Story of Jadabharatha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Story of Jadabharatha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഏപ്രിൽ 7, ഞായറാഴ്‌ച

5.09 ഭരതചരിതം-3


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 9
(ഭരതചരിതം-3)


ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, മാനിന്റെ ശരീരമുപേക്ഷിച്ചതിനുശേഷം ഭരതമഹാരാജൻ അതിശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുലത്തിൽ ജന്മമെടുത്തു. ആ കുടുംബത്തിൽ അംഗിരസ്സിന്റെ കുലത്തിൽപ്പെട്ട മഹാപണ്ഡിതനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. വേദാധ്യായനംകൊണ്ടും പ്രാണായാമാദി വിവിധയോഗമാർഗ്ഗങ്ങളെക്കൊണ്ടും മാനസേന്ദ്രിയങ്ങളെ അടക്കിയവനും, അതുപോലെ, ദാനം, തിതിക്ഷ, മുതലായ സകല സത്ഗുണങ്ങളെക്കൊണ്ട് നിറഞ്ഞവനും, ജീവന്മുക്തനുമായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മഹത്തുക്കളായ ഒമ്പത് പുത്രന്മാർ ജനിച്ചു. രണ്ടാം ഭാര്യയിൽ അദ്ദേഹത്തിന് ഒരാണും ഒരു പെണ്ണുമടങ്ങുന്ന ഇരട്ടക്കുട്ടികൾ പിറന്നു. അതിൽ ആൺകുട്ടിയായി പിറന്നവൻ കഴിഞ്ഞ ജന്മത്തിൽ മാനിന്റെ ശരീരമുപേക്ഷിച്ച പരമഭക്തനും ജീവന്മുക്തനുമായ ഭരതമഹാരജാവായിരുന്നു. ഈ ജന്മത്തിൽ ജനങ്ങൾ അദ്ദേഹത്തെ ജഡഭരതൻ എന്നു വിളിച്ചു. ഭഗവദനുഗ്രഹം കൊണ്ട് ഈ ജന്മത്തിലും അദ്ദേഹത്തിന് തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ചുള്ള അറിവുണ്ടായി. താൻ പിറന്നിരിക്കുന്നത് ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നുവെങ്കിലും ബന്ധുക്കൾ സാത്വികന്മാരല്ലാതിരുന്നതിനാൽ അദ്ദേഹം അവരെ വല്ലാതെ ഭയന്നിരുന്നു. വീണ്ടും ഒരു പതനം താങ്ങാനാകാതെ ഭരതമഹാരാജൻ, തന്റെ ബന്ധുക്കളിനിനിന്നെല്ലാം അകലം പാലിച്ചു. മറ്റുള്ളവതന്നോട് ചങ്ങാത്തം കൂടാൻ വരാതിരിക്കുവാനായി അദ്ദേഹം ജനങ്ങളുടെ മുന്നിൽ അന്ധനും ബധിരനും മൂകനുമായി അഭിനയിച്ചു. എന്നാൽ, രഹസ്യമായി ഉള്ളിന്റെയുള്ളിൽ അദ്ദേഹം സദാ ജപധ്യാനങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

