ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 15
ധേനുകവധം
മാനുകളുടെയും വണ്ടുകളുടേയുമൊക്കെ മനോഹരശബ്ദത്താലും, മഹാത്മാക്കളുടെ മനസ്സുപോലെ ശുദ്ധമായ തടാകത്താലും, താമരപ്പൂക്കളുടെ സുഗന്ധത്താലുമൊക്കെ അതിരമണീയമായ ആ വൃന്ദാവനത്തിൽ ഭഗവാൻ കളിക്കുവാൻ ആഗ്രഹിച്ചു. ചെമ്മൊട്ടുകളും ഫലങ്ങളും കൊണ്ട് നിറഞ്ഞ വൃക്ഷങ്ങൾ അവയുടെ ഭാരത്താൽ തന്റെ താമരപ്പാദങ്ങളെ സ്പർശിക്കുവാൻ വെമ്പൽ കൊണ്ട് കുനിഞ്ഞുനിൽക്കുന്നത് കണ്ട് ജ്യേഷ്ഠനായ ബലദേവനോട് പറഞ്ഞു: "ദേവശ്രേഷ്ഠാ!, ആശ്ചര്യമായിരിക്കുന്നു. തങ്ങൾ വൃഷങ്ങളാക്കപ്പെട്ട പാപത്തെ ഇല്ലാതാക്കുവാനായി പുഷ്പഫലങ്ങളർപ്പിച്ചുകൊണ്ട് ദേവകളാൽ പോലും ആരാധിക്കപ്പെട്ട അവിടുത്തെ പാദങ്ങളെ ഇതാ കുമ്പിട്ടുനിൽക്കുന്നു. ഈ വണ്ടുകൾ സർവ്വലോകങ്ങളെയും ശുദ്ധമാക്കുന്ന അവിടുത്തെ കീർത്തികളെകൊണ്ട് സേവിക്കുന്നു. കാട്ടിൽ ഒളിഞ്ഞിരുന്നുകൊണ്ടും അങ്ങയെ മറക്കാൻ കഴിയാത്ത ഇവർ ഋഷിസംഘങ്ങൾ തന്നെയായിരിക്കാം. ഈ മയിലുകൾ സന്തോഷം കൊണ്ടതാ നൃത്തം ചവിട്ടുന്നു. മാൻപേടകൾ ഗോപികമാരെപ്പോലെ അങ്ങയെ നോക്കിനിൽക്കുന്നു. കുയിലുകൾ മധുകൂജനങ്ങളാൽ അങ്ങയെ സ്നേഹിക്കുന്നു. വനവാസികളാണെങ്കിൽകൂടി ഇവർ ഭാഗ്യശാലികളാണ്. ഈ ഭൂമി ഇന്നിതാ ധന്യയായിരിക്കുന്നു. അവിടുത്തെ പാദങ്ങളാൽ സ്പർശിക്കപ്പെട്ട പുല്ലുകളും ഇന്ന് കൃതാർത്ഥരായിരിക്കുന്നു. മരങ്ങളും വള്ളികളുമൊക്കെ മംഗല്യശാലികൾതന്നെ. നദികളും മലകളും പക്ഷിമൃഗാദികളുമൊക്കെ കൃതാർത്ഥങ്ങളായിരിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം പോലെ ഗോപികമാരും അങ്ങയുടെ മാറിടത്താൽ ആലിംഗനബദ്ധരായിത്തീർന്നിരിക്കുന്നു."
