frustration of daksha's sacrifice എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
frustration of daksha's sacrifice എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

4.5 ദക്ഷയാഗഭംഗം


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 5
(ദക്ഷയാഗഭംഗം)


Image result for frustration of daksha sacrifice
ദക്ഷയാഗഭംഗം
മൈത്രേയൻ പറഞ്ഞു: മഹാഭാഗ്യവാനായ വിദുരരേ!, പ്രജാപതി ദക്ഷൻ കാരണം സതീദേവി യോഗാഗ്നിയിൽ തന്റെ ശരീരം ചുട്ടെരിച്ചതും, അതിൽ പ്രകോപിതരായ ഭൂതഗണങ്ങൾ ദക്ഷനെ വധിക്കാനൊരുങ്ങിയനേരം ഋഭുക്കളുടെ ആക്രമണത്തെ ഭയന്നു അവർ നാനാദിക്കുകളിലേക്ക് പാഞ്ഞോടിയതുമായ വൃത്താന്തങ്ങൾ നാരദർ മഹാദേവനെ അറിയിച്ചു. വാർത്തയറിഞ്ഞതും ഭഗവാൻ അത്യന്തം കോപിഷ്ടനായി. ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചുകൊണ്ട് ഭഗവാൻ കോധാകുലനായി തന്റെ ജടക്കെട്ടിൽ‌നിന്നും മുടിയിഴകൾ പറിച്ചെടുത്ത് നിലത്തേക്കെറിഞ്ഞു. അവ വൈദ്യുതിയുടെ മിന്നിപ്പിണരുകൾ‌പോലെ ഭൂമിയിൽ പടർന്നൊഴുകി. മൂന്നു സൂര്യന്മാർ ഒന്നിച്ചുദിച്ച പ്രകാശത്തോടുകൂടി ആകാശം മുട്ടെ വളർന്ന ഭയാനകമായ ഒരു കറുത്ത സത്വം ആ അഗ്നിയിൽനിന്നും അവിടെ സംജാതമായി. ഭയജനകമായ ദംഷ്ട്രകളാലും, കത്തിജ്വലിക്കുന്ന തീനാളം പോലെയുള്ള കേശങ്ങളാലും, വിവിധ ആയുധങ്ങളേന്തിയ ആയിരം കൈകളോടെയും, കഴുത്തിൽ മുണ്ഢമാല്യങ്ങൾ ധരിച്ചും അവൻ അവിടെ ഭഗവാന്റെ മുന്നിൽ ജ്വലിച്ചുനിന്നു. തൊഴുകൈകളോടെ ആ ഭൂതം താനെന്തു ചെയ്യണമെന്ന് മഹാദേവനോടാരഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞു: നമ്മിൽ നിന്നുത്ഭൂതനായ നീ നമ്മുടെ ഭൂതഗണങ്ങളിൽ അഗ്രണിയാണ്. ഉടൻ പോകുക. യാഗശാലയിൽ ചെന്ന് ദക്ഷനേയും അനുയായികളേയും ക്ഷണത്തിൽ വധിച്ചുവരിക.’”

മൈത്രേയൻ തുടർന്നു: പ്രീയ വിദുരരേ!, ശൈവകോപാഗ്നിയിൽ‌നിന്നുണ്ടായ ആ മഹത്സത്വം ശിവന്റെ ആജ്ഞയെ അനുസരിച്ചു അത് നിറവേറ്റാൻ തയ്യാറായി അദ്ദേഹത്തെ വലം‌വച്ച് വണങ്ങി പുറപ്പെട്ടു. ശിവഭൂതങ്ങൾ വേറെയും അലറിക്കുതിച്ചുകൊണ്ട് ആ സത്വത്തെ പിന്തുടർന്നു. കാലനെപ്പോലും വധിക്കാൻ കഴിവുള്ള ശൂലവുമായി യജ്ഞശാലയിലേക്ക് ഓടിയടുക്കുന്ന ആ സത്വത്തിന്റെ കാലിലണിഞ്ഞിരിക്കുന്ന തളകൾ അലറിത്തിമർക്കുന്നതുപോലെതോന്നി.

പെട്ടന്ന് യാഗശാലയിൽ രാത്രിതുല്യമായ ഇരുട്ട് പരന്നു. അവിടെ കൂടിയിരുന്നവർ ഈ അന്തകാരത്തെ കണ്ടുഭയന്നുവിറച്ചു. അത്ഭുതപരതന്ത്രരായി അവർ നാലുപാടും നോക്കി. അവിടെമാകെ പൊടിപടലങ്ങളുയരുന്നതായിക്കണ്ട് അവർ അതിശയിച്ചു. പലപല അഭ്യൂഹങ്ങളിലൂടെ അവർ പരസ്പരം പറഞ്ഞു : ഇവിടെ കാറ്റൊന്നും വീശുന്നില്ലല്ലോ!..., പശുക്കളും പായുന്നില്ല, ഇനി വല്ല കൊള്ളക്കാരുടെ ആഗമനമാകാനും വഴിയില്ല, ഇല്ല, ബർഹി രാജനിവിടെയുള്ളപ്പോൾ അതിനൊന്നും യാതൊരു സാധ്യതയുമില്ല. പിന്നെവിടുന്നാണീ പൊടിപടലങ്ങളുയരുന്നത്?... ഒരുപക്ഷേ, പ്രളയം ഇപ്പോഴുണ്ടാകുമോ ആവോ.

