2019, ജനുവരി 23, ബുധനാഴ്‌ച

4.10 ധ്രുവമഹാരാജനും യക്ഷന്മാരുമായുള്ള യുദ്ധം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 10
(ധ്രുവമഹാരാജനും യക്ഷന്മാരുമായുള്ള യുദ്ധം)


മൈത്രേയൻ പറഞ്ഞു: പ്രിയവിദുരരേ!, ധ്രുവൻ രാജ്യാഭിഷേകത്തിനുശേഷം ശിശുമാരപ്രജാപതിയുടെ മകളായ ഭാമിയെ വിവാഹം കഴിക്കുകയും അവർക്ക് കല്പൻ, വത്സരൻ എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടാവുകയും ചെയ്തു. ശേഷം വീണ്ടും അദ്ദേഹം വായുവിന്റെ പുത്രി ഇളയെ വിവാഹം ചെയ്തു. അവളിൽ ഉത്കലൻ എന്ന പുത്രനും സുന്ദരിയായ ഒരു പുത്രിയും ജനിച്ചു.
എന്നാൽ സുരുചിയുടെ പുത്രൻ ഉത്തമൻ അവിവാഹിതനായിരുന്നു. ഒരിക്കൽ അദ്ദേഹം നായാട്ടിനായി വനത്തിലേക്ക് പുറപ്പെടുകയും അവിടെ ഹിമാലയപർവ്വതത്തിൽവച്ച് ബലവാനായ ഒരു യക്ഷനാൽ കൊല്ലപ്പെടുകയും ചെയ്തു. ഉത്തമന്റെ മാതാവ് സുരുചിക്കും അതേ ഗതിതന്നെ സംഭവിച്ചു. അനുജന്റെ മരണവാർത്തയറിഞ്ഞ ധ്രുവന് സങ്കടവും കോപവും സഹിക്കാൻ കഴിഞ്ഞില്ല. അവൻ രഥത്തിലേറി തന്റെ ശത്രുക്കളെ വധിക്കുവാനായി അവരുടെ ദേശമായ അളകാപുരിയിലേക്ക് യാത്രയായി. ഉത്തരഹിമാലയത്തിലെത്തിയ ധ്രുവൻ അവിടെ ശിവകിങ്കരന്മാരായ ഗുഹ്യകന്മാർ തിങ്ങിപ്പാർക്കുന്ന ഒരു പട്ടണം കണ്ടു. അവിടം പിന്നിട്ട് ധ്രുവൻ അളകാപുരിയിലെത്തി. താൻ വന്ന വിവരം തന്റെ ശത്രുക്കളെ ധരിപ്പിക്കുവാനായി ധ്രുവൻ അത്യുച്ഛത്തിൽ ശംഖം മുഴക്കി. തീവ്രനാദത്തിൽ നാലു ദിക്കുകളും ആകാശവും പ്രകമ്പനം കൊണ്ടു. യക്ഷപത്നിമാർ പരിഭ്രാന്തരായി. അവരുടെ കണ്ണുകളിൽ ഉത്കണ്ഠ നിറഞ്ഞു. വിദുരരേ!, ധ്രുവന്റെ ശംഖനാദത്തിന്റെ പ്രതിധ്വനി സഹിക്കുവാനാകാതെ യക്ഷസേനകൾ ആയുധങ്ങളുമായി ധ്രുവനോട് യുദ്ധം ചെയ്യുവാനായി പുറത്തേക്ക് വന്നു. മഹാരഥനും അസ്ത്രവിദ്യയിൽ നിപുണനുമായ ധ്രുവമഹാരാജൻ ഒരേ സമയം മുമ്മൂന്ന് അമ്പുകളയച്ച് അവരെ കൂട്ടത്തോടെ വധിക്കുവാൻ തുടങ്ങി. തങ്ങളുടെ സൈന്യത്തിന്റെ ശിരസ്സുകളറ്റു നിലം പതിക്കുന്നതുകണ്ട യക്ഷന്മാർ അവർക്ക് ധ്രുവനെ ജയിക്കാൻ സാധ്യമല്ലെന്നു മനസ്സിലായി. പക്ഷേ, യഥാർത്ഥപടയാളികളായ അവർക്ക് തങ്ങളുടെ ശത്രുവിന്റെ കഴിവിനെ വാഴ്ത്തുവാൻ മടി തോന്നിയില്ല. തോൽക്കാൻ തയ്യാറാകാതെ അവർ ചവിട്ടുകൊണ്ട സർപ്പത്തെപ്പോലെ പിടഞ്ഞെഴുന്നേന്നു. തെരുതെരെ അമ്പുകളയച്ച് അവർ ധ്രുവനെതിരെ പ്രതികരിച്ചുകൊണ്ട് തങ്ങളുടെ സാമർത്ഥ്യം വെളിപ്പെടുത്തി.

