ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 52
രുക്മിണീദേവി ശ്രീകൃഷ്ണന് അയച്ച സന്ദേശം
ഭഗവാൻ മഥുരയിലേക്ക് മടങ്ങിപ്പോയി. അപ്പോഴും മഥുര യവനന്മാരാൽ വളയപ്പെട്ടിരിക്കുകയായിരുന്നു. ഭഗവാൻ മ്ലേച്ഛ സൈന്യത്തെ നശിപ്പിക്കുകയും അവരുടെ സമ്പത്ത് ദ്വാരകയിലേക്ക് കൊണ്ടുപോകാൻ തുടങ്ങുകയും ചെയ്തു. ഭഗവാൻ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ആ സമ്പത്ത് അവിടേയ്ക്ക് കൊണ്ടുപോകുന്നതിനിടയിൽ, ഇരുപത്തിമൂന്ന് അക്ഷൗഹിണി സൈന്യവുമായി ജരാസന്ധൻ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഹേ രാജാവേ!, ശത്രുസൈന്യം അതിഭയാനകമായി ഇരമ്പിവരുന്നത് കണ്ട്, രാമകൃഷ്ണന്മാർ മനുഷ്യരെപ്പോലെ അഭിനയിച്ചുകൊണ്ട് വേഗത്തിൽ അവിടെനിന്നും ഓടിയകന്നു. അമിതമായ സമ്പത്ത് ഉപേക്ഷിച്ച്, ഭയമില്ലെങ്കിലും ഭയം അഭിനയിച്ചുകൊണ്ട്, അവർ തങ്ങളുടെ താമരപ്പൂവ് പോലുള്ള പാദങ്ങളാൽ അനേകം യോജന ദൂരം സഞ്ചരിച്ചു. അവർ ഓടിപ്പോകുന്നത് കണ്ടപ്പോൾ ശക്തനായ ജരാസന്ധൻ ഉറക്കെ ചിരിക്കുകയും തേരാളികളോടും പടയാളികളോടും ഒപ്പം അവരെ പിന്തുടരുകയും ചെയ്തു. ബലദേവനേയും കൃഷ്ണനെയും ഉള്ളവണ്ണം മനസ്സിലാക്കാൻ അവന് സാധിച്ചില്ല. വളരെയധികം ദൂരം ഓടിയതിനാൽ തളർന്നതായി കാണപ്പെട്ട ഭഗവാന്മാർ, ഇന്ദ്രൻ നിരന്തരം മഴ പെയ്യിക്കുന്ന പ്രവർഷണ എന്ന ഉയർന്ന പർവ്വതത്തിൽ കയറി. അവർ പർവ്വതത്തിൽ ഒളിച്ചിരിക്കുകയാണെന്ന് അറിഞ്ഞിട്ടും ജരാസന്ധന് അവരുടെ യാതൊരു അടയാളവും കണ്ടെത്താനായില്ല. അതിനാൽ ഹേ രാജാവേ!, അവൻ പർവ്വതത്തിന് ചുറ്റും തീയിട്ടു. പതിനൊന്ന് യോജന ഉയരമുള്ള ആ കത്തുന്ന പർവ്വതത്തിൽ നിന്ന് അവർ പെട്ടെന്ന് താഴേക്കെടുത്തുചാടി. ശത്രുവിനോ അനുയായികൾക്കോ കാണാൻ കഴിയാത്ത വിധം, ഉന്നതരായ ആ രണ്ട് യാദവ ശ്രേഷ്ഠരും സമുദ്രത്താൽ സംരക്ഷിക്കപ്പെട്ടിരുന്ന തങ്ങളുടെ നഗരമായ ദ്വാരകയിലേക്ക് മടങ്ങി. എന്നാൽ ബലരാമനും കേശവനും തീയിൽ വെന്തുമരിച്ചുവെന്ന് ജരാസന്ധൻ തെറ്റിദ്ധരിച്ചു. അതുകൊണ്ട് അവൻ തന്റെ വലിയ സൈന്യത്തെയും പിൻവലിച്ച് മഗധ രാജ്യത്തേക്ക് മടങ്ങിപ്പോയി.
ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ആനർത്തയിലെ രാജാവായ രൈവതൻ തന്റെ മകളായ രൈവതിയെ ഭഗവാൻ ബലരാമന് വിവാഹം കഴിച്ചു നൽകി. ഇത് മുൻപ് ചർച്ച ചെയ്തിട്ടുള്ളതാണ്. ഹേ കുരുവംശത്തിലെ വീരനായ രാജാവേ!, ലക്ഷ്മിദേവിയുടെ സാക്ഷാൽ അവതാരമായ ഭീഷ്മകപുത്രി വൈദർഭിയെ ഭഗവാൻ ഗോവിന്ദൻ തന്നെ വിവാഹം കഴിച്ചു. അവളുടെ ആഗ്രഹപ്രകാരമാണ് ഭഗവാൻ ഇത് ചെയ്തത്. ആ പ്രക്രിയയിൽ ശിശുപാലന്റെ പക്ഷം പിടിച്ച സാൽവൻ മുതലായ രാജാക്കന്മാരെ അവിടുന്ന് തോൽപ്പിച്ചു. ഗരുഡൻ ദേവന്മാരിൽ നിന്ന് അമൃത് തട്ടിയെടുത്തതുപോലെ, എല്ലാവരും നോക്കി നിൽക്കെ കൃഷ്ണൻ രുക്മിണിയെ കൊണ്ടുപോയി.
പരീക്ഷിത്ത് രാജാവ് പറഞ്ഞു: ഗുരോ!, ഭഗവാൻ ശ്രീകൃഷ്ണൻ ഭീഷ്മകന്റെ സുന്ദരിയായ പുത്രി രുക്മിണിയെ രാക്ഷസരീതിയിൽ വിവാഹം കഴിച്ചു എന്ന് ഞാൻ കേട്ടിട്ടുണ്ട്. മഗധൻ, സാൽവൻ തുടങ്ങിയ രാജാക്കന്മാരെ തോൽപ്പിച്ചുകൊണ്ട് അമിതപ്രതാപിയായ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ വധുവിനെ എങ്ങനെ കൊണ്ടുപോയി എന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹേ ബ്രാഹ്മണപ്രഭോ!, ലോകത്തിലെ മാലിന്യങ്ങളെ കഴുകിക്കളയുന്നതും പുണ്യകരവും ആകർഷകവും നിത്യനൂതനവുമായ കൃഷ്ണകഥകൾ കേട്ട് ആർക്കാണ് മതിവരിക?
ശ്രീ ബാദരായണി പറഞ്ഞു: രാജൻ!, വിദർഭരാജ്യത്തെ ശക്തനായ ഭരണാധികാരിയായി ഭീഷ്മകൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അഞ്ച് പുത്രന്മാരും സുന്ദരിയായ ഒരു മകളുമുണ്ടായിരുന്നു. രുക്മിയായിരുന്നു മൂത്തമകൻ. അതിനുശേഷം രുക്മരഥൻ, രുക്മബാഹു, രുക്മകേശൻ, രുക്മമാലി എന്നിവർ ജനിച്ചു. അവരുടെ സഹോദരിയായിരുന്നു ഉത്തമയായ രുക്മിണി. കൊട്ടാരത്തിൽവന്ന് ഭഗവാന്റെ ഗുണഗാനങ്ങൾ ആലപിക്കുന്നവരിൽനിന്ന് മുകുന്ദന്റെ സൗന്ദര്യം, വീര്യം, ദിവ്യ സ്വഭാവം, ഐശ്വര്യം എന്നിവയെക്കുറിച്ച് കേട്ട രുക്മിണി, ഭഗവാൻ തനിക്ക് അനുയോജ്യനായ ഭർത്താവായിരിക്കുമെന്ന് തീരുമാനിച്ചു. രുക്മിണിക്ക് ബുദ്ധിശക്തി, ശുഭലക്ഷണങ്ങൾ, ഉദാരമനസ്കത, സൗന്ദര്യം, സുശീലഗുണം എന്നിവയുണ്ടെന്ന് കൃഷ്ണനും അറിയാമായിരുന്നു. അവൾ തനിക്ക് അനുയോജ്യയായ ഭാര്യയായിരിക്കുമെന്ന് കരുതി അവളെ വിവാഹം കഴിക്കാൻ ഭഗവാനും തീരുമാനിച്ചു.
