2019, നവംബർ 29, വെള്ളിയാഴ്‌ച

9.6 ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 6
(ഇക്ഷ്വാകുവിന്റെ വംശപരമ്പരാവർണ്ണനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, അംബരീഷമഹാരാജാവിനു് വിരൂപൻ, കേതുമാൻ, ശംഭു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു. അതിൽ വിരൂപന്റെ പുത്രനായിരുന്നു പൃഷദശ്വൻ. അവന്റെ പുത്രനായി രഥീതരനും ജനിച്ചു. സന്തതിയില്ലാതിരുന്ന രഥീതരന്റെ ഭാര്യയിൽ അംഗിരസ്സുമുനി പുത്രോത്പാദനം നടത്തി. അമ്മ രഥീതരപത്നിയായതിനാൽ രഥീതരവംശമായും, എന്നാൽ, അംഗിരസ്സുമുനിയുടെ രേതസ്സാലുണ്ടായതിനാൽ അംഗിരസ്ഥന്മാരായും അവർ ഗണിക്കപ്പെടുന്നു. കൂടാതെ, ഒരേസമയം ക്ഷത്രിയരും ബ്രാഹ്മണരുമായ ഇക്കൂട്ടർ രഥീതരവംശത്തിലെ ശ്രേഷ്ഠന്മാരായാണറിയപ്പെടുന്നതു. രാജൻ!, വൈവസ്വതമനുവിന്റെ ഘ്രാണേന്ദ്രിയത്തിൽനിന്നും ജനിച്ച പുത്രനായിരുന്നു ഇക്ഷ്വാകു. ആ ഇക്ഷ്വാകുവിനു് നൂറു് പുത്രന്മാരുണ്ടായിരുന്നു. അവരിൽ പ്രധാനികൾ വികുക്ഷി, നിമി, ദണ്ഡകൻ മുതലായവരായിരിന്നു. ഈ നൂറുപേർ വിവിധ പ്രദേശങ്ങളിലെ അധിപതികളായി ഭവിച്ചു.

രാജാവേ!, ഒരിക്കൽ വികുക്ഷിയെ വിളിച്ചുവരുത്തി, വൈകാതെ എവിടെനിന്നെങ്കിലും കുറച്ചു് ശുദ്ധമായ മാംസം കൊണ്ടുവരുവാൻ ഇക്ഷ്വാകു ആജ്ഞാപിച്ചു.  പിതാവിന്റെ ആജ്ഞയനുസരിച്ചു് വികുക്ഷി കാട്ടിൽ പോയി ശ്രാദ്ധകർമ്മങ്ങൾക്കുതകുന്ന കുറെ മൃഗങ്ങളെ വേട്ടയാടിക്കൊന്നു. പക്ഷേ, വിശന്നുതളർന്ന അവന്റെ ഓർമ്മ നശിക്കുകയും, ആയതിനാൽ ശ്രാദ്ധത്തിനായി കൊന്ന മുയലിനെ സ്വയം ഭക്ഷിക്കുകയും ചെയ്തു. ശേഷം, ബാക്കിയുള്ളതിനെ കൊട്ടാരത്തിൽ കൊണ്ടുവന്നു് പിതാവിനെ ഏൽപ്പിച്ചു. തീർത്ഥം തളിച്ചു് ശുദ്ധമാക്കാനൊരുങ്ങിയപ്പോൾ ആ മാംസം അശുദ്ധമാണെന്നു് വസിഷ്ഠമഹർഷിയ്ക്കു് മനസ്സിലായി. അതു് ഉച്ഛിഷ്ടവുമാണെന്നും ആയതിനാൽ കർമ്മത്തിനെടുക്കാൻ പാടില്ലെന്നും വസിഷ്ഠൻ രാജാവിനെ അറിയിച്ചു. രാജാവു് ഉടൻതന്നെ വികുക്ഷിയ്ക്കു് ശിക്ഷ വിധിയ്ക്കുകയും, അയാളെ ആ ദേശത്തുനിന്നും ആട്ടിപ്പുറത്താക്കുകയും ചെയ്തു. ഇക്ഷ്വാകു പിന്നീടു് ഗുരു വസിഷ്ഠമഹർഷിയുമായി നിരന്തരം സമ്പർക്കത്തിലാകുകയും അദ്ദേഹത്തിൽനിന്നും അദ്ധ്യാത്മവിദ്യയെ ഗ്രഹിച്ചു് ജ്ഞാനിയായി യോഗസാധനിയിലൂടെ ശരീരത്തെ ത്യജിച്ചു് പരമതത്വത്തിലലിയുകയും ചെയ്തു.

