2014, ഡിസംബർ 16, ചൊവ്വാഴ്ച

3.26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 26 

(കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങ്ങൾ)

കപിലഭഗവാൻ തന്റെ മാതാവായ ദേവഹൂതിയോട് സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വമുപദേശിച്ചുകൊണ്ട് ഇപ്രകാരം പറഞു: "അമ്മേ!, ഇനി ഞാനാപരമാത്മാവിന്റെ തത്വവ്യാപ്തിയെക്കുറിച്ചു ഒന്നൊന്നായിപ്പറഞുതരാം. ഈ മഹത്തത്വത്തെക്കുറിച്ചറിയുന്ന നിമിഷംതന്നെ മനുഷ്യൻ പ്രകൃതിയുടെ ത്രൈഗുണ്യവലയത്തിൽനിന്നും ഉടനടി മുക്തനാകുന്നു.  അമ്മേ!, ആത്മസാക്ഷാത്കാരത്തിനുതകുന്ന ഉത്തമോപാധിയാണ് പരമമായ അദ്ധ്യാത്മജ്ഞാനം. ഹൃദയഗ്രന്ഥി ഭേദിച്ച് എന്നെന്നേയ്ക്കുമായി ജീവനെ ഈ സംസാരത്തിൽനിന്നും വിമുക്തമാക്കുന്ന ആ ജ്ഞാനം ഞാൻ അമ്മയ്ക്കായി പറഞുതരാം. അമ്മേ!, ഭഗവാൻ ഹരി ഈ പ്രപഞ്ചത്തിനുമുഴുവൻ ആധാരഭൂതനായ പരമാത്മാവാണ്. അവൻ പ്രകൃതിക്കുപരനും, നിർഗ്ഗുണനും, സ്വയംജ്യോതിർസ്വരൂപനുമാണ്. അങനെയുള്ള അവന്റെ സ്വയംപ്രഭയാൽ ഈ വിശ്വം മുഴുവൻ അവൻ സൃഷ്ടിച്ചുകാത്തഴിക്കുന്നു. ആ വിഭു തന്റെ ലീലകളാടുവാനായി, ദൈവീകവും, അതിസൂക്ഷ്മവും, ത്രിഗുണാത്മികയുമായ തന്റെ മൂലപ്രകൃതിയെ യദൃച്ഛയാ സ്വീകരിച്ചു. അവളാകട്ടെ, തന്റെ തൃഗുണങളെ പരിണാമവിധേയമാക്കി അതിലൂടെ ഇവിടെ അതിവിചിത്രങളായ ജീവഭൂതങളെ സംജാതമാക്കുന്നു. ഈ ജീവഭൂതങൾ പിറക്കുന്നനിമിഷംമുതൽ അവളുടെ മായയിൽ മുങി പരമമായ അദ്ധ്യാത്മജ്ഞാനം മറഞ്, വിഷങളിൽ മോഹിതരാകുകയുംചെയ്യുന്നു. അങനെ അജ്ഞാനാന്തകാരത്തിൽ അകപ്പെട്ട്, സ്വയമേവ ആനന്ദസ്വരൂപികളായ ഈ ജീവഭൂതങൾ മായയുടെ ആധിപത്യത്തെ സ്വീകരിക്കുകയും, അതിലൂടെ ഇവിടെ വിവിധതരം കർമ്മങളിലേർപ്പെട്ടുകൊണ്ട് താൻ അവയുടെ കർത്താവാണെന്ന് സ്വയം കരുതുകയും ചെയ്യുന്നു. നിഷ്ക്രിയനായി ഇരുന്നുകൊണ്ട്, തന്റെ കർമ്മസകലത്തിനും സാക്ഷിയായി വർത്തിക്കുന്ന നിത്യമുക്തസ്വരൂപമായ ആ ആത്മവസ്തു ഇങനെയുണ്ടാകുന്ന അജ്ഞാനം ഹേതുവായി ഘോരമായ സംസൃതിയിൽ ബന്ധനസ്ഥനാകുന്നു. ജീവന്റെ ഉപാധിയായ ശരീരേന്ദ്ര്യാദികളുടേയും, അവയ്ക്കുമേൽ സർവ്വാധിപത്യം സ്ഥാപിച്ചിരിക്കുന്ന ദേവതൗഘങളുടേയും മൂലകാരണം ഈപ്പറഞ പ്രകൃതിയാണെന്നറിയുക. ഈവകതത്വങളെല്ലാംതന്നെ ആത്മജ്ഞാനികളാൽ സർവ്വസമ്മതവുമാണ്. നിത്യാനന്ദസ്വരൂപനായ ഈ ജീവൻ അനുഭവിക്കുന്ന സുഖദുഖാദിദ്വന്ദാനുഭവങളുടെ കാരണക്കാരൻ യഥാർത്ഥത്തിൽ പുരുഷനായ ഈ ജീവൻ തന്നെയാണ്."
