Jadabharata advises athmathathwam to King Rahuguna എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Jadabharata advises athmathathwam to King Rahuguna എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ജൂൺ 2, ഞായറാഴ്‌ച

5.11 ജഡഭരതൻ രഹൂഗുണമഹാരാജാവിന് ആത്മതത്വം ഉപദേശിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 11
(ജഡഭരതരഹൂഗുണമഹാരാജാവിന് ആത്മതത്വം ഉപദേശിക്കുന്നു)


ജഡഭരതൻ രഹൂഗുണചക്രവർത്തിയോട് പറഞ്ഞു: ഹേ മഹാരാജൻ!, അജ്ഞാനിയായിട്ടും അങ്ങ് അറിവുള്ളവനെപ്പോലെ സംസാരിക്കുവാൻ ശ്രമിക്കുന്നു. ജ്ഞാനികൾ ഒരിക്കലും ഇതുപോലെ സംസാരിക്കുകയില്ല. കാരണം, അങ്ങ് പറയാൻ ശ്രമിക്കുന്നതെല്ലാം മനുഷ്യസമൂഹത്തിലെ വ്യവഹാരരീതികളെക്കുറിച്ചാണു. ഗൃഹമേധികൾ എപ്പോഴും വേദവാദികളാണു. അവർ വേദങ്ങളെ വാനോളം പുകഴ്തുക്കൊണ്ട് അതിനെ വ്യവഹാരത്തിനായി മാത്രമുപയോഗിക്കുന്നു. അങ്ങനെയുള്ളവരിൽ വേദത്തിന്റെ അന്തഃസത്ത ഒരിക്കലും വ്യക്തമാകുന്നില്ല. സ്വപനം യാഥാർത്ഥ്യമല്ലാത്തതുപോലെ, ഭൌതിജീവിതവും അതിലെ വിഷയാനുഭവങ്ങളും അനിത്യങ്ങളാണു. ഈ തത്വം തിരിഞ്ഞുകിട്ടിയാൽ വേദത്തിലെ കർമ്മാനുഷ്ഠാനങ്ങളുടെ നിസ്സാരതയെ മനുഷ്യന് നിഷ്പ്‌പ്രയാസം മനസ്സിലാക്കാവുന്നതാണു.

ത്രിഗുണങ്ങൾക്കടിപ്പെട്ടുപോയ മനസ്സ് കെട്ടഴിച്ചുവിട്ട കരിയപ്പോലെയാണു. അത് ഇന്ദ്രിയങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് വിഷയാനുഭവങ്ങളുടെ കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. പരിണിതഫലമായി മനുഷ്യൻ കർമ്മകാണ്ഡത്തിൽ‌പ്പെട്ട് സുഖദുഃഖങ്ങളുടെ നടുക്കടലിലേക്ക് പതിക്കപ്പെടുന്നു. നല്ലതും ചീത്തയുമായ ആഗ്രഹങ്ങളെക്കൊണ്ട് മൂടപ്പെട്ട അവന്റെ മനസ്സ് തത്ക്കാരണാൽ കാമക്രോധങ്ങളുടെ അധീനതയിലാകുന്നു. അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് വിഷയങ്ങളും ഒപ്പം മനസ്സും ചേർന്ന് പതിനാറ് തത്വങ്ങൾ. അതിൽ മനസ്സ് മുഖ്യം. അങ്ങനെയുള്ള മനസ്സിന്റെ സ്വരൂപത്തിനനുസരിച്ച് ആത്മാക്കൾക്ക് നരദേവതിര്യക്യോനിയകളിൽ ജന്മങ്ങളുണ്ടാകുന്നു. വിഷയങ്ങളിൽ മുങ്ങിയ മനസ്സാണ് ജീവന് വിവിധതരം യോനികളിൽ ജന്മങ്ങൾ പ്രദാനം ചെയ്യുന്നതു. അങ്ങനെ ജ്ഞാനത്തിന്റെ കണികപോലും കിട്ടാതെ പലതരം ജീവജാലങ്ങളിലൂടെ ജീവൻ മായാമയമാകുന്ന സംസാരത്തിൽ സുഖദുഃഖങ്ങളെ അനുഭവിച്ചുകൊണ്ട് കാലം കഴിച്ചുകൂട്ടുന്നു.

