ശ്രീമദ് ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 61
ബലരാമൻ രുക്മിയെ വധിക്കുന്നു
ഭഗവാന്റെ പത്നിമാർ അദ്ദേഹത്തിന്റെ മനോഹരമായ താമരമുഖം, നീണ്ട കൈകൾ, വലിയ കണ്ണുകൾ, പുഞ്ചിരി കലർന്ന സ്നേഹത്തോടെയുള്ള നോട്ടങ്ങൾ, അവരോടുള്ള ആകർഷകമായ സംഭാഷണങ്ങൾ എന്നിവയിൽ പൂർണ്ണമായും മയങ്ങിപ്പോയിരുന്നു. എങ്കിലും തങ്ങളുടെ എല്ലാ ആകർഷണീയതകളും ഉണ്ടായിരുന്നിട്ടും ഈ സ്ത്രീകൾക്ക് സർവ്വശക്തനായ ഭഗവാന്റെ മനസ്സ് കീഴടക്കാൻ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് വരുന്ന ആ രാജ്ഞിമാരുടെ ലക്ഷണമൊത്ത പുരികങ്ങൾ, ലജ്ജയോടെയുള്ള പുഞ്ചിരിയും കടാക്ഷവും വഴി അവരുടെ രഹസ്യഉദ്ദേശ്യങ്ങളെ ആകർഷകമായി പ്രകടിപ്പിച്ചു. അങ്ങനെ അവരുടെ പുരികങ്ങൾ ധീരമായി പ്രണയ സന്ദേശങ്ങൾ അയച്ചു. എന്നിട്ടും കാമദേവന്റെ ഈ അമ്പുകൾ കൊണ്ടോ മറ്റ് മാർഗ്ഗങ്ങൾ കൊണ്ടോ അവർക്ക് ശ്രീകൃഷ്ണ ഭഗവാന്റെ ഇന്ദ്രിയങ്ങളെ ഇളക്കാൻ കഴിഞ്ഞില്ല.
ബ്രഹ്‌മാദികൾപോലും എങ്ങനെ സമീപിക്കണമെന്ന് അറിയാത്ത സാക്ഷാൽ ലക്ഷ്മീദേവിയുടെ നാഥനെത്തന്നെ ഈ സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താവായി ലഭിച്ചു. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തോടെ, അവർക്ക് അദ്ദേഹത്തോട് സ്നേഹവും ആകർഷണവും തോന്നി, അദ്ദേഹവുമായി പുഞ്ചിരി നിറഞ്ഞ നോട്ടങ്ങൾ കൈമാറി, എപ്പോഴും പുതിയതായി തോന്നുന്ന സാമീപ്യം ആകാംക്ഷയോടെ കാത്തിരിക്കുകയും മറ്റ് പല വിധത്തിൽ ആസ്വദിക്കുകയും ചെയ്തു. ഭഗവാന്റെ ഓരോ രാജ്ഞിമാർക്കും നൂറുകണക്കിന് ദാസിമാർ ഉണ്ടായിരുന്നിട്ടും, അവർ നേരിട്ട് ഭഗവാനെ സേവിക്കാൻ ആഗ്രഹിച്ചു. വിനയത്തോടെ അദ്ദേഹത്തെ സമീപിച്ച്, ഇരിപ്പിടം നൽകി, മികച്ച പൂജാദ്രവ്യങ്ങൾ കൊണ്ട് ആരാധിച്ച്, അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകിയും തടവിയും, വെറ്റില നൽകിയും, വീശിയും, സുഗന്ധമുള്ള ചന്ദനം പൂശിയും, പുഷ്പഹാരങ്ങൾ അണിയിച്ചും, മുടി കോതിയും, കിടക്ക ഒരുക്കിയും, കുളിപ്പിച്ചും, വിവിധ സമ്മാനങ്ങൾ നൽകിയും അവർ അദ്ദേഹത്തെ ശുശ്രൂഷിച്ചു.