ഇത്രയുംകേട്ടു ദേവഹൂതി പറഞു: "ഹേ ഭഗവൻ!, അങുപറഞതനുസരിച്ച്, സത്തും അസത്തുമായ ഈ സൃഷ്ടിക്ക് ഒരുപോലെ കാരണമായിരിക്കുന്നത് ആ പരമപുരുഷനും അവന്റെ മൂലപ്രകൃതിയും ചേർന്നാണ്. അവയുടെ ലക്ഷണങളോരോന്നും എന്തൊക്കെയാണെന്ന്, പ്രിയപുത്രാ!, അവിടുന്നീയുള്ളവളോടരുളിചെയ്താലും."
ശ്രീഭഗവാൻ പറഞു: "അമ്മേ!, അവ്യക്തവും, നിത്യവും, അതിസൂക്ഷ്മവുമായ, പ്രകൃതിയുടെ തൃഗുണങളുടെ സംയുക്തഭാവമാണ് യഥാർത്ഥത്തിൽ ഇവിടെ സകലഭൂതങൾക്കും കാരണമായിരിക്കുന്നതു. അതിനെ അദ്ധ്യാത്മികശാസ്ത്രത്തിൽ "പ്രധാനം" എന്നു പറയുന്നു. എന്നാൽ ഗുണപരിണാമങൾക്കുവിധേയമായി ഉണ്ടാകുന്ന അവയുടെ ഉൽപ്പന്നഭൂതഭാവത്തെ "പ്രകൃതി" എന്നും പറയുന്നു. പഞ്ചഭൂതങളും, പഞ്ചകർമ്മേന്ദ്രിയങളും, പഞ്ചജ്ഞാനേന്ദ്രിയങളും അവയുടെ വിഷങളായ പഞ്ചതന്മാത്രകളും, കൂടാതെ നാല് ആന്തരികേന്ദ്രിയങളുടേയും സംയുക്തഭാവമാണ് "പ്രധാനം" എന്നറിയപ്പെടുന്നതു. സ്ഥൂലരൂപികളായ പഞ്ചഭൂതങളെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങനെ തരംതിരിക്കപ്പെട്ടിരിക്കുമ്പോൾ, സൂക്ഷ്മരൂപികളായ പഞ്ചതന്മാത്രകളാകട്ടെ, ഗന്ധം, രസം, നിറം, സ്പർശം, ശബ്ദം എന്നിങനെ വിഭജിക്കപ്പെട്ടുനിൽക്കുന്നു. അഞ്ചു ജ്ഞാനേന്ദ്രിയങളെ കാത്, ത്വക്ക്, നാക്ക്, മൂക്ക്, നേത്രം, എന്നിങനെയും, അഞ്ചു കർമ്മേന്ദ്രിയങളെ കരചരണാദിമേഢ്രപായുക്കളായും തരംതിരിക്കപ്പെട്ടിരിക്കുന്നു. അതുപോലെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങനെ ആന്തരികമായ നാല് ഇന്ദ്രിയങളേയും കണക്കാക്കപ്പെട്ടിരിക്കുന്നു. നൈസർഗ്ഗികഭാവങളായ വൃത്തിലക്ഷണങളെ കേന്ദ്രീകരിചിച്ച് ഇവയുടെ ഭേദങളെ തിരിച്ചറിയുവാൻ സാധ്യമാണ്. അമ്മേ!, ഈ ഇരുപത്തിനാലുതത്വങളും ബ്രഹ്മാത്മകമാണ്. കൂടാതെ, ഇവയെ തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന അനശ്വരമായ "കാലം" ഇരുപത്തിയഞ്ചാമതുതത്വമായി നിലകൊള്ളുന്നു.
ഭഗവാൻ കാലസ്വരൂപനാണ്. കാലം അവന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. കാലത്തിന്റെ പ്രഭാവം ഒന്നുകൊണ്ടുമാത്രം, കാലത്താലുണ്ടാകുന്ന മൃത്യുഭയം മനുഷ്യനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. കാരണം, മനുഷ്യൻ പ്രകൃതിവിഷയങളുമായി സദാ ഉപരമിച്ച്, താൻ ശരീരമാണെന്നും, തനിക്ക് കാലാന്തരത്തിൽ മൃത്യു ഭവിക്കുമെന്നുമുള്ള മൗഢ്യധാരണയിൽ ജീവിക്കുന്നു. അമ്മേ!, ഞാൻ മുൻപുപറഞുവല്ലോ, കാലം എന്നത് ഭഗവാൻ ഹരിതന്നെയാണ്. അവനിൽനിന്നുമാണ്, പ്രധാനമെന്നു ഞാൻ മുന്നേ പറഞ പ്രകൃതിയുടെ അവ്യക്തഭാവത്തിൽനിന്നും, അവളുടെ ഗുണങൾ പരിണാമങൾക്കുവിധേയമാകുന്ന കാരണം, ഇക്കണ്ട ചരാചരങൾ മുഴുവനും സൃഷ്ടമായിരിക്കുന്നത്. അവൻ തന്റെ ആത്മമായയാൽ ഇക്കണ്ടസത്വങൾ സകലതിനുമുള്ളിൽ പരമാത്മരൂപത്തിലും, വെളിയിൽ കാലസ്വരൂപനായും കുടികൊള്ളുകയും, നിലകൊള്ളുകയും ചെയ്യുന്നു.