പിതാവിന്റെ മനസ്സിൽ ജഡഭരതനോട് അത്യന്തം വാത്സല്യമായിരുന്നു. അദ്ദേഹം കൂടുതൽ സമയവും മകനോടൊപ്പം ചിലവഴിച്ചു. ജഡഭരതന് ഗൃഹസ്ഥാശ്രമജീവിതത്തിൽ താല്പര്യമില്ലെന്ന് മനസ്സിലാക്കിയ പിതാവ് മകനെ ബ്രഹ്മചര്യാശ്രമവുമായി ബന്ധപ്പെട്ട വിധിൾ മാത്രം ചെയ്യിപ്പിച്ചു. തന്റെ വാക്കുകളെ മകൻ മാനിക്കുന്നില്ലെങ്കിൽക്കൂടി പിതാവ്, സ്വധർമ്മമെന്നു കരുതി, ഭരതനെ വൃത്തിയും ശുദ്ധിയും ശീലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വേദാധ്യയനം ചെയ്യിക്കാൻ നോക്കിയ പിതാവിനുമുമ്പിൽ ജഡഭരതൻ ഒരു മൂഢനെപ്പോലെ പെരുമാറി. പിതാവിന്റെ ചിട്ടവട്ടങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാൻ മറ്റുവഴികളൊന്നും ജഡഭരതന് കാണാൻ കഴിഞ്ഞില്ല. എന്തിനും വിപരീതമായി മാത്രം ഭരതൻ പ്രവർത്തിച്ചു. എങ്കിലും തന്നാലാകുംവിധം പിതാവായ ആ ബ്രാഹ്മണശ്രേഷ്ഠനും ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, കാലങ്ങൾ പോയിട്ടും ജഡഭരതന്റെ അവസ്ഥയ്ക് മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും, പിതാവ് മകനെ എല്ലാമെല്ലാമായിക്കണ്ട് സ്നേഹിച്ചു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം മരണത്തെപ്പോലും മറന്നിരുന്നു. പക്ഷേ എത്രമറന്നാലും, മരണം ആരേയും ഉപേക്ഷിക്കാറില്ലല്ലോ. ഇവിടെയും ഉചിതമായ സമയത്ത് യമദൂതന്മാർ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ആ ബ്രാഹ്മണശ്രേഷ്ഠന്റെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജഡഭരതനടങ്ങുന്ന തന്റെ ഇരട്ടക്കുട്ടികളെ അദ്ദേഹത്തിന്റെ ആദ്യഭാര്യയെ ഏൽപ്പിച്ച് പതിയുടെ ലോകം പൂകി. പിതാവിന്റെ മരണത്തിനുശേഷം ജഡഭരതനെ ആരുംതന്നെ ശ്രദ്ധിച്ചില്ല. മന്ദബുദ്ധിയും മൂഢനുമായിക്കണ്ട് സഹോദരങ്ങളൊന്നടങ്കം ഭരതനെ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സഹോദരങ്ങളൊമ്പതുപേരും നാലുവേദങ്ങളിലും അപാരപാണ്ഡിത്യം കൈവരിച്ചവരായിരുന്നു. എന്നാൽ, ഭഗവദ്ഭക്തി അവരിൽ അല്പംപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ജഡഭരതന്റെ ഉള്ളറിയാൽ സാധിച്ചതുമില്ല.

പരീക്ഷിത്തേ!, അധമരായ മനുഷ്യർ മൃഗങ്ങളെക്കാളും നീചരാണെന്നറിയുക. ഒരേയൊരു വ്യത്യാസം മൃഗങ്ങൾ നാൽക്കാലികളും മനുഷ്യൻ ഇരുകാലികളുമാണെന്നുള്ളതു മാത്രമാണു. അവർ ജഡഭരതനെ സദാ മന്ദബുദ്ധിയായി കണ്ടറിഞ്ഞു. എന്നാൽ തന്റെ അവഗണിക്കുന്നവർക്കുമുന്നിൽ ജഡഭരതൻ അന്ധനെപ്പോലെയും മൂകനെപ്പോലെയും ബധിരനെപ്പോലെയും അഭിനയിച്ചു. അല്ലെന്നറിയിക്കാൻ ഒരിക്കൽ പോലും ഭരതൻ ശ്രമിച്ചിരുന്നുമില്ല. അവൻ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് പെറുമാറിക്കൊണ്ടിരുന്നു. ഭിക്ഷയായിക്കിട്ടുന്നതായാലും ജോലിചെയ്തുനേടുന്നതായാലും, രുചിയുള്ളതായാലും ഇല്ലാത്തതായാലും, കുറച്ചായാലും കൂടുതലായാലും, ഭരതൻ എല്ലാ ആഹാരങ്ങളും ഒരുപോലെ സ്വീകരിച്ചുഭക്ഷിച്ചുപോന്നു. ജഡഭരതൻ ഒന്നുംതന്നെ ഇന്ദ്രിയസുഖത്തിനുവേണ്ടി ഭക്ഷിച്ചിരുന്നില്ല. കാരണം, ദ്വന്ദ്വാതീതനായ അദ്ദേഹത്തിന് സ്വാദിഷ്ടവും അസ്വാദിഷ്ടവുമായ അഹാരങ്ങളെല്ലാം ഒന്നുപോലെയായിരുന്നു.