ഒരുലക്ഷത്തിമുപ്പതിനായിരത്തോളം വരുന്ന കോപാകുലരായ യക്ഷസൈന്യം ധ്രുവമഹാരാജനുനേരേ വിവിധതരം യുദ്ധമുറകൾ പ്രയോഗിച്ചുകൊണ്ടിരിന്നു. തങ്ങളുടെ രഥങ്ങളിലേറി സാരഥികളോടൊപ്പം അമ്പുകൾ, പരിഘങ്ങൾ, വാളുകൾ, ശൂലങ്ങൾ, കുന്തങ്ങൾ, ചാട്ടുകുന്തങ്ങൾ, ശക്തിവേലുകൾ മുതലായ മാരകായുധങ്ങളുമായി അവർ യുദ്ധം തുടർന്നു. പർവ്വതങ്ങൾക്കുമീതേ പേമാരിപോലെ യക്ഷന്മാരുടെ ആയുധങ്ങൾ ധ്രുവനുമേൽ വർഷം പോലെ പെയ്തിറങ്ങി. സിദ്ധഗണങ്ങൾ ആകാശത്തുനിന്നുകൊണ്ട് ഘോരയുദ്ധത്തെ വീക്ഷിക്കുകയായിരുന്നു. ധ്രുവരാജനുമേൽ പെയ്തിറങ്ങുന്ന ആയുധവർഷം കണ്ട് അവർ പ്രക്ഷുബ്ദരായി അലറി. അഹോ! ധ്രുവരാജാവ് പരാജിതാനാകുന്നു. സൂര്യനെപ്പോലെ തിളങ്ങിയ അദ്ദേഹമിതാ യക്ഷസമുദ്രത്തിൽ മുങ്ങാൻ പോകുന്നു.

ധ്രുവരാജാവ് പരാജിതനാകുന്നതുകണ്ട് യക്ഷന്മാർ ആർത്തുവിളിച്ചു. പക്ഷേ, നിമിഷങ്ങൾക്കകം മൂടൽമഞ്ഞിനെ കീറിമുറിച്ചുകൊണ്ട് സൂര്യൻ ഉദിച്ചുയരുന്നതുപോലെ, ധ്രുവൻ പൂർവ്വാധികം കരുത്തോടെ യുദ്ധമാരംഭിച്ചു. സീൽക്കാരധ്വനി പുറപ്പെടുവിച്ചു വായുവിനെ തുളച്ചുകൊണ്ട് ധ്രുവന്റെ കൂരമ്പുകൾ ശത്രുക്കളെ എയ്തുവീഴ്ത്തി. നിലവിളിശബ്ദത്തോടെ യക്ഷസൈന്യം നിലംപൊത്തിക്കൊണ്ടിരുന്നു. ആകാശത്തിൽ മേഘങ്ങളെ ഛിന്നഭിന്നമാക്കിക്കൊണ്ട് കാറ്റ് ആഞ്ഞടിക്കുന്നതുപോലെ, യക്ഷന്മാരുടെ ആയുധങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് ധ്രുവബാണങ്ങൾ ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരുന്നു. ശത്രുക്കളുടെ കവചവും ഭേദിച്ചുകൊണ്ട് ധ്രുവമഹാരാജന്റെ അസ്ത്രങ്ങൾ, കൊള്ളിമീനുകൾ പർവ്വതത്തെ തകർക്കുന്നതുപോലെ, ശത്രുക്കളുടെ ശരീരങ്ങളിൽ തറഞ്ഞിറങ്ങി.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ധ്രുവബാണങ്ങളേറ്റു നിലംപതിച്ച യക്ഷഗണങ്ങളുടെ ശിരസ്സുകൾ മനോഹരമായ കിരീടങ്ങളൂം കുണ്ഢലങ്ങളുമണിഞ്ഞവയായിരുന്നു. സ്വർണ്ണനിർമ്മിതമായ പനമരത്തിന്റെ മുരടുകൾ പോലെ മനോഹരമായിരുന്നു അവരുടെ ഊരുക്കൾ. സ്വർണ്ണത്തളകളും വളകളുംകൊണ്ടലംകൃതമായിരുന്നു അവരുടെ കൈകൾ. യുദ്ധക്കളത്തിൽ ചിതറിക്കിടന്നിരുന്ന അലങ്കാരങ്ങളെല്ലാം ആരുടേയും മനം കവരുന്നവയായിരുന്നു.

