാരകാവാസികളുടെ ശ്രീകൃഷ്ണപ്രാപ്തി.

ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 11

സൂതന്‍ പറഞു: സമൃദ്ധവും മനോഹരവുമായ തന്റെ നഗരം എത്തിയപ്പോള്‍ ഭഗവാന്‍ പാഞ്ചജന്യമൂതി ദ്വാരകാവാസികളെ തന്റെ ആഗമനമറിയിച്ചു. ഈ ശംഖനാദത്തിനുവേണ്ടി കാതോര്‍ത്തിരിക്കുന്ന തന്റെ ഭക്തരുടെ ഹൃദയഭാവത്തെ ഭഗവാനറിയാമായിരുന്നു. കൃഷ്ണന്റെ കൈകളിലൊതുങി ആ ചുണ്ടോട് ചേര്‍ന്നു മുഴങിയ വെളുത്തുമുഴുത്ത ആ ശംഖ് ചുവന്ന് താമരതണ്ടോട് ചേര്‍ന്ന് നീന്തികളിക്കുന്ന ഒരു അരയന്നം പോലെ കാണപ്പെട്ടു. സംസാരഭയമില്ലാതാക്കുന്ന ആ ശംഖനാദം ശ്രവിച്ചതോടെ കൃഷ്ണന്‍ വന്നുവെന്നറിഞ ദ്വാരകാവാസികള്‍ ഭഗവാനെ ഒരുനോക്ക് കാണുവാനും, ആ മധുരസ്വരം കേള്‍ക്കുവാനും അവന്റടുക്കലേക്കോടി. സൂര്യന് മുന്നില്‍ നിലവിളക്ക് വയ്ക്കുന്നതുപോലെ സര്‍‌വ്വാര്‍ത്ഥപ്രദായകനായ ഭഗവാനുമുന്നില്‍ അവര്‍ പ്രത്യേകം പ്രത്യേകം സമ്മാനങള്‍ കാഴ്ച വച്ചു. കുട്ടികള്‍ തങളുടെ രക്ഷകര്‍ത്താക്കളെ കാണുമ്പോഴെന്നപോലെ അവര്‍ ഭഗവാനെ കീര്‍ത്തിച്ചുകൊണ്ട് ദ്വാരകയിലേക്ക് സ്വാഗതം ചെയ്തു.

അവര്‍ പ്രാത്ഥിച്ചു: "ഭഗവാനേ ബ്രഹ്മാവും, ഇന്ദ്രനും, സനകാദിമുനികളുമൊക്കെ പൂജിക്കുന്ന നിന്നെ ഞങളിതാ നമിക്കുന്നു. അങ് മുമുക്ഷുക്കള്‍ ഇച്ചിക്കുന്ന പരമമായ ഗതിയാണ്. അവിടുന്ന് കാലാതീതനായ പരം പൊരുളുമാണ്. അല്ലയോ ജഗത്പിതാവേ!, നീയാണ് ഞങളുടെ അമ്മയും, അച്ചനും, ഗുരുവും, ക്ഷേമകാംക്ഷിയുമെല്ലാം. ഞങള്‍ പൂജിക്കുന്ന ഈശ്വരനും അങാണ്. ഭഗവാനേ!, അവിടുന്നെപ്പോഴും ഞങളോടൊപ്പമുണ്ടാകണം. കാരണം, അവിടുത്തെ സാന്നിധ്യവും, കാരുണ്യവും, ഞങള്‍ക്ക് സകലവിധ വിജയവും പ്രദാനം ചെയ്യുന്നു. ദേവന്മാര്‍ക്കുപോലും, ദുര്‍ല്ലഭമായ അവിടുത്തെ സാന്നിധ്യവും, സം‌രക്ഷണവും കൊണ്ട് ഇന്നിതാ ഞങള്‍ ധന്ന്യരായിരിക്കുന്നു. സ്നിഗ്ദ്ധമായ പ്രേമസ്മിതം തൂകുന്ന നിന്റെ തിരുമുഖം ഇനിമുതല്‍ ഞങള്‍ക്ക് സുലഭം. ഇതു ഞങളുടെ പരമഭാഗ്യമാണ്.

