ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 45
ശ്രീകൃഷ്ണൻ പറഞ്ഞു: അച്ഛാ!, അമ്മേ!, നിങ്ങളുടെ മക്കളായ ഞങ്ങളെ ഓർത്ത് നിങ്ങൾ രണ്ടാളും എപ്പോഴും ഉത്കണ്ഠാകുലരായിരുന്നു. അതിനാൽ ഞങ്ങളുടെ കുട്ടിക്കാലമോ കൗമാരമോ യൗവനമോ ഒന്നും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. വിധിയാൽ വഞ്ചിക്കപ്പെട്ട ഞങ്ങൾക്ക് നിങ്ങളുടെ കൂടെ താമസിക്കുവാനോ, കുട്ടികൾക്ക് മാതാപിതാക്കളിൽനിന്നും ലഭിക്കുന്ന സ്നേഹലാളനകൾ ആസ്വദിക്കുവാനോ സാധിച്ചില്ല. ശരീരം കൊണ്ട് ഒരാൾക്ക് ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ കഴിയും. ആ ശരീരത്തിന് ജന്മം നൽകുന്നതും അതിനെ പോഷിപ്പിക്കുന്നതും എല്ലാം മാതാപിതാക്കളാണ്. അതിനാൽ നൂറുവർഷം പൂർണ്ണമായി സേവിച്ചാലും ഒരു മനുഷ്യനും തന്റെ മാതാപിതാക്കളോടുള്ള കടം വീട്ടാൻ കഴിയില്ല.
കഴിവുണ്ടായിട്ടും തന്റെ ശാരീരിക വിഭവങ്ങളും സമ്പത്തും ഉപയോഗിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ, മരണശേഷം സ്വന്തം മാംസം ഭക്ഷിക്കാൻ നിർബന്ധിതനാകുന്നു. പ്രായമായ മാതാപിതാക്കളെയോ, പതിവ്രതയായ ഭാര്യയെയോ, കൊച്ചു കുട്ടിയെയോ, ആത്മീയ ഗുരുവിനെയോ സംരക്ഷിക്കാത്തവൻ, അല്ലെങ്കിൽ കർമ്മം കൊണ്ടുള്ള ഒരു ബ്രാഹ്മണനെയോ അഭയം ചോദിച്ചു വരുന്നവരെയോ അവഗണിക്കുന്നവൻ, ശ്വസിക്കുന്നുണ്ടെങ്കിൽകൂടി മരിച്ചവനായി കണക്കാക്കപ്പെടുന്നു. കംസനെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരുന്നതിനാൽ നിങ്ങളെ ശരിയായി ആദരിക്കാൻ കഴിയാതെ ഞങ്ങൾ ഇത്രനാളും പാഴാക്കി. പ്രിയപ്പെട്ട അച്ഛാ, അമ്മേ, നിങ്ങളെ സേവിക്കാൻ കഴിയാത്തതിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഞങ്ങൾ സ്വതന്ത്രരായിരുന്നില്ല, ക്രൂരനായ കംസനാൽ ഞങ്ങൾ ഏറെ ബുദ്ധിമുട്ടുകയായിരുന്നു.
ശുകദേവൻ തുടർന്നു: രാജാവേ!, തന്റെ ആന്തരികമായ മായാശക്തിയാൽ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട പ്രപഞ്ചനാഥനായ ഹരിയുടെ വാക്കുകളിൽ മോഹിതരായ മാതാപിതാക്കൾ സന്തോഷത്തോടെ അവിടുത്തെ മടിയിലിരുത്തി ആലിംഗനം ചെയ്തു. ഭഗവാന്റെ മേൽ കണ്ണുനീർ വർഷിച്ചുകൊണ്ട്, സ്നേഹപാശത്താൽ ബന്ധിതരായ ആ മാതാപിതാക്കൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. രാജാവേ!, അവർ വികാരാധീനരാവുകയും അവരുടെ തൊണ്ട ഇടറുകയും ചെയ്തു. ഇപ്രകാരം മാതാപിതാക്കളെ ആശ്വസിപ്പിച്ചതിനുശേഷം, ദേവകീപുത്രനായി അവതരിച്ച ഭഗവാൻ തന്റെ മാതാമഹനായ ഉഗ്രസേനനെ യദുക്കളുടെ രാജാവായി അഭിഷേകം ചെയ്തു.
