Prithu advises his subjects എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Prithu advises his subjects എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

4.21 പൃഥുമഹാരാജാവിന്റെ ഉപദേശങ്ങൾ


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 21
(പൃഥുമഹാരാവിന്റെ ഉപദേശങ്ങൾ)


മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജാവിനെ സ്വീകരിക്കുവാനായി രാജ്യം എല്ലാവിധത്തിലും അണിഞ്ഞൊരുങ്ങി. സുഗന്ധദ്രവ്യങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും പുഷ്പമാലകൾകൊണ്ടും എല്ലായിടവും ഭംഗിയായി അലങ്കരിക്കപ്പെട്ടു. നാനാവഴികളും ചന്ദനത്തൈലം തളിച്ചുശുദ്ധമാക്കി. സകലയിടങ്ങളും ദീപമാലകളാൽ പ്രകാശിതമായി. കദളീസ്തംബങ്ങൾ നട്ടുറപ്പിച്ചും ഇളം മാവിലകളുടെ മാലകൾ തൂക്കിയും അലങ്കരിക്കപ്പെട്ട ഗോപുരകവാടത്തിലെത്തിയ രാജാവിനെ പ്രജകൾ ഭക്ത്യാദരവുകളോടെ പലവിധ സമ്മാനങ്ങൾ നൽകി എതിരേറ്റു. കന്യകമാർ താലത്തിൽ തെളിയച്ച നിറദീപങ്ങൾ കൈകളിലേന്തി ഇരുവശങ്ങളിലായി അണിനിരന്നു. രാജാവ് അകത്തേയ്ക്ക് പ്രവേശിച്ചതോടെ ശംഖഭേരികൾ മുഴങ്ങി. ബ്രാഹ്മണർ വേദമന്ത്രങ്ങളുരുവിട്ടു. എന്നാൽ ആദരസൂചകങ്ങളായ ഈ ഒരുക്കങ്ങളൊന്നുംതന്നെ ജ്ഞാനിയായ പൃഥുവിൽ അല്പംപോലും അഹങ്കാരഭാവം ജനിപ്പിച്ചില്ല. പണ്ഢിതന്മാരും സാധാരണ ജനങ്ങളും അദ്ദേഹത്തെ ഒരുപോലെ സ്വാഗതം ചെയ്തു. രാജാവും തന്റെ പ്രജകളെ വേണ്ടവിധം മാനിക്കുകയും, സ്നേഹവാത്സല്യങ്ങളോടെ അവരോട് ഇടപഴകുകയും ചെയ്തു. വിദുരരേ!, പ്രജകളാൽ വാഴ്ത്തപ്പെട്ട് പൃഥുമഹാരാജാവ് അനേകം സത്പ്രവൃത്തികൾ ചെയ്തുകൊണ്ട് ഈ ഭൂമണ്ഢലത്തെ വളരെക്കാലം ഭംഗിയായി പരിപാലിച്ചു. തന്റെ കർമ്മങ്ങളാൽ മൂലോകങ്ങളിലും പ്രസിദ്ധനായ പൃഥുമഹാരാജാവ് ഒടുവിൽ ഭഗവദ്പാദാരവിന്ദങ്ങളിൽ ലയിക്കുകയും ചെയ്തു.

സൂതൻ പറഞ്ഞു: ഹേ ശൌനകാദി മഹാമുനിമാരേ!, മൈത്രേയമുനിയിൽ നിന്നും പൃഥുവിന്റെ ചരിത്രങ്ങൾ കേട്ടതിനുശേഷം, വിദുരർ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, മഹാത്ഭുതമായിരിക്കുന്നു!, പൃഥു രാജാവായതിനുശേഷം ജനങ്ങളുടെ മാനസമ്മാനങ്ങൾക്ക് പാത്രമാകുകയും തന്റെ പ്രജകളേയും അതുപോലെതന്നെ ഭൂമിയേയും വേണ്ടവണ്ണം പരിപാലിക്കുകയും ചെയ്തുവല്ലോ. അദ്ദേഹത്തിന്റെ കർമ്മകുശലത ലോകത്തിലെ മറ്റു രാജാക്കന്മാർപോലും അനുകരിക്കുകയുണ്ടായെന്നാണ് കേട്ടിട്ടുള്ളതു. അത്യാനന്ദമുളവാക്കുന്ന പുണ്യചരിതങ്ങൾ ഇനിയും കേൾക്കാൻ അടിയനാഗ്രഹിക്കുന്നു.

