10:73 ജരാസന്ധന്റെ തടവുകാർക്ക് ഭഗവാൻ മോക്ഷം നൽകുന്നു. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
10:73 ജരാസന്ധന്റെ തടവുകാർക്ക് ഭഗവാൻ മോക്ഷം നൽകുന്നു. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഒക്‌ടോബർ 25, ഞായറാഴ്‌ച

10:73 ജരാസന്ധന്റെ തടവുകാർക്ക് ഭഗവാൻ മോക്ഷം നൽകുന്നു.


ശ്രീമദ്ഭാഗവതം ദശ്യമസ്കന്ധം അദ്ധ്യായം 73

ജരാസന്ധന്റെ തടവുകാർക്ക് ഭഗവാൻ മോക്ഷം നൽകുന്നു.


ശുകദേവൻ പറഞ്ഞു: രാജൻ!, ജരാസന്ധൻ ഇരുപത്തിനായിരത്തിയെണ്ണൂറ് രാജാക്കന്മാരെ തോൽപ്പിച്ച് തടവിലാക്കിയിരുന്നു. ഗിരിദ്രോണീ കോട്ടയിൽനിന്ന് പുറത്തുവന്ന ആ രാജാക്കന്മാർ വളരെയധികം മുഷിഞ്ഞുജീർണിച്ച വസ്ത്രം ധരിച്ചവരായിരുന്നു. അവർ വിശപ്പുകൊണ്ട് ക്ഷീണിച്ച്, മുഖം വാടി, ദീർഘകാലത്തെ തടവറവാസം കൊണ്ട് അത്യന്തം ദുർബലരായിത്തീർന്നിരുന്നു. ശ്രീകൃഷ്ണഭഗവാനെ ദർശിച്ചതിനാലുണ്ടായ ആനന്ദത്താൽ തടവറയിലെ ക്ഷീണമെല്ലാം മാറിയ അവർ ഹസ്‌താഞ്ജലിയോടെ ഭഗവാനെ സ്തുതിച്ചു.

രാജാക്കന്മാർ പറഞ്ഞു: ഭഗവാനേ!, അങ്ങേക്ക് നമസ്കാരം. ദേവന്മാരുടെ അധിപതിയായ പ്രഭോ!, ശരണാഗതരായ ഭക്തന്മാരുടെ ദുരിതം പോക്കുന്നവനേ!. സർവ്വശക്തനായ കൃഷ്ണാ!, ഞങ്ങൾ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്നു; ഞങ്ങളെ അങ്ങേയറ്റം നിരാശരാക്കിയ ഈ ഭീകരമായ ഭൗതിക ജീവിതത്തിൽനിന്ന് രക്ഷിക്കേണമേ!. പ്രഭോ!, മധുസൂദന!, ഞങ്ങൾ മഗധയിലെ ഈ രാജാവിനെ കുറ്റപ്പെടുത്തുന്നില്ല; കാരണം എല്ലാം സംഭവിക്കുന്നത് അവിടുത്തെ നിശ്ചയം ഒന്നുകൊണ്ട് മാത്രമാണ്. തന്റെ ഐശ്വര്യത്തിലും ഭരണാധികാരത്തിലും അന്ധരായ രാജാക്കന്മാർക്ക് എല്ലാ ആത്മനിയന്ത്രണവും നഷ്ടപ്പെടുന്നു, തങ്ങളുടെ യഥാർത്ഥ നന്മ എന്താണെന്ന് മനസ്സിലാക്കാനും അവർക്ക് കഴിയുന്നില്ല. അപ്രകാരം, അങ്ങയുടെ മായാശക്തിയാൽ വഴിതെറ്റിപ്പോകുന്ന അവർ, തങ്ങളുടെ താൽക്കാലിക സമ്പത്തുകളെ ശാശ്വതമാണെന്ന് തെറ്റിദ്ധരിക്കുന്നു. മരുഭൂമിയിലെ കാനൽജലത്തെ വിവേകശൂന്യരായ മനുഷ്യർ ജലാശയമായി കാണുന്നതുപോലെ, വിവേകമില്ലാത്തവർ മായയുടെ മായാവിദ്യാരൂപത്തിലുള്ള മാറ്റങ്ങളെ യഥാർത്ഥ വസ്തുക്കളായി കാണുന്നു. പണ്ട് സമ്പത്തിന്റെ മദംകൊണ്ട് അന്ധരായിരുന്ന ഞങ്ങൾ ഈ ഭൂമി കൈയടക്കാൻ ആഗ്രഹിച്ചു, അങ്ങനെ വിജയം നേടാനായി സ്വന്തം പ്രജകളെ നിർദ്ദയമായി ഉപദ്രവിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം പോരാടി. മരണത്തിന്റെ രൂപത്തിൽ ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന പ്രഭോ!, ഞങ്ങൾ അങ്ങയെ അഹങ്കാരത്തോടെ അവഗണിച്ചു. എന്നാൽ കൃഷ്ണാ!, സർവ്വവും നിയന്ത്രിക്കുന്നതും നിഗൂഢവുമായ 'കാലം' എന്ന് വിളിക്കപ്പെടുന്ന അങ്ങയുടെ ആ ശക്തമായ രൂപം ഇപ്പോൾ ഞങ്ങളുടെ ഐശ്വര്യങ്ങളെല്ലാം എടുത്തുകളഞ്ഞിരിക്കുന്നു. അങ്ങ് കരുണയോടെ ഞങ്ങളുടെ അഹങ്കാരം നശിപ്പിച്ച സ്ഥിതിക്ക്, അങ്ങയുടെ താമരപ്പൊൻപാദങ്ങൾ സ്മരിക്കാൻ മാത്രമാണ് ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.