എല്ലാവിധത്തിലും ഒരു കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു ജഡഭരതൻ. അദ്ദേഹത്തെ തണുപ്പോ ചൂടോ കാറ്റോ മഴയോ ഒന്നുംതന്നെ ബാധിച്ചിരുന്നില്ല. ഒരിക്കലും അദ്ദേഹം തന്റെ ശരീരത്തെ വസ്ത്രങ്ങൾകൊണ്ട് മറച്ചിരുന്നില്ല. ഒരിക്കൽ പോലും തലയിൽ ഏണ്ണ പുരട്ടുകയോ കുളിയ്ക്കുകയോ ചെയ്തിരുന്നില്ല. കേവലം വെറുംനിലത്തുതന്നെ ശയനം. ഒരു ചെളിപുരണ്ട രത്നം പ്രകാശിക്കാത്തതുപോലെ, വൃത്തിഹീനമായ ശരീരത്തോടുകൂടിയ ജഡഭരതന്റെ ശ്രേഷ്ഠതയോ ആത്മജ്ഞാനമോ ഈ ലോകത്തിനുമുന്നിൽ തെളിയപ്പെട്ടിരുന്നില്ല. ചെളിപുരണ്ടുകറുത്ത ഒരു കൌപീനവും മാറിൽ അഴുക്കുപുരണ്ട് ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു പൂണൂനൂലും മാത്രമായിരുന്നു അദ്ദേഹം ആകെ തന്റെ ഭൌതികശരീരത്തോട് ചേർത്തുധരിച്ചിരുന്നതു. ശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം ജനങ്ങൾ അദ്ദേഹത്തെ ബ്രഹ്മബന്ധു എന്ന് ഇടയ്ക്കിടെ സംബോധന ചെയ്തിരുന്നു. അങ്ങനെ, അവഗണിക്കപ്പെട്ടും ആക്ഷേപിക്കപ്പെട്ടും ജഡഭരതൻ നാടാകെ എങ്ങോട്ടെന്നില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

