bhagavatham 4-chapter-8 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 4-chapter-8 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ഡിസംബർ 18, ചൊവ്വാഴ്ച

4.8 ധ്രുവചരിത്രം - 1


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 8
(ധ്രുവചരിത്രം - 1).

ബന്ധപ്പെട്ട ചിത്രം മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇനി ഞാൻ പറയാൻ പോകുന്നത് മഹാനായ ധ്രുവന്റെ കഥയാണ്. സനകാദികൾ, നാരദർ, ഋഭു, ഹംസ, അരുണി, യതി മുതലായ വിരിഞ്ചപുത്രന്മാർ നൈഷ്ഠിക ബ്രഹ്മചാരികളായിരുന്നു. അവരെ ഊർദ്ദ്വരേതസ്സുകൾ ന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ബ്രഹ്മദേവന് അധർമ്മൻ എന്ന പേരിൽ മറ്റൊരു പുത്രനുണ്ടായിരുന്നു. അവന് മൃഷ എന്ന തന്റെ പത്നിയിൽ ദംഭൻ, മായാ എന്നിങ്ങനെ അസുരഗുണത്തോടുകൂടിയ രണ്ട് മക്കൾ ജനിച്ചു. ഇവരെ പുത്രനില്ലാതിരുന്ന നിഋത്തി എന്ന ഒരസുരൻ തന്നോടൊപ്പം കൂട്ടികൊണ്ടുപോയി വളർത്തി. ദംഭനും മായയും വിവാഹിതരായി അവർക്ക് ലോഭൻ, നികൃതി എന്നിങ്ങനെ രണ്ടു മക്കളുണ്ടായി. ലോഭനികൃതിമാരിൽ ക്രോധൻ, ഹിംസാ എന്ന രണ്ടു കുട്ടിക ജനിച്ചു. ക്രോധനും ഹിംസയ്ക്കും കൂടി കലി, ദുരുക്തി എന്ന നാമങ്ങളിൽ രണ്ടു മക്കൾ ജനിച്ചു. ഇവർക്ക് മക്കളായി മൃത്യുവെന്നും ഭീതിയെന്നും രണ്ടു കുട്ടികളുണ്ടായി. അവരിൽനിന്നും യാതന, നിരയ എന്നിങ്ങനെ രണ്ടു കുട്ടികൾ ജനിച്ചു. വിദുരരേ!, താണ് പ്രതിസർഗ്ഗം അഥവാ സർവ്വനാശത്തിന്റെ പരമകാരണം എന്ന് പറയുന്നത്. അതിനെ ഞാൻ താങ്കളുടെ അറിവിനായി സംഗ്രഹിച്ച് ചൊന്നുവെന്നുമാത്രം. പ്രതിപാദനം മൂന്ന് പ്രാവശ്യം കേൾക്കുന്നതോടുകൂടി ഒരുവനിൽ ഭഗവദ്ഭക്തി ഉണ്ടാകുകയും ജീവൻ തന്റെ സർവ്വപാപങ്ങളിൽ നിന്നും മുക്തനാകുകയും ചെയ്യുന്നു.

വിദുരരേ! ഇനി, ഭഗവദംശമായ സ്വായംഭുവ മനുവിന്റെ പരമ്പരയിലെ ചില പ്രത്യേക വ്യക്തികളെക്കുറിച്ച് പറയാം. സ്വായംഭുവമനുവിന് തന്റെ പത്നിയായ ശതരൂപയിൽ ഉത്താനപാദൻ പ്രിയവ്രതൻ എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഹരിയുടെ അംശങ്ങളായിരുന്നതുകൊണ്ടുതന്നെ അവരിരുവരും ലോകപാലനത്തിലും പ്രജാക്ഷേമതല്പരതയിലും അഗ്രഗണ്യരായിരുന്നു. ഉത്താനപാദരാജാവിന് സുനീതി, സുരുചി എന്ന പേരിൽ രണ്ട് പത്നിമാരുണ്ടായിരുന്നു. അതിൽ രാജാവ് സുരുചിയെ കൂടുതൽ ഇഷ്ടപ്പെടുകയും സുനീതിയെ വളരെ അവഗണിക്കുകയും ചെയ്തിരുന്നു. സുനീതിയിൽ ഉത്താനപാദനുണ്ടായ മകാനായിരുന്നു ധ്രുവൻ. ഒരു ദിവസം സുരുചിയുടെ മകനായ ഉത്തമനെ ഉത്താനപാദൻ തന്റെ മടിയിലിരുത്തി ലാളിക്കുന്ന സമയം ധ്രുവൻ അവിടേയ്ക്ക് കടന്നുചെന്നു. അതു കണ്ടപ്പോൾ വനും തന്റെ അച്ഛന്റെ മടിയിലിരിക്കണമെന്ന കലശലായ മോഹം തോന്നി. പക്ഷേ, രാജാവ് അതത്ര കാര്യമായി ഗൌനിച്ചില്ല. കുട്ടി വീണ്ടും ഉദ്യമത്തിന് മുതിർന്നതോടെ സുരുചിയുടെ ഭാവം മാറി. അവൾ ധ്രുവനെ അത്യധികം അഹങ്കാരത്തോടെ രാജാവ് കേൾക്കാനെന്നവിധം ശകാരിച്ചു.