എന്നാൽ, ജ്ഞാനികൾ പറയുന്നു, ബന്ധനത്തിനുമാത്രമല്ല, മറിച്ച്, മോക്ഷത്തിനും കാരണം മനസ്സൊന്നുമാത്രമാണു. നേരത്തേ പറഞ്ഞതുപോലെ മനസ്സ് വിഷയങ്ങൾക്ക് വശഗതമാകുമ്പോൾ ജീവൻമാർ സുഖദുഃഖങ്ങൾക്ക് വിധേയരാകുന്നു. എന്നാൽ, അതേ മനസ്സ് ഈ വിഷയങ്ങളിൽനിന്നും വിരക്തി നേടുമ്പോൾ അത് മുക്തിക്ക് കാരണമാകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അശുദ്ധമായ എണ്ണയിൽ എരിയുന്ന വിളക്ക് കറുത്തുപോകുകയും, ശുദ്ധമായ നെയ്യിൽ എരിയുന്ന നാളത്താൽ വിളക്ക് പ്രശോഭിതമാകുകയും ചെയ്യുന്നതുപോലെ, മനസ്സ് വിഷയങ്ങളിൽ‌പ്പെട്ട് അശുദ്ധമാകുമ്പോൾ അത് ബന്ധനത്തിനും, വിഷയങ്ങളിൽനിന്ന് പിന്തിരിക്കപ്പെടുമ്പോൾ മോക്ഷത്തിനും വഴിയൊരുക്കുന്നു. മനസ്സിനോടുചേർന്ന് അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും കൂടാതെ അഹങ്കാരതത്വവും പ്രവർത്തിക്കുന്നു. ഹേ വീരാ!, വിഷയങ്ങളും ശരീരവുമൊക്കെ മനസ്സിന്റെ കർമ്മക്ഷേത്രങ്ങളായി അറിയുക.  ശബ്ദം മുതലായവ ജ്ഞാനേന്ദ്രിയങ്ങളുടേയും, ചലനം മുതലായവ കർമ്മേന്ദ്രിയങ്ങളുടേയും വിഷയങ്ങളാണു. ഇവയെക്കൂടാതെ, ഞാൻ എന്ന അഹങ്കാരതത്വവും ഒപ്പം പ്രവർത്തിക്കുന്നു. ദ്രവ്യം, സ്വഭാവം, ആശയം, കർമ്മം അഥവാ വിധി എന്നിവകളെ കാരണങ്ങളായി അറിയുക. ഇവയുടെ വികാരം ഹേതുവായി മേൽ‌പ്പറഞ്ഞ പതിനൊന്ന് തത്വങ്ങളിലൂടെ അനേകം പ്രവൃത്തികൾ ഈ പ്രപഞ്ചത്തിൽ ഉടലെടുക്കുന്നു. ഇത് സംഭവിക്കുന്നത് ഉള്ളിൽ കുടികൊള്ളുന്ന ക്ഷേത്രജ്ഞനാലാണു. അജ്ഞാനികളിൽ മനസ്സിനാൽ ഇങ്ങനെ പലതരം ആശയങ്ങളും കർമ്മങ്ങളും നാമ്പിടുന്നു. സ്വപ്നത്തിലും ജാഗ്രതവസ്ഥയിലും അവ വ്യക്തമാകുമ്പോൾ, തുരീയാവസ്ഥയിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. എന്നാൽ, ജീവന്മുക്തന്മാരാകട്ടെ, അവയെ സസൂക്ഷ്മം തിരിച്ചറിയുന്നു.

ഹേ രാജൻ!, ഈ ശരീരത്തിനുള്ളിൽ രണ്ട് ക്ഷേത്രജ്ഞന്മാർ സ്ഥിതി ചെയ്യുന്നു. ഒന്ന് ജീവാത്മാവും മറ്റൊന്ന് പരമാത്മാവും. പരമാത്മാവ് ഈ പ്രപഞ്ചത്തിന്റെ പരമകാരണമാണു. അവൻ സ്വാശ്രിതനും ജന്മജരാമരണങ്ങളില്ലാത്ത സ്വയംജ്യോതിസ്വരൂപനുമാണു. അവൻ ബ്രഹ്മാവാദിയായ സകല ദേവന്മാരുടേയും അധിപനാണു. അവനെ നാരയണനെന്നു വിളിക്കുന്നു. അവൻ സകല ജീവഭൂതങ്ങളുടേയും ഏകാശ്രയമാണു. അവനിൽനിന്ന് ഈ പ്രപഞ്ചം ഉണ്ടാകുകയും അവനിൽത്തനെ അത് ലയിക്കുകയും ചെയ്യുന്നു. അവനാണിവിടെ സകലതിനും ആധാരം. അതുകൊണ്ട് അവനെ വാസുദേവനെന്നും വിളിക്കുന്നു. പ്രപഞ്ചം മുഴുവൻ വായുവാൽ നിറയപ്പെട്ടതുപോലെ, അവൻ സകലഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്നു. ഇവിടെ സകലചരാചരങ്ങളും ആ പരമപുരുഷന്റെ നിയന്ത്രണത്തിലാണു. ഹേ രഹൂഗുണചക്രവർത്തേ!, വിഷയങ്ങളിൽ നിന്നകന്ന് സർവ്വോപാധിവിനിർമുക്തനാകാതെ ആത്മാവിന് മോക്ഷം സാധ്യമല്ല. അതു അതുവരെ ശരീരങ്ങൾ വിട്ട് ശരീരങ്ങൾ സ്വീകരിച്ചുകൊണ്ട് സംസാരത്തിലെ സുഖദുഃഖങ്ങൾക്കടിപ്പെട്ട് കാലം പോക്കുന്നു. അതുകൊണ്ട്, മനസ്സാണ് ജീവനെ ഈ സംസാരത്തിൽ കുടുക്കുന്നതെന്നറിയുക. വിഷയങ്ങളിൽ മുങ്ങിയ മനസ്സിനെ ശത്രുവായി കാണുക. കയ്യയച്ചുവിടുന്നപക്ഷം, ജീവനെ സംസാരത്തിൽ തളയ്ക്കുക എന്ന കർമ്മത്തിൽ അവൻ വിജയിക്കുന്നു. അവൻ ആത്മാവിനെ ജ്ഞാനത്തിൽ നിന്നും മറയ്ക്കുന്നു. അതുകൊണ്ട്, ഹേ രാജൻ!, അതിശക്തനായ ഈ മനസ്സിനെ ജയിക്കാൻ ശ്രമിക്കുക.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  തിനൊന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous     Next



Jadabharata advises king rahuguna