05 - അദ്ധ്യായം - 12 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
05 - അദ്ധ്യായം - 12 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ജൂൺ 8, ശനിയാഴ്‌ച

5.12 ജഡഭരതരഹൂഗുണസവാദം-1


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 12
(ജഡഭരതരഹൂഗുണസവാദം-1)


രഹൂഗുണമഹാരാജാവ് ജഡഭരതനോട് പറഞ്ഞു: ഹേ മഹാത്മൻ!, അങ്ങ് ആ പരംപൊരുൾ തന്നെയാണു. അവിടുത്തെ അവതാരങ്ങളിലൂടെ ശാസ്ത്രങ്ങളെക്കുറിച്ചുണ്ടാകുന്ന വൈരുദ്ധ്യങ്ങൾ യുഗങ്ങൾതോടും ദൂരീകരിക്കപ്പെടുന്നു. ബ്രാഹ്മണവേഷത്തിൽ അടിയന്റെ മുമ്പിൽ പ്രത്യക്ഷനായ അങ്ങേയ്ക് നമസ്കാരം. പ്രൌഢവേഷഭൂഷാദികളാൽ മലിനമായ എന്റെ ഈ ശരീരത്തെ അഹങ്കാരമാകുന്ന വിഷസർപ്പം ദംശിച്ചിരിക്കുന്നു. വിഷയാസക്തി എന്ന രോഗം എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു. അവിടുത്തെ ഉപദേശമാകുന്ന അമൃതത്താൽ മാത്രമേ ഈ രോഗം ഭേദമാകുകയുള്ളൂ. അങ്ങയിൽനിന്നും അടിയൻ വളരെയധികം ഗ്രഹിക്കുവാനാഗ്രഹിക്കുന്നു. എന്നാൽ ഈ ചുരുങ്ങിയ സമയംകൊണ്ട് അങ്ങ് പറഞ്ഞ ആ അദ്ധ്യാത്മയോഗം അത്യന്തം ലളിതമായി ഒന്നുകൂടി അടിയനെ ബോധിപ്പിച്ചാലും. ഹേ പ്രഭോ!, ജിജ്ഞാസ്സുവായ അടിയനെ ആത്മബോധം നൽകിയനുഗ്രഹിച്ചാലും. ഹേ യോഗീശ്വരാ!, ശരീരത്തിനുണ്ടാകുന്ന തളർച്ച ഒരിക്കലും ആത്മാവി‍നെ ബാധിക്കുന്നില്ലെന്നങ്ങ് പറയുകയുണ്ടായി. എന്നാൽ, അടിയനെപ്പോലുള്ള അല്പബുദ്ധികൾക്കത് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും പ്രയാസമാണു. ആയതിനാൽ അങ്ങയുടെ വാക്കുകൾ എന്നെ ഭ്രമിപ്പിക്കുകയാണു.