സുരുചി പറഞ്ഞു: ഹേ കുട്ടീ!, നിനക്ക് രാജാവിന്റെ മടിയിലോ സിംഹാസനത്തിലോ ഇരിക്കാനുള്ള യോഗ്യത ഇപ്പോഴില്ലെന്നറിയുക. തീർച്ചയായും നീ ഉത്താനപാദമഹാരാജാവിന്റെ മകൻ തന്നെ. എന്നാൽ എന്റെ വയറ്റിൽ പിറക്കാത്ത നിനക്ക് ഇപ്പോൾ അതിനുള്ള അവകാശമില്ല. അറിയില്ലെങ്കിൽ കേട്ടേളൂ, നീ എന്റെ ജഠരത്തിൽ പിറന്നവനല്ല. മറ്റൊരു സ്ത്രീയിലുണ്ടായ കുട്ടിയാണ്. അതുകൊണ്ട് നിന്റെ ഉദ്ദേശം സാധ്യമാകാൻ പോകുന്നില്ല. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നീ ആഗ്രഹിച്ചിരിക്കുന്നത്. ഇനി നിനക്ക് സിംഹാസനത്തിലിരിക്കാനുള്ള മോഹം അത്രകണ്ട് തീവ്രമാണെങ്കിൽ അതിനുവേണ്ടി അതികഠിനമായ തപസ്സ് അനുഷ്ഠിക്കേണ്ടതുണ്ട്. ആദ്യം പോയി ഭഗവാൻ നാരായണനെ പ്രീതിപ്പെടുത്തുക. അവൻ സമ്പ്രീതനാകുകയാണെങ്കിൽ നീ അടുത്ത ജന്മം എന്റെ ജഠരത്തിൽ ജന്മമെടുക്കും. പിന്നീടെല്ലാം വേണ്ടതുപോലെതന്നെ സംഭവിക്കും.

വിദുരരേ!, അടി കൊണ്ട പാമ്പ് നിശ്വസിക്കുന്നതുപോലെ, സുരുചിയുടെ പരുഷവചങ്ങളാകുന്ന ദണ്ഡത്താൽ പ്രഹരമേറ്റ ധ്രുവൻ ഉച്ഛത്തിൽ ദീർഘനിശ്വാസം ചെയ്തുകൊണ്ട് ദേഷ്യത്തോടെ കൊട്ടാരം വിട്ടിറങ്ങി തന്റെ അമ്മയുടെ അടുക്കലേക്കോടി. അവന്റെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ കരയുകയായിരുന്നു. മകനെ കണ്ടതും അമ്മ സുനീതി അവനെ വാരിയെടുത്ത് മടിയിലിരുത്തി. കൊട്ടാരത്തിൽ നടന്ന സംഭവത്തിനു സാക്ഷ്യം നിന്ന പലരും സുനീതിയോട് ഇതിനകം കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. സംഭവം സുനീതിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. കാട്ടുതീയിൽ കരിഞ്ഞുണങ്ങിയ ഇല പോലെ അവൾ ദുഃഖിതയായി. സുരുചിയുടെ പരുഷമായ വാക്കുകളിൽ മനം നൊന്ത് സുനീതി ദീനദീനം വിലപിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അവൾ ദീർഘമായി നെടുവീർപ്പിട്ടു.

ഒടുവിൽ അവൾ മകനോട് പറഞ്ഞു: മകനേ!, മറ്റുള്ളവരുടെ ദുഃഖത്തെ നാം ഒരിക്കലും ആഗ്രഹിക്കാൻ പാടുള്ളതല്ല. ആരാണോ അന്യന് ദുഃഖം വിതയ്ക്കുന്നത് അവൻ ദുഃഖം സ്വയം അനുഭവിക്കേണ്ടിവരും. കുഞ്ഞേ! സുരുചി നിന്നോട് അങ്ങനെ പെരുമാറിയതിന് കാരണമുണ്ട്. നിന്റെ അച്ഛൻ ഉത്താനപാദമഹാരാജൻ എന്നെ അദ്ദേഹത്തിന്റെ ഭാര്യയായോ, വീട്ടിലെ ഒരു വേലക്കാരിയായോ പോലും കരുതിയിട്ടില്ലാ. അദ്ദേഹത്തിനെന്നെ സ്വീകരിക്കാൻ കഴിയില്ല. അങ്ങനെയുള്ള നിർഭാഗ്യവതിയായ ഒരു സ്ത്രീയുടെ ഗർഭത്തിലാണ് നീ പിറന്നത്. സ്ത്രീയുടെ മുലപ്പാൽ നുകർന്നാണ് നീ വളർന്നത്. അതാണ് സത്യം. കേട്ടാൽ സഹിക്കില്ലെങ്കിൽകൂടി നിന്റെ ചിറ്റമ്മയായ സുരുചി പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഉത്തമനെപ്പോലെ നിനക്കും നിന്റെ അച്ഛന്റെ മടിയിലോ സിംഹാസനത്തിലോ ഇരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, വൈരം കളഞ്ഞ്, സുരുചി പറഞ്ഞതുപോലെതന്നെ അനുസരിക്കുക. സമയം അല്പം പോലും പാഴാക്കാതെ നീ ഭഗവദ്പ്രീതിക്കുവേണ്ടി യാത്രയാകുക. താമരപ്പാദങ്ങളിൽ അഭയം തേടിയപ്പോഴാണ് നിന്റെ മുതുമുത്തച്ഛനായ ബ്രഹ്മദേവന് പ്രപഞ്ചസൃഷ്ടിക്കുള്ള യോഗ്യത കൈവന്നത്. അജനും ജീവാത്മാക്കളുടെ നാഥനുമാണെങ്കിൽകൂടി, യോഗികൾ പോലും തങ്ങളുടെ മനസ്സും പ്രാണനുമർപ്പിച്ച് പൂജിക്കുന്ന പരമപുരുഷന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്, അദ്ദേഹം ഇന്ന് സ്ഥാനത്തിന് അർഹനായിരിക്കുന്നത്. മകനേ!, നിന്റെ മുത്തച്ഛൻ സ്വായംഭുവമനു വിധിപ്രകാരം പലതരം യജ്ഞങ്ങൾ അനുഷ്ഠിച്ച് പരമാത്മാവിനെ പ്രസാദിപ്പിക്കുകയുണ്ടായി. അതിലൂടെയാണ് ദേവന്മാർക്കുപോലും സിദ്ധിക്കാത്ത ഭൌമസുഖങ്ങളും ഒടുവിൽ മുക്തിയും അദ്ദേഹത്തിന് കൈവന്നതു. ഉണ്ണീ!, നീയും പരമപദത്തിൽ അഭയം പ്രാപിക്കുക. നാഥൻ ഭക്തവത്സലനാണ്. ജനനമരണ സംസാരത്തിൽ നിന്ന് കരകയറുവാൻ ആഗ്രഹിക്കുന്നവരെല്ലാം തൃപാദങ്ങളിലാണ് ആശ്രയം തേടുന്നത്. അനന്യമായ ഭക്തിയാൽ ഭജിച്ചുകൊണ്ട് പരമാത്മാവിനെ നീ നിന്റെ ഹൃദയത്തിൽ കുടിയിരുത്തുക.  മകനേ!, ഭഗവാൻ ഹരിയല്ലാതാർക്കും നിന്റെ ദുഃഖത്തെ ശമിപ്പിക്കുവാൻ സാധിക്കുമെന്ന് ഈ അമ്മ വിശ്വസിക്കുന്നില്ല. ലോകം മുഴുവൻ ക്ഷേമത്തിനുവേണ്ടി ഐശ്വര്യദേവതയായ ലക്ഷ്മീഭഗവതിയെ സേവിക്കുമ്പോൾ, അവളാകട്ടെ നിരന്തരം പരമാത്മാവിന്റെ പാദപൂജയിൽ മുഴുകിയിരിക്കുന്നു.