പെട്ടെന്ന് ദക്ഷപത്നിയായ പ്രസൂതി അത്യന്തം ആകാംക്ഷയോടെ പറഞ്ഞു: ഇത് ദക്ഷനുണ്ടാക്കിയ ദുരന്തമാണ്. തികച്ചും നിരപരാധിയായ സതിയുടെ നിധനം മൂലമുണ്ടായ വിനതന്നെയാണിത്. ഞങ്ങൾ നോക്കിനിൽക്കെയല്ലേ സ്വന്തം ശരീരം അവൾ ഉപേക്ഷിച്ചത്?. കല്പാന്തത്തിൽ മഹാദേവന്റെ ജട അഴിഞ്ഞുലയുന്നു. ദിൿഗജേന്ദ്രന്മാരെ ഭഗവാൻ തന്റെ ത്രിശൂലത്താൽ കീറിമുറിക്കുന്നു. ഉറക്കെ അട്ടഹസിച്ചുകൊണ്ട് അദ്ദേഹം താണ്ഢവമാടുന്നു. മിന്നൽ‌പിണരുകൾ കാർ‌മേഘങ്ങളെ കീറിമുറിക്കുന്നതുപോലെ, ദ്വജങ്ങൾ കൊടുങ്കാറ്റിൽ ആടിയുലയുന്നതുപോലെ അവന്റെ കരങ്ങൾ ആകാശത്തിൽ മുദ്രകൾ തീർക്കുന്നു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ഭീമാകാരനായ ആ മഹാസത്വം തന്റെ തേറ്റകൾ തുറന്നുകാട്ടി ജനങ്ങളെ പേടിപ്പെടുത്തി. ആകാശത്തിലെ തേജോഗോളങ്ങളേയും നക്ഷത്രങ്ങളേയും അവൻ തന്റെ പുരികങ്ങളുടെ ചലനമാത്രം‌കൊണ്ട് ഛിന്നഭിന്നമാക്കി നാനാദിക്കുകളിലേക്കും പായിച്ചു. തന്റെ ഉജ്ജ്വലപ്രഭയാൽ അവ ഒന്നടങ്കം അവിടെനിന്നും അപ്രത്യക്ഷമായി. അവന്റെ കോപത്തിൽ നിന്ന് രക്ഷനേടാ‍ൻ ദക്ഷന്റെ പിതാവായ ബ്രഹ്മദേവനുപോലും സാധിച്ചില്ല. ജനങ്ങൾ പരസ്പരം ആകാം‌ക്ഷാഭരിതരായി പലവക പുലമ്പിക്കൊണ്ടിരുന്നു. ആ സമയം ദക്ഷൻ ഭൂമിയിൽ നിന്നും, ആകാശത്തിൽനിന്നും പലവിധ ദുഃശ്ശകുനങ്ങൾ കേട്ടു. വിദുരരേ!, പെട്ടെന്നാണ് ശിവാനുചാരികൾ യാഗശാലയിൽ കടന്നുകൂടിയത്. വാമനശരീരികളായി, പലേതരം ആയുധങ്ങൾ കൈകളിലേന്തിയ അവർ കറുപ്പും മഞ്ഞയുമായ വർണ്ണങ്ങളിൽ കാണപ്പെട്ടു. അവർ ഹോമകുണ്ഡത്തിനുചുറ്റും ഓടിനടന്നു പലവിധ ശല്യങ്ങളുണ്ടാക്കി. ചിലർ പന്തൽ തൂണുകൾ പിഴുതെറിഞ്ഞു. ചിലർ സ്ത്രീകളിരിക്കുന്ന ഭാഗത്തേക്കു കടന്നുകയറി. ചിലർ യാഗക്കളരി നശിപ്പിക്കാൻ തുടങ്ങി. മറ്റുചിലർ അടുക്കളയും കിടപ്പറകളും ലക്ഷ്യമാക്കി പാഞ്ഞു. അവർ കുടങ്ങളും പാത്രങ്ങളും മറ്റ് യജ്ഞസാമഗ്രികളും തച്ചുടക്കാൻ തുടങ്ങി. ചിലരാകട്ടെ യാഗകുണ്ഡത്തിലെ അഗ്നിയെ തല്ലികെടുത്തി. ചിലർ യജ്ഞശാലയുടെ മറകൾ കീറിക്കളഞ്ഞു. എന്നാൽ മറ്റുചിലർ യാഗശാലയിൽ പലയിടങ്ങളിലും മൂത്രവിസർജ്ജനം ചെയ്തു. മുനിമാർ പലായനം ചെയ്യുന്നതുകണ്ട് ചിലർ അവരെ തടഞ്ഞുവച്ചു. ചിലർ അവിടെ കൂടിയിരുന്ന സ്ത്രീകളെ ഉപദ്രവിക്കാൻ തുടങ്ങി. ചിലർ ഓടി രക്ഷപെടാ‍നൊരുമ്പെട്ട ദേവന്മാരെ പിടിച്ചുകെട്ടി.