ഭഗവാൻ അദ്ദേഹത്തോട് പറഞ്ഞു: മഹാരാജാവേ!, ഞങ്ങൾ അങ്ങയുടെ പ്രജകളാണ്, അതിനാൽ ദയവായി ഞങ്ങളോട് ആജ്ഞാപിച്ചാലും. യയാതിയുടെ ശാപം കാരണം യദു വംശജർക്ക് രാജസിംഹാസനത്തിൽ ഇരിക്കാൻ കഴിയില്ല. അങ്ങയുടെ അനുയായിയായി ഞാൻ കൂടെയുള്ളപ്പോൾ, സകല ദേവന്മാരും മറ്റ് ഉന്നത വ്യക്തികളും ആദരവോടുകൂടി അങ്ങേക്ക് ഉപഹാരങ്ങൾ അർപ്പിക്കാൻ വരും. അങ്ങനെയെങ്കിൽ മനുഷ്യരാജാക്കന്മാരുടെ കാര്യം പറയേണ്ടതുണ്ടോ?.
രാജാവേ!, അതിനുശേഷം, കംസനെ ഭയന്ന് വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരുന്ന തന്റെ അടുത്ത കുടുംബാംഗങ്ങളെയും മറ്റ് ബന്ധുക്കളെയും ഒക്കെ ഭഗവാൻ തിരികെ കൊണ്ടുവന്നു. യദുക്കൾ, വൃഷ്ണികൾ, അന്ധകന്മാർ, മധുക്കൾ, ദാശാർഹന്മാർ, കുകുരന്മാർ തുടങ്ങിയ വംശജരെ അവിടുന്ന് ഉചിതമായ ബഹുമതികളോടെ സ്വീകരിച്ചു. അന്യദേശങ്ങളിൽ താമസിച്ചു മടുത്ത അവരെ അവിടുന്ന് ആശ്വസിപ്പിച്ചു. തുടർന്ന് പ്രപഞ്ചസ്രഷ്ടാവായ കൃഷ്ണൻ അവരെ അവരുടെ വീടുകളിൽ പുനരധിവസിപ്പിക്കുകയും വിലപ്പെട്ട സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തു. രാമകൃഷ്ണന്മാരാൽ സംരക്ഷിക്കപ്പെട്ട അവർ തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമായതായി അനുഭവിച്ചു. അങ്ങനെ അവർ കുടുംബത്തോടൊപ്പം വീട്ടിൽ വസിച്ച് പൂർണ്ണമായ സന്തോഷം അനുഭവിച്ചു. കൃഷ്ണന്റെയും ബലരാമന്റെയും സാന്നിധ്യം കാരണം അവർക്ക് ഭൗതിക ജീവിതത്തിന്റെ ദുരിതങ്ങൾ ഒന്നുംതന്നെ അനുഭവിക്കേണ്ടി വന്നില്ല. സ്നേഹനിധികളായ ആ ഭക്തർക്ക് കാരുണ്യം നിറഞ്ഞ പുഞ്ചിരി തൂകുന്ന മുകുന്ദന്റെ പ്രസന്നമായ താമരമുഖം എല്ലാ ദിവസവും ദർശിക്കുവാനും കഴിഞ്ഞു.