മൈത്രേയൻ തുടർന്നു: വിദുരരേ!, അമ്മയുടെ ഉപദേശം തന്റെ നന്മക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയ ധ്രുവൻ തികഞ്ഞ ബോധത്തോടെയും ഇളകാത്ത നിശ്ചയദാർഢ്യത്തോടെയും അച്ഛന്റെ വീടുവിട്ടിറങ്ങി. വാർത്ത ദേവർഷി നാരദരുടെ കാതിലുമെത്തി. ധ്രുവന്റെ തീരുമാനത്തിൽ നാരദർക്ക് ആശ്ചര്യം തോന്നി. അദ്ദേഹം അവന്റെ മുന്നിലെത്തി തന്റെ ദിവ്യകരം കൊണ്ട് ശിരസ്സിൽ തൊട്ടനുഗ്രഹിച്ചതിനുശേഷം ആരോടെന്നില്ലാതെ പറഞ്ഞു: എന്താണ് ശക്തിമത്തായ ക്ഷത്രിയന്മാരുടെ കഥ! അവർ ഒരിക്കലും തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്താറില്ല. ഒന്നോർത്തുനോക്കൂ! ഇവൻ എത്ര ചെറിയ കുട്ടിയാണ്!. പക്ഷേ, തന്റെ ചിറ്റമ്മയുടെ പരുഷമായ വാക്കുകൾ ഇവനിൽ എത്രകണ്ട് അഭിമാനക്ഷതം വരുത്തിയിരിക്കുന്നു!’.

