Bhagavan Srihari comes to the place of Prithu Maharaj എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bhagavan Srihari comes to the place of Prithu Maharaj എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 11, തിങ്കളാഴ്‌ച

4.20 പൃഥുവിന്റെ യാഗശാലയിലേക്ക് ഭഗവദാഗമനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 20
(പൃഥുവിന്റെ യാഗശാലയിലേക്ക് ഭഗവദാഗമനം)


Lord Vishnu meets Prithu maharaj എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥു അനുഷ്ഠിച്ച തൊണ്ണൂറ്റിയൊമ്പത് മഹായജ്ഞങ്ങളിൽ സമ്പ്രീതനായ ഭഗവാൻ ദേവേന്ദ്രനോടൊപ്പം പൃഥുവിന്റെ യാഗശാലയിലെത്തി അദ്ദേഹത്തോട് ഇങ്ങനെ അരുളിച്ചെയ്തു: ഹേ പൃഥു!, എന്നോടൊപ്പം ദേവേന്ദ്രൻ വന്നിരിക്കുന്നത് യജ്ഞത്തിന് ഭംഗം വരുത്തിയതിൻ നിന്നോട് മാപ്പപേക്ഷിക്കുവാനാണു. ഹേ രാജൻ!, ലോകത്തിന് ഹിതം ചെയ്യുവാനാഗ്രഹിക്കുന്ന ഉദാരമതികളായ ജ്ഞാനികൾ നരന്മാരിൽ ഉത്തമന്മാരാണു. അവർ ഒരിക്കലും മറ്റുള്ളവരിൽ വിദ്വേഷം വച്ചുപുലർത്താറില്ല. അവർ എപ്പോഴും ആത്മാവിനെ ശരീരത്തിൽനിന്നും വേർതിരിച്ചുകാണുന്നവരാണു. നിന്നെപ്പോലെ വിദ്വനായ ഒരാൾ ഇത്ര പെട്ടെന്ന് മായയുടെ പിടിയിലായാൽ, ഈ ചെയ്ത സൽക്കർമ്മങ്ങളെല്ലാം നിഷ്ഫലമായിപോകുകയേയുള്ളൂ. ഈ ശരീരം അവിദ്യ, കാമം, മായബദ്ധമായ കർമ്മങ്ങൾ മുതലായവകളിൽനിന്നുണ്ടായതാണെന്നറിയുന്ന ജ്ഞാനികൾ അവയിൽ ആസക്തരാകാറില്ല. ഈ സത്യത്തെ തിരിച്ചറിയുന്ന മനുഷ്യൻ എങ്ങനെയാണ് ഗൃഹം, പുത്രൻ, ധനം മുതലായ വസ്തുക്കളിൽ ആസക്തരാകുന്നതു?.  ആത്മാവ് നിത്യശുദ്ധവും സ്വയംജ്യോതിരൂപവുമാണു. അവനിൽ സർവ്വഗുണങ്ങളുമടങ്ങിയിരിക്കുന്നു. അവൻ സർവ്വഗതനും പരനും അനാവൃതനും സകലകർമ്മങ്ങൾക്കും സാക്ഷിയായി വർത്തിക്കുന്നവനുമാണു. ഈ ഭൂമിയിൽ സകലകർമ്മങ്ങളും ചെയ്തുകൊണ്ട് വാഴുന്നവനാണെങ്കിലും, ആത്മാവിന്റെ സ്വരൂപത്തെ അറിയുന്നവൻ ഒരിക്കലും ത്രിഗുണങ്ങളാൽ ബന്ധനസ്ഥനാകുന്നില്ല. അവൻ സദാ എന്നിൽത്തന്നെ സ്ഥിതിചെയ്യുന്നു.