രാജൻ!, മുയൽമാംസം ഭക്ഷിച്ചതിനാൽ ശശാദൻ എന്ന പേരിൽ പ്രസിദ്ധനായ വികുക്ഷി പിതാവിന്റെ മരണത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുകയും, രാജ്യഭരണമേറ്റെടുക്കയും ചെയ്തു. അദ്ദേഹം ഈ ഭൂമിയെ പാലിച്ചുകൊണ്ടു് വിവിധ യജ്ഞങ്ങളാൽ മഹാവിഷ്ണുവിനെ ആരാധിച്ചു. ആ ശശാദന്റെ പുത്രനായിരുന്നു പുരഞ്ജയൻ. പുരഞ്ജയഅദ്ദേഹത്തിന്റെ കർമ്മങ്ങളെ ആസ്പദമായി ഇന്ദ്രവാഹൻ, കകുത്സ്ഥൻ എന്നിങ്ങനെ മറ്റുചില പേരുകളിലും അറിയപ്പെടുന്നുണ്ടു. ഒരിക്കൽ അസുരന്മാരുമായി യുദ്ധത്തിൽ പരാജിതരായ ദേവന്മാർ പുരഞ്ജയന്റെ സഹായം തേടി. അന്നു് ഭഗവാൻ മഹാവിഷ്ണുവിന്റെ ആദേശത്തിനു് വഴങ്ങി ദേവേന്ദ്രൻ ഒരു കൂറ്റൻ കാളായായി മാറിക്കൊണ്ടു് പുരഞ്ജയന്റെ വാഹനമായി. അതിന്മേലിരുന്നു് അദ്ദേഹം വിഷ്ണുഭഗവാന്റെ അനുഗ്രഹത്തോടെ ദേവന്മാരോടൊപ്പം  അസുരന്മാരോടു് യുദ്ധം ചെയ്തു് അവരെ പടിഞ്ഞാറുദിക്കിൽ തടഞ്ഞുനിർത്തി. അങ്ങനെ ദേവാസുരന്മാർക്കിടയിൽ ഒരു മഹായുദ്ധംതന്നെ നടന്നു. തന്റെ നേർക്കണയുന്ന ദൈത്യന്മാരെയെല്ലാം പുരഞ്ജയൻ യമലോകത്തിലേക്കയച്ചു. അദ്ദേഹത്തിന്റെ ശരങ്ങളേറ്റു് മരിച്ചുവീഴുന്ന സൈന്യത്തെക്കണ്ടു് ബാക്കിയുള്ളവരെല്ലാം പേടിച്ചകന്നു് സ്വഗൃഹങ്ങളിലേയ്ക്കൊടിയൊളിച്ചു. രാജർഷിയായ പുരഞ്ജയൻ പുരത്തേയും ധനത്തേയുമെല്ലാം പിടിച്ചടക്കി ദേവേന്ദ്രനു് തിരിച്ചുനൽകി. ഇങ്ങനെയുള്ള വീരകർമ്മങ്ങളെ മാനിച്ചുകൊണ്ടാണു് അദ്ദേഹത്തിനു് മേൽപ്പറഞ്ഞ പേരുകൾ സിദ്ധിച്ചതു.