ഹേ രാജാവേ!, രുക്മിക്ക് ഭഗവാനോട് കടുത്ത അസൂയയായിരുന്നതിനാൽ, കുടുംബാംഗങ്ങൾക്ക് താല്പര്യമുണ്ടായിട്ടും തന്റെ സഹോദരിയെ കൃഷ്ണന് നൽകുന്നത് അവൻ തടഞ്ഞു. പകരം രുക്മിണിയെ ശിശുപാലന് നൽകാൻ അവൻ തീരുമാനിച്ചു. കറുത്ത കണ്ണുകളുള്ള വൈദർഭി ഈ പദ്ധതിയറിഞ്ഞ് അത്യധികം അസ്വസ്ഥയായി. സാഹചര്യം വിശകലനം ചെയ്ത അവൾ വിശ്വസ്തനായ ഒരു ബ്രാഹ്മണനെ ഉടൻതന്നെ ഒരു കത്തും കൊടുത്ത് കൃഷ്ണന്റെ അടുത്തേക്ക് അയച്ചു. ദ്വാരകയിലെത്തിയ ആ ബ്രാഹ്മണനെ കാവൽക്കാർ അകത്തേക്ക് കൊണ്ടുപോയി. അവിടെ സ്വർണ്ണസിംഹാസനത്തിലിരിക്കുന്ന ആദിപുരുഷനായ ഭഗവാനെ അദ്ദേഹം കണ്ടു. ബ്രാഹ്മണനെ കണ്ടപ്പോൾ ബ്രാഹ്മണപ്രിയനായ ഭഗവാൻ സിംഹാസനത്തിൽനിന്ന് ഇറങ്ങിവന്ന് അദ്ദേഹത്തെ ആസനസ്ഥനാക്കി. തുടർന്ന് ദേവന്മാർ തന്നെ ആരാധിക്കുന്നതുപോലെ ഭഗവാൻ ആ ബ്രാഹ്മണനെ ആരാധിച്ചു. ബ്രാഹ്മണൻ ഭക്ഷണം കഴിച്ചു വിശ്രമിച്ചുകഴിഞ്ഞതിനുശേഷം ഭക്തന്മാരുടെ ലക്ഷ്യമായ ശ്രീകൃഷ്ണൻ അദ്ദേഹത്തിനരികിലെത്തി. തന്റെ കൈകൾ കൊണ്ട് ആ ബ്രാഹ്മണന്റെ പാദങ്ങൾ തടവിക്കൊടുക്കുമ്പോൾ ഭഗവാൻ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു.