പത്തു പുത്രന്മാർ വീതമുള്ള ശ്രീകൃഷ്ണ ഭഗവാന്റെ പത്നിമാരിൽ, പ്രധാനികളായ എട്ടു രാജ്ഞിമാരെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിരുന്നു. പ്രദ്യുമ്നൻ ഉൾപ്പെടെയുള്ള ആ എട്ടു രാജ്ഞിമാരുടെ പുത്രന്മാരുടെ പേരുകൾ ഞാൻ ഇനി പറയാം. രുഗ്മിണി രാജ്ഞിയുടെ ആദ്യത്തെ പുത്രൻ പ്രദ്യുമ്നനായിരുന്നു. കൂടാതെ ചാരുദേഷ്ണൻ, സുദേഷ്ണൻ, കരുത്തനായ ചാരുദേഹൻ, സുചാരു, ചാരുഗുപ്തൻ, ഭദ്രചാരു, ചാരുചന്ദ്രൻ, വിചാരു, പത്താമനായി ചാരു എന്നിവരും അവളിൽ ജനിച്ചു. ശ്രീഹരിയുടെ ഈ പുത്രന്മാരാരും തങ്ങളുടെ പിതാവിനേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല.
സത്യഭാമയുടെ പത്തു പുത്രന്മാർ ഭാനു, സുഭാനു, സ്വഭാനു, പ്രഭാനു, ഭാനുമാൻ, ചന്ദ്രഭാനു, ബൃഹദ്ഭാനു, അതിഭാനു (എട്ടാമൻ), ശ്രീഭാനു, പ്രതിഭാനു എന്നിവരായിരുന്നു. സാംബൻ, സുമിത്രൻ, പുരുജിത്ത്, ശതജിത്ത്, സഹസ്രജിത്ത്, വിജയൻ, ചിത്രകേതു, വസുമാൻ, ദ്രവിഡൻ, ക്രതു എന്നിവർ ജാംബവതിയുടെ പുത്രന്മാരായിരുന്നു. സാംബൻ ഉൾപ്പെടെയുള്ള ഈ പത്തുപേർ തങ്ങളുടെ പിതാവിന് വളരെ പ്രിയപ്പെട്ടവരായിരുന്നു. നാഗ്നജിതിയുടെ പുത്രന്മാർ വീരൻ, ചന്ദ്രൻ, അശ്വസേനൻ, ചിത്രഗു, വേഗവാൻ, വൃഷൻ, ആമൻ, ശങ്കു, വസു, ഐശ്വര്യവാനായ കുന്തി എന്നിവരായിരുന്നു.
ശ്രുതൻ, കവി, വൃഷൻ, വീരൻ, സുബാഹു, ഭദ്രൻ, ശാന്തി, ദർശൻ, പൂർണ്ണമാസൻ എന്നിവർ കാളിന്ദിയുടെ പുത്രന്മാരായിരുന്നു. അവളുടെ ഇളയ മകൻ സോമകനായിരുന്നു. മാദ്രയുടെ പുത്രന്മാർ പ്രഘോഷൻ, ഗാത്രവാൻ, സിംഹൻ, ബലൻ, പ്രബലൻ, ഊർദ്ധഗൻ, മഹാശക്തി, സഹൻ, ഓജൻ, അപരാജിതൻ എന്നിവരായിരുന്നു. മിത്രവിന്ദയുടെ പുത്രന്മാർ വൃകൻ, ഹർഷൻ, അനിൽ, ഗൃധ്രൻ, വർദ്ധനൻ, ഉന്നാദൻ, മഹാംസൻ, പാവനൻ, വഹ്നി, ക്ഷുധി എന്നിവരായിരുന്നു. സംഗ്രാമജിത്ത്, ബൃഹത്സേനൻ, ശൂരൻ, പ്രഹരണൻ, അരിജിത്ത്, ജയൻ, സുഭദ്രൻ എന്നിവർക്കൊപ്പം വാമൻ, ആയുസ്സ്, സത്യകൻ എന്നിവരും ഭദ്രയുടെ പുത്രന്മാരായിരുന്നു.