ഒരുവൻ ശ്രദ്ധയോടേ സ്വധർമ്മങ്ങളനുഷ്ഠിക്കുകൊണ്ട് ആശയകന്ന് ജീവിക്കാൻ തുടങ്ങുമ്പോൾ, അവൻ പതുക്കെപതുക്കെ ആത്മാനന്ദം അനുഭവിച്ചുതുടങ്ങുന്നു. ഹൃദയം ശുദ്ധമാകുന്നതോടുകൂടി അവന് സകല ചരാചരങ്ങളേയും തുല്യതയോടെ കാണാൻ സാധിക്കുന്നു. ആ സമയം അവൻ എന്നോടുചേർന്ന് ശാന്തനായി ഇരിക്കുന്നു. പഞ്ചഭൂതങ്ങളാലും മാനസേന്ദ്രിയങ്ങളാലും നിർമ്മിതമായ ഈ സ്ഥൂലസൂക്ഷ്മശരീരങ്ങൾ സർവ്വദാ ആത്മാവിന്റെ അദ്ധ്യക്ഷതയിൽ നിലകൊള്ളുന്നുവെന്നറിയുന്നവർ എപ്പോഴും ആത്മാനന്ദമനുഭവിക്കുന്നു. പ്രപഞ്ചത്തിലുണ്ടാകുന്ന സകലമാറ്റങ്ങൾക്കും കാരണം പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണു. പഞ്ചഭൂതങ്ങൾ, ഇന്ദ്രിയങ്ങൾ, അവയുടെ അധിപതികളായ ദേവന്മാർ, മനസ്സ് ഇത്യാദികൾ ചേർന്നാണ് ഈ ശരീരങ്ങൾ രൂപം കൊണ്ടിരിക്കുന്നതു. ആത്മാവ് ഇവയിൽനിന്നും അന്യമാണെന്നറിയുന്ന എന്റെ ഭക്തന്മാരെ ഒരിക്കലും സുഖദുഃഖങ്ങൾ വേട്ടയാടാറില്ല.  അതുകൊണ്ട്, എപ്പോഴും സകലചരാചരങ്ങളെയും സമചിത്തതോടെ കാണുക. ക്ഷണികമായ സുഖദുഃഖങ്ങളിൽ ഭ്രമിക്കാതിരിക്കുക. മനസ്സിനേയും ഇന്ദ്രിയങ്ങളേയും സദാ അടക്കിനിർത്തുക. നിയതമായ ധർമ്മത്തെ അനുഷ്ഠിക്കുക. ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം തന്റെ പ്രജകളുടെ സംരക്ഷണവും ക്ഷേമമാണു സ്വധർമ്മമെന്നതു. തിന്റെ നിർവ്വഹണത്തിലൂടെ അദ്ദേഹം വരുംജന്മത്തിൽ തന്റെ പ്രജകളുടെ സത്ക്കർമ്മങ്ങളുടെ ആറിലൊന്ന് പുണ്യത്തെ അനുഭവിക്കുവാൻ യോഗ്യനാകുന്നു. എന്നാൽ ജനങ്ങളിൽനിന്നും കരം സ്വീകരിച്ചുകൊണ്ട് അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി ഒന്നുംതന്നെ ചെയ്യാത്ത ഒരു രാജാവിന്റെ പുണ്യങ്ങളപ്പാടെ തന്റെ പ്രജകൾക്ക് ലഭ്യമാകുകയും, അതോടൊപ്പം, പ്രജകളുടെ പാപഭാരം താൻ ഏറ്റെടുക്കുകയും ചെയ്യേണ്ടിവരുന്നു. അതുകൊണ്ട് ഹേ രാജൻ!,  നീ ഗുരുപരമ്പരകളാൽ അനുശാസിതങ്ങളായ ഉപദേശങ്ങളുടെ സഹായത്തോടുകൂടി നിന്റെ പ്രജകളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണെങ്കിൽ, അതുപോലെ അവരനുശാസിക്കുന്നവിധം ധർമ്മത്തെ പാലിക്കുകയാണെങ്കിൽ നിന്റെ പ്രജകൾ എപ്പോഴും നിന്നിൽ സന്തുഷ്ടരും സ്നേഹമുള്ളവരുമായിരിക്കും.