അതുകേട്ട് മൈത്രേയൻ വീണ്ടും പറഞ്ഞുതുടങ്ങി: പ്രീയ വിദുരാ!, ഭവാൻ പറഞ്ഞത് സത്യംതന്നെ. പൃഥുമഹാരാജൻ ഭഗവദവതാരങ്ങളിലൊന്നാണു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രങ്ങളും ഭഗവദ്മഹിമകളെപ്പോലെ തന്നെ ആനന്ദാവഹവുമാണു. അതിനാൽ കേട്ടുകൊള്ളുക. പൃഥുമഹാരാജന്റെ കൊട്ടാരം ഗംഗയുടേയും യമുനയുടേയും ഒത്തനടുവിലായിരുന്നു. ഒരു സാധാരണ മനുഷ്യൻ തന്റെ പോയ ജന്മങ്ങളിലെ പുണ്യങ്ങളെ അനുഭവിക്കുന്നതുപോലെ അദ്ദേഹം അവിടെ ആനന്ദമത്തനായി സർവ്വൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ട് ജീവിച്ചു. കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു പൃഥുമഹാരാജാവ്. അദ്ദേഹത്തിന്റെ ആജ്ഞകളേയും നിയമങ്ങളേയും ലംഘിക്കുവാൻ അവിടെ ആക്കുംതന്നെ കഴിയുമായിരുന്നില്ല. രക്ഷിക്കേണ്ടവരെ രക്ഷിച്ചും ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും അദ്ദേഹം തന്റെ ഭരണം മുന്നോട്ട് കൊണ്ടുപോയി. ഋഷികുലത്തിനും ഭക്തഗണങ്ങൾക്കും അദ്ദേഹം പ്രത്യേക പരിഗണനകൾ നൽകി ആദരിച്ചു.

അങ്ങനെയിരിക്കെ, ഒരിക്കൽ പൃഥുമഹാരാജാവ് ഒരു മഹായജ്ഞം നടത്തുകയുണ്ടായി. അതിൽ പ്രജകൾക്കുപുറമേ ഋഷികൾ, ബ്രാഹ്മണർ, ദേവന്മാർ, രാജർഷികൾ തുടങ്ങിയ മഹത്തുക്കളും പങ്കെടുത്തിരുന്നു. എല്ലാവരേയും അദ്ദേഹം യാഥാവിധി സ്വാഗതം ചെയ്തു. വടിവൊത്ത ശരീരസൌകുമാര്യത്താൽ പ്രശോഭിതനായ പൃഥുമഹാരാജൻ സർവ്വാഭരണവിഭൂഷിതനായി, നക്ഷത്രങ്ങൾക്കിടയിൽ പൂർണ്ണചന്ദ്രനെന്നതുപോലെ, അവർക്കിടയിൽ പുഞ്ചിരിതൂകി നിന്നു.