ദീപ്തിമാൻ, താമ്രതപ്തൻ തുടങ്ങിയവർ ശ്രീകൃഷ്ണനും രോഹിണിക്കും ജനിച്ച പുത്രന്മാരായിരുന്നു. ശ്രീകൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നന്, രുക്മിയുടെ മകളായ രുക്മവതിയിൽ അതിശക്തനായ അനിരുദ്ധൻ ജനിച്ചു. ഹേ രാജാവേ, അവർ ഭോജകുടനഗരത്തിൽ താമസിച്ചിരുന്ന കാലത്താണ് ഇത് സംഭവിച്ചത്. പ്രിയ രാജാവേ!, ശ്രീകൃഷ്ണഭഗവാന്റെ മക്കളുടെയും പേരക്കുട്ടികളുടെയും എണ്ണം കോടിക്കണക്കിനായിരുന്നു. പതിനായിരക്കണക്കിന് അമ്മമാരാണ് ഈ രാജവംശത്തിന് ജന്മം നൽകിയത്.
പരീക്ഷിത്ത് മഹാരാജാവ് ചോദിച്ചു: ഹേ മഹാത്മൻ!, തന്റെ ശത്രുവിന്റെ മകന് രുക്മി എങ്ങനെയാണ് സ്വന്തം മകളെ വിവാഹം കഴിച്ചു നൽകിയത്? മാത്രമല്ല, യുദ്ധത്തിൽ ശ്രീകൃഷ്ണൻ രുക്മിയെ പരാജയപ്പെടുത്തിയിരുന്നു, ഭഗവാനെ കൊല്ലാനുള്ള ഒരവസരത്തിനായി അവൻ കാത്തിരിക്കുകയുമായിരുന്നു. പണ്ഡിതനായ അങ്ങ് ദയവായി ഇത് എനിക്ക് വിശദീകരിച്ചു തന്നാലും - ശത്രുക്കളായ ഈ രണ്ടു പക്ഷങ്ങൾ എങ്ങനെയാണ് വിവാഹത്തിലൂടെ ഒന്നിച്ചത്?
ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളും, ഭൂതകാലത്തിലോ വർത്തമാനത്തിലോ ഉള്ള കാര്യങ്ങളും, ഇന്ദ്രിയങ്ങൾക്ക് അതീതമായതും, വിദൂരത്തിലുള്ളതോ ഭൗതികമായ തടസ്സങ്ങളാൽ മറയ്ക്കപ്പെട്ടതോ ആയ കാര്യങ്ങൾ യോഗികൾക്ക് വളരെ വ്യക്തമായി കാണാൻ കഴിയും.
ശ്രീ ശുകദേവൻ പറഞ്ഞു: അവളുടെ സ്വയംവരചടങ്ങിൽ വെച്ച്, കാമദേവന്റെ അവതാരമായിരുന്ന പ്രദ്യുമ്നനെ രുക്മവതി തന്നെ തിരഞ്ഞെടുത്തു. തുടർന്ന്, ഒരൊറ്റ രഥത്തിൽ ഒറ്റയ്ക്ക് പോരാടിയെങ്കിലും, പ്രദ്യുമ്നൻ അവിടെ കൂടിയിരുന്ന രാജാക്കന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തി അവളെ കൊണ്ടുപോയി. തന്നെ അപമാനിച്ച ശ്രീകൃഷ്ണ ഭഗവാനോടുള്ള ശത്രുത രുക്മി എപ്പോഴും മനസ്സിൽ വെച്ചിരുന്നുവെങ്കിലും, തന്റെ സഹോദരിയെ സന്തോഷിപ്പിക്കുന്നതിനായി അവൻ സ്വന്തം മകളെ മരുമകന് വിവാഹം ചെയ്തു കൊടുക്കാൻ സമ്മതിച്ചു.