രോഗത്തിന്റെയും ദുരിതത്തിന്റെയും ഉറവിടവും ഓരോ നിമിഷവും ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമായ ഈ മർത്യശരീരത്തെ അടിമയെപ്പോലെ സേവിക്കേണ്ടതായ - കാനൽജലം പോലുള്ള ഒരു രാജ്യത്തിനായി ഞങ്ങൾ ഇനി ഒരിക്കലും കൊതിക്കില്ല. സർവ്വശക്തനായ പ്രഭോ!, അടുത്ത ജന്മത്തിൽ പുണ്യകർമ്മങ്ങളുടെ സ്വർഗീയഫലങ്ങൾ ആസ്വദിക്കുവാനും ഞങ്ങൾ ഇന്ന് ആഗ്രഹിക്കുന്നില്ല, കാരണം, അതെല്ലാംതന്നെ കാതുകൾക്ക് സുഖം പകരുന്ന വെറും വ്യാമോഹങ്ങൾ മാത്രമാണ്. ഈ ലോകത്തിലെ ജനനമരണങ്ങളുടെ ചക്രത്തിൽ ഞങ്ങൾ തുടർന്നാലും, അങ്ങയുടെ താമരപ്പൊൻപാദങ്ങൾ ഞങ്ങൾക്ക് എങ്ങനെയെല്ലാം നിരന്തരം സ്മരിക്കാൻ കഴിയുമെന്നുള്ളതിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നാലും. വസുദേവപുത്രനായ അങ്ങേയ്ക്ക് ഞങ്ങൾ വീണ്ടും വീണ്ടും നമസ്കാരം അർപ്പിക്കുന്നു. പരമാത്മാവായ അങ്ങുതന്നെ ശരണമടയുന്ന എല്ലാവരുടെയും ദുരിതങ്ങളെ ഇല്ലാതാക്കുന്നു.

ശുകദേവൻ പറഞ്ഞു: രാജൻ!, അങ്ങനെ, ബന്ധനങ്ങളിൽനിന്ന് മോചിതരായ ആ രാജാക്കന്മാർ പരമപുരുഷനെ കീർത്തിച്ചു. അതിനുശേഷം, പ്രിയപ്പെട്ട പരീക്ഷിത്തേ!, അഭയദായകനായ ഭഗവാൻ അവരോട് ശാന്തമായ സ്വരത്തിൽ ഇങ്ങനെ സംസാരിച്ചു.