അല്ലയോ താമരക്കണ്ണാ!, നീ ഇല്ലാത്ത ദിനങള്‍ ഞങള്‍ക്ക് യുഗങള്‍ പോലെയാണ്. അച്യുതാ!, നീ മധുരയിലേക്കോ, വൃന്ദാവനത്തിലേക്കോ, ഹസ്തിനപുരത്തിലേക്കോ പോകുന്ന ആ സമയങളില്‍, സൂര്യനില്ലാതെ നയനങള്‍ നിഷ്പ്രഭമാകുന്നതുപോലെ, ഞങളുടെ കണ്ണുകള്‍ക്ക് പിന്നെ ഉപയോഗമില്ലാതെയാകുന്നു. ഹേ! നാഥാ!, അങ് ഇങനെ ഞങളെ പിരിഞിരുന്നാല്‍, സര്‍‌വ്വ ദുഃഖങളും തീര്‍ക്കുന്ന അങയുടെ സുസ്മിതവും മനോഹരവുമായ ആ തിരുമുഖം ഞങളെങനെ കാണും?."

സൂതന്‍ പറഞു: ദ്വാരകാവസികളുടെ ഈ പ്രാര്‍ത്ഥനകേട്ട് ഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട് ദ്വാരകയിലേക്ക് കടന്നു. ഭോഗവതി എന്ന നാഗലോകം നാഗങള്‍ കാക്കുന്നതുപോലെ ഭഗവാനെപ്പൊലെ ശക്തരായ മധു, അര്‍ഹന്‍, കുക്കുരന്‍, അന്ധകന്‍, തുടങിയവര്‍ ചേര്‍ന്ന് ദ്വാരകയും കാത്തുരക്ഷിച്ചു. ദ്വാരകാപുരി ആശ്രമങള്‍കൊണ്ടും, കായ്കനിത്തോട്ടങള്‍ കൊണ്ടും, പൂന്തോട്ടങളെകൊണ്ടും, താമരകള്‍ നിറഞ ജലാശയങളെകൊണ്ടും, ഐശ്വര്യവതിയായി കാണപ്പെട്ടു. ഗോപുരങളും, കവാടങളും, വഴികളും, കൗതുകകരമായി തോരണങളും, ചിത്രങളും, കൊടികളും, ഭഗവാനെ കീര്‍ത്തിച്ചുള്ള വാക്യങളും കൊണ്ടലങ്കരിച്ചിരുന്നു. ഭഗവാന്റെ വരവേല്പ്പിനൊരുക്കിയ ഇവയെല്ലാം സൂര്യതാപം തീര്‍ത്ത് തണല്‍ പ്രദാനം ചെയ്തു. വലിയതും ചെറിയതുമായ എല്ലാ വഴികളും, തെരുവുകളും, മുറ്റങളും, വൃത്തിയാക്കി അവിടമാകെ പനിനീര്‍ തളിച്ച് ശുദ്ധമാക്കി, പൂക്കളും, പഴങളും, വിത്തുകളും വിതറിയിരുന്നു.