ഹേ രാജാവേ!, കൃതവർമ്മാവിന്റെ മകനായ ബലി, രുഗ്മിണിയുടെ ഇളയ മകളും വിശാലനേത്രയുമായ ചാരുമതിയെ വിവാഹം കഴിച്ചു. ശ്രീഹരിയോടുള്ള അടങ്ങാത്ത പകയുണ്ടായിരുന്നിട്ടും രുക്മി തന്റെ കൊച്ചുമകളായ രോചനയെ തന്റെ മകളുടെ മകനായ അനിരുദ്ധന് വിവാഹം കഴിച്ചു നൽകി. ഈ വിവാഹം ധർമ്മത്തിന് നിരക്കുന്നതല്ല എന്ന് രുക്മി കരുതിയിരുന്നെങ്കിലും, സ്നേഹത്തിന്റെ പാശങ്ങളാൽ ബന്ധിതനായതിനാൽ തന്റെ സഹോദരിയെ സന്തോഷിപ്പിക്കാൻ അവൻ ആഗ്രഹിച്ചു. ആ വിവാഹത്തിന്റെ സന്തോഷകരമായ വേളയിൽ, ഹേ രാജാവേ!, രുഗ്മിണി രാജ്ഞിയും, ബലരാമനും, ശ്രീകൃഷ്ണനും, സാംബൻ, പ്രദ്യുമ്നൻ എന്നിവരുൾപ്പെടെയുള്ള ഭഗവാന്റെ മറ്റ് പല പുത്രന്മാരും ഭോജകുട നഗരത്തിലേക്ക് പോയി. വിവാഹശേഷം, കലിംഗരാജാവിന്റെ നേതൃത്വത്തിലുള്ള അഹങ്കാരികളായ ഒരു കൂട്ടം രാജാക്കന്മാർ രുക്മിയോട് പറഞ്ഞു, "ചൂതുകളിയിൽ നീ ബലരാമനെ പരാജയപ്പെടുത്തണം. ഹേ രാജാവേ!, അവന് ചൂതുകളിയിൽ വലിയ പ്രാവീണ്യമൊന്നുമില്ല, എങ്കിലും അവനതിൽ വലിയ കമ്പമുണ്ട്." ഈ ഉപദേശം കേട്ട് രുക്മി ബലരാമനെ വെല്ലുവിളിക്കുകയും അദ്ദേഹവുമായി ചൂതുകളി ആരംഭിക്കുകയും ചെയ്തു. ആ കളിയിൽ ബലരാമൻ ആദ്യം നൂറ് നാണയങ്ങളുടെയും, പിന്നീട് ആയിരം, അതിനുശേഷം പതിനായിരം നാണയങ്ങളുടെയും പന്തയം സ്വീകരിച്ചു. ആദ്യതവണ രുക്മി വിജയിച്ചു. ഇത് കണ്ട് കലിംഗരാജാവ് തന്റെ പല്ലുകൾ മുഴുവൻ കാണിച്ച് ബലരാമനെ നോക്കി ഉറക്കെ ചിരിച്ചു. ബലരാമന് ഇത് സഹിക്കാൻ കഴിഞ്ഞില്ല. തുടർന്ന് രുക്മി ഒരു ലക്ഷം നാണയങ്ങളുടെ പന്തയം വെച്ചു, ഇതിൽ ബലരാമൻ വിജയിച്ചു. എന്നാൽ "ഞാനാണ് വിജയി!" എന്ന് പ്രഖ്യാപിച്ചുകൊണ്ട് രുക്മി ചതിക്കാൻ ശ്രമിച്ചു.