ശ്രീശുകൻ പറഞ്ഞു: "ഇങ്ങനെ വൃന്ദാവനത്തെ വർണ്ണിച്ചുകൊണ്ട് ഭഗവാൻ കൂട്ടുകാരോടും ബാലദേവനോടും കൂടി പഴുക്കളെ മേച്ചുകൊണ്ട് പർവ്വതഭാഗത്തുള്ള ഒരു നദീതീരത്ത് പ്രവേശിച്ചു. ഗോപന്മാർ രാമകൃഷ്ണന്മാരെ പാടിപ്പുകഴ്ത്തികൊണ്ട് അവരോടൊപ്പം നടന്നു. വനമാലാധരനായ ഭഗവാൻ വണ്ടുകൾക്കൊപ്പം പാടാൻ തുടങ്ങി. ചിലയിടത്തെത്തിയപ്പോൾ ഹംസങ്ങളുടെ കൂജനങ്ങൾക്കൊപ്പം കൂവി കൂട്ടുകാരെ ചിരിപ്പിച്ചു. മയിലാടുന്നതുകണ്ട് അവയ്ക്കൊപ്പം ആടിത്തുടങ്ങി. പശുക്കിടാങ്ങൾ ദൂരേക്ക് പോകുമ്പോൾ സ്നേഹത്തോടെ അവയെ മാടിവിളിച്ചു. പലപല പക്ഷികളുടെ ശബ്ദത്തിൽ അവയെ അനുകരിച്ചു കൂവി. വന്യമൃഗങ്ങളെ കണ്ടുപേടിച്ചതുപോലെ അഭിനയിച്ചു. കളിച്ചുതളർന്ന ബലദേവൻ ഗോപന്മാരുടെ മടിയിൽ കിടക്കുമ്പോൾ ഭഗവാൻ അദ്ദേഹത്തിന്റെ കാല് തടവി വിശ്രമസുഖം പ്രദാനം ചെയ്തു. പലതരത്തിൽ അവർ കേളികളിൽ മുഴുകി. ചിലപ്പോൾ ഭഗവാൻ തളർന്ന് ഏതെങ്കിലും ഗോപന്മാരുടെ മടിയിൽ തലചായ്ച്ചുറങ്ങി. പാപമുക്തരായ ചില ഗോപന്മാർ ആ പാദങ്ങളെ തഴുകിത്തലോടി. മറ്റുചിലർ വീശിക്കൊടുത്തു. ഹേ! മഹാരാജൻ!, ചിലർ പാട്ടുകൾ പാടി. ലക്ഷ്മീപരിസേവിതനായ ഭഗവാൻ ഒരു മായാമാനുഷനായി ചിലപ്പോൾ ഒരു ഗ്രാമീണനെപ്പോലെയും എന്നാൽ ചിലപ്പോൾ ഈശ്വരനെപ്പോലെയുമൊക്കെ പ്രവർത്തിച്ചുകൊണ്ട് അവർക്കിടയിൽ വിളങ്ങി.
അങ്ങനെ ലീലകളാടുന്നതിനിടയിൽ സുദാമാവും മറ്റു ചില ഗോപന്മാരും ഇങ്ങനെ പറഞ്ഞു: "ഹേ! ബാലരാമാ!, ഇവിടെയടുത്ത് കരിമ്പനക്കൂട്ടങ്ങൾ നിറഞ്ഞ ഒരു വനമുണ്ട്. നല്ല പഴങ്ങൾ വീഴുന്ന ആ സ്ഥലം ദുഷ്ടനായ ധേനുകൻ തടഞ്ഞുവച്ചിരിക്കുകയാണ്. കഴുതയുടെ രൂപം ധരിച്ച അവൻ അതീവ ശക്തനാണ്. തന്നെപ്പോലെ ശക്തരായ കുറെ ബന്ധുക്കളും അവിടെ അവനോടൊപ്പമുണ്ട്. അവൻ മനുഷ്യരെ പിടിച്ചുതിന്നുന്നവനാകയാൽ അവിടേക്കാരും പോകാറില്ല. നമ്മൾ ഇതുവരെ ഭക്ഷിച്ചിട്ടില്ലാത്ത മണമുള്ള നല്ല പഴങ്ങളുള്ള സ്ഥലമാണത്. അത്രയും സൗരഭ്യമാർന്ന ആ പഴങ്ങൾ കഴിക്കാൻ ഞങ്ങൾക്കാഗ്രഹമുണ്ട് കൃഷ്ണാ!. ഞങ്ങളെ അവിടേയ്ക്ക് കൊണ്ടുപോയാലും."
അങ്ങെനെ ചങ്ങാതിമാരുടെ ആഗ്രഹസഫലീകരണത്തിനായി രാമകൃഷ്ണന്മാർ അവരോടൊപ്പം പനങ്കാറ്റിലേക്ക് പുറപ്പെട്ടു.
ഹേ! രാജൻ! അവിടെയെത്തിയതിനുശേഷം ഒരു മത്തഗജമെന്നപോലെ ബലദേവൻ അവിടെയുണ്ടായിരുന്ന കരിമ്പനകൾ പിടിച്ച് ശക്തമായി കുലുക്കാൻ തുടങ്ങി. പനംപഴങ്ങൾ താഴേക്കുവീണു. പഴങ്ങൾ വീഴുന്ന ശബ്ദം കേട്ട ധേനുകൻ ഭൂമിയെ വിറപ്പിച്ചുകൊണ്ട് അവിടേയ്ക്കോടിയടുത്തു. അടുത്തുവന്നു ആ ദുഷ്‌ടൻ തന്റെ പിൻകാലുകൾ കൊണ്ട് ബലരാമന്റെ മാറിടത്തിൽ ചവുട്ടിയതിനുശേഷം കുത്സിതമായ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവിടമാകെ പരക്കം പാഞ്ഞു. വീണ്ടും ഓടിയെത്തിയ ധേനുകൻ പിൻകാലുകൾകൊണ്ട് വീണ്ടും രാമനെ ചവുട്ടി. ബലരാമൻ പെട്ടെന്ന് അവനെ ഒറ്റക്കൈകൊണ്ട് കാലിൽ പിടിച്ച് ചുഴറ്റി. തക്ഷണം ജീവൻ വെടിഞ്ഞ അവനെ പനയുടെ മുകളിലേക്കെടുത്തെറിഞ്ഞു. ആ കഴുതത്തല ചെന്നിടിച്ച ഒരു കൂറ്റൻ പന വേരറ്റു മറ്റൊരു പനയെ കടപുഴക്കി വീഴ്ത്തി. അതാകട്ടെ മറ്റൊന്നിനെ വീഴ്ത്തുകയും, ആ വീഴ്ത്തപ്പെട്ട പന മറ്റൊന്നിനെ മറിച്ചിടുകയും ചെയ്തു. അങ്ങനെ അവിടെയുണ്ടായിരുന്ന പനകൾ കൊടുങ്കാറ്റിൽ പെട്ടപോലെ നിലംപതിച്ചു. മഹാരാജാവേ!, വസ്ത്രങ്ങളിൽ ഊടും പാവും പോലെ ഈ പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നവന് ഇതൊന്നും ആത്ഭുതമല്ലല്ലോ!.