യജ്ഞാരംഭത്തിന് തുടക്കം കുറിക്കുവാനായി അദ്ദേഹം രാജകീയമായ വേഷവിധാനങ്ങൾ മാറി മാന്തോലുടുത്ത് കൈവിരലിൽ കുശമോതിരമണിഞ്ഞ് യജ്ഞശാലയിലേക്ക് കടന്നുവന്നു. രാജാവിനെ ആ വേഷത്തിൽകണ്ട പ്രജകൾക്ക് കൌതുകം തോന്നി. അദ്ദേഹം സദസ്സിനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾ മഞ്ഞിൽ മുങ്ങിയ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങി. ശാരീരം പോലെതന്നെ സൌന്ദര്യമാർന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും അതിലൂടെ ധ്വനിക്കുന്ന വാചകങ്ങളും. ഓരോ വാക്കിലും അദ്ധ്യാത്മജ്ഞാനം തുളുമ്പിനിന്നു. സദസ്യർക്കതൊരു സത്സംഗമായി അനുഭവപ്പെട്ടു. രാജാവ് പറഞ്ഞു: മാന്യസദസ്യരേ!, എല്ലാവർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. സർവ്വരും നമ്മുടെ ഈ പ്രാർത്ഥനയെ കേൾക്കുക. ജിജ്ഞാസ്സുവായ ഒരാൾ എപ്പോഴും തന്റെ മനീഷിതം അറിവുള്ളവർക്കുമുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണു. ഭഗവാന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് നാമിന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതു. നമ്മുടെ പ്രജകളുടെ ക്ഷേമവും സുരക്ഷയും അതുപോലെതന്നെ തൊഴിൽസംബന്ധമായ സകല കാര്യങ്ങളും നാം പ്രാധമിക ദൌത്യമായി കണക്കാക്കുകയാണു. വേദങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെതന്നെ നമ്മുക്ക് നമ്മുടെ രാജ്യത്തോടും പ്രജകളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുമെന്നുതന്നെ ഈ അവസരത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാം ഭഗവദുദ്ദേശം തന്നെ.

വർണ്ണാശ്രമധർമ്മങ്ങൾക്കനുസരിച്ചുള്ള കർമ്മങ്ങൾ പ്രജകളെ പഠിപ്പിച്ച് അവരെക്കൊണ്ട് അവ അനുഷ്ഠിപ്പിക്കാതെ, അവരിൽനിന്നും കരം മാത്രം ഈടാക്കിക്കൊണ്ട് തന്റെ അധികാരം ദുഃർവിനിയോഗം ചെയ്യുന്ന ഒരു രാജാവിന് ഭാവിയിൽ പ്രജകളുടെ ദുഃഷ്കർമ്മപാപഭാരം ഏറ്റെടുക്കേണ്ടിവരുമെന്നുമാത്രമല്ലാ, തന്റെ പുണ്യം അവരിലേക്ക് വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട്, നിങ്ങളുടെ രാജാവിന്റെ നന്മക്കായി ഓരോരുത്തരും സ്വധർമ്മങ്ങൾ യഥാവിധി അനുഷ്ഠിക. അതോടൊപ്പം ഭഗവാനെ എപ്പോഴും ഹൃദയത്തിൽ സ്മരിക്കുകയും ചെയ്യുക. അതിലൂടെ നിങ്ങളുടെ രാജാവിന് ഊർദ്ദ്വഗതിയും നിങ്ങൾക്ക് സർവ്വൈശ്വര്യങ്ങളും ലഭിക്കുന്നു. ഒരു കർമ്മത്തിന്റെ ഫലം അതിന്റെ കർത്താവിനും ആ കർമ്മം ചെയ്യിപ്പിക്കുന്നവനും അതുപോലെതന്നെ അതിനെ സഹായിക്കുന്നവനും ഒരുപോലെ ബാധകമാകുന്നു. അതുകൊണ്ട് സകല ദേവഗണങ്ങളും പിതൃക്കളും ഋഷികളും നമ്മുടെ ഈ അഭ്യർത്ഥനയെ വേണ്ടവിധം ഉൾക്കൊള്ളുവാൻ പ്രാർത്ഥിക്കുകയാണു.

ശാസ്ത്രങ്ങളനുസരിച്ച് ജീവഭൂതങ്ങളുടെ കർമ്മങ്ങൾക്ക് ഫലം നൽകുന്നതിനായി ഒരു ശക്തി ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്നു. ആ ശക്തിയുടെ വിധിപ്രകാരമാണ് ഇവിടെ തേജസ്സുറ്റ വ്യക്തിത്വങ്ങൾ ജനിക്കുന്നതു. ലിഖിതങ്ങളായ ശാസ്ത്രപ്രതിപാദനങ്ങൾ മാത്രമല്ല, മറിച്ച്, മനു, ഉത്താനപാദൻ, ധ്രുവൻ, പ്രിയവ്രതൻ, എന്റെ മുത്തച്ചനായ അംഗൻ, കൂടാതെ മഹത്തുക്കളായ പ്രഹ്ലാദൻ, ബലി തുടങ്ങിയ അനേകം വ്യക്തികളുടെ ജീവിതങ്ങളും ഈ വസ്തുതയ്ക്ക് ഉത്തമമായ ഉദാഹരണങ്ങളാണു.

ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോയ എന്റെ പിതാവിനെപ്പോലുള്ളവർ ഭഗവാൻ ഹരിയെ തിരസ്ക്കരിക്കുന്നു. എന്നാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ ശക്തനായ ഒരേയൊരു ഈശ്വരൻ അവൻ മാത്രമാണെന്ന് മഹത്തുക്കൾ മനസ്സിലാക്കുന്നു. ആ പാദങ്ങളെ പൂജിക്കാനുള്ള അഭിരുചി ഒന്നുകൊണ്ടുമാത്രം ഒരുവന്റെ സകലപാപങ്ങളുമകന്ന് ഹൃദയത്തിൽ പരിശുദ്ധി നിറയുന്നു. ഗംഗയെപ്പോലെ, അവനിലെ ഭക്തി മനസ്സിന്റെ മാലിന്യങ്ങളെ തുടച്ചുനീക്കുകയും, ക്രമേണ അതിൽ ജ്ഞാനവൈരാഗ്യങ്ങൾ നിറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ആ തിരുവടികളിൽ അഭയം പ്രാപിച്ചവർ പിന്നീട് ഒരിക്കലും ദുരിതപൂർണ്ണമായ സംസൃതിയിലേക്ക് തിരിച്ചുവരികയുമില്ല. മനസ്സും വചസ്സും ശരീരവും അവനിലർപ്പിച്ച്, ഫലപ്രതീക്ഷ വെടിഞ്ഞ്, എല്ലാവരും അവരവരുടെ കർമ്മങ്ങളനുഷ്ഠിക്കണം. യാതൊരു കളങ്കവും കൂടാതെ സ്വന്തം ഗുണങ്ങൾനുസരിച്ചുള്ള കർമ്മങ്ങൾ ഭഗവദർപ്പണമായി അനുഷ്ഠിക്കുന്നവന് ജന്മസാഫല്യമുണ്ടാകുന്നുവെന്നതിസംശയമില്ല.

നിർഗ്ഗുണസ്വരൂപനായ ഭഗവാൻ ത്രിഗുണങ്ങൾക്കും അതീതനാണെന്നറിയുക. എന്നിരുന്നാലും അവൻ സകല യജ്ഞങ്ങളുടേയും ഭോക്താവാണു. ദ്രവ്യങ്ങളാലും നാമങ്ങളാലും മറ്റ് പല ഉപാധികളാലും ചെയ്യപ്പെടുന്ന എല്ലാ യജ്ഞങ്ങളും നമുക്കായി അവൻ സ്വീകരിക്കുന്നു. സർവ്വവ്യാപിയായ അവൻ പ്രകൃതി, കാലം, കാമം, ധർമ്മം മുതലായവയുടെ സംഘാതംകൊണ്ട് വ്യക്തമാകുന്ന സകല ഗാത്രങ്ങളിലും നിറഞ്ഞിരിക്കുന്നു. വിറകുകളുടെ രൂപഭാവങ്ങൾക്കൊത്ത് അഗ്നിയും അതിനെ ചുറ്റി പ്രത്യേകം പ്രത്യേകം രൂപത്തിൽ ജ്വലിക്കുന്നതുപോലെ, വിവിധങ്ങളായ ഈ ഗാത്രങ്ങളിൽ ബോധവും വിവിധതരത്തിൽ പ്രകാശിക്കുന്നു. സകല യജ്ഞങ്ങളുടേയും ഭോക്താവും സർവ്വർക്കും ഗുരുവുമായ ഭഗവാൻ ഹരിയെ നിങ്ങൾ സ്വധർമ്മാനുഷ്ഠാനത്താൽ ആരാധിക്കുന്നത് നമ്മോട് കാട്ടുന്ന കാരുണ്യം തന്നെയാണു.