രാജൻ!, പുരഞ്ജയന്റെ പുത്രനായിരുന്നു അനേനസ്സു്. അനേനസ്സിൽനിന്നും പൃഥുവും, പൃഥുവിൻൽനിന്നും വിശ്വരന്ധിയും, വിശ്വരന്ധിയിൽനിന്നും ചന്ദ്രനെന്നു് പേരുള്ള ഒരുവനും, ആ ചന്ദ്രന്റെ പുത്രനായി യുവനാശ്വനും ജനിക്കുകയുണ്ടായി. യുവനാശ്വന്റെ പുത്രൻ ശ്രാവസ്ഥനായിരുന്നു. അവൻ ശ്രാവസ്ഥി എന്ന ഒരു നഗരം സ്ഥാപിച്ചിരുന്നു. അവന്റെ പുത്രനായി ബൃഹദശ്വനും, ബൃഹദശ്വന്റെ പുത്രനായി കുവലയാശ്വനും ജനിച്ചു. രാജൻ!, ഈ കുവലയാശ്വൻ ഉതങ്കനെന്ന ഒരു ഋഷിയുടെ പ്രീതിയ്ക്കായി തന്റെ ഇരുപത്തിയേഴായിരം പുത്രന്മാരോടൊപ്പം ചേർന്നുകൊണ്ടു് ധുന്ധു എന്നുപേരായ ഒരസുരനെ വധിക്കുകയുണ്ടായി. ഇക്കാരണത്താൽ കുവലയാശ്വനു് ധുന്ധുമാരൻ എന്ന പേരും ലഭ്യമായി. അവന്റെ പുത്രന്മാരെല്ലാം ധുന്ധുവിന്റെ വൿത്രത്തിൽ നിന്നുമുതിർന്ന അഗ്നിയിൽപ്പെട്ടു് വെന്തെരിഞ്ഞുപോയിരുന്നു. ങ്കിലും അവരിൽ കപിലാശ്വൻ, ഭദ്രാശ്വൻ, ദൃഡാശ്വൻ ഇന്നിങ്ങനെ മൂന്നു് പേർ അവശേഷിച്ചിരുന്നു. അതിൽ ദൃഡാശ്വന്റെ പുത്രനായിരുന്നു ഹര്യശ്വൻ. അവന്റെ പുത്രനായി നികുംഭൻ പിറന്നു. നികുംഭന്റെ പുത്രൻ ബർഹണാശ്വനും, അവന്റെ പുത്രൻ കൃശാശ്വനും, അവന്റെ പുത്രൻ സേനാജിത്തും ജാതരായി. സേനജിത്തിന്റെ പുത്രന്റെ നാമവും യുവനാശ്വൻ എന്നായിരുന്നു. ഈ യുവനാശ്വൻ സന്തതിയില്ലാത്തവനായിരുന്നു. പുത്രനില്ലാത്തതിലുള്ള നൈരാശ്യത്തിൽ അദ്ദേഹം തന്റെ നൂറു് പത്നിമാരോടൊപ്പം വനത്തിലേക്കു് പുറപ്പെട്ടു. ഋഷികൾ കാരുണ്യത്തോടെ ദ്ദേഹത്തെക്കൊണ്ടു് ഇന്ദ്രസങ്കൽപ്പത്തോടുകൂടിഒരു യാഗം കഴിപ്പിച്ചു. ആ യാഗം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു രാത്രിയിൽ യുവനാശ്വരാജാവിനു് കലശലായ ദാഹം തോന്നുകയും, അദ്ദേഹം ജലം തേടി യാഗശാലയ്ക്കുള്ളിലേക്കു് പോകുകയും ചെയ്തു. ഉറങ്ങിക്കിടക്കുന്ന ബ്രാഹ്മണരെ ശല്യം ചെയ്യണ്ടാ എന്നുകരുതി അദ്ദേഹം അവിടെ ഒരു കലശത്തിലിരുന്ന മന്ത്രജലം എടുത്തുകുടിച്ചു.  