നഗരത്തിലെ ഏറ്റവും പ്രായം ചെന്നവർ പോലും മുകുന്ദന്റെ താമരമുഖമാകുന്ന അമൃത് നിരന്തരം പാനം ചെയ്തുകൊണ്ട് യുവത്വവും ശക്തിയും ഓജസ്സും ഉള്ളവരായി കാണപ്പെട്ടു. അനന്തരം, ഹേ പരീക്ഷിത്ത് മഹാരാജാവേ!, ദേവകീപുത്രനായ ഭഗവാൻ ശ്രീകൃഷ്ണൻ ബലരാമനോടൊപ്പം നന്ദമഹാരാജാവിനെ സമീപിച്ചു. അവർ അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. : അച്ഛാ!, അങ്ങും യശോദാമ്മയുംചേർന്ന് ഞങ്ങളെ അത്രയധികം വാത്സല്യത്തോടെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തു!. തീർച്ചയായും, മാതാപിതാക്കൾ സ്വന്തം ജീവനേക്കാൾ ഉപരിയായി മക്കളെ സ്നേഹിക്കുന്നു. തങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുന്നവരാണ് യഥാർത്ഥ മാതാപിതാക്കൾ. പ്രിയപ്പെട്ട പിതാവേ!, ഇപ്പോൾ നിങ്ങൾ വ്രജത്തിലേക്ക് മടങ്ങുക. നമ്മുടെ വേർപാടിൽ ദുഃഖിക്കുന്ന കുറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടാലുടൻ ഞങ്ങൾ നിങ്ങളെ കാണാൻ വരും.
നന്ദമഹാരാജാവിനെയും വ്രജത്തിലെ മറ്റാൾക്കാരെയും ഇപ്രകാരം ആശ്വസിപ്പിച്ചുകൊണ്ട് അച്യുതനായ ഭഗവാൻ അവർക്ക് വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുപകരണങ്ങളും മറ്റും സമ്മാനമായി നൽകി ആദരിച്ചു. കൃഷ്ണന്റെ വാക്കുകൾ കേട്ട് സ്നേഹത്താൽ വിവശനായ നന്ദമഹാരാജാവ് നിറഞ്ഞ കണ്ണുകളോടെ അവരെ ആലിംഗനം ചെയ്തു. തുടർന്ന് അദ്ദേഹം ഗോപന്മാരോടൊപ്പം വ്രജത്തിലേക്ക് മടങ്ങി.
രാജാവേ!, അതിനുശേഷം ശൂരസേനപുത്രനായ വസുദേവൻ തന്റെ രണ്ട് പുത്രന്മാരുടെയും ഉപനയനസംസ്കാരം നിർവഹിക്കുന്നതിനായി പുരോഹിതനെയും മറ്റ് ബ്രാഹ്മണരെയും ഏർപ്പാട് ചെയ്തു. ബ്രാഹ്മണരെ ആരാധിച്ചും അവർക്ക് നല്ല ആഭരണങ്ങളും പശുക്കളെയും നൽകിയും വസുദേവൻ അവരെ ആദരിച്ചു. സ്വർണ്ണമാലകളും പൂമാലകളും അണിഞ്ഞ പശുക്കളെയാണ് അദ്ദേഹം ദാനം ചെയ്തത്. കൃഷ്ണന്റെയും ബലരാമന്റെയും ജനനസമയത്ത് താൻ മനസ്സുകൊണ്ട് ദാനം ചെയ്ത പശുക്കളെക്കുറിച്ച് വസുദേവൻ ഓർത്തു. കംസൻ അപഹരിച്ചിരുന്ന ആ പശുക്കളെ വീണ്ടെടുത്ത് വസുദേവൻ ഇപ്പോൾ ദാനമായി നൽകി. ഉപനയനത്തിലൂടെ ദ്വിജത്വം നേടിയ ഭഗവാൻമാർ യദുക്കളുടെ ആത്മീയ ഗുരുവായ ഗർഗ്ഗമുനിയിൽ നിന്ന് ബ്രഹ്മചര്യം സ്വീകരിച്ചു.