ഭഗവാൻ പറഞ്ഞു: പ്രിയപ്പെട്ട രാജാക്കന്മാരേ!, ഇന്നുമുതൽ പരമാത്മാവും സർവ്വാധിപതിയുമായ എന്നിൽ നിങ്ങൾക്ക് ഉറച്ച ഭക്തി ഉണ്ടായിരിക്കും. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ ഇത് സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങൾ എത്തിച്ചേർന്ന നിഗമനം ശരിയാണ്, നിങ്ങൾ പറഞ്ഞതെല്ലാം സത്യവുമാണ്. ഐശ്വര്യത്തിന്റെയും അധികാരത്തിന്റെയും മദംമൂലമുണ്ടാകുന്ന മനുഷ്യരുടെ ആത്മനിയന്ത്രണമില്ലായ്മ അവരെ ഭ്രാന്തിലേക്ക് മാത്രമാണ് നയിക്കുന്നത്. ഹൈഹയൻ, നഹുഷൻ, വേനൻ, രാവണൻ, നരകൻ എന്നിവരും ദേവന്മാരുടെയും മനുഷ്യരുടെയും അസുരന്മാരുടെയും മറ്റ് നിരവധി ഭരണാധികാരികളും ഭൗതിക ഐശ്വര്യത്തിലുള്ള അമിതമായ ഭ്രമം മൂലം തങ്ങളുടെ ഉയർന്ന പദവികളിൽ നിന്ന് വീണുപോയിട്ടുണ്ട്. ഈ ഭൗതിക ശരീരത്തിനും അതുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങൾക്കും തുടക്കവും ഒടുക്കവുമുണ്ടെന്ന് മനസ്സിലാക്കി, വൈദികയാഗങ്ങളിലൂടെ എന്നെ ആരാധിക്കുകയും, വിവേകത്തോടെ ധർമ്മതത്വങ്ങൾ അനുസരിച്ച് നിങ്ങളുടെ പ്രജകളെ സംരക്ഷിക്കുകയും ചെയ്യുക. ജീവിതത്തിൽ സന്താനസൗഭാഗ്യങ്ങളോടെ സുഖദുഃഖങ്ങളും ജനനമരണങ്ങളും സമഭാവനയിൽ അനുഭവിച്ചുകൊണ്ടു മനസ്സ് എപ്പോഴും എന്നിൽ ഉറപ്പിച്ചുനിർത്തുക. ശരീരത്തോടും അതുമായി ബന്ധപ്പെട്ട എല്ലാറ്റിനോടുമുള്ള ആസക്തി വെടിയുക. ആത്മസംതൃപ്തിയോടെ, മനസ്സ് പൂർണ്ണമായും എന്നിൽ ഏകാഗ്രമാക്കിക്കൊണ്ട് ദൃഢനിശ്ചയത്തോടെ വ്രതങ്ങൾ പാലിക്കുക. ഈ രീതിയിൽ നിങ്ങൾ പരമസത്യമായ എന്നെ പ്രാപിക്കുന്നതാണ്.

ശുകദേവൻ പറഞ്ഞു: രാജൻ!, ആ രാജാക്കന്മാരെ ഇങ്ങനെ ഉപദേശിച്ചനുഗ്രഹിച്ചതിനുശേഷം, ശ്രീകൃഷ്ണഭഗവാൻ, അവരുടെ ശുചിത്വത്തിനായി അതിനുത്തരവാദിത്വപ്പെട്ടവരെ നിയോഗിച്ചു. അതിനുശേഷം ആ രാജാക്കന്മാർക്ക് വസ്ത്രങ്ങൾ, ആഭരണങ്ങൾ, മാലകൾ, ചന്ദനം എന്നിവ നൽകി സഹദേവനെക്കൊണ്ട് ഭഗവാൻ അവരെ ആദരിപ്പിച്ചു. ശരിയായ രീതിയിൽ കുളിപ്പിച്ച് അണിയിച്ചൊരുക്കിയതിനുശേഷം, ആ രാജാക്കന്മാർക്ക് മികച്ച ഭക്ഷണം നൽകുന്ന കാര്യം ഭഗവാൻ ഉറപ്പുവരുത്തി. തുടർന്ന് താംബൂലാദികൾ അവർക്ക് നൽകി അവരെ സന്തോഷിപ്പിച്ചു. ഭഗവാനാൽ ആദരിക്കപ്പെടുകയും ദുരിതങ്ങളിൽ നിന്ന് മോചിതരാകുകയും ചെയ്ത ആ രാജാക്കന്മാർ, വർഷകാലത്തിന്റെ അവസാനത്തിൽ ആകാശത്ത് ചന്ദ്രനും മറ്റ് നക്ഷത്രങ്ങളും തിളങ്ങുന്നതുപോലെ, പ്രകാശപൂരിതരായി നിന്നു.