ഉണർന്നെണീറ്റ മുനിമാർ തലേദിവസം പുരുഷപ്രജയുണ്ടാകുവാനായി ജപിച്ചുവച്ച ജലം കാണാതെ പരിഭ്രാന്തരായി. ആരാണതു് ചെയ്തതെന്നു് അവരന്വേഷിച്ചു. രാജാവാണതു് കുടിച്ചിരിക്കുന്നതെന്നറിഞ്ഞ മുനിമാർ ദൈവവിധിയെ ആർക്കും തടുക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടു് ഈശ്വരനായിക്കൊണ്ടു് നമസ്ക്കാരമർപ്പിച്ചു. പിന്നീടു് കാലമായപ്പോൾ, അത്ഭുതമെന്നോണം, യുവനാശ്വരാജാവിന്റെ വയറിന്റെ വലതുഭാഗം പിളർന്നു് രാജകലകളോടുകൂടിയ ഒരു പുത്രൻ ജനിച്ചു. പക്ഷേ അമ്മിഞ്ഞ ലഭിക്കാതെ കുട്ടി വിശന്നു വാവിട്ടുകരഞ്ഞുകൊണ്ടിരിന്നു. ആ സമയം, യാഗത്താൽ ആരാധിതനായി ഇന്ദ്രമാംധാതാ’ - ‘എന്നെ കുടിച്ചുകൊള്ളൂ! എന്നുപറഞ്ഞുകൊണ്ടു് മധുവൂറുന്ന തന്റെ ചൂണ്ടുവിരൽ കുഞ്ഞിന്റെ വായിലേക്കു് വച്ചുകൊടുത്തു. അങ്ങനെ ആ കുഞ്ഞിനു് മാന്ധാതാവു് എന്ന പേരും ലഭ്യമായി. രാജാവേ!, ആ മുനിമാരുടെ അനുഗ്രഹത്താൽ യുവനാശ്വൻ മരണപ്പെട്ടില്ല. പിന്നീടു് അദ്ദേഹം തപം ചെയ്തു് മോക്ഷത്തെ പ്രാപിച്ചു.

രാജാവേ!, രാവണാദികൾവരെ പേടിച്ചകലുന്ന ആ കുമാരനെ ദേവേന്ദ്രൻ ത്രസദ്ദസ്യു എന്ന ഒരു നാമം കൂടി വിളിച്ചു. അങ്ങനെ യുവനാശ്വന്റെ പുത്രൻ മാന്ധാതാവു് ഭഗവദനുഗ്രഹത്താൽ ഏഴുമഹാദ്വീപുകളോടുകൂടിഈ ഭൂമിയെ ഏകാധിപതിയായി ഭരിക്കുക്കയുണ്ടായി. ജ്ഞാനിയായ ആ രാജാവു് അനേകം യജ്ഞങ്ങൾ വഴി ശ്രീഹരിയെ പൂജിച്ചു. രാജൻ!, ഭഗവാൻ ശ്രീഹരി യജ്ഞേശ്വരനാണു. മാതമല്ല, യജ്ഞദ്രവ്യവും, മന്ത്രങ്ങളും, അനുഷ്ഠാനവിധികളും, യജ്ഞഫലദാതാവും, യജ്ഞഭോക്താവും, ഋത്വിക്കുകളും, കർമ്മമാർഗ്ഗവും, ഉചിതമായ യജ്ഞദേശവും കാലവും എല്ലാം ഭഗവാൻ ശ്രീഹരിയുടെ വിവിധ ഭാവങ്ങളത്രേ!. രാജൻ!, സൂര്യൻ ഉദിക്കുന്നിടം മുതൽ അസ്തമിക്കുന്നിടം വരെയുള്ള പ്രദേശങ്ങളെല്ലാം മാന്ധാതാവിന്റെ അധീനതയിലുള്ളതായിരുന്നു. ഈ രാജാവു് ശശബിന്ദുവിന്റെ പുത്രിയായ ബിന്ദുമതിയിൽ പുരുകുത്സൻ, മുചുകുന്ദൻ മുതലായവർക്കു് ജന്മം നൽകി. ഇവർക്കു് അൻപതു് സഹോദരിമാരുണ്ടായിരുന്നു. അവരെ സൌരഭിയെന്ന മുനി വിവാഹം കഴിച്ചു.