വയറുനിറയ്ക്കാൻവേണ്ടി മാത്രമായിരുന്നു ജഡഭരതൻ ജോലിചെയ്തിരുന്നതു. ആരോഗ്യമുള്ള തന്റെ ശരീരംകൊണ്ട് അദ്ദേഹം എന്ത് പ്രവൃത്തിയും അനായാസം ചെയ്യുമായിരുന്നു. ബന്ധുക്കൾ ഈ ഗുണത്തെ വേണ്ടതിലധികം ദുരുപപയോഗം ചെയ്തു. എന്ത്, എങ്ങനെ, എപ്പോൾ ചെയ്യണമെന്നറിയാത്തവനായിരുന്നുവെങ്കിലും, പാടത്തെ പണികൾ ധാരാളം അദ്ദേഹത്തെക്കൊണ്ട് അവർ ചെയ്യിച്ചു. പഴയതും കരിഞ്ഞതും വളിച്ചതുമായ സകല അശുദ്ധ ആഹാരങ്ങളും അവർ ജഡഭരതന് നൽകും. എന്നാൽ അദ്ദേഹമാകട്ടെ, യാതൊരു വിരോധവും കൂടാതെ, അമൃതം ലഭിച്ച മാതിരി അവയെല്ലാം സന്തോഷത്തോടെ ഭക്ഷിക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ ഒരു കൊള്ളക്കാരൻ പുത്രലാഭത്തിനുവേണ്ടി ഭദ്രകാളിക്ക് ബലിയർപ്പിക്കുവാനായി ഒരു ബലിമൃഗത്തെ തേടിനടക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന മൃഗം നഷ്ടപ്പെട്ടതിനെത്തുടർന്ന് അതിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാൾ തന്റെ അനുയായികൾക്കൊപ്പം. ദിക്കെങ്ങും തിരക്കിയിട്ടും അവർക്ക് അതിനെ കണ്ടെടുക്കാൻ കഴിഞ്ഞില്ല. രാപ്പകലില്ലാതെ അവർ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒരുദിവസം, രാത്രിയുടെ മധ്യയാമത്തിൽ, അവർ ഒരു പാടത്തിന് നടുവിലൂടെ തങ്ങളുടെ ബലിമൃഗത്തെ അന്വേഷിച്ചനടന്നുപോകുകയായിരുന്നു. പെട്ടന്നാണ് അതികായനും വൃത്തിഹീനനുമായ ഒരു മനുഷ്യൻ പാടത്തെ വിള കാക്കാനിരിക്കുന്നതായി അവർ കണ്ടതു. മൃഗതുല്യനായ ഇവൻ തന്നെയാണ് തങ്ങൾ തേടിനടക്കുന്ന മൃഗത്തേക്കാൾ ഉചിതമെന്ന് അവരുറപ്പിച്ചു. കണ്ടപാടെ അവരുടെ മുഖങ്ങൾ സന്തോഷംകൊണ്ട് തെളിഞ്ഞു. അവർ കയറുകൊണ്ട് കെട്ടിവരിഞ്ഞ് ജഡഭരതനെ തങ്ങളുടെ ദേശത്തേക്കുകൊണ്ടുപോയി. ബലിക്കായി ജഡഭരതനെ അവർ കുളിപ്പിച്ചു ശുദ്ധനാക്കി. പുതുവസ്ത്രങ്ങളുടുപ്പിച്ച്, വിവിധയിനം ആഭരണങ്ങളണിയിപ്പിച്ച്, ശരീരമാസകലം ചന്ദനവും മറ്റു സുഗന്ധദ്രവ്യങ്ങളും പൂശി, നെറ്റിയിൽ പൊട്ടുതൊടുവിച്ച്, പൂമാലയണിയിച്ച്, ഒരു മൃഗത്തെപ്പോലെ ഭരതനെ അണിയിച്ചൊരുക്കി. മൃഷ്ടാന്നമായി ആഹാരം കഴിപ്പിച്ചതിനുശേഷം അവർ അദ്ദേഹത്തെ കാളീമാതാവിന്റെ അങ്കണത്തിലേക്കാനയിച്ചു. വിവിധയിനം വഴിപാടുകൾക്കൊപ്പം അവർ ബലിമൃഗമെന്നോണം ഭരതനേയും ദേവിയുടെ തിരുമുമ്പിൽ കൊണ്ടുനിർത്തി. ബലിയ്ക്ക് തൊട്ടുമുമ്പുള്ള പാട്ടുകളും മേളങ്ങളുമെല്ലാം അവരുടെ ആചാരത്തിന്റെ ഭാഗമായി അവിടെ അരങ്ങേറുകയായിരുന്നു. ജഡഭരതനെ അവർ കാളീവിഗ്രഹത്തിന് തൊട്ടുമുന്നിലിരുത്തി. ശേഷം, അദ്ദേഹത്തിന്റെ ചോരകൊണ്ട് അവർ കാളീദേവിയെ തൃപ്തിപ്പെടുത്തുവാനാരംഭിച്ചു. മുതിർന്ന ഒരാൾ അതിഭയാനകമായ ഒരു കൊടുവാൾ കൈയ്യിലെടുത്ത് മന്ത്രോച്ഛാരണത്തോടുകൂടി ജഡഭരതന്റെ തലയറുക്കുവാനായി അത് മുകളിലേക്കുയർത്തി.