ആ പരംപുമാൻ തന്റെ വീര്യത്തെ പ്രകൃതീയോനിയിൽ നിറയ്ക്കുകയും, അത് അവളിലെ തൃഗുണങളെ പരിണമിപ്പിക്കുകയും, തത്ഫലമായി അവൾ ഹിരണ്മയമെന്ന മഹത്തത്വത്തിനു ജന്മം നൽകുകയും ചെ‌യ്യുന്നു. ശബളീകൃതമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കുശേഷം, സർവ്വലോകാത്മകവും, ജാജ്വല്യമാനവും, ജഗത്തിന്റെ മുഴുവൻ കാരണബീജ‌വും, പ്രളയാന്തരങളിൽ നശിക്കാത്തതുമായ ഈ മഹത്തത്വം, പ്രളയകാലത്തിലുണ്ടാകുന്ന ഘോരാന്തകാരത്തെ ഞൊടിയിടയിൽ അപ്പാടെ ഇല്ലാതെയാക്കുന്നു.
മഹത്തത്വത്തിൽനിന്നും സ‌ത്വഗുണാധിഷ്ഠിതമായി അവന്റെ സ്വച്ഛവും, ശാന്തവുമായ വാസുദേവാവതാരമുണ്ടാകുന്നു. തുടർന്ന്, അതിൽനിന്നും ഇങനെയുള്ള ഭഗവത്ഭാവങളെല്ലാം ഒരേവേളയി‌ൽത്തന്നെ പ്രത്യക്ഷമാകുന്നു. എങനെയാണോ ജലം ഭൂമിയുമായി സമ്പർക്കത്തി‌ലേർപ്പെടുന്നതിനുമുമ്പ് നിർമ്മലവും, മധുരവും, ഇളക്കമ‌റ്റതുമാകുന്നത്, അതേവിധം‌തന്നെ വാസുദേവനാകുന്ന ശുദ്ധബോധത്തിൽ സകലതും സ്വച്ഛവും, സ്പഷ്ടവും, ഭ്രമരഹിതവുമായി അനുഭവപ്പെടുന്നു. ഹരി‌യുടെ ആത്മമായാശക്തിയിൽനിന്നും ഉത്ഭൂതമായ മഹത്തത്വത്തിൽനിന്നും ദേഹാത്മബോധമാകുന്ന അഹങ്കാരതത്വം ഉടലെടുക്കുന്നു. തുടർന്നു ത്രിഗുണങൾ അതിനെന്നെന്നും കൂട്ടായിരിക്കുകയും, ഇങനെയുണ്ടാകുന്ന സാത്വികരാജസികതാമസീകാഹങ്കാരങളിൽനിന്നും, മനസ്സും, ഇ‌ന്ദ്രിയങളും, പഞ്ചഭൂതങളും സൃഷ്ടമാകുകയും ചെയ്യുന്നു. ഭൂതങൾക്കും, മനസ്സിനും, ഇന്ദ്രിയങൾക്കും കാരണമായ ഈപ്പറഞ ത്രിവിധങളായ അഹങ്കാരമാകട്ടെ തങളുടെ കാരണമൂലങളായ ഭൂതമാനസേന്ദ്രിയങൾക്ക് അഭിന്നമായി നിലകൊള്ളുന്നു. അതത്രേ സങ്കർഷണനെന്ന നാമധേയത്തിൽ പുകഴ്കൊണ്ട സഹസ്ര‌ശീർഷനായ സാക്ഷാത് അനന്തനായി ആ പരമപുരുഷനോടൊപ്പം നിത്യനിരന്തരമായി സഖ്യംചേർന്നുനിൽക്കുന്നതു.
കർത്തൃത്വം, കാരണത്വം, കാര്യത്വം, അതുപോലെ ശാന്തം, ഘോരം, വീമൂഢത്വം, എന്നിങനെ വ്യത്യസ്ഥ ഭാവലക്ഷണങളോടുകൂടി ഈ മിഥ്യാഹങ്കാരത്തെ ത്രിഗുണങളോടുചേർ‌ത്ത് വിശേഷണം ചെയ്തിരിക്കുന്നു. തുടർന്ന്, സാത്വികാഹങ്കരത്തിൽനിന്നും മനസ്സ് രൂ‌പാന്തരം പ്രാപിക്കുകയും, അവയുടെ സങ്കല്പവികല്പങളിലൂടെ ആഗ്രഹങളുടെ കടിഞാൺ പൊട്ടിച്ചെറിഞുകൊണ്ട് അത് കുതിച്ചുപായുകയും ചെയ്യുന്നു. ജീവഭൂതങളുടെ മനസ്സ് ഇന്ദ്രിയാധീശനായ ഭഗവാൻ അനിരുദ്ധൻ എന്ന നാമത്തിലറിയപ്പെടുന്നു. അവനാകട്ടെ ശരത്ക്കാലത്തിലുണ്ടാകുന്ന നീലത്താമരവർണ്ണത്തിൽ യോഗിഹൃദ്ഗമ്യനായി നിലകൊള്ളുകയും ചെയ്യുന്നു.