രാജൻ!, ഒരിക്കൽ, സൌരഭി മഹർഷി യമുനാനദിയിൽ അത്യുഗ്രമായ തപസ്സനുഷ്ഠിക്കുന്ന സമയം, രണ്ടു് മത്സ്യങ്ങൾ കാമവികാരത്തോടെ ക്രീഡിക്കുന്നതായി കണ്ടു. ആ കാഴ്ച അദ്ദേഹത്തിലും കാമത്തെയുണർത്തി. വിഷയാസക്തനായ സൌരഭിമുനി മാന്ധാതാരാജാവിനെ കണ്ടു് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു പുത്രിയെ വിവാഹം കഴിച്ചുകൊടുക്കണമെന്നഭ്യർത്ഥിച്ചു. എന്റെ മക്കൾക്കാർക്കെങ്കിലും അങ്ങയെ ഇഷ്ടമായൽ അവർ സ്വയംവരം കഴിച്ചുകൊള്ളട്ടെ!, എന്നു് രാജാവും മറുപടി പറഞ്ഞു. പടുവൃദ്ധനും ജരാനര ബാധിച്ചവനുമായ സൌരഭിമുനി, തന്നെ കന്യകമാർക്കിഷ്ടമാകുവാനായി സ്വശക്തിയാൽ ദേവസ്ത്രീകൾക്കും കൊതി തോന്നുന്നവിധം ഒരു യുവസുന്ദരനായി മാറി. തുടർന്നു്, കന്യകമാരുടെ അന്തഃപുരത്തിലേക്കു് കടന്ന അദ്ദേഹത്തിന്റെ സൌന്ദര്യത്തിൽ മതിമറന്ന ആ അൻപതു് മാന്ധാതാപുത്രിമാരും സൌരഭിമഹർഷിയെ ഭർത്താവായി സ്വയംവരിച്ചു. രാജൻ! സൌരഭിമഹർഷി തന്റേതുമാത്രമാകണമെന്ന ഉദ്ദേശത്തിൽ ആ സുന്ദരിമാർ പരസ്പരം കലഹിക്കുവാൻ തുടങ്ങി. അങ്ങനെ, സകലസൌഭാഗ്യങ്ങളോടും ഭൌതികൈശ്വര്യങ്ങളോടുംകൂടി സൌരഭിമഹർഷി അവർക്കൊപ്പം രമിച്ചു. രാജാവേ!, ഏഴുദ്വീപുകളുമടങ്ങുന്ന ഈ ഭൂമിയുടെ നാഥനായ മാന്ധാതാരാജാവു്, സൌരഭിമുനിയുടെ ഗൃഹസ്ഥാശ്രമജീവിതം കണ്ടു് അത്ഭുതം കൂറി തന്റെ ഗർവ്വം ഉപേക്ഷിച്ചു. എന്നാൽ, ഗൃഹസ്ഥാശ്രമത്തിൽ അത്യന്തം ആസക്തനായിത്തീർന്ന സൌരഭിമുനിയ്ക്കു് പീന്നീടതിൽനിന്നും കരകയറുവാൻ സാധിച്ചില്ല.