യുദ്ധത്തിൽ പ്രാണൻ തിരിച്ചുകിട്ടിയവർ ധ്രുവബാണങ്ങളാൽ ഛിന്നഭിന്നമാകപ്പെട്ട ശരീരാംഗങ്ങളോടുകൂടി എങ്ങനെയൊക്കെയോ എവിടേയ്ക്കൊക്കൊയോ, സിംഹത്തെ പേടിച്ച് പാഞ്ഞൊളിക്കുന്ന ആനകളെപ്പോലെ, യുദ്ധക്കളത്തിൽനിന്നും ഓടിമറഞ്ഞു. അവിടെ ആരും തന്നെ ആയുധധാരികളായി അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ധ്രുവരാജൻ അളകാപുരിയെ സന്ദർശിക്കാൻ തീരുമാനിച്ചു. എങ്കിലും മായാവികളായ യക്ഷന്മാർ വിശ്വസിക്കാൻ പറ്റിയവരല്ലെന്ന് അദ്ദേഹം തന്റെ മനസ്സിലോർത്തു. അടുത്ത കരുനീക്കത്തിനുവേണ്ടി തയ്യാറെടുത്തു ധ്രുവമഹാരാജാവ് തന്റെ സാരഥിയുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് കടലുകളെല്ലാം ഒന്നിച്ചാർത്തിരമ്പുന്നതുപോലെ ഘോരമായ ഒരു ശബ്ദമവർ കേട്ടു. സമയം, ആകാശത്തിൽനിന്നും അതിഭയാനകമായ ഒരു പൊടിക്കാറ്റ് ഭൂമിയിലേക്ക് ചൂഴ്ന്നിറങ്ങി. നിമിഷങ്ങൾക്കകം അത് ആകാശത്തെ അപ്പാടെ മറച്ചു. തുടർന്ന് കാതടപ്പിക്കുംവിധം ഇടിമുഴക്കങ്ങളുണ്ടായി. മിന്നലും പേമാരിയും കൊണ്ട് ഭൂമി വിറച്ചു. അല്ലയോ അനഘനായ വിദുരരേ!, പെരുമഴയിൽ ആകാശത്തുനിന്നും കബന്ധങ്ങളോടൊപ്പം മലമൂത്രവിസർജ്ജനങ്ങളും രക്തവും മേധസ്സും എന്നുവേണ്ടാ സകല അമേദ്യങ്ങളും അവരുടെമേൽ ഒലിച്ചിറങ്ങി. ഒരു മഹാപർവ്വതം ആകാശത്തിൽ അവർ കണ്ടു. നാലുദിക്കുകളിൽനിന്നും ആലിപ്പഴം പൊഴിഞ്ഞിറങ്ങി. ഒപ്പം ഗദകളും ശൂലങ്ങളും വാളുകളും ഇരുമ്പുദണ്ഡുകളും വീണുകൊണ്ടിരുന്നു. കോപം ജ്വലിക്കുന്ന കണ്ണുകളും തീ തുപ്പുന്ന വൿത്രങ്ങളുമുള്ള ക്രൂരസർപ്പങ്ങൾ ധ്രുവനുനേരേ വിഴുങ്ങാനെന്നോണം പാഞ്ഞടുത്തു. മത്തരായ ആനകളും പുലികളും സിംഹങ്ങളും കൂട്ടംകൂട്ടമായി അദ്ദേഹത്തെ ആക്രമിക്കുവാനായി ഓടിയടുത്തു. സമയം, ലോകം ആപ്പാടെ പ്രളയത്തിലാഴ്ത്തുവാനെന്നോണം അതിപൈശാചികഭാവത്തോടുകൂടി അനേകമടി ഉയരത്തിൽ തിരകളുയർത്തിക്കൊണ്ട് കടൽ ധ്രുവരാജനുനേരേ അലറിയടുത്തു. യക്ഷന്മാർ പ്രകൃത്യാതന്നെ നീചന്മാരായതിനാൽ സാധാരണ ജനങ്ങളെ പേടിപ്പെടുത്തുവാൻ ആസുരീയമായ പലവിധ മാന്ത്രികവിദ്യകളും വശമുള്ളവരായിരുന്നു. ധ്രുവമഹാരാജൻ യക്ഷന്മാരുടെ ആസുരീയ മാന്ത്രികവലയത്തിൽ അകപ്പെട്ടതറിഞ്ഞ ഋഷികൾ അദ്ദേഹത്തിനു ആശംസകളേകുവാനായി ഒരു സ്ഥലത്തൊത്തുകൂടി.