അമ്മേ!, മേൽപ്പറഞ അഹങ്കാരതത്വം രജോഗുണസംയുക്തമായിപ്പരിണമിച്ചുണ്ടാകുന്ന രാജസീകാഹങ്കാരത്തിൽനിന്നും ബുദ്ധി ജന്മം കൊള്ളുന്നു. ഇത് ഇന്ദ്രിയങൾക്കുമുന്നിൽ സ്ഫുരിക്കുന്ന വസ്തുതകളുടെ സ്വാഭാവത്തെ തരംതിരിച്ചറിയുവാനുള്ള വിവേചനശക്തിയായിരുന്നുകൊണ്ട് ഈ ഇന്ദ്രിയങൾക്ക് അനുഗ്രഹമായി വർത്തിക്കുന്നു. സംശയം, വിപര്യാസം അഥവാ തെറ്റിദ്ധാരണ, നിശ്ചയം, സ്മൃതി, ഉറക്കം, എന്നീവൃത്തിക‌ളെല്ലാം ബുദ്ധിയുടെ വ്യത്യസ്ഥ ലക്ഷണങളിൽ പെടുന്നു. രാജസീകാഹങ്കാരം രണ്ടുതരം ഇന്ദ്രിയങൾക്ക് രൂപം നൽ‌കുന്നു. ഒന്നു ജ്ഞാർജ്ജനത്തിനായും, മറ്റൊന്നു ക്രിയാചരണത്തിനായും. ഇവിടെ ക്രിയാശക്തി പ്രാണനേയും, ജ്ഞാനശക്തി ബുദ്ധിയേയും ആശ്രയിച്ചാണ് നിലകൊള്ളുന്നതു.
അമ്മേ!, അതുപോലെതന്നെ ഈ അഹങ്കാരതത്വം തമോഗുണസംയുതമായി ഭഗവത്‌വീര്യത്താൽ ഇളകിമറിയുമ്പോൾ ശബ്ദം സംജാതമാകുകയും, അതിലൂടെ നഭസ്സും, ശ്രോത്രേന്ദ്രിയവും ഉണ്ടാകുക‌യും ചെയ്യുന്നു. ഒരു വസ്തുവിന്റെ ആശയത്തെ വ്യക്തമാക്കുന്നതും, വക്താവിന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയിപ്പിക്കുന്നതും, അതുപോലെ ആകാശം എന്ന തന്മാത്രാത്വത്തെ രൂപവൽക്കരിക്കുന്നതുമൊക്കെ ശബ്ദത്തിന്റെ ലക്ഷണങളായി വിബുദന്മാർ ഉദ്ഘോഷിക്കുന്നു. സർവ്വഭൂതങൾക്കും അകംപുറം കൊണ്ടുനിറഞിരിക്കുന്ന പ്രാപഞ്ചികസ്ഥാനമാണ് ആകാശം. ജീവികളിലെ മനസ്സ്, പ്രാണൻ, ഇന്ദ്രിയങൾ ഇത്യാദികളുടെ കർമ്മക്ഷേത്രവും ഇപ്പറഞ ആകാശംതന്നെ. വീണ്ടും കാലഗതിയിൽ ഗുണപരിണാമങൾക്കുവിധേയമായി ശബ്ദജന്യമായ ഈ ആകാശം ഹേതുവായി സ്പർശം ഉടലെടുക്കുകയും, അനന്തരം വായു, ത്വക്ക് മുതലായവ പ്രാബല്യത്തിൽ വരുകയും ചെയ്യുന്നു. മൃദുത്വം-കാഠിന്യത, ശൈത്യം-ഉഷ്ണം, തുടങിയവ ദ്വന്ദഭാവങൾ വായുവിന്റെ സൂക്ഷ്മരൂപമായി വിശേഷിപ്പിക്കപ്പെടുന്ന സ്പർശത്തിന്റെ ഗുണഗണങളാണ്. ചലനം, കൂടിചേരൽ, ശബ്ദവീചികളെ ശ്രോ‌ത്രേന്ദ്രിയംവരെ എത്തിക്കുക, കൂടാതെ, മറ്റുള്ള ഇന്ദ്രിയങളുടെ പ്രവർത്തനങളെ സാധൂകരിക്കുക, തുടങിയവയെല്ലാം വായുവിന്റെ പ്രവൃത്തിലക്ഷണങളായി പ്രദിഷ്ടമാകുന്നു. വായുവും സ്പർശബോധവും തമ്മിലുണ്ടാകുന്ന പരസ്പരമായ പ്രവർത്തനങളുടേയും പരിണാമങളുടേയും ഫലമായി, വിധിയുടെ പ്രഭാവത്തിൽ, ഒരുവന് കലാകാലങളിൽ വ്യത്യസ്ഥങളായ രൂപഭാവങൾ സ്വീകരിക്കേണ്ടിവരുന്നു. അങനെ ലഭ്യമാകുന്ന ഭൗതികചക്ഷുസ്സുകൊണ്ട് അഗ്നിയുടെ സാന്നിധ്യസഹായത്താൽ അവൻ തനിക്കുചുറ്റും വ്യത്യസ്ഥങളായുള്ള രൂ‌പങളും നിറങളും അനുഭവിച്ചറിയുന്നു.