പൃഥു!, സകല ജീവഭൂതങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം എന്നെ പ്രാപിക്കുക എന്നതാണു. അതിനായി എന്നെ ഉള്ളവണ്ണം അറിയേണ്ടത് അത്യാവശ്യവും. ആ ഉദ്ദേശത്തോടുകൂടി വളരെ പെട്ടെന്നുതന്നെ നീ സനത്കുമാരന്മാരെ കണ്ടുമുട്ടുന്നതായിരിക്കും. ഇന്ന്, നിന്റെ കർമ്മങ്ങളിലും ഗുണങ്ങളിലും ഞാൻ സമ്പ്രീതനായിരിക്കുന്നു. ആയതിനാൽ നിനക്ക് എന്ത് വരവും എന്നോട് ചോദിക്കാം. എത്രകണ്ട് യജ്ഞങ്ങളും തപസ്സുകളുമനുഷ്ഠിച്ചാലും സത്ഗുണങ്ങളില്ലാതെ എന്റെ അനുഗ്രഹത്തിന് പാത്രമാകാൻ സാധ്യമല്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ജഗദ്ഗുരുവായ ഭഗവാൻ നാരയണൻ അരുളിച്ചെയ്ത ഉപദേശങ്ങളെ ശിരസ്സാഹിച്ച്, ഭഗവദ്ദർശനംകൊണ്ടുണ്ടായ ആത്മാനന്ദത്തിൽ ആറാടി പൃഥുമഹാരാജൻ തൊഴുകൈയ്യോടെ ആ തിരുമുന്നിൽ നമിച്ചുനിന്നു. ആ സമയം, ഇന്ദ്രൻ അദേഹത്തിന്റെ കാൽക്കൽ വീണു തന്റെ തെറ്റുകൾക്കുവേണ്ടി ക്ഷമാപണം നടത്തി. അദ്ദേഹം ദേവേന്ദ്രനെ ഇരുകൈകൾകൊണ്ടും പിടിച്ചെഴുന്നേൽപ്പിച്ച് തന്നോടുചേർത്തു ആലിംഗനം ചെയ്തു. ആ ശത്രുത അവിടെ അവസാനിക്കുകയും ചെയ്തു.

പൃഥുമഹാരാജൻ വീണ്ടും വീണ്ടും ഭഗവദ്പാദങ്ങൾ പൂജിക്കാൻ തുടങ്ങി. ആരാധിക്കുന്തോറും അദ്ദേഹത്തിന് ആ താമരപ്പാദങ്ങളിലുള്ള ഭക്തി വർദ്ധിച്ചുവന്നു. ഭഗവാനും തന്റെ ഉത്തമഭക്തനെ വിട്ടുപോകാൻ മനസ്സുവന്നില്ല. പൃഥുവിന്റെ ഭാവം കണ്ട് ഭക്തപരായണനായ ഭഗവാൻ കുറെ സമയം കൂടി അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ചു. കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞതിനാൽ ഭഗവാനെ കാണാനോ, ഗദ്ഗദം കൊണ്ട് ശബ്ദമിടറിയതിനാൽ ഒരുവാക്ക് സംസാരിക്കുവാനോ പൃഥുവിന് കഴിഞ്ഞില്ല. അദ്ദേഹം ഭഗവാനെ ഹൃദയത്തിലണച്ചുപിടിച്ചുകൊണ്ട് ഹസ്താജ്ഞലിയോടെ ആ തിരുമുമ്പിൽ നിർനിമേഷനായി നിൽക്കുക മാത്രം ചെയ്തു. ഭഗവാൻ തന്റെ താമരപ്പാദങ്ങൾ നിലത്തുറപ്പിച്ച്, ഗരുഢന്റെ തോളിൽ കൈയ്യുംവച്ച് പൃഥുവിനെ നോക്കിക്കൊണ്ട് നിന്നു. പക്ഷേ, ആർദ്രഹൃദയനായ പൃഥുവിന് കണ്ണീരിൽ കുതിർന്ന ആ തിരുരൂപം നന്നായിക്കാണുവാൻ കഴിഞ്ഞില്ല. അവൻ ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പ്രാർത്ഥിച്ചു: ഭഗവാനേ!, അങ്ങ് സർവ്വവരപ്രദായകനാണു. അജ്ഞാനികൾ ആ ഭൌതികലാഭത്തിനുവേണ്ടി എപ്പോഴും അങ്ങയുടെ മുന്നിൽ യാജിച്ചുനിൽക്കുന്നു. എന്നാൽ, ത്രിഗുണങ്ങളുടെ പിടിയലകപ്പെട്ട് നരകജീവിതത്തിൽ കഴിയുന്നവർപോലും ആവശ്യപ്പെടുന്ന ആ വരങ്ങൾ ജ്ഞാനികളായുള്ളവർ ഒരിക്കലും ആഗ്രഹിക്കാറില്ല. ഹേ കൈവല്യപതേ!, അതുകൊണ്ട്, എനിക്ക് ആ വരങ്ങളൊന്നുംതന്നെ ആവശ്യമില്ല. ഹേ നാഥാ!, മോക്ഷം പോലും അടിയൻ ആഗ്രഹിക്കുന്നില്ല. കാരണം, അങ്ങയിലലിഞ്ഞാൽ പിന്നെ ഞാനില്ലാതാകും. എനിക്ക് വേണ്ടത് അവിടുത്തെ ഭക്തന്മാരിൽനിന്നും അങ്ങയുടെ മഹികളെ മനം കുളിർക്കെ കേൾക്കുവാൻ ഒരു പതിനായിരം കാതുകളാണു. ഉത്തമശ്ലോകനായ നിന്തിരുവടിയുടെ മഹിമകൾ മധുകണങ്ങളെപ്പോലെയാകുന്നു. ഭക്തന്മാർ അവയെ ഗാനം ചെയ്യുമ്പോൾ ആ മധുകണം ഞങ്ങളുടെ മനസ്സിനേയും ബുദ്ധിയേയും ഉണർത്തുന്നു. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വരൂപത്തെ മനസ്സിലാക്കാസാധിക്കുകയും, ജീവിതലക്ഷ്യത്തെ തിരിച്ചറിയുവാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട്, അങ്ങയുടെ ഭക്തന്മാരിൽനിന്നും അവിടുത്തെ മഹിമകളെ കേൾക്കുവാനുള്ള ഭാഗ്യമല്ലാതെ മറ്റൊന്നും അടിയനാഗ്രഹിക്കുന്നില്ല. ഭഗവാനേ!, അവിടുത്തെ ഭക്തന്മാരിൽ നിന്ന് ഒരിക്കെലെങ്കിലും ആ മഹിമയെ കേട്ടാൽ, മനുഷ്യനായിപ്പിറന്നവനാണെങ്കിൽ ആ ഭാഗ്യത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരാശക്തിയായ ലക്ഷ്മീഭഗവതിപോലും ആ സത്ഗുണങ്ങളെ കേൾക്കുവാൻ കൊതിപൂണ്ട് സദാ അങ്ങയോടൊപ്പം വസിക്കുന്നു. ആവളെപ്പോലെ എപ്പോഴും അവിടുത്തെ പാദസേവ ചെയ്യുവാൻ അടിയനെ അനുഗ്രഹിക്കണം. ഞങ്ങൾ രണ്ടുപേരും അവിടുത്തെ സേവയിൽ ആസക്തരായതുകാരണം, ഞങ്ങളിൽ കലഹമുണ്ടാകുമോ എന്നുള്ള ഭയമാണിപ്പോൾ അടിയനിലുള്ളതു. ഹേ ജഗദീശ്വരാ!, ജഗദ്ജനനിയായ ദേവിയുടെ സ്വകാര്യത്തിൽ ഭാഗം ചേരാൻ വരുന്ന എന്നോട് ദേവി കോപിച്ചാൽ ദീനവത്സലനായ അവിടുന്ന് അടിയനെ കാത്തുകൊള്ളുമെന്ന് കരുതുകയാണു. അവളില്ലെങ്കിൽത്തന്നെ സ്വയം സർവ്വവുമായ അങ്ങേയ്ക്കെന്തു സംഭവിക്കാനാണു?. ഋഷീശ്വരന്മാർ പോലും അങ്ങയുടെ പാദം സദാ ഭജിച്ചുകൊണ്ടിരിക്കുന്നു. കാരണം, അവരറിയുന്നു, ത്രിഗുണാധീതരാകാൻ മറ്റൊരു വഴി ഇവിടെ ഇല്ലെന്നുള്ളതു. അതിനാൽ അവർ നിരന്തരം ആ പാദപത്മങ്ങളെ സ്മരിച്ചും അതിൽ ആശ്രയം കൊണ്ടും കഴിയുന്നു.