തങ്ങളുടെ സഹജമായ ജ്ഞാനത്തെ മനുഷ്യസഹജമായ പ്രവർത്തനങ്ങളാൽ മറച്ചുവെച്ച്, സകല ജ്ഞാനശാഖകളുടെയും ഉറവിടവും സർവ്വജ്ഞന്മാരുമായ ആ പ്രപഞ്ചനാഥന്മാർ കുറച്ചുനാൾ ഒരു ഗുരുകുലത്തിൽ വസിക്കാൻ ആഗ്രഹിച്ചു. അങ്ങനെ അവർ അവന്തി നഗരത്തിൽ താമസിച്ചിരുന്ന കാശി സ്വദേശിയായ സാന്ദീപനി മുനിയെ സമീപിച്ചു. അപ്രതീക്ഷിതമായി ലഭിച്ച ഈ രണ്ട് ശിഷ്യന്മാരെ സാന്ദീപനിമഹർഷി വളരെയധികം ബഹുമാനിച്ചു. ഭഗവാനെ സേവിക്കുന്ന ഭക്തിയോടെ അദ്ദേഹത്തെ സേവിച്ചുകൊണ്ട്, ഒരു ഗുരുവിനെ എങ്ങനെ ആരാധിക്കണം എന്നതിന് രാമകൃഷ്ണന്മാർ ലോകത്തിന് ഉത്തമമായ മാതൃക കാണിച്ചുകൊടുത്തു. ബ്രാഹ്മണശ്രേഷ്ഠനായ സാന്ദീപനിമുനി അവരുടെ വിനയത്തിൽ സംതൃപ്തനായി. അദ്ദേഹം അവർക്ക് ആറ് അംഗങ്ങളോടും ഉപനിഷത്തുകളോടും കൂടിയ വേദങ്ങൾ മുഴുവൻ പഠിപ്പിച്ചു. അദ്ദേഹം അവർക്ക് ധനുർവേദം അതിന്റെ രഹസ്യങ്ങളോടൊപ്പം പഠിപ്പിച്ചു. കൂടാതെ ധർമ്മശാസ്ത്രങ്ങൾ, തർക്കശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയും അഭ്യസിപ്പിച്ചു.
രാജാവേ!, സകല വിദ്യകളുടെയും ഉത്ഭവസ്ഥാനമായ കൃഷ്ണനും ബലരാമനും ഓരോ വിഷയവും ഒരിക്കൽ കേട്ടപ്പോൾത്തന്നെ അവകൾ ഗ്രഹിച്ചുതുടങ്ങി. അങ്ങനെ അറുപത്തിനാല് ദിവസങ്ങൾക്കുള്ളിൽ അവർ അറുപത്തിനാല് കലകൾ അഭ്യസിച്ചു. അതിനുശേഷം അവർ ഗുരുദക്ഷിണ നൽകി ഗുരുവിനെ സന്തോഷിപ്പിച്ചു. മഹാരാജാവേ!, വിദ്വാനായ സാന്ദീപനി മുനി ഭഗവാൻമാരുടെ മഹിമയേറിയ ഗുണങ്ങളെയും അമാനുഷിക ബുദ്ധിയെയും കുറിച്ച് ചിന്തിച്ചു. തുടർന്ന് തന്റെ പത്നിയുമായി ആലോചിച്ച ശേഷം, പ്രഭാസതീർത്ഥത്തിലെ കടലിൽ മരിച്ചുപോയ തന്റെ മകനെ തിരികെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "അങ്ങനെയാകട്ടെ" എന്ന് പറഞ്ഞ് അമിതപരാക്രമികളായ ആ വീരന്മാർ ഉടൻതന്നെ രഥത്തിലേറി പ്രഭാസത്തിലേക്ക് തിരിച്ചു. അവിടെയെത്തിയ അവർ കടൽത്തീരത്ത് കുറച്ചുനേരം ഇരുന്നു. നിമിഷങ്ങൾക്കുള്ളിൽ സമുദ്രദേവൻ അവരെ പരമാത്മാവായി തിരിച്ചറിഞ്ഞ് പൂജാദ്രവ്യങ്ങളുമായി സമീപിച്ചു.
ശ്രീകൃഷ്ണൻ സമുദ്രദേവനോട് പറഞ്ഞു: "നിന്റെ വലിയ തിരമാലകളാൽ നീ ഇവിടുന്ന് തട്ടിയെടുത്ത എന്റെ ഗുരുവിന്റെ മകനെ ഉടൻ ഹാജരാക്കുക."