നാരദൻ പറഞ്ഞു: കുഞ്ഞേ!, നീ ഒരു കൊച്ചുകുട്ടിയല്ലേ? നിന്റെ താല്പര്യം കളികളിലും മറ്റുമാകേണ്ടതല്ലേ? എങ്ങനെയാണ് മറ്റുള്ളവരുടെ പരുഷവചനങ്ങൾ നിന്റെ അഭിമാനത്തെ ഇത്രകണ്ട് മുറിവേൽപ്പിച്ചത്? ധ്രുവാ! ഇനി നിന്റെ അഭിമാനത്തിന് അല്പം ക്ഷതമേറ്റെങ്കിൽതന്നെ അതിലിത്ര ദുഃഖിക്കാനെന്തിരിക്കുന്നു. ഇങ്ങനെയുള്ള വികാരങ്ങൾ മായയുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന വിവിധതരം മാനസികാവസ്ഥകളാണ്. എല്ലാ ജീവന്മാരും തങ്ങളുടെ പൂർവ്വജന്മകർമ്മങ്ങളെക്കൊണ്ട് ബന്ധിക്കപ്പെട്ടവരാണ്. അതുകൊണ്ട് സുഖവും ദുഃഖവും ചേർന്ന് പലതരത്തിലായിരിക്കും ഓരോരുത്തരുടേയും ജീവിതങ്ങൾ കടന്നുപോകുന്നത്. കുഞ്ഞേ!, ഈശ്വരഗതിയെ ആർക്കും തടുക്കാവുന്നതല്ല. ജ്ഞാനികൾ അതിനെ സർവ്വാത്മനാ സ്വീകരിച്ചുകൊണ്ട് വന്നുചേരുന്ന സുഖദുഃഖങ്ങളിൽ സംതൃപ്തരാകുന്നു. കുട്ടീ!, നിന്റെ അമ്മയുടെ ഉപദേശാനുസരണം നീയിപ്പോൾ ഭഗവദ്പ്രീതിക്കുവേണ്ടിമാത്രം ധ്യാനയോഗത്തിനൊരുങ്ങുകയാണ്. പക്ഷേ, ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒന്നല്ല പരമപുരുഷനെ പ്രീതിപ്പെടുത്തുക എന്നത്. അത് അത്യന്തം ദുഷ്കരമാണ്. ജന്മാന്തരങ്ങളായി നിസ്സംഗതയോടെ മനസംയമനം ചെയ്ത് പലവിധത്തിലുള്ള തപസ്സുകളനുഷ്ഠിക്കുന്ന യോഗികൾക്കുപോലും അത് സാധ്യമായിട്ടില്ല. അതുകൊണ്ട് കുമാരാ!, നടക്കാത്ത ഉദ്യമത്തിന് മുതിരാതെ നീ തിരികെ പോകുക. വളർന്ന് വലുതാകുമ്പോൾ ഈശ്വരകാരുണ്യം കൊണ്ടുതന്നെ നിനക്കിതിനവസരം വന്നുചേരും. അന്ന് നിന്റെ ആഗ്രഹം നിറവേറ്റാവുന്നതാണ്. ഏത് സാഹചര്യത്തിലും ഒരുവൻ ആത്മസംതൃപ്തി കൈവെടിയുവാൻ പാടുള്ളതല്ല. ദൈവഹിതമായി വരുന്ന സുഖദുഃഖങ്ങളിൽ സമചിത്തത പാലിക്കുന്ന ഒരുവൻ അജ്ഞാനസംസാരത്തെ നിസ്സാരമായി മറികടക്കുന്നു. സകലരും അങ്ങനെയായിരിക്കണം. ഒരാൾ തന്നെക്കാൾ ജ്ഞാനിയായ ഒരുവനെ കാണുമ്പോൾ  സന്തോഷവാനായി മാറുകയും, തന്നെക്കാൾ ജ്ഞാനം കുറഞ്ഞവനെ കാണുമ്പോൾ അവനോട് അനുമ്പ തോന്നുകയും, തന്നോടൊപ്പം പോന്നവനെ കാണുമ്പോൾ അവനോട് സൌഹൃദം ചേരുകയും വേണം. അങ്ങനെയായാൽ അവൻ താപത്രയങ്ങളിൽനിന്നു മുക്തനാകുന്നു.

ധ്രുവൻ പറഞ്ഞു: പ്രീയമുള്ള നാരദരേ!, അങ്ങേയ്ക്കെന്റെ പ്രണാമം!. സുഖദുഃഖങ്ങളിൽ പെട്ട് മനോവേദനയനുഭവിക്കുന്നവർക്ക് അങ്ങിപ്പറഞ്ഞ ഉപദേശങ്ങൾ നൽകുകയാണെങ്കിൽ അത് അവരിൽ മനഃശാന്തിയുണ്ടാക്കി അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. എന്നാൽ ഞാൻ തീർത്തും അജ്ഞാനിയാണ്. അങ്ങനെയിരിക്കെ ഇങ്ങനെയുള്ള തത്വദർശനങ്ങൾ എന്റെ ഹൃദയത്തെ തൊട്ടുണർത്താൻ പോകുന്നില്ല. ഹേ മുനേ!, അങ്ങയുടെ ഉപദേശങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ധിക്കാരിയായി ഞാൻ മാറിയെങ്കിൽ അതെന്റെ ദോഷംകൊണ്ടല്ല. ഞാൻ ഒരു ക്ഷത്രിയകുടുംബത്തിൽ പിറന്നതുകൊണ്ടാണ്. എന്റെ ചിറ്റമ്മ ഇന്നെന്നോട് പറഞ്ഞത് ഹൃദയം തുളഞ്ഞുകയറുന്ന വാക്കുകളാണ്. അതുകൊണ്ട് അങ്ങയുടെ വിലപ്പെട്ട വാക്കുകൾ എന്റെ ഹൃദയത്തെ സ്പർശിക്കുന്നില്ല. അല്ലയോ ബ്രാഹ്മണപണ്ഡിതാ!. എനിക്ക് വേണ്ടത് ഇന്നുവരെ മൂന്നുലോകങ്ങളിലും ആരും നേടാത്ത അത്യുന്നതമായ പദവിയാണ്. എന്തിനുപറയാൻ, എന്റെ പൂർവ്വപിതാക്കൾ പോലും നേടിയിട്ടില്ലാത്ത മഹാപദവി. താങ്കൾക്ക് മനസുണ്ടെങ്കിൽ ആയതിലേക്ക് നേരായ ഒരു മാർഗ്ഗത്തെ കാട്ടിത്തരുക. അതുവഴി എനിക്കെന്റെ ജീവിതാഭിലാഷത്തെ സഫലീകരിക്കുവാൻ കഴിയട്ടെ!. ഭഗവാനേ!, അങ്ങ് ബ്രഹ്മദേവന്റെ മഹാനായ പുത്രനാണ്. വീണയും മീട്ടിക്കൊണ്ട് ഉലകം മുഴുവനും ലോകനന്മയ്ക്കുവേണ്ടി അങ്ങ് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങ് സൂര്യനെപ്പോലെ ലോകം മുഴുവൻ ചുറ്റിക്കറങ്ങി സകല ഭൂതങ്ങളുടേയും ക്ഷേമത്തിനുവേണ്ടി യത്നിക്കുന്നു.