തുടർന്ന് ധേനുകന്റെ ബന്ധുക്കളായ കഴുതരൂപം പൂണ്ട അസുരന്മാരൊക്കെ പാഞ്ഞെത്തി. അവരെയെല്ലാം രാമകൃഷ്ണന്മാർ പിങ്കാലിൽ പിടിച്ചു പനമേൽ ചുഴറ്റിയെറിഞ്ഞു. വീണുകിടക്കുന്ന പനകളും അവയ്ക്കിടയിൽ ജീവൻ വേർപ്പെട്ടുകിടക്കുന്ന അസുരന്മാരെയും കണ്ടാൽ കാർമേഘം നിറഞ്ഞ ആകാശം പോലെ തോന്നിച്ചു. പെട്ടെന്നു ദേവതകൾ പൂമഴ ചൊരിഞ്ഞു. വാദ്യങ്ങൾ മുഴക്കി, സ്തോത്രങ്ങൾ ഉരുവിട്ടു. ധേനുകൻ മരിച്ചതോടെ നിർഭയരായി മനുഷ്യർ അവിടെ ജീവിച്ചു. പശുക്കളും പുല്ല് മേഞ്ഞുതുടങ്ങി. ശേഷം ഭഗവാനും ബലരാമനും ഗോപന്മാരോടൊപ്പം ഗോകുലത്തിലേക്ക് തിരിച്ചുപോയി. ഗോപികമാർ ഭഗവാനെ എതിരേറ്റുകൊണ്ടുപോയി. രാവിലെ മുതൽ കാണാതിരുന്ന ദുഃഖം ആ തിരുമുഖദർശനത്താൽ അപ്രത്യക്ഷമായി. ഭഗവാനും അവരെ കണ്ട സന്തോഷത്താൽ ഗോകുലത്തിലേക്ക് പ്രവേശിച്ചു. രോഹിണിയും യശോദയും തങ്ങളുടെ പുത്രന്മാർക്ക് പൂർണ്ണാശ്ശിസ്സുകൾ നൽകി. കുളി കഴിഞ്ഞ്, പട്ടുവസ്ത്രങ്ങളണിഞ്ഞ്, ക്ഷീണം മാറിയ അവർ അമ്മമാർ വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചു അവരാൽ താലോലിക്കപ്പെട്ട് പട്ടുമെത്തയിൽ സുഖമായി ഉറങ്ങി.
രാജൻ!, ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണൻ ബലരാമനെ കൂട്ടാതെ മറ്റുള്ള ചങ്ങാതിമാരുമായി യമുനാനദിയിലേക്ക് പോയി. അവിടെവച്ച് ദാഹത്താൽ വലഞ്ഞ ഗോപന്മാരും ഗോക്കളും ആ നദിയിലെ ദുഷിച്ച ജനം കുടിച്ചു. രാജാവേ! കർമ്മഗതിയാൽ ബുദ്ധിമോശം വന്ന അവർ അവിടെത്തന്നെ ഗതപ്രാണരായി വീണു. ഭാവനാകട്ടെ അമൃതൂറുന്ന തൃക്കൺ പാർത്ത് അവരെ പുനർജ്ജീവിപ്പിച്ചു. ഒന്നും മനസ്സിലാകാതെ അവർ ബോധം വീണ്ടെടുത്ത് പരസ്പരം നോക്കിനിന്നു. വിഷം കുടിച്ചുമരിച്ചുപോയ തങ്ങളെ ഭഗവാൻ ഉയർത്തെഴുന്നേൽപ്പിച്ചതാണെന്ന് അവർക്ക് മനസ്സിലായി.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>