ഹേ പണ്ഢിതശ്രേഷ്ഠന്മാരേ!, നിങ്ങളുടെ മഹത്വത്തെ നാം മനസ്സിലാക്കുന്നു. ബ്രഹ്മവിത്തുക്കളായ നിങ്ങൾ തിതിക്ഷകൊണ്ടും തപസ്സുകൊണ്ടും വിദ്യകൊണ്ടും സർവ്വോന്നതന്മാരാണു. നിങ്ങളുടെ മേൽ ഒരിക്കലും രാജാക്കന്മാർ അവരുടെ ഭൌതികൈശ്വര്യങ്ങൾകൊണ്ടുള്ള ശക്തി പ്രയോഗിക്കുകയോ നിങ്ങളെ അധിക്ഷേപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. നിത്യനും പുരാണനുമായ ഭഗവാൻ ഹരിപോലും ഐശ്വര്യയുക്തനായിരിക്കുന്നത് അവൻ ഭക്തപരായണനായതുകൊണ്ടാണു. തന്റെ ഭക്തന്മാരെ സേവിക്കുന്നവരിൽ അവൻ അത്യന്തം സന്തുഷ്ടനാകുന്നു. കാരണം ആ പരമപുരുഷൻ എന്നും തന്റെ ഭക്തന്മാർക്ക് പ്രീയപ്പെട്ടവനാണു. അതുപൊലെ അവനും അവഎന്നെന്നും പ്രീയപ്പെട്ടവരാകുന്നു. ഭഗവദ്ഭക്തന്മാരെ സേവിക്കുന്നവരുടെ ഹൃദയം എന്നും പരിശുദ്ധമായിത്തന്നെയിരിക്കുന്നു, മാത്രമല്ല, പരമമായ ശാന്തിയിലൂടെ ദേഹാവസാനത്തിൽ അവർക്ക് മോക്ഷവും സിദ്ധിക്കുന്നു. ബ്രാഹ്മണസേവയ്ക്കുമുകളിൽ ഇവിടെ യാതൊരു ഭൌതികകർമ്മവും അവശേഷിക്കുന്നില്ല. യജ്ഞങ്ങൾകൊണ്ട് നാം പ്രീതിപ്പെടുത്താൻ നോക്കുന്ന ദേവഗണങ്ങൾപോലും ബ്രാഹ്മണസേവയിൽ അങ്ങേയറ്റം സമ്പ്രീതരാകുന്നു. യജ്ഞങ്ങളിലൂടെ സമർപ്പിക്കപ്പെടുന്ന വിഹിതങ്ങളെ സ്വീകരിക്കുന്നതിനേക്കാളും അവനേറേയിഷ്ടം തന്റെ ഭക്തന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാരിലൂടെ ആരാധിക്കപ്പെടുന്നതാണു. കാരണം, അവൻ സദാ തന്റെ ഭക്തന്മാരോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതു. ബ്രാഹ്മണരുടെ മഹത്വം നിലനിൽക്കുന്നത് അവർ നിരന്തരം വേദോക്തങ്ങളായ കർമ്മങ്ങളെ ശ്രദ്ധയോടും തപസ്സോടും മനോനിയന്ത്രണങ്ങളോടും ധ്യാനത്തോടുംകൂടി അനുഷ്ഠിക്കുന്നതുകൊണ്ടാണു. എങ്ങനെയാണോ നിർമ്മലമായ ഒരു കണ്ണാടിയിൽ നമ്മുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നത്, അതുപോലെ, വേദോക്തമാർഗ്ഗങ്ങളിലൂടെയുള്ള സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന് തന്റെ ജന്മലക്ഷ്യം കൂടുതൽ തെളിഞ്ഞുകാണാൻ സാധിക്കുന്നു. ഹേ മഹാജനങ്ങളേ!, നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഭഗവദ്ഭക്തന്മാരുടെ പാദധൂളിയ്ക്ക് തുല്യമായി നാം കാണുന്ന ഈ കിരീടം നമ്മുടെ ശിരസ്സിലേറ്റിക്കോട്ടെ!. ആ ഭാവത്തിൽ ഇതിനെ ശിരസ്സിലലങ്കരിക്കുന്നവൻ സകല പാപങ്ങളിൽനിന്നും മുക്തനാകുകയും അവന്റെ ഹൃദയത്തിൽ സദ്ഗുണങ്ങൾ നിറയുകയും ചെയ്യും. ബ്രഹ്മണ്യമാകുന്ന ഗുണമുള്ളവൻ സകലൈശ്വര്യങ്ങൾക്കും പാത്രമാകുന്നു. അതുകൊണ്ട് ആ ബ്രാഹ്മണകുലത്തേയും ഗോക്കളേയും നമ്മേയും അവിടുന്ന് കാക്കുമാറകണമെന്ന് നാം അവിടുത്തോട് പ്രാർത്ഥിക്കുകയാണു.
മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ വാക്കുകൾ കേട്ട് ആനന്ദചിത്തരായി പിതൃക്കളും ദേവഗണങ്ങളും ഋഷികളും ബ്രഹ്മണശ്രേഷ്ഠന്മാരും സർവ്വമംഗളങ്ങളും നേർന്നുകൊണ്ട് അദ്ദേഹത്തെ ആശീർവദിച്ചു. പുത്രൻ തന്റെ പിതാവിനെ നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നുവെന്നുള്ള സ്മൃതിപ്രമാണാത്തെ അവർ പൃഥുവിലൂടെ വീണ്ടും സ്ഥിതീകരിച്ചു. അധർമ്മിയായിരുന്ന വേനൻ തന്റെ പുത്രനാൽ നരകത്തിൽനിന്നും കരകയറിയിരിക്കുന്നു. വേനൻ മാത്രമല്ല, ഹിരണ്യകശിപുവും തന്റെ പുത്രനായ പ്രഹ്ലാദനാൽ പാപവിമുക്തനായി വൈകുണ്ഠത്തെ പ്രാപിച്ചവനാണു. തുടർന്ന്, അവിടെ ഉപസ്ഥിതരായിരുന്ന സകലരും ഒരുമിച്ച് പൃഥുവിനോട് പറഞ്ഞു : ഹേ വീരവര്യാ!, ഭൂപതേ!, അഖിലലോകനാഥനായ അച്യുതനിൽ ഭക്തിയുള്ള അങ്ങേയ്ക്ക് ദീർഘായുസ്സുണ്ടാകട്ടെ!. ഹേ പവിത്രകീർത്തേ!,  അങ്ങയെപ്പോലെ ഒരു രാജാവിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ സാധിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണു. അങ്ങയിലൂടെ ഭഗവാന്റെ കാരുണ്യം ഞങ്ങളിൽ പൊഴിയുന്നതായി ഞങ്ങൾ അറിയുന്നു. പ്രജകളിൽ കാരുണ്യവാനായി അവരുടെ ക്ഷേമത്തിനുവേണ്ടി വർത്തിക്കുന്ന അങ്ങ് ഈ ഭൂമിയിലെ രാജാവായതിൽ അത്ഭുതമെന്തിരിക്കുന്നു? അങ്ങ് അതിനെന്തുകൊണ്ടും യോഗ്യൻതന്നെ. ഇന്ന് അങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് വെളിച്ചം പ്രദാനം ചെയ്തിരിക്കുന്നു. ഭഗവദ്നിശ്ചയം കൊണ്ടും പൂർവ്വജന്മസംസ്കാരങ്ങൾകൊണ്ടും സകാമകർമ്മങ്ങളിൽ ആസക്തരായി ജന്മലക്ഷ്യം മറന്നുജീവിച്ചുകൊണ്ട് ഈ സംസാരത്തിൽ അലയുകയാണു ഞങ്ങൾ. സത്വഗുണസംയുക്തനായ അങ്ങ് ആ പരമപുരുഷന്റെ അവതാരം തന്നെയാണു. അങ്ങ് സ്വതേജസ്സാൽ ഇവിടെ ബ്രഹ്മണ്യത്തെ പുനഃസ്ഥാപിക്കുകയും, സ്വധർമ്മമായ ക്ഷത്രിയധർമ്മത്തെ അനുഷ്ഠിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുകയും ചെയ്യുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.





Prithu Maharaja advises his subjects