മൈത്രേയൻ പറഞ്ഞു: ധ്രുവന്റെ വാക്കുകൾ കേട്ട നാരദമഹർഷിക്ക് അവനോട് അത്യന്തം അനുകമ്പ തോന്നി. കാരുണ്യത്തോടെ ദേവർഷി ധ്രുവനുവേണ്ട ഉപദേശങ്ങൾ നൽകി. അദ്ദേഹം പറഞ്ഞു: മകനേ!, അമ്മ നിനക്ക് പറഞ്ഞുതന്ന വഴി തീർത്തും ഉചിതം തന്നെ. ഭഗവാൻ വാസുദേവനെ ഭജിക്കാൻ തുടങ്ങിക്കൊള്ളുക. ധർമ്മാർത്ഥകാമമോക്ഷങ്ങൾ കാമിക്കുന്ന യാതൊരുവനും അത് സാധ്യമാക്കുന്നതിനുവേണ്ടി തിരുവടിയെയാണ് അഭയം പ്രാപിക്കേണ്ടത്. തദർത്ഥം, കുഞ്ഞേ!, ഞാൻ നിനക്ക് സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ഉടനേതന്നെ നീ യമുനാതീരത്തേക്ക് പോകുക. അവിടെ പവിത്രമായ മധുവനം എന്ന ഒരു കാടുണ്ട്. അവിടെ ചെന്ന് സ്വയം പരിശുദ്ധനാകുക. ഭഗവദ് സാന്നിധ്യമുള്ള പുണ്യസ്ഥലത്തെ സന്ദർശിക്കുകകൊണ്ടുമാത്രം ഒരുവൻ ഭഗവാനിലേക്കാകർഷിക്കപ്പെടുന്നു. അവിടെ പവിത്രമായ കാളിന്ദിയിൽ ദിവസം മൂന്നുതവണ സ്നാനം ചെയ്യുക.  ശേഷം, ഉചിതമായ ഒരാസനത്തിലിരുന്നു സാധന ആരംഭിക്കുക. ആദ്യം മൂന്നു വിധത്തിലുള്ള പ്രാണായമങ്ങൾ ചെയ്ത് പ്രാണനേയും മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിന്റെ പരിധിയിൽ കൊണ്ടുവരിക. തികച്ചും നിസ്സംഗനായി ക്ഷമയോടെ പരമപുരുഷനെ ധ്യാനിക്കാൻ പരിശീലിക്കുക.

കുഞ്ഞേ!, ഭഗവാന്റെ തിരുമുഖം സദാ പ്രസന്നവും ശാശ്വതമായ സൌന്ദര്യം വഴിയുന്നതുമാണ്. തിരുമുഖത്തേക്ക് നോക്കുന്ന ഒരു ഭക്തന്റെ ഹൃദയം നിമിഷമാത്രംകൊണ്ട് ശാശ്വതസൌന്ദര്യത്താൽ നിറഞ്ഞുകവിയുന്നു. അവൻ എപ്പോഴും ഭക്തന്റെ വരവും കാത്ത് വരപ്രദായകനായി ഒരുങ്ങിനിൽക്കുകയാണ്. കണ്ണുകളും, അലങ്കരിക്കപ്പെട്ട പുരികങ്ങളും, നീണ്ട നാസാപുടവും, വിശാലമായ നെറ്റിത്തടവും, എല്ലാം അതിമനോഹരംതന്നെ. സൌന്ദര്യത്തെ വെല്ലാൻ മറ്റൊരു മൂർത്തിയില്ല. അവൻ സദാ യൌവനയുക്തനാണ്. അവന്റെ ഓരോ ശരീരാംഗങ്ങളും വടിവൊത്തതാണ്. നയനങ്ങളും അധരങ്ങളും ഉദിച്ചുയരുന്ന അരുണസൂര്യനെപ്പോലെ തേജസ്സുറ്റതാണ്. അവൻ ആശ്രിതവത്സലനാണ്. രൂപം കാണാൻ ഭാഗ്യമുള്ളവൻ ഹൃദയത്തിൽ ആത്യന്തികമായ അത്മസംതൃപ്തി നേടുന്നു. കാരുണ്യക്കടലായ പരമാത്മാവ് മാത്രമാണ് ഇവിടെ സകലതിനും ഏകമായ ആശ്രയം. ശ്രീവത്സം വിരിമാറിൽ സദാ തിളങ്ങിക്കൊണ്ടിരിക്കുന്നു. അവിടെ ശ്രീമഹാലക്ഷ്മി എപ്പോഴും വാസം കൊള്ളുന്നിടമാണ്. ഘനശ്യാമവർണ്ണമാണ് കളേബരം. കഴുത്തിൽ വനമാല ഇളകിയാടുന്നു. നാല് തൃക്കൈകളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവ പിടിച്ചിരിക്കുന്നു. വാസുദേവന്റെ ദിവ്യമായ തിരുവുടൽ പൂർണ്ണമായും അലംകൃതമാണ്. അമൂല്യരത്നങ്ങൾ പതിപ്പിച്ച സ്വർണ്ണ കിരീടം ശിരസ്സിൽ തിളങ്ങുന്നു. കൌസ്തുഭം കണ്ഠത്തിൽ ശ്രീചിന്തിനിൽക്കുന്നു. കനകകുണ്ഠലങ്ങൾ കാതുകളിൽ ഇളകിയാടുന്നു. മണിമാലകൾ വക്ഷസ്സിൽ ഉലഞ്ഞാടുന്നു. മഞ്ഞപ്പട്ട് ഞൊറിഞ്ഞുചുറ്റിയ അരക്കെട്ടിനുമീതേ പൊന്നരഞ്ഞാണം ചാർത്തിയിരിക്കുന്നു. സകലലോകത്തിനും ഏകാശ്രയമായ ആ താമരപ്പാദത്തിൽ സ്വർണ്ണത്തളകൾ മിന്നിത്തിളങ്ങുന്നു. സദാ പുഞ്ചിരിനിറഞ്ഞ രൂപം ശാന്തവും, മനസ്സിനും കണ്ണുകൾക്കും ആനന്ദദായകവുമാണ്. യോഗികൾ തങ്ങളുടെ ഹൃദ്പത്മകർണ്ണികയിൽ മരുവുന്ന ഭഗവാനെ സദാ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. ചെന്താമരയിൽ തൊട്ടിരിക്കുന്ന പാദങ്ങളിലെ നഖശ്രേണികൾ രത്നങ്ങൾ പോലെ മിന്നിത്തിളങ്ങുന്നു. കാരുണ്യമൂർത്തിയായി പുഞ്ചിരിതൂകിനിൽക്കുന്ന തിരുരൂപത്തെയാണ് ഭക്തൻ സദാ ധ്യാനിക്കേണ്ടത്. രൂപം മനസ്സിൽ കണ്ടുകൊണ്ട് വരദപ്രദായകനായ അവനിൽ അഭയം പ്രാപിക്കണം. ഭദ്രമായ ഭഗവദ്രൂപത്തിൽ മനസ്സർപ്പിച്ച് അവനെ ആശ്രയിക്കുന്ന ഭക്തൻ സർവ്വ പാപങ്ങളിൽനിന്നും മുക്തനാകുന്നുവെന്നു മാത്രമല്ലാ, അവന് ഒരിക്കലും പതനം ഉണ്ടാകുന്നുമില്ല.

ഹേ നൃപാത്മജാ! ഇനി ഞാനാ മന്ത്രം ഉപദേശിക്കാം. അത് ജപിച്ചുകൊണ്ട് മേൽ പറഞ്ഞ പ്രകാരമുള്ള ഭഗവദ്രൂപത്തെ ധ്യാനിക്കുക. തുടർച്ചയായി ഏഴ് രാത്രികളിൽ മന്തോച്ഛാരണത്തോടുകൂടി പരമപുരുഷനെ ഉപാസിക്കുന്ന യോഗിക്ക് ആകാശചാരികളായ സിദ്ധന്മാരെ കാണാൻ സാധിക്കും. ഓം നമോ ഭഗവതേ വാസുദേവായഃ ഇതാണ് കുമാരാ!, ദ്വാദശാക്ഷരീമന്ത്രം. മന്ത്രം ജപിച്ചുകൊണ്ടുവേണം ഭഗവദ്പൂജയെ ചെയ്യാൻ. ഹൃദയത്തിൽ ഞാൻ മുന്നേ വിവരിച്ച പ്രകാരമുള്ള രൂപത്തെ പ്രതിഷ്ഠിക്കണം. പിന്നീട് മഹാമന്ത്രം ജപിച്ചുകൊണ്ട് പൂവും പഴങ്ങളും മറ്റുള്ള പൂജാദ്ര്യങ്ങളും യഥാവിധി കാലദേശാനുസരണം സമർപ്പിക്കണം.. ശുദ്ധമായ ജലം, വനത്തിൽ നിന്ന് പറിച്ചെടുത്തതോ സ്വയം നട്ടുവളർത്തിയതോ ആയ ഫലമൂലാദികൾ, പൂക്കൾ, പറ്റുമെങ്കിൽ ഭഗവാനേറ്റവും ഇഷ്ടമായ തുളസി എന്നിവകൊണ്ട് പൂജിക്കുക. ഭൂമി, ജലം മുതലായവ കൊണ്ടുണ്ടാക്കിയ രൂപത്തിൽ അവനെ കണ്ടാരാധിക്കാവുന്നതാണ്. ആത്മസംയമനം ചെയ്ത യോഗി എപ്പോഴും ശാന്തനും മിതഭാഷിയുമായിരിക്കണം വനത്തിൽ നിന്ന് കിട്ടുന്നതെന്തുകൊണ്ടും തൃപ്തനുമായിരിക്കണം. കുഞ്ഞേ!, അതോടൊപ്പം, ഉത്തമശ്ലോകന്റെ അവതാരങ്ങളെ ധ്യാനിക്കുകയും, അതിലൂടെയുള്ള അവന്റെ ഹൃദയംഗമമായ ചരിതങ്ങളെ സ്മരിക്കുകയും വേണം. പൂർവാചാര്യന്മാർ അനുഷ്ഠിച്ചിട്ടുള്ള പ്രകാരം തന്നെ ഹൃദയത്തിൽ മന്ത്രമുരുക്കഴിച്ചുകൊണ്ട് ആരാധിക്കണം. കാരണം മന്ത്രവും മൂർത്തിയും വേറല്ല. കായേനാവാചാമനസ്സാ ആരാണോ ഇപ്രകാരം അവനെ നിഷ്ഠയോടും ഭക്തിയോടും കൂടി ആരാധിക്കുന്നത്, അവരുടെ സർവ്വാഭീഷ്ഠങ്ങളും, അതുപോലെതന്നെ ധർമ്മാർത്ഥകാമകോക്ഷങ്ങളും സാധ്യമാകുന്നു. യഥാർത്ഥത്തിൽ മോക്ഷേച്ഛുക്കളായുള്ളവർ തങ്ങളുടെ ഇന്ദ്രിയവ്യാപാരങ്ങൾ സകലതുമുപേക്ഷിച്ച് നിരന്തരം അവനെ ഭക്തിയുക്തം ആരാധിക്കേണ്ടതാണ്.