പൗർണ്ണമിനാളിലെ സമുദ്രം പോലെ ദേഷ്യം കൊണ്ട് വിറച്ചുപോയ സുമുഖനായ ബലരാമൻ, സ്വാഭാവികമായും ചുവന്ന തന്റെ കണ്ണുകൾ കോപം കൊണ്ട് കൂടുതൽ ചുവപ്പിച്ച്, പത്തുകോടി സ്വർണ്ണനാണയങ്ങളുടെ പന്തയം സ്വീകരിച്ചു. ബലരാമൻ ഈ പന്തയവും ന്യായമായിത്തന്നെ വിജയിച്ചു. എന്നാൽ രുക്മി വീണ്ടും ചതി പ്രയോഗിക്കുകയും "ഞാനാണ് വിജയിച്ചത്! അവർ കണ്ടതെന്താണെന്ന് ഇവിടെയുള്ള ഈ സാക്ഷികൾ പറയട്ടെ" എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോൾ ആകാശത്തുനിന്നും ഒരു അശരീരി മുഴങ്ങി, "ബലരാമനാണ് ഈ പന്തയം ന്യായമായി വിജയിച്ചത്. രുക്മി കള്ളം പറയുകയാണ്." ദുഷ്ടരായ രാജാക്കന്മാരുടെ പ്രേരണയാൽ രുക്മി ആ അശരീരിയെ അവഗണിച്ചു. യഥാർത്ഥത്തിൽ വിധി തന്നെയാണ് രുക്മിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്, അങ്ങനെ അവൻ ബലരാമനെ താഴെപ്പറയും വിധം പരിഹസിച്ചു: "കാടുകളിൽ അലഞ്ഞുതിരിയുന്ന നിങ്ങളെപ്പോലുള്ള ഗോപാലന്മാർക്ക് ചൂതുകളിയെക്കുറിച്ച് ഒന്നുമറിയില്ല. ചൂതുകളിക്കുന്നതും അമ്പുകൾ കൊണ്ട് കളിക്കുന്നതുമൊക്കെ രാജാക്കന്മാർക്ക് മാത്രമുള്ളതാണ്, അല്ലാതെ നിങ്ങളെപ്പോലുള്ളവർക്കുള്ളതല്ല."
ഇപ്രകാരം രുക്മിയാൽ അപമാനിക്കപ്പെടുകയും രാജാക്കന്മാരാൽ പരിഹസിക്കപ്പെടുകയും ചെയ്തതോടെ ബലരാമൻ കോപാകുലനായി. ആ മംഗളകരമായ വിവാഹവേദിക്ക് നടുവിൽ വെച്ച് അദ്ദേഹം തന്റെ ഗദയുയർത്തി രുക്മിയെ അടിച്ചുകൊന്നു. ബലരാമനെ നോക്കി പല്ലുകൾ കാണിച്ച് ചിരിച്ച കലിംഗ രാജാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, എന്നാൽ കോപാകുലനായ ഭഗവാൻ പത്താമത്തെ ചുവടിൽ തന്നെ അവനെ പെട്ടെന്ന് പിടികൂടുകയും അവന്റെ പല്ലുകളെല്ലാം അടിച്ചു കൊഴിക്കുകയും ചെയ്തു. ബലരാമന്റെ ഗദയുടെ പ്രഹരമേറ്റ് മറ്റ് രാജാക്കന്മാർ, കൈകളും തുടകളും തലയും തകർന്ന് ദേഹമാസകലം രക്തത്തിൽ കുളിച്ച് ഭയന്നോടി. തന്റെ ഭാര്യാസഹോദരനായ രുക്മി കൊല്ലപ്പെട്ടപ്പോൾ, ശ്രീകൃഷ്ണൻ അതിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്തില്ല, ഹേ രാജാവേ, കാരണം രുഗ്മിണിയുമായോ ബലരാമനുമായോ ഉള്ള സ്നേഹബന്ധങ്ങൾക്ക് അത് കോട്ടം തട്ടുമെന്ന് അദ്ദേഹം ഭയപ്പെട്ടു. തുടർന്ന് ബലരാമന്റെ നേതൃത്വത്തിൽ ദശാർഹവംശജർ അനിരുദ്ധനെയും വധുവിനെയും മനോഹരമായ ഒരു രഥത്തിലിരുത്തി ഭോജകുടത്തിൽ നിന്ന് ദ്വാരകയിലേക്ക് പുറപ്പെട്ടു. മധുസൂദനനായ ഭഗവാനിൽ അഭയം പ്രാപിച്ചതിനാൽ അവരുടെ എല്ലാ ലക്ഷ്യങ്ങളും സഫലമായിരുന്നു.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം അറുപത്തിയൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്
<<<<<>>>>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