അധമന്മാരായ ഈ കൊള്ളാക്കരെല്ലാം രജോഗുണത്തിനും തമോഗുണത്തിനും അടിപ്പെട്ട് ധനസമ്പാദനാർത്ഥം കാളിയെ ഉപാസിക്കുവാനിറങ്ങിപ്പുറപ്പെട്ടവരായിരുന്നു. അവർക്ക് വേദങ്ങളുമായോ ധർമ്മവുമായോ യാതൊരു ബന്ധവുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പാപികളായ അവർക്ക് സ്വാർത്ഥത്തിനായി ഉന്നതകുലജാതനും ഭഗവദ്ഭക്തനുമായ ജഡഭരതനെ മൃഗതുല്യനായിക്കണ്ട് കാളീദേവിക്ക് ബലികൊടുക്കുവാൻ തോന്നിയതു. സാധുവായ ജഡഭരതന് ഇവിടെ ശത്രുക്കളായി ആരുംതന്നെയുണ്ടായിരുന്നില്ല. അദ്ദേഹം ഭഗവദ്ദാസനും സകലഭൂതങ്ങളുടേയും സുഹൃത്തുമായിരുന്നു. അതുകൊണ്ട് കാളീദേവിക്ക് അവരുടെ പ്രവർത്തികൾ സഹിക്കാൻ കഴിഞ്ഞില്ല. അത്യാഗ്രഹികളായ ഈ അധമന്മാർ സാധുവായ ജഡഭരതനെ കൊല്ലാൻ തുടങ്ങുന്നതുകണ്ട ദേവി, ദിക്കെങ്ങും പ്രകമ്പനം കൊള്ളുന്ന അത്യുജ്ജ്വലശബ്ദത്തോടുകൂടി വിഗ്രഹം തകർത്തുടച്ച് അതിനുള്ളിൽനിന്നും കണ്ണഞ്ചുന്ന തേജസ്സോടുകൂടി അവർക്കുമുന്നിൽ പ്രത്യക്ഷയായി. അതിഘോരമായ അവരുടെ അപരാധത്തെ ക്ഷമിക്കുവാൻ കഴിയാതെ കാളി കോപാകുലയായി അവരെ തീഷ്ണമായ തന്റെ കണ്ണുകളിലൂടെ തുറിച്ചുനോക്കി. കൂർത്തുവളഞ്ഞ അവളുടെ ദംഷ്ട്രകൾ രക്തദാഹികളായി വെളിയിലിറങ്ങി. അരുണസൂര്യനെപ്പോലെ ആ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. ലോകം മുഴുവൻ നശിപ്പിക്കുവാനെന്നോണം ദേവി ഉഗ്രരൂപിയായി ജ്വലിച്ചുനിന്നു. ഭൂമിയെ ത്രസിപ്പിച്ചുകൊണ്ട് ദേവി കോവിലിൽനിന്നും ചാടി വെളിയിലിറങ്ങി. ഭരതനെ കൊല്ലാനൊരുക്കിവച്ച കൊടുവാൾ പിടിച്ചുവാങ്ങി ശ്രീഭദ്രകാളി അവരുടെ കഴുത്തറുത്തു. തുടർന്ന്, കഴുത്തിലൂടെ വാർന്നൊഴുകിയ ചുടുരക്തം അവൾ കോരിക്കോരിക്കുടിച്ചു. ദേവിയോടൊപ്പം ആ ഉന്മാദകദ്രവത്തെ സകലഭൂതപ്രേതപിശാചുക്കളും യഥേഷ്ടം പാനം ചെയ്തു. ഉന്മത്തരായ അവർ ആടാനും പാടാനും തുടങ്ങി. ആ നൃത്തം കണ്ടാൽ ലോകമവസാനിക്കുവാൻ പോകുന്നതുപോലെ തോന്നുമായിരുന്നു. ഉന്മാദലഹരിയിൽ അവർ ആ തെമ്മാടിക്കൂട്ടങ്ങളുടെ തലകൾ കൊണ്ട് പന്തുകളിച്ചു.

ശുകദേവൻ വീണ്ടും പറഞ്ഞു: ഹേ പരീക്ഷിത്തേ!, സാധുക്കളെ ഉപദ്രവിക്കുന്ന സർവ്വരുടേയും അനുഭവം ഇതുതന്നെയായിരിക്കും.     ഹേ വിഷ്ണുദത്താ!, യാതൊരുവനാണോ ഈ ശരീരം താനല്ലെന്നറിയുകയും, സദാസമയം ജീവന്മുക്തനായിരിക്കുകയും, സർവ്വദാ സകലഭൂതങ്ങളുടേയും ഹിതത്തിനായി പ്രവർത്തിക്കുകയും, പരന്മാരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്നത്, അവനെ എപ്പോഴും സുദർശനചക്രധാരിയായ ഭഗവാൻ ഹരി കാത്തുരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഭഗവദ്ഭക്തന്മാർ എപ്പോഴും അവന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചവരാണു. ശിരശ്ഛേതം സംഭവിക്കുവാൻ പോകുന്ന സാഹചര്യത്തിൽ‌പോലും അവരുടെ ബോധം ഇളകാതെയിരിക്കുന്നു. യാതൊരു ശക്തിക്കും ഭഗവദ്ഭക്തന്മാരെ നശിപ്പിക്കുവാൻ സാധ്യമല്ലെന്നുള്ളതിൽ സംശയിക്കേണ്ടാ.

           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous         Next








The story of Jadabharatha