മൈത്രേയൻ പറഞ്ഞു: ഹേ വിദുരരേ!, ഇങ്ങനെ മന്ത്രദീക്ഷനൽകി തന്നെ അനുഗ്രഹിച്ച തന്റെ ആത്മീയഗുരുവായ ശ്രിനാരദരെ വലം വച്ചു വണങ്ങിയതിനുശേഷം ധ്രുവൻ ഭഗവദ്പാദങ്ങളാൽ പവിത്രമാക്കപ്പെട്ടിട്ടുള്ള മധുവനത്തിലേക്ക് പുറപ്പെടുവാൻ തയ്യാറായി. ധ്രുവനെ അവിടേയ്ക്ക് പറഞ്ഞയച്ചതിനുശേഷം നാരദമഹർഷി ഉത്താനപാദമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. അവിടെയെത്തിയ നാരദരെ മഹാരാജൻ യാഥാവിധി സ്വീകരിച്ചിരുത്തി.

നാരദർ ചോദിച്ചു: അല്ലയോ മഹാരാജൻ!, അങ്ങയുടെ മുഖത്തെന്തോ വിഷാദം നമുക്ക് കാണാൻ സാധിക്കുന്നു. കുറെ നേരമായി അങ്ങെന്തോ ആഴത്തിൽ ചിന്തിക്കുന്നതുപോലെ. എന്തുകൊണ്ടാണിങ്ങനെ? ധർമ്മാർത്ഥകാമങ്ങളിൽ അങ്ങേയ്ക്കെന്തെങ്കിലും കുറവോ മറ്റോ സംഭവിച്ചിട്ടുണ്ടോ?.

രാജാവ് പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങ് പറഞ്ഞത് സത്യമാണ്. നാം ചിന്താധീനനാണ്. ഈയിടെയായി നമ്മുടെ ഭാര്യ സുരുചിയിൽ നാം ആവശ്യത്തിലധികം ആസക്തനായിരിക്കുന്നു. നമ്മുടെയുള്ളിലെ കാരുണ്യമൊക്കെ എങ്ങനെയോ നഷ്ടപ്പെട്ടതുപോലെ. അഞ്ച് വയസ്സുള്ള മകനോടുപോലും നാം ക്രൂരത കാട്ടിയിരിക്കുന്നു. അവനെയും അവന്റെ അമ്മ സുനീതിയേയും ഉപേക്ഷിച്ചിരിക്കുന്നു. അവൻ കുട്ടിയാണെങ്കിലും ഭഗവദ്ഭക്തനാണ്. നിഷ്കളങ്കനാണ്. അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നാം വളരെയധികം ദുഃഖിക്കുന്നു മഹർഷേ!. അവനാരാണ് രക്ഷ!. വിശക്കുന്നുമുണ്ടാകും. ചിലപ്പോൾ കാട്ടിലെവിടെങ്കിലും കിടക്കുകയായിരിക്കും. കുറുക്കന്മാരുടെ സങ്കേതമാണവിടം. അവനാപത്ത് വല്ലതും പിണഞ്ഞിട്ടുണ്ടാകുമോ!. അഹോ! കഷ്ടം!, എത്രമാത്രം നാം നമ്മുടെ ഭാര്യയുടെ അടിമയാണ്. എത്ര ക്രൂരനാണ് നാമെന്ന് നോക്കൂ!. സ്നേഹവാത്സല്യങ്ങൾക്കായി അവൻ നമ്മുടെ മടിയിൽ അല്പനേരമിരിക്കാൻ കൊതിച്ച്. നാമാണെങ്കിൽ അതിനെ കണ്ടില്ലെന്നു നടിച്ചു. എന്തിന്, അവനെ ഒന്ന് തലോടുക പോലും ചെയ്യാത്ത നാം എത്ര കഠിനഹൃദയനാണെന്നോർത്തുനോക്കൂ!.