അവിടുത്തെ ഉപദേശങ്ങൾ സാധാരണ ജനങ്ങളെ മോഹിപ്പിക്കുന്നവയാണു. അവർ എപ്പോഴും വേദങ്ങളിലെ കർമ്മകാണ്ഢങ്ങളിൽ മുഴുകി സകാമകർമ്മങ്ങൾ അനുഷ്ഠിച്ചു അതിന്റെ ലാഭത്തിൽ ഭ്രമിച്ച് ജീവിക്കുന്നു. അവയൊന്നും അവിടുത്തെ ഭക്തന്മാർക്കുവേണ്ടിയുള്ളതല്ല. അങ്ങയുടെ മായാശക്തിയാൽ സകലരും തങ്ങളുടെ സ്വരൂപത്തെ മറന്നുകഴിയുകയാണു. ആ അജ്ഞാനത്താൽ അവർ ഭൌതികജീവിതത്തിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നു. അതുകൊണ്ട്, യാതൊരു ഭൌതികസുഖവും അടിയനിച്ഛിക്കുന്നില്ല. പിതാവ് സ്വന്തം മകന്റെ ആവശ്യത്തെ നിരാകരിച്ചുകൊണ്ട് അവന് വേണ്ടതുമാത്രം നൽകി ആപത്തിൽനിന്നും സംരക്ഷിക്കുന്നതുപോലെ, അങ്ങും ഈയുള്ളവന് ഹിതമായതുമാത്രം നൽകി അനുഗ്രഹിച്ചാലും.

മൈത്രേയൻ തുടർന്നു: വിദുരരേ!, പൃഥുവിന്റെ പ്രാർത്ഥനകൾ കേട്ടതിനുശേഷം ഭഗവാൻ അദ്ദേഹത്തോട് പറഞ്ഞു: ഹേ രാജൻ!, നീയാഗ്രഹിച്ചതുപോലെ, എപ്പോഴും നിന്നിൽ എന്നോടുള്ള ഭക്തിയുണ്ടാകുവാൻ ഞാൻ അനുഗ്രഹിക്കുന്നു. നീ മനസ്സിലാക്കിയതുപോലെ, നിർവ്യാജമായ ഭക്തി ഒന്നുകൊണ്ടുമാത്രമേ ഒരുവന് മായയുടെ പിടിയിൽനിന്നും രക്ഷനേടുവാനാകൂ. അങ്ങനെ ജീവിക്കുന്നവർക്ക് ജീവിതത്തിൽ സദാ സർവ്വമംഗളങ്ങളും ഭവിക്കുന്നതാണു. അതുകൊണ്ട്, പ്രജാപാതിയായ നീ എന്റെ ഉപദേശങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ പ്രാർത്ഥനയിൽ സമ്പ്രീതനായ ഭഗവാൻ സർവ്വൈശ്വര്യങ്ങളും നൽകിക്കൊണ്ട് അവിടെ നിന്നും അപ്രത്യക്ഷനായി. തുടർന്ന് പൃഥുരാജാവ് യജ്ഞത്തിൽ പങ്കുചേർന്ന ഗന്ധർവ്വസിദ്ധചാരണപന്നഗകിന്നരാപ്സരമാനുഷാദികളേയും ഭൂമീദേവിയേയും മറ്റു സകല ചരാചരങ്ങളേയും വന്ദിച്ചുനമസ്ക്കരിച്ചു യഥാവിധി ദക്ഷിണയും ദാനധർമ്മാദികളും ചെയ്തു. അദ്ദേഹത്തിൽ അത്യന്തം സംതൃപ്തരായ അവർ തങ്ങളുടെ വസതികളിലേക്കും ധാമങ്ങളിലേക്കും തിരിച്ചുപോയി. പൃഥുവിന്റേയും അവിടെ സന്നിഹിതരായിരുന്ന സർവ്വരുടേയും മനസ്സുകളെ മയക്കികൊണ്ട് ഭഗവാനും വൈകുണ്ഠത്തിലെത്തിച്ചേർന്നു. ഭൌതികനേത്രങ്ങൾക്ക് അഗ്രാഹ്യമായ ഭഗവദ്രൂപത്തെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പൃഥുമഹാരാജാവ് വീണ്ടും ഭഗവാനെ സ്മരിച്ചു. അനന്തരം സ്വവസതിയിലേക്ക് മടങ്ങിപ്പോയി.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.
ഓം തത് സത്.



Bhagavan Srihari comes to the place of Prithu Maharaja