ശിവഭൂതങ്ങളിൽ, മണിമാൻ ഭൃഗുമുനിയെ ബന്ധനസ്ഥനാക്കി. വീരഭദ്രൻ ദക്ഷനെ പിടികൂടി. ചന്ദേശൻ പൂഷാവിനേയും, നന്ദീശ്വരൻ ഭാഗനേയും തടഞ്ഞുവച്ചു. ഉടൻ‌തന്നെ അവിടെ കല്ലുമഴപെയ്തു. അവിടെകൂടിയിരുന്ന സകല മുനിമാരും ദേവന്മാരും തീരാബുദ്ധിമുട്ടിലകപ്പെട്ടു. ജീവനുവേണ്ടി അവർ പലേദിക്കുകളിലേക്കും പാഞ്ഞു. വീരഭദ്രൻ ഓടിയടുത്ത് യാഗം ചെയ്തുകൊണ്ടിരുന്ന ഭൃഗുമുനിയുടെ മീശയും താടിയും പിഴുത് കാറ്റിൽ പറത്തി. അവൻ തുടർന്ന് ഭാഗനെ കടന്നുപിടിച്ച് ശക്തിയോടെ തള്ളിത്താഴെയിട്ടതിനുശേഷം അവന്റെ കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്തു. ആ കണ്ണുകളും പുരികങ്ങളും കൊണ്ടായിരുന്നത്രേ, മഹാദേവനെ ഭൃഗുമുനി ശപിക്കുന്ന സമയത്ത്, ഭാഗൻ ആംഗ്യങ്ങളും കോപ്രായങ്ങളും കാട്ടി രസിച്ചതു. പണ്ട് കലിംഗരാജാവായ ദന്തവക്രന്റെ പല്ലുകൾ ബലദേവൻ പിഴുതുകളഞ്ഞതുപോലെ, ശിവനെ ശപിച്ച ദക്ഷന്റേയും, അത് കണ്ടുചിരിച്ച പുഷാവിന്റേയും പല്ലുകൾ വീരഭദ്രൻ പിഴുതെറിഞ്ഞു.

തുടർന്ന്, ഭീമാകാരനായ വീരഭദ്രൻ ദക്ഷന്റെ മാറിൽ കയറിയിരുന്ന് തന്റെ കൂർത്ത ആയുധം‌കൊണ്ട് ആ ഉടലിൽ‌നിന്നും തല വേർപെടുത്തുവാനാരം‌ഭിച്ചെങ്കിലും അത് സാധ്യമായില്ല. അസ്ത്രശസ്ത്രങ്ങൾ‌കൊണ്ട് അറുത്തെറിയുവാൻ നോക്കിയിട്ടും ദക്ഷന്റെ ഗളസ്ഥലത്തിലെ ത്വക്ക് മുറിയാതിരുന്നതുകണ്ട് വീരഭദ്രൻ അമ്പരന്നു. അപ്പോഴാണ് യജ്ഞശാലയിൽ മൃഗബലിയ്ക്കൊരുക്കിയിരുന്ന ഒരു തടിയുപകരണം അവന്റെ കണ്ണിൽ പെട്ടത്. അതിനെ ആയുധമാക്കി അവൻ ആ കൃത്യം നിർവ്വഹിച്ചു. ദക്ഷശിരസ്സ് ആ ഉടലിൽ‌നിന്നും വേർ‌പ്പെട്ടതുകണ്ട് ഭൂതപ്രേതപിശാചുക്കൾ സന്തോഷാതിരേകത്താൽ കൂക്കിവിളിച്ചു. മറുവശത്ത് യാജ്ഞികന്മാരായ ബ്രാഹ്മണരാകട്ടെ, ദക്ഷന്റെ ദുർ‌ഗ്ഗതിൽ മനം നൊന്ത് നിലവിളിക്കുകയും ചെയ്തു.

അറുത്തിട്ട ദക്ഷന്റെ തല കൈയ്യിലെടുത്ത് വീരഭദ്രൻ ഹോമകുണ്ഡത്തിൽ ദക്ഷിണഭാഗത്തേക്കെറിഞ്ഞുഹോമിച്ചു. തുടർന്ന് യാഗശാല മുഴുവനും ശിവാനുചാരികൾ തകർ‌ത്തു. ഒടുവിൽ യജ്ഞശാലയ്ക്ക് തീയും കൊളുത്തി അവർ കൈലാസത്തിലേക്ക് മടങ്ങി.


ഇങ്ങനെ ചതുർത്ഥസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.







Frustration of Daksha's sacrifice