അമ്മേ!, അഗ്നിയെ അതിന്റെ തേജസ്സുകൊണ്ട് വിലമതിക്കുവാനും, ആസ്വദിക്കുവാനും കഴിയുന്നതുപോലെ, രൂപങളുടെ ലക്ഷണങളെ അവയുടെ ആകൃതി, ഗുണം, വ്യക്തിഗതമായ സവിശേഷത എന്നീപ്രത്യേകതകൾകൊണ്ട് മനസ്സിലാക്കാവുന്നതാണ്. അഗ്നിയെ വിലമതിക്കുവാൻ അവയുടെ വ്യത്യസ്ഥങളായ പ്രവൃത്തികളേയും, സ്വഭാവങളേയും കണക്കിലെടുക്കേണ്ടതുണ്ടു. ചൂടും പ്രകാശവും അഗ്നിയുടെ പ്രാഥമികസവിശേഷതകളാണ്. പചനം, ദഹനം, ഹിമകണങളെ ഉരുക്കുക, ബാഷ്പീകരണം, ക്ഷുത്തൃഢാദികളെ ജനിപ്പിച്ച് വിശപ്പും ദാഹവുമുണ്ടാക്കുക, ഇവയെല്ലാം അഗ്നിയുടെ പലവിധപ്രവൃത്തികളും, അവയുടെ വൈവിധ്യമാർന്ന സ്വഭാവസവിശേഷതകളുമാണ്. അഗ്നിയും, ദർശനാവബോധവും തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങളുടെ ഫലമായി ഈശ്വരനിശ്ചിതമായി രസം ഉത്പന്നമാകുന്നു. അനന്തരം രസത്തിൽനിന്നും ജലമുണ്ടാകുകയും, അതുപോലെ, രസത്തെ അനുഭവയോഗ്യമാക്കി‌ത്തീർക്കുന്ന ഇന്ദ്രിയമായ ജി‌ഹ്വയും സംജാതമാകുന്നു.  ഏകമായ രസം, അന്യദ്രവ്യങളു‌മായി കൂടിച്ചേരുമ്പോൾ, അത്, കഷായം, മധുരം, തിക്തം, എരിവ്, പുളി, എന്നിങനെ അനേകവിധ പകർപ്പുകളോടെ അനുഭവവേദ്യമാകുന്നു.
മാതാവേ!, അഗ്നിയുടേതുപോലെതന്നെ, ജലത്തിന്റെ പ്രത്യേകതെ മനസ്സിലാക്കുവാൻ അതിന്റെ വൈവിധ്യമാർന്ന ലക്ഷണങളായ, അന്യവസ്തുക്കളെ ഈറനാക്കുവാനുള്ള പാടവം, അന്യമിശ്രിതങളെ ഘനീഭവിപ്പിക്കുവാനുള്ള സാമർത്ഥ്യം, പാനം ചെയ്തുകഴിഞാൽ തത്ഫലമായി സംതൃപ്തിയുളവാക്കുന്ന അനുഭൂതിയെ പ്രദാനം ചെയ്യുവാനുള്ള കഴിവ്, ജീവനെ ശരീരത്തിനുള്ളിൽ നിലനിറുത്തുവാനുള്ള കാരണത്വം, മൃദുലതയെ പ്രദാനം ചെയ്യുന്നതിലുള്ള മികവ്, ചൂടകറ്റുന്ന സ്വഭാവം, അനന്തമായ ഉപലബ്ദത, ദാഹം തീർത്ത് ഉന്മേഷം പ്രദാനം ചെയ്യുന്ന പ്രാകൃതം, തുടങിയ സ്വാഭാവികഗുണസവിഷേതകളെ കണക്കിലെടുക്കേണ്ടതുണ്ടു. ജലവും, രസാവബോധവും തമ്മിൽ പ്രവർത്തിച്ച്, ദൈവവിധിയോടെ, ഗന്ധം രൂപം കൊള്ളുകയും, തുടർന്ന്, ഭൂമിയും, അവളുടെ ഗന്ധത്തെ അനുഭവയോഗ്യമാക്കിത്തീർക്കുന്ന ഘ്രാണാവബോധവും ഉണ്ടാകുന്നു. രസത്തെപ്പോലെതന്നെ മണവും, അന്യവസ്തുക്കളുടെ സമ്പർക്കത്തിലേർപ്പെട്ട്, സംയുതം, നിന്ദ്യം, സൗരഭ്യം, ശാന്തം, ഉഗ്രം, അമ്ലം, തുടങിയ വൈകൃതഭാവങൾക്കുവിധേയമാകുന്നു.