ഗൃഹകവാടങള്‍ തോറും, തൈര്, മുറിക്കാത്ത പഴവര്‍ഗ്ഗങള്‍, കരിമ്പ്, പൂര്‍ണ്ണകുംഭം, മുതലായ പൂജാസാമഗ്രികള്‍ നിരത്തിവച്ചു. ദ്വാരകാധാമത്തിലേക്ക് തന്റെ പ്രീയപ്പെട്ട ഭഗവാന്റെ തിരിച്ചുവരവിലുള്ള ആഹ്ലാദാതിരേകത്താല്‍ സ്വയം മറന്ന്, വസുദേവര്‍, അക്രൂരന്‍, ഉഗ്രസേനന്‍, ബലരാമന്‍, പ്രദ്യുംനന്‍, ചാരുദേഷ്ണന്‍, ജംബവതീപുത്രനായ സാംബന്‍ മുതലായ ബന്ധുക്കള്‍ ഊണും, ഉറക്കവും, ഇരിപ്പും, കിടപ്പുമെല്ലാം ഉപേക്ഷിച്ച് കാത്തിരുന്നു. രഥത്തിലിരിക്കുന്ന ഭഗവാന്റടുത്തേക്ക് അവര്‍ ബ്രാഹ്മണരുമായി ഓടിയെത്തി. ശംഖുകളും, തൂര്യങളും വിളിച്ച്, വേദമന്ത്രഘോഷങളോടെ ഭഗവാനെ അവര്‍ എതിരേറ്റു. വാരനേന്ദ്രന്മാര്‍ അകമ്പടി സേവിച്ചു. നൂറുകണക്കിന് വാരാമുഖികള്‍ കൃഷ്ണനെ ഒരുനോക്കുകാണുവാനായി അവിടേക്ക് ഓടിയെത്തി. കാതുകളില്‍ ഇളകിയാടിയ കുണ്ഡലങള്‍ അവരുടെ കപോലത്തിന് മാറ്റുകൂട്ടി. നാടകനടന്മാരും, നര്‍ത്തകരും, ഗായകഗന്ധര്‍‌വ്വസംഗങളും ഉത്തമശ്ലോകന്റെ അത്ഭുതചരിതത്തെ കീര്‍ത്തിച്ചു തുടങി. തന്നെ എതിരേല്‍ക്കാനെത്തിയ ഓരോ ബന്ധുക്കളേയും ദ്വാരകയിലെ ഓരോ പൗരന്മാരേയും സമീപിച്ച് ഭഗവാന്‍ അവരെ അനുഗ്രഹിച്ചു. ഉച്ഛനീചത്വങളില്ലാതെ യഥാവിധം ഒരോ വ്യക്തികളേയും കൃഷ്ണന്‍ മാറോടണച്ചും, കരസ്പര്‍ശത്താലും, തലകുനിച്ചുവന്ദിച്ചും, പുഞ്ചിരി നിറഞ നോട്ടം കൊണ്ടും, ആശ്വാസവാക്കുകളാലും, വേണ്ടുന്ന വരങള്‍ നല്‍കിയും, അഭിവാദനം ചെയ്തനുഗ്രഹിച്ചു. പത്നീസമേതരായ ഗുരുക്കന്‍മാരുടേയും ബ്രാഹ്മണരുടേയുമൊപ്പം ജയജയഘോഷങളോടെ ഭഗവാന്‍ ദ്വാരകയിലേക്ക് പ്രവേശിച്ചു. രാജവീഥിയിലൂടെ ഭഗവാന്‍ അകത്തേക്ക് കടക്കുമ്പോള്‍ ഇരുവശങളിലുമുള്ള ഭവനങളിലെ കുലസ്ത്രീകള്‍ വെളിയില്‍ വന്ന് കൃഷ്ണന്റെ ദര്‍ശനപുണ്യം നേടി. അതിലുള്ള ആനന്ദം അവര്‍ ഒരു മഹോത്സവമായി കൊണ്ടാടി. ദ്വാരകാവാസികള്‍ക്ക് ഭഗവാന്‍ പുതിയവനല്ലെങ്കില്‍ കൂടി അച്യുതന്റെ ആ മോഹനാംഗത്തെ ദര്‍ശിച്ച് അവര്‍ക്ക് മതിവന്നിരുന്നില്ല. എന്തെന്നാല്‍ ആ തിരുമാറില്‍ ശ്രീ വിളങുന്നു. ആ തിരുമുഖം കാരുണ്യം തുളുമ്പുന്ന ഒരു പാനപാത്രമാണ്. ആ തൃക്കൈകളാണ് ലോകപാലകന്മാര്‍ക്കുള്ള ഏക ആശ്രയം. ആ തിരുചരണാംബുജമോ!... ഭക്തന്മാര്‍ക്കുള്ള അഭയസ്ഥാനവും!......