അത്രയും കേട്ടപ്പോൾ, ജഡഭരതൻ പറഞ്ഞു: ഹേ രാജൻ!, പ്രകൃതിയുടെ സങ്കലനം കൊണ്ടും പരിവർത്തനം കൊണ്ടും ഇവിടെ അനേകകോടി ഭൌതികനാമരൂപങ്ങൾ പ്രത്യക്ഷമായിരിക്കുന്നു. അതിൽ ചിലത് ചരങ്ങളും മറ്റുചിലത് അചരങ്ങളുമാകുന്നു. ഇവിടെ ചരരൂപങ്ങളിൽ ചിലതാണ് ഈ പല്ലക്കും താങ്ങി നടക്കുന്ന അങ്ങയുടെ പരിചാരകർ. അചരരൂപങ്ങളിലൊന്ന് ഈ പല്ലക്കും. ചരങ്ങളായ മനുഷ്യരൂപത്തിന്റെ തോളിൽ അചരരൂപമായ പല്ലക്ക് കയറ്റിവച്ചിരിക്കുന്നു. അതിനുള്ളിലാണ് സൌവീരദേശരാജാവിരിക്കുന്നതു. അദ്ദേഹത്തിന്റെ ശരീരവും മേൽപ്പറഞ്ഞ ഭൂതങ്ങളാൽ നിർമ്മിതമാണു. ആ ശരീരത്തിനുള്ളിൽ അങ്ങിരുന്നുകൊണ്ട് ഞാനീ സൌവീരദേശത്തിന്റെ രാജാവാണെന്ന് സ്വയം തെറ്റിദ്ധരിക്കുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ അങ്ങയുടെ പല്ലക്കും ചുമന്നുനടക്കുന്ന ഈ പാവം മനുഷ്യരെ യഥാർത്ഥത്തിൽ അങ്ങ് ദ്രോഹിക്കുകയാണു. അങ്ങയെ ഭയന്നുകൊണ്ട് ഗത്യന്തരമില്ലാതെയാണിവർ ഈ കർമ്മത്തിലേർപ്പെട്ടിരിക്കുന്നതു. സത്യത്തിൽ അങ്ങൊരു ക്രൂരനായ മനുഷ്യനാണു. എന്നിട്ടും അങ്ങ് വിചാരിക്കുന്നു, ഞാൻ ഇവരുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണെന്നു. എന്നാൽ ജ്ഞാനികളുടെ സഭയിൽ അങ്ങ് വെറുമൊരു മൂഢൻ മാത്രമാണു. ഇവിടെ സകലതും പലേവിധ നാമങ്ങളിലും രൂപങ്ങളിലും വ്യക്തമായിരിക്കുന്ന ജീവാത്മാക്കളാണു. അവയിൽ ചിലത് ചരങ്ങളായും മറ്റുചിലത് അചരരൂപങ്ങളായും കാണപ്പെടുന്നുവെന്നുമാത്രം. ഈ ശരീരങ്ങളെല്ലാംതന്നെ ഭൂമിയിൽനിന്നുമുണ്ടായി, കുറെക്കാലം ഭൂമിയിൽ നിലനിന്ന്, പിന്നീട് ഇതേ ഭൂമിയിലേക്ക് ലയിച്ചുചേരുന്ന ഭൂമിയുടെതന്നെ അംശം മാത്രമാണു. എല്ലാ ശരീരങ്ങളും മണ്ണിൽ പിറന്ന് മണ്ണോടുചേരുന്ന മണ്ണുതന്നെയെന്നു സാരം.

ഹേ രാജൻ!, സത്യമായി തോന്നുന്ന ഈ പ്രപഞ്ചം യഥാർത്ഥത്തിൽ അനിത്യമാണെന്നറിയുക. കാരണം, അനിത്യമായ പരമാണുവാൽ നിർമ്മിതമയതാണീപ്രപഞ്ചം. അതുകൊണ്ടുതന്നെ, ഇവിടെ വ്യക്തമായിരിക്കുന്ന ചെറുമയും വലിമയും വ്യത്യാസങ്ങളും തടിച്ചതും മെലിഞ്ഞതും തുടങ്ങിയ സകല കാര്യകാരണങ്ങളേയും അനിത്യമായിത്തനെ അറിയുക. സർവ്വവും പ്രകൃതിയുടെ മാറ്റം മുഖേനയുണ്ടാകുന്ന മായാഭാവങ്ങൾ മാത്രമാണു.