ഭൂമിയുടെ പ്രവൃത്തിലക്ഷണങളെ കണ്ടറിയുവാൻ ബ്രഹ്മപ്രതിരൂപങളായുള്ള, സൃഷ്ടഭൂതങളുടെ വാസസ്ഥലങളേയും, വസ്തുക്കളെ ഉൾക്കൊള്ളുവാൻവേണ്ടി നിർമ്മിച്ചിട്ടുള്ള ഭാജനങളേയും ഒന്നവലോകനം ചെയ്താൽ മതിയാകും. ഇങനെയുള്ള ഉദാഹരണങളിലൂടെ, ഭൂമി തന്നിലുല്പന്നമായ സകലചരാചരങൾക്കും അധിവസിക്കുവാനുള്ള ആധാരമാണെന്നുള്ള വസ്തുത നമുക്ക് മനസ്സിലാക്കാം. അമ്മേ!, ഏത് ഇന്ദ്രിയത്തിന്റെ വിഷയം നഭോഗുണവിശേഷമായ ശബ്ദമാണോ, അതിനെ ശ്രോത്രേന്ദ്രിയമെന്നും, ഏത് ഇന്ദ്രിയത്ത്ിന്റെ വിഷയം വായൂഗുണവിശേഷമായ സ്പർശമാണോ, അതിനെ സ്പർശനേന്ദ്രിയമെന്നു പറയുന്നു. അതുപോലെ, തേജോഗുണവിശേഷമായ രൂപത്തെ തന്റെ വിഷയമാക്കിയ ഇന്ദ്രിയ‌ത്തെ ചക്ഷുസ്സെന്നും, അംഭഗുണവിശേഷമായ രുചിയെ തന്നുടെ വിഷയമാക്കി വർത്തിക്കുന്ന ഇന്ദ്രിയത്തെ രസനയെന്നും, ഭൗമഗുണവിശേഷമായ ഗന്ധത്തെ വിഷയമാക്കിയ ഇന്ദ്രിയത്തെ ഘ്രാണേന്ദ്രിയമെന്നും പറയപ്പെടുന്നു.

അമ്മേ!, കാര്യകാരണങളെ ഒന്ന് വിശകലനം ചെയ്തുനോക്കിയാൽ, സകലകാര്യങളിലും അതാതിന്റെ കാരണങൾ നിഴലിച്ചുകാണാവുന്നതാണ്. ആയതിനാൽ കാരണങളുടെ പ്രവൃത്തിലക്ഷണങൾ കാര്യത്തിൽ കണ്ടറിയാവുന്നതുമാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ സകലകാരണങളുടേയും സവിശേഷതകൾ അവളിൽതന്നെ ആചരിതമായിക്കുന്നു. 

സൃഷ്ടിയുടെ തുടക്കത്തിൽ പഞ്ചഭൂതങളും, അഹങ്കാരവും, മഹത്തത്വവും, സർവ്വസ്വതന്ത്രമായിരുന്നു. ആസമയം, ഭഗവാൻ ഹരി, കാലത്തേയും, കർമ്മത്തേയും, ത്രിഗുണങളേയും കൂട്ടിനുചേർത്തുകൊണ്ട് പ്രപഞ്ചമൂലത്തിലേക്ക് പ്രവേശിച്ചു. പിന്നീട്, കാലസ്വരൂപനായ ഭഗവാന്റെ സാന്നിധ്യത്തിൽ ഈ സപ്തതത്വങൾ ഇളകിമറിഞ് അബോധാവസ്ഥയിൽ ഒരു അണ്ഡരൂപം പ്രാപിക്കുകയും ചെയ്തു. ആ ബ്രഹ്മാണ്ഡത്തിൽനിന്നും അതിബൃഹത്തായ വിരാട്രൂപം സംഭൂതമാകുകയും ചെയ്തു. ഈ വിശ്വാണ്ഡത്തെ വിശേഷം എന്നുവിളിക്കുന്നു. ജലം, വായു, അഗ്നി, ആകാശം, അഹങ്കാരം, മഹത്തത്വം എന്നിങനെ വ്യത്യസ്ഥപാളികളോടെ ഈ രൂപം വർത്തിക്കുന്നു. ആകൃതിയിൽ ഈ പാളികൾ ഒന്നിനൊന്നു പതിന്മടങായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പുറമ്പാളിയായതിനെ "പ്രധാനം" എന്നുവിളിക്കുന്നു. ഈ വിശ്വാണ്ഡത്തിനുള്ളിലാണ് ഈരേഴുപതിനാലുലോകങളടങുന്ന, ഭഗവാൻ ഹരിയുടെ മൂർത്തമായ വിരാട്രൂപം നിറഞുവിളങുന്നത്. അങനെ ജലത്തിൽ നിമഗ്നമായിരുന്ന സുവർണ്ണമയമായ ആ മഹാണ്ഡകോശത്തിൽ ശ്രീമൻ നാരായണസ്വാമി ശയിക്കുകയും, തുടർന്ന് അത് പലതായി വിഭജിക്കപ്പെടുകയും ചെയ്തു.