പുഷ്പം വിരിച്ച രാജവീഥിയിലൂടെ ഭഗവാന്‍ സഞ്ചരിച്ചു. ഭക്തന്മാര്‍ വെണ്‍കൊറ്റക്കുട ചൂടിയും, വെഞ്ചാമരം വീശിയും കൃഷ്ണന് ഉഷ്ണമകറ്റി. മഞപ്പട്ടണിഞ്, വനമാലയും ചാര്‍ത്തിവരുന്ന കൃഷ്ണനെ കണ്ടാല്‍, സൂര്യചന്ദ്രന്മാരും ഇടിമിന്നല്‍ ചേര്‍ന്ന് വലം ചെയ്തുനില്‍ക്കുന്ന ഒരു കാര്‍മേഘശകലത്തെപ്പോലെ തോന്നി.

ദ്വാരകയിലെത്തിയ കൃഷ്ണന്‍ ആദ്യം സന്ദര്‍ശിച്ചത് തന്റെ അച്ഛന്റെ ഗൃഹത്തിലാണ്. മാതാവ് ദേവകിയെ ഹൃദയത്തോട് ചേര്‍ത്തണച്ചു. അവിടെയുണ്ടായിരുന്ന മറ്റുള്ള മാതാക്കളേയും ഭഗവാന്‍ ശിരസ്സാനമിച്ചു. ആ അമ്മമാര്‍ ഭഗവാനെ മടിയിലിരുത്തി ലാളിച്ചു. അവരുടെ നെഞ്ചിലൂടെ വാത്സല്യമാകുന്ന അമൃതം നിറഞൊഴുകി. അവരുടെ നേത്രാമ്പുതുള്ളികളാല്‍ ഭഗവാന്റെ ശരീരം നനഞു. അതിനുശേഷം, ഭഗവാന്‍ തന്റെ പതിനാറായിരത്തില്‍ പരം പത്നിമാര്‍ താമസിക്കുന്ന, എല്ലാത്തരത്തിലും ഉത്തമമായ സ്വന്തം ഭവനത്തിലേക്ക് നടന്നു. ഹസ്തിനപുരത്തില്‍ നിന്നും ഏറെക്കാലത്തിനുശേഷം മടങിവന്ന തങളുടെ പതിയെ കണ്ടതും, ഭഗവാന്റെ ഭാര്യമാര്‍ ഭഗവത്ചിന്തയില്‍ നിന്നുമുണര്‍ന്ന് ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റു. ഹൃദയം കവിഞൊഴുകിയ പ്രേമോത്സവത്തോടുകൂടി, വ്രീഢാലോചനകളായി അവര്‍ ഭഗവാന്റടുക്കലേക്ക് മന്ദം മന്ദം നടന്നു. റാണിമാര്‍ തങളുടെ മക്കളെ അവരുടെ പിതാവിന്റടുത്തേക്കയച്ചു. ഭഗവാന്‍ അവരെ ഗാഢമായി പുണര്‍ന്നു. അതിലൂടെ ആ പത്നിമാര്‍ നേത്രവീചികളാല്‍ അന്തരാത്മാവില്‍ ഭഗവാനെ ആലിംഗനം ചെയ്തു. അല്ലയോ ഭൃഗുവര്യാ!, പരിശുദ്ധപ്രേമത്താല്‍ കണ്ണുനീര്‍ അവരുടെ കവിള്‍ത്തടങളിലൂടെ ഒഴുകി. സദാ കൃഷ്ണന്‍ അവരെ തൊട്ടുനിന്നിരുന്നുവെങ്കിലും, ആ നാരായണന്‍ ഏകനായിതന്നെ നിലകൊണ്ടു. ഭഗവാന്റെ കാലിണ അവര്‍ക്ക് നാള്‍തോറും നവമായ അനുഭൂതികളെ പ്രദാനം ചെയ്തു. ശ്രീ പോലും ഒരിക്കലും വിട്ടുപിരിയാത്ത ആ അടിമലരുകള്‍ ഒരിക്കല്‍ അഭയസ്ഥാനമായാല്‍ പിന്നെ ആര്‍ക്ക്, എങനെ അവ ത്യജിക്കാന്‍ കഴിയും!.. 

നിരായുധനായിരുന്നുകൊണ്ട് യുദ്ധത്തില്‍ പങ്കുചേരാതെ അക്ഷൗഹിണികളാല്‍ കരുത്തുറ്റ നിരവധി ദുഷ്ടരാജാക്കന്മാരെ ഇല്ലാതാക്കി ഭൂഭാരം തീര്‍ത്തതില്‍ ഭഗവാന് സംതൃപ്തി തോന്നി. വായു മുളകളെ തന്നിലുരസിപ്പിച്ച് തീയുണ്ടാക്കുന്നതുപോലെ കൃഷ്ണന്‍ മഹാഭാരതയുദ്ധത്തിന് ഹേതുക്കളുണ്ടാക്കി. അവന്‍ തന്റെ മായയാല്‍ ഈ ലോകത്തില്‍ മനുഷ്യനായി അവതരിച്ച് നിര്‍മ്മല നാരികളോട് ചേര്‍ന്ന് ഒരു ലൗകികനെപോലെ ജീവിച്ചു. അവരുടെ കറയറ്റ കടക്കണ്ണിന്റെ കൂരമ്പുകളും, കള്ളച്ചിരിയുമൊക്കെ കണ്ടും കേട്ടും ഒരു കാമദേവനെപ്പോലെ അവന്‍ വര്‍ത്തിച്ചു. മഹാവൈരാഗിയായ ശിവന്‍ പോലും മോഹിച്ചുപോയ ആ കുഹകങളിലൊന്നും പെടാതെ ഭഗവാന്‍ നിസ്പൃഹനായി നിന്നു. സാധാരണക്കാര്‍ അജ്ഞാനത്താല്‍ ഇവനെ സംഗിയായി, ലൗകികസുഖങളില്‍ തങളെപ്പോലെ രതിയുള്ളവനായി കാണുന്നു. ഈശ്വരന്‍ അങനെയാണ്. സകലതിനും അകവും, പുറവും തൊട്ട് നിറഞ് കുടികൊള്ളുമ്പോഴും അവന്‍ ത്രിഗുണാതീതനായിരിക്കുന്നു. ഇതുപോലെ അവന്റെ താമരപ്പാദങളില്‍ ശരണം പ്രാപിച്ചിട്ടുള്ള ഏതൊരു ജീവനും സകല കര്‍മ്മങളും നിസ്സംഗനായി ചെയ്തുതീര്‍ക്കുന്നു. ഈ സ്ത്രീകളില്‍ ചിലര്‍ കരുതുന്നു, തങളുടെ ഭര്‍ത്താവായ കൃഷ്ണന്‍ അവര്‍ക്ക് വശംഗതനായി ജീവിക്കുന്നുവെന്ന്. കാരണം, മന്ദമതികളായ മനുഷ്യരെപ്പോലെ അവര്‍ ഭഗവാന്റെ അതിരറ്റ മഹിമയെ അറിയുന്നില്ല. 

ഇങനെ, ശ്രീമദ് ഭാഗവതം, പ്രഥമസ്കന്ധം , പതിനൊന്നാം അധ്യായം സമാപിച്ചു

ഓം തത് സത്


<<<<<   >>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