ഭഗവാൻ പറഞ്ഞു: ഹേ ബ്രാഹ്മണ ശ്രേഷ്ഠാ!, പൂർവ്വികർ നിർദ്ദേശിച്ചവണ്ണമുള്ള താങ്കളുടെ മതപരമായ അനുഷ്ഠാനങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടോ? താങ്കളുടെ മനസ്സ് എപ്പോഴും സംതൃപ്തമാണോ? ഒരു ബ്രാഹ്മണൻ, തനിക്ക് ലഭിക്കുന്നതിൽ സംതൃപ്തനാവുകയും തന്റെ ധർമ്മത്തിൽനിന്ന് വ്യതിചലിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ആ ധർമ്മംതന്നെ അവന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന ഒരു കാമധേനുവായി മാറുന്നു. അസംതൃപ്തനായ ബ്രാഹ്മണൻ സ്വർഗ്ഗരാജാവായാൽപോലും ലോകങ്ങൾതോറും അലഞ്ഞുതിരിയുന്നു. എന്നാൽ സംതൃപ്തനായ ബ്രാഹ്മണൻ ഒന്നുമില്ലെങ്കിലും സമാധാനത്തോടെ വിശ്രമിക്കുന്നു. തങ്ങൾക്ക് എന്ത് ലഭിക്കുന്നുവോ, അതിൽ സംതൃപ്തരായ ബ്രാഹ്മണരെ ഞാൻ വീണ്ടും വീണ്ടും വണങ്ങുന്നു. അഹങ്കാരമില്ലാത്തവരും ശാന്തരുമായ അവർ എല്ലാ ജീവജാലങ്ങളുടെയും ഉത്തമരായ ഹിതൈഷികളാണ്. ഹേ ബ്രാഹ്മണപ്രഭോ!, അവിടുത്തെ രാജാവ് അങ്ങയുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? പ്രജകൾ സന്തോഷവാന്മാരും സുരക്ഷിതരുമായിരിക്കുന്ന രാജ്യത്തെ രാജാവ് എന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ദുർഘടമായ സമുദ്രം കടന്ന് അങ്ങ് എവിടെനിന്നാണ് വരുന്നത്? എന്ത് ആവശ്യത്തിനാണ് അങ്ങിവിടെ വന്നിരിക്കുന്നത്? അത് രഹസ്യമല്ലെങ്കിൽ ഞങ്ങളോട് വിശദീകരിക്കുക. ഞങ്ങൾക്ക് അങ്ങേയ്ക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് പറയുക.
ലീലകൾ ആടാനായി അവതരിച്ച ഭഗവാൻ ഇപ്രകാരം ചോദിച്ചപ്പോൾ ആ ബ്രാഹ്മണൻ എല്ലാ കാര്യങ്ങളും ഭഗവാനോട് പറഞ്ഞു. രുക്മിണിദേവി കൊടുത്തയച്ച ആ കത്ത് ഭഗവാനെ അദ്ദേഹം വായിച്ചുകേൾപ്പിച്ചു.
ആ കത്തിലൂടെ ശ്രീ രുക്മിണി പറഞ്ഞു: ലോകസുന്ദരനായ ഹേ കൃഷ്ണ!, കേൾക്കുന്നവരുടെ കാതുകളിലൂടെ പ്രവേശിച്ച് അവരുടെ ശാരീരിക ദുഃഖങ്ങൾ അകറ്റുന്ന അങ്ങയുടെ ഗുണങ്ങളെക്കുറിച്ചും, കാണുന്നവരുടെ കണ്ണുകൾക്ക് തൃപ്തി നൽകുന്ന അങ്ങയുടെ സൗന്ദര്യത്തെക്കുറിച്ചും കേട്ടറിഞ്ഞ്, ലജ്ജയില്ലാത്ത എന്റെ മനസ്സ് അങ്ങയിൽ ഉറപ്പിച്ചിരിക്കുന്നു. ഹേ മുകുന്ദാ!, കുലം, സ്വഭാവം, സൗന്ദര്യം, അറിവ്, യൗവനം, സമ്പത്ത്, സ്വാധീനം എന്നിവയിൽ അങ്ങേയ്ക്ക് തുല്യനായി അങ്ങു മാത്രമേയുള്ളൂ. പുരുഷകേസരേ!, അങ്ങ് മനുഷ്യരുടെയെല്ലാം മനസ്സിനെ സന്തോഷിപ്പിക്കുന്നു. ഉന്നതകുലജാതയും വിവേകമതിയുമായ ഏത് പെൺകുട്ടിയാണ് ശരിയായ സമയത്ത് അങ്ങയെ ഭർത്താവായി തിരഞ്ഞെടുക്കാത്തത്? അതുകൊണ്ട് എന്റെ പ്രിയ ഭഗവാനേ!, ഞാൻ അങ്ങയെ എന്റെ ഭർത്താവായി സ്വീകരിച്ചിരിക്കുന്നു. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. സർവ്വവല്ലഭനായ അങ്ങ് വേഗത്തിൽ വന്ന് എന്നെ പത്നിയായി സ്വീകരിക്കുക. സിംഹത്തിന്റെ വിഹിതം കുറുക്കൻ തട്ടിയെടുക്കുന്നതുപോലെ ശിശുപാലൻ ഒരിക്കലും വീരനായ അങ്ങയുടെ വിഹിതത്തെ സ്പർശിക്കാനിടയാക്കരുത്. പുണ്യകർമ്മങ്ങൾ, യാഗങ്ങൾ, ദാനം, അനുഷ്ഠാനങ്ങൾ, വ്രതങ്ങൾ എന്നിവയിലൂടെയും ദേവന്മാരെയും ബ്രാഹ്മണരെയും ഗുരുക്കന്മാരെയും ആരാധിച്ചതിലൂടെയും ഞാൻ ഭവാനെ വേണ്ടത്ര ആരാധിച്ചിട്ടുണ്ടെങ്കിൽ, ഗദാഗ്രജനായ അങ്ങ് വന്ന് എന്റെ കൈ പിടിക്കട്ടെ!; ദമഘോഷന്റെ മകനോ മറ്റാരെങ്കിലുമോ വരാതിരിക്കട്ടെ!. ഹേ അജയ്യനായ ഭഗവാനേ!, നാളെ എന്റെ വിവാഹച്ചടങ്ങുകൾ തുടങ്ങാനിരിക്കെ, അങ്ങ് ആരും കാണാതെ വിദർഭയിലെത്തുകയും അങ്ങയുടെ സൈന്യത്തോടൊപ്പം അവിടെ വരികയും വേണം. എന്നിട്ട് ചേദിരാജാവിന്റെയും മഗധരാജാവിന്റെയും സൈന്യങ്ങളെ തകർത്ത് അങ്ങയുടെ ശക്തിയാൽ എന്നെ രാക്ഷസരീതിയിൽ വിവാഹം കഴിക്കുക. അന്തപുരത്തിനുള്ളിൽ കഴിയുന്ന എന്നെ ബന്ധുക്കളെ കൊല്ലാതെ എങ്ങനെ കൊണ്ടുപോകും എന്ന് അങ്ങ് ചിന്തിച്ചേക്കാം. അതിനൊരു വഴിയുണ്ട്: വിവാഹത്തിന്റെ തലേദിവസം കുലദൈവത്തെ വന്ദിക്കാൻ പോകുന്ന വലിയൊരു ഘോഷയാത്രയുണ്ട്. ആ യാത്രയിൽ വധു ഗിരിജാദേവിയെ സന്ദർശിക്കാൻ നഗരത്തിന് പുറത്തേക്ക് പോകും. താമരക്കണ്ണാ!, പരമശിവനെപ്പോലെയുള്ള മഹാൻമാർ അങ്ങയുടെ പാദധൂളിയിൽ കുളിക്കാനും അതുവഴി തങ്ങളുടെ അജ്ഞത നശിപ്പിക്കാനും ആഗ്രഹിക്കുന്നു. എനിക്ക് അങ്ങയുടെ കാരുണ്യം ലഭിക്കുന്നില്ലെങ്കിൽ, ഞാൻ ചെയ്യുന്ന കഠിനമായ തപസ്സിലൂടെ ക്ഷയിച്ച എന്റെ പ്രാണനെ ഞാൻ ഉപേക്ഷിക്കും. അങ്ങനെയെങ്കിലും നൂറുകണക്കിന് ജന്മങ്ങൾ നീളുന്ന പ്രയത്നത്തിന് ശേഷം എനിക്ക് അങ്ങയുടെ കാരുണ്യം ലഭിച്ചേക്കാം.
ബ്രാഹ്മണൻ പറഞ്ഞു: ഹേ യദുനാഥാ!, ഇതാണ് ഞാൻ കൊണ്ടുവന്ന രഹസ്യ സന്ദേശം. ഈ സാഹചര്യത്തിൽ എന്ത് വേണമെന്ന് ചിന്തിച്ച് ഉചിതമായത് ഉടൻ ചെയ്യുക.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം അൻപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