അതിലൂടെ ആദ്യമായി അവനിൽ ഉണ്ടായത് ഒരു വക്‌ത്രമായിരുന്നു. പിന്നീട് വാണിയും. വാണിയിലൂടെ അഗ്നിദേവനുണ്ടായി. തുടർന്ന് രണ്ട് നാസാരന്ധ്രങളുണ്ടാകുകയും, അതിലൂടെ പ്രാണനും ഘ്രാണേന്ദ്രിയങളുമുണ്ടായി. പ്രാണന്റെ ഉല്പത്തിയോടെ അതിന്നധിപനായ വായുദേനുണ്ടായി. അതിനെത്തുടർന്ന് രണ്ട് നേത്രങളും, പിന്നെ കാഴ്ചയുമുണ്ടായി. കാഴ്ചക്ക് നാഥനായി സൂര്യദേവൻ ജനിച്ചു. അനന്തരം, ആ വിരാട്രൂപന് കർണ്ണദ്വയങളുണ്ടാകുകയും, അതിനായി കേൾവിയും, അതിന്റെ അധിപനായി ദിഗ്ദേവതകളും ഉത്പന്നമായി. തുടർന്ന് അവനിൽ ത്വക്കും, രോമവും, മീശയും, താടിരോമങളും പ്രത്യക്ഷമായി. അതിലൂടെ ഔഷധികൾ സംജാതമായി. പിന്നെയായിരുന്നു അവനിൽ ജനനേന്ദ്രിയങളുണ്ടായതു.

അനന്തരം, രേതസ്സുണ്ടായി. ജലദേവതയുണ്ടായി. പിന്നീട് വിസർജ്ജനേന്ദ്രിയമായ ഗുദം ഉല്പന്നമായി, ഗുദത്തിൽനിന്നും അപാനനും, അപാനനിൽനിന്ന് ലോകസർവ്വത്തിനും ഭയം വിതയ്ക്കുന്ന മൃത്യുവും സംജാതമായി. പിന്നീട് കരദ്വയങളും, ബലവും, ഇന്ദ്രനുമുണ്ടായി. അനന്തരം പാദങളും, ചലനവും, അതിനുസ്വാമിയായ വിഷ്ണുഭഗവാനുമുണ്ടായി. തുടർന്ന് ഭഗവത്നാഡിവ്യൂഹങളും, അതിലൂടെയൊഴുകുവാൻ രുധിരവുമുണ്ടായി. അതിനുശേഷം ആ വിരാട്രൂപനിൽ ഉദരം പ്രത്യക്ഷമായി. പിന്നീടുണ്ടായത് ക്ഷുത്തൃഡാദികളായിരുന്നു. തൊട്ടുപിന്നാലെ സമുദ്രവും, തുടർന്ന് ഹൃദയവും, പിന്നാലെ മനസ്സും സംജാതമായി. അനന്തരം ചന്ദ്രൻ പിറന്നു. പിന്നാലെ ബുദ്ധിയും, ബുദ്ധിയിൽനിന്ന് വാക്കിന്നധിപതിയായ ബ്രഹ്മദേവനും അവതാരംകൊണ്ടു. തുടർന്ന് അഹങ്കാരതത്വം ഉടലെടുത്തു. അതിനുശേഷം ദേവാദിദേവൻ മഹാദേവൻ പ്രത്യക്ഷമായി. അനന്തരം ചിത്തവും, അതിന്നധിപതിയായ ചൈത്യനും ആ വിരാഡ്രൂപനിൽ കൂടിച്ചേർന്നു. അങനെ അവനിൽ സംജാതമായ സകല ഇന്ദ്രിയങളും, അവയുടെ അധിദേവതകളും ചേർന്ന് ആ പരമപുരുഷന്റെ വിരാട്രൂപത്തെ ഉണർത്തുവാൻ ശ്രമിക്കുകയും, അതിനുകഴിയാതെവന്നപ്പോൾ അവരോരോരുത്തരായി വീണ്ടും ആ മൂർത്തരൂപത്തിനുള്ളിലേക്ക് പുനഃപ്രവേശിച്ചു അവനെ ഉണർത്തുവാനുള്ള കഠിനപ്രയത്നം ചെയ്യുകയും ചെയ്തു. ആദ്യം അഗ്നിദേവൻ വചോരൂപത്തിൽ അവന്റെ വായിലൂടെ ഉൾകടന്ന് പ്രയത്നിച്ചുപരാജയപ്പെട്ട് പിൻവാങി. അനന്തരം വായുദേവൻ ഘ്രാണമായി അവന്റെ നാസികയിലൂടെ അകത്തുകടന്നുപ്രരിശ്രമിച്ചു. പക്ഷേ, ആ പരമപുരുഷൻ ഉണരുവാൻ കൂട്ടാക്കിയില്ല. പിന്നീട് സൂര്യഭഗവാൻ കണ്ണിലൂടെ ആ വിരാട്രൂപത്തിനുള്ളിലേക്ക് സന്നിവിഷ്ടനായി അവനെ ഉണർത്തുവാൻ പ്രയാസപ്പെട്ടു. ശ്രോത്രേന്ദ്രിയങളിലൂടെ ദിക്ദേവവതകളും അവന്റെയുള്ളിൽ പ്രണീതനായി കണക്കറ്റുപ്രയന്തിച്ചിട്ടും ആ ഭഗവന്മൂർത്തരൂപം ഉണർന്നില്ല. ത്വചയുടെ ദേവതയും, സകല ഔഷധികളും ഒരുമിച്ചുചേർന്ന് അവന്റെ രോമകൂപങളിലൂടെ അകത്തുകടന്ന് യത്നിച്ചിട്ടും, ജലദേവത രേതസ്സോടുകൂടി ശിശ്നത്തിലേക്ക് പ്രവേശിച്ചുയത്നിച്ചുവെങ്കിലും, മൃത്യു അപാനനോടൊപ്പം ഗുദംവഴി ഉള്ളിൽക്കടന്നു ശ്രമിച്ചിട്ടും, ഇന്ദ്രദേവൻ ഹസ്തങളിലേക്കിറങി ബലംകൊണ്ടുയത്നിച്ചിട്ടും, വിഷ്ണുദേവൻ പാദപങ്കജത്തിൽപുക്ക് ചലനഗതികൊണ്ടുപരിശ്രമിച്ചിട്ടും, നദികൾ അവന്റെ നാഡിവ്യൂഹങളിലേക്കിറങി രക്തംകൊണ്ട് യത്നിച്ചിട്ടും, ഉദധി ക്ഷുത്തൃഡാദികളോടെ അവന്റെ ഉദരത്തിലേക്കിറങിച്ചെന്ന് ഉണർത്തുവാൻ ശ്രമിച്ചുവെങ്കിലും, ചന്ദ്രൻ മനസ്സില്ലൊടെ ആ നിർമ്മലഹൃദയത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ട് നോക്കിയിട്ടും, ബ്രഹ്മദേവൻ ബുദ്ധിയുമായി ആ നാരായണന്റ ഹൃദയകുഹരത്തിലെത്തി കിണഞുപരിശ്രമിവെങ്കിലും, രുദ്രൻ അഹങ്കാരവുമായി കണക്കറ്റുശ്രമിച്ചുവെങ്കിലും, ഇവർക്കൊന്നും ആ വിരാട്പുരുഷനിൽ യാതൊരുചലനവും ഉണ്ടാക്കുവാൻ കഴിഞില്ല.

അമ്മേ!, എന്നാൽ ക്ഷേത്രജ്ഞനായ ചൈത്യൻ അനന്തബോധവുമായി അവനിലേക്കാഴ്ന്നിറങി ആ ഹൃദ്പത്മത്തെ തലോടിയതും, ആ പരമപുരുഷന്റെ വിരാട്രൂപം കാരണസമുദ്രത്തിൽനിന്നും ഉണർന്നുതെളിഞു. ഇതുപോലെ, ഉറങിക്കിടക്കുന്ന ഒരുവനെ അവന്റെ  പ്രാണനോ, മനസ്സിനോ, ബുദ്ധിക്കോ, ഇന്ദ്രിയങൾക്കോ ഉണർത്തുവാൻ സാധ്യമല്ല. അതിന് ബോധസ്വരൂപനായ ആ ക്ഷേത്രജ്ഞന്റെ ഉൾവിളി അനിവാര്യം തന്നെയാണ്. ആയതിനാൽ, ഭക്തിജ്ഞാനവൈരാഗ്യാദികളുടെ സഹായത്തോടെ ആർജ്ജിച്ചെടുത്ത ജ്ഞാനത്താൽ ഒരുവന് തന്റെയുള്ളിൽത്തന്നെ സ്ഥിതനായ, എന്നാൽ മായയുടെ ബലം കൊണ്ട് തനിക്കുപരനായിനിൽക്കുന്ന, ബോധസ്വരൂപനായ ആ പരമാത്മാവിനെ നിത്ത്യവും ധ്യാനിക്കേണ്ടിയിരിക്കുന്നു.

ഇങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , ഇരുപത്തിയാറാമധ്യായം സമാപിച്ചു.

ഓം തത് സത്.
lord kapila advises sankhyayoga to His mother devahuti. srimad bhagavatham principles of the nature.vidura maitreya samvadam