സമുദ്രം മറുപടി പറഞ്ഞു: "കൃഷ്ണാ, അവനെ തട്ടിക്കൊണ്ടുപോയത് ഞാനല്ല. ശംഖിന്റെ രൂപത്തിൽ വെള്ളത്തിൽ സഞ്ചരിക്കുന്ന പഞ്ചജൻ എന്ന ഒരു അസുരനാണ്."
അവൻ കുട്ടിയെ കൊണ്ടുപോയി എന്ന് കേട്ടതും കൃഷ്ണൻ കടലിലിറങ്ങി പഞ്ചജനെ കണ്ടെത്തി വധിച്ചു. എന്നാൽ ആ അസുരന്റെ വയറ്റിൽ കുട്ടിയെ കണ്ടെടുക്കാൻ ഭഗവാന് കഴിഞ്ഞില്ല.ആ അസുരന്റെ ശരീരത്തിൽനിന്ന് ഉണ്ടായ പാഞ്ചജന്യം എന്ന ശംഖുമായി ഭഗവാൻ രഥത്തിലേക്ക് മടങ്ങി. തുടർന്ന് തന്തിരുവടി യമരാജന്റെ തലസ്ഥാനമായ സംയമനിയിലേക്ക് പോയി. അവിടെയെത്തി ശംഖനാദം മുഴക്കിയപ്പോൾ യമധർമ്മൻ ഉടൻ പ്രത്യക്ഷപ്പെട്ടു. ഭഗവാനെ ഭക്തിപൂർവ്വം ആരാധിച്ചതിനുശേഷം യമരാജൻ ചോദിച്ചു: "ഭഗവാനേ!, സാധാരണ മനുഷ്യരെപ്പോലെ അഭിനയിക്കുന്ന അങ്ങേയ്ക്കായി ഞാൻ എന്തുവേണം?"
ഭഗവാൻ പറഞ്ഞു: "സ്വന്തം കർമ്മഫലത്താൽ എന്റെ ഗുരുപുത്രൻ ഇവിടെ എത്തിയിരിക്കുന്നു. എന്റെ ആജ്ഞയനുസരിച്ച് ആ കുട്ടിയെ ഉടൻ എനിക്ക് വിട്ടുതരിക."
യമരാജൻ "അപ്രകാരം തന്നെ" എന്ന് പറഞ്ഞ് ഗുരുപുത്രനെ കൊണ്ടുവന്നു. അവർ ആ കുട്ടിയെ ഗുരുവിന് സമർപ്പിക്കുകയും മറ്റൊരു വരം കൂടി ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഗുരു പറഞ്ഞു: "മക്കളേ!, ഒരു ശിഷ്യൻ ഗുരുവിന് നൽകേണ്ട കടമകൾ നിങ്ങൾ പൂർണ്ണമായും നിറവേറ്റിക്കഴിഞ്ഞു. നിങ്ങളെപ്പോലുള്ള ശിഷ്യന്മാരുള്ളപ്പോൾ ഒരു ഗുരുവിന് മറ്റെന്ത് ആഗ്രഹമാണുണ്ടാവുക?". "വീരന്മാരേ!, ഇനി നിങ്ങൾ വീട്ടിലേക്ക് മടങ്ങുക. നിങ്ങളുടെ കീർത്തി ഈ ലോകത്തെ ശുദ്ധീകരിക്കട്ടെ!, വേദമന്ത്രങ്ങൾ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും നിങ്ങളുടെ മനസ്സിൽ എന്നും പുതുമയോടെ നിലനിൽക്കട്ടെ!."
രാജാവേ!, അങ്ങനെ, ഗുരുവിന്റെ അനുവാദം വാങ്ങി അവർ വായുവേഗത്തിൽ സഞ്ചരിക്കുന്ന ഒരു രഥത്തിൽ നഗരത്തിലേക്ക് മടങ്ങി. കുറെ ദിവസങ്ങൾക്ക് ശേഷം കൃഷ്ണനെയും ബലരാമനെയും കണ്ടപ്പോൾ നഗരവാസികൾ സന്തോഷിച്ചു. നഷ്ടപ്പെട്ട സമ്പത്ത് തിരികെ ലഭിച്ച ഒരാളെപ്പോലെ അവർക്ക് ആനന്ദം തോന്നി.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