രാജാവേ!, ഒരിക്കൽ സ്വസ്ഥനായി ഇരിക്കുന്ന സമയം, സൌരഭിമഹർഷിക്കു് തനിക്കു് പണ്ടു് മത്സ്യമിഥുനങ്ങളെ കണ്ടുണ്ടായ കാമവികാരത്തെക്കുറിച്ചും അതുമൂലമുണ്ടായ ആത്മനാശത്തെക്കുറിച്ചും ഓർമ്മ വന്നു. അദ്ദേഹം ഉള്ളിൽ നിനച്ചു: കഷ്ടംതന്നെ!. താപസനും സന്മാർഗ്ഗിയുമായിരുന്ന എനിക്കുണ്ടായ തകർച്ചയെ നോക്കുക!. ദീർഘകാലത്തെ തപഃശക്തി അല്പനേരം കൊണ്ടല്ലേ ജലാശയത്തിൽ വച്ചുണ്ടായ ആ ജലജീവികളുടെ സംസർഗ്ഗം മൂലം ശിഥിലമായിപ്പോയതു?. മോക്ഷം ആഗ്രഹിക്കുന്നവൻ തീർച്ചയായും ദാമ്പത്യധർമ്മികളുമായുള്ള കൂട്ടുകെട്ടവസാനിപ്പിക്കണം. ഇന്ദ്രിയങ്ങളെ സംയമനം ചെയ്തു, ഏകനായി സഞ്ചരിച്ചുകൊണ്ടു്, ഏകാന്തത്തിൽ ചെന്നു്, മനസ്സിനെ ഈശ്വരനിലുറപ്പിക്കണം. കൂട്ടുകെട്ടുവേണമെങ്കിൽ, അത് സത്തുക്കളുമായി ആകാം. കഷ്ടം!, ഞാൻ ഏകനായി ജലാന്തർഭാഗത്തു് തപസ്സനുഷ്ഠിക്കുന്നവനായിരുന്നു. ആ മീനുകളുടെ ലീലകൾ കണ്ടു് എന്നിൽ ഭൌതികാശ വളരുകയും, പിന്നീടു് ഭർതൃഭാവത്തിഅമ്പതായും, അതിനുശേഷം പുത്രഭാവത്തിൽ ആയിരങ്ങളായും ഭവിക്കേണ്ടിവന്നു. ഐഹികസുഖങ്ങളുടെ അറ്റം കാണാതെ എത്രയോകാലം കടന്നുപോയിരിക്കുന്നു!. അഹോ കഷ്ടം!, മായയിൽ ആകൃഷ്ടനായി ഭോഷനായ ഞാൻ വിഷയസുഖത്തിൽ പരമപുരുഷാർത്ഥത്തെ തേടുകയാണു.

രാജൻ!, ഈവിധമുള്ള ചിന്തകളിലൂടെ ക്രമേണ സൌരഭിമഹർഷിയിൽ വിരക്തിയുണ്ടാകുകയും, സർവ്വവും പരിത്യജിച്ചു് പതിവ്രതകളായ തന്റെ പത്നിമാരോടൊപ്പം അദ്ദേഹം തപോവനത്തിലേക്കു് പോകുകയും ചെയ്തു. ആത്മജ്ഞാനിയായിത്തീർന്ന സൌരഭിമുനി അതികഠിനമായ തപസ്സനുഷ്ഠിച്ചുകൊണ്ടു് കാട്ടിൽ കഴിയുകയും, ഒരുനാൾ ത്രേതാഗ്നികളോടുകൂടി ജീവാത്മാവിനെ പരമാത്മാവിൽ വിലയം കൊള്ളിക്കുകയും ചെയ്തു. രാജൻ!, അദ്ദേഹത്തിന്റെ സാധനകളെ കണ്ടുകഴിയുകയായിരുന്ന പത്നിമാരും ഭർത്താവിന്റെയനുഗ്രഹത്താൽ ഒടുവിൽ പരമഗതിയെ പ്രാപിക്കുകയുണ്ടായി.

ശ്രീമദ്ഭാഗവതം നവമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next

The Downfall of Saubhari Muni