നാരദമുനി പറഞ്ഞു: അല്ലയോ രാജാവേ!, മകനെയോർത്ത് അങ്ങ് ദുഃഖിക്കേണ്ടാവശ്യമില്ല. അവൻ ഭഗവാൻ നാരായണനാൽ തികച്ചും സുരക്ഷിതനാണ്. ധ്രുവൻ അങ്ങ് കരുതുന്ന തരത്തിലുള്ളവനല്ല. അവന്റെ മഹത്വം ലോകം മുഴുവൻ ഇതിനകം വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. രാജാവേ!, അങ്ങയുടെ പുത്രൻ സമർത്ഥനാണ്. വലിയ രാജാക്കന്മാർക്കും യോഗികൾക്കും സാധിക്കാത്ത കാര്യങ്ങൾ അവൻ ചെയ്യും. അവൻ തന്റെ കർമ്മം അനുഷ്ഠിച്ച് ഉടൻ തന്നെ തിരിച്ചുവരും. അങ്ങയുടെ യശസ്സും ലോകം മുഴുവൻ പരത്തും.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, നാരദരുമായിട്ടുള്ള സംവാദത്തിനുശേഷം ഉത്താനപാദമഹാരാജാവ് രാജ്യപാലനവുമായി ബന്ധപ്പെട്ട സകല കർമ്മങ്ങളും ഉപേക്ഷിച്ചു. തന്റെ മകനേക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടിരുന്നു. അതേസമയം ധ്രുവൻ മധുവനത്തിലെത്തി യമുനയിൽ കുളികഴിഞ്ഞതിനുശേഷം വളരയധികം ശ്രദ്ധയോടും ഭക്തിയോടും തന്റെ വ്രതം ആരംഭിച്ചു. നാരദരുടെ ഉപദേശപ്രകാരം അവൻ ഭഗവദ്പൂജയിലേർപ്പെട്ടു. ആദ്യത്തെ ഒരുമാസക്കാലം ധ്രുവൻ മൂന്ന് ദിവസങ്ങൾ കൂടുമ്പോൾ പഴങ്ങൾ മാത്രം ഭക്ഷിച്ചുകൊണ്ട് ശരീരത്തേയും ആത്മാവിനേയും ചേർത്ത് നിറുത്തി. രണ്ടാം മാസത്തിൽ ആറ് ദിവസം കൂടുമ്പോൾ ഒരിക്കൽ ഇലകൾ മാത്രം ഭക്ഷിച്ചുകൊണ്ട് തന്റെ തപസ്സ് തുടർന്നു. മൂന്നാമത്തെ മാസം ഒൻപത് ദിവസത്തിലൊരിക്കൽ വെള്ളം മാത്രം കുടിച്ചു തന്റെ ജീവൻ നിലനിറുത്തി. അപ്പോഴേക്കും ധ്രുവൻ ഏകദേശം ഉത്തമശ്ലോകനിൽ മനസ്സുറപ്പിച്ചുകഴിഞ്ഞിരുന്നു. നാലാം മാസമായപ്പോഴേക്കും ധ്രുവൻ പ്രണായാമത്തിൽ സമർത്ഥനായി. പന്ത്രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രം അവൻ ശ്വാസം അകത്തേക്കെടുത്തു. അങ്ങനെ തികച്ചും ഭഗവദ് ധ്യാനത്തിലുറച്ചു. അഞ്ചാം മാസമായതോടുകൂടി ധ്രുവൻ പ്രാണായാമസിദ്ധിയിൽ അഗ്രഗണ്യനായി ഒറ്റക്കാലിൽ തപസ്സാരംഭിച്ചു. ഒരു തൂണ് പോലെ നിന്നുകൊണ്ട് മനസ്സ് പൂർണ്ണമായി പരബ്രഹ്മത്തിലർപ്പിച്ച് തന്റെ തപസ്സ് തുടർന്നു. ഇതിനകം ധ്രുവന് ഇന്ദ്രിയങ്ങളേയും വിഷയങ്ങളേയും അടക്കുവാനുള്ള സിദ്ധി ലഭിച്ചുകഴിഞ്ഞിരുന്നു. ആയതിനാൽ അവന്റെ ഹൃദയം ഭഗവാനിൽ മാത്രമായി മുഴുകപ്പെട്ടു. വിദുരരേ!, ജഗത്തിനാധാരവും സർവ്വഭൂതങ്ങൾക്കും വിഭുവുമായ പരബ്രഹ്മത്തെ ധ്രുവൻ തന്നിൽ ബന്ധനസ്ഥനാക്കിയപ്പോൾ മൂന്ന് ലോകങ്ങളും വിറയ്ക്കാൻ തുടങ്ങി. വള്ളത്തിൽ കയറ്റിയ ആന ചലിക്കുന്നതിനനുസരിച്ച് വള്ളം ഇരുവശങ്ങളിലേക്കും ഇളകിയുലയുന്നതുപോലെ, ഒറ്റക്കാലിൽ ഋജുവായി നിൽക്കുന്ന ധ്രുവന്റെ തള്ളവിരലിന്റെ ശക്തിയിൽ പകുതിയോളം ഭൂമി താഴേക്ക് അമർന്നുമാറി. ശരീരദ്വാരങ്ങളെല്ലാമടച്ച് ഭഗവദ്ധ്യാനത്തിൽ മുഴുകിയ ധ്രുവന്റെ ധ്യാനശക്തിയാൽ സർവ്വജഗത്തിനും ശ്വാസതടസ്സം നേരിട്ടു. ശ്വസിക്കാൻ കഴിയാതെ ദേവഗണങ്ങളെല്ലാവരും ചേർന്ന് ഭഗവാൻ ഹരിയിയുടെ തിരുമുൻപിൽ ശരണം പ്രാപിച്ചു.

ദേവഗണങ്ങൾ പറഞ്ഞു: ഭഗവാനേ!, അവിടുന്ന് സകലചരാചരങ്ങൾക്കും അഭയസ്ഥാനമാണ്. സകലഭൂതങ്ങൾക്കും ഇപ്പോൾ ശ്വാസതടസ്സം നേരിടുകയാണ്. അവർക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഇങ്ങനെയൊരനുഭവം ജഗത്തിനിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് സകലലോകങ്ങൾക്കും ഏകാശ്രയമായ അങ്ങയുടെ കാരുണ്യത്തിനായാണ് ഞങ്ങൾ ഇന്നിവിടെ വന്നിരിക്കുന്നത്. അപകടത്തിൽനിന്നും ഞങ്ങളെ രക്ഷിച്ചാലും പ്രഭോ!.

ഭഗവാൻ പറഞ്ഞു: ദേവന്മാരേ!, നിങ്ങൾ ഭയപ്പെടാതിരിക്കുവിൻ!. നിങ്ങളുടെ അവസ്ഥക്ക് കാരണം ഉത്താനപാദന്റെ മകൻ ധ്രുവൻ മധുവനത്തിൽ എന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന അതികഠിനമായ തപസ്സാണ്. അവൻ ഇപ്പോൾ പൂർണ്ണമായും എന്നിൽ മുഴുകിയിരിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റെ ഫലമായി ലോകത്തിന്റെതന്നെ ശ്വാസഗതിക്ക് ഭംഗം വന്നിരിക്കുകയാണ്. പരിഭ്രമിക്കാതെ നിങ്ങൾ അവരവരുടെ ഭവനങ്ങളിലേക്ക് തിരിച്ചുപോകുക. ഞാൻ ഇതിന് ഉടൻ തന്നെ പരിഹാരം കാണുന്നതാണ്.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.