തുടർന്ന്, നല്ല കുതിരകളെ പൂട്ടിയതും രത്നങ്ങളും സ്വർണ്ണവും കൊണ്ട് അലങ്കരിച്ചതുമായ രഥങ്ങളിൽ അവരെ ഇരുത്താൻ ഭഗവാൻ ഏർപ്പാട് ചെയ്യുകയും, ദയാപൂർണ്ണമായ വാക്കുകളാൽ അവരെ സന്തോഷിപ്പിച്ച് അവരെ അവരവരുടെ രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെ സർവ്വോത്തമനായ കൃഷ്ണനാൽ എല്ലാ ദുഖങ്ങളിനിന്നും മോചിതരായ ആ രാജാക്കന്മാർ അവിടെനിന്നും യാത്രതിരിച്ചു; അവർ യാത്ര ചെയ്യുമ്പോൾ പ്രപഞ്ചനാഥനായ ഭഗവാനെക്കുറിച്ചും അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികളെക്കുറിച്ചും മാത്രമായിരുന്നു ചിന്തിച്ചത്. ഭഗവാൻ ചെയ്തകാര്യങ്ങൾ രാജാക്കന്മാർ അവരുടെ മന്ത്രിമാരോടും മറ്റ് സഹപ്രവർത്തകരോടും പറഞ്ഞു, തുടർന്ന് അവർ തങ്ങൾക്ക് നൽകിയ ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കി.

ജരാസന്ധനെ വധിക്കാൻ ഭീമസേനന് സൗകര്യമൊരുക്കിയ ഭഗവാൻ സഹദേവരാജാവിൽനിന്ന് പൂജകൾ സ്വീകരിച്ചുകൊണ്ട് പൃഥയുടെ രണ്ട് പുത്രന്മാരോടുമൊപ്പം യാത്രയായി. അവർ ഇന്ദ്രപ്രസ്ഥത്തിൽ എത്തിയപ്പോൾ, വിജയം വരിച്ച ആ വീരന്മാർ തങ്ങളുടെ ശംഖുകൾ മുഴക്കി, ദുഷ്ടരെ ദണ്ഡിപ്പിച്ചും ശിഷ്ടജനങ്ങളെ രക്ഷിച്ചും അവർ തങ്ങളുടെ രാജ്യം പരിപാലിച്ചു.

മഗധയിലെ രാജാവ് ശാന്തനാക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇന്ദ്രപ്രസ്ഥവാസികൾ ആ ശബ്ദം കേട്ട് വളരെ സന്തോഷിച്ചു. തങ്ങളുടെ ആഗ്രഹങ്ങൾ ഇപ്പോൾ നിറവേറിയതായി രാജാവ് യുധിഷ്ഠിരന് തോന്നി. ഭീമനും അർജുനനും ഭഗവാനും രാജാവിന് ആദരവുകൾ അർപ്പിക്കുകയും തങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തെ പൂർണ്ണമായി അറിയിക്കുകയും ചെയ്തു. ഭഗവാൻ തനിക്ക് ചെയ്ത മഹാകൃപയെക്കുറിച്ചുള്ള അവരുടെ വിവരണം കേട്ട് ധർമ്മരാജാവ് ആനന്ദബാഷ്പം പൊഴിച്ചു. അദ്ദേഹത്തിന് അളവറ്റ സ്നേഹം തോന്നിയതിനാൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.

ശ്രീമദ്ഭാഗവതം ദശമസ്കന്ധം എഴുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.

ഹരിഃ ഓം തത് സത് 

<<<<<>>>>>