എന്നാൽ, എന്താണ് സത്യമെന്നല്ലേ?, കേട്ടോളൂ!. രണ്ടെന്നില്ലാത്ത വിശുദ്ധമായ പരമജ്ഞാനം മാത്രമാണിവിടെ സത്യമായിട്ടുള്ളതു. അത് നമ്മെ ബന്ധനത്തിൽനിന്നും മുക്തമാക്കുന്നു. അത് സർവ്വഗതവും അചിന്ത്യവുമാണു. അത് ബ്രഹ്മസ്വരൂപമാണു. അതു യോഗികളുടെ ഹൃദയത്തിൽ ധ്യാ‍നഗമ്യമായമായ പരമാത്മവസ്തുവാണു. അതിനെ ജ്ഞാനികൾ വാസുദേവനെന്നു വിളിക്കുന്നു.  ഹേ രഹൂഗുണരാജൻ!, ബ്രഹ്മചര്യവ്രതമനുഷ്ഠിച്ചതുകൊണ്ടോ, ശുദ്ധഗൃഗസ്ഥാശ്രമിയായിരുന്നതുകൊണ്ടോ, വീടുപേക്ഷിച്ച് വാനപ്രസ്ഥം സ്വീകരിച്ചതുകൊണ്ടോ, സന്യാസിയായി ജീവിച്ചതുകൊണ്ടോ, വെള്ളത്തിൽ മുങ്ങി അഥവാ അഗ്നിക്കുനടുവിൽ നിന്നുകൊണ്ട് ഘോരമായ തപസ്സുകളനുഷ്ഠിച്ചതുകൊണ്ടോമാത്രം ഒരുവന് ആ ബ്രഹ്മത്തെ കിട്ടുന്നില്ല. അത് ലഭിക്കുവാൻ അവന്റെ ഭക്തന്മാരുടെ പാദരേണുക്കളാൽ സ്വയം അഭിഷേകം കൊള്ളുകതന്നെ വേണം. അവരുടെ കാരുണ്യമുണ്ടായാൽ മാത്രം സിദ്ധിക്കുന്ന ഒന്നാണ് മോക്ഷം. എങ്ങനെയാണ് ഒരു ശുദ്ധഭക്തനെ കാണാൻ കഴിയുക. ഭക്തന്മാരുടെ സംഗത്തിൽ പോകുക. അവർ അവിടെ അനന്യമായി ഭഗവാനെക്കുറിച്ചുമാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതു കാണാം. നിരന്തരം അവർ ആ പരമപുരുഷന്റെ ഗുണഗാനങ്ങൾ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങൾ എന്തിനായി അവിടെ ഒത്തുകൂടിയിരിക്കുന്നുവെന്ന ബോധംപോലുമില്ലാതെ അവർ സ്വയം വാസുദേവനായ ബ്രഹ്മത്തിൽ ലീനരായിമാറുന്നു. ഇതല്ലാതെ മറ്റൊന്നും അവർ ചെയ്യുന്നില്ലെങ്കിൽ, മറ്റൊന്നിനെക്കുറിച്ചും അവർ സംസാരിക്കുന്നില്ലെങ്കിൽ, ഉറപ്പിച്ചുകൊള്ളുക അവർ അവന്റെ ഉത്തമഭക്തന്മാരത്രേ!.

ഹേ രാജൻ!, കഴിഞ്ഞ ഒരു ജന്മത്തിൽ ഞാനൊരു രാജാവായിരുന്നു. എന്റെ നാമം ഭരതനെന്നും. സർവ്വസംഗപരിത്യാഗിയും ഭക്തനും മുക്തനും വേദശാസ്ത്രങ്ങളിൽ അപാരപാണ്ഡിത്യവുമുള്ള ആത്മജ്ഞാനിയുമായിരുന്നു ഞാൻ. എന്നാൽ ദൌഭാഗ്യവശാൽ ഒരു മാനിനോടുതോന്നിയ അമിതവാത്സല്യവും തൃഷ്ണയും ഞാൻ അതിനടുത്ത ജന്മത്തിൽ ഒരു മാനായി ജനിക്കുവാൻ കാരണമായി. ഹേ വീരരാജാവേ!, എന്നാൽ, ഭഗവദ്ദാസനായ എനിക്ക് മുജ്ജന്മങ്ങളിലെ ബോധമുണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തിൽ എനിക്കുണ്ടായ പതനത്തെ തിരിച്ചറിഞ്ഞ ഞാൻ പിന്നീടുണ്ടായ ജന്മത്തിൽ സാധാരണ ജനങ്ങളിൽനിന്നുമകന്നുനിന്നു. വിഷയികളായ അവരുടെ സംഗത്തിൽനിന്നും ആരുമറിയാതെ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു.

സത്സംഗത്തിലൂടെ ഒരുവന് ജ്ഞാനം സമ്പാദിക്കുവാനും, ജ്ഞാനമാകുന്ന ആ വാൾ കൊണ്ട് സകല മായാവൈഭവങ്ങളേയ്യും ഛിന്നഭിന്നമാക്കുവാനും കഴിയും. അവരുടെ സംഗത്തിൽ ചേർന്ന് ഭഗവദ് ഗുണകഥനങ്ങളിലൂടെ ഭഗവാനിൽ രമിക്കുവാനും സാധിക്കും. അങ്ങനെ അത് തങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ആത്മസാക്ഷാത്ക്കാരവാസനയെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും അതുവഴി അവനിലേക്കെത്തിച്ചേരുവാനുമുള്ള വഴിയൊരുക്കും.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.


Previous        Next



Talks between Jadabharata an King Rahuguna