ഋഷികൾ പറഞ്ഞു: ഹേ ധ്രുവാ!, ഭഗവാൻ ശാർങധന്വൻ അങ്ങയുടെ ശത്രുക്കളെ നശിപ്പിക്കട്ടെ!. അവിടുത്തെ തിരുനാമം ഭഗവാനെപ്പോലെതന്നെ ശക്തിമത്താണ്. നാമത്തിന്റെ ശരവണകീർത്തനാദികളിലൂടെ അനേകകോടി ഭക്തന്മാൻ മൃത്യുവിനിരയാകാതെ രക്ഷപ്പെടുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പത്താമധ്യായം സമാപിച്ചു.
ഓം തത് സത്.









Dhruva's battle with Yakshas

2019, ജനുവരി 16, ബുധനാഴ്‌ച

ആത്മജ്ഞാനമഞ്ജരി


ആത്മജ്ഞാനമഞ്ജരി

സുരേഷ് സി. കുറുപ്പ്


ആരുഞാനാരുഞാനമ്മേ! പറ-
കാരുഞാനാരുഞാനമ്മേ!
ആരുനീയിന്നെനിക്കമ്മേ! പറ-
കാരുതന്നൂ നിനക്കെന്നെ?

പാലാഴിയാം കടൽതന്നിൽ ഒരു
നീലവർണ്ണാംഗിതനില്ലേ?
ജഗദീശ്വരൻതന്റെ ദിവ്യ-
തേജസ്സിന്നംശമല്ലോ! നീ.

ഇന്ന് നിനക്ക് ഞാൻ മന്നിൽ പിറ
തന്ന മാതാവുതാനുണ്ണീ!
നിന്നെയാ ശ്രീഹരിയല്ലോ! എനി-
ക്കിന്നു വളർത്തുവാൻ തന്നൂ.

എങ്ങായിരുന്ന് ഞാനമ്മേ! പറ-
കിങ്ങു പിറന്നതിൻ മുന്നേ?
ഭാഷയേതായിരുന്നാവോ! അന്ന്
വേഷമെന്തായിരുന്നാവോ!

മറ്റൊരു മാതാവ് നിന്നെ മുദാ
പെറ്റുവളർത്തിയല്ലുണ്ണീ‍!
അത്തനു വിട്ടുനീയെങ്കൽ പുന-
രിത്തനു നേടി പിറന്നു.

കോടി ജന്മം പുരാ മന്നിൽ ഇതി
നേടി കുഴഞ്ഞ് നീ കുഞ്ഞേ!
എന്നുടെയുണ്ണിയായ് വീണ്ടും ഇഹ
മന്നിൽ മനുജനായ് വന്നൂ.

എന്തിനുവേണ്ടി ഞാനമ്മേ! ഇവി-
ടെന്തുചെയ്വാനായി വന്നൂ?
എത്രനാളേയ്ക്കാകുമമ്മേ! എനി-
ക്കിത്രയീ മാനുഷ ജന്മം?

ഉണ്മയെ തേറുവാനല്ലോ! ഭുവി
ജന്മം നിനക്കിതു വന്നൂ.
മന്നിതിൽ മാനുഷജന്മം അതി
ധന്യമാണെന്നറിയുണ്ണീ!

മർത്യന്റെ ആയുസ്സ് ചൊൽവാൻ ഭുവി
ശക്തിയുള്ളോരില്ല കുഞ്ഞേ!
മർത്ത്യനമർത്ത്യനായ് തീർന്നാൽ പിന്നെ
മൃത്യുവെന്നൊന്നില്ല കുഞ്ഞേ!

ആരും തുണയൊഴിഞ്ഞാർക്കും നിജ
നേരറിവാനതിനാമോ?
ആരാരുമില്ലയോ എന്നെ മുദാ
പാരിൽ തുണപ്പതിനമ്മേ!

ഈശ്വരന്താ,നറി,കെല്ലാ ജീവ-
രാശികൾക്കും തുണയുണ്ണീ!
ദേശകാലങ്ങൾക്കതീതൻ ജഗ-
ദ്ദേശികനാണവനുണ്ണീ!

ഏത് സ്വർഗ്ഗത്തിലാണമ്മേ! ഗുരു-
നാഥനിച്ചൊന്നോനിരിപ്പൂ!
മന്നിലെ ഭാഷകളെല്ലാം അവ-
നിന്നു വശമതോ അമ്മേ!

ബ്രഹ്മാവുതന്നിൽ തുടങ്ങി കൃമി-
ജന്മമതിൽവരെയുണ്ണീ!
ഹൃദ്പത്മകർണ്ണികാമധ്യേ നിറ-
ഞ്ഞപ്പരമാത്മാവിരിപ്പൂ!


സന്തതമിപ്രപഞ്ചത്തിൽ ചെറു-
സ്പന്ദനംപോലുമെന്നുണ്ണീ!
അപ്പരംബോധസ്വരൂപൻ ഹരി
ചില്പുരുഷന്താനറിവൂ!

നേരിലാ പൂമുഖം കാണാൻ മന-
താരിൽ കൊതിവളർന്നമ്മേ!
അത്തിരുരൂപവിശേഷം ഒന്ന്
വിസ്തരിച്ചോതുമോ അമ്മേ!

മന്നിതിൽ കാണുവതെല്ലാം അവ-
ന്തന്നുടെ രൂപമാണുണ്ണീ!
അല്ലാതെ വർണ്ണിച്ചുചൊല്ലാൻ ഇവി-
ടില്ലൊരു നാവ് പൊന്നുണ്ണീ!

പണ്ടവൻ മാനുഷവേഷം സ്വയം
കൊണ്ടിഹ മന്നിൽ പിറന്നൂ.
കണ്ടവർ ചൊന്നൊരാ രൂപം മനം
കണ്ടാൽ മയങ്ങുമെന്നുണ്ണീ!

പീലിയും മൌലിയിൽ കുത്തി വന-
മാലയും മാറിലണിഞ്ഞ്
കോലക്കുഴലതുമൂതി നല്ല
ചേലൊത്ത രൂപമാണുണ്ണീ!

കാലിൽ തളയും കിലുക്കി നല്ല
താളത്തിൽ നർത്തനമാടി
കാലികൾമേച്ചുനടക്കും ചെറു-
ബാലകനെന്നങ്ങ് തോന്നും.

ബാലകനല്ലവനുണ്ണീ! ലോക-
പാലനം ചെയ്യുവോനല്ലോ!
നീലയായ് കാണുന്ന കോലം കടൽ
പോലങ്ങനന്തമാം മൂലം.

അഗ്ഗുരുനാഥനെ കാണാൻ ഭൂവി-
ലെഗ്ഗതി ചൊല്ലു നീയമ്മേ!.
എന്ത് ഞാനിന്ന് വിളിപ്പൂ! അവ-
നെന്ത് ഞാനുണ്മാൻ കൊടുപ്പൂ!

ശ്രദ്ധയോടത്തിരുരൂപം ഹൃദി
നിത്യവും ധ്യാനിയ്ക്കയെന്ന്യേ
വൃത്തി വേറില്ല പൊന്നുണ്ണീ! നിന-
ക്കത്തിരുമേനിയെ കാണാൻ.

പത്രമോ പുഷ്പമോ പാലോ ശുദ്ധ-
ഭക്ത്യാ ഫലമോ ജലമോ
നിത്യം സമർപ്പിച്ചുവെന്നാൽ അതിൽ
തൃപ്തനാകുന്നവനുണ്ണീ!

കണ്ണനെന്നങ്ങവൻനാമം മേഘ-
വർണ്ണം ചൊരിയും ശുഭാംഗം
കണ്ണുകൾ മെല്ലെയടച്ചാൽ മന-
ക്കണ്ണിൽ തെളിയുമാ രൂപം.

         നന്ദന് നന്ദനനല്ലോ! അവ-
നിന്ദിരാകാന്തനുമല്ലോ!
ചെന്താമരക്കണ്ണനല്ലോ! ഗോപ-
സുന്ദരിമാർകണിയല്ലോ!

രാധയ്ക്ക് കാമുകനല്ലോ! താ,യെ-
ശോദയ്ക്ക് പൊന്മകനല്ലോ!
ദേവകിക്കോമനയല്ലോ! വസു-
ദേവർക്കുമാത്മജനല്ലോ!

കൃഷ്ണനായ് വന്നവനല്ലോ! ലോക-
തൃഷ്ണയൊഴിച്ചവനല്ലോ!
ജിഷ്ണുവിന്നും സഖനല്ലോ! മഹാ-
വിഷ്ണുവവന്തന്നെയല്ലോ!

ഹരിഃ ഓം